സാഹിത്യവാരഫലം
എം കൃഷ്ണൻ നായർ
(കലാകൗമുദി വാരിക, 1994-06-12-ൽ പ്രസിദ്ധീകരിച്ചതു്)

  1. ഓട്ടോറിക്ഷയിൽ സഞ്ചരിക്കുകയായിരുന്നു ഇതെഴുതുന്ന ആൾ. ഒരു സ്ഥലത്തെത്തിയപ്പോൾ ജാഥ വരുന്നതുകണ്ടു ഡ്രൈവർ വാഹനം നിറുത്തി. അയാൾ സംസാരം തുടങ്ങി. “ഈ ജാഥയിൽ പങ്കുകൊള്ളാൻ എന്നെയും അവൻ വന്നു ക്ഷ്ണിച്ചതാണു്. എഴുപതുരൂപ തരാമെങ്കിൽ ചെല്ലാമെന്നു ഞാൻ പറഞ്ഞു. അമ്പതു രൂപ തരാമെന്നു് അവർ. അപ്പോൾ ഞാൻ അറിയിച്ചു: “വേറൊരു പാർട്ടിയുടെ ജാഥയ്ക്കു് എഴുപതു രൂപയാണു് ഞാൻ ഇന്നലെ വാങ്ങിയതു്. അതിനും നാലു ദിവസം മുൻപു് മറ്റൊരു പാർട്ടിയുടെ ജാഥയ്ക്കും എഴുപതു രൂപ കിട്ടി. ഇവർ അമ്പതു രൂപയിൽകൂടുതൽ തരാനൊക്കുകയില്ലെന്നു പറഞ്ഞതുകൊണ്ടു ഞാൻ വേണ്ടെന്നു വച്ചു. വൈയ്കിട്ടു് അരിവാങ്ങാൻ കാശു വീട്ടിൽകൊടുക്കേണ്ടേ സാർ? ഓട്ടോറിക്ഷ ഓടിച്ചാൽ മതിയെന്നു ഞാൻ തീരുമാനിച്ചു.”— നമ്മുടെ രാഷ്ട്രീയ പ്രബുദ്ധത എത്ര കേമം!
  2. എവിടെയെങ്കിലും പോയിട്ടു തിരിച്ചു വീട്ടിലെത്തുമ്പോഴാണു് ആരോ ടെലിഫോണിൽ വിളിച്ചു എന്നറിയുന്നതു്. ആരെന്നു് ഉത്കണ്ഠയോടെ ചോദിക്കുമ്പോൾ മറുപടി “ആരെന്നു പറഞ്ഞില്ല. ഒരു പരിചയക്കാരൻ. പിന്നെ വിളിച്ചുകൊള്ളാമെന്നു മാത്രം പറഞ്ഞു.” എന്നു വീട്ടിലുള്ളവർ അറിയിക്കുന്നു. നമ്മുടെ ആളുകളുടെ റ്റെലിഫോൺ മാനേഴ്സിനെക്കുറിച്ചു് ആലോചിച്ചു് വിഷമിച്ചു ചാരുകസേരയിലേക്കു ചരിയുമ്പോൾ ഉറക്കം വരുന്നില്ല. ആരെന്നറിയാത്തതിലുള്ള അസ്വസ്ഥതയാണു് നിദ്രാരാഹിത്യത്തിന്റെ ഹേതു. ചിലർ നമ്മൾ ആവശ്യപ്പെടാതെ വലിയ തുക എടുത്തുതന്നിട്ടു് പിന്നീടു നമ്മളെ കാണുമ്പോൾ സാർത്ഥങ്ങളായ നോട്ടങ്ങൾ എറിയുമ്പോൾ നമുക്കുണ്ടാകുന്ന അസ്വസ്ഥതയ്ക്കു തുല്യമാണു് ഈ അസ്വസ്ഥത.
  3. John Caroll എഴുതിയ Humanism എന്ന പുസ്തകത്തിൽ ദസ്തെയെവ്സ്കി യുടെ “കുറ്റവും ശിക്ഷയും ” എന്ന നോവലിലെ കഥാപാത്രമായ റസ്കൽ നിക്കഫ് താൻ നെപ്പോളിയനാ ണെന്നു വിചാരിച്ചു് ഒരു തത്ത്വത്തിന്റെ പേരിൽ കൊലപാതകം ചെയ്തുവെന്നും അതിന്റെ പേരിൽ മനസാക്ഷിയുടെ വേദന സഹിക്കാനാവാതെ കിടന്നു പുളഞ്ഞുവെന്നും ഒടുവിൽ താൻ നെപ്പോളിയനല്ലെന്നു മനസ്സിലാക്കിയെന്നും പറഞ്ഞിട്ടുണ്ടു്. റസ്കൽ നിക്കഫിനെ humanist monster എന്നാണു് അദ്ദേഹം വിളിക്കുന്നതു്. കേരളത്തിലെ രണ്ടു കഥാകാരന്മാർ—ശ്രീ അക്ബർ കക്കട്ടിൽ, ശ്രീ. യു. കെ. കുമാരൻ —കോട്ടുകൾക്കിടയിൽ ഒളിച്ചുവച്ച കോടാലികളെടുത്തു് എന്റെ തലയിൽ ആഞ്ഞടിക്കുന്നു. ദസ്തെയെവ്സ്കിയുടെ നോവലിലെ കഥാപാത്രമായ വൃദ്ധ അടിയേറ്റു മരിച്ചു. ഞാൻ മരിച്ചില്ല, മരിക്കുകയുമില്ല. സാഹിത്യവാരഫലക്കാരന്റെ മൂല്യനിർണ്ണയങ്ങൾ തെറ്റാണെന്നാണു് രണ്ടുപേരും ഉദീരണം ചെയ്യുന്നതു് (കൂങ്കുമം വാരിക.) സാഹിത്യവാരഫലക്കാരൻ ഈ രണ്ടു കഥാകാരന്മാരുടേയും പല കഥകളും ഉത്കൃഷ്ടങ്ങളാണെന്നു മുൻപു് എഴുതിയിട്ടുണ്ടു്. അതു തെറ്റായിപ്പോയന്നായിരിക്കാം ഇവർ അഭിപ്രായപ്പെടുന്നതു്. വിശ്വസാഹിത്യത്തിലെ എല്ലാ മാസ്റ്റർപീസുകളും സാഹിത്യവാരഫലക്കാരൻ വായിച്ചിട്ടുണ്ടെന്നും ഭാരതീയരും പാശ്ചാത്യരുമായ എല്ലാ നിരൂപകരുടെയും നിരൂപണ സമ്പ്രദായങ്ങൾ ഗ്രഹിച്ചിട്ടുണ്ടെന്നും അയാൾ പറയുന്നില്ല. പക്ഷേ, മലയാളം, ഇംഗ്ലീഷ്, സംസ്കൃതം ഈ ഭാഷകളുടെ അക്ഷരങ്ങൾ എല്ലാം അയാൾക്കറിയാം എന്നു ചൂണ്ടിക്കാണിക്കുന്നു. സാഹിത്യവാരഫലക്കാരൻ കൈയിൽക്കിട്ടിയ സാഹിത്യരചനയെന്ന കൊച്ചുപാക്കറ്റിന്റെ നൂലുകൾ അഴിച്ചെടുക്കാൻ ശ്രമിക്കുന്ന വേളയിൽ കോടാലിയെടുത്തു് അയാളുടെ തലയിൽ അടിക്കുന്നതു് മലയാളത്തിന്റെയും ഇംഗ്ലീഷിന്റെയും അക്ഷരമാല മുഴുവനും അറിയുന്നവരായിക്കൊള്ളട്ടെ. നന്ദി എന്റെ Strong point ആണു്. കുമാരനും അക്ബറും എന്നെ പലതരത്തിലും സഹായിച്ചിട്ടുള്ളവരാണു്. അതുകൊണ്ടു കൂടുതൽ പറഞ്ഞു ഞാൻ കൃതഘ്നനാകാൻ ഇഷ്ടപ്പെടുന്നില്ല.
  4. മലയാളസാഹിത്യം കാണാൻ ഭേദപ്പെട്ട യുവതി മാത്രമാണു്. അവൾ വിശ്വസാഹിത്യത്തിന്റെ കണ്ണാടിയിൽ തന്നെക്കാണാൻ നോക്കിക്കൊണ്ടിരിക്കുകയാണു്. അവർ കാണുന്ന പ്രതിഫലനം കാണാൻ നമുക്കും പോകാം. കിട്ടിയ സന്ദർഭം പാഴാക്കാതെ ചില അഭിനേതാക്കൾ നായികമാരുടെ അവയവങ്ങളിൽ അഭിമർദ്ദം ചെലുത്തുന്നതുപോലെ നമ്മൾ അവൾക്കു് അഭിമർദ്ദപീഡ നല്കരുതു്. പിറകിലാവട്ടെ നമ്മുടെ നില. പ്രതിഫലനം കാണാൻ താല്പര്യമില്ലാത്തവർ മാറിനിന്നു് അന്യരെ തെറിപറയട്ടെ. കൂട്ടുകാരെ വരൂ. നമുക്കു അവളോടൊത്തു പ്രതിഫലനം കാണാം.
വിഷ്ണുനാരായണൻ നമ്പൂതിരി

