images/Mandodaree_Repressing_the_Wrath_Of_Ravana.jpg
Mandodaree Repressing the Wrath Of Ravana, a painting by B P Banerjee (1851–1932).
മണ്ഡോദരി (മലയാളനാടകം)
കെ. എം. പണിക്കർ
മുഖവുര

ഈ നാടകത്തിലെ വിഷയം, പാത്രങ്ങൾ മുതലായവയെപ്പറ്റി ഒരു നിരൂപണമാവശ്യമില്ലെങ്കിലും നായികാനായകന്മാരുടെ സ്വഭാവത്തെപ്പറ്റിയും രാവണകഥയുടെ ആന്തരമായ അർത്ഥത്തെപ്പറ്റിയും ഒരു ദൃശ്യകാവ്യമെന്ന നിലയിൽ ഈ കൃതിയിൽ സ്വീകരിച്ചിട്ടുള്ള പദ്ധതിയെപ്പറ്റിയും അല്പം ചിലതു് ഇവിടെ പ്രസ്താവിക്കേണ്ടിയിരിക്കുന്നു.

മണ്ഡോദരിയുടെ മാഹാത്മ്യത്തെപ്പറ്റി പ്രത്യേകിച്ചൊന്നും പറയേണ്ടതായിട്ടില്ല. “അഹല്യാദ്രൗപദീ സീതാ താരാ മണ്ഡോദരീ തഥാ” എന്നാണല്ലോ മഹാപാപവിനാശത്തിനായി, പൗരാണികസ്ത്രീരത്നങ്ങളെ നാം ഇന്നും സ്മരിക്കുന്നതു്. ആ സ്ഥിതിക്കു് മണ്ഡോദരിയുടെ ഗുണങ്ങളെ കീർത്തനംചെയ്യുന്നതിൽ ആർക്കും ആക്ഷേപമുണ്ടാകാനിടയില്ല. രാവണന്റെ കഥ നേരേമറിച്ചാണു്. രാവണൻ ദുഷ്ടനും അധർമ്മമൂർത്തിയുമാണെന്നു് ജനങ്ങൾ വിശ്വസിച്ചുപോരുന്നു. പരേതനായ പൂർണ്ണലിംഗംപിള്ള ‘മഹാനായ രാവണൻ’ എന്നു് ഇംഗ്ലീഷിലും പ്രസിദ്ധഗദ്യകാരനായ ശ്രീ. കണ്ണൻ ജനാർദ്ദനൻ ‘രാവണപക്ഷം’ എന്നൊരു പുസ്തകം മലയാളത്തിലും ലങ്കേശ്വരന്റെ ഗുണങ്ങളെ വർണ്ണിച്ചു് എഴുതിയിട്ടുണ്ടെങ്കിലും അവരുടെ അഭിപ്രായങ്ങൾ പരക്കെ സ്വീകരിക്കപ്പെട്ടിട്ടുണ്ടെന്നു് പറഞ്ഞുകൂടാ.

രാവണൻ പരമേശ്വരഭക്തനായിരുന്നു എന്നും മഹാതേജസ്വിയായിരുന്നു എന്നും രാമായണത്തിൽ പല ഭാഗത്തും പ്രത്യേകം എടുത്തുപറഞ്ഞിട്ടുണ്ടു്. രാവണന്റെ പരാക്രമം, യുദ്ധവൈദഗ്ദ്ധ്യം, പൗരുഷം ഇവയാണു് രാമായണകഥയ്ക്കുതന്നെ അടിസ്ഥാനവും. രാവണൻ നിസ്സാരനെങ്കിൽ രാമാവതാരം ആവശ്യമില്ലെന്നു് വരുന്നു. ശ്രീരാമൻതന്നെ, രാവണനിഥനാനന്തരം പറഞ്ഞിട്ടുള്ള വാക്കുകൾ വിചാരിക്കുക:

“തേജസ്വി ബലവാൻ ശൂരനെ-

ന്നെന്നും സമരങ്ങളിൽ

തോറ്റതായ് കേൾവിയില്ലല്ലോ,

ശക്രാദിസുരർതമ്മൊടും

ബലശാലി മഹാത്മാവു

രാവണൻ ലോകരാവണൻ

ചാവോളമല്ലോ വൈരങ്ങൾ;

നമ്മൾ സാധിച്ചു കാര്യവും.”

ഇതുകൂടാതെ, രാമരാവണന്മാർ തുല്യപരാക്രമന്മാരായിരുന്നുവെന്നും, ദൈവികതേജസ്സൊന്നുകൊണ്ടാണു് രാവണൻ ഹനിക്കപ്പെട്ടതെന്നുമാണു് രാമായണകഥതന്നെ. ആ സ്ഥിതിക്കു് രാവണന്റെ പരാക്രമം മുതലായ രാജഗുണങ്ങളെപ്പറ്റി വാദമില്ല.

രാവണൻ അധർമ്മമൂർത്തിയായിരുന്നു എന്നുള്ള വിശ്വാസത്തിനും രാമായണത്തിൽ തെളിവു് കുറവാണു്. രാവണദ്വേഷിയായ വിഭീഷണർ സഹോദരമരണത്തെപ്പറ്റി വിലപിക്കുന്നതിങ്ങനെയാണു്:

“പൊയ്പോയ് നയങ്ങൾതൻ സീമ;

പൊയ്പോയ് ധർമ്മകളേബരം;

പൊയ്പോയ് കരുത്തിൻ സംക്ഷേപം;

പൊയ്പോയീ സ്തുതിഗോചരം.

……………

ദാനങ്ങൾ ചെയ്താനിവനർത്ഥികൾക്കു;

ഭോഗം ഭുജിച്ചാശ്രിതരെബ്ഭരിച്ചാൻ;

ധനങ്ങൾ കൂട്ടാളികളിൽ ചൊരിഞ്ഞാൻ;

മാറ്റാരിലേറ്റം പക വീട്ടി വിട്ടാൻ.

ഇങ്ങോർ മഹാതാപസനാഹിതാഗ്നി,

വേദാന്തവിത്തുത്തമകർമ്മശൂരൻ.”

ഉറക്കത്തിൽ കിടക്കുന്ന രാവണനെക്കണ്ട ഹനുമാൻ:

“അഹോ രൂപമഹോധൈര്യം;

അഹോ നെഞ്ഞൂക്കഹോ ദ്യുതി;

അഹോ രാക്ഷസരാജാവിൻ

സർവ്വലക്ഷണപൂർത്തിയും!”

എന്നാണു് ആശ്ചര്യപ്പെടുന്നതു്.

സൂക്ഷ്മം ആലോചിച്ചാൽ പൗരാണികസിദ്ധാന്തങ്ങൾ രാവണമാഹാത്മ്യത്തെ ഘോഷിക്കയാണു് ചെയ്യുന്നതു്. സംരംഭയോഗംകൊണ്ടു് ക്ഷണസായൂജ്യം ലഭിക്കുവാനുള്ള ശാപമോക്ഷത്തോടുകൂടി ഭൂമിയിൽ ജനിച്ച ജയവിജയന്മാരെന്ന വിഷ്ണുപാർഷദന്മാരാണു് രാവണകുംഭകർണ്ണന്മാരെന്നത്രേ പുരാണങ്ങൾ പറയുന്നതു്. ആ സ്ഥിതിക്കു് അവരോടുള്ള വാത്സല്യംകൊണ്ടു് അവരെ സ്വന്തം കയ്യാലെ കൊന്നനുഗ്രഹിക്കുന്നതിനാണു് ഭഗവാൻ അവതരിക്കുന്നതെന്നാണല്ലോ വൈഷ്ണവസിദ്ധാന്തം. ആ സിദ്ധാന്തപ്രകാരം രാവണൻ പ്രതിയോഗഭക്തിമാർഗ്ഗം സ്വയംവരിച്ചിട്ടുള്ള വിഷ്ണുഭക്തനെന്നു് സിദ്ധിക്കുന്നു.

പ്രതിയോഗ ഭക്തി

ഈ പ്രതിയോഗഭക്തി എന്താണു്?

“മയി സംരംഭയോഗേന,

നിസ്തീര്യബ്രഹ്മഫേലനം

പ്രത്യേഷിതം നികാശം മേ

കാലേനാല്പീയചേതസാ”

എന്നാണു് ഭാഗവതത്തിൽ ശാപമോക്ഷം കൊടുക്കുമ്പോൾ ഭഗവാൻതന്നെ പറയുന്നതു്. അല്പകാലംകൊണ്ടു് സായൂജ്യം ലഭിക്കേണ്ടതിനാണു് സംരംഭയോഗമെന്നും, അങ്ങനെയൊരു മാർഗ്ഗം സ്വീകരിക്കുന്നതിനുള്ള അവകാശംതന്നെ വിഷ്ണുപ്രീതിയിൽനിന്നുമാത്രമേ ലഭിക്കയുള്ളു എന്നും വ്യക്തമാക്കിയിരിക്കുന്നതുകൊണ്ടു് സംരംഭയോഗത്തിന്റെ മാഹാത്മ്യത്തെപ്പറ്റി പറയേണ്ടതായിട്ടില്ല. ഭാഗവതത്തിൽ മറ്റൊരിടത്തു് മഹാബലി ഈ പ്രതിയോഗഭക്തിയെപ്പറ്റി ഇപ്രകാരം പറഞ്ഞിരിക്കുന്നു:

“കേചനോൽബുദ്ധവൈരേണ

ഭക്ത്യാ കേചന കാമതഃ

ന തഥാ സത്വസംരബ്ധാ-

സ്സന്നികൃഷ്ടാസുരാദയഃ”

ഇങ്ങനെ വിവരിക്കപ്പെട്ടിരിക്കുന്ന സംരംഭയോഗം നാസ്തികത്വമല്ലെന്നും അധർമ്മനിഷ്ഠമല്ലെന്നും എടുത്തു് പറയേണ്ടതായിട്ടില്ല. നേരേമറിച്ചു് എല്ലാ സമയവും താൻ ഭഗവാനോടു് തുല്യനാണു്, ഭഗവാൻ തന്റെ വിരോധിയാണു് ഇങ്ങനെയുള്ള വിചാരങ്ങൾ വഴി ഭഗവൽചിന്തയിൽ ഏകാഗ്രമായി മുഴുകിയിരിക്കുന്നതാണു് സംരംഭയോഗത്തിന്റെ സ്വരൂപം.

ഈ സിദ്ധാന്തം സനാതനധർമ്മത്തിൽ അതിപ്രധാനമായ ഒരു ഭാഗം വഹിക്കുന്നു എന്നുള്ളതിനു് ജിനമതവും സാക്ഷിയാണു്. അരിഷ്ടനേമിഭഗവാന്റെ പ്രതിയോഗികളായിട്ടാണു് രാമകൃഷ്ണന്മാർ ജിനപുരാണങ്ങളിൽ അറിയപ്പെടുന്നതു്. ദേവദത്തൻ മുതലായവർക്കു് ബൗദ്ധപുരാണങ്ങളിലുള്ള പ്രാധാന്യവും ഈ കാരണംകൊണ്ടാണല്ലോ. അതിനാൽ ‘മണ്ഡോദരി’യിൽ പ്രതിപാദിച്ചിരിക്കുന്ന സംരംഭയോഗസിദ്ധാന്തം ഹിന്ദുമതവിശ്വാസങ്ങൾക്കു് വിപരീതമാണെന്നു് ആരുംതന്നെ സംശയിക്കേണ്ടതായിട്ടില്ല.

രാവണാനുഗ്രഹത്തിനാണു് രാമാവതാരം എന്നുള്ള വസ്തുത നിസ്തർക്കമാണെന്നുമാത്രമല്ല രാമായണത്തിന്റെ അടിസ്ഥാനക്കല്ലുമാണു്. ആ സ്ഥിതിക്കു് ഈ നാടകത്തിൽ രാവണന്റെ അപദാനങ്ങളെ രാക്ഷസപാത്രങ്ങൾ മുഖാന്തരം വർണ്ണിച്ചിരിക്കുന്നതു് രാമായണകഥയ്ക്കു് വിപരീതമാണു് എന്നുള്ള വാദത്തിനു് സാധുതയില്ല.

