സാഹിത്യവാരഫലം
എം കൃഷ്ണൻ നായർ
(കലാകൗമുദി വാരിക, 1992-01-26-ൽ പ്രസിദ്ധീകരിച്ചതു്)

ഫലപ്രാപ്തി ഇന്നതു് എന്നു നേരത്തേ അറിയാമെങ്കിൽ ഏതു പ്രവൃത്തിയാണു് ജിജ്ഞാസ ഉളവാക്കുക?

ആയില്യം തിരുനാൾ മഹാരാജാവിന്റെ കാലത്തു് സർവാധികാര്യക്കാരും പ്രിവന്റിവ് സൂപറിൻറ്റെൻഡുമായിരുന്ന (പില്ക്കാലത്തു് എക്സൈസ് കമ്മിഷണർ എന്നു ജോലിപ്പേരു്) മാധവൻപിള്ളയുടെ മൂത്ത മകനായിരുന്നു അയ്മനം കുട്ടൻപിള്ള. വലിയ ആളുകളുടെ മക്കൾ മിക്കവാറും പഠിക്കില്ല. പഠിക്കാതെ, സാംസ്കാരികകാര്യങ്ങളിൽ ശ്രദ്ധിക്കാതെ നടന്ന കുട്ടൻപിള്ള വെറും ഡ്രൈവറായിത്തീർന്നു. അച്ഛൻ പ്രമുഖനായ ഉദ്യോഗസ്ഥൻ. അമ്മ “സന്താനഗോപാലം” ചമ്പു എഴുതിയ കരുവേലിൽ ഗൗരിക്കുട്ടിഅമ്മ. എന്നിട്ടും കുട്ടൻപിള്ള കാറിന്റെ വളയം പിടിക്കാനാണുപോയതു്. അദ്ദേഹം കേരളവർമ്മ വലിയകോയിത്തമ്പുരാന്റെ ഡ്രൈവറായിരുന്നു. കാറോടിച്ചു തിരുവനന്തപുരത്തേക്കു പോരുമ്പോൾ ഒരു പട്ടിയെടുത്തു റോഡിനു കുറുകേ ചാടി. അതിനെ രക്ഷിക്കാൻ കുട്ടൻപിള്ള കാറ് വെട്ടിയൊഴിച്ചപ്പോൾ അതു് ഒരു ചാലിലേക്കു മറിയുകയും വൃദ്ധനായ കേരളവർമ്മയ്ക്കു് ആഘാതമേല്ക്കുകയും ചെയ്തു. മൂന്നുദിവസം കഴിഞ്ഞു് അദ്ദേഹം മരിച്ചുപോയി. കാറ് മറിയാതിരുന്നെങ്കിൽ ജീവിച്ചിരുന്നേനേ. “മയൂര സന്ദേശം ”പോലുള്ള വിലക്ഷണങ്ങളായ സന്ദേശകാവ്യങ്ങളും “വിശാഖവിജയം” പോലുള്ള വിരൂപങ്ങളായ മഹാകാവ്യങ്ങളും “അഭിജ്ഞാനശാകുന്തളം” പോലുള്ള ജുഗുപ്സാവഹങ്ങളായ തർജ്ജമകളും അദ്ദേഹം കേരളീയർക്കു നല്കുമായിരുന്നു. അയ്മനം കുട്ടൻപിള്ള ഒരു കണക്കിൽ കേരളീയരെ രക്ഷിച്ചു. ഡ്രൈവർ മാത്രമായിരുന്നില്ല കുട്ടൻപിള്ള. പേരുകേട്ട ഗുസ്തിക്കാരനുമായിരുന്നു. വല്ലാടൻ മൈതീൻകുഞ്ഞ്, പഞ്ചാബിലെ രഞ്ജിത്സിങ് ഇവരൊക്കെ അദ്ദേഹത്തിന്റെ ശിഷ്യരായിരുന്നു. ഈ ഗുസ്തിക്കാരന്റെ മകളുടെ മകനാണു് സാഹിത്യവാരഫലക്കാരനായ എം. കൃഷ്ണൻനായർ; കുട്ടൻപിള്ളയ്ക്കു് ആദ്യത്തെ ഭാര്യയിലുണ്ടായ മകളുടെ മകൻ. പ്രഥമപത്നിയുടെ ചരമത്തിനു ശേഷം മുത്തച്ഛൻ വേറൊരു വിവാഹം നടത്തി. ആ ദ്വിതീയപത്നി ഭർത്താവിനെപ്പോലെതന്നെ ഗുസ്തിക്കാരിയായിരുന്നു. കാലത്തു് അരറാത്തൽ ബദാംപരിപ്പു് കാച്ചിയ പാലിൽ അരച്ചുകലക്കി കുടിച്ചതിനുശേഷം കുട്ടൻപിള്ള ഭാര്യയുമായി ഗോദയിലിറങ്ങും. മൂച്ചുടയ്ക്കുക എന്നൊരു ഏർപ്പാടുണ്ടു് ഗുസ്തിക്കാർക്കു്. മുത്തച്ഛൻ ഗുസ്തിപിടിച്ചിരുന്നതു് മുത്തശ്ശിയുമായിട്ടാണു്. അദ്ദേഹം അങ്ങനെ മൂച്ചുടയ്ക്കുന്നതു് കുട്ടികളായ ഞങ്ങൾ നോക്കിനില്ക്കും. മുത്തച്ഛൻ അനായാസമായി അമ്മൂമ്മയെ അടിച്ചു താഴെയിടും. ഞങ്ങൾ കൈകൊട്ടും. എല്ലാ ദിവസവുമുണ്ടായിരുന്നു ഈ ഏർപ്പാടു്. അമ്മൂമ്മ തോല്ക്കുമെന്നതു നിശ്ചയമായിരുന്നതുകൊണ്ടു് ക്രമേണ ഞങ്ങൾക്കു് ആ ഗുസ്തിമത്സരം വിരസമായിത്തീർന്നു. ഒടുവിൽ അതു കാണാൻ ആരുമില്ലാതെയായി. ഫലപ്രാപ്തി ഇന്നതു് എന്നു നേരത്തേ അറിയാമെങ്കിൽ ഏതു പ്രവൃത്തിയാണു് ജിജ്ഞാസയുളവാക്കുക?

