
മഴ തകർത്തു് പെയ്യുന്ന രാത്രിയിൽ, മരങ്ങൾ കൂനിക്കൂടി വിറച്ചുനിൽക്കുന്ന വേളയിൽ ഒരു മിന്നൽപ്പിണർ ഉണ്ടായാൽ പച്ചിലച്ചാർത്തുകൾ എന്തെന്നില്ലാത്ത വിധത്തിൽ തിളങ്ങും. ആ ദൃശ്യം നമ്മളെ ആഹ്ലാദാനുഭൂതിയിലേക്കു് വലിച്ചെറിയും. നിലാവും മൂടൽമഞ്ഞും പരന്നൊഴുകുന്ന രജനിയിൽ അവയിലൂടെ അപ്പുറത്തേക്കുനോക്കുമ്പോൾ കാണുന്ന ദേവാലയത്തിന്റെ താഴികക്കുടം സവിശേഷശോഭയോടെ നിൽക്കും. അക്കാഴ്ചയും നമുക്കു് വിശിഷ്ടാനുഭൂതി നൽകും. നേരം നല്ലപോലെ വെളുത്തിട്ടില്ലാത്ത പുലർകാലത്തു് ഗ്രാമപ്രദേശത്തെ ജലാശയത്തിൽ വിടർന്നു നിൽക്കുന്ന താമരപ്പൂവിന്റെ അസ്പഷ്ട രാമണീയകം നമുക്കു് സന്തോഷം പ്രദാനം ചെയ്യും. ഈ അനുഭൂതികൾക്കു് തുല്യമായ ഒരനുഭൂതിയാണു് പോളണ്ടിലെ കവിയായ യാൻ കോകനോഫ്സ്കിയുടെ (Jan Kochanowski) ‘Laments’ എന്ന കാവ്യം വായിച്ചപ്പോൾ എനിക്കുണ്ടായതു്. ഇതു് ഇംഗ്ലീഷിലേക്കു് തർജ്ജമ ച്വെയ്തതു് ഏതാനും മാസങ്ങൾക്കുമുൻപു് നോബൽ സമ്മാനം നേടിയ കവി ഷെയ്മസ്ഹീനിയും പോളണ്ടിലെ പ്രശസ്തനായ കവി സ്റ്റാനീസ്ലാഫ് ബാറാന്യാചക്കുമാണു്. (Seamus Heaney—Stanislaw Baranczak, faber and faber, London, Published in 1995, p. 53). പോളണ്ടിലെ മഹാകവി മാത്രമായിരുന്നില്ല അദ്ദേഹം. ചെക്ക്, സ്ലെവാക്ക്, സെർബിയൻ. റഷ്യൻ, യുക്രേനിയൻ, റുതേനിയൻ, ബൾഗേറിയൻ, സെർബോ ക്രോഅതു് ഈ രാജ്യങ്ങളിലാകെയുള്ള കവികളെ പ്രതിഭാശക്തിയിൽ അതിശയിച്ച കവിയായിരുന്നു കോകനോഫ്സ്കി. പതിനാറാം ശതാബ്ദത്തിലെ ഈ മഹാകവിയെ പോളണ്ടിലെ വേറെയേതെങ്കിലും കവി അതിശയിച്ചിട്ടുണ്ടോ എന്നതിലും സംശയമുണ്ടു് ചില നിരൂപകർക്കു്. ‘Laments’ എന്ന വിലാപകാവ്യം വായിച്ച നോബൽ ലാറിയിറ്റ് ചെസ്ലോ മീലോഷ് (Czeslaw Milsoz) പറഞ്ഞതു് “The Laments of Kochanowsky should be ranked with the world classics” എന്നാണു്. വ്യക്തിനിഷ്ടമായ ശോകത്തെയാണു് ഇക്കാവ്യത്തിലൂടെ കവി പ്രകാശിപ്പിക്കുന്നതെങ്കിലും അതിനു് ഒരു സാർവ്വലൗകിക സ്വഭാവം കൈവരുന്നു. ചിന്തകൾ പോൾണ്ടിന്റെ സവിശേഷാവസ്ഥകളോടും ബന്ധപ്പെട്ടിരിക്കുന്നു. എന്നാൽ കവിയുടെ പ്രതിഭ അതിനു് സാർവ്വജനീനാവസ്ഥ നൽകുന്നു. ഒന്നോ രണ്ടോ സ്ഥലങ്ങളിൽ അത്യുക്തികൾ വരുന്നുണ്ടെങ്കിലും നിസ്സംഗത പരിപാലിച്ചുകൊണ്ടാണു് അദ്ദേഹം എഴുതുക.
