സാഹിത്യവാരഫലം
എം കൃഷ്ണൻ നായർ
(കലാകൗമുദി വാരിക, 1994-05-01-ൽ പ്രസിദ്ധീകരിച്ചതു്)

ഒരു രാഷ്ട്രീയ കക്ഷിയിലും ധിഷണാശാലിക്കു് അംഗത്വമരുതു്. അംഗത്വമുണ്ടായാൽ അയാളുടെ ആശയങ്ങൾക്കു് ഏകപക്ഷീയസ്വഭാവം വന്നു പോകും. അതു പ്രചാരണാത്മകതയിലേയ്ക്കു ചെല്ലും. അപ്പോൾ ധിഷണാശാലി ആ പേരിനു് അർഹതയില്ലാത്തവനാകും.

ഇംഗ്ലീഷിൽ intellectuals എന്നു വിളിക്കുന്നവരെ മലയാളത്തിൽ ബുദ്ധിജീവികൾ എന്നാണു വിളിക്കുക. അതെന്തൊരു ജീവിയാണു് എന്നു് എനിക്കു പലപ്പോഴും ചോദിക്കാൻ തോന്നിയിട്ടുണ്ടു്. ചോദിച്ചില്ലെന്നേയുള്ളു. ധിഷണാശാലികൾ എന്ന പേരിനു് ഉചിതജ്ഞതയുണ്ടു്. പ്രൗഢങ്ങളും നൂതനങ്ങളുമായ ആശയങ്ങൾ ജനതയ്ക്കു പ്രദാനം ചെയ്യുക എന്നതിൽക്കവിഞ്ഞു് അവർക്കു് മറ്റൊരു ലക്ഷ്യമുണ്ടായിരിക്കാൻ പാടില്ല. ഒരു രാഷ്ട്രീയ കക്ഷിയിലും ധിഷണാശാലിക്കു് അംഗത്വമരുതു്. അംഗത്വമുണ്ടായാൽ അയാളുടെ ആശയങ്ങൾക്കു് ഏകപക്ഷീയസ്വഭാവം വന്നു പോകും. അതു പ്രചാരണാത്മകതയിലേക്കു ചെല്ലും. അപ്പോൾ ധിഷണാശാലി ആ പേരിനു് അർഹതയില്ലാത്തവനാകും. ശുദ്ധമായ വിജ്ഞാനം സ്വയമാർജ്ജിക്കുക, അതു് ബഹുജനത്തിന്റെ മുൻപിൽ വയ്ക്കുക, അങ്ങനെ അവരെ ഉന്നമിപ്പിക്കുക ഇവ മാത്രമേ അയാൾ ചെയ്യേണ്ടതുള്ളു. അപ്പോൾ ഓരോ വ്യക്തിക്കും ഉദ്ബുദ്ധമായ ആത്മലാഭം ഉണ്ടാകും. ഈ ഉദ്ബുദ്ധതയ്ക്കും ആത്മലാഭത്തിനും പ്രചാരണത്തോടു് ഒരു ബന്ധവുമില്ല. കേരളത്തിൽ ധിഷണാശാലികളെന്നു ഭാവിക്കുന്നവർക്കു മുകളിൽപ്പറഞ്ഞ സവിശേഷതകളില്ല. അവർ ബഹുജനത്തെ ‘മനിപ്യുലേറ്റ്’ ചെയ്യുന്നു. (മനിപ്യൂലേറ്റ് ചെയ്യുക = കൈകാര്യം ചെയ്യുക. തനിക്കു യോജിച്ചവിധത്തിൽ തരപ്പെടുത്തിയെടുക്കുക.) യഥാർത്ഥ ധിഷണാശാലിക്കു നട്ടെല്ലുണ്ടു്. അതിനാൽ അയാളുടെ ശബ്ദം ഉയരുകയില്ല. നട്ടെല്ലില്ലാത്തവനു് ആത്മവിശ്വാസം കാണുകയില്ലല്ലോ. അതുകൊണ്ടാണു് അങ്ങനെയുള്ളവൻ ഗർജ്ജിക്കുന്നതു്.

ചോദ്യം, ഉത്തരം

ചോദ്യം: നിരൂപണത്തെ നിങ്ങൾ എന്തിനു മലിനമാക്കുന്നു?

ഉത്തരം: നവീന നിരൂപണമാണു് എന്നെയും താങ്കളെയും മാലിന്യത്തിലേയ്ക്കു് എറിയുന്നതു്.

ചോദ്യം: നിങ്ങളെ പുച്ഛിക്കുന്നവരുണ്ടെന്നു് അറിയാമോ?

ഉത്തരം: ഈ ലോകത്തു് അന്യോന്യം പുച്ഛിക്ദയവായി കാത്തവരില്ല.

ചോദ്യം: കാമുകിയും ഭാര്യയും തമ്മിലെന്തേ വ്യത്യാസം?

ഉത്തരം: കാമുകി പനിനീർപ്പൂവു്. ഭാര്യ നിർഗ്ഗന്ധ പുഷ്പം.

ചോദ്യം: സിനിമയിൽ നായകൻ നായികയെ നിഷ്പ്രയാസം പൊക്കിയെടുക്കുന്നതു് എങ്ങനെ? ട്രിക്കാണോ?

