- 1.
- ജെ. കൃഷ്ണമൂർത്തി:
- നിങ്ങൾ ആന്തരമായി, മാനസികമായി വിഷമിക്കുമ്പോൾ എന്തു ചെയ്യും? ആശ്വാസത്തിനുവേണ്ടി നിങ്ങൾ ആരുടെയെങ്കിലും നേർക്കു തിരിയും. നിങ്ങൾ പുസ്തകം വായിക്കുന്നു, റേഡിയോ കേൾക്കുന്നു അല്ലെങ്കിൽ പൂജിക്കാൻ പോകുന്നു. (Life Ahead, Victor Gollancz, P. 100)
- റോസലിൻഡ് രാജഗോപാൽ സ്ലോസ്
- കൃഷ്ണമൂർത്തിയെക്കുറിച്ചെഴുതിയ പുസ്തകത്തിൽ:
- കൃഷ്ണന്റെ ആദ്യത്തെ റൊമാൻസ് മാർസെലിനോടായിരുന്നു. അവളെ പ്രേമിക്കാൻ തനിക്കു കഴിയുമെന്നു് അദ്ദേഹം സമ്മതിച്ചു. പക്ഷേ, വിവാഹം സാദ്ധ്യമല്ലെന്നും. (Bloomsburry Publication, P. 38.)
- കമന്റ്:
- നമുക്കു വൈഷമ്യമുണ്ടായാൽ പുസ്തകം വായിക്കാം. റേഡിയോ ‘ഓൺ’ ചെയ്യാം. പൂജാമുറിയിൽച്ചെന്നു പൂജിക്കാം. സർവസംഗ പരിത്യാഗിയായ കൃഷ്ണമൂർത്തിക്കു് പെണ്ണിനെ വിവാഹം ചെയ്യുകില്ലെന്നു തീരുമാനിച്ചുകൊണ്ടു് അവളെ പ്രേമിക്കാം.
- 2.
- കൃ. മൂ:
- മനുഷ്യനെസ്സംബന്ധിച്ച ഈ സ്നേഹത്തിന്റെ കുരുക്കഴിക്കാൻ നമുക്കു് സാധിക്കില്ല. നമ്മൾ അമൂർത്താവസ്ഥകളിലേക്കു ചെല്ലുന്നു. (Freedom From the Unknown, B. I. Publication, P. 79)
- രാധ:
- ഹോളണ്ടിലേക്കു പോയപ്പോഴാണു് കൃഷ്ണൻ കാര്യമായി പ്രേമത്തെ കണ്ടതു്. പതിനേഴുവയസ്സുള്ള ഹെലൻ എന്ന അമേരിക്കൻ പെൺകുട്ടിയായിരുന്നു അവൾ. (P. 47)
- കമന്റ്:
- അമൂർത്താവസ്ഥയൊക്കെ നമ്മെപ്പോലുള്ള ലൗകികന്മാർക്കു്. അധ്യാത്മവാദികൾക്കു് മദാമ്മക്കുട്ടിയെയും പ്രേമിക്കാം.
- 3.
- കൃ. മൂ:
- നിങ്ങൾക്കു പ്രായമായി വരുമ്പോൾ നിങ്ങൾ വൈകാരികമായി അച്ഛനമ്മമാരെയോ ഭാര്യയെയോ ഭർത്താവിനെയോ ഗുരുവിനെയോ ഒരാശയത്തെയോ ആശ്രയിക്കുന്നു. അപ്പോൾ അടിമത്തം ഉണ്ടാകുന്നു. (Thick on These Things, Harper & Row, P. 27)
- രാധ:
- തിയോസോഫിസ്റ്റുകളുടെ ഇടയിൽപ്പോലും കൃഷ്ണൻ പ്രേമത്തിൽ പെട്ടിരിക്കുകയാണെന്ന ശക്തമായ കേട്ടുകേഴ്‌വികൾ ഉണ്ടായിരുന്നു. അതുകൊണ്ടു് മിസ്സിസ്സ് ബസന്റിനു് കൃഷ്ണനിൽ ശക്തിയാർന്ന അഭിമർദ്ദം ചെലുത്തി അയാളുടെ കർത്തവ്യം ബ്രഹ്മചാരിയായിരിക്കുന്നതാണെന്നു് ഓർമ്മിപ്പിക്കേണ്ടിയിരുന്നു. പെൺകുട്ടിയുടെ പേരു് റോസലിൻഡ് എന്നു്. (P. 91)
- കമന്റ്:
- അടിമത്തം ഒഴിവാക്കാനായിട്ടാണു് ആനിബസന്റിനെയും വകവയ്ക്കാതെ കൃഷ്ണമൂർത്തി റോസലിൻഡിനെ പ്രേമിച്ചതു്. അതുകൊണ്ടു് തെറ്റില്ല.
- 4.
- കൃ. മൂ:
- അതിരുകടന്ന അഭിലാഷവും അസൂയയും അതിനെ നശിപ്പിക്കുന്നു; അഗ്നി (ഏതിനെയും) എരിച്ചുകളയുന്നതുപോലെ. (Commentaries on Living, Second series, B. I. Publications, P. 223)
- രാധ:
- (റോസലിൻഡിന്റെ വിവാഹത്തിനു കൃഷ്ണമൂർത്തി വരാതെ പാരീസിൽ പോയിയെന്നുപറഞ്ഞിട്ടു്) ഒരുപക്ഷേ, അദ്ദേഹം വിവാഹങ്ങളെ വെറുത്തിരിക്കാം. പക്ഷേ, അദ്ദേഹത്തിന്റെ സമ്മതമില്ലായ്മ റോസലിൻഡിനു (വേദനയുളവാകുമാറു്) അനുഭവപ്പെട്ടു.
- കമന്റ്:
- സ്നേഹിച്ച പെണ്ണിനെ മറ്റൊരാണു കൊണ്ടുപോകുമ്പോൾ ലൗകിക ജീവിതം നയിക്കുന്ന നമ്മൾ ആ വിവാഹത്തിനു പോകുമോ? സന്ന്യാസി ഒട്ടും പോവുകയില്ല.
