സാഹിത്യവാരഫലം
എം കൃഷ്ണൻ നായർ
(കലാകൗമുദി വാരിക, 1992-08-16-ൽ പ്രസിദ്ധീകരിച്ചതു്)

‘മാറ്റൊലി’, ‘മാനസാന്തരം,’ ‘കാവ്യപീഠിക’ ഈ ഗ്രന്ഥങ്ങളുടെ കർത്തൃത്വംകൊണ്ടും ശ്രോതാക്കൾക്കു മാനസാന്തരം വരുത്തിയ പ്രഭാഷണങ്ങൾകൊണ്ടുമാണല്ലോ മുണ്ടശ്ശേരി അക്കാലത്തെ ധിഷണാമണ്ഡലത്തിലെ നേതാവായതു്. പക്ഷേ, ക്രമാനുഗതമായി അദ്ദേഹത്തിന്റെ വിമർശനകലയ്ക്കു് അധഃപതനം സംഭവിച്ചു തുടങ്ങി. കുമാരനാശാൻ, വള്ളത്തോൾ ഈ കവികളെക്കുറിച്ചു് അദ്ദേഹം രണ്ടു പുസ്തകങ്ങൾ ജീവിതാന്ത്യത്തിൽ എഴുതിയതോടെ ആ അധഃപതനം പൂർത്തിയായി.

തൃശ്ശൂരു വച്ചു് ജോസഫ് മുണ്ടശ്ശേരി യുടെ അറുപതാമത്തെ പിറന്നാൾ കൊണ്ടാടുന്ന വേള. കാലത്തു് എട്ടുമണിക്കു തുടങ്ങിയ സമ്മേളനം രാത്രി പത്തിനോ പത്തരയ്ക്കുോ ആണു് അവസാനിച്ചതു്. എത്രയെത്ര ആളുകളായിരുന്നു മുണ്ടശ്ശേരിയെക്കുറിച്ചു പ്രസംഗിക്കാൻ അവിടെ എത്തിയതു്! പ്രമുഖന്മാർ, പ്രമുഖന്മാരെന്നു തനിയെയങ്ങു കരുതിയവർ, പ്രാമുഖ്യം ബഹുജനത്താൽ അടിച്ചേല്പിക്കപ്പെട്ടവർ. അവരിൽപ്പലരും വേദികയിൽത്തന്നെ ഇരിപ്പുറപ്പിച്ചിരുന്നു. ജി. ശങ്കരക്കുറുപ്പു്, പനമ്പിള്ളി ഗോവിന്ദമേനോൻ, കെ. ബാലകൃഷ്ണൻ. ഈ അനുഗ്രഹീതർ ആശയാവിഷ്കാരത്തിലൂടെ ആളുകളെ വേറൊരു ലോകത്തിലെത്തിച്ചു. വേറെതരത്തിൽ അനുഗ്രഹം സിദ്ധിച്ചവരാണെങ്കിലും പ്രഭാഷണകലയിൽ അത്രത്തോളം ഉയരാത്ത ചിലർ മുണ്ടശ്ശേരിയുടെ സേവനങ്ങളെ ബ്രഹ്മാണ്ഡകടാഹത്തിന്റെ മേൽനോട്ടത്തിൽ ചെന്നിടിക്കുന്ന സ്തുതിവചനങ്ങൾ പ്രയോഗിച്ചു് തങ്ങളുടെ പ്രഭാഷണകലയിലുള്ള ന്യൂനതകളെ പരിഹരിച്ചു. ഞാൻ പ്രഭാഷണം എഴുതിക്കൊണ്ടു് പോയിരുന്നു. കൈയെഴുത്തു പ്രതിയിൽ അധികമൊന്നും നോക്കാതെ ഞാനതു വായിക്കാൻ തുടങ്ങിയപ്പോൾ മുണ്ടശ്ശേരി വേദികയിൽനിന്നിറങ്ങി സദസ്സിന്റെ മുൻവരിയിൽ ചെന്നു് ഇരുന്നു. അദ്ദേഹത്തിന്റെ ആ അവരോഹണം എനിക്കിഷ്ടമായെങ്കിലും നിരൂപണത്തെസ്സംബന്ധിച്ച ഒരു സത്യത്തിന്റെ മിന്നലാട്ടം അതെന്റെ അന്തരംഗത്തിൽ ഉളവാക്കി. അതിനെ മാർജ്ജനം ചെയ്തുകൊണ്ടു ഞാൻ വീണ്ടും പ്രഭാഷണത്തിലേക്കു പോരികയായി. ആ മിന്നലാട്ടം എന്തായിരുന്നുവെന്നു് ഇന്നു വിശദമാക്കിക്കൊള്ളട്ടെ. ‘മാറ്റൊലി’, ‘മാനസാന്തരം,’ ‘കാവ്യപീഠിക’ ഈ ഗ്രന്ഥങ്ങളുടെ കർത്തൃത്വംകൊണ്ടും ശ്രോതാക്കൾക്കു മാനസാന്തരം വരുത്തിയ പ്രഭാഷണങ്ങൾകൊണ്ടുമാണല്ലോ മുണ്ടശ്ശേരി അക്കാലത്തെ ധിഷണാമണ്ഡലത്തിലെ നേതാവായതു്. പക്ഷേ, ക്രമാനുഗതമായി അദ്ദേഹത്തിന്റെ വിമർശനകലയ്ക്കു് അധഃപതനം സംഭവിച്ചു തുടങ്ങി. കുമാരനാശാൻ, വള്ളത്തോൾ ഈ കവികളെക്കുറിച്ചു് അദ്ദേഹം രണ്ടു പുസ്തകങ്ങൾ ജീവിതാന്ത്യത്തിൽ എഴുതിയതോടെ ആ അധഃപതനം പൂർണ്ണമായി. ഒരു ദിവസം മുണ്ടശ്ശേരി എന്നോടു ചോദിച്ചു: “എങ്ങനെയിരിക്കുന്നു എന്റെ പുസ്തകങ്ങൾ?” മുഖത്തുനോക്കി കുറ്റം പറയാൻ മടിച്ചു് “മാഷ് പണ്ടെഴുതിയതുപോലെ ആയില്ല” എന്നു ഒഴുക്കൻമട്ടിൽ മറുപടി നല്കി ഞാൻ രക്ഷനേടി. അദ്ദേഹം പിന്നൊന്നും മിണ്ടിയതുമില്ല. ഇപ്പോൾ ആലോചിക്കുകയാണു് ആ “പണ്ടെഴുതിയതു്” ഉണ്ടല്ലോ അതു് വേദികയിലുള്ള ഇരിപ്പും പിന്നീടെഴുതിയതു് സദസ്സിലേക്കുള്ള അവരോഹണവുമല്ലേ? അല്ലെങ്കിൽ ആ “പണ്ടെഴുതിയതു” തന്നെ വേദികയിലെ അന്തസ്സാർന്ന ഇരിപ്പാണോ? ഇന്നത്തെ നിലവച്ചു നോക്കുമ്പോൾ “അതേ” എന്നു മറുപടി നല്കാൻ പറ്റില്ല. ജോസഫ് മുണ്ടശ്ശേരിക്കു മാത്രമല്ല, കുട്ടികൃഷ്ണമാരാർ ക്കും ഇതേ ദുർഗ്ഗതി സംഭവിച്ചുപോയി. “രാജാങ്കണം” (രാജാംഗണം ശരി) എഴുതിയ ആ “ശൈലീവല്ലഭൻ” വള്ളത്തോൾ നിന്ദനം തുടങ്ങിയപ്പോൾ വേദികയിൽ നിന്നെഴുന്നേറ്റു് ശ്രോതാക്കൾ ഇരിക്കുന്നിടത്തേക്കുള്ള കൊച്ചുകോണിപ്പടികൾ ഇറങ്ങുകയായിരുന്നു. “ശരണാഗതി”യിലെത്തിയപ്പോൾ മുൻ വരിയിലെ കസേരയിൽ ഇരിപ്പുറപ്പിച്ചു. ഇനി ഒന്നാലോചിച്ചുനോക്കാം. മുണ്ടശ്ശേരിയുടെ ഉള്ളൂർ ഭർത്സനം ഉൾക്കൊള്ളുന്ന ‘മാറ്റൊലി’യും കുട്ടികൃഷ്ണമാരാരുടെ രാമോപാലംഭം, ദുര്യോധനസ്തുതി ഇവ ഉൾക്കാള്ളുന്ന ആദ്യകാലകൃതികളും ഇന്നും വിജയിച്ചരുളുന്നുണ്ടോ? വായിച്ചവർ അതു വീണ്ടും വായിക്കുന്നുവോ? വായിച്ചാൽത്തന്നെയും പണ്ടത്തെ അനുഭൂതികൾ അവർക്കുണ്ടാകുന്നുണ്ടോ? ഇല്ല എന്നാണു് അസന്ദിഗ്ദ്ധമായ ഉത്തരം. കാരണം ഏതു വിമർശനവും ഏതു നിരൂപണവും കാലം കഴിയുമ്പോൾ ‘സ്പെന്റ് ഫോഴ്സാ’യി (spent force) മാറും എന്നതുതന്നെ.

