
മനുഷ്യന്റെ ചിന്തയുടെ പ്രവർത്തനത്തെ അരവിന്ദ്ഘോഷ് രണ്ടായി വിഭജിച്ചിട്ടുണ്ടു്. ഒന്നു്: ധ്യാനം, സൃഷ്ടി, ഭാവന. ഇവ മൂന്നും സത്യം കാണുന്ന കേന്ദ്രങ്ങളാണു്, രണ്ടു്: നിരൂപണം (വിമർശനം), യുക്തിവിചാരം, വിവേചനം, അന്വേഷണം. ഇവ നാലും, കണ്ട സത്യത്തിന്റെ മൂല്യം നിർണ്ണയിക്കുന്നു. ആദ്യത്തേതു് കലയോടു ബന്ധപ്പെട്ടിരിക്കുന്നു. രണ്ടാമത്തേതു ശാസ്ത്രത്തോടും, കലയ്ക്കുതന്നെ മൂന്നു തലങ്ങളുണ്ടെന്നാണു് അരവിന്ദ്ഘോഷിന്റെ മതം. 1) സൗന്ദര്യപരം. 2) ധിഷണാപരം. 3) ആധ്യാത്മികം. കല ഉത്കൃഷ്ടമാകുന്നതു് മൂന്നാമത്തെ തലത്തിൽ എത്തുമ്പോഴാണെന്നു് അദ്ദേഹം കരുതുന്നു. ഇവിടെ ഒരു തെറ്റിദ്ധാരണ ഒഴിവാക്കേണ്ടതാണെന്നു് എനിക്കു തോന്നുന്നു. ആ വലിയ ദാർശനികൻ ആധ്യാത്മികമെന്നു പറഞ്ഞതു മതപരം എന്ന അർത്ഥത്തിലല്ല. ഒരു സമുന്നത സത്യത്തിലേക്കും ആർജ്ജവത്തിലേക്കും അനുവാചകനെ കൊണ്ടുചെല്ലുന്ന കലയെയാണു് ആധ്യാത്മികമായി അദ്ദേഹം കാണുന്നതു്. ഒരുദാഹരണംകൊണ്ടു് ഞാനിതു വ്യക്തമാക്കട്ടെ. 1972-ൽ സാഹിത്യരചനയ്ക്കു നോബൽ സമ്മാനം നേടിയ ജർമ്മൻ എഴുത്തുകാരൻ ഹൈൻറിഹ് ബോയ്ൽ (Heinrich Boll) “Candles for the Madonna” എന്നൊരു കഥ രചിച്ചിട്ടുണ്ടു്. അയാളും ഭാര്യയും മെഴുകുതിരി നിർമ്മാതാക്കളാണു്. അവർ മൊത്തക്കച്ചവടക്കാരും ചില്ലറ വില്പനക്കാരും ഉൽപ്പാദകരും ഒക്കെയാണു്. ഏജന്റുകളും തൊഴിലാളികളും നടന്നുവില്പനക്കാരും എല്ലാം അവർ തന്നെ. വിദ്യുച്ഛക്തിക്കു നിയന്ത്രണമുണ്ടായിരുന്ന യുദ്ധകാലത്താണു് അവർ മെഴുകുതിരിനിർമ്മാണം തുടങ്ങിയതു്. എന്നാൽ ഇന്നു് അതുകൊണ്ടും പ്രയോജനമില്ല. വിദ്യുച്ഛക്തിയെസ്സംബന്ധിച്ച നിയന്ത്രണം സർക്കാർ പിൻവലിച്ചുകഴിഞ്ഞു. അതോടെ മെഴുകുതിരിക്കു് ആവശ്യകത ഇല്ലാതെയായി. ഒരു മൊത്തക്കച്ചവടക്കാരൻ അയാളുടെ മെഴുകുതിരികളെല്ലാം വാങ്ങാമെന്നു സമ്മതിച്ചുകൊണ്ടാണു് അയാൾ ആ പട്ടണത്തിലെത്തിയതു്. പക്ഷേ, മഞ്ഞനിറത്തിലുള്ള സാധാരണമായ ആ മെഴുകുതിരികൾ കണ്ടപ്പോൾ അയാൾ അവ വേണ്ടെന്നു പറഞ്ഞു. കച്ചവടക്കാരൻ കൊടുത്ത ചുരുട്ടു പകുതി വലിച്ചതേയുള്ളു അയാൾ. അതു് അവിടെത്തന്നെ വച്ചിട്ടു് ആ പാവം എഴുന്നേറ്റു നടന്നു. ആ രാത്രി എന്തു ചെയ്യണമെന്നറിയാതെ അയാൾ തെരുവിൽ നിന്നപ്പോൾ ഒരു ഇരുണ്ട പള്ളിയുടെ വൈപുല്യത്തെ സ്പർശിച്ചുപോകുന്ന ഒരു പാതയിൽ ‘മുറികൾ വാടകയ്ക്കു്’ എന്നു് എഴുതിവച്ചിരിക്കുന്നതു കണ്ടു. ഒരു മുറി വാടകയ്ക്കെടുത്തു് അയാൾ അവിടെ അന്നു കഴിഞ്ഞുകൂടാൻ തീരുമാനിച്ചു. അപ്പോൾ കൃശഗാത്രനായ ഒരു യുവാവും ഒരു പെൺകുട്ടിയും അവിടെയെത്തി. അവൾ സുന്ദരി, അയാൾ ഉടമസ്ഥയോടു ചോദിച്ചു: “രണ്ടു മുറികൾ തരാമോ?” “രണ്ടോ?” എന്നു് അവരുടെ ചോദ്യം. അതേ എന്നു ചെറുപ്പക്കാരന്റെ മറുപടി.