മാർകേസിനെക്കാൾ വലിയ കലാകാരനാണു് ബാസ്തോസ്. വായനക്കാരോടു് ഒരിക്കൽ പറയട്ടെ. ഈ നോവൽ വായിക്കു. കലയുടെ മഹാദ്ഭുതം നിങ്ങൾക്കു് അനുഭവപ്പെടും.

മരം മുറിക്കുന്നു ചിലർ, നേരത്തേ പല കൊമ്പുകളിലുമായി കയറുകെട്ടി താഴത്തേക്കിടുന്നു. ഒന്നുരണ്ടുപേർ കോടാലികൊണ്ടു ചുവട്ടിൽ ആഞ്ഞാഞ്ഞു വെട്ടുന്നു. ചീളുകൾ തെറിക്കുന്നു. ഒടുവിൽ ഒറ്റപ്പിടിത്തം കയറുകൾ കൂട്ടിപ്പിണച്ച്. വെട്ടുകാർ ഉദ്ദേശിച്ച സ്ഥലത്തുതന്നെ മരം വന്നുവീഴുന്നു. അടുത്തുള്ള കൊച്ചു ചെടികൾക്കു പോലും നാശം സംഭവിക്കുന്നില്ല. ഈ മരംമുറിക്കൽ കാണാൻ എന്തു രസമുണ്ടു്? പ്രതീക്ഷയ്ക്കു് അനുസരിച്ച ഫലപ്രാപ്തി രസജന്യമല്ലെന്നു മാത്രമല്ല വിരസവുമത്രേ. ശ്രീ. ഏകലവ്യന്റെ “ഋതുഭേദങ്ങൾ” എന്ന ചെറുകഥ കലാകൗമുദിയിൽ വായിച്ചു തുടങ്ങിയപ്പോൾത്തന്നെ അതു് ഇന്ന രീതിയിൽ അവസാനിക്കും എന്നു് എനിക്കു തോന്നി. എനിക്കു മാത്രമല്ല ഒരു സ്ക്കൂൾക്കുട്ടിക്കുപോലും അതിന്റെ അവസാനം എന്തായിരിക്കുമെന്നു് ഊഹിക്കാനാവും. മോടിപിടിപ്പിച്ച രീതിയിൽ, മരണത്തിലേക്കു നീങ്ങുന്ന ഒരു സ്ത്രീയെ കഥാകാരൻ വർണ്ണിക്കുന്നു. അവർ മരിച്ചാൽ അവരുടെ ഭർത്താവു് ആത്മഹത്യ നടത്തിക്കളയുമെന്നുവരെ കഥാകാരൻ പറഞ്ഞുവയ്ക്കുന്നുണ്ടു്. അനിയതമായ ഈ ദുഃഖപ്രകടനം കാണുന്ന ഏതു വായനക്കാരനും തീരുമാനിക്കും. അയാൾ ആ സ്ത്രീയുടെ മരണത്തിനുശേഷം വേറൊരു സംബന്ധം നടത്തുമെന്നു്. ആ സംബന്ധം നടത്തിച്ചു് കഥയെ വെറും അസംബന്ധമാക്കിത്തീർക്കുന്നു ഏകലവ്യൻ. വേറൊരുവിധത്തിൽ പറയാം. ഏകലവ്യന്റെ കഥയ്ക്കു് അന്യാദൃശ സ്വഭാവമില്ല. ആ സ്വഭാവം വരുത്തണമെങ്കിൽ ഭാവന വേണം. ഭാവനാരാഹിത്യം ചിരപരിചിതത്വത്തിന്റെ പ്രതീതിയേ ഉളവാക്കു. കാശിയിൽ സ്ഥിരമായി താമസിക്കുന്നവൻ ഒരു മാസം ബോംബെയിൽ പോയി പാർത്തിട്ടു തിരിച്ചു കാശിയിലെത്തിയാൽ അയാൾക്കു് ഒരു വികാരവുമുണ്ടാവുകയില്ല. എന്നാൽ ആദ്യമായി കാശിയിൽ ചെല്ലുന്നവൻ അദ്ഭുതവികാരത്തിനു വിധേയനായി നിന്നുപോകും. കഥാകാരന്മാർ, മൂച്ചുടച്ചു് സഹധർമ്മിണിയെ തള്ളിത്താഴെയിടുന്ന അയ്മനം കുട്ടൻപിള്ളയെപ്പോലെ ആവരുതു്. മരം മുറിച്ചു് വീഴ്ത്തേണ്ടിടത്തു വീഴ്ത്തുന്ന മരംവെട്ടുകാർ ആവരുതു്.

ചോദ്യം, ഉത്തരം

ചോദ്യം: “കുടുംബച്ഛദ്രം ഉണ്ടാകുന്നതു് എന്തുകൊണ്ടു്?”

ഉത്തരം: “സഹോദരികളും സഹോദരന്മാരും കുട്ടികളായിരിക്കുമ്പോൾ അവർക്കു അച്ഛനമ്മമാരുടെ സംരക്ഷണം ഉണ്ടായിരിക്കും. അപ്പോൾ സഹോദരികളും സഹോദരന്മാരും ഒറ്റക്കെട്ടായി വർത്തിക്കും. എല്ലാവർക്കും ഒരേ ലക്ഷ്യം. എന്നാൽ വിവാഹത്തിനുശേഷം സഹോദരികൾ അവരുടെ ഭർത്താക്കന്മാരുടെയും സഹോദരന്മാർ അവരുടെ ഭാര്യമാരുടെയും ചൊല്പടിയിലാവും. അതോടെ സംഘട്ടനമാരംഭിക്കുകയായി. ചേട്ടൻ അനിയനെയും അനിയൻ ചേട്ടനെയും നിന്ദിക്കുന്നതു് അവരുടെ ഭാര്യമാരുടെ തലയണമന്ത്രത്താലാണു്. എല്ലാക്കുടുംബങ്ങളിലും ശണ്ഠകളുണ്ടു്. അന്യോന്യം കുടുംബാംഗങ്ങൾ ശത്രുത പുലർത്തുന്നു. മറ്റുള്ളവർ കാൺകെ അവരതു പ്രദർശിപ്പിക്കുന്നില്ല എന്നേയുള്ളു”.