ഉത്തരം: അല്ല. നായിക സുന്ദരിയും അന്യസ്ത്രീയുമല്ലേ? അവളെ കൈകളിലെടുത്തു പൊക്കാൻ സെക്സ് ശക്തി നല്കും. എന്നാൽ ആ നായികയുടെ പകുതിഭാരം പോലുമില്ലാത്ത സ്വന്തം ഭാര്യയെ അയാൾക്കെടുത്തു് ഉയർത്താൻ പറ്റില്ല.

ചോദ്യം: ഇന്നത്തെ മലയാള സാഹിത്യകാരന്മാരുടെ നാളത്തെ സ്ഥിതിയെന്തു്?

ഉത്തരം: ഇന്നു ജീവിച്ചിരിക്കുന്ന ഒരു മലയാള സാഹിത്യകാരനും ഭാവിയിൽ ഓർമ്മിക്കപ്പെടുകയില്ല. അവരിൽ പലരുടെയും പേരുകൾ സാഹിത്യചരിത്രത്തിൽ വരില്ല. വൈലോപ്പിള്ളി പോലും വിസ്മരിക്കപ്പെട്ടുകൊണ്ടിരിക്കുന്നു. മറ്റുള്ളവരെക്കുറിച്ചു് പിന്നെന്തു പറയാനാണു്. പത്തു പൈസയുടെ സാഹിത്യമാണു് മലയാളസാഹിത്യം.

ചോദ്യം: രാഷ്ട്രീയക്കാരനും സാഹിത്യകാരനും തമ്മിൽ എന്തേ വ്യത്യാസം?

ഉത്തരം: രാഷ്ട്രവ്യവഹാരത്തിൽ പ്രവർത്തിക്കുന്നവൻ ചിന്തകളെ ഒളിച്ചുവയ്ക്കുന്നു. സാഹിത്യകാരൻ അവയെ മറവുകൂടാതെ പ്രദർശിപ്പിക്കുന്നു. നവീന സാഹിത്യകാരന്മാർ രാഷ്ട്രീയ നേതാക്കന്മാരെപ്പോലെയാണു്. അവർ ചിന്തകളെ ഒളിച്ചു വയ്ക്കുന്നു.

ചോദ്യം: പോലീസുകാർ ശല്യക്കാരല്ലേ?

ഉത്തരം: സർക്കാർ സർവീസിലുള്ള ഒരു പൊലീസുകാരനും ശല്യം ചെയ്യുകയില്ല. പക്ഷേ, പെൻഷൻ പറ്റിയ പൊലീസുകാരൻ വലിയ ശല്യക്കാരനാണു്. ആധ്യാത്മികത്വം എന്ന രോഗവും കൊണ്ടു് അയാൾ എല്ലാവരെയും സമീപിച്ചു് ഉപദ്രവിക്കും.

റോസാപ്പൂവും നനഞ്ഞ മുണ്ടും
images/Peter_Matthiessen.jpg
പീറ്റർ മാത്തിസൻ

ഇതെഴുതുന്നയാൾ ആലപ്പുഴെ തത്തംപള്ളിയിൽ താമസിക്കുന്ന കാലം. വീട്ടുമുറ്റത്തു റോസാച്ചെടികളാണു് ഏറെ. എല്ലാച്ചെടികളും പുഷ്പിച്ചുനിന്നു് പരസരത്തെ അരുണാഭമാക്കുകയും സുഗന്ധപൂർണ്ണമാക്കുകയും ചെയ്യുന്ന ഒരു പുലർവേള. വീട്ടിലെ ജോലിക്കാരൻ മുണ്ടു് അടിച്ചുനനച്ചു് അതുണങ്ങാനായി പൂക്കളുടെ മുകളിലായി വിരിച്ചു. അതോടെ അരുണിമ പോയി. സൗരഭ്യം പോയി. നനച്ച മുണ്ടിനു താഴെ പനിനീർപ്പൂക്കളുണ്ടെങ്കിലും ആവരണത്തിന്റെ അസുഖദായകത്വം മാത്രമേ നിലനില്ക്കുന്നുള്ളു. പനിനീർപ്പൂക്കളിൽ വിരിച്ച ഷീറ്റാണു് അല്ലെങ്കിൽ വസ്ത്രമാണു് ശ്രീ. ഐസക് ഈപ്പന്റെ “മുൻഷിലാലിന്റെ ഗാന്ധി” എന്ന ചെറുകഥ (കലാകൗമുദി). ഗാന്ധിജിയെ നേരിട്ടു കണ്ടു് അദ്ദേഹത്തിന്റെ അപ്രമേയപ്രഭാവത്തിനു കീഴ്പ്പെട്ടുപോയ മുൻഷിലാൽ ഗാന്ധിജിയുടെ ചിത്രം വച്ച മ്യൂസിയത്തിലെ ചപ്രാസിയായി മാറി. ക്രമേണ ഗാന്ധി വിസ്മരിക്കപ്പെടുന്നു. അതോടെ ചിത്രത്തിനു സ്ഥാനഭ്രംശവും. പെൻഷൻ പറ്റുന്ന മുൻഷിലാലിനു ജോലിക്കാർ സമ്മാനങ്ങൾ നല്കാൻ തീരുമാനിക്കുമ്പോൾ അയാൾ പറയുന്നു ഗാന്ധിയുടെ ചിത്രം മാത്രം മതിയെന്നു്. ചിത്രം ഒന്നൊഴിഞ്ഞുകിട്ടാൻ ആഗ്രഹിച്ച പുതിയ തലമുറ അയാൾക്കു് ആ പടം കൊടുക്കുന്നു. അയാൾ അതു് അടുത്തുവച്ചു് ഉറങ്ങുന്നു. ഈ ആശയത്തിന്റെ— മനോഹരമായ ആശയത്തിന്റെ—മുകളിൽ പ്രബന്ധത്തിന്റെ (essay) ആവരണമെടുത്തിടുകയാണു് കഥാകാരൻ. പനിനീർപ്പൂക്കളെ പനിനീർപ്പൂക്കളായി ചിത്രീകരിക്കാൻ അദ്ദേഹത്തിനു കഴിയുന്നില്ല. നമ്മുടെ പല കഥാകാരന്മാരും ഉപന്യാസത്തിന്റെ വസ്ത്രമെടുത്തു് സൗന്ദര്യത്തെ മൂടുന്നവരാണു്. ഐസക് ഈപ്പനും അവരുടെ കൂട്ടത്തിൽത്തന്നെ.

