SFNസാ­യാ­ഹ്ന ഫൌ­ണ്ടേ­ഷൻ
സാ­ഹി­ത്യ­വാ­ര­ഫ­ലം
എം കൃ­ഷ്ണൻ നായർ
(ക­ലാ­കൗ­മു­ദി വാരിക, 1993-11-21-ൽ പ്ര­സി­ദ്ധീ­ക­രി­ച്ച­തു്)

ഓരോ രാ­ജ്യ­ത്തി­ന്റെ­യും ത­ത്ത്വ­ചി­ന്ത അ­വി­ടു­ത്തെ പ്ര­കൃ­തി­യെ ആ­ശ്ര­യി­ച്ചാ­ണി­രി­ക്കു­ന്ന­തെ­ന്നു് ടാഗോർ പ­റ­ഞ്ഞി­ട്ടു­ണ്ടു്. ഭാ­ര­ത­ത്തി­ലെ കൊടും കാ­ന­ന­ങ്ങൾ ജ­ന­ത­യു­ടെ ജീ­വി­ത­ത്തി­നു വി­ഘാ­തം സൃ­ഷ്ടി­ക്കു­ന്നി­ല്ല. സൃ­ഷ്ടി­ക്കു­ന്നി­ല്ലെ­ന്നു മാ­ത്ര­മ­ല്ല സ­ഹാ­യി­ക്കു­ക­യും ചെ­യ്യു­ന്നു. വനം കൊ­ണ്ടു ജീ­വി­ച്ചു, ജീ­വി­ക്കു­ന്നു ഭാ­ര­തീ­യർ. അ­തി­നാൽ വ­ന­ത്തെ അ­ല്ലെ­ങ്കിൽ പ്ര­കൃ­തി­യെ വേ­റൊ­ന്നാ­യി കാണാൻ ഭാ­ര­തീ­യർ­ക്കു ക­ഴി­യു­ക­യി­ല്ല. ഞാനും പ്ര­കൃ­തി­യു­മൊ­ന്നു് എന്ന വി­ചാ­രം അ­വർ­ക്കു­ള്ള­തു കൊ­ണ്ടു് ഇവിടെ അ­ദ്വൈ­ത സി­ദ്ധാ­ന്ത­മു­ണ്ടാ­യി. നേരെ മ­റി­ച്ചാ­ണു് ഇം­ഗ്ലീ­ഷു­കാ­രു­ടെ സ്ഥി­തി. അ­വർ­ക്കു ചു­റ്റും കി­ട­ക്കു­ന്ന ക­ട­ലി­നോ­ടു മ­ല്ല­ടി­ച്ചേ ജീ­വി­ക്കാ­നാ­വൂ. മ­ത്സ്യ­ബ­ന്ധ­ന­ത്തി­നു്, വിദേശ സ­ന്ദർ­ശ­ന­ത്തി­നു് എന്നു വേണ്ട ഏ­തി­നും അ­വർ­ക്കു സ­മു­ദ്ര­ത്തോ­ടു സമരം ചെ­യ്യേ­ണ്ട­താ­യി വ­രു­ന്നു. ഫലമോ? മ­നു­ഷ്യൻ വേറെ, പ്ര­കൃ­തി വേറെ എന്ന ചി­ന്താ­ഗ­തി അ­വർ­ക്കു­ണ്ടാ­യി. അ­ങ്ങ­നെ അവർ ദ്വൈത സി­ദ്ധാ­ന്ത­ത്തിൽ വി­ശ്വാ­സ­മു­ള്ള­വ­രാ­യി. ടാ­ഗോ­റി­ന്റെ ഈ അ­ഭി­പ്രാ­യം സ­മ­ഞ്ജ­സ­മാ­യി­രി­ക്കു­ന്നു.

images/JeanPaulSartre1924.jpg
സാർ­ത്ര്

ലോ­ക­മ­ഹാ­യു­ദ്ധ­ങ്ങ­ളു­ടെ കെ­ടു­തി­കൾ കണ്ടു യാതന അ­നു­ഭ­വി­ച്ച ഫ്ര­ഞ്ച് ജനത അ­സ്തി­ത്വ­വാ­ദ­ത്തിൽ വി­ശ്വാ­സ­മർ­പ്പി­ക്കു­ക­യും അതിനു അ­നു­സ­രി­ച്ചു് ജീ­വി­ക്കു­ക­യും ചെ­യ്തു. I exist, that is all—ഞാൻ ജീ­വി­ച്ചി­രി­ക്കു­ന്നു, അ­ത്ര­മാ­ത്രം—എന്ന ചി­ന്താ­ഗ­തി അ­വർ­ക്കു­ണ്ടാ­കാൻ ഹേതു അ­ത­ത്രേ. ആ വി­ശ്വാ­സ­വും അ­വി­ടു­ത്തെ സ­വി­ശേ­ഷ­മാ­യ പ­രി­തഃ­സ്ഥി­തി­യും രണ്ടു വ്യ­ക്തി­ക­ളിൽ ആ­ഘാ­ത­മേ­ല്പി­ച്ചു. അ­ങ്ങ­നെ­യാ­ണു് സാർ­ത്രും കമ്യൂ വും അ­വി­ടു­ത്തെ ത­ത്ത്വ­ചി­ന്ത­യു­ടെ നാ­യ­ക­ന്മാ­രാ­യ­തു്.

