സാഹിത്യവാരഫലം
എം കൃഷ്ണൻ നായർ
(കലാകൗമുദി വാരിക, 1992-05-24-ൽ പ്രസിദ്ധീകരിച്ചതു്)

images/ARRajaRajaVarma.jpg
എ. ആർ. രാജരാജവർമ്മ

അച്ഛനമ്മമാർ സ്നേഹിക്കാതിരിക്കുകയും നീതിരഹിതമായ വിവേചനം കാണിക്കുകയും ചെയ്താൽ കുട്ടിക്കു ക്രിമിനൽ വാസനയുണ്ടാകും. സമുദായം അവനെ അംഗീകരിച്ചില്ലെങ്കിലും അതുതന്നെയാവും ഫലം. തന്നെ പ്രസവിച്ചയുടനെ ദൂരെക്കളഞ്ഞ അമ്മയോടുള്ള വിരോധവും അതിന്റെ ഫലമായ വ്യക്തിഗതമായ അപര്യാപ്തതയുമാണു് ഫ്രഞ്ചെഴുത്തുകാരൻ ഷെനെ യെ കുറ്റവാളിയാക്കിയതു്. കുട്ടി പ്രായമാകുന്തോറും ഈ കുറ്റവാസന പ്രബലമായിവരും. ഇതൊന്നുമില്ലാതെ വായനക്കാരെ വഴിതെറ്റിക്കുന്നതും ഒരു തരത്തിലുള്ള ക്രൈം തന്നെയാണു്. കഷ്ടപ്പെട്ടുണ്ടാക്കിയ 250 രൂപകൊടുത്തു ഞാൻ വാങ്ങിയ An Encyclopaedia of South Indian Culture (G. Ramakrishna, N. Gayathri, Debiprasad Chattopadhyaya) എന്ന വിജ്ഞാനകോശത്തിൽ എ. ആർ. രാജരാജവർമ്മ യെക്കുറിച്ചു് എഴുതിയിരിക്കുന്നതു് ഗ്രന്ഥത്തിന്റെ സ്വഭാവം വ്യക്തമാക്കിത്തരും. സ്വതന്ത്ര തർജ്ജമ ഇതാ: ‘ആംഗലസാമ്രാജ്യ’മെന്ന സംസ്കൃതകൃതിയുടെ രചയിതാവു്. കേരളത്തിലെ എ. ആർ. ആർ. പ്രഫെസറായിരുന്നു. ബ്രിട്ടീഷുകാർ ഇന്ത്യയിലുണ്ടായിരുന്ന കാലയളവിലെ ചരിത്രമാണു് ഇതിലെ പ്രധാനപ്പെട്ട പ്രതിപാദ്യം. ബ്രിട്ടീഷ് ഭരണത്തെ കീർത്തിക്കാനും നീതിമത്കരിക്കാനുമാണു് ഗ്രന്ഥകാരന്റെ പ്രവണത. 23 സർഗ്ഗങ്ങളോളമുള്ള ഈ കൃതി വിഷയത്തെ വ്യാപകമായി പ്രതിപാദിക്കുന്നു; ചിലപ്പോൾ കവിതാവാസനയോടെയും ‘പിതൃപ്രലാപ’മാണു് ഗ്രന്ഥകാരന്റെ മറ്റൊരു സംസ്കൃതകൃതി. മകൾ മരിച്ചതിനെക്കുറിച്ചുള്ള വിലാപകാവ്യമാണിതു്. സംസ്കൃതത്തിലുള്ള മറ്റൊരു കൃതി ‘ഗൈർവാണീവിജയം’ എന്ന ഏകാങ്കനാടകമാണു്. ഇംഗ്ലീഷിനോടുള്ള സംഘട്ടനത്തിൽ സംസ്കൃതം ജയിക്കുന്നതായി ഇതിൽ കാണിച്ചിരിക്കുന്നു.” എങ്ങനെയിരിക്കുന്നു ഗ്രന്ഥകാരന്മാർ പകർന്നുതരുന്ന വിജ്ഞാനം? മലയാളഭാഷയുടെയും സാഹിത്യത്തിന്റെയും പിതാവായി കരുതപ്പെടുന്ന രാജരാജവർമ്മയെക്കുറിച്ചുള്ള ഈ ഉദീകരണം ഒന്നാന്തരമായിരിക്കുന്നില്ലേ? മുൻപു് തിരുവനന്തപുരത്തെ റ്റൗൺ ഹോളിൽ കഥകളി നടക്കുകയായിരുന്നു. അർജ്ജുനൻ വില്ലുതാഴെവച്ചു് എനിക്കു യുദ്ധം ചെയ്യാൻ വയ്യെന്നു ശ്രീകൃഷ്ണനോടു പറയുന്ന ഭാഗം. കാഴ്ചക്കാരിൽ ഒരാളായ സായ്പ് അടുത്തിരുന്ന ഒരു ഈക്കനോമിക്സ് പ്രഫെസറോടു ‘What is it?’ എന്നു ചോദിച്ചു. അദ്ദേഹം സായ്പിന്റെ ചോദ്യത്തിനു് ഉത്തരം നല്കി മഹാഭാരതത്തിന്റെ സാരാംശം എടുത്തുവച്ചു. ‘A timid lad’— പേടിത്തൊണ്ടനായ ചെറുക്കൻ. പ്രഫെസറുടെ ഈ സാരാംശമെടുത്തുവയ്ക്കലിനെക്കാൾ ഹീനമായിരിക്കുന്നു വിജ്ഞാനകോശത്തിലെ ഈ കുറിപ്പു്.

“ജീവിതത്തിന്റെ നല്ല കാലം എപ്പോൾ?” “സന്താനങ്ങൾ അഞ്ചുവയസ്സിനു താഴെയായിരിക്കുമ്പോൾ.”

