സാഹിത്യവാരഫലം
എം കൃഷ്ണൻ നായർ
(കലാകൗമുദി വാരിക, 1994-05-08-ൽ പ്രസിദ്ധീകരിച്ചതു്)

images/RobertSchumann.jpg
റോബർട് ഷൂമാൻ

റോബർട് ഷൂമാൻ (Robert Schumann, 1810–1856) ലോകജനതയാകെ അറിഞ്ഞ പിയാനൊ വായനക്കാരനായിരുന്നു. അദ്ദേഹത്തിനു് ഇരുപതു വയസ്സായപ്പോൾ ഒരാഗ്രഹം വലതുകൈയിലെ വിരലുകൾക്കു് നീളം കൂട്ടണമെന്നു്. അങ്ങനെ നീളം കൂട്ടിയാൽ കുറെക്കൂടി ഭംഗിയായി പിയാനൊ വായിക്കാമല്ലോ എന്നാണു് ഷൂമാൻ വിചാരിച്ചതു്. ആരോ കണ്ടുപിടിച്ച ഒരു സ്ട്രെച്ചിങ് മെഷീനിൽ വിരലുകൾവച്ചു് അദ്ദേഹം വേദന സഹിച്ചു് ഇരിക്കുമായിരുന്നു. ഷൂമാന്റെ ഭാര്യ ക്ലാരയും പിയനിസ്റ്റായിരുന്നു. ഭർത്താവിന്റെ ഈ അമിതാഭിലാഷം കണ്ടു് അവർക്കു് നൈരാശ്യവും അദ്ദേഹത്തിന്റെ തീവ്രവേദന കണ്ടു് വിഷാദവും ഉണ്ടായി. ഷൂമാനുണ്ടോ അതിൽനിന്നു പിന്മാറുന്നു? വിരലുകൾക്കു ക്ഷതം പറ്റുന്നതുവരെ അദ്ദേഹം അവ നീട്ടാൻ ശ്രമിച്ചു. ഒടുവിൽ സംഭവിച്ചതു് എന്താണെന്നോ? ഷൂമാൻ റൈൻ നദിയിൽ ചാടി ജീവിതം അവസാനിപ്പിച്ചു. (Tom Robbins എഴുതിയ “Even cowgirls get their Blues ” എന്ന നോവലിൽ നിന്നു്.)

കുട്ടികൾക്കായാലും സാഹിത്യരചനയ്ക്കു സമ്മാനം കൊടുക്കുന്നതു് യന്ത്രത്തിൽ വച്ചു വിരലുകൾ നീട്ടുന്നതിനു സദൃശമാണു്. ഒന്നേയുള്ളു വ്യത്യാസം ഷൂമാൻ തനിയെയങ്ങു വിരലുകൾ വച്ചുകൊടുത്തതാണു്; കുട്ടികളുടെ കാര്യത്തിലാണെങ്കിൽ മറ്റുള്ളവർ പിടിച്ചു യന്ത്രത്തിൽ വയ്ക്കുന്നു.

ഈ പ്രക്രിയയാണു് ഞാൻ മാതൃഭൂമി ആഴ്ചപ്പതിപ്പിൽ കാണുന്നതു്. കഥാമത്സരം നടത്തുന്നതു നന്നു്. ആർക്കെങ്കിലും സമ്മാനം നല്കണമല്ലോ. അതുകൊണ്ടു് തമ്മിൽ ഭേദം തൊമ്മൻ എന്ന രീതിയിൽ അതു കൊടുക്കാം. വേണമെങ്കിൽ നാലു നല്ല വാക്കുകൾ പറയുകയും ചെയ്യാം. എന്നാൽ ബഹുജനദൃഷ്ടിയിൽ അഭിജ്ഞരായ പ്രാഡ്വിവാകന്മാർ അത്തരം കഥകളെ വിദഗ്ധ ചിത്രീകരണങ്ങളായി വിശേഷിപ്പിക്കുമ്പോൾ അതു് അത്യുക്തിയോ സ്ഥൂലീകരണമോ ആയിത്തീരുന്നു. ആ വിശേഷിപ്പിക്കലിനെ ആത്മവഞ്ചനയും ജനവഞ്ചനയുമായി ചിലർ കണ്ടെന്നും വരും.

മഹാരാഷ്ട്രയിലെ ഖിലാരി ഗ്രാമത്തിലും മറ്റു പ്രദേശങ്ങളിലുമുണ്ടായ ഭൂകമ്പത്തെ ആസ്പദമാക്കി ‘ഘടികാരങ്ങൾ നിലയ്ക്കുന്ന സമയം’ എന്നൊരു ചെറുകഥ രചിക്കപ്പെട്ടു. അതിന്റെ രചയിതാവായ ശ്രീ. സുഭാഷ് ചന്ദ്രനാണു് ഒന്നാം സമ്മാനം നല്കിയിരിക്കുന്നതു്. ഭൂചലനത്തെത്തുടർന്നു് എല്ലാം തകർന്നപ്പോൾ തന്റെ ഉപകർത്താവായിത്തീരാൻ സൗജന്യം കാണിച്ച ഒരാളിന്റെ ക്ലോക്ക് മോഷ്ടിച്ചു കൊണ്ടു് കള്ളൻ ബുക്കാറാം നടന്നു. ബന്ധുക്കൾ നഷ്ടപ്പെട്ടു് ഭൂകമ്പത്തിന്റെ “നാശനഷ്ട”ങ്ങൾക്കിടയിൽക്കിടന്ന ഒരു കുഞ്ഞിനെക്കണ്ടു് കള്ളന്റെ മനസ്സു് അലിയുന്നു. താൻ ശിശുവായിരുന്നപ്പോൾ അച്ഛൻ കാണിച്ച വാത്സല്യമോർമ്മിച്ച കള്ളനു് ആ ആർദ്രത ഇരട്ടിയായി. അവൻ കുഞ്ഞിനെയും കൊണ്ടുനടക്കുമ്പോൾ കഥ അവസാനിക്കുന്നു.

