സാഹിത്യവാരഫലം
എം കൃഷ്ണൻ നായർ
(കലാകൗമുദി വാരിക, 1992-07-12-ൽ പ്രസിദ്ധീകരിച്ചതു്)

images/sparrow.jpg

എന്റെ വീട്ടിനടുത്തുള്ള ഒരു മരത്തിന്റെ കൊമ്പിൽ എല്ലാ രാത്രികളിലും വന്നിരുന്നു പാടുന്ന കിളിയുണ്ടു്. ആ പാട്ടു് മറ്റു മരങ്ങളുടെ ഇലച്ചാർത്തുകളെ തഴുകി, വീടുകളിലൂടെ ഒഴുകി തൊട്ടടുത്തുള്ള വയലുകളിലേക്കു പ്രവഹിക്കാറുണ്ടു്. ഇന്നോളം ഒരു ദിവസവും ആ പാട്ടുപാടൽ മുടങ്ങിയിട്ടില്ല. ആർക്കുവേണ്ടിയാണോ ആ പക്ഷി പാടുന്നതു? എനിക്കുവേണ്ടിയാണോ? അയല്ക്കാർ ആസ്വദിക്കുന്നതിനാണോ? അതോ വയലുകളിലെ നെല്ലോലകൾക്കു വേണ്ടിയോ? എല്ലാവർക്കും വേണ്ടിയാണു് അതു പാടുന്നതു്. എന്റെ വീട്ടിനു ചുറ്റും ധനികരുണ്ടു്; സമ്പന്നരല്ലാത്തവരുണ്ടു്. ആരോഗ്യമുള്ളവരുണ്ടു്; ആരോഗ്യമില്ലാത്തവരുണ്ടു്. യുവാക്കന്മാരും യുവതികളും വൃദ്ധന്മാരും വൃദ്ധകളും ബാലന്മാരും ബാലികകളും ഉണ്ടു്. അവരെല്ലാം ഒരേ മട്ടിൽ കേൾക്കട്ടെയെന്നു വിചാരിച്ചാണു് ആ പക്ഷി പാടുന്നതു്. ആ കിളി എന്റെ ഭവനത്തിന്റെ സമീപത്തുള്ള മരത്തിന്റെ കൊമ്പിൽ വന്നിരുന്നു പാടുന്നതുകൊണ്ടു് അതു് എനിക്കുവേണ്ടി മാത്രമാണു് ഗാനമൊഴുക്കുന്നതെന്നു കരുതേണ്ടതുള്ളു. കേരളത്തിലെ ചില കവികളെ ചിലർ സ്വന്തമാക്കി വച്ചിരിക്കുന്നു. ആ സ്വത്വം അല്ലെങ്കിൽ അധികാരം ഉറപ്പിക്കുന്നതിനുവേണ്ടി അവരുടെ ഗാനത്തിനുള്ള മാധുര്യത്തെ അക്കൂട്ടർ അത്യുക്തി കലർത്തി വാഴുന്നു. ആ കവികൾ പാടിയതു് കേരളത്തിലെ ഓരോ വ്യക്തിക്കും വേണ്ടിയാണെന്നുള്ള പരമാർത്ഥം ഈ സ്തോതാക്കൾ വിസ്മരിക്കുന്നു.

കാപട്യം

കേരളത്തിലെ ചില കവികളെ ചിലർ സ്വന്തമാക്കി വച്ചിരിക്കുന്നു. ആ സ്വത്വം അല്ലെങ്കിൽ അധികാരം ഉറപ്പിക്കുന്നതിനുവേണ്ടി അവരുടെ ഗാനത്തിനുള്ള മാധുര്യത്തെ അക്കൂട്ടർ അത്യുക്തി കലർത്തു് വാഴുന്നു. ആ കവികൾ പാടിയതു് കേരളത്തിലെ ഓരോ വ്യക്തിക്കും വേണ്ടിയാണെന്നുള്ള പരമാർത്ഥം ഈ സ്തോതാക്കൾ വിസ്മരിക്കുന്നു.

ആഴ്ചയിലൊരിക്കൽ കാലത്തെഴുന്നേറ്റിരുന്നു് ഓരോ തലമുടിനാരും വേർപ്പെടുത്തിയടുത്തു് അതു ഡൈ ചെയ്യുന്ന ഒരു ബന്ധു എനിക്കുണ്ടു്. കുറെക്കാലം ഞാൻ അവരോടു് ഒരുമിച്ചു താമസിച്ചിരുന്നതുകൊണ്ടു് ഞാൻ അക്കാഴ്ച പലതവണ കണ്ടിട്ടുളളതാണു്. ഒരുദിവസം ഞാൻ അവരോടു ചോദിച്ചു. “എത്ര സമയമാണു് അമ്മായി ഇതിലേക്കുവേണ്ടി കളയുന്നതു? മുഷിച്ചിൽ തോന്നുകില്ലേ?” അവർ ചിരിച്ചുകൊണ്ടു് “ഇല്ല” എന്നുമാത്രം പറഞ്ഞു. രണ്ടോ മൂന്നോ മണിക്കൂർ നേരത്തെ ഈ പ്രക്രിയയ്ക്കുശേഷം അവർ പ്രത്യക്ഷയാകുമ്പോൾ സുന്ദരി. മാത്രമല്ല ബ്രഷ് കൊണ്ടു ഓരോ മുടിയിലും ചായം തേച്ചതാണെന്നു തോന്നുകയുമില്ല. ഒരു പാത്രത്തിൽ കറുത്ത ചായം നിറച്ചൊഴിച്ചു് അമ്മായി തല അതിൽ മുക്കിയെടുത്തതാണെന്നേ തോന്നുകയുള്ളു. ഞാൻ എറണാകുളത്തു ലൂസിയ ഹോട്ടലിൽ സ്ഥിരം താമസക്കാരനായിരുന്ന കാലത്തു് ലേഖനം വാങ്ങാൻ ഒരാൾ പതിവായി വരുമായിരുന്നു. അദ്ദേഹത്തിന്റെ തലമുടി ഡൈ ചെയ്തതാണെന്നു് അറിയാൻ കഴിയുമായിരുന്നില്ല. ഒരു ദിവസം അദ്ദേഹം എന്നൊടു ചോദിച്ചു: “എനിക്കെത്ര വയസ്സായി എന്നാണു് വിചാരിക്കുന്നതു്” “അമ്പതു്” എന്ന എന്റെ മറുപടി. അതു ശരിയല്ലെന്നു അറിയിക്കാൻ തലകുലുക്കിക്കൊണ്ടു് അദ്ദേഹം പറഞ്ഞു: “എന്റെ തലമുടി പഞ്ഞിപോലെ നരച്ചതാണു്. ഞാൻ കുളികഴിഞ്ഞു് ഒരു ഷാളെടുത്തു പുതച്ചു കൊണ്ടു് കസേരയിൽ ഇരിക്കും. ഭാര്യ തലമുടി ഡൈ ചെയ്തുതരും”. എനിക്കു് ആ സ്ത്രീയോടു ബഹുമാനം തോന്നി. മിക്ക ഭാര്യമാരും ഭർത്താക്കന്മാർ തലമുടി കറുപ്പിച്ചു് പ്രായം കുറയ്ക്കുന്നതു സഹിക്കുന്നവരല്ല. യുവാവായ ഭർത്താവിനോടും ‘കിഴവനായില്ലേ?’ എന്നു ചോദിക്കാനാണു് ഭാര്യയ്ക്കു താല്പര്യം.

