സാഹിത്യവാരഫലം
എം കൃഷ്ണൻ നായർ
(കലാകൗമുദി വാരിക, 1992-05-17-ൽ പ്രസിദ്ധീകരിച്ചതു്)

മഹാനായ ചക്രവർത്തി—അശോകൻ — പാടലിപുത്ര നഗരത്തിൽ മന്ത്രിമാരോടും സൈന്യത്തോടും കൂടിനില്ക്കുകയായിരുന്നു. മഹാനദിയായ ഗംഗ സമീപത്തായി ഒഴുകുകയാണു്. അതിനെ നോക്കിക്കൊണ്ടു് അശോകൻ മന്ത്രിമാരോടു ചോദിച്ചു: ശക്തിയാർജ്ജിച്ച ഈ ഗംഗയെ മേലോട്ടു ഒഴുക്കാൻ ആർക്കു സാധിക്കും? ‘പ്രഭോ, അതിനാർക്കും കഴിയില്ല’ എന്നായിരുന്നു അവരുടെ മറുപടി. അപ്പോൾ ഗംഗയുടെ തീരത്തു വേശ്യയായ ബിന്ദുമതി നില്ക്കുകയായിരുന്നു. അവൾ ചക്രവർത്തിയോടു പറഞ്ഞു: “രാജൻ, ഞാൻ ഈ നഗരത്തിലെ വേശ്യയാണു്. സൗന്ദര്യം വിറ്റാണു ഞാൻ ജീവിക്കുന്നതു്. സത്യപ്രവർത്തനംകൊണ്ടു് എനിക്കു് ഗംഗയെ മേലോട്ടു് ഒഴുക്കാനാവും.” അവൾ അതു പറഞ്ഞുതീരാത്ത താമസം ഗംഗ ഗർജ്ജിച്ചുകൊണ്ടു് മേലോട്ടു് ഒഴുകി. ചക്രവർത്തി അത്ഭുതപരവശനായി ബിന്ദുമതിയോടു ചോദിച്ചു ഗംഗയെ മേലോട്ടു് ഒഴുക്കിയതിന്റെ പിന്നിലുള്ള ശക്തിയേതെന്നു്, “സത്യത്തിന്റെ ശക്തി” എന്നായിരുന്നു അവളുടെ മറുപടി. സത്യത്തിന്റെ ശക്തി, സത്യപ്രവർത്തനം ഇതിനെ വിശദീകരിക്കാൻ അശോകൻ അവളോടു് ആവശ്യപ്പെട്ടു. അവൾ പറഞ്ഞു: “രാജൻ എനിക്കു പണം തരുന്നവൻ ആരുമാകട്ടെ. ക്ഷത്രിയനോ ബ്രാഹ്മണനോ വൈശ്യനോ ആകട്ടെ. ഞാൻ അവർക്കു തമ്മിൽ ഒരു വ്യത്യാസവും കല്പിക്കില്ല. ശൂദ്രനെ ഞാൻ പുച്ഛിക്കുകയേയില്ല. പണം തരുന്നവനു ഞാൻ സേവനമനുഷ്ഠിക്കും. ഇതാണു് എന്റെ സത്യപ്രവർത്തനം. ഇതുകൊണ്ടാണു് ഞാൻ ഗംഗയെ മേലോട്ടു് ഒഴുക്കിയതു്.”

images/HeinrichZimmer1933.jpg
ഹൈൻറിഹ് റ്റ്സിമെർ

ഓരോരുത്തരും സ്വന്തം ധർമ്മത്തിൽനിന്നു് വ്യതിചലിക്കാതെ പ്രവർത്തിക്കുന്നതാണു് സത്യപ്രവർത്തനം എന്നത്രേ ഇതിന്റെ അർത്ഥം. ഇതു ഭാരതത്തിന്റെ സവിശേഷതയാണെന്നു് “Philosophies of India” എന്ന വിശിഷ്ടമായ പുസ്തകത്തിന്റെ കർത്താവായ ഹൈൻറിഹ് റ്റ്സിമെർ (Heinrich Zimmer) പറയുന്നു. ഈ സത്യശക്തിയാണു് ഗാന്ധിജി ക്കു് അവലംബമരുളിയതെന്നും അദ്ദേഹത്തിനു് അഭിപ്രായമുണ്ടു്. യന്ത്രവത്കൃതവും വ്യവസായശക്തവും ആയ ബ്രിട്ടീഷ് ഗവൺമെന്റിനെ ഇന്ത്യയിൽനിന്നു് ഗാന്ധിജി ബഹിഷ്കരിച്ചു. സൈനികശക്തിയിൽ അദ്വിതീയം; രാഷ്ട്രവ്യവഹാരശക്തിയിൽ നിസ്തുലം. ഇങ്ങനെയുള്ള ബ്രിട്ടീഷ് സർക്കാരിനെ സത്യാഗ്രഹത്താൽ (സത്യത്തോടുള്ള സുശക്തമായ ആസക്തിയാൽ) അദ്ദേഹം പരാജയപ്പെടുത്തി. സത്യം കൈവെടിഞ്ഞ ബ്രിട്ടീഷ് സർക്കാർ ‘അസത്’ ആയിത്തീർന്നു. മരിച്ച അതിനെ ഒരു സമുന്നത സത്യംകൊണ്ടു് ഛേദിച്ചെറിയുകയാണു് ഗാന്ധിജി ചെയ്തതു്. ഈ പ്രൗഢമായ ആശയപ്രദർശനം റ്റ്സിമെറിന്റേതാണു്. ഇമ്മട്ടിൽ ഗഹനവും ഉജ്ജ്വലവുമാണു് അദ്ദേഹത്തിന്റെ ഗ്രന്ഥം. അതു പൂർണ്ണമാക്കുന്നതിനുമുൻപു് അദ്ദേഹം ഈ ലോകം വിട്ടുപോയി. ആ കുറിപ്പുകളെ വേണ്ടവിധത്തിൽ എഡിറ്റ് ചെയ്തു് ജോസഫ് കംബെൽ മുൻപു പ്രസാധനം ചെയ്തു. അതിപ്പോൾ ഇന്ത്യയിൽ പ്രസിദ്ധപ്പെടുത്തിയിരിക്കുന്നു. ഭാരതീയദർശനങ്ങളെക്കുറിച്ചു് മഹാന്മാർ എഴുതിയ പല ഗ്രന്ഥങ്ങളും ഞാൻ വായിച്ചിട്ടുണ്ടു്. എന്നാൽ അവയിലൊന്നിനും റ്റ്സിമെറിന്റെ ഗ്രന്ഥത്തിനുള്ള ഔജ്ജ്വല്യമില്ല. ദുർഗ്രഹങ്ങളായ ദാർശനിക തത്ത്വങ്ങളെ അനതിവിസ്തരമായി, സ്പഷ്ടമായി ആവിഷ്കരിക്കുന്നതിന്റെ വൈദഗ്ദ്ധ്യമറിയണമെങ്കിൽ ഇപ്പുസ്തകം വായിക്കണം. ചുരുക്കി എന്തെങ്കിലുമെഴുതുന്നതിനെക്കാൾ ഗ്രന്ഥം മുഴുവൻ ഇവിടെ പകർത്താനാണു് എനിക്കു താല്പര്യം. ദൗർഭാഗ്യത്താൽ അതിനു സ്ഥലമില്ലല്ലോ.

