SFNസാ­യാ­ഹ്ന ഫൌ­ണ്ടേ­ഷൻ
സാ­ഹി­ത്യ­വാ­ര­ഫ­ലം
എം കൃ­ഷ്ണൻ നായർ
(ക­ലാ­കൗ­മു­ദി വാരിക, 1992-01-05-ൽ പ്ര­സി­ദ്ധീ­ക­രി­ച്ച­തു്)

images/Thomas_Mann_1929.jpg
റ്റോ­മ­സ് മൻ

ദീ­പാ­വ­ലി. കു­ട്ടി­കൾ, പ­ത്തു­വ­യ­സ്സി­നു താ­ഴെ­യു­ള്ള കു­ട്ടി­കൾ ക­മ്പി­ത്തി­രി ക­ത്തി­ച്ചു് ആ­ഹ്ലാ­ദി­ക്കു­ക­യാ­ണു്. സ്ഫു­ലിം­ഗ­ങ്ങൾ അ­ന്ത­രീ­ക്ഷ­ത്തിൽ മി­ന്ന­ലൊ­ളി ചേർ­ത്തു­കൊ­ണ്ടു് ചി­ത­റു­മ്പോൾ അ­വർ­ക്കു് എ­ന്താ­ഹ്ലാ­ദം! അ­വ­രു­ടെ ആ സ­ന്തോ­ഷ­ത്തിൽ നൈ­രാ­ശ്യം ക­ല­രു­ന്നു. ഗൃ­ഹ­നാ­യി­ക— അ­മ്പ­തു­വ­യ­സ്സോ­ള­മു­ള്ള­വർ—തി­ടു­ക്ക­ത്തിൽ വന്നു ക­മ്പി­ത്തി­രി പ­ടി­ച്ചു­വാ­ങ്ങി­ക്കു­ന്നു. അതു് നീ­ട്ടി­പി­ടി­ച്ചു് അ­ഗ്നി­ശ­ക­ല­ങ്ങൾ തെ­റി­ച്ചു­വീ­ഴു­ന്ന­തു നോ­ക്കി ര­സി­ക്കു­ന്നു. ക­ത്തി­യെ­രി­ഞ്ഞ കമ്പി ദൂ­രെ­യെ­റി­ഞ്ഞി­ട്ടു വേ­റൊ­ന്നു് എ­ടു­ത്തു ക­ത്തി­ച്ചു് അ­തു­നോ­ക്കി ആ­ഹ്ലാ­ദി­ക്കു­ന്നു. ഗൃ­ഹ­നാ­യി­ക­യു­ടെ ശിശുത മാ­റി­യി­ട്ടി­ല്ലെ­ന്ന­തു സ്പ­ഷ്ടം. അവർ കു­ട്ടി­ക­ളെ അ­പ­മാ­നി­ക്കു­ക­യാ­ണു് സ്വ­ന്തം പ്ര­വർ­ത്ത­ന­ത്താൽ. സാ­ഹി­ത്യാ­സ്വാ­ദ­ന­ത്തി­ലും ഈ വൈ­ക­ല്യം കാണാം. ബാ­ല­സാ­ഹി­ത്യം വാ­യി­ച്ചു ര­സി­ക്കു­ന്ന പ്രാ­യം­കൂ­ടി­യ പ­ല­രെ­യും എ­നി­ക്ക­റി­യാം. കോ­മി­ക് (periodical) ര­ഹ­സ്യ­മാ­യി വാ­ങ്ങി­ക്കൊ­ണ്ടു­വ­ന്നു് മുറി അ­ട­ച്ചി­രു­ന്നു് അതു നോ­ക്കി ര­സി­ക്കു­ന്ന ഒരു ത­ടി­മാ­ട­നു­ണ്ടാ­യി­രു­ന്നു എന്റെ ബ­ന്ധു­വാ­യി­ട്ടു്. മ­രി­ച്ചു­പോ­യി അയാൾ. വി­ക­ല­മാ­യ മാ­ന­സി­ക നി­ല­യു­ള്ള­വർ­ക്കു ക­ലാ­സ്വാ­ദ­നം സാ­ദ്ധ്യ­മ­ല്ല. മ­ന­സ്സി­നു പ­രി­പാ­കം വന്ന സം­സ്കാ­ര­സ­മ്പ­ന്ന­നേ ക­ല­യു­ടെ ഭംഗി ആ­സ്വ­ദി­ക്കാൻ കഴിയൂ.

ജ­നാർ­ദ്ദ­നൻ­പി­ള്ള­യു­ടെ കോപം

സി. വി. രാ­മൻ­പി­ള്ള­യു­ടെ പ്രാ­ഗ­ല്ഭ്യ­ത്തെ അം­ഗീ­ക­രി­ച്ചു­കൊ­ണ്ടു പ­റ­യ­ട്ടെ ഓവർ എ­സ്റ്റി­മെ­യ്ഷ­നാ­ണു്—അ­തി­ശ­യ­മൂ­ല്യ നി­രൂ­പ­ണ­മാ­ണു്—ഇ­തു­വ­രെ അ­ദ്ദേ­ഹ­ത്തി­ന്റെ കൃ­തി­കൾ­ക്കു് ല­ഭി­ച്ചി­ട്ടു­ള്ള­തു്…

ക­ലാ­കാ­ര­നാ­യ ശ്രീ. കെ. ജ­നാർ­ദ്ദ­നൻ­പി­ള്ള (മുൻപു സൂ­പെ­റിൻ­റ്റെൻ­ഡി­ങ് എൻ­ജി­നി­യർ, ജ്യോ­ത്സ­ന, പട്ടം, തി­രു­വ­ന­ന്ത­പു­രം) പ­തി­ന­ഞ്ചു പൈ­സ­യു­ടെ കാർ­ഡിൽ എ­നി­ക്കു് ഇ­ങ്ങ­നെ എ­ഴു­തി­യി­രി­ക്കു­ന്നു:

“സാ­ഹി­ത്യ­വാ­ര­ഫ­ല­ത്തിൽ (ക­ലാ­കൗ­മു­ദി ഡിസം: 15) ‘സി. വി. ധർ­മ്മ­രാ­ജ യും രാ­മ­രാ­ജ­ബ­ഹ­ദൂ­റും എ­ഴു­തി­യ­പ്പോൾ മു­ഖാ­വ­ര­ണം ധ­രി­ച്ചു” എ­ന്നെ­ഴു­തി­ക്ക­ണ്ടു. ഈ ചു­വ­രെ­ഴു­ത്തി­ന്റെ അർ­ത്ഥം മ­ന­സ്സി­ലാ­യി­ല്ല. മ­ഹാ­നാ­യ ആ ഗ്ര­ന്ഥ­കാ­ര­നെ ആ­ദ­രി­ക്കു­ന്നി­ല്ല­ങ്കിൽ വേണ്ട, നി­ന്ദി­ക്ക­രു­തെ­ന്നൊ­ര­പേ­ക്ഷ­യു­ണ്ടു്.”

images/Hermann_Broch.jpg
ഹെർമൻ ബ്രോ­ഹ്

ചി­ന്ത­യി­ലും അ­തി­ന്റെ ആ­വി­ഷ്കാ­ര­ത്തി­ലും സ്പ­ഷ്ട­ത­യു­ണ്ടു് “മാർ­ത്താ­ണ്ഡ­വർ­മ്മ” എന്ന നോ­വ­ലി­നു്. ആ സ്പ­ഷ്ട­ത “ധർ­മ്മ­രാ­ജ”യ്ക്കും “രാ­മ­രാ­ജാ­ബ­ഹ­ദൂ­റി”നു­മി­ല്ല. ആ സ്പ­ഷ്ട­ത­യി­ല്ലാ­യ്മ വ്യ­ക്ത­മാ­ക്കാ­നാ­ണു് മു­ഖാ­വ­ര­ണം എന്ന പദം പ്ര­യോ­ഗി­ച്ച­തു്. സാ­ഹി­ത്യ നി­രൂ­പ­ണ­ത്തിൽ പ്ര­യോ­ഗി­ക്കു­ന്ന സർ­വ്വ­സാ­ധാ­ര­ണ­മാ­യ വാ­ക്കാ­ണ­തു്. അതു് നി­ന്ദ­ന­വും അ­പ­മാ­ന­വും ആ­കു­ന്ന­തെ­ങ്ങ­നെ­യെ­ന്നു് എ­നി­ക്ക­റി­ഞ്ഞു­കൂ­ടാ. മ­ഹാ­ന്മാ­രാ­യ എ­ത്ര­യോ നോ­വ­ലി­സ്റ്റു­കൾ മു­ഖാ­വ­ര­ണം ധ­രി­ച്ചെ­ഴു­തു­ന്നു. റ്റോ­മ­സ് മൻ, കാഫ്ക, ഹെർമൻ ബ്രോ­ഹ്, ദീനോ ബു­റ്റ് സാ­ട്ടി, റോബ് ഗ്രീ­യേ, ക്ലോ­ദ് സീ­മൊ­ങ് ഇ­ങ്ങ­നെ എ­ത്ര­യെ­ത്ര ക­ലാ­കാ­ര­ന്മാർ ചി­ന്ത­യി­ലും ആ­വി­ഷ്കാ­ര­ത്തി­ലും ദുർ­ഗ്ര­ഹ­ത വ­രു­ത്തി എ­ഴു­തു­ന്നു. വ­സ്തു­നി­ഷ്ഠ­മാ­യ ലാ­ളി­ത്യം അ­വ­രു­ടെ ഒരു കൃ­തി­ക്കു­മി­ല്ല. ഡി­ക്കിൻ­സ്, ഹാർഡി, ക്നൂ­ട്ട് ഹാം­സുൺ, ഇവോ ആൻ­ഡ്രി­ച്, സ്റ്റൈൻ ബക്ക് ഇ­വ­രെ­ല്ലാം അ­സ­ങ്കീർ­ണ്ണ­മാ­യി­ട്ടാ­ണു് എ­ഴു­തു­ന്ന­തു്. അ­തു­കൊ­ണ്ടു് കാ­ഫ്ക­യെ­ക്കാൾ, മ­ന്നി­നെ­ക്കാൾ, ബ്രോ­ഹി­നെ­ക്കാൾ അവർ വലിയ എ­ഴു­ത്തു­കാ­രാ­ണെ­ന്നു വ­രു­ന്നി­ല്ല. മൻ തു­ട­ങ്ങി­യ­വർ മു­ഖാ­വ­ര­ണം ധ­രി­ച്ചെ­ഴു­തു­ന്നു എന്നു നി­രൂ­പ­കർ പ­റ­യു­മ്പോൾ, അ­വർ­ക്കു് ആ നോ­വ­ലി­സ്റ്റു­ക­ളു­ടെ ആ­രാ­ധ­കർ പ­ത്രാ­ധി­പർ­കൂ­ടി ക­ണ്ടി­രി­ക്ക­ട്ടെ­യെ­ന്നു വി­ചാ­രി­ച്ചു് കാർ­ഡിൽ നി­ന്ദ­നം രേ­ഖ­പ്പെ­ടു­ത്തി അ­യ­യ്ക്കാ­റി­ല്ല.

