സാഹിത്യവാരഫലം
എം കൃഷ്ണൻ നായർ
(കലാകൗമുദി വാരിക, 1994-04-03-ൽ പ്രസിദ്ധീകരിച്ചതു്)

images/Kesavadev.jpg
കേശവദേവ്

പി. കേശവദേവി നെ കണ്ടു സംസാരിക്കാനായി ഞാൻ അദ്ദേഹത്തിന്റെ വീട്ടിൽ കൂടെക്കൂടെ പോകുമായിരുന്നു. ആരു ചെന്നാലും സന്തോഷമാണു് അദ്ദേഹത്തിനു്. ‘വരൂ, വരൂ’ എന്നു് ആഹ്ലാദനിർഭരമായ ശബ്ദത്തിൽ കേശവദേവ് വിളിക്കും. അതിഥി ഇരിക്കാത്ത താമസം അകത്തേക്കു നോക്കി ‘സീതേ ചായയിട്ടോളൂ’ എന്നു പറയും. ശ്രീമതി സീതാലക്ഷ്മി ദേവ് അല്പസമയത്തിനുള്ളിൽ ചായ കൊണ്ടുവന്നിട്ടു് കുശലപ്രശ്നങ്ങൾക്കു ശേഷം വീട്ടിനുള്ളിലേക്കു പോകും. കേശവദേവ് താൻ അന്നു എഴുതിക്കൊണ്ടിരിക്കുന്ന ചെറുകഥയെക്കുറിച്ചോ നോവലിനെക്കുറിച്ചോ ആയിരിക്കും വാതോരാതെ സംസാരിക്കുക. യാത്രപറഞ്ഞു റോഡിലേക്കിറങ്ങുമ്പോൾ ഞാൻ വിചാരിക്കും “സൗധത്തിൽ താമസിക്കുന്നു ദേവ്. സ്നേഹസമ്പന്നയായ സഹധർമ്മിണി. പുതിയ കാറ് മുൻവശത്തിട്ടിരിക്കുന്നു. ആരാധകരായ സന്ദർശകരുടെ ബഹളം. മന്ത്രിമാരും മറ്റു നേതാക്കന്മാരും അദ്ദേഹത്തെ റ്റെലിഫോണിൽ വിളിച്ചു സംസാരിക്കുന്നു. കഥ ചലച്ചിത്രമാക്കാൻ അനുമതി ചോദിച്ചുകൊണ്ടു ഫിലിം നിർമ്മാതാക്കൾ വരുന്നു. വലിയ സംഖ്യ പ്രതിഫലമായി കൊടുക്കാമെന്നു പറയുന്നു. സുഖപ്രദമായ ജീവിതം!”

ഓരോ ജീവിതവും, അതെത്ര സങ്കുചിതമാവട്ടെ, വിശാലമാകട്ടെ അതു നയിക്കുന്ന വ്യക്തിക്കു പ്രിയപ്പെട്ടതാണു്. പ്രിയപ്പെട്ടതല്ലെങ്കിലും ആ വ്യക്തി അതിൽ ഒതുങ്ങിക്കൂടുന്നു. ദിനങ്ങൾ തള്ളിനീക്കുന്നു. അസ്തമയത്തിൽ ഞരങ്ങിയും മൂളിയും ചക്രവാളത്തിനു താഴെ പോകുന്നു.

ഇതൊക്കെയാണെങ്കിലും ആ ജീവിതം എനിക്കു നൽകാമെന്നു് ഈശ്വരൻ പറഞ്ഞാൽ ഞാൻ സ്വീകരിക്കുമോ? ഒരിക്കലുമില്ല. എനിക്കു കാറില്ല, സൗധമില്ല. ദേവിന്റെ വീട്ടിലെത്തിയതു തന്നെ മൂന്നു നാഴിക നടന്നിട്ടാണു്. എങ്കിലും എനിക്കു മറ്റൊരാളുടെ ജീവിതം വേണ്ടേ വേണ്ട. ഞാൻ ഇപ്പറഞ്ഞതു് എന്റെ കാര്യം മാത്രമല്ല. കൊടുംവെയിലത്തിരുന്നു് സായാഹ്നം വരെ കരിങ്കൽക്കഷണങ്ങൾ അടിച്ചു പൊട്ടിക്കുന്ന തൊഴിലാളിയോടു ഞാൻ ‘ചങ്ങാതീ എന്റെ ജീവിതം സ്വീകരിക്കൂ. ഞാൻ നിങ്ങളുടെ ജീവിതം സ്വീകരിച്ചു കൊള്ളാം’ എന്നു പറഞ്ഞാൽ അയാളും അതു വേണ്ടെന്നേ പറയൂ. ഓരോ ജീവിതവും, അതെത്ര സങ്കുചിതമാവട്ടെ, വിശാലമാകട്ടെ അതു നയിക്കുന്ന വ്യക്തിക്കു പ്രിയപ്പെട്ടതാണു്. പ്രിയപ്പെട്ടതല്ലെങ്കിലും ആ വ്യക്തി അതിൽ ഒതുങ്ങിക്കൂടുന്നു. ദിനങ്ങൾ തള്ളിനീക്കുന്നു. അസ്തമയത്തിൽ ഞരങ്ങിയും മൂളിയും ചക്രവാളത്തിനു താഴെ പോകുന്നു.

