സാഹിത്യവാരഫലം
എം കൃഷ്ണൻ നായർ
(കലാകൗമുദി വാരിക, 1996-04-21-ൽ പ്രസിദ്ധീകരിച്ചതു്)

images/HermannBroch1909.jpg
ഹെർമൻ ബ്രോഹ്

ഓസ്റ്റ്രിയൻ നോവലിസ്റ്റ് ഹെർമൻ ബ്രോഹി ന്റെ (Hermann Broch, 1886–1951) ‘The Sleepwalkers’ എന്ന നോവലാണു് അദ്ദേഹത്തിനു മഹായശസ്സു് നേടിക്കൊടുത്തതു് (ആദ്യത്തെ പ്രസാധനം 1930–32-ൽ). ‘The Death of Virgil’ എന്ന നോവൽ എഴുതിയതോടെ അദ്ദേഹം ജോർജ്ജ് സ്റ്റൈനർ എന്ന നിരൂപകൻ പറഞ്ഞതു പോലെ ജോയിസി നു ശേഷം യൂറോപ്യൻ സാഹിത്യം നല്കിയ ഏറ്റവും വലിയ നോവലിസ്റ്റായി മാറി. (“Broch is the greatest novelist European literature has provided since Joyce”—George Steiner, ആദ്യത്തെ പ്രസാധനം 1945-ൽ.) ബ്രോഹിന്റെ ഉദാത്തമായ വേറൊരു നോവലാണു് ‘The Guiltless’ എന്നതു് (പ്രഥമ പ്രസാധനം 1950-ൽ). നോവൽ എന്നു ഞാൻ എഴുതിയെങ്കിലും പതിനൊന്നു കഥകളുടെ സമാഹാരമാണിതു്. ഒരടിസ്ഥാന വിഷയം അവയെയെല്ലാം കൂട്ടിയിണക്കുന്നു.

ഈ നോവലിന്റെ ഒടുവിൽച്ചേർത്ത പ്രബന്ധത്തിൽ ബ്രോഹ് ചോദിക്കുന്നു.

ആരുടെ നേർക്കാണു ‘കല ദർപ്പണമുയർത്തേണ്ടതു? അങ്ങനെ ചെയ്യുമ്പോൾ അതിനു് എന്തു നേട്ടമുണ്ടാകുന്നു? ഉണർത്താനോ? ഉന്നമിപ്പിക്കാനോ? കല ഒരിക്കലും ആരെയും വേറൊന്നിലേക്കു പരിവർത്തനം ചെയ്തിട്ടില്ല. (ഹൗപ്റ്റ്മാന്റെ) ‘നെയ്ത്തുകാരെ’ സംബന്ധിച്ചും (Weavers എന്ന നാടകം) ബ്രഹ്റ്റി ന്റെ നാടകങ്ങളെ സംബന്ധിച്ചും ബൂർഷ്വാ പ്രേക്ഷകർക്കു് അത്യുത്സാഹം ഉണ്ടായിയെങ്കിലും ആ രചനകൾ അവരെ സോഷലിസ്റ്റുകളാക്കിയില്ല. (ഫ്രഞ്ച് കവി) ക്ലോദലി ന്റെ കൃതികളിലൂടെ ആരും കത്തോലിക്കാ മതവിശ്വാസിയായില്ല. എല്യറ്റി ന്റെ രചനകളിലൂടെ ആരും പള്ളി മതവും അംഗീകരിച്ചില്ല. ഓരോ സന്ദർഭത്തിലും ഗ്രന്ഥകാരൻ തന്റെ വിശ്വാസമാണു് സ്ഫുടീകരിക്കുന്നതു്. പക്ഷേ, അതിന്റെ ഫലപ്രാപ്തി കലാത്മകതയുടെ മണ്ഡലത്തിലാണു് ഒതുങ്ങി നില്ക്കുക. നേരത്തേ വിശ്വാസമുണ്ടായവനേ വീണ്ടും വിശ്വസിക്കുന്നുള്ളു. മത നേതാവു് തന്റെ വിശ്വാസത്തിനോ വേറൊരു വിശ്വാസത്തിനോ വേണ്ടി ആത്മത്യാഗം ചെയ്താലും പ്രേക്ഷകർ അതു പരിഗണിക്കുന്നതേയില്ല. ത്യാഗത്തെ വ്യക്തമാക്കിക്കൊണ്ടുള്ള അയാളുടെ മരണത്തിന്റെ നാടകീയത മാത്രമേ പ്രേക്ഷകർക്കു വേണ്ടു. കലാസൃഷ്ടിയുടെ സാന്മാർഗ്ഗിക ലക്ഷ്യം എന്തുമാകട്ടെ. മതത്തോടു ബന്ധപ്പെടുത്തിയ പീഡനത്തിനു് എതിരാവട്ടെ അതു്. അല്ലെങ്കിൽ സദാചാരത്തിനു് എതിരായുള്ള കുറ്റത്തെ അതു വിപ്രതിപത്തിയോടെ നോക്കട്ടെ. തികഞ്ഞ കുറ്റത്തിനു് അതു് എതിരായി നില്ക്കട്ടെ. എന്തായാലും അതിന്റെ പരമ ലക്ഷ്യം കലയുടെ മണ്ഡലത്തിലെ ഫലപ്രാപ്തിയാണു്. സദാചാരപരങ്ങളായ പരിഗണനകൾക്കു് അപ്രധാന സ്ഥാനമേയുള്ളു.

