സാഹിത്യവാരഫലം
എം കൃഷ്ണൻ നായർ
(കലാകൗമുദി വാരിക, 1993-03-07-ൽ പ്രസിദ്ധീകരിച്ചതു്)

തിരുവനന്തപുരത്തു മഴ പെയ്താൽ കിഴക്കേക്കോട്ടയ്ക്കു മുൻവശത്തുള്ള സ്ഥലത്തു മുട്ടോളം വെള്ളമുയരും. തുടർന്നു മഴ പെയ്തില്ലെങ്കിൽ വെള്ളം ഒലിച്ചുപോകും. കീലിട്ട റോഡ് വീണ്ടും മിന്നിത്തിളങ്ങും. ശ്രീ. പി. ഭാസ്കരന്റെ, കലാമൂല്യങ്ങൾ കുറഞ്ഞ ചില കാവ്യങ്ങളുടെ ആവിർഭാവം ഈ നഗരത്തിൽ വിചാരിച്ചിരിക്കാത്ത സന്ദർഭത്തിൽ ഉണ്ടാകുന്ന മഴപോലെയാണു്. രാജരഥ്യയിൽനിന്നു് മലിനജലം ഒഴുകിപ്പോകുന്നതുപോലെ അത്തരം കാവ്യങ്ങൾ പൊടുന്നനേ അപ്രത്യക്ഷമാകുന്നു. റോഡ് സൂര്യപ്രകാശത്തിൽ മിന്നിത്തിളങ്ങുന്ന മട്ടിൽ കലാമൂല്യമുള്ള കാവ്യങ്ങൾ പ്രത്യക്ഷങ്ങളാകുന്നു. രാജവീഥിയുടെ മിനുക്കം കാണുമ്പോൾ അവിടെ മുൻപുണ്ടായിരുന്ന മലിനജലത്തെ നമ്മൾ മറക്കുന്നതുപോലെ നല്ല കവിതയുടെ തിളക്കം കണ്ടു് ഒന്നോ രണ്ടോ ആഴ്ചയ്ക്കു മുൻപുണ്ടായ ചീത്തക്കവിതയുടെ അനാകർഷത്വം നമ്മൾ വിസ്മരിക്കുന്നു. ‘കളിക്കോപ്പുകൾ’ എന്ന നല്ല കാവ്യം മാതൃഭൂമി ആഴ്ചപ്പതിപ്പിൽ വായിച്ച ഞാൻ അദ്ദേഹത്തിന്റെ മറ്റു പല കാവ്യങ്ങളെയും മറന്നുപോയിരിക്കുന്നു. ഇപ്പോൾ എന്റെ മുൻപിലുള്ള ശോഭയിൽ മാത്രമാണു് കണ്ണു് പതിഞ്ഞിരിക്കുന്നതു്.

ഒരു കൈലേസ് താഴെയിട്ടു് ഒരു മഹാൻ ട്രാജഡിയുണ്ടാക്കി. ഒരു മോതിരം നഷ്ടപ്പെടുത്തി വേറൊരു മഹാൻ ലൗകിക പ്രേമത്തെ ആധ്യാത്മിക പ്രേമമാക്കി മാറ്റി. നമ്മുടെ പ്രതിഭാദരിദ്രന്മാർ നിരന്തരം കഥാപാത്രങ്ങളെ കൊന്നു കലാകൊലപാതകം നടത്തുന്നു.

ആകാരവൈപുല്യമുള്ള വസ്തുക്കളും വ്യക്തികളും നമ്മെ ആകർഷിച്ചെന്നുവരില്ല. മാത്രമല്ല, ചിലപ്പോൾ അവയെ വെറുപ്പോടെ നോക്കിയെന്നും വരും. തിരുവനന്തപുരത്തെ മ്യൂസിയത്തിനു് എതിർവശത്തു ‘നെടുനെടാ’ നിർമ്മിച്ചുവച്ചിരിക്കുന്ന പബ്ലിക് ഓഫീസ് കെട്ടിടം കാഴ്ചയ്ക്കു ജുഗുപ്സാവഹമാണു്. എന്നാൽ അതിന്റെ ഒരു ചെറിയ രൂപം സോപ്പ് കൊണ്ടോ മാർബിൾ കൊണ്ടോ ഉണ്ടാക്കി പ്രദർശനത്തിനു വച്ചാൽ നമ്മൾ അതു നോക്കിക്കൊണ്ടു വളരെ നേരം നില്ക്കും. സാക്ഷാൽ തീവണ്ടി ഓടുന്നതു കണ്ടാൽ നമുക്കു പേടി. ചുറ്റുകമ്പി മുറുക്കി വച്ചു് കമ്പിപാളത്തിലൂടെ ഓടിക്കുന്ന കളിപ്പാട്ടമായ തീവണ്ടി കൗതുകപ്രദമാണു് പലർക്കും.

images/PBhaskaran.jpg
പി. ഭാസ്കരൻ

ഭാസ്കരന്റെ ‘കളിക്കോപ്പുകൾ’ എന്ന കാവ്യത്തിൽ ഇതിൽനിന്നു് അല്പം വിഭിന്നമായ മാനസിക നിലയാണു് പ്രതിപാദിച്ചിരിക്കുന്നതു്. ഭീമാകാരമാർന്നവയുടെ ഹ്രസ്വാകാരങ്ങളല്ല. ഈ കാവ്യത്തിലെ കളിക്കോപ്പുകൾ. അവ പേരക്കുട്ടികളുടെ കളിപ്പാട്ടങ്ങളാണു്. അവർ അമേരിക്കയിൽ താമസിക്കുന്ന അച്ഛനമ്മമാരോടൊരുമിച്ചു പൊയ്ക്കഴിഞ്ഞു.