(Philosophies of India—By Heinrich Zimmer—Edited by Joseph Campbell—Motilal Banarsidass, Delhi— Rs 175).

“നിങ്ങളുടെ മലയാള സാഹിത്യത്തെ വിശ്വസാഹിത്യമെന്നു വിളിക്കാമോ?” “വിളിക്കാമല്ലോ. പുസ്തകങ്ങളുടെ പുറംചട്ടയിലും ‘ആനാലും എൻപിള്ളയല്ല വാ’ എന്ന മാനസിക നിലയോടുകൂടി പുസ്തകനിരൂപണം നിർവഹിക്കുന്നവരുടെ വാക്യങ്ങളിലും വിശ്വസാഹിത്യമായി മലയാളസാഹിത്യം ചെന്നു നില്ക്കുന്നുണ്ടല്ലോ.”

ഒരു സത്യപ്രവൃത്തികൂടിയാകട്ടെ. യജ്ഞദത്തനെ സർപ്പം ദംശിച്ചു. അവന്റെ അച്ഛനമ്മമാർ അവനെ ഒരു സന്ന്യാസിയുടെ കാല്ക്കൽകൊണ്ടു കിടത്തിയിട്ടു രക്ഷിക്കാൻ അപേക്ഷിച്ചു. താൻ വൈദ്യനല്ലെന്നു പറഞ്ഞു് അദ്ദേഹം ഒഴിഞ്ഞു. അപ്പോൾ സത്യപ്രവർത്തനം നടത്തൂ എന്നായി മാതാപിതാക്കന്മാർ. ‘ശരി, അതാകാം’ എന്നു പറഞ്ഞു സന്ന്യാസി യജ്ഞദത്തന്റെ തലയിൽ കൈവച്ചു പറഞ്ഞു: “ഞാൻ ഒരാഴ്ച മാത്രമേ പാവനമായ ജീവിതം നയിച്ചുള്ളൂ. അതിനുശേഷമുള്ള അമ്പതുകൊല്ലവും ഞാൻ മനഃസാക്ഷിക്കെതിരായിട്ടാണു് ജീവിച്ചതു്. ഈ സത്യത്താൽ വിഷം താഴട്ടെ. യജ്ഞദത്തൻ ജീവിക്കട്ടെ.” ഉടനെ വിഷം നെഞ്ചിൽനിന്നു ഭൂമിയിലേക്കു പോന്നു. കടിയേറ്റവന്റെ അച്ഛൻ മകന്റെ തലയിൽ കൈവച്ചു പറഞ്ഞു: “ഒരിക്കലും അന്യൻ വീട്ടിൽ വരുന്നതു് എനിക്കിഷ്ടമായിരുന്നില്ല. പക്ഷേ, എന്റെ ഇഷ്ടക്കേടു് സന്ന്യാസിമാരും ബ്രാഹ്മണരും അറിഞ്ഞതേയില്ല. ഈ സത്യത്താൽ വിഷം താഴട്ടെ. യജ്ഞദത്തൻ ജീവിക്കട്ടെ.” വിഷം ഉടനെ ഭൂമിയിലേക്കു താഴ്‌ന്നുചെന്നു. കടിയേറ്റവന്റെ അമ്മയോടു സത്യപ്രവൃത്തി ചെയ്യാൻ അവളുടെ ഭർത്താവു് ആവശ്യപ്പെട്ടു. “എനിക്കു് ഒരു സത്യം പറയേണ്ടതുണ്ടെങ്കിലും നിങ്ങളുടെ സാന്നിദ്ധ്യത്തിൽ അതു വയ്യ” എന്നായി ആ സ്ത്രീ. “മകനെ ജീവിപ്പിക്കൂ” എന്നു ഭർത്താവു പറഞ്ഞപ്പോൾ അവൾ സത്യപ്രവർത്തനം നടത്തി: “മാളത്തിൽനിന്നു പുറത്തുവന്നു്, മകനേ, നിന്നെക്കടിച്ച ഈ പാമ്പിനെക്കാൾ ഞാൻ നിന്റെ അച്ഛനെ വെറുക്കുന്നു. ഈ സത്യത്താൽ വിഷം താഴട്ടെ. യജ്ഞദത്തൻ ജീവിക്കട്ടെ” ശേഷിച്ച വിഷം ഭൂമിയിലേക്കു താഴ്‌ന്നുപോയി. യജ്ഞദത്തൻ എഴുന്നേറ്റു് നടക്കാൻ തുടങ്ങി. ഈ ഉജ്ജ്വലമായ കഥ റ്റ്സിമെറിന്റെ ഗ്രന്ഥത്തിലുള്ളതാണു്. ഇതൊക്കെ വായിക്കുമ്പോൾ എനിക്കു എന്തൊരു മാനസികോന്നമനമാണു്!

മൗനം ഭൂഷണം
images/POI.jpg

ഞാനിന്നു താമസിക്കുന്നതു് ചെറിയ വീട്ടിലാണു്. ഇതിനെക്കാൾ ചെറിയ വീടുകളിലേ പണ്ടും താമസിച്ചിട്ടുള്ളൂ. കിട്ടുന്ന പണമെല്ലാം വേണ്ടാത്ത പുസ്തകങ്ങൾ വാങ്ങിച്ചുകൂട്ടി ദീവാളി കുളിച്ചവനാണു ഞാൻ. തീരെക്കൊച്ചു വീട്ടിൽ പാർക്കുന്ന കാലത്തു് പണ്ടു സംസ്കൃതകോളേജിൽ പഠിച്ചിരുന്ന ഒരു യുവാവു് വൈകുന്നേരം നാലുമണിക്കു വീട്ടിൽ വന്നുകയറി. ഒരു മീറ്റിങ്ങിനു ക്ഷണിക്കാൻ വന്നയാളാണു് അദ്ദേഹം. മലയാളനാടു വാരികയ്ക്കു സാഹിത്യവാരഫലത്തിന്റെ കൈയെഴുത്തുപ്രതി കൊടുക്കേണ്ട ദിവസം. കൊല്ലത്തുനിന്നു് അഞ്ചുമണിക്കു് ആൾ എത്തുമെന്നു പത്രാധിപർ എസ്. കെ. നായർ റ്റെലിഫോണിലൂടെ അറിയിച്ചിരുന്നു. ആഗതൻ വേഗം പോകട്ടെയെന്നു കരുതി സമ്മേളനത്തിനു ചെന്നുകൊള്ളാമെന്നു ഞാൻ സമ്മതിച്ചു. എന്നിട്ടും അയാൾ പോകുന്നില്ല. ഇരുന്നു് അലവലാതി വർത്തമാനം നടത്തുകയാണു്. അഞ്ചുമണിയായി. കൊല്ലത്തുനിന്നു വന്ന ആളിനെ കാലത്തു വരാൻ പറഞ്ഞിട്ടു് അതിഥിമര്യാദ ലംഘിക്കാതെ വന്നവനോടു സംസാരം തുടർന്നു. ചായകൊടുത്തു. (അല്പത്വം ക്ഷമിക്കണം വായനക്കാർ.) ആറു മണിയായി, ഏഴായി, എട്ടായി, ഒൻപതായി. ചോറുകൊടുത്തു (വീണ്ടും അല്പത്വത്തിനു മാപ്പു്.) പത്തായിട്ടും ആൾ പോകുന്നില്ലെന്നു കണ്ടപ്പോൾ ‘ഇനി ഞാനൊന്നു ഉറങ്ങട്ടെ’ എന്നു പറയേണ്ടതായി വന്നു. ഉടനെ അയാൾ മന്ദസ്മിതം ചൊരിഞ്ഞു് കൈ ഒന്നുയർത്തി, താഴോട്ടാക്കിയിട്ടു് ‘ഇവിടെത്തന്നെ ഞാനിന്നു കിടക്കുകയാണു്’ എന്നു പറഞ്ഞു. ‘അയ്യോ ഇവിടെ സ്ഥലമില്ല. ആകെ രണ്ടുമുറിയേയുള്ളൂ. നിങ്ങളെ ഇവിടെ കിടത്താനേ ഒക്കുകില്ല’ എന്നു സംഭ്രമത്തോടെ ഞാൻ അറിയിച്ചു. അയാൾ കോപകലുഷിതനായി യാത്രപോലും പറയാതെ ഇറങ്ങിപ്പോയി.