ഒരു ഫ്രോഡിൽനിന്നു വേറൊരു ഫ്രോഡിലേക്കു് നമ്മൾ നയിക്കപ്പെടുന്നു. ഞങ്ങൾക്കു് കൈക്കൂലി അവസാനിക്കേണ്ടതില്ല. അഴിമതികൾ നടന്നുകൊള്ളട്ടെ. റോഡുകൾ കൂടുതൽ കുണ്ടും കുഴിയുമാർന്നവയാകട്ടെ. ദിവസത്തിൽ ഇരുപത്തിനാലു മണിക്കൂറും വിദ്യുച്ഛക്തി വേണ്ട. ബസ്സുകൾ വേണ്ട. അധികാരികൾ ഫ്രോഡായ പ്രസ്താവങ്ങൾ നടത്താതിരുന്നാൽ മാത്രം മതി.

“ഇയം സീതാ മമ സുതാ സഹധർമ്മചരീതവ” എന്നു പറഞ്ഞുകൊണ്ടാണു് ജനകൻ സീതയെ ശ്രീരാമനു നല്കിയതു്. ഓർമ്മയിൽനിന്നു കുറിക്കുന്നതാണിതു്. തെറ്റുണ്ടെങ്കിൽ ശ്രീ. വിഷ്ണുനാരായണൻ നമ്പൂതിരി യെപ്പോലുള്ള അഭിജ്ഞന്മാർ തിരുത്തട്ടെ. വാല്മീകി യുടെ ഈ വരി ചൊല്ലിയിട്ടു് ദാമ്പത്യജീവിതത്തിന്റെ ആദർശാത്മകസ്വഭാവത്തെ (ഈ പ്രയോഗം ശരിയല്ല. എങ്കിലും എഴുതുന്നു അങ്ങനെ) വിശദമാക്കി ഞാൻ ഒരു സമ്മേളനത്തിൽ. തിരുവനന്തപുരത്തെ മെഡിക്കൽ കോളേജിൽ ചേർന്ന ആ യോഗത്തിൽ പ്രഭാഷകനായിരുന്ന വിഷ്ണുനാരായണൻ നമ്പൂതിരി ആ ആശയത്തെയാകെ എതിർത്തു സംസാരിച്ചു. മലയാള കവിയുടെ ‘മെല്ലെപ്പുറപ്പെട്ടു പിന്നാലെ സീത’ എന്ന വരി ഉപോദ്ബലകമായി ചൊല്ലിയ എന്നെ അദ്ദേഹം തെല്ലു കളിയാക്കുകയും ചെയ്തു. അഭിപ്രായം ഇരുമ്പുലക്കയല്ലെന്നു സി. വി. കുഞ്ഞുരാമൻ പണ്ടു പറഞ്ഞല്ലോ.

images/VishnunarayananNambuthiri.jpg
വിഷ്ണുനാരായണൻ നമ്പൂതിരി

വിഷ്ണുനാരായണൻ നമ്പൂതിരിയുടെ ആ മതലോഹപിണ്ഡം മാതൃഭൂമി ആഴ്ചപ്പതിപ്പിലെ “വാനപ്രസ്ഥം” എന്ന മനോഹരമായ കാവ്യത്തിലൂടെ തകർന്നു വീഴുന്നതു കണ്ടു ഞാൻ ആഹ്ലാദിക്കുന്നു. രാഗത്തിലൂടെ, അനുരാഗത്തിലൂടെ, പ്രേമത്തിലൂടെ, പ്രണയത്തിലൂടെ കടന്നുവന്ന ദാമ്പത്യ ജീവിതം വാനപ്രസ്ഥത്തിലേക്കു കടക്കുന്നതു് കവി ലയാനുവിദ്ധതയോടെ ചിത്രീകരിക്കുന്നു. ആദ്യത്തെ ഭാഗമിതാ:

കണ്ണിലെ നീലത്തിളക്കമായ് പണ്ടെന്റെ

കൗമാരനാളിൽ കളിത്തോഴിയാകെ നീ

പൂക്കളിൽ ശ്യാമതുളസിയെ സ്നേഹിച്ചു

രാക്കളിൽ ഞാൻ കൃഷ്ണപഞ്ചമിത്തെല്ലിനെ,

കാർവില്ലിൽ നീലാഞ്ചലത്തെ, തൂലാക്കോളിൽ

ആടി വിറയ്ക്കും കരിംകൂവളത്തിനെ,

നീറുമോർമ്മയ്ക്കകം മുറ്റും പ്രണയത്തെ

നീരാജനംപോൽ പ്രസന്നം കവിതയെ

കവിയുടെ കാവ്യവും പ്രസന്നമത്രേ.