ഈ വയസ്സനും പത്നിയും വീടിനു

കാവൽനായായ് മേവുന്ന മൃത്യുവും

എന്നാണു് മുത്തച്ഛൻ പറയുന്നതു്. അയാൾ കുഞ്ഞുങ്ങളുടെ കളിപ്പാട്ടങ്ങൾ കണ്ടു് വികാരപാരവശ്യത്തിൽ വീഴുന്നു. കാമുകി നല്കിയ റോസാപ്പൂ പുസ്തകത്തിലെ താളുകൾക്കിടയിൽവച്ച കാമുകൻ വാർദ്ധക്യത്തിലെത്തിയതിനു ശേഷം അവയെ കാണാനിട വന്നാൽ? ആ ഉണങ്ങിയ ഇതളുകൾ അയാളെ ഉത്കടവികാരത്തിലേക്കു കൊണ്ടു ചെല്ലും. ഇതിനെയാണു ഭാവനാപരമായ സാക്ഷാത്കാരം എന്നു വിളിക്കുന്നതു്. അപ്രത്യക്ഷമായ കുഞ്ഞുങ്ങളോടുള്ള സ്നേഹത്തെ കളിപ്പാട്ടങ്ങളിലൂടെ സാക്ഷാത്കരിക്കുന്ന ഈ കാവ്യത്തിനു ഹൃദയസ്പർശകത്വമുണ്ടു്.

ഞാൻ തീവണ്ടിയിൽ വടക്കോട്ടു പോവുകയായിരുന്നു. എറണാകുളം നോർത്ത് സ്റ്റെയ്ഷൻ കഴിഞ്ഞു. ഇടപ്പള്ളിയായി. തീവണ്ടിച്ചക്രങ്ങളുടെ ‘കടകട’ ശബ്ദംപോലെ ഭൂതകാലത്തിന്റെ ശബ്ദം ഞാൻ കേട്ടു. ആ അസഹനീയ ശബ്ദത്തിലൂടെ ഒരു മധുര ശബ്ദം. ഓർമ്മിച്ചു നോക്കി “അഴകിന്റെ തൂവെള്ളിക്കിണ്ണമെല്ലാം അഴലു നിറഞ്ഞവയായിരുന്നു” ദുഃഖസാന്ദ്രമാണു് ഈ വരികളെങ്കിലും എന്തൊരു മനോഹാരിത. മഹാകവിക്കല്ലാതെ ഇതെഴുതാൻ കഴിയുമോ? എഴുതിയ ആൾ മഹാകവിയല്ലെങ്കിലും ഞാൻ ആ ചോദ്യം ചോദിച്ചു. ഇടപ്പള്ളി രാഘവൻപിള്ള എന്ന ഹതഭാഗ്യൻ എനിക്കു് ഉത്തരം തരാൻ ഇല്ല.

images/ErichFromm1974.jpg
എറിക് ഫ്രെമ്മ്

ഒരുണങ്ങിയ റെയിൽവേ സ്റ്റെയ്ഷനാണു് ഇടപ്പള്ളി എന്ന സ്ഥലത്തിനു അധികാരികൾ നല്കിയതു്. ചുറ്റുപാടുകളും ശുഷ്കങ്ങൾ തന്നെ. ആ പ്രദേശത്തിനടുത്താണല്ലോ ഒരു വാടാത്ത പനിനീർപ്പൂ വിരിഞ്ഞതു്. മണൽക്കാട്ടിലും റോസാപ്പൂ വിരിയുമെന്നു ഞാൻ ഗ്രഹിച്ചു. മലയാള സാഹിത്യാരാമത്തിന്റെ രോമാഞ്ചമായ പനിനീർപ്പൂ. നമ്മളിന്നു് അതെടുത്തു കൈയിൽ വച്ചു് ‘ആരുവാങ്ങുമിന്നാരുവാങ്ങുമീയാരാമത്തിന്റെ രോമാഞ്ചം?’ എന്നു ചോദിക്കുന്നു. ആരും വാങ്ങുന്നില്ല. പക്ഷേ, അതു വാങ്ങാൻ ഒരാട്ടിടയ കുമാരൻ വരും ഒരുകാലത്തു്. തീവണ്ടി ആലുവയിലേക്കു കുതിക്കുകയാണു്. കടകട ശബ്ദം മാത്രം. നവീന കവിതയുടെ ആ ശബ്ദം വർത്തമാനകാലത്തിന്റെ ശബ്ദമായി ഞാൻ കേട്ടു.

മന്ത്രിമാർ ഞെട്ടുന്നു; ഞാനും

പ്രഭാതത്തിൽ നേർത്ത ചന്ദ്രക്കലയെ ആകാശത്തു കാണുമ്പോൾ നിങ്ങൾക്കു് എന്തു തോന്നും?” “ചന്ദ്രക്കല ഏതാനും നിമിഷംകൊണ്ടു മാഞ്ഞുപോകുന്നതുപോലെ നമ്മുടെ അഹങ്കാരികളായ ചില കവികളും മാഞ്ഞുപോകുമല്ലോ എന്നു തോന്നും.

