സാഹിത്യവാരഫലം
എം കൃഷ്ണൻ നായർ
(കലാകൗമുദി വാരിക, 1992-03-01-ൽ പ്രസിദ്ധീകരിച്ചതു്)

പുളിമാന പരമേശ്വരൻ പിള്ളയുടെ കവിത, കഥ, നാടകം ഇവയെക്കുറിച്ചു് നല്ല വാക്കുകൾ തന്നെ പറയട്ടെ. പക്ഷെ അവയുടെ രഹസ്യമറിയുന്നവർ മന്ദസ്മിതം പൊഴിച്ചാൽ അവരെ കുറ്റപ്പെടുത്തരുതു്.

“ഇനിയൊന്നും പറയാനില്ലാത്ത മനുഷ്യന്റെ ചുണ്ടുകൾ ഒടുവിൽപ്പറഞ്ഞ വാക്കിന്റെ രൂപം ആ ചുണ്ടുകളിൽത്തന്നെ സൂക്ഷിച്ചുവച്ചിരിക്കും. വീട്ടിലേക്കു തിരിച്ചുപോരുമ്പോൾ കൈയിലിരുന്ന കുടത്തിലെ വെള്ളം ലാഞ്ചി പകുതിയോളം ആയിപ്പോയാലും അതിന്റെ ആദ്യത്തെ ഭാരംതന്നെ അനുഭവപ്പെട്ടുകൊണ്ടിരിക്കും.” ഇതു പറഞ്ഞതു റഷ്യൻ കവി ഒസിപ് മാൻദിൽസ്തെമ്മാ ണു്. (Osip Mandelstam, 1891–1938, 1933-ൽ അല്ലെങ്കിൽ 1934-ൽ മഹാനായ ഈ കവിയെ സർക്കാർ അറസ്റ്റ് ചെയ്തു. ഒരു തടങ്കൽപ്പാളയത്തിൽ കഴിഞ്ഞുകൂടവേ അദ്ദേഹം “ഹൃദയസ്തംഭന”ത്താൽ മരിച്ചു.) മാൻദിൽസ്തെമ്മിന്റെ കാവ്യങ്ങൾ വായിച്ചുണ്ടായ ലഹരിയിലിരുന്നുകൊണ്ടാണു് ഞാൻ ഈ വരികൾ കുറിക്കുന്നതു്. ചില വരികൾ കേൾക്കുക:

“I am the gardner, I am the flower too

I am not lonely in the prison of the world.

Already on the windowpanes of eternity

my breathing, my warmth, has settled.

A pattern is imprinted on it

but lately can’t be recognized.

Let the moment’s dross flow down;

the gentle pattern cannot be effaced.”

images/OsipMandelstam.jpg
ഒസിപ് മാൻദിൽസ്തെം

നിത്യതയുടെ ജാലകത്തിന്റെ കണ്ണാടിച്ചില്ലിൽ കവിയുടെ ശ്വാസവും ചൂടും പതിച്ചുകഴിഞ്ഞു. മാൻദിൽസ്തെമ്മിന്റെ കവിതയെക്കുറിച്ചും ഇതുതന്നെയാണു പറയാനുള്ളതു്. അജ്ഞേയങ്ങളായ ഔന്നത്യങ്ങളുടെ സാന്നിദ്ധ്യത്തിൽ അജേയമായ ഭയമനുഭവിക്കുന്ന കവി അന്തരീക്ഷത്തിൽ മീവൽപ്പക്ഷിയെ കാണുമ്പോൾ ആഹ്ലാദിക്കുന്നുവെന്നു എഴുതിയിട്ടുണ്ടെങ്കിലും അദ്ദേഹത്തിന്റെ കവിത അനായാസമായി ഗൂഢാർത്ഥങ്ങളായ ഔന്നത്യങ്ങളെ ആവിഷ്കരിക്കുന്നവതന്നെയാണു്. ഈ മഹാകവിയുടെ കവിതയെക്കുറിച്ചു പറയാനല്ല ഞാൻ ഒരുങ്ങുന്നതു്. അദ്ദേഹത്തിന്റെ കവിതപോലെ ചേതോഹരവും പ്രൗഢവുമായ ഗദ്യരചനകളെപ്പറ്റി എഴുതാനാണു് എനിക്കു കൗതുകം.

images/TCCPaL.jpg

ലണ്ടനിലെ കോളിൻസ് ഹാർവിൽ പ്രസാധകർ മാൻദിൽസ്തെമ്മിന്റെ പ്രബന്ധങ്ങൾ ഇംഗ്ലീഷിലേക്കു തർജ്ജമചെയ്തു സമാഹരിച്ചു പ്രസിദ്ധപ്പെടുത്തിയിരിക്കുന്നു (The Collected Critical Prose and Letters, Osip Mandelstam, Edited by Jane Gary Harris, PP. 726, U.K. GBP 9.55). എല്ലാം കൊണ്ടും മഹനീയമായ ഈ ഗ്രന്ഥം വായിച്ചു കഴിയുമ്പോൾ വിശ്വവിഖ്യാതനായ ബ്രൂസ് ചറ്റ്വിൻ “He is our century’s literary martyr. Another age would have made him a saint” എന്നു പറഞ്ഞതു് ശരിയാണെന്നു നമ്മൾ സമ്മതിക്കും. അറുപത്തിയൊൻപതു പ്രബന്ധങ്ങളും തൊണ്ണൂറ്റിയേഴു കത്തുകളും വിദ്വജ്ജനോചിതങ്ങളായ നോട്ടുകളുമടങ്ങിയ ഈ പുസ്തകത്തിന്റെ സ്വഭാവം ഒന്നു സൂചിപ്പിക്കാൻപോലും ഇവിടെ സ്ഥലമില്ല. കവിയുടെ മൗലികതയിലേക്കു് ഒരു നെയ്ത്തിരികത്തിച്ചു കാണിക്കാനേ കഴിയുകയുള്ളു. ഭ്രാന്തിന്റെ ഭീഷണസ്വഭാവത്തിന്റെ പ്രതീതിയുളവാക്കുന്ന ഭ്രാന്തന്റെ സവിശേഷതയെന്തെന്നു് മാൻദിൽസ്തെം ചോദിക്കുന്നു. അയാളുടെ വിടർന്ന കൃഷ്ണമണികളോ? നിർജ്ജീവങ്ങളായ അവ നിങ്ങളെ ശൂന്യമായി തുറിച്ചുനോക്കുന്നല്ലോ. ആ കൃഷ്ണമണികൾ ഒന്നിലും ചെന്നുപതിക്കുന്നില്ല. അയാളുടെ ഉന്മാദമാർന്ന വാക്കുകളോ? ഭ്രാന്തൻ നിങ്ങളെ പരിഗണിക്കുന്നില്ല. നിങ്ങളുടെ സാന്നിദ്ധ്യത്തെയും അയാൾ അറിയുന്നില്ല. ആ സാന്നിദ്ധ്യത്തെ താൻ പരിഗണിക്കുന്നില്ല എന്ന രീതിയാണു് ആ ഭ്രാന്തനു്. നിങ്ങളിൽ അയാൾക്കു് ഒരു താല്പര്യവുമില്ല. നമ്മൾ ഭ്രാന്തനിൽ ഏറ്റവും പേടിക്കുന്നതു് അയാൾക്കു നമ്മളെസ്സംബന്ധിച്ചുള്ള കേവലവും ഭയജനകവുമായ ഔദാസീന്യമാണു്. മറ്റൊരുത്തനു നമ്മളിൽ താല്പര്യമില്ലെന്നു കണ്ടാൽ അതുപോലെ പേടിയുളവാക്കുന്ന വേറൊരു കാര്യമില്ലതന്നെ. കവിയുടെ വാക്കുകൾ തന്നെ ലക്ഷ്യമാക്കിയല്ല എന്നു് ആർക്കെങ്കിലും തോന്നിയാൽ അയാൾ ഭ്രാന്തനെയെന്നപോലെ ആ കവിയെ പേടിക്കും.

