സാഹിത്യരചനയ്ക്കു് 1971-ൽ നോബൽ സമ്മാനം നേടിയ ചിലിയിലെ മഹാകവി പാവ്ലൊ നെറുദാ (Pablo Neruda, 1904–1973) എഴുതിയ “ഈസ്ല നീഗ്ര” (Isla Negra) എന്ന കാവ്യം അടുത്ത കാലത്തേ എനിക്കു വായിക്കാൻ കിട്ടിയുള്ളൂ. കാവ്യഗ്രന്ഥങ്ങൾ ഒറ്റയിരിപ്പിൽ വായിച്ചുതീർക്കുന്നതു ശരിയല്ലെങ്കിലും കവിതയുടെ മഹത്ത്വവും സൗന്ദര്യവും കണ്ടു് പര്യവസാനത്തിലെത്തുന്നതുവരെ ഞാനതു തഴെ വച്ചില്ല. ഗ്രന്ഥത്തിന്റെ അവസാനത്തോടു് അടുപ്പിച്ചു് The Long Day Called Thursday എന്ന കാവ്യം വായിച്ചപ്പോൾ അതിന്റെ ചിന്താഗൗരവവും കലാഭംഗിയും കണ്ടു് ഞാൻ അദ്ഭുതാധീനനായിപ്പോയി. എന്റെ അവിദഗ്ധമായ ഭാഷാന്തരീകരണത്തിലൂടെ നെറുദായുടെ ഉദാത്തമായ മനസ്സിനെ കാണാൻ കഴിയുമോ എന്നു നോക്കുക.
“ഞാൻ ഉണർന്നു കഴിഞ്ഞില്ല, അതിനുമുൻപു ദിവസമേതെന്നു ഗ്രഹിച്ചുകഴിഞ്ഞു. അതു് ഇന്നലെയാണു്. മറ്റൊരു പേരുള്ള ഇന്നലെ. നഷ്ടപ്പെട്ടവനെന്നു ഞാൻ വിചാരിച്ചിരുന്ന ഒരു സ്നേഹിതൻ എന്നെ വിസ്മയിപ്പിക്കാനായി തിരിച്ചെത്തിയപോലെ. ഞാൻ അതിനോടു പറഞ്ഞു: വ്യഴാഴ്ചേ എനിക്കുവേണ്ടി കാത്തുനില്ക്കൂ. ഞാൻ വസ്ത്രധാരണത്തിനു പോകുന്നു. നമുക്കൊരുമിച്ചു പുറത്തേക്കു പോകാം; …മുഖത്തു് സോപ്പ് തേച്ചുകൊണ്ടു ഞാൻ തങ്ങിനിന്നു. കവിളുകളിൽ പത പറ്റിയിരിക്കുന്നതു് എത്ര ആഹ്ലാദകരം! കടൽ, ഒഴുകുന്ന വെണ്മ എനിക്കു സമ്മാനിച്ചുവെന്നു് തോന്നൽ. എന്റെ മുഖം അസ്പഷ്ടമായ, ഒറ്റപ്പെട്ട ദ്വീപു്; സോപ്പാകുന്ന കടൽപ്പാറനിരകളാൽ അരുകുപാളിവയ്ക്കപ്പെട്ട ദ്വീപു്. ചൂടാർന്ന ബ്രഷും മൂർച്ച വരുത്തിയ ബ്ലെയ്ഡും—ചെറിയ തിരകളും അടികളും— ഇവയുടെ സംഘട്ടനത്തിൽപ്പെട്ടു് അശ്രദ്ധയാർന്ന എനിക്കു വല്ലാത്ത മുറിവുകളുണ്ടായി. എന്റെ ചോരത്തുള്ളികൾ കൊണ്ടുതന്നെ ഞാൻ തൂവാലകളിൽ പാടുവീഴ്ത്തി… ”
(തുടർന്നു് കുളിത്തൊട്ടി ജനനത്തിനുമുൻപുള്ള ചൂടുകൊണ്ടു് കവിയെ അതിൽക്കിടത്താൻ ഉത്സാഹിപ്പിക്കുന്നതും കവി അലസതയോടെ അതിൽ ചുരുണ്ടുകൂടി കിടക്കുന്നതിന്റെയും വർണ്ണനയാണു്. ആ ഗർഭാശയത്തിൽ ജനനം കാത്തു് കവി ചുരുണ്ടു കിടക്കുന്നു; വളരെ നേരം, അവിടെ നിന്നും പുറത്തേക്കു പോരാതെ. അതിനുശേഷം പുറത്തേക്കു വന്നു തൂവാലകൊണ്ടു ശരീരം തുടച്ചതിനുശേഷം വസ്ത്രധാരണം ചെയ്യുന്നു. രാത്രിയായി. കവി ഉറങ്ങി.)
“രാത്രികഴിഞ്ഞപ്പോൾ മുൻപുള്ള വ്യാഴാഴ്ച വീണ്ടും പ്രവേശിച്ചു് നിയമാനുസാരിയായി വെള്ളിയാഴ്ചയായി മാറി … ഞാൻ അല്പാല്പമായി മരിച്ചു. ഒടുവിൽ ഞാൻ മരിച്ചപ്പോൾ എല്ലാം മാറി. നല്ലപോലെ വസ്ത്രധാരണം ചെയ്തു്, ‘റ്റൈ’യിൽ ഒരു പവിഴത്തോടുകൂടി, അത്തവണ മനോഹരമായി ക്ഷൗരകർമ്മനുഷ്ഠിച്ചു് പുറത്തുപോകാൻ ഞാൻ കൊതിച്ചു. പക്ഷെ പാതയില്ലായിരുന്നു, ഇല്ലാത്ത പാതയിൽ ഒരാളുപോലും ഇല്ലായിരുന്നു. അതിന്റെ ഫലമായി ആരും എനിക്കുവേണ്ടി കാത്തുനില്ക്കുന്നില്ലായിരുന്നു. ദീർഘമായ സംവത്സരം മുഴുവനും വ്യാഴാഴ്ച മുന്നോട്ടു പൊയ്ക്കൊണ്ടിരിക്കും.”
