സാഹിത്യവാരഫലം
എം കൃഷ്ണൻ നായർ
(കലാകൗമുദി വാരിക, 1992-02-09-ൽ പ്രസിദ്ധീകരിച്ചതു്)

images/Jpclark.jpg
ക്ലാർക്ക്

നൈജീരിയയിലെ നാടകകർത്താവായ ക്ലാർക്ക് (John Pepper Clark, 1935–2020) “Song of a goat” എന്ന നാടകം രചിച്ചതോടെയാണു മഹായശസ്കനായതു്. ആതിഭാവുകത്വവും അതിനാടകീയതയും ചേർന്ന ആ കൃതിയിൽ പ്രധാനപ്പെട്ട മൂന്നു കഥാപാത്രങ്ങളുണ്ടു്; രണ്ടു സഹോദരന്മാരും അവരുടെ അമ്മായിയും. പ്രായംകൂടിയ സഹോദരൻ വിവാഹം കഴിച്ചു. പക്ഷേ, അയാൾക്കു കുട്ടി ഉണ്ടാകുന്നില്ല. ഭർത്താവു് ഭാര്യയെ ഡോക്ടറെക്കൊണ്ടു പരിശോധിച്ചപ്പോൾ അയാൾ പറഞ്ഞു അവൾക്കല്ല രോഗമെന്നു്. ഭർത്താവിനു ധ്വജഭംഗം. അതിനാൽ നാട്ടുനടപ്പനുസരിച്ചു് പ്രായംകുറഞ്ഞ സഹോദരൻ അവളെ പ്രാപിക്കണമെന്നു ഡോക്ടർ നിർദ്ദേശിച്ചു. ഭർത്താവും ഭാര്യയും ഇതിനു് അനുകൂലരല്ല. അനുകൂലരല്ലെന്നു മാത്രമല്ലു്, അവർ കടുത്ത പ്രതിഷേധത്തിന്റെ സ്വരം അതിന്റെനേർക്കു് ഉയർത്തുകയും ചെയ്തു. അപ്പോൾ സംഭവിക്കേണ്ടതു സംഭവിച്ചു. കടുത്ത പ്രതിഷേധം കടുത്ത ആനുകൂല്യത്തിന്റെ മറുപുറമാണല്ലോ. ഭാര്യയുടെ പ്രേരണയാൽ അനുജൻ അവളെ പ്രാപിച്ചു. അവൾ ഗർഭിണിയായി. അഗമ്യഗമനത്തിനുമുൻപു് ചില വിശുദ്ധകർമ്മങ്ങൾ അനുഷ്ഠിച്ചേതീരൂ. നാട്ടിലെ ആചാരമനുസരിച്ചു് പെണ്ണിന്റെ ഭർത്താവു് ഒരാടിന്റെ തലമുറിച്ചിട്ടു് വ്യഭിചാരമനുഷ്ഠിച്ച അനുജന്റെ തല ഒരു കലത്തിൽ കടത്താൻ ആജ്ഞാപിച്ചു. മതപരമായ ആ അനുഷ്ഠാനമനുസരിച്ചു കലം പൊട്ടണം. ഇതിന്റെ പ്രതിരൂപാത്മകസ്വഭാവം ഗ്രഹിച്ചും ഭർത്താവിന്റെ സംശയത്താൽ ആകുലാവസ്ഥയിൽ എത്തിയും ഭാര്യ ബോധശൂന്യയായിവീണു. വീഴ്ചയിൽ ഗർഭച്ഛിദ്രമുണ്ടായി; രക്തപ്രവാഹമുണ്ടായി. രക്തമൊഴുകി അവൾ മരിച്ചു. പശ്ചാത്താപവിവശനായ അനുജൻ തൂങ്ങിച്ചത്തു. ഭർത്താവുകടലിൽച്ചാടി ജീവിതമൊടുക്കി. സാമൂഹികങ്ങളായ നിയമങ്ങളെയും ആചാരങ്ങളെയും അംഗീകരിക്കാതിരുന്നാൽ ദുരന്തമുണ്ടാകുമെന്നു് ഉദ്ഘോഷിക്കുകയാണു് നൈജീരിയയിലെ നാടകകർത്താവു്.

സമൂഹബോധത്തിന്റെ പ്രതിപാദനമാണു് കലാസൃഷ്ടിയിലുള്ളതു്, അതിനാൽ സമൂഹബോധം മാറുന്നതനുസരിച്ചു് കലാസൃഷ്ടിയുടെ ആസ്വാദനത്തിനു പരിവർത്തനം വരും എന്നു കരുതിയാൽ ലോകസാഹിത്യത്തിലെ നിസ്തുലമായ മാസ്റ്റർ പീസുകളാകെ ചവറുകളായി മാറിപ്പോകും. അതു സംഭവിക്കുന്നില്ല… ഒരു ജീവിതാവസ്ഥയെ രസോത്പാദകമായ വിധത്തിൽ കലാകാരൻ പ്രതിപാദിച്ചോ എന്നു് മാത്രമേ നോക്കേണ്ടതുള്ളു.