images/BruceChatwin1982.jpg
ബ്രൂസ് ചറ്റ്വിൻ

കവിത ഒരനുഭവത്തിന്റെ ആവിഷ്കാരമാണു്. അതു് അതീന്ദ്രിയാനുഭവത്തിന്റെ ബഹിഃസ്ഫുരണമാണു് എന്നു വാദിക്കുന്ന പ്രതിരുപാത്മകസിദ്ധാന്തക്കാർക്കു മറുപടി നല്കുകയാണു് മാൻദിൽസ്തെം. അദ്ദേഹം ‘അക്മീസ്റ്റാ’ണു്. (Acmeist) മൂർത്തങ്ങളായ ബിംബങ്ങൾ, സ്പഷ്ടതയാർന്ന പ്രതിപാദനങ്ങൾ ഇവയിലാണു് അക്മീസ്റ്റുകൾ താല്പര്യം കാണിച്ചതു്. അവരുടെ മുൻപിൽ അനുവാചകൻ എപ്പോഴുമുണ്ടു്. പ്രതിരൂപാത്മകസിദ്ധാന്തത്തിന്റെ ഉദ്ഘോഷകരെപ്പോലെ അനുവാചകരെ അവഗണിച്ചാൽ അവരെ വളഞ്ഞു ഠ എന്ന അക്ഷരം പോലെ കിടക്കുന്നു. അതുകണ്ടു് കൂടെയുണ്ടായിരുന്ന ഒരു സ്നേഹിതൻ പറഞ്ഞു. “നവീനസാഹിത്യം ഇങ്ങനെ ഇപ്പോൾ വട്ടത്തിൽ കിടക്കുകയാണു്. അതുകൊണ്ടു ജീവനില്ലെന്നു വിചാരിക്കരുതു്. ഏതുസമയവും അതു് നീണ്ടുനിവർന്നു വരും. അപ്പോൾ നമ്മൾ പേടിക്കും.”

അത്യുക്തി

നമ്മൾ ഭ്രാന്തനിൽ ഏറ്റവും പേടിക്കുന്നതു് അയാൾക്കു് നമ്മളെ സംബന്ധിച്ചുള്ള കേവലവും ഭയജനകവുമായ ഔദാസീന്യമാണു്. മറ്റൊരുത്തനു നമ്മളിൽ താൽപ്പര്യമില്ലെന്നു കണ്ടാൽ അതുപോലെ പേടിയുളവാക്കുന്ന വേറൊരു കാര്യമില്ലതന്നെ. കവിയുടെ വാക്കുകൾ തന്നെ ലക്ഷ്യമാക്കിയല്ല എന്നു് ആർക്കെങ്കിലും തോന്നിയാൽ അയാൾ ഭ്രാന്തനെയെന്നപോലെ ആ കവിയെ പേടിക്കും.

കുങ്കുമം വാരികയിൽ മുഖലേഖനങ്ങൾ എഴുതുന്നതു് ആരാണെന്നു് എനിക്കറിഞ്ഞുകൂടാ. പലരോടും ചോദിച്ചിട്ടും അതറിയാൻ കഴിഞ്ഞതുമില്ല. ആരായാലും സാഹിത്യത്തെസ്സംബന്ധിച്ചു് അറിവുള്ള ആളാണു് അദ്ദേഹം. ഇത്തവണ അന്തരിച്ചുപോയ പുളിമാന പരമേശ്വരൻപിള്ളയെക്കുറിച്ചാണു് അദ്ദേഹം എഴുതിയിരിക്കുന്നതു്. ദൗർഭാഗ്യംകൊണ്ടു് എനിക്കദ്ദേഹത്തിന്റെ ഒരഭിപ്രായത്തോടും യോജിക്കാൻ വയ്യ; മുൻപുള്ള പല ലേഖനങ്ങളും ശരിയാണെന്നു് എനിക്കു തോന്നിയിട്ടുണ്ടെങ്കിലും.

images/PulimanaP-01.jpg
പുളിമാന പരമേശ്വരൻപിള്ള

പുളിമാന പരമേശ്വരൻപിള്ള യെ എനിക്കു് നേരിട്ടറിയാമായിരുന്നു. ആകൃതിസൗഭഗത്താൽ അനുഗൃഹീതനായിരുന്ന യുവാവു്. ബുദ്ധിമാൻ. പബ്ലിക് ലൈബ്രറിയിലുള്ള പല ഉത്കൃഷ്ടഗ്രന്ഥങ്ങളും വായിച്ചു് മാർജിനിൽ അദ്ദേഹം നിറംകൂടിയ നീലമഷിയിൽ ഓരോ അഭിപ്രായങ്ങൾ കുറിച്ചിട്ടിരിക്കുന്നതു കാണുന്ന ആരും പറയും ബുദ്ധിശാലിയായ വ്യക്തിയായിരുന്നു പുളിമാന പരമേശ്വരൻപിള്ളയെന്നു്. പക്ഷേ, അദ്ദേഹം വെറും മാറ്റൊലിക്കവിയായിരുന്നു. ചങ്ങമ്പുഴ ക്കവിതയുടെ പ്രതിധ്വനികളേ അദ്ദേഹത്തിന്റെ കാവ്യങ്ങളിൽനിന്നു് ഉയരുന്നുള്ളു. തെക്കൻ തിരുവിതാംകൂറിലെ പേച്ചിപ്പാറ അണയിൽച്ചെന്നുനിന്നു് അക്കാലത്തു ബാലനായിരുന്ന ഞാൻ സായ്പേ എന്നു വിളിച്ചിട്ടുണ്ടു്. ഉടനെ തിരിച്ചു സായ്പേ എന്ന പ്രതിധ്വനി ഉണ്ടാകും. അണകെട്ടിയ എഞ്ചിനീയർ സായ്പിന്റെ മൃതദേഹം അവിടെ ഒരിടത്തു അടക്കിയിട്ടുണ്ടു്. അദ്ദേഹമാണത്രേ തിരിച്ചു സായ്പേ എന്നു വിളിക്കുന്നതു്. ഇപ്പോൾ പുളിമാന പരമേശ്വരൻപിള്ളയുടെ കവിതയെടുത്തുവച്ചു് ‘പുളിമാന’ എന്നുറക്കെപ്പറഞ്ഞാൽ പ്രതിധ്വനിയായി ‘ചങ്ങമ്പുഴ’ എന്നു കേൾക്കും.