images/LafcadioHearn.jpg
ലഫ്കാഡീയോ ഹേൺ

കള്ളന്മാരുടെ കാരുണ്യത്തെക്കുറിച്ചുള്ള ഇമ്മാതിരിക്കഥകൾ ഞാൻ ധാരാളം കേട്ടിട്ടുണ്ടു്. ജപ്പാനിലെ കായങ്കുളം കൊച്ചുണ്ണിയോ ഇത്തിക്കരപ്പക്കിയോ മുളമൂട്ടു് അടിമയോ ആയിരുന്നു ഇഷീക്കാവ ഗൊയ്മോൺ. ആളുകളെ കൊന്നു മോഷണം നടത്താൻ ഒരു വീട്ടിൽ കയറിയ ആ തസ്കരൻ തൊട്ടിലിൽ കിടക്കുന്ന കുഞ്ഞിനാൽ ആകർഷിക്കപ്പെട്ടു. ശിശു ചിരിച്ചുകൊണ്ടു് അവന്റെ നേർക്കു കൈനീട്ടിയപ്പോൾ ആ കള്ളൻ എല്ലാം മറന്നു. നേരം വെളുക്കുന്നതുവരെ അവൻ ആ കുഞ്ഞുമായി കളിച്ചുനിന്നു. മോഷ്ടിക്കാതെ, കൊല്ലാതെ അവിടംവിട്ടു പോകുകയും ചെയ്തു. ലഫ്കാഡീയോ ഹേണിന്റെ (Lafcadio Hearn, 1850–1904) Writings from Japan എന്ന വിശിഷ്ടഗ്രന്ഥം വായിച്ച ഓർമ്മയിൽനിന്നാണു് ഇതു കുറിക്കുന്നതു്. ഇതു മാത്രമല്ല. ഹേൺ ജപ്പാനിലായിരുന്ന കാലത്തു് ഭീതിദമായ കൊലപാതകം നടന്നു ഒരു വീട്ടിൽ. അവിടെയുണ്ടായിരുന്ന എല്ലാവരെയും കള്ളന്മാർ കൊന്നു. ഉറങ്ങിക്കിടന്ന ഏഴുപേരെയാണു് കൊലപാതകികൾ നുറുക്കിക്കളഞ്ഞതു്. എന്നാൽ രക്തത്തിൽ മുങ്ങിക്കിടന്ന ഒരു ശിശു ജീവനോടെ അവിടെയുണ്ടായിരുന്നു. കൊലപാതകികൾ കുഞ്ഞിനു് ഒരു പോറൽപോലും പറ്റാതിരിക്കാൻ നന്നേ ശ്രദ്ധിച്ചുവെന്നു പോലീസ് കണ്ടുപിടിച്ചു. ഇതു യഥാർത്ഥ സംഭവം. കാല്പനിക കഥകളും ഇതേ വിഷയത്തെക്കുറിച്ചു് ഇല്ലാതില്ല.