images/Mesmer.jpg
ഫ്രീഡ്രിക് അന്റൻ മെസ്മർ

ഇതുപോലെ കഥാഭവനത്തിൽ വലിഞ്ഞുകയറി പാർപ്പു് ഉറപ്പിക്കാൻ ശ്രമിക്കുന്ന ആളാണു് ശ്രീ. വി. വി. ദാമോദരൻ എന്നു ഞാൻ പറഞ്ഞാൽ അദ്ദേഹം ദേഷ്യപ്പെടുമോ എന്തോ? കുങ്കുമം വാരികയിൽ ദാമോദരൻ എഴുതിയ “ഗാന്ധർവം” എന്ന ചെറുകഥയെ ലക്ഷ്യമാക്കിയാണു് ഞാനിതു് എഴുതുന്നതു്. ഒരു മുതലാളിയുടെ കീഴ്ജീവനക്കാരൻ അയാളുടെ മകളുടെ സമാക്രമണത്തിനു വിധേയനാകുന്നതാണു് ഗാന്ധർവ്വത്തിലെ കഥ. സുന്ദരികളായ ചെറുപ്പക്കാരികൾക്കു ശരീരം മോടിപിടിപ്പിക്കൻ ഒന്നും വേണ്ട. ലിപ്സ്റ്റിക്, റൂഷ്, പൗഡർ, സ്വർണ്ണാഭരണം ഇവയൊന്നും വേണ്ട. എന്നാൽ പ്രായമാകുമ്പോൾ അവയെല്ലാം വേണം. സ്വാഭാവികസൗന്ദര്യത്തിനു മങ്ങലേല്ക്കുമ്പോൾ കൃത്രിമവസ്തുക്കൾ കൂടിയേ തീരൂ. ദാമോദരന്റെ കഥയ്ക്കു സ്വാഭാവിക രാമണീയകമില്ല. അതുകൊണ്ടു കാവ്യാത്മകപദങ്ങൾ, ലൈംഗികവർണ്ണനകൾ ഇവയെല്ലാം കയറിവരുന്നു. ഫലമോ? നരച്ച തലമുടിയിൽ സ്ത്രീ റോസാപ്പൂവച്ചതുപോലെ. ക്ഷണിക്കാതെ വന്നുകയറി ഉപദ്രവിക്കാൻ തുടങ്ങിയ ആളിനെ എനിക്കു പറഞ്ഞയയ്ക്കാം. കഥാഭവനത്തിൽ ആർക്കും വരാമല്ലോ. ആ അതിഥിയോടു് ‘ഇവിടെനിന്നു പോകൂ’ എന്നു് ആജ്ഞാപിക്കാൻ എനിക്കു അധികാരമില്ലാത്തതുകൊണ്ടു മൗനം അവലംബിക്കുന്നു.

കമന്റുകൾ
  1. “സ്നേഹത്തിന്റെ ഒരു സവിശേഷഭാവത്തെ ഒരു പ്രത്യേക മുഹൂർത്തത്തിലൂടെ കാട്ടിത്തരികയാണു ഗൗതമൻ” എന്നു ശ്രീ. എം. കുട്ടികൃഷ്ണൻ (ദേശാഭിമാനി വാരിക)—വിഗതഃ ശേഷോ യസ്മാത്—വിശേഷ, ഒന്നു് എന്നർത്ഥം. അതിനാൽ ഒരു വിശേഷം എന്ന പ്രയോഗം വൈയാകരണൻ സമ്മതിച്ചുതരില്ല. ആ ശബ്ദത്തോടു സ എന്ന ഉപസർഗ്ഗം ചേർത്തു സവിശേഷ ശബ്ദം. ത കൂട്ടിചേർത്തു സവിശേഷത. അതിനും ഒന്നു് (singular) എന്നു് അർത്ഥം. അതുകൊണ്ടു് ‘ഒരു സവിശേഷത’ എന്ന പ്രയോഗം ശരിയല്ല. “ഒരു സവിശേഷ ഭാവത്തെ” എന്നു കുട്ടിക്കൃഷ്ണന്റെ പ്രയോഗം. പ്രതി + ഏക എന്നതാണു് പ്രത്യേക ശബ്ദം. each എന്ന അർത്ഥമാണതിനു്. അതിൽ ഒരു എന്നു ചേർക്കാൻ പാടില്ല.“സ്നേഹത്തിന്റെ സവിശേഷഭാവത്തെ സവിശേഷ മുഹൂർത്തത്തിലൂടെ” എന്നെഴുതിയാൽ ഏതാണ്ടു ശരിയാകും. സ്ഥാലീപുലാകന്യായമനുസരിച്ചു് ഒരുദാഹരണം മതി. നിരൂപണത്തിനും വിമർശനത്തിനും കച്ചകെട്ടിയിറങ്ങുന്നവർ തെറ്റില്ലാത്ത മലയാളമെഴുതാനെങ്കിലും വൈദഗ്ദ്ധ്യമുള്ളവരായിരിക്കണം.
  2. “സ്വപ്നാടനത്തിന്റെയോ വിശ്ലഥസ്മൃതിയുടെയോ മാസ്മരച്ഛവിയിൽ മയങ്ങിത്തെളിയുന്ന” എന്നു് ശ്രീ. അയ്യപ്പപ്പണിക്കർ ‘ഇന്ത്യാ ടുഡേ’യിൽ—ഫ്രീഡ്രിക് അന്റൻ മെസ്മർ (Friedrich Anton Mesmer) പത്തൊൻപതാം ശതാബ്ദത്തിലെ ഭിഷഗ്വരനായിരുന്നു. അദ്ദേഹത്തെസ്സംബന്ധിച്ചതു മാസ്മരം. ആ വാക്കു് സംസ്കൃതമല്ല, മലയാളമല്ല.
കോമ്പസിഷൻ

സാമൂഹ്യ ജീവിതത്തിനു് ഓരോ കാലത്തു് ഓരോ ലയമാണു്. മകൻ അച്ഛനെ സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്തിരുന്ന കാലമുണ്ടായിരുന്നു. അതു് വളരെ മുൻപു്. ആ ലയത്തിനു മാറ്റംവന്നിരിക്കുന്നു ഈ കാലയളവിൽ. ഇന്നു മകൻ അച്ഛനെ പണ്ടത്തെപ്പോലെ സ്നേഹിക്കുന്നില്ല. ബഹുമാനിക്കുന്നില്ല. അച്ഛന്റെ അവസ്ഥയും അതുതന്നെ. മറ്റൊരു സാമൂഹിക ലയമാണു് ഇപ്പോൾ.