ന­മ്മു­ടെ ചെ­റു­ക­ഥ­യുൾ­പ്പെ­ടെ­യു­ള്ള പല ര­ച­ന­ക­ളും മൂർ­ച്ച­യി­ല്ലാ­ത്ത, മു­ന­യി­ല്ലാ­ത്ത പി­ച്ചാ­ത്തി­ക­ളാ­ണു്.

സി. വി. രാ­മൻ­പി­ള്ള മ­ല­യാ­ള­സാ­ഹി­ത്യ­ത്തെ സം­ബ­ന്ധി­ച്ചി­ട­ത്തോ­ളം നല്ല നോ­വ­ലി­സ്റ്റാ­ണു്. ച­ന്തു­മേ­നോ­ന്റെ നോ­വ­ലു­കൾ വാ­യി­ക്കു­മ്പോൾ ഉ­ണ്ടാ­കു­ന്ന ഗാ­ഢ­സൗ­ഹൃ­ദം—intimacy—“ധർ­മ്മ­രാ­ജാ”യും രാ­മ­രാ­ജാ­ബ­ഹ­ദൂ”റും ജ­നി­പ്പി­ക്കു­ന്നി­ല്ലെ­ങ്കി­ലും ആ രണ്ടു നോ­വ­ലു­ക­ളും ച­ന്തു­മേ­നോ­ന്റെ കൃ­തി­ക­ളെ­ക്കാൾ മേ­ലേ­ക്കി­ട­യി­ലാ­ണു് വർ­ത്തി­ക്കു­ന്ന­തു്. എ­ങ്കി­ലും സി. വി. രാ­മൻ­പി­ള്ള എന്ന പേരു കേ­ട്ട­യു­ട­നെ ഹാ­ലി­ള­കേ­ണ്ട കാ­ര്യ­മൊ­ന്നു­മി­ല്ല. ലോ­ക­സാ­ഹി­ത്യ­ത്തി­ലെ മ­ഹാ­ന്മാ­രാ­യ നോ­വ­ലി­സ്റ്റു­കൾ—ടോൾ­സ്റ്റോ­യി, ദ­സ്തെ­യെ­വി­സ്കി, റാ­ബ്ലേ, യൂഗോ, മൻ, കാഫ്ക ഇ­വ­രെ­ല്ലാം—ചേർ­ന്നു് ഘോ­ഷ­യാ­ത്ര ന­ട­ത്തു­ന്നു എന്നു വി­ചാ­രി­ക്കൂ. സി. വി. രാ­മൻ­പി­ള്ള­യ്ക്കു് അതിൽ സ്ഥാ­ന­മു­ണ്ടാ­യി­രി­ക്കു­മോ? ഇല്ല. അവരെ കാണാൻ റോഡിൽ നിൽ­ക്കു­ന്ന ബുൾവർ ലി­റ്റ­ന്റെ­യും സ്കോ­ട്ടി­ന്റെ­യും പി­റ­കി­ലേ അ­ദ്ദേ­ഹ­ത്തി­നു നിൽ­ക്കാ­നാ­വൂ.

images/Claude_Simon_1967.jpg
ക്ലോ­ദ് സീ­മൊ­ങ്

സി. വി. രാ­മൻ­പി­ള്ള­യു­ടെ പ്രാ­ഗൽ­ഭ്യ­ത്തെ അം­ഗീ­ക­രി­ച്ചു­കൊ­ണ്ടു പ­റ­യ­ട്ടെ. ഓവർ എ­സ്റ്റി­മെ­യ്ഷ­നാ­ണു്— അ­തി­ശ­യ­മൂ­ല്യ­നി­രൂ­പ­ണ­മാ­ണു്—ഇ­തു­വ­രെ അ­ദ്ദേ­ഹ­ത്തി­ന്റെ കൃ­തി­കൾ­ക്കു ല­ഭി­ച്ചി­ട്ടു­ള്ള­തു്. വി­ശ്വ­സാ­ഹി­ത്യ­ത്തി­ലെ പ്ര­കൃ­ഷ്ട­ങ്ങ­ളാ­യ നോ­വ­ലു­കൾ വാ­യി­ച്ചി­ട്ടു­ള്ള­വർ­ക്കു സി. വി. രാ­മൻ­പി­ള്ള­യെ­ക്കു­റി­ച്ചു താ­ഴെ­ച്ചേർ­ക്കു­ന്ന ചോ­ദ്യ­ങ്ങൾ ചോ­ദി­ക്കേ­ണ്ട­താ­യി വരും.

  1. തി­രു­വി­താം­കൂ­റി­ലെ രാ­ഷ്ട്ര­വ്യ­വ­ഹാ­ര­സം­ബ­ന്ധി­യും ച­രി­ത്ര­പ­ര­വും ആയ വ­സ്തു­ക്ക­ളു­ടെ പ്ര­തി­പാ­ദ­ന­ങ്ങ­ള­ല്ലേ തി­രു­വി­താം­കൂർ വാ­യ­ന­ക്കാർ­ക്കു പു­ള­കോ­ദ്ഗ­മ­കാ­രി­ക­ളാ­യ­തു്? കോ­ഴി­ക്കോ­ട്ടു­ള്ള­വർ­ക്കു് ഇ­വ­യ­ത്ര രോ­മാ­ഞ്ച­ജ­ന­ക­മാ­ണോ?
  2. വർ­ണ്ണ­ന­ക­ളിൽ പ്ര­ഗൽ­ഭ­നാ­ണു് സി. വി. രാ­മർ­പി­ള്ള­യെ­ങ്കി­ലും അവ പ്ര­ക­ട­നാ­ത്മ­ക­ങ്ങൾ മാ­ത്ര­മ­ല്ലേ? വർ­ണ്ണ­ന­യ്ക്കു വേ­ണ്ടി­യു­ള്ള വർ­ണ്ണ­ന മാ­ത്ര­മ­ല്ലേ അവ? ഏ­തെ­ങ്കി­ലും വർ­ണ്ണ­ന­യ്ക്കു് ആ­ത്മാ­വു­ണ്ടോ? ചൈ­ത­ന്യ­മു­ണ്ടോ?
  3. സ്കോ­ട്ടി­ന്റെ­യും ബുൾവർ ലി­റ്റ­ന്റെ­യും കൃ­തി­കൾ സി. വി. രാ­മൻ­പി­ള്ള വാ­യി­ച്ചി­ട്ടി­ല്ലാ­യി­രു­ന്നെ­ങ്കിൽ അ­ദ്ദേ­ഹ­ത്തി­ന്റെ ച­രി­ത്രാ­ഖ്യാ­യി­ക­കൾ ഇ­ന്ന­ത്തെ രീ­തി­യിൽ ആ­കു­മാ­യി­രു­ന്നോ? “ഐവൻഹോ”യിലെ നാ­യി­കാ­വർ­ണ്ണ­ന­വും “മാർ­ത്താ­ണ്ഡ­വർ­മ്മ”യിലെ നാ­യി­കാ­വർ­ണ്ണ­ന­വും ത­മ്മിൽ എന്തേ വ്യ­ത്യാ­സം?
  4. സി. വി. ആ­വി­ഷ്ക­രി­ച്ച പ്രേ­മ­രം­ഗ­ങ്ങൾ കൃ­ത്രി­മ­ങ്ങ­ളും യാ­ന്തി­ക­ങ്ങ­ളു­മ­ല്ലേ?
  5. അ­ന­ന്ത­പ­ദ്മ­നാ­ഭൻ, ച­ന്ത്ര­ക്കാ­രൻ, ഹരി പ­ഞ്ചാ­ന­നൻ ഈ ക­ഥാ­പാ­ത്ര­ങ്ങൾ ച­രി­ത്ര­ത്തി­ന്റെ വി­ഭ്രാ­മ­ക സ്വ­ഭാ­വം ജ­നി­പ്പി­ക്കു­ന്ന­ത­ല്ലാ­തെ മ­നു­ഷ്യ­ത്വ­ത്തി­നു് പ്രാ­തി­നി­ധ്യം വ­ഹി­ക്കു­ന്നു­ണ്ടോ?
  6. സംഭവ വർ­ണ്ണ­ന­ങ്ങ­ളെ­ല്ലാം പ്ര­ക­ട­നാ­ത്മ­ക­ങ്ങ­ള­ല്ലേ? ഏതു വർ­ണ്ണ­ന­യ്ക്കു് ആ­ത്മാ­വു് അ­ല്ലെ­ങ്കിൽ ചൈ­ത­ന്യ­മു­ണ്ടു് ?
  7. മ­ത­ത്തെ സം­ബ­ന്ധി­ച്ച, മി­സ്റ്റി­സി­സ­ത്തെ സം­ബ­ന്ധി­ച്ച, പ്രേ­മ­ത്തെ സം­ബ­ന്ധി­ച്ച ഉത്കട വി­കാ­ര­ങ്ങൾ സി. വി. രാ­മൻ­പി­ള്ള എ­വി­ടെ­യാ­ണു് ചി­ത്രീ­ക­രി­ച്ച­തു്?
  8. War and Peace ”, “Brothers Karamazov ” “Promessi Sposi ” (Manzoni എ­ഴു­തി­യ­തു്) ഈ നോ­വ­ലു­കൾ വാ­യി­ക്കു­മ്പോൾ ന­ക്ഷ­ത്ര­ങ്ങൾ നി­റ­ഞ്ഞ അ­ന്ത­രീ­ക്ഷ­ത്തി­നു താഴെ സ­ഞ്ച­രി­ക്കു­ന്ന­താ­യി ന­മു­ക്കു തോ­ന്നും. സി.വി.യുടെ ഏ­താ­ഖ്യാ­യി­ക ആ അ­നു­ഭ­വ­മു­ള­വാ­ക്കും?
images/promessi_sposi.jpg