ഈ വിശ്വാസത്തിലുള്ള ദൃഢതയോടു കൂടി ബ്രോഹ് എഴുതിയ ഈ നോവൽ ഉജ്ജ്വലമായ കലാസൃഷ്ടിയാണു്. അദ്ദേഹം പറയുന്നു:

ഹിറ്റ്ലർ ക്കു മുൻപുണ്ടായിരുന്ന പരിതഃസ്ഥിതികൾ, റ്റൈപ്പുകൾ ഇവയെയാണു് ഈ നോവലിൽ ആവിഷ്കരിച്ചിട്ടുള്ളതു്. തിരഞ്ഞെടുക്കപ്പെട്ട ആളുകൾ ‘എപൊളിറ്റിക്ക’ലാണു് (apolitical = രാഷ്ട്രീയ കാര്യങ്ങളിൽ താല്പര്യമില്ലാത്തവർ). അവർക്കുള്ള രാഷ്ട്രീയാശയങ്ങൾ അവ്യക്തങ്ങളാണു്. രൂപരഹിതങ്ങളാണു്. ഹിറ്റ്ലറുളവാക്കിയ കൊടും വിപത്തിനു് അവരിലാരും തന്നെ നേരിട്ടു് ഉത്തരവാദിയല്ല. അതുകൊണ്ടാണു് ഇപ്പുസ്തകത്തിനു് The Guiltless എന്ന പേരിട്ടതു് (Guiltless = കുറ്റമില്ലാത്തവർ). എന്നിരുന്നാലും ആത്മാവിന്റെയും മനസ്സിന്റെയും ഈ അവസ്ഥയിൽ നിന്നു തന്നെയാണു് തീർച്ചയായും നാറ്റ്സിസം അതിന്റെ ഊർജ്ജങ്ങൾ വലിച്ചെടുത്തതു്. കാരണം രാഷ്ട്രീയമായ നിസ്സംഗത സദാചാരത്തെ സംബന്ധിച്ചു് നിസ്സംഗത തന്നെയാണു്. അതുകൊണ്ടു് സദാചാരത്തിന്റെ ഭ്രംശത്തോടു് അതു് അടുത്ത ബന്ധം പുലർത്തുന്നു. ചുരുക്കിപ്പറഞ്ഞാൽ രാഷ്ട്രീയമായ തലത്തിൽ കുറ്റം ചെയ്യാത്തവർക്കു സദാചാരപരമായ കാര്യങ്ങളിലുള്ള കുറ്റങ്ങളിൽ സാരമായ പങ്കുണ്ടു്”.

അധ്യാപകനായ സക്കറിയാസ് കുട്ടികളുടെ ഉത്തരങ്ങൾ താല്പര്യമില്ലാതെ കേട്ടുകൊണ്ടിരിക്കുമ്പോഴെല്ലാം കാമുകിയുടെ പേരു ബ്ലോട്ടറിൽ എഴുതും. അല്ലെങ്കിൽ ‘ഞാൻ നിന്നെ സ്നേഹിക്കുന്നു’ എന്നെഴുതും. ‘നിങ്ങൾ എന്റെ ശരീരത്തെ മാത്രമേ സ്നേഹിക്കുന്നുള്ളു’ എന്നാവും പെൺകുട്ടിയുടെ ചൊല്ലു്. സക്കറിയാസ് ബ്ലോട്ടറിൽ കൂടെക്കൂടെ കാമുകിയുടെ പേരു് എഴുതിയെങ്കിലും അയാളിൽ സത്യസന്ധമായ വികാരമില്ലായിരുന്നു.