സംഭവങ്ങൾ
1.
ഞാൻ യൂണിവേഴ്സിറ്റി കോളജിൽ പഠിക്കുന്ന കാലത്തു് ഇംഗ്ലീഷ് പ്രഫെസർമാരോടു സംസാരിക്കാൻ ചെല്ലുമായിരുന്നു. ഒരിക്കൽ രാമയ്യർസ്സാറിനോടു റ്റി. എസ്. എല്യറ്റി നെക്കുറിച്ചു ചോദിച്ചു. സാറ് എന്നെ തുറിച്ചുനോക്കിയിട്ടു് ഒറ്റച്ചോദ്യം: “ആരെടാ ഇന്ത റ്റി. എസ്. എല്യറ്റ്?” ആ കവിയെക്കുറിച്ചു സാറിനു് അറിഞ്ഞുകൂടായിരുന്നോ അതോ പുച്ഛമുള്ളതുകൊണ്ടു് അങ്ങനെ പറഞ്ഞതാണോ? അറിഞ്ഞുകൂടാ. രണ്ടുകൊല്ലം മുൻപു് വിദേശത്തു പോയപ്പോൾ അവിടത്തെ സർവകലാശാല കാണാൻ ചെന്നു ഞാൻ. ഇംഗ്ലീഷ് പ്രഫെസറെ കാണാമെന്നു തീരുമാനിച്ചു് അദ്ദേഹത്തിന്റെ മുറിയിലെത്തി. Time to die എന്നു് മുഖത്തു് എഴുതിവച്ച രീതിയിൽ ഒരു സായ്പ് ഇരിക്കുന്നുണ്ടു് അവിടെ. അത്രയ്ക്കു വൃദ്ധൻ. ഞാൻ റ്റി. എസ്. എല്യറ്റിനെക്കുറിച്ചുതന്നെ അദ്ദേഹത്തോടു സംസാരിച്ചു. ആ കവിയെ തനിക്കറിയില്ലെന്നു് അദ്ദേഹം പറഞ്ഞു. വിഷയം മാറ്റി ഞാൻ ചോദിച്ചു: “ശംബളം എത്രയെന്നു ചോദിക്കുന്നതു മര്യാദകേടാണെന്നു് അറിയാം. എങ്കിലും ചോദിക്കുകയാണു്. അങ്ങയുടെ പ്രതിമാസ ശംബളം എത്ര?” സായ്പ് മറുപടി നല്കി: ഇൻഡ്യൻ കറൻസി അനുസരിച്ചു് എനിക്കു മാസംതോറും രണ്ടു ലക്ഷം രൂപാ കിട്ടും. എല്യറ്റിനെ കേട്ടിട്ടില്ലാത്ത ഇംഗ്ലീഷ് പ്രഫെസർക്കു ശംബളം രണ്ടു ലക്ഷം രൂപ!
2.
എന്റെ ഇന്നത്തെ അവസ്ഥയല്ല അന്നു്. ശരീരത്തിൽ ചോരയും നീരും ഉണ്ടായിരുന്ന കാലം. ‘മലയാളനാടു’ വാരികയിൽ ഞാനെഴുതിയിരുന്ന ‘സാഹിത്യവാരഫലം’ വായിച്ചു് ആരാധിക്കുന്നുവെന്നു പറഞ്ഞു് ഒരു സുന്ദരിയായ തരുണി എന്നെക്കാണാൻ ദിവസവും ഹോട്ടലിൽ വരുമായിരുന്നു. പുരുഷന്മാർ മാത്രം താമസിക്കുന്ന സ്ഥലത്തു് എല്ലാ ദിവസവും ഒരു ചെറുപ്പക്കാരി വരുന്നതു് കോളേജധ്യാപകനായ എനിക്കു ദുഷ്പേരു് ഉണ്ടാക്കുമെന്നും അതു കൊണ്ടു വരാൻ പാടില്ലെന്നും ഞാൻ പലതവണ പറഞ്ഞിട്ടും അവൾ കൂട്ടാക്കിയില്ല. ഒരുദിവസം കാലത്തു് ‘പഞ്ചുമേനോനും കുഞ്ചിയമ്മയും’ എന്ന ഹാസ്യഗ്രന്ഥം വായിച്ചു ഞാൻ രസിച്ചിരിക്കുമ്പോൾ അവൾ വന്നുകയറി. കുഞ്ചിയമ്മ തയ്യൽക്കാരന്റെ സൂചി കളഞ്ഞതിനെക്കുറിച്ചു പഞ്ചുമേനോനോടു പറയുന്ന ഭാഗം. ഗ്രന്ഥത്തിലുള്ളതുപോലെ എഴുതാൻ വയ്യ. അതുകൊണ്ടു് സങ്കല്പംതന്നെയാവട്ടെ.