War and Peace ഒരു തവണ പോലും വാ­യി­ച്ചി­ട്ടി­ല്ലാ­ത്ത ഒരാൾ സി. വി.-​യെക്കുറിച്ചു് ഒരു വലിയ പു­സ്ത­ക­മെ­ഴു­തി­യെ­ന്ന­തു­കൊ­ണ്ടു് ആ നോ­വ­ലി­സ്റ്റി­നു് ഉ­ള്ള­തി­ല­ധി­കം വ­ലി­പ്പം ആരും കാ­ണ­രു­തു്. ഇനി ആ­ന­ക്കാ­ര്യ­ത്തിൽ ചേ­ന­ക്കാ­ര്യം കൂടി. ഞാൻ ആർ­ക്കും കാർ­ഡിൽ ക­ത്ത­യ­യ്ക്കാ­റി­ല്ല. ഇൻ­ലൻ­ഡ് ലെ­റ്റ­റും ഉ­പ­യോ­ഗി­ക്കി­ല്ല. സർ­ക്കാർ വക കവറും അ­ങ്ങ­നെ ഉ­പ­യോ­ഗി­ക്കി­ല്ല. മാ­നി­ഹോൾ­ഡ് ക­ട­ലാ­സ്സിൽ ക­ത്തെ­ഴു­തി ക­ട്ടി­കൂ­ടി­യ വെ­ള്ള­ക്ക­വർ വാ­ങ്ങി അ­ക­ത്തി­ട്ടു് ഒരു രൂ­പ­യു­ടെ സ്റ്റാ­മ്പ് വാ­ങ്ങി ഒ­ട്ടി­ച്ചാ­ണു് അ­യ­യ്ക്കാ­റു്. എന്റെ ക­ത്തു­കൾ കി­ട്ടി­യി­ട്ടു­ള്ള­വർ­ക്കെ­ല്ലാം ഇ­പ്പ­റ­ഞ്ഞ­തു സ­ത്യ­മാ­ണെ­ന്നു മ­ന­സ്സി­ലാ­കും. കാർ­ഡിൽ എ­ഴു­തു­ന്ന­തു്, അതും പ­ത്രാ­ധി­പ­രു­ടെ C/o-ൽ അതു് അ­യ­യ്ക്കു­ന്ന­തു് സു­ജ­ന­മ­ര്യാ­ദ­യ്ക്കു യോ­ജി­ച്ച­ത­ല്ല (ഇ­ത്ര­യും കു­റി­ച്ച­തു് കാർഡ് ജ­നാർ­ദ്ദ­നൻ പി­ള്ള­യു­ടേ­തു് ത­ന്നെ­ന്ന വി­ശ്വാ­സ­ത്താ­ലാ­ണു്).

ചോ­ദ്യം, ഉ­ത്ത­രം

ചോ­ദ്യം: “വൃ­ദ്ധ­ന്മാ­രു­ടെ പ്ര­ത്യേ­ക­ത­യെ­ന്തു്?”

ഉ­ത്ത­രം: “ഓരോ വൃ­ദ്ധ­നും ഒരു കാ­ല­ത്തു് യു­വാ­വാ­യി­രു­ന്നു­വെ­ന്നു മ­റ്റു­ള്ള­വർ­ക്ക­റി­യാം. പക്ഷേ, ‘ഒ­രു­കാ­ല­ത്തു്’ എ­ന്ന­തു് വൃ­ദ്ധ­ന്മാർ വി­സ്മ­രി­ക്കു­ന്നു. തങ്ങൾ എ­പ്പോ­ഴും യു­വാ­ക്ക­ന്മാ­രാ­ണെ­ന്നു അവർ വി­ചാ­രി­ക്കു­ന്നു. ചെ­റു­പ്പ­ക്കാ­രി­ക­ളെ ആർ­ത്തി­യോ­ടെ നോ­ക്കു­ന്ന­തു് യു­വാ­ക്ക­ന്മാ­ര­ല്ല ഇ­ക്കാ­ല­ത്തു്. വൃ­ദ്ധ­ന്മാ­രാ­ണു്. അതു് ഈ ചി­ന്താ­ഗ­തി­യാ­ലാ­ണു്. പ്ര­ത്യേ­ക­ത എ­ന്ന­തു മ­ല­യാ­ള­ഭാ­ഷ­യി­ലെ പ്ര­യോ­ഗം തന്നെ. എ­ങ്കി­ലും സ­വി­ശേ­ഷ­ത എന്നു പ്ര­യോ­ഗി­ച്ചാൽ ന­ന്നു്. പ്ര­ത്യേ­ക­ത്തി­നു് each എന്ന അർ­ത്ഥ­മേ­യു­ള്ളു.”

ചോ­ദ്യം: “പുതിയ സാ­ഹി­ത്യ അ­ക്കാ­ഡ­മി­യെ­ക്കു­റി­ച്ചു് എ­ന്തെ­ങ്കി­ലും പറ സാറേ?”

ഉ­ത്ത­രം: എ­നി­ക്കു് അ­തി­ലൊ­ന്നും താ­ല്പ­ര്യ­മി­ല്ല സാറേ. ക­ഴി­ഞ്ഞ അ­ക്കാ­ദ­മി­യി­ലെ എ­ക്സി­ക്യൂ­ട്ടീ­വ് അം­ഗ­മാ­യി­രു­ന്നു ഞാൻ. ഒ­ടു­വി­ല­ത്തെ ഒ­ന്ന­ര­വർ­ഷ­ത്തോ­ളം ഞാൻ തൃ­ശ്ശൂ­രിൽ കാ­ലെ­ടു­ത്തു­വ­ച്ചി­ല്ല. ഇ­പ്പോൾ ഫിലിം സെ­ന്റർ ബോർ­ഡി­ലെ അം­ഗ­മാ­യി കേ­ന്ദ്ര സർ­ക്കാർ എന്നെ നി­യ­മി­ച്ചി­ട്ടു­ണ്ടു്. ഇ­തി­ന­കം പല മീ­റ്റി­ങ്ങു­ക­ളും ന­ട­ന്നു. ശ്രീ. ശ്രീ­കൃ­ഷ്ണ­ദാ­സ് ഒ­രോ­ന്നി­നും എന്നെ ക്ഷ­ണി­ക്കു­ക­യും ചെ­യ്തു. ഇ­തു­വ­രെ ഒ­രെ­ണ്ണ­ത്തി­നു­പോ­ലും ഞാൻ പോ­യി­ല്ല. കൃ­ത്യ­സ­മ­യ­ത്തു മി­ത­മാ­യ, ല­ളി­ത­മാ­യ ആഹാരം, അ­ഴു­ക്കി­ല്ലാ­ത്ത വ­സ്ത്ര­ങ്ങൾ, വാ­യി­ക്കാൻ നല്ല ഇം­ഗ്ലീ­ഷ് പു­സ്ത­ക­ങ്ങൾ ഇവയിൽ ക­വി­ഞ്ഞു് എ­നി­ക്കൊ­ന്നും വേണ്ട.”