images/Vyloppilli.jpg
വൈലോപ്പിള്ളി

സമ്മേളനം നടക്കുമ്പോൾ വൈലോപ്പിള്ളി ശ്രോതാക്കളുടെ കൂട്ടത്തിൽ ഇരിക്കുകയായിരുന്നു. അദ്ദേഹത്തെ വേദികയിൽ വന്നിരിക്കാൻ മുണ്ടശ്ശേരി പലതവണ ആളുപറഞ്ഞയച്ചു ക്ഷണിച്ചു. വൈലോപ്പിള്ളി അനങ്ങിയതേയില്ല. ഉപദ്രവം സഹിക്കാനാവാതെ വന്നപ്പോൾ അദ്ദേഹം ദേഷ്യപ്പെട്ടു. “ഞാൻ ഇവിടെ ഇരിക്കുന്നതേയുള്ള എന്നു മുണ്ടശ്ശേരിയോടു പറയൂ” എന്നു് അദ്ദേഹം ഉദ്ഘോഷിച്ചു. വൈലോപ്പിള്ളിക്കു് ആരോഹണം ആകാമായിരുന്നു. എങ്കിലും അദ്ദേഹം അതിനു തുനിഞ്ഞില്ല. തുനിയാത്ത അദ്ദേഹത്തെ ഇന്നുള്ള ചിലർ കസേരയോടു പൊക്കിയെടുത്തു് പ്ളാറ്റ്ഫോമിലേക്കു കൊണ്ടുചെല്ലുന്നുണ്ടു്.

ഓടസ്സാഹിത്യം

കസേരയോടു പൊക്കിയെടുക്കാൻ നൂറുപേരുണ്ടായാലും കലയുടെ വേദികയിൽ ചെല്ലാത്ത ആളാണു് കലാകൗമുദി വാരികയിൽ “ഗംഗ എന്ന പെൺകുട്ടി” എന്ന കഥ എഴുതിയ ശ്രീ. ഇ. പി. സുരേഷ്. വടക്കൊരു പട്ടണത്തിലൂടെ പോകുമ്പോഴെല്ലാം അവിടുത്തെ ഒരു വലിയ ഹോട്ടലിൽ കാപ്പികുടിക്കാൻ കയറാറുണ്ടു് ഞാൻ. ചെന്നു കയറിയാൽ ആദ്യമായി കണ്ണുകളെ ആക്രമിക്കുന്നതു ബൃഹദാകാരമാർന്ന നഗ്നങ്ങളായ സ്ത്രീപുരുഷ രൂപങ്ങളാണു്. പ്രതിമകളെയാണു ഞാൻ ലക്ഷ്യമാക്കുന്നതു്. അവയുടെ ജനനേന്ദ്രിയങ്ങൾക്കു പ്രാധാന്യം നല്കിയെന്നു ഞാൻ പറയുകയില്ല. പ്രതിമകൾക്കു വലിയ ആകാരം നല്കുമ്പോൾ അവയ്ക്കും കൊടുക്കണമല്ലോ പ്രാധാന്യം. അത്രേയുള്ളു. പേരുകേട്ട പ്രതിമാനിർമ്മാതാവാണത്രേ അവ നിർമ്മിച്ചതു്. ആയിക്കൊള്ളട്ടെ. പ്രതിമാനിർമ്മാണത്തെക്കുറിച്ചു് എനിക്കു വളരെയൊന്നും അറിഞ്ഞുകൂടാത്തതുകൊണ്ടു് ഞാൻ ആ പ്രതിമകളുടെ കലാത്മകതയെക്കുറിച്ചു് ഒന്നും എഴുതുന്നില്ല. പക്ഷേ, കുടുംബവുമായി ചെന്നുകയറുന്നവരുടെ വികാരങ്ങളെ മാനിക്കണമല്ലോ. അതു നടക്കുന്നില്ല.

സുരേഷിനു് ആണും പെണ്ണും ചേരുന്നതിനെക്കുറിച്ചു് ഒന്നുപന്യസിക്കണമെന്നു തോന്നി. സ്വാഭാവികം. എന്നാൽ ആ ഉപന്യസിക്കൽ ഉത്കൃഷ്ടമായ കലാകൗമുദിയുടെ താളുകളിൽത്തന്നെ വേണമായിരുന്നോ? ഒരു പയ്യൻ ഹോസ്റ്റലിൽ ചെല്ലുന്നു. ഒരു പ്രഫെസറുടെ മകൾ അവനെ പരിചയപ്പെടുന്നു. പിന്നെയുള്ളതെല്ലാം പ്രതിരൂപാത്മകമായ മട്ടിലാണു്. പേനയിൽ മഷിയൊഴിക്കുന്നു. (സിംബലിസം) “മഷി അവളുടെ തുടയിൽ വീണു”. (സിംബലിസം) “അവളുടെ വെള്ള പാന്റ്സ് വയലറ്റ് നിറമായി”. (സിംബലിസം—പക്ഷേ, വയലിറ്റ് — നീലലോഹിതം—നിറം വന്നെങ്കിൽ അതു രോഗമാണു്. പയ്യനെ ഉടനെ ഡോക്ടറെ കാണിക്കണം). “രണ്ടുപേരും പൊട്ടിപ്പൊട്ടിചിരിച്ചു. ചിരി ഒതുങ്ങിയപ്പോൾ അവൾ ജനൽപ്പാളികൾ തുറന്നു”. (ജന്നൽ തുറന്നതു മനസ്സിലായി. ചിരിച്ചതു് എന്തിനാണോവോ?) പ്രതിമയുടെ ദർശനം ദ്രഷ്ടാക്കളെ അഴുക്കുചാലിലേക്കു് എറിയുന്നതുപോലെ ഇമ്മാതിരിക്കഥകൾ അനുവാചകരെ നാറ്റവെള്ളമൊഴുകുന്ന ഓടയിലേക്കു് തള്ളിയിടുന്നു.