ഹാസ്യവും സ്ത്രീയും ഒരിക്കലും ചേരുകയില്ല. നമ്മുടെ ചലച്ചിത്രങ്ങളിലെ ഹാസ്യനടികൾ പ്രേക്ഷകർക്കു സഹിക്കാനാവാത്ത രീതിയിലാണു് അഭിനയിക്കുക. അവരുടെ കൂട്ടത്തിൽ ഗ്രേറ്റ ഗാർബോ, സാറ ബർനാർ (Sarah Bernhardt) ഇവരുണ്ടാകും. ചാർലി ചാപ്ളിൻ ഉണ്ടാവുകയില്ല.

തികച്ചും സങ്കുചിതമായ ജീവിതമാണു് തങ്കച്ചനു് (ശ്രീ. എബ്രഹാം മാത്യു എഴുതിയ ‘പഞ്ജരം എന്ന കഥയിലെ കഥാപാത്രം). കഥാകാരൻ പറയുന്നതുപോലെ അതൊരു പഞ്ജരമത്രേ. ഗൾഫ് രാജ്യത്തിലെവിടെയോ ജോലി. ഭാര്യയും കുഞ്ഞും നാട്ടിൽ. അവധിയിൽ വീട്ടിലെത്തിയ അയാൾ മദ്യപിക്കുന്നതേയുള്ളൂ. കുഞ്ഞു തന്റേതല്ലെന്നു സംശയം. സംശയമുളവാക്കിയതു് ഒരു കള്ളക്കത്തു്. എങ്കിലും ‘ആരടെ മോൻ’ എന്നു് സന്ദിഗ്ദ്ധതയോടെ ഒറ്റചോദ്യമേ അയാൾ ഭാര്യയോടു ചോദിക്കുന്നുള്ളൂ. അടുത്തദിവസം അയാൾക്കു ഗൾഫ് രാജ്യത്തേക്കു തിരിച്ചുപോകണം. മദ്യപിച്ചു കിടക്കുന്ന ഭർത്താവിനെ വീണ്ടും വീണ്ടും ചുംബിക്കുന്ന ഭാര്യയെ നിരപരാധിയായി പരിഗണിക്കാമോ? അതോ അവൾ സാപരാധയോ? അറിഞ്ഞുകൂടാ.

images/GretaGarbo24.jpg
ഗ്രേറ്റ ഗാർബോ

തങ്കച്ചനോടു് അയാളുടെ ആത്മാവു സംസാരിക്കുന്നു. അയാൾക്കു ദുഃശ്ശങ്കയാർന്ന ആ സങ്കുചിത ജീവിതം മാത്രം മതി. അതിൽ നിന്നു രക്ഷനേടി സമ്പന്നനായ മറ്റൊരാളിന്റെ ജീവിതം സ്വീകരിക്കാനാവും അയാൾക്കു്. എങ്കിലും തങ്കച്ചനു് അതു വേണ്ട. ഒരു തരം വ്യാമോഹമായിത്തീർന്ന അയാളുടെ ശരീരത്തോടു് ആത്മാവു് നിരന്തരം സംസാരിക്കുന്നു. തങ്കച്ചൻ എന്ന വ്യക്തി ശരീരമാണു്, മനസ്സാണു്, ആത്മാവാണു്. ശരീരവും മനസ്സും ക്ലേശിക്കുന്നു. ഒടുവിൽ ആത്മാവു് ആ ശരീരത്തെയും മനസ്സിനെയും ഉപേക്ഷിച്ചു പോകുമ്പോൾ എല്ലാം തീരുന്നു. പരിധിയാർന്ന ഒരു ക്ഷുദ്രജീവിതത്തിന്റെ ദുരന്തത്തെ ചിത്രീകരിച്ചതിലാണു് എബ്രഹാം മാത്യുവിന്റെ വിജയമിരിക്കുന്നതു്.