പ്രശാന്താവസ്ഥയിൽ അനുധ്യാനം ചെയ്യപ്പെടുന്ന വികാരമാണു് രചനകളിൽ വരേണ്ടതെന്നു് ഇംഗ്ലീഷ്കവി. അതല്ല വികാരത്തെ ഉത്കടാവസ്ഥയിൽ ആവിഷ്കരിക്കലാണു് കലാകാരന്റെ പ്രവൃത്തിയെന്നു് മറ്റൊരാൾ. ഇവയിൽ ഏതനുഷ്ഠിച്ചാലും സഹൃദയനു വിശ്രാന്തിയുണ്ടാവണം. ശ്രീമതി മാനസിയുടെ “അക്ഷരത്തെറ്റുകൾ” എന്ന ചെറുകഥയിൽ (മാതൃഭൂമി ആഴ്ചപ്പതിപ്പു്) രണ്ടുമില്ല. ഭാവമില്ല, ഭാവാത്മകതയില്ല. കഥയിലെ വികാരം മനുഷ്യജീവിതത്തോടു് അടുത്തുവരികയും അതു് ജീവിതത്തെ അതിന്റെ ദൈനംദിനസ്വഭാവത്തിൽനിന്നു മാറ്റി വേറൊരു തലത്തിൽ കൊണ്ടുവരികയും ചെയ്യുമ്പോഴാണല്ലോ കലയുടെ ഉദയം. പ്രേമം അമൂർത്തമാണെങ്കിലും അതുൾക്കൊള്ളുന്ന ആൾ മൂർത്തമാണല്ലോ. (concrete) മാനസിയുടെ കഥയിലെ നായിക സുമ അവിവാഹിതയായിരിക്കെ സന്തത്യുൽപാദനം നടത്തിയവളാണു്. അവളുടെ പൂർവകാമുകൻ മുകുന്ദൻ. രണ്ടാമത്തെ സ്നേഹഭാജനം ഗോവിന്ദൻ. ഗതകാലാവിഷ്കരണമെന്ന കലാസങ്കേതത്തിലൂടെ സുമയുടെ പൂർവകാലജീവിതം ചിത്രീകരിക്കാനാണു് മാനസിയുടെ യത്നം. പക്ഷേ, സംഭവങ്ങളുടെ സജീവസാന്നിദ്ധ്യം ശ്രീമതിയുടെ വാക്കുകൾ ഉളവാക്കുന്നില്ല. ജീവിതത്തിൽ കാല്പനികതയുണ്ടു്. കാല്പനികതയെക്കുറിച്ചു സ്ക്കൂൾബോയ് നിർമ്മിക്കുന്ന കോമ്പസിഷനുണ്ടു്. മാനസിയുടെ കഥ വെറും സ്ക്കൂൾബോയ് കോമ്പസിഷനാണു്.

ചോദ്യം, ഉത്തരം

ചോദ്യം: നിങ്ങളുടെ മലയാളസാഹിത്യത്തെ വിശ്വസാഹിത്യമെന്നു വിളിക്കാമോ?

ഉത്തരം: വിളിക്കാമല്ലോ. പുസ്തകങ്ങളുടെ പുറംചട്ടയിലും ‘ആനാലും എൻ പിള്ളയല്ലവാ’ എന്ന മാനസികനിലയോടുകൂടി പുസ്തകനിരൂപണം നിർവഹിക്കുന്നവരുടെ വാക്യങ്ങളിലും വിശ്വസാഹിത്യമായി മലയാളസാഹിത്യം ചെന്നുനില്ക്കുന്നുണ്ടല്ലോ.

ചോദ്യം: ചങ്ങമ്പുഴ ക്കവിതയും ഇടപ്പള്ളി ക്കവിതയും തമ്മിലെന്താണു വ്യത്യാസം?

ഉത്തരം: രണ്ടു കവിതയും ഭാവാത്മകങ്ങളാണു്. എന്നാൽ ഇടപ്പള്ളിക്കവിതയുടെ ഭാവാത്മകതയ്ക്കുള്ള ചലനാത്മകത ചങ്ങമ്പുഴക്കവിതയ്ക്കില്ല. ചങ്ങമ്പുഴയുടെ കലാപ്രചോദനം ഇടപ്പള്ളി രാഘവൻപിള്ളയ്ക്കുമില്ല.

ചോദ്യം: അസ്വസ്ഥത ജനിക്കുന്നതു് എപ്പോൾ?

ഉത്തരം: ഡോർബെൽ ഒരിക്കൽ ശബ്ദിപ്പിച്ചിട്ടു് അല്പനേരം ക്ഷമിക്കാതെ വീണ്ടും വീണ്ടും ആ പ്രക്രിയ ആഗതൻ നടത്തുമ്പോൾ. അല്ലെങ്കിൽ അതിഥി ശബ്ദം കേൾപ്പിക്കാതെ വീട്ടിൽ കയറിവരുമ്പോൾ. അല്ലെങ്കിൽ ഗൃഹനായകനു ഉറങ്ങേണ്ട സമയമായിട്ടും ആഗതൻ പോകാതെ അതുമിതും പറഞ്ഞുകൊണ്ടിരിക്കുമ്പോൾ.

ചോദ്യം: ചിത്രാ സുബ്രഹ്മണ്യ ത്തെ നിങ്ങൾ പരിചയപ്പെട്ടുവെന്നു മുൻപു് എഴുതിയിരുന്നുവല്ലോ. എങ്ങനെയാണു് ആ യുവതി?

ഉത്തരം: ചിറകുകളില്ലാത്ത ചിത്രശലഭം.

ചോദ്യം: അദ്വാനി യെക്കുറിച്ചു് എന്താണു നിങ്ങളുടെ അഭിപ്രായം?”

ഉത്തരം: പെർഫെക്റ്റ് ജന്റിൽമൻ. ഹൃദയവിശുദ്ധിയുള്ള മഹാവ്യക്തി. അദ്ദേഹത്തോടു ഞാൻ സംസാരിച്ചിട്ടുണ്ടു്.