കുഞ്ചിയമ്മ: സൂചി കളഞ്ഞാൽ തിരിച്ചു കിട്ടുമോ?

പഞ്ചുമേനോൻ: ഇല്ല.

കുഞ്ചിയമ്മ: ഇല്ല എന്നു പറഞ്ഞാൽ സൂചി കിട്ടുമോ?

പഞ്ചുമേനോൻ: ഹീ, ഹീ

കുഞ്ചിയമ്മ: ഹീ, ഹീ എന്നു ചിരിച്ചാൽ സൂചി കിട്ടുമോ?

ഇതു വായിച്ചു ഞാൻ ചിരിക്കുമ്പോഴാണു് അവളുടെ രംഗപ്രവേശം. ചിരിക്കു കാരണമായ ഭാഗം നോക്കിക്കൊണ്ടു് അവൾ ചോദിച്ചു: ഇത്രവളരെ ചിരിക്കാൻ എന്തിരിക്കുന്നു ഇതിൽ? ശരി. ഞാൻ. ചോദിക്കട്ടെ. ചിരിയെന്നാൽ എന്താണു്?

ഞാൻ: മുഖത്തെ മാംസപേശികളുടെ വക്രീകരണം.

അവൾ: വക്രീകരണമെന്നാൽ എന്താണു്?

ഞാൻ: നവീന സാഹിത്യംപോലെ.

അവൾ: സാഹിത്യമെന്നാലെന്താണു്?

ഞാൻ: കവിതയും ചെറുകഥയും നോവലും സാഹിത്യം. സംസ്കാരത്തിന്റെ ജലാശയത്തിൽ വിടർന്നു നില്ക്കുന്നവ. കുളത്തിലെ താമരപ്പൂക്കൾ പോലെ.

അവൾ: താമരപ്പൂക്കൾ എന്നാലെന്തു്?

ഞാൻ: ഒരു പച്ചത്തണ്ടിന്റെ അഗ്രഭാഗത്തു വിടരുന്നതു്. അതിന്റെ ഇതളുകൾക്കു മൃദുത്വവും ദൈർഘ്യവുമുണ്ടു്.

അവൾ: ദൈർഘ്യമെന്നാലെന്തു്?

നിന്റെ കണ്ണുകളുടെ സവിശേഷത എന്നു പറയാൻ ഒരുമ്പെട്ടു ഞാൻ. പക്ഷേ, ആ വാക്കുകൾ പുറത്തു വരുന്നതിനുമുൻപു് പ്രശസ്തനായ കഥാകാരൻ ശ്രീ. കെ. എൽ. മോഹനവർമ്മ മുറിക്കകത്തേയ്ക്കു വന്നു. അവിടെയിരുന്ന തരുണിയെ ശ്രദ്ധിക്കാതെ, ഒന്നു നോക്കുകപോലും ചെയ്യാതെ മാന്യനായ അദ്ദേഹം എന്നോടു സംസാരിക്കാൻ തുടങ്ങി. ‘ഞാൻ പോകട്ടെ’ എന്നു പറഞ്ഞു് അവൾ പോയി. അടുത്ത ദിവസവും അവൾ വന്നേയ്ക്കുമെന്നു പേടിച്ചു് ഞാൻ റിസപ്ഷനിസ്റ്റ് സെബാസ്റ്റിനോടു പറഞ്ഞു: ‘സെബാസ്റ്റിൻ, നാളെമുതൽ അവളെ ഇങ്ങോട്ടു കടത്തിവിടരുതു്’. സുന്ദരനായ സെബാസ്റ്റിൻ പുഞ്ചിരിയോടെ പറഞ്ഞു: “ആകട്ടെ സാർ.”

3.
കുട്ടികൃഷ്ണമാരാരുടെ മേഘസന്ദേശം-ഗദ്യഭാഷ പ്രസിദ്ധപ്പെടുത്തിയ കാലം. പുസ്തകം വാങ്ങി അവതാരിക വായിച്ച ഞാൻ ആദരാതിശയത്തോടെ സംസ്കൃത കോളേജ് പ്രിൻസിപ്പൽ എൻ. ഗോപാലപിള്ളയ്ക്കു് അതുകൊണ്ടു കൊടുത്തിട്ടു് അഭ്യർത്ഥിച്ചു: “സാർ, മാരാർ എഴുതിയ അവതാരിക വായിച്ചുനോക്കണം.” അടുത്ത ദിവസം സാറ് എന്നെ മുറിയിലേയ്ക്കു വിളിച്ചിട്ടു പറഞ്ഞു: “കൃഷ്ണൻനായരുടെ കുട്ടികൃഷ്ണമാരാർ എഴുതിയ അവതാരിക ഞാൻ വായിച്ചു. നോൺസെൻസാണതു്. മാരാർക്കു് പെനിട്രേറ്റിങ് ഇന്റലക്റ്റ് ഉണ്ടു്. പക്ഷേ, അതു കേന്ദ്രബിന്ദുവിനെ കടന്നു് സെർക്കം ഫ്രാൻസിനുമപ്പുറത്തു പോകുന്നതുകൊണ്ടു് വ്യർത്ഥമായിത്തീരുന്നു” ഇന്നു് ഇതോർമ്മിച്ചു ഞാൻ സ്വയം പറയുന്ന ‘എൻ. ഗോപാലപിള്ളയുടെ സൂക്ഷ്മ നിരീക്ഷണം എത്ര ആദരണീയം!’
നിർമ്മൽ വർമ്മ

