സാഹിത്യവാരഫലം
എം കൃഷ്ണൻ നായർ
(കലാകൗമുദി വാരിക, 1995-07-02-ൽ പ്രസിദ്ധീകരിച്ചതു്)

തയിരു കടഞ്ഞാൽ വെണ്ണ ഉയരുന്നതു പോലെ ഏതു ജീവിത സംഭവം ചിലരെടുത്തു പ്രതിപാദിച്ചാലും തൊഴിലാളി-മുതലാളി ബന്ധം എന്ന വെണ്ണ ഉയർന്നു വരും. അതു് നമ്മളെടുത്തു ഭക്ഷിച്ചു കൊള്ളണം. ചിലർ തങ്ങളുടെ കുടവയർ തടവിക്കൊണ്ടിരിക്കുന്നതു പോലെ, മീശ പിരിച്ചുകൊണ്ടിരിക്കുന്നതു പോലെ ലൈംഗിക കാര്യങ്ങൾ അനവരതം പ്രതിപാദിക്കുന്നു.

മാന്യന്മാർ പ്രവേശിക്കാൻ മടിക്കുന്നിടത്തു് ഇരച്ചുകയറുന്ന ചിലരുണ്ടു്. അസഭ്യമായതിന്റെ മണ്ഡലമാണു് അതെന്നു തെറ്റിദ്ധരിക്കരുതു്. തികച്ചും സഭ്യംതന്നെ. പക്ഷേ, ഇരച്ചുകയറ്റംകൊണ്ടു് നിരന്തരമായ സംസാരംകൊണ്ടു് അവർ ആ മണ്ഡലത്തെ അസഭ്യമാക്കുന്നു. ഒരിക്കൽ ഒരു ബന്ധുവിനോടൊരുമിച്ചു് എനിക്കു് ഒരു വിവാഹത്തിനു പോകേണ്ടതായി വന്നു. അയാളുടെ നാലു കൂട്ടുകാരുമുണ്ടു്. വസ്തുക്കൾ സമ്പാദിക്കുന്നതിലും അന്യന്റെ വക പിടിച്ചുപറിക്കുന്നതിലും തനിക്കു് ഒരവകാശവുമില്ലെങ്കിലും കിട്ടിയാലിരിക്കട്ടെ എന്ന വിചാരത്താൽ ഭൂമിക്കുവേണ്ടി മറ്റൊരുവന്റെ പേരിൽ കെയ്സ് കൊടുക്കുന്നതിലും തൽപരനായ അയാൾ കാറിൽ കയറാത്ത താമസം ഐ. ആർ. എട്ടു് എന്ന നെല്ലിനെക്കുറിച്ചു കൂട്ടുകാരോടു പറഞ്ഞുതുടങ്ങി. അവരും അയാളെപ്പോലെതന്നെ. മറ്റു നെല്ലിനങ്ങളെക്കുറിച്ചു വാതോരാതെ അവരും സംസാരിച്ചു. തിരുവനന്തപുരത്തുനിന്നു പുനലൂരെത്തുന്നതുവരെ ബന്ധു ഐ. ആർ. എട്ടു്, കളമടിക്കൽ, കൊയ്ത്തു്, കൂലികൊടുക്കൽ ഇവയെക്കുറിച്ചു് അനവരതം സംസാരിച്ചു. തിരിച്ചു് അവരുടെകൂടെ പോന്നാൽ എന്റെ പ്രാണൻ പൊയ്പോകുമെന്നു മനസ്സിലാക്കിയ ഞാൻ ‘എനിക്കു ചിലരെ കാണാനുണ്ടു്. നിങ്ങൾ കാറിൽ പൊയ്ക്കൊള്ളൂ. ഞാൻ ബസ്സിൽ വരാം’ എന്നു പറഞ്ഞു രക്ഷപ്പെട്ടു. ചിലരിങ്ങനെയാണു്. ഏകനേത്രന്മാരാണു് അവർ. ഒരുവിഷയത്തെക്കുറിച്ചു മാത്രമേ അക്കൂട്ടർക്കു വിചാരിക്കാനാവൂ. സംസാരിക്കാനാവൂ. നിത്യജീവിതത്തിൽ ഏതു മണ്ഡലത്തിലും കാണാവുന്ന ഇത്തരം ആളുകളെ നോവലുകളിലും ചെറുകഥകളിലും ദർശിക്കാം. റഷ്യൻ നാടകകർത്താവും കഥാകാരനുമായ ചെഹോഫിന്റെ ഒരു കഥയിൽ സ്ത്രീകളെക്കുറിച്ചു മാത്രം വിചാരിക്കുകയും പറയുകയും ചെയ്യുന്ന ഒരുവനുണ്ടു്. സ്ത്രീയോ? എങ്കിൽ അവൾ ശയനീയത്തിൽ ശയിക്കാനുള്ളവൾ മാത്രമാണു് അയാൾക്കു് ജീവിതം ആഹ്ളാദകരമാവുന്നതു്, വിഷാദാത്മകമാകുന്നതു്, വൈരസ്യപൂർണ്ണമാകുന്നതു് സ്ത്രീയാലാണെന്നാണു് അയാളുടെ മതം. ജീവിതം ദുഃഖപൂർണ്ണമായോ? എന്നാലതു സ്ത്രീയെക്കൊണ്ടുതന്നെ അവളെയാണു് അതിനു കുറ്റപ്പെടുത്തേണ്ടതു് ഒരു പുതിയ ജീവിതം ഉദയംകൊണ്ടോ, നൂതനങ്ങളായ ആദർശങ്ങൾ ആവിർഭവിച്ചോ? എങ്കിൽ സ്ത്രീതന്നെ അതിനു കാരണം. ശരീരത്തിലെ സെല്ലുകളെക്കുറിച്ചോ ജന്മവാസനകളെക്കുറിച്ചോ മറ്റുള്ളവർ സംസാരിക്കുന്നിടത്തു് അയാൾ ഇരിക്കുന്നുവെന്നു വിചാരിക്കുക. അയാൾ അതു കേൾക്കില്ല, അതിനെക്കുറിച്ചു മിണ്ടുകില്ല. അക്കാര്യങ്ങൾ അയാൾക്കു കൗതുകം ജനിപ്പിക്കുകയേയില്ല. എന്നാൽ ലൈംഗികവേഴ്ചയ്ക്കുശേഷം പെൺചിലന്തി ആൺചിലന്തിയെ വിഴുങ്ങുന്നുവെന്നു് ആരെങ്കിലും പറഞ്ഞാൽ ഉടനെ അയാളുടെ മുഖം തിളങ്ങും, കണ്ണുകൾ ജിജ്ഞാസകൊണ്ടു ജ്വലിക്കും. നിങ്ങൾ അയാളുമൊത്തു് തെരുവിലൂടെ നടക്കുകയാണെന്നു വിചാരിക്കു. ഒരു പെൺകഴുതയെ കണ്ടുവെന്നും കരുതൂ. ഉടനെ അയാൾ നിങ്ങളോടു ചോദിക്കും. ‘പെൺകഴുതയെ ഒട്ടകവുമായി ഇണ ചേർത്താൽ ജനിക്കുന്നതു് എന്തായിരിക്കും?’