ഈ നാടകത്തിന്റെ സാമുദായികപ്രാധാന്യത്തെക്കുറിച്ചു് പര്യാലോചന ചെയ്യുന്ന വൊള സോയിൻക (Wole Soyinka, 1934–present) ലൈംഗികമായ ധ്വജഭംഗം നവീനകാലത്തെ ചികിത്സകൊണ്ടു് (മരുന്നുകൊണ്ടും മനസ്സിനെസ്സംബന്ധിക്കുന്ന അപഗ്രഥനംകൊണ്ടും) ഭേദമാക്കാമെന്നു ചൂണ്ടിക്കാണിക്കുന്നു. അതിനാൽ നാടകത്തിന്റെ ദുരന്തസ്വഭാവത്തിനു ശൈഥില്യം വരുന്നു. ഇതു തന്നെയാണു് ഇബ്സന്റെghosts ” എന്ന നാടകത്തെക്കുറിച്ചും പറയാനുള്ളതു്. അനിയതമായ ജീവിതരീതികൊണ്ടു സിഫിലിസ് പിടിച്ച യുവാവു് ആ രോഗത്തിന്റെ സമാക്രമണം വീണ്ടുമുണ്ടാകുമ്പോൾ തന്നെ കൊല്ലണമെന്നു് അമ്മയോടു് അപേക്ഷിക്കുന്നു. രോഗത്തിന്റെ ആക്രമണത്താൽ മാനസികഭ്രംശത്തോടെ അവൻ തളർന്നു വീഴുമ്പോൾ ‘അതെവിടെ, അതെവിടെ?’ എന്നു ചോദിച്ചുകൊണ്ടു് കീശയിൽ വിഷം എടുക്കാൻ ശ്രമിക്കുന്നു അമ്മ. സിഫിലിസ് ഇന്നു ചികിത്സിച്ചു മാറ്റാവുന്ന രോഗമായതുകൊണ്ടു് ഈ നാടകത്തിന്റെ ദുരന്തസ്വഭാവത്തിനു ദൗർബ്ബല്യം സംഭവിക്കുന്നു. ഓനീലിന്റെ (O’Neill, 1888–1953) ക്ഷയരോഗബാധിതമായ നാടകത്തെക്കുറിച്ചും (tuberculosis-infested drama എന്നു് സൊയിൻക. “Beyond the Horizon ” എന്ന നാടകത്തെ മനസ്സിൽ കണ്ടുകൊണ്ടാവാം സൊയിൻക അങ്ങനെ പറഞ്ഞതു്) ഇതുതന്നെയല്ലേ എഴുതേണ്ടതു്. ഇതൊക്കെക്കൊണ്ടാവണം നവീനനാടകകർത്താക്കന്മാർ ഗ്രീക്ക് ദുരന്തനാടകങ്ങളെ പുതിയ രീതിയിൽ മാറ്റി എഴുതുന്നതു്. (ഒനീലിന്റെ “Mourning Becomes Electraഷാങ് അനൂയി യുടെ (Jean Anouilh, 1910–87) “Antigone ” ഇവ ഓർമ്മിക്കുക—ലേഖകൻ) ജോർജ്ജ് സ്റ്റൈനറു ടെ (George Steiner, പാരീസിൽ 1929-ൽ ജനിച്ചു. 1940-ൽ അമേരിക്കൻ പൗരനായി) The Death of Tragedy എന്ന വിലക്ഷണമായ പുസ്തകം ഞാൻ വായിച്ചിട്ടുണ്ടു്. ലോകവീക്ഷണഗതിക്കുണ്ടായ മാറ്റംകൊണ്ടു് ദുരന്തനാടകങ്ങൾക്കു് അധഃപതനം വന്നുവെന്നാണു് അദ്ദേഹത്തിന്റെ വാദം. മിന്നലിന്റെ ജഗത് സംബന്ധിയായ പ്രഭാവം ബെഞ്ചമിൻ ഫ്രാങ്ക്ളിൻ ഒരു പട്ടംകൊണ്ടു് അതിനെ പിടിച്ചെടുത്തപ്പോൾ വളരെക്കുറഞ്ഞുപോയില്ലേ എന്നും സൊയിൻക ചോദിക്കുന്നു. സൊയിൻക ഈ ചിന്താഗതിക്കു് അനുകൂലനാണോ അതോ പ്രതികൂലനാണോ എന്നു കണ്ടുപിടിക്കാനായി ഞാൻ അദ്ദേഹത്തിന്റെ പ്രബന്ധത്തിന്റെ ശേഷം ഭാഗംകൂടി ഇപ്പോൾ വായിച്ചുനോക്കാൻ മെനക്കെട്ടില്ല. ഞാൻ പണ്ടുവായിച്ച ഓർമ്മയിൽ നിന്നു് അദ്ദേഹത്തിന്റെ അനുമാനങ്ങൾ ഓടിപ്പോയിരിക്കുകയും ചെയ്യുന്നു.

സ്ത്രീകൾ വിവാഹത്തിനുപോകുന്നതു് തങ്ങൾ ധരിച്ച സാരികൾ മറ്റു സ്ത്രീകളെ കാണിക്കാനും മറ്റു സ്ത്രീകൾ ഉടുത്ത സാരികൾ കാണാനും വേണ്ടിയാണു്.

അനുമാനം എന്തുതന്നെയായാലും ശാസ്ത്രീയങ്ങളായ കണ്ടുപിടിത്തങ്ങൾക്കു യോജിച്ചമട്ടിൽ കലാസൃഷ്ടികളെസ്സംബന്ധിച്ച ആസ്വാദനത്തിനു മാറ്റം വരും, വൈകല്യവുംവരും എന്ന മതം സ്വീകാര്യമല്ല. സമൂഹബോധത്തിന്റെ പ്രതിപാദനമാണു് കലാസൃഷ്ടിയിലുള്ളതു്. അതിനാൽ സമൂഹബോധം മാറുന്നതിനനുസരിച്ചു് കലാസൃഷ്ടിയുടെ ആസ്വാദനത്തിനു പരിവർത്തനം വരും എന്നു കരുതിയാൽ ലോകസാഹിത്യത്തിലെ നിസ്തുലങ്ങളായ മാസ്റ്റ്ർ പീസുകളാകെ ചവറുകളായി മാറിപ്പോകും. അതു സംഭവിക്കുന്നില്ല. വസൂരിയെന്നപോലെ സിഫിലിസ് രോഗവും ഈ ലോകത്തുനിന്നു നിർമ്മാർജ്ജനം ചെയ്യപ്പെട്ടു എന്നു വിചാരിക്കുക. അപ്പോഴും ഇബ്സന്റെ “ghosts” നമ്മെ അനുധാവനം ചെയ്യും. ആൻറ്റിബയോട്ടിക്സ് കൊണ്ടു രോഗങ്ങൾ ഉടനടി ചികിത്സിച്ചു ഭേദപ്പെടുത്തിയാലും ക്ഷയരോഗം പിടിച്ച കവി, റോബർട്ട്, ചക്രവാളത്തിനപ്പുറമുള്ള രഹസ്യങ്ങൾ തേടി വേച്ചുവേച്ചു നടക്കുന്ന ചിത്രം അനുവാചകരെ ‘ഹോൺട്’ ചെയ്യും. രാജവാഴ്ച ഇല്ലാത്ത ഇക്കാലത്തും ആളുകൾ “മാർത്താണ്ഡവർമ്മ ” വായിച്ചു രസിക്കുന്നു. ഫാസിസ്റ്റായ എസ്റ പൗണ്ടി ന്റെ കാവ്യങ്ങൾ സഹൃദയരായ മാർക്സിസ്റ്റുകൾക്കു രസാനുഭൂതി നല്കുന്നു. ഒരു ജീവിതാവസ്ഥയെ രസോത്പാദകമായ വിധത്തിൽ കലാകാരൻ പ്രതിപാദിച്ചോ എന്നു മാത്രമേ നോക്കേണ്ടതുള്ളു. മറ്റൊരുതരത്തിൽ പറയാം. കലാസൃഷ്ടിയിലെ വിശ്വാസം എന്ന അംശം കലാസ്വാദനത്തിനു തടസ്സം സൃഷ്ടിക്കില്ല. ചന്ദ്രനിൽ കുറച്ചുപേർ കാലുകുത്തിയതുകൊണ്ടു് വിയോഗ ദുഃഖമനുഭവിക്കുന്ന തരുണി നിലാവു് ഒഴുകുമ്പോൾ കൂടുതൽ ദുഃഖത്തിനു വിധേയയാവുകയില്ലേ? ദൃഢപ്രത്യയമുളവാകുമാറു് ഇതിനെക്കുറിച്ചു കൂടുതൽ എഴുതാനുണ്ടു്. പക്ഷേ, സ്ഥലമില്ലല്ലോ.