ഇന്നു ജീവിച്ചിരിക്കുന്ന ഒരു മലയാള സാഹിത്യകാരനും ഭാവിയിൽ ഓർമ്മിക്കപ്പെടുകയില്ല. അവരിൽ പലരുടേയും പേരുകൾ സാഹിത്യ ചരിത്രത്തിൽ വരില്ല. വൈലോപ്പിള്ളിപോലും വിസ്മരിക്കപ്പെട്ടുകൊണ്ടിരിക്കുന്നു. മറ്റുള്ളവരെക്കുറിച്ചു് മറ്റെന്തു പറയാനാണു്? പത്തു പൈസയുടെ സാഹിത്യമാണു് മലയാള സാഹിത്യം.

ഭർത്താവു് മരിക്കുമ്പോൾ ദുഃഖിക്കുന്ന ഭാര്യയ്ക്കു് തന്നെ ഒരിക്കൽ ഉന്മാദത്തോളം കൊണ്ടുചെന്ന കാര്യങ്ങൾ—അയാൾ ചുമച്ചു് തൊണ്ട ശരിയാക്കുന്നതു്, ഞെട്ടയൊടിക്കുന്നതു്, ഷേവ് ചെയ്തതിനുശേഷം ബെയ്സിൻ കഴുകി വൃത്തിയാക്കാതെ പോന്നതു്—ഇവയെല്ലാം വിസ്മരിക്കാനാവും. തിരിച്ചു കൊണ്ടുവാരാനാവാത്ത പ്രിയതമനായി അയാളെ കരുതാനും കഴിയും. പക്ഷേ, അയാൾ വേറൊരു സ്ത്രീയോടുകൂടിപ്പോയാൽ അവൾക്കു വെറുപ്പുണ്ടാകും. വേദനിച്ചു ജീവിക്കുന്നതിനെക്കാൾ വെറുപ്പോടെ കഴിഞ്ഞുകൂടുന്നതാണു് എളുപ്പം. ഏതാണ്ടു് ഇങ്ങനെ എ. അൽവറിസ് Life After Marriage എന്ന പുസ്തകത്തിൽ പറഞ്ഞിട്ടുണ്ടു്. ഈ വെറുപ്പാണു് നിർമ്മൽ വർമ്മയുടെ ‘ഒരു ദിവസത്തെ അവധി’ എന്ന കഥയിലെ ഒരു സ്ത്രീകഥാപാത്രത്തിനുള്ളതു്. ഭർത്താവ് വേറൊരു സ്ത്രീയ്ക്കുവേണ്ടി അവളെയും മകളെയും ഉപേക്ഷിച്ചു പോയി. കാലംകഴിഞ്ഞു് അയാൾ ഭാര്യയും മകളും താമസിക്കുന്നിടത്തു് എത്തുന്നു. അവർക്കുവേണ്ടി ചില സമ്മാനങ്ങളും അയാൾ കൊണ്ടുവന്നിട്ടുണ്ടു്. പക്ഷേ, വ്യക്തിയോടുള്ള വെറുപ്പു് അയാളോടു ബന്ധപ്പെട്ട വസ്തുക്കളോടും തോന്നുമല്ലോ. അമ്മയും മോളും അവയിൽ ഒന്നുപോലും സ്വീകരിക്കുന്നില്ല. അന്നത്തെ അവസാനത്തെ തീവണ്ടിയിൽ തിരിച്ചുപോകാനാണു് താനുദ്ദേശിക്കുന്നതെന്നു് അയാൾ പറഞ്ഞിട്ടും മകൾ ആരുടേയും സമ്മതം ചോദിക്കാതെ ഹോട്ടൽമുറി അയാൾക്കുവേണ്ടി ബുക്ക് ചെയ്യുന്നു. അയാൾ പെട്ടിയെടുത്തു പുറത്തെ ഇരുട്ടിലേയ്ക്കു പോകുമ്പോൾ കഥ അവസാനിക്കുന്നു. സ്വന്തമിച്ഛാശക്തി ഭാര്യയിലും മകളിലും അടിച്ചേല്പിക്കാനും വേണ്ടിവന്നാൽ അവിടെത്തന്നെ കഴിഞ്ഞുകൂടാനും വന്ന അയാളെ അവർ രണ്ടുപേരുംകൂടി മര്യാദ ലംഘിക്കാതെ പുറത്താക്കുന്നതാണു് നമ്മൾ ഇക്കഥയിൽ കാണുന്നതു്. അന്തർവ്വീക്ഷണ പാടവത്താൽ ഇതിവൃത്തത്തിന്റെ സർവ്വസാധാരണത്വം നമ്മൾക്കനുഭവപ്പെടുന്നില്ല എന്നതാണു് ഇക്കഥയുടെ സവിശേഷത (ഭാഷാന്തരീകരണം നിർവ്വഹിച്ചതു് ശ്രീ. വി. ഡി. കൃഷ്ണൻ നമ്പ്യാർ. അതു് മാതൃഭൂമി ആഴ്ചപ്പതിപ്പിൽ).