ഇനി നമുക്കു നോവലിലെ ഒരു കഥയിലേക്കു മാത്രം കടന്നുചെല്ലാം. ചെറിയ പട്ടണങ്ങളിൽ പെൺകുട്ടികൾ തീവണ്ടിയാപ്പീസിൽ ചെന്നു നിന്നു് കടന്നുപോകുന്ന എക്സ്പ്രെസ് ട്രെയിനിനെ നോക്കി നില്ക്കാറുണ്ടു്. കഥയിലെ പെൺകുട്ടിയും അങ്ങനെ പ്രവർത്തിക്കുന്നു. അപ്പോൾ, ചലനം കൊള്ളാൻ പോകുന്ന തീവണ്ടിയിൽ നില്ക്കുന്ന യുവാവു് “അകത്തേക്കു വരൂ. വരൂ” എന്നു വിളിച്ചേക്കും തീവണ്ടി പൊയ്ക്കഴിഞ്ഞാൽ—അതു് ‘കനം കുറഞ്ഞ വായുവിൽ’ അപ്രത്യക്ഷമായിക്കഴിഞ്ഞാൽ അവൾ ക്ഷീണിച്ചു വീട്ടിലേക്കു മടങ്ങിപ്പോരും. ഈ നിലയിലാണു് പെൺകുട്ടി സക്കറിയാസിനെ കണ്ടതു്. അവർ പരസ്പരം സ്നേഹിച്ചു. അധ്യാപകനായ സക്കറിയാസ് കുട്ടികളുടെ ഉത്തരങ്ങൾ താല്പര്യമില്ലാതെ കേട്ടുകൊണ്ടിരിക്കുമ്പോഴെല്ലാം കാമുകിയുടെ പേരു ബ്ലോട്ടറിൽ എഴുതും. അല്ലെങ്കിൽ ‘ഞാൻ നിന്നെ സ്നേഹിക്കുന്നു’ എന്നെഴുതും. ‘നിങ്ങൾ എന്റെ ശരീരത്തെ മാത്രമേ സ്നേഹിക്കുന്നുള്ളു’ എന്നാവും പെൺകുട്ടിയുടെ ചൊല്ലു്. സക്കറിയാസ് ബ്ലോട്ടറിൽ കൂടക്കൂടെ കാമുകിയുടെ പേരു് എഴുതിയെങ്കിലും അയാളിൽ സത്യസന്ധമായ വികാരമില്ലായിരുന്നു. വൈകാരികമായ പിരിമുറുക്കം വന്നു് അയാളുടെ യാഥാർത്ഥ്യ ബോധം നശിച്ചു. അയാൾ ആത്മരക്ഷയ്ക്കാണെന്നു പീടികക്കാരനോടു പറഞ്ഞു് ഒരു കൈത്തോക്കു വാങ്ങി. അയാൾ അതിൽ വെടിയുണ്ടയിട്ടു് അടുത്തു വച്ചു. അവസാനത്തെ ചുംബനം സക്കറിയാസിനു നല്കിക്കൊണ്ടു് അവൾ അയാളോടു് ആവശ്യപ്പെട്ടു. “വേഗം അതു ചെയ്യു” ഇനി ബ്രോഹിന്റെ നിസ്തുലങ്ങളായ വാക്യങ്ങൾ തന്നെ എഴുതട്ടെ:

“Meeting in infinity, like the straight lines and join to form an eternal circle, Zacharias’s insight: ‘I am the universe’—to form an ultimate meaning”… “True the readiness of two people to die together is in itself an act of ethical liberation… ” “But life is long, and marriage makes people forgetful”.
images/Guiltlesscover.jpg

അതുകൊണ്ടു് സക്കറിയാസും കാമുകിയും അവസാനത്തെ തീവണ്ടിയിൽ കയറിപ്പോയിരിക്കും. കാമുകിയുടെ അമ്മയുടെ മുൻപിൽച്ചെന്നു മുട്ടുകുത്തി അവരുടെ അനുഗ്രഹത്തിനായി അഭ്യർത്ഥിച്ചിരിക്കും. ഇതാണു് കുറ്റം ചെയ്യാത്തവരുടെ കുറ്റം. സദാചാരശൂന്യമായ ഈ സമുദായമാണു് ഹിറ്റ്ലറുടെ ഫാസ്സിസത്തിനു വഴിതെളിച്ചതു്. അത്യുജ്ജ്വലമായ നോവലാണിതു്. കലാസൃഷ്ടി മനസ്സിനെ ഉന്നമിപ്പിക്കണമെന്ന സിദ്ധാന്തത്തെ ബ്രോഹ് അംഗീകരിക്കുന്നില്ലെങ്കിലും എനിക്കിതു മാനസികോന്നമനം നല്കുകയുണ്ടായി. ഇവിടെയെങ്ങും കിട്ടാനില്ലാത്ത ഈ കലാസൃഷ്ടി എനിക്കു് എത്തിച്ചുതന്ന ശ്രീ. വൈക്കം മുരളിയോടു് എനിക്കു കടപ്പാടുണ്ടു്.

