സാഹിത്യവാരഫലം
എം കൃഷ്ണൻ നായർ
(കലാകൗമുദി വാരിക, 1994-03-20-ൽ പ്രസിദ്ധീകരിച്ചതു്)

​ ​

images/SriAurobindoside.jpg
അരവിന്ദഘോഷ്

നിലാവുള്ള ഒരു രാത്രിയിൽ മഹാകവി ജി. ശങ്കരക്കുറുപ്പി നോടൊരുമിച്ചു് ഞാൻ നടക്കുകയായിരുന്നു. രാജരഥ്യയിലെ വിദ്യുച്ഛക്തിദീപങ്ങളെ നിഷ്പ്രഭമാക്കിക്കൊണ്ടു് ചന്ദ്രൻ പ്രശോഭിക്കുന്നുണ്ടു്. കവി ആ ദീപങ്ങളെ നോക്കാതെ കൂടെക്കുടെ പൂർണ്ണചന്ദ്രനെ കൗതുകത്തോടെ വീക്ഷിക്കുന്നുണ്ടായിരുന്നു. അതിൽ എനിക്കു് അദ്ഭുതം തോന്നിയില്ല. ലൗകികസാത്യങ്ങൾക്കും അപ്പുറത്തുള്ള ആധ്യാത്മികസത്യങ്ങളിലായിരുന്നു മഹാകവിക്കു് എപ്പോഴും താല്പര്യം. അദ്ദേഹം എന്നോടു സംസാരിച്ചതു് അരവിന്ദഘോഷി ന്റെ കലാസങ്കല്പത്തെക്കുറിച്ചായിരുന്നു. ആ തത്ത്വചിന്തകനെ ആക്ഷേപിക്കാതെ അദ്ദേഹത്തിന്റെ ഒരോ വാദത്തെയും സംസ്കാരഭദ്രമായ ഭാഷയിൽ ജി. വിമർശിച്ചു. മറ്റു കവികളുടെ കാവ്യങ്ങളിൽനിന്നു് വിഭിന്നമായ കാവ്യങ്ങളാണു് അരവിന്ദഘോഷ് രചിച്ചതെന്നും അവയുടെ സവിശേഷതയ്ക്കു് അനുരൂപമായ കലാസങ്കല്പം അദ്ദേഹം രൂപവത്കരിച്ചുവെന്നുമായിരുന്നു ശങ്കരക്കുറുപ്പിന്റെ പക്ഷം. എങ്കിലും ആ കലാസങ്കല്പത്തെക്കുറിച്ചു പ്രസംഗിക്കുകയും എഴുതുകയും ചെയ്യേണ്ടതു് ആവശ്യകതയാണെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു.

അരവിന്ദഘോഷിന്റെ കവിതയെക്കുറിച്ചു ജി.ക്കു് അത്രകണ്ടു ആദരമുണ്ടായിരുന്നോ എന്നു് എനിക്കു സംശയം. സംസ്കാരസമ്പന്നമായ ഭാഷയിലൂടെയുള്ള വിമർശനം ശങ്കരക്കുറുപ്പിന്റെ ചിന്താഗതിയെ സ്പഷ്ടമാക്കിയില്ല. എങ്കിലും സുനിശ്ചിതങ്ങളായ ആശയങ്ങളെ വിട്ടിട്ടു് അനിശ്ചിതങ്ങളായ ആശയങ്ങളിലേക്കു് അരവിന്ദഘോഷ് പോയിയെന്നു ജി. വിചാരിച്ചതുപോലെ എനിക്കു തോന്നി.

അരവിന്ദഘോഷിന്റെ കവിതയെക്കുറിച്ചു ജി.ക്കു് അത്രകണ്ടു ആദരമുണ്ടായിരുന്നോ എന്നു് എനിക്കു സംശയം. സംസ്കാരസമ്പന്നമായ ഭാഷയിലൂടെയുള്ള വിമർശനം ശങ്കരക്കുറുപ്പിന്റെ ചിന്താഗതിയെ സ്പഷ്ടമാക്കിയില്ല. എങ്കിലും സുനിശ്ചിതങ്ങളായ ആശയങ്ങളെ വിട്ടിട്ടു് അനിശ്ചിതങ്ങളായ ആശയങ്ങളിലേക്കു് അരവിന്ദഘോഷ് പോയിയെന്നു ജി. വിചാരിച്ചതുപോലെ എനിക്കു തോന്നി. മൂർത്തമായ കവിതയെ അംഗീകരിച്ച അദ്ദേഹത്തിനു് അരവിന്ദഘോഷിന്റെ അമൂർത്തമായ കവിതയെ ഇഷ്ടമില്ലായിരുന്നു എന്നും എനിക്കു തോന്നി. ഏറെദൂരം നടന്നുകഴിഞ്ഞപ്പോൾ ജി. എന്നോടു പറഞ്ഞു: “കൃഷ്ണൻനായരെ ആ വലിയ വീട്ടിൽ എന്റെ പ്രിയതമ തനിച്ചിരിക്കുകയാണു്. ഞാൻ തിരിച്ചു പോകട്ടെ”. അദ്ദേഹം തിടുക്കത്തിൽ തിരിച്ചു നടന്നു. ഞാൻ എന്റെ വീട്ടിലേക്കൂം. മഹാകവിയുടെ വാക്കുകളെ സാർത്ഥകമാക്കിക്കൊണ്ടു് അദ്ദേഹത്തിന്റെ പ്രിയതമ ഇന്നു തനിച്ചിരിക്കുന്നു.