വിശ്വസാഹിത്യത്തിൽ നിന്നു്
images/Al_Alvarez.jpg
എ. അൽവറിസ്

പീറ്റർ മാത്തിസൻ (Peter Mathiessen) മാന്ത്രികശക്തിയുള്ള ഗ്രന്ഥങ്ങൾ എഴുതുന്ന അമേരിക്കൻ സാഹിത്യകാരനാണു്. കുറച്ചുകാലം മുൻപു് അദ്ദേഹത്തിന്റെ ‘പ്രൊഫൈൽ’—പാർശ്വമുഖരൂപം—റ്റൈം വാരിക പ്രസിദ്ധപ്പെടുത്തിയിരുന്നു. മാത്തിസന്റെ The Snow Leopard എന്ന യാത്രാവിവരണം സുന്ദരമാണു്. പർവ്വതപംക്തികളിലൂടെ അതിക്ലേശം സഹിച്ചുനടന്നു് വെളുത്ത പുള്ളിപ്പുലിയെ—ആധ്യാത്മികതയെ—തേടുന്ന മാത്തിസന്റെ യത്നത്തിന്റെ വിവരണമാണു് ആ പുസ്തകത്തിൽ. രചനയുടെ സ്വഭാവം കാണിക്കാൻ ഒരുഭാഗം എടുത്തെഴുതാം.

images/TheSnowLeopard.jpg

“In case I should need them, insructions for passage through the Bardo are contained in the Tivetan ‘Book of the Dead’ which I carry with me—a guide for living, actually, since it teaches that man’s last thoughts will determine the quality of his reincarnation. Therefore, every moment of life is to be lived calmly, mindfully, as if it were the last, to insure that the most is made of precious human state—the only one in which enlightment is possible. And only the enlightened can recall their former lives; for the rest of us, the memories of past existiences are but glints of light, twinges of longing, passing shadows, disturbingly familiar, that are gone before they can be grasped, like the passage of that silver bird on Dhaulagiri.”

images/Patrice_Lumumba.jpg
ലമുംബ

The Snow Leopard-നു മുൻപു മാത്തിസൻ എഴുതിയ The Tree Shere Man Was Born എന്ന പുസ്തകവും മനോഹരമാണു്. കിഴക്കനാഫ്രിക്കയുടെ സൗന്ദര്യവും ഉദാത്തതയും അനുകരിക്കാനാവാത്ത തന്റെ ശൈലിയിലൂടെ മാത്തിസൻ ആവിഷ്കരിച്ചിരിക്കുന്നു. രോഗി താനൊരു ചെന്നായോ മറ്റു വല്ല വന്യമൃഗമോ ആണെന്നു വിചാരിക്കുന്ന ഒരുതരം ഭ്രാന്താണു് ലിക്കൻത്രപ്പി (lycanthropy). മനുഷ്യൻ ചെന്നായുടെ രൂപമെടുക്കുന്നു എന്ന കെട്ടുകഥയിലെ സങ്കല്പവും ലിക്കൻത്രപ്പിതന്നെ. ക്രൂരമൃഗങ്ങളെ ചില കാര്യങ്ങൾ ചെയ്യാൻ ധ്യാനിച്ചു വരുത്തുന്ന ഏർപ്പാടു് കിഴക്കനാഫ്രിക്കയിൽ സാർവത്രികമാണു്. അതിനെ അന്ധവിശ്വാസമെന്നു പറഞ്ഞു തള്ളിക്കളയാൻ വൈഷമ്യമുണ്ടു് എന്നും മാത്തിസൻ എഴുതുന്നു. ഒരിക്കൽ വേട്ടക്കാരനായ ബ്ലിക്സനോടു നാട്ടുകാരാവശ്യപ്പെട്ടു രാത്രിയിൽ കന്നുകാലികളെ കൊല്ലുന്ന ഒരു കഴുതപ്പുലിയെ കൊല്ലണമെന്നു്. ആ മൃഗത്തിന്റെ മായാവിനിയിൽ (witch) നിന്നു പ്രതികാരനിർവഹണമുണ്ടാകുമെന്നു പേടിച്ചു് നാട്ടുകാർക്കു് അതിനെ കൊല്ലാനും വയ്യ. ബ്ലിക്സനെ സഹായിക്കാൻ ആരുമില്ല. തോക്കെടുക്കുന്ന ഒരുത്തനുമായി അയാൾ വധമർമ്മത്തിനു പോയി. ഒരു കഴുതപ്പുലിയുടെ നിഴൽരൂപം നിലാവിനെ മുറിച്ചുകടന്നു. ബ്ലിക്സൻ വെടി വച്ചപ്പോൾ കഴുതപ്പുലി കുറ്റിക്കാട്ടിലേയ്ക്കു വലിഞ്ഞുകയറി. രക്തം വീണ പാടുനോക്കി ബ്ലിക്സനും തോക്കെടുത്തവനും കുറ്റിക്കാട്ടിലേയ്ക്കു ചെന്നപ്പോൾ അതിന്റെ മറുവശത്തുനിന്നു കഴുതപ്പുലി പുറത്തേക്കിറങ്ങി. ബ്ലിക്സൻ അതിനെ വെടിവച്ചു കൊന്നു. രണ്ടുപേരും അതിന്റെ അടുത്തേയ്ക്കു ചെന്നു. നിലാവിൽ കഴുതപ്പുലി വീണിടത്തു് ഒരാഫ്രിക്കാക്കാരന്റെ ശവം കിടക്കുന്നു. ഇതുപോലെ പലതും ഇപ്പുസ്തകത്തിലുണ്ടു്. മാത്തിസന്റെ On the River Styx എന്ന കഥാസമാഹാരവും A play in the field of the Lord എന്ന നോവലും ഈ ലേഖകൻ വായിച്ചിട്ടുണ്ടു്. അന്യാദൃശങ്ങളായ ആ പുസ്തകങ്ങളെക്കുറിച്ചു് ഇനിയൊരു സന്ദർഭത്തിൽ എഴുതിക്കൊള്ളാം. ഇപ്പോൾ വായിച്ച African Silences എന്ന പുസ്തകവും അന്യൂനമത്രേ (Peter Matthiessen-Harvill Publication). അതിൽ പ്രധാനമന്ത്രിയായിരുന്ന ലമുംബ യെ (Patrice Lumumba, 1925–1961) വധിച്ചതു് സി. ഐ. എ. ആണെന്നു് ട്രാവൽ ഓഫീസിലെ ഷാക് ഗുസൻസ് (Jacques Goosens) തന്നോടു പറഞ്ഞതായി മാത്തീസൻ എഴുതുന്നു. International big money-ക്കു് എതിരായിരുന്നു ലമുംബ. ഐക്യരാഷ്ട്രസഭയുടെ സെക്രട്ടറി ജനറലായിരുന്ന ഹമർഷോൾഡി നെ (Dag Hammarskjold, 1905–1961) അതേ കാരണത്താൽ അതേ വർഷം തന്നെ വധിച്ചുവെന്നും ഗുഡൻസ് അറിയിച്ചു.