കഥാകാരനെന്ന നിലയിലും അദ്ദേഹത്തിനു് മലയാളസാഹിത്യത്തിൽ ഒരു സ്ഥാനവുമില്ല. വികാരങ്ങളെ കൃത്രിമമായി തീക്ഷ്ണതയിലേക്കു നയിച്ചു് ഒരുതരം contrived stories എഴുതിയ ആളാണു് അദ്ദേഹം. അദ്ദേഹത്തിന്റെ പേരു കേട്ട “എഞ്ചിൻ ഡിസ്സാട്ടർ” എന്ന കഥയിൽ ദൗർഭാഗ്യമുളവാക്കുന്ന വിഷാദമില്ല, കാത്തു നില്പിന്റെ വൈരസ്യമില്ല. അതുകൊണ്ടു് കലയുടെ ആഹ്ലാദദായകത്വവുമില്ല.

പുളിമാനയുടെ “സമത്വവാദി ” എന്ന നാടകത്തെ മലയാളസാഹിത്യത്തിലെ ആദ്യത്തെ എക്സ്പ്രഷനിസ്റ്റ് നാടകമായി ചിലർ കൊണ്ടാടാറുണ്ടു്. ജർമ്മൻ എക്സ്പ്രഷനിസ്റ്റ് നാടകകർത്താവു് കൈസറു ടെ “Coral”, “Gas” ഈ നാടകങ്ങളുടെ വിലകുറഞ്ഞ ഒരനുകരണമാണു് പുളിമാനയുടെ “സമത്വവാദി.”

പിന്നെ എൻ. കൃഷ്ണപിള്ള അദ്ദേഹത്തിന്റെ രചനകളെ ഉജ്ജ്വലങ്ങളാക്കി അവതരിപ്പിച്ചതെങ്ങനെയെന്ന ചോദ്യമുണ്ടാകാം. കൃഷ്ണപിള്ളസ്സാറിന്റെ നിരൂപണങ്ങൾ അത്യുക്തികൾ കലർന്നവയാണു്. വിശേഷിച്ചും തനിക്കു പരിചയമുള്ളവരുടെ കൃതികളെക്കുറിച്ചു് എഴുതുമ്പോൾ അദ്ദേഹം അതിശയോക്തിയെ ആലിംഗനം ചെയ്തുകൊണ്ടേ ചാടുവാക്കുകൾ പറഞ്ഞിരുന്നുള്ളു. സാറിന്റെ ഏതു അവതാരികയും നോക്കുക. സത്യം അതിൽ കാണുകില്ല. നിരൂപണമെന്ന സാംസ്കാരികപ്രവർത്തനത്തിൽ പത്താംതരക്കാരെ ഒന്നാംതരക്കാരാക്കാൻ ഒരു മടിയുമില്ലായിരുന്നു കൃഷ്ണപിള്ളസ്സാറിനു്. എൻ. ഗോപാലപിള്ള സ്സാറിന്റെ കലാശൂന്യങ്ങളായ കാവ്യങ്ങളുടെ സമാഹാരത്തിനു് അദ്ദേഹമെഴുതിയ അവതാരികയും വിവൃതിയും നോക്കിയാൽ ഞാൻ പറഞ്ഞതിന്റെ സത്യം വായനക്കാർക്കു ബോധപ്പെടും. കാളിദാസ നെയും ഷെയ്ക്സ്പിയറി നെയും കുറിച്ചു പറയുന്ന വാക്കുകളാണു് അദ്ദേഹം എൻ. ഗോപാലപിള്ളയെക്കുറിച്ചു പറയുന്നതു്. “കൈരളിയുടെ കഥ”യിൽ സമകാലികസാഹിത്യകാരന്മാരെക്കുറിച്ചു അദ്ദേഹം എഴുതിയതു വായിച്ചാലും എന്റെ അഭിപ്രായത്തിന്റെ സത്യാത്മകതയെ ചോദ്യം ചെയ്യേണ്ടതായി വരില്ല.

“പുരുഷന്റെ വെറുപ്പിനോ സ്ത്രീയുടെ വെറുപ്പിനോ ശക്തികൂടുതൽ?” “സ്ത്രീയുടെ വെറുപ്പിനു്. അതു ജീവിതകാലത്തു മാറുകയില്ല. അതിനെക്കാൾ വലിയ വെറുപ്പു് ഈ ലോകത്തില്ലതാനും.”

അരശ്ശതാബ്ദത്തിനു മുൻപു് എന്റെ വീട്ടിലൊരാൾ മരിച്ചപ്പോൾ എനിക്കു ഒരു പരിചയവുമില്ലാത്ത എത്രയോ ആളുകൾ അവിടെ ഓടിക്കൂടി. അവരിൽ ഓരോ വ്യക്തിയും അന്തരിച്ച ആളിന്റെ ഗുണഗണങ്ങൾ വർണ്ണിച്ചു. അതൊക്കെ നാട്ടുനടപ്പാണു്. അകാലചരമം പ്രാപിച്ച നല്ല മനുഷ്യൻ പുളിമാന പരമേശ്വരൻപിള്ളയുടെ സാഹിത്യപ്രവർത്തനത്തെക്കുറിച്ചു നല്ല വാക്കുകൾ പറയുന്നതു കൊള്ളാം. എന്റെ വീട്ടിന്റെ പൂമുഖത്തു നിശ്ചേതനമായിക്കിടന്ന ശരീരം ഒരുകാലത്തു ചലനംകൊണ്ടിരുന്ന വേളയിൽ എന്തെല്ലാം പരാക്രമങ്ങൾ കാണിച്ചുവെന്നു് എനിക്കറിയാമായിരുന്നു. അതുകൊണ്ടു മരണമന്വേഷിച്ചെത്തിയവരുടെ ഗുണവർണ്ണനംകേട്ടു് ഞാൻ ഉള്ളിലൊന്നു ചിരിച്ചുപോയി. പുളിമാന പരമേശ്വരൻപിള്ളയുടെ കവിത, കഥ, നാടകം ഇവയെക്കുറിച്ചു് നല്ല വാക്കുകൾതന്നെ പറയട്ടെ. പക്ഷേ, അവയുടെ രഹസ്യമറിയുന്നവർ മന്ദസ്മിതം പൊഴിച്ചാൽ അവരെ കുറ്റപ്പെടുത്തരുതു് (പ്രതിരൂപാത്മകസിദ്ധാന്തക്കാരെ). അനുവാചകർ ഭ്രാന്തന്മാരായി കരുതും. ഇതാണു് മാൻദിൽസ്തെമ്മിന്റെ മതം.

images/JTA.jpg

Major non-fiction എന്നു നിരൂപകർ വാഴ്ത്തുന്ന “Journey to Armenia”, “Conversation about Dante” എന്നീ പ്രബന്ധങ്ങളും ഈ ഗ്രന്ഥമുൾക്കൊള്ളുന്നു. ഈ മഹാകവിയുടെ മുൻപിൽ, അദ്ദേഹത്തിന്റെ പാണ്ഡിത്യത്തിന്റെ മുൻപിൽ, ഉജ്ജ്വലധിഷണയുടെ മുൻപിൽ ഞാൻ ആദരാവനതനായി നില്ക്കുന്നു.