ഭീകരന്മാരെ അമർച്ച ചെയ്യും, നിത്യോപയോഗ വസ്തുക്കളുടെ വില കുറയ്ക്കും, വർഗ്ഗീയത അനുവദിക്കില്ല എന്നൊക്കെ മന്ത്രിമാർ എത്ര വർഷങ്ങളായിട്ടാണു് പറയുന്നതു? വല്ല ഫലവുമുണ്ടോ? ഇന്നലെ ചെറുനാരങ്ങയുടെ വലിപ്പമുള്ള രണ്ടു ഓറഞ്ച് പതിനഞ്ചു രൂപ കൊടുത്താണു് ഞാൻ വാങ്ങിയതു്. രണ്ടു മാമ്പഴത്തിനു് ഇരുപതു രൂപ നല്കി. അപ്പോൾ വില കുറയ്ക്കും എന്ന മന്ത്രിയുടെ ഉദീരണത്തിനു് എന്തു വിലയിരിക്കുന്നു.
വ്യക്തിയുടെ നശ്വരത, കാലത്തിന്റെ അനശ്വരത ഇവയെ നിത്യജീവിതസംഭവങ്ങളിലൂടെ കൊണ്ടുവന്നു് അനുവാചകനെ ഒരുദാത്തമണ്ഡലത്തിൽ എത്തിക്കുന്നു ഈ കാവ്യം. വ്യാഴമെന്ന ദിവസം മരിക്കുമെന്നും കവി മരിക്കില്ലെന്നും ആദ്യത്തെ തോന്നൽ. പക്ഷേ, വ്യാഴം മറ്റൊരുപേരിൽ വെള്ളിയായി വരും. കവി പോകും എല്ലാക്കാലത്തേക്കുമായി. അപ്പോഴും കാലം വ്യാഴം, വെള്ളി ഈ പേരുകൾ മാറി മാറി സ്വീകരിച്ചു പ്രവഹിച്ചുകൊണ്ടിരിക്കും. നെറുദായുടെ അതിസുന്ദരമായ ആത്മകഥ 1974-ലാണു് പ്രസിദ്ധപ്പെടുത്തിയതു്. അതിനുമുൻപു്—സൂക്ഷ്മമായിപ്പറഞ്ഞാൽ അതിനു പത്തുവർഷംമുൻപു്—പദ്യരൂപത്തിൽ പ്രസിദ്ധപ്പെടുത്തിയ ആത്മകഥയാണു് “ഈസ്ല നീഗ്ര” ഗദ്യരൂപത്തിലുള്ള ആത്മകഥയിലെ അനുഭവ പരമ്പരകളല്ല ഈ കാവ്യഗ്രന്ഥത്തിൽ. കവി തന്റെ ശത്രുവായ ഒരു കവിയെക്കുറിച്ചു് ഇതിൽ പറഞ്ഞിട്ടുണ്ടു്. അയാൾക്കു് അഗ്നിയെപ്പോലെ കത്തിനിൽക്കാനും ലോഹങ്ങളെപ്പോലെ നിശബ്ദനായിരിക്കാനും അറിയാൻപാടില്ലെന്നു നെറുദാ പറയുന്നു. Senor K., a stuttering poet എന്നാണു് അദ്ദേഹം അയാളെ വിളിക്കുന്നതു്. അഗ്നിയെപ്പോലെ ആളിക്കത്തുന്ന കവിയെ ഈസ്ല നീഗ്രയിൽ കാണാം (First in Rupa Paperback, 1993, Rs 100, P. 416).
“വീട്ടുഭരണം സ്ത്രീയെ പൂർണ്ണമായും ഏല്പിക്കുന്നതല്ലെ നല്ലതു?” “അതേ. ഞാൻ നിങ്ങളോടു് യോജിക്കുന്നു പൂർണ്ണമായും. പക്ഷേ, അരക്കാനുള്ള വറ്റൽമുളകു് എണ്ണിക്കൊടുക്കുന്ന ഭർത്താക്കന്മാരുമുണ്ടു്.”
എന്റെ അമ്മ കാൻസർ പിടിപെട്ടാണു മരിച്ചതു്. ആദ്യത്തെ അഞ്ചുകൊല്ലം വലിയ വേദനയില്ലായിരുന്നു. പിന്നീടുള്ള അഞ്ചുകൊല്ലവും തീവ്രവേദനകൊണ്ടു് നിലവിളിക്കുമായിരുന്നു. യാതന ആരംഭിക്കുമ്പോൾ സാരിഡോൺ കഴിക്കും. പിന്നീടു നോവൽജീൻ. അവകൊണ്ടും വേദന കുറയുന്നില്ലെന്നു കണ്ടപ്പോൾ ഡോക്ടർ മൊർഫ്യയ കുത്തിവയ്ക്കുവാൻ തുടങ്ങി. ക്രമേണ അതിന്റെ അളവു കൂട്ടാവുന്നിടത്തോളം കൂട്ടിയിട്ടും വേദനയ്ക്കു കുറവുണ്ടായില്ല. ഒടുവിൽ എത്ര കുത്തിവച്ചാലും അവർ അയൽ വീട്ടിലെ ആളുകൾക്കുവരെ വൈഷമ്യം ജനിക്കുന്ന മട്ടിൽ നിലവിളിക്കുമായിരുന്നു. മരുന്നു മാത്രമല്ല ഏതും ആവർത്തനംകൊണ്ടു് പ്രയോജനമില്ലാതെയാകും.