മുത്തുകൾ
images/Ake.jpg

1986-ൽ നോബൽ സമ്മാനം നേടിയ നൈജീരിയയിലെ സാഹിത്യകാരൻ വൊള സോയിൻക യുടെ ആത്മകഥയാണു് Ake (എക്കേ). രണ്ടാംലോക മഹായുദ്ധത്തിനു മുൻപും അതു നടക്കുന്ന സമയത്തുമുള്ള തന്റെ ശൈശവകാലാനുഭവങ്ങളെ—വിശേഷിച്ചും നൈജീരിയയിലെ എക്കേപ്പട്ടണത്തിലെ അനുഭവങ്ങളെ— സോയിൻക ഈ ആത്മകഥയിൽ വർണ്ണിക്കുന്നു. മാന്ത്രികസ്വഭാവമുള്ള ഗ്രന്ഥമെന്നു നിരൂപകർ വാഴ്ത്തിയ അതിൽനിന്നു് ഒരു ഭാഗം:

മദ്യപനായ ഒരു അപരിചിതൻ വൊളയുടെ വീട്ടുമുറ്റത്തേക്കു വന്നു. അവിടെ മണലിൽ കുഴിച്ചുവച്ച ഭാഗികമായി തുറന്നുവച്ച അനേകം ജലസംഭരണികൾ ഉണ്ടു്. വന്നയാൾ അവയിൽ ഒന്നിന്റെ അടുത്തേക്കു ചെന്നു കാലുറകളുടെ കുടുക്കുകൾ മാറ്റി അതിനകത്തു മൂത്രമൊഴിച്ചു. ആ അശുദ്ധമാക്കൽ കണ്ടു വൊളയ്ക്കും കൂട്ടുകാർക്കും ദേഷ്യം. കുളിമുറിയിൽ കയറി മൂത്രവിസർജ്ജനം ചെയ്യുന്നതു് ഒരളവിൽ മനസ്സിലാക്കാം. എന്നാൽ കുടിവെള്ളം വച്ചിരിക്കുന്ന ഭരണിയിൽ മൂത്രമൊഴിക്കുക എന്നതു് എത്ര ഹീനമായ കൃത്യം! അവർ അയാളെ തെറിവാക്കുകൾ വിളിച്ചുകൊണ്ടു് അടിച്ചവശനാക്കി. ഒറ്റക്കൈകൊണ്ടു അവരെ തള്ളിമാറ്റി അയാൾ ആക്രോശിച്ചു: “ബർമ്മയിലെ കുട്ടിച്ചാത്തന്മാരേ മാറിപ്പൊയ്ക്കോ” വൊളയും കൂട്ടുകാരും ആദ്യമായിട്ടാണു് ആ പ്രയോഗം കേൾക്കുന്നതു്. വൊള അയാളുടെ മുതുകിൽ ചാടിവീണു. അയാൾ മുന്നോട്ടേക്കു് വീണു. പകുതി നിറഞ്ഞ ഭരണിയിൽ അയാളുടെ തല കിടന്നു. കൂട്ടുകാർ അയാളുടെ കാലുകളിൽ പിടിച്ചു പിറകോട്ടു വലിച്ചു. “ഹിറ്റ്ലറാണിയാൾ, നമ്മുടെ ജലക്കുടത്തിൽ ഇയാൾ മൂത്രമൊഴിച്ചു” എന്നു വൊള ഉച്ചത്തിൽപ്പറഞ്ഞു. പക്ഷേ, ഹിറ്റ്ലർക്കു് ഒരു ചാഞ്ചല്യവുമില്ല. അപ്പോഴേക്കും വൊളയുടെ അമ്മ അവിടെയെത്തി. അപരിചിതനെ തിരിച്ചറിഞ്ഞ അമ്മ പറഞ്ഞു: “ഞാൻ വിചാരിച്ചിരുന്നു, ഇദ്ദേഹം ഇപ്പോഴും ബർമ്മയിൽ തന്നെയാണെന്നു്”. അമ്മ മകനെ നോക്കി അറിയിച്ചു “നിന്റെ അമ്മാവനാണു് ഇദ്ദേഹം. കുടുംബം പ്രതിഷേധിച്ചിട്ടും വകവയ്ക്കാതെ പട്ടാളത്തിൽ ചേർന്നയാൾ. എപ്പോഴും ഈ നിയന്ത്രണമില്ലാത്ത സ്വഭാവം ഉണ്ടു് ഇദ്ദേഹത്തിനു്”. ജലസംഭരണി ഇളക്കിയെടുത്തു് കഴുകി. ഒരു കുപ്പി ഡെറ്റോൾ മുഴുവൻ അതിലൊഴിച്ചു തുടച്ചു. എന്നിട്ടു് ഉണങ്ങാൻ വച്ചു.

(Ake, Wole Soyinka, Vintage International, P. 230)

നമ്മുടെ ഒരു കവി വാക്കു കിട്ടാതെ തലയിൽ ഇടിക്കാറുണ്ടെന്നു് കേട്ടിട്ടുണ്ടു്. തലയിൽ ഇടിച്ചാൽ വാക്കു വരുമോ? ആളില്ലാത്ത വീട്ടിന്റെ വാതിലിൽ തട്ടിയാൽ കതകു തുറക്കാറുണ്ടോ, അന്നു് കവി പോപ്പ് ചോദിച്ചതു് ഓർമ്മിക്കൂ.