മുറികളുടെ ഉടമസ്ഥ കുറെ ഫോം കൊണ്ടുവന്നു് മെഴുകുതിരി നിർമ്മാതാവിനോടു ചോദിച്ചു: “നിങ്ങളുടെ ജോലി എന്താണു്?” താൻ തൊഴിലാളിയാണോ, വില്പനക്കാരനാണോ, നിർമ്മാതാവാണോ, ജോലിയില്ലാത്തവനാണോ അതോ ഏജന്റ് മാത്രമാണോ? ഏജന്റ് എന്നു് എഴുതി അയാൾ അതു തിരിച്ചുകൊടുത്തു. ഒരു ഗ്ലാസ് വീഞ്ഞിനു ഇരുപതു മെഴുകുതിരി, ഒരു ചുരുട്ടിനു് പത്തു മെഴുകുതിരി ഈ കണക്കിനു് ഉടമസ്ഥയ്ക്കു കൊടുത്താലെന്തെന്നു് അയാൾ ആലോചിച്ചു.
വൈകിയാണു് അയാൾ ഉണർന്നതു്. തനിക്കു പോകാനുള്ള തീവണ്ടി പോയിയെന്നു അയാൾ ഗ്രഹിച്ചു. ബില്ലിന്റെ പണം കൊടുത്തിട്ടു് അയാൾ അവിടംവിട്ടു. അടുത്തുള്ള പള്ളിയിലേക്കാണു് ആ മെഴുകുതിരി നിർമ്മാതാവു പോയതു്. പാപനിവേദനം ചെയ്താലെന്തെന്നു് അയാൾ ആലോചിക്കാതിരുന്നില്ല. പക്ഷേ, നിവേദനം ചെയ്യത്തക്കവിധത്തിൽ താനൊരു പാപവും ചെയ്തിട്ടില്ലെന്നു് അയാൾക്കു തോന്നി. തലേദിവസം മുറികൾ തേടിയെത്തിയ യുവാവും പെൺകുട്ടിയും പള്ളിയിലുണ്ടു്. അവൾ മുട്ടുകുത്തി മുഖം കൈകൾകൊണ്ടു മറച്ചു് ഇരിക്കുകയാണു്. യുവാവു് ചലനരഹിതനായി, നിസ്സംഗനായി നില്ക്കുന്നു. വളരെക്കാലം തുറന്നുവച്ച പാത്രത്തിലെ വെള്ളംപോലെയായിരുന്നു അയാൾ. ഒറ്റനോട്ടത്തിൽ അഴുക്കൊന്നുമില്ല, എന്നാൽ വിരലൊന്നു മുക്കിയാൽ അഴുക്കു് അതിൽ പറ്റിപ്പിടിക്കും. അടിത്തട്ടിലെത്തിയാലോ? മാലിന്യത്തിന്റെ പടലംതന്നെ. മാന്യതയുടെ അടിത്തട്ടിൽ മാലിന്യം. ചെറുപ്പക്കാരനും പെൺകുട്ടിയും പാപനിവേദനം ചെയ്തു. അയാൾ അതിനു ഭാവിച്ചപ്പോൾ പാതിരി ചുവന്ന കേർട്ടൻ വലിച്ചിട്ടിട്ടു നടന്നുകളഞ്ഞു. പാതിരി പൊയ്ക്കഴിഞ്ഞപ്പോൾ അയാൾ പെട്ടി തുറന്നു. അയാളുടെ ഭാര്യയുടെ സുന്ദരങ്ങളായ കൈകൾ കെട്ടിവച്ച മെഴുകുതിരികൾ അതിലുണ്ടു്. കനംകുറഞ്ഞ, മഞ്ഞനിറമുള്ള, ഒരലങ്കാരവുമില്ലാത്ത മെഴുകുതിരികൾ. കെട്ടുപൊട്ടിച്ചു് അയാൾ ഓരോ മെഴുകുതിരിയും മഡോണയുടെ (ഉണ്ണിയേശുവിനെ എടുത്ത കന്യാമറിയം) ചുറ്റും വച്ചു. കല്ലുകൊണ്ടു നിർമ്മിച്ച മഡോണയുടെ മുഖഭാവം പാരുഷ്യമാർന്നതാണു്. എങ്കിലും പുഞ്ചിരിയുണ്ടു്. മൂക്കിന്റെ ഒരുഭാഗം അടർന്നുപോയിരിക്കുന്നു. വസ്ത്രത്തിന്റെ നീലനിറം നഷ്ടപ്പെട്ടിട്ടുണ്ടു്. ആ രൂപത്തിനുചുറ്റും മെഴുകുതിരികൾ കത്തിനിന്നു. അയാളുടെ പെട്ടി ഒഴിഞ്ഞു. അതിനു നേരത്തെ കൂടുതൽ ഭാരം ഉണ്ടായിരുന്നെങ്കിൽ എന്നായിരുന്നു അയാളുടെ ആഗ്രഹം. മുട്ടുകുത്തിയതിനുശേഷം ഒഴിഞ്ഞ പെട്ടി അവിടെ ഉപേക്ഷിച്ചിട്ടു്, അയാൾ തീവണ്ടിയാപ്പീസിലേക്കു പോയി. മെല്ലെ അയാൾ തീവണ്ടിയാപ്പീസിലേക്കു നടന്നു. തന്റെ പാപങ്ങൾ അയാൾ ഓർമ്മിച്ചു. മനസ്സിനു ലഘുത്വം.