ഞാനിപ്പോൾ പത്രങ്ങൾ ഓടിച്ചുനോക്കാറേയുള്ളു. ഭീകരന്മാരെ അമർച്ച ചെയ്യും, നിത്യോപയോഗ സാധനങ്ങളുടെ വില കുറയ്ക്കും, വർഗ്ഗീയത അനുവദിക്കില്ല എന്നൊക്കെ മന്തിമാർ എത്ര വർഷങ്ങളായിട്ടാണു് പറയുന്നതു? വല്ല ഫലവുമുണ്ടോ? ഇന്നലെ ചെറുനാരങ്ങയുടെ വലിപ്പമുള്ള രണ്ടു് ഓറഞ്ച് പതിനഞ്ചു രൂപ കൊടുത്താണു് ഞാൻ വാങ്ങിയതു്. രണ്ടു മാമ്പഴത്തിനു് ഇരുപതു രൂപ നൽകി. അപ്പോൾ വില കുറയ്ക്കും എന്ന മന്ത്രിയുടെ ഉദീകരണത്തിനു് എന്തു വിലയിരിക്കുന്നു? ഇപ്പോൾ കാലത്തു പത്രം നിവർത്തി നോക്കുമ്പോൾ ഇത്തരം പ്രസ്താവനകൾ കണ്ടാൽ ഞാൻ തികഞ്ഞ പുച്ഛത്തോടെ കടലാസ്സിനു് ഒരടി കൊടുത്തിട്ടു് അതു് മറിച്ചു് അടുത്ത പുറത്തേക്കു പോകുന്നു. ഫലപ്രദമല്ലാത്ത ആവർത്തനം! അതിന്റെ പ്രയോജനരാഹിത്യം!
സാഹിത്യത്തിലുമുണ്ടു് ഇത്തരം അസഹനീയങ്ങളായ ആവർത്തനങ്ങൾ. ഒരുദാഹരണം ശ്രീ. വിനയൻ മാതൃഭൂമി ആഴ്ചപ്പതിപ്പിലെഴുതിയ ‘ശാന്തി മന്ത്രം’ എന്ന ചെറുകഥ തന്നെ. ഒരു മുസ്ലീമും ഒരു ഹിന്ദുവും കപ്പലിലെ ഉദ്യോഗസ്ഥർ. രണ്ടുപേരും ചങ്ങാതികൾ. അവർ കടലിൽ സഞ്ചരിക്കുമ്പോൾ നാട്ടിൽ വർഗ്ഗീയലഹളയുണ്ടാകുന്നു. പേടിയോടെ മുസ്ലീം നാട്ടിലെത്തുമ്പോൾ അടുത്തവീട്ടിലെ ഹിന്ദു സ്നേഹപാരവശ്യത്തോടെ അയാളെ തഴുകുന്നു. മുസ്ലീം ‘സബ്കൊ സന്മതി ദേ ഭഗവാൻ’ (?) എന്നു കേട്ടുപോലും.
പലരും ചവച്ചുതുപ്പിയ ഈ കരിമ്പിൻ ചണ്ടിയെടുത്തു് കഥാകാരൻ വീണ്ടും ചവച്ചു കാണിച്ചു് വായനക്കാരെ എന്തിനു് ഓക്കാനിപ്പിക്കുന്നു?
ചോദ്യം: കോഴി കൂവിയാണു് സൂര്യനെ ഉദിപ്പിക്കുന്നതു് എന്ന അർഥത്തിൽ എൻ. വി. കൃഷ്ണവാരിയർ എഴുതിയ കവിതയെക്കാൾ ഒറിജിനലായി നിങ്ങൾ വല്ലതും കണ്ടിട്ടുണ്ടോ? ഡോക്ടർ ലീലാവതി അതിനെക്കുറിച്ചെഴുതിയ നിരൂപണം നിങ്ങൾക്കു് ഓർമയുണ്ടോ?
ഉത്തരം: He was like a cock who thought the sun had risen to hear him crow എന്നു George Eliot. പ്രതിഭാശാലികൾ ഒരേതരത്തിൽ ചിന്തിക്കുമെന്നതുകൊണ്ടു കൃഷ്ണവാരിയരുടെ ആശയം മൗലികം തന്നെ.
ചോദ്യം: സ്തീ ഭംഗിയായി വസ്ത്രധാരണം ചെയ്തു നില്ക്കുമ്പോൾ എല്ലാ പുരുഷന്മാരും ആഹ്ലാദിക്കില്ലേ?
ഉത്തരം: ഇല്ല. ആഹ്ലാദിക്കില്ല. ആരെ വശീകരിക്കാനാണെടീ ഇതൊക്കെ എന്നു ചോദിക്കുന്ന ഭർത്താക്കന്മാരുമുണ്ടു്.
ചോദ്യം: വീട്ടുഭരണം സ്ത്രീയെ പൂർണ്ണമായും ഏല്പിക്കുന്നതല്ലെ നല്ലതു?