ആരു മരിച്ചാലും മന്ത്രിമാർ ഞെട്ടും. തൊണ്ണൂറു വയസ്സുകഴിഞ്ഞ ആരോ ഒരാൾ മരിച്ചപ്പോൾ കേന്ദ്ര സർക്കാരിലെ ഒരാൾക്കു ഡീപ്പ് ഷോക്ക് ഉണ്ടായതായി ഞാനറിഞ്ഞു. മന്ത്രിമാർക്കു ഷോക്ക് ഉണ്ടാകുന്ന പോലെയല്ല, യഥാർത്ഥത്തിലുള്ള ഷോക്ക് തന്നെ എനിക്കുണ്ടായി ശ്രീ. ശ്രീവരാഹം ബാലകൃഷ്ണന്റെ ‘രാത്രിയായിക്കോട്ടെ രാജപ്പാ’ എന്ന ചെറുകഥ മാതൃഭൂമി ആഴ്ചപ്പതിപ്പിൽ വായിച്ചപ്പോൾ. ഇംഗ്ലീഷ് സാഹിത്യത്തിൽ അവഗാഹമുള്ള ഒരാൾ—വെറും ഒരാളാണോ? അല്ല ഇംഗ്ലീഷ് പ്രഫെസർ ആയിരുന്ന ഒരാൾ— മോപസാങ്, ചെക്കോവ്, റ്റോമസ് മൻ ഇവരുടെയെല്ലാം കഥകൾ വായിച്ചു് ചെറുകഥ എന്തെന്നു മനസ്സിലാക്കിയ ഒരാൾ ഇതുപോലെ ഒരു പറട്ടക്കഥ എഴുതിയല്ലോ എന്നു വിചാരിച്ചപ്പോഴാണു് എനിക്കു ഷോക്ക് ഉണ്ടായതു്. രണ്ടു തെണ്ടികൾ. ഒരു തെണ്ടി എവിടെയോ പോയി ജോലി നേടി ജീവിക്കുന്നു. അപ്പോൾ മറ്റേത്തെണ്ടി കാലുതല്ലിച്ചതച്ചു് അതു് ബഹുജനത്തെ കാണിച്ചു് പണം നേടുന്നു. ജോലി കിട്ടിയ തെണ്ടി അതു നഷ്ടപ്പെടുത്തി. പിന്നീടു് സ്വന്തം കാലു കരുതിക്കൂട്ടി മുറിച്ചുകളഞ്ഞിട്ടു് ആദ്യത്തെ തെണ്ടി തെണ്ടുന്ന സ്ഥലത്തുവന്നു് ഇരിക്കുന്നു. അതോടെ അയാൾ പൂർവ സുഹൃത്തിന്റെ ശത്രുവായി മാറുന്നു. കാലു മുറിച്ചവനെ കൊല്ലാൻ മറ്റവൻ തീരുമാനിക്കുമ്പോൾ കഥ അവസാനിക്കുന്നു. റിവോൾട്ടിങ് എന്നല്ലാതെ എന്തു പറയാൻ? എന്റെ വീട്ടിന്റെ മുൻവശത്തു വയലുകളാണു്. മഴ പെയ്തു് അവയാകെ കായൽപോലെയാകുമ്പോൾ ചൂണ്ടയിട്ടു മത്സ്യം പിടിക്കാൻ ആളുകളെത്തും. പെട്ടെന്നു വെട്ടി വലിക്കുമ്പോൾ ചൂണ്ടയിൽ കുരുങ്ങിയതു് നീർക്കോലിയാണെന്നു കാണും. ശ്രീവരാഹം ബാലകൃഷ്ണന്റെ സാഹിത്യച്ചൂണ്ടയിൽ കുരുങ്ങിയ ഈ നീർക്കോലി എന്നിൽ വെറുപ്പു് എന്ന വികാരം ഉളവാക്കുന്നു. ഒരു വാക്കുകൂടി, ശ്രീവരാഹം ബാലകൃഷ്ണൻ എന്റെ അഭ്യുദയത്തിൽ താല്പര്യമുള്ളയാളാണു്. എന്റെ അഭിവന്ദ്യ സുഹൃത്തുമാണു്. പക്ഷേ, സൗഹൃദം സത്യത്തിന്റെ കണ്ണു മൂടരുതല്ലോ.

ഒരു കൈലേസ് താഴെയിട്ടു് ഒരു മഹാൻ ട്രാജഡിയുണ്ടാക്കി. ഒരു മോതിരം നഷ്ടപ്പെടുത്തി വേറൊരു മഹാൻ ലൗകിക പ്രേമത്തെ ആധ്യാത്മിക പ്രേമമാക്കി മാറ്റി. നമ്മുടെ പ്രതിഭാദരിദ്രന്മാർ നിരന്തരം കഥാപാത്രങ്ങളെ കൊന്നു കലാകൊലപാതകം നടത്തുന്നു.

ചോദ്യം, ഉത്തരം

ചോദ്യം: കെ. പി. ശങ്കരന്റെ നിരൂപണങ്ങൾ ഒന്നാന്തരമല്ലേ. നിങ്ങളുടെ ഇരുപത്തിമൂന്നുകൊല്ലത്തെ ഈ വൈകൃതത്തെ അദ്ദേഹത്തിന്റെ ഒറ്റ ലേഖനവുമായി തട്ടിച്ചുനോക്കാനുള്ള ധൈര്യമുണ്ടോ നിങ്ങൾക്കു്?