images/Kleist.jpg
ഹൈൻറിഹ് ഫൻ ക്ലൈസ്റ്റ്

ജർമ്മൻ സാഹിത്യകാരൻ ഹൈൻറിഹ് ഫൻ ക്ലൈസ്റ്റി ന്റെ (Heinrich von Kleist, 1777–1811) ‘The Earthquake in Chile’ എന്ന കഥ വിശ്വപ്രസിദ്ധമാണു്. 1647 മേ 13-ആം തീയതി അന്നു ചില്ലിയിലെ സാന്ത്യാഗോപ്പട്ടണത്തിൽ ഉണ്ടായ ഭൂകമ്പത്തെ ആധാരമാക്കിയാണു് ക്ലൈസ്റ്റ് അക്കഥ എഴുതിയതു്. ഒരു യുവാവിനോടു ലൈംഗികമായി ബന്ധപ്പെട്ട ഒരു യുവതിയെ അവളുടെ അച്ഛൻ കോൺവെന്റിലാക്കി. കന്യാസ്ത്രീമഠത്തിലായിട്ടും അവൾ കാമുകനോടുള്ള വേഴ്ച പുലർത്തിവന്നു. ഒരുദിവസം ഭദ്രാസനപ്പള്ളിയുടെ പടിക്കെട്ടിൽ അവൾ പ്രസവവേദനയോടെ വീണു. അവളുടെ തല വെട്ടിക്കളയാനായിരുന്നു വൈസ്റോയിയുടെ കല്പന. ബന്ധനസ്ഥനായ യുവാവു് തൂങ്ങിച്ചാകാൻ തീരുമാനിച്ചു. എന്നാൽ യുവതിയെ വധിക്കുന്നതിനു് ഏതാനും നിമിഷങ്ങൾക്കുമുൻപു് വലിയ ഭൂകമ്പമുണ്ടാകുകയും അപരാധം ചെയ്യാത്ത ആയിരക്കണക്കിനാളുകൾ മരിക്കുകയും ചെയ്തു. കാമുകിയും കാമുകനും രക്ഷപ്പെട്ടു. എങ്ങും തീയാണു്. എവിടെയും ധൂമമേഘങ്ങൾ. നദികരകവിഞ്ഞൊഴുകി പട്ടണത്തിലേക്കു കടന്നു. ശവക്കൂമ്പാരങ്ങൾ. തകർന്നുവീഴുന്ന ഭദ്രാസനപ്പള്ളിയിലേക്കു് ഓടിക്കയറി യുവതി കുഞ്ഞിനെ രക്ഷിച്ചു. അവളുടെ വധശിക്ഷയിൽ മനമലിഞ്ഞിരുന്ന മഠാധ്യക്ഷ അവളെ അനുഗ്രഹിക്കാൻ ഉയർത്തിയ കൈകൾ അങ്ങനെതന്നെയിരിക്കെ നിഗ്രഹിക്കപ്പെട്ടു. അവരുടെകൂടെ അനേകം കന്യാസ്ത്രീകളും മരിച്ചു. യുവതിയെ കുറ്റിയിൽ കെട്ടി എരിക്കാൻ ആജ്ഞാപിച്ച ആർച്ച് ബിഷപ്പ് ചിതറിക്കിടക്കുകയാണു്. (വൈസ്റോയിയാണു് ആ ശിക്ഷയെ കഴുത്തുമുറിച്ചുകളയലായി ലഘൂകരിച്ചതു്). എനിക്കു ക്ലൈസ്റ്റ് എഴുതിയ കഥ മുഴുവൻ സംഗ്രഹിച്ചെഴുതാൻ കൗതുകമില്ല. ദിനങ്ങൾ കഴിഞ്ഞു് ഈശ്വരനു നന്ദി പറയാൻ. അവശേഷിച്ച ഒരേയൊരു പള്ളിയുടെ മുൻപിലെത്തിയ യുവതിയെയും യുവാവിനെയും മതാന്ധരായ ഇനക്കൂട്ടം കൊന്നുകളഞ്ഞു. അവളുടെ കുഞ്ഞാണെന്നു തെറ്റിദ്ധരിച്ചു് വേറൊരു ശിശുവിനെയും അവർ നിഗ്രഹിച്ചു. ഭയജനകമായ ഭൂകമ്പത്തിന്റെ പശ്ചാത്തലത്തിലാണു് കഥ നടക്കുന്നതു്. ആ ഭയജനകത്വത്തെ ഏതാനും വാക്യങ്ങൾകൊണ്ടു് ക്ലൈസ്റ്റ് ചിത്രീകരിക്കുന്നുമുണ്ടു്. ഞാൻ ഒരുജ്ജ്വല പ്രതിഭാശാലിയുടെ കഥയെ ഒരു ബാലന്റെ രചനയോടു തട്ടിച്ചുനോക്കുകയല്ല. യഥാർത്ഥമായ ഭാവനയേതു് യഥാർത്ഥമായ ഭാവനാദാരിദ്ര്യമേതു് എന്നു സ്പഷ്ടമാക്കാനേ വിചാരിക്കുന്നുള്ളു. സുഭാഷ്ചന്ദ്രന്റെ കഥയിൽ ഭൂകമ്പത്തിന്റെ ഭീകരത്വമില്ല. കൃത്രിമങ്ങളായ വാക്യങ്ങൾ മാത്രമേയുള്ളു. പേടിയുടെ അന്തരീക്ഷമില്ലാത്തതുകൊണ്ടു തസ്കരന്റെ പ്രവർത്തനങ്ങൾ അനുവാചകഹൃദയത്തെ സ്പർശിക്കുന്നതേയില്ല. ഭയത്തിന്റെ അന്തരീക്ഷത്തിൽ മനുഷ്യത്വം വികസിക്കുന്നതു കാണിച്ചാലേ കലയുടെ ലക്ഷ്യം സാക്ഷാത്കരിക്കപ്പെടുകയുള്ളു. അതിവിടെ ഉണ്ടാകുന്നില്ല. ഇതിലെ കള്ളനും വ്യക്തിത്വമില്ല. ആ നിശ്ചേതന കഥാപാത്രം കഥാകാരന്റെ ആജ്ഞ കേട്ടിട്ടും ചലനംകൊള്ളുന്നില്ല. കഥാകാരൻ വിവരിക്കുന്ന സംഭവം എനിക്കു സത്യമായി തോന്നണമെങ്കിൽ വാക്യങ്ങൾ എന്റെ മനസ്സിന്റെ അടിത്തട്ടിലേക്കു കടക്കണം. സുഭാഷ് ചന്ദ്രന്റെ കൃത്രിമവാക്യങ്ങൾക്കു് ഇതിനുവേണ്ട ശക്തി ഒട്ടുമില്ല. ഒരാന്റിക്ലൈമാക്സിലേക്കു നീങ്ങുന്ന ഈ രചന ആകാശത്തേക്കു് ഉയർന്നു് ‘ശൂ’ എന്ന ശബ്ദം മാത്രം കേൾപ്പിച്ചു് പൊട്ടാതെ ചിതറിപ്പോകുന്ന വാണത്തിന്റെ പ്രതീതിയാണു് എന്നിലുളവാക്കിയതു്. സമ്മാനം നല്കപ്പെട്ട കവികളെക്കുറിച്ചും (സ്ത്രീയെക്കുറിച്ചു പറയുമ്പോഴും കവിയെന്നു മതി) എനിക്കൊരു നല്ല വാക്കും എഴുതാനില്ല. ഞാൻകൂടി പ്രാഡ്വിവാകരുടെ കൂട്ടത്തിലുണ്ടായിരുന്നെങ്കിൽ ഈ കഥകൾക്കും കാവ്യങ്ങൾക്കുംതന്നെ സമ്മാനം നിശ്ചയിക്കുമായിരുന്നു. കാരണം മറ്റുള്ളവ ഇവയെക്കാൾ കെട്ടവയായിരിക്കുമല്ലോ എന്നതുതന്നെ. കുട്ടികളുടെ രചനകളെ ഞാൻ കൊന്നു കൊലവിളി വിളിച്ചെന്നു ചിലർക്കു തോന്നുന്നുണ്ടാകാം. സാഹിത്യനിരൂപണത്തിൽ പ്രായം ‘ക്രൈറ്റീരിയൻ’— മാനദണ്ഡം—അല്ല. തന്റെ മുൻപിലിരിക്കുന്ന രചനയെ മാത്രമേ നിരൂപകൻ നോക്കേണ്ടതുള്ളൂ. ‘A work of art is either good or bad’ എന്നു് ഒസ്കാർ വൈൽഡ് പറഞ്ഞതു് ഓർമ്മിക്കണം.