നമ്മുടെ ചെറുകഥയ്ക്കുള്ള പ്രധാനമായ ദോഷം നൂതനമായ രൂപം ഇല്ല എന്നതാണു്. പറഞ്ഞതുതന്നെ വീണ്ടും പറഞ്ഞു് അതിനെ ചിരപരിചിതമായ രൂപത്തിനുള്ളിലാക്കുന്നു കഥാകാരൻ.

മാതൃഭൂമി ആഴ്ചപ്പതിപ്പിൽ ശ്രീ. സുകുമാർ കുർക്കഞ്ചേരി എഴുതിയ “മകൻ” എന്ന ചെറുകഥ ഡൈ ചെയ്തു കറുപ്പിച്ച തലമുടിയാണു്. എന്നു പറഞ്ഞാലോ? കൃത്രിമം എന്നു് അർത്ഥം. സാങ്കേതിക പരിഷ്കാരം മനുഷ്യരെ നൃശംസതയിലേക്കു നയിക്കുന്നുവെന്നു തെളിയിക്കാനായി യത്നിക്കുകയാണു് കഥാകാരൻ. ആ ക്രൂരത ഒരു പിഞ്ചുകുട്ടിയിൽ പ്രത്യക്ഷമാക്കിയാൽ അതിന്റെ തീക്ഷണത കൂടുമല്ലോ. സുകുമാർ കുർക്കഞ്ചേരി അമ്മയെ അനുസരിക്കാത്ത ഒരു കുട്ടിയെ ചിത്രീകരിക്കുന്നു. യാത്രക്കാരെ വഹിച്ചുകൊണ്ടു് റോഡിലൂടെ ഓടുന്ന ബസ്സ് അവനു കളിക്കാൻ വേണം, അപരാധം ചെയ്യാത്തവരെ അവനു വെടിവച്ചു കൊല്ലണം. കൊല്ലാനായി കൈത്തോക്കു് എടുത്തുകൊണ്ടു് അവൻ ഓടുമ്പോൾ കഥാകാരന്റെ കഥാസാഹിത്യം പര്യവസാനത്തിലെത്തുന്നു. സാങ്കേതികത്വത്തെക്കുറിച്ചു് മനസ്സിലാവിർഭവിച്ച ഒരാശയത്തിനു രൂപം നല്കാൻ കഥാകാരൻ ചിലരെ വലിച്ചിഴച്ചു കൊണ്ടുവരുന്ന പ്രതീതിയാണു് ഈ രചന ഉളവാക്കുന്നതു്. കഥാകാരന്റെ ജോലി ലോകത്തെ താൻ കാണുന്ന മട്ടിൽ ആലേഖനം ചെയ്യുക എന്നതാണു്; അല്ലാതെ അതിനെക്കുറിച്ചുള്ള സ്വന്തം അഭിപ്രായത്തിനു് രൂപം നല്കുക എന്നതല്ല. അഭിപ്രായം സ്ഫുടീകരിക്കുമ്പോൾ കലയുടെ കാതലായ അംശം അന്തർദ്ധാനം ചെയ്യും. അപ്പോൾ അതു് അഭിപ്രായ പ്രകടനമായി മാറും. ആ വിധത്തിൽ ഒരഭിപ്രായ പ്രകടനമോ പ്രദർശനമോ ആണു് ഈ രചന. ജീവിതത്തെക്കുറിച്ചു് ആണു് ഈ രചന. ജീവിതത്തെക്കുറിച്ചു് ‘വിഷൻ’ ഉള്ളവർ, വികാരമുള്ളവർ, മസ്തിഷ്കത്തിന്റെ സന്തതിയായ ചിന്തയെ, അഭിപ്രായത്തെ കഥയെന്ന പേരിൽ മറ്റുള്ളവരുടെ മുൻപിൽ കൊണ്ടുവരില്ല. കുളികഴിഞ്ഞു് ഷാൾ പുതച്ചു് കസേരയിലിരിക്കുന്ന ഭർത്താവിന്റെ തലമുടി കറുപ്പിച്ചുകൊടുക്കുന്ന സ്ത്രീയെപ്പോലെയാണു് സുകുമാർ കൂർക്കഞ്ചേരി. ഒരു വ്യത്യാസം. തലമുടി കറുത്തു കഴിയുമ്പോൾ എന്റെ പരിചയക്കാരൻ പ്രായം കുറഞ്ഞവൻ. സുകുമാർ അനുഭവത്തെ ഡൈ ചെയ്തിട്ടും ആകർഷത്വമില്ല. “മകന്റെ” രചയിതാവു് കഥാകാരനല്ല, ഫാബ്രിക്കേറ്ററാണു്. അദ്ദേഹത്തിന്റെ രചന ഫാബ്രിക്കേഷനും (കപടരചന).

images/changampuzha.jpg
ചങ്ങമ്പുഴ

പ്രതിഭാശാലിയായ കലാകാരൻ സർഗ്ഗാത്മകപ്രവർത്തനം ആരംഭിക്കുമ്പോൾ അതുവരെയുണ്ടായിരുന്ന വ്യവസ്ഥയിൽനിന്നു് വ്യത്യസ്തമായ ഒരു വ്യവസ്ഥ നിർമ്മിക്കും. കുമാരനാശാനി ലും വളളത്തോളി ലും ഉളളൂരി ലും ജി. ശങ്കരക്കുറുപ്പി ലും ചങ്ങമ്പുഴ യിലും ഈ നൂതന വ്യവസ്ഥകൾ കാണാം. വയലാർ രാമവർമ്മ യിൽ അതില്ല. അദ്ദേഹത്തിനു് ചങ്ങമ്പുഴ നിർമ്മിച്ച വ്യവസ്ഥയിൽ കയറിയിരിക്കുവാനായിരുന്നു കൗതുകം. അതിനാലാണു് അദ്ദേഹത്തെ ഒറിജിനൽ കവിയായി കാണാൻ പ്രയാസമുള്ളതു്. രുപശില്പം ചങ്ങമ്പുഴയുടേതു്. ആശയങ്ങൾ—പ്രചരണാത്മകങ്ങളായ ആശയങ്ങൾ—അദ്ദേഹം ആ രൂപശില്പത്തിൽ തിരുകിക്കയറ്റിയതേയുള്ളു. അക്കാരണത്താൽ അവ അദ്ദേഹത്തിന്റെ ജീവരക്തത്തിൽ വന്ന ആശയങ്ങളായി സഹൃദയർക്കു തോന്നുകയില്ല. ഇദ്ദേഹത്തെപ്പോലെ നൂതന വ്യവസ്ഥ സൃഷ്ടിക്കാൻ കഴിയാത്ത വേറെയും കവികളുണ്ടു്. പേരുകൾ പറഞ്ഞു ശത്രുക്കളുടെ സംഖ്യ കൂട്ടേണ്ടതില്ലല്ലോ.