ബി. എം. ഗഫൂർ
images/BMGafoor.jpg
ബി. എം. ഗഫൂർ

കൈക്കൂലി അവസാനിപ്പിക്കും, അഴിമതികളാകെ ഇല്ലാതാക്കും, റോഡുകൾ സഞ്ചാരയോഗ്യങ്ങളാക്കും, വിദ്യുച്ഛക്തി ഒരു ദിവസം ഇരുപത്തിനാലു മണിക്കൂറും മുടങ്ങാതെ നല്കിക്കൊണ്ടിരിക്കും. പൈപ്പുവെള്ളം ഒരിക്കലും മുടക്കില്ല, ബസ്സുകളിലെ ‘ഓവർലോഡ് സമ്മതിക്കില്ല’ ഇങ്ങനെയുള്ള പ്രസ്താവങ്ങൾ സംവത്സരങ്ങളായി കേട്ടുതുടങ്ങിയതാണു്. പക്ഷേ, കൈക്കൂലി കൊടുക്കാതെ ഒരു കാര്യവും നേടാനാവില്ല. അഴിമതികളല്ലാതെ വേറൊന്നുമില്ല നാട്ടിൽ. റോഡുകളിലൂടെ നടക്കാൻ വയ്യ. വാഹനങ്ങളിൽ പോയാൽ കുണ്ടുകളിലും കുഴികളിലും വീണു ആഘാതമേറ്റു് മുഖം മുറിയുന്നു. വിദ്യുച്ഛക്തി, ബൾബിനകത്തെ ഒരു മഞ്ഞരേഖ മാത്രം. ലോ വോൾട്ടേജ് എന്നാണത്രേ അതിന്റെ പേരു്. അരമണിക്കൂർ—ചിലപ്പോൾ—ഒരുമണിക്കൂർ കൂരിരുട്ടു്. റോഡിൽ ഒറ്റയ്ക്കു പോകുന്ന സ്ത്രീ മാത്രമല്ല പുരുഷനും പേടിച്ചു വിറയ്ക്കുന്നു. മുന്നറിയിപ്പു കൂടാതെ വെള്ളം ഇല്ലാതാക്കുന്നു. ചിലപ്പോൾ കലങ്ങിയ വെള്ളം വരുന്നു. ഇന്നത്തെ പത്രത്തിൽ കണ്ടു വിഷബീജങ്ങൾ കലർന്നിരിക്കുന്നു വെള്ളത്തിലെന്നു്. ബസ്സുകളിൽ ഫുട്ബോർഡിൽ തൂങ്ങിക്കിടക്കുന്നു ആളുകൾ. വാഹനം ഒരുവശത്തേക്കു വല്ലാതെ ചരിഞ്ഞാണു് പോകുക. ഇതെഴുതുമ്പോൾ ‘ബസ് സമരം’. എന്റെ തലയ്ക്കു മുകളിൽ അറുപതു വാട്ട്സ് ബൾബ് ഒന്നു മിന്നുതേയുള്ളു. ചാരുകസേരയുടെ കൈയിൽ മെഴുകുതിരി കത്തിച്ചുവച്ചു് ഞാനിതു് എഴുതുന്നു. സത്യമിതൊക്കെയായിട്ടും എല്ലാം ശരിപ്പെടുത്തുമെന്ന ഫ്രോഡായ (fraud=വഞ്ചന) പ്രസ്താവങ്ങൾ എല്ലാപ്പത്രങ്ങളിലും. ഒരു ഫ്രോഡിൽനിന്നു വേറൊരു ഫ്രോഡിലേക്കു നമ്മൾ നയിക്കപ്പെടുന്നു. ഞങ്ങൾക്കു കൈക്കൂലി അവസാനിക്കേണ്ടതില്ല. അഴിമതികൾ നടന്നുകൊള്ളട്ടെ. റോഡുകൾ കൂടുതൽ കുണ്ടും കുഴിയുമാർന്നവയാകട്ടെ. ദിവസത്തിൽ ഇരുപത്തി നാലു മണിക്കൂറും വിദ്യുച്ഛക്തി വേണ്ട. പൈപ്പുവെള്ളംവേണ്ട. ബസ്സുകൾ വേണ്ട. അധികാരികൾ ഫ്രോഡായ പ്രസ്താവങ്ങൾ നടത്താതിരുന്നാൽ മതി. അവർ ഇരിക്കുന്ന മണിമാളികകളിലെ ജനലുകൾ വഴി അവയെ അങ്ങു ശൂന്യാകാശത്തേക്കു പറത്തിക്കളഞ്ഞാൽ മതി. വിധിയാണു് ഞങ്ങുളുടേതെന്നു വിചാരിച്ചു ഞങ്ങൾ മരണത്തെ കാത്തു് ഇരുന്നുകൊള്ളാം. ഇതൊക്കെയാണു് ശ്രീ. ബി. എം. ഗഫൂർ 12-ആം ലക്കം മാതൃഭൂമി ആച്ചപ്പതിപ്പിലെ ഹാസ്യചിത്രത്തിലൂടെ ആവിഷ്കരിക്കുന്നതു്. ജനങ്ങൾക്കു പറയാനുള്ളതു് അവരുടെ പ്രതിനിധിയായ കലാകാരൻ പറയുന്നു. ഗഫൂർ താങ്കൾക്കു നന്ദി.

ജോയിക്കൂട്ടി പാലത്തുങ്കൽ

മനസ്സിന്റെ സമനില പരിപാലിച്ചു ജീവിക്കണം. സമനിലയില്ലാതെ ചഞ്ചലചിത്തയായാൽ ഗ്രന്ഥിസ്രാവം കൂടും. അതു് അർബുദത്തിനു ഹേതുവാകും. വസ്തു സമ്പാദിക്കുന്നതിലും, ധനമാർജ്ജിക്കുന്നതിലും, ആർത്തികൂടിയവർക്കു് കുടലിലും വയറ്റിലും കാൻസർ വരുന്നതു സ്വാഭാവികമാണു്. മനസ്സിന്റെ സമനില പരിപാലിക്കുന്നതു കൊണ്ടാണു് സന്യാസിമാർ ദീർഘകാലം ജീവിച്ചിരിക്കുന്നതു്.