images/Chekhov.jpg
ചെഹോഫ്

ഇമ്മട്ടിൽ ഏകവീക്ഷണഗതിയുള്ള എഴുത്തുകാർ ഏറെയാണു് കേരളത്തിൽ. തയിരു കടഞ്ഞാൽ വെണ്ണ ഉയരുന്നതുപോലെ ഏതു ജീവിതസംഭവം ചിലരെടുത്തു പ്രതിപാദിച്ചാലും തൊഴിലാളി-മുതലാളി ബന്ധം എന്ന വെണ്ണ ഉയർന്നുവരും. അതു് നമ്മളെടുത്തു ഭക്ഷിച്ചുകൊള്ളണം. ചിലർ തങ്ങളുടെ കുടവയർ തടവിക്കൊണ്ടിരിക്കുന്നതുപോലെ, മീശ പിരിച്ചുകൊണ്ടിരിക്കുന്നതുപോലെ ലൈംഗിക കാര്യങ്ങൾ അനവരതം പ്രതിപാദിക്കുന്നു. ആരൊക്കെയാണു് ഇതു ചെയ്യുന്നതെന്നു പറയാവുന്നതേയുള്ളു. പക്ഷേ, ശത്രുക്കളുടെ ‘എണ്ണം കൂട്ടേണ്ടതില്ലാത്തതുകൊണ്ടു ഞാൻ പറയുന്നില്ല. ഒരുകാര്യംതന്നെ ഒരു കഥാകാരനോ കവിയോ പ്രതിപാദിക്കുന്നതു് അനുവാചകന്റെ കരണത്തടിക്കുന്നതിനു തുല്യമാണു്. ഇതു ചൂണ്ടിക്കാണിക്കുന്നതുകൊണ്ടു പ്രയോജനമില്ലെന്നു് എനിക്കറിയാം. അന്യന്റെ ചെകിട്ടിലടിക്കുന്നവനു് അതു നടത്തിയേ മതിയാവൂ. അടിക്കരുതു് എന്നു മാത്രമേ എനിക്കു് അപേക്ഷിക്കാനുള്ളൂ.