എൻ. കൃഷ്ണപിള്ള യ്ക്കു് ഇതിൽ കടന്നു കൂടാനുള്ള ദൗർഭാഗ്യമുണ്ടായോ എന്നു ഞാൻ നോക്കി. എൻ. കൃഷ്ണപിള്ളയില്ല. എസ്. കൃഷ്ണപിള്ളയുണ്ടു്. ‘മരുപ്പച്ച’, ‘ഭഗ്നഭവനം’, ‘അനുരഞ്ജനം’, ‘കന്യക’, ‘ബലാബലം’ ഈ നാടകങ്ങൾ എഴുതിയിട്ടുണ്ടു്, എസ്. കൃഷ്ണപിള്ള. ഡോക്ടർ അയ്യപ്പപ്പണിക്കർ, ഒ. എൻ. വി. കുറുപ്പു്, വയലാർ രാമവർമ്മ, ഇടശ്ശേരി, പി. കുഞ്ഞിരാമൻ നായർ ഇവർക്കു സ്ഥാനം നൽകിയ ഈ വിജ്ഞാനകോശം ഇടപ്പള്ളി രാഘവൻ പിള്ള യെ വിസ്മരിച്ചിരിക്കുന്നു. സുഗതകുമാരി യും ഇതിലില്ല. കെ. ബാലരാമപ്പണിക്കരെ മറക്കാത്ത വിജ്ഞാനകോശം സുകുമാർ അഴീക്കോടി നെ പുറന്തള്ളിയിരിക്കുന്നു. എൻ. ഗോപാലപിള്ള യ്ക്കു പ്രവേശം, ശൂരനാട്ടുകുഞ്ഞൻപിള്ള യ്ക്കു് വിലക്കു്. എം. പി. അപ്പന്റെ ‘സൈനികഗാനം’ എന്ന കൃതിയെ ‘സൈനികനാഗ’മാക്കിയിരിക്കുന്നു. നാഗങ്ങളെ പണ്ടു് പട്ടാളത്തിൽ ചേർത്തിരിക്കണം.

ഡൊറത്തി പാർക്കർ പറഞ്ഞതുപോലെ പതുക്കെ ദൂരെ വക്കേണ്ട പുസ്തകമല്ല ഇതു്. ശക്തിയോടെ ആഞ്ഞെറിഞ്ഞു കളയേണ്ട വിജ്ഞാനകോശം. ഇരുന്നൂറ്റമ്പതു രൂപ നഷ്ടമെനിക്കു്.

ചോദ്യം, ഉത്തരം

ചോദ്യം: “നിങ്ങൾ സാഹിത്യകാരന്മാർ എല്ലാം കാണുന്നവരാണോ?”

ഉത്തരം: “നിങ്ങൾ എന്ന പ്രയോഗത്തിൽ എന്നെക്കൂടി ഉൾപ്പെടുത്തിയിട്ടുണ്ടെങ്കിൽ തെറ്റു്. ഞാൻ സാഹിത്യകാരനല്ല. കേരളത്തിൽ സാഹിത്യകാരന്മാർ വിരലിൽ എണ്ണാവുന്നവരേയുള്ളു. പിന്നെ എല്ലാം കാണുന്നവരെക്കുറിച്ചു്—സാഹിത്യകാരന്മാർക്കു മൂന്നു കണ്ണാണുള്ളതു്. ഒരെണ്ണം കൊണ്ടു് അവർ പണത്തെ നോക്കുന്നു. രണ്ടാമത്തേതുകൊണ്ടു കീർത്തിയെ നോക്കുന്നു. മൂന്നാമത്തെക്കണ്ണു് നെറ്റിയിലല്ല, അന്തരംഗത്തിലാണു്. തങ്ങളെ വിമർശിക്കുന്നവരെ ഭസ്മമാക്കാൻ അതു് അവർ എപ്പോഴും തുറന്നു വച്ചിരിക്കുന്നു.”

ചോദ്യം: “നിങ്ങൾ എല്ലാവരെയും വിമർശിക്കുന്നു. ആരെങ്കിലും നിങ്ങളെപ്പറ്റി എന്തെങ്കിലും എഴുതിയാൽ നിങ്ങൾ കോപിക്കുന്നു. ഇതു മാന്യതയാണോ?”

ഉത്തരം: “ഞാനങ്ങനെ കോപിക്കാറില്ല. യുക്തിയുക്തമായിട്ടാണു് പറയുന്നതെങ്കിൽ ഞാനതിനെ സ്വീകരിക്കും. കരുതിക്കൂട്ടി തെറിപറയാൻ തുടങ്ങിയാൽ പലതവണ ക്ഷമിക്കും. തീരെ നിവൃത്തിയില്ലെന്നു വരുമ്പോൾ മറുപടി നല്കും. ആ മറുപടിക്കു പരുക്കൻ സ്വഭാവം കാണും.”

ചോദ്യം: “മുനി, ഋഷി, യതി ഇവയെല്ലാം ഒന്നുതന്നെയല്ലേ?”

ഉത്തരം: “അല്ല. മുനി നിശ്ശബ്ദനായി ധ്യാനമനുഷ്ഠിക്കുന്നവനാണു്. ഋഷി കടന്നുകാണുന്നവൻ. സന്ന്യാസിയാണു് യതി. ഉപനിഷത്തിൽ ധീരനെക്കുറിച്ചും പറയുന്നുണ്ടു്. ജ്ഞാനിയാണു് ധീരൻ.”

ചോദ്യം: “വിവാഹം നിഷിദ്ധമല്ലേ വേദവും വേദാന്തവുമനുസരിച്ചു്?”

ഉത്തരം: “അല്ല. ഭാര്യവേണമെന്നാണു് ഉപനിഷത്തു് പറയുന്നതു്. ‘തസ്മാദയമാകാശഃ സ്ത്രീയാപുര്യത ഏവ’ എന്നു് ബൃഹദാരണ്യകോപനിഷത്തു്. (തസ്മാത് = അതിനാൽ, അയം ആകാശഃ = ഈ ശൂന്യത, സ്ത്രീയാ പൂര്യതേ ഏവ = സ്ത്രീയാൽ പൂരിപ്പിക്കപ്പെടുന്നു)”

ചോദ്യം:കോവിലനെ ക്കുറിച്ചു് നിങ്ങൾ ഇന്നുവരെ ഒന്നും എഴുതിയിട്ടില്ലല്ലോ, എന്താ അതു?”

