സാഹിത്യവാരഫലം
എം കൃഷ്ണൻ നായർ
(കലാകൗമുദി വാരിക, 1991-12-22-ൽ പ്രസിദ്ധീകരിച്ചതു്)

​ ​

ഒരു സുദീർഘമായ കാലയളവിലെ പരിചയമുണ്ടായിരുന്നു എനിക്കു് ആ മഹാകവിയുമായി. ഓരോ തവണ കണ്ടിട്ടു് തിരിച്ചുപോരുമ്പോഴും എനിക്കു് ഹൃദയ സമ്പന്നത ലഭിച്ചിരുന്നു. താണതലത്തിലെത്തുന്ന ഒരു വാക്യം പോലും അദ്ദേഹത്തിന്റെ നാവിൽ നിന്നു് ഉതിർന്നിട്ടില്ല. അല്പജ്ഞനായ എന്റെ നിരൂപണത്തെ വിമർശിക്കുമ്പോഴും മൃദുലപദങ്ങളേ അദ്ദേഹം പ്രയോഗിക്കുമായിരുന്നുള്ളൂ. മറ്റൊരു കവിയുടെ രചനകളെക്കുറിച്ചു് എപ്പോഴും പറയാറുണ്ടായിരുന്ന എന്നോടു്, അദ്ദേഹം ഒരിക്കൽ പറഞ്ഞു.

ഉത്സവസ്ഥലത്തു് പോകുമ്പോൾ അവിചാരിതമായി കിട്ടുന്ന സ്പർശം നിങ്ങൾക്കു് കുളിരു് കോരിയിടുമായിരിക്കും. ആ ആഹ്ലാദമാണു് കവിത നൽകേണ്ടതെന്നു് നിങ്ങൾ വിചാരിക്കരുതു്.

വേറൊരിക്കൽ.

ഞങ്ങൾ ഇങ്ങോട്ടു് തീവണ്ടിയിലാണു് പോന്നതു്. രാത്രി ഉറങ്ങാൻ വേണ്ടി വിളക്കുകെടുത്താൻ അതിന്റെ സ്വിച്ച് നോക്കിയിട്ടു് കണ്ടില്ല. ഏതാണ്ടു് അരമണിക്കൂർ ശ്രമിച്ചിട്ടും സ്വിച്ച് കണ്ടെത്താനായില്ല. ഒടുവിൽ, മറ്റുമാർഗ്ഗമില്ലാതെ വിളക്കു് തുണികൊണ്ടു് മൂടിക്കെട്ടി ഇരുട്ടാക്കിയിട്ടു് ഞങ്ങൾ ഉറങ്ങി. സംസ്കാരത്തിന്റെ ദീപത്തെ നിരൂപണത്തിന്റെ വസ്ത്രംകൊണ്ടു് മൂടിക്കെട്ടി ഇരുട്ടുണ്ടാക്കിയിട്ടു് ഞങ്ങൾ ഉറങ്ങി. സംസ്കാരത്തിന്റെ ദീപത്തെ നിരൂപണത്തിന്റെ വസ്ത്രംകൊണ്ടു് മൂടിക്കെട്ടി അന്ധകാരം നിർമ്മിക്കരുതു്.

കവിയെന്ന നിലയിൽ, മഹാകവിയെന്ന നിലയിൽ അദ്ദേഹത്തെ കൂടുതൽ സ്നേഹിക്കുന്നു, ബഹുമാനിക്കുന്നു.

നേഡീൻ ഗോഡിമർ

ഈ ലോകത്തു് ഒന്നിനും ശാശ്വത സ്വഭാവമില്ല. അതുകൊണ്ടു് സുഖം പോലെ ദുഃഖവും ശാശ്വതമല്ല.

കലയെന്നതു് കാഴ്ചയാണു്. കലാകാരൻ ഉള്ളിലെ കണ്ണുകൊണ്ടു് കണ്ടതു് വായനക്കാരന്റെ മനക്കണ്ണുകൊണ്ടു് കാണാൻ കഴിയുന്ന രീതിയിൽ ചിത്രീകരിക്കുമ്പോൾ കലയുടെ ഉദയമായി. ആ കാഴ്ചയുണ്ടാകുമ്പോൾ വായനക്കാരൻ കലാകാരനെ മറക്കുന്നു. തന്റെ കൈയിലിരിക്കുന്നതു് “മാർത്താണ്ഡവർമ്മ ” എന്ന നോവലാണു്, “വെള്ളപ്പൊക്കത്തിൽ” എന്ന ചെറുകഥയാണു് എന്നതു് വിസ്മരിക്കുന്നു. കാഴ്ചയില്ലേ? എങ്കിൽ കലയുമില്ല. അതിനാലാണു് കാഴ്ചയ്ക്കു് പ്രാധാന്യം നൽകുന്ന “Thus Spoke Zarathustra ” (Nietzsche) കലാസൃഷ്ടിയായി പരിഗണിക്കപ്പെടുന്നതു്. വാങ്മയ ചിത്രങ്ങൾ സൃഷ്ടിക്കാതെ വെറും പ്രസ്താവങ്ങൾ നടത്തുകയും ആ പ്രസ്താവങ്ങളെ സമാഹരിക്കുകയും ചെയ്താൽ കലാസൃഷ്ടിയാവുകയില്ല. ഉദാഹരണം ഇതു് കൂടുതൽ വ്യക്തമാക്കും. 1991 നവംബർ 25-നു് മുരളീധരനും സരോജവും തമ്മിലുള്ള വിവാഹം നടന്നു എന്നു് എഴുതിയാൽ സാഹിത്യമാവുകയില്ല. ആദ്യം വിവാഹം നടക്കുന്ന സ്ഥലം വർണ്ണിക്കണം. വരന്റെ ബാഹ്യാകാരവും ചേഷ്ടകളും വിവരിക്കണം. വധുവിന്റെ ലജ്ജാതിശയം ആലേഖനം ചെയ്യണം. പിന്നെ താലികെട്ടു്, കുരവയിടൽ ഇവയെല്ലാം വാക്കുകളിലൂടെ ആവിഷ്ക്കരിക്കപ്പെടണം. ഇത്രയൊക്കെ ആവുമ്പോൾ വിവാഹം കാണുന്ന പ്രതീതി അനുവാചകനു് ഉണ്ടാകും. നോബൽ സമ്മാനം നേടിയ നേഡീൻ ഗോഡിമർക്കു് ഈ സാരസ്വതരഹസ്യം അറിഞ്ഞുകൂടാ. അവരുടെ നോവലുകളും ചെറുകഥകളും വെറും പ്രസ്താവങ്ങളാണു്.