- 5.
- കൃ. മൂ:
- എല്ലാ വൈരുദ്ധ്യങ്ങളുടെയും ഹേതു അഭിലാഷമാണു്. എനിക്കിതു വേണം. ഞാനതു് ഒഴിവാക്കണം, ലൈംഗികമോ യശസ്സാർജ്ജിക്കുന്നതിനോടു ബന്ധപ്പെട്ടതോ ആയ ആഹ്ലാദം എനിക്കു വേണം എന്നു് അഭിലാഷം പറയുന്നു. (Talks & Dialogues, Avon, P. 41)
- രാധ:
- കൃഷ്ണനു് മുപ്പത്തിയേഴു വയസ്സായപ്പോൾ ആദ്യത്തെ ലൈംഗികബന്ധമുണ്ടായി. (P. 118)
- കമന്റ്:
- സന്ന്യാസിമാർക്കു്, പ്രവാചകന്മാർക്കു് ലൈംഗിക വേഴ്ചയിൽ നിന്നുണ്ടാകുന്ന രതിമൂർച്ഛയെ മണ്ടന്മാരായ നമ്മളാണു് രതിമൂർച്ഛയായി കാണുന്നതു്. വാസ്തവം പറഞ്ഞാൽ അതു് മിസ്റ്റിക് അനുഭൂതിയാണു്.
- 6.
- കൃഷ്ണമൂർത്തി:
- നിങ്ങളെന്നെ ക്ഷതപ്പെടുത്തുന്നു. ഞാൻ നിങ്ങളെ ക്ഷതപ്പെടുത്തുന്നു. ഞാൻ മാപ്പു പറയുന്നു. അതോടെ എല്ലാം തീരുന്നു. (Tradition & Revolution, Sangam Books, P. 17).
- രാധ:
- ഒരിക്കൽ കൃഷ്ണ, രാജായെ അടിച്ചു (P. 135).
- കമന്റ്:
- പ്രവാചകർക്കു ദേഷ്യം വന്നുകൂടെന്നും പ്രതിയോഗികളെ അടിച്ചുകൂടെന്നും ധരിച്ചു വച്ചിരിക്കുന്ന നമ്മൾക്കാണു് ഭ്രാന്തു്.
- 7.
- കൃഷ്ണമൂർത്തി:
- വികാരം കഠിനമാകാം. വികാരത്തിനു് പ്രയോഗക്ഷമതയുണ്ടാകാം. പക്ഷേ, ക്രൂരവുമാകാമതു്.
- രാധ:
- ആ വലിയ ഭവനം ഇരുട്ടിൽ മുങ്ങിയപ്പോൾ അദ്ദേഹം തിരിച്ചുവന്നു് അവരുടെ കിടക്കയിൽ വീണു (P. 117). (ഇവിടെ അദ്ദേഹം കൃഷ്ണമൂർത്തിയും അവൾ റോസലിൻഡയുമാണു്).
- കമന്റ്:
- കൃഷ്ണമൂർത്തിയുടെ പ്രയോഗക്ഷമതമായ വികാരം ക്രൂരമായതിന്റെ തെളിവു നല്കുന്നു ഈ സംഭവം.
ഇവിടെ നിറുത്താം. കൃഷ്ണമൂർത്തി യുടെ ലൈംഗിക ചാപല്യങ്ങൾ മുഴുവനും ഗ്രന്ഥത്തിൽ നിന്നു പകർത്തിയാൽ കലാകൗമുദിയുടെ എല്ലാപ്പുറങ്ങളും അതിനു വേണ്ടിവരും.
കലാകാരന്മാർ ചിന്തിക്കുന്നതു ബിംബങ്ങളിലൂടെയാണു്. പ്രതികൂല പരിതഃസ്ഥിതികളിൽപ്പെട്ടു വ്യക്തി തകർന്നടിയുന്നു. ചിലപ്പോൾ മരിക്കുന്നു. മരിച്ചാൽ ആ വ്യക്തി അവഗണിക്കപ്പെടുന്നു എന്ന വിചാരം തകഴി ശിവശങ്കരപ്പിള്ളയ്ക്കു് ഉണ്ടായപ്പോൾ ആ വിചാരത്തേയും അതിൽ നിന്നു് ഉദ്ഭവിച്ച വികാരത്തേയും കൂട്ടിയിണക്കി ഒരു ബിംബമുണ്ടാക്കി. അതാണു് അദ്ദേഹത്തിന്റെ ‘വെള്ളപ്പൊക്കത്തിൽ’ എന്ന കഥയിലെ നായ്.
കലാകാരന്മാർ ചിന്തിക്കുന്നതു ബിംബങ്ങളിലൂടെയാണു്. പ്രതികൂല പരിതഃസ്ഥിതികളിൽപ്പെട്ടു വ്യക്തി തകർന്നടിയുന്നു. ചിലപ്പോൾ മരിക്കുന്നു. മരിച്ചാൽ ആ വ്യക്തി അവഗണിക്കപ്പെടുന്നു എന്ന വിചാരം തകഴി ശിവശങ്കരപിള്ള യ്ക്കു് ഉണ്ടായപ്പോൾ ആ വിചാരത്തേയും അതിൽ ഉദ്ഭവിച്ച വികാരത്തെയും കൂട്ടിയിണക്കി ഒരു ബിംബമുണ്ടാക്കി. അതാണു് അദ്ദേഹത്തിന്റെ ‘വെള്ളപ്പൊക്കത്തിൽ’ എന്ന കഥയിലെ നായ്. പട്ടി മാത്രമല്ല ബിംബം. കുട്ടനാടൻ പ്രദേശവും അവിടുത്തെ വെള്ളപ്പൊക്കവും ആളൊഴിഞ്ഞു പോയ വീടുകളും എല്ലാം ചേർത്തു് ഒരു ബിംബം ഉണ്ടാക്കുകയാണു് കഥാകാരൻ. ഈ ബിംബത്തിനു് ആധാരം തദ്ദേശാവസ്ഥയാണു്. ആ തദ്ദേശാവസ്ഥയെ യുക്തിയും വികാരവും കലർത്തി ബിംബമാക്കുമ്പോൾ തദ്ദേശ സ്ഥിതികൾ മാഞ്ഞുമാഞ്ഞു തീരെയില്ലാതാവുകയും കഥയ്ക്കു് അങ്ങനെ സാർവലൗകിക സ്വഭാവം കൈവരികയും ചെയ്യുന്നു. അതുകൊണ്ടു് ഇതു ഇംഗ്ലീഷിലേക്കു തർജ്ജമ ചെയ്തു സായ്പ്പിനു കൊടുത്താൽ അയാളും രസിക്കും.

നവീനന്മാരുടെ രചനാ പ്രക്രിയകളിൽ ഇതു സംഭവിക്കുന്നില്ല. അതിനാൽ അവരുടെ രചനകൾ അന്യദേശോദ്ഭവങ്ങളാണെന്ന പ്രതീതി നമുക്കുണ്ടാകുന്നു. ശ്രീ. എൻ. എസ്. മാധവന്റെ ‘The Captain’s Daughter’ എന്ന കഥ നമുക്കു നോക്കാം. (‘കപ്പിത്താന്റെ മകൾ’ എന്ന കഥയുടെ ഇംഗ്ലീഷ് തർജ്ജമ. നരേന്ദ്രൻനായർ തർജ്ജമ ചെയ്തതു്. കെ. സച്ചിദാനന്ദന്റെ നിർദ്ദേശം). അമ്മ മരിച്ചതിനുശേഷം അച്ഛന്റെ കൂടെ താമസിക്കുന്ന മകൾ. അവളുടെ പേരു് മാളവിക. കഥ പറയുന്ന ആളിന്റെ കൂടെ കഴിയുന്ന തെൽമയോടു് അവൾ പറഞ്ഞ ഒരു രഹസ്യം (രഹസ്യം എന്നതു് എന്റെ വാക്കു്) അയാൾ കൂടെക്കൂടെ ഓർമ്മിക്കും. ഒറ്റയ്ക്കുള്ള താമസം കൊണ്ടു് അവൾക്കു മാനസികക്ഷതം—ട്രോമ (trauma) ഉണ്ടാകുന്നു. ആ ക്ഷതം മാളവികയെ ന്യൂറോട്ടിക്ക് ആക്കി. ന്യൂറോസിസ് സൈക്കോസിസ് ആകുന്ന അവസ്ഥയിൽ വച്ചു് (വൈകാരികാഘാതം ബുദ്ധിഭ്രമമാകുന്ന അവസ്ഥയിൽ വച്ചു്) എൻ. എസ്. മാധവൻ കഥ പര്യവസാനത്തിലെത്തിക്കുന്നു. ഭ്രാന്താശുപത്രിയിൽ മാളവികയെ പ്രവേശിപ്പിക്കണമെന്നു കൂട്ടുകാരി തെൽമ പറയുമ്പോൾ തന്ത No എന്നാണു് മറുപടി നല്കുക. ഒരു മനഃശാസ്ത്ര സിദ്ധാന്തത്തിനും Validity—നിജസ്ഥിതി ഇല്ല. ലൈംഗികത്വത്തോടു ബന്ധപ്പെട്ട മാനസിക ച്യുതിക്കും സത്യാത്മകതയില്ല. ഫ്രായിറ്റി ന്റെ ഒരു ദുർബല സിദ്ധാന്തമാണു് കഥാകാരൻ രചനയ്ക്കു സ്വീകരിക്കുന്നതു്. സിദ്ധാന്തം ദുർബ്ബലം മാത്രമല്ല ഫന്റാസ്റ്റിക്കുമാണു് (വിചിത്രതരവുമാണു്). അതുകൊണ്ടു് സിദ്ധാന്തത്തെയും പെൺകുട്ടിയുടെ വൈകാരിക ക്ഷോഭത്തെയും അച്ഛന്റെ ക്രൂരതയെയും കൂട്ടുകാരിയുടെ സ്നേഹത്തെയും സങ്കലനം ചെയ്തു മാധവൻ നിർമ്മിക്കുന്ന സമഗ്രബിംബത്തിനു് വിശ്വാസ്യത ഇല്ല. കലയെസ്സംബന്ധിച്ച ദൃഢപ്രത്യയം ഉളവാക്കാത്ത ഇക്കഥ നമ്മുടേതല്ലെന്ന തോന്നൽ അനുവാചകനു ജനിപ്പിക്കുകയും ചെയ്യുന്നു.
ദൂരദർശനിലെ പരസ്യങ്ങൾ. എന്തുകൊണ്ടും അതിലെ പരിപാടികളെക്കാൾ മെച്ചം. പരിപാടികൾ പാടേ ഉപേക്ഷിച്ചു് പരസ്യങ്ങൾ മാത്രമാക്കിയാൽ ഏറെ നന്നു്.