images/Camus3.jpg
കമ്യൂ

ഭാ­ര­ത­ത്തി­ലും അ­തി­ന്റെ ഒരു ഭാ­ഗ­മാ­യ കേ­ര­ള­ത്തി­ലും ഫ്ര­ഞ്ച് ജ­ന­ത­യ്ക്കു സ­വി­ശേ­ഷ­മാ­യും യൂ­റോ­പ്യൻ ജ­ന­ത­യ്ക്കു സാ­മാ­ന്യ­മാ­യും അ­നു­ഭ­വ­പ്പെ­ട്ട അ­സ്തി­ത്വ ദുഃ­ഖ­മോ വി­ശ്വാ­സ­ത്ത­കർ­ച്ച­യോ ഇല്ല. ഇവിടെ ശ­ബ­രി­മ­ല­യിൽ പോ­കു­ന്ന­വ­രു­ടെ സംഖ്യ വർഷം തോറും വർ­ദ്ധി­ച്ചു കൊ­ണ്ടി­രി­ക്കു­ന്നു. ക്രി­സ്ത്യാ­നി­ക­ളു­ടെ­യും മു­സ്ലീ­ങ്ങ­ളു­ടെ­യും ഈ­ശ്വ­ര­വി­ശ്വാ­സം ഓരോ ദിനം ക­ഴി­യു­ന്തോ­റും കൂടി വ­രി­ക­യാ­ണു്. അ­തി­നാൽ Being and Nothingness എ­ഴു­താൻ സാർ­ത്രി­നും, The Outsider എ­ഴു­താൻ ക­മ്യൂ­വി­നും പ്രേ­ര­ക­ങ്ങ­ളാ­യ വ­സ്തു­ത­കൾ കേ­ര­ള­ത്തി­ലി­ല്ല. ഭാ­ര­ത­മൊ­ട്ടാ­കെ നോ­ക്കി­യാ­ലും ഇല്ല. മൗ­ലി­ക­ങ്ങ­ളാ­യ കലാ പ്ര­ചോ­ദ­ന­ങ്ങ­ളാ­ലാ­ണു് കാഫ്ക യും സാർ­ത്രും ക­മ്യൂ­വും ര­ച­ന­കൾ­ക്കു രൂപം നൽ­കി­യ­തു്. അവരെ അ­നു­ക­രി­ച്ചു് ഇവിടെ നോ­വ­ലു­ക­ളും ചെ­റു­ക­ഥ­ക­ളും എ­ഴു­തു­ന്ന­തു് ക­ല­യു­ടെ­യും സാ­ഹി­ത്യ­ത്തി­ന്റെ­യും താണ ത­ല­ത്തിൽ ന­ട­ക്കു­ന്ന പ്ര­ക്രി­യ­ക­ളാ­യി­ട്ടേ പ­രി­ഗ­ണി­ക്കാ­നാ­വൂ. അവയെ കൊ­ണ്ടാ­ടു­ന്ന­തും അ­വ­യു­ടെ ര­ച­യി­താ­ക്ക­ളെ മേ­ലേ­ക്കി­ട­യിൽ പ്ര­തി­ഷ്ഠി­ക്കു­ന്ന­തും അ­ഭി­രു­ചി­യു­ടെ വൈ­കൃ­ത­മാ­യേ കാ­ണാ­നാ­വൂ. കാഫ്ക എന്ന ജൂത-​ചെക്ക് നോ­വ­ലി­സ്റ്റ് അ­ദ്ദേ­ഹം ജ­നി­ച്ച രാ­ജ്യ­ത്തി­ല­ല്ലാ­തെ വേ­റൊ­രു രാ­ജ്യ­ത്തിൽ ആ­വിർ­ഭ­വി­ക്കു­ക­യി­ല്ല. അ­സ്തി­ത്വ വാ­ദ­ത്തി­ന്റെ ഉ­ദ്ഘോ­ഷ­ക­നാ­യ ക­മ്യൂ­വി­നു കേ­ര­ള­ത്തിൽ ജ­നി­ക്കാ­നാ­വു­ക­യി­ല്ല. ഇ­തൊ­ക്കെ കൊ­ണ്ടു് അ­വ­രു­ടെ കൃ­തി­ക­ളി­ലെ മൗലിക പ്ര­തി­ഭ­യെ നമ്മൾ അം­ഗീ­ക­രി­ക്കു­ന്നു. ത­ങ്ങ­ളു­ടെ ജീ­വ­ര­ക്ത­ത്തിൽ നി­ന്നു രൂപം കൊ­ണ്ട­താ­ണു് അ­വ­രു­ടെ കൃ­തി­കൾ. തൃശൂർ പൂ­ര­ത്തി­നു നെ­റ്റി­പ്പ­ട്ടം കെ­ട്ടി­യ ഗ­ജ­വീ­ര­ന്മാ­രെ കൊ­ണ്ടു നി­റു­ത്തു­ന്ന­തു പോലെ ഇ­വി­ടെ­യു­ള്ള ചില എ­ഴു­ത്തു­കാർ അ­സ്തി­ത്വ­വാ­ദ­ത്തി­ന്റെ ഗ­ജ­ശ്രേ­ഷ്ഠ­നെ പ്ര­ദർ­ശി­പ്പി­ച്ചാൽ തീ­യ­റ്റ്റി­ക്ക­ലാ­യി—കൃ­ത്രി­മ­മാ­യി—വി­വേ­ക­മു­ള്ള­വർ­ക്കു കാ­ണേ­ണ്ട­താ­യി വരും.

ലോ­ക­മ­ഹാ­യു­ദ്ധ­ങ്ങ­ളു­ടെ കെ­ടു­തി­കൾ കണ്ടു യാതന അ­നു­ഭ­വി­ച്ച ഫ്ര­ഞ്ച് ജനത അ­സ്തി­ത്വ­വാ­ദ­ത്തിൽ വി­ശ്വാ­സ­മർ­പ്പി­ക്കു­ക­യും അതിനു അ­നു­സ­രി­ച്ചു് ജീ­വി­ക്കു­ക­യും ചെ­യ്തു. I exist, that is all— ഞാൻ ജീ­വി­ച്ചി­രി­ക്കു­ന്നു, അ­ത്ര­മാ­ത്രം—എന്ന ചി­ന്താ­ഗ­തി അ­വർ­ക്കു­ണ്ടാ­കാൻ ഹേതു അ­ത­ത്രേ. ആ വി­ശ്വാ­സ­വും അ­വി­ടു­ത്തെ സ­വി­ശേ­ഷ­മാ­യ പ­രി­തഃ­സ്ഥി­തി­യും രണ്ടു വ്യ­ക്തി­ക­ളിൽ ആ­ഘാ­ത­മേ­ല്പി­ച്ചു. അ­ങ്ങ­നെ­യാ­ണു് സാർ­ത്രും ക­മ്യൂ­വും അ­വി­ടു­ത്തെ ത­ത്ത്വ­ചി­ന്ത­യു­ടെ നാ­യ­ക­ന്മാ­രാ­യ­തു്.

തൈ­റീ­സി­യ­സ് (Tiresias) തീ­ബ്സി­ലെ ഭാവി ദർ­ശ­ന­ക­നാ­യി­രു­ന്നു. അ­ദ്ദേ­ഹം ഒ­രി­ക്കൽ രണ്ടു പാ­മ്പു­കൾ ഇണ ചേ­രു­ന്ന­തു കണ്ടു. അവ തൈ­റീ­സി­യ­സി­നെ ആ­ക്ര­മി­ച്ച­പ്പോൾ അ­ദ്ദേ­ഹം പെൺ­പാ­മ്പി­നെ കൊ­ന്നു. ഉടനെ സ്ത്രീ­യാ­യി മാറി തൈ­റീ­സി­യ­സ്. വർ­ഷ­ങ്ങൾ ക­ഴി­ഞ്ഞു് അ­ദ്ദേ­ഹം അതേ പ്ര­ദേ­ശ­ത്തു ചെ­ന്ന­പ്പോൾ രണ്ടു പാ­മ്പു­കൾ ഇണ ചേ­രു­ന്ന­തു് കാ­ണാ­നി­ട­യാ­യി. അവയും അ­ദ്ദേ­ഹ­ത്തെ ആ­ക്ര­മി­ച്ച­പ്പോൾ അ­ദ്ദേ­ഹം ആൺ പാ­മ്പി­നെ കൊ­ന്നു. ആ സ­മ­യ­ത്തു് തൈ­റീ­സി­യ­സ് പഴയതു പോലെ ആണായി മാറി. ഒ­രി­ക്കൽ സുസ് ദേ­വ­നും ഭാ­ര്യ­യും ത­മ്മി­ലൊ­രു തർ­ക്കം; ശാ­രീ­രി­ക­വേ­ഴ്ച­യിൽ ഹർ­ഷോ­ന്മാ­ദം സ്ത്രീ­ക്കാ­ണോ പു­രു­ഷ­നാ­ണോ കൂ­ടു­ത­ലെ­ന്നു്. തൈ­റീ­സി­യ­സ് സ്ത്രീ­യും പു­രു­ഷ­നു­മാ­യി­രു­ന്ന­ല്ലോ. അ­തു­കൊ­ണ്ടു് അ­ക്കാ­ര്യ­ത്തിൽ തീർ­പ്പു് കൽ­പ്പി­ക്കാൻ അ­ദ്ദേ­ഹ­ത്തി­നേ കഴിയൂ. പ­ത്തിൽ ഒൻ­പ­തും സ്ത്രീ­ക്കു്; ഒ­രു­ഭാ­ഗം മാ­ത്രം പു­രു­ഷ­നു് എ­ന്നാ­യി­രു­ന്നു തൈ­റീ­സി­യ­സി­ന്റെ മ­റു­പ­ടി. അ­തു­കേ­ട്ടു കോ­പി­ച്ച ദേവത (സൂ­സി­ന്റെ ഭാര്യ) അ­ദ്ദേ­ഹ­ത്തെ അ­ന്ധ­നാ­ക്കി.

റ്റി. എസ്. എ­ല്യ­റ്റ്, തൈ­റീ­സി­യ­സി­നെ കൊ­ണ്ടു പ­റ­യി­ക്കു­ന്നു. “I Tiresias, though blind, throbbing between two lives/Old man with wrinkled female breasts, can see… ” എ­ന്താ­ണു കാണാൻ ക­ഴി­യു­ന്ന­തു? ലേഡി റ്റൈ­പ്പി­സ്റ്റ് വീ­ട്ടി­ലെ­ത്തി ആഹാരം ക­ഴി­ച്ചി­ട്ടു് ചെ­റു­പ്പ­ക്കാ­ര­നെ കാ­ത്തി­രു­ന്നു. അയാൾ വന്നു. ഇനി കവി വാ­ക്യം.