ചോദ്യം, ഉത്തരം

ചോദ്യം: ഹാസ്യാഭിനയത്തിൽ സ്ത്രീകൾ ശോഭിക്കാത്തതെന്തു?

ഉത്തരം: ഹാസ്യവും സ്ത്രീയും ഒരിക്കലും ചേരുകയില്ല. നമ്മുടെ ചലച്ചിത്രങ്ങളിലെ ഹാസ്യനടികൾ പ്രേക്ഷകർക്കു സഹിക്കാനാവാത്ത രീതിയിലാണു് അഭിനയിക്കുക. അവരുടെ കൂട്ടത്തിൽ ഗ്രേറ്റ ഗാർബോ, സാറ ബർനാർ (Sarah Bernhardt) ഇവരുണ്ടാകും. ചാർലി ചാപ്ളിൻ ഉണ്ടാവുകയില്ല.

ചോദ്യം: ജീനിയസിനെ പുച്ഛിക്കുന്നവരുണ്ടോ?

ഉത്തരം: ചങ്ങമ്പുഴ എന്ന ജീനിയസിനെ ഡോക്ടർ ഗോദവർമ്മ, എൻ. കുഞ്ഞുരാമൻ പിള്ള, ഇളങ്കുളം കുഞ്ഞൻ പിള്ള ഈ പണ്ഡിതന്മാർ പുച്ഛിച്ചിരുന്നു. കുഞ്ഞുരാമൻ പിള്ളസ്സാറിനു മഹാകവി വള്ളത്തോളി നേയും പുച്ഛമായിരുന്നു. ‘വള്ളത്തോൾക്കവിതയോ? അതുപോലെ കൃഷ്ണൻ നായർക്കും എഴുതാവുന്നതേയുള്ളൂ.’ എന്നു് അദ്ദേഹം എന്നോടു ഒരിക്കൽ പറഞ്ഞു.

ചോദ്യം: മിക്ക ആൺപിള്ളേരും വഴിപിഴയ്ക്കുന്നതു് എന്തുകൊണ്ടു്?

ഉത്തരം: അമ്മ അവരെ കൂടുതൽ സ്നേഹിക്കുന്നു. അച്ഛൻ സ്നേഹിക്കുന്നില്ല. അതാണു കാരണം.

ചോദ്യം: സാഹിത്യവാരഫലത്തെ എല്ലാവരും കല്ലെറിയുന്നതു് എന്തുകൊണ്ടു്?

ഉത്തരം: നൂറിനു് തൊണ്ണൂറ്റിയൊൻപതു പേർക്കും കല്ലെറിയാൻ വാസനയുള്ളതുകൊണ്ടു്. ഈ കോളം വേറൊരാളാണു് എഴുതിയിരുന്നെങ്കിൽ ഞാനും ആ തൊണ്ണൂറ്റിയൊൻപതിൽ ഒരാളായിരുന്നേനേ.

ചോദ്യം: നിങ്ങളുടെ മകൻ മരിച്ചതോടെ നിങ്ങൾ അയാളെ മറന്നുകഴിഞ്ഞു ആല്ലേ? ഈ ചോദ്യമയയ്ക്കുന്നയാൾ നിങ്ങളുടെ മകന്റെ കൂട്ടുകാരനാണു്. പേരു പറയുന്നില്ല.

ഉത്തരം: മറന്നില്ല. മകൻ അങ്ങകലെയിരുന്നുകൊണ്ടു് എന്നെ സൂക്ഷ്മനിരീക്ഷണം നടത്തുന്നു. ആ നോട്ടം എനിക്കു സന്മാർഗ്ഗത്തിന്റെ പന്ഥാവു കണിച്ചുതരുന്നു. ജീവിച്ചിരുന്ന മകന്റെ നിർദ്ദേശങ്ങളെക്കാൾ മരിച്ച മകന്റെ മുന്നറിയിപ്പു നൽകുന്ന നോട്ടമാണു് എന്നെ തെറ്റുകളിൽ നിന്നു മാറ്റി നിറുത്തുന്നതു്.

ചോദ്യം: നവീന നിരൂപകർ എഴുതുന്നതൊന്നും എനിക്കു മനസ്സിലാകുന്നില്ലല്ലോ സാറേ?