2. ഒരു മുല മാത്രമുള്ള സ്ത്രീകളുടെ വർഗ്ഗത്തിൽപ്പെട്ടവളാണു് ഞാൻ. എന്റെ അമ്മ, അമ്മൂമ്മ, ആറു് അമ്മായിമാർ ഇവർക്കു് സ്തനച്ഛേദന ശസ്ത്രക്രിയ നടത്തി. ഏഴുപേർ മരിച്ചു. ശേഷിച്ച രണ്ടുപേർക്കു് റേഡിയേഷനും കീമോതെറാപ്പിയും (Chemotherapy) പലതവണ നടത്തി. സ്തനാർബ്ബുദം, വാരിയെല്ലുകൾക്കിടയിലുള്ള ഒരു ചെറിയ മുഴ ഇവയുടെ സ്വഭാവമറിയാൻ എനിക്കുവേണ്ടി രണ്ടു ‘ബയോപ്സികൾ’ നിർവ്വഹിച്ചു. മാരകത്വത്തിന്റെ അതിർത്തിരേഖ—border line malignancy—എന്നാണു് ഡോക്ടറന്മാരുടെ രോഗനിർണ്ണയം. ഇതാണു് എന്റെ കുടുംബചരിത്രം. സ്തനാർബ്ബുദം ഉദ്ഭവത്തെസ്സംബന്ധിച്ചതാണു്, (genetic) പാരമ്പര്യസിദ്ധമാണു്, കൊഴുപ്പു് അധികമായ ആഹാരരീതിയോടു് ബന്ധപ്പെട്ടതാണു്, അനപത്യതയുടെ ഫലമാണു്, മുപ്പതു വയസ്സു കഴിഞ്ഞിട്ടുള്ള ഗർഭധാരണം കൊണ്ടുണ്ടാകുന്നതാണു് എന്നൊക്കെ സ്ഥിതി വിവരക്കണക്കുകൾ പറയുന്നു. യൂതോയിൽ (Utah) താമസിക്കുന്നതാണു് ഏറ്റവും വലിയ ആപത്തു് എന്നതു് മാത്രം ആ കണക്കുകൾ പറയുന്നില്ല”. (യൂതോ: അമേരിക്കൻ ഐക്യനാടുകളിലെ ഒരു പടിഞ്ഞാറൻ പ്രദേശം—ലേഖകൻ)

images/Refugebook.jpg

ഹൃദയഭേദകമായ ഈ പ്രസ്താവം റ്റെറി റ്റെമ്പെസ്റ്റ് വില്യംസ് (Terry Tempest Williams) എഴുതിയ “Refuge —An Unnatural History of Family and Place ” എന്ന മനോഹരമായ പുസ്തകത്തിലാണുള്ളതു്. റ്റെറിയുടെ വാസസ്ഥലത്തിനടുത്തുള്ള ആറ്റംബോംബ് പരീക്ഷണങ്ങളുടെ ഫലമായി തന്റെയും മറ്റനേകം കുടുംബങ്ങളുടേയും അംഗവിച്ഛേദനവും ചില മരണങ്ങളും നടന്നതിന്റെ കഥയാണു് അവർ നിസ്സംഗത പരിപാലിച്ചു് ആരെയും കുറ്റപ്പെടുത്താതെ പറയുന്നതു്. ഓരോ പരീക്ഷണം നടക്കുമ്പോഴും ഗ്രെയ്റ്റ് സാൾട്ട് തടാകത്തിലെ ജലത്തിന്റെ നിരപ്പു് ഉയരും. പക്ഷികൾ മരിക്കും. വ്യക്തികൾ ക്യാൻസർ പിടിച്ചു് പരലോകം ഗമിക്കും. ഐറിനി അലൻ യൂതോയിലാണു് പാർത്തിരുന്നതു്. അഞ്ചു കുട്ടികളുടെ അമ്മയാണു് അവർ. രണ്ടു തവണ വിധവയായി ഐറിനി. ഒരു ഹൈസ്കൂളിന്റെ മുകളിൽ കയറിനിന്നു് അവരുടെ ആദ്യത്തെ ഭർത്താവും പ്രായമായ രണ്ടാൺകുട്ടികളും പരീക്ഷണങ്ങൾ കണ്ടു. അയാൾ 1956-ൽ രക്താർബുദം പിടിച്ചു് മരിച്ചു. അവരുടെ രണ്ടാമത്തെ ഭർത്താവു് 1978-ൽ അഗ്ന്യാശയത്തിൽ (pancreas) ക്യാൻസർ വന്നു് മരിച്ചു. ഇതു് ആയിരമായിരം സംഭവങ്ങളിൽ ഒന്നുമാത്രം.

റ്റെറിയുടെ ഭൗതികമാതാവു് (Physical mother) അർബുദം വന്നു മരിച്ചു. ആദ്ധ്യാത്മിക മാതാവു് (Spiritual mother) ജീവിച്ചിരിക്കുന്നുണ്ടു്. തന്റെ വംശചരിത്രം വീണ്ടുമെഴുതുകയാണു് കവിയും നാച്ചുറലിസ്റ്റുമായ റ്റെനി. കവിതാമയമായ ഒരു ഭാഗം കേട്ടാലും: “തടാകത്തിന്റെ അരികിൽ ഒരു കൊക്കു് നില്ക്കുന്നു; ഏകാന്തതയിലും പ്രശാന്തതയിലും അമർന്നു്, കാറ്റു് അവളുടെ പുറം പൊക്കി ചില തൂവലുകൾ ഉയർത്തുന്നു. എങ്കിലും അവളുടെ കേന്ദ്രബിന്ധു നിശ്ചലം. ഈ പക്ഷിക്കു് അതിനെത്തന്നെ രക്ഷിക്കാനറിയാം. മാറ്റങ്ങളെ അവൾ നല്ലപോലെ എതിർത്തു നിന്നിരുന്നു. വെള്ളമുയരുമ്പോഴും താഴുമ്പോഴും ഈ നീലക്കൊക്കു് വീട്ടിൽ പാർത്തു… അവളുടെ വർഗ്ഗത്തിന്റെ അവസ്ഥിതിയാകാമിതു്. വർഗ്ഗത്തിന്റെ സമൂഹപരമായ കൂട്ടുകെട്ടലുണ്ടായിരുന്നിട്ടും ഹൃദയത്തിൽ ഏകാന്തതാഭിലാഷമാണു് അവൾക്കുള്ളതെന്നു് വിശ്വസിക്കാനാണു് എനിക്കു് താല്പര്യം. ഈ വലിയ നീലക്കൊക്കിനോടൊരുമിച്ചു് കായലിനരികിലൂടെ വെള്ളത്തിൽ നടക്കാനാണു് എനിക്കു് കൊതി. ജലത്തിന്റെ ധ്യാനത്തോടു് ബന്ധപ്പെട്ടിരിക്കുന്നു അവൾ. ഇതു് എന്റെ വേറൊരു വിരോധസത്യം—മനുഷ്യന്റെ വംശത്തിൽപ്പെട്ടിരിക്കെ പക്ഷിയാകാനുള്ള ആഗ്രഹം”.