images/Dag_Hammarskjold.jpg
ഹമർഷോൾഡ്

റഷ്യയുടെ സംസ്കാരസ്തംഭം എന്നു് ഗോർബച്ചേവ് വാഴ്ത്തിയ റോറിക്കി ന്റെ (Nicholas Roerich, 1874–1947) Heart of Asia എന്ന യാത്രാവിവരണം ഉജ്ജ്വലമാണു്. അതിൽ വിവരിച്ചിരിക്കുന്ന ഒരു സംഭവം. റ്റിബറ്റിലെ ഒരു ലാമ ഇന്ത്യയിലെ വിശുദ്ധസ്ഥലങ്ങൾ കാണാൻ വന്നു. തീവണ്ടിയിൽവെച്ചു് അദ്ദേഹം റ്റിബറ്റിലെ ഭാഷ അറിഞ്ഞുകൂടാത്ത ഒരു ഹിന്ദുസന്ന്യാസിയെ കണ്ടു. സന്ന്യാസി ലാമയുടെ ചോദ്യങ്ങൾക്കു ഹിന്ദുസ്ഥാനിയിലാണു മറുപടി പറഞ്ഞതെങ്കിലും അദ്ദേഹത്തിനു് എല്ലാം മനസ്സിലായി. ലാമ ഇക്കാര്യം റോറിക്കിനോടും കൂട്ടുകാരോടും പറഞ്ഞിട്ടു് ഇങ്ങനെയും അറിയിച്ചു: ശംഭലയുടെ കാലയളവിൽ മാത്രം മുൻകൂട്ടി അറിയാതെ എല്ലാ ഭാഷകളും എല്ലാവർക്കും മനസ്സിലാകും. കാരണമുണ്ടു്. അപ്പോൾ ബാഹ്യമായ ശബ്ദമല്ല നമ്മൾ ഗ്രഹിക്കുക. ബാഹ്യനേത്രങ്ങൾകൊണ്ടല്ല നമ്മൾ കാണുക. നമ്മുടെ ഈശ്വരവിഗ്രഹങ്ങളിൽ പ്രതീകാത്മകമായി വച്ചിരിക്കുന്ന മൂന്നാമത്തെ കണ്ണുകൊണ്ടാണു് അപ്പോഴത്തെ കാഴ്ച. ഇതാണു് ബ്രഹ്മാവിന്റെ കണ്ണു്. എല്ലാ വിജ്ഞാനങ്ങളെയും ദർശിക്കുന്ന നേത്രം. (ശംഭല മഹാ വിഷ്ണുവിന്റെ ഒടുവിലത്തെ അവതാരമായ കല്ക്കി അവതരിക്കുന്ന ഗ്രാമമാണു് എന്നു് ഓർമ്മ പറയുന്നു—ലേഖകൻ)