വേറൊരു ന്യൂന്യത കൂടി ഇക്കഥയ്ക്കുണ്ടു്. ഏതു നല്ല കഥയ്ക്കും സാഹിത്യത്തെസ്സംബന്ധിച്ച സംശയനിവാരണം ഉണ്ടായിരിക്കും. മലബാർ സുകുമാരന്റെ ‘ജഡ്ജിയുടെ കോട്ട്’ എന്ന കഥയിൽ കോട്ടിന്റെ ലൈനിങ്ങിനുള്ള ദ്വാരത്തിലൂടെ അകത്തുപോയ രണ്ടു പവൻ തിരിച്ചു കിട്ടുന്നതൊടെ സംശയനിവാരണമായി. മരിച്ച പട്ടിയുടെ നിറമേതെന്നു അറിഞ്ഞുകൂടെന്നു തകഴി പറയുമ്പോൾ സംശയനിവാരണം ഉണ്ടാകുന്നു. ഉറൂബിന്റെ ‘വാടക വീടുകൾ’ എന്ന കഥയിൽ സ്ത്രീയുടെ ഹൃദയ കാഠിന്യം സൂചിപ്പിക്കുന്നതോടെ സംശയനിവാരണം ഉണ്ടാകുന്നു. മാധവന്റെ കഥയിൽ ഇമ്മട്ടിലൊരംശം ഇല്ല. പക്ഷേ, ‘resolution’ ഉണ്ടെന്നാണു് സച്ചിദാനന്ദന്റെ വാദം. മാത്രമല്ല ക്രൂരതയാണു് അതിന്റെ കാമ്പെന്നും (Core എന്നു സച്ചിദാനന്ദൻ) കഥ ഹോൺടിങ്ങ് ആണെന്നും അദ്ദേഹം പറയുന്നു. അഭിരുചികൾ മാറിമാറിവരും എന്നല്ലാതെ ഞാൻ എന്തെഴുതാനാണു്? (മാധവന്റെ കഥ Katha Prize Stories, Vol.IV എന്ന സമാഹാരഗ്രന്ഥത്തിൽ). പിന്നെ; ഇത്തരത്തിലുള്ള വിഷയങ്ങൾ പഴഞ്ചനാണു്; അറുപഴഞ്ചനാണു്.
- ദൂരദർശനിലെ പരസ്യങ്ങൾ:
- എന്തുകൊണ്ടും അതിലെ പരിപാടികളെക്കാൾ മെച്ചം. പരിപാടികൾ പാടേ ഉപേക്ഷിച്ചു് പരസ്യങ്ങൾ മാത്രമാക്കിയാൽ ഏറെ നന്നു്.
- നിരൂപകൻ:
- പ്രശസ്ത ശബ്ദം ചേർക്കാതെ ഒരു പത്രത്തിനും അച്ചടിക്കാൻ വയ്യാത്ത ഒരാൾ. എന്നാൽ അദ്ദേഹത്തിന്റെ കീർത്തി താമസിക്കുന്ന ഗ്രന്ഥങ്ങൾ ഉണ്ടായിട്ടുണ്ടോ അവയുടെയെല്ലാം കർത്താവു്. ഉമിക്കരി ചവച്ചതുപോലെയുള്ള അനുഭൂതിയുണ്ടാക്കുന്ന അധ്യാത്മരാമായണം പോലും മഹാഭാരത മെഴുതിയ വ്യാസന്റേ താണെന്നാണു് പലരുടേയും മതം.
- എഴുത്തച്ഛൻ:
- എൻ. ഗോപാലപിള്ള പുച്ഛിച്ചിരുന്ന കവി. കണ്ണശ്ശൻ എഴുത്തച്ഛനെ ക്കാൾ ആയിരംമടങ്ങ് വലിയ കവിയാണെന്നു് അദ്ദേഹം എന്നോടു പലതവണ പറഞ്ഞിട്ടുണ്ടു്. ഒരിക്കൽ വൾഗറായും ഇങ്ങനെ പറഞ്ഞു. ‘കണ്ണശ്ശപ്പണിക്കർക്കു ശൗചം ചെയ്തുകൊടുക്കാനുള്ള യോഗ്യതപോലുമില്ല എഴുത്തച്ഛനു്.’
- റ്റെലിഫോൺ:
- വീട്ടിൽ വിദ്യുച്ഛക്തി ഇല്ലാതാകുമ്പോൾ ദിവസവും കുറഞ്ഞതു് പന്ത്രണ്ടു തവണയെങ്കിലും സബ്ബ് സ്റ്റേയ്ഷനിലേക്കു വിളിക്കാനുള്ള ഒരു ഉപകരണം.
- അഭിമുഖ സംഭാഷണം:
- നമ്മൾ ഒരിക്കലും പറയാത്തതും പറഞ്ഞിട്ടില്ലാത്തതുമായ വസ്തുതകൾ അച്ചടിക്കുന്ന ഏർപ്പാടു്.
- കായംകുളം കൊച്ചുണ്ണി:
- ഇദ്ദേഹത്തിന്റെ മരണത്തിൽ ഞാൻ ദുഃഖിക്കുന്നു. ഇപ്പോഴുമുണ്ടായിരുന്നെങ്കിൽ നമ്മുടെ രാഷ്ട്രീയക്കരുടെയും സാഹിത്യകാരന്മാരുടെയും മുൻപിൽ പെർഫെക്റ്റ് ജന്റിൽമാനായി അദ്ദേഹം നില്ക്കുമായിരുന്നു.
- അലങ്കാരം:
- ഇതില്ലെങ്കിൽ പി. കുഞ്ഞിരാമന്നായരു ടെ കവിതയ്ക്കു നിലനിൽപില്ല. ഇതുണ്ടെങ്കിൽ എൻ. വി. കൃഷ്ണവാരിയരു ടെ കവിതയ്ക്കും നിലനിൽപ്പില്ല.
സ്ത്രീകളായ നോവലിസ്റ്റുകളിൽ ആരാണു് ഒന്നാം നിരയിൽ നില്ക്കുന്നതു?അറിഞ്ഞുകൂടാ. സ്ത്രീ നല്ല നോവലിസ്റ്റ് ആകുന്നതിനേക്കാൾ ഭേദം ഭാവിയിൽ ടോൾസ്റ്റോയി ആകുന്ന ഒരാൺകുട്ടിയെ പ്രസവിക്കുന്നതാണു്.