ഉത്തരം: അതേ. ഞാൻ നിങ്ങളോടു് യോജിക്കുന്നു പൂർണ്ണമായും. പക്ഷേ, അരക്കാനുള്ള വറ്റൽമുളകു് എണ്ണിക്കൊടുക്കുന്ന ഭർത്താക്കന്മാരുമുണ്ടു്.
ചോദ്യം: കവിത വായിക്കുമ്പോൾ മനസ്സു് വർണ്ണോജ്ജ്വലമായിത്തീരുന്നതെങ്ങിനെ?
ഉത്തരം: ചിത്രശലഭം ജന്നലിന്റെ കണ്ണാടിപ്പാളിയിൽ വന്നിരിക്കുമ്പോൾ അതിനു് വർണ്ണോജ്ജ്വലത വരുന്നതെങ്ങിനെ?
ചോദ്യം: ചങ്ങമ്പുഴക്കവിതക്കു വല്ല സന്ദേശവും തരാനുണ്ടോ?
ഉത്തരം: ജലാശയത്തിൽ വിരിഞ്ഞു നില്ക്കുന്ന താമരപ്പൂവു് ജലത്തിന്റെ സന്ദേശം തരുന്നുണ്ടോ? രാത്രിയിൽ നനഞ്ഞ മരത്തിൽ വന്നുപതിച്ചു് അതിനു ശോഭ നൽകുന്ന മിന്നല്പിണർ അന്തരീക്ഷത്തിന്റെ സന്ദേശം നൽകുന്നുണ്ടോ?
ചോദ്യം: കഥയെഴുത്തുകാരെ പുലഭ്യം പറയുന്ന നിങ്ങൾക്കു് ഒരു കഥയെഴുതാനാവുമോ?
ഉത്തരം: അമ്പലപ്പുഴ ബ്രദേഴ്സ് നാഗസ്വരം വായിക്കുമ്പോൾ താളം തെറ്റിയാൽ എനിക്കതു് ചൂണ്ടിക്കാണിക്കാനാവും. എന്നാൽ ‘നീയൊന്നു് അതുപോലെ ഊതു്’ എന്നുപറഞ്ഞു കുഴൽ എന്റെ നേർക്കു നീട്ടീയാൽ എനിക്കു് അവരെപ്പോലെ വായിക്കാൻ പറ്റുമോ? മുട്ടയപ്പം ചീഞ്ഞ മുട്ട കൊണ്ടുണ്ടാക്കിയതാണെന്നു് അതു് തിന്നുന്നവനു പറയാൻ കഴിയും. ‘എന്നാൽ നീ ഒരു മുട്ടയിടു്’ എന്നാവശ്യപ്പെട്ടാൽ അയാൾക്കെന്തു ചെയ്യാനാവും?
ചോദ്യം: നവീന കവിതയുടെ ശബ്ദം നിങ്ങളെ ഉറക്കത്തിലും ഉപദ്രവിക്കാറുണ്ടോ ഹേ?
ഉത്തരം: പകൽസമയത്തു് ഞാൻ കേൾക്കുന്ന ഗർദ്ദഭ ശബ്ദം രാത്രിയിൽ നിദ്രാവേളയിൽ കേൾക്കാറില്ല.
കവിത വായിക്കുമ്പോൾ മനസ്സു് വർണ്ണോജ്ജ്വലമായിത്തീരുന്നതെങ്ങനെ? ചിത്രശലഭം ജന്നലിന്റെ കണ്ണാടിപ്പാളിയിൽ വന്നിരിക്കുമ്പോൾ അതിനു് വർണ്ണോജ്ജ്വലത വരുന്നതെങ്ങനെ?
മണ്ണു വലിച്ചു കൂട്ടി വെള്ളമൊഴിച്ചു് അതിൽ കയറി നിന്നു് നടരാജനൃത്തം നടത്തി ചെളിയുണ്ടാക്കുന്നു ചിലർ. പിന്നീടു് അതു് ഓരോ വലിയ ഉരുളയാക്കി ഒരടി വീതിയിൽ കരിങ്കൽ അടിത്തറ കെട്ടിയ സഥലത്തു് കൊണ്ടു് വയ്ക്കുന്നു. ചെളിയുരുള അടിച്ചു പരത്തുന്നു. അതിന്റെ മുകളിൽ പിന്നെയും പിന്നെയും ചെളിയുരുളകൾ. ഓടുവിൽ ആറടി പൊക്കത്തിൽ ഒരു ചെളിമതിൽ. ഇതിനെ തിരുവനന്തപുരത്തു കയ്യാല എന്നു പറയും. പണത്തിനു ഞെരുക്കമുള്ളവരാണു് കന്മതിൽ കെട്ടാതെ കയ്യാല ഉണ്ടാക്കുന്നതു്. കയ്യാല ഉണ്ടാക്കാൻ വേണ്ടി ചെളി ചവിട്ടിക്കുഴയ്ക്കുന്നവരെ കാണുമ്പോൾ എനിക്കു വൈഷമ്യമുണ്ടാകാറുണ്ടു്. നാലു അതിരുകളിലും കയ്യാല വച്ചു് അതിനകത്തുള്ള കൊച്ചു വീട്ടിൽ താമസിക്കുന്നവരോടും എനിക്കു സഹതാപമാണു്. കാരണം ഒരു കാലത്തു് ഞാനും കയ്യാലയുടെ സുരക്ഷിതത്വത്തിൽ ജീവിച്ചവനാണു് എന്നതു തന്നെ. കയ്യാലവയ്പിനെ ‘മാന്യുവൽ ലേബർ’ (manual labour) എന്നു വിളിക്കാമെങ്കിൽ കലാകൗമുദിയിൽ ‘ശയനം’ എന്ന ചെറുകഥയെഴുതിയ ശ്രീ. ടി. എൻ. പ്രകാശി ന്റെ ശ്രമത്തെ ഇന്റലക്ച്ച ്വൽ ലേബർ എന്നു വിളിക്കാം. പ്രതിപാദ്യ വിഷയം ജീവിതത്തിൽ നിന്നു് ബുദ്ധിയുടെ മൺവെട്ടി കൊണ്ടു് വെട്ടിയെടുക്കുന്നു. അതു് ഒരുമിച്ചു കൂട്ടി ശൈലിയുടെ മലിനജലം ഒഴിക്കുന്നു. അതിൽ കയറിനിന്നു് ആഖ്യാനത്തിന്റെ ചവിട്ടിക്കുഴക്കൽ നടത്തുന്നു. കഥാകയ്യാല നിർമ്മിച്ചു കഴിഞ്ഞു. ഏണും മുഴയും കോണും എല്ലാമുണ്ടു്. ഒരു വൈരൂപ്യം. നിരൂപണത്തിന്റെ കുമ്മായം തേയ്ച്ചു് അതിനെ വെളുപ്പിക്കാൻ എനിക്കിഷ്ടമില്ല. ഈ കയ്യാല ദ്രഷ്ടാക്കളുടെ സഹതാപം നേടി അങ്ങനെ തന്നെ നിൽക്കട്ടെ. സന്താനത്തിനു് ട്യൂഷൻ നടത്തുന്ന ഒരുത്തനെ വിളിച്ചു് അതിന്റെ തള്ള ശയനം നടത്തി പോലും. നാഗരികതയുടെ ഭംഗിയുള്ള കഥാ ദേശത്തു് വയ്ക്കുന്ന ഇത്തരം കയ്യാലകൾ ജുഗുപ്സാവഹങ്ങളാണെന്നു് മാത്രം പറഞ്ഞു ഞാൻ പിന്മാറട്ടെ.
- കടൽത്തീരത്തു വരിയായി നില്ക്കുന്ന തെങ്ങുകളെ നോക്കിയിട്ടുണ്ടോ? എല്ലാം നല്ലപോലെ വളഞ്ഞു് തലയുയർത്തി നില്ക്കുന്നു. വളയുന്നതു് സൂര്യപ്രകാശത്തിനു് വേണ്ടി. അതു കിട്ടുന്നുവെന്നു വന്നാൽ നേരെ മുകളിലേക്കു് അവ വളരും. ഒരു ലക്ഷ്യമുണ്ടായാൽ വക്രീകരണം സംഭവിക്കുമെന്നതിനു തെളിവാണിതു്. കലാപ്രക്രിയ നിസ്സംഗമാണു്. ആ നിസ്സംഗത വരുമ്പോൾ കലാസൃഷ്ടികൾക്കു സ്വാഭാവികത ലഭിക്കും. ലക്ഷ്യം ഉണ്ടാകുമ്പോഴാണു് അവയ്ക്കു് വക്രീകരണം ഉണ്ടാകുന്നതു്.
- രാജവാഴ്ചയ്ക്കു് എന്തെല്ലാം ന്യൂനതകൾ ഉണ്ടായിരുന്നുവെങ്കിലും സംസ്കാരത്തെ സംബന്ധിച്ച ഉദ്ബോധനം കൊണ്ടും സമാനമായ വിദ്യാഭ്യാസം കൊണ്ടും വ്യക്തിക്കു് സുസംഘടിതത്വം അല്ലെങ്കിൽ സംയുക്ത പൂർണ്ണരൂപം അതു നൽകിയിരുന്നു. വ്യക്തികൾ വിഭിന്നരായിരുന്നിരിക്കാം. പക്ഷേ, ഈ സംഘടിതത്ത്വം അവരെ ഒറ്റക്കെട്ടായി നിൽക്കാൻ സഹായിച്ചിരുന്നു. അങ്ങനെ നില്ക്കുമ്പോൾ അവരുടെ ജീവിതലയം ഒരേ തരത്തിൽത്തന്നെ കാണപ്പെട്ടിരുന്നു. സാഹിത്യകാരന്മാർക്കും ഈ ലയമുണ്ടായിരുന്നു. അതുകൊണ്ടാണു് വിഭിന്ന സ്വഭാവമുള്ള കവിതാരീതിയുടെ പ്രയോക്താക്കളായ കുമാരനാശാൻ, വള്ളത്തോൾ, ഉള്ളൂർ ഇവരെ മഹാകവിത്രയമെന്നു് അനായാസമായി ആളുകൾ വിളിച്ചതു്. അവരുടെ കവിതകൾ എല്ലാവരും ആസ്വദിച്ചതു്. തകഴി, ദേവ്, ബഷീർ ഇവരെക്കുറിച്ചും ഇതുതന്നെ പറയാം. ഇന്നത്തെ അരാജകത്വത്തിൽ പഴയ ലയം തകർക്കപ്പെട്ടിരിക്കുന്നു. അതുകൊണ്ടു് സമാനമായ ആസ്വാദനം സാദ്ധ്യമല്ലാതെയായി ഭവിച്ചിരിക്കുന്നു. പ്രജാധിപത്യം രാജവാഴ്ച്ച ജനിപ്പിച്ച ലയത്തേക്കാൾ സുദൃഢമായ ലയം നിർമ്മിക്കേണ്ടിയിരുന്നു. പക്ഷേ, യഥാർത്ഥമായ ജനാധിപത്യം നമുക്കില്ല. അതിനാൽ എങ്ങും ലയഭംഗമാണു്. ഇതു കൊണ്ടാണു് ഇന്നത്തെ ആസ്വാദനപ്രക്രിയയ്ക്കു് ഏകത്വം നഷ്ടപ്പെട്ടു പോയതു്. ശരിയായ ജനാധിപത്യമുണ്ടാകുമ്പോൾ ദൃഢതയാർന്ന ലയമുണ്ടാകും. അപ്പോൾ ഒരേ രീതിയിൽ എല്ലാവരും സാഹിത്യം ആസ്വദിക്കും.