ഞാൻ ബോയ്ലിന്റെ ഈ കഥ വായിച്ചുകഴിഞ്ഞയുടനെ എന്റെ മനസ്സിൽ കന്യാമറിയത്തിനു രൂപം നൽകി. സാങ്കല്പികങ്ങളായ മെഴുകുതിരികൾ അതിനുചുറ്റും കത്തിച്ചുവച്ചു. ഭക്തിയോടെ മുട്ടുകുത്തി. കലയുടെ ആധ്യാത്മികപ്രഭാവം എന്നല്ലാതെ എന്താണു പറയേണ്ടതു? എനിക്കു് ഇക്കഥ ആഹ്ലാദം ജനിപ്പിച്ചതുകൊണ്ടു് സൗന്ദര്യത്തിന്റെ തലത്തിൽ ഇതിനു പ്രാധാന്യമുണ്ടു്. ആശയത്തെ ബിംബങ്ങളാക്കിയിരിക്കുന്നതുകൊണ്ടു് ഇതു ധിഷണയ്ക്കു സംതൃപ്തി നല്കുന്നു. ചിത്തശുദ്ധി ഉളവാക്കിയതിനാൽ ഇതു് അധ്യാത്മികതലത്തിൽ സമുന്നതമായി വർത്തിക്കുന്നു. ദീർഘമായ പ്രബന്ധംതന്നെ എഴുതാം ബോയ്ലിന്റെ ഈ ഉത്കൃഷ്ടമായ കഥയെക്കുറിച്ചു്.
രാഷ്ട്ര വ്യവഹാരത്തെസ്സംബന്ധിച്ച ഹേതുക്കൾ ഉളവാക്കുന്ന ഹിംസാത്മകത്വം ഒരു കണക്കിൽ നിസ്സാരമാണു്. സാഹിത്യത്തെസ്സംബന്ധിച്ചുണ്ടാകുന്ന ഹിംസാത്മകതയ്ക്കു ഭയജനകത്വം കൂടും.
ഇനി മാതൃഭൂമി ആഴ്ചപ്പതിപ്പിൽ ശ്രീ. എൻ. എസ്. മാധവൻ എഴുതിയ “എന്റെ മകൾ ഒരു സ്ത്രീ” എന്ന ചെറുകഥയിലേക്കു പോകാം. അടുത്ത വീട്ടിലെ മരണം അന്വേഷിച്ചു അമ്മ പോയപ്പോൾ മകൾ അടച്ച വാതിലിന്റെ താഴത്തെ വിടവിലൂടെ ആ വീട്ടിൽ ചെല്ലുന്നവരുടെ കാലുകൾ നോക്കിക്കിടന്നു. പത്തുവയസ്സായ മകളുടെ നഗ്നമായ ചന്തി നോക്കിക്കൊണ്ടു അവളുടെ അച്ഛൻ ഇരുന്നു. തുടർച്ചയായി അങ്ങനെ നോക്കിയാൽ അവൾ പാവാട വലിച്ചു താഴ്ത്തിയിട്ടാലോ എന്നു വിചാരിച്ചു് അയാൾ കണ്ണുകൾ പിൻവലിച്ചു. കുറെക്കാലം കഴിഞ്ഞു് മരിച്ചയാളിന്റെ ഭാര്യ ആസ്മയാൽ പരലോകം പൂകി. മരിച്ചവരുടെ മകൾക്കു കൂട്ടുകിടക്കാൻ അവർ പോയി. പോകുന്നതിനുമുൻപു് “ മോള് ഇന്നു് അച്ഛന്റെകൂടെ കിടന്നോ” എന്നു് അവർ നിർദ്ദേശം നല്കിയിരുന്നു. അച്ഛനു മകളെ തൊടണമെന്നു് ആഗ്രഹം. “അവളുടെ വയറ്റിൽ ഒരു ചെറിയ ഗർഭപാത്രം വിടരുവാൻ കാത്തിരിക്കുന്നു”വെന്നു നേരത്തെ മനസ്സിലാക്കിയ തന്ത “മാസങ്ങളുടെ ഘടികാരമാവാൻ പോകുന്ന, അവളുടെ വയറു സ്രവിക്കുവാൻ പോകുന്ന ബി പോസിറ്റീവ് രക്തത്തിന്റെ (അയാളുടെ രക്തവും ആ ഗ്രൂപ്പിൽ പെട്ടതുതന്നെ) വാശിയോടുകൂടി അവളുമായി” സന്ധി സ്ഥാപിക്കാൻ ശ്രമിച്ചു. പക്ഷേ, മകൾ മൂന്നാംനമ്പർ ഷൂസിൽ നിന്നു വളരാത്ത ചെറിയ കാലുകൾകൊണ്ടു് അച്ഛന്റെ നെഞ്ചിൽ ചവിട്ടിനീക്കി. ക്രാഫ്റ്റിന്റെ അന്യൂന സ്വഭാവമുണ്ടെങ്കിലും ഈ കഥ വൾഗറാണു്. ആരും ഇത്തരം കഥകൾ എഴുതിക്കൂടാ. വിശേഷിച്ചും സമുന്നതസ്ഥാനത്തിരിക്കുന്ന ബുദ്ധിമാന്മാർ. അവർ ധിഷണാമണ്ഡലത്തിലെ മറ്റു നേതാക്കന്മാരോടൊരുമിച്ചു് ലോകജനതയ്ക്കു നല്ല മാർഗ്ഗം കാണിച്ചുകൊടുക്കേണ്ടവരാണു്. കാവ്യാത്മകമായ ഉദാത്തതയിൽനിന്നു് ചിലപ്പോൾ നമ്മൾ ഭയജനകമായതിലേക്കു വരും. സംസ്കാരത്തിൽനിന്നു സംസ്കാരരാഹിത്യത്തിലേയ്ക്കു് പോരും. മൃദുലതയിൽനിന്നു കാഠിന്യത്തിലേക്കു് എത്തും.
ചോദ്യം: “മനുഷ്യൻ ഹിംസാതല്പരനാകുന്നതു രാഷ്ട്രീയകാരണങ്ങളാലല്ലേ?”