ചോ­ദ്യം: “പുതിയ നി­രൂ­പ­കർ എന്തു ചെ­യ്യു­ന്നു? അ­വ­രു­ടേ­തു നി­രൂ­പ­ണം ത­ന്നെ­യോ?”

ഉ­ത്ത­രം: “ത­ങ്ങൾ­ക്കു­ത­ന്നെ പി­ടി­കി­ട്ടി­യി­ട്ടി­ല്ലാ­ത്ത ക­വി­ത­ക­ളെ­ക്കു­റി­ച്ചു് ദുർ­ഗ്ര­ഹ­ത­യോ­ടെ പലതും പ­റ­യു­ന്നു. അതു മ­ന­സ്സി­ലാ­യി­ല്ലെ­ന്നു പ­റ­യു­ന്ന­വ­രോ­ടു അവർ കോ­പി­ക്കു­ന്നു.”

ചോ­ദ്യം: “ഇ­ട­മ­റു­കി­നെ­ക്കു­റി­ച്ചു് എ­ന്താ­ണു് അ­ഭി­പ്രാ­യം?”

ഉ­ത്ത­രം: “നൂ­റു­ശ­ത­മാ­ന­വും മാ­ന്യൻ. പേർ­ഫെ­ക്റ്റ് ജ­ന്റൽ­മൻ.”

ചോ­ദ്യം: “കേ­ന്ദ്ര ദൂ­ര­ദർ­ശൻ ന്യൂ­സ് വാ­യ­ന­ക്കാ­രി­ക­ളെ­ക്കു­റി­ച്ചു് നി­ങ്ങൾ എന്തു പ­റ­യു­ന്നു?”

ഉ­ത്ത­രം: “ന്യൂ­സു് വായന കേ­ട്ടെ­ങ്കി­ല­ല്ലേ വ­ല്ല­തും പ­റ­യാ­നാ­വൂ. എന്റെ വീ­ട്ടി­ലെ ടെ­ലി­വി­ഷൻ­സെ­റ്റ് കേ­ടാ­യി­ട്ടു മൂ­ന്നു­മാ­സ­ത്തി­ല­ധി­ക­മാ­യി. ഞാ­ന­തു് ന­ന്നാ­ക്കു­ന്ന­തേ­യി­ല്ല. കേടു് മാ­റ്റി­യാ­ലും ഞാൻ സെ­റ്റി­ന്റെ മുൻ­പിൽ ഇ­രി­ക്കി­ല്ല. നി­ങ്ങൾ­ക്കു ന്യൂ­സ് കേൾ­ക്ക­ണ­മെ­ങ്കിൽ—വി­വാ­ഹി­ത­നാ­ണെ­ങ്കിൽ—ഭാ­ര്യ­യോ­ടു സം­സാ­രി­ച്ചാൽ മതി. ന്യൂ­സു് വാ­യ­ന­ക്കാ­രി­ക­ളും ഭാ­ര്യ­യും ത­രു­ന്ന വാർ­ത്ത­കൾ ഒ­ന്നു­പോ­ലെ­യാ­യി­രി­ക്കും. സ­ത്യ­മേ­റെ­ക്കാ­ണി­ല്ല.” (ചോ­ദ്യ­കർ­ത്താ­വി­നോ­ടും അ­ദ്ദേ­ഹ­ത്തി­നു ഭാ­ര്യ­യു­ണ്ടെ­ങ്കിൽ അ­വ­രോ­ടും മാ­പ്പു് പ­റ­യു­ന്നു.)

ചോ­ദ്യം: “ഞാൻ അർ­ഹി­ക്കു­ന്ന രീ­തി­യിൽ എന്റെ ഭാര്യ എ­ന്നോ­ടു പെ­രു­മാ­റു­ന്നി­ല്ല. ഞാ­നെ­ന്തു ചെ­യ്യ­ണ­മെ­ന്നു പ­റ­ഞ്ഞു തരൂ. എന്റെ പേരു വെ­ളി­പ്പെ­ടു­ത്ത­രു­തേ.”

ഉ­ത്ത­രം: അ­ങ്ങ­നെ­യാ­ണെ­ങ്കിൽ നി­ങ്ങ­ളു­ടെ സ­ഹ­ധർ­മ്മി­ണി അ­ഭി­ജാ­ത­യും അ­ഭി­മാ­നി­നി­യും സു­ച­രി­ത­യും ആ­ണെ­ന്ന­തിൽ എ­നി­ക്കൊ­രു സം­ശ­യ­വു­മി­ല്ല.

ചോ­ദ്യം: നൃ­ത്ത­ങ്ങൾ കാ­ണു­മ്പോൾ നി­ങ്ങൾ­ക്കു എന്തു തോ­ന്നും?

ഉ­ത്ത­രം: ഇ­ക്കാ­ര്യ­ത്തിൽ സാ­മാ­ന്യ­ക­ര­ണം വയ്യ. ശ്രീ. കൃ­ഷ്ണ­മൂർ­ത്തി­യു­ടെ ‘സൂര്യ’ സം­ഘ­ടി­പ്പി­ക്കു­ന്ന ഒരു സ്ത്രീ­യു­ടെ നൃ­ത്തം കാ­ണു­മ്പോൾ അവർ ഗു­സ്തി­ക്കാ­ര­രു­ടെ ഗോ­ദ­യിൽ നി­ന്നാ­ണു് അതു പ­ഠി­ച്ച­തെ­ന്നു എ­നി­ക്കു തോ­ന്നാ­റു­ണ്ടു്.

ചോ­ദ്യം: പൊ­തു­ജ­ന നേ­താ­ക്ക­ന്മാർ­ക്കു സം­ഭ­വി­ക്കാ­വു­ന്ന ട്രാ­ജ­ഡി ഏതു്?

ഉ­ത്ത­രം: അ­വ­രു­ടെ മ­ര­ണ­ത്തി­നു ശേഷം ഏ­തെ­ങ്കി­ലും അ­ഴു­കി­യ പാ­ത­യു­ടെ പേ­രാ­യി മാറും. തി­രു­വ­ന­ന്ത­പു­ര­ത്തു് പല നല്ല ആ­ളു­ക­ളും ഇ­ങ്ങ­നെ ദുർ­ഗ­ന്ധ പൂ­രി­ത­മാ­യ ഇ­ട­വ­ഴി­ക­ളാ­യി മാ­റി­യി­ട്ടു­ണ്ടു്.

മൂർ­ച്ച­യി­ല്ലാ­ത്ത പി­ച്ചാ­ത്തി­കൾ
images/knutHamsun.jpg
ക്നൂ­ട്ട് ഹാം­സുൺ

തെ­ക്കേ­യാ­ഫ്രി­ക്ക­യി­ലെ ക­വി­യും ചി­ത്ര­കാ­ര­നും ഗ­ദ്യ­കാ­ര­നു­മാ­യ ബ്രേ­യ്തൻ ബാ­ഹി­ന്റെ അ­ടു­ത്തെ­ത്താൻ പോലും നോബൽ സ­മ്മാ­നം നേടിയ നേഡീൻ ഗോ­ഡി­മർ­ക്കു യോ­ഗ്യ­ത­യി­ല്ല. രണ്ടു പേരും ദ­ക്ഷി­ണാ­ഫ്രി­ക്കൻ അ­നു­ഭ­വ­ങ്ങ­ളെ­യാ­ണു് കൃ­തി­ക­ളി­ലൂ­ടെ ആ­വി­ഷ്ക­രി­ക്കു­ന്ന­തു്. പക്ഷേ, ബ്രേ­യ്ത­ന്റെ സൗ­ന്ദ­ര്യ ചി­ത്രീ­ക­ര­ണം അ­ന്യാ­ദൃ­ശ­മാ­ണു്. അ­ദ്ദേ­ഹ­ത്തി­ന്റെ The True Confessions of an Albino Terrorist, A Season in Paradise, End Papers ഈ മൂ­ന്നു ഗദ്യ കൃ­തി­ക­ളെ കു­റി­ച്ചു് ഞാൻ ഈ കോ­ള­ത്തിൽ മുൻ­പു് എ­ഴു­തി­യി­ട്ടു­ണ്ടു്. ര­ച­ന­യു­ടെ സ്വ­ഭാ­വം വ്യ­ക്ത­മാ­ക്കാൻ A Season in Paradise എ­ന്ന­തിൽ നി­ന്നു് ഒരു ഭാഗം എ­ടു­ത്തെ­ഴു­താം:

When you lie down to die, they will have to dig a grave as large as the world to contain all memories. Memories shouldn‘t lie rotting on the surface of the soil. Memories are fertilization. A thousand knives flicker in the sun. I squatted against the wall and felt the room surge.

I would that a silence came into my verse

I would that my verse live on silence

a silence like sails above a boat

to write a poem

setting that weight a float

is like blowing into the sails

ഗ­ദ്യ­വും പ­ദ്യ­വും ഒന്നു പോലെ കവിത തന്നെ. താൻ ജ­യി­ലിൽ കി­ട­ക്കു­ന്ന­തി­നെ The True Confessions of an Albino Terrorist എന്ന ഗ്ര­ന്ഥ­ത്തിൽ വർ­ണ്ണി­ക്കു­ക­യാ­ണു് അ­ദ്ദേ­ഹം.

Cement and steel concentrate the cold. In bed I keep my socks on. I have a chess board with pieces, given to me during the time of my detention, and I hve been allowed to keep it. But I have nobody opposite me to crack a game with. You are not there. In the dark I put the squares next to my bed on the floor, set up the men, and start a game. I put my soldiers in the dark.