ചോദ്യം, ഉത്തരം

ചോദ്യം: തൊട്ടുകൂടാത്തവർ, തീണ്ടിക്കൂടാത്തവർ എന്നു കരുതപ്പെടുന്ന വർഗ്ഗത്തിലെ സ്ത്രീകളോടു് ഉന്നതവർഗ്ഗജാതർ ലൈംഗികബന്ധം നടത്തുന്നതു് എങ്ങനെ? അപ്പോൾ ജാതി വിസ്മരിക്കപ്പെടുമോ?

ഉത്തരം: സെക്സിനെസംബന്ധിച്ച ഒരു കാര്യവും ഈ പംക്തിയിൽ വരരുതെന്നാണു് എം. പി. അപ്പൻ സാറിന്റെ സ്നേഹപൂർവമായ നിർദ്ദേശം. അദ്ദേഹത്തോടു മാപ്പു ചോദിച്ചുകൊണ്ടു് എഴുതട്ടെ. പൊക്കിളിനു താഴെ മതമില്ലെന്നു് ഒരു പഴഞ്ചൊല്ലുണ്ടു്. പഴഞ്ചൊല്ലിൽ പതിരില്ലതാനും.

ചോദ്യം: ഒരു ശണ്ഠയുമില്ലാതെ, ഒരു പരുഷവാക്കുപോലും പറയാതെ ചിലർ ദാമ്പത്യജീവിതം നയിക്കുന്നുണ്ടല്ലോ. ദമ്പതികളുടെ ജീവിതത്തെക്കുറിച്ചു് വിഷാദാത്മകനായ നിങ്ങൾക്കു് ഇതിലെന്തു പറയാനുണ്ടു്?

ഉത്തരം: സിനിമയിലും നാടകത്തിലും ഓവറാക്റ്റിങ് ഉള്ളതുപോലെ ദാമ്പത്യജീവിതത്തിലും ഓവറാക്റ്റിങ് ഉണ്ടു്.

ചോദ്യം: നവീന സാഹിത്യകാരന്മാരെ പുച്ഛിക്കാതെ അവർക്കൊരു ഉപദേശം കൊടുത്തുകൂടേ?

ഉത്തരം: ഞാനാരു് ഉപദേശിക്കാൻ? മസ്തിഷ്കത്തിനു പ്രാധാന്യം കൊടുക്കുന്ന അവർ ഹൃദയത്തിനു പ്രാധാന്യം കൊടുത്താൽ നന്നു്.

ചോദ്യം: സാഹിത്യത്തിലെ എല്ലാ പരിവർത്തനങ്ങൾക്കും നിങ്ങൾ എതിരാണോ?

ഉത്തരം: പാരമ്പര്യത്തിൽ പുതുമ വരുത്തുന്ന പരിവർത്തനത്തിനു് എതിരല്ല ഞാൻ. കുമാരനാശാൻ, ചങ്ങമ്പുഴ ഇവർ ആ രീതിയിൽ പരിവർത്തനം വരുത്തിയ കവികളാണു്. ഇന്നത്തെ പരിവർത്തനം പാരമ്പര്യത്തെ അവഗണിക്കുന്നതുകൊണ്ടു് യഥാർത്ഥമായ പരിവർത്തനമല്ല; അതു പരിവർത്തനാഭാസം മാത്രം.

ചോദ്യം: ഭർത്താവിനെ ഭാര്യ ചതിച്ചാൽ, ഭാര്യയെ ഭർത്താവു ചതിച്ചാൽ ആർക്കാവും കൂടുതൽ കോപം?

ഉത്തരം: ഭർത്താവിനു്. ഭാര്യ ചതിച്ചില്ലെങ്കിലും ചതിച്ചെന്നു വിചാരിച്ചല്ലേ ഒഥല്ലോ ഡെസ്ഡിമോണയെ കഴുത്തു ഞെരിച്ചുകൊന്നതു്. ഭാര്യയെ കൊല്ലുന്ന ഭർത്താക്കന്മാർ ധാരാളം. ഭർത്താവിനെ കൊല്ലുന്ന ഭാര്യമാർ വിരളം.

ചോദ്യം: ഹിന്ദു സങ്കല്പമനുസരിച്ചു നരകമുണ്ടോ?

ഉത്തരം: ‘ഉണ്ടു്. താമിസ്രഃ, അന്ധതാമിസ്രഃ രൗരവഃ, മഹാരൗരവഃ, കുംഭീപാകഃ, കാലസൂത്രം, അസിപത്രവനം, സൂകരമുഖം, അന്ധകൂപഃ, ക്യമിഭോജനഃ ഇങ്ങനെ ഇരുപത്തൊന്നു നരകങ്ങളെക്കുറിച്ചു ഭാഗവതത്തിൽ പറഞ്ഞിട്ടുണ്ടു്. സർഗ്ഗം അഞ്ച്, അദ്ധ്യായം 26 ഭാഗം 7.