ഉത്തരം: “എഴുതാനുള്ള സന്ദർഭമുണ്ടായിട്ടില്ല. എന്റെ ഒരടുത്ത ബന്ധുവിനു് ആസ്മയുണ്ടായിരുന്നു. മരിച്ചുപോയി ആ മനുഷ്യൻ. അദ്ദേഹം രാത്രിയിലെഴുന്നേറ്റിരുന്നു വലിക്കുന്നതു കാണുമ്പോൾ എനിക്കു ദുഃഖം തോന്നും; അപ്പോൾത്തന്നെ ഞാൻ കോവിലന്റെ രചനാശൈലിയെക്കുറിച്ചു് ഓർമ്മിക്കുകയും ചെയ്യും”

ചോദ്യം: “ഇതാണു് എന്റെ ലൈബ്രറി എന്നു് അഭിമാനത്തോടെ ഏതെങ്കിലും സ്ത്രീ അവരുടെ ഗ്രന്ഥശേഖരം നിങ്ങളെ കാണിച്ചിട്ടുണ്ടോ’ എന്നു് ആരോ ചോദിച്ചതായി ഞാൻ അറിഞ്ഞിട്ടുണ്ടു്. സ്ത്രീയുടെ ഇന്റലക്ച്ച ്വൽ ആയ പാപ്പരത്തമല്ലേ ഇതു കാണിക്കുന്നതു?”

ഉത്തരം: “ലൈബ്രറിയെക്കുറിച്ചുള്ള ആ ചോദ്യം ശരിയല്ല. ഞാൻ മസ്ക്കറ്റിൽ പോയപ്പോൾ ശ്രീമതി അരുണാ ആർ. ഷാജി അവരുടെ ഭർത്താവോടുകൂടി വന്നു് എന്നെ ദയാപൂർവം വിളിച്ചുകൊണ്ടുപോവുകയും ശ്രീമതി ‘My own modest collection’ എന്നുപറഞ്ഞു് ഉത്കൃഷ്ടങ്ങളായ ഗ്രന്ഥങ്ങളുടെ സമുച്ചയം എനിക്കു കാണിച്ചു തരികയും ചെയ്തു. ‘സാറിനു ആവശ്യമുള്ള എത്ര പുസ്തകങ്ങൾ വേണമെങ്കിലും എടുത്തുകൊള്ളൂ’ എന്നു് എന്നോടു പറഞ്ഞു ആ യുവതി. ശ്രീമതി അരുണ ശ്രീനാരായണ കോളേജിലെ ഇംഗ്ലീഷ് അധ്യാപികയായിരുന്നു. സ്ത്രീകളിലും ധിഷണാശാലിനികളുണ്ടു്. പൂപുൽ ജയക്കർ, സീമോൻ, റെബേക്ക വെസ്റ്റ് ഇവരെ അതിശയിച്ച പുരുഷന്മാർ അത്ര അധികമല്ല.”

ചോദ്യം: “ജീവിതത്തിന്റെ നല്ലകാലം എപ്പോൾ?”

ഉത്തരം: “സന്താനങ്ങൾ അഞ്ചുവയസ്സിനു താഴെയായിരിക്കുമ്പോൾ”

കമന്റുകൾ
  1. “It is also said that comparatively prominent writers like U. K. Kumaran, Asokan Charuvil, Hafiz Mohammed, Sara Joseph, Ashtamoorthy, Victor Linus, P. A. Divakaran etc are not represented at all”—ഡി. സി. ബുക്ക്സ് പ്രസാധനം ചെയ്ത “നൂറുവർഷം, നൂറുകഥ” എന്ന സമാഹാരഗ്രന്ഥം ഹിന്ദു ദിനപത്രത്തിൽ റെവ്യൂ ചെയ്ത ശ്രീ. കെ. കുഞ്ഞുകൃഷ്ണൻ എഴുതിയതാണിതു്. ഇവരിൽ ചിലരുടെ പ്രോമിനെൻസ്—പ്രാധാന്യം—ഞാനറിയാത്തതു് എന്റെ വിവരക്കേടുകൊണ്ടാകാനേ തരമുള്ളു.
  2. “നാട്ടിൻപുറത്തെ ഒരു വികൃതിക്കുട്ടിയുടെ നല്ലവനെന്നു് ആരും പറയാനിടയില്ലാത്ത ഒരു നല്ല മനുഷ്യന്റെ ചിത്രം എത്ര കരുത്തോടെയാണു് ശ്രീ. ദിവാകരൻ വരച്ചിരിക്കുന്നതു്. ഒരുത്സവ പ്രതീതി.”—പി. എ. ദിവാകരന്റെ ‘പരലോകക്കോടതി’ എന്ന ചെറുകഥയെക്കുറിച്ചു് പ്രഫെസർ എം. ജി. എസ്. നാരായണൻ പുളകപ്രസരമനുഭവിച്ചതിനു ശേഷം മാതൃഭൂമി ആഴ്ചപ്പതിപ്പിൽ എഴുതിയ നീണ്ട കത്തിലെ ചില വാക്യങ്ങളാണു് ഇവ. ഞാനും പ്രഫെസറോടു യോജിക്കുന്നു. പക്ഷേ, ഈ കരുത്തു് ചെക്ക് സാഹിത്യകാരൻ കാറൽ ചാപെക് ഏതാണ്ടു് എഴുപതു കൊല്ലത്തിനുമുൻപു്, ദിവാകരൻ എന്നൊരു ശിശു ജനിക്കാൻ പോകുന്നു എന്നു് മുൻകൂട്ടിക്കണ്ടു് സ്വായത്തമാക്കിക്കളഞ്ഞു എന്നതാണു് സത്യം. അദ്ദേഹത്തിന്റെ The Last Judgment എന്ന കഥയിൽ ഈ കരുത്തുകാണാം. വള്ളിപുള്ളി വിസർഗ്ഗം വിടാതെ ചാപെക് ദിവാകരൻ എഴുതാവുന്ന കഥ മുൻകൂട്ടി എഴുതിക്കളഞ്ഞു. ദിവാകരനും പ്രഫെസറും വിജയിപ്പൂതാക. ചാപെക് 1938-ൽ മരിച്ചെങ്കിലും അയാൾ മൂർദാബാദ്.
  3. എം. എൻ. വിജയനെ പ്പോലെ ജീനിയസായ ഒരു നിരൂപകൻ മുമ്പത്തെ തലമുറയിൽ ജീവിച്ചിരുന്നില്ല”—ഡോക്ടർ എം. ലീലാവതി ഇങ്ങനെ പറഞ്ഞതായി ന്യൂഡൽഹി വാരികയിൽ (ലീഡ്). ഡോക്ടർ ലീലാവതി ഇങ്ങനെ പറഞ്ഞിരിക്കാം എന്നു വിചാരിച്ചപ്പോൾ എന്റെ തൊലിയാകെ പൊള്ളിപ്പോയി. ബർനോൾ ഓയിന്റ്മെന്റ് മരുന്നുകടയിൽ നിന്നു വാങ്ങിക്കൊണ്ടുവരട്ടെ. സാഹിത്യവാരഫലം പിന്നീടെഴുതാം.
  4. മുകളിൽപ്പറഞ്ഞ റിപ്പോർട്ടിൽ ഇങ്ങനെയും: “പഴയതലമുറ അതേപ്പറ്റി ബോദേഡല്ല. പുതിയ തലമുറയിലെ എഴുത്തുകാർ ബോദേഡാണു്. സർപ്രൈസിങ്ലി.” —ഇതു റിപ്പോർട്ട് തയ്യാറാക്കിയ ആളിന്റെ ഭാഷയാണോ? അതോ ലീലാവതിയുടെ ഭാഷയോ? ശ്രീമതിയുടേതാണെങ്കിൽ എനിക്കൊരു ചോദ്യം. ശ്രീമതി ഇംഗ്ലീഷ് വാക്യങ്ങളിൽ മലയാളപദങ്ങൾ തിരുകുന്നുവോ അതോ മലയാളവാക്യങ്ങളിൽ ഇംഗ്ലീഷ് പദങ്ങൾ തിരുകുന്നുവോ? (‘ഓറിയന്റലായിട്ടുള്ള ലാങ്ഗ്വിജസെല്ലാം ഒരുമാതിരി വെർത്ത്ലസ് അല്ലേ? അവയിൽ എന്തെങ്കിലും ഇംപ്രൂവ്മെന്റ് ഇഫക്ട് ചെയ്യുന്നതു് ഇംപ്രാക്ടിക്കബിൾ ആയിട്ടുള്ള മാറ്ററല്ലേ?’ ‘അന്ത മ്യൂസിയം ഇരിക്കലേ? മ്യൂസിയം. അങ്കേ സ്നേക്കിരിക്കിടത്തിലേ പീപ്പിൾ ഷുഡ് നോട്ട് ഗോ.’)