It is Schizophrenic experience,

Playing white against black,

I facing I, me against Mr. Investigator,

I cannot lose

I cannot win. I am free.

ഇ­തി­നെ­യാ­ണു് ആ­ത്മാ­വു­ള്ള, ചൈ­ത­ന്യ­മു­ള്ള വർ­ണ്ണ­ന­മാ­യി ഞാൻ ക­രു­തു­ന്ന­തു്. ര­ച­യി­താ­വു് ച­തു­രം­ഗ­ക്ക­ളി­യെ­യാ­ണു് വി­വ­രി­ക്കു­ന്ന­തു്. പക്ഷേ, ക­റു­ത്ത ക­രു­ക്ക­ളു­ടെ­യും വെ­ളു­ത്ത ക­രു­ക്ക­ളു­ടെ­യും ചി­ത്രീ­ക­ര­ണ­ത്തി­ലൂ­ടെ അ­ദ്ദേ­ഹം ക­റു­ത്ത വർ­ഗ്ഗ­ക്കാ­രു­ടെ­യും വെ­ളു­ത്ത വർ­ഗ്ഗ­ക്കാ­രു­ടെ­യും സം­ഘ­ട്ട­ന­ത്തെ അ­ഭി­വ്യ­ഞ്ജി­പ്പി­ക്കു­ന്ന­തി­ന്റെ ഭംഗി നോ­ക്കു­ക.

images/Ivo_Andric.jpg
ഇവോ ആൻ­ഡ്രി­ച്

ന­മ്മു­ടെ ചെ­റു­ക­ഥ ഉൾ­പ്പെ­ടെ­യു­ള്ള പല ര­ച­ന­ക­ളും മൂർ­ച്ച­യി­ല്ലാ­ത്ത, മു­ന­യി­ല്ലാ­ത്ത പി­ച്ചാ­ത്തി­ക­ളാ­ണു്. ക­ലാ­കൗ­മു­ദി­യിൽ ശ്രീ. ജോസഫ് മരിയൻ എ­ഴു­തി­യ “പ­രേ­ത­മ­ന്ത്രം” മോ­ശ­പ്പെ­ട്ട ക­ഥ­യാ­ണെ­ന്നു് എ­നി­ക്ക­ഭി­പ്രാ­യ­മി­ല്ല. ജ­ന­സ­മ്മി­തി­യാർ­ജ്ജി­ച്ച ഒരു ത­മി­ഴ്‌­നാ­ടു നേ­താ­വി­ന്റെ ആ ജ­ന­സ­മ്മി­തി എത്ര പൊ­ള്ള­യാ­ണെ­ന്നു കാ­ണി­ച്ചു് യ­ഥാർ­ത്ഥ­ത്തി­ലു­ള്ള വി­പ്ല­വ­കാ­രി ആ­രാ­ണെ­ന്നു സ്പ­ഷ്ട­മാ­ക്കി­ത്ത­രു­ന്ന ഈ ചെ­റു­ക­ഥ­യിൽ ആ­ഖ്യാ­ന­ത്തി­ന്റെ സ­വി­ശേ­ഷ­ത­യു­ണ്ടു്. ഐറണി ഉ­ണ്ടു്. എ­ങ്കി­ലും ആ­ന്ത­രാർ­ത്ഥ­ത്തിൽ അതു സ്പ­ന്ദി­ക്കു­ന്നി­ല്ല. ആ സ്പ­ന്ദ­ന­മു­ണ്ടാ­യാ­ലേ അ­നു­വാ­ച­ക­നു് ര­സ­മാ­വൂ, സം­തൃ­പ്തി­യാ­വൂ.

images/Chanthumenon.jpg
ച­ന്തു­മേ­നോൻ

ഈ നാ­ട്ടിൽ ഭി­ക്ഷ­ക്കാ­രി­ല്ലെ­ങ്കിൽ ധനികർ എ­ങ്ങ­നെ­യാ­ണു് ഭിക്ഷ കൊ­ടു­ത്തു ഞെ­ളി­യു­ന്ന­തു്? മു­ക്കു­പ­ണ്ട­ങ്ങ­ളി­ല്ലെ­ങ്കിൽ സ്വർ­ണ്ണാ­ഭ­ര­ണ­ങ്ങ­ളു­ടെ മൂ­ല്യ­മെ­ങ്ങ­നെ അ­റി­യാ­നാ­ണു്? ക്ഷു­ദ്ര വി­കാ­ര­ങ്ങ­ളി­ല്ലെ­ങ്കിൽ ഉ­ത്കൃ­ഷ്ട വി­കാ­ര­ങ്ങ­ളു­ടെ വി­ല­യെ­ങ്ങ­നെ മ­ന­സ്സി­ലാ­ക്കാ­നാ­ണു്? പൊ­ള്ള­യാ­യ ര­ച­ന­ക­ളി­ല്ലെ­ങ്കിൽ ബ്രേ­യ്തൻ ബാ­ഹി­ന്റെ ര­ച­ന­ക­ളു­ടെ സൗ­ന്ദ­ര്യം എ­ങ്ങ­നെ ആ­സ്വ­ദി­ക്കാ­നാ­ണു്?

തി­രു­വ­ന­ന്ത­പു­ര­ത്തു­ള്ള ആ­ളു­കൾ­ക്കെ­ല്ലാം കാ­ല­ത്തു ചാ­യ­യി­ലി­ട്ടു കു­ടി­ക്കാ­നു­ള്ള പ­ഞ്ചാ­ര ഒരു ക­പ്പു് ചാ­യ­യി­ലി­ട്ടു കു­ടി­ക്കു­ന്ന ഒരാളെ എ­നി­ക്ക­റി­യം. മലയാള ഭാ­ഷ­യി­ലു­ള്ള സകല സു­ന്ദ­ര­പ­ദ­ങ്ങ­ളും തി­ര­ഞ്ഞെ­ടു­ത്തു് ഒരു കൊ­ച്ചു ഗീ­ത­ക­ത്തിൽ ചേർ­ത്തി­രു­ന്നു ഒരു കവി. പ്ര­മേ­ഹ­രോ­ഗി­കൾ പ­ഞ്ചാ­ര വർ­ജ്ജി­ച്ചു് കയ്പൻ ചായ കു­ടി­ക്കു­ന്ന­തു പോലെ കരുതി കൂ­ട്ടി മധുര പ­ദ­ങ്ങ­ളെ വർ­ജ്ജി­ച്ചി­രു­ന്ന ഒരു ക­വി­യെ­യും എ­നി­ക്ക­റി­യാം. രണ്ടു പേരും മ­രി­ച്ചു പോയി. പക്ഷേ, സ­ഹൃ­ദ­യ­രിൽ ഏറിയ കൂറും പ്ര­മേ­ഹ­രോ­ഗി­യെ മാ­നി­ക്കു­ക­യും പ­ഞ്ചാ­ര തീ­റ്റി­ക്കാ­ര­നെ നി­ന്ദി­ക്കു­ക­യും ചെ­യ്യു­ന്നു. രണ്ടു പേ­രെ­യും ഒരേ മ­ട്ടിൽ നി­ന്ദി­ക്കേ­ണ്ട­താ­ണെ­ന്നു നി­ഷ്പ­ക്ഷ­ത എന്ന പ്രാ­ഡ്വി­വാ­കൻ എ­ന്നോ­ടു പ­റ­യു­ന്നു.

മു­ത­ലാ­ളി­വർ­ഗ്ഗം

വി­ക­ല­മാ­യ മാ­ന­സി­ക നി­ല­യു­ള്ള­വർ­ക്കു ക­ലാ­സ്വാ­ദ­നം സാ­ദ്ധ്യ­മ­ല്ല. മ­ന­സ്സി­നു പ­രി­പാ­കം വന്ന സം­സ്കാ­ര­സ­മ്പ­ന്ന­നേ ക­ല­യു­ടെ ഭംഗി ആ­സ്വ­ദി­ക്കാൻ കഴിയൂ.