ചോദ്യം: ജൂഡാസേ!

ഉത്തരം: യേശുവായ താങ്കളുടെ വിളിക്കു് ‘എന്തോ’ എന്നു് ഞാൻ വിളികേൾക്കുന്നു.

സർപ്പവും ലിലിപ്പൂവും
images/NikosKazantzakis1904.jpg
കാസാൻദ്സാക്കീസ്

കാസാൻദ്സാക്കീസ് ‘ഐറിഷ് ലാസ് ’ എന്നു വിളിക്കുന്ന ഒരു പെൺകുട്ടിയാണു് അദ്ദേഹത്തെ ഇംഗ്ലീഷ് പഠിപ്പിച്ചതു്. ഇംഗ്ലീഷ് ഭാവാത്മക കവിതയുടെ മാന്ത്രികത്വത്തിലേക്കു് അദ്ദേഹം അവളോടൊപ്പം ചെന്നുവീണു. അവളുടെ തോളിൽ തലചേർത്തുവച്ചു് കാസാൻദ്സാക്കീസ് കീറ്റ്സി ന്റെയും ബയറന്റെ യും വരികൾ വായിച്ചപ്പോൾ അവളുടെ ഭൂജകോടരങ്ങളിൽനിന്നു വന്ന തീക്ഷ്ണഗന്ധം ഉൾക്കൊണ്ടു് അദ്ദേഹം കീറ്റ്സിനെയും ബയറനെയും വിസ്മരിച്ചു. അപ്പോൾ ഒരു മുറിക്കകത്തു് രണ്ടു മൃഗങ്ങൾ മാത്രം. ഒരാൾ ട്രൗസേഴ്സ് ധരിച്ചിരിക്കുന്നു; മറ്റേയാൾ ഡ്രസ്സിനകത്തും.

അവർ അടുത്തദിവസം ഒരു മലകയറി അതിന്റെ മുകളിലുള്ള കൊച്ചുപള്ളിയിലെത്തി. ഐറിഷ് പെൺകുട്ടിയുടെ മൂക്കു് വെളുത്തു. ചുണ്ടുകൾ കൂടുതൽ ചുവന്നു. അവർ ആ ദേവാലയം അശുദ്ധമാക്കി. കാസാൻദ്സാക്കീസ് ഐറിഷ് പെൺകുട്ടിയെ നോക്കി. ദന്തക്ഷതങ്ങളേറ്റ ചുണ്ടുകൾ കൂടക്കൂടെ നക്കിക്കൊണ്ടു് അവൾ ചോക്കലിറ്റ് തിന്നുകയായിരുന്നു.

images/SerpentandLily.jpg

കാസാൻദ്സാക്കീസിനു കുറ്റബോധം. മൂന്നു വർഷം കഴിഞ്ഞു പശ്ചാത്താപത്തോടെ അദ്ദേഹം അവളുടെ വീട്ടിൽ ചെന്നു. പക്ഷേ, അവൾ വാതിൽ തുറന്നില്ല. വേദന സഹിക്കാനാവാതെ അദ്ദേഹം പനിപിടിച്ചു കിടന്നു. ഒരുദിവസം അദ്ദേഹം എഴുതാൻ തുടങ്ങി. അതാണു് ‘Serpent and Lily’ എന്ന മനോഹരമായ കൊച്ചുനോവൽ. ഇനി അവൾ അദ്ദേഹത്തെ വേദനിപ്പിക്കില്ല. കടലാസ്സിൽ എല്ലാക്കാലത്തേക്കുമായി കിടക്കുകയാണു് അവൾ. ഭാവനകൊണ്ടു് അദ്ദേഹം യാഥാർത്ഥ്യത്തിനു പരിവർത്തനം വരുത്തി. യാഥാർത്ഥ്യവും ഭാവനയും തമ്മിലുള്ള സംഘട്ടനം. ഈശ്വരൻ എന്ന സ്രഷ്ടാവു്; മനുഷ്യൻ എന്ന സ്രഷ്ടാവു്. ഈശ്വരന്റെ മനുഷ്യർ മരിക്കും; കാസാൻദ്സാക്കീസിന്റെ മനുഷ്യർ മരിക്കില്ല (വാക്യങ്ങൾ ഏറിയകൂറും കാസാൻദ്സാക്കീസിന്റേതു്).

images/KazantzakisGrave.jpg
കാസാൻദ്സാക്കീസിന്റെ ശവകുടീരത്തിലെ സ്മാരകലേഖം: “ഞാൻ ഒന്നും പ്രതീക്ഷിക്കുന്നില്ല; ഞാൻ ഒന്നും ഭയപ്പെടുന്നില്ല; ഞാൻ സ്വതന്ത്രനാണു്.”