രാവണകഥ

രാവണനെപ്പറ്റി ബൗദ്ധന്മാരുടേയും ജൈനന്മാരുടേയും പുരാണങ്ങളിൽ പറഞ്ഞിട്ടുള്ള ചില സംഗതികളും സ്മർത്തവ്യങ്ങളാണു്. ‘ലങ്കാവതാരസൂത്ര’ത്തിൽ രാവണനെ മികച്ച ബുദ്ധഭക്തനായിട്ടും ശാന്തനായിട്ടുമാണു് വർണ്ണിച്ചിട്ടുള്ളതു്. ഹേമചന്ദ്രസൂരിയുടെ ജിനരാമായണത്തിലും രാവണനെ അധർമ്മമൂർത്തിയായിട്ടല്ല കാണിച്ചിട്ടുള്ളതും. ഇതിലൊക്കെയും വിശേഷമായിട്ടുള്ളതു ബംഗാളിരാമായണമാണു്. ദിനേശചന്ദ്രന്റെ ‘ബംഗാളിരാമായണങ്ങൾ’ എന്ന പുസ്തകത്തിൽ വാത്മീകിയിൽനിന്നു ഭിന്നമായ പല രാമായണങ്ങളുടേയും കാര്യം പറഞ്ഞിട്ടുണ്ടു്. അവയിൽ പലതിലും രാവണനെ ദേവീഭക്തനായും ധർമ്മനിഷ്ഠനായുമാണു് വർണ്ണിച്ചിട്ടുള്ളതു്.

രാവണൻ എഴുതിയതായി പറയുന്ന കുമാരബാലതന്ത്രം എന്നൊരു പുസ്തകം ഉണ്ടു്. ആ പുസ്തകം സംസ്കൃതം, തമിഴു്, ചീനം, അറബി, കംബോഡിയൻ മുതലായ ഭാഷകളിൽ കണ്ടുകിട്ടിയിട്ടുള്ളതു ചേർത്തു പരിശോധിച്ചു കഴിഞ്ഞ വർഷം ഗ്യൂമേമ്യൂസിയത്തിൽനിന്നും ഫ്രെഞ്ചുഭാഷയിൽ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ടു്. ഗ്രന്ഥത്തിലെ വിഷയം പ്രധാനമായിട്ടു മന്ത്രങ്ങൾ കൊണ്ടുള്ള ബാലചികിത്സയാണു്.

“ഓം നമോ രാവണായ വ്യാധിം ഹന മുഞ്ച

മുഞ്ച ഹ്രീം ഫട്ടു സ്വാഹാ.”

ഇത്യാദി രാവണപരമായും കുംഭകർണ്ണപരമായും പലമന്ത്രങ്ങൾ ആ ഗ്രന്ഥത്തിൽ കാണുന്നതുകൊണ്ടു് അതു രാവണകൃതമല്ലെന്നുള്ളതു തീർച്ചതന്നെ.

ബൗദ്ധമതഗ്രന്ഥങ്ങളിൽ പ്രാമാണ്യം വഹിക്കുന്ന ത്രിപീടകത്തിൽ (ചീനഭാഷയിലുള്ളതിൽ) രാവണനാൽ കൃതമെന്നു പറയുന്ന ഈ കുമാരതന്ത്രം ഉൾപ്പെടുന്നുണ്ടു്. പരേതനായ മഹാപണ്ഡിതൻ സിൽവേൻലെവിയാണു് ഇതു് ആദ്യമായി ചീനത്തിൽനിന്നു തർജ്ജമചെയ്തതു്. ഏതായാലും ബാലചികിത്സാഗ്രന്ഥങ്ങളിൽ രാവണനെ ഇഷ്ടദേവതയായി ഗണിച്ചുവരുന്നൂ എന്നുള്ള സംഗതി രാവണകഥയെപ്പറ്റി വിചാരിക്കുമ്പോൾ വിസ്മരിക്കാവുന്നതല്ല.

സീതോല്പത്തിയെപ്പറ്റി ഈ നാടകത്തിൽ പറഞ്ഞിട്ടുള്ളതു വാത്മീകിരാമായണം ഉത്തരകാണ്ഡത്തിൽ പ്രക്ഷിപ്തമെന്നു വിശ്വസിക്കപ്പെട്ടുപോരുന്ന ഒരു ഭാഗത്തിൽ നിന്നാണു് ഇപ്രകാരമല്ലാതെ, സീതരാവണനു മണ്ഡോദരിയിൽ ജനിച്ച ഔരസപുത്രിയായിത്തന്നെ പറയുന്ന ചില ഗ്രന്ഥങ്ങൾ ഉണ്ടു്. മണ്ഡോദരി ഹേമ എന്ന അപ്സരസ്ത്രീയിൽനിന്നു മയനു ജനിച്ച പുത്രിയാണെന്നാണു് വാത്മീകി പറയുന്നതു്. എന്നാൽ ശ്രീരാമവർമ്മഗ്രന്ഥാവലിയിൽ 39-ാം നമ്പരായി കൊച്ചിസർക്കാരിൽനിന്നും പ്രസിദ്ധപ്പെടുത്തിയിട്ടുള്ള ‘ഉത്തരരാമായണം ഗദ്യം’ എന്ന പുസ്തകത്തിൽ ശ്രീപാർവ്വതിയുടെ ശാപമൂലം അയോനിജയായി ജനിച്ച മധുരയെന്ന അപ്സരസ്സാണു് മണ്ഡോദരി എന്നുപറഞ്ഞുകാണുന്നു. മഹാഭാരതത്തിൽ കാണുന്ന ദ്വൈമാത്രേസഹോദരനായിട്ടാണു് കാണിച്ചിരിക്കുന്നതു്. ഇതിൽനിന്നെല്ലാം തെളിയുന്നതു സാധാരണ വിശ്വസിക്കപ്പെട്ടുപോരുന്നതുപോലെ, രാമായണകഥയ്ക്കു സർവ്വസമ്മതമായ ഒരു ഐക്യരൂപ്യം പ്രധാനകഥയെ സംബന്ധിച്ചിടത്തോളം ഉണ്ടെങ്കിലും മറ്റു ഭാഗങ്ങളിൽ വന്നുചേർന്നിട്ടില്ലെന്നാണല്ലോ.

നാടകസ്വരൂപ നിരൂപണം

നാടകസ്വരൂപത്തെപ്പറ്റി ചിലസംഗതികൾ കൂടെ ഇവിടെ പറഞ്ഞുകൊള്ളുന്നു. നാടകം ഗദ്യത്തിലാണു് വേണ്ടതെന്നും അതിൽ ശ്ലോകങ്ങൾക്കു സ്ഥാനമില്ലെന്നും. ഒരഭിപ്രായം ഈയിടെയായി ചിലർ പുറപ്പെടുവിച്ചുകാണുന്നു. അങ്ങനെയാണു് യൂറോപ്യൻ സാഹിത്യത്തിലെന്നും അവരിൽ ചിലർ വാദിക്കുന്നു. ഈ വാദം എത്രമാത്രം സാധുവാണെന്നു പരിശോധിച്ചുനോക്കാം.

ഭാരതീയരുടെ നാടകങ്ങൾ ഗദ്യപദ്യസമ്മിശ്രങ്ങളാണെന്നുള്ളതിനു തർക്കമില്ലല്ലോ. വർണ്ണനകളിലും മറ്റും പദ്യങ്ങൾ തന്നെവേണമെന്നാണു് സംസ്കൃതസാഹിത്യകാരന്മാരുടെ നിയമം. യൂറോപ്യൻ നാടകങ്ങളിലെ കഥയാണു് ആലോചിക്കാനുള്ളതു്. സഫോക്ലീസ്, യൂറിപ്പിഡിസ്, അരിസ്റ്റോഫനീസ് മുതലായ യവനന്മാരുടെ നാടകങ്ങൾ പദ്യത്തിലാണു്. ഇംഗ്ലീഷിലും ഷേൿസ്പീയരുടെ നാടകങ്ങളിൽ പലതും പദ്യത്തിലും മറ്റുള്ളവ ഗദ്യപദ്യസമ്മിശ്രവുമാണു് മാർലോ, വെബ്സ്റ്റർ, ബെൻ ജാൺസൺ മുതലായവരും പദ്യത്തെത്തന്നെ ആശ്രയിക്കുന്നു. സാമാന്യേന പറകയാണെങ്കിൽ സാമുദായികനാടകങ്ങൾ മാത്രമാണു് ഇംഗ്ലീഷിൽ ഗദ്യമായി എഴുതാറുള്ളതു്. കവികൾ എഴുതിയിട്ടുള്ള നാടകീയകാവ്യങ്ങൾ കൂടാതെ പദ്യമായി നാടകങ്ങൾ ഇപ്പോഴും ഉണ്ടായിവരുന്നുണ്ടു്. ബെർണാഡ്ഷാതന്നെ പദ്യത്തിൽ ഒരു നാടകം എഴുതിയിട്ടുണ്ടെന്നുള്ള സംഗതി പ്രസിദ്ധമാണല്ലോ.

അതുകൊണ്ടു് ഇക്കാര്യത്തിൽ ആംഗ്ലേയപാരമ്പര്യം ഒരു പദ്ധതിയെമാത്രം ആശ്രയിച്ചിട്ടുള്ളതല്ലെന്നു സ്പഷ്ടമാകുന്നു. പദ്യമായി മാത്രമുള്ള ട്രാജഡികൾ, ഗദ്യപദ്യസമ്മിശ്രമായ നാടകങ്ങൾ, ഗദ്യമാത്രമായുള്ള സാമുദായികനാടകങ്ങൾ, നാടകീയകാവ്യങ്ങൾ—ഇങ്ങനെ നാടകസാഹിത്യം ഇംഗ്ലീഷിൽ പലവിധത്തിലാണു് ഉള്ളതു്. പദ്യത്തിലുള്ള നാടകത്തിനു് ഈ കാലത്തും യാതൊരു കുറവും സംഭവിച്ചിട്ടില്ലെന്നുള്ളതിനു ഹാർഡിയുടെ ഡയനാസ്റ്റുസ്, ജയിംസ് സ്റ്റീഫൻ മുതലായവരുടെ കൃതികൾ സാക്ഷ്യം വഹിക്കുന്നു.

മറ്റു ഭാഷകളിലെ കാര്യം വിചാരിക്കയാണെങ്കിൽ ഇതിലും വിശേഷമാണു്. ഫ്രെഞ്ചുസാഹിത്യത്തിലെ ഉത്തമ നാടകങ്ങൾ അടുത്ത കാലംവരെ പദ്യത്തിൽത്തന്നെയായിരുന്നു എന്നുള്ളതു പ്രസിദ്ധമാണല്ലോ. കാർണ്ണീൽ, റാസീൻ, മാലിയേർ, വാൾട്ടയർ, ഹൂഗോ മുതലായവർ നാടകങ്ങൾ പദ്യമായിട്ടാണു് എഴുതിയിട്ടുള്ളതു്. കഴിഞ്ഞ എഴുപതെമ്പതു വർഷമായി ഗദ്യനാടകങ്ങൾ ഫ്രാൻസിലും പ്രചരിക്കുന്നുണ്ടെങ്കിലും, റോസ്റ്റാൻഡിന്റെ സിറാനോഡിബെർജറാക്കു മുതലായ പല ഉത്തമഗ്രന്ഥങ്ങളും പദ്യരൂപത്തിലാണെന്നും പറയേണ്ടതുണ്ടു്. നാടകീയകാവ്യങ്ങളും നവീനഫ്രെഞ്ചുസാഹിത്യത്തിൽ ഒട്ടും തന്നെ കുറവല്ല.