രാഷ്ട്രവ്യവഹാരപ്രേരിതങ്ങളായ വധങ്ങളെക്കുറിച്ചേ എനിക്കോർമ്മയുള്ളു. ഇന്ദിരാഗാന്ധി യെ ബിയാന്ത്സിംഗും സത്വന്തു് സിങ്ങും ചേർന്നു വെടിവച്ചു കൊന്നു എന്നു മാത്രമേ നമുക്കറിയാവൂ. ഒരു വിദേശ ഏജൻസി അവരെക്കൊണ്ടു അതു ചെയ്യിപ്പിച്ചു എന്നു പറയുന്നവരും ഇല്ലാതില്ല. പക്ഷേ, ആ കൊലപാതകത്തിന്റെ അന്തർനാടകം നമുക്കു് അജ്ഞാതം. 1984 ഒക്ടോബർ 31-നാണു് ഇന്ദിരാഗാന്ധി വധിക്കപ്പെട്ടതു്. പത്തുകൊല്ലം കഴിഞ്ഞിട്ടും നമ്മൾ അതിന്റെ ആന്തര രഹസ്യങ്ങൾ അറിഞ്ഞിട്ടില്ല. അറിയുകയുമില്ല. 1991 മേ 21-നു് രാജീവ്ഗാന്ധി നിഗ്രഹിക്കപ്പെട്ടു. ഇപ്പോഴും അതിന്റെ നിഗൂഢത നിഗൂഢതയായി വർത്തിക്കുന്നു. ഷേക്ക് മുജിബർ റഹ്മാൻ, ജനറൽ സിയാവൂർ റഹ്മാൻ, സിയാ ഉൾ ഹക്ക്, പ്രേമദാസ ഇവരുടെയെല്ലാം മരണങ്ങൾക്കു കാരണങ്ങളായ തോക്കുകളെക്കുറിച്ചും സ്ഫോടകവസ്തുക്കളെക്കുറിച്ചും മാത്രമേ ആളുകൾക്കു് അറിവുള്ളു. ഈ വധങ്ങളുടെ പിന്നിൽ പ്രവർത്തിച്ച മസ്തിഷ്കശക്തിയേക്കുറിച്ചു ഒന്നുമറിഞ്ഞുകൂടാ.

images/IndiraGandhi1984.jpg
ഇന്ദിരാ ഗാന്ധി

രാഷ്ട്രവ്യവഹാരപ്രേരിതങ്ങളായ ഈ കൊലപാതകങ്ങൾ പോകട്ടെ. ദൈനംദിന ജീവിതത്തിലുണ്ടാകുന്ന നരഹത്യകളുടെ യഥാർത്ഥ്യം ആർക്കാണു് അറിയാവുന്നതു? എല്ലാ വധങ്ങളിലുമുണ്ടു് ഒരു നിഗൂഢത. ഈ ആശയത്തെ ഹൃദയസ്പർശകമായ കഥയാക്കിയിരിക്കുന്നു ശ്രീ ജോയിക്കൂട്ടി പാലത്തുങ്കൽ. (കലാകൗമുദിയിലെ ‘സാക്ഷിമൊഴി’ എന്ന കഥ) നമുക്കു് എന്തറിയാം? വ്യക്തിയെ നമ്മൾതന്നെ ‘നിർവചിക്കുന്നു’ ആ നിർവചനം തെറ്റാണെന്നു് കാലം കഴിഞ്ഞേ മനസ്സിലാക്കു. ജീവിതത്തിന്റെ യഥാർത്ഥ്യത്തെക്കുറിച്ചും നമ്മൾ അജ്ഞരാണു്. ആ ജീവിതത്തിന്റെ ഒരു ഭാഗമായ കൊലപാതകത്തെക്കുറിച്ചും നമുക്കൊന്നുമറിഞ്ഞുകൂടാ. ഈ നിഗൂഢതയെയും അതിനോടു ബന്ധപ്പെട്ട സംഭവത്തേയും ആഖ്യാന വൈദഗ്ധ്യത്തിലൂടെ പ്രകാശിപ്പിക്കുന്നു കഥാകാരൻ.

ചോദ്യം, ഉത്തരം

ചോദ്യം: “പരുക്കൻ പെരുമാറ്റം ചിലർക്കു് ഉണ്ടാകുന്നതു് എന്തുകൊണ്ടു്?”

ഉത്തരം: “നമ്മുടെ പരുക്കൻ പെരുമാറ്റമാണു് അന്യരെ ആ രീതിയിൽ പെരുമാറാൻ പ്രേരിപ്പിക്കുന്നതു്. ഓട്ടോറിക്ഷ, കാറ് ഇവ ഓടിക്കുന്നവർ പരുഷമായി പെരുമാറുന്നുവെന്നു പറയാറില്ലേ? അവരോടു സ്നേഹത്തോടെ സംസാരിച്ചു നോക്കു. നമുക്കുള്ളതിനേക്കാൾ സ്നേഹത്തോടെ അവർ നമ്മളോടു സംസാരിക്കും. എന്തു സഹായവും നമുക്കുവേണ്ടി ചെയ്യും. ശബ്ദത്തിനു യോജിപ്പിക്കും പ്രതിധ്വനി”.

ചോദ്യം: “ഈശ്വരനുണ്ടോ?”