വൈകിയാണു്—നാല്പതാമത്തെ വയസ്സിലാണു്—ഈ കവി വിവാഹം കഴിച്ചതു്. അദ്ദേഹത്തിന്റെ മകൾ എർസ്യൂല (Ursula) രണ്ടര വയസ്സായപ്പോൾ മരിച്ചുപോയി. മകളുടെ ചരമം സ്നേഹപരതന്ത്രനായ അച്ഛനെ “വിഷാദത്തിന്റെ കരിനീലതടാകത്തിൽ” ആമജ്ജനം ചെയ്യിച്ചു. ആ മഹാദുഃഖത്തിനു് അദ്ദേഹം കലാത്മകമായ രൂപം നൽകിയപ്പോൾ ഉണ്ടായതു് ‘Laments’ എന്ന മാസ്റ്റർപീസ്.

ഹെറക്ലിറ്റസിന്റെ എല്ലാക്കണ്ണീരും, സൈമാനഡീസിന്റെ എല്ലാ വിലാപഗീതങ്ങളും, എല്ലാ വിഷാദങ്ങളും പരസ്പരം ഞെരിക്കുന്ന കൈകളും നനഞ്ഞ കണ്ണുകളും പരിദേവനങ്ങളും ഒരുമിച്ചു് കൂടട്ടെ. എല്ലാ സ്ഥലങ്ങളിൽ നിന്നും വന്നെത്തട്ടെ. എന്റെ പ്രിയപ്പെട്ട മകളുടെ, എന്റെ ചെറിയ പെൺകുട്ടിയുടെ ചരമത്തിലുണ്ടായ വിഷാദത്തിൽ അവ എന്നെ സഹായിക്കട്ടെ. ക്രൂരനായ മരണം അതിശക്തിയോടെ എന്റെ ജീവിതത്തിൽ നിന്നു് എന്റെ മോളെ വലിച്ചുകീറിയല്ലോ. രാപ്പാടികളുടെ മറഞ്ഞ കൂടു് കാണുന്ന പാമ്പു് വളരെ വേഗത്തിൽ കൊത്തുന്നു, വീണ്ടും വീണ്ടും കൊത്തുന്നു. അപ്പോൾ പാവപ്പെട്ട തള്ളപ്പക്ഷി ഭയജനകമെങ്കിലും അർഥശൂന്യമായ ചിറകടികൊണ്ടു് അവനെ തടുക്കാൻ ശ്രമിക്കുന്നു. വ്യർഥയത്നം. വിഷമാർന്ന നാക്കു് മുന്നോട്ടേക്കു് ചാടുന്നു. ചിറകടിച്ചുകൊണ്ടു് അവൾക്കു് പിന്മാറിയേ പറ്റൂ. എന്റെ കൂട്ടുകാർ പറയുന്നു ‘നിങ്ങൾ വെറുതെയാണു് കരയുന്നതു്’ അങ്ങനെയാണെങ്കിൽ മനുഷ്യജീവിതത്തിൽ ഏതാണു് വെറുതെയല്ലാത്തതു? എല്ലാം വ്യർത്ഥം… മനുഷ്യന്റെ ജീവിതം തെറ്റു്.
പിന്നെ കണ്ണീരൊഴുക്കുന്നതിലും വിഷാദമടക്കുന്നതിലും ആശ്വാസമെവിടെ? ഇതു് ആദ്യത്തെ വിഷാദഗാനം. ഇങ്ങനെ ഹൃദയത്തെ പിടിച്ചുലയ്ക്കുന്ന പത്തൊൻപതു ഗാനങ്ങളുണ്ടു് ഇതിൽ. ഓരോന്നും നമ്മളുടെ അഗാധ ഹൃദയതന്ത്രികളെ സ്പർശിക്കും. ഒന്നു രണ്ടു ഭാഗങ്ങൾ ഇംഗ്ലീഷിൽ തന്നെ നില്ക്കട്ടെ.