ഉത്തരം: ധൈര്യമില്ല എനിക്കു്. ശ്രീ. കെ. പി. ശങ്കരന്റെ രണ്ടുമൂന്നു ലേഖനങ്ങളെ ഞാൻ വായിച്ചിട്ടുള്ളു. എല്ലാം ഒരുപോലെയിരിക്കും. ഭേദമേയില്ല. അദ്ദേഹം ഗ്രന്ഥകാരന്റെ പേരും ഗ്രന്ഥത്തിന്റെ പേരും ‘ബ്ലാങ്ക് ആയി ഇട്ടു് (blank) നൂറോളം പ്രതികൾ അച്ചടിച്ചു വച്ചാൽ മതി. പുസ്തകങ്ങൾ പത്രാധിപന്മാർക്കു് അയച്ചുകൊടുക്കുമ്പോൾ ബ്ലാങ്ക് സ്പെയ്സിൽ രണ്ടുപേരുകളും എഴുതി അവർക്കു അയച്ചു കൊടുക്കട്ടെ. സമയം ലാഭം, കടലാസ്സു ലാഭം, മഷി ലാഭം. ആ നൂറു കോപ്പികൾ തീരുമ്പോൾ നൂറെണ്ണം കൂടി അച്ചടിക്കാം.

ചോദ്യം: പ്രഭാതത്തിൽ നേർത്ത ചന്ദ്രക്കലയെ ആകാശത്തു കാണുമ്പോൾ നിങ്ങൾക്കു് എന്തു തോന്നും?

ഉത്തരം: ചന്ദ്രക്കല ഏതാനും നിമിഷംകൊണ്ടു മാഞ്ഞുപോകുന്നതുപോലെ നമ്മുടെ അഹങ്കാരികളായ ചില കവികളും മാഞ്ഞുപോകുമല്ലോ എന്നു തോന്നും.

ചോദ്യം: വരൻ, വധു ഇവയ്ക്കു പകരമായി രണ്ടു വാക്കുകൾ പറഞ്ഞു തരൂ. ഇവ കേട്ടു കേട്ടു മടുത്തു. നിങ്ങളുടെ കാമുകൻ, കാമുകി ഈ വാക്കുകൾ കേട്ടു് എനിക്കു മടുപ്പു് ഉണ്ടായതു പോലെ.

ഉത്തരം: രണ്ടു പേർക്കും ചേരുന്ന ഒരു ഇംഗ്ലീഷ് വാക്കു പറയാം. Victim. ബലിക്കു കൊണ്ടു വയ്ക്കുന്ന ജീവി എന്നു് അതിനർത്ഥം.

ചോദ്യം: നിങ്ങളാരു്?

ഉത്തരം: ജീവിതം കണ്ടു വിഷാദത്തിൽ വീണ കോടാനുകോടി ഭാരതീയരിൽ ഒരുത്തൻ. കഴിയുന്നതും വേഗം ഈ ഇന്ത്യയിൽനിന്നു പരലോകത്തേക്കു പോകണമെന്നല്ലാതെ എനിക്കു മറ്റൊരാഗ്രഹമില്ല.

ചോദ്യം: ഏറ്റവും വിശുദ്ധമായ വികാരം സ്വദേശ സ്നേഹമല്ലേ?

ഉത്തരം: അല്ല. ദേഷ്യമാണു് വിശുദ്ധിയുള്ള വികാരം. അതു തികഞ്ഞ ആർജ്ജവത്തിൽ നിന്നാണു് ഉണ്ടാകുന്നതു്.

ചോദ്യം: സിനിമയിൽ ഹാസ്യമഭിനയിക്കുന്ന തടിച്ചികളെ, പ്രായംകൂടിയവരെ കാണുമ്പോൾ എന്തു തോന്നും?

ഉത്തരം: അവരും ചെറുപ്പകാലത്തു സുന്ദരികളായിരുന്നല്ലോ, അവരുടെ പിറകെയും യുവാക്കന്മാർ നടന്നിരുന്നല്ലോ എന്നു തോന്നും.

ചോദ്യം: സുന്ദരനായ മണ്ടനായിരിക്കാനാണോ ഇഷ്ടം അതോ വിരൂപനായ ബുദ്ധിമാൻ ആയിരിക്കാനോ?

ഉത്തരം: യുവത്വമുള്ള കാലത്തു സൗന്ദര്യമുള്ള ബുദ്ധിശൂന്യനാകാനും വാർദ്ധക്യകാലത്തു് വൈരൂപ്യമുള്ള ധിഷണാശാലിയാവാനും.

ചോദ്യം: കണിയാനേ.

ഉത്തരം: ഓ. മകൻ വിളിച്ചാൽ അച്ഛൻ വിളി കേൾക്കാതിരിക്കുന്നതെങ്ങനെ.

ചോദ്യം: ഒരുളയ്ക്കുപ്പേരി എന്ന രീതിയിൽ ചിലർ മറുപടി നല്കുന്നതു് എങ്ങനെ?

ഉത്തരം: നേരമ്പോക്കു പറയാനും റിപ്പോർട്ടി (repartee = ചുട്ട മറുപടി) നടത്താനുമുള്ള കഴിവു് പ്രകൃതി നല്കുന്നതാണു്. ആ അനുഗ്രഹമില്ലാത്തവൻ അക്കാര്യങ്ങൾക്കു തുനിഞ്ഞാൽ അവർ അന്യരുടെ ദൃഷ്ടിയിൽ കോമാളികളായി മാറും.

ചോദ്യം: എന്റെ വീട്ടിലെ സ്ഫടിക ഭാജനത്തിൽ വെള്ളത്തിലിട്ട രണ്ടു കൊച്ചു സ്വർണ്ണമത്സ്യങ്ങൾ കൂടെക്കൂടെ അവയുടെ ചുണ്ടുകൾ മുട്ടിക്കുന്നു. എന്തിനാണതു്, രഹസ്യം പറയുകയാണോ.