ജർമ്മനിയിൽ ഗോയിറ്റേ, ഷില്ലർലെസ്സിങ് മുതലായവർ നാടകത്തിൽ പദ്യത്തെത്തന്നെ അവലംബിച്ചിരിക്കുന്നു. സ്പാനിഷ് സാഹിത്യത്തിലാവട്ടെ കാൾഡറാൺ ലോപേഡിവേഗാ മുതലായവരും പദ്യത്തിലാണു് നാടകങ്ങൾ എഴുതിയിട്ടുള്ളതു്. ഗാബ്രിയേൽ ഡാനൂൽ ചിയോ മുതലായ നവീനന്മാരും നാടകത്തിനു പദ്യത്തെത്തന്നെ ആശ്രയിക്കുന്നു.

യൂറോപ്പിലെ നാടകസാഹിത്യസമ്രാട്ടുകൾ ഷേൿസ്പീയർ, കാർണ്ണീൽ, റാസീൽ, മാലിയേർ, ഗോയിറ്റേ, ഷില്ലർ, കാൾഡറാൺ, ഇബ്സൻ എന്നിവരാണു്. ഇവരിൽ ഇബ്സനൊഴിച്ചുള്ളവരെല്ലാം പദ്യത്തിലാണു് പ്രായേണ എഴുതിയിട്ടുള്ളതു്. ഇബ്സന്റെ കഥയും വാസ്തവത്തിൽ വ്യത്യസ്തമല്ല. അദ്ദേഹത്തിന്റെ മിക്ക നാടകങ്ങളും ഗദ്യത്തിലാണെങ്കിലും പീറ്റർജിന്റ്, ബ്രാൻഡ് എന്നീ പ്രധാനനാടകങ്ങൾ രണ്ടും പദ്യത്തിലാണെന്നുള്ള സംഗതി വിസ്മരിച്ചുകൂടാ. ഇതുകൊണ്ടെല്ലാം തെളിയുന്നതു പാശ്ചാത്യരുടെ ഇടയിൽ പദ്യനാടകങ്ങൾക്കുള്ള പ്രാധാന്യമാണല്ലോ. നാടകത്തെ ഒരു സാഹിത്യവിഭാഗം എന്ന നിലയിൽ ഗണിക്കുമ്പോൾ എല്ലാ ഭാഷയിലും പദ്യത്തിനു പ്രാധാന്യം കല്പിക്കുന്നുണ്ടു്.

പദ്യങ്ങൾ ചേർത്തെഴുതിയാൽ അഭിനയത്തിനു ദൂഷ്യം വരുമെന്നാണു് ചിലർ പറയുന്നതു്. ഇതും എത്രമാത്രം സാധുവാണെന്നു പരിശോധിക്കേണ്ടിയിരിക്കുന്നു. ഷേൿസ്പീയരുടെ പദ്യത്തിലുള്ള നാടകങ്ങൾ ലണ്ടനിൽ ആണ്ടുതോറും മൂന്നുനാലുമാസം അഭിനയിക്കാറുള്ളതു പലപ്പോഴും കാണുവാൻ എനിക്കിടയായിട്ടുണ്ടു്. അവ പദ്യമായതുകൊണ്ടു് അഭിനയത്തിനു ദൂഷ്യമോ ജനങ്ങൾക്കു് അഭിരുചിക്കുറവോ ഉണ്ടായതായി അറിയുന്നില്ല. ഷേക്സ്പിയരുടെ കൃതികളായതുകൊണ്ടാണെന്നു് ഇതിനു മറുപടി പറയുന്നുവെങ്കിൽ ലേഡി പ്രെഷ്യസുസ്റ്റ്റീം എന്നൊരു ചൈനീസുനാടകം പദ്യരൂപത്തിൽ ലണ്ടണിൽ ഈയിടെ ആറുമാസത്തോളം അഭിനയിച്ചിരുന്നൂ എന്നുള്ള സംഗതിവേറെ ഒരു തെളിവായി ചൂണ്ടിക്കാണിക്കാം. കൂടാതെ ഫ്രാൻസിലെ പ്രധാനപ്പെട്ട രാഷ്ട്രീയനാടകശാലകളിൽ മിക്കവാറുംം പദ്യനാടകങ്ങളാണു് അഭിനയിക്കാറുള്ളതെന്ന സംഗതിയും ഇവിടെ പ്രസ്താവ്യമാണു്.

ഈ സ്ഥിതിക്കു പദ്യമായോ പദ്യങ്ങൾ ഇടകലർന്നതായോ ഉള്ള നാടകങ്ങൾ അഭിനയത്തിനു ചേരുന്നതല്ലെന്നുള്ള വാദത്തിനു സാധുതയില്ലെന്നു വന്നുചേരുന്നു.

നാടകങ്ങളിൽ ഏതവസരങ്ങളിലും ഏതു ഭാഗങ്ങളിലുമാണു് പദ്യങ്ങൾ ഉപയോഗിക്കേണ്ടതു് എന്നുള്ള സംഗതിയും ആലോചിക്കേണ്ടതാണു് സംസ്കൃതത്തിൽ ഇതേപ്പറ്റി സർവ്വസമ്മതമായ ഒരു നിയമമില്ലെങ്കിലും, വർണ്ണനകൾക്കും സംഭാഷണത്തിന്റെ ആവശ്യത്തിൽ കവിഞ്ഞ ആശയങ്ങൾക്കുമാണു് സാമാന്യേന പദ്യങ്ങൾ ഉപയോഗിക്കാറുള്ളതു്. ഇംഗ്ലീഷു മുതലായ യൂറോപ്യൻസാഹിത്യങ്ങളിൽ, നാടകത്തിൽ പദ്യമുപയോഗിക്കുന്ന കവികൾ, സംഭാഷണവും വർണ്ണനയും എല്ലാംതന്നെ പദ്യമായിട്ടാണു്. പരേതനായ പണ്ഡിതകവി ശ്രീമാൻ വി. കൃഷ്ണൻതമ്പി ‘ധ്രുവചരിത’ത്തിലും ‘ഉർവശി’യിലും ഈ രീതി ഉപയോഗിച്ചിട്ടുണ്ടെന്നുള്ള സംഗതിയും മറക്കാവുന്നതല്ല. നാടകങ്ങളിൽ വർണ്ണനകൾ ആവശ്യമെങ്കിൽ, പദ്യഭാഗങ്ങൾ എങ്ങനെ തള്ളിക്കളയാൻ സാധിക്കുമെന്നു മനസ്സിലാകുന്നില്ല. സംഭാഷണം മാത്രം മതി, വർണ്ണനകൾ ആവശ്യമില്ല. എന്നൊരഭിപ്രായം അഭിനയത്തെമാത്രം ഉദ്ദേശിച്ചു നാടകങ്ങൾ എഴുതുന്ന ആധുനികസാഹിത്യകാരന്മാരിൽ പ്രബലമായിട്ടുണ്ടു്. നാടകത്തെ ഒരു സാഹിത്യവിഭാഗം എന്ന നിലയിൽ ഗണിക്കുമ്പോൾ വർണ്ണനകൾക്കു പ്രാധാന്യം വന്നു ചേരുന്നു; അപ്പോൾ കവിതയും അനുപേക്ഷണീയമായിത്തീരുന്നു.

വില്യം ആർച്ചർ എന്ന സുപ്രസിദ്ധനാടകവിമർശകൻ ശാകുന്തളത്തിൽ വർണ്ണനകൾ അധികമായിപ്പോയതുകൊണ്ടു നാടകമെന്ന നിലയിൽ അതിനു ഗുണം കുറയുമെന്നു് ഒരഭിപ്രായം പുറപ്പെടുവിക്കയുണ്ടായി. “കുല്യാംഭസ്സുകൾ കാറ്റിലാഞ്ഞു തരുമൂലത്തേ നനയ്ക്കുന്നിതാ” എന്നു തുടങ്ങുന്ന ആശ്രമവർണ്ണന സിനിമയിലാണെങ്കിൽ ആവശ്യമില്ല; ആശ്രമഭംഗി ദൃഷ്ടിഗോചരമാക്കാൻ സിനിമയ്ക്കു സാധിക്കും. രംഗവിധാനകൗശലംകൊണ്ടു നാടകത്തിലും കുറെ ഒക്കെ സാധിക്കുമെങ്കിലും, മൃഗവേഗം മുതലായവ സീനറിയിൽ കാണിച്ചതുകൊണ്ടു മതിയാകുകയില്ലല്ലോ. അവ വർണ്ണിച്ചുതന്നെ മനസ്സിലാക്കേണ്ടിയിരിക്കുന്നു.

അഭിനയവും സാഹിത്യവുമായി യാതൊരു ബന്ധവുമില്ലെന്നുള്ള സംഗതിയും പ്രത്യേകം ഓർക്കേണ്ടതാണു്. അഭിനയിച്ചു ജനസമ്മതം ലഭിച്ചുള്ള പല നാടകങ്ങളും സാഹിത്യമെന്നു തൽക്കർത്താക്കൾപോലും അഭിമാനിക്കുന്നില്ലെന്നതുതന്നെ ഇതിനൊരു സാക്ഷ്യമാണു്. എഡ്ഗാർ വാലസ്സിന്റെ പല കൊലപാതകൃതികളും നാടകത്തിനുതകുന്ന വിധത്തിൽ രൂപാന്തരപ്പെടുത്തി അഭിനയിച്ചു വിജയം നേടിയിട്ടുള്ളവയാണു് അവയ്ക്കു സാഹിത്യഗുണമുണ്ടെന്നാരു പറയും? ഇന്നത്തെ നടന്മാരിൽ ഒന്നാമനെന്നു സർവ്വസമ്മതനായ ചാർലി ചാപ്ലിൻ ഒരക്ഷരംപോലും രംഗത്തിൽനിന്നു പറയുന്നില്ല. അതുകൊണ്ടു് അഭിനയവും വാക്കുമായും അഭിനയത്തിനു യോജിച്ച നാടകങ്ങളും സാഹിത്യവുമായും യാതൊരു ബന്ധവുമില്ലെന്നു സ്പഷ്ടമാകുന്നു.

സംഭവങ്ങളെ ചിത്രീകരിക്കുന്നതിലല്ല നാടകത്തിന്റെ മർമ്മം; സംഭവങ്ങളിൽനിന്നുണ്ടാവുന്ന വികാരങ്ങളെ ചിത്രീകരിക്കുന്നതിലാണു്. വികാരങ്ങളെ സ്തോഭിപ്പിക്കുന്നതിനുള്ള ഉപകരണങ്ങൾമാത്രമാണു് സംഭവങ്ങൾ. ആ സ്ഥിതിക്കു വികാരസ്തോഭം കവിതയിൽക്കൂടിയാണു് കൂടുതൽ സാധിക്കുന്നതെങ്കിൽ അങ്ങനെയുള്ള ഭാഗങ്ങളിൽ കവിതതന്നെയാണു് കൂടുതൽ യോജിക്കുന്നതും. “പോകുമെൻമകൾ ശകുന്തള” എന്ന ഭാഗം തന്നെ നോക്കുക. ഈ ശ്ലോകംകൊണ്ടുകണ്വൻ, വധു ഭർത്തൃഗ്രഹത്തിലേയ്ക്കു പോകുന്ന സാധാരണകാര്യത്തെ സംക്ഷോഭജനകമായ ഒരു സംഭവമായി മാറ്റിയിരിക്കുന്നു. ഇവിടെ സംഭവത്തിനല്ല പ്രാധാന്യം; വികാരോത്തേജകമായ വാക്കിനാണു്. അതുപോലെതന്നെ നാഗാനന്ദത്തിൽ തന്റെ ദേഹം ഒട്ടുമുക്കാലും ഭക്ഷിച്ചിട്ടു വൈമുഖ്യം പ്രദർശിപ്പിച്ച ഗരുഡനോടു ശംഖുചൂഡൻ പറയുന്ന

“മുറിഞ്ഞു നാഡിയത്രയും

മുറയ്ക്കു ചോരചോർപ്പു”

എന്നു കരുണയുടെ പാരമ്യം കാണിക്കുന്ന ശ്ലോകവും സംഭവത്തിന്റെ സ്വഭാവത്തിൽ കവിഞ്ഞ ഒരു മേന്മയാണു് കൊടുക്കുന്നതെന്നതിനു തർക്കമില്ല. സംഭവത്തെ കവിഞ്ഞു വാക്കിനു് ഏതവസരത്തിലോ പ്രാധാന്യം വരുന്നതു് അവിടെ കവിത ജനിക്കുമെന്നു സ്പഷ്ടമാണല്ലോ. ഈ സംഗതിയെപ്പറ്റി ഗാർഡൺബാട്ടംലി പറഞ്ഞിരിക്കുന്നതു നോക്കുക.