പൂർവ്വകാല സ്മരണകൾ
images/Italo-Calvino.jpg
ഈത്താലോ കാൽവീനോ

ബാല്യകാലസ്മൃതികൾ! എന്തൊരു വൈവിധ്യവും വൈജാത്യവുമാണു് അവയ്ക്ക്! എം. കെ. ത്യാഗരാജ ഭാഗവതരും എസ്. ഡി. സുബലക്ഷ്മിയും ചേർന്നഭിനയിച്ച എത്രയെത്ര നാടകങ്ങളാണു് ഞാൻ കണ്ടതു്. ആലപ്പുഴ കിടങ്ങാം പറമ്പുമൈതാനത്തു് ദേവീവിലാസം കൊട്ടകയുണ്ടായിരുന്നു. അവിടെയായിരുന്നു നാടകങ്ങൾ കൈനിക്കര കുമാരപിള്ള വേലുത്തമ്പിയായി രംഗത്തെത്തി ‘വെട്ടനിയാ, വെട്ടു്’ എന്നു് അനുജനോടു് അപേക്ഷിക്കുന്നതു കേട്ടു ത്രസിച്ചിരുന്നിട്ടുണ്ടു് ഞാൻ ആ കൊട്ടകയിൽത്തന്നെ. കവി ഹരീന്ദ്രനാഥ് ചട്ടോ പാദ്ധ്യായ ആകൃതിസൗഭഗത്തിന്റെ ഉടലെടുത്ത രൂപമായി എസ്. ഡി. വിദ്യാലയത്തിലെ ആനി ബസന്റ് ഹോളിലെ പ്ളാറ്റ്ഫോമിൽനിന്നു സംസാരിക്കുന്നതു ഞാൻ കേട്ടു. ഹെഡ്മാസ്റ്റർ മഞ്ചേരി രാമകൃഷ്ണയ്യർസാർ അദ്ദേഹത്തോടു നേരമ്പോക്കു പറയുന്നതും അദ്ദേഹം പൊട്ടിച്ചിരിക്കുന്നതും ഞാൻ കണ്ടു. ശബരിമലയിൽ പോകാൻ മാലയിട്ട ചങ്ങമ്പുഴ കൃഷ്ണപിള്ള താടിവളർത്തി കോട്ടിന്റെ ബട്ടൺസിടാതെ തിരുവനന്തപുരത്തെ ചെങ്കൽച്ചൂള റോഡിലൂടെ മെല്ലെ നടന്നു വന്നതും ബഹുമാനത്തോടെ അദ്ദേഹത്തെ നോക്കിയ എന്നെ ‘എന്നെ അറിയില്ലേ, ഞാനാണു് ചങ്ങമ്പുഴ’ എന്ന മട്ടിൽ തിരിച്ചു നോക്കിയതും എനിക്കോർമ്മയുണ്ടു്. കേശവദേവും ഭാര്യയും വളർത്തുമകളും തിരുവനന്തപുരത്തെ ന്യൂ തിയറ്ററിലിരുന്നു സിനിമ കാണുമ്പോൾ വൈകിച്ചെന്ന ഞാനും കുടുംബവും അദ്ദേഹത്തിന്റെ തൊട്ടടുത്തുചെന്നു് ഇരിക്കാൻ ഇടയായതും തന്റെ നിഭൃതത്വത്തെ ലംഘിക്കാനിടയാക്കിയ ഞങ്ങളുടെ കടന്നുകയറ്റത്തെ തൊഴിലാളി സാഹിത്യകാരൻ നീരസത്തോടെ വീക്ഷിച്ചതും എന്റെ സ്മരണയിൽനിന്നു മാഞ്ഞുപോയിട്ടില്ല. ഈ സംഭവത്തിനും വളരെ വർഷങ്ങൾക്കുമുൻപു് ഞാൻ സ്ക്കൂൾ വിദ്യാർത്ഥിയായിരുന്ന കാലത്തു് മലയാള മനോരമ ആഴ്ചപ്പതിപ്പിൽ കേശവദേവിന്റെ ‘കളിക്കൂട്ടുകാരി’ എന്ന കഥ വായിച്ചു് ഹർഷപുളകിതനായതും ഓർമ്മിക്കുന്നു. കാലമേറെക്കഴിഞ്ഞു് എനിക്കു് ഇമ്മട്ടിൽ ശ്രീ. ഗൗതമന്റെ “ശാന്തമായ ഈ നഗരം” (മാതൃഭൂമി ആഴ്ചപ്പതിപ്പു്) എന്ന ചെറുകഥയെക്കുറിച്ചു് ഓർമ്മയുണ്ടാവുമോ? പെരുമ്പാമ്പുപോലെ ഇഴയുന്ന ഇക്കഥയ്ക്കു് എന്തു മേന്മ? ആ ഇഴച്ചിലല്ലാതെ മതശത്രുതയുടെ പേരിൽ ഒരുത്തനെ വെടിവയ്ക്കുന്നു. ചത്തവനോ ചാകാൻ പോകുന്നവനോ ആയ അയാളെ നാലുപേർ ചേർന്നു് വാഹനത്തിൽ കയറ്റി ആശുപത്രിയിലേക്കു് അയയ്ക്കുമ്പോൾ അവരുടെ ഉടുപ്പുകളിൽ (മൂന്നുപേരുടെ ഉടുപ്പുകളിൽ) ചോര പറ്റുന്നു. പൊലിസു് അവരെ ചോദ്യംചെയ്യാൻ സ്റ്റെയ്ഷനിലേക്കു കൊണ്ടുപോകുന്നു. വർഗ്ഗീയലഹളയ്ക്കു തുടക്കം കുറിക്കാവുന്ന സംഭവം. കലാപരമായ ആവശ്യകതയ്ക്കു് അതീതമായ ദീർഘത, സാംഗത്യമില്ലാത്ത സംഭവങ്ങളുടെ വർണ്ണന, തികഞ്ഞ സർവസാധാരണത ഇവകൊണ്ടു് മലിനമായ ഒരു കഥയെന്നേ പറയേണ്ടു ഇതിനെക്കുറിച്ച്. അനുഭൂതിജനകമല്ല ഈ രചന. സത്യത്തിന്റെ നാദം ഒരിടത്തുനിന്നും ഉയരുന്നുമില്ല. ഞാൻ പൂർവ്വകാലസ്മരണകളിലേക്കു തിരിച്ചുപോകട്ടെ. ഇത്തരം കഥകൾ വായിക്കുന്നതിനെക്കാൾ എത്രയോ നല്ല പ്രവൃത്തിയാണതു്.