“ഹസ്തമൈഥുനം പ്രാണസഹിതം ഋതു ഗന്ധം

വ്യർത്ഥമായ്ക്കളയുന്ന സ്നേഹപീഡയാണിതു്”

സച്ചിദാനന്ദൻ പുഴങ്കര‘വാർത്താവേദി’യിൽ എഴുതിയ “ജലപാതം” എന്ന കാവ്യത്തിലെ രണ്ടുവരികളാണു് ഇവ. ആരോഗ്യം നശിപ്പിക്കുന്ന കാവ്യങ്ങൾ, ആരോഗ്യം വർദ്ധിപ്പിക്കുന്ന കാവ്യങ്ങൾ ഇങ്ങനെ രണ്ടുവിഭാഗമുണ്ടു്. ഈ വരികൾ ഏതിൽപ്പെടുമോ എന്തോ?

ആശയപ്രാധാന്യം

ആശയത്തിന്റെ പ്രൗഢതകൊണ്ടു് കഥാമദ്യത്തിന്റെ വീര്യം കൂട്ടുന്നു ചിലർ. ക്ഷുദ്രസംഭവങ്ങൾ സങ്കലനം ചെയ്തു് കഥാമരനീരിന്റെ വീര്യം കുറയ്ക്കുന്നു മറ്റു ചിലർ.

The Tao of Physics എന്ന ഗ്രന്ഥത്തിന്റെ രചനയോടുകൂടി രാഷ്ട്രാന്തരീയ പ്രശസ്തിയാർജ്ജിച്ചു ഫ്രിറ്റ്ജൊഫ് കാപ്ര. മിസ്റ്റിസിസവും നവീനഭൗതികശാസ്ത്രവും തമ്മിലുള്ള ബന്ധം അദ്ദേഹമാണു് വ്യക്തമാക്കിയതു്. പ്രാചീനരായ മിസ്റ്റിക്കുകളുടെ ലോകവീക്ഷണത്തിനും ഇന്നത്തെ ഭൗതികശാസ്ത്രജ്ഞന്മാരുടെ ലോകവീക്ഷണത്തിനും തമ്മിൽ വ്യത്യാസമില്ലെന്നാണു് അദ്ദേഹത്തിന്റെ വാദം. കാപ്രയുടെ The Turning Point എന്ന ഗ്രന്ഥം ഞാൻ വായിച്ചിട്ടു കാലമേറെയായി. എങ്കിലും അതിലെ ഒരു വാദം ഓർമ്മയിലുണ്ടു്. ഭൗതികശാസ്ത്രജ്ഞർ ജഡവസ്തുവിനെ ലഘൂകരിച്ചു ലഘൂകരിച്ചു് അടിസ്ഥാനപരങ്ങളായ ഏകകങ്ങളിലേക്കുകൊണ്ടുചെന്നപോലെ മെഡിക്കൽ സയന്റിസ്റ്റുകളും മനുഷ്യശരീരത്തെ ഏകകങ്ങളിലേക്കു കൊണ്ടുചെല്ലുന്നു എന്നാണു് അദ്ദേഹം പറയുക. അവയവങ്ങളിൽ നിന്നു് റ്റിഷ്യൂവിലേക്കു്, റ്റിഷ്യൂവിൽനിന്നു് സെല്ലിലേക്കു്, സെല്ലിൽനിന്നു് മൊളിക്യൂളിലേക്കു് മെഡിക്കൽ സയൻസ് പോകുന്നു. ഫലമോ? മനുഷ്യനെ സാകല്യാവസ്ഥയിൽ കാണാൻ അതു കൂട്ടാക്കുന്നില്ല. ഇനിയെഴുതുന്നതു് കാപ്രയുടെ അഭിപ്രായമല്ല. കവിളിലെ കാൻസർ കൊണ്ടു പുളയുന്ന മനുഷ്യൻ അവിടംകൊണ്ടു മാത്രമല്ല വേദനയനുഭവിക്കുന്നതു്. ശരീരമാകെ, മനസ്സാകെ വേദനയാണു് അയാൾക്കു്. ആ സാകല്യാവസ്ഥയെ കാണുന്നില്ല ഇന്നത്തെ മെഡിക്കൽ ശാസ്ത്രജ്ഞൻ. ഈ ആശയത്തിനു കഥയുടെ രൂപം നല്കിയിരിക്കുകയാണു്. ജോയിക്കുട്ടി പാലത്തുങ്കൽ തന്റെ ‘അകമ്പടി’ എന്ന ചെറുകഥയിലൂടെ (മാതൃഭൂമി ആഴ്ചപ്പതിപ്പു്) ഒരു സാങ്കല്പികകഥയുടെ സ്വഭാവം ഈ രചനയ്ക്കുണ്ടെങ്കിലും കലാസൃഷ്ടി ജനിപ്പിക്കേണ്ട തീക്ഷ്ണമായ അനുഭവം ഇതിൽ നിന്നുണ്ടാകുന്നില്ല. ആശയങ്ങൾക്കു പ്രാധാന്യം കൊടുക്കുമ്പോൾ ഈ ന്യൂനതസംഭവിക്കും. ഡി. എച്ച്. ലോറൻസി ന്റെ നോവലുകൾ വായിക്കുമ്പോൾ ഫ്രോയിഡിയനിസമല്ലേ മുഴച്ചുനില്ക്കുക?