“Most essentially of all poetry differs from other uses of the language on the stage in begin in itself action. Collequial conversation may illuminate action or complete it but the magic there is in poetry the transfiguration that is its essence, can carry on the play without other action. In poetic drama at its supreme movements words are themselves form of action; such times they need not even need to be re-inforced by movement and drama at its highest reaches is a sound in a stillness.”

ഈ പറഞ്ഞതിനു സംസ്കൃതനാടകങ്ങളിൽ നിന്നോ യൂറോപ്യൻ നാടക സാഹിത്യത്തിൽനിന്നൊ എത്ര ഉദാഹരണങ്ങൾ വേണമെങ്കിലും പറയാൻ സാധിക്കും. ഷേൿസ്പീയരുടെ ഹാംലറ്റിൽ To be or not to be എന്ന ഭാഗം വിചാരിക്കുക. അതുപോലെതന്നെ ശാകുന്തളത്തിൽ “സന്തോഷിച്ചു വസിച്ചിടുന്നളവിലും രമ്യങ്ങളാം ഗോചരൈഃ” എന്ന ഭാഗത്തിൽ നാട്യത്തിനോ അഭിനയത്തിനോ അടിസ്ഥാനമില്ലെങ്കിലും എത്ര ക്ഷോഭജനകമായ വികാരമാണു് ഉത്ഭവിക്കുന്നതെന്നു് ആലോചിക്കുക.

സംഭവങ്ങൾവഴിയായി സ്വഭാവത്തിന്റെ വളർച്ചയെ കാണിക്കുകയാണു് നാടകത്തിന്റെ കൃത്യമെന്നു ചില ഇംഗ്ലീഷുവിമർശകന്മാരുടെ അഭിപ്രായത്തെ അവലംബിച്ചു നമ്മുടെ ഇടയിലും ഒരഭിപ്രായം പ്രചരിച്ചു കാണുന്നുണ്ടു്. യൂറോപ്യൻ നാടകസാഹിത്യത്തിൽ ഈ സിദ്ധാന്തത്തിനു പരക്കെ പ്രാബല്യമുള്ളതായി വിചാരിച്ചുകൂടാ. സൊഫോക്ലീസു്, ഷെക്സ്പീയർ, ഗോയിറ്റേ എന്നവരെപ്പോലെതന്നെ ഒരു നാടകസാമ്രാജ്യ ചക്രവർത്തിയാണു് കാൾഡറാൺ. അദ്ദേഹം ഈ കാര്യത്തിൽ യാതൊരു ശ്രദ്ധയും കാണിക്കുന്നില്ല. മെയ്റ്റർലിന്റിന്റെ മിക്ക നാടകങ്ങളിലും, സംഭവങ്ങളാവട്ടെ സ്വഭാവവളർച്ചയാവട്ടെ കാണാനില്ല. സംസ്കൃതസാഹിത്യത്തിൽ ഈ അഭിപ്രായത്തെ വിലവെച്ചിട്ടില്ലെന്നു് ആലോചിച്ചുനോക്കിയാൽ കാണാം സ്വഭാവത്തിനു ക്രമേണ ദോഷം സംഭവിച്ചു വലുതായ ദുഷ്കർമ്മങ്ങൾ ചെയ്യുന്ന നായകന്മാരെപ്പറ്റിയുള്ള നാടകങ്ങളിലാണു് ഇങ്ങനെ ഒരു വളർച്ച സ്വഭാവത്തിനു് ആവശ്യമായിട്ടുള്ളതു്. അല്ലാത്തപക്ഷം നായകന്മാരുടെ ദുഷ്പ്രവൃത്തിക്കു് യാതൊരു കാരണവും സമർത്ഥിക്കുന്നതിനു സാദ്ധ്യമല്ലാതെ വരുമെന്നു് ഈ വാദത്തിനു സഹായമായി വേണമെങ്കിൽ പറയാം. ഹാംലറ്റിലെപ്പോലെ കൂട്ടക്കൊലയോ യൂറിപ്പിഡീസിലെപ്പോലെ അച്ഛനെ കൊന്നു് അമ്മയെ കെട്ടുന്ന നായകനോ ആയാൽ സ്വഭവളർച്ച ആവശ്യം, ട്രാജഡിക്കു് ആവശ്യമായ മനുഷ്യന്റെ നിസ്സഹായത, പരിതസ്ഥിതികളുടെ കാർക്കശ്യംകൊണ്ടു് മനുഷ്യനുണ്ടാകുന്ന നാശം മുതലായ അഭിപ്രായങ്ങളും ഹിന്ദുവിശ്വാസങ്ങളും തമ്മിലുള്ള വൈപരീത്യം മൂലമാണു് ട്രാജഡിക്കു് സംസ്കൃതസാഹിത്യത്തിൽ സ്ഥാനമില്ലാത്തതു്.

വികാരതീവ്രത നാടകത്തിനാവശ്യമാണെന്നു് ഒരഭിപ്രായം ‘ഭീഷ്മ’രുടെ ഒരു നിരൂപണത്തിൽ വായിക്കയുണ്ടായി അങ്ങനെയാണെങ്കിൽ ലോകോത്തരപ്രശസ്തിയുള്ള പല നാടകങ്ങളും ത്യാജ്യകോടിയിൽ തള്ളേണ്ടിവരും. മേയിറ്റർലിന്റിന്റെ പല കൃതികളിലും യാതൊരു വികാരതീവ്രതയും ഇല്ല. മാളവികാഗ്നിമിത്രം, രത്നാവലി മുതലായ സംസ്കൃതനാടകങ്ങളിലും അങ്ങനെതന്നെ ബെർനാർഡ്ഷായുടെ സെയിന്റ്ജൊവാൻ ഒഴിച്ചുളള ഏതു നാടകത്തിലാണു് വികാരതീവ്രതയുള്ളതു്?

ഇതുവരെ നിരൂപണംചെയ്തു അഭിപ്രായങ്ങൾ നമ്മുടെ ഇടയിൽ പ്രചരിക്കാൻ ഇടയായതു നാടകം ജീവിതത്തെ ചിത്രീകരിക്കണമെന്നുള്ള ‘റീയലിസ്’ വാദമാണു്. ജീവിതത്തെ ചിത്രീകരിക്കുവാൻ നാടകകർത്താവിനു സാധിക്കയിലെന്നുള്ളതു പ്രത്യക്ഷമാണു്. സംഭവങ്ങൾ തിരഞ്ഞെടുത്തു് അവയ്ക്കു പ്രാധാന്യം കല്പിച്ചു കാണിക്കയാണല്ലോ നാടകങ്ങൾ ചെയ്യുന്നതു്. തിരഞ്ഞെടുക്കുന്നതു തന്നെ യാഥാർത്ഥ്യത്തിനു വിപരീതമാണു്. ബാഹ്യജീവിതത്തിലെ ആചാരങ്ങളുമായി എത്രതന്നെ സാദൃശ്യം വരുത്തിയാലും അരങ്ങത്തു നടക്കുന്ന സംഗതി മറ്റൊരിടത്തു നടന്നതായാണു്. സങ്കല്പിക്കപ്പെട്ടിരിക്കുന്നതെന്നുള്ളതു് അനിഷേദ്ധ്യമാണല്ലോ. ലണ്ടനിലെ ഒരു നാടകവേദിയിൽ അഭിനയിച്ചു കാട്ടുന്ന ഒരു സംഭവം വാസ്തവത്തിൽ ഈജിപ്തിലോ മറ്റു വല്ലിടത്തുമോ ആണെന്നു സങ്കല്പിച്ചുകൊള്ളണമെന്നു ബെർണാർഡ്ഷാ നമ്മോടാവശ്യപ്പെടുന്നു. ആകാശമദ്ധ്യത്തിൽ ഇന്ദ്രരഥത്തിൽ ദുഷ്ഷന്തനും മാതലിയുംകൂടി ഇരിക്കയാണെന്നു സങ്കല്പിച്ചുകൊള്ളണമെന്നു് കാളിദാസൻ ആവശ്യപ്പെടുന്നു. രണ്ടും ഒരുപോലെ സങ്കല്പംകൊണ്ടുമാത്രം സാക്ഷാൽകരിക്കാവുന്നതാണു്. അതുകൊണ്ടു നാടകാഭിനയം ബാഹ്യപ്രകൃതിയുടെ യാഥാർത്ഥ്യത്തെ അടിസ്ഥാനപ്പെടുത്തിയല്ലെന്നും ബാഹ്യാചാരചിത്രീകരമല്ല അതിന്റെ ഉദ്ദേശമെന്നും തെളിയുന്നുണ്ടല്ലോ.

ബാഹ്യജീവിതം ചിത്രീകരിച്ചു നാടകത്തിലെ രസം ഉജ്ജീവിപ്പിക്കാമെന്നുള്ള അഭിപ്രായത്തിനു പരിമിതമായ ഒരർത്ഥമേ ആലോചനയിൽ കാണുന്നുള്ളു. ആന്തരമായ വികാരങ്ങളെ പ്രതിബിംബിപ്പിക്കുകയാണു് നാടകത്തിന്റെ കൃത്യം അതിനു ഉപോൽബലകമായി മാത്രമേ ബാഹ്യജീവിതം നാടകത്തിൽ വരുന്നുള്ളു. സഫോക്ലീസു് മുതൽ ഷാവരെയുള്ള യൂറോപ്യൻ നാടകസമ്രാട്ടുകളുടെ കൃതികൾ ഇതിനു തെളിവാണു്. സംസ്കൃതസാഹിത്യത്തിൽ കാളിദാസനാവട്ടെ ഭവഭൂതിയാവട്ടെ ഭാസനാവട്ടെ. ബാഹ്യജീവിതചിത്രീകരണത്തിനു പ്രാധാന്യം നല്കിയിട്ടില്ല.

സമുദായബന്ധങ്ങളേയും ആചാരങ്ങളേയുംപറ്റി എഴുതുന്ന നാടകങ്ങളെസ്സംബന്ധിച്ചിടത്തോളം ഈ അഭിപ്രായത്തിനു് അർത്ഥവും പ്രാബല്യവും കൂടുതലുണ്ടെന്നുള്ളതു ശരിതന്നെ. എന്നാൽ അപ്രകാരമുള്ള നാടകങ്ങളിലും യാഥാർത്ഥ്യചിത്രീകരണം കൊണ്ടല്ല, അതിശയോക്തികൊണ്ടാണു്, അഭിപ്രായസമർത്ഥനമെന്നു മാളിയേർ, ഷാ മുതലായവരുടെ കൃതികൾ തെളിയിക്കുന്നുമുണ്ടു്.