ചോദ്യം, ഉത്തരം

ചോദ്യം: “ബഷീർ എന്തിനാണു് ഒരു വലിയ മരത്തിന്റെ ചുവട്ടിൽ ചാരുകസേരയിൽ കിടന്നതു്?”

ഉത്തരം: “മരം നട്ടുവളർത്തിയാൽ അതിന്റെ തണലിൽ ഇരിക്കുന്നതു് മരത്തിനു് ഇഷ്ടമാണു്. ബഷീറിനും ഇഷ്ടമാണു്. പക്ഷേ, ബന്ധുവിനെ വളർത്തിക്കൊണ്ടുവന്നു് അവന്റെ തണലിൽ ഇരിക്കാമെന്നു കരുതരുതു്. ആ ഇരിപ്പു് ഇരിക്കുന്നവനു് ഇഷ്ടമല്ല. ബന്ധു ഇരിക്കാനൊട്ടു സമ്മതിക്കുകയുമില്ല.”

ചോദ്യം: “മരണം നടന്ന വീട്ടിൽ ചെന്നാൽ ഒന്നും ചോദിക്കരുതു്, മിണ്ടാതെ കുറെനേരമിരുന്നിട്ടു തിരിച്ചു പോരണം എന്നു നിങ്ങൾ മുൻപെഴുതിയതിന്റെ അർത്ഥമെന്താണു്?”

ഉത്തരം: “ദുഃഖം തീക്ഷ്ണമായിരിക്കുമ്പോൾ ആശ്വസിപ്പിക്കുന്നവനെയും തത്ത്വചിന്ത പറയുന്നവനെയും മരണകാരണം അന്വേഷിക്കുന്നവനെയും വിഷാദിക്കുന്നവൻ വെറുക്കും. അതുകൊണ്ടു നിശ്ശബ്ദനായി അല്പനേരം ഇരിക്കു. തിരിച്ചുപോരു.”

ചോദ്യം: “നിങ്ങൾ മണ്ടനല്ലേ?”

ഉത്തരം: “അതേ, ഞാൻ രാത്രിയിൽ കുടിക്കാൻ കൊണ്ടുവയ്ക്കുന്ന വെള്ളം പാത്രത്തിന്റെ അടപ്പുതുറന്നു മൂന്നുതവണ ഫ്ളാഷ് ലൈറ്റുകൊണ്ടു നോക്കിയിട്ടേ കുടിക്കു. പക്ഷേ, സംഘംചേർന്നു് ചില ആളുകൾ മാസ് പെറ്റിഷൻ കൊണ്ടുവരുമ്പോൾ വായിച്ചുനോക്കാതെ ഒപ്പിട്ടുകൊടുക്കും. ഇതു മണ്ടന്റെ ലക്ഷണം. ബാങ്കിൽനിന്നു പണം വാങ്ങിയാൽ അതു തരുന്ന സ്ത്രീയെയോ പുരുഷനെയോ നീരസപ്പെടുത്താൻ മടിച്ചു് എണ്ണാതെ വീട്ടിൽ കൊണ്ടുപോരാറുണ്ടു്. അടുത്തകാലത്തു് ഒരു ബാങ്കിൽനിന്നു നാലായിരം രൂപ കാഷ്യർതന്നു. എല്ലാം നൂറുരൂപ നോട്ടുകൾ കിട്ടിയയുടനെ എണ്ണാതെമടക്കി പോക്കറ്റിൽ വച്ചു. ആരും എടുക്കാതിരിക്കാനായി കൈലേസ് അതിന്റെ പുറത്തു് അമർത്തിവച്ചു. ടാക്സിയിൽ കയറി വീട്ടിലെത്തി. നോട്ടുകൾ എണ്ണിനോക്കി 38 നോട്ടുകളേ ഉണ്ടായിരുന്നുള്ളു. നാലായിരം രൂപയ്ക്കു പകരം മൂവായിരത്തിയെണ്ണൂറു രൂപ മാത്രം. അങ്ങു പോകട്ടെ 200 രൂപ എന്നു കരുതി. ആരോടും പരാതി പറഞ്ഞില്ല. ആരോപറഞ്ഞു ചില ബാങ്കുകളിൽ ഇതു സ്ഥിരമായി നടക്കുന്ന തൊഴിലാണെന്നു് ഞാൻ മണ്ടൻ.”