ചോദ്യം, ഉത്തരം

ചോദ്യം: വിവാഹത്തിനു ക്ഷണിച്ചാൽ സ്ത്രീകൾ പോകാതിരിക്കില്ല. പുരുഷന്മാർ പലപ്പോഴും മടികാണിക്കും. സമൂഹബോധം പുരുഷന്മാർക്കു കുറവാണു് അല്ലേ?

ഉത്തരം: സ്ത്രീകളെക്കാൾ പുരുഷന്മാർക്കു സാമൂഹിക കാര്യങ്ങളിൽ താല്പര്യമുണ്ടു്. സ്ത്രീകൾ വിവാഹത്തിനുപോകുന്നതു് തങ്ങൾ ധരിച്ച സാരികൾ മറ്റു സ്ത്രീകളെ കാണിക്കാനും മറ്റു സ്ത്രീകൾ ഉടുത്തസാരികൾ കാണാനും വേണ്ടിയാണു്.

ചോദ്യം: കർണ്ണഭൂഷണം മുതലായകൃതികൾ എഴുതിയ ഉള്ളൂർ എന്നു് എന്റെ നാട്ടിൽവന്നു് ഒരു പ്രാസംഗികൻ പ്രസംഗിക്കുന്നതു കേട്ടു. എന്താണു സാർ ഈ മുതലായ എന്ന പ്രയോഗം?

ഉത്തരം: വിദ്യാർത്ഥികൾ ഉത്തരക്കടലാസ്സിൽ മുതലായ എന്ന പദം പലപ്പോഴും എഴുതാറുണ്ടു്. അവർ ഏതു് ഒറ്റക്കൃതിയെക്കുറിച്ചെഴുതിയോ അതു മാത്രമേ അവർക്കു് അറിയാൻ പാടുള്ളു എന്നാണു് അതിന്റെ അർത്ഥം. പ്രഭാഷകരും ഈ വിദ്യാർത്ഥികളെപ്പോലെയാണു്”.

ചോദ്യം: വദനം യഥാർത്ഥത്തിൽ മാനവന്റെ ഹൃദയത്തിൻ കണ്ണാടിതന്നെയെങ്കിൽ.

ഉത്തരം: ശരിയല്ല. വലിയ ശത്രുതയുള്ളവർ മന്ദസ്മിതത്തോടുകൂടി നമ്മുടെ മുൻപിൽ നില്ക്കാറുണ്ടു്. കണ്ണാടിയിൽ കാണുന്ന വദനം ശരിയല്ലെന്നു പുരുഷൻ വിചാരിക്കും. ഇതു് എന്റെ മുഖമേ അല്ല, ഞാനിതിലും എത്ര സുന്ദരി എന്നു സ്ത്രീ കരുതും.

ചോദ്യം: നിങ്ങൾ പ്രൊഫസറാണു് അല്ലേ.

ഉത്തരം: അല്ല. മലയാളം, ഇംഗ്ലീഷ് ഈ ഭാഷകളിലെ എല്ലാ അക്ഷരങ്ങളും എനിക്കു് അറയാം.

ചോദ്യം: പഞ്ചാബും കേരളവും തമ്മിൽ എന്തു വ്യത്യാസം.

ഉത്തരം: വ്യത്യാസമൊന്നുമില്ല. പഞ്ചാബിൽ ഭീകരർ അപരാധം ചെയ്യാത്തവരെ കൊല്ലുന്നു. കേരളത്തിൽ വസ്തുക്കളുടെ വിലക്കൂടുതലിനു കാരണക്കാരായവർ നിരപരാധരെ കൊല്ലുന്നു.

ചോദ്യം: പേടി സ്വപ്നം എന്നാൽ എന്താണ്.

ഉത്തരം: പച്ചക്കറിമാർക്കറ്റിലോ പലവ്യഞ്ജനക്കടയിലോ ചെല്ലുന്ന മലയാളികൾക്കു് ഉണ്ടാകുന്നതു്.

ചോദ്യം: ജീവിതത്തെ സംബന്ധിച്ച ചില ഉപദേശങ്ങൾ തരൂ.

ഉത്തരം: ആരെക്കണ്ടാലും ക്ഷീണിച്ചുപോയി അയാൾ എന്നു പറയരുതു്. അയാളുടെ ഗാർഹിക കാര്യങ്ങൾ ചോദിക്കരുതു്. ഒരു വീട്ടിലും—ബന്ധുവിന്റെ വീടാണെങ്കിൽപ്പോലും—എപ്പോഴും പോകരുതു്. വല്ലപ്പോഴും പോയാൽ പതിഞ്ചുമിനിറ്റിൽ കൂടുതൽ ഇരിക്കരുതു്.

ചോദ്യം: കേരളത്തിലെ ഓരോ പൗരനും എന്തുചെയ്യുന്നു എന്നറിയാമോ.

ഉത്തരം: അറിയാം. അകാലമരണത്തിലേക്കു നീങ്ങിക്കൊണ്ടിരിക്കുന്നു.