ഉത്തരം: അല്ല. ജീവികൾക്കു മനുഷ്യരെ അനുകരിക്കാനുള്ള പ്രവണതയുണ്ടു്. നിങ്ങളും ഭാര്യയും ആ മുറിയിൽ ഒരുമിച്ചു നില്ക്കാതിരുന്നാൽ മതി.

ഉദ്ബോധനം ഹാസ്യത്തിലൂടെ

ജർമ്മനിയിൽ ജനിച്ച യു. എസ്. സൈക്കോ അനലിസ്റ്റ് എറിക് ഫ്രെമ്മി ന്റെ പുസ്തകങ്ങൾ ഞാനൊരുതരം ആവേശത്തോടെയാണു വായിക്കാറു്. അദ്ദേഹം ആളുകളെ നാലായി തരംതിരിച്ചിട്ടുണ്ടു്.

  1. സ്വീകാരപ്രവണതയുള്ളവൻ—മറ്റുള്ളവർ സ്നേഹപൂർവം നല്കുന്ന എന്തും ഇയാൾ അംഗീകരിക്കും. സ്നേഹംപോലും സ്വീകരിക്കും.
  2. ചൂഷണപ്രവണതയുള്ളവൻ—മറ്റുള്ളവരുടെ പ്രയത്നഫലങ്ങളെ സൂത്രംകൊണ്ടും വക്രബുദ്ധികൊണ്ടും പിടിച്ചെടുക്കുന്നവനാണു് ഇയാൾ.
  3. അതി സഞ്ചയകാരിയായവൻ—അന്യർ കൊടുക്കുന്നതെന്തും സ്വീകരിച്ചു് ഭാവിയിൽ അതു പ്രയോജനപ്പെടുത്തുന്നവനാണു് ഇയാൾ.
  4. വിക്രേയ മനുഷ്യൻ—ഇയാൾ തന്നെത്തന്നെ വില്ക്കുന്നു. വേഷംകൊണ്ടും നാട്യംകൊണ്ടും അന്യരെ പറ്റിച്ചു് തന്നെ വില്ക്കുന്നവനാണു് ഇയാൾ.

ഇവരെ യഥാക്രമം Receptive person, Explotitative person, Hoarding person, Marketing person എന്നു ഫ്രെം വിളിക്കുന്നു. വളർച്ചമുരടിച്ചവരാണു് ഈ നാലുകൂട്ടരും. നമ്മുടെ ചെറുപ്പക്കാർ (കുട്ടികളും) ചൂഷണ പ്രവണതയുള്ളവരാണു്. മറ്റുള്ളവരെ, വിശേഷിച്ചും അച്ഛനമ്മമാരെ ചൂഷണം ചെയ്തു സ്വാർത്ഥ താല്പര്യങ്ങൾ പരിരക്ഷിക്കാൻ ഇവർക്കു സാമർത്ഥ്യം കൂടുതലാണു്. വീട്ടിൽ കഞ്ഞി കുടിക്കാൻ വക കാണില്ല. എങ്കിലും വിലകൂടിയ വസ്ത്രങ്ങൾ അച്ഛനെക്കൊണ്ടു വാങ്ങിപ്പിക്കും. പുതിയ സ്ക്കൂട്ടർ വാങ്ങിപ്പിക്കും. അതിൽ കയറി പട്ടണമാകെ കറങ്ങും. ഇമ്മട്ടിൽ ചൂഷണവിദഗ്ധനായ ഒരു കുട്ടിയെ ശ്രീ. വി. പി. മനോഹരൻ ‘ബാധ’ എന്ന ചെറുകഥയിലൂടെ വിദഗ്ദ്ധമായി അവതരിപ്പിക്കുന്നു. ചൂഷണം ധനത്തെസ്സംബന്ധിച്ചതല്ല. കരാറ്റി (karate— കരാട്ടേയാണു് ശരിയെന്നു് ഒരു വായനക്കാരൻ എഴുതി അയച്ചു മുൻപു്. Daniel Jones-ന്റെ English Pronouncing Dictionary തൊട്ടുള്ള അനേകം നിഘണ്ടുക്കളിൽ കരാറ്റി എന്നാണു് ഉച്ചാരണം കാണിച്ചിരിക്കുന്നതു്) പഠിക്കണം അവനു്. വിദ്യാഭ്യാസത്തെ അതു തടസ്സപ്പെടുത്തുമെന്നതുകൊണ്ടു് അച്ഛൻ അതിനു സമ്മതിക്കുന്നില്ല. മകൻ നിരാഹാര സത്യാഗ്രഹം തുടങ്ങി. മൂന്നുദിവസം കഴിഞ്ഞപ്പോൾ മകന്റെ ആരോഗ്യാവസ്ഥയിൽ ആശങ്കാകുലനായ അച്ഛൻ മകനു് കീഴടങ്ങി. അവൻ കരാറ്റി പഠിച്ചു. എല്ലാവരെയും ആക്രമിച്ചു. അമ്മയുടെ മുഖത്തുപോലും ഇടികൊടുത്തു് രക്തം ചാടിച്ചു. ഒടുവിൽ ജ്യോത്സ്യന്റെ നിർദ്ദേശമനുസരിച്ചു് ആ ബാധ ഒഴിപ്പിക്കാൻ അച്ഛനമ്മമാർ തീരുമാനിച്ചു. എല്ലാ നേരമ്പോക്കുകളും സ്ഥൂലീകരണങ്ങളാണു്. ആ സ്ഥൂലീകരണവും അത്യുക്തിയും ഇക്കഥയിലെ ഹാസ്യത്തിലുമുണ്ടു് എങ്കിലും ഹൃദ്യമാണു് ഇക്കഥ. ഒരു ബാലന്റെ മാനസിക ഭ്രംശത്തിലൂടെ കഥാകാരൻ അക്രമാസക്തമായ ജനതയുടെ കഥ പറയുന്നു എന്നതും സവിശേഷത തന്നെ ഇക്കഥയുടെ.