മനുഷ്യനേയും പ്രകൃതിയേയും, പ്രകൃതിയിലുളള പക്ഷികളെയും കൂട്ടിയിണക്കി അറ്റോമിക് ബോംബ് ഫാളൗട്ടിന്റെ നൃശംസതയെ വ്യഞ്ജിപ്പിക്കുന്ന ഈ പുസ്തകം ഏതൊരാളും വായിച്ചിരിക്കണം. വിശേഷിച്ചും പരിസ്ഥിതി വാദക്കാർ. One of the West’s most striking new writers എന്നാണു് ന്യൂസ്വീക്ക് വാരിക റ്റെറിയെ വിശേഷിപ്പിച്ചതു്. ഇതൊരു ന്യൂനോക്തിയാണെന്നു് തോന്നിപ്പിക്കുന്ന വിധത്തിൽ മനോഹരമാണു് ഇപ്പുസ്തകം (Vintage Books, New York, Pages 304).

3. ഈശ്വരൻ സത്യമാണെന്നു് ഗാന്ധിജി പറഞ്ഞു. ആ പ്രസ്താവത്തെ അതിശയിക്കുമാറു് അദ്ദേഹം പിന്നീടു് പ്രസ്താവിച്ചു സത്യമാണു് ഈശ്വരനെന്നു്. ഈ മാറ്റത്തിനു കാരണം ഈശ്വരനെന്ന സങ്കൽപ്പത്തിന്റെ വസ്തുനിഷ്ഠമായ മൂല്യം നിരാകരിക്കാൻ ഇടയുണ്ടു് എന്നതത്രേ. എന്നാൽ സത്യമെന്ന സങ്കല്പത്തിന്റെ വസ്തുനിഷ്ഠമായ മൂല്യത്തെ നിരസിക്കാൻ സാധ്യമല്ല. നിരീശ്വരനുപോലും സത്യത്തെ നിഷേധിക്കാൻ വയ്യ. സംശയിക്കാനോ നിരാകരിക്കാനോ വയ്യാത്ത സത്യത്തെയാണു് ഗാന്ധിജി ഈശ്വരനായി കണ്ടതു്. ഇമട്ടിൽ ലളിതമായി എഴുതിയ ഉപന്യാസങ്ങളുടെ സമാഹാരമാണു് Essays in Philosophy എന്ന ഗ്രന്ഥം. പ്രാചീനവും ആധുനികവുമായ ദർശനങ്ങളെക്കുറിച്ചു് വിദ്വജ്ജനോചിതങ്ങളായ പ്രബന്ധങ്ങളാണു് ഇതിലുള്ളതു്. ഭാഷയെക്കുറിച്ചു് അരവിന്ദഘോഷിന്റെ മതമെന്തു? അരവിന്ദനും സർവ്വോദയപ്രസ്ഥാനവും തമ്മിലുള്ള ബന്ധം ഏതു രീതിയിൽ?

വനങ്ങളെ വനങ്ങൾക്കുവേണ്ടി സ്നേഹിക്കുക, നിലാവിനെ നിലാവിനുവേണ്ടി മാത്രം സ്നേഹിക്കുക. മേഘങ്ങളെ മേഘങ്ങൾക്കു വേണ്ടി മാത്രം സ്നേഹിക്കുക. ഇങ്ങനെ സ്നേഹിക്കുന്നവനാണു് കവി.

വിനോബ യുടെ ഗാന്ധിസത്തിന്റെ സ്വഭാവം ഏതു രീതിയിൽ? ഭാരതീയദർശനവും പാശ്ചാത്യദർശനവും പ്രഭവകേന്ദ്രത്തെസ്സംബന്ധിച്ചിടത്തോളം വിഭിന്നത ആവഹിക്കുന്നുണ്ടോ? ഈ കാര്യങ്ങളെക്കുറിച്ചു് പ്രൗഢമായി പ്രതിപാദിക്കുന്ന ഈ പുസ്തകം പ്രയോജനപ്രദമാണു്. (Essays on Indian Philosophy—Traditional and Modern, Edited by Purushottama Bilimoria, Oxford University Press, Delhi, Published in 1993).

ചോദ്യം, ഉത്തരം

ചോദ്യം: നമ്മുടെ ഒരു കവി വാക്കുകിട്ടാതെ തലയിൽ ഇടിക്കാറുണ്ടായിരുന്നുവെന്നു് കേട്ടിട്ടുണ്ടു്. തലയിൽ ഇടിച്ചാൽ വാക്കുവരുമോ?

ഉത്തരം: ആളില്ലാത്ത വീട്ടിന്റെ വാതിലിൽ തട്ടിയാൽ കതക് തുറക്കാറുണ്ടോ എന്നു് കവി പോപ്പ് ചോദിച്ചതു് ഓർമ്മിക്കൂ.