ബെർമ്യൂദ ത്രികോണം

ബെർമ്യൂദ ട്രയാങ്ഗ്ൾ (Bermuda triangle) ഒരു സാങ്കല്പിക ത്രികോണമാണു്. ഫ്ലോറിഡയിൽനിന്നു് കിഴക്കോട്ടു ബെർമ്യൂദ ദ്വീപുകളിലേക്കു് ഒരു രേഖ; അവിടെനിന്നു് പ്വർറ്റ റീക്കോ (Puerto Rico) ദ്വീപിലേക്കു ഒരുരേഖ; ആ ദ്വീപിൽ നിന്നു തിരിച്ചു ഫ്ലോറിഡയിലേക്കു ഒരു രേഖ. ഈ ത്രികോണമാണു് ബെർമ്യൂദ ട്രയാങ്ഗ്ൾ എന്നറിയപ്പെടുന്നതു്. അവിടെയെത്തുന്ന കപ്പലുകളും അതിന്റെ മുകളിലൂടെ പറക്കുന്ന വിമാനങ്ങളും അദ്ഭുതജനകമായ വിധത്തിൽ അപ്രത്യക്ഷങ്ങളായിട്ടുണ്ടു്. ഒരജ്ഞാതമണ്ഡലത്തിലേക്കു കപ്പലുകളും വിമാനങ്ങളും ആ ത്രികോണം വഴി നയിക്കപ്പെടുന്നു എന്നു് ചിലർ വിശ്വസിക്കുന്നു. അതല്ല, താഴോട്ടുള്ള വായുപ്രവാഹമാണു് ആപത്തുകൾക്കു ഹേതുവെന്നു വേറെ ചിലർ പറയുന്നു. ഇടയ്ക്കിടയ്ക്കു് ആവിർഭവിക്കുന്ന അയസ്കാന്തശക്തിയാണു് പ്രവർത്തിക്കുന്നതു്. എന്നു മറ്റു ചിലർ. ഒരിക്കൽ ആ ത്രികോണത്തിന്റെ മുകളിലെത്തിയ വിമാനം ആപത്തിൽപെടാൻ പോകുന്നുവെന്നു ഗ്രഹിച്ച പൈലറ്റ് വിമാനത്തിലെ ഉപകരണങ്ങൾ പ്രവർത്തിപ്പിക്കാൻ ശ്രമിച്ചപ്പോൾ അവ അനങ്ങുന്നില്ലെന്നു കണ്ടു. വിമാനം അതോടെ കാണാതെയായി. 1945 ഡിസംബർ 5-നു് അമേരിക്കയിലെ ഒരു നേവൽ സ്റ്റേയ്ഷനിൽ നിന്നു തിരിച്ച വിമാനത്തിനാണു് ഈ ദുരന്തം സംഭവിച്ചതു്. വിമാനത്തിന്റെയോ പൈലറ്റ് ഉൾപ്പെടെയുള്ള പത്തൊൻപതുപേരുടെയോ ഒരവശിഷ്ടവും കണ്ടുകിട്ടിയില്ല.

images/Kakkanadan3.jpg
കാക്കനാടൻ

ജീവിതത്തെ ബെർമ്യൂദ ത്രികോണമായി സങ്കല്പിച്ചുകൊണ്ടു ശ്രീ. കാക്കനാടൻ എഴുതിയ “ബർമുദാ ത്രികോണമോ?” എന്ന കഥയിൽ (ഉച്ചാരണം കാണിക്കാൻ ബെ എന്നുവേണം. മൂദാ എന്നല്ല മ്യൂദ എന്നു വേണം) ഒരു വൃദ്ധന്റെ സത്തയുടെ അന്തർദ്ധാനം കാണാം. (കഥ മാതൃഭൂമി ആഴ്ചപ്പതിപ്പിൽ) രോഗിയും വൃദ്ധനുമായ അയാൾക്കു് ഒന്നും ചെയ്യാനില്ല. ഐഡൻറ്റിറ്റി (അനന്യത) നഷ്ടപ്പെട്ടവനാണു് അയാൾ. മനുഷ്യൻ സസ്യത്തെപ്പോലെ വെറുതേ ഇരുന്നാൽ മതിയാവുകയില്ലല്ലോ. അയാൾ വിചാരിക്കണം. സഹജാവബോധംകൊണ്ടു സത്യം ഗ്രഹിക്കണം. യുക്തിയിലൂടെ സത്യത്തിന്റെ മണ്ഡലത്തിലേക്കുചെല്ലണം, ഒരു ലക്ഷ്യത്തിലെത്താൻ ശ്രമിക്കണം, അതു സാക്ഷാത്കരിക്കണം. ഇങ്ങനെ എത്രയെത്ര കാര്യങ്ങൾ. ഇവയുടെ ആകത്തുകയാണു് ഐഡൻറ്റിറ്റി. ഇവയിൽ ഒന്നുപോലുമില്ല കഥയിലെ വൃദ്ധനു്. ജീവിതാസ്തമയത്തിലെത്തിയ അയാൾക്കു പേരക്കുട്ടി ഉമ്മവച്ചില്ലല്ലോ എന്ന പരിഭവം മാത്രം. അവൾ ഉമ്മവച്ചാലും ഇല്ലെങ്കിലും അടുത്തനിമിഷത്തിൽ അയാളതു മറക്കും. യാന്ത്രികമായി അയാൾ ആഹാരം കഴിക്കുന്നു. മരുന്നു കഴിക്കുന്നു. നവീന മനുഷ്യന്റെ ചിത്രമാണു് കാക്കനാടൻ വരയ്ക്കുന്നതു്. പക്ഷേ, ചിത്രത്തിനു വൈചിത്ര്യമോ വൈജാത്യമോ ഇല്ല. ആവിഷ്കാരത്തിനു തീക്ഷ്ണതയുമില്ല. സുശക്തമായി ഭാഷ കൈകാര്യം ചെയ്യാൻ കാക്കനാടനു കഴിയും. എന്നാൽ അതു് ഉപന്യാസത്തിന്റെ സാമാന്യധർമ്മത്തോടുമാത്രമേ “സൗമുഖ്യം ഭജിക്കുന്നുള്ളു”. അഭ്യസ്തവിദ്യർക്കു പോലും അർത്ഥം മനസ്സിലാക്കാൻ വയ്യ ബെർമ്യൂദ ത്രികോണമെന്നുപറഞ്ഞാൽ. അങ്ങനെയിരിക്കെ ആ പ്രയോഗംകൊണ്ടു് വായനക്കാരെ ബെർമ്യൂദ ത്രികോണത്തിൽ വീഴ്ത്തുന്ന രീതി ഉചിതജ്ഞയുടെ ലക്ഷണമായി കരുതാനും വയ്യ.