എന്റെ വീട്ടിനടുത്തു് പലരും കെട്ടിടങ്ങൾ നിർമ്മിക്കുന്നുണ്ടു്. ലോറിയിൽ കരിങ്കൽക്കഷണങ്ങൾ കൊണ്ടുവരുന്നു. അവ ഇറക്കേണ്ട സ്ഥലത്തു് വാഹനം നിറുത്തിയിട്ടു് താടിക്കു കൈകൊടുത്തു മിണ്ടാതിരിക്കുന്നു ഡ്രൈവർ. കല്ലുകൾ ഇറക്കിക്കഴിഞ്ഞെന്നു് ആരെങ്കിലും പറഞ്ഞാലുടനെ വാഹനം “സ്റ്റാർട്” ചെയ്യുകയായി. ചെറുപ്പക്കാരായ സ്ത്രീകളും പുരുഷന്മാരും കനമാർന്ന കല്ലുകൾ തലയിലെടുത്തു് ഇടേണ്ടിടത്തു കൊണ്ടുപോയി ഇടുന്നു. ചിലർ പാകത്തിനു് അവ അടിച്ചുപൊട്ടിക്കുന്നു. വേറൊരാൾ അങ്ങനെ രൂപം നല്കിയ കല്ലുകൾ ഒന്നിനുമീതെ മറ്റൊന്നു വച്ചു് ഇടയ്ക്കിടയ്ക്കു സിമന്റ് തേച്ചു് കെട്ടിപ്പൊക്കുന്നു. ഈ വിവിധ പ്രവർത്തനങ്ങൾക്കു അവയുടേതായ നിസ്സംഗതയും നന്മയും കാണും. ഡ്രൈവർക്കു ഭവനനിർമ്മാണത്തിൽ കൗതുകമില്ല. അയാൾക്കു കൂലി കിട്ടണമെന്നല്ലാതെ വേറൊരു വിചാരമില്ല. കല്ലു ചുമക്കുന്നവർക്കു വൈകിട്ടു കിട്ടുന്ന കൂലിയിൽ മാത്രമേ താത്പര്യമുള്ളൂ. അതു് അടിച്ചു പൊടിച്ചു രൂപം നല്കുന്നവനു പണത്തിൽ തല്പരത്വമുണ്ടെങ്കിലും ഭവനനിർമ്മാണത്തെ താൻ സഹായിക്കുന്നു എന്നൊരു വിചാരം കാണാതിരിക്കില്ല. രൂപശില്പമാർന്ന കരിങ്കൽക്കഷണങ്ങൾ എടുത്തുവച്ചു് സിമന്റെ തേച്ചു് അവയുടെ മുകളിൽ മറ്റു കഷണങ്ങൾ വയ്ക്കുന്നവൻ സായാഹ്നത്തിൽ കൂലിവാങ്ങുമായിരിക്കും. എങ്കിലും അയാൾ കെട്ടിടമുടമസ്ഥന്റെ ‘വിഷനു്’ സാക്ഷാത്കാരം വരുത്താൻ ശ്രമിക്കുകയാണു്. അയാളുടെ പ്രവർത്തനം ഉത്കൃഷ്ടം. ഡ്രൈവറുടെ താടിക്കു കൈകൊടുത്തുള്ള ഇരിപ്പു് അധമമെന്നു് ഞാൻ പറയുകയില്ല. പക്ഷേ, അതിനു് ഉത്കൃഷ്ടത ഒട്ടുമില്ല.

മാതൃഭൂമി ആഴ്ചപ്പതിപ്പിൽ ‘ക്രിസ്മസ് ആശംസകളോടെ’ എന്ന ചെറുകഥയെഴുതിയ ശ്രീ. ജി. എൻ. പണിക്കർ സംഭവസുദൃഢ പ്രസ്തരഖണ്ഡങ്ങൾ (സംഭവങ്ങളാകുന്ന കരിങ്കൽക്കഷണങ്ങൾ) കഥാരചനാ കൗതുകവാഹനത്തിൽ; കയറ്റിക്കൊണ്ടുവന്നിട്ടു് ലോറിവാഹകനെപ്പോലെ നിസ്സംഗനായി ഇരിക്കുന്നു. പണ്ടെങ്ങോ പരിചയപ്പെട്ട ഒരു പഞ്ചാബിപ്പെണ്ണു് നീരജയെ കാണാൻ കേരളീയനായ ദിവാകരൻ തീവണ്ടിയിൽ കയറിപ്പോകുന്നു. നീരജയുടെ വീട്ടിൽച്ചെന്നപ്പോൾ അവൾ ഒരു കുറിപ്പു് എഴുതിവച്ചിട്ടു സ്ഥലം വിട്ടിരിക്കുന്നു. ഈ ക്ഷുദ്രസംഭവം വിവരിക്കാാൻ കഥാകാരൻ ആഴ്ചപ്പതിപ്പിന്റെ ആറു പുറങ്ങൾ ദുരുപയോഗപ്പെടുത്തിയിരിക്കുന്നു. ദിവാകരൻ ചെല്ലേണ്ടിടത്തു ചെല്ലുന്നെകിലും കഥ ചെല്ലേണ്ടിടത്തു ചെല്ലുന്നില്ല. തീവണ്ടിയിൽ കുറേ പിള്ളേരെ വലിച്ചുകയറ്റി അവരിലൊരു ചെറുക്കനെ വിദഗ്ധനായി അവതരിപ്പിച്ചു് ഏറെ സ്ഥലം മെനക്കെടുത്തുന്നുന്നുണ്ടു് ജി. എൻ. പണിക്കർ. റബ്ബർ വലിച്ചുനീട്ടിയാൽ അതു നീളിന്നതുപോലെ വീതി കുറയുന്നതും കാണാൻ രസമുണ്ടു്. സംഭവത്തെ ഇങ്ങനെ ഒരു ലക്ഷ്യവുമില്ലാതെ കഥാകാരൻ വലിച്ചുനീട്ടുന്നതു് എന്തിനാണു്? അറിഞ്ഞുകൂടാ.