ചോദ്യം: “ഭ്രാന്തനോ പിശുക്കനോ ഭേദം?”

ഉത്തരം: “സംശയമെന്തു? ഭ്രാന്തനാണു ഭേദം. ഭ്രാന്തനെ ഒഴിഞ്ഞു നടക്കാം. പിശുക്കൻ അവന്റെ ചെറ്റത്തരംകൊണ്ടു് അന്യരെ എപ്പോഴും ആക്രമിക്കും”.

ചോദ്യം: “നിങ്ങൾ പ്രധാനമന്ത്രിയായാൽ ആദ്യം നിർമ്മിക്കുന്ന നിയമമേതായിരിക്കും?”

ഉത്തരം: “ഞാൻ സൂര്യപ്രകാശത്തിനു കരം ചുമത്തും. എന്നിട്ടു് ഓരോ വർഷവും അതു ഇരട്ടിയാക്കിക്കൊണ്ടിരിക്കും. കരം കൊടുക്കാൻ ബഹുജനം മടിച്ചാൽ അവന്റെയെല്ലാം നട്ടെല്ലു് അടിച്ചൊടിക്കാൻ പൊലീസിനോടു പറയും”.

ചോദ്യം: “നിങ്ങളുടെ ഒരു പ്രയോഗമുണ്ടല്ലോ എപ്പോഴും; സുജനമര്യാദ. എന്താണതിന്റെ അർത്ഥം?”

ഉത്തരം: “റ്റെലിഫോൺ ബെല്ല് അടിച്ചാൽ കൊച്ചുകുട്ടികളെക്കൊണ്ടു് റിസീവർ എടുപ്പിക്കാതിരിക്കുക എന്നതാണു സുജനമര്യാദ”.

ചോദ്യം: “വേദികളിൽ കയറിനിന്നു പൂർണ്ണസ്യ പൂർണ്ണമാദായ പൂർണ്ണമേവാവശിഷ്യതേ എന്നു പ്രസംഗിക്കുന്നവരെക്കുറിച്ചു നിങ്ങൾ എന്തു പറയുന്നു?”

ഉത്തരം: “മൂക്കുമുട്ടെ ശാപ്പാടു് അടിച്ചുകൊണ്ടു് വിശന്നു പൊരിഞ്ഞിരിക്കുന്നവരെ നോക്കി കള്ളം പറയുന്നവർ”.

ചോദ്യം:മാർകേസി നെക്കാൾ വലിയ നോവലിസ്റ്റുകളുണ്ടോ?”

ഉത്തരം: “‘I, The Supreme’ എന്ന നോവലെഴുതിയ റോആ ബാസ്തോസി ന്റെ ആയിരത്തിൽ ഒരംശം പ്രാഗല്ഭ്യം മാർകേസിനില്ല. അദ്ദേഹത്തിന്റെ ഏതു കൃതിയും ബാസ്തോസിന്റെ നോവലിന്റെ താഴേക്കിടയിലാണു് വർത്തിക്കുന്നതു്”.

ചോദ്യം: “സംഭാഷണത്തിൽ ശ്രദ്ധിക്കേണ്ട ഒരുകാര്യം പറഞ്ഞുതരൂ”.

ഉത്തരം: “സ്വന്തം കവിതയെക്കുറിച്ചു് നിരൂപണത്തെക്കുറിച്ചു്, നോവലിനെക്കുറിച്ചു സംസാരിക്കരുതു്. സംസാരിച്ചാൽ അയാൾ ഉടനെ റിസ്റ്റ് വാച്ച് നോക്കും. അയാളെക്കുറിച്ചു നിങ്ങൾ സംസാരിച്ചാൽ ഇരുപത്തിയൊന്നാം ശതാബ്ദത്തിന്റെ അന്ത്യംവരെയും അയാളതു കേട്ടുകൊണ്ടിരിക്കും”.

ചോദ്യം: “സ്ത്രീയുടെ ചിരിയാണു് ഏറ്റവും മനോഹരമെന്നു നിങ്ങൾ കാക്കത്തൊള്ളായിരം പ്രാവശ്യം പറഞ്ഞിട്ടുണ്ടല്ലോ. എനിക്കങ്ങനെ തോന്നുന്നില്ലല്ലോ സാറേ”.

ഉത്തരം: “നിങ്ങളെ നോക്കിച്ചിരിച്ച സ്ത്രീകൾ പുഞ്ചിരിപൊഴിച്ചിരിക്കില്ല. പല്ലുകൾ മാത്രം കാണിച്ചു് ചിരിച്ചിരിക്കില്ല. അണ്ണാക്കു കാണുന്ന മട്ടിൽ വാതുറന്നു ചിരിച്ചിരിക്കും. അതുകൊണ്ടാണു് അങ്ങനെ തോന്നിയതു്”.