ഒരു ‘ബൂർഷ്വാതലം’ ഒരു ‘പ്രോലെറ്റേറിയൻ തലം’ ഇങ്ങനെ രണ്ടെണ്ണം സൃഷ്ടിച്ചു് അവയെ സംഘട്ടനം ചെയ്യിക്കുന്നു ദേശാഭിമാനി വാരികയിൽ ‘യന്ത്രലോകം’ എന്ന ചെറുകഥയെഴുതിയ ശ്രീ. ബഷീർ മേച്ചേരി. വ്യവസായ സ്ഥാപനത്തിന്റെ ഉടമസ്ഥനും അവിടെ കാസറ്റ് വാങ്ങാൻ വരുന്നവനും ബൂർഷ്വാതലത്തിൽപ്പെട്ടവർ. അവിടുത്തെ പാവപ്പെട്ട വിൽപ്പനക്കാരൻ പ്രോലെറ്റേറിയൻ തലത്തിന്റെ പ്രതിനിധി. പോലീസും മറ്റധികാരികളും ബൂർഷ്വാ വിഭാഗത്തിന്റെ ഘടകങ്ങളായിരിക്കുന്നിടത്തോളം കാലം തൊഴിലാളി പരാജയപ്പെടുകയേയുള്ളൂ. ആ രീതിയിലുള്ള പരാജയം ചിത്രീകരിക്കുന്നതിൽ കഥാകാരൻ പരാജയപ്പെടുന്നില്ല. എങ്കിലും കഥയ്ക്കു് ഒരു ‘എഗ്സോട്ടിക്’—‘exotic’—സ്വഭാവം. ബഷീർ ആരെയെങ്കിലും അനുകരിച്ചെന്നല്ല ഞാൻ പറയുന്നതു്. വിദേശത്തെ ചിന്തകളുടെ സ്വാധീനതയിലമർന്ന കേരളത്തിലെ എഴുത്തുകാർ ചിലപ്പോൾ സായിപ്പന്മാരെപ്പോലെ എഴുതിപ്പോകുമല്ലോ? അതു മാത്രമേ ‘എഗ്സോട്ടിക്’ എന്ന പദപ്രയോഗം കൊണ്ടു് ഞാൻ ലക്ഷ്യമാക്കുന്നുള്ളൂ.
ഗ്രന്ഥം മൂന്നു പകർത്തുമ്പോൾ മുഹൂർത്തം വേറെ എന്തോ ആയി വരുമെന്നു് ചൊല്ലുണ്ടു്. അതിനാൽ ഒരാളിന്റെ പ്രസ്താവമായി അച്ചടിച്ചു വരുന്നതിനെ പൂർണ്ണമായും വിശ്വസിച്ചു് വിമർശിക്കുന്നതു് ശരിയല്ല. വ്യക്തി പറഞ്ഞതിനു് നേരെ വിപരീതമായിട്ടായിരിക്കും റിപ്പോർട്ട്. ഇടശ്ശേരി നല്ല കവിയാണെന്നു് ഈ ലേഖകൻ എവിടെയോ പ്രസംഗിച്ചപ്പോൾ അതിന്റെ റിപ്പോർട്ട് പത്രത്തിൽ വന്നതു് ഇടശ്ശേരി നല്ല കവിയല്ല എന്ന തലക്കെട്ടോടുകൂടിയാണു്. ഈ പരമാർത്ഥം മുന്നിൽ കണ്ടുകൊണ്ടാണു് ഞാനിതു് എഴുതുന്നതു്. ശ്രീ. ഇ. എം. എസ്. ഇങ്ങനെ പറഞ്ഞതായി കുങ്കുമം വാരികയിൽ കാണുന്നു. ‘ധർമ്മരാജ, രാമരാജബഹദൂർ, മാർത്താണ്ഡവർമ്മ എന്നിവയിലെ ചരിത്രസത്യങ്ങൾ യാഥാർത്ഥ്യത്തിനു് നിരക്കുന്നതല്ല.’ ചിന്തനീയമാണു് ഈ അഭിപ്രായം. ചരിത്രപുരുഷന്മാരെ അതേ രീതിയിൽ ചിത്രീകരിക്കുകയല്ല സാഹിത്യകാരന്മാരുടെ പ്രവൃത്തി. അവരെ ഫിക്ഷന്റെ തലത്തിലേക്കു് ഉയർത്തി കഥാപാത്രത്തിനു് കലയെസ്സംബന്ധിച്ച വിശ്വാസ്യത ഉളവാക്കുക എന്നതാണു് അവരുടെ സർഗ്ഗാത്മകവ്യാപാരം. ഷെയ്ക്സ്പിയറി ന്റെ നാടകങ്ങളിലെ ചരിത്രപുരുഷന്മാർക്കും യഥാർത്ഥത്തിൽ ജീവിച്ചിരുന്ന ചരിത്രപുരുഷന്മാർക്കും തമ്മിൽ ഒരു സാദൃശ്യവുമില്ല. ചരിത്രത്തിലെ മാർത്താണ്ഡവർമ്മ യോടു് നമുക്കു ബഹുമാനമില്ല. എന്നാൽ ആ ചരിത്രപുരുഷനെ സി. വി. രാമൻപിള്ള ഫിക്ഷന്റെ തലത്തിലേക്കു് ഉയർത്തി കലാപരമായ ദൃഢപ്രത്യയം ഉളവാക്കിയപ്പോൾ നമുക്കു് ആ കഥാപാത്രത്തോടു സ്നേഹവും ബഹുമാനവും തോന്നി. മാർക്സിസ്റ്റ് നിരൂപകനായ ലൂക്കാച്ച് ഇതു വെറൊരുതരത്തിൽ ആവിഷ്കരിച്ചിട്ടുണ്ടു്. 