കഥ വായിക്കുന്നവർക്കു് തോന്നണം കഥാകാരനു് അതിന്റെ രചനയിൽ തീക്ഷ്ണയാർന്ന ബോധമണ്ഡലമുണ്ടെന്നു്. ആ തീക്ഷ്ണത അല്ലെങ്കിൽ തീവ്രത അതിനു യോജിച്ച വാക്കുകളിലൂടെ വാർന്നു വീഴുമ്പോഴാണു് കലാശില്പത്തിന്റെ ജനനം. സെന്റിമെന്റൽ സ്റ്റൈലിൽ എഴുതിയ ഈ കഥാസാഹസിക്യത്തിന്റെ പിറകിൽ തീക്ഷ്ണതയാർന്ന ബോധമണ്ഡലമില്ല. കുറെ സംഭവങ്ങൾ ശിഥിലമായി കൂട്ടിവച്ചാൽ കഥയാവുമോ?

മേലുദ്യോഗസ്ഥന്മാർ കീഴുദ്യോഗസ്ഥന്മാരുടെ ആവലാതികൾ കേൾക്കുന്നതു് അല്ലെങ്കിൽ കേൾക്കുന്നുവെന്നു ഭാവിക്കുന്നതു് തികഞ്ഞ കള്ളമാണു്. അയാൾ വാതോരാതെ ദുഃഖനിവേദനം നടത്തുകയായിരിക്കും. പക്ഷേ, മേലുദ്യോഗസ്ഥൻ വേറെ വല്ലതും വിചാരിച്ചു കൊണ്ടിരിക്കും. നിവേദനം തീരുമ്പോൾ ‘ആട്ടെ ഞാൻ നോക്കട്ടെ’ എന്നു പറയും. കീഴുദ്യോഗസ്ഥൻ ആശ്വസിച്ചു താണുതൊഴുതു പോകും. അത്ര തന്നെ. ഒന്നും നടക്കില്ല. ഞാൻ ഉൾപ്പെട്ട ആളുകൾക്കു മറ്റുള്ളവരുടെ ദുഃഖത്തിൽ താല്പര്യമില്ല. അതിനാൽ മൗനം അവലംബിക്കുന്നതാണു് നല്ലതു്. പ്രകൃതി നൽകുന്നതു് ഏതും സ്വീകരിക്കൂ. നിശ്ശബ്ദനായിരിക്കൂ. സ്വന്തം നിരീക്ഷണമല്ല ഇനി എഴുതുന്നതു്. ഒരു നിരൂപകൻ ചൂണ്ടിക്കാണിച്ചതാണു്. ടോൾസ്റ്റോയി യുടെ ‘അന്നകരേനിന’ എന്ന നോവലിലെ കഥാപാത്രമായ കരേനിൻ ഭാര്യയുടെ വ്യഭിചാരത്തെക്കുറിച്ചു് വക്കീലിനോടു പറഞ്ഞു കോടതിയിൽ പോകേണ്ടതിന്റെ ആവശ്യകതയെ അയാളെ ധരിപ്പിക്കുകയായിരുന്നു. മഹാദുഃഖത്തിനു് വിധേയനാണു് കരേനിൻ. അയാൾ അതു പറഞ്ഞുകൊണ്ടിരിക്കുമ്പോൾ വക്കീലിന്റെ കാർപെറ്റിനെ കരളുന്ന ഒരു ക്ഷുദ്രജീവി അവിടെ പറന്നെത്തി. പിന്നീടു് അതിന്റെ പിറകേയായി വക്കീലിന്റെ ഓട്ടം. കരേനിന്റെ മഹാദുഃഖത്തെക്കാൾ വക്കീലിനു് പ്രാധാന്യം കാർപ്പെറ്റാണു്. അയാൾ കരേനിൻ പറഞ്ഞതൊന്നും കേട്ടില്ല. ഇതു തന്നെയാണു് എല്ലാ ഉന്നതന്മാരുടെയും മാനസികനില.

2. ‘നിങ്ങൾ അർഹിക്കുന്ന സർക്കാർ നിങ്ങൾക്കു കിട്ടുന്നു’ എന്നാണു് ചൊല്ലു്. ഭാരതീയർക്കു്, കേരളീയർക്കു് അർഹതയുള്ള ഗവണ്മെന്റുകൾ കിട്ടിയിട്ടുണ്ടു്. അതുകൊണ്ടു് പരാതി പറയുന്നതിൽ ഒരു അർത്ഥവുമില്ല. നിങ്ങൾ അർഹിക്കുന്ന ഈശ്വരൻ നിങ്ങൾക്കു കിട്ടുന്നു എന്നു പറഞ്ഞതു് സി. എം. ബൗറ യാണു്. അതും ശരി. കാട്ടിൽ പാർക്കുന്നവർക്കു പുലി തുടങ്ങിയ ക്രൂരമൃഗങ്ങളെ പേടിയാണു്. അതിനാൽ അവരുടെ ഈശ്വരൻ പുലിയുടെ പുറത്തു കയറിവരുന്നു. നിങ്ങൾക്കു് അർഹതയുള്ള സാഹിത്യകാരന്മാർ നിങ്ങൾക്കു് കിട്ടുന്നു എന്നും പറയാം. കേരളീയരുടെ ഇന്നത്തെ നിലയനുസരിച്ചു് ഇപ്പോഴുള്ള സാഹിത്യകാരന്മാർ തന്നെ വേണം. അതിൽ അദ്ഭുതപ്പെടേണ്ടതില്ല.
“Monotony എന്ന വാക്കിനു് ഒരു നല്ല തർജ്ജമ പറഞ്ഞു തരൂ”. “അർത്ഥം പറഞ്ഞുതരാം. പഴയകാലത്തു് ദാമ്പത്യ ജീവിതം. ഇപ്പോൾ കാമുകിയുമായുള്ള സംസാരം”.