സുന്ദരമായ കൊച്ചുനോവലാണു് Serpent and Lily എന്നു ഞാൻ എഴുതിയല്ലോ. തന്റെ മോഡലിനെക്കണ്ടു കാമത്തിൽ വീഴുന്ന ഒരു കലാകാരന്റെ കഥയാണതു്. ആദ്യത്തെ കാമാവേശം പിന്നീടു് ഉത്കടവികാരമായി മാറുന്നു. അതിൽനിന്നു രക്ഷനേടാൻ വധം മാത്രമേ പ്രയോജനപ്പെട്ടൂ. കഥ പറയുന്ന ആളിന്റെ സുഹൃത്തായ കലാകാരൻ ഡയറിയുടെ രീതിയിലെഴുതിയതാണിതു്. അതു തീർന്നപ്പോൾ കഥ പറയുന്ന ആളിന്റെ പരിചാരകൻ വന്നു് അയാളോടു് ആവശ്യപ്പെട്ടു സുഹൃത്തിന്റെ വീട്ടിലേക്കു വേഗം പോകാൻ. ഭയജനകമായ കാഴ്ച. ജന്നൽ തുറക്കാനായി അവൾ അതിനടുത്തുവരെ വലിഞ്ഞിഴഞ്ഞു് ചെന്നിരിക്കണം. അവളുടെ കാലുകൾക്കടുത്തുള്ള പൂക്കൾ ചവിട്ടി മെതിക്കപ്പെട്ടിരിക്കുന്നു. അവളുടെ വിരലുകളിൽ രക്തം. ജന്നൽ തുറന്നു ശ്വസിക്കാൻ അവൾ നല്ലപോലെ ശ്രമിച്ചു എന്നതു വ്യക്തം. പക്ഷേ, കലാകാരൻ അതിനു സമ്മതിച്ചില്ല എന്നതും സ്പഷ്ടം. തളർന്നുവീണ അവളുടെ കണ്ണുകൾ പേടികൊണ്ടു വിടർന്നിരുന്നു. ഭീതിയും വെറുപ്പും അവളുടെ സുന്ദരമായ മുഖത്തെ, നിഷ്കളങ്കമായ മുഖത്തെ വിരൂപമാക്കിയിരുന്നു. അയാൾ—കലാകാരൻ—പ്രശാന്തമായ മന്ദസ്മിതത്തോടെ അവളുടെ അടുത്തു നീണ്ടുനിവർന്നു കിടക്കുകയാണു്. അവാച്യമായ സ്നേഹത്തോടെ അയാൾ കൈകൾ അവളുടെ കഴുത്തിൽ ചുറ്റിയിട്ടുണ്ടു്. അവർക്കു മുകളിൽ ഒരു ചിത്രം. ചുരുളുകൾ നിവർത്തിക്കൊണ്ടു് ഒരു വലിയ സർപ്പം ഒരു മണൽക്കാട്ടിലൂടെ ‘ഓടുന്നു’. അഗ്നിയുടെ ചുവപ്പോടുകൂടി സൂര്യൻ അസ്തമിക്കുന്നു. വിഷം ഒഴുകുന്ന സർപ്പത്തിന്റെ വായിൽ നല്ലപോലെ വെളുത്തതും വാടുന്നതുമായ ലിലിപ്പൂവു്.

സാഹിത്യത്തിന്റെ നൂതനമൂല്യങ്ങൾ മാനദണ്ഡങ്ങളാക്കി പരിശോധിക്കുന്നവർക്കു് ഈ നോവൽ ജീർണ്ണിച്ച കാല്പനികതയാണെന്നു തോന്നാം. എനിക്കിതു് മനോഹരമായ കവിതയാണെന്നാണു തോന്നിയതു്. യുഗനിർമ്മാതാവു് എന്നു കരുതപ്പെടുന്ന ഒരു ഗ്രീക്ക് ജേണലിസ്റ്റ് ഇതിനെക്കുറിച്ചു പറഞ്ഞതു് ഇങ്ങനെ: “The Serpent and the Lily painted all in red, with a scattering of pages full of force and the south wind, and dizzying penetrating aromas. Arabian aromas in fact, just as the writer’s pen surges forth like an Arabian horse… This work contains an unsubduable rebellious spirit. It is a kind of battle against nature, woman, love, and his own self”.

(Serpent and Lily—A Novella; Nikos Kazantzakis; Translated by Theodora Vasils, University of California Press, Berkeley, Price $ 8.95.)

മനുഷ്യസ്വഭാവം

പരീക്ഷ ജയിച്ചിട്ടു് വെറുതെ നടക്കുന്ന നിങ്ങളെ ഞാൻ കാണുന്നുവെന്നിരിക്കട്ടെ. ഉടനെ ഞാൻ പറയും: “പബ്ലിക് ലൈബ്രറിയിൽ ചേർന്നു വല്ല പുസ്തകവുമെടുത്തു വായിച്ചു കൂടേ?” നിങ്ങൾ ചേരുന്നില്ല. കാണുമ്പോഴൊക്കെ ഞാൻ ചോദിക്കും. ‘ലൈബ്രറിയിൽ അംഗമായോ?’ എന്റെ ഉപദ്രവം സഹിക്കാതെ നിങ്ങൾ ലൈബ്രറിയിൽ അംഗമാകുന്നു. പുസ്തകമെടുത്തു വായിക്കുന്നു. അതു ഞാനറിഞ്ഞാൽ പിന്നെ എനിക്കു നിങ്ങളെ കാണുമ്പോൾ മൗനമാണു്. മാത്രമല്ല എന്റെ കൂട്ടുകാരനോടു പറയുകയും ചെയ്യും ‘അവന്റെ ഒരു വായന!’ നിങ്ങൾ നിരന്തരം പുസ്തകങ്ങളെടുക്കുന്നു, വായിക്കുന്നു, വിജ്ഞാനമാർജ്ജിക്കുന്നു. അതറിഞ്ഞ ഞാൻ എന്റെ കൂട്ടുകാരനോടു് ഇങ്ങനെ: ‘അവൻ വായിക്കുന്നുണ്ടു്. പക്ഷേ, വായിച്ചാൽ മനസ്സിലാവില്ല’. ലൈബ്രറിയിലെ പുസ്തകങ്ങൾ പോരെന്നു തോന്നിയതുകൊണ്ടു നിങ്ങൾ പണം കൊടുത്തു പുതിയ പുസ്തകങ്ങൾ വാങ്ങുന്നു. അവയെക്കുറിച്ചു് പത്രങ്ങളിൽ, വാരികകളിൽ എഴുതുന്നു. അതുകണ്ട ഞാൻ കൂട്ടുകാരനോടു പറയുന്നു: “അവൻ പുസ്തകങ്ങൾ വാങ്ങുന്നുവെന്നേയുള്ളു. റാപ്പറിൽ അച്ചടിച്ചതു മാത്രം വായിക്കും. അങ്ങിങ്ങായി മറിച്ചു നോക്കിയിട്ടു് ചിലതൊക്കെ ഉദ്ധരിക്കുന്നു. അത്രേയുള്ളൂ.’ നിങ്ങൾ എഴുതി പേരെടുക്കുന്നു. എനിക്കു് അതുതീരെ സഹിക്കുന്നില്ല. എന്റെ അടുത്ത ജോലി പത്രാധിപരെക്കണ്ടു് നിങ്ങളുടെ ലേഖനങ്ങൾ പ്രസിദ്ധപ്പെടുത്താതിരിക്കാൻവേണ്ടി ഏഷണി കൂട്ടുക എന്നതാണു്.