He assaults at once

Exploring hands encounter no defence…

Bestows one final patronising kiss

And gropes his way, finding the stairs unlit.

ഇതിനു ശേ­ഷ­മു­ള്ള വ­രി­കൾ­കൂ­ടി എ­ടു­ത്തെ­ഴു­താ­തി­രി­ക്കാൻ വയ്യ.

When lovely woman stoops to folly and

Paces about her room again, alone.

She smooths her hair with automatic hand

And puts a record on the gramophone.

(The Waste Land, Selected Poems, T.S. Eliot, Faber & Faber. PP. 59, 60)

അ­നു­ഭ­വ­സ­മ്പ­ന്ന­നാ­യ തൈ­റീ­സി­യ­സി­നു് ഇ­തൊ­ക്കെ മുൻ­കൂ­ട്ടി അ­റി­യാം. പ്ര­ത്യ­ക്ഷാ­നു­ഭ­വ­മാ­ണു് സത്യം. പ്ര­ത്യ­ക്ഷാ­നു­ഭ­വ­മി­ല്ലാ­തെ, മ­റ്റു­ള്ള­വ­രു­ടെ പ്ര­ത്യ­ക്ഷാ­നു­ഭ­വ­ങ്ങ­ളെ സ്വാ­യ­ത്ത­മാ­ക്കു­ന്നു ഇവിടെ ചില എ­ഴു­ത്തു­കാർ (എ­ല്യ­റ്റി­ന്റെ ക­വി­ത­യെ­യും തൈ­റീ­സി­യ­സി­നെ­യും കൂ­ട്ടി­യി­ണ­ക്കി­യ രീ­തി­ക്കു ഞാൻ മൗ­ലി­ക­ത അ­വ­കാ­ശ­പ്പെ­ടു­ന്നി­ല്ല. ഏതോ ഒരു ചി­ന്ത­ക­ന്റെ ഏതോ പു­സ്ത­ക­ത്തിൽ ഞാൻ വാ­യി­ച്ച­താ­ണി­തു്).

അ­നു­ഭ­വ­രാ­ഹി­ത്യം

രചന ക­ലാ­ഹി­ത­മാ­യാ­ലും ക­ലാ­ത്മ­ക­മാ­യാ­ലും ര­ച­യി­താ­വി­ന്റെ ഹൃ­ദ­യ­ത്തി­ന്റെ അ­ടി­ത്ത­ട്ടിൽ­നി­ന്നാ­ണ­തു­യ­രു­ന്ന­തു്. ആർ­ജ്ജ­വ­ത്തോ­ടെ­യാ­ണു് അയാൾ അ­തി­നു് രൂ­പം­നൽ­കു­ന്ന­തും. ആർ­ജ്ജ­വ­ത്തെ­യാ­ണു് വി­മർ­ശ­കൻ ചോ­ദ്യം ചെ­യ്യു­ന്ന­തു്. അതു ഒരു ര­ച­യി­താ­വി­നും ഇ­ഷ്ട­മ­ല്ല.

നി­ങ്ങൾ കാ­ണു­ന്ന സ്ത്രീ­ക­ളൊ­ക്കെ സു­ന്ദ­രി­ക­ളാ­ണോ എന്നു പലരും പ­രി­ഹാ­സ­പൂർ­വം ചോ­ദി­ക്കാ­റു­ണ്ടു്. അ­തി­ന്റെ ഉ­ത്ത­രം ഞാൻ മുൻപു നൽ­കി­യി­ട്ടു­മു­ണ്ടു്. ഇം­ഗ്ലീ­ഷ് വാ­ക്കു­കൾ പ്ര­യോ­ഗി­ച്ചാ­ലേ എന്റെ ആശയം സ്പ­ഷ്ട­മാ­കൂ. സൗ­ന്ദ­ര്യം positive state (സ­വി­ശേ­ഷാ­വ­സ്ഥ) ആണു്. വൈ­രൂ­പ്യം negative state-​ഉം (നി­ഷേ­ധാ­ത്മ­കാ­വ­സ്ഥ). സ­വി­ശേ­ഷാ­വ­സ്ഥ­യി­ലാ­യ­തു് അ­തി­ന്റെ സാ­ന്നി­ദ്ധ്യം­കൊ­ണ്ടു ദ്ര­ഷ്ടാ­വി­നെ ആ­ഹ്ലാ­ദി­പ്പി­ക്കും. ആ ആ­ഹ്ലാ­ദം സ്മരണ മ­ണ്ഡ­ല­ത്തിൽ­നി­ന്നു് ഒ­രി­ക്ക­ലും മാ­ഞ്ഞു­പോ­ക­യു­മി­ല്ല. എന്റെ വാ­യ­ന­ക്കാ­രിൽ എൺ­പ­തോ­ളം വ­യ­സ്സു­ള്ള­യാൾ ഉ­ണ്ടെ­ന്നു് ഞാൻ സ­ങ്ക­ല്പി­ക്ക­ട്ടെ. ത­ന്റെ­കൂ­ടെ സ്ക്കൂ­ളിൽ­പ്പ­ഠി­ച്ച സു­ന്ദ­രി­യാ­യ പെൺ­കു­ട്ടി­യെ അ­ദ്ദേ­ഹം ഇ­പ്പോ­ഴും ഓർ­മ്മി­ക്കു­ന്നു­ണ്ടാ­വും. മ­റ്റു­ള്ള­വ­രെ­യെ­ല്ലാം— അ­ധ്യാ­പ­ക­രെ­പ്പോ­ലും—അ­ദ്ദേ­ഹം മ­റ­ന്നി­രി­ക്കും. ഇ­തു­കൊ­ണ്ടാ­ണു് എന്റെ ലേ­ഖ­ന­ങ്ങ­ളിൽ വർ­ണ്ണി­ക്ക­പ്പെ­ടു­ന്ന സ്ത്രീ­കൾ എ­പ്പോ­ഴും സു­ന്ദ­രി­ക­ളാ­വു­ന്ന­തു്.

ആ­ങ്ദ്രേ ഷീ­ദി­ന്റെ ‘Journals’ കാ­ഫ്ക­യു­ടെ­യും ചേ­സാ­റേ പാ­വേ­സെ­യു­ടേ­യും ഡ­യ­റി­കൾ, ഇവ വാ­യി­ക്കാ­ത്ത­വർ സാ­ഹി­ത്യ­ത്തി­ന്റെ, അ­തുൾ­ക്കൊ­ള്ളു­ന്ന ചി­ന്ത­യു­ടെ ഭംഗി ക­ണ്ട­വ­ര­ല്ല.