3. ‘ആമിനക്കുട്ടി ഒന്നാം സമ്മാനം’ സ്കൂളിലെ വാർഷികാഘോഷ സമ്മേളനം നടക്കുമ്പോൾ അദ്ധ്യാപകൻ മൈക്കിന്റെ മുൻപിൽ നിൽക്കാൻ കിട്ടിയ സന്ദർഭം പാഴാക്കാതെ ആ ഉപകരണത്തിലൂടെ ഗർജ്ജിക്കുകയാണു്. ആമിനക്കുട്ടി സദസ്സിന്റെ അങ്ങേയറ്റത്തു നിന്നു കുണുങ്ങിക്കുണുങ്ങി അദ്ധ്യക്ഷനായ എന്റെ അടുത്തെത്തുമ്പോൾ വേറൊരദ്ധ്യാപകൻ എടുത്തു തരുന്ന ഒരു തീപ്പെട്ടിക്കൂടു് ഇല്ലാത്ത ചിരി വരുത്തി ഞാൻ വാങ്ങി ആമിനക്കുട്ടിയ്ക്കു കൊടുക്കുന്നു. അവൾ അതു് അഭിമാനഭരിതയായി സദസ്സിനെ ഉയർത്തിക്കാണിച്ചു മെല്ലെ ഇറങ്ങിപ്പോകുന്നു. ഇങ്ങനെ അനേകം തീപ്പെട്ടിക്കൂടുകൾ അനേകം വിദ്യാർത്ഥികൾക്കു കൊടുക്കുന്നു. എനിക്കൊരാശ്വാസം. ഇത്രയും തീപ്പെട്ടിക്കൂടുകൾ ഈ ജന്മത്തിൽ ഞാനെടുത്തുകൊടുത്തതു കൊണ്ടു് അടുത്ത ജന്മത്തിൽ ഞാൻ തീപ്പെട്ടി വില്ക്കുന്നവനായി ജനിക്കുകയില്ല.
ചോദ്യം: കലാകൗമുദിയിൽ ശ്രീ. കെ. ജയചന്ദ്രൻ എഴുതിയ ‘ഓർമ്മയിൽ ഒരു ദിനം’ എന്ന ചെറുകഥയെക്കുറിച്ചു് എന്താണഭിപ്രായം? (ചോദ്യം ഞാൻ എഴുതിയതു്)
ഉത്തരം: വാർദ്ധക്യത്തിന്റെ കെടുതികളെ ഭേദപ്പെട്ട രീതിയിൽ ചിത്രീകരിക്കുന്ന കഥ.
ചോദ്യം: സ്ത്രീകളായ നോവലിസ്റ്റുകളിൽ ആരാണു് ഒന്നാം നിരയിൽ നില്ക്കുന്നതു?
ഉത്തരം: അറിഞ്ഞുകൂടാ. സ്ത്രീ നല്ല നോവലിസ്റ്റ് ആകുന്നതിനെക്കാൾ ഭേദം ഭാവിയിൽ ടോൾസ്റ്റോയിയാകുന്ന ഒരാൺകുട്ടിയെ പ്രസവിക്കുന്നതാണു്.
ചോദ്യം: Monotony എന്ന വാക്കിനു് ഒരു നല്ല തർജ്ജമ പറഞ്ഞു തരൂ.
ഉത്തരം: അർത്ഥം പറഞ്ഞുതരാം. പഴയകാലത്തു് ദാമ്പത്യ ജീവിതം. ഇപ്പോൾ കാമുകിയുമായുള്ള സംസാരം.
ചോദ്യം: ഒരു ചെറുപ്പക്കാരി ബോധംകെട്ടു റോഡരുകിൽ വീണാൽ നിങ്ങളെന്തു ചെയ്യും? ഞാനാണെങ്കിൽ എന്തു ചെയ്യും?
ഉത്തരം: ഞാൻ അതു കണ്ടില്ലെന്ന മട്ടിൽ നടന്നങ്ങു പോകും. നിങ്ങൾ അവളുടെ നെഞ്ചു തടവിക്കൊടുക്കാൻ പാഞ്ഞു ചെല്ലും.
ചോദ്യം: നാളെ, 1995 ഫെബ്രുവരി 24 ആം തീയതി എന്റെ ഈ ചോദ്യം നിങ്ങൾക്കു കിട്ടുമ്പോൾ എന്തു സംഭവിച്ചിരിക്കും?
ഉത്തരം: ഒരു മണ്ടൻ അയച്ച കത്തു് എനിക്കു കിട്ടിയിരിക്കും.
ശ്രീമതാവെൻ പരദേവത തന്നുടെ
സീമാതീതയാം കരുണ താനേ
സങ്കടം തീർപ്പാനുടലോടെ ജാതയാം
പെൺകിടാവെൻപൈതൽ താലോലമേ
ചിന്മയരൂപിണി ശ്രീമഹാരാഞ്ജി താൻ
നന്മയോടേ കടാക്ഷിക്കയാലേ
ഏതൻകുലത്തിൽ സന്താനമായ് വന്നൊരെൻ
പൈതൽക്കു ദീർഘായുസ്സേകീടേണം
സന്തതിപ്പസം ഭജിക്കുന്നോർക്കു്
സന്താനവല്ലി ആനന്ദവല്ലി
സന്താപമെല്ലാമകറ്റിയെൻ പൈതല്ക്കു
സന്താനസമ്പത്തു നൽകീടേണം
ലോകങ്ങൾക്കെല്ലാം ജനനിയാമീശ്വരി
ശ്രീകണ്ഠവല്ലഭ പ്രീതിയോടെ
ശോകങ്ങളെക്കളഞ്ഞെൻ പൈതലേ നിജ
തോകത്തെപ്പോലവേ കാത്തിടേണം
വിശ്വാധിക്കായിത വിഷ്ണുമായ നിജ
വിശ്വാസവും രൂപസദ്ഗുണവും
ആയുസ്സുമാരോഗ്യമൈശ്വര്യവുമേറ്റം
ശ്രേയസ്സുമെൻപൈതൽക്കേകീടേണം
കേളിവിധികളിലെൻ പൈതലേ ഭദ്ര
കാളി സദാ കാത്തുരക്ഷിക്കേണം
ആതങ്കമെല്ലാമകറ്റിയെൻപൈതലേ
മാതംഗിദേവി പാലിച്ചിടേണം
ബാലഗ്രഹപീഡയെല്ലാമൊഴിച്ചുടൻ
ബാലത്രിപുരേശി കാത്തിടേണം.