ചോദ്യം: ബസ്സ് ഓരോ സ്റ്റോപ്പിൽ നിറുത്തുമ്പോഴും ബസ്സിലെ യാത്രക്കാരായ പുരുഷന്മാർ എത്തിയെത്തി വെളിയിലേക്കു് നോക്കുന്നതു് ഇറങ്ങേണ്ട സ്ഥലമായോ എന്നറിയാനാണല്ലോ. അങ്ങനെ യാത്രക്കാരെ വലയ്ക്കുന്ന രീതിക്കു് പരിഹാരമുണ്ടോ ട്രാൻസ്പോർട്ട് അധികാരികൾക്കു്?

ഉത്തരം: പുരുഷന്മാർ എത്തിനോക്കുന്നതു് ഓരോ സ്റ്റോപ്പിൽ നിന്നും കയറുന്ന സ്ത്രീകളെ കാണാനാണു്. ബസ്സിൽ പതിവായി സഞ്ചരിക്കുന്നവർക്കു് എത്തിനോക്കാതെ സ്ഥലം അറിയാൻ കഴിയും.

ചോദ്യം: ആധുനിക സാഹിത്യം നന്നല്ല എന്ന ഒറ്റ ആശയം കൊണ്ടുനടക്കുന്ന നമ്മൾ ഒരു പരമബോറനല്ലേ?

ഉത്തരം: അതേ.

ചോദ്യം: ഇത്ര വളരെ പുസ്തകങ്ങൾ വാങ്ങിയിട്ടു് നിങ്ങൾ എന്തു നേടി?

ഉത്തരം: മനസ്സിനു് ഉല്ലാസം. അന്യനു് വിജ്ഞാനം പകർന്നുകൊടുക്കുന്നതിൽ നിന്നു് ആഹ്ലാദം. കടത്തിന്റെ ആധിക്യം.

ചോദ്യം: നിങ്ങൾക്കു് ഒരു ലേഖനത്തിനു് ഏറ്റവും കൂടുതൽ കിട്ടിയ പ്രതിഫലം. ഏറ്റവും കുറച്ചു കിട്ടിയ പ്രതിഫലം?

ഉത്തരം: ഏറ്റവും കൂടുതൽ കിട്ടിയ പ്രതിഫലം രണ്ടായിരത്തിയഞ്ഞൂറു രൂപ. തന്നതു് ‘മലയാള മനോരമ’. ഏറ്റവും കുറച്ചു് കിട്ടിയ പ്രതിഫലം നാല്പതു ‘ക’. ഉറുപ്പികയല്ല. വെറും ‘ക’ തന്നെ. അതു തന്ന പത്രാധിപർ ഇന്നില്ലെങ്കിലും പേരു പറയുന്നതു ശരിയല്ല.

ചോദ്യം: ചതുരംഗക്കളിയിൽ തോറ്റുപോകുമ്പോൾ സന്തോഷിക്കുന്ന ഒരാളിനെ എനിക്കറിയാം. എന്തൊരു വിചിത്രമായ മാനസികനില അല്ലേ?

ഉത്തരം: എതിരാളി സുന്ദരിയായ യുവതിയാണെങ്കിൽ തോറ്റുകൊടുക്കുന്ന യുവാവായ പുരുഷനു് വലിയ ആഹ്ലാദമാണു്. നിങ്ങളുടെ ആ ‘ഒരാൾ’ അങ്ങനെയൊരു യുവതിയുമായി ചതുരംഗം കളിക്കുന്നുണ്ടാവും.

ചോദ്യം: ഭ്രാന്താശുപത്രികളിൽ ടെലിവിഷൻ സെറ്റുകൾ വച്ചു് സീരിയൽ കാണിക്കുന്നതു് നല്ലതല്ലേ?

ഉത്തരം: ചിത്തരോഗമുള്ളവരെ നിയന്ത്രിക്കാൻ അടി കൊടുക്കുമെന്നു് ഞാൻ കേട്ടിട്ടുണ്ടു്. അതു് സത്യമാണെങ്കിൽ ആ ശിക്ഷ മാത്രം പോരേ?

എന്തൊരു സൗന്ദര്യമേളം!

ചോദ്യം: നിഗൂഡതയാർന്ന മനുഷ്യാ, നിങ്ങൾ ഏറ്റവും സ്നേഹിക്കുന്നതാരെ? എന്നോടു് പറയൂ, നിങ്ങളുടെ അച്ഛനെയോ, അമ്മയേയോ, സഹോദരിയേയോ, സഹോദരനേയോ?

ഉത്തരം: എനിക്കു് അച്ഛനോ അമ്മയോ സഹോദരനോ സഹോദരിയോ ഇല്ല.

ചോദ്യം: സ്നേഹിതന്മാരെയോ?

ഉത്തരം: അർഥമില്ലാത്ത വാക്കാണു് നിങ്ങൾ പ്രയോഗിക്കുന്നതു്.

ചോദ്യം: നിങ്ങളുടെ രാജ്യത്തേയോ?

ഉത്തരം: അതു് ഏതു് അക്ഷാംശത്തിലാണെന്നു് എനിക്കറിഞ്ഞു കൂടാ.

ചോദ്യം: സൗന്ദര്യത്തെയോ?

ഉത്തരം: സൗന്ദര്യം ദേവതയായിരുന്നെങ്കിൽ, അവൾക്കു് അമരത്വമുണ്ടായിരുന്നെങ്കിൽ ഞാൻ ഹൃദയപൂർവ്വം സ്നേഹിക്കുമായിരുന്നു, അവളെ.