1) Shakespeare’s dramatic practice towers above the general theoretical appreciation of history in his time. 2) This close interaction, this deep unity between the historical representatives of a popular movement and the movement itself is heightened compositionally in Scott by the intensification and dramatic compression of events. ലൂക്കാച്ച് പറയുന്ന ഈ intensification— സാന്ദ്രീകരണം നടക്കുമ്പോൾ രാജ്യം ഭരിച്ച മാർത്താണ്ഡവർമ്മ സി. വിയുടെ നോവലിൽ വേറൊരു മാർത്താണ്ഡവർമ്മയായി മാറും. സാക്ഷാൽ മാർത്താണ്ഡവർമ്മയെ വെറുക്കുന്ന ആളുകൾ നോവലിലെ മാർത്താണ്ഡവർമ്മയെ ഇഷ്ടപ്പെടും, ബഹുമാനിക്കും. ചരിത്രവ്യാഖ്യാനം വേറെ കലാസ്വാദനം വേറെ.
പ്രജാധിപത്യം രാജവാഴ്ച ജനിപ്പിച്ച ലയത്തെക്കാൾ സുദൃഢമായ ലയം നിർമ്മിക്കേണ്ടിയിരിക്കുന്നു. പക്ഷേ, യഥാർത്ഥമായ പ്രജാധിപത്യം നമുക്കില്ല. അതിനാൽ എങ്ങും ലയഭംഗമാണു്. ഇതുകൊണ്ടാണു് ഇന്നത്തെ ആസ്വാദനപ്രക്രിയയ്ക്കു് ഏകത്വം നഷ്ടപ്പെട്ടു പോയതു്. ശരിയായ ജനാധിപത്യമുണ്ടാകുമ്പോൾ ദൃഢതയാർന്ന ലയമുണ്ടാകും. അപ്പോൾ ഒരേ രീതിയിൽ എല്ലാവരും സാഹിത്യം ആസ്വദിക്കും.
മരണം എത്ര സുഖപ്രദം! കാലത്തു ടെലിഫോണിലൂടെ ആരെങ്കിലും വിളിച്ചു് ‘ സാർ സാഹിത്യവാരഫലം ഉജ്ജ്വലം’ എന്നു ആ പംക്തി വായിക്കാതെ കള്ളം പറയുകയില്ല. ആ മനുഷ്യനെ ഒന്നു പരിശോധിക്കാനായി ആ ലേഖനത്തിലെ ഒരു വാക്യത്തെക്കുറിച്ചു് ചോദിച്ചാൽ അയാൾ പരുങ്ങും. മരിച്ചവനു് അതു ചോദിക്കേണ്ടി വരില്ല. മരിച്ചവന്റെ വീട്ടിലേക്കു തിരിയുന്ന ഒരു ഡ്രെയിനേജ് ലെയ്നുണ്ടു്. അതിന്റെ തുടക്കത്തിൽ അവിടെ ഡിപ്പാർട്മെന്റ് മൂന്നാൾ താഴ്ചയിലുള്ള ഒരു കുഴിയുണ്ടാക്കിയിട്ടുണ്ടു്. സ്ലാബ്കൊണ്ടു മൂടാത്ത കുഴിയിൽ മഴവെള്ളം നിറഞ്ഞു് ലെയ്നിനു തുല്യമായി കിടക്കുന്നു. അറിയാൻ പാടില്ലാത്തവൻ റോഡാണെന്നു വിചാരിച്ചു കാലെടുത്തു വച്ചാൽ മരണം സുനിശ്ചിതം. കുഴിയിൽവീണു മരിക്കുന്നവനെ മരിച്ചവനു കണേണ്ടതായി വരില്ല. ‘എന്നെക്കുറിച്ചു നിങ്ങളുടെ കോളത്തിലെഴുതൂ, എന്റെ പുസ്തകം റെവ്യൂ ചെയ്യൂ’ എന്നു ആവശ്യപ്പെടുമ്പോൾ അസത്യമെഴുതാൻ മടിച്ചു എഴുതാതിരിക്കുമ്പോൾ ആ വ്യക്തി അയാളെ കാണുമ്പോൾ മുഖം തിരിച്ചു വെറുപ്പോടെ നില്ക്കുന്നതു കാണേണ്ടതായി വരില്ല. മരിച്ചാൽ അങ്ങനെ എന്തെല്ലാം സൗകര്യങ്ങൾ. മാത്രമല്ല ഗുരുനാഥനായിരുന്ന ചെങ്ങാരപ്പള്ളി നാരായണൻപോറ്റി യുടെ മരണമറിഞ്ഞു ദുഃഖിക്കേണ്ടതായും വരില്ല.