നാടകത്തിലെ ഭാഷ

ബാഹ്യാചാരങ്ങളുടെ യാഥാർത്ഥ്യം നാടകത്തിൽ പ്രധാനമല്ലെങ്കിൽ നാടകത്തിലെ ഭാഷ നാടോടിരീതിയിലേ ആകാവൂ എന്ന വാദത്തിനു സാധുതയില്ലെന്നു വരുന്നു. സാധാരണ സംസാരത്തിൽ ഉപയോഗിക്കുന്ന ഭാഷയേ നാടകത്തിൽ പാടുള്ളു എന്നും ആര്യപുത്രൻ, ആര്യൻ, ഭവതി മുതലായ വാക്കുകൾ നവീനനാടകങ്ങൾക്കു യോജിച്ചവയല്ലെന്നും ചിലർപറയുന്നു. സാമുദായികനാടകങ്ങളിൽ ഈ വാദത്തിനും സാധുത ഉണ്ടായിരിക്കാം. എന്നാൽ അവയിൽത്തന്നെയും നാടോടിഭാഷ എത്രമാത്രം സ്വീകാര്യമാണെന്നു ഖണ്ഡിച്ചു പറയാവുന്നതല്ല. മിസ്റ്റർ വി. കെ. രാമൻ മേനോൻ ഈയിടെ എഴുതി പ്രസിദ്ധപ്പെടുത്തിയിട്ടുള്ള ‘അന്ധവിശ്വാസമോ’ എന്ന ഗദ്യനാടകത്തിൽ തൃശ്ശിവപേരൂർപട്ടണത്തിൽ മാത്രം നടപ്പുള്ള വായ്മൊഴികൊണ്ടുതന്നെ സംഭാഷണങ്ങൾ നിർവ്വഹിച്ചുകാണുന്നു. അതു് ആ നാട്ടിലെ ഭാഷയുടെ യഥാർത്ഥമായ പകർപ്പാണെന്നുള്ളതിനു സംശയമില്ല. റീയലിസസംഭാഷണത്തിന്റെ പരമാവധിതന്നെയാണു് അതിൽ കാണുന്നതു്. അത്തരം ഭാഷയിൽ വേണം എല്ലാ നാടകങ്ങളുമെന്നു പറവാൻ ആരെങ്കിലും ധൈര്യപ്പെടുമോ എന്നു ഞാൻ സംശയിക്കുന്നു. നാടക പാത്രങ്ങൾ ഉപയോഗിക്കുന്ന ഭാഷ റീയലിസത്തിനുവേണ്ടി വെറും നാടോടിയാണെങ്കിൽ സാഹിത്യത്തിനു യോജിക്കുന്നതല്ലെന്നുള്ളതു തീർച്ചതന്നെ സാഹിത്യോചിതമായ ഭാഷമാത്രമേ നാടകത്തിൽ പ്രധാനപാത്രങ്ങൾക്കു യോജിക്കയുള്ളു. രസസ്തോഭത്തിനായി, ഗ്രാമ്യമായോ, നാടോടിയായോ സാമുദായികപ്രത്യേകത കാട്ടുന്നതായോ ഉള്ള ഭാഷകൾ ഉപയോഗിക്കാമെന്നേ ഉള്ളൂ ഈ സംഗതി യൂറോപ്യൻ സാഹിത്യങ്ങളിൽ സർവ്വസമ്മതമാണുതാനും.

ഇനി ഒന്നു് പറവാനുള്ളതു് ഐക്യത്രയസിദ്ധാന്തത്തെപ്പറ്റിയാണു്. സംസ്കൃതനാടകശാസ്ത്രം സമ്മതിച്ചിട്ടുള്ള ഒരു തത്വമല്ല ഇതു്. കഷ്ടിച്ചു ഭാണത്തിൽ ഈ തത്വം അംഗികരിക്കപ്പെട്ടിട്ടുണ്ടെന്നു പറയാം. ഐക്യത്രയസിദ്ധാന്തമെന്നാലെന്താണു്? ഒരു ദിവസത്തിൽ ഒരു സ്ഥലത്തുവെച്ചു് ഒരു സംഭവത്തെ അടിസ്ഥാനമാക്കി വേണം നാടകമെന്നു് അരിസ്റ്റോട്ടൽ പറഞ്ഞിട്ടുള്ളതിനെയാണു് ഐക്യത്രയസിദ്ധാന്തമെന്നു വ്യവഹരിക്കുന്നതു്. ഈ മൂന്നു് ഐക്യങ്ങളെയും സംസ്കൃതനാടകങ്ങൾ ലംഘിക്കുന്നുണ്ടെന്നു പറയേണ്ടതില്ലല്ലോ. ശാകുന്തളത്തിൽ കാലം കുറഞ്ഞപക്ഷം എട്ടു വർഷവും, സ്ഥലം ആകാശവും ഭൂമിയും കാടും നഗരവും എല്ലാം ഉൾപ്പെട്ടതും, കഥ നീണ്ടതും ആണു്. ഇനി യൂറോപ്യൻനാടകങ്ങളുടെ കഥ വിചാരിക്കാം ഫ്രെഞ്ചുനാടകകർത്താക്കന്മാർ ഐക്യത്രയത്തിൽ നിഷ്കർഷിച്ചിട്ടുണ്ടെന്നു സമ്മതിക്കാം. പക്ഷേ, ഷേൿസ്പീയറാകട്ടെ, ഗോയിറ്റോ ആകട്ടെ, കാൾഡറാൻ ആകട്ടെ, മറ്റു പ്രമാണികളാകട്ടെ ഈ സിദ്ധാന്തത്തെ വകവെച്ചിട്ടുള്ളതായി കാണുന്നില്ല. നവീനന്മാരുടെ കഥ പറയുകയാണെങ്കിൽ Back to Methuselab എന്ന ഷായുടെ നാടകം സൃഷ്ടിയോടൊന്നിച്ചു തുടങ്ങി നമ്മുടെ കാലത്തെ അനേകം ശതാബ്ദംകൊണ്ടതിക്രമിച്ചിട്ടു് അവസാനിക്കുന്നു. ഇങ്ങനെ ഒരുത്തരും സ്വീകരിക്കാത്ത ഒരു ‘തത്വത്തെ’ നാം ഏറ്റെടുക്കണമെന്നു പറയുന്നതിന്റെ അർത്ഥം മനസിലാകുന്നില്ല.

അതുപോലെതന്നെ ആത്മഗതം മുതലായി നാടകകർത്താക്കന്മാർ ഉപയോഗിക്കുന്ന കലാകൗശലങ്ങൾ നാടകത്തിൽ കൃത്രിമത്വം വരുത്തുന്നു എന്നൊരാക്ഷേപമുണ്ടു്. സംസ്കൃതനാടകങ്ങളിൽ ഈ വിദ്യകൾ സാധാരണമാണെന്നുള്ള സംഗതി പോവട്ടെ; ഷേൿസ്പീയരുടെ നാടകങ്ങളിൽ എത്ര എത്ര അവസരങ്ങളിലാണു് ആത്മഗതം നാടകത്തിന്റെ ഒരു പ്രധാനഭാഗമായി ഗണിച്ചിരിക്കുന്നതു്. ഹാംലെറ്റിൽ To be or not to be എന്ന പ്രസിദ്ധമായ ഭാഗംതന്നെ ഒരാത്മഗതമാണു് സ്വഭാവപ്രദർശനത്തിനും ധർമ്മസങ്കടനിരൂപണത്തിനും ധർമ്മ സങ്കടനിരൂപണത്തിനും അത്യുത്തമമായ ഒരു മാർഗ്ഗമായിട്ടാണു് പ്രാമാണികന്മാരായ പാശ്ചാത്യനാടകകർത്താക്കന്മാർ ആത്മഗതത്തെ ഉപയോഗിച്ചിട്ടുള്ളതു്. അനവസരത്തിലും അനാവശ്യമായും ഉപയോഗിച്ചാൽ ഈ ഉപായവും അബദ്ധമായിത്തന്നെ തീരും. പക്ഷേ, ആ ആക്ഷേപം കാവ്യകലയ്ക്കുപകരിക്കുന്ന എല്ലാ ഉപായങ്ങളെയും ബാധിക്കുന്ന ഒന്നാണു്.

ഇത്രയും പറഞ്ഞതുകൊണ്ടു മറ്റു സാഹിത്യശാഖകളിലെന്നപോലെ നാടകത്തിലും പല പദ്ധതികൾ ഉണ്ടെന്നും, യൂറോപ്യൻനാടകസാഹിത്യത്തെ അനുകരിക്കാൻ ഒരുങ്ങുന്ന നമ്മുടെ സാഹിത്യകാരന്മാർ യൂറോപ്യൻ സാഹിത്യം വളരെ വിപുലമായ ഒന്നാണെന്നും, അതിൽ പരസ്പരവൈപരീത്യമുള്ള പല തത്വങ്ങളും പല പദ്ധതികളിലും സ്വീകരിക്കപ്പെട്ടിട്ടുണ്ടെന്നും മനസ്സിലാക്കിയാൽ ഇപ്പോൾ അവർ പ്രദർശിപ്പിച്ചുവരുന്നിടത്തോളം അസഹിഷ്ണുതയ്ക്കു് ഇടയുണ്ടാകയില്ലെന്നാണു് എന്റെ വിശ്വാസം.

മലയാളഭാഷയിലെ നാടകങ്ങൾ

ഇനി മലയാളഭാഷയിലെ നാടകങ്ങളെപ്പറ്റി സ്വല്പം പ്രസ്താവിച്ചുകൊള്ളട്ടെ. അഭിജ്ഞാനശാകുന്തളത്തിന്റെ തർജ്ജമയോടുകൂടിയാണല്ലോ മലയാളത്തിൽ നാടകംതന്നെ ഉണ്ടായിത്തുടങ്ങിയതു്. അതിനെത്തുടർന്നു സംസ്കൃതത്തിൽ നിന്നു പല നാടകങ്ങളും മലയാളവേഷത്തിൽ ഇറങ്ങിയിട്ടുണ്ടു്; ഇറങ്ങിവരുന്നുമുണ്ടു്. അവയിൽ പറയാവുന്നതു മന്നാടിയാരുടെ ‘ഉത്തരരാമചരിതം’, രാജരാജവർമ്മയുടെ ‘മാളവികാഗ്നിമിത്രം’, കുഞ്ഞിക്കുട്ടൻതമ്പുരാന്റെ ‘വിക്രമോർവശീയം’, വള്ളത്തോളിന്റെ ‘പഞ്ചരാത്രം’ ‘വാസവദത്ത, ‘ഊരുഭംഗം’, കൃഷ്ണൻതമ്പിയുടെ ‘ചാണക്യൻ’, ഗോവിന്ദപ്പിഷാരൊടിയുടെ ‘നാഗാനന്ദം’ മുതലായവയാണു്. സംസ്കൃതമാതൃകകളെ അനുകരിച്ചുണ്ടായ സ്വതന്ത്രനാടകങ്ങളിൽ ശ്രീമതി ഇക്കാവമ്മയുടെ മനോഹരമായ ‘സുഭദ്രാർജ്ജുന’വും നടുവത്തച്ഛന്റെ ‘ഭഗവദ്ദൂതും’, കൊച്ചുണ്ണിത്തമ്പുരന്റെ ‘കല്യാണീനാടക’വും മലയാളസാഹിത്യത്തിലെ ഉത്തമകൃതികളുടെ കൂട്ടത്തിൽ സ്ഥാനം പിടിച്ചിട്ടുണ്ടെന്നു് എല്ലാവരും സമ്മതിക്കും. എന്നാൽ കുമ്പളങ്ങാപിള്ള ചമച്ച വഴുതനങ്ങാനാടകത്തെ അവിയൽ വെച്ചുംകൊണ്ടുപുറപ്പെട്ട ‘ചക്കീചങ്കര’ത്തോടുകൂടി ഇത്തരം നാടകങ്ങൾക്കു മലയാളഭാഷയിൽ താൽക്കാലികമായെങ്കിലും പ്രചാരമില്ലാതായിത്തീർന്നു.