ജേണലിസം
images/AugustoRBastos.jpg
റോആ ബാസ്തോസ്

ആധുനികരായ ആചാര്യന്മാർ എടുത്തുകാണിച്ചിട്ടുള്ള ഒരു പൂർവകഥയെ അവലംബിച്ചു് ശ്രീ. ജയപ്രകാശ് അങ്കമാലി രചിച്ച “യശസ്സു്” എന്ന കാവ്യം കാവ്യധിഷണയുടെ സന്തതിമാത്രമാണു്. വളരെക്കാലം ഭൂമിയിൽ ഇല്ലാതിരുന്ന രാജാവു് ഭൂമിയിലെത്തി ഒരു മഹർഷിയെക്കണ്ടു ചോദിക്കുന്നു ‘താങ്കൾ എന്നെ അറിയുമോ’ എന്നു്. ‘ഇല്ല’ എന്നു മറുപടി. രാജാവു് മഹർഷിയെക്കാൾ ആയുസ്സേറിയ ഒരു കൊക്കിനെക്കണ്ടു് അതേ ചോദ്യം ചോദിച്ചു. ‘ഇല്ല’ എന്നു മറുപടി കിട്ടിയപ്പോൾ കൊക്കിനെക്കാൾ ആയുസ്സിനു ദീർഘതയുള്ള ആമയെക്കണ്ടു ചോദിച്ചു. ആമ മറുപടി നല്കി:

“ഞാൻ മറക്കുമോ മഹാനായ താങ്കളെ, ദ്ധർമ്മം

ഞാണൊലിയുയർത്തിയതിപ്പൊഴും മുഴങ്ങുന്നു.

ഹാ മറക്കുമോ ദിവ്യനായ രാജാവേ! പണ്ടു

ഭൂമിയിലിന്ദ്രൻപോലെ വാണ താങ്കളെക്കാലം?”

നിത്യജീവിതത്തിലെ മരണം ശോകദായകമാണു്. എന്നാൽ അതു കവിതയിലേക്കു കടക്കുമ്പോൾ അദ്ഭുതജനകമായിബ്ഭവിക്കണം. പഞ്ഞിക്കെട്ടിൽ തീപിടിച്ചാലെങ്ങനെ? അതുപോലെ അനുവാചക ഹൃദയത്തിൽ ഒരനുഭവമുണ്ടാകണം.

ഇക്കഥയെ തനിക്കു കഴിയുന്ന മട്ടിൽ പ്രതിപാദിച്ചിട്ടു് ജയപ്രകാശ് മാറിനില്ക്കുന്നു മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ താളുകളിൽനിന്നു്. കാവ്യം ഒന്നുകൂടെ വായിക്കേണ്ടതില്ല. ധിഷണയുടെ മാത്രം—ചിന്തയുടെ മാത്രം— സൃഷ്ടിയാണിതെന്നു് ആദ്യത്തെ പാരായണംതന്നെ സ്പഷ്ടമാക്കിത്തരും. കവിതയെന്നതു് ഉള്ളിലെ കണ്ണുകൊണ്ടു കണ്ടതിനെ വീണ്ടും സൃഷ്ടിക്കലാണു്. അതു നിർവഹിക്കുമ്പോൾ അക്കഥയിലുള്ള പരോക്ഷ സത്യങ്ങൾ വെളിപ്പെട്ടുവരും. അതു് വായനക്കാരന്റെ ജീവിതാവബോധത്തെ തീക്ഷ്ണതമമാക്കും. ഇപ്പോഴത്തെ നിലയിൽ ജയപ്രകാശ് അങ്കമാലിയുടെ ഇക്കാവ്യം ‘Verse Journalism’ മാത്രമാണു്. സർഗ്ഗാത്മകമായ ചിത്രം പ്രദാനം ചെയ്യാതെ ആഖ്യാനത്തിൽ മാത്രം അഭിരമിക്കുന്ന കാവ്യം ജേണലിസത്തിൽക്കവിഞ്ഞു ഒന്നുമാകുന്നില്ല.