ചോദ്യം: ഞാൻ ഇതുവരെ ഒരു തെറ്റും ചെയ്തിട്ടില്ല; മനസ്സിൽപ്പോലും. എനിക്കു കിട്ടിയതു് മദ്യപാനിയായ ഭർത്താവിനെയാണു്. ഒരു കാരണവും കൂടാതെ അദ്ദേഹം എന്നെ ചവിട്ടുന്നു, ഇടിക്കുന്നു, വായിൽ പഴന്തുണി കുത്തിനിറച്ചു് കഴുത്തിൽ ഞെക്കുന്നു. ഇതിനേക്കാൾ അസഹനീയം രാത്രി രണ്ടുമണിക്കുശേഷം വീട്ടിൽ കയറിവന്നാൽ കട്ടിലിന്റെ താഴത്തേക്കു നോക്കി ഇവിടെ ആരു ഒളിച്ചിരുന്നെടീ എന്നു കുട്ടികൾ കേൾക്കെ ചോദിക്കുന്നു. എന്റെ പേരു സാറ് പ്രസിദ്ധപ്പെടുത്തുകില്ലെന്നു് അറിയാമെങ്കിലും ഞാനതു എഴുതുന്നില്ല. എനിക്കു ഒരു ഉപദേശം തരൂ.

ഉത്തരം: നിങ്ങളുടെ ഒരു വിരലിൽ ഉള്ള മുറിവു് ഒരിക്കലും ഉണങ്ങുകില്ലെന്നു് കരുതൂ. ഒറ്റമാർഗ്ഗം അതു മുറിച്ചുകളയുക എന്നതാണു്. ഒന്നും ആലോചിക്കേണ്ടതില്ല. വിരൽ ഛേദിച്ചുകളയൂ. എന്റെ പരിചയത്തിൽപ്പെട്ട ഒരു സ്ത്രീ എന്നോടു പറഞ്ഞതു് നിങ്ങളുടെ അറിവിലേയ്ക്കായി ഞാൻ എഴുതാം. ‘എന്റെ ഭർത്താവു കുടിച്ചു ലക്കില്ലാതെ വന്നു് എന്നെ അടിക്കാനും ചവിട്ടാനും ഭാവിച്ചു’. ‘നീ എന്നെ തൊടുമോടോ’ എന്നു ഞാൻ ചോദിച്ചു. അയാൾ മിണ്ടാതെ പോയി. മദ്യപന്മാരോടും അതിമദ്യപന്മാരോടും ഇതായിരിക്കണം സ്ത്രീയുടെ പെരുമാറ്റം.

ചോദ്യം: എന്റെ രണ്ടുനിലക്കെട്ടിടത്തിന്റെ മുകളിലത്തെ നില വാടകയ്ക്കു കൊടുക്കാമെന്നു ഞാനും വേണ്ടെന്നു എന്റെ ഭാര്യയും. ഞങ്ങളുടെ ഈ തർക്കത്തിനു് ഒരു പരിഹാരം എന്തു?

ഉത്തരം: കഴിയുന്നതും parted house ഒഴിവാക്കു. പിന്നെ പണത്തിനുവേണ്ടി കൊടുത്തേ തീരൂ എന്നുണ്ടെങ്കിൽ മാന്യർക്കു നല്കൂ. മാന്യനല്ല വാടകക്കാരൻ എന്നിരിക്കട്ടെ. അയാൾ മുകളിൽനിന്നു് നിങ്ങളുടെ വീട്ടിലെ സ്ത്രീകളെ വൃത്തികെട്ട രീതിയിൽ നോക്കും.

ചോദ്യം: ഈ നിരൂപണാഭാസംകൊണ്ടുതന്നെ നിങ്ങൾ മരിക്കില്ലേ?

ഉത്തരം: ആന ആനക്കാരനെ ചവിട്ടി കൊല്ലാറുണ്ടു്.

എം. സുധാകരൻ

ജീവിതം കാന്താരമാണെങ്കിൽ കലാസൃഷ്ടി മാനുഷികാംശം കലർന്ന ഹ്രസ്വകാന്താരമാണു്.

സാമൂഹികജീവിതത്തിനു് ഓരോകാലത്തു് ഓരോ ലയമാണു്. മകൻ അച്ഛനെ സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്തിരുന്ന കാലമുണ്ടായിരുന്നു. അതു് വളരെമുൻപു്. ആ ലയത്തിനു മാറ്റം വന്നിരിക്കുന്നു ഈ കാലയളവിൽ. ഇന്നു മകൻ അച്ഛനെ പണ്ടത്തെപ്പോലെ സ്നേഹിക്കുന്നില്ല. ബഹുമാനിക്കുന്നില്ല. അച്ഛന്റെ അവസ്ഥയും അതുതന്നെ. മറ്റൊരു സാമൂഹിക ലയമാണു് ഇപ്പോൾ. ഇതിനുകാരണം കുടുംബജീവിതത്തിന്റെ തകരാറാണു് എന്നു പല മനഃശാസ്ത്രജ്ഞന്മാരും ചൂണ്ടിക്കാണിക്കുന്നു. കുടുംബത്തിന്റെ കർത്തവ്യം കാമത്തിന്റെ അടിച്ചമർത്തലും സുരക്ഷിതത്വത്തെക്കുറിച്ചു തെറ്റായ ബോധമുളവാക്കലുമാണെന്നു് ആർ. ഡി. ലെയിങ് എവിടെയോ എഴുതിയിട്ടുണ്ടു്. ശൂന്യതയ്ക്കു് അഭിമുഖീഭവിച്ചു നില്ക്കുകയാണല്ലോ നമ്മളിൽ ഓരോ ആളും. ഈ ശൂന്യതയുടെ നേർക്കു കൈചൂണ്ടാൻ അച്ഛനമ്മമാർക്കു പേടിയാണു്. ആ പേടികൊണ്ടു് അവർ കുട്ടികൾക്കു് ഈശ്വരവിശ്വാസമുളവാക്കാൻ ശ്രമിക്കുന്നു. ‘സന്ധ്യയ്ക്കു് കൈയും കാലും മുഖവും കഴുകി നിലവിളക്കിന്റെ അടുത്തുചെന്നിരുന്നു നാമം ജപിയെടാ’ എന്നു അച്ഛൻ. ‘കാലത്തു് പള്ളിയിൽ പോടാ’ എന്നു വേറൊരു പിതാവു്. ഏക-മാനമനുഷ്യനെ (one dimensional man) നിർമ്മിക്കാനാണു് ഓരോ ഗൃഹനായകന്റെയും യത്നം. ഇതിന്റെയെല്ലാം സ്വാഭാവിക പ്രതികരണമാണു് ഇന്നത്തെ കുട്ടിയുടെ അധികാര പ്രതിഷേധ പ്രവണത. ശിശുതയുടെ നിഷ്കളങ്കതയെ വേഡ്സ്വർത്തും ജി. ശങ്കരക്കുറുപ്പു മൊക്കെ വാഴ്ത്തിയതു് തെറ്റു്. ക്രൂരതാരുണ്യം വന്നു ശൈശവത്തെ തട്ടിപ്പറിക്കുന്നതിൽ കവിക്കു ദുഃഖം. അതു വെറും കാല്പനികതയായേ ഇന്നത്തെ നിലവച്ചു കരുതാനാവൂ. ഇന്നത്തെ ശിശു പ്രായംകൂടിയവനെക്കാൾ ഭയങ്കരനാണു്; ആ ഭയങ്കരത്വം കണ്ടു് പ്രായം കൂടിയവൻ ശിശുവിന്റെ പണ്ടത്തെ നിഷ്കളങ്കതയിലേക്കു പോകുന്നു. ലയത്തിന്റെ ഈ മാറ്റത്തെ ഹൃദ്യമായി ചിത്രീകരിക്കുന്ന ഒരു ചെറുകഥയുണ്ടു് കലാകൗമുദിവാരികയിൽ—ശ്രീ. എം. സുധാകരൻ എഴുതിയ “ഒരു നഴ്സറി റൈം”. പ്രായംകൂടിയ ഒരാളും ഒരു ശിശുവും ഒരുമിച്ചു തീവണ്ടിയിൽ സഞ്ചരിക്കുന്നു. ശിശുവിന്റെ ശാരീരിക പ്രായം അതായിത്തന്നെയിരിക്കുമ്പോൾത്തന്നെ അവന്റെ മാനസികപ്രായം ഭീമാകാരമാർജ്ജിക്കുന്നു. ബാഗിൽനിന്നു മദ്യമെടുത്തു കുടിക്കുന്നതു വരെയുള്ള ഭീതിദകൃത്യങ്ങൾ അവൻ നടത്തുന്നു. സ്ഥൂലീകരണമില്ലേ ഇതിലെന്നു വായനക്കാർ ചോദിച്ചേക്കാം. പക്ഷേ, ആ സ്ഥൂലീകരണം അതിനുമപ്പുറത്തുള്ള സത്യത്തിലേക്കു നമ്മെ നയിക്കുന്നുണ്ടു്. ലെയ്ങ്ങിന്റെ ഒരലങ്കാരംതന്നെ കടംവാങ്ങട്ടെ. യാചകർ കുട്ടികളുടെ ചില അവയവങ്ങൾക്കു ഭംഗം വരുത്തി അവരെക്കൊണ്ടു ഭിക്ഷ യാചിപ്പിക്കുന്നതുപോലെ രക്ഷിതാക്കൾ അവരുടെ മാനസികതലത്തിൽ ക്ഷതം വരുത്തി സമുദായത്തിനു യോജിച്ച ഏകമാനബാലന്മാരാക്കിത്തീർക്കുന്നു. ഇതിന്റെ ദുരന്തത്തെ എം. സുധാകരൻ പാടവത്തോടെ ചിത്രീകരിക്കുന്നു. (ഒരു വ്യക്തിയുടെതന്നെ ഓരോ കഥയെയും അതിന്റെ ധർമ്മമനുസരിച്ചു് വിലയിരുത്തുകയാണു് ഞാൻ. അതുകൊണ്ടു സുധാകരന്റെ മറ്റൊരു കഥ കലാശൂന്യമാണെന്നു ഞാൻ എഴുതിയിട്ടുണ്ടെങ്കിൽ വൈരുദ്ധ്യമില്ലെന്നു് അറിയിച്ചുകൊള്ളട്ടെ.)