ഇതാണു് മനുഷ്യസ്വഭാവം എവിടെ സൗകര്യം കിട്ടുമോ അവിടെ പമ്പരവിഡ്ഢിത്തം കാണിക്കുന്ന ഒരു സുഹൃത്തു് എനിക്കുണ്ടു്. അദ്ദേഹം ആദ്യമായി കോളേജിൽ അധ്യാപകനായി വന്ന ദിവസം. അദ്ദേഹത്തിനു മൂത്രശങ്ക. സ്റ്റാഫ്റൂമിൽനിന്നിറങ്ങി ഒറ്റനടത്തം ആദ്യം കണ്ട മൂത്രപ്പുരയിലേക്കു് തിരിച്ചിറങ്ങിയപ്പോൾ പെൺപിള്ളേർ കൂട്ടിച്ചിരി ചിരിക്കുന്നു. അധ്യാപകൻ അവർക്കുള്ള യൂറിനലിലേക്കു് അങ്ങു പോയതാണു്. ഭാഗ്യംകൊണ്ടോ ദൗർഭാഗ്യംകൊണ്ടോ അതിനകത്തു് ഒരു പെൺകുട്ടിയും ഉണ്ടായിരുന്നില്ല. കൂട്ടച്ചിരികേട്ടു ഞങ്ങൾ ജന്നിൽക്കൂടി നോക്കിയപ്പോഴാണു് അധ്യാപകൻ തലതാഴ്ത്തി പുഞ്ചിരി പൊഴിച്ചുകൊണ്ടു വരുന്നതു കണ്ടതു്. പിന്നെ കൂട്ടച്ചിരി ഞങ്ങളുടേതായിരുന്നു. അടുത്തദിവസം അദ്ദേഹം ആരോടും ചോദിക്കാതെ ചെന്നു കയറിയതു് പ്രിൻസിപ്പലിന്റെ യൂറിനലിലേക്കാണു്. അനുഷ്ഠിക്കേണ്ടതു് അനുഷ്ഠിച്ചു കഴിഞ്ഞു പുറത്തേക്കു പോരുമ്പോഴാണു് ധിക്കൃത ശക്രപരാക്രമനാകിന നക്തഞ്ചരൻ പ്രിൻസിപ്പൽ അങ്ങോട്ടേക്കു പോയതു്. കാര്യം ഗ്രഹിച്ച അദ്ദേഹം അധ്യാപകനോടു പറഞ്ഞു: “This urinal is for the Principal’s exclusive use. Don’t repeat what you did here now”. അന്നും ഞങ്ങളൊക്കെ ചിരിച്ചു. ഈ അധ്യാപകനുമൊരുമിച്ചു് ചില വിദ്യാർത്ഥികൾ മധുരമീനാക്ഷി ക്ഷേത്രം കാണാൻ പോയതു ഞാൻ മുൻപൊരിക്കൽ എഴുതിയിരുന്നു. റിപ്പീറ്റ് ചെയ്യുന്നതു ക്ഷന്തവ്യമല്ലെങ്കിലും വായനക്കാർ ക്ഷമിക്കണം. ആൺപിള്ളേരും പെൺപിള്ളേരും ക്ഷേത്രത്തിലേക്കു പൊയ്ക്കഴിഞ്ഞപ്പോൾ അധ്യാപകൻ ഹോട്ടൽമുറികളാകെ പരിശോധിച്ചു. രണ്ടോ മൂന്നോ പെൺകുട്ടികൾ അമ്പലത്തിൽ പോകാതെ മുറിയിലിരിക്കുന്നതു കണ്ടു് അധ്യാപകന്റെ കോപം ജ്വലിച്ചു.

അധ്യാപകൻ:
എന്താ നിങ്ങൾ മാത്രം അമ്പലത്തിൽ പോകാത്തതു?
പെൺകുട്ടികൾ:
ഞങ്ങൾക്കു പോകണ്ട സാർ.
അധ്യാപകൻ:
ക്ഷേത്രം കാണാൻ തിരുവനന്തപുരത്തുനിന്നു മധുരവരെ വന്നിട്ടു് ഇവടെത്തന്നെ ഇരിക്കുന്നോ? എന്തുകൊണ്ടു പോകണ്ട? ഉടൻ എനിയ്ക്കറിയണം.
പെൺകുട്ടികൾ:
ഞങ്ങൾക്കു സുഖമില്ല സാർ.
അധ്യാപകൻ:
എന്തു സുഖക്കേടു്? കണ്ടിട്ടു സുഖക്കേടൊന്നുമില്ലല്ലോ.