images/Nietzsche187a.jpg
Nietzsche

ഇക്കഴിഞ്ഞ ഒക്ടോബറിൽ അവർക്കു് നോബൽ സമ്മാനം കിട്ടിയതിനു ശേഷം ഞാൻ അവരുടെ രണ്ടു പുസ്തകങ്ങൾ കൂടി വായിച്ചു. ആദ്യത്തേതു് “Something Out There” എന്ന കഥാസമാഹാരം. അതിൽ പ്രാധാന്യമർഹിക്കുന്നതു് കാഫ്ക യുടെ അച്ഛൻ കാഫ്കയ്ക്കു് എഴുതുന്ന കത്താണു്. വിശ്വവിഖ്യാതനായ സാഹിത്യകാരൻ കാഫ്ക അച്ഛനെ കുറ്റപ്പെടുത്തിക്കൊണ്ടു് എഴുതിവച്ചതും എന്നാൽ അദ്ദേഹത്തിനു് അയയ്ക്കാത്തതുമായ കത്തിനു് മറുപടി എഴുതുകയാണു് ശവക്കുഴിയിൽ കിടക്കുന്ന അച്ഛൻ. മകന്റെ ആരോപണങ്ങൾക്കെല്ലാം പിതാവു് ശക്തമായി മറുപടി നൽകുന്നുണ്ടെങ്കിലും, ദക്ഷിണാഫ്രിക്കയിലെ വഞ്ചനാത്മക സ്വഭാവത്തെ അതിനോടു് കൂട്ടിയിണക്കുന്നുവെങ്കിലും ഇതു കലാസൃഷ്ടിയല്ല. “Something Out There” എന്ന കൊച്ചു നോവലിൽ രണ്ടു കഥകളുണ്ടു്. ഒന്നു് അജ്ഞാതനായ ഒരുവൻ അല്ലെങ്കിൽ ഒരു വാനരൻ സർവ്വനാശങ്ങളുമുണ്ടാക്കുന്നതു്. രണ്ടു്, ഭീകരസംഘത്തിനുവേണ്ടി ദമ്പതികളുടെ മട്ടിൽ ജീവിക്കുന്ന രണ്ടുപേർ പ്രവർത്തിക്കുന്നതു്. രണ്ടുകഥകളേയും കൂട്ടിയിണക്കാനോ താൻ ലക്ഷ്യമാക്കുന്ന വഞ്ചനയെ ചിത്രീകരിക്കാനോ അവർക്കു് കഴിഞ്ഞിട്ടില്ല.

ഏതാശയത്തിനും ചില കാലയളവുകളിൽ മങ്ങലുണ്ടാകാം. ഇപ്പോൾ കമ്മ്യൂണിസത്തിനു മങ്ങലുണ്ടായിട്ടുണ്ടെങ്കിൽ അതു് ആശയങ്ങൾക്കു പൊതുവേയുള്ള സവിശേഷതയാൽ മാത്രമാണെന്നു ധരിച്ചാൽ മതി. അക്കാര്യം ഗ്രഹിക്കാതെ കമ്മ്യൂണിസം തകർന്നു, തകർന്നു എന്നു് ഉദ്ഘോഷിക്കുന്നതു് ബുദ്ധിശൂന്യതയാണു്.

രണ്ടാമത്തെപ്പുസ്തകം “My Son’s Story ” എന്ന നോവലാണു്. കറുത്തവർഗ്ഗത്തിൽപ്പെട്ട ദമ്പതികൾ. പുരുഷന്റെ പേരു് സണ്ണി. അവർക്കു മക്കളായി ബേബിയും (പെണ്ണു്) വില്യവും. ഒരു ദിവസം വില്യം സിനിമാശാലയിലേക്കു് ചെന്നപ്പോൾ അച്ഛൻ വെളുത്തവർഗ്ഗത്തിൽപ്പെട്ട കാമുകിയുമായി അവിടെനിന്നു് ഇറങ്ങുന്നതുകണ്ടു. പിന്നീടു് മകൻ തന്തയുടെ വ്യഭിചാരത്തിന്റെ കഥയും അയാൾ വർണ്ണവിവേചനത്തിനു് എതിരായി പോരാടിയപ്പോൾ സർക്കാർ അയാളെ കാരാഗൃഹത്തിലാക്കിയതിന്റെ കഥയും പറയുന്നു. വർണ്ണവിവേചനത്തിനെതിരായി പോരാടി പ്രശസ്തനായിത്തീർന്ന സണ്ണി വ്യഭിചാരത്തിന്റെ ഫലമായി അധഃപതിക്കുന്നു. സമ്പൂർണ്ണമായി മകൻ കഥപറയുന്നില്ല. നേഡിൻ ഗോഡിമറും അതു നിർവഹിക്കുന്നുണ്ടു്. ആകെ പൊരുത്തമില്ലായ്മ. ഏറ്റവും അസഹനീയം ഈ സ്ത്രീയുടെ ഇംഗ്ലീഷ് ഭാഷയാണു്. Stilted writing എന്നു പറയുന്ന പൊയ്ക്കാൽ ഭാഷയാണു് നേഡീൻ ഗോഡിമറുടേതു്. മദാമ്മയ്ക്കു് ഇംഗ്ലീഷറിഞ്ഞുകൂടെന്നോ? അറിയാമായിരിക്കും. പക്ഷേ, ഇംഗ്ലീഷ് നേരേചൊവ്വേ എഴുതാനറിഞ്ഞുകൂടാത്ത പല സായ്പന്മാരും മദാമ്മമാരുമുണ്ടു്. അവരിൽ ഒരു മദാമ്മയാണു നേഡിൻ. അതുപോലെ ഒരു സായ്പാണു് നിരൂപകൻ എഫ്. ആർ. ലീവിസ്.

images/EliasCanetti2.jpg
കനേറ്റി

നെറൂദ യ്ക്കും മാർകേസി നും കനേറ്റി ക്കും നോബൽ സമ്മാനം നൽകിയപ്പോൾ പുരസ്കാരദാതാക്കൾ വളരെ ഉയർന്നു. മഹ്ഫൂസി നും നേഡിനും അതുകൊടുത്തപ്പോൾ അവർ വളരെ വളരെ താണുപോയി. ഇതിന്റെ കൂടെ പറയട്ടെ. നമ്മുടെ മാധവിക്കുട്ടി, തകഴി, വൈക്കം മുഹമ്മദ് ബഷീർ, ഉറൂബ്, എം. ടി. വാസുദേവൻ നായർ ഇവരുടെ അടുത്തെങ്ങും വരില്ല ഒരേയൊരു വിഷയം തന്നെ പല നോവലുകളായും പല ചെറുകഥകളായും പ്രതിപാദിക്കുന്ന ഈ ദക്ഷിണാഫ്രിക്കൻ എഴുത്തുകാരി!

Redeeming feature എന്നൊരിടപാടുണ്ടു്, മുഴുവനും ദുഷിച്ചതിൽ അല്പമൊരാശ്വാസം പകരുന്ന ഘടകമാണു് അതു്. വായനക്കാർക്കു് അല്പമൊരാശ്വാസം നൽകാനായി നേഡിൻ സെക്സ് വർണ്ണിക്കും. അതു ചെറുപ്പക്കാരെ ആകർഷിക്കും. എന്നെപ്പോലെ പ്രായംകൂടിയവരെ ഓർക്കാനിപ്പിക്കും.

“The dark nipples like grapes in his mouth… her entry satiny” എന്നതു് ഒരുദാഹരണം. (My Son’s Story, P. 8) “…but the uncontrollable animal thrill of his orgasm was horrible” P. 69. ഇതു വേറൊരുദാഹരണം.

ചോദ്യം, ഉത്തരം

ചോദ്യം: ഇതു് എന്റെ വിധിയാണു് എന്നു പറയാറുണ്ടല്ലോ, എന്താണു് ഇതിന്റെ അർത്ഥം?