സമുദ്രത്തിൽ സഞ്ചരിക്കുന്നവൻ സന്ദേശമെഴുതി കുപ്പിയിലടച്ചു് മുദ്രവച്ചു് തിരകളിലൊഴുക്കുന്നു. അതു കടപ്പുറത്തു് അടിഞ്ഞുകിടക്കുന്നതു് സംവത്സരങ്ങൾ കഴിഞ്ഞു് ഒരുത്തൻ കാണുന്നു. അതു് കണ്ടയാളിനുള്ളതാണു് ആ സന്ദേശം. അയാൾ “രഹസ്യമേൽവിലാസക്കാര”നായി മാറുന്നു. മാൻദിൽസ്തെമ്മിന്റെ ഈ അലങ്കാര പ്രയോഗം എന്നെസ്സംബന്ധിച്ചും ശരിയാണു്. അദ്ദേഹത്തിന്റെ മനോഹരങ്ങളായ കാവ്യങ്ങളും ഉജ്ജ്വലങ്ങളായ പ്രബന്ധങ്ങളും വായിക്കുന്ന ഞാൻ ഇന്നു് “രഹസ്യമേൽവിലാസക്കാര”നാണു്. സോവിയറ്റ് യൂണിയനിലെ ഏതോ തടങ്കൽപ്പാളയത്തിൽ കഴിയുമ്പോൾ “ഹൃദയസ്തംഭനം വന്നു മരിച്ച” കവേ, ഞാൻ അങ്ങയ്ക്കു നന്ദി പറയുന്നു.

യാഥാതഥ്യം, ഭാവന

വർഷം 1942. തിരുവനന്തപുരത്തെ ജനറലാശുപത്രിയിലെ ഈ. എൻ. റ്റി വിഭാഗത്തിൽ, കാതിനു് അസുഖം വന്ന ഞാൻ ചെന്നു. ഈ. എൻ. റ്റി ഡോക്ടർ പ്രഖ്യാതനായ നാരായണൻ നായർ. ഓരോ രോഗിയായി അകത്തേക്കു പോകുന്നു; കുറച്ചുകഴിഞ്ഞു് മരുന്നെഴുതിയ തുണ്ടുമായി വരുന്നു. എന്റെ ഊഴമായി. ഞാൻ ഹാഫ്ഡോർ തുറന്നു് അകത്തേക്കു കയറാൻ ഭാവിച്ചപ്പോൾ എന്നെ സയൻസ് കോളേജിൽ പഠിപ്പിക്കുന്ന സാറ് പിറകിൽ നില്ക്കുന്നതുകണ്ടു. ഞാൻ വിനയത്തോടെ മാറിനിന്നു് സാറ് “അകത്തേക്കു പോയാട്ടെ” എന്നു പറഞ്ഞു. അദ്ദേഹം പോകാതെ നിന്നു് “No I am timid, No I am timid” എന്നു ആവർത്തിച്ചു പറഞ്ഞു കൊണ്ടിരുന്നു. ഡോക്ടർ ദേഷ്യപ്പെടുമെന്നു വിചാരിച്ചു് ഞാൻ മനസ്സിലാമനസ്സോടെ അകത്തേക്കു പോയി. പരിശോധന കഴിഞ്ഞു് ഞാൻ തിരിച്ചു വരാന്തയിൽ വന്നിട്ടും സാറ് ‘റ്റിമിഡാ’യിത്തന്നെ (ദയശീലമാർന്നു്). അവിടെത്തന്നെ നില്ക്കുകയാണു്. മെല്ലെ ഞാൻ സ്ഥലംവിട്ടു. വർഷങ്ങൾ കഴിഞ്ഞു. സാറ് ഉന്നതോദ്യോഗസ്ഥനായി. പാവപ്പെട്ട കീഴ്ജീവനക്കാരെ നിർദ്ദയം ദൂരെയുള്ള സ്ഥലങ്ങളിലേക്കു മാറ്റി. അവർ കാലിൽവന്നു വീണാലും ദയ കാണിക്കാത്തവനായി. അവർ കരഞ്ഞാൽ കള്ളന്മാരെന്നു വിളിക്കു. നട്ടെല്ലു വളയ്ക്കാതെ അപേക്ഷിച്ചാൽ അഹങ്കാരികൾ എന്ന വിശേഷണം നല്കും. ഈ. എൻ. റ്റി ഡോക്ടറുടെ മുറിയുടെ മുൻപിൽ റ്റിമിഡ് ആയി നിന്ന മനുഷ്യൻ ഒടുവിൽ ക്രൂവലായി മാറി. (Cruel—ക്രൂഎ്ൽ എന്നു ശരിയായ ഉച്ചാരണം.) സാഡിസ്റ്റ് എന്നു് ആളുകൾ അദ്ദേഹത്തെ വിളിച്ചു. ഇങ്ങനെ പരമാധികാരിയായിത്തീർന്ന അദ്ദേഹത്തോടൊരുമിച്ചു് ഞാൻ പല സമ്മേളനങ്ങൾക്കുംപോയി. പോകുമ്പോഴെല്ലാം അദ്ദേഹം പഴയ റ്റിമിഡ് മനുഷ്യനായിത്തന്നെ പെരുമാറിയിരുന്നു.

ഇനി വേറൊരു റ്റൈപ്പ്. ഒരു നേരത്തെ കഞ്ഞികൂടിക്കുപോലും വഴിയില്ലാതെ തിരുവനന്തപുരത്തെത്തിയ ഒരാളിനു് മഹാപണ്ഡിതനായ നാരായണപിള്ള (പേരു് ഇതല്ല) ശങ്കരപ്പിള്ള എന്ന ഡിപ്പാർട്ട്മെന്റ് അധികാരിയോടു പറഞ്ഞു് (പേരു് ഇതല്ല) ജോലി വാങ്ങിക്കൊടുത്തു. അവർ രണ്ടുപേരോടും ആ മനുഷ്യനു വിധേയത്വം വേണ്ടതാണല്ലോ. അതുണ്ടായിരുന്നില്ലെന്നു മാത്രമല്ല അവരെ തൃണവൽഗണിച്ചു് പെരുമാറാനുള്ള മാനസികനിലയും ആർജ്ജിച്ചു. നാരായണപിള്ള ഓഫീസ് ജോലികഴിഞ്ഞു് കാറിൽ കയറാൻ ഭാവിക്കുമ്പോഴായിരിക്കും അയാൾ അവിടെ എത്തുക. ഉടനെ “ഹേ നാരായണപിള്ളേ നിങ്ങളുടെ ആ പുസ്തകമുണ്ടല്ലോ എന്തൊരു ചവറാണതു്!” എന്നു പറയും. ശങ്കരപ്പിള്ളയെയാണു് കാണുന്നതെങ്കിൽ “ശങ്കരപ്പിള്ള നിങ്ങൾ ‘പാലോടുതുല്യരുചി’ എന്നു തുടങ്ങുന്ന ശ്ലോകം വ്യാഖ്യാനിച്ചതു് സർവാബദ്ധമായിപ്പോയി” എന്നു മൊഴിയാടും. ഉപകർത്താക്കളെ എപ്പോഴും നിന്ദിച്ചിരുന്ന ഈ മനുഷ്യൻ എന്റെ വീട്ടിൽ പലപ്പോഴും വരുമായിരുന്നു. ഓരോ തവണയും ‘റ്റിമിഡിറ്റി’യുടെ ഉടലെടുത്ത രൂപമായിട്ടാണു് അദ്ദേഹം പെരുമാറിയതു്.