ചോദ്യം: “പുരുഷൻ പേടിക്കുന്നതു് ആരെ?”

ഉത്തരം: “പുരുഷൻ സ്ത്രീയോടു മര്യാദയില്ലാതെ പെരുമാറുമ്പോൾ അവൾ നോക്കുന്ന ദേഷ്യംകലർന്ന നോട്ടമുണ്ടല്ലോ. അതിനെ പേടിക്കാത്ത പുരുഷന്മാരില്ല. ജോസഫൈന്റെ ആ രീതിയിലുള്ള നോട്ടത്തെ നെപ്പോളിയനും പേടിച്ചിരിക്കും.”

ചോദ്യം: “ചങ്ങമ്പുഴയും മാറ്റൊലിക്കവികളും തമ്മിലെന്തേ വ്യത്യാസം?”

ഉത്തരം:ചങ്ങമ്പുഴ നീലാന്തരീക്ഷത്തിലെ ജ്വലിക്കുന്ന സൂര്യൻ. വയലാർ രാമവർമ്മ ആ സൂര്യന്റെ രശ്മികളെ പ്രതിഫലിപ്പിച്ച കണ്ണാടി.”

ഡോക്ടർ സി. ഭരതു് ചന്ദ്രനും ഡോക്ടർ ദിനേഷ് കെ. നായരും

“ചങ്ങമ്പുഴയും മാറ്റൊലിക്കവികളും തമ്മിലെന്തേ വ്യത്യാസം?” “ചങ്ങമ്പുഴ നീലാന്തരീക്ഷത്തിലെ ജ്വലിക്കുന്ന സൂര്യൻ. വയലാർ രാമവർമ്മ ആ സൂര്യന്റെ രശ്മികളെ പ്രതിഫലിപ്പിച്ച കണ്ണാടി.”

ഇരുപത്തിയാറുകൊല്ലം ഒരാഴ്ചപോലും മുടങ്ങാത്ത ‘സാഹിത്യവാരഫലം’ എന്ന ഈ പംക്തി കഴിഞ്ഞയാഴ്ച മുടങ്ങിപ്പോയി. കാരണം ഞാൻ തിമിരം മാറ്റാൻ ശസ്ത്രക്രിയയ്ക്കു വിധേയനായി എന്നതാണു്. മധുരയിലല്ലാതെ, തിരുനെൽവേലിയിലല്ലാതെ ഈ ശസ്ത്രക്രിയ നടത്തരുതെന്നു് പലരും എന്നോടു പറഞ്ഞു. പക്ഷേ, ഞാനതും ചെവിക്കൊണ്ടില്ല. പ്രശസ്തനായ കാർഡിയോളജിസ്റ്റ് ഡോക്ടർ സി. ഭരതു് ചന്ദ്രന്റെ മേൽനോട്ടത്തിൽ വിദഗ്ദ്ധമായി ചികിത്സ നടത്തുന്ന തിരുവനന്തപുരത്തെ ശ്രീ ഉത്രാടം തിരുനാൾ ആശുപത്രിയിലാണു് ഞാൻ ശസ്ത്രക്രിയയ്ക്കു ചെന്നതു്. അവിടത്തെ നേത്രവിഭാഗത്തിന്റെ മേധാവി ഡോക്ടർ ദിനേഷ് കെ. നായരാണു്. പ്രഗല്ഭനും വിനയസമ്പന്നനുമായ ആ ഡോക്ടർ ഏതാണ്ടു് ഇരുപതു മിനിറ്റുകൊണ്ടു് എന്റെ തിമിരം മാറ്റി Intra ocular lens വച്ചു. ദോഷരഹിതമായ പ്ളാസ്റ്റിക് സബ്സ്റ്റൻസാണു് ഈ ലെൻസ്. അതു് polymethyl methacrylate കൊണ്ടുണ്ടാക്കുന്നതാണെന്നു് എവിടെയോ ഞാൻ വായിച്ചറിഞ്ഞിട്ടുണ്ടു്. ശരിയാണോ എന്തോ? എന്തുമാകട്ടെ അതു വച്ചുകഴിഞ്ഞിട്ടു് അടുത്ത ദിവസം കെട്ടഴിച്ചപ്പോൾ എന്റെ അന്ധകാരമയമായ ലോകം പ്രകാശപൂർണ്ണമായി. എനിക്കു കാഴ്ച തന്ന ഡോക്ടർക്കു നന്ദി.