“…and it is not just you That I am burying, but my hope too; For you will never, never sprout nor bloom Again to light my eyes” Unending gloom. 2. Man is not stone; his wounds run deep; His joys are like a scar on top; And once it’s touched, that buried ache Throbs wide awake. 3. I’ll cry on as I cried When God strikes, men can’t hide
പത്തൊൻപതാമത്തെ വിഷാദഗാനം കലയുടെയും മനുഷ്യപ്രേമാത്മകതയുടെയും കൊടുമുടിയിൽ എത്തി നിൽക്കുന്നു. കവിയുടെ അമ്മ എർസ്യൂലയെ കൈയിലെടുത്തു നില്ക്കുന്നതായി അദ്ദേഹം കിനാവിൽ കാണുന്നു. അമ്മ കവിയോടു പറയുന്നു: ‘മോനേ, സങ്കടം കൊണ്ടു് നീ ഉറങ്ങുകയാണോ? അതോ രോഗിയായി മാറിയോ? നിന്റെ നിലവിളി! പ്രിയപ്പെട്ടവനേ നിന്റെ നിലവിളി എന്റെ വിദൂരവാസസ്ഥലത്തെ ചലനം കൊള്ളിച്ചു. എന്നെ അതു് ഇവിടെ കൊണ്ടുവന്നു. നിന്റെ ഓരോ വിലാപവും നീ പൊഴിക്കുന്ന കയ്പാർന്ന ഓരോ കണ്ണീർത്തുള്ളിയും മരിച്ചവരുടെ മറഞ്ഞ വാസസ്ഥലങ്ങളിൽ എത്തിയിരിക്കുന്നു. ഇതാ നിന്റെ കൊച്ചു പെൺകുട്ടി. അവളുടെ മന്ദസ്മിതാർദ്രമായ മുഖം കാണൂ. ആശ്വസിക്കൂ.” കവിയുടെ മകൾ അപ്പോഴത്തെക്കാളും ഒരിക്കലും ഭംഗിയാർന്നതായി കണ്ടിട്ടില്ല.
“Daughter, in white night gown, gold-curled hair Rose-petal skin, eyes bright as a new day Just like those mornings Her prayers for me…”
അങ്ങനെ കവി പൊന്നോമനപ്പുത്രിയെ കണ്ടു. മകൾ മരിച്ചെന്നാണോ കവി കരുതുന്നതെന്നു് അമ്മ ചോദിച്ചു. എങ്കിൽ അദ്ദേഹത്തിനു തെറ്റുപറ്റി. അങ്ങു് അവിടെ അവർ (മരിച്ചവർ) ജീവിക്കുന്നതു കൂടുതൽ മഹനീയമായ രീതിയിലാണു്.
“…Every evil star shines with impunity and as of right; No matter how it hurts we must abide We must obey…”
അമ്മ മറഞ്ഞു. കവി ഉണർന്നു. താൻ കണ്ടതിനെക്കുറിച്ചു് അദ്ദേഹത്തിനു സംശയം. അതു കിനാവായിരുന്നോ അതോ അതല്ലയോ?
എന്റെ കൂട്ടുകാർ പറയുന്നു ‘നിങ്ങൾ വെറുതെയാണു കരയുന്നതു്.’ അങ്ങനെയാണെങ്കിൽ മനുഷ്യജീവിതത്തിൽ ഏതാണു വെറുതെയല്ലാത്തതു്? എല്ലാം വ്യർത്ഥം… മനുഷ്യന്റെ ജീവിതം തെറ്റു്. പിന്നെ കണ്ണീരൊഴുക്കുന്നതിലും വിഷാദമടക്കുന്നതിലും ആശ്വാസമെവിടെ?
കാവ്യം പര്യവസാനത്തിലെത്തി. കവി സ്വയം ആശ്വസിച്ചു. പക്ഷേ, ഇതു വായിച്ചുതീർത്താലും മരണം ജനിപ്പിക്കുന്ന ദുഃഖം ആക്രന്ദനം ചെയ്യുന്നതു നമ്മൾ കേൾക്കും; കൊടുങ്കാട്ടിലൂടെ മരങ്ങളെ ഉലച്ചുവരുന്ന കൊടുങ്കാറ്റിന്റെ മഹാശബ്ദം പോലെ. ഇത്തരം കാവ്യങ്ങൾ വായിക്കുമ്പോഴാണു് ജീവിതം ധന്യമായിയെന്നു് തോന്നുന്നതു്. കവേ അങ്ങു് അന്തരിച്ചിട്ടു് നാലു ശതാബ്ദങ്ങൾ കഴിഞ്ഞു. കേരളത്തിന്റെ ഒരു മൂലയിലിരുന്നു് ഒരു നിസ്സാരൻ അങ്ങയുടെ മഹനീയമായ കാവ്യത്തെക്കുറിച്ചു് അയാളുടെ സഹോദരന്മാരോടും സഹോദരികളോടും പറയുന്നു. അങ്ങിതു് അറിയുന്നുണ്ടോ? അറിയുന്നുണ്ടു്, അറിയുന്നുണ്ടു്.