ശങ്കരാടി
images/Sankaradi.jpg
ശങ്കരാടി

പ്രഗല്ഭനായ അഭിനേതാവു് ശ്രീ. ശങ്കരാടി യെ ഞാൻ മാർച്ച് 28-നാണു് ആദ്യമായി കണ്ടതു്. ചലച്ചിത്രത്തിൽ എങ്ങനെ നമ്മൾ ശങ്കരാടിയെ കാണുന്നുവോ അതുപോലെ തന്നെയാണു് നിത്യജീവിതത്തിലും അദ്ദേഹം. ബാഹ്യാകൃതിക്കോ ആന്തര പ്രകൃതിക്കോ വ്യത്യാസമില്ല എന്നർത്ഥം. ആർജ്ജവമാണു് അദ്ദേഹത്തിന്റെ പെരുമാറ്റത്തിന്റെയും സംഭാഷണത്തിന്റെയും മുദ്രകൾ. ഓരോ വാക്യത്തിലും ധിഷണാശക്തിയുടെ സ്ഫൂരണമുണ്ടായിരിക്കും. ഞങ്ങൾ സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ ഒരാൾ വന്നു ‘കലാകൗമുദിയിലെഴുതുന്ന കൃഷ്ണൻ നായരല്ലേ’ എന്നു് എന്നോടു ചോദിച്ചു. ‘അതേ’ എന്ന മറുപടി കേട്ടയുടനെ അദ്ദേഹം പോകുകയും ചെയ്തു. ശങ്കരാടിക്കു് ആ ചോദ്യം ഇഷ്ടപ്പെട്ടില്ല. അദ്ദേഹം ഒരു സംഭവത്തെക്കുറിച്ചു പറഞ്ഞു. “ഞാനും തോപ്പിൽ ഭാസി യും ഒ. എൻ. വി യും ഒരു സമ്മേളനത്തിനു പോയി. സ്വാഗത പ്രഭാഷകൻ ഞാൻ പ്രഗല്ഭനായ നടനാണെന്നു പറഞ്ഞു. തോപ്പിൽ ഭാസിയെ നല്ല നാടക കർത്താവായി വിശേഷിപ്പിച്ചു. ഒ. എൻ. വിയെക്കുറിച്ചു പറഞ്ഞതു് അദ്ദേഹം ഭാസിയുടെ എല്ലാ നാടകങ്ങൾക്കും പാട്ടുകൾ എഴുതിയ ആളെന്നാണു്”. അന്നും മഹായശസ്കനായിരുന്ന ഒ. എൻ. വിയെ അങ്ങനെ വിശേഷിപ്പിച്ചതു് ശങ്കരാടിക്കു് ഇഷ്ടപ്പെട്ടില്ല. എന്നോടു് ആഗതൻ അമ്മട്ടിൽ ചോദിച്ചതും അദ്ദേഹത്തിനു നീരസമുളവാക്കി. ഇവ രണ്ടും ശങ്കരാടിയുടെ വിശുദ്ധ മനസ്സിനെ കാണിക്കുന്നു. നല്ല മനുഷ്യൻ, നല്ല അഭിനേതാവു്, നിഷ്കളങ്കൻ ഇവയെല്ലാമായ അദ്ദേഹത്തെ ഞാൻ സ്നേഹിക്കുന്നു. ബഹുമാനിക്കുന്നു.

ചോദ്യം, ഉത്തരം

ചോദ്യം: സൂര്യൻ അസ്തമിക്കാറായി. ആ ഗോളത്തോടൊരുമിച്ചു പോകാൻ ആശയുണ്ടോ?

ഉത്തരം: താങ്കളുടെ ആഗ്രഹം നന്നു്. പക്ഷേ, ഇരുപത്തിയൊന്നാം ശതാബ്ദത്തിന്റെ ഉദയം കണ്ടിട്ടേ ഞാൻ അന്നത്തെ ഒരസ്തമയത്തിന്റെ കൂടെ പോകൂ. ചങ്ങാതീ, അതുവരെ ക്ഷമിക്കൂ.

ചോദ്യം: ടോൾസ്റ്റോയിയോ ഡോസ്റ്റോവ്സ്കിയോ വലിയ നോവലെഴുത്തുകാരൻ?

ഉത്തരം: ടോൾസ്റ്റോയി യെന്നു് എന്റെ മതം. രണ്ടുപേരുമല്ല റൊമാങ് റൊളാങ്ങാ ണെന്നു ശ്രീ. വൈക്കം ചന്ദ്രശേഖരൻ നായർ. ദസ്തെയേവ്സ്കി യുടെ നോവലുകളിൽ നോവലിസ്റ്റിന്റെ ആധികാരിക ശബ്ദമില്ലെന്നും അദ്ദേഹത്തിന്റെ കഥാപാത്രങ്ങൾ രചയിതാവിനോടു തന്നെ സംസാരിക്കുന്നുവെന്നും റഷ്യൻ പോസ്റ്റ് ഫോർമലിസ്റ്റ് ബാഹ്തിന്റെ അഭിപ്രായം. ദസ്തെയെവ്സ്കിയുടെ നോവലുകൾക്കു് അന്യാദൃശമായ രൂപമുണ്ടെന്നും ടോൾസ്റ്റോയിയുടെ നോവലുകൾക്കു പരമ്പരാഗതമായ രൂപമേയുള്ളുവെന്നും അദ്ദേഹം എടുത്തു പറയുന്നു. ബാഹ്തിന്റെ മതം ടോൾസ്റ്റോയിയെക്കാൾ കേമൻ ദസ്തെയെവ്സ്കി എന്നാണു്. ഇതിനൊന്നും അന്തിമത്വമോ സുനിശ്ചിതത്വമോ ഇല്ല. ദസ്തെയെവ്സ്കിയുടെ കലയെക്കുറിച്ചു് ബാഹ്തിൻ എഴുതിയ പുസ്തകം വായിച്ചാൽ ദസ്തെയെവ്സ്കിയെ അതിശയിച്ച ഒരു നോവലിസ്റ്റുമില്ലെന്നു നമുക്കു തോന്നും.

ചോദ്യം: ആരാണു് മഹാകവി?

ഉത്തരം: ‘ലോകത്തിന്റെ അഗാധത’യിലേക്കു ചെല്ലാൻ ഏതൊരാൾക്കു കഴിയുമോ അയാൾ മഹാകവി. ഷെയ്ക്സ്പിയർ, ദാന്തേ, വ്യാസൻ, ഇവർ മഹാകവികൾ. Pierre Macherey എഴുതിയ The Object of Literature എന്ന പുസ്തകത്തിൽ ഏതാണ്ടിങ്ങനെ പറഞ്ഞിട്ടുണ്ടു്. ഞാൻ പറഞ്ഞ ഈ പേരുകൾ അദ്ദേഹം പറയുന്നില്ല.