പെൺകുട്ടികൾ വിഷമിച്ചു. അധ്യാപകൻ ചാടിത്തകർത്തിട്ടു സ്ഥലംവിട്ടു. പെൺകുട്ടികൾ വാപൊത്തിച്ചിരിച്ചു.

ഇങ്ങനെയുള്ള റ്റൈപ്പുകൾ ഈ ലോകത്തു ധാരാളമുണ്ടു്. അവരിൽപ്പെട്ട വേറെ റ്റൈപ്പുകളെയാണു് ശ്രീമതി എം. ഡി. രത്നമ്മ വിദഗ്ധമായ “ഗോപീകൃഷ്ണന്മാരേ നിങ്ങളെയോർത്തു്” എന്ന കഥയിൽ ചിത്രീകരിക്കുന്നതു്. കഥ സംഗ്രഹിച്ചെഴുതിയാൽ പാരായണത്തിനു ജനിക്കുന്ന ആഹ്ലാദത്തിനു ന്യൂനത്വം വരും. അതുകൊണ്ടു് കഥതന്നെ വായിച്ചുനോക്കട്ടെ വായനക്കാർ. നല്ല സറ്റയറായിട്ടുണ്ടു് എം. ഡി. രത്നമ്മയുടെ രചന (കഥ കലാകൗമുദിയിൽ).

എൻ. ഇ. ബാലറാം
images/NEBalaram.jpg
എൻ. ഇ. ബാലറാം

വേണാടു ഭരിച്ചിരുന്ന മാർത്താണ്ഡവർമ്മ യെ ഫിക്ഷന്റെ തലത്തിലേക്കു കൊണ്ടുചെല്ലുമ്പോൾ അദ്ദേഹം കഥാപാത്രമായ മാർത്താണ്ഡവർമ്മ മാത്രമാണു്. രാജ്യം ഭരിച്ച രാജാവിനെയും മാങ്കോയിക്കൽ ഭവനത്തിൽ ആശ്രയം തേടിയ യുവരാജാവിനെയും താരതമ്യപ്പെടുത്തി ആ കഥാപാത്രത്തെ അഭിനന്ദിക്കുന്നതിലോ നിന്ദിക്കുന്നതിലോ അർത്ഥമില്ല. ഫിക്ഷന്റെ മണ്ഡലത്തിലാണു് കഥാപാത്രം വിഹരിക്കുന്നതു്. ഫിക്ഷന്റെ നിയമങ്ങളാൽ ആ കഥാപാത്രം ഭരിക്കപ്പെടുന്നു. മാർകേസിന്റെ നോവലിലെ കഥാപാത്രമായ സീമോൻ ബോലീബാറും (Simon Bolivar) തെക്കേ അമേരിക്കൻ വിപ്ലവകാരിയായിരുന്ന സീമോൻ ബോലീബാറും (1783–1830) ഒരാളായിരിക്കാം. പക്ഷേ, നോവലിലെ കഥാപാത്രം അതിന്റെ നിയമങ്ങളനുസരിച്ചു് സംസാരിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്നതുകൊണ്ടു് കലയുടെ മാത്രമായ വിശ്വാസ്യത ഉളവാക്കുന്നുണ്ടു്. വിപ്ലവകാരിയെ മാർകേസ് അപമാനിച്ചുവെന്നു പറഞ്ഞു് ലാറ്റിനമേരിക്കൻ ദേശങ്ങളിൽ ബഹളം കൂട്ടുന്നതിൽ അർത്ഥമില്ലെന്നു് ശ്രീ. എൻ. ഇ. ബാലറാം അഭിപ്രായപ്പെടുന്നതിനോടു വിവേകമുള്ളവർക്കു യോജിക്കാനാവും (ബാലറാമിന്റെ ലേഖനം ഭാഷാ പോഷിണിയിൽ). പക്ഷേ, ഐശ്വരാംശമുള്ളവരെ, ഈശ്വരന്മാരായിക്കരുതി ബഹുജനം ആരാധിക്കുന്നവരെ ഫിക്ഷന്റെ തലത്തിലായാലും നിന്ദിക്കാനോ അപമാനിക്കാനോ പാടില്ലെന്ന മതം എനിക്കുണ്ടു്. കാരണം ലോകസംസ്കാരം അതുകൊണ്ടു തകർന്നുപോകുമെന്നതാണു്.

ഇന്ത്യയുടെ പ്രധാനമന്ത്രിയായിരിക്കുന്നതിനെക്കാൾ എനിക്കിഷ്ടം ചങ്ങമ്പുഴ യായി കേരളത്തിൽ ജീവിക്കാനാണു്.

Colophon

Title: Sāhityavāraphalam (ml: സാഹിത്യവാരഫലം).

Author(s): M Krishnan Nair.

First publication details: Kalakaumudi Weekly; Trivandrum, Kerala; 1994-05-08.

Deafult language: ml, Malayalam.

Keywords: M Krishnan Nair, Sahityavaraphalam, Weekly Lietrary Column, സാഹിത്യവാരഫലം, എം കൃഷ്ണൻ നായർ, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: October 8, 2022.

Credits: The text of the original item is copyrighted to J Vijayamma, author’s inheritor. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-NC-SA 4​.0). Any reuse of the material should credit the Sayahna Foundation, only noncommercial uses of the work are permitted and adoptations must be shared under the same terms.

Production history: Data entry: MS Aswathi; Proofing: Abdul Gafoor; Typesetter: JN Jamuna; Digitizer: KB Sujith; Encoding: JN Jamuna.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.