ഒരു മിത്തിന്റെ പ്രതിപാദനത്തിലൂടെ നാട്ടിന്റെ ആധുനികാവസ്ഥയെ വ്യഞ്ജിപ്പിക്കുന്ന ശക്തമായ കവിതയാണു് ശ്രീ. കെ. ജയകുമാറിന്റെ “രേണുകയുടെ പുത്രൻ” (കലാകൗമുദി). മിത്തു് ജമദഗ്നിമഗർഷിയുടെ കോപവും ഭാര്യയെ കൊല്ലാൻ മകനോടുള്ള ആജ്ഞയും. ആ ആജ്ഞയനുസരിച്ചുള്ള രേണുകാവധം. രക്തം പുരണ്ട മഴുവെറിഞ്ഞു സൃഷ്ടിക്കപ്പെട്ട കേരളം. ഇതിനു സദൃശ്യമായി രക്തപങ്കിലമായിച്ചമഞ്ഞ ആധുനിക കേരളം. രണ്ടിനേയും ഭാവനകൊണ്ടു് സമന്വയിപ്പിച്ചു് ഒരു കലാശില്പം നിർമ്മിച്ചിരിക്കുന്നു ജയകുമാർ. ചോരപുരണ്ട മഴുകൊണ്ടു നിർമ്മിക്കപ്പെട്ട ഭൂഖണ്ഡത്തിന്റെ അവസ്ഥ കവിയുടെ വാക്കുകളിൽക്കൂടി കണ്ടാലും:
പരശുവിൻ മെയ് തൊടാതകലുന്ന കടലിൽ നി- ന്നുരുവായ കരനോക്കി നില്ക്കേ വെയ്ലും നിലാവുമിരിട്ടുമില്ലവിടെയൊരു വിളറുന്ന ഹിമപാളി മാത്രം കാറ്റില്ല, കടലിൻ മിടിപ്പില്ല തേങ്ങലായ് നേർക്കുന്ന താരാട്ടു മാത്രം മുന്നിലെ ശൂന്യതയിൽ വർജ്ജിച്ച മഴുവിന്റെ മൃതമാമനാഥമെയ് മാത്രം ഒരു കൊടുംഹത്യ തൻ ഭാരവും തീരാത്ത നരമേധമായ്ത്തീർന്ന വാഴ്‌വും മഴുപോലെ തിരകൾ വന്നേല്ക്കാത്ത പാപത്തി നുടൽപോലെ ജീവിതം ബാക്കി.”
സ്വന്തം കാലയളവിന്റെ ജീർണ്ണതയെ മിത്തിനോടു ഘടിപ്പിച്ചു് രണ്ടിന്റെയും സവിശേഷതകളെ ആവിഷ്കരിക്കുന്നതിൽ കവി വിജയം വരിച്ചിരിക്കുന്നു.
ചോദ്യം: റൊളാങ് ബാർത്, ഫൂക്കോ, ഗോൾഡ്മാൻ ഈ വലിയ ചിന്തകന്മാർ യൂറോപ്പിലെയും ഇംഗ്ലണ്ടിലെയും പൈങ്കിളിനോവലുകളെടുത്തു് അപഗ്രഥിക്കുന്നതു് വിരോധാഭാസമല്ലേ?
ഉത്തരം: തങ്ങൾ വിമർശിക്കുന്ന ഗ്രന്ഥങ്ങൾ ചവറുകളാണെന്നു് അവർക്കറിയാം. എങ്കിലും അവയിലെ സമൂഹശാസ്ത്രസംബന്ധികളായ കാര്യങ്ങളെക്കുറിച്ചാണു് അവരുടെ അപഗ്രഥനം. അതു് തങ്ങളുടെ സിദ്ധാന്തങ്ങളെ നീതിമത്കരിക്കാനുമാണു്. പിന്നെ വിരോധം തോന്നുന്നതാണു് വിരോധാഭാസം. ‘വിരോധം തോന്നുമാറുക്തി വിരോധാഭാസമായിടും’ എന്നു് ഏ. ആർ. രാജരാജവർമ്മ.