ഉത്തരം: എനിക്കും മനസ്സിലാകുന്നില്ല. അവരെഴുതുന്നതു് മലയാള ഗദ്യമല്ല. ഒരുതരം Surface mannerism ആണതു്. ഏമസ് ഓസ് എന്ന ഇസ്രിയൽ നോവലിസ്റ്റിന്റെ പ്രയോഗമാണു് Surface mannerism എന്നതു്.

ചോദ്യം: എന്നെ സ്നേഹിക്കുന്നുവെന്നു പറഞ്ഞു് ഒരാൾ പിറകെ നടക്കുന്നു. കല്യാണം കഴിച്ചില്ലെങ്കിൽ ആത്മഹത്യ ചെയ്യുന്നതുവരെ പറയുന്നു. എന്തു ചെയ്യണം ഞാൻ?

ഉത്തരം: ഒരു പ്രേമവും സത്യസന്ധമല്ല. എല്ലാം പ്രകടനങ്ങളാണു്. കല്യാണം കഴിക്കാൻ കുട്ടിക്കു് ഇഷ്ടമില്ലെങ്കിൽ അയാളോടു പാട്ടിനു പോകാൻ പറയൂ.

നല്ല മനുഷ്യൻ, ചീത്തക്കഥ
images/AmosOz1965.jpg
ഏമസ് ഓസ്

മുൻപു് ഒരു കോളേജിൽ പ്രസംഗിക്കാൻ പോയി ഞാനും വേറെ ചിലരും. മീറ്റിങ്ങ് കഴിഞ്ഞപ്പോൾ മരിച്ചീനിപ്പുട്ടും കട്ടൻ ചായയും കുടിച്ചുകൊണ്ടു് കാറിൽ കയറിയപ്പോൾ ഒരു പയ്യൻ ഓടി വന്നു കാറിന്റെ മുൻസീറ്റിലിരുന്നു. ആരെന്നു് ഞാൻ ചോദിച്ചില്ല. അപ്പോഴുണ്ടു് നൂറോളം വിദ്യാർത്ഥികൾ ഓടി വരുന്നു. “അവനെ വിട്ടുതാ. ഇല്ലെങ്കിൽ കൃഷ്ണൻ നായരേ യും കേശവദേവിനേയും ഞങ്ങൾ ചതച്ചു കളയും.” എന്നാക്രോശിച്ചു കൊണ്ടാണു് വിദ്യാർത്ഥികളുടെ ആഗമനം. ഞങ്ങൾ പെട്ടെന്നു് കാറിന്റെ വശത്തുള്ള കണ്ണാടികൾ പൊക്കി വച്ചു. ഡോർ ലോക്ക് ചെയ്തു. ഡ്രൈവറുടെ വലതു വശത്തെ കണ്ണാടിയുയർത്തി ഡോർ പൂട്ടി. കുട്ടികൾ കാറിൽ ആഞ്ഞിടിച്ചു. കണ്ണാടിപ്പാളികളിൽ ഇടിച്ചു. മുൻവശത്തു് കയറിയിരുന്ന പയ്യനു് ദൗർഭാഗ്യം കൊണ്ടു് അവരുടെ ശത്രുവിന്റെ ഛായയാണു് ഉണ്ടായിരുന്നതു്.