ബൂർ­ഷ്വാ­സി (bourgeoisie) എന്ന വർ­ഗ്ഗ­ത്തിൽ വലിയ മു­ത­ലാ­ളി­മാർ പെ­ടു­മെ­ന്നു് എം­ഗൽ­സ് പ­റ­ഞ്ഞ­താ­യി എ­നി­ക്കോർ­മ്മ­യു­ണ്ടു്. തൊ­ഴി­ലാ­ളി­കൾ മ­റ്റൊ­രു വർ­ഗ്ഗം. ഓരോ വർ­ഗ്ഗ­ത്തി­നും സ­വി­ശേ­ഷ­ത­യു­ണ്ടു്. ഇ­തെ­ഴു­തു­ന്ന­യാൾ ഒരു വർ­ഗ്ഗ­ത്തി­ന്റെ­യും അ­ന്ധ­നാ­യ ആ­രാ­ധ­ക­ന­ല്ല. മു­ത­ലാ­ളി­കൾ­ക്കു ദോ­ഷ­ങ്ങ­ളു­ള്ള­തു പോലെ തൊ­ഴി­ലാ­ളി­കൾ­ക്കും ദോ­ഷ­ങ്ങ­ളു­ണ്ടു്. തൊ­ഴി­ലാ­ളി­കൾ­ക്കു ഗു­ണ­ങ്ങ­ളു­ള്ള­തു­പോ­ലെ മു­ത­ലാ­ളി­കൾ­ക്കും ഗു­ണ­ങ്ങ­ളു­ണ്ടു്. ഏറെ ഗു­ണ­ങ്ങ­ളും ഏറെ ദോ­ഷ­ങ്ങ­ളു­മു­ള്ള ഒരു വലിയ മു­ത­ലാ­ളി­യെ എ­നി­ക്കു നേ­രി­ട്ട­റി­യാം. അ­ദ്ദേ­ഹം പി­രി­വി­നെ­ത്തു­ന്ന­വ­രെ പ­റ്റി­ക്കു­ന്ന­തു് വി­ശേ­ഷ­പ്പെ­ട്ട രീ­തി­യി­ലാ­ണു്. പി­രി­വു­കാർ വന്നു പ­റ­യു­ന്നു: “ അങ്ങു അ­യ്യാ­യി­രം രൂപ ഈ നല്ല കാ­ര്യ­ത്തി­നു തരണം. നാടു ന­ന്നാ­യി­പ്പോ­ക­ട്ടെ. അ­ങ്ങ­യെ­പ്പോ­ലു­ള്ള­വ­രെ­ക്കൊ­ണ്ടാ­ണു് ന­മ്മു­ടെ നാ­ട്ടു­കാർ പു­ല­രേ­ണ്ട­തു്.” മു­ത­ലാ­ളി ഇ­തു­കേ­ട്ടു tight തു­ട­ങ്ങി­യ പ­ദ­ങ്ങൾ നിർ­ല്ലോ­പം പ്ര­യോ­ഗി­ക്കു­ന്നു. അ­തു­കൊ­ണ്ടു് ഒരു പ്ര­യോ­ജ­ന­വു­മി­ല്ലെ­ന്നും പ്രേ­താ­വേ­ശ­മു­ള്ള­വ­രെ­പ്പോ­ലെ കൊ­ണ്ടേ പോകൂ എന്ന നി­ല­പാ­ടിൽ­നി­ന്നു അവർ മാ­റു­ന്നി­ല്ലെ­ന്നും കാ­ണു­മ്പോൾ Five thousand rupees എ­ന്നെ­ഴു­തി പി­രി­വു­കാ­ര­നു കൊ­ടു­ത്തി­ട്ടു് “ഓ­ഫീ­സിൽ കൊ­ണ്ടു­കൊ­ടു­ത്തു വാ­ങ്ങി­ക്കൊ­ള്ളൂ” എന്നു പറയും. നാ­ലു­നാ­ഴി­ക അ­ക­ലെ­യു­ള്ള ഓ­ഫീ­സി­ലെ­ത്തി തു­ണ്ടു് മാ­നേ­ജർ­ക്കു നൽകും അയാൾ. മാ­നേ­ജർ അതു സൂ­ക്ഷി­ച്ചു നോ­ക്കി­യി­ട്ടു് അ­ഞ്ഞൂ­റു­രൂ­പ എ­ടു­ത്തു­കൊ­ടു­ക്കും. “അയ്യോ അ­യ്യാ­യി­ര­മ­ല്ലേ അ­ദ്ദേ­ഹ­മെ­ഴു­തി­യി­രി­ക്കു­ന്ന­തു്?” എന്നു പി­രി­വു­കാ­രൻ. “എ­ന്തു­ചെ­യ്യാം. ഫി­നാൻ­ഷ്യ­ലി ടൈ­റ്റ് ” എന്നു മാ­നേ­ജർ. പി­രി­വു­കാ­രൻ തി­രി­ച്ചു മു­ത­ലാ­ളി­യു­ടെ അ­ടു­ത്തെ­ത്തി­യാൽ അ­ദ്ദേ­ഹം ആ സ­മ­യം­കൊ­ണ്ടു് ഡൽ­ഹി­ക്കു പ­റ­ന്നി­രി­ക്കും. ഇ­ല്ലെ­ങ്കിൽ വീ­ട്ടി­ന­ക­ത്തി­രു­ന്നു­കൊ­ണ്ടു് “ഇ­വി­ടെ­യി­ല്ല” എ­ന്നു് ശി­പാ­യി­യെ­ക്കൊ­ണ്ടു പ­റ­യി­ക്കും. എ­ന്നാൽ വേ­റൊ­രു പി­രി­വു­കാ­ര­നു five thousand rupees എന്നു മു­ത­ലാ­ളി എ­ഴു­തി­ക്കൊ­ടു­ത്താൽ മാ­നേ­ജർ അ­യ്യാ­യി­രം­രൂ­പ­യും കൊ­ടു­ത്തി­രി­ക്കും. എ­ന്താ­ണി­തി­ന്റെ ട്രി­ക്ക്? അ­യ്യാ­യി­ര­മെ­ന്നു് ഇം­ഗ്ലീ­ഷിൽ എ­ഴു­തു­മ്പോൾ എഫ് എ­ന്ന­തു് വലിയ അ­ക്ഷ­ര­ത്തി­ലാ­ണു് എ­ഴു­തു­യി­ട്ടു­ള്ള­തെ­ങ്കിൽ അ­ഞ്ഞൂ­റേ കൊ­ടു­ക്കാ­വൂ എന്നു മാ­നേ­ജ­രോ­ടു നേ­ര­ത്തേ മു­ത­ലാ­ളി പ­റ­ഞ്ഞി­ട്ടു­ണ്ടു് എ­ന്ന­തു­ത­ന്നെ വിദ്യ. എഫ് കൊ­ച്ച­ക്ഷ­ര­മാ­ണെ­ങ്കിൽ അ­യ്യാ­യി­ര­വും കൊ­ടു­ക്കാം എ­ന്നും ഏർ­പ്പാ­ടു്. ഞാൻ സ­ങ്കൽ­പ്പ­ത്തിൽ വി­ഹ­രി­ക്കു­ക­യാ­ണെ­ന്നു് വാ­യ­ന­ക്കാർ­ക്കു തോ­ന്നു­ന്നു­ണ്ട­വാം. തെ­റ്റി­ദ്ധാ­ര­ണ വേണ്ട. ഇ­ങ്ങ­നെ­യു­ള്ള ഒരു മു­ത­ലാ­ളി­യു­ണ്ടു്. അ­ദ്ദേ­ഹ­ത്തെ­പ്പോ­ലെ വേ­റെ­യും പല മു­ത­ലാ­ളി­മാ­രു­ണ്ടു്. മു­ത­ലാ­ളി­മാർ ഒ­രു­വർ­ഗ്ഗം. അവർ വി­ജ­യി­പ്പൂ­താ­ക. ഫാ­ദേ­ഴ്സ് ഇൻ ലാ വേ­റൊ­രു വർ­ഗ്ഗം. സൺസ് ഇൻ ലാ മ­റ്റൊ­രു വർ­ഗ്ഗം. പെ­ണ്മ­ക്കൾ ഒ­രു­വർ­ഗ്ഗം. ആ­ണ്മ­ക്കൾ മ­റ്റൊ­രു വർ­ഗ്ഗം. ട്രെ­യ്ഡ് യൂ­ണി­യൻ കോൺ­ഷ്യ­സ്നെ­സ്സ് തൊ­ഴി­ലാ­ളി വർ­ഗ്ഗ­ത്തി­നു നൈ­സർ­ഗ്ഗി­ക­മാ­യി ഉ­ണ്ടാ­കു­മെ­ന്നു ലെനിൻ പ­റ­ഞ്ഞ­ല്ലോ. അ­തു­പോ­ലെ മു­ത­ലാ­ളി­മാർ­ക്കും അ­മ്മാ­വ­ന്മാർ­ക്കും മ­രു­മ­ക്കൾ­ക്കും മ­ക്കൾ­ക്കും ക്ലാ­സ് കോൺ­ഷ്യ­സ്നെ­സ്സു് സ്വാ­ഭാ­വി­ക­മാ­യി ജ­നി­ക്കു­ന്നു. “ഞാൻ മ­രി­ച്ചി­ട്ടു് സ്വ­ത്തു് മ­ക്ക­ളും മ­രു­മ­ക്ക­ളും വീ­തി­ച്ചു് എ­ടു­ത്തു­കൊ­ള്ള­ണ” മെ­ന്നു് ഫാദർ ഇൻ ലാ പ­റ­യു­ന്ന­തു് അ­യാ­ളു­ടെ വർ­ഗ്ഗ­ബോ­ധ­ത്തി­ലാ­ണു്. “കി­ഴ­വ­ന­ങ്ങു ച­ത്തു­കൂ­ടേ” എന്നു ചില മ­രു­മ­ക്ക­ളും അ­വ­രു­ടെ ഭാ­ര്യ­മാ­രും പ­റ­യു­ന്ന­തു് അ­വ­രു­ടെ വർ­ഗ്ഗ­ബോ­ധം കൊ­ണ്ടു­ത­ന്നെ.