ചോദ്യം, ഉത്തരം

ചോദ്യം: സ്ത്രീ ജീവിതത്തിൽ സംതൃപ്തയാകുന്നതു് എപ്പോൾ?

ഉത്തരം: അടുത്ത വീട്ടിലെ സ്ത്രീക്കുള്ളതെല്ലാം തനിക്കുമുണ്ടാകുമ്പോൾ. കമലം ഒരു മോശപ്പെട്ട സാരി വാങ്ങിയാൽ അതു കാണുന്ന സരോജം പറയും: ‘ഹാ, കമലം നിന്റെ സാരി ഒന്നാന്തരം. ഏതു കടയിൽക്കിട്ടും ഇതു? കട മനസ്സിലാക്കി അതുപോലൊരു പറട്ടസ്സാരി വാങ്ങി വീട്ടിൽ കൊണ്ടുവച്ചാലേ സരോജത്തിനു് ഉറക്കം വരൂ.

ചോദ്യം: നമ്മുടെ ചില കവികൾ വലിയ കവികളായി ഞെളിയുന്നതെന്തുകൊണ്ടു്?

ഉത്തരം: അവർ വലിയ കവികളല്ലാത്തതുകൊണ്ടു്. എത്തേണ്ടിടത്തു് എത്തിയവർ ഞെളിയുകയില്ല. താൻ മഹാകവിയാണെന്നു് ഭാവിച്ചതേയില്ല വള്ളത്തോൾ, അദ്ദേഹം മഹാകവിയായിരുന്നു എന്നതുതന്നെ കാരണം. ആ പദത്തിൽ എത്താത്തവർ, എത്താൻ കഴിവില്ലാത്തവർ ഞെളിയും.

ചോദ്യം: ആളുകൾ നിങ്ങളോടു ദീർഘമായി സംസാരിക്കുമ്പോൾ അക്ഷമനാകാറുണ്ടോ?

ഉത്തരം: ഉണ്ടു്. ഞാൻ അവരോടു ദീർഘതയോടെ സംസാരിക്കുമ്പോൾ അവർ ക്ഷമയോടെ അതു കേൾക്കുന്നു എന്ന സത്യം ഞാൻ മറന്നിട്ടാണു് ക്ഷമയില്ലായ്മ കാണിക്കുന്നതു്. എന്റെ സംസ്കാരരാഹിത്യം!

ചോദ്യം: നിങ്ങൾ എപ്പോഴെല്ലാം അസ്വസ്ഥനാകും? ചെറിയ കാര്യങ്ങളിലുണ്ടാകുന്ന അസ്വസ്ഥതയെക്കുറിച്ചാണു് ഞാൻ ചോദിക്കുന്നതു്.

ഉത്തരം: ഞാൻ പ്രസംഗിക്കുമ്പോൾ വിദ്യാർഥികൾ അതു കുറിച്ചെടുക്കുന്നതു കാണുമ്പോൾ. എന്റെ റിസ്റ്റ് വാച്ച് നോക്കി മറ്റൊരാൾ സ്വന്തം വാച്ച് തിരുത്തുമ്പോൾ. രണ്ടും തെറ്റാണെങ്കിൽ എന്ന വിചാരംകൊണ്ടുള്ള അസ്വസ്ഥതയാണതു്.

ചോദ്യം: നിങ്ങൾക്കു നല്ല ഓർമ്മശക്തിയുള്ളതു് എങ്ങനെ?

ഉത്തരം: എനിക്കു അങ്ങനെ ഓർമ്മശക്തിയില്ല. എന്റെ ഗുരുനാഥനും പ്രതിഭാശാലിയുമായിരുന്ന ശങ്കരപിള്ളസ്സാർ (കൊല്ലത്തു് ഡി. ഇ. ഒ. ആയി പെൻഷൻ പറ്റിയ ആൾ. അന്തരിച്ചുപോയി) ഒരിക്കൽ പറഞ്ഞു. ‘പണ്ടു് ഈ വള്ളത്തോൾക്കവിതയ്ക്കു പത്തുവരിയുണ്ടായിരുന്നു. ഇപ്പോൾ എന്റെ ഈ വാർദ്ധക്യകാലത്തു് അതു മൂന്നുവരിയായി ചുരുങ്ങിപ്പോയിരിക്കുന്നു. ഞാൻ പണ്ടു ചൊല്ലിയിരുന്ന പത്തുവരിക്കവിതയ്ക്കു് ഇപ്പോൾ മൂന്നുവരിയേയുള്ളു.’

ചോദ്യം: വിവാഹം കഴിഞ്ഞാലുടൻ വധു കരയുന്നതെന്തിനു്?

ഉത്തരം: അതു് ആഹ്ലാദത്തിന്റെ കണ്ണുനീർ. അടുത്ത ക്ഷണത്തിൽ ഭർത്താവിന്റെ വീട്ടിൽച്ചെന്നു് അയാളുടെ അമ്മയെ കാണുമ്പോൾ അതു് ശോകത്തിന്റെ കണ്ണുനീരായി മാറും.

ചോദ്യം: മുതലാളിമാർ, തൊഴിലാളികൾ ഇങ്ങനെ രണ്ടുവർഗ്ഗമല്ലേ ഉള്ളു?

ഉത്തരം: അല്ല. ഫാദേഴ്സ്-ഇൻ-ലാ, മദേഴ്സ്-ഇൻ-ലാ, സൺസ്-ഇൻ-ലാ, ഭാര്യമാർ, ഭർത്താക്കന്മാർ ഇവരെല്ലാം വർഗ്ഗങ്ങളാണു്. വർഗ്ഗസമരവും അവർക്കിടയിലുണ്ടു്. വർഗ്ഗരഹിത സമുദായം മാർക്സി ന്റെ സിദ്ധാന്തമനുസരിച്ചു് ഉണ്ടായാലും ഞാൻ പറഞ്ഞ വർഗ്ഗക്കാരുടെ സമരം തീരുകയില്ല. അവർക്കു വർഗ്ഗരാഹിത്യം ഉണ്ടാവുകയുമില്ല.