ഉത്തരം: 1991-ൽ ജീവിക്കുന്ന ഏതു ഭാരതീയനും പറയുന്ന വാക്യമാണതു്.

ചോദ്യം: ഭർത്താവിനെ അതിരറ്റു സ്നേഹിക്കുന്ന ഭാര്യയുണ്ടോ സാറേ?

ഉത്തരം: എന്നോടു സത്യാത്മകങ്ങളായ ചോദ്യങ്ങൾ മാത്രമേ ചോദിക്കാൻ പാടുള്ളൂ. പ്രത്യക്ഷത്തിൽ അസത്യാത്മകമായ ഒരു ചോദ്യവും ചോദിക്കരുതേ.

ചോദ്യം: എന്റെ മേശപ്പുറത്തു എഴുതിവയ്ക്കാൻ ഒരു വാചകം പറഞ്ഞുതരൂ. ഞാൻ നവീന സാഹിത്യം ആസ്വദിക്കുന്നവനാണു്.

ഉത്തരം: വാക്യം ഇങ്ങനെയാവാം. ഇന്ത്യൻ ഇങ്ക് കൊണ്ടെഴുതി അതു് മേശയുടെ പുറത്തുവയ്ക്കൂ. ‘എനിക്കു മനസ്സിലാകാത്തതിന്റെ ആസ്വാദകനാണു് ഞാൻ.’

ചോദ്യം: ‘ശാശ്വതമൊന്നേ ദുഃഖം’ യോജിക്കുന്നില്ലേ?

ഉത്തരം: ഇല്ല. ഈ ലോകത്തു് ഒന്നിനും ശാശ്വതസ്വഭാവമില്ല. അതുകൊണ്ടു സുഖംപോലെ ദുഃഖവും ശാശ്വതമല്ല.

ചോദ്യം: നിങ്ങളിങ്ങനെ ഫുൾസ്റ്റോപ്പില്ലാതെ എഴുതുന്നതു് എങ്ങനെയാണു്?

ഉത്തരം: ചിലരുടെ പ്രഭാഷണങ്ങൾ പോലെയാണു് എന്റെ രചനകൾ. പ്രഭാഷണം തുടങ്ങിയാൽ പ്രഭാഷകൻ വിചാരിച്ചാലും അതു നിറുത്താനൊക്കുകയില്ല. ഗ്രാമഫോൺ സൂചി റിക്കോഡിൽ ഓടിത്തീരാതെ നില്ക്കില്ല. എന്റെ പേന ആ സൂചിപോലെയാണു്.

ചോദ്യം: സ്ത്രീ നോ എന്നു പറഞ്ഞാൽ യെസു് എന്നാണർത്ഥമെന്നു ആരോ പറഞ്ഞതു ശരിയാണോ?

ഉത്തരം: അതു് അഭിലാഷപ്രാപ്തിക്കു് ആഗ്രഹിക്കുന്ന പുരുഷന്റെ വ്യാഖ്യാനം. അതുതെറ്റു്. സ്ത്രീ നോ എന്നു പറയുമ്പോഴും വൈ, ഇ, എസ് എന്നു് പുരുഷൻ പറഞ്ഞുകൊണ്ടിരിക്കും. നോ എന്നു പറയുന്ന സ്ത്രീ നോ എന്നു തന്നെ എപ്പോഴും പറയും.

ചോദ്യം: കുഞ്ഞുങ്ങൾ കുഞ്ഞുങ്ങളായിത്തന്നെ ഇരുന്നാൽ മതിയെന്നു ചില അമ്മമാർ പറയുന്നതു ഞാൻ കേട്ടിട്ടുണ്ടു്. എന്തുകൊണ്ടാണതു്?

ഉത്തരം: ജീവിതത്തിൽ ശാശ്വതനരകം ആഗ്രഹിക്കുന്ന സ്ത്രീകളാണു് അങ്ങനെ പറയുന്നതു്.

ചോദ്യം: കന്യകമാർക്കു നവാനുരാഗങ്ങൾ/ കമ്രശോണസ്ഫടിക വളകൾ/ഒന്നുപൊട്ടിയാൽ മറ്റൊന്നു്… എന്ന വരികളുടെ ഭംഗി എവിടെയാണു്?

ഉത്തരം: ആശയത്തിന്റെ സത്യാത്മകതയിൽ. പിന്നെ നമ്മൾ പ്രതീക്ഷിക്കാത്തരീതിയിൽ കവിവാക്കുകൾ യോജിപ്പിച്ചിരിക്കുന്നു എന്നതിൽ.

ഒന്നുമില്ല
images/HenrikIbsen5576.jpg
ഇബ്സൻ

ഈഡിപ്പസ് സ്വന്തം കണ്ണുകൾ കുത്തിപ്പൊട്ടിച്ചു് എല്ലാക്കാലത്തേക്കുമുള്ള അന്ധത്വം സ്വീകരിച്ചപ്പോൾ ശാശ്വതാന്ധകാരമല്ല വിജ്ഞാനത്തിന്റെ കാഴ്ചയാണു് അദ്ദേഹത്തിനു കിട്ടിയതെന്നു ഞാൻ ഒരിക്കലെഴുതി. ഇബ്സന്റെപാവക്കൂടി ”ലെ നോറ വാതിൽ വലിച്ചടച്ചു് വലിയ ശബ്ദമുളവാക്കിക്കൊണ്ടു് ഭർത്താവിന്റെ വീട്ടിൽ നിന്നിറങ്ങിപ്പോയപ്പോൾ ആ വാതിൽ അങ്ങനെതന്നെ അടഞ്ഞുകിടന്നില്ല. മർദ്ദിക്കപ്പെടുന്ന അനേകം ഭാര്യമാർക്കു പിന്നെയും ഇറങ്ങിപ്പോകാനുള്ള ബഹിർഗ്ഗമനമാർഗ്ഗം തുറന്നിടുകയായിരുന്നു ഇബ്സൻ. ഇവിടെ ഒരു വ്യതിചലനമോ ശാഖാചംക്രമണമോ നടത്താൻ ഞാൻ ദയവുള്ള വായനക്കാരോടു് അനുമതി ചോദിക്കുന്നു. ജീവിതത്തിൽ ഒരു കള്ളം പോലും പറഞ്ഞിട്ടില്ലാത്ത ഒരു സുപരിചിതയായ പെൺകുട്ടിയെ നാക്കെടുത്തു വളച്ചാൽ കള്ളം മാത്രം പറയുന്ന ഒരാൾ വിവാഹം കഴിച്ചു. ക്രമേണ അവൾ കള്ളം പറഞ്ഞുതുടങ്ങി. ഒടുവിൽ മഹാകള്ളിയായി മാറി. മാറുക മാത്രമല്ല, ഭർത്താവിന്റെ എല്ലാക്കള്ളങ്ങളും സത്യങ്ങളാണെന്നു് വരുത്തിക്കൂട്ടാൻ അവൾ ശ്രമിക്കുകയും ചെയ്തു. ഇതുപോലെയൊരു കള്ളനേയും കള്ളിയേയും ഹെൻട്രി ജെയിംസ് എന്ന സാഹിത്യകാരൻ “The Liar ” എന്ന കഥയിൽ അവതരിപ്പിച്ചിട്ടുണ്ടു്. കേണലാണു് അയാൾ. കള്ളം പറഞ്ഞുപറഞ്ഞു് അയാൾക്കു് സത്യമേതു് അസത്യമേതു് എന്നു് തിരിച്ചറിയാൻ വയ്യാതെ ആയി. ഒരു ചിത്രകാരൻ കേണലിന്റെ പടം വരച്ചു് ഓരോ രേഖയിലും അയാളുടെ കള്ളത്തരം വ്യക്തമാക്കി. പക്ഷേ, സത്യവും കള്ളവും വേർതിരിച്ചറിയാൻ വയ്യാത്ത കേണലിനു് അതു കണ്ടു പിടിക്കാനായില്ല. ജീവിതാന്ത്യം വരെ അയാൾ കള്ളം പറഞ്ഞു. ഓരോ കള്ളവും സത്യമാണെന്നു് അയാളുടെ ഭാര്യ സ്ഥാപിക്കുകയും ചെയ്തു. അത്ര മഹനീയമല്ലെങ്കിലും, സങ്കീർണ്ണതയുള്ള ഇക്കഥ വായിക്കേണ്ടതാണു്. ഭാര്യ ഭർത്താവിനെ അസത്യപ്രസ്താവത്തിൽ സംരക്ഷിക്കുന്നതിനെ സ്പഷ്ടമാക്കിക്കൊണ്ടു് ഹെൻട്രി ജെയിംസ് കഥ അവസാനിപ്പിക്കുന്നു. “…and since she could not redeem him, she would adopt and protect him. So he had trained her” (P. 183, “The Short Stories of Henry James”—The Modern Library, New York).