സംഭവങ്ങൾ
  1. പ്രശസ്തനായ നോവലിസ്റ്റ് ശ്രീ. എം. കെ മേനോനെ (വിലാസിനി) ഡിസംബർ 31-ആം ൹ വൈകുന്നേരം നാഷനൽ ബുക്ക് സ്റ്റാളിന്റെ നടയിൽവച്ചു കണ്ടു. സാഹിത്യവാരഫലത്തിൽ പറയാറുള്ള ലാറ്റിനമേരിക്കൻ നോവലുകൾ അദ്ദേഹം വായിച്ചിട്ടില്ലാത്തവയാണെങ്കിൽ കുറിച്ചുവയ്ക്കാറുണ്ടെന്നും പിന്നീടു് അവ വരുത്തിവായിക്കാറുണ്ടെന്നും അദ്ദേഹം അറിയിച്ചു. അങ്ങനെ അമേരിക്കയിൽനിന്നു വരുത്തിയ നോവലാണു് റോആ ബാസ്തോസിന്റെ I, The Supreme എന്ന നോവലെന്നു് അദ്ദേഹം പറഞ്ഞു. എന്തുകൊണ്ടും മാർകേസിന്റെ ഒടുവിലത്തെ നോവലിനെക്കാൾ അതു ശ്രേഷ്ഠമാണെന്നു് എം. കെ. മേനോനു് അഭിപ്രായമുണ്ടു്. അതുകേട്ട ഞാൻ പറഞ്ഞു: മാർകേസിനെക്കാൾ വലിയ കലാകാരനാണു് ബാസ്തോസ്. വായനക്കാരോടു ഒരിക്കൽ പറയട്ടെ. ഈ നോവൽ വായിക്കൂ. കലയുടെ മഹാദ്ഭുതം നിങ്ങൾക്കു് അനുഭവപ്പെടും. ഒരുകാര്യം പറയാൻ വിട്ടുപോയി. തകഴി ശിവശങ്കരപ്പിള്ള യുടെ ‘വെള്ളപ്പൊക്കത്തിൽ’ എന്ന കഥ മനോഹരമാണെന്നും എം. കെ. മേനോൻ അഭിപ്രായപ്പെട്ടു.
  2. ചങ്ങമ്പുഴ ക്കവിതയുടെ സ്തോതാവായി നടക്കുന്ന എന്നോടു് പരിണതപ്രജ്ഞനായ ഒരു സാഹിത്യകാരൻ പറഞ്ഞു. (അദ്ദേഹത്തിന്റെ പേരു് എഴുതാൻ അനുമതി ഇല്ല). ചങ്ങമ്പുഴയുടെ കവിത നല്ലതുതന്നെ. പക്ഷേ, അതിൽ സർഗ്ഗാത്മകതയുടെ ശക്തിയില്ല. അരവിന്ദഘോഷ് ഷെല്ലി യുടെ കവിതയെക്കുറിച്ചു് എഴുതിയതാണു് എനിക്കോർമ്മ വരുന്നതു്. ഷെല്ലിയുടെ ‘Skylark’-ൽ Skylark ഇല്ല. ആ പേരിലൂടെ അദ്ദേഹം തന്റെ വിചാരവികാരങ്ങളെ മാത്രമേ സ്ഫുടീകരിച്ചിട്ടുള്ളു. സർഗ്ഗാത്മകശക്തി ഉണ്ടായിരുന്നെങ്കിൽ വായനക്കാരൻ Skylark ആയി മാറുമായിരുന്നു പാരായണവേളയിൽ.
  3. പ്രസംഗങ്ങൾകൊണ്ടു് ഒരു പ്രയോജനവുമില്ലെന്നു് ഞാനൊരിക്കൽ കൈനിക്കര കുമാരപിള്ള യോടു പറഞ്ഞപ്പോൾ അദ്ദേഹം പറഞ്ഞതു് ഇങ്ങനെ: “അതു ശരിയല്ല. ഗാന്ധിജി, ഗാന്ധിജി എന്നു പത്തുതവണ നമ്മൾ പറഞ്ഞാൽ കേട്ടുകൊണ്ടിരിക്കുന്നവരിൽ ഒരുത്തന്റെയെങ്കിലും മനസ്സിൽ ആ പേരു പതിയാതിരിക്കില്ല”.
  4. ഹജുർകച്ചേരിയുടെ മുൻപിൽ നിന്നു തെല്ലകലെയായി കാറിടിച്ചു ഒരുത്തൻ മരിച്ചപ്പോൾ കവി കുഞ്ഞിരാമൻനായരും ഞാനും റോഡിന്റെ ഒരുവശത്തു് നില്ക്കുകയായിരുന്നു. “ഒഴിഞ്ഞു പോയിരുന്നെങ്കിൽ ആ മനുഷ്യനു് ഇതു സംഭവിക്കുമായിരുന്നോ” എന്നു ഞാൻ കവിയോടു ദുഃഖത്തോടെ ചോദിച്ചപ്പോൾ അദ്ദേഹം പറഞ്ഞു: “ഭാഗ്യവും ദൗർഭാഗ്യവും അപകടവും എല്ലാം ചേർന്ന ഒരു ചങ്ങലയാണു് ജീവിതം. അതിൽ നിന്നു് അപകടമെന്ന കണ്ണിയെടുത്തുമാറ്റാൻവയ്യ”.
കന്യാമറിയം
images/aoahs.jpg

പോപ്പ് ജോൺപോളി നെ റോം പീറ്റേഴ്സ് സ്ക്വയറിൽവച്ചു് ഒരുത്തൻ വെടിവച്ചല്ലോ. താൻ മരണത്തിൽനിന്നു രക്ഷപ്പെട്ടതു കന്യാമറിയത്തിന്റെ “വിശേഷോദ്ദേശകമായ പ്രാർത്ഥന”യാലാണെന്നു (personal intercession) അദ്ദേഹം ദൃഢമായി വിശ്വസിക്കുന്നു. അതുപോലെ യൂറോപ്പിലാകെ കമ്മ്യൂണിസമില്ലാതാക്കിയതും കന്യാമറിയമാണെന്നാണു് പോപ്പിന്റെ വിശ്വാസം (റ്റൈം വാരിക, ഡിസംബർ 30, 1991 പുറം 50, കോളം 3). റ്റൈമിലെ ഈ സുദീർഘമായ ലേഖനവും അദ്ഭുതസംഭവങ്ങളെ യഥാർത്ഥീകരിച്ചുകൊണ്ടുള്ള അതിലെ വേറൊരു ലേഖനവും വായിച്ചുകഴിഞ്ഞപ്പോൾ ഞാൻ മുൻപൊരിക്കൽ വായിച്ചുതീർത്തുവച്ച “Alone of All her Sex The Myth and the Cult of the Virgin Mary”, Marina Warner എന്ന പുസ്തകമെടുത്തു നോക്കി. പത്തൊൻപതാം ശതാബ്ദത്തിലും ഈ ശതാബ്ദത്തിലും കന്യാമറിയം പ്രത്യക്ഷയായ പലസംഭവങ്ങളും—യഥാർത്ഥ സംഭവങ്ങളും—ഉണ്ടെന്നു് ആ പുസ്തകത്തിൽ പറഞ്ഞരിക്കുന്നു; പള്ളി അവയെ അംഗീകരിച്ചില്ലെങ്കിലും. 1917-ൽ പൊർചഗലിലെ (Portugal) ഫാത്തീമാ ദേവാലയത്തിൽ കന്യാമേരി മൂന്നു ഇടയക്കുട്ടികളുടെ മുൻപിൽ ആറുതവണ പ്രത്യക്ഷയായി. മേയ് മാസം 13-നും ഒക്ടോബർ 13-നുമിടയ്ക്കായിരുന്നു ഈ പ്രത്യക്ഷപ്പെടൽ. പോപ്പിനെ വെടിവച്ചതും മേയ് 13-ആം തീയതി ആയിരുന്നു. അതിനാലാണു് തന്നെ രക്ഷിച്ചതു് കന്യാമറിയം ആണെന്നു പോപ്പ് വിശ്വസിക്കുന്നതു്. കന്യാമറിയം പ്രത്യക്ഷപ്പെട്ടു് ആ മൂന്നുകുട്ടികളിൽ ഒരുവനോടു സോവിയറ്റ് സമഗ്രാധിപത്യമുണ്ടാകുമെന്നു പറഞ്ഞുവത്രേ. പിന്നീടുണ്ടായ പ്രത്യക്ഷപ്പെടലിൽ പോപ്പിനോടും ബിഷപ്പന്മാരോടും കമ്മ്യൂണിസത്തെ നശിപ്പിക്കാനായി തന്റെ വിശുദ്ധഹൃദയത്തിന്റെ മുൻപിൽ റഷ്യയെ സമർപ്പിക്കാൻ അവർ ആവശ്യപ്പെട്ടു. മൂന്നുശ്രമങ്ങൾ അതിനായി നടന്നു. ഫലപ്പെട്ടില്ല. 1984-ൽ ജോൺപോൾ അതു നടത്തി. അടുത്തവർഷം ഗോർബച്ചോഫ് അധികാരത്തിൽ വരികയും അതു് യു. എസ്. എസ്. ആറിന്റെ തകർച്ചയ്ക്കു കാരണമാവുകയും ചെയ്തു. ഇങ്ങനെയൊക്കെയാണു് റ്റൈമിൽ കാണുന്നതു്.