ചോദ്യം: സ്ത്രീകൾക്കു മഹാമനസ്കത കുറയും അല്ലേ?

ഉത്തരം: ഹേയ്. അവർക്കു ഹൃദയവിശാലത കൂടുതലാണു്. വൃത്തികെട്ട ഭർത്താക്കന്മാരോടു് അവർ എത്ര നന്നായിട്ടാണു് പെരുമാറുന്നതു്.

കാവ്യനീതിയില്ല

മലയാളത്തിലെ ചെറുകഥകളെക്കുറിച്ചു് എഴുതിയെഴുതി എനിക്കു നന്നേ മടുത്തു. എന്റെ ലേഖനങ്ങൾ വായിക്കുന്നവർക്കും മടുത്തിരിക്കും. എങ്കിലും എഴുതേണ്ടതായി വന്നാൽ എഴുതിയല്ലേ പറ്റൂ. ഇത്രയും നാൾ ഇതു ക്ഷമിച്ച പ്രിയപ്പെട്ട വായനക്കാർ ഇനിയും ക്ഷമിക്കുമെന്നാണു് എന്റെ വിശ്വാസം. നമ്മുടെ ചെറുകഥകൾക്കുള്ള പ്രധാനമായ ദോഷം നൂതനമായ രൂപം ഇല്ല എന്നതാണു്. പറഞ്ഞതുതന്നെ വീണ്ടും പറഞ്ഞു് അതിനെ ചിരപരിചിതമായ രൂപത്തിനുള്ളിലാക്കുന്ന കഥാകാരൻ. കഥയ്ക്കു നൂതനരൂപശില്പം നല്കാൻ ശ്രീ. എം. എ. റഹ്മാൻ യത്നിക്കുന്നുണ്ടെങ്കിലും അദ്ദേഹം അതിൽ പരാജയപ്പെടുന്നേയുള്ളു. ദാരിദ്ര്യത്തിന്റെ പരകോടിയിലെത്തിയ ഒരുത്തൻ നാട്ടിൽനിന്നു പലായനംചെയ്യുന്നുവെന്നാണു് ഈ കഥയിൽനിന്നു ഞാൻ മനസ്സിലാക്കിയതു്. സ്ഥിരം വിഷയത്തിനു് ഒരു മാറ്റവുമില്ല. മാറ്റമില്ലാത്തതുകൊണ്ടു് രൂപ ശില്പത്തെ ബന്ധദാർഢ്യമില്ലാത്തതാക്കി പ്രദർശിപ്പിക്കുന്നു റഹ്മാൻ. ശാസ്ത്രത്തെസ്സംബന്ധിച്ച പരീക്ഷണം ചിലപ്പോൾ കണ്ടുപിടിത്തത്തിൽ അവസാനിക്കുന്നതുപോലെ കഥയെഴുതി കഥാകാരൻ ജീവിതത്തെസ്സംബന്ധിച്ച കണ്ടുപിടിത്തത്തിൽ എത്തണം. അങ്ങനെ എത്തുമ്പോൾ കഥാകാരൻ വിജയം പ്രാപിച്ചുവെന്നു പറയാം. എത്താതിരിക്കുമ്പോൾ പരാജയപ്പെട്ടുവെന്നും കരുതാം. റഹ്മാൻ വിജയം വരിച്ചുവെന്നു പറയാൻ എനിക്കു ധൈര്യം പോരാ. (കഥ കലാകൗമുദിയിൽ—“കാവ്യനീതി”)

ഒരു കഥ വായിച്ചതിനുശേഷം അതു വീണ്ടും വായിക്കണമെന്നു തോന്നിയാൽ അതു നല്ല കഥയാണു്. തകഴി യുടെ ‘വെള്ളപ്പൊക്കത്തിൽ’ എന്ന കഥ ഞാൻ പല പരിവൃത്തി വായിച്ചിട്ടുണ്ടു്. ഇന്നത്തെ ഒരു കഥയും ഞാൻ വീണ്ടും വായിച്ചിട്ടില്ല.

വ്യാപ്തി, സങ്കുചിതത്വം

കലകളിൽ ആദ്യമുണ്ടായതേതു? കവിത തന്നെ. ചിത്രകല, പ്രതിമാനിർമ്മാണം, ശില്പകല, നാടകം, നോവൽ, ചെറുകഥ ഇവയെല്ലാം പിന്നീടുണ്ടായതു്. എന്നാൽ ഇവയിലെല്ലാം കവിത വേണം. ഇല്ലെങ്കിൽ അതു കലയാവില്ല.

സ്ത്രീകൾ നോവൽ, ചെറുകഥ, കാവ്യം ഇവ രചിക്കുമ്പോൾ സ്വകാര്യലോകമേ പ്രതിപാദിക്കുകയുള്ളു, എന്നു പറഞ്ഞതു് അല്പപ്രഭാവനായ ഞാനല്ല; ബനിഡെറ്റോ ക്രോചെ തുടങ്ങിയ മഹാന്മാർതന്നെയാണു്. സ്വകാര്യ ലോകമെന്നു പറയുമ്പോൾ പ്രായോഗികത്വത്തിലാണു് ഊന്നൽ. സ്നേഹം, കാമുകൻ, അയാളുടെ വഞ്ചന, വിവാഹം, കുഞ്ഞുങ്ങൾ, മാതൃത്വം, ഭർത്താവു് ഇവയെല്ലാമാണു് അവരുടെ പ്രതിപാദ്യ വിഷയങ്ങൾ. ഇവ കഴിഞ്ഞാൽ ഇന്ദ്രിയങ്ങളെ തൃപ്തിപ്പെടുത്തുന്ന വസ്തുക്കളിലും വസ്തുതകളിലുമാണു് അവർ മനസ്സിരുത്തുക. അപ്പോൾ സാരി, പെർഫ്യൂം, വീട്ടിലെ കസേരകൾ, അവയിലിടുന്ന കുഷനുകൾ, അവയിലെ ചിത്രത്തയ്യൽ ഈ കാര്യങ്ങളിലാവും അവർ തല്പരരാവുക. exceptions ഇല്ലാതില്ല. എങ്കിലും ഇതു സാമാന്യതത്വമാണു്. നക്ഷത്രങ്ങൾ നിറഞ്ഞ ആകാശത്തിനു താഴെ നടന്നു് ഉദാത്തമണ്ഡലത്തിലേക്കു പോകാൻ എഴുത്തുകാരികൾക്കു ഇഷ്ടമില്ല. വൈഷയിക കൗതുകം വളർത്തുന്നവയിൽ തല്പരത്വമുള്ളവർ അതിന്ദ്രിയജ്ഞാനത്തിൽ കൊതിക്കാത്തതിൽ എന്തേ അദ്ഭുതം. ശ്രീമതി ഉഷാ നമ്പ്യാർ ദേശാഭിമാനി വാരികയിലെഴുതിയ “പിൻവിളി” എന്ന ചെറുകഥയ്ക്കും ഈ സാമാന്യവിധിക്കു് അപവാദമായി നില്ക്കാൻ യോഗ്യതയില്ല. അനുജൻ സമ്പന്നൻ, ചേട്ടൻ ദരിദ്രൻ, അനുജന്റ കുഞ്ഞിന്റെ ജന്മനാളിൽ ചേട്ടനു് ഒന്നും നല്കാനില്ലാത്ത ദുഃഖമാണു് ശ്രീമതി കഥയിൽ വർണ്ണിക്കുന്നതു്. ഒരു തുച്ഛമായ കഥ. കഥാസാഹിത്യം എന്തെന്നില്ലാത്തവിധം വികസിച്ചിരിക്കുന്നുവെന്നു് ഉഷാ നമ്പ്യാർ അറിയാത്തതിൽ എനിക്കദ്ഭുതമില്ല. വ്യാപ്തിയിൽ പുരുഷനു് ആഹ്ലാദം. സങ്കുചിതത്വത്തിൽ സ്ത്രീക്കു ആഹ്ലാദം.