ഉത്തരം: “രാഷ്ട്രവ്യവഹാരത്തെസ്സംബന്ധിച്ച ഹേതുക്കൾ ഉളവാക്കുന്ന ഹിംസാത്മകത്വം ഒരുകണക്കിൽ നിസ്സാരമാണു്. സാഹിത്യത്തെസ്സംബന്ധിച്ചുണ്ടാകുന്ന ഹിംസാത്മകതയ്ക്കു ഭയജനകത്വം കൂടും. ഒരിക്കൽ എൻ. ഗോപാലപിളള താൻ തയ്യാറാക്കിയ, ഗീതാഞ്ജലി യുടെ സംസ്കൃത തർജ്ജമ ഞങ്ങളെ വായിച്ചു കേൾപ്പിക്കുകയായിരുന്നു. കൂടെയുണ്ടായിരുന്ന ഡോക്ടർ കെ. രാഘവൻപിള്ള തർജ്ജമയിലെ ഒരു പ്രയോഗം ശരിയായില്ലെന്നു വിനയത്തോടെ പറഞ്ഞു. ഗോപാലപിള്ളസ്സാർ കോപിഷ്ഠനായി. അദ്ദേഹം രാഘവൻപിള്ളയോടു പറഞ്ഞതു് ഇവിടെ അച്ചടിക്കാൻ വയ്യ”.
ചോദ്യം: “കൊച്ചു പെൺകുട്ടിയുടെ മുഖത്തു നോക്കി ‘നീ കാണാൻ കൊള്ളില്ല’ എന്നു പറയുന്നതു ശരിയോ?”
ഉത്തരം: “അങ്ങനെ പറഞ്ഞാൽ ആ കുട്ടിക്കു് psychic scar ഉണ്ടാകും. അതു് അവളെ ഞരമ്പുരോഗത്തിലേക്കു കൊണ്ടുചെല്ലും”.
ചോദ്യം: “എന്റെ ശരീരത്തിൽ മാത്രം കാറ്റു് ഇത്ര ശക്തിയായി വന്നടിക്കുന്നതു് എന്തിനു്? എന്റെ തലയിൽ മാത്രം സൂര്യൻ ഇത്ര ശക്തിയായി രശ്മികൾ വീഴ്ത്തുന്നതെന്തിനു്? എന്റെ ശിരസ്സിൽ മാത്രം മഴ ഇത്ര ബലത്തോടെ വന്നുവീഴുന്നതെന്തിനു്?”
ഉത്തരം: “ലോകമിങ്ങനെയാണു് സുഹൃത്തേ. Weeping is the basic reality എന്നു വെർജിൽ പറഞ്ഞതു് ഓർമ്മിക്കൂ”.
ചോദ്യം: “ഞാൻ ഇപ്പോൾ ആശുപത്രിയിൽ കിടക്കുകയാണു്. സമയത്തു് മരുന്നു തരുന്നില്ല. കുത്തിവയ്പു നടത്തുന്നില്ല. പേവാർഡിൽ കിടക്കാൻ പണമില്ല. ആരും എന്നെക്കാണാൻ വരുന്നില്ല. വേദന അസഹനീയം. എന്തൊരു ജീവിതമാണിതു സാറേ?”
ഉത്തരം: “കഴിയുമെങ്കിൽ വളരെക്കാലം ആശുപത്രിയിൽ കിടക്കൂ. വീട്ടിൽ പോയാൽ ഭാര്യയുമായി കഴിയേണ്ടതായി വരില്ല?”
ചോദ്യം: “ചില സാഹിത്യകാരന്മാർ തങ്ങളെ കാണാൻ മറ്റുള്ളവരെ അനുവദിക്കാത്തതെന്തു?”
ഉത്തരം: “കണ്ടാൽ തങ്ങളുടെ കഴിവു് എത്രയുണ്ടെന്നു് മറ്റുള്ളവർ മനസ്സിലാക്കുമെന്നു് അവർക്കറിയാം”.
ചോദ്യം: “നിങ്ങൾ ചായക്കടയിൽ കയറി സ്റ്റ്രോങ് റ്റീ എന്നു പറയുന്നതു ഞാൻ പലപ്പോഴും കേട്ടിട്ടുണ്ടു്. എന്താ കടുപ്പം കൂടിയ ചായയിൽ ഇത്ര കൊതി?”
ഉത്തരം: “പറഞ്ഞാൽ ഹോട്ടൽ ബോയ് അകത്തേക്കു നോക്കി ‘സാറിനൊരു സ്റ്റ്രോങ് ടീ’ എന്നു വിളിക്കും. അതു് മാലിന്യമുള്ള കപ്പിൽ കൊണ്ടു വച്ചാൽ ‘പഞ്ച്’ മാസികയിലെ ഒരു നേരമ്പോക്കു് ഞാൻ ഓർമ്മിക്കും. ഹോട്ടലിൽ കയറിയവൻ വെയ്റ്ററോടു പറയുന്നു ‘നോക്കു ഇതു ചായയാണെങ്കിൽ എനിക്കു കാപ്പിവേണം. അതല്ല ഇതു കാപ്പിയാണെങ്കിൽ എനിക്കു ചായ വേണം’”.
ചോദ്യം: “എറണാകുളത്തെ റോഡുകൾ എങ്ങനെ?”
ഉത്തരം: “നല്ല കാറുകൾ അവയിലൂടെ ഓടുന്നു. കാറുകൾക്കകത്തു് നല്ല മുഖങ്ങൾ. റോഡുകളിൽ നല്ല ഗട്ടറുകൾ. അവയിൽ നല്ല ചെളിവെള്ളം. എല്ലാം നന്നു്”.
ചോദ്യം: “മാറ്റൊലിക്കവിത എന്നാൽ എന്തു?”
ഉത്തരം: “ബർനാർഡ് ഷാ യുടെ ഒരു പ്രയോഗം കടംവാങ്ങിപ്പറയാം. കണ്ണാടിയിലെ പ്രതിഫലനം നോക്കുന്നവനു് ഓർമ്മയുണ്ടു്, പ്രതീക്ഷയുണ്ടു്, ബോധമണ്ഡലമുണ്ടു്. പ്രതിഫലനത്തിനു് അവയിലൊന്നുപോലുമില്ല. (Michael Holroyd എഴുതിയ Bernard Shaw എന്ന ജീവചരിത്രത്തിൽനിന്നു്. രണ്ടാം ഭാഗം, പുറം 50.)”