സംഭാഷണം
ഗുരു:
തകഴി ശിവശങ്കരപ്പിള്ള യുടെ ചെറുകഥയുടെ സവിശേഷതയെന്തു?
പ്രഗൽഭനായ ശിഷ്യൻ:
ഭാവന + റിയലിസം.
ഗുരു:
പി. സി. കുട്ടിക്കൃഷ്ണൻ?
ശിഷ്യൻ:
ഭാവനയുടെ ആധിക്യം + കുറഞ്ഞ റിയലിസം + ഏറിയ റൊമാൻസ്.
ഗുരു:
പൊൻകുന്നം വർക്കി?
ശിഷ്യൻ:
ഭാവനയുടെ വൈരള ്യം + രാഷ്ടവ്യവഹാരത്തിന്റെ ആധിക്യം.
ഗുരു:
എസ്. കെ. പൊറ്റെക്കാട്ടു് ?
ശിഷ്യൻ:
റൊമാൻസിന്റെ ആധിക്യം + അല്പമായ റിയലിസം + അല്പം ഭാവന.
ഗുരു:
വൈക്കം മുഹമ്മദ് ബഷീർ?
ശിഷ്യൻ:
ഭാവന + റിയലിസം + റൊമാൻസ് എല്ലാം സമനിലയിൽ
ഗുരു:
…? (ഈ പേരു സാഹിത്യവാരഫലക്കാരൻ കേട്ടില്ല. ഉത്തരം മാത്രം കേട്ടു.)
ശിഷ്യൻ:
സായ്പിന്റെ പുസ്തകം + ചങ്കൂറ്റം.
ഗുരു:
കലാകൗമുദിയിൽ ‘പുത്രകാമേഷ്ടി’ എന്ന ചെറുകഥയെഴുതിയ ഒ. ഭരതൻ?
ശിഷ്യൻ:
കലയെസ്സംബന്ധിച്ച അസത്യം + ചിരപരിചിതത്വം.

ഇക്കഥയ്ക്കു നമ്പൂതിരി വരച്ച ചിത്രം മനോഹരമായിരിക്കുന്നു. എന്റെ വായനക്കാരിൽ അവിവാഹിതരായ ചെറുപ്പക്കാർ കാണുമല്ലോ. അവരിലൊരാൾ ഈ ചിത്രത്തിന്റെ ഒറിജിനൽ എന്നു കരുതാവുന്ന സ്ത്രീയെ കണ്ടുപിടിച്ചു് വിവാഹം കഴിച്ചു ജീവിക്കണം.

സെക്സും സ്വഭാവവും

സാഹിത്യവാരഫലക്കാരൻ മലയാള കവിതയെ പരിണയിച്ചിട്ടു് വർഷങ്ങൾ ഏറെയായി. അവർ ഇത്രയും കാലം അയാളോടുകൂടി കഴിഞ്ഞു. അവളുടെ പരിചരണം അയാൾക്കു് ആഹ്ലാദദായകമാണു്.

ഓസ്റ്റ്രിയൻ തത്ത്വചിന്തകൻ ലൂട്വിഹ് വിറ്റ്ഗൻഷ്ടൈനി ന്റെ (Ludwig Wittgenstein, 1889–1951) ജീവചരിത്രം (റേ മങ്ക്) (Ludwig Wittgenstein—The Duty of Genius—Vintage, £3.50, PP. 654) ഞാൻ വായിച്ചുകൊണ്ടിരിക്കുന്നു. അതിൽ നിന്നാണു് ഓറ്റോ വൈനിങ്കറു ടെ (Otto Weininger) Sex and Character എന്ന പുസ്തകത്തെക്കുറിച്ചു ഞാൻ മനസ്സിലാക്കിയതു്. 1906-ൽ ഇതു് ഇംഗ്ലണ്ടിൽ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ടു്. വിറ്റ്ഗൻഷ്ടൈനിൽ എന്തെന്നില്ലാത്ത സ്വാധീനം ചെലുത്തിയ ഗ്രന്ഥമാണിതെന്നു് ജീവചരിത്രകാരന്മാർ പറയുന്നു. റേ മങ്കിനെ മാത്രം അവലംബിച്ചു കൊണ്ടു് വൈനിങ്കറുടെ ഗ്രന്ഥത്തിന്റെ സ്വഭാവം വ്യക്തമാക്കട്ടെ. മനുഷ്യജീവികളാകെ ബൈ-സെക്ഷ്വലാണു് (ഉഭയലൈംഗികത്വമുള്ളവർ)—പുരുഷത്വത്തിന്റേയും സ്ത്രീത്വത്തിന്റേയും സങ്കലനം. അനുപാതത്തിനു മാത്രമേ വ്യത്യാസമുള്ളു. അവർ ഒന്നുകിൽ സ്ത്രീത്വമുള്ള പുരുഷന്മാർ. അല്ലെങ്കിൽ പുരുഷത്വമുള്ള സ്ത്രീകൾ. പുരുഷത്വം കൂടിയ സ്ത്രീകൾ സ്വവർഗ്ഗരതിയുള്ളവരായിരിക്കും.