ചോദ്യം: എനിക്കു് എന്റെ പൊന്നുമോനും ജീവിതവും നഷ്ടമായി. ഇനി?
ഉത്തരം: നല്ല ഗായകനും കെ. എസ്. ആർ. റ്റി. സി-യിലെ ഉദ്യോഗസ്ഥനുമായ ശ്രീ. ഈ. ചെല്ലപ്പൻ (മൂർക്കാട്ടിലെ—പെരുവ—മകന്റെ നിര്യാണത്തിൽ ദുഃഖിച്ചുകൊണ്ടു് എഴുതിയ ഹൃദയഭേദകമായ കത്തിൽ നിന്നു്) കാലത്തിന്റെ നിശ്ശബ്ദമായ ഗമനംകൊണ്ടു് ഏതിന്റെയും തീക്ഷണത കുറയും സുഹൃത്തേ. കടുത്ത കോപം, കടുത്ത ശത്രുത,അസഹനീയമായ ദുഃഖം ഇവയെ കാലം ലഘൂകരിക്കും. ചില രോഗങ്ങൾക്കു കാലാവധിയുള്ളതുപോലെ മഹാദു:ഖത്തിനും കാലപരിധിയുണ്ടു്. അതുവരെ ഇതു സഹിക്കാനുള്ള ശക്തി താങ്കൾക്കു ഉണ്ടാകട്ടെ.
ചോദ്യം: കിറുക്കന്മാരാണോ എല്ലാ ആഴ്ചയും ലേഖനമെഴുതുന്നതു്?
ഉത്തരം: അതെ, പക്ഷേ, ചോദ്യം ചോദിക്കുന്നവരിലും അവരുണ്ടെന്നു് ഇപ്പോൾ മനസ്സിലായി.
ചോദ്യം: പ്രൊഫസർമാർ എവിടെനിന്നു വരുന്നു?
ഉത്തരം: ഞാൻ ഇതിനു നല്കുന്ന ഉത്തരം എന്റേതല്ല. ആരോ പറഞ്ഞതാണു്. പ്രൊഫസർമാർ പടിഞ്ഞാറുനിന്നു വരുന്നു. കാരണം അറിവുള്ളവർ കിഴക്കുനിന്നാണു് വന്നതു്.
ചോദ്യം: റോഡിലിറങ്ങി നടക്കാൻ വയ്യ സർ. എന്നെ എല്ലാവരും തുറിച്ചു നോക്കുന്നു. ഞാൻ എന്തു വേണം?
ഉത്തരം: ഒന്നും വേണ്ട. മറയ്ക്കേണ്ട ഭാഗങ്ങൾ കുട്ടി മറച്ചു നടന്നാൽ മതി.
ചോദ്യം: രഘുവംശം, മേഘസന്ദേശം, കുമാരസംഭവം ഇവ വായിച്ചപ്പോൾ എന്തു തോന്നി?
ഉത്തരം: മനുഷ്യന്റെ പ്രതിഭ ഇത്രത്തോളം സൗന്ദര്യം സൃഷ്ടിച്ചതെങ്ങനെയെന്നു് ആലോചിച്ചു. അദ്ഭുതപ്പെട്ടു.
ചോദ്യം: സിനിമ കാണാറുണ്ടോ നിങ്ങൾ?
ഉത്തരം: ഉറങ്ങാൻ എനിക്കു വീടുണ്ടല്ലോ.
നിന്റെ ഓരോ വിലാപവും നീ പൊഴിക്കുന്ന കയ്പാർന്ന ഓരോ കണ്ണീർത്തുള്ളിയും മരിച്ചവരുടെ മറഞ്ഞ വാസസ്ഥലങ്ങളിൽ എത്തിയിരിക്കുന്നു. ഇതാ നിന്റെ കൊച്ചു പെൺകുട്ടി. അവളുടെ മന്ദസ്മിതമാർന്ന മുഖം കാണൂ. ആശ്വസിക്കൂ. കവിയുടെ മകൾ അപ്പോഴത്തെക്കാളും ഒരിക്കലും ഭംഗിയാർന്നതായി കണ്ടിട്ടില്ല.