നിദ്രാസമയങ്ങളിലെൻകുമാരിയെ
രുദ്രാണിദേവിപാലിച്ചിടേണം.
സ്വപ്നശിദേവിയെൻ പൈതൽക്കു നിദ്രയിൽ
സ്വപ്നഭയങ്ങളകറ്റിടേണം.
ദക്ഷഭാഗത്തിങ്കൽ ദാക്ഷായണീ ദേവി
വാമഭാഗത്തിങ്കൽ വാമാദേവി
അഗ്രഭാഗത്തിങ്കലംബികാദേവിയും
പശ്ചാൽ ഭാഗത്തിങ്കൽ പാർവ്വതിയും
ഈവണ്ണമെൻ പൈതൽ തന്റെ ചുഴലവും
കാർവർണ്ണ സോദരി പാലിക്കേണം.
ശാന്തരസമാം നിജരൂപമെപ്പൊഴും
ആന്തദൃഷ്ടിയിൽ കാട്ടിടേണം.
സിംഹാസനേശ്വരിയെൻ പൈതൽ തന്നാർത്തി-
സംഹാരം ചെയ്തു കടാക്ഷിക്കേണം.
സത്വമയി സദാ ശക്തിയെൻ പൈതൽതൻ-
ഉത്തമാംഗം കാത്തുരക്ഷിക്കേണം.
ക്ലേശവിനാശിനി കേശവസോദരി
ക്ലേശത്തെക്കാത്തു വിളങ്ങിടേണം.
കാലത്രയേശിയെൻ ബാലിക തന്നുടേ
ഫാലത്തെ നന്മയിൽ പാലിക്കേണം.
ചില്ലീന രൂപിണി ചിത്തജാരിപ്രിയ
ചില്ലികളെച്ചെമ്മേ കാത്തിടേണം.
അക്ഷീണ കാരുണ്യരാശിയെൻ പൈതൽ തൻ
അക്ഷിയുഗം പരിരക്ഷിക്കേണം.
വർണ്ണമയീ കലാകുണ്ഡലിനീ ശക്തി
കർണ്ണയുഗം പരിപാലിക്കേണം.
ബന്ധപ്രബോധിനി ബന്ധുജീവാധരി
ഗന്ധഗ്രഹപുടം കാത്തിടേണം.
ശ്രേഷ്ഠപുരുഷ ശരണ്യയെൻ പൈതൽ തൻ
ഓഷ്ഠപുടം പരിപാലിക്കേണം.
ദന്തിമുഖസമാരാധ്യായാമംബിക
ദന്തങ്ങൾ നന്മയിൽ നിർമ്മിക്കേണം.
ശ്രീവിദ്യാരൂപിണിയെൻപൈതൽ തന്നുടെ
നാവിൽ കളിച്ചുവിളങ്ങിടേണം.
സാമോദമെൻപൈതൽ തന്റെ ചിബുകത്തെ
ദാമോദരാനുജ കാത്തിടേണം.
മുണ്ഡ മഥിനിയെൻ ബാലിക തന്നുടെ
തുണ്ഡമതാകവേ പാലിക്കേണം.
കണ്ഠീര വേന്ദ്രാധിരൂഢ കാത്യായനി
കണ്ഠമകുണ്ഠമായ് പാലിക്കേണം.
ബാഹുലേയ മാതാഭക്ത ജനപ്രിയ
ബാഹുയുഗം പരിപാലിക്കേണം.
അസദ്വിഷൻസോദരിയെൻ കുമാരിതൻ
കംസദ്വയം പരിപാലിക്കേണം.
എൻ കുമാരീ കരപങ്കജങ്ങൾ ദിവ്യ
കുങ്കുമാലങ്കൃത കാത്തിടേണം.
ദോഷാകരശിരോഭൂഷ സമാരുണ
വേഷാകരജങ്ങൾ കാത്തിടേണം.
മംഗളരൂപിണി മാതാവെൻ പൈതൽ തൻ
അംഗുലീ പംക്തിയെ രക്ഷിക്കേണം.
രക്ഷഃസ്സമുന്മൂലിനിയായ ചണ്ഡികാ
വക്ഷസ്സു രക്ഷിച്ചുകൊള്ളേണമേ
ഛന്ദ സ്തുതാ ദേവിയെൻ പൈതൽ തൻ കുച
ദ്വന്തത്തെ കാത്തരുളീടേണമേ
രക്ഷിത ഭക്തരമാപതി സോദരി
കുക്ഷിതലം പരിരക്ഷിക്കേണം.
ആഭീരനാഥ കുമാരിയെൻപൈതൽ തൻ
നാഭീ കുഹരത്തെ രക്ഷിക്കേണം.
ഗുഹ്യക്രമാർച്ചിതയായ കുലേശ്വരി
ഗുഹ്യപ്രദേശത്തെ രക്ഷിക്കേണം.
ചാരുദ്യുതിലളിതാംഗിയെൻ പൈതൽ തൻ
ഊരുദ്വയം പരിപാലിക്കേണം.
സാനുമതീശ തനൂജ സരോജാക്ഷി
ജാനുദ്വയം പരിപാലിക്കേണം.
ജംഭാരി മന്ദിത ദേവിയെൻ പൈതൽ തൻ
ജംഘായുഗളത്തെ പാലിക്കേണം.
കാലിൻവിരൽ നഖപംക്തിയുമെന്നിവ
കാലകാലപ്രിയ കാത്തിടേണം.
ശ്രീപാദുകാമൂർത്തിയെൻ പൈതൽ തന്നുടെ
ആപാദമസ്തകം പാലിക്കേണം.
ശുഭമസ്തു

(1170 കന്നി 6, ലക്ഷ്മിത്തമ്പുരാട്ടി സൂക്ഷിക്കുന്ന നോട്ടുബുക്കിൽ നിന്നു് പകർത്തിയതു്.)