വാല്മീകി കാവ്യമെഴുതിയതു കടലാസ്സിലല്ലോ. ഭൂർജ്ജപത്രത്തിലാവാം. ആ കവിക്കുശേഷം ശതാബ്ദങ്ങൾ എത്ര കഴിഞ്ഞു. ഇന്നു മനോഹരവും മൃദുലവുമായ കടലാസ്സുണ്ടു്. അതിൽ എഴുതുന്ന കവിത ആദി കാവ്യത്തിന്റെ അടുത്തെങ്ങാനും വരുമോ?

ഈ ലോകത്തു തികഞ്ഞ നന്മയുള്ള മനുഷ്യൻ, തികഞ്ഞ തിന്മയുള്ള മനുഷ്യൻ ഇവരെ കാണില്ല. കുറച്ചു തിന്മയും കൂടുതൽ നന്മയുമുള്ളവനെ നമ്മൾ നല്ലയാൾ എന്നു വിളിക്കും. കുറച്ചു നന്മയും ഏറിയ തിന്മയുമുള്ളയാളെ ചീത്ത മനുഷ്യൻ എന്നു വിളിക്കും. തിന്മയുടെ മൂർത്തിമദ്ഭാവം സാഹിത്യത്തിലേ കാണൂ. അങ്ങനെയുള്ള ഒരു ക്രൂരനെ കാണണമെങ്കിൽ ശ്രീ. എൻ. പ്രഭാകരൻ മാതൃഭൂമി ആഴ്ചപ്പതിപ്പിൽ എഴുതിയ “അക്കരെനിന്നുള്ള പൊന്നു്” എന്ന കഥ വായിച്ചാൽ മതി. ആ ഭയങ്കരൻ കൊലപാതകിയാണു്; മകനെ ആപത്തിലേക്കു തള്ളിവിട്ടിട്ടു് അവന്റെ ഭാര്യയെ സ്വീകരിച്ചവനാണു്. അവളിൽ സന്തത്യുൽപാദനം നടത്തിയവനാണു്. ഒടുവിൽ അവനെത്തിയപ്പോൾ ഏറ്റവും ക്രൂരതയോടെ പെരുമാറിയവനാണു്. കലാപരമായ ദൃഢപ്രത്യയം—കലയിലെ വിശ്വാസം—ഉളവാക്കാൻ കഥാകാരനു് കഴിയുന്നില്ലെങ്കിലും അദ്ദേഹത്തിന്റെ ആഖ്യാനപാടവം ആ ദൗർബ്ബല്യത്തെ മറച്ചുകളയുന്നു. യാഥാതഥ്യത്തിന്റെ തലത്തിൽ കഥയുടെ തുടക്കം. പിന്നീടു് ഒരു മുന്നറിയിപ്പുമില്ലാതെ ഫാന്റസിയിലേക്കു ഒരു ഹനുമാൻചാട്ടം. നടുക്കടലിലെ തുരുത്തിൽനിന്നു പൊന്നു കൊണ്ടുവരാൻ മകനെ പറഞ്ഞയച്ചിട്ടാണു് അവന്റെ ഭാര്യയെ അയാൾ പ്രാപിക്കുന്നതു്. പിന്നീടു് മരുമകളുടെ അല്ല ഭാര്യയുടെ ‘ഡെലിവറി’ പലതവണ കഴിഞ്ഞു. അപ്പോഴുണ്ടു് മകൻ അപ്പാ എന്നു വിളിച്ചുകൊണ്ടു് കടൽക്കരയിൽ പൊന്നുമായി എത്തുന്നു. അവനെ അയാളും മരുമോളും കൂടി കൊന്നു. കടലിലേക്കു് എറിഞ്ഞു എന്നു സാരം. യാഥാതഥ്യത്തിന്റെ തലത്തിൽനിന്നു് അവാസ്തവികതയുടെ തലത്തിലേക്കുള്ള ഈ മാറ്റത്തിനു കലയ്ക്കുവേണ്ട സ്വാഭാവികതയില്ല എന്നതാണു് ഇക്കഥയുടെ ന്യൂനത. പ്രഭാകരന്റെ ടെക്നിക്ക് നന്നു്. ഇടയ്ക്കിടയ്ക്കു വായനക്കാരോടു നേരിട്ടുകയറി അതുമിതും പറയുന്ന രീതി പിരിമുറുക്കത്തിനു ലഘുത്വം വരുത്തി വരാൻ പോകുന്ന ദുരന്തത്തിന്റെ തീക്ഷണത കൂട്ടാൻ പ്രയോജനപ്പെടുന്നു. പക്ഷേ, ഈ ടെക്നിക്തന്നെ വേറൊരു കഥയിലും പ്രഭാകരൻ പ്രയോഗിച്ചുവെന്നാണു് എന്റെ ഓർമ്മ. ആവർത്തനം ക്ഷീരബലയ്ക്കു കൊള്ളാം. കഥയ്ക്കു നല്ലതല്ല; സാഹിത്യവാരഫലത്തിനും നല്ലതല്ല.

images/PGWodehouse.jpg
പി. ജി. വുഡ്ഹൗസ്

ഹാസ്യസാഹിത്യകാരൻ പി. ജി. വുഡ്ഹൗസി നു് മുൻപു പറഞ്ഞ കാതരഭാവം ഉണ്ടായിരുന്നതായി ജീവചരിത്രകാരന്മാർ എഴുതിയിട്ടുണ്ടു്. വീടു വാടകയ്ക്കെടുക്കാൻ ഭാര്യയോടു നിർദ്ദേശിച്ചപ്പോൾ അദ്ദേഹം പറഞ്ഞുപോലും: താഴത്തെ നില മതി. അതിന്റെ കാരണമന്വേഷിച്ച ഭാര്യയോടു വുഡ്ഹൗസ് പറഞ്ഞതു് എനിക്കു് ലിഫ്റ്റ് ബോയിയോടു എന്താണു പറയേണ്ടതെന്നു് അറിഞ്ഞുകൂടാ എന്നാണു്. സ്ക്കൂളിൽ മകളെ വിളിക്കാൻ പോയാൽ ഹെഡ്മിസ്റ്റ്രസിനോടു സംസാരിക്കണമല്ലോ എന്നു വിചാരിച്ചു് അദ്ദേഹം ഒഴിഞ്ഞുനില്ക്കും. വുഡ്ഹൗസ് എന്റെ സാറിനെപ്പോലെ പില്ക്കാലത്തു് പാവപ്പെട്ടവരെ സ്ഥലംമാറ്റി കഷ്ടപ്പെടുത്താത്തതു് അദ്ദേഹത്തിനു് ആ ജോലി ഇല്ലാതിരുന്നതിനാലാണു്. എങ്കിലും ജർമ്മനിയിൽ തടവുകാരനായി കഴിഞ്ഞുകൂടിയ അദ്ദേഹം ഹിറ്റ്ലർക്കുവേണ്ടി റേഡിയോ പ്രഭാഷണങ്ങൾ നടത്തിയെന്നു കേട്ടു. ജീവൻ സംരക്ഷിക്കുന്നതിനാകാം അല്ലെങ്കിൽ ‘റ്റിമിഡിറ്റി’യുടെ മറുപുറമായ ക്രൂരതയാലുമാകാം.