images/Benjamin_Disraeli.jpg
ഡിസ്റെയ്ലി

Cataract (തിമിരം) വന്നോ എന്നാൽ മധുരയിലേക്കു് ഓടൂ എന്നാണു് ചൊല്ലു്. മധുരയിലെ ചികിത്സാസമ്പ്രദായത്തെ ഞാൻ വിമർശിക്കുന്നില്ല. ഒന്നാന്തരമായിരിക്കാമതു്. പക്ഷേ, ഉത്രാടം തിരുനാൾ ആശുപത്രിയിലെ ചികിത്സാരീതി അതിന്റെ പിന്നിലല്ല എന്നു് അനുഭവം കൊണ്ടു ഞാൻ പറയുന്നു. മധുരയിലെ ആശുപത്രിയിൽനിന്നു് ശസ്ത്രക്രിയ കഴിഞ്ഞു വരുന്നവർ ഒരു മാസം കഴിഞ്ഞേ കുളിക്കാറുള്ളു. വായനയും എഴുത്തും അവർക്കു് കുറേ മാസത്തേക്കു നിഷിദ്ധങ്ങളത്രേ. ഞാൻ ഒരാഴ്ച്ച കഴിഞ്ഞു കുളിച്ചു. ഒന്നരയാഴ്ച കഴിഞ്ഞു് ഇതെഴുതുന്നു. എഴുതാൻവേണ്ടി വാരികകൾ വായിച്ചു.

ഒരു പറട്ട നോവലാണു് ഡിസ്റെയ്ലിയുടെ ‘ഹെൻട്രീറ്റ റ്റെമ്പിൾ’. ജീവിതത്തിന്റെ അംശം പോലുമില്ലാത്ത ഒരു രചന. ചന്തുമേനോന്റെ നോവൽ അങ്ങനെയല്ല. അതു് ജീവിതം കൊണ്ടു തുടിക്കുന്നു.

ശസ്ത്രക്രിയ നടത്തുന്നതിനു മുൻപു് ഡോക്ടർ ഭരത്ചന്ദ്രന്റെ ചികിത്സയ്ക്കും ഞാൻ വിധേയനായി. രക്തത്തിലെ പഞ്ചാരയുടെ അളവു് അദ്ദേഹം വിദഗ്ദ്ധമായ ചികിത്സകൊണ്ടു കുറച്ചു. ഈ രണ്ടു ഡോക്ടർമാരും—ഭരതു് ചന്ദ്രനും ദിനേഷ് കെ. നായരും—ശ്രീ ഉത്രാടം തിരുനാൾ ആശുപത്രിയിലെ രണ്ടു രത്നങ്ങളാണു്.

ജീലാസ്
images/Milovan_Djilas.jpg
മീലവാൻ ജീലാസ്

യൂഗോസ്ലാവ് രാഷ്ട്രീയനേതാവും എഴുത്തുകാരനുമായിരുന്നു മീലവാൻ ജീലാസ് (Milovan Djilas) റ്റീറ്റോയുടെ സഹചാരിയായിരുന്ന അദ്ദേഹം സമുന്നതസ്ഥാനങ്ങളിലേക്കു് ഉയർന്നു. റ്റീറ്റോയുടെ രാഷ്ട്രീയോപദേശകനായിരുന്ന ജീലാസ് 1953-ൽ വൈസ് പ്രസിഡന്റായി. 1954-ൽ പ്രസിഡന്റ് ആകേണ്ടിയിരുന്ന അദ്ദേഹം പൊടുന്നനെ ഡിസ്മിസ് ചെയ്യപ്പെട്ടു. കാരാഗൃഹത്തിലാവുകയും ചെയ്തു. അടുത്തകാലത്തു് (1995 ഏപ്രിലിൽ) അദ്ദേഹം അന്തരിച്ചു. ശ്രീ. എൻ. ഇ. സുധീർ ജനയുഗം വാരികയുടെ മേദിനപ്പതിപ്പിൽ എഴുതിയ “ഒരു സ്വതന്ത്ര ചിന്തകന്റെ വേർപാടു്” എന്ന ലേഖനം ജീലാസിന്റെ സേവനങ്ങളെയും രാഷ്ട്രീയ പ്രവർത്തനങ്ങളെയും വിലയിരുത്തുന്നു. അദ്ദേഹത്തിന്റെ സവിശേഷതയാർന്ന വ്യക്തിത്വത്തിലേക്കു കൈചൂണ്ടുകയും ചെയ്യുന്നു. പലരും വിചാരിക്കുന്നു ജീലാസ് കമ്മ്യൂണിസ്റ്റ് വിരുദ്ധനായിരുന്നുവെന്നു്. അദ്ദേഹത്തിന്റെ വാക്കുകൾ എടുത്തെഴുതി അതൊരു തെറ്റിദ്ധാരണയാണെന്നു സുധീർ വ്യക്തമാക്കുന്നു.

images/Mark_Thompson.jpg
Mark Thompson

യൂഗോസ്ലാവ്യയെക്കുറിച്ചു് A Paper House-The Ending of Yugoslavia എന്ന നല്ല പുസ്തകമെഴുതിയ Mark Thompson ജീലാസിനെ നേരിട്ടു കണ്ടത്തിന്റെ വിവരണം ആ പുസ്തകത്തിൽ നല്കുന്നുണ്ടു്. മാർക്ക് അദ്ദേഹത്തോടു പറഞ്ഞു: “Your autobiographies convinced me that Tito was right to remove you from power, because you would never have been dependable. You would always have followed your own convictions. You broke with the party because it was becoming administrative, Machiavellian instead of visionary. Obsessed with revolutionary purity, you found this too banal.” ഇതുകേട്ടു് ജീലാസ് ‘vulgar’ എന്നു കൂട്ടിച്ചേർത്തു. “Your conclusion is correct. From the point of view of power, Tito was right. In the long term I was right” എന്നും ജീലാസ് പറഞ്ഞു.