“ഭ്രാന്തനോ പിശുക്കനോ ഭേദം? “സംശയമെന്തു? ഭ്രാന്തനാണു് ഭേദം. ഭ്രാന്തനെ ഒഴിഞ്ഞു നടക്കാം. പിശുക്കൻ അവന്റെ ചെറ്റത്തരം കൊണ്ടു അന്യരെ എപ്പോഴും ആക്രമിക്കും”.

എനിക്കു് ഈ ലേഖനം താല്പര്യജനകമായതു് ഞാൻ വായിച്ച ഒരു പുസ്തകത്തെക്കുറിച്ചു ലേഖകൻ പറഞ്ഞതിനാലാണു്. കന്യാമറിയത്തിന്റെ ദൈവികമാതൃത്വവും കന്യകാത്വവും വിശുദ്ധഗർഭധാരണം (the dogma of the unique Privilege by which the Virgin Mary was conceived in her mother’s womb without the stain of original sin through the anticipated merits of Jesus Christ.) ശരീരത്തോടും ആത്മാവോടുംകൂടി കന്യാമറിയത്തിന്റെ സ്വർഗ്ഗാരോഹണം—ഈ നാലിലും വിശ്വാസമർപ്പിച്ചുകൊണ്ടുള്ള രചനയുടെ ഫലമാണു് മേരിന വാർനറുടെ പുസ്തകം. വിശ്വവിഖ്യാതയായ Margaret Mead ഈ ഗ്രന്ഥത്തെ astonishing and enlightening എന്നു വിശേഷിപ്പിച്ചിട്ടുണ്ടു്. റ്റൈം വാരികയിലെ ലേഖനങ്ങളിലേക്കും മേരിനയുടെ പുസ്തകത്തിലേക്കും ഞാൻ വായനക്കാരുടെ ശ്രദ്ധ ക്ഷണിക്കട്ടെ.

images/MargaretMead.jpg
Margaret Mead

മതപരമായ സംവീക്ഷണത്തിനു് എതിരായുള്ള സങ്കല്പങ്ങളെയും മേരിന എടുത്തുകാണിക്കുന്നുണ്ടു്. എല്ലാ ആളുകൾക്കും കന്യകാത്വം നശിക്കാത്ത അമ്മ വേണമെന്നാണു് ആഗ്രഹമെന്നു് യുങ്ങും അനുയായികളും വിശ്വസിക്കുന്നു. അതു പ്രതിരൂപാത്മകമായിരുന്നാലും മതി അവർക്കു്. റൊളാങ് ബാർഥ് ഈ പ്രവർത്തനത്തെ സൂക്ഷ്മതയോടെ വിവരിക്കുന്നുണ്ടു് Mythologies എന്ന ഗ്രന്ഥത്തിൽ. “We reach here the very principle of myth: it transforms history into nature. (P. 129 Paladin Book.)

രാജ്യം കൂടുതൽ ജീർണ്ണിക്കും
images/dfre.jpg

The Decline and Fall of the Roman Empire എന്ന ഉത്കൃഷ്ടമായ ഗ്രന്ഥം സമ്പൂർണ്ണമായും ഞാൻ വായിച്ചിട്ടില്ല. എങ്കിലും അതിന്റെ ഒരു ചെറിയ രൂപം വായിച്ചിട്ടുണ്ടു്. ഉജ്ജ്വലമായ റോമാ സാമ്രാജ്യം എന്തുകൊണ്ടും തകർന്നു എന്നതിന്റെ കാരണങ്ങൾ ഗ്രന്ഥകർത്താവു് ചൂണ്ടിക്കാണിച്ചിട്ടുണ്ടു്.

  1. കായികവിനോദങ്ങളിലുള്ള അമിതമായ താല്പര്യം. (നമ്മുടെ രാജ്യത്തു് ഇതുണ്ടു്. എത്ര പണമാണു് ക്രിക്കറ്റ് കളിക്കും ഓട്ടത്തിനും ചാട്ടത്തിനും നമ്മൾ ചെലവാക്കുന്നതു്.)
  2. ഓരോ വർഷവും നികുതി വർദ്ധിപ്പിക്കൽ (നമ്മുടെ രാജ്യത്തു് ഇതു വളരെക്കാലമായി നടക്കുന്നു. ആളുകളുടെ വരുമാനം സ്ഥിരം. അരിവില, പെട്രോൾവില, ട്രാൻസ്പോർട്ട് ചാർജ്ജ് ഇവ കൂട്ടിക്കൊണ്ടിരിക്കുന്നു.)
  3. വിവാഹമോചനത്തിന്റെ ആധിക്യം. (ഇതു നമ്മുടെ നാട്ടിലുണ്ടോ എന്നു് എനിക്കറിഞ്ഞുകൂടാ.)
  4. മതത്തിന്റെ ജീർണ്ണത. (ഇതും ഇന്ത്യയുടെ ശാപമാണു്.)