പിന്നീടു സാഹിത്യത്തിൽ നാടകങ്ങൾ പ്രത്യക്ഷപ്പെട്ടതു വലുതായ ഒരു രൂപഭേദത്തോടെയാണു്. സി. വി. രാമൻപിള്ളയുടെ ‘കുറുപ്പില്ലാക്കളരി’യോടുകൂടി സാമുദായികനാടകങ്ങൾ പുറത്തു വന്നുതുടങ്ങി ഇംഗ്ലീഷുഗദ്യനാടകങ്ങളാണു് അവയ്ക്കു മാതൃകയായിത്തീർന്നതു്. ചരിത്രസംബന്ധമായും മഹനീയാദർശപ്രദർശത്തിനായും ഈ രീതി ഉപയോഗിക്കപ്പെട്ടിട്ടുണ്ടു്. ‘കാൽവരിയിലെ കല്പപാദപം’, ‘സീതാലക്ഷ്മി’, ‘ഇരവിക്കൂട്ടിപ്പിള്ള’, ‘മുന്നാട്ടുവീരൻ’ മുതലായകൃതികൾക്കു നാടകസാഹിത്യത്തിൽ സ്ഥാനമില്ലെന്നു് ആരു പറയും? സാമുദായികാചാരങ്ങളെ ചിത്രീകരിക്കുന്ന നാടകങ്ങളിൽ പലതും—മിക്കവാറും അവ അഭിനയത്തെ ഉദ്ദേശിച്ചു് എഴുതിയിട്ടുള്ളവയാണെങ്കിലും—നവീനരീതിയുടെ മാതൃകയായി പറയാവുന്നതാണു്. കൃഷ്ണൻതമ്പിയുടെ ‘മൃണാളിനി’, ചെല്ലപ്പൻനായരുടെ ‘പ്രണയജാംബവാൻ’, വി. കെ. രാമൻ മേനോന്റെ ‘അന്ധവിശ്വാസമോ’ ഇവയെല്ലാം ഓരോ തരത്തിൽ ശ്രദ്ധയെ അർഹിക്കുന്നവയാണു്.

പദ്യനാടകങ്ങളും ഈ കാലത്തുണ്ടായിട്ടില്ലെന്നില്ല. സംസ്കൃതരീതിയും പാശ്ചാത്യരീതിയും ഒന്നുപോലെ വശമായിരുന്ന ശ്രീമാൻ വി. കൃഷ്ണൻതമ്പി അവർകൾ ‘ധ്രുവചരിത’വും ‘ഉർവശി’യും പദ്യത്തിലാണു് രചിച്ചതു്. ശ്രീ. ചങ്ങമ്പുഴ കൃഷ്ണപിള്ളയുടെ ‘രമണൻ’ എന്ന അതിമനോഹരമായ നാടകീയകാവ്യവും പദ്യത്തിലാണു്. എന്നാൽ ഇവർ രണ്ടുപേരും സംസ്കൃതസാഹിത്യത്തെ ആംഗലസാഹിത്യത്തെയാണു് അനുകരിച്ചിരിക്കുന്നതു്. Pastoral Plays എന്നു പറയാറുള്ള ഒരുവക നാടകീയകാവ്യങ്ങളാണു് മിസ്റ്റർ ചങ്ങമ്പുഴയുടെ കൃതിക്കു മാതൃകയായുള്ളതു്. കൃഷ്ണൻതമ്പിയുടെ പദ്യനാടകങ്ങളും യൂറോപ്യന്മാതൃകകളെ അനുകരിച്ചുള്ളവതന്നെ വശ്യവചസ്സുകളായ കവികൾക്കു് ഏതു പദ്ധതിയിലും വിജയം സമ്പാദിക്കുവാൻ സാധിക്കുമെന്നുള്ളതിനു് അവരുടെ കൃതികൾ അപ്രതിഷേധ്യമായ തെളിവാകുന്നു.

മലയാളസാഹിത്യത്തിൽ എല്ലാ പദ്ധതിക്കും ഇടമുണ്ടായിരിക്കേണ്ടതാണു്. ഗദ്യനാടകങ്ങളും നാടകീയകാവ്യങ്ങളും പദ്യനാടകങ്ങളും എല്ലാംതന്നെ നമുക്കാവശ്യമുള്ളതാണു്. സംസ്കൃതസാഹിത്യത്തിലെ നാടകപദ്ധതി നമുക്കു് ഇപ്പോഴത്തെ സ്ഥിതിക്കു കൊള്ളുകയില്ലെന്നു ചിലർ പറഞ്ഞുവരുന്ന അഭിപ്രായത്തോടെ എനിക്കു വഴക്കുള്ളു. അവരുടെ ആക്ഷേപങ്ങളെപ്പറ്റി ഇവിടെ ആവശ്യമുള്ളിടുത്തോളം പറഞ്ഞുകഴിഞ്ഞു ഭാസൻ, കാളിദാസൻ, ഭവഭൂതി മുതലായവർ സഞ്ചരിച്ച ആ പദ്ധതിയുടെ മാഹാത്മ്യത്തെ വർണ്ണിക്കേണ്ടതായിട്ടും ഇല്ല.

ഗദ്യനാടകങ്ങൾ വേണ്ടതുതന്നെ; അവയെപ്പറ്റി ആർക്കും ആക്ഷേപമില്ല. അഭിനയത്തിനുമാത്രം പ്രാധാന്യം കല്പിക്കുന്ന നാടകങ്ങൾ ഗദ്യമായിരിക്കുന്നതു കൂടുതൽ സൗകര്യമായിക്കാംതാനും. പക്ഷേ, പദ്യങ്ങൾ ചേർന്ന നാടകങ്ങൾ അഭിനയത്തിനു യോജിച്ചവയല്ലെന്നും അവ നവീനസിദ്ധാന്തങ്ങൾക്കു വിപരീതമാണെന്നുള്ള അഭിപ്രായം സ്വീകാര്യമല്ലതന്നെ.

ഗ്രന്ഥകർത്താ.

തേജസ്വി,ബലവാൻ ശൂര-

നെന്നെന്നും സമരങ്ങളിൽ;

തോറ്റതായ് കേൾവിയില്ലല്ലോ

ശക്രാദിസുരർ തമ്മൊടും.

ബലശാലി മഹാത്മാവു,

രാവണൻ, ലോകരാവണൻ!

ചാവോളമല്ലോ വൈരങ്ങൾ;

നമ്മൾ സാധിച്ചു കാര്യവും

(ശ്രീരാമചന്ദ്രൻ രാവണനെപ്പറ്റി)

വാൽമീകിരാമായണം യുദ്ധകാണ്ഡം

രാവണസംസ്കാരം.

മണ്ഡോദരി
കെ. എം. പണിക്കർ
ഒന്നാമങ്കം
നാന്ദി

ദേഹാർദ്ധം ദയിതയ്ക്കു മാരരിപുവെ-

ന്നാലും കൊടുത്തീടുവോൻ,

അംഗാരേക്ഷണനെങ്കിലും ത്രിദിവവും

കൺകോണിനാൽ നല്കുവോൻ,

സംഹാരപ്രിയനാകിലും സകലഭൂ-

താത്മാ ശിവൻ ചിന്മയൻ

ഭൂതേശൻ വിപരീതശക്തിവിഭവൻ

പാലിക്കണം നിങ്ങളെ. 1

(നാന്ദ്യന്തത്തിൽ സുമാലിയും മാല്യവാനും പ്രവേശിക്കുന്നു.)

സുമാലി:
ആര്യാ, ദശകണ്ഠന്റെ തപോനിഷ്ഠയിൽ പിതാമഹൻ പ്രസാദിച്ചതിൽ ഞാൻ ആശ്ചര്യപ്പെടുന്നില്ല. ഇത്രയും ധർമ്മബുദ്ധിയും സ്ഥിരപ്രജ്ഞയുമുള്ള ഒരു യുവാവു മഹത്വമേറിയ രാക്ഷസകുലത്തിൽ മുമ്പു് ഉണ്ടായിട്ടുള്ളതായി എനിക്കു തോന്നുന്നില്ല. ദേവാസുരന്മാരിൽ സമബുദ്ധിയുള്ള ബ്രഹ്മാവു സന്തുഷ്ടനായി അവനു വരംകൊടുത്തതിൽ എന്താണു് അത്ഭുതം?
മാല്യവാൻ:
പിതൃകുലത്തിനും മാതൃകുലത്തിനും ഒരുപോലെ അഭിമാനത്തിനു യോഗ്യതയുള്ള കുമാരൻതന്നെ അവൻ. അവന്റെ മാതൃകുലം യക്ഷരക്ഷഃകുലങ്ങൾ യോജിച്ചിട്ടുള്ളതു്. പിതൃകുലം ബ്രഹ്മതുല്യനായ പുലസ്ത്യമഹർഷിയുടേതു്. ഒരുവഴിക്കും കുലീനതയ്ക്കും ആഭിജാത്യത്തിനും കുറവില്ലല്ലോ എന്തു വരങ്ങൾ കൊടുത്താണു് പിതാമഹൻ അനുഗ്രഹിച്ചതെന്നറിഞ്ഞുവോ?
സുമാലി:
ഈ വാർത്ത അറിയിക്കുവാനായി വന്ന മാരീചൻ എല്ലാം വിവരമായി പറഞ്ഞു. താൻ വരിച്ച അമരത്വം പിതാമഹൻ നിഷേധിച്ചുവെങ്കിലും മനുഷ്യരൊഴിച്ചു് ആരാലും കൊല്ലപ്പെടുകിയില്ലെന്നും ഓരോന്നായി ഖണ്ഡിച്ചു ഹോമിച്ച ഒമ്പതു തലകളും തിരികെ ഉണ്ടായെങ്കിലും അതുകൊണ്ടു യാതൊരു വൈരൂപ്യവുമില്ലാതെ സർവാംഗസുന്ദരനായിത്തീരട്ടെ എന്നുമുള്ള അനുഗ്രഹങ്ങൾ ദശകണ്ഠനു ലഭിച്ചിട്ടുണ്ടു്. അനുജന്മാർക്കും വളരെ വിശേഷപ്പെട്ട വരങ്ങൾ പിതാമഹൻ കൊടുത്തു.
മാല്യവാൻ:
ഭാഗ്യംകൊണ്ടു രാക്ഷസകുലത്തിനു പിന്നേയും അഭിവൃദ്ധിക്കുള്ള വഴിയായി. വല്ലിടത്തും ഒളിച്ചു കഴിയാതെ പൈതൃകമായി സിദ്ധിച്ചതും വിശ്വകർമ്മാവിനാൽ നിർമ്മിതവുമായ ഈ ലങ്കാനഗരത്തിൽത്തന്നെ സർവൈശ്വര്യങ്ങളോടുംകൂടി താമസിക്കാമെന്നും വന്നു.
സുമാലി:
ധൃതിപ്പെടാതെ, അന്യാധീനപ്പെട്ടുപോയ ഈ ലങ്കാനഗരി അത്രവേഗം നമുക്കു ലഭിക്കുന്നതാണോ?
മാല്യവാൻ:
എങ്ങനെ അന്യാധീനപ്പെട്ടു? നമ്മുടെ ഈ രാജ്യം നാം വിട്ടൊഴിഞ്ഞു് ഒരാൾക്കു കൊടുത്തതല്ലല്ലോ. ആരാനും വന്നു കയ്യേറിയതുകൊണ്ടു നമ്മുടെയല്ലെന്നായോ?
സുമാലി:
നീ പറയുന്നതു ശരിയാണു് പക്ഷേ, വൈശ്രവണനായ കുബേരന്റെ കയ്യിലിരിക്കുന്ന ഈ നഗരം എങ്ങനെ പിടിച്ചടക്കുവാനാണു്? കൈവശമയാൾക്കായിപ്പോയല്ലോ. അയാൾ പ്രബലനാണുതാനും പോരാത്തതിനു പരമശിവന്റെ സഹായവും സ്നേഹവുമുണ്ടു്.
മാല്യവാൻ:
അനുജനായ ദശകണ്ഠനു് അമ്മവഴിക്കു ചെല്ലേണ്ടതായ ഈ രാജ്യം അധർമ്മമായി അടക്കിഭരിക്കുവാൻ കുബേരൻ ആഗ്രഹിക്കുമോ? അഥവാ അങ്ങനെ ആഗ്രഹിച്ചാൽത്തന്നെ പിതാമഹന്റെ വരപ്രസാദംകൊണ്ടു അജയ്യനായ കേകസീപുത്രൻ അതു സമ്മതിച്ചുകൊടുക്കുമോ? ആര്യാ രാക്ഷസവംശത്തിനു നല്ല കാലമായി! നമ്മുടെ ആളുകൾക്കു് ഇനിയും മാനമായി തലപൊക്കി നടക്കാമെന്നു തോന്നുന്നു.
സുമാലി:
കേകസിയെക്കൊണ്ടു കുലോന്നതിയുണ്ടാകുമെന്നു് എനിക്കു നേരത്തേതന്നെ അറിയാവുന്നതാണു് നീ ഇപ്പോൾ അഭിപ്രായപ്പെട്ടതു ശരിതന്നെ.
മാല്യവാൻ:
ഉണ്ണികൾ എപ്പോൾ വരുമെന്നാണു് മാരീചൻ പറഞ്ഞതു്?
സുമാലി:
പറഞ്ഞ സമയം അടുത്തിരിക്കുന്നു. സന്ധ്യയ്ക്കു മുമ്പു വന്നു കണ്ടുകൊള്ളാമെന്നാണു് പറഞ്ഞയച്ചതു്. ഇതാ ഉണ്ണികൾ വരുന്നു.