ചോദ്യം, ഉത്തരം

ചോദ്യം: രംഭ, തിലോത്തമ, ഉർവ്വശി ഇവരുടെയെല്ലാം വേഷമെന്താണു്? അവർ സാരിയാണോ ഉടുക്കാറു്?

ഉത്തരം: സാൽവാർ, കമ്മീസ് ഇവയാണു് അവർ ധരിക്കുക. വേണമെങ്കിൽ സ്വർഗ്ഗത്തു ചെന്നുനോക്കൂ. ദേവേന്ദ്രന്റെ മുൻപിലൂടെ അവർ ആ വേഷം ധരിച്ചു് നടക്കുന്നതു കാണാം.

ചോദ്യം: പുരുഷന്റെ വെറുപ്പിനോ സ്ത്രീയുടെ വെറുപ്പിനോ ശക്തി കൂടുതൽ?

ഉത്തരം: സ്ത്രീയുടെ വെറുപ്പു്. അതു ജീവിതകാലത്തു മാറുകില്ല. അതിനെക്കാൾ വലിയ വെറുപ്പു് ഈ ലോകത്തില്ലതാനും.

ചോദ്യം: വിവാഹസദ്യയല്ലേ ഏറ്റവും വൃത്തികെട്ട ഏർപ്പാടു് ?

ഉത്തരം: അല്ല. സമ്മാനങ്ങളായി സ്റ്റീൽപ്പാത്രങ്ങൾ പൊതിഞ്ഞുപിടിച്ചുകൊണ്ടുള്ള ആളുകളുടെ ആഗമനംപോലെ വൃത്തികെട്ടതായി വേറെ ഒന്നുമില്ല.

ചോദ്യം: അമ്പലങ്ങളിൽപ്പോയി പ്രാർത്ഥിക്കുന്നതുകൊണ്ടു വല്ല പ്രയോജനവുമുണ്ടോ?

ഉത്തരം: ഇന്നുവരെ ഈശ്വരൻ ഒരു പ്രാർത്ഥനയും കേട്ടിട്ടില്ല. ആക്ഷനു റീയാക്ഷനുണ്ടു്. നല്ല കാര്യങ്ങൾ ചെയ്താൽ നല്ല ഫലങ്ങളുണ്ടാവും. ചീത്തക്കാര്യങ്ങൾക്കു ചീത്ത ഫലങ്ങളും. ദുഷ്ടത കാണിച്ചിട്ടു് എന്നും അമ്പലത്തിൽ പോയതു കൊണ്ടു് പ്രയോജനമില്ല. സ്വഭാവഗുണമുള്ള നിരീശ്വരനു് ഒരാപത്തും സംഭവിക്കില്ല.

ചോദ്യം: നിങ്ങൾക്കു് ഇനിയും വിദേശയാത്രയുണ്ടോ? മസ്കറ്റ് പുരാണങ്ങൾപോലുള്ള പുരാണങ്ങൾ ഇനിയും വന്നേക്കുമോ എന്നു പേടിച്ചാണു് ചോദിക്കുന്നതു്.

ഉത്തരം: ഇനി ഒരു വിദേശയാത്രകൂടിയുണ്ടു്. അതു നടത്താനുള്ള സമയം ഏറെക്കഴിഞ്ഞു. ആ യാത്ര പോയാൽ തിരിച്ചുവരിക എന്ന ഏർപ്പാടുണ്ടാവുകയില്ല.

ചോദ്യം: ആറും ഏഴും നിലകളുള്ള മാളികകൾ പണിയുന്നവരെക്കുറിച്ചു് എന്തു പറയുന്നു നിങ്ങൾ?

ഉത്തരം: To build means to conquer emptiness, to hypnotize space. The handsome arrow of the Gothic belltower rages because its function is to stab the sky, to reproach it for its emptiness.—Osip Mandelstam.

ചോദ്യം: കടം വാങ്ങുക, കടം കൊടുക്കുക ഇവ രണ്ടും നിഷിദ്ധമല്ലേ?

ഉത്തരം: ഒരിക്കൽ വക്കം അബ്ദുൾ ഖാദറു മായി ഞാൻ തിരുവനന്തപുരത്തെ മ്യൂസിയം പാർക്കിലിരുന്നപ്പോൾ അദ്ദേഹം സംഭാഷണമധ്യേ എന്നോടു ചോദിച്ചു. “ഞാൻ നിങ്ങളെ കുത്തിക്കൊല്ലുകയില്ല എന്നതിനു് എന്താണുറപ്പു് നിങ്ങൾക്കു്?” മറുപടി പറയാതിരുന്ന എന്നോടു് അദ്ദേഹം വീണ്ടും പറഞ്ഞു: “Faith. ഈ വിശ്വാസമാണു് ലോകത്തെ ഭരിക്കുന്നതു്.” ഇതില്ലെങ്കിൽ ജീവിക്കാനാവുകയില്ല. പണമുണ്ടെങ്കിൽ കടം കൊടുക്കു. ഉള്ളവനോടു് വേണ്ടിവന്നാൽ ചോദിക്കൂ. കിട്ടിയാലുമില്ലെങ്കിലും വിശ്വാസം ജയിക്കും.

ചിന്ത

ഭൂർജ്ജപത്രം കടലാസ്സിലേക്കു പുരോഗമിച്ചാലും ഒറ്റക്കമ്പിയുള്ള ഉപകരണം ഓർക്കിസ്റ്റ്രയായി വികസിച്ചാലും കലയിൽ പുരോഗമനമില്ല.