ബി. മാധവമേനോൻ

മലിനജലമൊഴുകുന്ന പ്രണാളിയിലേക്കു അനുവാചകരെ വലിച്ചെറിയാത്ത ചില കവികളിൽ ഒരാളായിരുന്നു ചങ്ങമ്പുഴ. വെൺമണി നമ്പൂതിരി അങ്ങനെയായിരുന്നില്ലല്ലോ. അതു മാത്രമല്ല അദ്ദേഹത്തിന്റെ സവിശേഷത. താൻ നൂറു ശതമാനവും നിസ്തുലനായ കവിയാണെന്നു് അറിയാമായിരുന്നെങ്കിലും ചങ്ങമ്പുഴ അതു് നോട്ടംകൊണ്ടോ ഭാവംകൊണ്ടോ മറ്റു ശരീരചേഷ്ടകൾകൊണ്ടോ വാക്കുകൊണ്ടോ ആരെയും അറിയിച്ചിരുന്നില്ല. പലതവണ ഞാൻ അദ്ദേഹത്തോടു സംസാരിച്ചിട്ടുണ്ടു്. എപ്പോഴും വിനയസമ്പന്നനായിട്ടേ ഞാൻ അദ്ദേഹത്തെ കണ്ടിട്ടുള്ളു. അതു കപടവിനയമായിരുന്നില്ലതാനും. കവിയുടെ ഈ സ്വഭാവവിശേഷതയെ പരോക്ഷമായി സൂചിപ്പിച്ചുകൊണ്ടു് ശ്രീ. ബി. മാധവമേനോൻ കലാകൗമുദിയിൽ എഴുതിയതു് അദ്ദേഹത്തിന്റെ വിനയമാധുര്യത്തെയും കാണിക്കുന്നു. ഒന്നാലോചിച്ചു നോക്കുക. എല്ലാക്കവികളും നമ്മുടെ അടുത്തുതന്നെയില്ലേ? വള്ളത്തോൾ, ഉള്ളൂർ, കുമാരനാശാൻ, ജി. ശങ്കരക്കുറുപ്പു്, ചങ്ങമ്പുഴ, ഇടപ്പള്ളി രാഘവൻപിളള, വൈലോപ്പിള്ളി, കുഞ്ഞിരാമൻനായർ ഇവരെല്ലാം തൊട്ടപ്പുറത്തു നില്ക്കുന്നു. പക്ഷേ, ഓരോ കവിയുടെയും അടുത്തേക്കു പോകാൻ ശ്രമിക്കുക. ഉള്ളൂർ പത്തടി അകലത്തിലാണു് നില്ക്കുന്നതു്. എന്നാൽ ആ പത്തടി നടക്കുമ്പോൾ പത്തുകിലോമീറ്റർ നടന്നെന്നു നമുക്കു തോന്നും. ചങ്ങമ്പുഴയും പത്തടി അകലെ. ആ ദൂരം നടക്കുന്ന നമുക്കു ഒരിഞ്ച് നടന്നു എന്നേ തോന്നൂ. വൈലോപ്പിള്ളിയും കുഞ്ഞിരാമൻനായരും ഒരേ അകലത്തിൽ. കുഞ്ഞിരാമൻനായരുടെ അടുത്തു പോകാനുള്ള ദൂരത്തിന്റെ ഇരട്ടിദൂരം നടക്കണം വൈലോപ്പിള്ളിയുടെ അടുത്തു ചെല്ലാൻ. എന്നിട്ടും ചിലർ ചങ്ങമ്പുഴയെ നിന്ദിച്ചുകൊണ്ടിരിക്കുന്നു. മാധവമേനോൻ അവരിൽനിന്നു വിഭിന്നനായി വർത്തിക്കുന്നതിൽ എനിക്കാഹ്ലാദം.

ചോദ്യം, ഉത്തരം

ചോദ്യം: ഗവേഷണത്തിനു് പറ്റിയ ഒരു വിഷയം (മലയാളത്തിൽ) പറഞ്ഞുതരൂ സാർ.

ഉത്തരം: വൈലോപ്പിള്ളിക്കവിതയിലെ ഫുൾസ്റ്റോപ്പുകളെക്കുറിച്ചു് ഒരു പഠനം. വൈലോപ്പിള്ളിയുടെ ഫുൾസ്റ്റോപ്പുകളെ ഒളപ്പമണ്ണ ക്കവിതയിലെ കോമകളുമായി താരതമ്യപ്പെടുത്തി തീസിസ് എഴുതിയാൽ ‘ഫഷ്ടാ’യിരിക്കും.

ചോദ്യം: നിങ്ങൾ ഇരുപത്തിമൂന്നുകൊല്ലമായി സാഹിത്യവാരഫലം എഴുതുന്നു. എൻ. ഗോപാലപിള്ള. എൻ. ഗോപാലപിള്ള എന്നു് എപ്പോഴും പറയുന്നു. കേരളത്തിൽ വേറെ ആരുമില്ലേ?

ഉത്തരം: താങ്കൾ പറയുന്നതു ശരിയാണു്. എനിക്കു അധികമാളുകളെ പരിചയമില്ല. പരിചയമുള്ളവരിൽ ബുദ്ധിമാനായ ഒരാളെക്കുറിച്ചു് പറയുന്നുവെന്നേയുള്ളു. പിന്നെ ഒരു രഹസ്യം. ഞാൻ ഏതെങ്കിലും പേരു് ആവർത്തിച്ചെഴുതിയാൽ ആ വ്യക്തിയോടു് എനിക്കു സ്നേഹവും ബഹുമാനവുമുണ്ടെന്നു ധരിക്കരുതു്. ഗോപാലപിള്ളസ്സാറിന്റെ അന്യാദൃശ്യമായ ബുദ്ധിവൈഭവത്തെയാണു് ഞാൻ ബഹുമാനിക്കുക. ആളിനെയല്ല. അദ്ദേഹത്തിന്റെ നേരമ്പോക്കുകൾ കറകളഞ്ഞ നേരമ്പോക്കുകളല്ല. അരിസ്റ്റോട്ടൽ പറഞ്ഞ educated insult മാത്രമാണു്.

ചോദ്യം: പഠിക്കുന്ന കാലത്തു് കാർബൺ പേപ്പർ വച്ചു് പ്രേമലേഖനങ്ങളെഴുതി ആൺപിള്ളേർക്കു് കൊടുക്കുന്ന പെൺപിള്ളേർ കാലംചെന്നു് അധ്യാപികമാരായാൽ സദാചാരനിഷ്ഠയുള്ളവരായി മാറുകയും വിദ്യാർത്ഥിനികളെ കണ്ടമാനം ശകാരിക്കുകയും ചെയ്യുന്നതു് എന്തുകൊണ്ടു്?

ഉത്തരം: പ്രായം കൂടുമ്പോൾ പ്രലോഭനത്തിന്റെ ശക്തി കുറയും. അപ്പോൾ സന്മാർഗ്ഗം പ്രസംഗിക്കാൻ എളുപ്പമുണ്ടു്.