ഫ്രഞ്ചു് ഭാഷയിൽ ദേഴാ വ്യു (Deja Vu) എന്നു വിളിക്കുന്ന ഒരുതരം വ്യാമോഹം എനിക്കുണ്ടായി ശ്രീ. വി. ജി. മാരാമുറ്റത്തിന്റെ ‘ഡോഗ് ഷോ’ എന്ന ചെറുകഥ കുങ്കുമത്തിൽ വായിച്ചപ്പോൾ. എന്താണു ദേഴാവ്യു? ഞാൻ വീട്ടിന്റെ പൂമുഖത്തിരുന്നു റോഡിലേക്കു നോക്കിക്കൊണ്ടിരിക്കുന്നു. ഒരു വെള്ളക്കാറ് ഗയ്റ്റിൽനിന്നു പത്തടി മാറി വന്നുനില്ക്കുന്നു. അതിൽനിന്നു് ഒരു യുവാവു് റോഡിലേക്കു് ഇറങ്ങുന്നു. ചെറുപ്പക്കാരനു യൂറോപ്യൻ വേഷം. യുവാവിന്റെ ഭാര്യയും കാറിൽനിന്നിറങ്ങുന്നു. അവൾ നീലസ്സാരിയും നീലബ്ളൗസും ധരിച്ചിരിക്കുന്നു. യുവാവു് മതിലിനു മുകളിലൂടെ തലനീട്ടി എക്സ്സൈസ് ഡിപ്പാർട്ട്മെന്റിലെ ഗോവിന്ദപ്പിള്ള താമസിക്കുന്നതു് എവിടെയെന്നു് എന്നോടു ചോദിക്കുന്നു. അറിഞ്ഞുകൂടാ എന്ന എന്റെമറുപടികേട്ടു് അവർ കാറിൽ കയറിപ്പോകുന്നു. പെട്ടെന്നു് എനിക്കൊരു തോന്നൽ ഇതുപോലെ ഒരു സംഭവം പണ്ടൊരിക്കലും ഉണ്ടായിട്ടുണ്ടെന്നു്. ഇതേ വെള്ളക്കാറു്, ഇതേ യുവാവും ഭാര്യയും. ഇവരുടെ വേഷവും ഇതുതന്നെ. ഇതേ ചോദ്യം, എന്റെ ഇതേ മറുപടി. ഇതാണു ദേഴാ വ്യു. ശ്രീ. വി.ജി. മാരാമുറ്റത്തിന്റെ കഥയെക്കുറിച്ചാണു് എനിക്കു ദേഴാവ്യു ഉണ്ടാകുന്നതു്. രണ്ടുതവണ ഡോഗ്ഷോയ്ക്കു് ഒരുത്തന്റെ പട്ടിക്കു് ഒന്നാം സമ്മാനംകിട്ടി. മൂന്നാമത്തെ ഷോയ്ക്കും അതു കിട്ടുമെന്ന പ്രതീക്ഷയോടെ അയാളിരിക്കുമ്പോൾ പട്ടി അയാളെ കടിക്കുന്നു. ഡോഗ്ഷോ നടക്കുന്ന ദിവസം പട്ടി, ഉടമസ്ഥനായും ഉടമസ്ഥൻ പട്ടിയായും അതിൽ പങ്കെടുക്കുന്നു. ദേഴാ വ്യു വെറും വ്യാമോഹമാണെന്നാണു് മനശ്ശാസ്ത്രജ്ഞന്മാർ പറയുന്നതു്. അതുകൊണ്ടു് എന്റെ തോന്നലും വ്യാമോഹമായിരിക്കാം. വി.