ഉത്തരം: “ഞാനെങ്ങനെയാണു് ഇതിനു മറുപടി പറയുക? ദെസ്തെയെവ്സ്കിക്കുപോലും ജീവിതാവസാനംവരെ ഈശ്വരനുണ്ടോ ഇല്ലയോ എന്ന ചോദ്യത്തിനു് ഉത്തരം പറയാൻ കഴിഞ്ഞില്ല. അദ്ദേഹം ഈശ്വരനിൽ വിശ്വസിച്ചില്ല, വിശ്വസിക്കാതെയുമിരുന്നില്ല. പിന്നെ നിസ്സാരനായ ഞാനെന്തു പറയാനാണു്? ആഫ്രിക്കയുടെ കിഴക്കു-മധ്യഭാഗത്തുള്ള രാജ്യമാണു് റൂ ആൻഢ (Rwanda) അവിടെ വർഗ്ഗീയലഹള ഉണ്ടായി. ലക്ഷക്കണക്കിനു അപരാധം ചെയ്യാത്തവർ നിഗ്രഹിക്കപ്പെട്ടു. സ്ത്രീകളെയും കുഞ്ഞുങ്ങളെയും വെട്ടുകത്തികൊണ്ടരിഞ്ഞു. ഇപ്പോഴും ഭീതിദമായ അന്തരീക്ഷം. ‘റ്റൈ’മിലെ റിപോർട്ട് വായിച്ചു ഞാൻ വിഷാദമഗ്നനായും ഈശ്വരശക്തിയിൽ സംശയാലുവായുമിരിക്കുന്നു”.

ചോദ്യം: “ഹെയർ ഓയിൽ വേണോ, നീലഭൃംഗാദി വേണോ അതോ FACT-ൽ ഉണ്ടാക്കുന്ന വളം വേണോ?”

ഉത്തരം: “കളിയാക്കാതെ, പെണ്ണുങ്ങൾ കഷണ്ടിക്കാരെയാണു് സ്നേഹിക്കുക”.

ചോദ്യം: “ജീവിക്കാൻ ഒരുപദേശം തരൂ”.

ഉത്തരം: “മനസ്സിന്റെ സമനില പരിപാലിച്ചു ജീവിക്കണം. സമനിലയില്ലാതെ ചഞ്ചലചിത്തയായാൽ ഗ്രന്ഥിദ്രാവം കൂടും. അതു് അർബുദത്തിനു ഹേതുവാകും. വസ്തു സമ്പാദിക്കുന്നതിലും ധനമാർജ്ജിക്കുന്നതിലും ആർത്തികൂടിയവർക്കു കുടലിലും വയറ്റിലും കാൻസർ വരുന്നതു സ്വാഭാവികമാണു്. മനസ്സിന്റെ സമനില പരിപാലിക്കുന്നതുകൊണ്ടാണു് സന്ന്യാസിമാർ ദീർഘകാലം ജീവിച്ചിരിക്കുന്നതു്”.

ചോദ്യം: “താങ്കൾ സി. വി രാമൻപിള്ള യുടെ കഥാപാത്രങ്ങളിൽ ഏറ്റവും വെറുക്കുന്നതു് ആരെയാണു്? അങ്ങനെ വെറുപ്പു് ഉണ്ടങ്കിൽ?”

ഉത്തരം: “‘മാർത്താണ്ഡവർമ്മ’ എന്ന നോവലിലെ സുഭദ്രയെ ഞാൻ വെറുക്കുന്നു”.

ചോദ്യം: “കുമാര മഹാകവിയുടെ ഈ ലോകായതികത്വം ചിലർക്കു രസിച്ചില്ല എന്നോ മറ്റോ മുണ്ടശ്ശേരി പറഞ്ഞതിന്റെ അർത്ഥമെന്തു?”

ഉത്തരം: “ഞാൻ ആ സന്ദർഭം ഓർമ്മിക്കുന്നില്ല. ഒന്നു പറയാം. ‘കുമാര മഹാകവി എന്ന പ്രയോഗം തെറ്റാണു്. ബാലനായ മഹാകവി എന്നേ ആ പ്രയോഗത്തിനു് അർത്ഥമുള്ളു. മഹാകവി കുമാരനാശാൻ എന്നു തന്നെ പറയണം”.

ചോദ്യം: “വായിക്കേണ്ടതു് എങ്ങനെ? ശ്രീഘ്രഗതി, മന്ദഗതി, ഇവയാണു് ഞാനുദ്ദേശിച്ചതു?”

ഉത്തരം: “വായന തീരെപ്പതുക്കെയായാൽ ചലച്ചിത്രത്തിലെ സ്ലോമോഷൻപോലെ അസഹനീയമാകും. വേഗത്തിലായാൽ കാസറ്റിലെ പരസ്യമൊഴിവാക്കാനായി റിമോർട്ട് കൺട്രോൾ ഉപകരണം ഉപയോഗിച്ചു വേഗം കൂട്ടുന്നതു പോലെ അസഹനീയമാകും. മധ്യവർത്തിനയം അംഗീകരിക്കൂ”.