images/HenryJames.jpg
ഹെൻട്രി ജെയിംസ്

വിശ്വസാഹിത്യത്തിലെ ഈ ഉത്കൃഷ്ടങ്ങളായ രചനകളെക്കുറിച്ചു് ഞാൻ എഴുതിയതു് അവ പരിധിയാർന്ന മണ്ഡലങ്ങൾ ചിത്രീകരിക്കുന്നില്ലെന്നു് വ്യക്തമാക്കാനാണു്. ജെയിംസിന്റെ കഥയും നിറുത്തിയിടത്തു് നില്ക്കുന്നില്ല. വിദൂരചക്രവാളത്തിലേക്കു് അതു് നമ്മളെ കൊണ്ടുപോകുന്നു. ശത്രുഘ്നന്റെ “സിംഹത്തിന്റെ മനസ്സു്” എന്ന ചെറുകഥ (കലാകൗമുദി). ഒരടഞ്ഞ മണ്ഡലമാണു് എന്നതല്ല അതിന്റെ ന്യൂനത. ഒരനുഭൂതിയുമുളവാക്കാതെ, പൊട്ടിച്ചിതറാതെ, അമിട്ടുപോലെ അതു് ‘ശൂ’ എന്ന നാദം കേൾപ്പിച്ചുകൊണ്ടു് കത്തിയെരിഞ്ഞു് താഴെ വീഴുന്നു. കഥയിലെ സിംഹം പെൻഷൻ പറ്റിയ ഒരുത്തനാണു്. അയാളെ മരുമകൾ പീഡിപ്പിക്കുന്നു. ഒടുവിൽ ഒരു സന്ദർഭമുണ്ടായപ്പോൾ അയാൾ സിംഹമാണെന്നു് തെളിയിക്കുന്നു. അനുഭവാസ്പദസത്യമില്ല ഇക്കഥയിൽ. മാനസിക സത്യമോ സാമൂഹികസത്യമോ ഇതിൽ അന്വേഷിക്കേണ്ടതില്ല. സങ്കീർണ്ണതയില്ല, നാടകീയതയില്ല. ആഖ്യാനമില്ല.

കഴിഞ്ഞ മാസം സാഹിത്യത്തിനുള്ള നോബൽ സമ്മാനം നേടിയ സ്ത്രീയുടെ പേരു് നദീൻ ഗോഡിമർ എന്നാണോ? അതോ നേഡീൻ ഗോഡിമർ എന്നോ? മാതൃഭൂമി ആഴ്ചപ്പതിപ്പിൽ അവരെക്കുറിച്ചുള്ള ലേഖനമെഴുതിയ ശ്രീമതി രാധിക സി. നായർ നദീൻ എന്നാണു് എഴുതിയിരിക്കുന്നതു്. ഇംഗ്ലീഷ് നിഘണ്ടുക്കളിൽ നേഡീൻ എന്നാണു് കാണുന്നതു്. a, e, എന്നീ അക്ഷരങ്ങളുടെ മുകളിൽ ഓരോ വര. അവയുടെ ഉച്ചാരണം യഥക്രമം ‘ഏ’ അന്നും ‘ഈ’ എന്നും ആണു്.

വിദേശത്തുനിന്നു് ഇംഗ്ലണ്ടിൽ കടന്നു വന്ന സംജ്ഞാനാമമാണു് നേഡീൻ. “പ്രതീക്ഷ” എന്ന അർത്ഥത്തിലുള്ള Nadezhda എന്ന റഷ്യൻ സംജ്ഞാനാമമാണു് അതിന്റെ മൗലിക രൂപം. അല്ലെങ്കിൽ പേരിലെന്തിരിക്കുന്നു? റോസിനു് പേരു് വേറെ ആയാലും സൗരഭ്യമുണ്ടു്. നഡീൻ ആയാലും നേഡീൻ ആയാലും തരം താണ എഴുത്തുകാരി തന്നെയാണു് അവർ.

സൂക്ഷ്മഭേദനാട്യം

കലയെന്നതു് കാഴ്ചയാണു്. കലാകാരൻ ഉള്ളിലെ കണ്ണുകൊണ്ടു് കണ്ടതു് വായനക്കാരന്റെ മനക്കണ്ണുകൊണ്ടു് കാണാൻ കഴിയുന്ന രീതിയിൽ ചിത്രീകരിക്കുമ്പോൾ കലയുടെ ഉദയമായി. ആ കാഴ്ചയുണ്ടാകുമ്പോൾ വായനക്കാരൻ കലാകാരനെ മറക്കുന്നു… കാഴ്ചയില്ലേ? എങ്കിൽ കലയുമില്ല.