ചോദ്യം: ഞാൻ പ്രസംഗകനാകാൻ ഉദ്ദേശിക്കുന്നു. ഒരുപദേശം തരൂ.

ഉത്തരം: പ്രസംഗകൻ എന്ന പ്രയോഗം തെറ്റു്, പ്രാസംഗികൻ എന്നതും ശരിയല്ല. പിന്നെ മലയാള ഭാഷയിലെ ഒരു പ്രയോഗമെന്ന രീതിയിൽ അതാകാം. പ്രഭാഷകൻ എന്നതു ശരി. പ്രഭാഷണം നിർവഹിക്കുമ്പോൾ സദസ്സിനു് ഒന്നുമറിഞ്ഞുകൂടെന്ന മട്ടിൽ ഒന്നും പറയരുതു്. അവർക്കു ബുദ്ധിവേണ്ടിടത്തോളമില്ലെന്നും സൂചിപ്പിക്കരുതു്. സദസ്സു് ഈശ്വരസദൃശം എന്ന വിചാരത്തോടുകൂടി ഹൃദയത്തിൽ നിന്നു വരുന്ന വാക്കുകൾ മാത്രം പറയു. നിങ്ങൾ നല്ല പ്രഭാഷകനാകും.

ചോദ്യം: സഹോദരിയുടെ സ്നേഹത്തെക്കാൾ പാവനമായി വേറെ എന്തുണ്ടു് സഹോദരനു്?

ഉത്തരം: സഹോദരി വിവാഹം കഴിക്കാതെ വീട്ടിൽ താമസിക്കുന്നിടത്തോളം കാലം സഹോദരനെ സ്നേഹിക്കുന്നു. എന്നു് അവൾ കല്യാണം കഴിഞ്ഞു് അന്യഭവനത്തിൽ പോകുന്നുവോ അന്നു തൊട്ടു് അവളുടെ ‘നമ്പർ വൺ ശത്രു’ സഹോദരൻ.

ചോദ്യം: ചങ്ങമ്പുഴയെ ഗാനഗന്ധർവ്വൻ എന്നു വിളിക്കുന്നതു ശരിയോ?

ഉത്തരം: ചങ്ങമ്പുഴ നല്ല കവിയാണു്. പക്ഷേ, അദ്ദേഹത്തെ ഗാനഗന്ധർവ്വൻ എന്നു വിളിച്ചാൽ ഗന്ധർവ്വന്മാർക്കു പാടാൻ അറിഞ്ഞുകൂടെന്നു പറയേണ്ടതായി വരും.

ചോദ്യം: ഈ ലോകത്തു് ഏകാന്തതയുടെ ദുഃഖം ആർക്കാണു് കൂടുതലായി ഉള്ളതു?

ഉത്തരം: ഞാനൊരിക്കൽ തിരുവനന്തപുരത്തു നിന്നു കന്യാകുമാരിയിലേക്കു പോകുമ്പോൾ ഒരു വിജനപ്രദേശത്തു് ‘നാഗർകോവിലിലേക്കു് 45 കിലോമീറ്റർ’ എന്നു നെഞ്ചിലെഴുതി വച്ചുകൊണ്ടു് ഒരു കരിങ്കൽക്കുറ്റി റോഡു വക്കത്തു നില്ക്കുന്നതു കണ്ടു. അതിനുള്ള ദുഃഖം ഈ ലോകത്തു് വേറെ ആർക്കുമില്ലെന്നു് എനിക്കു തോന്നി.

ലിറ്റ്ററി പോസിങ്

“സഹോദരിയുടെ സ്നേഹത്തെക്കാൾ പാവനമായി വേറെ എന്തുണ്ടു് സഹോദരനു്?” “സഹോദരി വിവാഹം കഴിക്കാതെ വീട്ടിൽ താമസിക്കുന്നിടത്തോളം കാലം സഹോദരനെ സ്നേഹിക്കുന്നു. എന്നു് അവൾ കല്യാണം കഴിഞ്ഞു് അന്യഭവനത്തിൽ പോകുന്നുവോ അന്നു തൊട്ടു് അവളുടെ ‘നമ്പർ വൺ ശത്രു’ സഹോദരൻ”.