സ്നേഹവും ചിന്തയും. ഇതാ ഇവിടെ അതിസൂക്ഷമായ സംഗമപ്രവാഹം. വെള്ളക്കടലാസ് എന്റെ മുൻപിൽ തിളങ്ങുന്നു. ഈശ്വരൻ മനുഷ്യനായി അവതരിക്കുന്നതുപോലെ ലയത്തിന്റെ നിമിഷങ്ങൾക്കു വിധേയമായി എന്റെ ചിന്ത സ്വയം കഞ്ചുകം ചാർത്തുന്നു. വാക്കുകളുടെ ചിറകുകളിൽ തൊട്ടു മാത്രമേ ഞാനവയെ പിടിച്ചെടുക്കൂ. എന്റെ വന കപോതമേ, എന്റെ ആഹ്ലാദമേ ഇതുനീയാണോ? സ്വർഗ്ഗത്തേയ്ക്കു് വീണ്ടും പറന്നുപോകരുതേ. ഇവിടെ താണിറങ്ങിവരൂ. ഇവിടെ വിശ്രമിക്കൂ. —ആങ്ങ്ദ്രേ ഷിദ്

വൈക്കം മുരളി
images/ArthurSchnitzler1878.jpg
ആർറ്റൂർ ഷ്നിറ്റ്സ്ളർ

ഓസ്ട്രിയൻ നാടകകർത്താവും നോവലിസ്റ്റും ചെറുകഥാകാരനുമായ ആർറ്റൂർ ഷ്നിറ്റ്സ്ളറു ടെ (Arthur Schnitzler, 1862–1931) എല്ലാചെറുകഥകളും അതിസുന്ദരങ്ങളാണു്. വിശേഷിച്ചും Flowers എന്നതു്. “റൊമാന്റിക് പ്രേമം എന്നൊന്നു് ഇല്ല. സുനിയതമായ ശരീരപ്രകൃതിയുള്ള ഏതു ചെറുപ്പക്കാരന്റെയും ആഗ്രഹം അമ്മട്ടിൽ ശരീരപ്രകൃതിയുള്ള ചെറുപ്പക്കാരിയുടെ കിടക്കയിലേക്കു ചാടിവീഴാനാണു്. അതുപോലെ അങ്ങോട്ടെന്നപോലെ ഇങ്ങോട്ടും” എന്നു് എച്ച്. ജി. വെൽസ് പറഞ്ഞിട്ടുണ്ടു്. ഈ സത്യമാണു് ഇക്കഥയിലുള്ളതു്. പൂർവകാമുകി എത്തിക്കുന്ന പുഷ്പങ്ങളിലൂടെ ഒരു വികാരസാമ്രാജ്യം സാക്ഷാത്കരിക്കുന്ന ഒരുത്തൻ ക്രമേണ പുതിയ കാമുകിയുമായി അടുക്കുകയും അവൾ കൊടുക്കുന്ന ലില്ലിപ്പൂക്കൾ പുഷ്പഭാജനത്തിൽ വച്ചിട്ടു് ആദ്യകാമുകി നല്കിയ പൂക്കൾ ദൂരെയെറിയുന്നതും വർണ്ണിക്കുന്ന ഇക്കഥ പ്രതിരൂപാത്മകമാണു്. പൂക്കൾ രതിയുടെ സിംബലാണു്. അതിന്റെ ക്ഷണികത ഇതിനേക്കാൾ കലാത്മകമായി ആവിഷ്കരിച്ച മറ്റൊരു കഥ എന്റെ ഗ്രന്ഥപരിചയസീമയ്ക്കകത്തു് ഇല്ല.

ഈ കലാപുഷ്പത്തെ മലയാളിയുടെ ഭാജനത്തിലേക്കു മാറ്റിവച്ചതു് വിശ്വസാഹിത്യത്തിൽ അവഗാഹമുള്ള ശ്രീ. വൈക്കം മുരളിയാണു്. (കഥാമാസിക നോക്കുക.) അദ്ദേഹത്തിന്റെ ഈ സ്തുത്യർഹമായ സേവനം മലയാളഭാഷയ്ക്കു് അനവരതം ഉണ്ടാകട്ടെ. അദ്ദേഹത്തിന്റെ സാഹീതീഭക്തി കൈവളരട്ടെ. ഞാൻ ഈ വിഷയം ഇവിടെ പൂർണ്ണ വിരാമമിട്ടു നിറുത്തിയതാണു്. എങ്കിലും മതിയായില്ലെന്നു തോന്നൽ. കമിങ്ങ്സ് (E. E. Cummings, 1894–1962) എന്ന അമേരിക്കൻ കവി (e. e.cummings എന്നാണു് അദ്ദേഹം സ്വന്തം പേരു ചെറിയ അക്ഷരങ്ങളിൽ എഴുതിയിരുന്നതു്.)

now the ears of my ears awake and

now the eyes of my eyes are opened

എന്നു് കാവ്യത്തിൽ എഴുതി. ഇത്തരം കഥകൾ എന്റെ കാതിന്റെ കാതിനെ ഉണർത്തുകയും കണ്ണിന്റെ കണ്ണിനെ തുറപ്പിക്കുകയും ചെയ്യുന്നു.