ഞാൻ തി­രു­വ­ന­ന്ത­പു­ര­ത്തേ­ക്കു പോ­രി­ക­യാ­യി­രു­ന്നു ഗൽഫ് രാ­ജ്യ­ത്തിൽ­നി­ന്നു്. എയർ ഹോ­സ്റ്റ­സ് ഒരു ചെറിയ പ്ലാ­സ്റ്റി­ക് കൂടു് ത­ന്നി­ട്ടു പോയി. അ­തി­ന­ക­ത്തു് ‘ന­ട്ട്സ്’ ആവണം. ഞാനതു കീറാൻ എത്ര ശ്ര­മി­ച്ചി­ട്ടും സാ­ധി­ച്ചി­ല്ല. അ­ല്പ­സ­മ­യം ക­ഴി­ഞ്ഞു് എന്റെ അ­ടു­ത്തു­കൂ­ടെ പോയ എയർ ഹോ­സ്റ്റ­സി­നോ­ടു് ‘ഇ­തെ­ങ്ങ­നെ തു­റ­ക്കാ­നാ­ണു് ’ എന്നു ഞാൻ ഇം­ഗ്ലീ­ഷിൽ ചോ­ദി­ച്ചു. അവർ ‘ഇതാ വ­രു­ന്നു’ എന്നു പ­റ­ഞ്ഞു് തി­ടു­ക്ക­ത്തിൽ പോയി. അ­പ്പോ­ഴേ­ക്കും വിൻ­ഡോ­സീ­റ്റി­ന­ടു­ത്തി­രു­ന്ന ഒ­ര­തി­സു­ന്ദ­രി അ­വർ­ക്കു കി­ട്ടി­യ കൂ­ടി­ന്റെ ക­നം­കു­റ­ഞ്ഞ ഒരു പ്ലാ­സ്റ്റി­ക് നൂൽ വ­ലി­ച്ചു അതു തു­റ­ന്നു് ‘ഇതാ ഇ­ങ്ങ­നെ’ എന്നു പ­റ­ഞ്ഞു. എ­ന്നെ­ക്കാൾ ബു­ദ്ധി­കൂ­ടി­യ അവരെ ഞാൻ മ­ന­സ്സു­കൊ­ണ്ടു് അ­ഭി­ന­ന്ദി­ച്ചു. എന്റെ ഈ ബു­ദ്ധി­ക്കു­റ­വു­കൊ­ണ്ടാ­കാം ശ്രീ. എം. ആർ. മ­നോ­ഹ­ര­വർ­മ്മ ‘കു­ങ്കു­മ­വി­മാ­ന’ത്തി­ലെ യാ­ത്ര­ക്കാ­ര­നാ­യ എ­നി­ക്കു് തന്ന ‘ഭാ­ഗ്യ­ന­മ്പ­രു­കൾ’ എന്ന ക­ഥാ­പ്ലാ­സ്റ്റി­ക് കൂടു് തു­റ­ക്കാ­നാ­വു­ന്നി­ല്ല. ശ­ങ്ക­ര­നാ­രാ­യ­ണ­നും കു­ടും­ബ­വും പുതിയ വീ­ട്ടി­ലെ­ത്തു­ന്നു താ­മ­സി­ക്കാൻ. അ­വി­ടെ­യു­ണ്ടു് ഒരു തു­ണ്ടു ക­ട­ലാ­സ്സി­ലെ­ഴു­തി­യ ഒരു നമ്പർ. അതു ഗൃ­ഹ­നാ­യ­ക­നെ അ­മ്പ­ര­പ്പി­ക്കു­ന്നു. അയാൾ ഓ­ഫീ­സി­ലെ­ത്തി­യ­പ്പോൾ അ­വി­ടെ­യും കി­ട­ക്കു­ന്നു മ­റ്റൊ­രു സംഖ്യ കു­റി­ച്ച ക­ട­ലാ­സ്സു­ക­ഷ­ണം. അവ ര­ണ്ടും അ­യാ­ളു­ടെ ഭാ­ഗ്യ­ന­മ്പ­രു­ക­ള­ത്രേ. ശ­ങ്ക­ര­നാ­രാ­യ­ണൻ അ­ത്ഭു­ത­പ­ര­വ­ശ­നാ­യി നി­ല്ക്കു­മ്പോൾ കഥ അ­വ­സാ­നി­ക്കു­ന്നു (സാ­ഹി­ത്യ­വാ­ര­ഫ­ല­ത്തെ ക­ളി­യാ­ക്കാ­നാ­യി ശ­ങ്ക­ര­നാ­രാ­യ­ണ­നെ­ക്കൊ­ണ്ടു വാ­ര­ഫ­ല­ങ്ങൾ വാ­യി­പ്പി­ച്ചു് അയാളെ ‘സാ­ഹി­ത്യ­വാ­ര­ഫ­ല’ത്തി­ലേ­ക്കു് ആ­ന­യി­ക്കു­ന്നു­ണ്ടു് മ­നോ­ഹ­ര­വർ­മ്മ. ഒ­ട്ടും മ­നോ­ഹാ­രി­ത­യി­ല്ലാ­ത്ത പ്ര­വൃ­ത്തി­യാ­യി­പ്പോ­യി ഇതു്. ‘സാ­ഹി­ത്യ­വാ­ര­ഫ­ല’ത്തെ നി­ന്ദി­ക്ക­ണ­മെ­ങ്കിൽ അതു് ലേ­ഖ­ന­ത്തി­ലൂ­ടെ നേ­രി­ട്ടാ­വ­ണം. കഥയിൽ ആ നി­ന്ദ­നം തി­രു­കു­ന്ന­തു് കലയെ വ്യ­ഭി­ച­രി­ക്ക­ലാ­ണു്). ഞാൻ നേ­ര­ത്തേ പ­റ­ഞ്ഞ­ല്ലോ ഇ­ക്ക­ഥ­യു­ടെ ‘ഗു­ട്ടൻ­സ്’ എ­നി­ക്കു പി­ടി­കി­ട്ടി­യി­ല്ലെ­ന്നു്. മാ­നു­ഷി­കാ­നു­ഭ­വ­ത്തി­ന്റെ പ്ര­തി­പാ­ദ­ന­മാ­ണു് ചെ­റു­ക­ഥ­യി­ലു­ള്ള­തു്. ക­ഥാ­കാ­രൻ വർ­ണ്ണി­ക്കു­ന്ന അ­നു­ഭ­വം അ­നു­വാ­ച­ക­നെ സ­മാ­ക്ര­മി­ച്ചു് അ­ന്യാ­ദൃ­ശ്യ­മാ­യ അ­വ­സ്ഥ­യി­ലെ­ത്തി­ക്ക­ണം അയാളെ. അതു് ഇ­ക്ക­ഥ­യി­ലെ­ന്ന­ല്ല മ­നോ­ഹ­ര­വർ­മ്മ ഇ­തു­വ­രെ എ­ഴു­തി­യ ഒരു ക­ഥ­യി­ലു­മി­ല്ല.

The Waste Land’ വീ­ണ്ടും വാ­യി­ക്കു­ന്ന­തു കൊ­ണ്ടു് അതിലെ വരികൾ എ­ഴു­താൻ കൗ­തു­കം. ലൈം­ഗി­ക­ത­യിൽ വൈ­ര­സ്യം വന്ന സ്ത്രീ അ­വ­ളു­ടെ കാ­മു­ക­നോ­ടു ചോ­ദി­ക്കു­ന്നു:

What shall I do now? What

shall I do? I shall rush out as I am,

and walk the street With my hair down, so.

What shall we do tomorrow? What shall we ever do?

The hot water at ten And if it rains, a closed

car at four. And we shall play a game

of chess, Pressing lidless eyes and

waiting for a knock upon the door

(PP. 55,56)

images/TSEliot1934.jpg
റ്റി. എസ്. എ­ല്യ­റ്റ്

വി­കാ­രം ത­രി­ശു­ഭൂ­മി, ആ­ധ്യാ­ത്മി­ക­ത്വം ത­രി­ശു­ഭൂ­മി, ജീ­വി­ത­മാ­കെ ത­രി­ശു­ഭൂ­മി. ന­മ്മു­ടെ സാ­ഹി­ത്യ­വും ത­രി­ശു­ഭൂ­മി എ­ന്നു് എ­ല്യ­റ്റ് പ­റ­യാ­ത്ത­തു് അ­ദ്ദേ­ഹ­ത്തി­നു് മ­ല­യാ­ളം അ­റി­ഞ്ഞു­കൂ­ടാ­ത്ത­തു കോ­ണ്ടാ­ണു്.

ചോ­ദ്യം, ഉ­ത്ത­രം

ചോ­ദ്യം: ചീ­ത്ത­ക്ക­ഥ­ക­ളോ ചീ­ത്ത­ക്ക­വി­ത­ക­ളോ എ­ഴു­തു­ന്ന­വ­രെ അ­വ­യു­ടെ പേരിൽ കു­റ്റ­പ്പെ­ടു­ത്തി­യാൽ അവർ ദേ­ഷ്യ­പ്പെ­ടു­ന്ന­തെ­ന്തി­നു്?