സാഹിത്യകാരന്മാർ
കുമാരനാശാൻ:
സമ്പൂർണ്ണ മനുഷ്യത്വത്തിന്റെ സ്തോതാവു്.
വള്ളത്തോൾ:
ശബ്ദപ്രയോഗത്തിലൂടെ മാന്ത്രികത്വം സൃഷ്ടിച്ച പ്രതിഭാശാലി.
ഒടുവിൽ കുഞ്ഞുകൃഷ്ണമേനോൻ:
ജീവിച്ചിരുന്ന കാലത്തും ഇക്കാലത്തും സാഹിത്യകാരന്മാരുടെ നിരയിൽ ഒടുവിൽ നിന്ന ആൾ. ഇപ്പോഴും നില്ക്കുന്ന ആൾ.
മുട്ടത്തുവർക്കി:
അർദ്ധവിദ്യാഭ്യാസം ലഭിച്ചവരെ രസിപ്പിച്ച എഴുത്തുകാരൻ. ലബ്ധപ്രതിഷ്ഠരായ സാഹിത്യകാരന്മാർ തങ്ങൾക്കു് അദ്ദേഹത്തെ പ്രശംസിച്ചാൽ ഒന്നും നഷ്ടപ്പെടാനില്ലെന്നുകണ്ടു് പ്രശംസ വാരിക്കോരിച്ചൊരിഞ്ഞു; അതു അദ്ദേഹം ജീവിച്ചിരുന്നപ്പോഴല്ല, ശവകുടീരത്തിനു മുകളിൽക്കൂടിയായിരുന്നു സ്തുതിവർഷാപാതം.
കോവിലൻ:
മനുഷ്യനു മനസ്സിലാകാത്ത കഥകളും നോവലുകളും ഉപന്യാസങ്ങളുമെഴുത്തുന്ന ആൾ.
ജി. ശങ്കരക്കുറുപ്പു്:
മാനവികതയെ ജഗതു് സംബന്ധീയമായ ദർശനത്തോടു കൂട്ടിച്ചേർത്ത കവി.
പുളിമാന പരമേശ്വരൻപിള്ള:
ചങ്ങാതിമാരാൽ മാത്രം വാഴ്ത്തപ്പെടുന്ന കഥാകാരൻ, നാടകകർത്താവു്, കവി. രണ്ടാന്തരം ഫെയ്ക്കല്ല, ഒന്നാന്തരം ഫെയ്ക്ക്.
വടക്കുംകൂർ രാജരാജവർമ്മ:
മൂല്യനിർണ്ണയത്തിനു ഒരു കഴിവുമില്ലാതെ സംസ്കൃത ഗ്രന്ഥങ്ങളെപ്പോലും ബഹിർഭാഗസ്ഥമായി ദർശിച്ച ഒരെഴുത്തുകാരൻ.
സ്പർശം, പ്രയാണം

സാധാരണമായ കഥയെ അസാധാരണമാക്കി പ്രദർശിപ്പിക്കുന്നവനാണു് കലാകാരൻ… സാഹിത്യകൃതി നമ്മൾ കൈയിലെടുക്കുമ്പോൾ ഈ സത്യം നമ്മൾ ഓർമ്മിക്കണം. എങ്കിലേ ശരിയായ മൂല്യനിർണ്ണയത്തിനു കഴിയൂ.

സ്പർശത്തിന്റെ വിപരീത സ്വഭാവം അകന്നുപോകലാണെന്നു് ഏതോ ചിന്തകൻ എഴുതിയിട്ടുണ്ടു്. സ്നേഹഭാജനത്തെ എത്ര സ്പർശിച്ചാലും മതിയാവുകയില്ല സ്നേഹിക്കുന്ന ആളിനു്. എന്നാൽ അവർക്കു തമ്മിൽ ലേശം വിരോധമുണ്ടാകട്ടെ. അവർ മാറിനില്ക്കും. പിന്നെപ്പിന്നെ അകലും. അതിദൂരമകലും. വീണ്ടും വിചാരിച്ചിരിക്കാത്ത സന്ദർഭത്തിൽ കാണാനിട വന്നാലും അടുത്തു ചെല്ലാൻ ഇഷ്ടം കാണില്ല. വൈഷയികത്വത്തെ സ്പർശിച്ചുകൊണ്ടിരുന്നവൻ അല്ലെങ്കിൽ സ്പർശിച്ചുകൊണ്ടിരുന്നവൾ വിരക്തിയിലേക്കു വീണാൽ അതിന്റെ താഴ്‌വരയിൽനിന്നു് ആധ്യാത്മികത്വത്തിന്റെ അധിത്യകയിലേക്കു കയറിപ്പോകും. പഴയ സ്പർശത്തിന്റെ ഓർമ്മയുളവാകുമാറു് ഒരു വ്യക്തിയെ കണ്ടിട്ടും ആധ്യാത്മികതയിലേക്കുള്ള പ്രയാണം അവസാനിപ്പിക്കാതെ നക്ഷത്രപഥത്തിലേക്കു് ഉയർന്നുപോകുന്ന ഒരു സ്ത്രീയെ ശ്രീ. എം. ജി. രാധാകൃഷ്ണൻ ‘കേദാര’മെന്ന കഥയിൽ ആലേഖനം ചെയ്തിരിക്കുന്നു. ഒരവ്യക്തത കഥയുടെ മദ്ധ്യത്തിലുണ്ടെങ്കിലും കഥാകാരന്റെ ഭാഷവിഷയപ്രതിപാദനത്തിനു് അനുരൂപമായിരിക്കുന്നു.