മു­ത­ലാ­ളി­മാ­രു­ടെ വർ­ഗ്ഗ­ബോ­ധ­മാ­കെ കാ­ണ­ണ­മോ വാ­യ­ന­ക്കർ­ക്കു്? എ­ങ്കിൽ മാ­തൃ­ഭൂ­മി ആ­ഴ്ച്ച­പ്പ­തി­പ്പിൽ ശ്രീ. പ്ര­ഫു­ല്ല­വർ­മ്മ എ­ഴു­തി­യ “ഇ­ബ്രാ­ഹിം കു­ട്ടി­യും ഹെൻ­ട്രി അ­ഞ്ചാ­മ­നും” എന്ന ഹൃ­ദ്യ­മാ­യ കഥ വാ­യി­ക്കു­ക. ഹാ­സ്യാ­ത്മ­ക്മാ­യ ആ­ഖ്യാ­ന­ത്തി­ലൂ­ടെ. ക്രൂ­ര­നെ­ങ്കി­ലും വി­ന­യാ­ന്വി­ത­നാ­യി കാ­ണ­പ്പെ­ടു­ന്ന ഒരു മു­ത­ലാ­ളി­യെ ക­ഥാ­കാ­രൻ ന­മ്മു­ടെ മുൻ­പിൽ കൊ­ണ്ടു­വ­രു­ന്നു. ഒരു “കോ­മി­ക് ഇ­ന്റെ­റ­സ്റ്റ്” ആദ്യം തൊ­ട്ടു് അ­വ­സാ­നം­വ­രെ നി­ല­നി­റു­ത്തി അ­ദ്ദേ­ഹം അ­യാ­ളെ­ക്കൊ­ണ്ടു സം­സാ­രി­പ്പി­ക്കു­മ്പോൾ ഞാൻ ആ­ഹ്ലാ­ദി­ക്കു­ന്നു. നമ്മൾ ഈ മു­ത­ലാ­ളി­യെ മുൻപു ക­ണ്ടി­ട്ടു­ണ്ടു് പ­ല­പ്പോ­ഴും. ഇനി കാ­ണു­ക­യും ചെ­യ്യും. കാ­ണു­മ്പോൾ ഇതാ പ്ര­ഫു­ല്ല­വർ­മ്മ­യു­ടെ മു­ത­ലാ­ളി എന്നു നമ്മൾ പ­റ­യാ­തി­രി­ക്കി­ല്ല.

ജി. എൻ. പിള്ള

ഓരോ വൃ­ദ്ധ­നും ഒരു കാ­ല­ത്തു് യു­വാ­വാ­യി­രു­ന്നു­വെ­ന്നു മ­റ്റു­ള്ള­വർ­ക്ക­റി­യാം. പക്ഷേ, ‘ഒരു കാ­ല­ത്തു് ’ എ­ന്ന­തു് വൃ­ദ്ധ­ന്മാർ വി­സ്മ­രി­ക്കു­ന്നു. തങ്ങൾ എ­പ്പോ­ഴും യു­വാ­ക്ക­ന്മാ­രാ­ണെ­ന്നു അവർ വി­ചാ­രി­ക്കു­ന്നു. ചെ­റു­പ്പ­ക്കാ­രി­ക­ളെ ആർ­ത്തി­യോ­ടെ നോ­ക്കു­ന്ന­തു് യു­വാ­ക്ക­ന്മാ­ര­ല്ല ഇ­ക്ക­ല­ത്തു്. വൃ­ദ്ധ­ന്മാ­രാ­ണു്.

സ്കോ­ട്ടി­ഷ് സാ­മ്പ­ത്തി­ക­ശാ­സ്ത്ര­ജ്ഞ­നാ­യ ആഡം സ്മി­ത്ത് 1723 മുതൽ 1867 വരെ ജീ­വി­ച്ചി­രു­ന്നു. The wealth of Nations ആണു് അ­ദ്ദേ­ഹ­ത്തി­ന്റെ പ്ര­ധാ­ന­പ്പെ­ട്ട കൃതി. മോറൽ ഫി­ലോ­സ­ഫി­യു­ടെ പ്രൊ­ഫ­സ­റാ­യി­രു­ന്ന അ­ദ്ദേ­ഹം 1759-ൽ “Theory of Moral Sentiments ” എ­ന്നൊ­രു­ജ്ജ്വ­ല­ഗ്ര­ന്ഥം പ്ര­സി­ദ്ധ­പ്പെ­ടു­ത്തി. അ­തി­ലൊ­രി­ട­ത്തു് അ­ദ്ദേ­ഹം എ­ഴു­തി­യ­തു് ഓർ­മ്മ­യിൽ നി­ന്നു കു­റി­ക്കാം. മ­ഹാ­സാ­മ്രാ­ജ്യ­മാ­യ ചൈന ഭൂ­ക­മ്പ­ത്തിൽ­പ്പെ­ട്ടു സ­മ്പൂർ­ണ്ണ­മാ­യും ന­ശി­ച്ചു­വെ­ന്നു വി­ചാ­രി­ക്കൂ. ആ രാ­ജ്യ­ത്തോ­ടു ഒരു ബ­ന്ധ­വു­മി­ല്ലാ­ത്ത ഒരു യൂ­റോ­പ്യൻ ഇ­ത­റി­ഞ്ഞാൽ മ­നു­ഷ്യ­ജീ­വി­ത­ത്തി­ന്റെ അ­പ­ക­ട­ങ്ങ­ളെ­ക്കു­റി­ച്ചു പറയും. മ­രി­ച്ച­വർ­ക്കു­വേ­ണ്ടി ക­ണ്ണീ­രൊ­ഴു­ക്കും. ചി­ല­പ്പോൾ ആ രാ­ജ്യ­ത്തി­ന്റെ നാശം യൂ­റോ­പ്പി­ന്റെ വാ­ണി­ജ്യ­ത്തെ എ­ങ്ങ­നെ ബാ­ധി­ച്ചേ­ക്കു­മെ­ന്നു ആ­ലോ­ചി­ക്കും. ഇ­തെ­ല്ലാം ക­ഴി­ഞ്ഞു് അയാൾ അ­ന്നു­രാ­ത്രി സു­ഖ­മാ­യി കൂർ­ക്കം വ­ലി­ച്ചു് ഉ­റ­ങ്ങു­ക­യും ചെ­യ്യും. പക്ഷേ, പി­റ്റേ ദിവസം അ­യാ­ളു­ടെ ഒരു ചെ­റു­വി­രൽ ന­ഷ്ട­പ്പെ­ടു­മെ­ന്ന­റി­ഞ്ഞാൽ അയാൾ ഉ­റ­ങ്ങു­ക­യേ­യി­ല്ല. മ­നു­ഷ്യ­ന്റെ ദർ­ശ­ന­ത്തി­നും ചി­ന്ത­യ്ക്കും എ­പ്പോ­ഴും പ­രി­മി­ത സ്വ­ഭാ­വ­മു­ണ്ടെ­ന്നു പ­റ­യു­ക­യാ­ണു സ്മി­ത്തു്. ഈ സ്വ­ഭാ­വ­സ­വി­ശേ­ഷ­ത­യെ വൃ­ദ്ധ­ന്മാ­രി­ലേ­ക്കും യു­വാ­ക്ക­ന്മാ­രി­ലേ­ക്കും സം­ക്ര­മി­പ്പി­ച്ചു് ശ്രീ. ജി. എൻ. പിള്ള ചി­ന്തോ­ദ്ദീ­പ­ക­മാ­യി വി­ദ്വ­ജ്ജ­നോ­ചി­ത­മാ­യി അനവധി കാ­ര്യ­ങ്ങൾ പ­റ­യു­ന്നു. (“അവരെ കൊ­ല്ലു­ക” എന്ന പ്ര­ബ­ന്ധം—മാ­തൃ­ഭൂ­മി ആ­ഴ്ച്ച­പ്പ­തി­പ്പു്.) ഞാ­ന­ങ്ങ­നെ മ­ല­യാ­ള­ത്തി­ലെ ഉ­പ­ന്യാ­സ­ങ്ങൾ വാ­യി­ക്കാ­റി­ല്ല. ജി. എൻ. പി­ള്ള­യെ ഞാൻ ക­ണ്ടി­ട്ടി­ല്ലെ­ങ്കി­ലും അ­ദ്ദേ­ഹ­ത്തി­ന്റെ ക­ഴി­വു­ക­ളെ­ക്കു­റി­ച്ചു പലരും പ­റ­ഞ്ഞു് അ­റി­ഞ്ഞി­ട്ടു­ണ്ടു്. അ­തു­കൊ­ണ്ടു് ഈ പ്ര­ബ­ന്ധം വാ­യി­ച്ചു. വാ­യി­ക്കാ­തി­രു­ന്നെ­ങ്കിൽ അതൊരു ന­ഷ്ട­മാ­യി­പ്പോ­യേ­നെ എന്നു ഗ്ര­ഹി­ക്കു­ക­യും ചെ­യ്തു.