തിരുവനന്തപുരത്തെ ഒരു ഹോട്ടലിൽ ഒരു സുഹൃത്തൊരുമിച്ചു് കയറി കസേരയിൽ ഇരിപ്പുറപ്പിച്ചപ്പോൾ ചുവരോടു ചേർത്ത കണ്ണാടി അലമാരകളിൽ പ്ലേറ്റുകൾ കുത്തനെ അടുക്കി വച്ചിരിക്കുന്നതു ഞാൻ കണ്ടു. അപ്പോൾ വിശേഷിച്ചൊന്നും തോന്നിയില്ല. പ്ലേറ്റുകളെ പിന്നീടു് നോക്കാനും തുനിഞ്ഞില്ല. നിശ്ചേതനങ്ങളായ, പ്രയോജന ശൂന്യങ്ങളായ ആ പിഞ്ഞാണങ്ങളെ എന്തിനു് നോക്കണം? ഹോട്ടൽ ബോയ് വന്നു. ഞങ്ങൾക്കു് എന്താണു് വേണ്ടതു് എന്നുപറഞ്ഞു. അയാൾ അലമാരി തുറന്നു് പ്ലേറ്റുകളെടുത്തു് അകത്തുകൊണ്ടുപോയി ചൂടാക്കിക്കൊണ്ടു വന്നു് ഞങ്ങളുടെ മുൻപിൽ വച്ചപ്പോൾ ആദ്യത്തെ അലസമനോഭാവം, അവഗണന പകുതിയോളം മാറി. പ്ലേറ്റുക്കൾക്കു് ആ സന്ദർഭത്തിൽ ഏതാണ്ടൊരു പ്രാധാന്യം വന്നു. കുറേ കഴിഞ്ഞു് ചൂടുള്ള ചപ്പാത്തി വേറൊരു പാത്രത്തിൽ കൊണ്ടു വന്നു്, മുൻപിൽ വച്ച പ്ലേറ്റുകളിൽ രണ്ടുകരണ്ടി കൊണ്ടു് പിറ്റിച്ചെടുത്തു വച്ചപ്പോൾ അവയ്ക്കു്—പ്ലേറ്റുകൾക്കു്—സർവ്വപ്രാധാന്യം വന്നു. അവയില്ലെങ്കിൽ ചപ്പാത്തി എവിടെ വയ്ക്കും? പ്ലേറ്റിനും അതിൽ വച്ച ചപ്പാത്തിക്കും പരസ്പരബന്ധം. പ്ലേറ്റില്ലാത്ത ആഹാരസാധനത്തിനു് നിഷ്പ്രയോജനസ്വഭാവം. ആഹാരസാധനമില്ലാതെ അലമാരയിൽ ഇരുന്ന പ്ലേറ്റുകൾക്കു് നിഷ്പ്രയോജനസ്വഭാവം.

തിരുവനന്തപുരത്തെ ഒരു പുസ്തകക്കടയിൽ ഞാൻ നില്ക്കുകയായിരുന്നു. അവിടെ കയറിവന്ന സുന്ദരിയായ ഒരു പെൺകുട്ടി, സൗകര്യപൂർവം പുസ്തകങ്ങൾ നോക്കിക്കൊള്ളട്ടെ എന്നു വിചാരിച്ചു് ഞാൻ കടയുടെ വരാന്തയിലേക്കിറങ്ങി, പത്തായസദൃശമായ “ഇൻഡ്യ റ്റുഡേ” എന്ന ഇംഗ്ലീഷ് ജേണൽ മറിച്ചുനോക്കിക്കൊണ്ടു നിന്നു. പെൺകുട്ടി പുസ്തകം വാങ്ങിയോ വാങ്ങിയില്ലയോ എന്നതു് ഞാൻ ശ്രദ്ധിച്ചില്ല. അവർ കടയിൽ നിന്നു് റോഡിലേക്കു് ഇറങ്ങി. ഞാൻ തിരിച്ചു് കടയിൽ കയറിയപ്പോൾ ആ കുട്ടി വീണ്ടും കടയിലേക്കു് കയറി “കൃഷ്ണൻ നായർ സാറല്ലേ. പതിവായി ഞാൻ സാഹിത്യവാരഫലം വായിക്കുന്നു” എന്നു് സന്തോഷത്തോടെ പറഞ്ഞു. അതോടെ ആ പെൺകുട്ടിയെക്കുറിച്ചു് എനിക്കു് നേരത്തേയുണ്ടായ അവഗണന മാറി. എന്റെ ഇളയ മകളെക്കാൾ പ്രായം കുറഞ്ഞ അവർ എന്റെ മറ്റൊരു മകളെപ്പോലെയായി. വസ്തുക്കൾക്കും വ്യക്തികൾക്കും ‘സിഗ്നിഫിക്കൻസ്’ —സാർത്ഥകത്വം —വരുന്നതു് പരസ്പരബന്ധത്തിൽ നിന്നാണു്.

ഞാൻ അരൂക്കുറ്റിയിൽ താമസിക്കുന്ന കാലം. വൈകുന്നേരത്തു് തേവർ വീട്ടിൽ ഭാസ്കരപ്പണിക്കരുമൊരുമിച്ചു് വേമ്പനാട്ടുകായലിന്റെ കരയിൽ വന്നുനിൽക്കും (കഷ്ടം അദ്ദേഹം മരിച്ചിട്ടു് ഏതാനും ദിവസങ്ങളേ ആയുള്ളൂ). ഒരു കളിവഞ്ചി കായലിൽ ഇറക്കി ലക്ഷ്യമില്ലാതെ തുഴയും. കുറെക്കഴിഞ്ഞു കരയിലേക്കു പോരും. ഒരു ദിവസം ഞാൻ പണിക്കരോടു പറഞ്ഞു. “ ഒരു ലക്ഷ്യവുമില്ലാതെ ഇങ്ങനെ കായലിൽ വട്ടംകറങ്ങുന്നതു് എന്തിനു്. നമുക്കു അരൂരേക്കു പോകാം.” ശരിയെന്നു പറഞ്ഞിട്ടു് അദ്ദേഹം അക്കരയ്ക്കു വള്ളം നയിച്ചു. അരൂരെത്തിയപ്പോഴാണു് മുൻപെഴുതിയ സാർത്ഥകത്വമുണ്ടായതു്.

ശ്രീ വിക്ടർ ലീനസ് മാതൃഭൂമി ആഴ്ചപ്പതിപ്പിലെഴുതിയ “വിട” എന്ന ദീർഘമായ കഥ അലമാരിയിൽ പ്രയോജനമില്ലാതെയിരിക്കുന്ന പ്ലെയ്റ്റാണു്, കായലിലെ വട്ടം കറങ്ങലാണു്. റോഡിൽ ഒരു അപകടമുണ്ടാകുന്നു. മരിച്ചതു് കഥ പറയുന്ന ആളിനു പരിചയമുള്ള ഒരു വേശ്യപ്പെൺകുട്ടി. ആശുപത്രിയിൽച്ചെന്നു് ആളാരെന്നു മനസ്സിലാക്കി അവളുടെ അമ്മയെ അയാൾ വിവരം അറിയിക്കുന്നു. മൃതദേഹം അവളുടെ വീട്ടിലെത്തിച്ചു് ചിതയിൽ എരിക്കുന്നു. തിരിച്ചുപോരുന്നു. ഉൾക്കാഴ്ചയില്ലാത്ത വെറും ‘റെപ്രിസെന്റേഷൻ’ ചിത്രീകരണം. ചിത്രീകരണം കലയാവണമെങ്കിൽ സാർത്ഥകമാവണമതു്. അതില്ല ഇക്കഥയിൽ. വർണ്ണനത്തിൽ ചില സൂക്ഷ്മഭേദങ്ങൾ ഒക്കെ വരുത്തിയിട്ടുണ്ടെന്നാണു് കഥാകാരന്റെ മട്ടു്. പക്ഷേ, ഒരു ചുക്കുമതിലില്ല. അറുമുഷിപ്പൻ വിവരണം കലയാകുമെങ്കിൽ ഇതു കലതന്നെ. കഥതന്നെ. ദൗർഭാഗ്യത്താൽ അത്തരം വിവരണങ്ങൾ ഇന്നേവരെ കലയായിട്ടില്ല, കഥയായിട്ടില്ല.