ചോദ്യം: വളഞ്ഞുപുളഞ്ഞു പോകുന്ന പാമ്പു് മാളത്തിൽ കടക്കുമ്പോൾ നേരെ പോകുന്നു എന്നൊരു ചൊല്ലുണ്ടു്. ശരിയാണോ അതു?

ഉത്തരം: നേരെ പോകുന്നു സ്വന്തം വീട്ടിലേക്കു് എന്നതു് തോന്നൽ മാത്രം. നാലുപേരു കാണുമ്പോൾ വളഞ്ഞും പുളഞ്ഞും പോകുന്നവർ വീട്ടിലും അങ്ങനെ മാത്രമേ സഞ്ചരിക്കു.

ചോദ്യം: ഈ കാലഘട്ടത്തിൽ നിങ്ങൾ സ്നേഹിക്കുകയും ബഹുമാനിക്കുകയും പേടിക്കുകയും ചെയ്യുന്ന വ്യക്തികൾ ആരെല്ലാം. സത്യസന്ധമായ ഉത്തരമാണു് ഞാൻ പ്രതീക്ഷിക്കുന്നതു്.?

ഉത്തരം: കാലഘട്ടം എന്നു പറയാതെ കാലയളവു് എന്നു പറഞ്ഞുനോക്കു. കുളിക്കാനുള്ള സ്ഥലവും നദിയിലേക്കു ഇറങ്ങാൻ ഉപകരിക്കുന്ന പടികളുമാണു് ഘട്ടം. പശ്ചിമഘട്ടം എന്നു പർവ്വത പംക്തികളെ വിളിക്കുന്നതു് Western ghats എന്ന ഇംഗ്ലീഷ് പ്രയോഗത്തെ അനുസരിച്ചാണു്. ghats ഇംഗ്ലീഷ് പദമല്ലതാനും. അതിനാൽ ‘കേരളം വളരുന്നു പശ്ചിമഘട്ടങ്ങളെ കേറിയും കടന്നും ചെന്നന്യമാം രാജ്യങ്ങളിൽ’ എന്ന ഭാഗത്തെ ഘട്ടങ്ങൾ അത്ര നല്ല പ്രയോഗമല്ല. ഇനി ചോദ്യത്തിനു് ഉത്തരം. ഈ കാലയളവിലെ ആരെക്കുറിച്ചും ഞാൻ ഒന്നും പറയുന്നില്ല. തലമുറകൾക്കു മുൻപുള്ള കാര്യമാകട്ടെ. അന്നു ഞാൻ പ്രതിഭാശാലിയായ വള്ളത്തോളിനെ അഭിനന്ദിച്ചിരുന്നു. സ്വേച്ഛാധിപതിയായ സർ. സി. പി. രാമസ്സ്വാമിഅയ്യരെ പേടിച്ചിരുന്നു. സത്യന്ധനായ കൈനിക്കര കുമാരപിള്ള യെ ബഹുമാനിച്ചിരുന്നു. ആരോടും സ്നേഹം തോന്നിയില്ല എനിക്കു്.

ചോദ്യം: നിങ്ങൾ എല്ലാം വിശ്വസിക്കുമോ?

ഉത്തരം: ഇല്ല. രാത്രി ഉറങ്ങാൻ കിടക്കുന്നതിനു മുൻപു് ഫ്ളാഷ് ലൈറ്റ്കൊണ്ടു് കട്ടിൽ, അലമാരി ഇവയുടെ അടിയിലെല്ലാം പരിശോധിക്കും. ഇഴ ജന്തു കയറിക്കിടക്കുന്നുണ്ടോ എന്നിറിയാൻ. കുടിക്കാൻ കൊണ്ടുവച്ച വെള്ളം നല്ലപോലെ അടച്ചിട്ടുണ്ടെങ്കിലും ടോർച്ചടിച്ചു നോക്കിയിട്ടേ കുടിക്കൂ. പക്ഷേ, ബാങ്കിലെ കാഷ്യർ തരുന്ന കറൻസിനോട്ടുകൾ ഒരിക്കലും എണ്ണിനോക്കാറില്ല.

ചോദ്യം: ആരാണു സാറേ അപ്പുറത്തു ചുമിയ്ക്കുന്നതു?

ഉത്തരം: മരിച്ച നവീന കവിത. മരിച്ചാലും അതു കുറെനേരം ചുമയ്ക്കും.

പ്രയോജനമില്ലാത്ത പ്രക്രിയ

മലിനജലമൊഴുകുന്ന പ്രണാളിയിലേക്കു വലിച്ചെറിയാത്ത ചില കവികളിലൊരാളായിരുന്നു ചങ്ങമ്പുഴ. വെൺമണിനമ്പൂതിരി അങ്ങനെയായിരുന്നില്ലല്ലോ. അതു മാത്രമല്ല അദ്ദേഹത്തിന്റെ സവിശേഷത. താൻ നൂറുശതമാനവു നിസ്തുലനായ കവിയാണെന്നു് അറിയാമായിരുന്നെങ്കിലും ചങ്ങമ്പുഴ അതു് നോട്ടംകൊണ്ടോ ഭാവംകൊണ്ടോ മറ്റു ശരീരചേഷ്ടകൾകൊണ്ടോ വാക്കുകൊണ്ടോ ആരെയും അറിയിച്ചിരുന്നില്ല.