വിശ്വസാഹിത്യത്തിലെ മാസ്റ്റർപീസുകളെ കേരളീയർക്കു പരിചയപ്പെടുത്തിക്കൊടുക്കുമ്പോൾ അവയുടെ ഇതിവൃത്തം സംഗ്രഹിച്ചെഴുതിയേ മതിയാവൂ. അതു ചെയ്തില്ലെങ്കിൽ വായനക്കാർക്കു് ഒന്നും മനസ്സിലാവുകയില്ല. സായ്പന്മാർ അവയെക്കുറിച്ചു് എഴുതുമ്പോൾ വായനക്കാർ ആ കൃതികൾ വായിച്ചിട്ടുണ്ടെന്ന വിചാരത്തോടുകൂടിയാണു് എഴുതാറു്. കേരളത്തിലെ നോവലുകൾതന്നെ വായിച്ചിട്ടില്ലാത്ത വായനക്കാരോടു് സായ്പിന്റെ ‘പ്രിസപ്പൊസിഷ’നോടുകൂടി (നോവലുകൾ വായിച്ചിട്ടുണ്ടെന്ന മുൻകൂട്ടിയുള്ള സങ്കല്പത്തോടുകൂടി) എഴുതിയതുകൊണ്ടു് ഒരു പ്രയോജനവുമില്ല. ആ വ്യർത്ഥപ്രവർത്തനമാണു് ശ്രീ. വി. എം. വിനയകുമാറിന്റെ “നേർത്തമരുന്ന മനസ്സാക്ഷിയുടെ സ്വരം” എന്ന പ്രബന്ധത്തിൽ ഞാൻ കണ്ടതു്. കഥയുടെ ഒരംശം എവിടെയോ ഒന്നു സൂചിപ്പിച്ചിട്ടു് പ്രബന്ധകാരൻ നഗരങ്ങളിലെ ജീർണ്ണതകൾ, കഥാപാത്രസ്വഭാവിഷ്കരണത്തിന്റെ സവിശേഷതകൾ, ബോധധാരസമ്പ്രദായങ്ങളുടെ ഉജ്ജ്വലതകൾ ഇവയെക്കുറിച്ചെല്ലാം വാതോരാതെ പറയുന്നു. ഫലമോ? വായനക്കാർക്കു ചിന്താവ്യാപാരത്തിന്റെ ആകുലത്വം.

ലീമാപ്പട്ടണത്തിലെ ലിയോൺസോ പ്രാദോ അക്കാഡമി, സൈന്യം നടത്തുന്ന വിദ്യാലയമാണു്. അവിടെനിന്നു പരീക്ഷയുടെ ചോദ്യക്കടലാസ്സു മോഷ്ടിക്കാൻ ചില വിദ്യാർത്ഥികൾ തീരുമാനിക്കുന്നു. ഡൈസ് എറിഞ്ഞു നോക്കിയപ്പോൾ നാലു് എന്നു വന്നു. നാലാമത്തെ അക്കം കാവാ എന്ന വിദ്യാർത്ഥിയാണു്. അവൻ മോഷണം നടത്തുന്നതിനിടയിൽ ജന്നലിന്റെ കണ്ണാടി പൊട്ടിച്ചു. “I broke the glass, he said in a low voice”. അധികാരികൾ വിദ്യാർത്ഥികളെയാകെ ശിക്ഷിച്ചു. കുറ്റം സമ്മതിക്കാതെ ആരെയും പുറത്തു പോകാൻ സമ്മതിക്കില്ല എന്നതാണു് ശിക്ഷ. അപ്പോൾ സ്ളേവ് എന്നു വിളിക്കുന്ന ഒരുത്തൻ പ്രേമഭാജനത്തെ കാണാൻവേണ്ടി കാവായെ ഒറ്റിക്കൊടുക്കുന്നു. അതിന്റെ പേരിൽ സ്ളേവ് വധിക്കപ്പെട്ടു. ജഗ്വാറാണു് വധം നടത്തിയതെന്നു് ആൽബർതോ പറഞ്ഞെങ്കിലും അതു് അപകടകരമാണെന്നു് അധികാരികൾ സ്ഥാപിച്ചു. നോവലിന്റെ ഉത്തരോപാഖ്യാനത്തിൽ നിന്നു് നമ്മൾ മനസ്സിലാക്കുന്നു ജഗ്വാർ തന്നെയാണു് സ്ളേവിനെ വധിച്ചതെന്നു്. നഗരങ്ങളിലെ ജീർണ്ണതകൾ കുട്ടികളുടെ നിഷ്കളങ്കതയെപ്പോലും നശിപ്പിക്കുന്നതിനെ ചിത്രീകരിക്കുകയാണു് യോസ. ഇത്രയും ഗ്രഹിച്ചിട്ടു് മാതൃഭൂമി വാരികയിലെ പ്രബന്ധം വായിച്ചാൽ പ്രബന്ധകാരൻ പറയുന്നതെന്തെന്നു കുറച്ചെങ്കിലും പിടികിട്ടിയേക്കും വായനക്കാർക്കു്. (ഈ നോവലിനെക്കുറിച്ചു് കൂടുതൽ മനസ്സിലാക്കാൻ “Journey Through the Labyrinth: Latin American Fiction in the Twentieth Century”, Gerald Martin, Verso, GBP 11.95. “Modern Latin American Fiction: A Survey”, Edited by John King, Faber and Faber, GBP 4.95. ഈ ഗ്രന്ഥങ്ങൾ വായിക്കണം.)
“ചില സാഹിത്യകാരന്മാർ തങ്ങളെ കാണാൻ മറ്റുള്ളവരെ അനുവദിക്കാത്തതെന്തു?” “കണ്ടാൽ തങ്ങളുടെ കഴിവു് എത്രയുണ്ടെന്നു് മറ്റുള്ളവർ മനസ്സിലാക്കുമെന്നു് അവർക്കറിയാം”.