images/Wealth_of_Nations.jpg

വൃ­ദ്ധൻ­മാ­രെ കൊ­ല്ലു­ക എ­ന്ന­താ­ണു് ഇ­ന്ന­ത്തെ യു­വാ­ക്ക­ന്മാ­രു­ടെ മു­ദ്രാ­വാ­ക്യം. ഹനനം ശാ­രീ­രി­ക­മ­ല്ല. പ്ര­ചോ­ദ­ന­വും ദർ­ശ­ന­വും­കൊ­ണ്ടു യു­ഗ­യു­ഗ­ങ്ങ­ളാ­യി മ­നു­ഷ്യൻ കെ­ട്ടി­പ്പ­ടു­ത്ത സം­സ്കാ­ര ഗോ­പു­ര­മു­ണ്ട­ല്ലോ. മ­നു­ഷ്യ­ന്റെ അ­ധ­മ­വാ­സ­ന­ക­ളെ സ­സ്ക­രി­ച്ചെ­ടു­ത്തു് ഉ­ത്കൃ­ഷ്ട­വാ­സ­ന­ക­ളാ­ക്കി­ത്തീർ­ക്കാൻ അവനെ സ­ഹാ­യി­ച്ച ബോ­ധ­മ­ണ്ഡ­ല­മു­ണ്ട­ല്ലോ. അ­തി­ന്റെ ആ­ക­ത്തു­ക­യാ­യ മ­നു­ഷ്യ­നെ­യാ­ണു് ജി. എൻ. പിള്ള വൃ­ദ്ധ­നാ­യി കാ­ണു­ന്ന­തു്. ഉ­ല്പ­തി­ഷ്ണു­ക്ക­ളാ­യ യു­വാ­ക്ക­ന്മാർ അയാളെ ഹ­നി­ക്കാൻ തു­ട­ങ്ങു­ന്ന കാ­ല­യ­ള­വാ­ണി­തു്. എ­ന്തു­കൊ­ണ്ടു് അ­വ­രി­തി­നു തു­നി­യു­ന്നു? ദർ­ശ­ന­ത്തി­ന്റെ—വി­ഷ­ന്റെ—പ­രി­മി­ത­സ്വ­ഭാ­വം കൊ­ണ്ടു്. ഇതു് ആ­പ­ത്താ­ണെ­ന്നു് ലേഖകൻ മു­ന്ന­റി­യി­പ്പു ത­രു­ന്നു. സാ­മാ­ന്യ­മാ­യ സം­സ്കാ­ര­ത്തി­ന്റെ മ­ണ്ഡ­ല­ത്തി­ലാ­യാ­ലും സാ­ഹി­ത്യ­സം­സ്കാ­ര­ത്തി­ന്റെ മ­ണ്ഡ­ല­ത്തി­ലാ­യാ­ലും ഇതു് വി­പ­ത്തി­നു കാ­ര­ണ­മാ­കും. ശ്രീ. കു­ഞ്ഞു­ണ്ണി പ­റ­ഞ്ഞു. “എ­പ്പോ­ഴു­മൊ­രു­കാ­ലേ മു­ന്നോ­ട്ടു വ­യ്ക്കാ­നൊ­ക്കൂ” എ­ന്നു്. പി­റ­കു­വ­ശ­ത്തെ കാൽ ഉ­റ­പ്പി­ച്ചു വ­ച്ചി­ട്ടു വേണം—ഭൂ­ത­കാ­ല­ത്തിൽ ച­വി­ട്ടി നി­ന്നി­ട്ടു വേണം— മ­റ്റേ­ക്കാൽ മുൻ­പി­ലേ­ക്കു വ­യ്ക്കാൻ—ഭാ­വി­യി­ലേ­ക്കു പോകാൻ. അ­തി­നാൽ വൃ­ദ്ധ­ഹ­ത്യ ആ­ത്മ­ഹ­ത്യ­യ്ക്കു തു­ല്യം.

എ­നി­ക്കു മാ­ന­സി­കോ­ന്ന­മ­നം പ്ര­ദാ­നം­ചെ­യ്ത ലേ­ഖ­ന­മാ­ണു് ജി. എൻ. പി­ള്ള­യു­ടേ­തു്. വാ­രി­ക­യു­ടെ എ­ഡി­റ്റർ അ­ദ്ദേ­ഹ­ത്തെ­ക്കൊ­ണ്ടു ഇ­നി­യും എ­ഴു­തി­ക്ക­ണ­മെ­ന്നും അവ പ്ര­സി­ദ്ധ­പ്പെ­ടു­ത്ത­ണ­മെ­ന്നും എ­നി­ക്കു വിനയം ക­ലർ­ന്ന നിർ­ദ്ദേ­ശ­മു­ണ്ടു്. ജി. എൻ. പി­ള്ള­യെ­പ്പോ­ലു­ള്ള­വ­രു­ടെ സേ­വ­ന­ങ്ങൾ എ­ത്ര­ക­ണ്ടു പ്ര­യോ­ജ­ന­പ്പെ­ടു­ത്താ­മോ അ­ത്ര­ക­ണ്ടു ന­ന്നു്.

ഞാൻ മുട്ട ക­ഴി­ക്കി­ല്ല. കോ­ഴി­ക­ളെ വ­ളർ­ത്താ­നും ഞാൻ വീ­ട്ടു­കാ­രെ സ­മ്മ­തി­ക്കി­ല്ല. പി­ന്നെ­ന്തി­നാ­ണു് ഒരു ഊളൻ ഈ സ­ന്ധ്യാ­വേ­ള­യിൽ തൊ­ട്ട­പ്പു­റ­ത്തു­ള്ള കു­റ്റി­ക്കാ­ട്ടിൽ­നി­ന്നി­റ­ങ്ങി എന്റെ വീ­ട്ടി­ന്റെ പി­റ­കു­വ­ശ­ത്തു വ­ന്ന­തു്? കോ­ഴി­ക്കൂ­ടു നോ­ക്കു­ക­യാ­ണോ അവൻ? അ­തി­ല്ല എന്നു ക­ണ്ടു് അവൻ തി­രി­ച്ചു കു­റ്റി­ക്കാ­ട്ടി­ലേ­ക്കു ക­യ­റി­പ്പോ­യി. ഭാ­ഗ്യം. പ­ഞ്ചാ­ബി­ലാ­യി­രു­ന്നെ­ങ്കിൽ അവനെ വി­ജാ­തീ­യ­നാ­യി­ക്ക­രു­തി ഭീകരൻ വെ­ടി­വ­ച്ചു കൊ­ന്നേ­നെ. ജ­മ്മു­കാ­ശ്മീ­രി­ലാ­യി­രു­ന്നെ­ങ്കിൽ അവനെ ത­ട്ടി­ക്കൊ­ണ്ടു പോ­യേ­നെ. ആ­സ്സാ­മി­ലാ­യി­രു­ന്നെ­ങ്കിൽ അവനെ ഭീകരർ കൊ­ന്നു് അ­വ­ന്റെ ബ­ന്ധു­ക്ക­ളു­ടെ മുൻ­പിൽ ഇ­ട്ടേ­നേ. കു­റ്റി­ക്കാ­ട്ടിൽ ക­യ­റാ­തെ അവൻ കേ­ര­ള­ത്തിൽ നെ­ട്ടോ­ട്ടം ഓടാൻ തീ­രു­മാ­നി­ച്ചി­രു­ന്നെ­ങ്കിൽ? സാ­ധി­ക്കി­ല്ല. അതിനു മുൻ­പു് രാ­ഷ്ട്രീ­യ­ക്കാർ അ­വ­ന്റെ നാ­ലു­കാ­ലും കെ­ട്ടി സ്വ­ന്തം പാർ­ട്ടി­യിൽ ചേർ­ത്തേ­നെ. പി­റ്റേ­ദി­വ­സം അവൻ മൈ­ക്കി­ന്റെ മുൻ­പിൽ­നി­ന്നു് തന്റെ പാർ­ടി­ക്കു­വേ­ണ്ടി ഘോ­ര­ഘോ­രം പ്ര­സം­ഗി­ക്കു­ന്ന­തു് നമ്മൾ കേ­ട്ടേ­നേ.

ചോ­ദ്യം, ഉ­ത്ത­രം

ചോ­ദ്യം: “പൊ­തു­ജ­ന നേ­താ­ക്ക­ന്മാർ­ക്കു സം­ഭ­വി­ക്കാ­വു­ന്ന ട്രാ­ജ­ഡി ഏതു്?”

ഉ­ത്ത­രം: “അ­വ­രു­ടെ മ­ര­ണ­ത്തി­നു­ശേ­ഷം ഏ­തെ­ങ്കി­ലും അ­ഴു­കി­യ പാ­ത­യു­ടെ പേ­രാ­യി­മാ­റും. തി­രു­വ­ന­ന്ത­പു­ര­ത്തു് പല നല്ല ആ­ളു­ക­ളും ഇ­ങ്ങ­നെ ദുർ­ഗ്ഗ­ന്ധ­പൂ­രി­ത­മാ­യ ഇ­ട­വ­ഴി­ക­ളാ­യി മാ­റി­യി­ട്ടു­ണ്ടു്.”

Colophon

Title: Sāhityavāraphalam (ml: സാ­ഹി­ത്യ­വാ­ര­ഫ­ലം).

Author(s): M Krishnan Nair.

First publication details: Kalakaumudi Weekly; Trivandrum, Kerala; 1992-01-05.

Deafult language: ml, Malayalam.

Keywords: M Krishnan Nair, Sahityavaraphalam, Weekly Lietrary Column, സാ­ഹി­ത്യ­വാ­ര­ഫ­ലം, എം കൃ­ഷ്ണൻ നായർ, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: October 7, 2022.

Credits: The text of the original item is copyrighted to J Vijayamma, author’s inheritor. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-​NC-SA 4​.0). Any reuse of the material should credit the Sayahna Foundation, only noncommercial uses of the work are permitted and adoptations must be shared under the same terms.

Production history: Data entry: MS Aswathi; Proofing: Abdul Gafoor; Typesetter: LJ Anjana; Digitizer: KB Sujith; Encoding: JN Jamuna.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-​tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.