1975-ൽ ഒരമേരിക്കൻ ലൈബ്രെയ്റിയൻ “The Bermuda Triangle Mystery Solved” എന്ന ഗ്രന്ഥമെഴുതി ആ സമുദ്രഖണ്ഡത്രികോണത്തിന്റെ കള്ളത്തരം വ്യക്തമാക്കിയെങ്കിലും പ്രകൃതിനിയമങ്ങൾ താൽക്കാലികമായിട്ടെങ്കിലും നിരോധിക്കപ്പെടുന്ന സംഭവങ്ങൾ ഏറെയുണ്ടാകാറുണ്ടു് ഈ ലോകത്തിൽ.

ചങ്ങമ്പുഴയുടെ തൊപ്പി

പഞ്ചാബും കേരളവും തമ്മിൽ എന്തു വ്യത്യാസം? വ്യത്യാസമൊന്നുമില്ല. പഞ്ചാബിൽ ഭീകരർ അപരാധം ചെയ്യാത്തവരെ കൊല്ലുന്നു. കേരളത്തിൽ വസ്തുക്കളുടെ വിലക്കൂടുതലിനു കാരണക്കാരായവർ നിരപരാധരെ കൊല്ലുന്നു.

ഒരിക്കൽ, എൻ. വി. കൃഷ്ണവാരിയർ എന്നെക്കുറിച്ചു് ഇങ്ങനെ പറഞ്ഞതായി ഒരു നുണയൻ എന്നെ അറിയിച്ചു: “കൃഷ്ണൻനായർ ചങ്ങമ്പുഴയുടെ തൊപ്പി ഉണ്ടാക്കിവച്ചിട്ടു് അതു് ഓരോ കവിയുടെയും തലയ്ക്കു ചേരുമോ എന്നു നോക്കുകയാണു്” കൃഷ്ണവാരിയരുടേതെന്നു നുണയൻ പറഞ്ഞ ആ വാക്കുകൾ എന്നെ ചിന്തിപ്പിച്ചു. ചങ്ങമ്പുഴത്തൊപ്പിവച്ചാണോ ഞാൻ വള്ളത്തോളി ന്റെയും കുമാരനാശാന്റെ യും ജി. ശങ്കരക്കുറുപ്പി ന്റെയും തലകളുടെ സ്വഭാവം നിർണ്ണയിക്കുക? ചങ്ങമ്പുഴക്കവിതയ്ക്കുള്ള ആന്തരലയത്തിന്റെ തീക്ഷ്ണതയും കലാപ്രചോദനത്തിന്റെ സാന്ദ്രതയും ഈ മഹാകവികളുടെ കവിതയ്ക്കു് ഇല്ല. പക്ഷേ, അവരെല്ലാം ചങ്ങമ്പുഴയെക്കാൾ വലിയ കവികളാണെന്നേ എക്കാലവും പറഞ്ഞിട്ടുള്ളു. ആർക്കും ആരെയും ആക്രമിക്കാം. Edward De Bono-യുടെ ഏറ്റവും പുതിയ പുസ്തകത്തിൽ ഓറഞ്ച് ആപ്ൾ പോലിരിക്കുന്നില്ലെന്നു പറഞ്ഞു് ഓറഞ്ചിനെ നമുക്കാക്രമിക്കാമെന്നു പറഞ്ഞിരിക്കുന്നു. (സാഹിത്യവാരഫലം മുണ്ടശ്ശേരി യുടെയോ കുട്ടിക്കൃഷ്ണമാരാരു ടെയോ നിരൂപണംപോലെയല്ലെന്നു പറയുന്ന ഏഭ്യന്മാരെ ഓർമ്മിക്കുക.) ഒരു സിദ്ധവത്ക്കരണം നടത്തുക അല്ലെങ്കിൽ പ്രമാണാസ്പദമായ ഒരു ചട്ടക്കൂടുണ്ടാക്കുക, എന്നിട്ടു് ഏതിനെയും അതിൽ തള്ളിക്കയറ്റുക ഇതാണു് ചിലരുടെ രീതി. സാഹിത്യവാരഫലക്കാരനു് ആ രീതിയില്ല. എങ്കിലും അയാൾക്കു മഹനീയമായ സാഹിത്യത്തെക്കുറിച്ചു് സങ്കല്പമുണ്ടു്. സൗന്ദര്യം എല്ലാ സ്ഥലങ്ങളിലും ഒന്നാണെന്നു വിചാരമുണ്ടു്. കലാശക്തി പിഞ്ചുകുട്ടിയിലും പടുകിഴവനിലും ഒരേമട്ടിൽ ബഹിഃസ്ഫുരണം കൊള്ളുമെന്നു ചിന്തയുണ്ടു്. ആ മാനദണ്ഡങ്ങൾ വച്ചുനോക്കുമ്പോൾ ജെയ്ൻ ഓസ്റ്റി നെക്കാൾ വലിയ നോവലിസ്റ്റാണു് സ്കോട്ടെ ന്നുപറയേണ്ടതായി വരും. “മരപ്പാവ” കളും “പൂവമ്പഴ” വും എഴുതിയ കാരൂർ നീലകണ്ഠപിള്ള വിശ്വസാഹിത്യത്തിലെ ഏതു ചെറുകഥാകാരനും സദൃശനാണെന്നു എഴുതേണ്ടതായിവരും. കലാകൗമുദിയിൽ ‘സ്നേഹപൂർവം ഊർമിള” എന്ന കഥയെഴുതിയ ശ്രീ. ഒ. ഭരതൻ വെറും കമേഴ്സ്യൽ ആർടിസ്റ്റാണെന്നു പറയേണ്ടതായിവരും. ഇരുചക്രവാഹനത്തിൽ സഞ്ചരിക്കുന്നവനോടു ഒരു സുന്ദരിയായ യുവതി ലിഫ്റ്റ് ചോദിക്കുന്നു. അയാൾക്കു താൽക്കാലികമായ രതിസുഖം നല്കിക്കൊണ്ടു് അവൾ പിറകിലിരിക്കുന്നു. ഇറങ്ങേണ്ടിടത്തു് ഇറങ്ങിഓടിപ്പോകുന്നു നന്ദിപോലും പറയാതെ. വീട്ടിൽച്ചെന്നു നോക്കിയപ്പോഴാണു് അവൾ പേഴ്സ് മോഷ്ടിച്ചെന്നു ഗ്രഹിച്ചതു്. രണ്ടായിരത്തിലധികം രൂപ. ഏതാനും ദിവസങ്ങൾകഴിഞ്ഞു് പണംകിട്ടാൻ സഹായിച്ചതിനു നന്ദി പറഞ്ഞുകൊണ്ടു് അവളുടെ കത്തു് അയാൾക്കു കിട്ടുന്നു. കലയുടെ മണ്ഡലത്തിൽ ഇതിനു പ്രവേശമില്ല എന്നു ഞാൻ പറയുന്നതു് ഉറൂബി ന്റെ “വാടകവീടുകൾ” എന്ന വിശിഷ്ടമായ കഥ വായിച്ചതിനാലാണു്. “Commercial art is the activities, processes and skills involved in producing advertisements and designing the way the products look”. എന്നു നിഘണ്ടു. ചെറുകഥയെന്നു തോന്നുന്നമട്ടിൽ ഒരു രചന നമുക്കു നല്കിയതിലാണു് ഭരതന്റെ വാണിജ്യസംബന്ധിയായ മാനസികനില കാണേണ്ടതു്.