വൃത്തമില്ലാത്ത, ദുർഗ്രഹതയാർന്ന, കൺസീറ്റുകൾ നിറഞ്ഞ നവീന കവിതയുടെ ശത്രുവാണു് ഞാൻ. ഇരുപത്തിമൂന്നു കൊല്ലമായി ഞാൻ ഇതു് എല്ലാ ആഴ്ചയും എഴുതിക്കൊണ്ടിരിക്കുന്നു.

സ്ത്രീ, ലൈംഗികത്വമല്ലാതെ വേറൊന്നുമല്ല. പുരുഷനു് ജനനേന്ദ്രിയങ്ങളുണ്ടു്; പക്ഷേ, സ്ത്രീയുടെ ജനനേന്ദ്രിയങ്ങൾ അവളെ സ്വായത്തമാക്കുന്നു. ലൈംഗികകാര്യങ്ങളിലേ സ്ത്രീക്കു താല്പര്യമുള്ളൂ. പുരുഷനാകട്ടെ യുദ്ധം, വിനോദം, സാമൂഹികകാര്യങ്ങൾ, തത്ത്വചിന്ത, ശാസ്ത്രം, രാഷ്ട്രവ്യവഹാരം, മതം, കല ഇവയിലൊക്കെ തല്പരൻ.

വ്യക്തമായ മൂല്യനിർണ്ണയത്തിനു ശക്തിയുള്ളവളല്ല സ്ത്രീ. സത്യവും അസത്യവും തമ്മിലുള്ള വ്യത്യാസവും അവൾക്കറിഞ്ഞുകൂടാ. സ്വാഭാവികമായും അവൾ അസത്യം പറയുന്നവളും പ്രവർത്തിക്കുന്നവളും. അതിനാൽ അവൾക്കു് സന്മാർഗ്ഗത്തിന്റെ മണ്ഡലത്തിൽ പ്രവേശിക്കാൻ വയ്യ. സ്ത്രീ അസാന്മാർഗ്ഗികത്വത്തിന്റെ പ്രതീകമത്രേ.

അമ്മ, വേശ്യ ഈ രണ്ടുപേരുടേയും സങ്കലനമാണു് ഓരോ സ്ത്രീയും. കുഞ്ഞിനോടു് അമ്മയ്ക്കു തോന്നുന്ന സ്നേഹം വേശ്യയ്ക്കു പുരുഷനോടു ചേരാനുള്ള ആഗ്രഹംപോലെയാണു്. ലൈംഗികത്വത്തിന്റെ ഫലമായ ശിശുവിൽ താല്പര്യം അമ്മയ്ക്കു്. വേശ്യക്കു ലൈംഗികപ്രക്രിയയിൽ താല്പര്യം. സ്ത്രീയേയും പുരുഷനേയും കൂട്ടിച്ചേർക്കാനാണു് ഓരോ സ്ത്രീയും യത്നിക്കുന്നതു്.

images/TDoG.jpg

വൈനിങ്കർ ജൂതനായിരുന്നു. അദ്ദേഹം ആത്മഹത്യചെയ്തു. അദ്ദേഹം നല്ല ജൂതനായിരുന്നുവെന്നു ഹിറ്റ്ലറോടു് ആരോ പറഞ്ഞുപോലും. ഇരുപതാം ശതാബ്ദത്തിലെ ബുദ്ധിശാലികളിൽ പ്രധാനനായ വിറ്റ്ഗൻഷ്ടൈൻ ബുദ്ധിശൂന്യനായ വൈനിങ്കറുടെ ആരാധകനായതു് എങ്ങനെ എന്നാണു് ജീവചരിത്രകാരന്റെ ചോദ്യം. നമ്മളും ആ ചോദ്യം തന്നെ ചോദിക്കുന്നു.

കള്ളും മോരും

വർഷങ്ങൾക്കു മുൻപു് ചേർത്തലെ ബ്രാന്റി ഉണ്ടാക്കുന്ന ഒരു സ്ഥാപനത്തിൽ വാർഷികസമ്മേളനത്തിൽ പ്രസംഗിക്കാൻ ഞാൻ പോയി. അടപ്പുറപ്പിച്ചു് പുറത്തേക്കു് അയയ്ക്കുന്ന ബ്രാന്റി നിറച്ച കുപ്പികളുടെ ആ അടപ്പുകൾ ഇളക്കി മദ്യത്തിന്റെ വീര്യം കൂട്ടാൻ ചില രാസദ്രവ്യങ്ങൾ ചേർക്കുന്നവരെക്കുറിച്ചു് അവിടുത്തെ ഒരുദ്യോഗസ്ഥൻ എന്നോടു പറയുകയുണ്ടായി. ഇതു മദ്യത്തിന്റെ വീര്യം കൂട്ടാനുള്ള വിദ്യ. ചില കള്ളുഷാപ്പുകളിൽ കള്ളിൽ വെള്ളം ചേർത്തുവില്ക്കാറുണ്ടു്. കള്ളിന്റെ വീര്യം കുറയ്ക്കാനുള്ള മാർഗ്ഗം ഇതു്. കുടിയൻ കുടിച്ചു ലക്കില്ലാതെയായാൽ മോരു കള്ളെന്ന പേരിൽ കൊടുക്കുമെന്നും കേട്ടിട്ടുണ്ടു്. ആശയത്തിന്റെ പ്രൗഢത കൊണ്ടു് കഥാമദ്യത്തിന്റെ വീര്യം കൂട്ടുന്നു ചിലർ. ക്ഷുദ്രസംഭവങ്ങൾ സങ്കലനം ചെയ്തു കഥാമരനീരിന്റെ വീര്യം കുറയ്ക്കുന്നു മറ്റു ചിലർ. കള്ള് എന്നുപറഞ്ഞു് മോരു കൊടുക്കുകയാണു് ഹബീബ് വലപ്പാടു്. കുങ്കുമം വാരികയിൽ അദ്ദേഹമെഴുതിയ ‘ശമനം’ എന്ന കഥ വായിച്ചപ്പോൾ തോന്നിയതാണു് ഇതെനിക്കു്. കൊള്ള നടത്താൻ കഠാരിയുമായി ഒരു ധനികഗൃഹത്തിൽകയറിയ ഒരുത്തൻ ഗൃഹനായികയുടെ നല്ല പെരുമാറ്റം കണ്ടു്, പരഹൃദയജ്ഞാനം കണ്ടു്, കുറ്റകൃത്യത്തിനുള്ള വിചാരമുപേക്ഷിച്ചു് കൊച്ചുകുഞ്ഞിനെപ്പോലെ ഉറങ്ങിപ്പോയി പോലും. അവർ താരാട്ടു പാടി അവനെ ഉറക്കിയത്രെ. ഏതു വെള്ളരിക്കപ്പട്ടണത്തിലാണോ എന്തോ ഇക്കഥ നടക്കുന്നതു് ! അവനെ ഗൃഹനായിക മുലപ്പാലൂട്ടി എന്നെഴുതാത്തതു് വായനക്കാരുടെ ഭാഗ്യമെന്നു പറഞ്ഞാൽമതി.