ഉ­ത്ത­രം: രചന ക­ലാ­ര­ഹി­ത­മാ­യാ­ലും ക­ലാ­ത്മ­ക­മാ­യാ­ലും ര­ച­യി­താ­വി­ന്റെ ഹൃ­ദ­യ­ത്തി­ന്റെ അ­ടി­ത്ത­ട്ടിൽ നി­ന്നാ­ണു് അതു് ഉ­യ­രു­ന്ന­തു്. ആർ­ജ്ജ­വ­ത്തോ­ടെ­യാ­ണു് അയാൾ അ­തി­നു് രൂപം നൽ­കു­ന്ന­തും. ആ ആർ­ജ്ജ­വ­ത്തെ­യാ­ണു് വി­മർ­ശ­കൻ ചോ­ദ്യം ചെ­യ്യു­ന്ന­തു്. അതു് ഒരു ര­ച­യി­താ­വി­നും ഇ­ഷ്ട­മ­ല്ല.

ചോ­ദ്യം: സിനിമ ക­ണ്ടു­കൊ­ണ്ടി­രി­ക്കു­മ്പോൾ ഒ­രു­ത്തൻ പെ­ട്ടെ­ന്നു് എ­ഴു­ന്നേ­റ്റു് വാ­ക്കൗ­ട്ട് ന­ട­ത്തു­ന്നു. ഇതു് അവിടെ ഇ­രി­ക്കു­ന്ന­വ­രെ അ­പ­മാ­നി­ക്കു­ന്ന­തി­നു തു­ല്യ­മ­ല്ലേ?

ഉ­ത്ത­രം: മാ­ന്യ­മാ­യ പ്ര­വൃ­ത്തി അല്ല അതു്. ഞാനും ചെ­റു­പ്പ­കാ­ല­ത്തു് അ­ങ്ങ­നെ പ്ര­വർ­ത്തി­ച്ചി­ട്ടു­ണ്ടു്. ച­ല­ച്ചി­ത്രം അ­സ­ഹ­നീ­യ­മാ­ണെ­ങ്കിൽ ഇടവേള വ­രെ­യെ­ങ്കി­ലും കാ­ത്തി­രി­ക്ക­ണം. അ­പ്പോ­ഴും പെ­രു­വി­ര­ലൂ­ന്നി മോ­ഷ്ടാ­വി­ന്റെ മ­ട്ടിൽ സി­നി­മാ­ശാ­ല­യിൽ നി­ന്നി­റ­ങ്ങു­ന്ന­താ­ണു് ന­ല്ല­തു്.

ചോ­ദ്യം: ഭർ­ത്താ­വു് എ­ങ്ങ­നെ പെ­രു­മാ­റ­ണം സാറേ?

ഉ­ത്ത­രം: അയാൾ ഭാ­ര്യ­യെ­യും കു­ഞ്ഞു­ങ്ങ­ളെ­യും അ­ല­ട്ട­രു­തു്. കൊ­ടു­ത്ത പ­ണ­ത്തി­ന്റെ ക­ണ­ക്കു് ഭാ­ര്യ­യോ­ടു് ചോ­ദി­ക്ക­രു­തു്. ‘ആരു പ­റ­ഞ്ഞെ­ടാ പ­ഠി­ക്കാ­നു­ള്ള പു­സ്ത­കം പൂ­മു­ഖ­ത്തി­ടാൻ’ എന്നു പോലും മ­ക­നോ­ടു് ചോ­ദി­ക്ക­രു­തു്. തന്റെ മാ­ന്യ­മാ­യ ജീ­വി­ത­രീ­തി ഭാ­ര്യ­യ്ക്കും കു­ട്ടി­കൾ­ക്കും മാ­തൃ­ക­യാ­വ­ണം. അ­ങ്ങ­നെ ഗൃ­ഹ­നാ­യ­കൻ ജീ­വി­ച്ചാൽ ഭാ­ര്യ­യും കു­ട്ടി­ക­ളും അയാളെ അ­നു­ക­രി­ച്ചു് മാ­ന്യ­ത­യോ­ടെ ക­ഴി­ഞ്ഞു­കൂ­ടി­ക്കൊ­ള്ളും.

ചോ­ദ്യം: ഈ സു­ദീർ­ഘ­മാ­യ ജീ­വി­തം കൊ­ണ്ടു് നി­ങ്ങൾ എ­ന്തു് മ­ന­സ്സി­ലാ­ക്കി?

ഉ­ത്ത­രം: വീ­ട്ടിൽ മ­ര­പ്പ­ണി­ക്കും മ­റ്റും വ­രു­ന്ന­വർ­ക്കു് അ­ഡ്വാൻ­സാ­യി കൂലി കൊ­ടു­ക്ക­രു­തെ­ന്നു്; കൊ­ടു­ത്താൽ­പ്പി­ന്നെ അവരെ കാ­ണു­ക­യി­ല്ലെ­ന്നു്.

ചോ­ദ്യം: സാ­ഹി­ത്യ­കാ­ര­ന്റെ ആ­യി­ര­മാ­യി­രം ഗു­ണ­ങ്ങൾ പ­റ­ഞ്ഞി­ട്ടു് ഒരു ദോഷം ചൂ­ണ്ടി­ക്കാ­ണി­ച്ചാൽ അയാൾ ശ­ത്രു­വാ­കു­ന്ന­തെ­ന്തു­കൊ­ണ്ടു്?

ഉ­ത്ത­രം: അതു സ്വാ­ഭാ­വി­കം. സ്നേ­ഹ­പൂർ­വ്വം ചെ­യ്യു­ന്ന കാ­ര്യ­ങ്ങൾ വി­സ്മ­രി­ക്ക­പ്പെ­ടും. അല്പം ക്രൂ­ര­ത­യു­ള്ള പ്ര­വർ­ത്ത­ന­ങ്ങൾ മ­ന­സ്സിൽ നി­ന്നു് മാ­യു­ക­യി­ല്ല. ഞാനും ഈ സാ­മാ­ന്യ­ത­ത്വ­ത്തിൽ നി­ന്നു് മാറി നി­ല്ക്കു­ന്ന­വ­ന­ല്ല.

ചോ­ദ്യം: നല്ല ‘ഓർ­മ്മ­ക്കു­റി­പ്പു­കൾ’ ആ­രു­ടേ­താ­ണു് ?

ഉ­ത്ത­രം: ആ­ങ്ദ്രേ ഷീദി ന്റെ ‘journals’ കാ­ഫ്ക­യു­ടെ­യും ചേ­സാ­റേ പാ­വേ­സെ യു­ടെ­യും ഡ­യ­റി­കൾ, ഇവ വാ­യി­ക്കാ­ത്ത­വർ സാ­ഹി­ത്യ­ത്തി­ന്റെ, അ­തുൾ­ക്കൊ­ള്ളു­ന്ന ചി­ന്ത­യു­ടെ ഭംഗി ക­ണ്ട­വ­ര­ല്ല.