റോമാസാമ്രാജ്യത്തിന്റെ അധഃപതനത്തിനു് ഈ ഹേതുക്കൾ ചൂണ്ടിക്കാണിക്കുന്ന ഗ്രന്ഥകാരൻ കവിതയുടെ ജീർണ്ണത, നിരൂപണത്തിന്റെ ജീർണ്ണത ഇവയെക്കുറിച്ചുപറഞ്ഞിട്ടില്ല. കവിതയും നിരൂപണവും അന്നു നല്ല നിലയിൽ വർത്തിച്ചിരിക്കണമെന്നു ഞാൻ വിചാരിക്കുന്നു.

നമ്മുടെ രാജ്യത്തിന്റെ അധഃപതനത്തിനു് ഈ ജീർണ്ണതകൂടി ചൂണ്ടിക്കാണിക്കാമെന്നു തോന്നുന്നു. വൈലോപ്പിള്ളി ശ്രീധരമേനോൻ ഭേദപ്പെട്ട കവിയാണു്. പക്ഷേ, അദ്ദേഹത്തിന്റെ “അരിയില്ലാഞ്ഞിട്ടു്” എന്ന കാവ്യത്തിൽ കവിതയില്ല. അതു് വെറും പദ്യമാണു്. ആ പദ്യത്തെ ഉത്കൃഷ്ടമായ കാവ്യമായും സമൂഹവിപ്ലവം വരുത്താനുള്ള ആഹ്വാനമായും ചിലർ കരുതുന്നു. ഒരു ദരിദ്രൻ ജീവിച്ചിരിക്കെ ആരും തുണയ്ക്കാൻ എത്തിയില്ല. അയാൾ ചത്തപ്പോൾ ചിലർ മാവുവെട്ടി. ശവം എളുപ്പംകൊണ്ടുപോകാൻ വേലിതട്ടി. വിധവയെ മറ്റു ചിലർ ആശ്വസിപ്പിച്ചു. ഒരു ധനികന്റെ കാരുണ്യംകൊണ്ടു് കച്ചയ്ക്കുള്ള പണംകിട്ടി. വേറൊരാൾ മുറുക്കാൻ ഒരുക്കി. ശവത്തിനുചുറ്റും വിതറാൻ കുറച്ചു് ഉണക്കലരിവേണം ആരോ ചെന്നു് വിധവയോടു് അതു ചോദിച്ചപ്പോൾ “അരിയുണ്ടെന്നാലങ്ങോരന്തരിക്കുകില്ലല്ലോ” എന്നു് അവർ മറുപടി പറഞ്ഞുപോലും. ഈ ശുഷ്കപദ്യത്തെയാണു് ചിലർ കൊണ്ടാടുന്നതു്. നെഞ്ചേറ്റിലാളിക്കുന്നതു്. പ്രായോഗികതലത്തിൽ വിധവയുടെ പ്രസ്താവത്തിനു സാംഗത്യമില്ല. കലയുടെ തലത്തിൽ അതിനു വിശ്വാസ്യതയുമില്ല. ഒരു തകർന്നജീവിതത്തെ ഭാവനാത്മകമായി ചിത്രീകരിച്ചു് യാഥാതഥ്യത്തിന്റെ തോന്നലുളവാക്കാനല്ല യത്നിച്ചതു്. അതിനെ ഒരു ഐഡിയോളജിയിലേക്കു സംക്രമിപ്പിച്ചു കൈയടിനേടാനാണു്. മാത്രമല്ല ഈ പദ്യത്തിലെ വരികളിലടങ്ങിയ ആശയങ്ങൾക്കു് അന്തസ്സുമില്ല. “മരിക്കസാധാരണമീവിശപ്പിൽദ്ദഹിക്കലോ നമ്മുടെ നാട്ടിൽമാത്രം/ഐക്യക്ഷയത്താലടിമശ്ശവങ്ങൾ അടിഞ്ഞുകൂടും ചുടുകാട്ടിൽ മാത്രം” എന്ന വരികളിലെ ആശയത്തിന്റെ ഉദാത്തതയെവിടെ? വൈലോപ്പിള്ളിയുടെ ആശയത്തിന്റെ അന്തസ്സാരശുന്യതയെവിടെ?

നിത്യജീവിതത്തിലെ മരണം ശോകദായകമാണു്. എന്നാൽ അതു കവിതയിലേക്കു കടക്കുമ്പോൾ അദ്ഭുതജനകമായിബ്ഭവിക്കണം. പഞ്ഞിക്കെട്ടിൽ തീപിടിച്ചാലെങ്ങനെ? അതുപോലെ അനുവാചകഹൃദയത്തിൽ ഒരനുഭവമുണ്ടാകണം. ഇതിനൊക്കെ അസമർത്ഥമാണു് വൈലോപ്പിള്ളിയുടെ പദ്യം. കാവ്യപ്രചോദനത്തിന്റെ അധമതലത്തിൽ കവി വർത്തിച്ചിപ്പോൾ ആവിർഭവിച്ച ഒരധമപദ്യമാണു് “അരിയില്ലാഞ്ഞിട്ടു്” എന്നതു്. അതിനെ വാഴ്ത്താൻ തുടങ്ങിയാൽ നമ്മുടെ സാഹിത്യനിരൂപണം കൂടുതൽ ജീർണ്ണിക്കും. രാജ്യത്തിന്റെ ജീർണ്ണതയ്ക്കു് അതും ഒരു കാരണമാകും. (ദേശാഭിമാനി വാരികയിൽ ശ്രീ. കെ. ഇ. എൻ. ഈ പദ്യത്തെക്കുറിച്ചെഴുതിയ ലേഖനം വായിച്ചപ്പോൾ എനിക്കു തോന്നിയതു്.)