സംഭവങ്ങൾ
  1. ആലപ്പുഴ സനാതനധർമ്മവിദ്യാലയത്തിൽ ഞാൻ പഠിക്കുന്ന കാലം. പ്രശസ്തനായ മഞ്ചേരി രാമകൃഷ്ണയ്യർ ഹെഡ്മാസ്റ്റർ. അദ്ദേഹത്തെക്കണ്ടു് നേരത്തെ പോകാൻ അനുമതി വാങ്ങിക്കൊണ്ടു് കിടങ്ങാംപറമ്പുമൈതാനത്തിലൂടെ തത്തംപള്ളിയിൽചെന്നു തെക്കനാര്യാട്ടേക്കു ഞാൻ നടന്നു. എക്സൈസ് ഗാർഡായിരുന്ന (അന്നു പ്യൂൺ) തറയിൽ വീട്ടിൽ വേലായുധൻപിള്ളയുടെ മകൻ ഭാസ്കരപ്പണിക്കരെ കാണാനായിരുന്നു ഞാൻ പോയതു്. ആര്യാടു് അടുക്കാറായപ്പോൾ ഒരു കുളത്തിലേക്കു് ഒരു സുന്ദരിപ്പെൺകുട്ടി നടന്നുവരുന്നതു ഞാൻ കണ്ടു. അവൾ ഒക്കത്തിരുന്ന മൺകുടം മെല്ലെ ജലത്തിന്റെ ഉപരിതലത്തിൽ വച്ചു. പതുക്കെ അതു ചരിച്ചു. വെള്ളം കുറച്ചുകുറച്ചായി അതിൽ കയറി. നിറഞ്ഞ കുടം മെല്ലെയെടുത്തു ഒക്കത്തുവച്ചു് മെല്ലെ നടന്നു. കുടിലാണു് അവളുടെ താമസസ്ഥലം. അതിന്റെ മുൻപിൽ നട്ടിരുന്ന ഏതോ ചെടികളുടെ അടുത്തു് കുടം പതുക്കെ വച്ചു. അതിലും പതുക്കെ വെളളം ചരിച്ചൊഴിച്ചു. അങ്ങനെ എല്ലാച്ചെടികൾക്കും വെള്ളമൊഴിച്ചു. അവൾക്കു വേണമെങ്കിൽ വേഗം നടക്കാമായിരുന്നു. കുടം ശബ്ദത്തോടെ കുളത്തിലിട്ടു് ശബ്ദത്തോടെ ജലം അതിൽ കടത്താമായിരുന്നു. തിടുക്കത്തിൽ നടന്നു ചെടികളിൽ കുത്തനെ വെള്ളമൊഴിച്ചു് നിർഘോഷം കേൾപ്പിക്കാമായിരുന്നു. അതൊന്നും അവൾ ചെയ്തില്ല. മൃദുലഹൃദയത്തിനു യോജിച്ച മൃദുലപ്രവൃത്തികൾ മാത്രമേ അവളിൽനിന്നുണ്ടായുള്ളു. സ്വഭാവത്തിനു യോജിച്ച പ്രവർത്തനങ്ങൾ. ചങ്ങമ്പുഴക്കവിത ജീവിതജലാശയത്തിന്റെ ഉപരിതലത്തിൽനിന്നു ജലം പകർന്നെടുക്കുന്നതാണു്. അപ്പോൾ മഹാശബ്ദമില്ല. കാതടപ്പിക്കുന്ന പദവിന്യാസമില്ല. മന്ദഗതിയിൽ അതു് സഹൃദയനിലേക്കു കവിതാ ജലം പകരുന്നതേയുള്ളു.
  2. വരാപ്പുഴ പാവനവീട്ടിൽ ഞാൻ താമസിക്കുന്ന കാലം. തൊട്ടടുത്തു് പോലീസ് സ്റ്റേയ്ഷൻ. വരാന്തയിൽനിന്നു കയറിയാൽ ഒരു മുറി. അവിടെ ഹെഡ് കൺസ്റ്റബിൽ ഇരിക്കും. അതിൽനിന്നു കയറുന്നതു് ‘ലോക്കപ്പി’ലേക്കു്. സാധാരണമായി അതിൽ ഒന്നോ രണ്ടോ തടവുപുള്ളികൾ കാണും. സ്ക്കൂളില്ലാത്ത ദിവസം. ഞാൻ വരാന്തയിൽ കയറിനിന്നു ലോക്കപ്പ് മുറിയിലേക്കു നോക്കിയപ്പോൾ ആരുമില്ല. ഒരു ചിത്രശലഭം അതിനകത്തു പാറിക്കളിക്കുന്നു. അതിനെ അവിടെനിന്നു മോചിപ്പിക്കാൻ എനിക്കാഗ്രഹം. പക്ഷേ, കൊമ്പൻ മീശക്കാരനായ നക്തഞ്ചരൻ ഹെഡ് കൺസ്റ്റബിളിനെ എനിക്കു പേടി. ഞാൻ മിണ്ടാതെ വരാന്തയിൽനിന്നറങ്ങി വീട്ടിലേക്കു പോന്നു. അപ്പോൾ ഒന്നും തോന്നിയില്ല. ഇപ്പോൾ തോന്നുന്നതു് എഴുതാം. ചില നിരൂപകരുടെ സിദ്ധാന്തത്തിന്റെ തടവറയിൽ പേടിയോടെ പാറിപ്പറക്കുന്ന ചിത്രശലഭമാണു് വൈലോപ്പിള്ളി ക്കവിത. ആരുണ്ടു് അതിനെ അവിടെനിന്നു മോചിപ്പിക്കാൻ?
  3. ബലാർഷാ–നാഗപ്പൂർ റോഡിലെ ഒരു വിജനപ്രദേശത്തു് രാത്രി ഓട്ടോറിക്ഷയിൽ ഞാൻ സഞ്ചരിക്കുമ്പോൾ ഡ്രൈവർ വഴിവക്കിൽ നിന്നു കയറ്റിയ ഒരു ഭയങ്കരൻ എന്നെ കഴുത്തുഞെക്കിക്കൊന്നു് എന്റെ പോക്കറ്റിൽ വച്ചിരുന്ന ആയിരം രൂപ അപഹരിക്കാൻ ശ്രമിച്ചതും ലവൽക്രോസിംങ് അടഞ്ഞ സ്ഥലത്തുവച്ചു് ഞാൻ ഇറങ്ങിയോടി രക്ഷപ്പെട്ടതും മറ്റും മുൻപു് എഴുതിയിരുന്നു. ഓട്ടോറിക്ഷയിൽ കയറുന്നതിനുമുൻപു് ഞാൻ ബസ്സ് കാത്തുനിന്നിരുന്ന സ്ഥലം ക്രമേണ ഇരുട്ടിൽ വീണു. ഇരുട്ടിനു കനം കൂടിക്കൂടിവന്നു. തെരുവുവിളക്കുകൾ ഒന്നുപോലും കത്തുന്നില്ല. എനിക്കു ഭയമായി. പ്രകാശം പോയി ഇരുട്ടു പരക്കുന്ന ഇന്നത്തെ സാഹിത്യാന്തരീക്ഷംപോലെയിരുന്നു മഹാരാഷ്ട്ര സ്റ്റെയ്റ്റിലെ ആ പ്രദേശത്തിന്റെ അവസ്ഥ. കൊലപാതകം നടത്താൻ പോയവനിൽനിന്നു രക്ഷപ്പെട്ടു വീട്ടിലെത്തിയപ്പോൾ റ്റാറിട്ട പാതകളിൽ വെള്ളിവെളിച്ചം. ഫ്ളാറ്റിലെ മുകളിലത്തെ നിലയിൽ ആരോ പുല്ലാങ്കുഴൽ വായിക്കുന്നു. പൂർവകവികൾക്കു്—വേണുഗാനമുതിർക്കുന്നവർക്കു്— ഇന്നു പ്രാധാന്യം വന്നിരിക്കുന്നതുപോലെ.
കവിതയല്ല