സാഹിത്യത്തിൽ ഒന്നിനും അന്തിമമായ തീരുമാനമില്ല. ഷെയ്ക്സ്പിയറി ന്റെ

“No, this my hand will rather

The multitudinous seas incardnadine

Making the green one red”

images/PeterMedawar.jpg
പീറ്റർ മെഡവാർ

എന്ന വരികൾ (Macbeth II-2) തികച്ചും മൗലികമാണെന്നു പീറ്റർ മെഡവാർ. അവ വെറും “rhetorical expression” ആണെന്നു മറ്റൊരു നിരൂപകൻ. ഇതിന്റെ സത്യാവസ്ഥ എന്തുമാകട്ടെ. ഭരതന്റെ ചെറുകഥ കമേഴ്സ്യൽ ആണെന്നതിൽ സംശയമുണ്ടാകേണ്ടതില്ല.

സത്യം എപ്പോഴും ലളിതമായിരിക്കും, അനലങ്കൃതമായിരിക്കും.

യൂയം ഹി ദേവീഃ ഋതയുഗ്ഭിരശ്വൈഃ

പരിപ്രയാഥ ഭുവനാനി സദ്യഃ

പ്രബോധയന്തീരുഷസഃ സസന്തം

ദ്വിപാതു് ചതുഃ പാതു് ചരഥായ ജീവം

(അല്ലയോ ദേവി അശ്വങ്ങളെ യഥാസമയം കൂട്ടിയിണക്കി ഭവതി ലോകത്തിനു ചുറ്റുമായി ഒരു ദിവസം സഞ്ചരിക്കുന്നു; ഉറങ്ങുന്നവനെ ഉണർത്തിയും രണ്ടുകാലുകൾ, നാലുകാലുകൾ, ഇവയുള്ള ചേതനാത്മകമായ ലോകത്തെ ചലനാത്മകമാക്കിയും.)

കേരളത്തിൽ ഓരോ പൗരനും എന്തുചെയ്യുന്നു എന്നറിയാമോ? അറിയാം. അകാലമരണത്തിലേക്കു നീങ്ങിക്കൊണ്ടിരിക്കുന്നു.

ഋഗ്വേദത്തിലെ, ഉഷസ്സിന്റെ വർണ്ണനയാണിതു് ഇവിടെ സങ്കീർണ്ണതയില്ല, ലാളിത്യമേയുള്ളു പ്രതിരൂപങ്ങളില്ല, ഋജുവായ പ്രതിപാദനമേയുള്ളൂ അലങ്കാരമില്ല, നേരേയുള്ള ആവിഷ്കാരമേയുള്ളൂ. ഇതു് എഴുതിയ ആളിന്റെ അനുഭവം അതേരീതിയിൽ ആവിഷ്കരിക്കപ്പെടുന്നു എന്നതാണു് സവിശേഷത. ടാഗോറി ന്റെ കവിതയുടെ അലങ്കൃതസ്വഭാവത്തെ കുറ്റപ്പെടുത്തിക്കൊണ്ടു് ഋഗ്വേദത്തിലെ ഇത്തരം വർണ്ണനകളെ അരവിന്ദ് ഘോഷ് വാഴ്ത്തിയിട്ടുണ്ടു്.