നിർവ്വചനങ്ങൾ
ദീർഘായുസ്സ്:
മക്കളുടേയും ചെറുമക്കളുടെയും മരുമക്കളുടെയും ചവിട്ടും ഇടിയും തുപ്പും ഏറ്റു ജീവിക്കാൻ വൃദ്ധനെ സഹായിക്കുന്നതു്.
കർണ്ണാടക സംഗീതം:
സംഗീതത്തെക്കുറിച്ചു് ഒരു പിടിയുമില്ലാത്തവനു് ഭാഗവതരുടെ മുൻപിൽ ചെന്നിരുന്നു തലയാട്ടാനും തെറ്റായി താളംപിടിച്ചു് രസിക്കുന്നുവെന്നു ഭാവിക്കാനും സഹായമരുളുന്ന നാദപ്രവാഹം.
മൗനം:
അതിരുകടന്നു സംസാരിക്കുന്നവൻ മദ്യപിച്ചുകഴിഞ്ഞാൽ അച്ഛൻ, അമ്മ, ചേട്ടൻ ഇവരുടെ മുൻപിൽ പ്രദർശിപ്പിക്കുന്ന സവിശേഷാവസ്ഥ.
ഓട്ടോറിക്ഷ:
വേഗംകൊണ്ടു യാത്രക്കാരന്റെ സെൻട്രൽ നെർവസ് സിസ്റ്റം തകർക്കുന്ന വാഹനം.
ലിപ്സ്റ്റിക്:
പുരുഷന്മാർക്കു ദർശനത്തിൽത്തന്നെ വമനേച്ഛയുണ്ടാക്കുന്നതു്. സ്വാഭാവികസൗന്ദര്യത്തെ ഇല്ലാതാക്കി വൈരൂപ്യമുണ്ടാക്കുന്നതു്.
ആശ്വാസം:
ധനികന്റെ കാറ് മോഷ്ടിക്കപ്പെട്ടാൽ കാറില്ലാത്തവനുണ്ടാകുന്ന മാനസികാവസ്ഥ.
ബാലജല്പനം

നവീന നിരൂപണമാണു് എന്നെയും താങ്കളെയും മാലിന്യത്തിലേയ്ക്കു് എറിയുന്നതു്.

ശ്രീ. കെ. ജി. ശങ്കരപ്പിള്ള എഡിറ്ററായി ചിത്തിര പ്രിന്റേഴ്സ് പ്രസാധനം ചെയ്യുന്ന “സമകാലീന കവിത”യുടെ നാലാം ലക്കം കിട്ടി. പത്രാധിപർക്കു നന്ദി. എന്റെ കൃതജ്ഞതാഭരിതമായ ഹൃദയം ‘അരുതു്’ എന്നു വിലക്കുന്നുണ്ടെങ്കിലും തോന്നുന്നതു പറയാതിരിക്കാൻ വയ്യ.

  1. സമകാലീന കവിത എന്ന പ്രയോഗം ശരിയല്ല. “സമകാലീനം, പ്രാക്കാലീനം ഇത്യാദി പ്രയോഗങ്ങൾ അഭിജ്ഞമതപ്രകാരം സമ്മതമല്ല. സമകാലികം, പ്രാക്കാലികം എന്നു വേണം” (പ്രയോഗ ദീപിക —സാഹിത്യപഞ്ചാനനൻ പി. കെ. നാരായണപിള്ള).
  2. ഇതിൽ ഉൾക്കൊള്ളിച്ച “കാവ്യ”ങ്ങളിൽ കവിതയില്ല. Pretentious nonsense എന്നാണു് ഞാനിവയെ വിശേഷിപ്പിക്കുന്നതു്.
  3. എ.കെ. രാമാനുജനെക്കുറിച്ചു് ശ്രീ. അയ്യപ്പപ്പണിക്കർ എഴുതിയ ലേഖനത്തിൽ ഇങ്ങനെയൊരു വാക്യം: “ജീവിതത്തിൽനിന്നു മരണത്തിലേയ്ക്കുള്ള ആ ‘വിവർത്തന’ത്തിലും വിരോധാഭാസത്തിന്റെ അമ്ളച്ഛവി പടർന്നു പിടിച്ചു എന്നു തോന്നിപ്പോകുന്നു.” വിരോധമെന്ന അർത്ഥത്തിൽ വിരോധാഭാസം എന്നു പ്രയോഗിക്കുന്നതു തെറ്റാണു്. വിരോധമില്ലാതിരിക്കെ വിരോധം തോന്നുന്ന ഉക്തിയാണു് വിരോധാഭാസം. ‘ഭരതോപി ശത്രുഘ്നഃ’ എന്നു കേൾക്കുമ്പോൾ വിരോധപ്രതീതി. എന്നാൽ ഭരതൻ ശത്രുവിനെ ഹനിക്കുന്നവനാണു് എന്നു ഗ്രഹിക്കുമ്പോൾ വിരോധത്തിനു പരിഹാരമായി.
Colophon

Title: Sāhityavāraphalam (ml: സാഹിത്യവാരഫലം).

Author(s): M Krishnan Nair.

First publication details: Kalakaumudi Weekly; Trivandrum, Kerala; 1994-05-01.

Deafult language: ml, Malayalam.

Keywords: M Krishnan Nair, Sahityavaraphalam, Weekly Lietrary Column, സാഹിത്യവാരഫലം, എം കൃഷ്ണൻ നായർ, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: October 8, 2022.

Credits: The text of the original item is copyrighted to J Vijayamma, author’s inheritor. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-NC-SA 4​.0). Any reuse of the material should credit the Sayahna Foundation, only noncommercial uses of the work are permitted and adoptations must be shared under the same terms.

Production history: Data entry: MS Aswathi; Proofing: Abdul Gafoor; Typesetter: JN Jamuna; Digitizer: KB Sujith; Encoding: JN Jamuna.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.