ശ്രീരേഖ
images/OOOC.jpg

“ഭാര്യയ്ക്കു് എത്ര വയസ്സായി?” എന്നു ചോദ്യം “നാല്പതു്” എന്നു് ഉത്തരം. “ഇരുപതു വയസ്സു വീതം പ്രായമുള്ള രണ്ടു യുവതികളെ തരാം. നാല്പതു വയസ്സായ സ്ത്രീയെ ഇങ്ങു തന്നേക്കൂ” എന്നു് നിർദ്ദേശമുണ്ടായാൽ ഏതു ഭർത്താവു സമ്മതിക്കും? “ഞാൻ അവൾക്കു് ഇരുപതു വയസ്സുള്ളപ്പോൾ വിവാഹം കഴിച്ചതാണു്. എന്റെ കൂടെ ഇരുപതുകൊല്ലം ജീവിച്ചു് എന്റെ സുഖങ്ങളിലും ദുഃഖങ്ങളിലും പങ്കുകൊണ്ടവളാണു്. അവളുടെ സൗന്ദര്യം പോകാൻ കാരണക്കാരൻ ഞാനാണു്. അതുകൊണ്ടു് എനിക്കു് എന്റെ ഭാര്യ മതി. രണ്ടു സുന്ദരികളെ—ചെറുപ്പക്കാരികളെ—എനിക്കുവേണ്ട” എന്നേ മാന്യനായ ഭർത്താവു മറുപടി പറയൂ. സാഹിത്യവാരഫലക്കാരൻ മലയാളകവിതയെ പരിണയിച്ചിട്ടു് വർഷങ്ങൾ ഏറെയായി. അവൾ ഇത്രയുംകാലം അയാളോടുകൂടി കഴിഞ്ഞു. അവളുടെ പരിചരണം അയാൾക്കു് ആഹ്ലാദദായകമാണു്. അതുകൊണ്ടു് കെ. സി. ഉമേഷ് ബാബു വിന്റെ പുത്തൻ കവിതയെക്കാൾ എനിക്കേറെയിഷ്ടം പാരമ്പര്യത്തോടു കൂറുപുലർത്തുന്ന ശ്രീരേഖയുടെ കവിതയെയാണു്. പനിനീർപ്പൂവിന്റെ അകം അല്ലെങ്കിൽ ഉള്ളു് ചുവന്നിരിക്കുന്നതുപോലെ ശ്രീരേഖയുടെ കാവ്യപുഷ്പത്തിന്റെ ദലം തുടങ്ങുന്നിടത്തെ ദലം ചുവന്നിരിക്കുന്നു. അതു കലയുടെ ചുവപ്പാണു്.

അപ്പനോടമ്മ കടംമേടിച്ചു

അരവാശിപ്പലിശയ്ക്കഞ്ചു പുത്തൻ

അതുവീട്ടാനമ്മാവനോടുപിന്നെ

ഒരുവാശിപ്പലിശയ്ക്കു പത്തുപുത്തൻ

ഇരുവാശിക്കിരുപതു നാത്തൂനാരോ

ടിരവായി വാങ്ങിച്ചിട്ടതു വീട്ടി

അയലത്തെച്ചാപ്പന്റെയലങ്കാരക്കട്ടിലിൽ

അതുവീട്ടാനമ്മ കിടന്നുറങ്ങി

(ദേശാഭിമാനി വാരിക)

images/IlyaPrigogine1977c.jpg
Ilya Prigogine

എന്ന കാർട്ടൂൺ കവിതയിലും ഉള്ളു് അരുണിമയാർന്നിരിക്കുന്നു. ഹാസ്യമുണ്ടിവിടെ. സമൂഹത്തിന്റെ വിമർശനമുണ്ടു്. എങ്കിലും വിഷയത്തിനു യോജിച്ച ലയം ഹാസ്യത്തെയും വിമർശനത്തെയും അതിശയിക്കുന്ന കലാസൗന്ദര്യം സൃഷ്ടിക്കുന്നു. ഈ പ്രക്രിയ നടക്കാത്തതൊന്നും കവിതയല്ല. ഇരുപതുവയസ്സുള്ള രണ്ടു ചെറുപ്പക്കാരികൾക്കുവേണ്ടി നാല്പതു വയസ്സുള്ള സുപരിചിതയായ സഹധർമ്മിണിയെ ആരും ഉപേക്ഷിക്കരുതു്.