ജി. മാരാമുറ്റം തന്നെ ഇക്കഥ പണ്ടെഴുതിയതല്ലേ എന്നു് എന്റെ സശയവും വെറും അസ്ഥാനത്തുതന്നെ. ശരീരവും മനസ്സും ക്ഷീണിച്ചിരിക്കുമ്പോഴാണു് ദേഴാ വ്യുവിന്റെ ആവിർഭാവം. രണ്ടുതരത്തിലും പരിക്ഷീണനാണു് ഞാൻ. അതിനാൽ എന്റെ തോന്നൽ വെറും ദേഴാ വ്യു ആയിത്തന്നെ ഇരിക്കട്ടെ. പിന്നെ കഥയെന്ന നിലയിൽ ഇതിനു മേന്മയൊന്നും അവകാശപ്പെടില്ല മാരാമുറ്റംപോലും. (കഥ കുങ്കുമത്തിൽ) ഇതൊരു പട്ടിക്കഥ: ഒരു കുരങ്ങ്കഥയുണ്ടു് മാതൃഭൂമി ആഴ്ചപ്പതിപ്പിൽ. ശ്രീ മണർക്കാടു് വിജയനാണു് അതിന്റെ രചയിതാവു്. ഒരു ജന്തുശാസ്ത്ര പ്രെഫസർ കുരങ്ങുകൾ മാത്രമുള്ള ഒരു ദ്വീപിൽവച്ചു് ഭാര്യയെ പ്രാപിക്കുന്നു. അവൾ പ്രസവിച്ചതു കുരങ്ങുതന്നെ. അതു കുരങ്ങിൻകൂട്ടത്തിൽ അപ്രത്യക്ഷമായപ്പോൾ അവൾക്കു ദുഃഖം. കുറെക്കഴിഞ്ഞു പ്രഫസർതന്നെ ഭീമാകാരനായ കുരങ്ങായി മാറുന്നു. മാനസികഭ്രംശം, കൊലപാതകം. വിഗ്രഹഭഞ്ജനം ഇങ്ങനെയുള്ള വിഷയങ്ങളാണു് നമ്മുടെ കഥാകാരന്മാർ ഏറിയക്കൂറും കൈകാര്യം ചെയ്യുക. അതിൽ എന്റെ ജീവിതത്തിലെ ഏറ്റവും വലിയ ദുഃഖം. ഞങ്ങൾക്കു പോകാനൊരിടമില്ല. പതിറ്റാണ്ടുകളായി പതിതവർഗ്ഗം ചോദിച്ചുകൊണ്ടിരിക്കുന്ന ഒരു ചോദ്യമാണിതു്.

എങ്കിലും ജാനുവിനു നിരാശയില്ല. ആദിവാസികൾക്കു വംശനാശമില്ലെന്നു ജാനു വിശ്വസിക്കുന്നു. ഈ വിശ്വാസവും തന്റേടവുമാണു് ജാനുവിനെ നയിക്കുന്നതു്. 1994-ൽ ഏറ്റവും നല്ല പട്ടികവർഗ്ഗ സാമൂഹിക പ്രവർത്തകയ്ക്കുള്ള സംസ്ഥാന സർക്കാരിന്റെ അവാർഡ് കിട്ടിയപ്പോൾ സി. കെ. ജാനു മുന്നോട്ടുവച്ചതു് ആദിവാസികളുടെ പതിമൂന്നു് അടിയന്തര ആവശ്യങ്ങളായിരുന്നു. ഈ അടിയന്തരാവശ്യങ്ങൾ പരിഹരിക്കാൻ തന്റെ കൈയിൽ ബട്ടനൊന്നുമില്ലെന്നു പറഞ്ഞ മന്ത്രി പന്തളം സുധാകരന്റെ മുന്നിൽ അവാർഡു തുകയും പ്രശസ്തിപത്രവും എറിഞ്ഞിട്ടു പോകാൻ കാണിച്ച അതേ ധീരത ജാനു ഇന്നും സൂക്ഷിക്കുന്നു.