സുന്ദരനായ മണ്ടനായിരിക്കാനാണോ ഇഷ്ടം അതോ വിരൂപനായ ബുദ്ധിമാൻ ആയിരിക്കാനോ? “യുവത്വമുള്ള കാലത്തു സൗന്ദര്യമുള്ള ബുദ്ധിശൂന്യനാകാനും വാർദ്ധക്യകാലത്തു് വൈരൂപ്യമുള്ള ധിഷണാശാലിയാവാനും.

ഞാൻ ബാലനായിരുന്നപ്പോഴാണു് ‘വേലുത്തമ്പി ദളവ’ എന്ന നാടകം കണ്ടതു്. തമ്പി ആത്മഹത്യ ചെയ്തു. ശരീരം താഴെ വീണപ്പോൾ അദ്ദേഹത്തിന്റെ അനുജൻ തലവെട്ടിയെടുത്തുകൊണ്ടു് ഓടി. ബാല്യകാലത്തെ ഹൃദയചാഞ്ചല്യം കൊണ്ടാവാം ഞാൻ കരഞ്ഞു. ചേട്ടന്റെ കഴുത്തു അനുജൻ സ്പർശിക്കുന്നു. പിന്നെ തലമുറിച്ചെടുക്കൽ. അതിനുശേഷം ഓട്ടം. സ്പർശവും പ്രയാണവും. അതിന്റെ ഫലമായി കണ്ണുനീർ ദ്രഷ്ടാവിനു്. ആ കണ്ണുനീരോ ചഞ്ചലാവസ്ഥയോ രാധാകൃഷ്ണന്റെ കഥ ജനിപ്പിക്കാഞ്ഞതു്—വേറൊരു വിധത്തിൽ പറഞ്ഞാൽ അനുഭൂതിയുളവാക്കാഞ്ഞതു്—എന്തുകൊണ്ടാവാം? മാന്യവായനക്കാർ ആലോചിക്കട്ടെ എന്നു പറഞ്ഞു് ഞാൻ മാറിനില്ക്കുന്നു (കഥ കലാകൗമുദിയിൽ).

മാർജ്ജാരാവലോകനം

ഡെസ്മണ്ട് മോറിസി ന്റെ ‘Cat watching’ എന്ന പുസ്തകത്തിന്റെ വിപുലീകരിച്ച നൂതന പ്രസാധനം കൗതുകപ്രദങ്ങളായ പല കാര്യങ്ങളും ഉൾക്കൊള്ളുന്നു. 1992-ൽ പ്രസാധനം ചെയ്ത ഈ ഗ്രന്ഥത്തിന്റെ വില രണ്ടു പവനാണു് (ഏതാണ്ടു നൂറുരൂപ, Arrow Publication).

images/catwatching.jpg

It is raining cats and dogs എന്നൊരു പ്രയോഗമുണ്ടല്ലോ. ഇതു് എങ്ങനെ വന്നു? ശതാബ്ദങ്ങൾക്കു മുൻപു് നഗരങ്ങളിലെ റോഡുകൾക്കു വീതി കുറവായിരുന്നു. ശരിയായ ഡ്രെയിനിജും അന്നില്ലായിരുന്നു. കാറ്റോടുകൂടി വലിയ മഴ പെയ്യുമ്പോൾ പൂച്ചകളും പട്ടികളും അതിൽപ്പെട്ടു മരിക്കും. മഴ തീർന്നതിനുശേഷം ആ മൃഗങ്ങളുടെ ഉടമസ്ഥർ റോഡിലേക്കു നോക്കുമ്പോൾ അവയുടെ നിശ്ചേതന ശരീരങ്ങൾ കാണുകയായി. അപ്പോൾ അന്തരീക്ഷത്തിൽ നിന്നു് അവ വീണതായി സങ്കല്പിക്കുമായിരുന്നു. അങ്ങനെയാണു് raining cats and dogs എന്ന ചൊല്ലുണ്ടായതു്. സ്വിഫ്റ്റ് 1710-ൽ എഴുതിയതു് ഈ സങ്കല്പത്തിനു് ബലം നല്കുന്നുണ്ടു്. “Now from all parts the swelling kennels flow, and bear their trophies with them as they go… drowned puppies, stinking sprats, all drenched in mud, dead cats, and turnip-tops, come tumbling down the flood.”

വെള്ളച്ചാട്ടം എന്നതിനു് ഗ്രീക്ക് ഭാഷയിൽ catadupa എന്നാണു് പറയുക. വെള്ളച്ചാട്ടംപോലെ മഴ പെട്ടുമ്പോൾ raining catadupa എന്നു ആളുകൾ പറയും. ഈ catadupa കാലം കഴിഞ്ഞപ്പോൾ raining cats and dogs എന്നായി എന്നും ഒരു പക്ഷമുണ്ടു് (പുറം 227).