“അക്ഷര ശുദ്ധിയോടെ എഴുതാൻ കഴിയാത്ത സാഹിത്യകാരന്മാരോടും ഉച്ചാരണ ശുദ്ധിയില്ലാതെ വാർത്തകൾ വായിക്കുന്ന ദൂരദർശനിലെ ആളുകളോടും പഴത്തിനു പയമെന്നു പറയുന്ന അക്ഷരശൂന്യന്മാരോടും നിങ്ങൾ ഏറെ വർഷങ്ങളായി മലയാള ഭാഷയുടെ പാവനത്വം സൂക്ഷിക്കാൻ പറഞ്ഞുകൊണ്ടിരിക്കുകയല്ലേ? എന്തു ഫലമുണ്ടായി നിങ്ങളുടെ പേനയിലെ മഷി വറ്റിയതല്ലാതെ?” ഈ ചോദ്യം എനിക്കു കാർഡിൽ അയച്ചുതന്നതു് ഒരു വായനക്കാരനാണു്. ചോദ്യം നിരർത്ഥകമല്ല. സാർത്ഥകമാണു താനും. ഇതു മാത്രമല്ല എന്റെ പ്രവർത്തനം, ചെറുകഥയെന്ന പേരിൽ ഉപന്യാസമെഴുതി മനുഷ്യനെ ദ്രോഹിക്കരുതു്, പ്രബന്ധമെഴുതിയാൽത്തന്നെ ആളുകൾക്കു മനസ്സിലാകണം എന്നും ഈ കോളമിസ്റ്റ് വളരെക്കാലമായി പറയുന്നു. പ്രയോജനമില്ല. ഒരുകണക്കിൽ ഇക്കൂട്ടരെ കുറ്റം പറയാനുമില്ല. പഠിച്ചതല്ലേ പാടാൻ കഴിയൂ. മാതൃഭൂമി ആഴ്ചപ്പതിപ്പിൽ ‘വിയറ്റ്നാം’ എന്ന ചെറുകഥ (?) എഴുതിയ ശ്രീ. കെ. എ. സെബാസ്റ്റ്യനോടു് താങ്കളെഴുതിയതു ചെറുകഥയല്ല. നല്ല ഉപന്യാസം പോലുമല്ല എന്നു പറയുന്നതുകൊണ്ടു പ്രയോജനമുണ്ടാവുകയില്ല. അദ്ദേഹം ഇനി എന്തെഴുതിയാലും ഇങ്ങനെയേ ആവു. കാരണമുണ്ടു്. രചനയെസ്സംബന്ധിച്ചു് സവിശേഷമായ മാനസികനില എഴുതുന്നയാളിനു് ഉണ്ടെങ്കിൽ അതിനു യോജിച്ച വിധത്തിലേ പിന്നെയും പിന്നെയും എഴുതാൻ പറ്റൂ.

images/Mikhailbakhtin.jpg
ബാഹ്തിൻ

‘വിയറ്റ്നാം’ എന്ന തലക്കെട്ടിന്റെ താഴെയായി കടലിനെ പ്രതിരൂപമാക്കിക്കൊണ്ടു സെബാസ്റ്റ്യൻ എന്തൊക്കെയോ എഴുതുന്നു. ദുർഗ്രഹങ്ങളായ ആ വാക്യങ്ങളെ സമാഹരിച്ചു വച്ചു് അദ്ദേഹം അതിനു ചെറുകഥയെന്ന പേരിടുന്നു. എഴുതുന്നതു് ഉപന്യാസമായാലും കഥയായാലും അതിനു് ആശയം അനുവാചകനു പകർന്നു കൊടുക്കാനാവണം. വാക്യങ്ങൾക്കു് അന്യോന്യം ബന്ധമുണ്ടാവണം. ചെറുകഥയിലാണെങ്കിൽ ആശയങ്ങൾ ബിംബങ്ങളായി മാറണം. സെബാസ്റ്റ്യന്റെ പ്രക്രിയ ലിറ്റ്റച്ചറിനോടു ബന്ധപ്പെട്ടതല്ല. ഇതു് വെറും ‘ലിറ്റ്ററി പോസിങ്ങാ’ണു്.

മാങ്കോയിക്കൽ ഭവനം തീപിടിക്കുന്നതിന്റെ വർണ്ണന ‘മാർത്താണ്ഡവർമ്മ’ എന്ന നോവലിൽ വായിക്കുമ്പോൾ അതു് സി. വി. രാമൻപിള്ള എഴുതിയതാണു്. ആരോ ഒരാൾ അച്ചടിച്ചതാണു് ആ നോവൽ. ഞാൻ അതു് പുസ്തകക്കടയിൽ നിന്നു വാങ്ങിയതാണു് എന്നൊന്നും ഓർമ്മിക്കുന്നില്ല. ആകെ കാണുന്നതു് ഭവനം അഗ്നിക്കിരയാകുന്നതും. കുറുപ്പു് ഓടുന്നതുമൊക്കെയാണു് ‘ആരുണ്ടെടാ ബ്രാഹ്മണനെ രക്ഷിക്കാൻ’ എന്ന ചോദ്യം കുറുപ്പിൽ നിന്നുണ്ടാകുമ്പോൾ ‘അടിയൻ ലച്ചിപ്പോം’ എന്നു ഭ്രാന്തൻ ചാന്നാൻ പറയുന്നതു ഞാൻ കേൾക്കുന്നു. മറ്റൊരു തരത്തിൽ പറയാം. പുസ്തകത്തിന്റെ താളിൽ നിന്നു് ഈ സംഭവം പൂർണ്ണതയാർന്നു് അതിൽ നിന്നു താഴെ വീഴുന്നു. ആ പൂർണ്ണതയിലാണു് കലയുടെ ഭംഗിയിരിക്കുന്നതു്. അങ്ങനെ വീഴാതെ പുസ്തകത്തിന്റെ താളിൽ വർണ്ണന ഒട്ടിപ്പിടിച്ചിരുന്നാൽ അതു് വെറും അച്ചടിയായേ നമുക്കു തോന്നൂ. നമ്മുടെ പല കഥകളും കവിതകളും വാരികകളുടെ പുറങ്ങളിൽ പറ്റിപ്പിടിച്ചു നില്ക്കുന്നതേയുള്ളു. നീരാവി വേണ്ടുവോളം തണുത്തു് മഴത്തുള്ളിയായി ഭൂമിയിൽ വീഴുമ്പോഴാണു് അതിനു് (മഴത്തുള്ളിക്കു്) അന്യൂനാവസ്ഥ കൈവരുന്നതു് മഴത്തുള്ളി നീരാവിയായിരിക്കുന്നിടത്തോളം കാലം അന്യൂനാവസ്ഥയില്ല. സമ്പൂർണ്ണതയുമില്ല.