ഇന്നേയ്ക്കു ജാനുവിന്റെ നിരാഹാരം 9-ആം ദിവസം പിന്നിടുകയാണു്. വയനാടൻ കാടിന്റെ ഏതെങ്കിലുമൊരു കോണിൽ തീക്കുണ്ഡത്തിനടുത്തിരുന്നു പഴയ ജെവരപ്പെരുമൻ ഇളംതലമുറയ്ക്കു് ആ കഥ പറഞ്ഞു കൊടുക്കുകയായിരിക്കും. ‘പണ്ടുപണ്ടു് നമുക്കും ഒരു കാലമുണ്ടായിരുന്നു. നമ്മളാരുടേം അടിമകളല്ലാതിരുന്ന കാലം. മാവേലി മന്റുവിന്റെ കാലമായിരുന്നു അതു്. കാടുവെട്ടി വിത്തിറക്കാനും കാത്തിരുന്നു വിളയെടുക്കാനും അറിയാവുന്ന ഒരു ചെറിയ മന്റമായിരുന്നതു്. പുഴയിൽ നിന്നു വെള്ളം തിരിച്ചു് കൃഷി നനയ്ക്കാനറിയാവുന്നവരായിരുന്നു. അവിടെ അടിയോനും പണിയനുമില്ലായിരുന്നു. നായരും നമ്പ്യാരുമില്ലായിരുന്നു. എല്ലാരും മനുഷ്യരു്. കള്ളവും, ചതിയുമില്ലാത്ത സാധാരണ മനുഷ്യരു്. അവരങ്ങനെ സ്വൈരായി കഴിയുന്ന കാലത്തു് മൂന്നു കള്ളത്തമ്പുരാക്കന്മാർ അവിടെ വന്നു. മനുഷ്യന്റെ കള്ളച്ചിരിയുമായാണു് അവരവിടെ എത്തിയതു്. മാവേലിമന്റു അവരെ ഹൃദയം തുറന്നിരുത്തി. തക്കം കിട്ട്യ നേരത്തു് ആ തമ്പുരാക്കള് ചതികാട്ടി മണ്ണും മന്റോം തകർത്തതു്. ചതിയറിഞ്ഞ കാർണോരു് മണ്ണും മന്റോം ചോദിച്ചു. മൂക്കിലിടിച്ചു് മാവേലിമന്റുവിനെ താഴെയിട്ടു തമ്പുരാക്കള്. മന്റ മണ്ണിലു് കാർണോര്ടെ ചോര വീണു. തുമ്പപ്പൂക്കളും, കരച്ചിലുമായി ഓടിവന്ന മാവേലിമന്റുവിന്റെ മകളേം, മാവേലിമന്റുവിനേം മന്റമക്കളാരും പിന്നെ കണ്ടിട്ടില്ല. മന്റമക്കൾ അമ്പരപ്പോടെ നാലുപാടും പാഞ്ഞു. ഏടേക്കൊക്കെ പാഞ്ഞിട്ടെന്താ, കള്ളത്തമ്പുരാക്കളോരെ തടുത്തുകൂട്ടി നിറങ്ങളുടെ പേരിലടിച്ചുടച്ചു് നൂറ്റെട്ടു കുലോം നൂറ്റെട്ടു ചാതിം ഉണ്ടാക്കി. എല്ലാരും കേക്കാൻ നാലു് ഭാഗത്ത്വേക്ക്വായി ഓരു് വിളിച്ചു പറഞ്ഞു. ‘കേട്ടോളീ നായിന്റെ മക്കളെ. ബിരാടു് പുരുഷനെന്ന പുരുഷന്റെ’യാണീ ലോകം! ഞങ്ങള് ബിരാടു് പുരുഷന്റെ വായീന്നും കൈയീന്നും നെഞ്ചീന്നും വന്നോരു്. നിങ്ങള് ഞങ്ങടെ അടിമകള്. അടിമകളേ, ഞങ്ങൾ പറയുന്നതു് ചെയ്യലാണു് എനി നിങ്ങളെ പണി ഇതെല്ലാം ഞങ്ങടെ ലോകം. ഈ ബയലുകളൊക്കെ ബലുതാക്കാൻ, ഈ കുന്നുകളൊക്കെ തോട്ടങ്ങളാക്കാൻ അടിമകളേ എണീക്കിൻ. വാളും കുന്തോംകൊണ്ടു പറ്റാത്ത പണിക്കു് പിന്നെ തമ്പുരാക്കള് മാളിയെ കൊണ്ടുവന്നു. ഒരു കൈയിലു് ചോരയിറ്റ്ന്ന വാള് പിടിച്ച ദൈവത്തെ. മാളിയെക്കണ്ടു് മന്റമക്കള് പേടിച്ചെണീറ്റു് തമ്പുരാക്കളെ അടിമകളായി. തമ്പുരാക്കളെന്തു് പറഞ്ഞാലും കേക്കണ അടിമകളായി.
അടിമകളുടെ വംശഗാഥകൾ തുടരുകയാണു്. ജാനുവിലൂടെ, ജാനുവിന്റെ പ്രസ്ഥാനത്തിലൂടെ.