അവർ എന്നോടു പറഞ്ഞു
ശ്രീ. എം. പി. അപ്പൻ:
തിരുവനന്തപുരത്തു് അറുപതുവർഷം മുൻപുണ്ടായിരുന്ന ചെമ്മണ്ണുപാതകളെക്കുറിച്ചുള്ള പ്രസ്താവം ഈ പംക്തിയിൽ വന്നതു കണ്ടിട്ടു് അപ്പൻസാറ് പറഞ്ഞു: രഘുവംശത്തിൽ ദശരഥന്റെ യാത്രയെ വർണ്ണിക്കുന്നിടം ഓർമ്മയുണ്ടോ? (ഇല്ലെന്നു ഞാൻ.) “സൈന്യരേണുമുഷിതാർക്കദീധിതി” (സൈന്യത്തിന്റെ പൊടികൊണ്ടു വെയിൽ മറയുമാറു് (യാത്രയായി) എന്നു കുട്ടിക്കൃഷ്ണമാരാരു ടെ ഗദ്യപരിഭാഷ.) ഇതിനുശേഷമുള്ള മറ്റൊരു ശ്ലോകത്തിന്റെ അർത്ഥവും അദ്ദേഹം പറഞ്ഞു:

ശ്യേനപക്ഷപരിധൂസരാളകാഃ

സാന്ധ്യമേഘരുധിരാർദ്ര വാസസഃ

അംഗനാ ഇവ രജസ്വലാ ദിശോ

നോ ബഭുവുരവലോകന ക്ഷമാഃ

(പരുന്തിൻ ചിറകുകളാകുന്ന മുഷിഞ്ഞ അളകങ്ങളും അന്തിക്കാറുകളാകുന്ന രക്തം പുരണ്ടീറനായ ശീലകളും പൂണ്ടു പൊടിയാണ്ട ദിക്കുകൾ തീണ്ടാരിയായ പെണ്ണുങ്ങളെന്നപോലെ നോക്കാൻ വയ്യാത്തവയായി) (കുട്ടിക്കൃഷ്ണമാരാരുടെ ഗദ്യപരിഭാഷ). ഈ ശ്ലോകം അതിശയോക്തിപരമായ അശ്ലീലതയാൽ പ്രക്ഷിപ്തമാകാനേ തരമുള്ളൂ എന്നു പറഞ്ഞു് കുട്ടിക്കൃഷ്ണമാരാർ തള്ളിക്കളഞ്ഞിരിക്കുന്നു—ലേഖകൻ.