സമയം കഴിഞ്ഞുവെന്നു ജീലാസ് അടയാളം കാണിച്ചപ്പോൾ മാർക്ക് എഴുന്നേറ്റു. അദ്ദേഹം കുടയെടുക്കാൻ മറന്നുപോയി. തിരിച്ചുവന്നു വാതിലിൽ തട്ടിയപ്പോൾ പകുതി തുറന്ന കതകിനിടയിൽക്കൂടി കൂട നീട്ടപ്പെടുകയും വാതിൽ വീണ്ടും അടയ്ക്കപ്പെടുകയും ചെയ്തു. ജീലാസിന്റെ പ്രേമ ഭാജനമായ Stefica-യാണു് കുടയെടുത്തു നീട്ടിയതു്.

കമ്മ്യൂണിസത്തിന്റെ വിശുദ്ധി പരിപാലിക്കാൻ ശ്രമിച്ച ഒരു വിപ്ളവകാരിയെ കേരളീയർക്കു പരിചയപ്പെടുത്തിക്കൊടുക്കുന്ന സുധീറിന്റെ യത്നം ആദരണീയമാണു്.

നിരീക്ഷണങ്ങൾ
  1. എന്റെ ഒരു ശിഷ്യൻ പൊലീസ് ഇൻസ്പെക്ടറായി. അദ്ദേഹം എന്നെ എവിടെവച്ചു കണ്ടാലും “അറ്റഷൻനടിച്ചു് ” സൽയൂട്ട് ചെയ്യും. ആദ്യം സൽയൂട്ട് ചെയ്തപ്പോൾ എനിക്കു വല്ലാത്ത വൈഷമ്യമുണ്ടായി. ഈ പയ്യനു തൊഴുതാൽപ്പോരേ എന്നായിരുന്നു എന്റെ വിചാരം. പിന്നെപ്പിന്നെ അദ്ദേഹം സൽയൂട്ട് ചെയ്തില്ലെങ്കിൽ എനിക്കു വല്ലായ്മ തോന്നിത്തുടങ്ങി. അടുത്തകാലത്തു് ഞാൻ തിരുവനന്തപുരത്തെ കനകക്കുന്നുകൊട്ടാരത്തിന്റെ മുൻപിൽ നില്ക്കുമ്പോൾ ഇൻസ്പെക്ടർ ശിഷ്യൻ ജീപ്പിൽ പോകുകയായിരുന്നു. എന്നെക്കണ്ടയുടനെ ജീപ്പ് നിറുത്തിച്ചു് ചാടിയിറങ്ങി തൊഴുതു ബഹുമാനപൂർവ്വം. സൽയൂട്ട് പ്രതീക്ഷിച്ചുനിന്ന ഞാൻ വെറുപ്പോടെ ‘നമസ്കാരം’ എന്നു പറഞ്ഞു തിരിഞ്ഞുനടന്നുകളഞ്ഞു. ഞാനൊരു കാർട്ടൂൺ വിരോധിയാണു്. ലോയുടെ കാർട്ടൂണുകൾപോലും ഞാൻ നോക്കുകില്ലായിരുന്നു. അങ്ങനെയിരിക്കെ ശങ്കേഴ്സ് വീക്ക്ലിയിൽ ശങ്കർ വരച്ച നെഹ്റുവിന്റെ ഹാസ്യചിത്രം നോക്കി ഇഷ്ടക്കേടോടുതന്നെ. അന്നു മുതൽ വെറുപ്പോടെ ഏതു കാർട്ടൂണും ഞാൻ നോക്കുന്നു. ഇപ്പോൾ സകല വാരികകളിലും പത്രങ്ങളിലും വരുന്ന കാർട്ടൂണുകൾ നോക്കിയിട്ടേ ഞാൻ ചെറുകഥകളും ലേഖനങ്ങളും വായിക്കുകയുള്ളൂ. കാർട്ടൂണുകളെ ഞാൻ വെറുക്കുന്നുവെങ്കിലും കാർട്ടൂണിസ്റ്റുകളോടു് എനിക്കു സ്നേഹവും ബഹുമാനവുമുണ്ടു്. യേശുദാസൻ, സുകുമാർ, രാജു, കെ. എസ്. രഘു, വേണു, കൃഷ്ണൻ (കുങ്കുമം) ഇവരെയൊക്കെ എനിക്കു് ഇഷ്ടമാണു്. ബഹുമാനമാണു്. സർവ്വരാജ്യ കാർട്ടൂണിസ്റ്റുകളേ സംഘടിക്കുവിൻ നിങ്ങൾക്കു നഷ്ടപ്പെടാൻ അല്പജ്ഞനായ കൃഷ്ണൻനായരുടെ ഹാസ്യചിത്ര വിദ്വേഷമല്ലാതെ വേറൊന്നുമില്ല.
  2. ഡിസ്റെയ്ലിയുടെHenrietta Temple എന്ന നോവലിന്റെ അനുകരണമാണു് ഒ. ചന്തുമേനോന്റെ മാസ്റ്റർ പിസായ നോവലെന്നു പലരും പറഞ്ഞതു കേട്ടു ഞാൻ ആ നോവൽ അന്വേഷിക്കുകയായിരുന്നു. ഒരിടത്തും കിട്ടിയില്ല. അങ്ങനെയിരിക്കെ തിരുവനന്തപുരത്തെ ആർട്സ് കോളേജ് ലൈബ്രറിയിൽ ഞാൻ ആ പുസ്തകം കണ്ടു. “ആർത്തി”യോടെ എടുത്തു വായിച്ചു. ഫെർഡിനൻഡ് എന്നൊരു സാഹസികൻ ഒരുത്തിയെ വിവാഹം കഴിക്കാൻ തീരുമാനിക്കുന്നതും അപ്പോൾ പാവപ്പെട്ട ഹെൻട്രീറ്റയെ കാണുന്നതും അവളെ പ്രേമിക്കുന്നതും നിർദ്ധനയായ ഹെൻട്രീറ്റ പൊടുന്നനെ ധനികയായി മാറുന്നതും മറ്റും വിവരിക്കുന്ന ഒരു പറട്ട നോവലാണു് ഡിസ്റെയ്ലിയുടെ ‘ഹെൻട്രീറ്റ റ്റെമ്പിൾ’ ജീവിതത്തിന്റെ അംശംപോലുമില്ലാത്ത ഒരു രചന. ചന്തുമേനോന്റെ നോവൽ അങ്ങനെയല്ല. അതു് ജീവിതംകൊണ്ടു തുടിക്കുന്നു.