ആരുണ്ടു് എന്നെ രക്ഷിക്കാൻ?

മിക്ക സാഹിത്യ സമ്മേളനങ്ങളും പരാജയങ്ങളാണു്. വള്ളത്തോളിന്റെ കവിത സുന്ദരമാണെന്നു സ്ഥാപിക്കാനായി തൊണ്ടകീറുന്നവനെ ശ്രോതാക്കൾ വെറുക്കും.

നോക്കെത്താത്ത ദൂരത്തിൽ കടൽ പോലെ മരുഭൂമി പരന്നുകിടക്കുന്നതു് ഞാൻ കണ്ടിട്ടുണ്ടു്. അതിലൂടെ ‘മണൽക്കാട്ടിലെ യാനപാത്ര’മായ ഒട്ടകം തമിഴ് നാട്ടിലെ ഒരു നർത്തകിയെപ്പോലെ താഴ്‌ന്നും പൊങ്ങിയും നൃത്തം വച്ചു പോകുന്നതു് ഞാൻ കണ്ടിട്ടുണ്ടു്. കാറ്റടിച്ചു് മണൽ പലതരത്തിലുള്ള ഡിസൈനുകൾ ഉണ്ടാക്കി ദ്രഷ്ടാക്കൾക്കു് ആഹ്ലാദാതിശയം നല്കുന്നതു ഞാൻ കണ്ടിട്ടുണ്ടു്. പല സ്ഥലങ്ങളിലും മണൽ മലപോലെ ഉയർന്നു് പാറ്റേണുകൾ നിർമ്മിച്ചു് കലാസൃഷ്ടികൾപോലെ വിലസുന്നതു ഞാൻ കണ്ടിട്ടുണ്ടു്. മണൽക്കാടാണെങ്കിലും അതിലുമുണ്ടു് ചേതോഹരദൃശ്യങ്ങൾ. പക്ഷേ, നമ്മുടെ കഥാമണലാരണ്യത്തിൽ ഒരു രമണീയദൃശ്യവുമില്ലല്ലോ. ശ്രീ. വി. പി. മനോഹരൻ ദേശാഭിമാനി വാരികയിൽ എഴുതിയ “ശാന്തം പാപം” എന്ന കഥ മണലാരണ്യമല്ലെങ്കിൽ പിന്നെന്താണു്. പ്രധാന കഥാപാത്രത്തിന്റെ ഭാര്യയുടെ ചലച്ചിത്രാസ്വാദനം. അയാളുടെ അമ്മയുടെ പത്രപാരായണാസക്തി. ഹവാലയുടെ പ്രതിപാദനം ഇങ്ങനെ അന്യോന്യബന്ധമില്ലാത്ത കുറെ വിഷയങ്ങളെക്കുറിച്ചു പലതും പറഞ്ഞു് കഥ അവസാനിപ്പിക്കുന്നു കഥാകാരൻ. മനോഹരന്റെ ഈ രചന ഒട്ടും മനോഹരമല്ല: എന്നല്ല ബീഭത്സവുമാണു്. കലയെ അവലംബിച്ചു നോക്കിയാൽ ഗൾഫ് രാജ്യങ്ങളിലെ മണൽക്കാടുകളിൽ അവയ്ക്കു സവിശേഷത നല്കിയ ചില അംശങ്ങളെക്കുറിച്ചു ഞാൻ പറഞ്ഞല്ലോ. മനോഹരന്റെ കഥാമണലാരണ്യത്തിൽ ഡിസൈനില്ല. പാറ്റേണില്ല. സ്വയം ശ്രേണികൾ നിർമ്മിച്ചു് അന്തരീക്ഷത്തിലേക്കു് ഉയരുന്ന മണൽ മലകളില്ല. ആകെയുള്ളതു് എനിക്കു വളരെ ഇഷ്ടം തോന്നുന്ന പരിഹാസം മാത്രം. ആ പരിഹാസം കലയുടെ മണ്ഡലത്തിൽ ഒതുങ്ങിനില്ക്കാത്തതുകൊണ്ടു് വെറും പരിഹാസമായിബ്ഭവിക്കുന്നു. വിജനമായ മണൽക്കാട്ടിൽ നിന്നു് അതിന്റെ സാൻഡ്ഡ്യൂൺസിനെയും മറ്റും നോക്കിനിന്ന എന്നെ സുഹൃത്തു് അബ്ദുൾ ഖാദർ (അലൈനിലെ ഉദ്യോഗസ്ഥൻ) വിളിച്ചു പറഞ്ഞു. ‘സർ വേഗം കാറിൽ കയറു. കാറ്റടിക്കാൻ തുടങ്ങി. നമ്മൾ മണൽക്കൂനയ്ക്കു് അകത്തായിപ്പോകും.’ ഞാൻ ഓടി കാറിൽ കയറി. വണ്ടിയോടിക്കുന്ന അതിന്റെ ഉടമസ്ഥൻ റോബിൻ വളരെ വേഗത്തിൽ കാറോടിച്ചു. ഞങ്ങൾ രക്ഷപ്പെട്ടു. മനോഹരന്റെ കഥാമരുഭൂമിയിൽ നിന്നു് എന്നെ രക്ഷിക്കാനാരുണ്ടു്?