ചോദ്യം: പണത്തെയോ?

ഉത്തരം: നിങ്ങൾ ഈശ്വരനെ വെറുക്കുന്നതുപോലെ ഞാൻ പണത്തെ വെറുക്കുന്നു.

ചോദ്യം: അസാധാരണനായ അന്യദേശക്കാരാ, പിന്നെ നിങ്ങൾ എന്തിനെയാണു് സ്നേഹിക്കുന്നതു?

ഉത്തരം: ഞാൻ മേഘങ്ങളെ സ്നേഹിക്കുന്നു… കടന്നു പോകുന്ന മേഘങ്ങളെ… അതാ അവിടെ… അതാ അവിടെ… അദ്ഭുതകരങ്ങളായ മേഘങ്ങളെ.

ബോദലേറി ന്റെ കവിതയാണിതു്. വനങ്ങളെ വനങ്ങൾക്കുവേണ്ടി സ്നേഹിക്കുക, നിലാവിനെ നിലാവിനുവേണ്ടി മാത്രം സ്നേഹിക്കുക. മേഘങ്ങളെ മേഘങ്ങൾക്കു വേണ്ടി മാത്രം സ്നേഹിക്കുക. ഇങ്ങനെ സ്നേഹിക്കുന്നവനാണു് കവി. സഹൃദയനും ആ കവിയിൽ നിന്നു് വിഭിന്നനല്ല. കവിതയെ കവിതയ്ക്കുവേണ്ടി മാത്രം സ്നേഹിക്കുന്നയാളിനു് ശ്രീ. ഒ. എൻ. വി. കുറുപ്പി ന്റെ ‘ദേവതാത്മാവിന്റെ മടിയിൽ’ എന്ന കാവ്യം പുളകപ്രസരമുണ്ടാക്കും. സൗന്ദര്യം ഇതിൽ ഘനീഭവിച്ചുകിടക്കുന്നു.

പുന്നാഗമന്ദാര നവ പാരിജാതങ്ങ-

ളൊന്നിച്ചു പൂവിട്ടു നില്ക്കുമോ താഴ്‌വരയി-

ലെന്നും വസന്തമുണരുന്നു—വെയിൽ

വെട്ടിത്തിളയ്ക്കുമാ കൊടുമുടിയിലുഗ്രമാം

വേനലെരിയുന്നു—തുള്ളിയും തൂവിയും

വേഴാമ്പലിൻ ചുണ്ടിൽ വാത്സല്യമിറ്റിച്ചു

മേഘങ്ങൾ നീങ്ങുമിടനാഴികളിലെന്നെന്നു-

മാടുന്നു വർഷാമയൂരം!

ഹിമധൂളിയരിയപൂമ്പൊടിപോലെ, പൂപോലെ-

യുതിരുന്ന ചെരിവുകളിലണയുന്നതാരോ?

ശിശിരമോ?ഹേമന്തമോ?ശരൽകാലമോ?

images/ONV2012.jpg
ഒ. എൻ. വി. കുറുപ്പ്

എന്ന വരികൾ ഏകാന്തത്തിലിരുന്നു് ഉറക്കെ വായിക്കൂ. പുളകോദ്ഗമകാരിയായ വചഃപ്രസരം എന്നു സഹൃദയൻ ഉദ്ഘോഷിക്കും. സത്യം എവിടെയോ മറഞ്ഞിരിക്കുകയാണു്. അതിനെ അനുഗൃഹീതനായ കവി ഉചിതങ്ങളായ പദങ്ങൾ കൊണ്ടു് പിടിച്ചെടുക്കുന്നു.

‘വഴികാട്ടി നില്പൂ പുലർതാരം’ എന്നു് കാവ്യത്തിന്റെ പര്യവസാനം. പ്രഭാതനക്ഷത്രം പോലെ.

ഈ കാവ്യം കവിതയുടെ പന്ഥാവു കാണിച്ചു തരുന്നു.

പാഞ്ചയുടെ സമ്മാനം

കേന്ദ്രമന്ത്രി അജിത് പാഞ്ച ജയലളിത യ്ക്കു് ഒരു ബംഗാളിസ്സാരി സമ്മാനിച്ചുവെന്ന പത്ര വാർത്ത ഉദ്ധരിച്ചിട്ടു് കലാകൗമുദിയിലെ ലേഖകൻ ചോദിക്കുന്നു ‘ബ്രാസിയേഴ്സും പാവാടയും കൂടി കൊണ്ടുവരാമായിരുന്നില്ലേ?’ എന്നു് (വെള്ളിയാഴ്ച മുതൽ വെള്ളിയാഴ്ച വരെ എന്ന പംക്തി).

രണ്ടാംലോക മഹായുദ്ധം നടക്കുന്ന വേളയിൽ സോവിയറ്റ് ലേബർ കാമ്പിൽ ആയിപ്പോയ ഗുസ്താവ് ഹെർലിങ്ങിന്റെ A World Apart എന്ന ഓർമ്മക്കുറിപ്പുകൾ അന്യാദൃശമായ ഗ്രന്ഥമാണു്. ഓരോ രാജ്യത്തും അതു പ്രസിദ്ധപ്പെടുത്തണം; ഓരോ വ്യക്തിയും അതു വായിക്കണം എന്നു അൽബർ കമ്യൂ പറഞ്ഞു.