(രാവണൻ, കുംഭകർണ്ണൻ, വിഭീഷണൻ ഇവർ പ്രവേശിക്കുന്നു മൂന്നുപേരും സവിനയം സുമാലിയേയും മാല്യവാനേയും വന്ദിക്കുന്നു.)

മാല്യവാൻ:
ഉണ്ണീ, ദശകണ്ഠ, ആയുഷ്മാനായും പ്രതാപിയായും ഭവിക്ക! ഉണ്ണികളേ, നിങ്ങൾക്കും ശുഭം വരട്ടെ!
രാവണൻ:
ഞങ്ങൾ അനുഗ്രഹിക്കപ്പെട്ടു.
സുമാലി:
ഉണ്ണികളേ, പിതാമഹന്റെ വരപ്രസാദം കൊണ്ടും രാക്ഷസകുലത്തിന്റെ പൂർവപുണ്യംകൊണ്ടും നിങ്ങൾക്കു നല്ലതുതന്നെ ഉണ്ടാകും. നിങ്ങൾ മൂവരെക്കൊണ്ടു രാക്ഷസകുലം അതിന്റെ പൂർവ്വശ്രേയസ്സിനെ വീണ്ടും പ്രാപിച്ചതായി ഞാൻ ഗണിക്കുന്നു. അതിനു സദാശിവൻ സഹായിക്കട്ടെ.
രാവണൻ:
കുലശ്രേയസ്സിനും ജാതിശ്രേയസ്സിനും വേണ്ടി, ഗുരുക്കന്മാരുടെ ആജ്ഞയനുസരിച്ചു് ആവും പ്രകാരം യത്നിക്കുന്നതിനു ഞങ്ങൾ സദാ സന്നദ്ധർതന്നെ. പിതാമഹന്റെ കൃപകൊണ്ടു് അതിലേയ്ക്കു വേണ്ട ശക്തിയും ലഭിച്ചിട്ടുണ്ടു്. ഇനിയുള്ളതു ഗുരുക്കന്മാരുടെ നിശ്ചയംപോലെ.
മാല്യവാൻ:
ഉചിതമാണു് ഉണ്ണിപറഞ്ഞതു്. പാരമ്പര്യമായി രാക്ഷസജാതിയുടെ ആധിപത്യം നമ്മുടെ വംശത്തിലത്രേ സ്ഥിതിചെയ്യുന്നതു്. ഈ ലങ്കാനഗരം നമ്മുടെ കുലപുരിയുമാണു്. അതൊക്കെ പറഞ്ഞിട്ടെന്താവശ്യം. ഇപ്പോഴത്തെ കഥയല്ലയോ വിചാരിക്കുവാനുള്ളതു്? സുരപക്ഷപാതിയായ വിഷ്ണുവിനാൽ രാക്ഷസജാതിതന്നെ ഭൂമിയിൽനിന്നും നിഷ്കാസിക്കപ്പെട്ടു. ശേഷിച്ചവർ അങ്ങുമിങ്ങും അലഞ്ഞുനടക്കുന്നു. ഞങ്ങൾ രണ്ടുപേരും നിന്റെ അമ്മയും ഇതുവരെയും മുഖം വെളിയിൽ കാണിക്കുന്നതിനുപോലും ഒരുമ്പെട്ടിട്ടില്ല. അതുകൊണ്ടു നമ്മുടെ ആദ്യത്തെ കർത്തവ്യം രാക്ഷസജനങ്ങളെ വീണ്ടും ഒത്തൊരുമിപ്പിച്ചു് ഈ ലങ്കാനഗരത്തിൽ കൊണ്ടുവന്നു പാർപ്പിക്കയാണു്.
കുംഭകർണ്ണൻ:
അതിനെന്താണു് സംശയം?
സുമാലി:
ദൈവാനുഗ്രഹവും പരാക്രമശക്തിയുമുള്ള ഒരു നായകൻ നമ്മുടെ വംശത്തിലുണ്ടായിരിക്കുന്നതായി ദൂതന്മാർമുഖാന്തരമെല്ലാവരെയും അറിയിക്കേണ്ടതാണു് ഒന്നാമത്തെ ആവശ്യം. അങ്ങനെ ഒരു വർത്തമാനം പരക്കെ അറിഞ്ഞുകഴിഞ്ഞാൽ ഇപ്പോൾ നിരാശാഭരിതരായി ഒളിച്ചടങ്ങിപ്പാർക്കുന്ന രാക്ഷസപ്രഭുക്കളും അനുചരന്മാരും സ്വയം വന്നുചേർന്നുകൊള്ളും.
രാവണൻ:
ആളുകളെ പറഞ്ഞയച്ചു നമ്മുടെ പരാക്രമം അറിയിക്കേണമെന്നു ഞാൻ വിചാരിക്കുന്നില്ല. (ത്രികൂടത്തിലേയ്ക്കു നോക്കിയിട്ടു്) പ്രവൃത്തികൊണ്ടാണു് നമ്മുടെശക്തിയും പ്രതാപവും ആളുകൾ അറിയേണ്ടതു്. അഥവാ, നമ്മുടെ കുലപുരിതന്നെ അന്യാധീനപ്പെട്ടിരിക്കുമ്പോൾ നമ്മുടെ പരാക്രമത്തെ ആരു വിലവെയ്കുവാനാണു്?

പ്രസാദോന്നതിയാൽ ശശാങ്കകലയെ-

ച്ചൂഡാമണിപ്രായമായ്-

ത്താങ്ങി സ്വർണ്ണഗൃഹാളിചേർന്നനുപമ-

ശ്രീയാർന്ന ലങ്കാപുരം

ഹാ, കാണുന്നിതുമിത്രികൂടശിഖര-

ത്തിങ്കൽ പരാധീനയായ്

രക്ഷോവംശമഹത്വമിന്നപഹസി-

ച്ചീടുന്നപോൽ മുന്നിൽ മേ. 2

അതാണു് ഒട്ടും സഹിക്കാത്തതു്. അങ്ങനെയിരിക്കുന്നിടത്തോളം ആർ നമ്മെ ആശ്രയിക്കും?

സുമാലി:
ശരിയാണു് ഉണ്ണിപറയുന്നതു്.
കുംഭകർണ്ണൻ:
ലങ്കയടയ്ക്കുകതന്നെയാണു് ആദ്യം നാം ചെയ്യേണ്ടതു് മറ്റുള്ളതെല്ലാം ശരിയായിക്കൊള്ളും.
രാവണൻ:
(കോപഭാവത്തോടെ)

ഹന്ത! തൻകുലപുരം വിരോധിമാർ

സ്വന്തമാക്കിടുകിലാർ സഹിച്ചിടും?

ലങ്കയന്യവശയെങ്കിലെന്തിനെൻ-

വങ്കരങ്ങളിവ ദേഹഭാരമായ്? 3

മാല്യവാൻ:
ഉത്തമപക്ഷമാണു് ഉണ്ണി പറയുന്നതു്. പക്ഷേ, സേനാശക്തിയും ബന്ധുശക്തിയുമില്ലാത്ത നാം യക്ഷരാജാവായ കുബേരന്റെ കയ്യിൽനിന്നു ലങ്കാപുരി എങ്ങനെ പിടിച്ചടക്കാനാണു്?
സുമാലി:
അതേ, ആലോചിച്ചു വേണം. ധനോന്മത്തനാണു് കുബേരൻ. മഹേശ്വരപ്രസാദവുമുണ്ടു്. യക്ഷസേനയാൽ സുരക്ഷിതമായ ലങ്കാനഗരം പിടിച്ചടക്കുവാൻ സാധിക്കുമോ?
വിഭീഷണൻ:
അദ്ദേഹം ദേവന്മാരിലൊരാളല്ലേ? നാം ചെന്നെതിർക്കാമോ? പോരെങ്കിൽ ഗുരുത്വദോഷവുമില്ലേ?

ദിക്പാലൻ ധനദൻ മഹേശ്വരസഖാ-

വാ രാജരാജൻ മഹാൻ

യക്ഷാധീശ്വരനെന്നുമല്ല ഗുരുവാ-

ണീ നമ്മൾ മൂവാൾക്കുമേ;

ഭാഗ്യാലുണ്ടമരത്വ;മത്യസുലഭം

ശ്രീപുഷ്പകംതാനു;-മി-

ന്നാർക്കാണെന്നുമജയ്യനാകുമവനോ-

ടേല്ക്കാവതും സംഗരേ? 4

കുംഭകർണ്ണൻ:
(പുച്ഛഭാവത്തിൽ) നീയും നിന്റെ ദേവന്മാരും!
രാവണൻ:
(ചിരിച്ചുകൊണ്ടു്) ഗുരുക്കന്മാർ അക്കാര്യത്തിൽ ഭയപ്പെടേണ്ടതായിട്ടില്ല. സമ്പന്നാശഭീരുവായ കുബേരനെ ആരു പേടിക്കും?
കുംഭകർണ്ണൻ:
മുനികളേയും ദേവന്മാരേയും വിചാരിച്ചു സമയം കഴിയുന്ന ചില മൂഢന്മാർ പേടിക്കും. ജ്യേഷ്ഠന്റെ ആജ്ഞയുണ്ടെങ്കിൽ ഈ കുംഭകർണ്ണൻ യക്ഷസൈന്യത്തെ ജയിച്ചു ലങ്കാപുരിയുടെ കനകതോരണം പിഴുതു കാല്ക്കൽ അടിയറവെയ്ക്കമല്ലോ.
രാവണൻ:
ഉണ്ണീ, നിന്നെക്കൊണ്ടു് അതുമല്ല അതിനപ്പുറവും സാധിക്കുമെന്നനിക്കറിയാം. ഇപ്പോൾ അടങ്ങുക. സമയമാകുമ്പോൾ ഞാൻ തന്നെ മറ്റാരുടേയും സഹായം കൂടാതെ സഹോദരസമ്പത്തിനെ അപഹരിച്ചു ഞെളിയുന്ന ആ ദുഷ്ടയക്ഷനെ നിഷ്കാസനം ചെയ്തു ലങ്ക അടക്കിക്കൊള്ളാം.
മാല്യവാൻ:
(സുമാലിയോടു്) ഉണ്ണികൾ അസാധാരണന്മാർ തന്നെ. അവരുടെ ദിവ്യതേജസ്സു് ആശ്ചര്യകരം! (രാവണനോടു്) ഉണ്ണീ, ഞങ്ങൾ തൃപ്തരായി. ഇന്നുതൊട്ടു നീ തന്നെ രാക്ഷസരാജാവു്.
രാവണൻ:
സമയം അതിക്രമിക്കുന്നു. ശിവപൂജയ്ക്കുള്ള അവസരമായി. കുറച്ചുനേരത്തേയ്ക്കു ക്ഷമിക്കണം.