ഒ. വി. വിജയന്റെ ‘ഖസാക്കിന്റെ ഇതിഹാസം’ ഭാവഗീതം പോലെ മനോഹരമാണു്. മുകുന്ദന്റെ ‘ഡൽഹി’യിലോ, ‘മയ്യഴിപ്പുഴയുടെ തീരങ്ങ’ളിലോ കവിതയില്ല. കവിതയോ കവിതാമയമായ ആശയമോ ഇല്ലാത്ത രചനകൾ അവയുടെ ആവിർഭാവകാലത്തു പ്രശസ്തി നേടും. അല്പകാലം കഴിഞ്ഞാൽ അവ അഗണ്യകോടിയിൽ ആയിപ്പോകും.

ശ്രീ. പി. ഭാസ്കരൻ എഴുതിയ “കത്തുന്ന കപ്പൽ” കവിതയല്ല; വെറും ഫോമ്യുലയാണു് (formula). ഏതു ഉത്കൃഷ്ടമായ കാവ്യത്തിനും ആന്തരമായ ആത്മനവീകരണശക്തി കാണും. സഹൃദയൻ കാവ്യം ആവർത്തിച്ചു വായിക്കുമ്പോൾ ആ ശക്തിവിശേഷം അതിന്റെ ജ്വാലകൾ പ്രസരിപ്പിക്കും. അതുകൊണ്ടാണു് ചെറിയ ഗീതംപോലും അനുവാചകൻ വീണ്ടും വീണ്ടും വായിക്കുന്നതു്. ഭാസ്കരന്റെ കാവ്യം ഒരു പാരായണത്തിനുപോലും വഴങ്ങിത്തരുന്നില്ല. കാരണം അതു ശുഷ്കമായ അലിഗറി—ലാക്ഷണിക കാവ്യം—ആണു്, എന്നതത്രേ. കവി കലാപ്രചോദനത്തിനു് ആവിഷ്കാരം നല്കുമ്പോൾ അതു് പ്രതിരൂപങ്ങളായി വന്നുവീഴുന്നു. ഈ പ്രതിരൂപംതന്നെയാണു് പ്രചോദനം. അലിഗറിയിൽ കവി ഒരു പൂർവകല്പിതമായ ആശയത്തിൽ പ്രതിരൂപം അടിച്ചേല്പിക്കുകയാണു്. ആ പ്രതിരൂപം തികച്ചും ബാഹ്യം. അതു് പ്രചോദനത്തോടു ബന്ധമുള്ളതല്ല. സ്വേച്ഛാധികാരിയായ നേതാവിന്റെ നൃശംസതകൊണ്ടു് ജനങ്ങൾ വല്ലാതെ കഷ്ടപ്പെടുന്നു. ആപത്തു നിറഞ്ഞ രാജ്യത്തിൽ നിന്നു് രക്ഷപ്പെടാനും ആപത്തില്ലാത്ത സ്ഥലത്തു് എത്തിച്ചേരാനും അവർക്കു കഴിയും. പക്ഷേ, നേതാവിന്റെ ക്രൂരതകൊണ്ടു് അതിനു് അനുമതി കിട്ടുന്നില്ല. ജനത നശിക്കുന്നു. ഈ ആശയത്തിനു രൂപംനല്കാൻ ഭാസ്കരൻ പ്രതിരൂപങ്ങളെ തേടിപ്പോകുന്നു. അപ്പോൾ രാജ്യം കപ്പലായി മാറുന്നു. ആപത്തു് തീപിടിത്തം. ജനങ്ങൾ യാത്രക്കാർ. നേതാവു് കപ്പിത്താൻ. ആശ്രയ സ്ഥാനം അടുത്തുള്ള സത്യത്തിന്റെ തുറമുഖം. വൃദ്ധനായ കപ്പിത്താൻ (ആരെയാണു് ഭാസ്കരൻ ലക്ഷ്യമാക്കുന്നതെന്നതു് സ്പഷ്ടം) അനുമതി നല്കുന്നില്ല. ഓരോ വ്യക്തിയും പൊള്ളലേറ്റു മരിക്കും. ഈ പ്രതിരൂപങ്ങൾ വെറും പ്രതിരൂപങ്ങളായി നില്ക്കുന്നതുകൊണ്ടു് കവിതയുടെ സത്തയുമായ അവയ്ക്കു യോജിക്കാൻ സാധിക്കുന്നില്ല. അതിനു കഴിയാത്തതുകൊണ്ടു് രൂപവും ഭാവവും വേർതിരിഞ്ഞു നില്ക്കുന്നു. കലാസൃഷ്ടിയുടെ ആവിർഭാവം. ആ ആവിർഭാവം ഇവിടെ ഇല്ല. ജീവിതമോ കവിതയോ ഇല്ലാത്ത രചനയാണു് ഭാസ്കരന്റേതു് (കാവ്യം, കുങ്കുമം വാരികയിൽ).