ഡോക്ടർ എസ്. പരമേശ്വരൻ
images/RomainRolland1914.jpg
റൊമാങ് റൊളാങ്

മലയാളസാഹിത്യത്തിൽ അവഗാഹമുള്ള വ്യക്തി. വിദ്യാർത്ഥികളുടെ സ്നേഹബഹുമാനങ്ങൾ ആർജ്ജിച്ച ഗുരുനാഥൻ. ഗണിതശാസ്ത്രത്തിൽ മഹാപാണ്ഡിത്യമുള്ള ശാസ്ത്രകാരൻ — ഡോക്ടർ എസ്. പരമേശ്വരൻ ആരെന്നു ചോദിച്ചാൽ ഇങ്ങനെയൊക്കെയാവും ഞാൻ പറയുക. എനിക്കദ്ദേഹത്തെ നാല്പതു വർഷത്തെ പരിചയമുണ്ടു്. ഓരോ തവണ കാണുമ്പോഴും സംഭാഷണ വൈദഗ്ദ്ധ്യം കൊണ്ടു് അദ്ദേഹം എന്നെ രസിപ്പിച്ചിട്ടുണ്ടു്. ഓരോ വാക്യം അദ്ദേഹത്തിന്റെ നാവിൽ നിന്നു വീഴുമ്പോഴും ശ്രോതാക്കൾ ചിരിക്കും. അത്രയ്ക്കു മൗലികതയുള്ള നർമ്മോക്തികളാണു് അദ്ദേഹത്തിന്റേതു്.

ഡോക്ടർ പരമേശ്വരന്റെ വ്യക്തിത്വത്തെയും അദ്ദേഹത്തിന്റെ ഗണിതശാസ്ത്ര പാണ്ഡിത്യത്തെയും വായനക്കാരെ ഗ്രഹിപ്പിക്കാനാണു് ശ്രീ. എം. ഹരികുമാർ യത്നിക്കുന്നതു് (കലാകൗമുദിയിലെ ‘ഭാരതീയ ഗണിതത്തിന്റെ സുവർണ്ണയുഗം’ എന്ന ലേഖനം). ‘സാരാനർഘ പ്രകാശ പ്രചുരിമ തിരളും ദിവ്യരത്നങ്ങളേറെക്കിടപ്പുണ്ടു്’ പാരാവാരത്തിന്റെ അഗാധതയിൽ. അതിലൊരെണ്ണം ഹരികുമാർ എടുത്തു് നമ്മുടെ മുൻപിൽ വയ്ക്കുന്നു. ആദരണീയമായ പ്രക്രിയയാണിതു്.

മിക്ക സാഹിത്യസമ്മേളനങ്ങളും പരാജയങ്ങളാണു്. വള്ളത്തോളി ന്റെ കവിത സുന്ദരമാണെന്നു സ്ഥാപിക്കാനായി തൊണ്ട കീറുന്നവനെ ശ്രോതാക്കൾ വെറുക്കും. അയാളെ ബോറനായി കരുതും. രണ്ടും രണ്ടും നാലാണെന്നു സ്ഥാപിക്കാൻ ശ്രമിക്കുന്നവനാണു് ഈ ലോകത്തെ ഏറ്റവും വലിയ ബോറൻ എന്നു പണ്ടാരോ പറഞ്ഞിട്ടുണ്ടു്.

Colophon

Title: Sāhityavāraphalam (ml: സാഹിത്യവാരഫലം).

Author(s): M Krishnan Nair.

First publication details: Kalakaumudi Weekly; Trivandrum, Kerala; 1996-04-21.

Deafult language: ml, Malayalam.

Keywords: M Krishnan Nair, Sahityavaraphalam, Weekly Lietrary Column, സാഹിത്യവാരഫലം, എം കൃഷ്ണൻ നായർ, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: October 9, 2022.

Credits: The text of the original item is copyrighted to J Vijayamma, author’s inheritor. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-NC-SA 4​.0). Any reuse of the material should credit the Sayahna Foundation, only noncommercial uses of the work are permitted and adoptations must be shared under the same terms.

Production history: Data entry: MS Aswathi; Proofing: Abdul Gafoor; Typesetter: JN Jamuna; Digitizer: KB Sujith; Encoding: JN Jamuna.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.