വി. എം. സു­ധീ­രൻ
images/VMSudheeran.jpg
വി. എം. സു­ധീ­രൻ

ക­ലാ­കൗ­മു­ദി വാരിക ശ്രീ. വി. എം. സു­ധീ­ര­ന്റെ പടം കവറിൽ അ­ച്ച­ടി­ച്ച­തു ക­ണ്ടു് എ­നി­ക്കു് സ­ന്തോ­ഷ­മു­ണ്ടാ­യി. സു­ധീ­രൻ ധീ­ര­മാ­യി ഓരോ ചു­വ­ടും മു­ന്നോ­ട്ടു വ­യ്ക്കു­ന്നു എ­ന്ന­തു മാ­ത്രം കൊ­ണ്ട­ല്ല സ­ന്തോ­ഷം. സ്പീ­ക്കർ ആ­യി­രു­ന്ന­പ്പോ­ഴും അ­ദ്ദേ­ഹം ‘ത­ണ്ടും മ­ട്ടും’ കാ­ണി­ക്കാ­തെ സാ­ധാ­ര­ണ­ക്കാ­ര­നെ­പ്പോ­ലെ എ­ല്ലാ­വ­രോ­ടും പെ­രു­മാ­റി എ­ന്ന­തു മാ­ത്രം കൊ­ണ്ട­ല്ല ആ സ­ന്തോ­ഷം. ഒരു പ്ര­തി­സ­ന്ധി­യിൽ സു­ധീ­രൻ താ­ന­റി­യാ­തെ എന്നെ സ­ഹാ­യി­ച്ചു എ­ന്ന­തി­ലാ­ണു് ഏറെ സ­ന്തോ­ഷം. ഒ­ന്നും വ്യ­ക്ത­മാ­യി പറയാൻ വയ്യ. പ­റ­ഞ്ഞാൽ ആ­ളാ­രെ­ന്നു് സ്പ­ഷ്ട­മാ­യി­പ്പോ­കും. അതു മാ­ന്യ­ത­യു­മ­ല്ല­ല്ലോ. ‘ജീ­വ­ന്മ­ര­ണ­പ്ര­ശ്നം’ എ­ന്നു് പ­ത്ര­ങ്ങ­ളിൽ കാ­ണാ­റു­ണ്ട­ല്ലോ. അ­ങ്ങ­നെ­യൊ­രു ‘പ്ര­ശ്നം’ പ­രി­ഹ­രി­ച്ചു കി­ട്ടാൻ ഞാൻ ഒ­രാ­ളി­ന്റെ മുൻ­പിൽ അ­ഭ്യർ­ത്ഥ­ന­യു­മാ­യി നി­ല്ക്കു­ക­യാ­യി­രു­ന്നു. അര മ­ണി­ക്കൂർ നേരം അ­പേ­ക്ഷി­ച്ചി­ട്ടും ആൾ വ­ഴ­ങ്ങാ­തെ ‘സാ­ദ്ധ്യ­മ­ല്ല, സാ­ദ്ധ്യ­മ­ല്ല’ എ­ന്നു് പ­റ­ഞ്ഞു­കൊ­ണ്ടി­രു­ന്നു. ‘ഗെ­റ്റൗ­ട്ട്’ എ­ന്നു് ആ ആൾ പറയാൻ തു­ട­ങ്ങു­ന്ന­തി­നു് മുൻ­പു് എന്റെ ഭാ­ഗ്യാ­തി­രേ­ക­ത്താൽ സു­ധീ­രൻ ആ മു­റി­യിൽ കയറി വന്നു. എന്തോ കാ­ര്യം പ­റ­ഞ്ഞി­ട്ടു് ഇ­റ­ങ്ങി­പ്പോ­വു­ക­യും ചെ­യ്തു. ‘ഹാ, എന്തു നല്ല പയ്യൻ!’ എ­ന്നു് ആ ആൾ അ­റി­യാ­തെ പ­റ­ഞ്ഞു­പോ­യി. എന്റെ സാ­ന്നി­ദ്ധ്യം മ­റ­ന്നു്, സു­ധീ­ര­ന്റെ ആ­കൃ­തി­സൗ­ഭ­ഗം ക­ണ്ടു­മ­തി­മ­റ­ന്നു് അ­ങ്ങ­നെ പ­റ­ഞ്ഞ­തു് അ­ബ­ദ്ധ­മാ­യി­പ്പോ­യെ­ന്നു് ഉ­ത്ത­ര­ക്ഷ­ണ­ത്തിൽ ആ ആളിനു തോ­ന്നി. അ­തു­വ­രെ എന്റെ അ­ഭ്യർ­ത്ഥ­ന നി­രാ­ക­രി­ച്ചി­രു­ന്ന ആൾ ഉടനെ എന്റെ മു­ഖ­ത്തു നോ­ക്കി ഇ­ളി­ഭ്യ­ത­യോ­ടെ ‘Your request is granted’ എന്നു പ­റ­ഞ്ഞു. അതിനു ശേഷം ഞാൻ സു­ധീ­ര­നെ എന്റെ ഉ­പ­കർ­ത്താ­വാ­യി ക­രു­തു­ക­യാ­ണു്. ഞാ­നി­ന്നു­വ­രെ സു­ധീ­ര­നോ­ടു് ഇ­ക്കാ­ര്യം പ­റ­ഞ്ഞി­ട്ടി­ല്ല. കുറെ മാസം മുൻ­പു് മ­സ്ക­റ്റി­ലെ ‘സാ­യാ­ഹ്ന’ ഹോ­ട്ടൽ പുൽ­ത്ത­കി­ടി­യിൽ അ­ദ്ദേ­ഹം കു­ട്ടി­യു­മാ­യി ഇ­രി­ക്കു­ന്ന­തു് ഞാൻ കണ്ടു. ഞങ്ങൾ കു­റ­ച്ചു നേരം സം­സാ­രി­ച്ചു. അ­പ്പോ­ഴും അ­ദ്ദേ­ഹം താ­ന­റി­യാ­തെ ചെയ്ത ഉ­പ­കാ­ര­ത്തെ­ക്കു­റി­ച്ചു ഞാൻ പ­റ­ഞ്ഞി­ല്ല. ഇ­പ്പോൾ അ­ദ്ദേ­ഹ­ത്തോ­ടും ബ­ഹു­ജ­ന­ത്തോ­ടും ഞാ­നി­തു തു­റ­ന്നു പ­റ­യു­ന്നു. സർ­ക്കാ­രു­ദ്യോ­ഗ­സ്ഥ­കൾ പാ­വ­പ്പെ­ട്ട­വ­രെ പീ­ഡി­പ്പി­ക്കു­മ്പോൾ സു­ധീ­ര­നെ­പ്പോ­ലെ ആകൃതി സൗ­ഭ­ഗ­മു­ള്ള­വർ അവിടെ മി­ന്നൽ­പ്പി­ണർ പോ­ലെ­യാ­ണെ­ങ്കി­ലും ഒന്നു പ്ര­കാ­ശം വി­ത­റി­യി­ട്ടു പോ­കു­ന്ന­തു് ആ പാ­വ­പ്പെ­ട്ട­വർ­ക്കു വലിയ സ­ഹാ­യ­മാ­യി­രി­ക്കും.

മ­ള്ളൂർ—ക­വി­യ­ര­ങ്ങിൽ

ഏതു വി­ര­സ­മാ­യ പ­ദ്യ­വും—ഗ­ദ്യം­പോ­ലും—റെ­ട്ട­റി­ക് കൊ­ണ്ടു മ­നോ­ഹ­ര­മാ­ക്കാം. ഞാൻ പേ­രു­കൾ പ­റ­യു­ന്നി­ല്ല. റെ­ട്ട­റി­ക്കിൽ ‘ശി­ക്ഷി­ത­പ­ടു­ത്വ’വും ‘അ­ശി­ക്ഷി­ത­പ­ടു­ത്വ’വും ഉ­ള്ള­വർ വേ­ദി­ക­ളിൽ കയറി നി­ന്നു കൊ­ണ്ടു് തൊണ്ട കീ­റു­മാ­റു് പദ്യം ചൊ­ല്ലു­ന്നു. ശ്രോ­താ­ക്ക­ളു­ടെ കൈ­യ്യ­ടി മേ­ടി­ക്കു­ന്നു. എ­ന്നാൽ ചൊ­ല്ലി­യ വ­രി­ക­ളിൽ കവിത തീ­രെ­യി­ല്ല­താ­നും.

തി­രു­വ­ന­ന്ത­പു­ര­ത്തെ പേരു കേട്ട ക്രി­മി­നൽ വ­ക്കീ­ലാ­യി­രു­ന്നു മ­ള്ളൂർ ഗോ­വി­ന്ദ­പ്പി­ള്ള. പല കൊ­ല­പാ­ത­കി­ക­ളെ­യും അ­ദ്ദേ­ഹം വാ­ഗ്മി­ത കൊ­ണ്ടു് തൂ­ക്കു­മ­ര­ത്തിൽ നി­ന്നു ര­ക്ഷി­ച്ചി­ട്ടു­ണ്ടു്. അ­ദ്ദേ­ഹ­ത്തി­ന്റെ ഫീ ആയിരം രൂ­പ­യാ­യി­രു­ന്നു. അ­തു­കൊ­ണ്ടു് ‘ആയിരം രൂ­പ­യും മ­ള്ളൂ­രു­മു­ണ്ടെ­ങ്കിൽ ആ­രെ­യും കൊ­ല്ലാം’ എ­ന്നൊ­രു ചൊ­ല്ലു തന്നെ ഇ­വി­ടെ­യു­ണ്ടാ­യി. ഞാ­നൊ­രി­ക്കൽ മ­ള്ളൂർ ഗോ­വി­ന്ദ­പ്പി­ള്ള ഒരു പോ­ലീ­സ് ഇൻ­സ്പെ­ക്ട­റെ ക്രോ­സ് വി­സ്താ­രം ന­ട­ത്തു­ന്ന­തു കേൾ­ക്കാൻ പോയി.