ശ്രീകൃഷ്ണപുരം കൃഷ്ണൻകുട്ടി

പടിഞ്ഞാറൻ ദേശങ്ങളിലെ സ്ത്രീകളെക്കുറിച്ചു് എനിക്കൊന്നുമറിഞ്ഞുകൂടാ. കേരളത്തിലെ വിവാഹിതകൾ വെറും അടിമകളാണു്. ഓഫീസിൽ പോയി ജോലിചെയ്തു ശമ്പളം മേടിക്കുന്നവരും ആ അടിമത്തത്തിൽനിന്നു മോചനം നേടിയവരല്ല. ജോലിയില്ലാത്തവരുടെ കാര്യം പറയാനുമില്ല. അവർ വീട്ടിൽതന്നെ കഴിയുന്നു. വിവാഹം കഴിഞ്ഞയുടനെ നവവരൻ അവളെ സിനിമ കാണാനോ ഭക്ഷണശാലയിൽ കൊണ്ടുപോയി അവൾ കഴിച്ചിട്ടില്ലാത്ത ഭക്ഷണങ്ങൾ വാങ്ങിക്കൊടുക്കാനോ സന്നദ്ധനായേക്കും. പക്ഷേ, പതിനഞ്ചു ദിവസം കഴിഞ്ഞാൽ അവളുടെ കിടപ്പു വീട്ടിനകത്തുതന്നെ. ഭർത്താവു് പിന്നീടു് ഒറ്റയ്ക്കു സിനിമ കാണാൻ പോകുന്നു. പാർട്ടിക്കു പോകുന്നു. അല്ലെങ്കിൽ പ്രതിയോഗികളുമായിട്ടു് മല്ലിട്ടു് അവരെ തോല്പിച്ചു ജയഭേരിയടിക്കുന്നു. ഓരോ ദിവസവും പുരുഷനു പുതിയ ദിവസമാണു്. അടിമയായ ഭാര്യയ്ക്കു ഓരോ ദിവസവും തലേദിവസം പോലെതന്നെ. അവൾക്കു് വൈരസ്യമാണു് എപ്പോഴും. പ്രവർത്തിക്കുന്ന പുരുഷന്റെ ആരോഗ്യം കൂടുന്നു. സൗന്ദര്യം കൂടുന്നു. മാനസികശക്തി നശിച്ച തരുണി ആ താരുണ്യത്തിൽതന്നെ കിഴവിയായി മാറുന്നു. ചെറുപ്പകാലത്തു കിളികളെപ്പോലെ പറന്നുനടന്ന പെണ്ണുങ്ങൾ വിവാഹം കഴിഞ്ഞു് അധികദിവസമാകുന്നതിനു മുൻപു് പേക്കോലങ്ങളായി മാറുന്നതു് ഞാൻ ഒന്നല്ല, നൂറല്ല, ആയിരമായിരം തവണ കണ്ടിട്ടുണ്ടു്. അതിനാൽ വിവാഹം സ്ത്രീയ്ക്കു പേടിസ്വപ്നമാണു്. ഒരു യുവതിയുടെ ഈ പേടിസ്വപ്നത്തെയാണു് ശ്രീ. ശ്രീകൃഷ്ണപുരം കൃഷ്ണൻകുട്ടി ‘തനിയാവർത്തനങ്ങൾ’ എന്ന ചെറുകഥയിലൂടെ വരച്ചുകാണിക്കുന്നതു്. ആ പേടിസ്വപ്നത്തിന്റെ ഭീകരത കൂട്ടാനായി കഥാകാരൻ തകർന്ന മറ്റു ദാമ്പത്യജീവിതങ്ങളെക്കൂടി ഉചിതജ്ഞതയോടെ കഥയിൽ വർണ്ണിക്കുന്നു. (കഥ ദേശാഭിമാനി വാരികയിൽ.)

images/RajeevGandhi.jpg
രാജീവ് ഗാന്ധി

ഭർത്താവിനു ഭാര്യയുടെ ശരീരപ്രകൃതിയറിയാം. അവളുടെ നീണ്ട തലമുടിയെ, വിശാലതയാർന്ന കണ്ണൂകളെ അയാൾ പ്രശംസിക്കും. പക്ഷേ, അവളുടെ അന്തരംഗത്തിന്റെ സൗന്ദര്യത്തെക്കുറിച്ചു് അല്ലെങ്കിൽ വൈരൂപ്യത്തെക്കൂറിച്ചു് അല്ലെങ്കിൽ വിഷാദത്തെക്കൂറിച്ചു് ഒന്നും അറിഞ്ഞുകൂടാ. നമ്മുടെ ചില നിരൂപകർ ഈ ഭർത്താക്കന്മാരെപ്പോലെയാണു്. അവർ രചനയുടെ ബഹിർഭാഗസ്ഥതയിൽ അഭിരമിക്കുന്നു. അതിന്റെ അന്തരംഗം അവർക്കു് അജ്ഞാതമായതുകൊണ്ടു് അവരെഴുതുന്നതും അന്തരംഗസ്പർശിയല്ല.

Colophon

Title: Sāhityavāraphalam (ml: സാഹിത്യവാരഫലം).

Author(s): M Krishnan Nair.

First publication details: Kalakaumudi Weekly; Trivandrum, Kerala; 1994-06-12.

Deafult language: ml, Malayalam.

Keywords: M Krishnan Nair, Sahityavaraphalam, Weekly Lietrary Column, സാഹിത്യവാരഫലം, എം കൃഷ്ണൻ നായർ, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: October 8, 2022.

Credits: The text of the original item is copyrighted to J Vijayamma, author’s inheritor. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-NC-SA 4​.0). Any reuse of the material should credit the Sayahna Foundation, only noncommercial uses of the work are permitted and adoptations must be shared under the same terms.

Production history: Data entry: MS Aswathi; Proofing: Abdul Gafoor; Typesetter: JN Jamuna; Digitizer: KB Sujith; Encoding: JN Jamuna.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.