സംഭവങ്ങൾ
  1. കേശവദേവ് ഒരിക്കൽ എന്നോടു ചോദിച്ചു: “എന്റെ കഥ വിശേഷാൽപ്രതിയിൽ വന്നതു വായിച്ചോ?” വായിച്ചെന്നു ഞാൻ മറുപടി നല്കിയപ്പോൾ “എങ്ങനെയിരിക്കുന്നു” എന്നു ചോദ്യം. “കഥയ്ക്കു ദൈശികസ്വഭാവമാണുള്ളതു്. അതുകൊണ്ടു് സാർവലൗകികതലത്തേക്കു് അതു ഉയരുകയില്ല. എങ്കിലും താങ്കളുടെ കഥകൾക്കു പൊതുവേയുള്ള സവിശേഷത ഇക്കഥയിലുമുണ്ടു്. പൊതുവേയുള്ള സവിശേഷത ഇക്കഥയിലുമുണ്ടു്. അതു് എന്താണെന്നു് ഞാൻ പറയാം. ഒരു കഥാപാത്രത്തിന്റെയും ഉള്ളിലേക്കു താങ്കൾ വികാരം അടിച്ചേല്പിക്കാറില്ല. ആശയം ബലാൽകാരമായി കടത്തിവിടാറില്ല. അതുകൊണ്ടു് കഥാപാത്രങ്ങൾ സ്വാഭാവികതയോടെ വർത്തിക്കുന്നു”. ഞാൻ പ്രശംസിച്ചെങ്കിലും എന്റെ മറുപടിയുടെ ആദ്യത്തെ ഭാഗം കേശവദേവിനു് ഇഷ്ടമായില്ല. ഞാൻ പറഞ്ഞതു് എന്താണെന്നു തന്നെ മനസ്സിലാക്കാതെ അദ്ദേഹം ഇംഗ്ലീഷിൽ പറഞ്ഞതു് ഇന്നും എന്റെ ചെവിയിൽ മുഴങ്ങുന്നു “ഐ ഹേറ്റ് യൂനിവേഴ്സൽ അക്ലമേഷൻ”.
  2. മാഷ്ടെ കവിത പ്രജ്ഞാപരമാണെന്നു പലരും പറയുന്നല്ലോ. എന്താണു് അങ്ങയുടെ അഭിപ്രായം” എന്നു ഞാൻ ജി. ശങ്കരക്കുറുപ്പി നോടു് ഒരിക്കൽ ചോദിച്ചു. അദ്ദേഹത്തിനു ദേഷ്യം വന്നു. അതു് അടക്കാൻ പാടുപെടുന്നതും ഞാൻ കണ്ടു. തെല്ലുനേരം കഴിഞ്ഞു് ജി സംസാരിച്ചുതുടങ്ങി. ഹൃദയവും പ്രജ്ഞയും രണ്ടല്ല, ഒന്നുതന്നെയാണു് എന്നാണു് അദ്ദേഹം യുക്തികൾ അവതരിപ്പിച്ചു് സ്ഥാപിച്ചതു്. കവിയുടെ വാദങ്ങൾ എന്റെ സ്മരണമണ്ഡലത്തിൽ നിന്നു് അപ്രത്യക്ഷങ്ങളായിരിക്കുന്നു.
  3. എന്റെ വീട്ടിൽ സാഹിത്യത്തിൽ താല്പര്യമുള്ള വിദ്യാർത്ഥികൾ വരാറുണ്ടു്. എനിക്കറിയാൻ പാടില്ലാത്തകാര്യങ്ങളും അവർ ചോദിക്കും. അങ്ങനെ ചോദിച്ചാൽ ചില സംസ്കൃതപണ്ഡിതന്മാരെപ്പോലെ മറ്റൊരു കാര്യം പറഞ്ഞു് ഞാൻ അവരുടെ വായടയ്ക്കാൻ ശ്രമിക്കില്ല. “എനിക്കതു നിശ്ചയമില്ല. നോക്കിപ്പറയാം” എന്നേ അറിയിക്കാറുള്ളു. കഴിഞ്ഞയാഴ്ച വീട്ടിലെത്തിയ വിദ്യാർത്ഥികളിൽ ഒരാൾ “സാർ ഡികൺസ്റ്റ്രക്ഷൻ എന്നാലെന്തു?” എന്നു് എന്നോടു ചോദിച്ചു. എനിക്കു പിടിപാടില്ലാത്ത ആ വിഷയത്തെക്കുറിച്ചുള്ള ചോദ്യം എന്നെ അമ്പരപ്പിച്ചുകളഞ്ഞു. എങ്കിലും ഞാൻ മറുപടി പറഞ്ഞു: “ഞാൻ അതിനെക്കുറിച്ചു് അധികമൊന്നും മനസ്സിലാക്കിയിട്ടില്ല. മനസ്സിലാക്കിയിടത്തോളം അതൊരു പിന്തിരിപ്പൻ സിദ്ധാന്തമാണു്. ദെറീദ എന്നൊരു തത്ത്വചിന്തകനാണു് ഇക്കൂട്ടരുടെ ആചാര്യൻ. റൊളാങ് ബാർഥ് ഇവരുടെ വേറൊരു ആചാര്യനാണു്. നമുക്കു സാഹിത്യസൃഷ്ടിയെ അപഗ്രഥിച്ചു് അതിന്റെ കാതലായ സന്ദേശം ഗ്രഹിക്കാനാവും. ഈ സിദ്ധാന്തം കൊണ്ടു നടക്കുന്നവർക്കു് അതിന്റെ ആവശ്യമില്ല. അവർ അർത്ഥങ്ങളിലേക്കും അർത്ഥങ്ങളുടെ അന്യോന്യ പ്രവർത്തനങ്ങളിലേക്കും പോകുന്നു. ഒടുവിൽ മിണ്ടാതെയങ്ങു നില്ക്കുന്നു. മേശയെ മേശയായിട്ടു കാണുകയല്ല അവർ. ആദ്യം മൊളിക്യൂളിലേക്കു പോകും. അവിടെ നിന്നു് ആറ്റമിലേക്കു്. ആറ്റമിൽ നിന്നു് ഇലക്ട്രോൺ, പ്രോട്ടോൺ ഇവയിലേക്കു്. ഇലക്ട്രോണും പ്രോട്ടോണും സത്യമാണെങ്കിലും മേശയെ മേശയായിക്കണ്ടു് അതിനെ ചിത്രീകരിക്കുമ്പോൾ ഉണ്ടാകുന്ന സത്യത്തിന്റെ അവബോധം സബ്ബ് അറ്റോമിക് പാർട്ടിക്കിൾസിനെ വർണ്ണിച്ചാൽ ഉണ്ടാകുമോ? സത്യം കാണാനുള്ള ചിന്ത നല്ലതു്. ചിന്തയ്ക്കു വേണ്ടിയുള്ള ചിന്തയാണു് ദെറീദയുടേതു്; ബാർഥിന്റേതു്. അതു് സ്വീകരിക്കാൻ വയ്യ.
images/CharlesdeGaulle1945.jpg
ദ ഗോൾ

ആകെ വൈരസ്യമില്ലേ? എങ്കിൽ അതു മാറ്റാൻ ഒരു നേരമ്പോക്കു പറയാം. സായ്പിന്റേതാണു്. ഫ്രഞ്ച് പ്രസിഡന്റായിരുന്ന ദ ഗോളി ന്റെ (de gulle) ഭാര്യ ഒരു ദിവസം രാത്രി കിടക്കയിൽ കിടക്കവേ ഉറക്കെപ്പറഞ്ഞു: “എന്റെ ദൈവമേ എന്തൊരു തണുപ്പു്”. ഭാര്യയുടെ അടുത്തു് വടിപോലെ അനങ്ങാതെ കിടന്ന ദ ഗോൾ പറഞ്ഞു: “ മാഡം കിടക്കയിൽ കിടക്കുമ്പോൾ എന്നെ ചാൾ എന്നു വിളിച്ചാൽ മതി”.

കാലങ്ങളുടെ തീക്ഷണത

സത്യം കാണാനുള്ള ചിന്ത നല്ലതു്. ചിന്തയ്ക്കുവേണ്ടിയുള്ള ചിന്തയാണു് ദെറീദയുടേതു്; ബാർഥിന്റേതു്, അതു് സ്വീകരിക്കാൻ വയ്യ.