ഇത്രയും മുകളിൽ കുറിച്ചതു ശ്രീ. തിരുനല്ലൂർ കരുണാകരൻ ചെങ്ങാരപ്പള്ളിസ്സാറിനെക്കുറിച്ചു് ജനയുഗം വാരികയിലെഴുതിയ ഹ്രസ്വലേഖനം വായിച്ചതുകൊണ്ടാണു്. നിഷ്പക്ഷതയോടുകൂടി തിരുനല്ലൂർ, അന്തരിച്ച സാറിനെക്കുറിച്ചു് എഴുതിയിരിക്കുന്നു. മരണത്തെക്കുറിച്ചെഴുതുമ്പോൾ ആ രചനയെ കലാസുന്ദരം എന്നു വിളിക്കാമോ? അറിഞ്ഞുകൂടാ. വിളിക്കാമെങ്കിൽ കലാസുന്ദരമാണു് തിരുനല്ലൂരിന്റെ ലേഖനം.
കലാപ്രക്രിയ നിസ്സംഗമാണു്. ആ നിസ്സംഗത വരുമ്പോൾ കലാസൃഷ്ടികൾക്കു സ്വാഭാവികത ലഭിക്കും. ലക്ഷ്യം ഉണ്ടാകുമ്പോഴാണു് അവയ്ക്കു വക്രീകരണം ഉണ്ടാകുന്നതു്.
ശാസ്ത്രത്തിനു നോബൽ സമ്മാനം നേടിയ ചന്ദ്രശേഖർ നെഹ്റു മെമ്മോറിയൽ ലക്ചർ നടത്തിയപ്പോൾ ഇന്ദിരാ ഗാന്ധി യായിരുന്നു അദ്ധ്യക്ഷ. 6.30-നു ചന്ദ്രശേഖർ സമ്മേളന സ്ഥലത്തു് എത്തണം. 6.40-നു ഇന്ദിരാഗാന്ധി എത്തും. 6.50-നു ഇന്ത്യൻ പ്രസിഡന്റ് അവിടെച്ചെല്ലും. ഏഴുമണിക്കു് സമ്മേളനം തുടങ്ങും. ലോക്സഭയിൽവച്ചു് ആക്ഷേപിക്കപ്പെട്ട ഇന്ദിരാഗാന്ധി ക്ഷീണിച്ചു് 6.40-നുതന്നെ എത്തിച്ചേർന്നു. അവർ ചന്ദ്രശേഖറിനു് ഹസ്തദാനം ചെയ്തിട്ടു് അദ്ദേഹത്തോടു പറഞ്ഞു: You can have no idea as to how impossible it is to do something positive in this country, everybody wants to criticize and to find fault; and yet there is so much work to be done. ഇന്ദിരാഗാന്ധിയുടെ പ്രഭാഷണം വിസ്മയം ജനിപ്പിക്കുന്ന തരത്തിൽ രൂപഭാവങ്ങളിൽ അന്യാദൃശ്യമായിരുന്നു. സമ്മേളനത്തിനുശേഷം ഡിന്നറിനു് എല്ലാവരും ഇന്ദിരാ ഗാന്ധിയുടെ വീട്ടിലേക്കു പോയി. അപ്പോഴും കൊടുമ്പിരിക്കൊണ്ട മട്ടിൽ എത്തിയ അവർക്കു കസേര ശരിയായി ഇട്ടുകൊടുക്കാൻ ചന്ദ്രശേഖർ ശ്രമിച്ചപ്പോൾ അവർ പറഞ്ഞു: Don’t help me. I’m not used to being helped.
ഇന്ദിരാ ഗാന്ധി ന്യൂയോർക്കിലായിരുന്നപ്പോൾ പ്രസിഡന്റ് കെന്നഡി അവരോടു പറഞ്ഞു: “Appearing before Mr. Spivak and his panel is like being thrown to the lions. (Meet the Press എന്ന പരിപാടിയെക്കുറിച്ചാണു് കെന്നഡി പറഞ്ഞതു്.) അടുത്ത ദിവസം അതിനു ചെന്നപ്പോൾ സ്പിവക് ഇന്ദിരാഗാന്ധിയോടു് “ഗെറ്റിസ്ബഗ്ഗ് അഡ്രസ്” അതുപോലെ പറയാൻ കഴിയുമോ എന്നു ചോദിച്ചു. “എന്തിനു്?” എന്നു് ശ്രീമതിയുടെ ചോദ്യം. അമേരിക്കൻ ചരിത്രത്തിൽ ഇന്ദിരാ ഗാന്ധിക്കു് അവഗാഹമുണ്ടോ എന്നറിയാനെന്നു് അദ്ദേഹത്തിന്റെ ഉത്തരം. അപ്പോൾ അവർ പറഞ്ഞു: Your President talked to me yesterday and told me that appearing before you and your panel was like being thrown to the lions. അതു കേട്ടു സ്പിവക് അറിയിച്ചു. Oh, no Madame Gandhi. We are all very kind and polite. ഇന്ദിരാഗാന്ധി മറുപടി നൽകി: Oh, yes Mr. Spivak. I know that. I’ve just come from Africa. I saw a lot of lions there. They were also very kind and polite.
എന്തൊരു പ്രത്യുല്പന്നമതിത്വം! വെറുതെയല്ല അവർ ഇന്ത്യയുടെ പ്രധാനമന്ത്രിയായതു്.