ആത്മപ്രശംസ നടത്തുകയാണെന്നു് വായനക്കാർ കരുതരുതേ. വക്രഗതി എനിക്കു് ആദരണീയമല്ല. പക്ഷേ, പലരും ആ രീതി അംഗീകരിച്ചാണു് കാര്യങ്ങൾ നേടുന്നതു്. എനിക്കു് ആരോടെങ്കിലും ആയിരം രൂപ കടം വാങ്ങണമെങ്കിൽ അയാളെ നേരിട്ടുകണ്ടു് അല്ലെങ്കിൽ റ്റെലിഫോണിൽ വിളിച്ചു് ‘ആയിരം രൂപ വേണമല്ലോ. ഒരുമാസം കഴിഞ്ഞു തരാം’ എന്നു പറയും. ഈ ‘ഫ്രെന്റൽ അറ്റാക്’ വിപരീതഫലമേ ചെയ്യൂ. രൂപയുള്ളവനും അതു തന്നേക്കാവുന്നവനും ഇതു കേട്ടാൽ ‘അയ്യോ ഇല്ലല്ലോ’ എന്നേ മറുപടി നല്കൂ. ഞാൻ കടം ചോദിക്കുന്നയാൾ നോവലിസ്റ്റാണെന്നു് കരുതു. ഞാൻ പറയുന്നു ‘നോവൽ വായിച്ചു. ഒന്നാന്തരമായിട്ടുണ്ടു്. അക്കാഡമി സമ്മാനംവരെ അതിനു കിട്ടേണ്ടതാണു്. പിന്നെ നമ്മുടെ അക്കാഡമിയല്ലേ? പാർശ്വവർത്തികൾക്കല്ലേ അതു കൊടുക്കൂ.’ ഇങ്ങനെയൊക്കെ പറഞ്ഞിട്ടു് അയാളുടെ കുടുംബകാര്യങ്ങൾ, ജോലിയെസ്സംബന്ധിച്ച വിവരങ്ങൾ, ഇവയെല്ലാം അന്വേഷിക്കുന്നു. അരമണിക്കൂർ സംസാരിച്ചിട്ടു് ‘അപ്പോൾ ഫോൺ വയ്ക്കട്ടോ’ എന്നോ ‘ഞാൻ പോകട്ടോ’ എന്നും ചോദിക്കും. മറുപടി വരുന്നതുമുൻപു് തികച്ചും അശ്രദ്ധമായ മട്ടിൽ ‘ഒരു തൗസൻഡ് റുപ്പീസ് തരാനുണ്ടോ? ഒരാഴ്ച കഴിഞ്ഞു് തിരിച്ചെടുക്കാം.’ എന്നു താല്പര്യമില്ലാതെ പറയാം. ‘തരാമല്ലോ’ എന്നു പറഞ്ഞു് അയാൾ സന്തോഷത്തോടെ രൂപ തരുന്നു. ബ്ലൻഡായി—പച്ചയായി—ചോദിച്ചാൽ രൂപയില്ലെന്നു പറയുന്നവനാണു് ഈ വക്രീകരണത്തിൽ വീണുപോകുന്നതു്. ഇതെഴുതുന്ന ആളിന്റെ സ്വഭാവസവിശേഷത ഋജുതയുള്ളതായതു കൊണ്ടു് നേരേയുള്ള പ്രതിപാദനമാണു് അയാൾക്കിഷ്ടം. ശ്രീ. സി. വി. ആനന്ദബോസ് ഋജുതയോടെ “ചൗരംഗിലെ പൂക്കൾ” എന്ന കഥയെഴുതുന്നു. (കലാകൗമുദി.) അദ്ദേഹം കൈകാര്യം ചെയ്യുന്ന വിഷയത്തിനു പുതുമയില്ല. നൂതനമായ ഒരു ‘ഇൻസൈറ്റ്’ ഉണ്ടെന്നും പറഞ്ഞുകൂടാ. എങ്കിലും വസ്തുനിഷ്ഠമായ സത്യത്തെ അതേ രീതിയിൽ അദ്ദേഹം ചിത്രീകരിക്കുന്നുണ്ടു്. റോസാപ്പൂക്കൾ വിറ്റു ജീവിക്കുന്ന ഒരു ബാലന്റെ കഥയാണു് ആനന്ദബോസ് പറയുന്നതു്. എല്ലാവർക്കും അവന്റെ പൂക്കൾ വേണം. അവൻ അവ കൃത്യസമയത്തു് കൊണ്ടുകൊടുക്കുകയും ചെയ്യും. പക്ഷേ, അവനതു് ശവങ്ങളിൽനിന്നു് മോഷ്ടിക്കുകയാണെന്നു് ഒടുവിലേ തെളിയുന്നുളളൂ. ബാലനു് ദുരന്തമുണ്ടാവുകയും ചെയ്യുന്നു. മനുഷ്യന്റെ വഞ്ചനാത്മകമായ ജീവിതമെടുത്തു കാണിച്ചു് ഒരു സദാചാരദർശനത്തിലേക്കു കൈചൂണ്ടുന്നു കഥാകാരൻ. മനുഷ്യജീവിതം എത്ര ശൂന്യം! എത്ര അന്തസ്സാരരഹിതം! അതിലും വഞ്ചന. അതിനു വിധേയരായിപ്പോകുന്നു പലരും.
ലളിതമായി, അസങ്കീർണ്ണമായി പറഞ്ഞാൽ, ചിത്രം എഴുതിയാൽ അതൊക്കെ കലയാവില്ലെന്ന ധാരണയാണു് പലർക്കും. അവർ താഴെച്ചേർക്കുന്ന വരികൾ ഒന്നുറക്കെ വായിക്കട്ടെ.
Will no one tell me what she sings
Perhaps the plaintive numbers flow
For old, unhappy, far-off things,
And battles long ago.