വാല്മീകി കാവ്യമെഴുതിയതു കടലാസ്സിലല്ലല്ലോ. ഭുർജ്ജപത്രത്തിലാവാം. ആ കവിക്കു ശേഷം ശതാബ്ദങ്ങൾ എത്രകഴിഞ്ഞു. ഇന്നു മനോഹരവും മൃദുലവുമായ കടലാസ്സുണ്ടു്. അതിൽ എഴുതുന്ന കവിത ആദ്യകാവ്യത്തിന്റെ അടുത്തെങ്ങാനും വരുമോ? പണ്ടു് എസ്. ജി. കിട്ടപ്പ പാടിയിരുന്നു. പിറകെ ശ്രുതിയിടുന്ന ഒരുത്തൻ മാത്രം. മൃദംഗക്കാരനും കാണും. ഇപ്പോൾ ആരെങ്കിലും പാടുമ്പോൾ എന്തെല്ലാമാണു് അയാളുടെ പിറകിൽ അണിനിരക്കുന്നതു്. ഇറുകിപ്പിടിച്ച ട്രൗസേഴ്സ് ഇട്ടുകൊണ്ടു് വളഞ്ഞ കുഴൽ ഊതുന്ന ഒരുത്തൻ. കൊല്ലപ്പണിക്കാരന്റെ ആലയിൽ തീ പെരുക്കാൻ ഉപയോഗിക്കുന്ന തോലുപകരണംപോലെ മടക്കുകളുള്ള ഒരു തോൽസ്സഞ്ചി ഒരുത്തൻ വലിച്ചുനീട്ടുന്നു. കുറുക്കുന്നു. വേറൊരുത്തൻ മൂക്കിനടുത്തു എന്തോ വച്ചുകൊണ്ടു മ്യൂ മ്യൂ എന്നു കേൾപ്പിക്കുന്നു. കമ്പിയിൽ തട്ടംവച്ചു് ഉപകരണങ്ങൾ ഏറെ. ഓരോസമയം പല തട്ടങ്ങളിൽ തട്ടി ശബ്ദമുണ്ടാക്കുന്നു വേറൊരുത്തൻ. ഒട്ടിയ ചന്തി പ്രേക്ഷകരെ കാണിച്ചുകൊണ്ടു് ഒരുത്തൻ നൃത്തത്തിന്റെ മട്ടിൽ ചില ഗോഷ്ടികൾ കാണിക്കുന്നു. ഇങ്ങനെ പറയാൻ തുടങ്ങിയാൽ അന്തമില്ല. ഇവയെക്കാളൊക്കെ അസഹ്യം ഒരുത്തൻ അവർക്കു് അഭിമുഖമായിനിന്നു് പ്രേക്ഷകരെ പിറകുവശം കാണിച്ചുകൊണ്ടു് കാണിക്കുന്ന അംഗവിക്ഷേപങ്ങളാണു്. ശരീരം വളച്ചു കൈകൾ താഴ്ത്തുന്നു. പെട്ടെന്നു് നിവർന്നു കൈകൾ ഉയർത്തുന്നു. വലത്തോട്ടു ചരിയുന്നു. ഇടത്തോട്ടു വളയുന്നു. കണ്ടക്റ്റർ എന്നാണത്രേ ഈ ഗോഷ്ടിക്കാരന്റെ പേരു്. ഫലമോ? പാട്ടു നന്നാവുന്നുണ്ടോ? ഇല്ലേയില്ല.

കിട്ടപ്പയുടെ പാട്ടു് ശ്രോതാക്കളുടെ കാതുകളിൽ അമൃതവർഷം നടത്തുന്നു. ആധുനികന്റെ പാട്ടു വിഷമൊഴിക്കുന്നു. ഭൂർജ്ജപത്രം കടലാസ്സിലേക്കു പുരോഗമിച്ചാലും ഒറ്റക്കമ്പിയുള്ള ഉപകരണം ഓർക്കിസ്റ്റ്രയായി വികസിച്ചാലും കലയിൽ പുരോഗമനമില്ല.

ഭ്രാന്തൻ

“ഞാനെങ്ങനെ ഭ്രാന്തനായിയെന്നു് നിങ്ങളെന്നോടു ചോദിക്കുന്നു. അതു സംഭവിച്ചതു് ഇങ്ങനെയാണു്: ഒരുദിവസം, പല ഈശ്വരന്മാർ ജനിക്കുന്നതിനുമുൻപു് ഞാൻ അഗാധനിദ്രയിൽ നിന്നുണർന്നു. എന്റെ മുഖാവരണങ്ങളെല്ലാം മോഷ്ടിക്കപ്പെട്ടുവെന്നു കണ്ടു.

ഞാൻ രൂപം നല്കിയ ഏഴു മുഖാവരണങ്ങൾ. ഏഴു ജീവിതങ്ങളിൽ ഞാനുപയോഗിച്ച മുഖാവരണങ്ങൾ. ജനക്കൂട്ടമുള്ള തെരുവുകളിലൂടെ കള്ളന്മാർ, കള്ളന്മാർ, ശപിക്കപ്പെട്ട കള്ളന്മാർ എന്നു ഉറക്കെ വിളിച്ചുകൊണ്ടു മുഖാവരണമില്ലാതെ ഞാൻ ഓടി.

പുരുഷന്മാരും സ്ത്രീകളും എന്നെ നോക്കിച്ചിരിച്ചു. ചിലർ എന്നെപ്പേടിച്ചു് അവരുടെ വീടുകളിലേക്കു ഓടിക്കയറി.

images/SGKittappa.jpg
എസ്. ജി. കിട്ടപ്പ

ചന്തസ്ഥലത്തു ഞാൻ ചെന്നപ്പോൾ വീട്ടിന്റെ മേൽക്കൂരയിൽ കയറിനിന്നുകൊണ്ടു് ഒരു യുവാവു് വിളിച്ചുപറഞ്ഞു. അവൻ ഭ്രാന്തനാണു്. അവനെ കാണാനായി ഞാൻ തലയുയർത്തിനോക്കി; സൂര്യൻ എന്റെ നഗ്നമായ മുഖം ആദ്യമായി ചുംബിച്ചു. ആദ്യമായി സൂര്യൻ എന്റെ നഗ്നമായ മുഖം ചുംബിച്ചു; സൂര്യനോടുള്ള സ്നേഹത്താൽ എന്റെ ആത്മാവു ജ്വലിച്ചു. എനിക്കു മുഖാവരണങ്ങൾ വേണ്ടെന്നായി. മോഹനിദ്രയിൽപെട്ടവനെപ്പോലെ ഞാൻ ഉദ്ഘോഷിച്ചു. എന്റെ മുഖാവരണങ്ങൾ മോഷ്ടിച്ച കള്ളന്മാർ അനുഗ്രഹിക്കപ്പെട്ടവർ, അനുഗ്രഹിക്കപ്പെട്ടവർ.

അങ്ങനെ ഞാൻ ഭ്രാന്തനായി.

അങ്ങനെ എന്റെ ഭ്രാന്തിൽ ഞാൻ സ്വാതന്ത്ര്യവും സുരക്ഷിതത്വവും കണ്ടു; ഏകാന്തതയിൽ നിന്നുള്ള സ്വാതന്ത്ര്യം. എന്നെ അന്യർ മനസ്സിലാക്കുന്നതിൽനിന്നുള്ള സ്വാതന്ത്ര്യം നമ്മളെ മനസ്സിലാക്കിയാൽ നമ്മിലുള്ള ഏതോ ചിലതിനെ അവർ അടിമപ്പെടുത്തുകയാവുമല്ലോ.