ഇ. എം. ജെ. വെണ്ണിയൂർ:
(ഇംഗ്ലീഷിൽ പറഞ്ഞതു് അതുപോലെതന്നെ എഴുതുന്നു:) G. Sankara Kurup the symbolist is a poor poet. He cannot hypnotize people.
പാലാ നാരായണൻ നായർ:
ചായക്കടയുടെ മുൻപിൽ പശുക്കളെയും എരുമകളെയും കൊണ്ടുനിറുത്തി പാലു കറന്നു കൊടുക്കുന്നതുപോലെ റെഡിമെയ്ഡ് കവിതകൾ കറന്നുകൊടുക്കുന്ന കവികൾ ധാരാളമുണ്ടു് തിരുവനന്തപുരത്തു്. ഞാനവരിൽ പെടുന്ന ആളല്ല.
ഒരു സ്വാമിജി:
(പേരു പറയാൻ അദ്ദേഹത്തിന്റെ സമ്മതം ചോദിക്കാത്തതു കൊണ്ടു് ഒരു സ്വാമിജി എന്നു മാത്രം എഴുതുന്നു. ഞങ്ങൾ സത്യസായി ബാബ യുടെ മിറക്കിൾസിനെക്കുറിച്ചു സംസാരിക്കുകയായിരുന്നു. അപ്പോഴാണു് അദ്ദേഹം പറഞ്ഞതു്.) ഇങ്ങനെയുള്ള കാര്യങ്ങളിൽ സത്യവും അസത്യവും ഉണ്ടു്. അസത്യത്തിനു് ഒരുദാഹരണം പറയാം. ഒരു സന്ന്യാസി ഭക്തജനങ്ങളെ തലയിൽ തൊട്ടനുഗ്രഹിക്കുമ്പോഴെല്ലാം അവർക്കു ചെറുതായ ഷോക്ക് അനുഭവപ്പെടുമായിരുന്നു. അതു് ഐശ്വരാംശം പകരുകയാണെന്നു് അവർ കരുതി. ഒടുവിലാണു് കള്ളം വെളിപ്പെട്ടതു്. സന്ന്യാസി പൃഷ്ഠത്തിനു താഴെ ഒരു ചെറിയ ഇലക്ട്രിക് ഉപകരണം വച്ചിരുന്നു. എ. സി., ഡി. സി. ആക്കി സ്വന്തം ശരീരത്തിലൂടെ പ്രവഹിപ്പിച്ചു് ഭക്തരുടെ ശിരസ്സിലേക്കു അയാൾ കറന്റ് കടത്തിവിടുകയാണു ചെയ്തതു്. ആളുകൾ സന്ന്യാസിയുടെ മാംസപിണ്ഡത്തിൽ തൊട്ടുകളിച്ചു പണ്ടു “രസികൻ” പത്രാധിപർ പച്ചക്കുളം വാസുപിള്ള പറഞ്ഞതുപോലെ.
ജി. ശങ്കരക്കുറുപ്പു്:
എന്റെ“ ഇന്നു ഞാൻ നാളെ നീ” എന്ന കാവ്യത്തിൽ കവിതയില്ലെന്നു് അയാൾ പറയുന്നു. എനിക്കിഷ്ടമുള്ളതു ഞാൻ എഴുതുന്നു. അയാൾക്കു് എന്തധികാരം അതിനെക്കുറിച്ചു പറയാൻ. പിന്നെ അയസ്കാന്തം ഇരുമ്പിനെ മാത്രമേ ആകർഷിക്കൂ. കാളയെ ആകർഷിക്കില്ല.
മല കയറുന്നവർ
images/LDHavel.jpg

ഹാവലി ന്റെ “ലാർഗോ ഡെസോലാതോ ” എന്ന അതിസുന്ദരമായ നാടകത്തിൽ വ്യക്തി സ്റ്റെയിറ്റിനോടു സംഘട്ടനം ചെയ്തു് തകരുന്നതായി നമ്മൾ കാണുന്നു. സോഫൊക്ലിസ്സി ന്റെ “ഈഡിപ്പസ് ” നാടകത്തിൽ ദുരന്തം വിധിയോടുള്ള പോരാട്ടത്തിൽനിന്നാണു ഉണ്ടാവുക. താനറിയാതെയാണു ഈഡിപ്പസ് പാപത്തിന്റെ മാർഗ്ഗത്തിൽ സഞ്ചരിച്ചതു്. ഹാവലിന്റെ നാടകത്തിലെ പ്രധാന കഥാപാത്രവും തെറ്റു ചെയ്തില്ല. അയാളെഴുതിയ പ്രബന്ധം രാഷ്ട്രത്തിന്റെ താല്പര്യത്തിനു വിഘാതം സൃഷ്ടിച്ചപ്പോൾ, അതു പിൻവലിക്കാൻ അയാൾ കൂട്ടാക്കാതെയിരുന്നപ്പോൾ രാഷ്ട്രം അയാളെ തകർക്കുകയാണുണ്ടായതു്. എന്നാൽ ഫ്ലോബറി ന്റെ മാസ്റ്റർപീസിലെ നായികയായ എമ്മയുടെ ട്രാജഡി അവർതന്നെ വരുത്തിക്കൂട്ടിയതാണു്. റ്റോൾസ്റ്റോയി യുടെ അന്നയും നിരപരാധയല്ല. ഇതൊക്കെ ഒരു സത്യത്തിലേക്കാണു് നമ്മെ നയിക്കുന്നതു്. ജീവിതം ശൂന്യമാണു്; അതു ട്രാജഡിയിലേ എത്തൂ. സദാചാരത്തിനുവേണ്ടി പ്രവർത്തിക്കുന്നവർക്കും അസാന്മാർഗ്ഗികജീവിതം നയിക്കുന്നവർക്കും ഒരേതരത്തിലുള്ള അന്ത്യംതന്നെ.

images/SRameshan.jpg
എസ്. രമേശൻ

മനുഷ്യന്റെ ജീവിതമുന്നേറ്റത്തെ ശബരിമല യാത്രയായി സങ്കല്പിച്ചു് ശ്രീ. എസ്. രമേശൻ എഴുതിയ നല്ല കാവ്യത്തിലും ഈ ദുരന്താനുഭവമുണ്ടു്. സ്വന്തം സന്താനവുമായി മലകയറുകയാണു് അയാൾ. ആധ്യാത്മികതയുടെ ശരണംവിളികൾ ഉയരുന്നു. പക്ഷേ, മുന്നോട്ടുള്ള യാത്ര ദുസ്സഹം. കാലു വിണ്ടുകീറി ചോരയൊലിക്കുന്നു. പിന്തിരിഞ്ഞാലോ? അതിനും വയ്യ. എവിടെനിന്നു യാത്ര ആരംഭിച്ചുവോ അവിടവും രക്തരൂഷിതം. ആധ്യാത്മികതയുടെ ആഹ്വാനമനുസരിച്ചു മുന്നോട്ടു പോകുമ്പോൾ അയാളുടെ ഇരുമുടി നഷ്ടപ്പെടുന്നു. പോയതുപോലെ വ്യർത്ഥതയോടെ അയാളും മറ്റുള്ളവരും തിരിച്ചു പടികളിറങ്ങുന്നു. ജീവിതത്തിന്റെ വിഷാദം, വേദന, ഏകാന്തത ഇവയെ സമുചിതങ്ങളായ ബിംബങ്ങളിലൂടെ പ്രത്യക്ഷീകരിക്കുന്ന ഈ കാവ്യത്തിനു ശക്തിയുണ്ടു്, ഭംഗിയുണ്ടു്. കാവ്യത്തിന്റെ വാച്യാർത്ഥത്തെ മാത്രമെടുത്തു് ശബരിമലയാത്ര ആധ്യാത്മികത്വത്തിന്റെ സാഫല്യമാണു് എന്നുപറയുന്നവർക്കും ഇതു നല്ല കാവ്യമല്ലെന്നു അഭിപ്രായപ്പെടാനാവില്ല. കാവ്യത്തിലെ വിശ്വാസപദ്ധതി ആസ്വാദനത്തിനു പ്രതിബന്ധം സൃഷ്ടിക്കുകയില്ലല്ലോ. (കാവ്യം ദേശാഭിമാനി വാരികയിൽ— അതിന്റെ പേരു ‘മലകയറുന്നവർ’ എന്നു്.)

കഷ്ടം

മഹാവനങ്ങളിൽ പോയിട്ടുണ്ടോ വായനക്കാർ?

നിരൂപണത്തിനും വിമർശനത്തിനും കച്ചകെട്ടിയിറങ്ങുന്നവർ തെറ്റില്ലാത്ത മലയാളമെഴുതാനെങ്കിലും വൈദഗ്ദ്ധ്യമുള്ളവരായിരിക്കണം.