എന്തൊരനുഭൂതിയാണു് ഈ ലളിതപദങ്ങളുടെ സമഞ്ജസ സമ്മേളനമുളവാക്കുന്നതു്! ഇതുപോലെ നാലുവരികൾ റ്റി. എസ്. എല്യറ്റ് എഴുതിയിട്ടുണ്ടോ?
- പുള്ളിപ്പുലിക്കു് അതിന്റെ പുള്ളികൾ തേച്ചു കഴുകി ഇല്ലാതാക്കാൻ കഴിയുമെങ്കിൽ സാഹിത്യവാരഫലക്കാരനു് അയാളെഴുതുന്ന ലേഖനത്തന്റെ രൂപം മാറ്റാൻ കഴിയും.
- കാരൂർ നീലകണ്ഠപിള്ള യുടെ കഥകൾ സിതോപലങ്ങൾപോലെയാണു്—ആകർഷകത്വം, സുതാര്യവസ്ഥ. ‘മരപ്പാവകൾ’ എന്ന കഥ നോക്കുക. ഇതു സത്യമാണെന്നു കാണാം.
- പ്രചാരവും പ്രസിദ്ധിയുമുളള വാരികയ്ക്കോ പത്രത്തിനോ ഞാൻ ലേഖനമോ കവിതയോ കഥയോ അയച്ചുകൊടുക്കുന്നു. പത്രാധിപർ അതു തിരിച്ചയയ്ക്കുന്നു. ഇങ്ങനെ പത്തുതവണ രചനകൾ തിരിച്ചുകിട്ടുമ്പോൾ ഞാൻ നിലമോ പുരയിടമോ വീടോ വിറ്റു് പത്രമല്ലെങ്കിൽ വാരിക തുടങ്ങുന്നു. എന്റെ പേരു പത്തുതവണ അച്ചടിച്ചു കാണുമ്പോൾ, തുടർന്നു അതു നടത്തിക്കൊണ്ടുപോകാൻ കഴിവില്ലാതെ വരുമ്പോൾ ഞാനതു നിറുത്തുന്നു. പേരു് അച്ചടിച്ചു കാണാനുള്ള കൊതിയാൽ എന്നെപ്പോലെ എത്രപേരാണു നശിച്ചിട്ടുള്ളത്!
- ഒരിക്കൽ ശാസ്താംകോട്ട ദേവസ്വം ബോർഡ് കോളേജിൽ പോയപ്പോൾ കുട്ടികൾ എന്നെയും പുനലൂർ ബാലനെ യും കൂവി. എന്റെനേർക്കു കല്ലെറിയുകയും ചെയ്തു. ഒരു കല്ലുകൊണ്ടു് എന്റെ നെറ്റി പൊട്ടി ചോരയൊലിച്ചു. അതു കണ്ടയുടനെ കല്ലെറിഞ്ഞ കുട്ടികൾ തന്നെ പഞ്ഞിയും മരുന്നും കൊണ്ടുവന്നു മുറിവിൽ വച്ചു. ‘സാറിനെയല്ല ഞങ്ങൾ എറിഞ്ഞതു്’ എന്നു പറയുകയും ചെയ്തു. ആണുങ്ങൾ മുറിവേല്പിച്ചാൽ മരുന്നു വച്ചുതരും. സ്ത്രീകൾ വാക്കുകൾകൊണ്ടു ക്ഷതമുണ്ടാക്കിയാൽ നടന്നങ്ങു പോകും. മരുന്നില്ല. പഞ്ഞിയുമില്ല.
- ലൈബ്രറിയുടെ മുൻവശത്തും അകത്തും പ്രേമം പുഷ്പിക്കുന്നു. പക്ഷേ, മുൻവശത്തുള്ള ചെടികൾ പുഷ്പിക്കുന്നില്ല. ഉദ്യാനപാലകനും മറ്റധികാരികളും ആദ്യത്തേതിനു വെള്ളമൊഴിക്കുന്നു, വളമിടുന്നു. ചെടികളെ അവഗണിക്കുന്നു.
വർഷങ്ങൾക്കുമുമ്പു്, ഹാസ്യസാഹിത്യകാരൻ എൻ. പി. ചെല്ലപ്പൻനായർ എന്റെ വീട്ടിൽ വന്നിരുന്നു. രാത്രി പത്തരമണി. ഞാൻ എല്ലാക്കാലത്തും ചെറിയ കെട്ടിടങ്ങളിലെ താമസിച്ചിട്ടുള്ളു. മുറികൾ വേണ്ടുവോളം ഇല്ലാതിരുന്ന എന്റെ വീട്ടിൽ മുൻവശത്തു കുട്ടികൾ കിടന്നുറങ്ങുകയായിരുന്നു. “അവർ അവിടെ കിടന്നുകൊള്ളട്ടെ, ഉണർത്തേണ്ടതില്ല” എന്നു പറഞ്ഞു് അദ്ദേഹം തന്റെ തിരഞ്ഞെടുത്ത കഥകൾക്കു അവതാരിക എഴുതിക്കൊടുക്കണമെന്നു് ആവശ്യപ്പെട്ടു. ഞാൻ സമ്മതിക്കുകയും ചെയ്തു. (പിന്നീടു് എനിക്കു അസുഖം ആയിപ്പോയതുകൊണ്ടു് അവതാരിക എഴുതിയതുമില്ല.) കുട്ടികളുടെ കാലിൽ ചവിട്ടാതെ വളരെ സൂക്ഷിച്ചാണു് നടന്നതു്. അതുകണ്ടു് ഞാൻ പറഞ്ഞു. “ഒരാഴ്ചമുൻപു് ഇതേ സമയത്തു് … എന്ന സാഹിത്യകാരൻ ലേഖനം ചോദിക്കാൻ വന്നു. അദ്ദേഹം എല്ലാപ്പിള്ളേരെയും ചവിട്ടിമെതിച്ചാണു് പോയതു്”. അപ്പോൾ എൻ. പി. പറഞ്ഞു: “അതു് ആ മനുഷ്യന്റെ കുറ്റമല്ല. കൃഷ്ണൻനായർ ഒരു വലിയ വീടുവച്ചു താമസിക്കണം”. ‘സാറിനതു പറയാം. എനിക്കു പണമെവിടെ?’ എന്നു ഞാൻ വിചാരിച്ചെങ്കിലും അങ്ങനെ അദ്ദേഹത്തോടു പറഞ്ഞില്ല. മാതൃഭൂമി, കലാകൗമുദി, ദേശാഭിമാനി, കുങ്കുമം ഈ വാരികകൾ ആകർഷകത്വമുള്ള ചെറിയ ഭവനങ്ങളാണു്. ദേശാഭിമാനി വാരിക എന്ന ഭവനത്തിൽ കയറി കുമാരി എൻ. അതിൽ കിടക്കുന്ന സഹൃദയശിശുക്കളെ ചവിട്ടി മുറിവേല്പിക്കുന്നു. ‘മകൻ ഇന്നലെ വന്നിരുന്നു’ എന്നു പറഞ്ഞു കൊണ്ടാണു് കുമാരി ചവിട്ടുന്നതു്. ഭവനങ്ങൾ വലുതാക്കിയാലും ഇവരെപ്പോലുള്ളവർ ചവിട്ടും. അതുകൊണ്ടു് ‘പ്രവേശനമില്ല’ എന്നൊരു ബോർഡ് വാരികാഭവനങ്ങളുടെ മുൻപിൽ വയ്ക്കണം.