മ­ള്ളൂർ:
കൊ­ല­പാ­ത­കം ന­ട­ന്ന­തു തീ­വ­ണ്ടി­യാ­പ്പീ­സി­ന്റെ ഏതു ഭാ­ഗ­ത്താ­ണു്? ദി­ക്കാ­ണു് ഞാൻ ചോ­ദി­ക്കു­ന്ന­തു്.
ഇൻ­സ്പെ­ക്ടർ:
വ­ട­ക്കു്.
മ­ള്ളൂർ:
വ­ട­ക്കോ?
ഇൻ­സ്പെ­ക്ടർ:
അല്ല, തെ­ക്കു്.
മ­ള്ളൂർ:
തെ­ക്കും വ­ട­ക്കും നി­ശ്ച­യ­മി­ല്ലാ­ത്ത നി­ങ്ങൾ കി­ഴ­ക്കെ­ന്നും പ­ടി­ഞ്ഞാ­റെ­ന്നും കൂടി പ­റ­ഞ്ഞേ­ക്കൂ അ­പ്പോൾ നാലു ദി­ക്കു­ക­ളു­മാ­യ­ല്ലോ.
images/journalGide.jpg

ഇൻ­സ്പെ­ക്ടർ വി­യർ­പ്പിൽ മു­ങ്ങി­ക്കു­ളി­ച്ചു. ഒ­ടു­വിൽ കൊ­ല­പാ­ത­കി­യെ കോടതി വെ­റു­തേ വി­ട്ടു. മ­ള്ളൂ­രി­ന്റെ ഈ ക­ഴി­വി­നെ ഞാൻ റെ­ട്ട­റി­ക് എ­ന്നാ­ണു് വി­ളി­ക്കു­ന്ന­തു്. റെ­ട്ട­റി­ക് ന­ന്മ­യ്ക്കു വേ­ണ്ടി ഉ­പ­യോ­ഗി­ക്കാം. തി­ന്മ­യ്ക്കു വേ­ണ്ടി­യു­മാ­കാം. പക്ഷേ, തി­ന്മ­യ്ക്കു വേ­ണ്ടി­യാ­ണു് ഇ­ന്ന­ധി­ക­വും അതു് ഉ­പ­യോ­ഗി­ക്ക­പ്പെ­ടു­ന്ന­തു്. വ­ക്കീ­ല­ന്മാർ­ക്കു റെ­ട്ട­റി­ക്കി­ലെ­ങ്കിൽ കോ­ട­തി­യിൽ ജ­യ­മി­ല്ല. രാ­ഷ്ട്രീ­യ നേ­താ­വു് ശ്രോ­താ­ക്ക­ളെ ‘കൈ­യി­ലെ­ടു­ക്കു’ന്ന­തു് റെ­ട്ട­റി­ക് കൊ­ണ്ടാ­ണു്. ഈ പ­ദ­പ്ര­യോ­ഗ വൈ­ദ­ഗ്ധ്യം പ­ര­കോ­ടി­യിൽ കാ­ണ­പ്പെ­ടു­ന്ന­തു ക­വി­യ­ര­ങ്ങു­ക­ളി­ലാ­ണു്. ഏതു വി­ര­സ­മാ­യ പ­ദ്യ­വും—ഗ­ദ്യം­പോ­ലും—റെ­ട്ട­റി­ക് കൊ­ണ്ടു മ­നോ­ഹ­ര­മാ­ക്കാം. ഞാൻ പേ­രു­കൾ പ­റ­യു­ന്നി­ല്ല. റെ­ട്ട­റി­ക്കിൽ ‘ശി­ക്ഷി­ത­പ­ടു­ത്വ’വും ‘അ­ശി­ക്ഷി­ത­പ­ടു­ത്വ’വും ഉ­ള്ള­വർ വേ­ദി­ക­ളിൽ കയറി നി­ന്നു തൊണ്ട കീ­റു­മാ­റു് പദ്യം ചൊ­ല്ലു­ന്നു. ശ്രോ­താ­ക്ക­ളു­ടെ കൈ­യ്യ­ടി മേ­ടി­ക്കു­ന്നു. എ­ന്നാൽ ചൊ­ല്ലി­യ വ­രി­ക­ളിൽ കവിത തീ­രെ­യി­ല്ല­താ­നും.

ഈ സ­ത്യ­ത്തി­ലേ­ക്കു കൈ­ചൂ­ണ്ടു­ന്നു ദേ­ശാ­ഭി­മാ­നി വാ­രി­ക­യിൽ ‘മലയാള ക­വി­ത­യെ ര­ക്ഷി­ക്കു­ക’ എന്ന ക­ത്തെ­ഴു­തി­യ ശ്രീ. ജയൻ, തേ­ന്നൂർ­ക്ക­ര. മി­ത­വും സാ­ര­വ­ത്തു­മാ­യ വാ­ക്കു­കൾ കൊ­ണ്ടു് അ­ദ്ദേ­ഹം ഇ­ന്ന­ത്തെ കാവ്യ സം­സ്കാ­ര­ലോ­പ­ത്തെ വ്യ­ക്ത­മാ­ക്കി­ത്ത­രു­ന്നു. അ­ദ്ദേ­ഹ­ത്തെ ഞാൻ സാദരം അ­ഭി­ന­ന്ദി­ക്ക­ട്ടെ.

സ്ഫി­ങ്ക്സി­ന്റെ മുൻ­പിൽ
images/PDOuspenskiy.jpg
പി. ഡി. ഊ­സ്പെൻ­സ്കി

Gurdjieff-ന്റെ ശി­ഷ്യ­നാ­യി­രു­ന്നു പി. ഡി. ഊ­സ്പെൻ­സ്കി എന്നു പലരും എ­ഴു­തി­യി­ട്ടു­ണ്ടു്. അതു് അ­ത്ര­ക­ണ്ടു ശ­രി­യ­ല്ലെ­ന്നും ഊ­സ്പെൻ­സ്കി സ്വ­ന്തം നി­ല­യിൽ തന്നെ ജീ­നി­യ­സ്സ് ആ­യി­രു­ന്നു­വെ­ന്നും സ്ഥാ­പി­ക്കാ­നാ­യി കോളിൻ വിൽസൻ “The Strange Life of P. D. Ouspensky” എന്ന പു­സ്ത­കം എഴുതി. ഈ മി­സ്റ്റി­ക്കി­ന്റെ “The Strange Life of Ivan Osokin ” എന്ന നോ­വ­ലും “In Search of the Miraculous ”, “A New Model of the Universe” എന്നീ ദാർ­ശ­നി­ക ഗ്ര­ന്ഥ­ങ്ങ­ളും ഞാൻ വാ­യി­ച്ചി­ട്ടു­ണ്ടു്.