ലേഖകന്റെ ഈ ഫലിതോക്തി കേട്ടപ്പോൾ എനിക്കൊരു പൂർവകാലസംഭവം ഓർമ്മ വന്നു. ഒരു ലക്ചറർക്കു കോളേജിലെ സഹകരണ സ്റ്റോറിന്റെ ചുമതല. കുട്ടികൾക്കു വേണ്ട പുസ്തകങ്ങളും നോട്ടു ബുക്കുകളും വില്ക്കുന്ന ആ സ്റ്റോറിൽ പെൺകുട്ടികൾക്കു് ആവശ്യമുള്ള ബ്രാസിയർ കൂടി വരുത്തിവയ്ക്കാൻ ലക്ചറർ തീരുമാനിച്ചു. ‘പുതിയതരം ബ്രാ വന്നിട്ടുണ്ടു്’ എന്നു് അദ്ദേഹം പറഞ്ഞയുടനെ പെൺപിള്ളേർ അതു വാങ്ങാൻ വരികയായി. ലക്ചറർ ചോദിക്കും ‘നിന്റെ അളവെത്ര. ഇരുപത്തഞ്ചോ ഇതുപത്താറോ?’ പുഞ്ചിരിയെറിഞ്ഞു് അളവു പറയുന്ന കുട്ടിക്കു് ലക്ചറർതന്നെ ബ്രായെടുത്തു കൊടുക്കും. മാമറിഗ്ലാൻഡ്സിന്റെ സ്ഥൂലതയുള്ള പെൺകുട്ടിയാണു് വരുന്നതെങ്കിൽ ‘നിന്റെ അളവു് മുപ്പതോ മുപ്പത്തിരണ്ടോ എന്നു് ലക്ചറർ സാകൂതം ചോദിക്കും. ഇതു് അതിരുകടന്നപ്പോൾ ഞാൻ ഉൾപ്പെടെയുള്ള അധ്യാപകർ ബഹളം കൂട്ടി ബ്രാ വില്പന അവസാനിപ്പിച്ചു. ലേഖകന്റെ ചോദ്യത്തിൽ സാരസ്യമുണ്ടെങ്കിലും അദ്ദേഹം ഒരുകാര്യം മറന്നുപോയി. ബ്രായുടെ അളവും പാവാടയുടെ മുകൾഭാഗത്തെ ചുറ്റളവും പാഞ്ചയ്ക്കു് അറിഞ്ഞുകൂടല്ലോ. അതുകൊണ്ടാവണം അദ്ദേഹം സാരി മാത്രം കൊണ്ടുവന്നതു്. അതിനു് അളവു് അറിയേണ്ടതില്ല. നീളവും വീതിയും വളരെക്കൂടിയ സാരിയങ്ങു സമ്മാനിച്ചാൽ മതി.

സമഗ്രാധിപത്യത്തിന്റെ ക്രൂരത
images/GustawHerling3.jpg
ഗുസ്താവ് ഹെർലിങ്

രണ്ടാംലോക മഹായുദ്ധം നടക്കുന്ന വേളയിൽ സോവിയറ്റ് ലേബർ കാമ്പിൽ ആയിപ്പോയ ഗുസ്താവ് ഹെർലിങ്ങി ന്റെ A World Apart എന്ന ഓർമ്മക്കുറിപ്പുകൾ അന്യാദൃശമായ ഗ്രന്ഥമാണു്. ഓരോ രാജ്യത്തും അതു പ്രസിദ്ധപ്പെടുത്തണം; ഓരോ വ്യക്തിയും അതു വായിക്കണം എന്നു അൽബർ കമ്യൂ പറഞ്ഞു. ഇതിനു് അവതാരിക എഴുതിയ ബർട്രൻഡ് റസ്സൽ അഭിപ്രായപ്പെട്ടതു് മർദ്ദകരോടുള്ള പ്രതികാര ബുദ്ധി നിഷ്പ്രയോജനമാണെന്നാണു്. മനുഷ്യരെ രാക്ഷസന്മാരാക്കുന്ന പരിതഃസ്ഥിതികളെ മനസ്സിലാക്കാനും അന്ധമായ രോഷം കൊണ്ടു് ഇത്തരം തിന്മകളെ ദൂരീകരിക്കാനൊക്കുകയില്ലെന്നു ഗ്രഹിക്കാനും അദ്ദേഹം ലോകജനതയെ ആഹ്വാനം ചെയ്തു. “And apart from these general reflections, the reader will find the book absorbingly interesting and of the most profound psychological interest” എന്ന വാക്യത്തോടു കൂടിയാണു് റസ്സൽ അവതാരിക അവസാനിപ്പിക്കുന്നതു്.

ശ്രീ. ഒ. എൻ. വി. കുറുപ്പിന്റെ ‘ദേവതാത്മാവിന്റെ മടിയിൽ’ എന്ന കാവ്യം പുളകപ്രസരമുണ്ടാക്കും. സൗന്ദര്യം ഇതിൽ ഘനീഭവിച്ചു കിടക്കുന്നു.

തടവറയിൽ കിടക്കുന്നവരെ കാണാൻ അവരുടെ ഭാര്യമാർ വരുന്നതിനെക്കുറിച്ചു് ഹെർലിങ് ‘സ്മരണ’കളിൽ എഴുതിയിട്ടുണ്ടു്. വിവിധങ്ങളായ പ്രതികരണങ്ങളാണു് അത്തരം സന്ദർശനങ്ങൾക്കു മുൻപും പിൻപും ഉണ്ടാവുക. ഒരു തടവുകാരൻ ഭാര്യയുടെ സന്ദർശനത്തിനു ശേഷം രണ്ടു തവണ തൂങ്ങിച്ചാവാൻ ശ്രമിച്ചു. പ്രായം കുറഞ്ഞ തടവുകാർക്കു ഭാര്യയുടെ സന്ദർശനത്തിനു് മുൻപു് ലൈംഗികമായ ഉത്കണ്ഠയുണ്ടാവും. വളരെ വർഷങ്ങൾക്കു മുൻപു് ഞാൻ വായിച്ച ഈ പുസ്തകത്തെക്കുറിച്ചു ഇപ്പോൾ ഓർമ്മ വരാൻ കാരണമുണ്ടു്. ഏതാണ്ടു് സദൃശമായ ഒരു വിഷയമാണു് കുങ്കുമം വാരികയിൽ ശ്രീ. വൈക്കം മുരളി ഭാഷാന്തരീകരണം ചെയ്തു പ്രസിദ്ധപ്പെടുത്തിയ “മൂന്നാം നിലയിൽ നിന്നൊരു സംവാദം” എന്ന ഈജിപ്ഷ്യൻ കഥയിലുള്ളതു്.