ഉദാത്തസൗന്ദര്യം എന്നു പറയുന്നതു ശരിയാണെങ്കിൽ അതാണു് അവയ്ക്കുള്ളതു്. പച്ചിലപ്പടർപ്പുകൊണ്ടു് എപ്പോഴും അർദ്ധാന്ധകാരത്തിലായിരിക്കും അവയുടെ അന്തർഭാഗം. പരിപൂർണ്ണമായ നിശ്ശബ്ദത. ഈ കൊടുങ്കാടുകളുടെ സത്ത മനസ്സിലാക്കി അതിനു രൂപംകൊടുക്കലാണു് പട്ടണത്തിലെ കൃത്രിമവനങ്ങളും ഉദ്യാനങ്ങളും. കൊടുങ്കാടുകളിൽ മാനുഷികാംശം തീരെയില്ല. അവയുടെ ഹ്രസ്വാകാരമായ നാഗരികോദ്യാനങ്ങളിലും നാഗരികവനങ്ങളിലും മാനുഷികാംശം ഏറെയുണ്ടു്. ജീവിതം കാന്താരമാണെങ്കിൽ കലാസൃഷ്ടി മാനുഷികാംശം കലർന്ന ഹ്രസ്വകാന്തരമാണു്. ഈ മാനദണ്ഡംകൊണ്ടു് ഏതിനേയും അളക്കാം. Illustrated Weekly-ഇൽ, എസ്. കാന്തസാമി എഴുതിയ ഒരു തമിഴ്ക്കഥ ഇംഗ്ലീഷിൽ തർജ്ജമചെയ്തു് ചേർത്തിട്ടുണ്ടു്. I have Slain Hiranya എന്ന പേരിൽ ഹിരണ്യകശിപുവായി കൂത്തിൽ പതിവായി അഭിനയിക്കുന്ന ചിന്നക്കുറുപ്പു നരസിംഹത്തിന്റെ വേഷംകെട്ടുന്ന രാജാരാമന്റെ ഭാര്യയെ അപമാനിക്കാൻ ശ്രമിച്ചതു് അയാൾ അവളിൽനിന്നു് അറിഞ്ഞു. അറിഞ്ഞതിനുശേഷമുള്ള ആദ്യത്തെ കൂത്തിൽ നരസിംഹം ഹിരണ്യകശിപുവിനെ യഥാർത്ഥത്തിൽ വയറുകീറി കൊന്നു. ചെറുകഥയുടെ ഒരു പ്രാകൃതരൂപമാണിതു്. ഇതു് ജീവിതമഹാവനത്തിന്റെ ഹ്രാസമാർന്ന രൂപമല്ല. മാനുഷികാംശം തീരെയില്ല. ഇതാണു് തമിഴു് ചെറുകഥയുടെ ഉജ്ജ്വലരൂപമെങ്കിൽ ആ സാഹിത്യത്തിന്റെ നേർക്കു കഷ്ടം വച്ചങ്ങു നില്ക്കാനേ എനിക്കു കഴിയുന്നുള്ളൂ.

പാണ്ഡിത്യം, ബുദ്ധി, അനുഭവം ഇവയ്ക്കു പുറമേ സ്വഭാവദാർഢ്യവുംകൂടെ വേണം വിമർശിക്കുന്നവനു്. അതില്ലെങ്കിൽ സ്നേഹിതന്റെ മോശമായ പുസ്തകം നല്ലതാണെന്നു് അയാൾ എഴുതും. ശത്രുവിന്റെ ഉത്കൃഷ്ടമായ രചന അധമമാണെന്നു അഭിപ്രായപ്പെടും.

ഡോക്ടർ കെ. ഭാസ്കരൻനായർ തന്റെ വിശിഷ്ടങ്ങളായ ഗ്രന്ഥങ്ങൾ, പത്രങ്ങൾക്കും വാരികകൾക്കും നിരൂപണത്തിനായി അയയ്ക്കുമായിരുന്നില്ല. അവ അയയ്ക്കരുതെന്നു് അദ്ദേഹം പ്രസാധകന്മാരോടു നിർദ്ദേശിച്ചിരുന്നുതാനും. ഒരു പ്രസാധകൻ അതു വകവയ്ക്കാതെ ഒരാഴ്ചപ്പതിപ്പിനു സാറിന്റെ പുസ്തകം അയച്ചു. പമ്പരവിഡ്ഢിയായ ഒരാൾ അതിനെക്കുറിച്ചു പ്രതികൂലമായി എഴുതി. ഭാസ്കരൻനായർസ്സാറ് തന്നെയാണു് ഇക്കാര്യം എന്നോടു പറഞ്ഞതു്. അദ്ദേഹത്തിന്റെ നിലപാടു് ശരിയായിരുന്നു. സാറിന്റെ ബുദ്ധിശക്തിയുടേയും ജീവിതാനുഭവത്തിന്റെയും ഗ്രന്ഥപാരായണാനുഭവത്തിന്റേയും ശതാംശംപോലുമില്ലാത്ത ഒരു ചെക്കൻ അദ്ദേഹത്തിന്റെ പുസ്തകമെടുത്തു പറ്റിയെഴുത്തു നടത്തിയാൽ എങ്ങനെയിരിക്കും? പാണ്ഡിത്യം, ബുദ്ധി, അനുഭവം ഇവയ്ക്കു പുറമേ സ്വഭാവദാർഢ്യവുംകൂടെ വേണം വിമർശിക്കുന്നവനു്. അതില്ലെങ്കിൽ സ്നേഹിതന്റെ മോശമായ പുസ്തകം നല്ലതാണെന്നു് അയാൾ എഴുതും. ശത്രുവിന്റെ ഉത്കൃഷ്ടമായ രചന അധമമാണെന്നു അഭിപ്രായപ്പെടും. രാജരഥ്യകളിൽ നില്ക്കുന്ന വിദ്യുച്ഛക്തിവിളക്കുകളെപ്പോലെയാണു് സ്വഭാവത്തിന്റെ ഉറപ്പു്. ആ പ്രകാശമുണ്ടെങ്കിലേ റോഡ് തെളിഞ്ഞുകാണൂ. ഇല്ലെങ്കിൽ കൂരിരുട്ടായിരിക്കും എങ്ങും.

Colophon

Title: Sāhityavāraphalam (ml: സാഹിത്യവാരഫലം).

Author(s): M Krishnan Nair.

First publication details: Kalakaumudi Weekly; Trivandrum, Kerala; 1992-05-17.

Deafult language: ml, Malayalam.

Keywords: M Krishnan Nair, Sahityavaraphalam, Weekly Lietrary Column, സാഹിത്യവാരഫലം, എം കൃഷ്ണൻ നായർ, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: October 7, 2022.

Credits: The text of the original item is copyrighted to J Vijayamma, author’s inheritor. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-NC-SA 4​.0). Any reuse of the material should credit the Sayahna Foundation, only noncommercial uses of the work are permitted and adoptations must be shared under the same terms.

Production history: Data entry: MS Aswathi; Proofing: Abdul Gafoor; Typesetter: JN Jamuna; Digitizer: KB Sujith; Encoding: JN Jamuna.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.