ഒരിടത്തും പോകാത്തവൻ ദൂരെയെങ്ങാനും പോയാൽ പിന്നെ ആ സ്ഥലത്തെക്കുറിച്ചാവും എപ്പോഴുമുള്ള പ്രസ്താവം. “ഞാൻ 1947-ൽ ലണ്ടനിൽ ആയിരുന്നപ്പോൾ”. ഞാൻ 1980-ൽ സ്വിറ്റ്സർലണ്ടിൽ കഴിഞ്ഞുകൂടുമ്പോൾ. ഇതു് അല്പത്വമാണു് എന്നു് എനിക്കറിയാം. ആ അല്പത്വം ഞാനൊന്നുകാണിച്ചുകൊള്ളട്ടെ വായനക്കാരുടെ സദയാനുമതിയോടെ. വൈകുന്നേരം അഞ്ചുമണിക്കാണു് ഞാൻ തിരുവനന്തപുരത്തു നിന്നു മസ്കറ്റിലേക്കു് യാത്രതിരിച്ചതു്. മൂന്നുമണിക്കൂർ കൊണ്ടു് അവിടെയെത്തി. എന്റെ റിസ്റ്റ് വാച്ച് സമയം എട്ടു് എന്നു കാണിച്ചു. പക്ഷേ, മസ്കറ്റിലുള്ളവരുടെ സമയം ആറര മാത്രം. വളരെദിവസം എനിക്കു് ആ സമയവ്യത്യാസത്തോടു പൊരുത്തപ്പെടാൻ കഴിഞ്ഞില്ല. ആറു ദിവസം കഴിഞ്ഞപ്പോൾ ഞാൻ വാച്ച് തിരിച്ചു് മസ്കറ്റിലെ സമയമാക്കി വച്ചു. അതോടെ അസ്വസ്ഥതയും തീർന്നു. റിസ്റ്റ്വാച്ച് ഒന്നരമണിക്കൂർ കൂടുതൽ കാണിച്ചപ്പോഴൊക്കെ—വിശേഷിച്ചും രാത്രി പതിനൊന്നുമണിക്കു മസ്കറ്റിലെ സമ്മേളനം തീരുമ്പോഴൊക്കെ— തിരുവനന്തപുരത്തു് ഇപ്പോൾ പന്ത്രണ്ടരമണിയായിരിക്കും. അവിടെയായിരുന്നെങ്കിൽ ഞാൻ കൂർക്കംവലിച്ചു ഉറങ്ങുകയായിരിക്കും എന്നെല്ലാം വിചാരിച്ചു. ഗൾഫ് രാജ്യത്തെ സമയം വാച്ച് കാണിച്ചു തുടങ്ങിയപ്പോൾ ഞാൻ എന്റെ നാട്ടിലെ ഭാവികാലം മറന്നു. എല്ലാം വർത്തമാനകാലമായി.

ചില രചനകൾ ഭൂതകാലത്തെയും ഭാവികാലത്തെയും ഒരുമിച്ചുചേർത്തു് ഗൾഫ് രാജ്യത്തിലെ സമയംപോലെ വർത്തമാനകാലമാക്കും. അപ്പോൾ ഭൂതകാലത്തിന്റെ തീക്ഷ്ണത വർത്തമാനത്തിൽ അനുഭവപ്പെടും. ആ രീതിയിലുള്ള ഒരു ചെറുകഥയാണു് ശ്രീ. എൻ. പ്രഭാകരന്റെ “തുരുത്തു്” എന്നതു്. (ദേശാഭിമാനി വാരിക.) കഥാപത്രം വർത്തമാനകാലം ആവിഷ്കരിക്കുന്നു. പെട്ടെന്നു് ഭൂതകാലത്തെ കാമോത്സുകതയിലേക്കു പോകുന്നു. അതു് വർത്തമാനകാലത്തിലേക്കുകൊണ്ടു വരുന്നു. ആദരണീയവും അഭിനന്ദനാർഹവുമായ കലാസങ്കേതം. അനായാസമായ ആഖ്യാനം. കഥാകാരനായ ശ്രീ. എൻ. പ്രഭാകാരൻ മറ്റുള്ള കഥാകാരന്മാരിൽ നിന്നു് അകന്നു നില്ക്കുന്നു.

വസ്തുക്കളെയും മറ്റു നൂതനമായരീതിയിൽ ചിത്രീകരിക്കുന്നതിനെ റഷ്യൻ ഫോമലിസ്റ്റുകൾ de-familiarization എന്നു വിളിച്ചു. “ശുക്രനാം കൈവിളക്കേന്തി” എന്നു പറഞ്ഞാൽ ചിരപരിചിതത്വമേയുള്ളൂ. അപരിചിതത്വമില്ല. എന്നാൽ പൂക്കളെ ആരാമത്തിന്റെ രോമാഞ്ചം എന്നു കല്പിക്കുമ്പോൽ de-familiarization കുറച്ചൊക്കെ വന്നു.

When the evening is spread out against the sky

Like a patient etherised upon a table

images/ThomasEliot1934.jpg
റ്റി. എസ്. എല്യറ്റ്

എന്നു റ്റി. എസ്. എല്യറ്റ് എഴുതുമ്പോൾ പരിചിതത്വരാഹിത്യം സമ്പൂർണ്ണമായി. ഇവിടെയൊരു സംശയം. കാലമേറെച്ചെല്ലുമ്പോൾ ഇതും പരിചിതത്വത്തിന്റെ മണ്ഡലത്തിലേക്കു ചെല്ലുകില്ലേ? അതുകൊണ്ടു് കവിതയുടെ ആന്തരരഹസ്യം വേറെ എന്തെങ്കിലും ആയിരിക്കേണ്ടതല്ലേ?

Colophon

Title: Sāhityavāraphalam (ml: സാഹിത്യവാരഫലം).

Author(s): M Krishnan Nair.

First publication details: Kalakaumudi Weekly; Trivandrum, Kerala; 1992-02-09.

Deafult language: ml, Malayalam.

Keywords: M Krishnan Nair, Sahityavaraphalam, Weekly Lietrary Column, സാഹിത്യവാരഫലം, എം കൃഷ്ണൻ നായർ, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: October 7, 2022.

Credits: The text of the original item is copyrighted to J Vijayamma, author’s inheritor. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-NC-SA 4​.0). Any reuse of the material should credit the Sayahna Foundation, only noncommercial uses of the work are permitted and adoptations must be shared under the same terms.

Production history: Data entry: MS Aswathi; Proofing: Abdul Gafoor; Typesetter: JN Jamuna; Digitizer: KB Sujith; Encoding: JN Jamuna.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.