എങ്കിലും എന്റെ സുരക്ഷിതത്വത്തിൽ ഞാൻ കൂടുതൽ അഭിമാനംകൊള്ളാതിരിക്കട്ടെ. കാരാഗൃഹത്തിൽ കിടക്കുന്ന കള്ളൻപോലും മറ്റൊരു കള്ളനിൽനിന്നു സുരക്ഷിതത്വമാർജ്ജിച്ചവനാണല്ലോ.”

images/KahlilGibran1913.jpg
ജിബ്രാൻ

ജിബ്രാന്റെThe Madman ” എന്ന കാവ്യഗ്രന്ഥത്തിലെ ആദ്യത്തെ കവിതയാണിതു്. നീച്ചേ യുടെ “Thus spoke Zarathustra ” എന്ന ഗ്രന്ഥത്തിന്റെ സ്വാധീനശക്തി ഇതിൽ ദൃശ്യമാണു്. മനുഷ്യൻ സത്യാത്മകതയിലല്ല ജീവിക്കുന്നതു്, അസത്യത്തിന്റെ മുഖാവരണം അവൻ ധരിച്ചിരിക്കുന്നു എന്നു ജിബ്രാൻ കരുതുന്നു. മുഖാവരണങ്ങൾ നഷ്ടപ്പെട്ടപ്പോൾ അവൻ സൂര്യനാകുന്ന ആധ്യാത്മികതേജസ്സിനെ സാക്ഷാത്കരിക്കുന്നു. ഇമ്മട്ടിൽ ബഹുജനത്തിൽ നിന്നകന്നു് സത്യസാക്ഷാത്കാരം നിർവഹിച്ചവനെ ഭ്രാന്തനായി ആ ബഹുജനം കരുതും. അവനെ കല്ലെറിയും, വേണമെങ്കിൽ നിഗ്രഹിക്കും. ശ്രീ. കാക്കനാടന്റെ “ഉരുളുന്ന പാറകൾ” എന്ന ചെറുകഥയിൽ സത്യസാക്ഷാത്കാരം നേടിയ ഒരു ഭ്രാന്തനെ കാണാം. അയാൾ യഥാർത്ഥത്തിൽ ഭ്രാന്തനല്ല. മറ്റുള്ളവരാണു് അയാളെ ഭ്രാന്തനാക്കുന്നതു്. സങ്കുചിതമായ വീക്ഷണഗതിയിൽ നിന്നുയർന്നു വിശാലവീക്ഷണഗതിയിലേക്കു ചെല്ലാനുള്ള ആഹ്വാനം ഇക്കഥയിൽനിന്നു നിപുണശ്രോത്രങ്ങൾക്കു കേൾക്കാം. കാക്കനാടൻ വരച്ച ഭ്രാന്തന്റെ ചിത്രം നന്നു്. എങ്കിലും നൂതനങ്ങളായ അനുഭവമണ്ഡലങ്ങളെ അദ്ദേഹം കഥയിൽ ചിത്രീകരിക്കണമെന്നാണു വായനക്കാരനായ എന്റെ അഭിലാഷം.

ബഹുജനം പലവിധം
  1. പുതിയ കഥാകാരന്മാർ, പുതിയ കവികൾ, പുതിയ നിരൂപകർ ഇവരെ നേരിട്ടു ഞാൻ കാണാറില്ല. എന്റെ പേടിസ്സ്വപ്നങ്ങളിൽ അവരെ കാണാറുണ്ടു്.
  2. മഹാകവിത്രയമാരെന്നു് പ്രശസ്തനായ ഒരു കവി എന്നോടു ചോദിച്ചു. “എന്താ സാർ, ആശാൻ, വള്ളത്തോൾ, ഉള്ളൂർ ഇവരല്ലേ? കൊച്ചുകുഞ്ഞിനുപോലും ഇതറിയാമല്ലോ. സാറെന്താ അങ്ങനെ ചോദിച്ചതു്” എന്നു ഞാൻ. “നിങ്ങൾ പറഞ്ഞതു തെറ്റു്. ഇപ്പോഴത്തെ മഹാകവിത്രയം എഴുത്തച്ഛൻ, കുമാരനാശാൻ, വൈലോപ്പിള്ളി ഇവരാണെന്നാണു് നൂതന നിരൂപകർ എഴുതുന്നതു്. ആ പേരുകൾ മെരിറ്റ് അനുസരിച്ചല്ല. തിരിച്ചു പറയണം. വൈലോപ്പിള്ളിയെക്കാൾ മോശപ്പെട്ട കവി കുമാരനാശാൻ. കുമാരനാശാനെക്കാൾ മോശപ്പെട്ട കവി എഴുത്തച്ഛൻ.” ഇതു് അദ്ദേഹം പറഞ്ഞപ്പോൾ എന്റെ ഈയർ ഡ്രം മാത്രമല്ല, റ്റെലിഫോണും പൊട്ടിപ്പോയി.
  3. ഇടപ്പള്ളി രാഘവൻപിള്ള യുടെ ആത്മഹത്യയെക്കുറിച്ചു് ഞാൻ ഫലിതരസികനായ കെ. ദാമോദരനോടു് (കേരളകൗമുദി പത്രാധിപർ കെ. സുകുമാരന്റെ സഹോദരൻ) സംസാരിച്ചപ്പോൾ അദ്ദേഹം പറഞ്ഞു: അവിവാഹിതർക്കു് ആത്മഹത്യ ചെയ്യേണ്ട കാര്യം വല്ലതുമുണ്ടോ?
  4. സാധനങ്ങളുടെ വിലക്കൂടുതൽ കാരണം താൻ കേരളംവിട്ടു പഞ്ചാബിലേക്കു പോകുകയാണെന്നു് ഒരു സ്നേഹിതൻ പാളയം മാർക്കറ്റിൽ വച്ചു് എന്നോടു പറഞ്ഞു. “അതെന്തു? പഞ്ചാബിൽ വിലക്കുറവുണ്ടോ” എന്നു എന്റെ ചോദ്യം. “അവിടെച്ചെന്നാൽ ഭീകരന്റെ വെടിയേറ്റു അങ്ങു ചാകാമല്ലോ, കേരളത്തിലെ ജീവിതത്തെക്കാൾ പഞ്ചാബിൽവച്ചുള്ള മരണമാണു് നല്ലതു്” എന്നു് അദ്ദേഹത്തിന്റെ ഉത്തരം. “പോകുമ്പോൾ എന്നെക്കൂടി കൊണ്ടുപോകണേ” എന്നു് എന്റെ അപേക്ഷയും.

Colophon

Title: Sāhityavāraphalam (ml: സാഹിത്യവാരഫലം).

Author(s): M Krishnan Nair.

First publication details: Kalakaumudi Weekly; Trivandrum, Kerala; 1992-03-01.

Deafult language: ml, Malayalam.

Keywords: M Krishnan Nair, Sahityavaraphalam, Weekly Lietrary Column, സാഹിത്യവാരഫലം, എം കൃഷ്ണൻ നായർ, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: October 7, 2022.

Credits: The text of the original item is copyrighted to J Vijayamma, author’s inheritor. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-NC-SA 4​.0). Any reuse of the material should credit the Sayahna Foundation, only noncommercial uses of the work are permitted and adoptations must be shared under the same terms.

Production history: Data entry: MS Aswathi; Proofing: Abdul Gafoor; Typesetter: JN Jamuna; Digitizer: KB Sujith; Encoding: JN Jamuna.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.