മുൻപു്, ഒരു ധിഷണാശാലിയെ കാണാൻ ചിലർ ചെന്നപ്പോൾ അദ്ദേഹം കടലാസ്സുകൊണ്ടു് കപ്പലുണ്ടാക്കുകയായിരുന്നു. അതു് ആകർഷകമായി നിർമ്മിച്ചു് അദ്ദേഹം കസേരയിൽ വച്ചപ്പോൾ അതിഥികളിലൊരാൾ ചോദിച്ചു “സാർ ഈ പ്രായത്തിൽ കപ്പലുണ്ടാക്കി കളിക്കുകയാണോ?” അദ്ദേഹം പുഞ്ചിരി തൂകിയിട്ടു പറഞ്ഞു: “എന്നെ … പിള്ള അദ്ദേഹത്തിന്റെ മകളെ വിവാഹം കഴിപ്പിച്ചതു് ലണ്ടനിൽ ഉന്നതവിദ്യാഭ്യാസത്തിനു് അയയ്ക്കാമെന്നു പ്രതിജ്ഞ ചെയ്തതിനു് ശേഷമാണു്. വിവാഹം കഴിഞ്ഞപ്പോൾ അദ്ദേഹത്തിന്റെ പ്രതിജ്ഞ ലംഘിക്കപ്പെട്ടു. അന്നു കപ്പലിൽ കയറാൻ കഴിഞ്ഞില്ല. ഇന്നു കടലാസ്സുകൊണ്ടെങ്കിലും ഒന്നുണ്ടാക്കി നോക്കുകയായിരുന്നു. ഒരു psychological necessity”. എന്റെ അഭിവന്ദ്യ മിത്രവും നല്ലയാളുമായ ശ്രീ. വിഷ്ണുനാരായണൻ നമ്പൂതിരി മാതൃഭൂമി ആഴ്ചപതിപ്പിൽ ‘കാലിഫോർണിയയിലെ മരമുത്തച്ഛന്മാർ’ എന്നൊരു കാവ്യമെഴുതുകയും അതിന്റെ താഴെ ടൈലർ 92 ജൂൺ 22 എന്നു കുറിച്ചിടുകയും ചെയ്തപ്പോൾ ഞാനുടനെ എടുത്തതു് അമേരിക്കയുടെ പടമാണു്. വളരെ കഷ്ടപ്പെട്ടതു് ടെക്സാസിൽ റ്റൈലർ എന്നു് അടയാളപ്പെടുത്തിയ സ്ഥലം കണ്ടുപിടിച്ചു. ആ ധിഷണാശാലി കടലാസ്സു കീറിയെടുത്തു കപ്പലുണ്ടാക്കി; ഞാൻ പടമെടുത്തു റ്റൈലർ നഗരം കണ്ടുപിടിച്ചു. വിഷ്ണുനാരായണൻ നമ്പൂതിരി ഭാഗ്യവാൻ; ഞാൻ ഭാഗ്യരഹിതൻ. റ്റെക്സാസിൽ കവി ചെന്നതു് കേരളത്തിലെ നാലുപേരറിഞ്ഞില്ലെങ്കിൽ പോയതുകൊണ്ടു് എന്തു പ്രയോജനം? അമേരിക്കയുടെ പടം ഞാൻ താഴെ വച്ചിട്ടു് സുഹൃത്തിന്റെ കാവ്യം ഒരു തവണ വായിച്ചു. വേണ്ടപോലെ കാര്യം മനസ്സിലായില്ല. വീണ്ടും വീണ്ടും വായിച്ചു. റ്റൈലറിൽ മാത്രമല്ല. കലഫോർണ്യയിലെ Redwood city-യിലും കവിപോയെന്നും അവിടെയുള്ള രണ്ടു മരമുത്തച്ഛന്മാരെക്കുറിച്ചാണു് അദ്ദേഹം കാവ്യമെഴുതിയതെന്നും ഞാൻ ഗ്രഹിച്ചു. ആഹ്ലാദിച്ചു. കലഫോർണ്യയുടെ പടം നോക്കി; Redwood city കണ്ടുപിടിച്ചു. സുഹൃത്തിനു് നേരിട്ടുള്ള ആഹ്ലാദം; എനിക്കു vicarious enjoyment —പരോക്ഷമായ ആഹ്ലാദം.

ഈ പരോക്ഷമായ ആഹ്ലാദത്തോടെ വിഷ്ണുനാരായണൻ നമ്പൂതിരിയുടെ കാവ്യസാഗരത്തിൽ ഞാൻ പലവുരു മുങ്ങിത്തപ്പിയപ്പോൾ കിട്ടിയ ആശയരത്നമിതാണു്: കവി പ്രകൃതിയെ—അതിന്റെ പ്രതിരൂപങ്ങളായ മരമുത്തച്ഛന്മാരെ—വർണ്ണിക്കുന്നതു് വെറും വർണ്ണനയ്ക്കു വേണ്ടിയല്ല. പ്രകൃതിയും മനുഷ്യനും ഒന്നു്; ക്രൈസ്തവചിന്തയും ഹൈന്ദവചിന്തയും ഒന്നു്. എല്ലാംകൂടി ഒരുമിച്ചു് മനുഷ്യത്വമെന്ന മണ്ഡലത്തിലേക്കു അവനെ നയിക്കണം. അവിടെനിന്നു് ആധ്യാത്മകത്വത്തിന്റെ മണ്ഡലത്തിലേക്കു കൊണ്ടുചെല്ലുന്നു. നല്ല ‘കൺസ്പെഷൻ’ (സങ്കല്പമെന്നും ഗർഭധാരണമെന്നും). പക്ഷേ, ഡിലിവറി മോശം (ആവിഷ്കാരമെന്നും പ്രസവമെന്നും). കവി ആവിഷ്കരിക്കാൻ ആഗ്രഹിക്കുന്ന സത്യമുണ്ടല്ലോ. ആ സത്യത്തിന്റെ ഖണ്ഡങ്ങൾ ഖണ്ഡങ്ങളായിത്തന്നെ നില്ക്കുന്നു എന്നതാണു് ഈ കാവ്യത്തിന്റെ ന്യൂനത. ഉദ്ഗ്രഥിതമായ ഭാവനാശക്തിയുടെ അഗ്നിയിൽ ഉരുകി എല്ലാം ഒന്നായി, സാകല്യാവസ്ഥപൂണ്ടു് വരുന്നില്ല ഇതിലെ സത്യം. അതുകൊണ്ടു് കവിത പ്രദാനം ചെയ്യേണ്ട അനുഭൂതി ഇതു് നല്കുന്നില്ല. കാവ്യം അനുവാചകന്റെ മസ്തിഷ്കത്തിൽ ചലനമുളവാക്കിയാൽ മാത്രം പോരാ. അയാളുടെ സംവേദനങ്ങളെ ഉണർത്തണം. അപ്പോൾ കവിയുടെ സംവേദനങ്ങളും അനുവാചകന്റെ സംവേദനങ്ങളും ഒന്നാകണം. അതൊന്നും ഇവിടെ സംഭവിക്കുന്നില്ല. ഇന്നത്തെ നിലയിൽ അതു് നിഷ്പ്രയോജനമായ പ്രക്രിയയാണു്.

ദുഷ്ടനല്ലാത്ത കാരണവർ

ഈ കാലയളവിലെ ആരെക്കുറിച്ചും ഞാൻ ഒന്നും പറയുന്നില്ല. അന്നു ഞാൻ പ്രതിഭാശാലിയായ വള്ളത്തോളിനെ അഭിനന്ദിച്ചിരുന്നു. സ്വേച്ഛാധിപതിയായ സർ. സി. പി. രാമസ്സ്വാമിഅയ്യരെ പേടിച്ചിരുന്നു. സത്യസന്ധനായ കൈനിക്കര കുമാരപിള്ളയെ ബഹുമാനിച്ചിരുന്നു. ആരോടും സ്നേഹം തോന്നിയില്ല എനിക്കു്.

എനിക്കൊരു കാരണവരുണ്ടായിരുന്നു. ഇപ്പോൾ അദ്ദേഹം ഈ ലോകത്തില്ല. കാരണവരുടെ പ്രധാന ദോഷമോ ഗുണമോ അദ്ദേഹത്തിനു കുഞ്ഞുങ്ങളെ കണ്ടുകൂടായിരുന്നു എന്നതാണു്. വീട്ടിലെ ഏതു ശിശു അടുത്തുചെന്നാലും അദ്ദേഹം കണ്ണുരുട്ടിക്കാണിക്കും. കുഞ്ഞു പേടിച്ചു നിലവിളിച്ചുകൊണ്ടോടുമ്പോൾ മറ്റുള്ളവർ കാര്യമെന്തെന്നു തിരക്കിയാൽ ‘ഞാനൊന്നുമറിഞ്ഞില്ലേ’ എന്ന മട്ടിൽ കാരണവർ ഇരിക്കും. കുഞ്ഞിന്റെ അമ്മതന്നെ അതിനെ ഒക്കത്തു് എടുത്തുകൊണ്ടു് അദ്ദേഹത്തോടു് “ചേട്ടാ എന്തിനാ ഇതു കരഞ്ഞതു്” എന്നു ചോദിച്ചാൽ ‘എന്തോ’ എന്ന മറുപടി. മധുരമന്ദഹാസത്തോടെ കുഞ്ഞിനെ എടുക്കാൻ കൈനീട്ടുകയും ചെയ്യും. തള്ള അതോടെ തെറ്റിദ്ധാരണ മാറി അടുക്കളയിലേക്കു പോകും. കാരണവരുടെ ഈ കണ്ണുരുട്ടിക്കാണിക്കൽ ഞാൻ പലതവണ കണ്ടിട്ടുള്ളവനാണു്. അപ്പോഴൊക്കെ “ഇയാളെന്തൊരു ദുഷ്ടൻ!” എന്നു വിചാരിച്ചിട്ടുണ്ടു്. ഇപ്പോൾ ശ്രീ. ഐ. കെ. കെ. എമ്മി ന്റെ ഒരു കഥാശിശു—‘പൊയ്മുഖം’ മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ താളുകളിൽ കയറിനില്ക്കുന്നതു കാണുമ്പോൾ എന്റെ ആ പഴയ കാരണവർ ദുഷ്ടനല്ലെന്നു് എനിക്കു തോന്നുന്നു. അദ്ദേഹത്തെക്കാൾ ഭീതിപ്രദമായ രീതിയിൽ കണ്ണുമുഴുപ്പിച്ചു് കാണിക്കണമെന്നു് എനിക്കു് ആഗ്രഹമുണ്ടാവുകയും ചെയ്യുന്നു.