വീണമരത്തിൽ കയറുന്നു
images/KarlMarx001.jpg
മാർക്സ്

ഒരാശയവും പുതുതായി ലോകത്തുണ്ടാകുന്നതല്ല. എല്ലാക്കാലത്തും അതു് ഉണ്ടായിരിക്കും. ചിലപ്പോൾ അതു സ്പഷ്ടമാകും. മറ്റുചിലപ്പോൾ അസ്പഷ്ടമായിരിക്കും. പ്ലേറ്റോ യുടെ ആദർശവാദമോ മാർക്സി ന്റെ വൈരുദ്ധ്യാത്മകവാദമോ അവർ കണ്ടുപിടിച്ചതല്ല. ലോകാരംഭം മുതൽ അവയുണ്ടായിരുന്നു. പ്ലേറ്റോയുടെ ധിഷണ ആദർശവാദത്തിനു രൂപം നൽകിയപ്പോൾ അതു് ബഹുജനശ്രദ്ധയിൽ വന്നു. ക്രിസ്തു വിനു മുൻപു്, ശതാബ്ദങ്ങൾക്കു മുൻപു് വൈരുദ്ധ്യാത്മകവാദം ഉണ്ടായിരുന്നു. മാർക്സ് എന്ന ചിന്തകൻ അതിനെ പ്രകാശിപ്പിച്ചപ്പോൾ അതിനു ശക്തിയും പ്രചാരവുമുണ്ടായി. ഏതാശയത്തിനും ചില കാലയളവുകളിൽ മങ്ങലുണ്ടാകാം. ഇപ്പോൾ കമ്മ്യൂണിസത്തിനു മങ്ങലുണ്ടായിട്ടുണ്ടെങ്കിൽ അതു് ആശയങ്ങൾക്കു പൊതുവേയുള്ള സവിശേഷതയാൽ മാത്രമാണെന്നു ധരിച്ചാൽ മതി. അക്കാര്യം ഗ്രഹിക്കാതെ കമ്മ്യൂണിസം തകർന്നു തകർന്നു എന്നു് ഉദ്ഘോഷിക്കുന്നതു് ബുദ്ധി ശൂന്യതയാണു്.

ഇവിടെ ഒരു നേരമ്പോക്കുണ്ടു്. സ്റ്റാലിന്റെ കാലത്തു മിണ്ടാതിരുന്നവർ, അദ്ദേഹത്തിനു ശേഷമുള്ള ഭരണാധികാരികളുടെ കാലയളവുകളിൽ മിണ്ടാതിരുന്നവർ, ഗോർബച്ചേഫ് വീഴുന്നതുവരെ മിണ്ടാതിരുന്നവർ ഇപ്പോൾ കമ്മ്യൂണിസം നശിച്ചുവെന്നു പറഞ്ഞുതുടങ്ങിയിരിക്കുന്നു. അതിനെ നിന്ദിച്ചു തുടങ്ങിയിരിക്കുന്നു. ലേഖനമെഴുത്തോടു ലേഖനമെഴുത്തുതന്നെ. പ്രസംഗത്തോടു പ്രസംഗം തന്നെ. ഇവർ ഈ നിന്ദനം പണ്ടേ തന്നെ എന്തുകൊണ്ടുനടത്തിയില്ല? ഈ അവസരസേവകത്വത്തെക്കുറിച്ചു പ്രശസ്തനായ നോവലിസ്റ്റും നല്ല ചിന്തകനുമായ ശ്രീ. കെ. സുരേന്ദ്രനോടു ഞാൻ റ്റെലിഫോണിൽ സംസാരിച്ചപ്പോൾ അദ്ദേഹം പറഞ്ഞു:“വീണ മരത്തിൽ ആർക്കും ഓടിക്കയറാമല്ലോ.” ശരിയാണു്. സുദീർഘമായ കാലയളവിൽ മൗനമുദ്രിതങ്ങളായ ചുണ്ടുകളോടെ ഇരുന്നവർ ഇന്നു കമ്മ്യൂണിസത്തിനു് എതിരായി തൊണ്ടകീറുന്നതു് ഒരു തരത്തിലുള്ള ഭീരുത്വമാണു്. വീണമരത്തിൽ ഓടിക്കയറലാണു്. ഇതെഴുതുന്ന സാഹിത്യവാരഫലക്കാരൻ കമ്മ്യൂണിസ്റ്റല്ല.

images/BorisYeltsin.jpg
ബോറിസ് യെൽറ്റ്സിൻ

ബോറിസ് യെൽറ്റ്സിന്റെ ആത്മകഥയിൽ (Against The Grain-Pan Books-1991 U. K. £6.99. Spl Indian price £2.50) ഇങ്ങനെ: “We have changed; we have said farewell to an epoch which, one would like to believe, will never return again.” യെൽറ്റ്സിൻ പോലും കമ്മ്യൂണിസം തിരിച്ചുവരില്ലെന്നു് അസന്ദിഗ്ദ്ധമായി പറയുന്നില്ല.

കെ. സുരേന്ദ്രൻ

സുന്ദരികളുടെ പിറകെ നടക്കാനും അവിദഗ്ദ്ധരായ അധ്യാപകരെ കൂവാനും അക്കാലത്തെ വിദ്യാർത്ഥികൾക്കു മടിയുണ്ടായിരുന്നില്ലെങ്കിലും ഗാന്ധിജി, നെഹ്രു, എന്ന പേരുകൾ കേട്ടാൽ അവർ മറ്റെല്ലാ ചിന്തകളും ത്യജിച്ചു് രണാങ്കണത്തിൽ ചാടിയിറങ്ങുമായിരുന്നു.

കേരളത്തിലെ പ്രശസ്തരായ എഴുത്തുകാരിൽ പലരും എഴുതിയിട്ടുള്ള “പ്രസീദ” മാസികയിൽ (എഡിറ്റർ ശ്രീ. എം. സി. ബോസ്) ശ്രീ. കെ. സുരേന്ദ്രൻ ഇന്നത്തെ യുവാക്കന്മാരെക്കുറിച്ചു പറയുന്നതു് ശ്രദ്ധേയമാണു്. അദ്ദേഹം അഭിപ്രായപ്പെടുന്നു: “അതുകൊണ്ടു് ഇന്നത്തെ ചെറുപ്പക്കാർക്കു് എടുത്തുപറയത്തക്ക എന്തെങ്കിലും ദോഷം ഞാൻ കാണുന്നില്ല. എങ്കിലും കുറച്ചു വ്യത്യാസം ‘ഇന്നലെ’യിൽ നിന്നും ഇന്നു കാണാൻ സാധിക്കും. ‘ജനറേഷൻ ഗ്യാപ്പ്’ എന്ന കൺസെപ്റ്റു് വച്ചു മാത്രം പറഞ്ഞാൽ ശരിയാവില്ല.”