  3. മിത്തുകളും നാടോടിക്കഥകളും ചേർത്തു് സറീയലിസത്തിന്റെ ടെക്നിക് ഉപയോഗിച്ചു നോവലുകളും കഥകളും എഴുതിയ ഈത്താലോ കാൽവീനോ ലോകസാഹിത്യത്തിലെ ഒരു മഹാസംഭവമാണു്. ആളിനെ സംഭവമാക്കിപ്പറയുന്ന തെറ്റു് വായനക്കാർ സദയം ക്ഷമിക്കണം. ഈ സറീയലിസ്റ്റിക് ടെക്നിക്കിലൂടെ അദ്ദേഹം സമകാലികലോകത്തെ പരിഹാസപൂർവ്വം ചിത്രീകരിക്കുന്നു. നാടോടിക്കഥകളിൽ തൽപരനായ കാൽവീനോ ഇറ്റലിയിലെ അത്തരം കഥകളിൽ തൽപരനായതിൽ അദ്ഭുതപ്പെടാനൊന്നുമില്ല. ഇരുന്നൂറു നാടോടിക്കഥകൾ സമാഹരിച്ചു് കാൽവീനോ പ്രസാധനം ചെയ്ത Italian Folktales എന്ന പുസ്തകം അദ്ദേഹത്തിന്റെ മാസ്റ്റർ പീസാണെന്നുപോലും പറയുന്നവരുണ്ടു്. ജീവിതത്തിന്റെ ആന്തരമായ അർത്ഥം ധ്വനിപ്പിക്കുമാറു് കാൽവീനോ ഓരോ കഥയും പുനരാഖ്യാനം ചെയ്യുന്നു. അദ്ദേഹത്തിന്റെ സമുജ്ജ്വലമായ അവതാരിക ഈ ഗ്രന്ഥത്തിനു ഭൂഷണമാണു്. A magic book and a classic എന്നു് റ്റൈം വാരികവാഴ്ത്തിയ ഈ കഥാസമാഹാര ഗ്രന്ഥത്തിന്റെ പാരായണം കാൽവീനോയുടെ നോവലുകളുടെയും കഥകളുടെയും അർത്ഥങ്ങളെ കൂടുതൽ സ്പഷ്ടമാക്കിത്തരും (Penguin Books, p. 761, V. K. 15, Spl Indian Price GBP 7.99).

Colophon

Title: Sāhityavāraphalam (ml: സാഹിത്യവാരഫലം).

Author(s): M Krishnan Nair.

First publication details: Kalakaumudi Weekly; Trivandrum, Kerala; 1995-07-02.

Deafult language: ml, Malayalam.

Keywords: M Krishnan Nair, Sahityavaraphalam, Weekly Lietrary Column, സാഹിത്യവാരഫലം, എം കൃഷ്ണൻ നായർ, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: October 9, 2022.

Credits: The text of the original item is copyrighted to J Vijayamma, author’s inheritor. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-NC-SA 4​.0). Any reuse of the material should credit the Sayahna Foundation, only noncommercial uses of the work are permitted and adoptations must be shared under the same terms.

Production history: Data entry: MS Aswathi; Proofing: Abdul Gafoor; Typesetter: LJ Anjana; Digitizer: KB Sujith; Encoding: JN Jamuna.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.