കഥാശിശുവെന്നു ഞാൻ വിളിച്ചതു വെറുതെയല്ല. ഭാര്യയും ഭർത്താവും. ആദ്യമൊക്കെ നല്ലവനായിരുന്നു അയാൾ. പിന്നെ അതിമദ്യപനായി. ഭാര്യ ആത്മഹത്യ ചെയ്തു. അതിമദ്യപനും ചത്തു. ആ ദമ്പതികളുടെ മിത്രമായ ഒരുത്തന്റെ വാക്കുകളിലൂടെയാണു് ഐ. കെ. കെ. എം. ഈ കഥാശിശുവിനെ എന്നെ ഉപദ്രവിക്കാനായി അയയ്ക്കുന്നതു്. ഞാൻ കണ്ണുരുട്ടിക്കാണിച്ചു് അതിനെ പേടിപ്പിച്ചേ പറ്റൂ. ഇല്ലെങ്കിൽ അതു് എന്റെ മടിയിൽ കയറിയിരിക്കും. ഷേർടും മുണ്ടും അഴുക്കാക്കും. റിസ്റ്റ് വാച്ച് കളിക്കാനായി അഴിച്ചെടുക്കും. അതു താഴെയിടും. ഞാൻ കണ്ണുമുഴുപ്പിക്കട്ടെ. കഥയുടെ ആരംഭദശയിൽ അതിനു ശിശുത എന്ന അവസ്ഥയാണല്ലോ. അതാണു് ഇക്കഥയ്ക്കു്. പിന്നെ ശിശുക്കളെക്കൊണ്ടും പ്രയോജനമുണ്ടു്. ഞാനൊരിക്കൽ തീവണ്ടിയിൽ സഞ്ചരിക്കുമ്പോൾ എനിക്കഭിമുഖമായി ഒരു ഹ്രസ്വകായനും അയാളുടെ ഭാര്യയും നാലുവയസ്സ്, ഒരുവയസ്സ് ഈ പ്രായമുള്ള രണ്ടു കുഞ്ഞുങ്ങളും ഇരിക്കുന്നുണ്ടായിരുന്നു. മുകളിൽ പെട്ടിയും കിടക്കയും മറ്റും വച്ചിരിക്കുന്നിടത്തു് ആയിപ്പോയി ഒരുവയസ്സുകാരിയുടെ പാല്ക്കുപ്പി. കൊച്ചു തൊണ്ട കീറിയപ്പോൾ പാലുകൊടുക്കാമെന്നു തള്ള തീരുമാനിച്ചു. എതിരേയുള്ള സീറ്റിൽ കുറഞ്ഞതു് എട്ടുപേരുണ്ടു്. അതുകൊണ്ടു് അതിൽച്ചവിട്ടിക്കയറി കുപ്പിയെടുക്കാൻ വയ്യ തന്തയ്ക്കു്. താഴെനിന്നു് കൈയെത്തിച്ചാൽ പാല്ക്കുപ്പിയുടെ അടുത്തെങ്ങും ചെല്ലുകയുമില്ല. ആ വിധത്തിലുളള ഒരാറാട്ടുമുണ്ടനായിരുന്നു അയാൾ. തന്ത നാലുവയസ്സുകാരനെ എടുത്തു പൊക്കി കുപ്പി എടുപ്പിച്ചു. വലിയ ആളുകൾ കുടിക്കാത്ത കുപ്പിപ്പാലെന്ന ക്ഷുദ്രകലയെ എടുപ്പിച്ചു് ഒരു വയസ്സുളള അനുവാചകശിശുവിന്റെ ചുണ്ടിൽച്ചേർക്കാൻ ഐ. കെ. കെ. എം. ഈ നാലുവയസ്സുള്ള കഥാശിശുവിനെ പ്രയോജനപ്പെടുത്തുന്നു. കുഞ്ഞു പാലുകുടിക്കട്ടെ. അതിന്റെ മന്ദസ്മിതം കണ്ടു് അമ്മ ആഹ്ലാദിക്കട്ടെ. തന്തയും നാലുവയസ്സുകാരനും ചാരിതാർത്ഥ്യമടയട്ടെ. പ്രായംകൂടിയ നമ്മുടെ മുഖത്തിന്റെ നേർക്കു കുപ്പിയുടെ റബർമുലക്കണ്ണു നീട്ടാതിരുന്നാൽ മതി അദ്ദേഹം.

പുതിയ പുസ്തകം
images/NiC.jpg

പെൻഗ്വിൻ ഇൻഡ്യ (വൈക്കിംങ്) പ്രസാധനം ചെയ്ത Noon in Calcutta: Short Stories from Bengal (Rs. 150) എന്ന പുസ്തകത്തിൽ സമരേഷ് ബാസു വിന്റെ Farewell എന്ന ചെറുകഥ വായിച്ചപ്പോൾ കലയ്ക്കു് ഇത്രത്തോളം ഉയരാൻ കഴിയുമോ എന്നു ഞാൻ ആലോചിച്ചുപോയി. ഹിന്ദു-മുസ്ലിം ലഹള നടക്കുന്ന കാലം. സെക്ഷൻ 144; കർഫ്യു. ഇരുട്ടിന്റെ മറവിൽ കുത്തിക്കൊല്ലുന്നു ആളുകളെ. മരിക്കുന്ന സ്ത്രീകളുടെയും കുഞ്ഞുങ്ങളുടെയും നിലവിളികൾ. ക്രമസമാധാനം പരിപാലിക്കുന്നുവെന്ന മട്ടിൽ ഭടന്മാർ എങ്ങോട്ടെന്നില്ലാതെ വെടിയുണ്ടകൾ വർഷിക്കുന്നു. അല്ലാഹുഅക്ബർ ബന്ദേമാതരം എന്നൊക്കെ കേൾക്കുന്നു. രണ്ടുവഴികൾ കൂടുന്നിടത്തു രണ്ടുപേർ പേടിച്ചു പതുങ്ങിയിരിക്കുന്നു. ഒരാൾ മറ്റേയാളിനോടു ചോദിച്ചു: “ഹിന്ദുവോ മുസൽമാനോ?”