images/MohammedBusati.jpg
മുഹമ്മദ് എൽബിസാറ്റി

കഥാകാരനായ മുഹമ്മദ് എൽബിസാറ്റി പ്രതിഭാശാലിയാണെന്നു് ഇക്കഥ ഉദ്ഘോഷിക്കുന്നു. കാരാഗാരത്തിൽ കഴിയുന്ന ഭർത്താവിനെ കാണാൻ ഭാര്യ വരുന്നു കുഞ്ഞിനെയും കൊണ്ടു്. പക്ഷേ, വളരെ ദൂരെനിന്നേ അവൾക്കു് അയാളെ അസ്പഷടമായി കാണാൻ സാധിക്കൂ. കുഞ്ഞിനെ സൂര്യപ്രകാശത്തിലാക്കി ഉയർത്തിക്കാണിക്കാൻ അയാൾ ആവശ്യപ്പെടുന്നതും അയാൾക്കു് അവൾ കൊടുത്തയച്ച അഞ്ചു സിഗ്ററ്റ് പാക്കറ്റുകളിൽ നിന്നു് ചില പാക്കറ്റുകൾ ജയിലധികാരികൾ മോഷ്ടിക്കുന്നതും അയാൾ വീട്ടുകാര്യങ്ങൾ അന്വേഷിക്കുന്നതും മറ്റും വർണ്ണിച്ചു് കഥാകാരൻ തടവുകാരന്റെയും ഭാര്യയുടെയും ദയനീയാവസ്ഥ അഭിവ്യഞ്ജിപ്പിക്കുന്നുണ്ടു്. നിശ്ചലനായി കുതിരപ്പുറത്തു ഇരിക്കുന്ന പട്ടാളക്കാരൻ സമഗ്രാധിപത്യത്തിന്റെ നൃശംസതയുടെ പ്രതീകമാണു്. ആ കാരാഗൃഹം ഇടിച്ചുനിരത്താൻ പോവുകയാണു്. തടവുകാരൻ അജ്ഞാതമായ ഒരു സ്ഥലത്തേക്കു മാറ്റപ്പെടും. ഈ അജ്ഞാതസ്വഭാവം അവളുടെയും അയാളുടെയും ദുരന്തത്തിന്റെ തീക്ഷണത വർദ്ധിപ്പിക്കുന്നു. എന്തിനേറെപ്പറയുന്നു. കലാശില്പമാണു് ഈ ഈജിപ്ഷ്യൻ കഥ. “ഇതാ ഇവിടെ വ്യത്യസ്തമായ ലോകം. അതിനു അതിന്റേതായ നിയമങ്ങൾ. ജീവിച്ചിരുന്നെങ്കിലും മരിച്ചവരുടെ ഭവനമാണിതു്” എന്നു ദസ്തെയെവ്സ്കി പറഞ്ഞല്ലോ. ആ ലോകമാണു് ഇക്കഥയിൽ.

വർഷം 1978. എറണാകുളത്തെ ലൂസിയ ഹോട്ടലിലാണു് എന്റെ താമസം. വിദ്യുച്ഛക്തി “പരാജയപ്പെട്ടതു” കൊണ്ടു സഹിക്കാനാവാത്ത ചൂടു്. അർദ്ധരാത്രിയാണെങ്കിലും ഞാൻ റോഡിലേക്കിറങ്ങി നടന്നു. ഒരു സൗധത്തിന്റെ രണ്ടാമത്തെ നിലയിലെ അടച്ചിട്ട കണ്ണാടിജന്നലിനപ്പുറത്തു് മെഴുകുതിരി വെളിച്ചം. നേരേ ദീപനാളം കണ്ടാലുണ്ടാകുന്ന ആഹ്ലാദത്തെക്കാൾ കൂടുതലായ ആഹ്ലാദമെനിക്കു്. ഞാൻ ഉടനെ ഓർമ്മിച്ചതു കവിതയാണു്. പദങ്ങളുടെ സ്ഫടികപാളിക്കപ്പുറത്തു ഒളിചിന്നുന്ന ദീപമാണു് കവിത.

Colophon

Title: Sāhityavāraphalam (ml: സാഹിത്യവാരഫലം).

Author(s): M Krishnan Nair.

First publication details: Kalakaumudi Weekly; Trivandrum, Kerala; 1994-03-20.

Deafult language: ml, Malayalam.

Keywords: M Krishnan Nair, Sahityavaraphalam, Weekly Lietrary Column, സാഹിത്യവാരഫലം, എം കൃഷ്ണൻ നായർ, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: October 8, 2022.

Credits: The text of the original item is copyrighted to J Vijayamma, author’s inheritor. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-NC-SA 4​.0). Any reuse of the material should credit the Sayahna Foundation, only noncommercial uses of the work are permitted and adoptations must be shared under the same terms.

Production history: Data entry: MS Aswathi; Proofing: Abdul Gafoor; Typesetter: JN Jamuna; Digitizer: KB Sujith; Encoding: JN Jamuna.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.