പി. ഭാസ്കരൻ നവീനകവികളിൽ പെടുന്നില്ല. അദ്ദഹം പാരമ്പര്യത്തിൽ വിശ്വസിക്കുന്നു. പക്ഷേ, ആ പാരമ്പര്യം അദ്ദേഹത്തിന്റെ കാവ്യങ്ങളിൽ ചൈതന്യമറ്റതായിത്തീർന്നിരിക്കുന്നു. നവീനകാവ്യങ്ങളിൽ അർഥത്തിനു പരമപ്രാധാന്യം കല്പിച്ചു് രൂപത്തെ ഗളഹസ്തം ചെയ്യുന്ന രീതിയാണുള്ളതു്. രൂപമില്ലാത്തതു കവിതയല്ല.

മൗനം ഭൂഷണം
images/IsaacAsimov01.jpg
അസമൊഫ്

ഒരിക്കൽ അസമൊഫ് (അടുത്തകാലത്തു് അന്തരിച്ച വിഖ്യാതനായ ശാസ്ത്രകാരൻ) മൂത്രപ്പുരയിൽ നില്ക്കുകയായിരുന്നു. അദ്ദേഹത്തിന്റെ കണ്ണുകളുടെ നേരെ ചുവരിൽ ‘മുകളിലോട്ടു നോക്കൂ’ എന്നെഴുതിയിരിക്കുന്നതു കണ്ടു. അവിടെ കാണിച്ച അമ്പിന്റെ അടയാളമനുസരിച്ചു് പിന്നെയും മുകളിലോട്ടു ദൃഷ്ടികൾ വ്യാപരിച്ചപ്പോൾ ‘മുകളിലോട്ടു്’ എന്നു വീണ്ടും കണ്ടു. അങ്ങു ഉയരെ കണ്ണുകളെത്തിയപ്പോൾ മച്ചിലേക്കു ഒരു അമ്പിന്റെ പടം. മച്ചിൽ മലർന്നു നോക്കിയപ്പോൾ “താഴോട്ടു നോക്കൂ. നിങ്ങൾ ഷൂസിലാണു മൂത്രമൊഴിക്കുന്നതു്” എന്നെഴുതിയിരിക്കുന്നതു കാണുകയായി. കുങ്കുമം വാരികയിൽ ശ്രീ. എ. കെ. സുരേഷ്വർമ്മ “സുവർണ്ണയ്ക്കു് എന്തു ചെയ്യാനാകും” എന്ന പേരിൽ എഴുതിയ കഥ ഉന്നതമായ കലയിലേക്കുള്ള നോട്ടവും അതേസമയം ഷൂസ് നനയ്ക്കലുമാണു്. ഈ വൃത്തികെട്ട കഥയെക്കുറിച്ചു് ഇതിൽക്കൂടുതലായി ഞാനൊന്നും പറയുന്നില്ല.

ഈ ഗ്രന്ഥം വായിക്കു
images/KanchiMahaPeriyava.jpg
ചന്ദ്രശേഖരേന്ദ്ര സരസ്വതി സ്വാമി

കാഞ്ചി കാമകോടി പീഠത്തിലെ പൂജ്യശ്രീ ചന്ദ്രശേഖരേന്ദ്ര സരസ്വതി സ്വാമി ക്കു് തൊണ്ണൂറ്റിയൊൻപതു വയസ്സു തികഞ്ഞെന്നു് രണ്ടാഴ്ചയ്ക്കു മുൻപുള്ള ദിനപത്രങ്ങളിൽ കണ്ടു. അപ്രമേയപ്രഭാവനാണു് സ്വാമിജി. കേരളത്തിലെ പല്ലശ്ശേനി ഗ്രാമത്തിൽവച്ചു് മഹാത്മാഗാന്ധി 1927-ൽ അദ്ദേഹത്തോടു സംസാരിച്ചു. ഗാന്ധിജിയുടെ സായാഹ്നഭക്ഷണത്തിനു് സമയമായിയെന്നു രാജാജി ഗാന്ധിജിയോടു പറഞ്ഞപ്പോൾ അദ്ദേഹം മറുപടി നല്കിയതു് ഇങ്ങനെ: The conversation I am having now with the Acharya is itself my evening meal for today. കുലപതി എം. മുൻഷി ഈ മഹാത്മാവിനെക്കുറിച്ചു് അഭിപ്രായപ്പെട്ടതും അറിയേണ്ടതാണു്. His Holiness Shri. Chandrasekharendra Saraswathi, the Sankaracharya of Kanchi is the most wonderful man I have seen. ഭാരതീയ വിദ്യാഭവൻ പ്രസാധനം ചെയ്തു അദ്ദേഹത്തിന്റെ The Vedas എന്ന പുസ്തകം. അപൗരുഷേയങ്ങളായ വേദങ്ങളെക്കുറിച്ചും മന്ത്രദ്രഷ്ടാക്കളായ ഋഷിമാരെക്കുറിച്ചും അതു് പ്രതിപാദനം നിർവഹിക്കുന്നു. ഈയിടെ ഭാരതീയ വിദ്യാഭവൻ തന്നെ പ്രസാധനം ചെയ്ത “The Guru Tradition” എന്ന ഗ്രന്ഥം സ്വാമിജിയുടെ മഹാപാണ്ഡിത്യത്തെ പ്രകടമാക്കുന്നു. ഭാരതത്തിന്റെ ഗുരുകുല സമ്പ്രദായത്തിന്റെ സവിശേഷതകൾ വർണ്ണിച്ചു് സമകാലിക-വിദ്യാഭ്യാസത്തിന്റെ പോരായ്മകളെ ധ്വനിപ്പിക്കുന്ന സ്വാമിജി മഹാചിന്തകനാണെന്നതിൽ എനിക്കൊരു സംശയവുമില്ല. ഗുരുവിനു് ഈശ്വനെക്കാളും മഹനീയമായ സ്ഥാനമാണു് സ്വാമിജി കല്പിക്കുന്നതു്. ഇതിലെ ആശയങ്ങൾ നമ്മുടെ ജീവരക്തത്തിൽ കലർന്നാൽ നമ്മൾ ഉത്കൃഷ്ടത ആവഹിക്കും എന്നതിലും എനിക്കു സന്ദേഹമില്ല.