“നിങ്ങൾ ആദ്യം പറയു” എന്നു മറ്റേശ്ശബ്ദം. ഒരാൾ തോണിക്കാരൻ; മറ്റേയാൾ കോട്ടൺ മില്ലിൽ ജോലിക്കാരൻ. അവർ വരുന്ന ശബ്ദം. “നമുക്കു പോകാം” എന്നൊരാൾ. “അനങ്ങരുതു്, മരിക്കാനാണോ ആഗ്രഹം” എന്നു മറ്റേയാളിന്റെ നിർദ്ദേശം. രണ്ടുപേരുടെയും സംശയം വർദ്ധിച്ചു വർദ്ധിച്ചു വന്നു. “ഒരു ബീടി വലിക്കൂ” എന്ന മില്ലിലെ ജോലിക്കാരൻ. ബീടി കത്തിക്കഴിഞ്ഞപ്പോൾ ഒരാൾ പറഞ്ഞു “അല്ലാഹുവിനു സ്തുതി” മില്ലിലെ തൊഴിലാളി അതുകേട്ടു് ചാടിയെഴുന്നേറ്റു ചോദിച്ചു: “അപ്പോൾ നിങ്ങൾ ഒരു … ”

“അതേ, ഞാൻ മുസ്സൽമാൻ തന്നെ. അതു കൊണ്ടെന്തു?”

“ഒന്നുമില്ല” എന്നു മറുപടി.

തോണിക്കാരന്റെ അടുത്തു ഒരു തുണിക്കെട്ടു്. അതെന്തു് എന്നായി മില്ലിലെ തൊഴിലാളി.

“എന്റെ കുഞ്ഞുങ്ങൾക്കുള്ള ഉടുപ്പുകളും ഒരു സാരിയും” എന്നു അയാൾ മറുപടി നല്കി.

ഇങ്ങനെ സംസാരിച്ചു സംസാരിച്ചു അവർ ആപ്തമിത്രങ്ങളായി. എന്തിനു് ഈ വർഗ്ഗീയ ലഹള? രണ്ടുപേർക്കും അതിനുള്ള ഉത്തരമറിഞ്ഞുകൂടാ.

ബൂട്ട്സിന്റെ ശബ്ദം. അതു് അടുത്തടുത്തു വന്നു. അവർ രക്ഷപ്പെടാൻ ശ്രമിച്ചു. തോണിക്കാരൻ ഒരു പാൻകടയുടെ പിറകിൽ മില്ലിന്റെ ജോലിക്കാരനെ കൊണ്ടുനിറുത്തിയിട്ടു പറഞ്ഞു. “ഇവിടെ നിന്നുകൊള്ളു. ഇതു് ഹിന്ദുക്കളുടെ സ്ഥലമാണു്”. മുസ്സൽമാനു് പോയേ പറ്റൂ. മുസ്ലിം ഭൂരിപക്ഷമുള്ള സ്ഥലത്തു് എത്തണം. മാത്രമല്ല അടുത്ത ദിവസം ഈദാണു്. എട്ടുദിവസമായി അയാൾ കുടുംബത്തെ പിരിഞ്ഞിട്ടു്. ഹിന്ദുവിനു പേടി. “അവർ നിങ്ങളെ പിടികൂടിയാലോ?” “എന്നെ പിടിക്കാൻ പറ്റില്ല. ഇവിടെത്തന്നെ നിങ്ങൾ നിന്നുകൊള്ളു. ഞാൻ പോകുന്നു. ഈ രാത്രി… ഞാനിതു മറക്കില്ല. വിധി അനുകൂലമാണെങ്കിൽ നമ്മൾ വീണ്ടും കാണും. മംഗളം”. മുസ്സൽമാൻ പോയി. അയാളുടെ ഭാര്യ അയാളുടെ നെഞ്ചിൽ മുഖം അമർത്തി സ്നേഹത്തിന്റെയും ആശ്വാസത്തിന്റെയും കണ്ണീർപൊഴിക്കുന്നതു് മില്ലിലെ ജോലിക്കാരൻ മനസ്സിൽ കണ്ടു. കുട്ടികൾ ആഹ്ലാദിക്കുന്നതും.

പ്രതിഷേധിക്കേണ്ടിടത്തു പ്രതിഷേധിക്കാത്തവൻ മനുഷ്യനല്ലെന്നു് അമേരിക്കൻ പ്രസിഡന്റായിരുന്ന കെന്നഡി പറഞ്ഞിട്ടുണ്ടെങ്കിലും ആ പ്രതിഷേധസ്വരം വരമൊഴിയാക്കിയാൽ കോപം കുറയും.

ബൂട്സ് ധരിച്ചവൻ ഓടുകയാണു്. രണ്ടു വെടി. ഓടിപ്പോയ ആളിന്റെ മരണരോദനം. തോണിക്കാരന്റെ ചിത്രം മില്ലിലെ തൊഴിലാളിയുടെ ഭാവനയിൽ ഉയർന്നു വന്നു. ഭാര്യക്കുള്ള സാരിയും കുഞ്ഞുങ്ങൾക്കുള്ള ഉടുപ്പുകളും നെഞ്ചിൽച്ചേർത്തു് ആ ചങ്ങാതി കിടക്കുകയാണു്. അവ ക്രമേണ രക്തംകൊണ്ടു ചുവന്നു. തോണിക്കാരന്റെ ശബ്ദം അയാൾ കേട്ടു. “സഹോദരാ, എനിക്കു് അവരുടെ അടുത്തെത്താൻ കഴിഞ്ഞില്ല. ആഘോഷദിവസം എന്റെ ഓമനകൾ കണ്ണീരിൽ മുങ്ങും. ശത്രു നേരത്തെ എന്നെ സമീപിച്ചുപോയി”.

images/SamareshBasuPic.jpg
സമരേഷ് ബാസു

വസ്തുക്കളെയും വസ്തുതകളെയും സംഭവങ്ങളെയും പ്രചാരണത്തിന്റെ പേരിൽ കേരളത്തിലെ എഴുത്തുകാർ ഇല്ലായമചെയ്തുകൊണ്ടിരിക്കുമ്പോൾ ഉല്പതിഷ്ണുക്കളിൽ ഉൽപതിഷ്ണുവായിരുന്ന സമരേഷ് ബാസു അവയെ മൂർത്തങ്ങളായി ചിത്രീകരിച്ചു കലയുടെ ആധിപത്യം പ്രദർശിപ്പിക്കുന്നു. ഇതുപോലെ മനോഹരങ്ങളായ മറ്റു കഥകളും ഈ ഗ്രന്ഥത്തിലുണ്ടു്. എല്ലാം വായിക്കാൻ എനിക്കു സമയം കിട്ടിയില്ല. വായിച്ച കഥകളിൽ contrived എന്നു വിശേഷിപ്പിക്കാവുന്ന ഒരു കഥയും കണ്ടു. എന്തായാലും സമരേഷ് ബാസുവിന്റെ “Farewell” എന്ന ഒറ്റക്കഥകൊണ്ടു് ഈ ഗ്രന്ഥത്തിനു് മഹനീയത കൈവന്നിരിക്കുന്നു.