വേശ്യകളെ പൂച്ചകളെന്നും വേശ്യാലയത്തെ പൂച്ചവീടെന്നും വിളിക്കുന്നതെന്തുകൊണ്ടു്? മോറിസിനു് ഇതിനും മറുപടിയുണ്ടു്. ചക്കിപ്പൂച്ചകൾ ‘ഹീറ്റി’ലാവുമ്പോൾ പല കണ്ടൻപൂച്ചകളോടും ചേരും. അതിരുകടന്ന ഈ വേഴ്ചയാണു് വേശ്യകൾക്കു പൂച്ച എന്ന പേരു നേടിക്കൊടുത്തതു്. (പുറം 222) ഇതുപോലെയുള്ള പല അറിവുകളും പ്രദാനം ചെയ്യുന്നു ഈ പുസ്തകം.

മോറിസിന്റെ പുസ്തകങ്ങൾക്കുള്ള ദോഷം അവയിലെ പല അഭിപ്രായങ്ങളും ദുരാനീതങ്ങളാണു് എന്നതത്രേ. ആ ദോഷങ്ങൾ ഇതിലുമുണ്ടു്. എങ്കിലും അതിനൊരു ‘വലിയ മാർജ്ജിൻ’ ഇട്ടുകൊണ്ടു് ഈ മാർജ്ജാരാവലോകനം നമുക്കു വായിക്കാം.

images/DesmondMorris1969.jpg
ഡെസ്മണ്ട് മോറിസ്

‘മംഗളം’ വാരികയിൽ ഞാൻ ആദ്യമായി നോക്കുന്നതു് ശ്രീ. കെ. എസ്. രഘുവിന്റെ ‘മത്തായിച്ചൻ’ എന്ന ഹാസ്യചിത്ര പരമ്പരയാണു്. ഒരിക്കലും ആ ചിത്രങ്ങൾ എന്നെ നിരാശപ്പെടുത്തിയിട്ടില്ല. ഹാസ്യത്തിന്റെ സ്ഫുരണം ഏതിലും കാണും. പൊലീസ് ഇൻസ്പെക്ടർ യൂനിഫോം ധരിച്ചു കുടുംബത്തോടുകൂടി കല്യാണത്തിൽ പങ്കെടുക്കാൻ പോകുന്നു. അതെന്തിനു് എന്നു മത്തായിയുടെ ചോദ്യം. സുരക്ഷിതത്വത്തെക്കരുതി എന്നു് ഇൻസ്പെക്ടറുടെ ഉത്തരം. ബുള്ളറ്റ് പ്രൂഫാണോ എന്നു ചോദ്യം. അതല്ല; താൻ യൂനിഫോം ധരിച്ചേ പൊതു ചടങ്ങുകൾക്കു പോകുകയുള്ളുവെന്നു് ഇൻസ്പെക്ടർ മറുപടി നല്കുന്നു. കാരണമുണ്ടു്. മഫ്റ്റിയിൽ പോകുന്നതു് അപകടമാണെന്നു് ഈയിടെ മാത്രമാണു് പൊലീസ് ഇൻസ്പെക്ടർ മനസ്സിലാക്കിയതു്. ഒരു രാഷ്ട്രീയ സംഭവത്തെ ഹാസ്യംപുരണ്ട കടക്കണ്ണിലൂടെ നോക്കി സ്വയം ചിരിക്കുകയും നമ്മെ ചിരിപ്പിക്കുകയും ചെയ്യുന്നു രഘു. ഹാസ്യചിത്രങ്ങളെ ധൈഷണികത്വത്തിന്റെ സന്തതികളാക്കുന്നവർക്കു് മംഗളത്തിലെ ഈ ചിത്രകാരൻ മാർഗ്ഗം ചൂണ്ടിക്കാണിക്കുന്നു.

images/Annakarenina.jpg

സാധാരണമായ കഥയെ അസാധാരണമാക്കി പ്രദർശിപ്പിക്കുന്നവനാണു് കലാകാരൻ. ഭർത്താവു് ഉണ്ടായിരിക്കെ അയാളെ നിരാകരിച്ചു വിരൂപനായ വേറൊരു പുരുഷനെ സ്ത്രീ പ്രാപിക്കുന്നതു ജീവിതത്തിൽ എപ്പോഴും കാണാവുന്ന കാഴ്ചയാണു്. പക്ഷേ, ടോൾസ്റ്റോയി അതിനു നല്കിയ അസാധാരണത്വമാണു് ‘അന്നാകരേനിന യെ’ അതാവിർഭവിച്ച കാലത്തെ മഹാദ്ഭുതമാക്കി മാറ്റിയതു്. സാഹിത്യകൃതി നമ്മൾ കൈയിലെടുക്കുമ്പോൾ ഈ സത്യം നമ്മൾ ഓർമ്മിക്കണം. എങ്കിലേ ശരിയായ മൂല്യ നിർണ്ണയത്തിനു കഴിയൂ.

Colophon

Title: Sāhityavāraphalam (ml: സാഹിത്യവാരഫലം).

Author(s): M Krishnan Nair.

First publication details: Kalakaumudi Weekly; Trivandrum, Kerala; 1993-03-07.

Deafult language: ml, Malayalam.

Keywords: M Krishnan Nair, Sahityavaraphalam, Weekly Lietrary Column, സാഹിത്യവാരഫലം, എം കൃഷ്ണൻ നായർ, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: October 7, 2022.

Credits: The text of the original item is copyrighted to J Vijayamma, author’s inheritor. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-NC-SA 4​.0). Any reuse of the material should credit the Sayahna Foundation, only noncommercial uses of the work are permitted and adoptations must be shared under the same terms.

Production history: Data entry: MS Aswathi; Proofing: Abdul Gafoor; Typesetter: JN Jamuna; Digitizer: KB Sujith; Encoding: JN Jamuna.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.