images/mkmenon.jpg
എം. കെ. മേനോൻ

പേരക്കുട്ടിക്കു് ഒരു വലിയ ബലൂൺ വാങ്ങിക്കൊണ്ടുവന്നു ഞാൻ. കുട്ടി അതു് ഊതിപ്പെരുപ്പിക്കാൻ തുടങ്ങിയപ്പോൾ “മതി, മതി പൊട്ടിപ്പോകും” എന്നു ഞാൻ പറഞ്ഞു. കുട്ടി അതു ശ്രദ്ധിച്ചില്ല. ഊതിവീർപ്പിച്ചു് ബലൂൺ പൊട്ടിച്ചു. അതുപോലെ പ്രതിപാദ്യവിഷയത്തെ പെരുപ്പിക്കാവുന്നിടത്തോളമേ കവി പെരുപ്പിക്കാവൂ. ഇല്ലെങ്കിൽ അതു ബലൂൺപോലെ പൊട്ടിപ്പോകും. പൊട്ടിയാൽ പേരക്കുട്ടിക്കു മാനസികമായ ക്ഷീണം. കണ്ടുനില്ക്കുന്നവർക്കു വല്ലായ്മ. കവി വലുതാക്കിയ പ്രതിപാദ്യവിഷയത്തെ വീണ്ടും ഊതിവലുതാക്കുന്നു നമ്മുടെ നിരൂപകർ. നിറുത്തൂ എന്നു പറയാനല്ലാതെ നമുക്കെന്തു കഴിയും?

സാഹിത്യചിന്ത
  1. അവർണ്ണനീയമായവിധത്തിൽ വൃത്തികെട്ടവൾ, അവർണ്ണനീയമായവിധത്തിൽ നാറ്റം വ്യാപിപ്പിക്കുന്നവൾ, അവർണ്ണനീയമായവിധത്തിൽ യുവത്വമുള്ളവൾ. ഞാൻ ഓട്ടോറിക്ഷയിൽ തമ്പാനൂർ എന്ന സ്ഥലത്തു ചെന്നിറങ്ങിയപ്പോൾ അവൾ ഓടി എന്റെ അടുക്കലെത്തി. തൊട്ടുതൊട്ടില്ലെന്ന മട്ടിൽ നിന്നു. വൃത്തികേടും നാറ്റവും എന്നെ പിറകോട്ടു് കൊണ്ടു ചെല്ലേണ്ടതാണു്. പക്ഷേ, നീങ്ങാനിടമില്ല. നീങ്ങിയാൽ ഓട്ടോറിക്ഷയിൽ ചെന്നിടിക്കും. അവൾ ഒരുനിമിഷം കൊണ്ടു് മാറുമറച്ചിരുന്ന സാരിയുടെ ഭാഗം വലിച്ചുതാഴെയിട്ടു. അത്രയും ഭാഗം റോഡിൽ കിടന്നു് ഇഴഞ്ഞു. എന്നിട്ടു് എന്റെ നേർക്കു കൈനീട്ടി. രക്ഷപ്പെടാൻ വേണ്ടി ഞാൻ പോക്കറ്റിൽ കൈയിട്ടപ്പോൾ കിട്ടയതു് രണ്ടുരൂപ നോട്ടാണു് അതു് അവളുടെ കൈയിലേക്കു് ഇട്ടിട്ടു് കൂലികൊടുക്കാൻ ഡ്രൈവറുടെ നേർക്കുതിരിഞ്ഞു. ഞങ്ങൾ ഒരുരൂപ കൂടുതൽ ചോദിച്ചാൽ തരില്ല. ചെറുപ്പക്കാരി മാറിടം അനാവരണംചെയ്തപ്പോൾ രണ്ടുരൂപ കൊടുക്കുന്നു എന്ന അർത്ഥം വരുന്ന മട്ടിൽ അയാളുടെ പുഞ്ചിരി. നോബൽ സമ്മാനം നേടിയ നേഡീൻ ഗോഡിമർ ഈ ഭിക്ഷക്കാരിയെപ്പോലെയാണു് സെക്സ് കലർത്തുന്നതു രചനകളിൽ. വായനക്കാർ അതുകണ്ടു ഭ്രമിക്കുമെന്നു് അവരുടെ വിചാരം. മുന്നൂറുരൂപ, നാന്നൂറുരൂപ എന്ന കണക്കിനു് നോവൽ വാങ്ങിയവൻ മറ്റു മാർഗ്ഗമില്ലാതെ അവ വായിക്കുന്നു. വായിച്ചില്ലെങ്കിൽ രൂപ വെറുതേകളഞ്ഞു എന്ന തോന്നലുണ്ടാവില്ലേ?
  2. ഡോക്ടർ കെ. ഭാസ്കരൻനായരും ചങ്ങമ്പുഴയും തിരുവനന്തപുരത്തെ മ്യൂസിയം പാർക്കിൽ ഇരുന്നു സംസാരിക്കുന്നതു് ഞാൻ പലപ്പോഴും കണ്ടിട്ടുണ്ടു്. ചങ്ങമ്പുഴ ഇരുന്ന പുൽത്തകിടിയുടെ തൊട്ടടുത്തു് ഏതോ ചെടിയുടെ പൂങ്കുലകൾ; അദ്ദേഹത്തിന്റെ കവിതപോലെ. ഭാസ്കരൻനായർസ്സാറിന്റെ ഇടതുവശത്തു് അങ്ങിങ്ങു പൂക്കളുള്ള ചില കൊച്ചുമരങ്ങൾ; അദ്ദേഹത്തിന്റെ ഗദ്യകൃതികൾപോലെ.

Colophon

Title: Sāhityavāraphalam (ml: സാഹിത്യവാരഫലം).

Author(s): M Krishnan Nair.

First publication details: Kalakaumudi Weekly; Trivandrum, Kerala; 1992-01-26.

Deafult language: ml, Malayalam.

Keywords: M Krishnan Nair, Sahityavaraphalam, Weekly Lietrary Column, സാഹിത്യവാരഫലം, എം കൃഷ്ണൻ നായർ, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: October 7, 2022.

Credits: The text of the original item is copyrighted to J Vijayamma, author’s inheritor. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-NC-SA 4​.0). Any reuse of the material should credit the Sayahna Foundation, only noncommercial uses of the work are permitted and adoptations must be shared under the same terms.

Production history: Data entry: MS Aswathi; Proofing: Abdul Gafoor; Typesetter: JN Jamuna; Digitizer: KB Sujith; Encoding: JN Jamuna.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.