അസഹനീയം

1981-ൽ സാഹിത്യരചനയ്ക്കു് നോബൽ സമ്മാനം നേടിയ ഈല്യാസ് കനേറ്റി The Woe Administrator എന്നൊരു കൊച്ചുപന്യാസം എഴുതിയിട്ടുണ്ടു്. ഈ ലോകത്തുള്ള സകല ദുഃഖങ്ങളും അന്യർക്കു് നിവേദനം ചെയ്യുന്നവനാണു് അയാൾ. നമ്മളൊക്കെ ദുഃഖസംഭവങ്ങൾ മറ്റുള്ളവർ പറഞ്ഞു് അറിഞ്ഞിരിക്കും. പക്ഷേ, ഇയാൾ അങ്ങനെയല്ല. അതിൽ പങ്കുകൊണ്ടിരിക്കും.“അറിഞ്ഞില്ലേ, ബന്തു് നടന്ന ദിവസം. ഞാൻ പള്ളച്ചൽ ജംഗ്ഷനിൽ നില്ക്കുകയായിരുന്നു. പ്രസവിക്കാറായ ഒരുത്തിയെ കാറിൽ കൊണ്ടുവരികയായിരുന്നു. ബന്തിനോടു് ആനുകൂല്യമുള്ളവർ തടഞ്ഞു. എത്ര യാചിച്ചിട്ടും അവർ കാറ് വിട്ടില്ല. അകത്തു് പ്രസവവേദനയോടെ സ്ത്രീ നിലവിളിക്കുകയാണു്. ഞാനും അപേക്ഷിച്ചു കാറ് പോകാൻ അനുവദിക്കാൻ. അവരുണ്ടോ സമ്മതിക്കുന്നു. സ്ത്രീ കാറിനകത്തു പ്രസവിച്ചു. ചോര റോഡിലേക്കൊഴുകി. എന്റെ കണ്ണുകൊണ്ടു് അതു കണ്ടതാണു്. അന്നുതന്നെ അയാൾ വേറൊരിടത്തു ചെന്നു് ഇങ്ങനെ: “ഓ, കൊലപാതകം. അവന്റെ കഴുത്തിൽ സുന്ദരമായ വെട്ടു്. തലയും ഉടലും വേർപെട്ടില്ലെങ്കിലും ഒരിഞ്ചു മാംസത്തിൽ തല തൂങ്ങിക്കിടന്നു. ശവമെടുക്കാൻ എന്നെയും പോലീസ് സഹായത്തിനു വിളിച്ചു. ഞാൻ മാറിക്കളഞ്ഞു”. മറ്റൊരിടത്തു ചെന്നു: “ആ രണ്ടുനിലക്കെട്ടിടത്തിലെ ആളുകൾ മൂകാംബികയിൽ തൊഴാൻപോയ സമയം. ഉച്ചയ്ക്കു് ചിലർ ലോറികൊണ്ടു നിറുത്തി. സകല സാധനങ്ങളും അതിൽക്കയറ്റിയങ്ങു കൊണ്ടുപോയി. കളർ റ്റെലിവിഷൻസെറ്റ് എടുത്തുകൊണ്ടുവരുന്ന കള്ളനെ ഞാൻ നേരിട്ടു കണ്ടു. കള്ളന്മാരാണെന്നു വിചാരിച്ചതേയില്ല”.

images/EliasCanetti2.jpg
ഈല്യാസ് കനേറ്റി

ഈ ദുഃഖനിവേദനങ്ങൾ കേൾക്കുന്നവർക്കു് വിസ്മയമില്ല. ആഹ്ലാദമില്ല, ശത്രുവിനു വരുന്ന ദൗർഭാഗ്യംപോലും നമുക്കു വേദന ജനിപ്പിക്കും. അതൊന്നും ഇക്കൂട്ടർക്കു പരിഗണനയേയില്ല. എപ്പോഴും മറ്റുള്ളവർക്കു വേദനയുളവാക്കിക്കൊണ്ടിരിക്കണമെന്ന വിചാരമേയുള്ളു. സാഹിത്യത്തിലുമുണ്ടു് ഇങ്ങനെ ചിലർ. അവരിൽ ഒരാളാണു് ദേശാഭിമാനി വാരികയിൽ “നീണ്ടുപാകുന്ന ക്യൂ” എന്ന ഉപന്യാസം ചെറുകഥയുടെ രീതിയിൽ എഴുതിയ ശ്രീ. ശശിധരൻ, ശ്രീപുരം. നാട്ടിലെ ക്ഷാമംകൊണ്ടു വരിയിൽ നില്ക്കേണ്ടിവന്ന ഒരു പാവം ആത്മവിസ്മൃതിയിലാണ്ടു തകർന്നു വീഴുന്നുപോലും. എന്തൊരു ബീഭത്സതയാണു് ഈ രചനയ്ക്കു്!

images/JohnFKennedy.jpg
കെന്നഡി

പ്രതിഷേധിക്കേണ്ടിടത്തു പ്രതിഷേധിക്കാത്തവൻ മനുഷ്യനല്ലെന്നു് അമേരിക്കൻ പ്രസിഡന്റായിരുന്ന കെന്നഡി പറഞ്ഞിട്ടുണ്ടെങ്കിലും ആ പ്രതിഷേധസ്വരം വരമൊഴിയാക്കിയാൽ കോപം കുറയും. നമ്മെ അപമാനിച്ചുകൊണ്ടു് കത്തുകിട്ടുന്നു. അതേ നാണയത്തിൽ തിരിച്ചുകൊടുക്കാൻ നമ്മൾ മറുപടി എഴുതിവയ്ക്കുന്നു. അതു കവറിലാക്കി ‘പോസ്റ്റ്’ ചെയ്യുന്നില്ലെന്നിരിക്കട്ടെ. ഒരു ദിവസം അതു മേശപ്പുറത്തിരുന്നാൽ നമ്മൾ അതെടുത്തു കീറി ദൂരെയെറിയും. വാക്കുകൾക്കു ആശ്വാസദായകശക്തിയുണ്ടു്. സാഹിത്യവാരഫലക്കാരനെ അന്യർ അസഭ്യം പറയുമ്പോൾ അയാൾ അവർക്കു മറുപടി എഴുതും ആ പംക്തിയിൽതന്നെ. പക്ഷേ, പത്രാധിപർക്കു ലേഖനം കൊടുത്തയയ്ക്കാറാവുമ്പോൾ വാരഫലക്കാരൻതന്നെ ആ ഷീറ്റ് വലിച്ചുകീറിക്കളഞ്ഞിട്ടു് മറ്റൊരു ഷീറ്റിൽ നല്ല കാര്യങ്ങൾ എഴുതി ഇടയ്ക്കു തിരുകും.

Colophon

Title: Sāhityavāraphalam (ml: സാഹിത്യവാരഫലം).

Author(s): M Krishnan Nair.

First publication details: Kalakaumudi Weekly; Trivandrum, Kerala; 1992-08-16.

Deafult language: ml, Malayalam.

Keywords: M Krishnan Nair, Sahityavaraphalam, Weekly Lietrary Column, സാഹിത്യവാരഫലം, എം കൃഷ്ണൻ നായർ, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: October 7, 2022.

Credits: The text of the original item is copyrighted to J Vijayamma, author’s inheritor. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-NC-SA 4​.0). Any reuse of the material should credit the Sayahna Foundation, only noncommercial uses of the work are permitted and adoptations must be shared under the same terms.

Production history: Data entry: MS Aswathi; Proofing: Abdul Gafoor; Typesetter: JN Jamuna; Digitizer: KB Sujith; Encoding: JN Jamuna.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.