ഇതു വായിച്ചുകഴിഞ്ഞപ്പോൾ എന്റെ ബാല്യകാലത്തെക്കുറിച്ചു ഞാൻ ഓർമ്മിക്കുകയായി. അന്നത്തെ വിദ്യാർത്ഥികൾക്കു ലക്ഷ്യമുണ്ടായിരുന്നു. ആ ലക്ഷ്യത്തിലെത്താൻ അവർ ശ്രമിച്ചിരുന്നു. സുന്ദരികളുടെ പിറകെ നടക്കാനും അവിദഗ്ദ്ധരായ അധ്യാപകരെ കൂവാനും അക്കാലത്തെ വിദ്യാർത്ഥികൾക്കു മടിയുണ്ടായിരുന്നില്ലെങ്കിലും ഗാന്ധിജി, നെഹ്രു എന്നപേരുകൾ കേട്ടാൽ അവർ മറ്റെല്ലാച്ചിന്തകളും ത്യജിച്ചു് രണാങ്കണത്തിൽ ചാടിയിറങ്ങുമായിരുന്നു. “കേരളശബ്ദ” ത്തിന്റെയും കെ. പി. എ. സി. യുടെയും പ്രധാന പ്രവർത്തകനായിരുന്ന ശ്രീ. ജനാർദ്ദനക്കുറുപ്പു് അന്നു വിദ്യാർത്ഥി. ഞാനും അദ്ദേഹവും ഇന്നത്തെ യൂണിവേഴ്സിറ്റിക്കോളേജിന്റെ മുൻപിലെ മാവിന്റെ ചുവട്ടിലിരുന്നപ്പോൾ ജനാർദ്ദനക്കുറുപ്പു് പറഞ്ഞു:“ഗാന്ധിജിയും ഞാനും ജയിലിൽ കിടക്കുമ്പോൾ എനിക്കു ക്ലാസ്സിലിരിക്കാൻ സാദ്ധ്യമല്ല.” ഇതുതന്നെയായിരുന്നു എല്ലാ വിദ്യാർത്ഥികളുടെയും മാനസികനില. ആ തലമുറ കഴിഞ്ഞപ്പോൾ വേറെ വേറെ തലമുറകൾ ഉണ്ടായി. അവയോരോന്നും അസംതൃപ്തിയിലേക്കു നീങ്ങി. കാരണം കോളേജ് ക്ലാസ്സുകളിലെ ഷെയ്ക്സ്പിയറും എഴുത്തച്ഛനും ന്യൂട്ടനും പ്രദാനം ചെയ്ത സത്യത്തിന്റെ ലോകമല്ല അവർ നേരിട്ടുകണ്ടതു് എന്നത്രേ. നൂതന സത്യങ്ങൾക്കു് അവർ അഭിമുഖീഭവിച്ചു നിന്നു. അവ സാക്ഷാത്കരിക്കാനാവില്ലെന്നു കണ്ടപ്പോൾ അവർ വിപ്ലവാസക്തരായി. തങ്ങളെ നശിപ്പിക്കുന്ന സർവ്വകലാശാലകളിലും സർക്കാരുകളിലും പ്രാതിനിധ്യം വേണമെന്നു് അവർ വാദിച്ചു. ഒട്ടൊക്കെ അവ നേടുകയും ചെയ്തു. ഇപ്പോൾ അവർ കൂടുതൽ അസ്വസ്ഥരാണു്. ഹേതു ഗവണ്മെന്റുകളുടെയും സർവ്വകലാശാലകളുടെയും കാര്യക്ഷമതയില്ലായ്മയാണു്. സമ്മർദ്ദത്തിൽപ്പെട്ടു് അവർ വിദ്യാർത്ഥികൾക്കു ചില ആനുകൂല്യങ്ങൾ നൽകുന്നു. പരോക്ഷമായ രീതികളിൽക്കൂടി പ്രാതികൂല്യങ്ങൾ സൃഷ്ടിക്കുന്നു. ഫലം ബഹളം. ഇവിടെ ഒരു കാര്യം കൂടി നമ്മൾ ഓർക്കണം. പഴയതലമുറയോടു പ്രതിഷേധിച്ചു് പുതിയ തലമുറയുണ്ടാകുന്നു. എന്നാൽ ആ പുതിയ തലമുറ ഏതാനും വർഷങ്ങൾക്കകം പഴയ തലമുറയാകും. ആ സന്ദർഭത്തിലുണ്ടാകുന്ന പുതിയ തലമുറ കുറച്ചു വർഷം കൊണ്ടു പഴയ തലമുറയാകും. ഈ അവിരാമമായ പ്രവർത്തനം കണ്ടുകൊണ്ടാവാം സുരേന്ദ്രൻ എല്ലാക്കാലത്തും ചെറുപ്പക്കാർ ഒരേ രീതിയിലായിരുന്നുവെന്നു പറഞ്ഞതു്.

അഡോർനയുടെ ചിന്തകൾ
  1. വ്യക്തികൾ കാരണം കൂടാതെയല്ല നയം കാണിക്കുന്നവനോടു ശത്രുതയോടു പ്രതികരിക്കുന്നതു്. ഉദാഹരണം; ഒരു തരത്തിലുള്ള വിനയം അതാരോടു കാണിക്കുന്നുവോ അയാളെ കുറഞ്ഞ വിധത്തിലുള്ള മനുഷ്യജീവിയായി മാറ്റിക്കളയും. തുടർച്ചയായി വിനയം പ്രദർശിപ്പിക്കുന്നവർ വിനയമില്ലാത്തവനായി കരുതപ്പെടുമെന്നൊരു ആപത്തുണ്ടു്.
  2. തെറ്റായ ജീവിതം—അതു് ശരിയായി നയിക്കാനൊക്കുകയില്ല.
  3. നീച്ചെGay Science ”-ൽ എഴുതി, “വീട്ടിന്റെ ഉടമസ്ഥനാകാൻ കഴിയാത്തതു് എന്റെ ഭാഗ്യത്തിന്റെ ഒരു ഭാഗമാണു്” ഇന്നു നമ്മൾ ഇത്രയുംകൂടി അതിനോടു ചേർക്കണം. സ്വന്തം വീട്ടിൽ, വീട്ടിലിരിക്കുന്നു എന്ന ചിന്തയില്ലാതെ കഴിയുന്നതു് സാന്മാർഗ്ഗികത്വത്തിന്റെ ഒരു ഭാഗമാണു്.
  4. ഓരോ തവണ സിനിമയ്ക്കു പോകുമ്പോഴും ഞാൻ കൂടുതൽ ബുദ്ധിശൂന്യനും തിന്മയുള്ളവനുമായി മാറുന്നു; ഞാനെത്ര കണ്ടു മുൻകരുതൽ എടുത്താലും.
  5. സിനിമ കലയാണെന്ന നാട്യത്തിലേയ്ക്കു ചെല്ലുന്തോറും അതു കൂടുതൽ കൂടുതൽ വ്യാജമായിത്തീരുന്നു.
  6. സിനിമയിൽ വ്യാജമായ പൂർവ്വസംഭവാവർത്തനങ്ങൾ നിറഞ്ഞിരിക്കുന്നു.
  7. ഹിറ്റ്ലർ മരിച്ചോ രക്ഷപ്പെട്ടോ എന്നാർക്കും പറയാനാവില്ല. പക്ഷേ, അയാൾ അതിജീവിക്കുന്നു.
  8. മനുഷ്യരുടെ വേദനകളിലാണു പങ്കുകൊള്ളേണ്ടതു്. അവരുടെ ആഹ്ലാദങ്ങളിലേക്കു് ഒരു കൊച്ചു അടിവച്ചാൽ മതി അവരുടെ വേദന തീക്ഷ്ണതമമാകും.