images/InSearchOtfheMiraculous.jpg

മൂ­ന്നാ­മ­ത്തെ ഗ്ര­ന്ഥ­ത്തിൽ ഈ­ജി­പ്തി­ലെ കൈറോ ന­ഗ­ര­ത്തി­ന­ടു­ത്തു­ള്ള എൽഗീസ പ­ട്ട­ണ­ത്തി­ലെ പി­ര­മി­ഡു­കൾ­ക്കു് സ­മീ­പ­ത്തു­ള്ള സ്ഫി­ങ്ക്സി­ന്റെ മുൻ­പിൽ ഊ­സ്പെൻ­സ്കി നി­ന്ന­പ്പോ­ഴു­ണ്ടാ­യ അ­നു­ഭൂ­തി­ക­ളെ വർ­ണ്ണി­ച്ചി­ട്ടു­ണ്ടു്. ലോ­ക­സാ­ഹി­ത്യ­ത്തി­ലെ ഉ­ത്കൃ­ഷ്ട­ങ്ങ­ളാ­യ ര­ച­ന­ക­ളിൽ ഒ­ന്നാ­യി ഞാ­ന­തി­നെ പ­രി­ഗ­ണി­ക്കു­ന്നു. ഊ­സ്പെൻ­സ്കി­യു­ടെ പു­സ്ത­കം എന്റെ കൈ­യ്യി­ലി­ല്ല. എ­ന്നാൽ ജേ­ക്ക­ബ് നീ­ഡിൽ­മാൻ എ­ഴു­തി­യ “A Sense of the Cosmos” എന്ന ശ്രേ­ഷ്ഠ­മാ­യ പു­സ്ത­ക­ത്തിൽ ആ ഭാഗം ഉ­ദ്ധ­രി­ച്ചി­ട്ടു­ണ്ടു്. അതിനെ അ­വ­ലം­ബി­ച്ചാ­ണു് ഇ­നി­യു­ള്ള വരികൾ ഞാൻ കു­റി­ച്ചി­ടു­ന്ന­തു്. മ­ഞ്ഞ­നി­റ­വും ചാ­ര­നി­റ­വും ക­ലർ­ന്ന മ­ണ്ണു്. അഗാധ നീ­ലി­മ­യാർ­ന്ന അ­ന്ത­രീ­ക്ഷം. ദൂരെ ഖെഫറൻ പി­ര­മി­ഡി­ന്റെ ത്രി­കോ­ണം. ഊ­സ്പെൻ­സ്കി­യു­ടെ തൊ­ട്ടു മുൻ­പിൽ വി­ചി­ത്ര­വും അ­ദ്ഭു­ത­ക­ര­വു­മാ­യ ആ മുഖം. അ­തി­ന്റെ നോ­ട്ടം വി­ദൂ­ര­ത­യി­ലേ­ക്കു്. സ്ഫി­ങ്ക്സി­ന്റെ മുൻ­പിൽ മണലിൽ ഇ­രി­ക്കു­മ്പോ­ഴെ­ല്ലാം ഭയവും ഉ­ന്മൂ­ല­ന­ത്തി­ന്റെ ഭീ­തി­യും അ­ദ്ദേ­ഹ­ത്തി­നു് ഉ­ണ്ടാ­യി­ട്ടു­ണ്ടു്. അ­തി­ന്റെ നോ­ട്ട­ത്താൽ ഊ­സ്പെൻ­സ്കി ഗ്ര­സി­ക്ക­പ്പെ­ട്ടു.

images/nmotu.jpg

ന­മ്മു­ടെ­യെ­ല്ലാം ധാ­ര­ണാ­ശ­ക്തി­ക്കു് അ­തീ­ത­മാ­യ മ­ഹാ­ദ്ഭു­ത­ങ്ങ­ളെ അ­തി­ന്റെ നോ­ട്ടം ഉ­ദ്ഘോ­ഷി­ച്ചു. ച­രി­ത്ര­പ­ര­മാ­യ ഈ­ജി­പ്തി­നെ­ക്കാൾ പൂർ­വി­ക­ത സ്ഫി­ങ്ക്സി­നു­ണ്ടു്. ഈ­ജി­പ്തി­ന്റെ ഈ­ശ്വ­ര­ന്മാ­രെ­ക്കാൾ, പി­ര­മി­ഡു­ക­ളെ­ക്കാൾ അതിനു പ്രാ­യം കൂടും. സ്ഫി­ങ്ക്സ് ക­ല്ലി­ലു­ള്ള രൂ­പ­മാ­ണെ­ന്നും പ്രാ­ചീ­ന വി­ജ്ഞാ­ന­ത്തി­ന്റെ സാ­ക­ല്യാ­വ­സ്ഥ­യാ­ണെ­ന്നും ഒരു സി­ദ്ധാ­ന്ത­മു­ണ്ടു്. ഇതു ത­ന്നെ­യാ­ണു് അ­തി­ന്റെ പ്ര­സി­ദ്ധ­മാ­യ പ്ര­ഹേ­ളി­ക. ജീ­വി­ത­ത്തി­ന്റെ­യും ലോ­ക­ത്തി­ന്റെ­യും അ­ടി­സ്ഥാ­ന­പ­ര­ങ്ങ­ളാ­യ പ്ര­ശ്ന­ങ്ങൾ അതു് അ­ദ്ദേ­ഹ­ത്തി­ന്റെ മുൻ­പിൽ വച്ചു. അ­ന­ന്ത­ത! ആ വാ­ക്കു് ഊ­സ്പെൻ­സ്കി­യു­ടെ ബോ­ധ­മ­ണ്ഡ­ല­ത്തിൽ മി­ന്നി­പ്പാ­ഞ്ഞു. കാലം, വ­സ്തു­ക്കൾ, ജീ­വി­തം ഇ­വ­യെ­ക്കു­റി­ച്ചു­ള്ള ചി­ന്ത­കൾ കു­ഴ­ഞ്ഞു മ­റി­ഞ്ഞു. സ്ഫി­ങ്ക്സി­ന്റെ മുൻ­പിൽ അ­ദ്ദേ­ഹം നി­ന്ന­പ്പോൾ അതു് എല്ലാ സം­ഭ­വ­ങ്ങ­ളി­ലൂ­ടെ­യും സ­ഹ­സ്രാ­ബ്ദ­ങ്ങ­ളി­ലെ ആ­ക­സ്മി­ക സം­ഭ­വ­ങ്ങ­ളി­ലൂ­ടെ­യും ആ നി­മി­ഷ­ങ്ങ­ളിൽ ജീ­വി­ക്കു­ന്നു­വെ­ന്നു് അ­ദ്ദേ­ഹ­ത്തി­നു തോ­ന്നി. ഊ­സ്പെൻ­സ്കി ഒരു മ­ഹാ­ദ്ഭു­ത­ത്തെ സ്പർ­ശി­ച്ചു. പക്ഷേ, അ­ദ്ദേ­ഹ­ത്തി­നു് അതിനെ നിർ­വ­ചി­ക്കാ­നോ അതിനു രൂപം കൊ­ടു­ക്കാ­നോ ക­ഴി­ഞ്ഞി­ല്ല.

പ്രി­യ­പ്പെ­ട്ട വാ­യ­ന­ക്കാർ ഇ­ത്ത­രം ഗ്ര­ന്ഥ­ങ്ങൾ വാ­യി­ക്ക­ണ­മെ­ന്നു് ഞാൻ വി­ന­യ­പൂർ­വം അ­പേ­ക്ഷി­ക്കു­ന്നു.

Colophon

Title: Sāhityavāraphalam (ml: സാ­ഹി­ത്യ­വാ­ര­ഫ­ലം).

Author(s): M Krishnan Nair.

First publication details: Kalakaumudi Weekly; Trivandrum, Kerala; 1993-11-21.

Deafult language: ml, Malayalam.

Keywords: M Krishnan Nair, Sahityavaraphalam, Weekly Lietrary Column, സാ­ഹി­ത്യ­വാ­ര­ഫ­ലം, എം കൃ­ഷ്ണൻ നായർ, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: October 8, 2022.

Credits: The text of the original item is copyrighted to J Vijayamma, author’s inheritor. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-​NC-SA 4​.0). Any reuse of the material should credit the Sayahna Foundation, only noncommercial uses of the work are permitted and adoptations must be shared under the same terms.

Production history: Data entry: MS Aswathi; Proofing: Abdul Gafoor; Typesetter: JN Jamuna; Digitizer: KB Sujith; Encoding: JN Jamuna.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-​tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.