ഇപ്പോൾ തോന്നുന്നത്
  1. വൃത്തമില്ലാത്ത, ദുർഗ്രഹതയാർന്ന, കൺസീറ്റുകൾ നിറഞ്ഞ നവീനകവിതയുടെ ശത്രുവാണു ഞാൻ. ഇരുപത്തിമൂന്നു കൊല്ലമായി ഞാനിതു് എല്ലാ ആഴ്ചയും എഴുതിക്കൊണ്ടിരിക്കുന്നു. കലാകൗമുദിയുടേയോ മാതൃഭൂമിയുടേയോ ദേശാഭിമാനിയുടേയോ വെണ്മയുള്ള കടലാസ്സിൽ ഇത്തരം കവിതകൾ അച്ചടിച്ചു കാണുമ്പോൾ ജോണിന്റെ തല മുറിപ്പിച്ചു് പ്ലെയ്റ്റിൽ വയ്പിച്ചു വാങ്ങിച്ച സലോമിയുടെ ചിത്രമാണു് എന്റെ മനസ്സിൽ വരിക.
  2. അന്തരീക്ഷത്തെ ആക്രമിച്ചു കീഴടക്കിയ ആനമുടി, ആരോഗ്യത്തിന്റെ പ്രതീകങ്ങളായ അറേബ്യൻ കുതിരകൾ, ചലച്ചിത്രതാരം ശോഭനാ സമർത്ഥി ന്റെ പാദങ്ങൾ, കന്യാകുമാരിയിലെ സൂര്യോദയം, ‘കടാക്ഷശാസ്ത്രപഠിപ്പു നേടാത്ത വിടർന്ന കണ്ണാൽ’ മറ്റുള്ളവരെ നോക്കുന്ന കേരളത്തിലെ ഗ്രാമപ്പെൺകൊടികൾ, സുഹാസിനി യുടെ ചിരി, യേശുദാസി ന്റെ പാട്ടു് ഇവയെല്ലാം ചേതോഹരങ്ങളാണു്.
  3. പി. എസ്. പിയിലെ അംഗമായിരുന്ന തൃശ്ശൂരെ ബി. സി. വർഗ്ഗീസിനെ ഞാൻ വലിയ പ്രഭാഷകനായി കരുതുന്നു.
  4. ഗൗതമിയുടെ നിർദ്ദേശമനുസരിച്ചു മൂടുപടം നീക്കിയ ശകുന്തളയുടെ മുഖകാന്തിയാണു് കവിതയ്ക്കു വേണ്ടതെന്നു മഹാകവി ജി. ശങ്കരക്കുറുപ്പു് എവിടെയോ എഴുതിയിട്ടുണ്ടു്. നവീന കവിതയുടെ മൂടുപടം നീക്കൂ. എന്താണു് സഹൃദയനെന്ന ദുഷ്യന്തൻ കാണുന്നതു?
  5. വൈരൂപ്യമുള്ള തരുണി സുന്ദരനായ യുവാവിനെ ആശ്ലേഷിക്കുമ്പോൾ അവളെ വേദനിപ്പിക്കാതിരിക്കാൻ വേണ്ടി അയാൾ മന്ദസ്മിതം പൊഴിക്കും. ആ മന്ദസ്മിതം ആഹ്ലാദാനുഭൂതിയുടെ ഫലമാണെന്നു ചെറുപ്പക്കാരി തെറ്റിദ്ധരിക്കും. അപ്പോൾ അവൾ കൂടുതലായി ആശ്ലേഷങ്ങൾ നടത്തും. കാരുണ്യത്തിന്റെ പേരിൽ വിരൂപങ്ങളായ കാവ്യങ്ങളും ഭാവനാദരിദ്രങ്ങളായ കഥകളും പത്രാധിപർ സ്വന്തം വാരികയിൽ അച്ചടിക്കുമ്പോൾ അവയുടെ രചയിതാക്കൾ തുടരെത്തുടരെ രചനകൾ അദ്ദേഹത്തിനു് അയച്ചുകൊണ്ടിരിക്കും. തരുണിക്കും രചയിതാക്കൾക്കും എന്തൊരു തെറ്റിദ്ധാരണ!
  6. നോബൽ സമ്മാനം നേടിയ Ilya Prigogine എഴുതിയതും A passionate meditation on Man and Universe എന്നു ഈറ്റാലോ കാൽവീനോ വാഴ്ത്തിയതും ആയ Order out of Chaos—Man’s New Dialogue with Nature എന്ന പുസ്തകത്തിൽ ഡൂറൻമാറ്റി ന്റെ The Physicists എന്ന നാടകത്തെക്കുറിച്ചു പറഞ്ഞിട്ടുണ്ടു്. മൂന്നു ഭൗതികശാസ്ത്രജ്ഞന്മാർ ശാസ്ത്രം പുരോഗമിപ്പിക്കാനും അതേസമയം രാഷ്ട്രവ്യവഹാരശക്തികളിൽ നിന്നു മനുഷ്യരെ രക്ഷിക്കാനും യത്നിക്കുന്നു. ഒരു മാർഗ്ഗമേയുള്ളു അവർക്കു്. ഒരു ശാസ്ത്രജ്ഞന്റെ നിർദ്ദേശമനുസരിച്ചു് മൂന്നുപേരും ഭ്രാന്തന്മാരായി ഭാവിച്ചു് ഒരു ഭ്രാന്താലയത്തിൽ പ്രവേശിക്കുന്നു. പക്ഷേ, ഭ്രാന്താലയത്തിന്റെ ഡയറക്ടർ ചാരപ്പണിയിലൂടെ കണ്ടുപിടിത്തങ്ങളെ മനസ്സിലാക്കി ലോകത്തെ കീഴടക്കാനുള്ള ശക്തി സ്വായത്തമാക്കുന്നു. ഏറെ വാഴ്ത്തപ്പെട്ട നാടകമാണു് ഇതു്. (ഈ ലേഖകൻ The Physicists വായിച്ചിട്ടില്ല. പ്രസ്താവത്തിനു് അവലംബം Order out of Chaos എന്ന പുസ്തകം)

വേർമിഫോം അപ്പെൻഡിക്സ് കാണാതെ തന്നെ അതിനുവരുന്ന വീക്കം ഡോക്ടർ കണ്ടുപിടിക്കും. ശാസ്ത്രക്രിയ നടത്തി രോഗിയെ രക്ഷിക്കും. കഥാകാരന്റെ പേരുമാത്രം കണ്ടാൽ കഥയെങ്ങനെയിരിക്കുമെന്നു വിമർശകനു് ഊഹിക്കാം. പക്ഷേ, അയാളുടെ രോഗം ഭേദമാക്കാൻ വിമർശകനു് കഴിയുകയില്ല.

Colophon

Title: Sāhityavāraphalam (ml: സാഹിത്യവാരഫലം).

Author(s): M Krishnan Nair.

First publication details: Kalakaumudi Weekly; Trivandrum, Kerala; 1992-05-24.

Deafult language: ml, Malayalam.

Keywords: M Krishnan Nair, Sahityavaraphalam, Weekly Lietrary Column, സാഹിത്യവാരഫലം, എം കൃഷ്ണൻ നായർ, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: October 7, 2022.

Credits: The text of the original item is copyrighted to J Vijayamma, author’s inheritor. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-NC-SA 4​.0). Any reuse of the material should credit the Sayahna Foundation, only noncommercial uses of the work are permitted and adoptations must be shared under the same terms.

Production history: Data entry: MS Aswathi; Proofing: Abdul Gafoor; Typesetter: JN Jamuna; Digitizer: KB Sujith; Encoding: JN Jamuna.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.