(Minima Moralia എന്ന അത്യുൽകൃഷ്ടമായ ഗ്രന്ഥത്തിൽ നിന്നു്)

ഒറ്റയാൻ

സുദീർഘമായ കാലയളവിൽ മൗനമുദ്രിതങ്ങളായ ചുണ്ടുകളോടെ ഇരുന്നവർ ഇന്നു കമ്യൂണിസത്തിനു് എതിരായി തൊണ്ടകീറുന്നതു് ഒരു തരത്തിലുള്ള ഭീരുത്വമാണു്.

എന്റെ ജീവിതത്തിൽ രണ്ടു തവണ ഒറ്റയാൻ ആനയെ കാണാൻ എനിക്കിടവന്നിട്ടുണ്ടു്. നേരിയമംഗലം—മൂന്നാർ റോഡിൽ വച്ചാണു് രണ്ടു ദർശനവും. സ്ഥലം ഏതെന്നു് പറയാൻ വയ്യ. ഒരു വശത്തു് ആകാശം മുട്ടി നില്ക്കുന്ന മാമലകൾ മറുവശത്തു് നോക്കെത്താത്ത താഴ്ച. നേരിയമംഗലത്തു നിന്നു കുറേപ്പേർ ജീപ്പിൽ സഞ്ചരിച്ചപ്പോൾ, ഒരു വളവു തിരിഞ്ഞപ്പോൾ ഒറ്റയാൻ ആന തുമ്പിക്കൈ ഉയർത്തി നില്ക്കുന്നു. ജീപ്പിലേക്കു് അവൻ നോക്കുന്നു. ഒരു നിമിഷംകൊണ്ടു് ഓടി വരും. കൊമ്പുകൊണ്ടുകുത്തി ജീപ്പു് താഴ്ചയിലേക്കു മറിക്കും. അക്കാലത്തു് അങ്ങനെ പല വാഹനങ്ങളും ഒറ്റയാന്മാർ മറിച്ചിട്ടുണ്ടെന്നു ഞങ്ങൾക്കറിയാം. ഞങ്ങളുടെ ഡ്രൈവർ ധീരനായിരുന്നു. അയാൾ പെട്ടെന്നു ജീപ്പു് പിറകോട്ടു് ഓടിച്ചു. ഏറെദൂരം അങ്ങനെ വന്നപ്പോൾ ജീപ്പു് തിരിക്കാനുള്ള സ്ഥലം കണ്ടു. പെട്ടെന്നു് അതു തിരിച്ചു ഞങ്ങൾ വളരെ വേഗത്തിൽ നേരിയമംഗലത്തേയ്ക്കു പോന്നു. പിന്നെ മൂന്നാറ്റിലേയ്ക്കു പോയതേയില്ല.

1935-ലാണു് രണ്ടാമത്തെ സംഭവം. മൂന്നാറ്റിലെത്താൻ അനേകം നാഴിക താണ്ടണം. വളവു തിരിഞ്ഞപ്പോൾ ഒറ്റയാൻ നില്ക്കുന്നു. പക്ഷേ, പിറകോട്ടു വാഹനം ഓടിച്ചതുകൊണ്ടു പ്രയോജനമില്ല. വാഹനം തിരിക്കാൻ ഒരിടത്തും സ്ഥലമില്ലെന്നു ഡ്രൈവർക്കറിയാം. അതുകൊണ്ടു് കാറു് നിർത്തി ഒരു ശബ്ദവും കേൾപ്പിക്കാതെ പ്രാണൻ പോയ അവസ്ഥയിൽ ഞങ്ങൾ ഇരുന്നു. ആന ഒന്നുരണ്ടു ചുവടുമുന്നോട്ടു വച്ചപ്പോൾ ഞാൻ ഉള്ളിൽ ‘സ്വാമിയേ ശരണമയ്യപ്പ’ എന്നു വിളിച്ചു. ഭാഗ്യം കൊണ്ടു ഒറ്റയാന്റെ മനസ്സുമാറി. അവൻ തിരിഞ്ഞു മുന്നോട്ടു നടന്നു. എത്ര മണിക്കൂർ ഞങ്ങൾ അവിടെ നിശ്ചേതനരായി ഇരുന്നു എന്നതു് ഓർമ്മയില്ല. ഒടുവിൽ ശരണം വിളിച്ചുകൊണ്ടു് മൂന്നാറ്റിലേക്കു പോയി. അവിടെ റ്റി. ബിയിൽ എത്തിയപ്പോൾ മാത്രമേ ശ്വാസോച്ഛ ്വാസം സാധാരണഗതിയിലായുള്ളൂ. മൂന്നാമത്തെ സംഭവം 1991 നവംബർ 27-ആം നു് രാത്രി ഒൻപതു പത്തിനു്. ദേശാഭിമാനിവാരികയുടെ പാതയിൽ ‘വാച്ചുമരം’ എന്നൊരു ഒറ്റയാൻ ചിന്നംവിളിച്ചുകൊണ്ടു നില്ക്കുന്നു. ഈ കഥാഗജത്തിന്റെ ഉടമസ്ഥൻ ശ്രീ. എസ്. ഉണ്ണികൃഷ്ണനാണു്. അദ്ദേഹം ഒറ്റയാനെ അയച്ചിട്ടു മിണ്ടാതെ നില്ക്കുന്നു. ആനയാകട്ടെ ചിന്നം വിളിച്ചു വായനക്കാർ എന്ന യാത്രക്കാരെ പേടിപ്പിക്കുന്നു. ഇതിലും ഒറ്റയാന്റെ ആക്രമണം വർണ്ണിച്ചിട്ടുണ്ടു്. അവന്റെ ആക്രമണത്തെക്കാൾ ഭയജനകമാണു് കഥയെന്ന മത്തേഭത്തിന്റെ ആക്രമണം. ഒന്നേ മനസ്സിലാകാതെയുള്ളൂ. ഇവരൊക്കെ എന്തിനാണു് ഞങ്ങളെ ഇങ്ങനെ പേടിപ്പിക്കുന്നതു്!

Colophon

Title: Sāhityavāraphalam (ml: സാഹിത്യവാരഫലം).

Author(s): M Krishnan Nair.

First publication details: Kalakaumudi Weekly; Trivandrum, Kerala; 1991-12-22.

Deafult language: ml, Malayalam.

Keywords: M Krishnan Nair, Sahityavaraphalam, Weekly Lietrary Column, സാഹിത്യവാരഫലം, എം കൃഷ്ണൻ നായർ, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: October 7, 2022.

Credits: The text of the original item is copyrighted to J Vijayamma, author’s inheritor. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-NC-SA 4​.0). Any reuse of the material should credit the Sayahna Foundation, only noncommercial uses of the work are permitted and adoptations must be shared under the same terms.

Production history: Data entry: MS Aswathi; Proofing: Abdul Gafoor; Typesetter: JN Jamuna; Digitizer: KB Sujith; Encoding: JN Jamuna.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.