ഗുരുർ ബ്രഹ്മാ ഗുരുർ വിഷ്ണുഃ ഗുരുർ ദേവോ മഹേശ്വരഃ

ഗുരുഃ സാക്ഷാതു് പരം ബ്രഹ്മ തസ്മൈ ശ്രീ ഗുരുവേ നമഃ

images/TGT.jpg

എന്നതിൽ നിന്നു ഗുരുവിനും പരമാത്മാവിനും തമ്മിൽ ഒരു വ്യത്യാസവും ഋഷിമാർ കല്പിച്ചിട്ടില്ലെന്നു മനസ്സിലാക്കാം. ഭാര്യ ചെയ്യുന്ന പാപം ഭർത്താവിൽ വന്നുചേരും. ശിഷ്യന്റെ പാപം ഗുരുവിലും. അതുകൊണ്ടു് പാവനമായ ഗുരു ശിഷ്യബന്ധം ഉണ്ടായിരിക്കണം. സ്വാമിജി ഈ മഹാഗ്രന്ഥത്തിലൂടെ നല്കുന്ന ഉപദേശങ്ങൾ പ്രായോഗികതലത്തിൽ കൊണ്ടുവന്നാൽ ഭാരതീയർ സമുന്നതപദവിയിലെത്തും.

കലകളിൽ ആദ്യമുണ്ടായതു് ഏതു? കവിത തന്നെ. ചിത്രകല, പ്രതിമാനിർമ്മാണം, ശില്പകല, നാടകം, നോവൽ, ചെറുകഥ ഇവയെല്ലാം പിന്നീടുണ്ടായവയാണു്. എന്നാൽ ഇവയിലെല്ലാം കവിത വേണം. ഇല്ലെങ്കിൽ അതു് കലയാവില്ല. അതുകൊണ്ടാണു് നോവലായാലും നാടകമായാലും ചെറുകഥയായാലും അവയിലെല്ലാം കവിത വേണമെന്നു് ക്രോചെ അഭിപ്രായപ്പെട്ടതു്.

ഒരു കഥ വായിച്ചതിനുശേഷം അതു വീണ്ടും വായിക്കണമെന്നു് തോന്നിയാൽ അതു നല്ല കഥയാണു്. തകഴിയുടെ ‘വെള്ളപ്പൊക്കത്തിൽ’ എന്ന കഥ ഞാൻ പല പരിവൃത്തി വായിച്ചിട്ടുണ്ടു്. ഇന്നത്തെ ഒരു കഥയും ഞാൻ വീണ്ടും വായിച്ചിട്ടില്ല.

നമ്മുടെ നോവലിസ്റ്റുകളിൽ കവിത കൂടുതലുള്ളതു് ബഷീറിനും ഉറൂബി നുമാണു്. അതുകഴിഞ്ഞാൽ തകഴി. കേശവദേവി ന്റെ നോവലുകളിലും കഥകളിലും കവിതയുടെ വൈരള ്യമാണുള്ളതു്. അതു് ഏറ്റവും കുറവു് പൊൻകുന്നം വർക്കി യുടെ രചനകളിലത്രേ.

images/OVVijayan.jpg
ഒ. വി. വിജയൻ

നവീനന്മാരുടെ നോവലുകൾ നോക്കാം. ഒ. വി. വിജയന്റെഖസാക്കിന്റെ ഇതിഹാസം’ ഭാവഗീതംപോലെ മനോഹരമാണു്. മുകുന്ദന്റെ ‘ഡൽഹി’യിലോ “മയ്യഴിപ്പുഴയുടെ തീരങ്ങ”ളി ലോ കവിതയില്ല. കവിതയോ കവിതാമയമായ ആശയമോ ഇല്ലാത്ത രചനകൾ ആവിർഭാവകാലത്തു് പ്രശസ്തി നേടും. അല്പകാലം കഴിഞ്ഞാൽ അവ അഗണ്യകോടിയിൽ ആയിപ്പോകും. കവികളെക്കുറിച്ചും ഇതുതന്നെയാണു് എഴുതാനുള്ളതു്. ഉള്ളൂരി നേക്കാൾ കൂടുതൽകാലം ഓർമ്മിക്കപ്പെടുന്നതു് കാവ്യകവിയായ വള്ളത്തോളായിരിക്കും. കാവ്യകവി എന്ന നിലയിൽ വള്ളത്തോളിനെയും അതിശയിക്കുന്നു ചങ്ങമ്പുഴ. അക്കാരണത്താൽ വള്ളത്തോൾ വിസ്മരിക്കപ്പെടുന്ന കാലത്തും ചങ്ങമ്പുഴ അനുവാചകരുടെ സ്മരണമണ്ഡലത്തിൽ ഉണ്ടായിരിക്കും. കാവ്യകവികൾക്കു തങ്ങളുടെ കാലയളവുകളിൽ പ്രശസ്തി കാണുകില്ല. ആഭ്യാസികന്മാരും ഗദ്യകവികളും വിസ്മരിക്കപ്പെടുമ്പോൾ അവർ വിരാജിക്കും.

Colophon

Title: Sāhityavāraphalam (ml: സാഹിത്യവാരഫലം).

Author(s): M Krishnan Nair.

First publication details: Kalakaumudi Weekly; Trivandrum, Kerala; 1992-07-12.

Deafult language: ml, Malayalam.

Keywords: M Krishnan Nair, Sahityavaraphalam, Weekly Lietrary Column, സാഹിത്യവാരഫലം, എം കൃഷ്ണൻ നായർ, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: October 7, 2022.

Credits: The text of the original item is copyrighted to J Vijayamma, author’s inheritor. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-NC-SA 4​.0). Any reuse of the material should credit the Sayahna Foundation, only noncommercial uses of the work are permitted and adoptations must be shared under the same terms.

Production history: Data entry: MS Aswathi; Proofing: Abdul Gafoor; Typesetter: JN Jamuna; Digitizer: KB Sujith; Encoding: JN Jamuna.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.