images/SarahBernhardt.jpg
സാറ ബർനാർ

എന്നാൽ അവർ അന്വേഷിച്ച ആളായിരുന്നില്ല അയാൾ. അതു ഞങ്ങൾ പറഞ്ഞെങ്കിലും ഗ്ലാസ് ഉയർത്തി വച്ചിരുന്നതുകൊണ്ടു് കുട്ടികൾക്കു കേൾക്കാൻ കഴിഞ്ഞില്ല. അവരുടെ ചുണ്ടുകൾ ചലിക്കുന്നതിൽ നിന്നു് തെറിവാക്കുകളാണു് ലോപം കൂടാതെ പ്രവഹിക്കുന്നതെന്നു് ഞങ്ങൾക്കു ഗ്രഹിക്കാൻ കഴിഞ്ഞു. കാറിനകത്തിരിക്കുന്ന ഞങ്ങൾ പറയുന്നതു വിദ്യാർത്ഥികൾക്കു മനസ്സിലാകുന്നില്ലെന്നു ഞാൻ ഗ്രഹിച്ചപ്പോൾ റ്റോപ് ലൈറ്റ് കത്തിച്ചു മുൻപിലിരുന്ന ആളിന്റെ മുഖം ഞാൻ അവർക്കു കാണിച്ചു കൊടുത്തു. തങ്ങളുടെ ശത്രുവല്ല അയാളെന്നു മനസ്സിലാക്കിയ കുട്ടികൾ പൊടുന്നനെ പിന്മാറി. കാറിന്റെ ബോണറ്റിൽ കയറിയിരുന്നു വിൻഡ്സ്ക്രീൻ തകർക്കാൻ ശ്രമിച്ച കുട്ടികളും അവിടെ നിന്നു ചാടിയിറങ്ങി. അതിനു ശേഷം ഞങ്ങൾ യാത്രയാരംഭിച്ചു. കുട്ടികളുടെ ചുണ്ടുകൾ ചലിച്ചപ്പോൾ അവയിലൂടെ പുറത്തു വന്ന ശബ്ദം ശത്രുതയുടേതാണെന്നു ഞാൻ മനസ്സിലാക്കിയതു് അതു കേട്ടിട്ടല്ല. ഭാവന കൊണ്ടാണു്. ഞങ്ങളുടെ നിഷേധ ശബ്ദം അവർ കേട്ടിട്ടില്ലെങ്കിലും റ്റോപ്പ് ലൈറ്റിന്റെ ധവളരശ്മികളും ‘നിങ്ങൾ ഉദ്ദേശിക്കുന്ന ആളല്ല ഈ മനുഷ്യൻ’ എന്ന എന്റെ ആവർത്തിച്ചുള്ള പ്രസ്താവങ്ങളും ഭാവനയിലൂടെ സത്യാവബോധത്തിനു് അവരെ സഹായിച്ചു. ഇവിടെപ്പറഞ്ഞ ഈ ഭാവനയല്ല സാഹിത്യത്തിലെ ഭാവന എന്നു ഞാൻ സമ്മതിക്കുന്നു.

images/CharlieChaplinportrait.jpg
ചാർലി ചാപ്ളിൻ

എങ്കിലും കഥാകാരൻ സംഭവങ്ങൾ വർണ്ണിക്കുമ്പോൾ ആ സംഭവങ്ങളിലുള്ളതും നമ്മൾക്കു കാണാൻ കഴിയാത്തതുമായ അംശങ്ങൾ നമുക്കു് അറിയാൻ കഴിയണം. ഇതിനു സഹായമരുളുന്നതു് ഭാവനയാണു്. ചുണ്ടുകളുടെ ചലനത്തിൽ നിന്നു് ശബ്ദം ഊഹിച്ചെടുക്കുന്ന ഭാവനയേക്കാൾ ഉത്കൃഷ്ടമായ ഈ ഭാവനയുടെ കുറവാണു് ശ്രീ. കെ. കെ. രമേശിന്റെ കഥകളിൽ എപ്പോഴും കാണുക. അച്ഛൻ മകനെ വെറുക്കുന്നു. ആ വെറുപ്പിന്റെ ഫലമായി അവന്റെ അമ്മയോടും (അയാളുടെ ഭാര്യതന്നെ) വെറുപ്പു്. അച്ഛന്റെ വെറുപ്പു കാരണം മകൻ പട്ടാളത്തിൽച്ചേർന്നു് മറുനാട്ടിലേക്കു പോകുന്നു. അതോടെ അച്ഛൻ രോഗിയാവുന്നു. പശ്ചാത്താപവിവശനായ തന്ത മകനെത്തുമ്പോൾ മരണത്തോടു അടുത്തിരിക്കുന്നു (മാതൃഭൂമി ആഴ്ചപ്പതിപ്പിലെ ‘നിർവാണം’ എന്ന ചെറുകഥ).

Colophon

Title: Sāhityavāraphalam (ml: സാഹിത്യവാരഫലം).

Author(s): M Krishnan Nair.

First publication details: Kalakaumudi Weekly; Trivandrum, Kerala; 1994-04-03.

Deafult language: ml, Malayalam.

Keywords: M Krishnan Nair, Sahityavaraphalam, Weekly Lietrary Column, സാഹിത്യവാരഫലം, എം കൃഷ്ണൻ നായർ, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: October 8, 2022.

Credits: The text of the original item is copyrighted to J Vijayamma, author’s inheritor. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-NC-SA 4​.0). Any reuse of the material should credit the Sayahna Foundation, only noncommercial uses of the work are permitted and adoptations must be shared under the same terms.

Production history: Data entry: MS Aswathi; Proofing: Abdul Gafoor; Typesetter: JN Jamuna; Digitizer: KB Sujith; Encoding: JN Jamuna.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.