ലൈബ്രറികളുടെ മുൻവശത്തും അകത്തും പ്രേമം പുഷ്പിക്കുന്നു. പക്ഷേ, മുൻവശത്തുള്ള ചെടികൾ പുഷ്പിക്കുന്നില്ല. ഉദ്യാന പാലകനും മറ്റധികാരികളും ആദ്യത്തേതിനു വെള്ളമൊഴിക്കുന്നു, വളമിടുന്നു. ചെടികളെ അവഗണിക്കുന്നു.
ആങ്സാൻ സൂകി യുടെ “Freedom From Fear and Other Writings” എന്ന ഗ്രന്ഥം പെൻഗ്വിൻ ബുക്ക്സ് കമനീയമായി പ്രസാധനം ചെയ്തിരിക്കുന്നു. (വില Rs. 95) വാട്സ്ളാഫ് ഹാവലി ന്റെ മുഖവുര, സൂകിയുടെ ഭർത്താവു് മൈക്കൽ ഏറിസ് എഴുതിയ അവതാരിക ഇവയോടുകൂടിയ ഈ പുസ്തകത്തിൽനിന്നു സൂകിയുടെ ത്യാഗോജ്ജ്വലമായ ജീവിതത്തിന്റെ ചിത്രം നമുക്കു കിട്ടുന്നു. My father എന്ന പ്രബന്ധത്തോടുകൂടിയാണു് പുസ്തകത്തിന്റെ തുടക്കം. അച്ഛനോടുള്ള സ്നേഹം സൂകിയെ അന്ധയാക്കുന്നില്ല. (ബേനസീർഭൂട്ടോ ആത്മകഥയെഴുതിയപ്പോൾ അന്ധമായിപ്പോയതു ഓർമ്മിക്കുന്നു.) 1947 ജൂലൈ 19-ആം തീയതിയാണു് സുകിയുടെ അച്ഛൻ അങ്സാൻ ആറു കൗൺസിലർമാരോടൊപ്പം വധിക്കപ്പെട്ടതു്. കൊലപാതകികൾ മുൻപു പ്രധാനമന്ത്രിയായിരുന്ന സാ യുടെ (Saw) വീട്ടിൽ ആശ്രയം തേടിയതിൽ നിന്നു് ആരാണു് വധത്തിനു പ്രേരണ നല്കിയതെന്നു തെളിഞ്ഞു. കോടതി സായ്ക്കു് വധശിക്ഷ നല്കി.
ആണുങ്ങൾ മുറിവേല്പിച്ചാൽ മരുന്നു വച്ചുതരും. സ്ത്രീകൾ വാക്കുകൾ കൊണ്ടു ക്ഷതമുണ്ടാക്കിയാൽ നടന്നങ്ങുപോകും. മരുന്നില്ല. പഞ്ഞിയുമില്ല.
പ്രജാധിപത്യത്തിനുവേണ്ടി പോരാടുന്ന ധീര വനിത മാത്രമല്ല സൂകി. അവർ സാഹിത്യത്തെസ്സംബന്ധിച്ചു ചിന്താബന്ധുരതയോടെ അഭിപ്രായങ്ങൾ ആവിഷ്കരിക്കുന്ന സഹൃദയയുമാണു്. അന്തരംഗസ്പർശിയായ നിരൂപണം എന്നു പറയാറില്ലേ? അമ്മട്ടിൽ ബർമ്മീസ് സാഹിത്യത്തെക്കുറിച്ചു് അവർ മതങ്ങൾ ആവിഷ്കരിക്കുന്നു. ആ സാഹിത്യത്തെ ദേശീയവാദവുമായി ബന്ധിപ്പിച്ചാണു് സൂകി നിരൂപണങ്ങൾ നിർവഹിക്കുക.

സൂകി നിരാഹാര സത്യാഗ്രഹം നടത്തിയപ്പോൾ ലണ്ടൻ റ്റൈംസ് അവരെ ബർമയുടെ ഗാന്ധി (Burma’s Gandhi) എന്നു വിളിച്ചു. 1989 തൊട്ടു് സ്വേച്ഛാധിപതികളുടെ നൃശംസതയാൽ കാരാഗൃഹത്തിൽ കിടക്കുന്ന ഈ നാല്പത്തിയാറു വയസ്സുകാരിയുടെ ധൈര്യവും ഹൃദയവിശാലതയും മനുഷ്യസ്നേഹവും മനസ്സിലാക്കണമെങ്കിൽ ഈ ഗ്രന്ഥം വായിക്കുക.