വിഷ്കംഭം കഴിഞ്ഞു

(രാവണൻ ധ്യാനനിമഗ്നനായി ശിവലിംഗത്തിന്റെ മുമ്പിലിരിക്കുന്നു. മണ്ഡോദരിയും തോഴിയും കുറച്ചുമാറി പൂ പഠിക്കുന്നു.)

മണ്ഡോദരി:
തോഴി ചിത്രലേഖ, അച്ഛന്റെ ദേഹസ്ഥിതി കണ്ടിട്ടു് എനിയ്ക്കു് ഒട്ടും സുഖമില്ല. ഈ വിജനവാസം തുടങ്ങിയതിൽ പിന്നെ ഒന്നിനും ഒരൗത്സുക്യമില്ലാതെ കാണുന്നു. രണ്ടുനേരവുമുള്ള പൂജയിലല്ലാതെ മറ്റൊരു കാര്യത്തിൽ ശ്രദ്ധ കാണുന്നില്ല.
ചിത്രലേഖ:
പക്ഷേ, വൈരിജനങ്ങളെ ഭയന്നു വനവാസംചെയ്യേണ്ടിവന്നതുകൊണ്ടല്ല അദ്ദേഹത്തിനു് വിചാരമുള്ളതു്.
മണ്ഡോദരി:
പിന്നെയോ?
ചിത്രലേഖ:
(മന്ദഹാസത്തോടെ) തോഴിയ്ക്കറിയാമല്ലോ; ഞാൻ പറയണമെന്നുണ്ടോ?
മണ്ഡോദരി:
നിന്റെ അന്തർഗ്ഗതം ഞാനെങ്ങനെ അറിയുന്നു? നീ എന്തൊക്കെയോ അധികപ്രസംഗം വിചാരിക്കയാണെന്ന നിന്റെ കള്ളച്ചിരികൊണ്ടു ഞാൻ മനസ്സിലാക്കുന്നു.
ചിത്രലേഖ:
അധികപ്രസംഗമൊന്നുമല്ല. സുന്ദരിയും യൗവനവതിയുമായ മകളെ കൊണ്ടുവന്നു കാട്ടിൽ പാർപ്പിക്കുവാൻ ഏതച്ഛനാണു് സന്തോഷമുണ്ടാകുന്നതു്? ഇവിടെ അജ്ഞാതവാസമായി കഴിച്ചുകൂട്ടുകയാണെങ്കിൽ നിന്നെ അനുരൂപനായ ഒരു വരനു് എങ്ങനെ കൊടുക്കും? ഓർക്കുക:

കുലവിനയഗുണങ്ങൾ ചേർന്നിണങ്ങും

വരനും യഥോചിതമിന്നു നല്കിടാതെ

മകളുടെ നവയൗവനോദയത്തിൽ

പതറുമഹോ മനതാർ പിതാവിനെന്നും. 5

മണ്ഡോദരി:
പോ, അനാവശ്യം പറയാതെ അച്ഛനു് ഇങ്ങനെ തക്ഷകഭയം കൊണ്ടു വനവാസം ആവശ്യം വന്നതിലേ ഉള്ളൂ എനിക്കു സങ്കടം.
ചിത്രലേഖ:
അതേ, അതേ, അത്രയേ ഉള്ളൂ. തോഴി ഓർക്കുന്നില്ലേ, നാരദമഹർഷിതന്നെ നിന്റെ അച്ഛനോടു് അരുളിച്ചെയ്തതു്: “അവിടുത്തേയ്ക്കു ത്രൈലോക്യവിക്രമനും ദിവ്യനുമായ ഒരു ജാമാതാവു താമസിയാതെ ഉണ്ടാകും. അന്നു് ഈ തക്ഷകഭയം നീങ്ങി സർവശ്രേയസ്സു ലഭിക്കു”മെന്നു് ആ പറഞ്ഞ അവധിയും അടുത്തു വരുന്നല്ലോ.
മണ്ഡോദരി:
ഭഗവാൻ നാരദൻ അച്ഛനെ ആശ്വസിപ്പിക്കാൻ അങ്ങനെയെല്ലാം പറഞ്ഞതാണു്. നീ മിണ്ടാതിരിക്കൂ. എനിക്കു് അതൊന്നും കേൾക്കണ്ട.
ചിത്രലേഖ:
ഭഗവതോത്തമനായ ദേവർഷിയുടെ വാക്കിനു തെറ്റു വരുമോ?അദ്ദേഹം വെറുതേ പറഞ്ഞാലും അതു് അനുഗ്രഹമായിത്തന്നെ ഭവിക്കും.
മണ്ഡോദരി:
അതു പോകട്ടെ, നോക്കൂ, ഈ വനത്തിന്റെ മനോഹാരിത!
ചിത്രലേഖ:
ശരിതന്നെ! സായാഹ്നവേളയിൽ ഈ ത്രികൂടത്താഴ്‌വരകൾ അതികമനീയമായി ശോഭിക്കുന്നു. തോഴി കാണുന്നില്ലേ?

പാടീരമോദമാർന്നുള്ളൊരു മൃദുപവനൻ

പൂങ്കുലത്തൊത്തിളക്കീ-

ട്ടാടിപ്പൂ,നട്ടുവൻ പെൺമണികളെ-

യതുപോൽ,

നല്ലിളം വല്ലിയെല്ലാം.

പാടുന്നൂ പക്ഷിജാലം സുഖതരളഹൃദ

ന്തത്തൊടും; ഭൂരുഹങ്ങൾ

കൂടും മോദത്തിലാട്ടുന്നിതു തലഃ; വനികാ-

ഭാഗമിങ്ങെത്ര രമ്യം! 6

മണ്ഡോദരി:
ഇതു് ഒരു ഘോരാരണ്യമാണെങ്കിലും ഒരു പവനംപോലെ ശാന്തമായും മനോരഞ്ജകമായും ഇരിക്കുന്നു. വിജനമെങ്കിലും ഒട്ടംതന്നെ പേടി തോന്നുന്നതുമില്ല.

അന്യോന്യം പ്രിയമായുരുമ്മിയിടയു

പൊന്മാനിണക്കൂട്ടവും

നന്നായ് പഞ്ചമരാഗഭംഗികൾ പൊഴി-

ച്ചീടും പികശ്രേണിയും

ധന്യം പങ്കജഗന്ധി മാരുതനിള-

ക്കീടും ലതാസംഘവും

ചേർന്നീക്കാനനഭാഗമിപ്പൊഴുതഹോ,

രോമോദ്ഗമം ചേർപ്പു മേ. 7

ചിത്രലേഖ:
(ചിരിച്ചുംകൊണ്ടു്) വനഭാഗഭംഗിയല്ല, തോഴിയുടെ യൗവനോദയമാണു്, ഈ കാടിനു പുളകോദ്ഗമകാരിത്വം കൊടുക്കുന്നതു്.
മണ്ഡോദരി:
തോഴിക്കെല്ലാം നേരംപോക്കുതന്നെ.
ചിത്രലേഖ:
(ഗൗരവം ഭാവിച്ചു്) ഇനി നേരംപോക്കില്ല. ഭർത്തൃദാരികേ, പൂജയ്ക്കു ആവശ്യമുള്ള പൂ പറിച്ചുകഴിഞ്ഞു എങ്കിൽ നമുക്കു തിരികേ പോകാം എന്തിനു് ഈ വിജനപ്രദേശത്തു നാം തന്നെ സഞ്ചരിക്കുന്നു?
മണ്ഡോദരി:
ഒട്ടു നില്ക്കൂ; ഈ സന്ധ്യാവേളയുടെ ഭംഗി നമുക്കു കുറച്ചുകൂടി അനുഭവിച്ചിട്ടു മടങ്ങാം. അന്തിക്കിരണങ്ങൾ തട്ടിയ ഈ ത്രികുടശിഖരം എങ്ങനെ തിളങ്ങുന്നു!
ചിത്രലേഖ:
കനകദ്രവം പൊഴിക്കുന്ന സായാഹ്നഭാസ്കരൻ ഈ വനഭാഗത്തിനുമാത്രമല്ല സൗന്ദര്യം വർദ്ധിപ്പിക്കുന്നതു്. തോഴിയുടെ ദേഹത്തിൽത്തന്നെ എന്തു പരിഷ്കൃതിയാണു് വരുത്തിയിട്ടുള്ളതു് എന്നു നോക്കുക:

ദേഹത്തിൽ കനക്കുഴമ്പു സുഭഗേ,

ചാർത്തുന്നു ധാരാളമായു്;

അന്തദ്ദീപ്തി വഹിച്ചപോൽത്തവ മുഖാം-

ഭോജം വിളങ്ങുന്നുതേ;

ചേർക്കൂന്നൂ നവ കുങ്കുമപ്രഭകുചാ-

ഭോഗത്തിലിന്നീവിധം

സായാഹ്നാക്കമരീചി നിൻസുഷമയേ

വായ്പിപ്പിതന്യാദൃശം. 8

മണ്ഡോദരി:
നിനക്കു പൊക്കിപ്പറയാൻ നല്ല സാമർത്ഥ്യമാണു് ഈ സ്ഥലമെത്ര മനോഹരം! (എന്നു നെടുവീർപ്പിടുന്നു.)
ചിത്രലേഖ:
പറയുന്നതു കേട്ടാൽ തോഴിയ്ക്കു സ്ഥിരവാസത്തിനു വേറെ ഒരു സ്ഥലം വേണ്ടെന്നു തോന്നും. ആചാര്യൻ ദിവ്യശക്തികൊണ്ടു നിർമ്മിച്ച മയപുരിയെക്കാൾ തോഴിക്കു സ്നേഹം ഈ സ്ഥലത്തോടാണെന്നു തോന്നുമല്ലോ. എന്നാൽ പ്രകൃതിയുടെ ഭംഗിയെല്ലാം അനുഭവിച്ചുകൊണ്ടു് ഈ ലങ്കാദ്വീപിൽത്തന്നെ പാർത്തുകളയാൻ തോഴി തീർച്ചപ്പെടുത്തിയെങ്കിലോ എന്നാണു് എനിക്കു ഭയം.
മണ്ഡോദരി:
മനുഷ്യലോകത്തിൽ താമസത്തിനു് ഒരു സ്ഥലം ഞാൻ സ്വയമായി തിരഞ്ഞെടുക്കയാണെങ്കിൽ ഇവിടം തന്നെയായിരിക്കും അതു്.
ചിത്രലേഖ:
(ധ്യാനത്തിലിരിക്കുന്ന രാവണനെക്കണ്ടിട്ടു്) ഭർത്തൃദാരികേ, നോക്കൂ, നോക്കൂ.
മണ്ഡോദരി:
(ചിത്രലേഖയുടെ വാ പൊത്തിയിട്ടു്) തോഴി മിണ്ടാതിരിക്കു. അദ്ദേഹത്തിന്റെ ധ്യാനത്തിനു വിഘ്നം വന്നേയ്ക്കും. നമുക്കു വേഗം തിരികെ പോവാം. ആരുംതന്നെ കാണാതിരിക്കുവാൻ ശ്രദ്ധിക്കണമെന്നാണല്ലോ അച്ഛന്റെ ആജ്ഞ. (നടക്കാൻ ഭാവിക്കുന്നു.)
ചിത്രലേഖ:
ഇദ്ദേഹം ആകൃതികൊണ്ടു് അതിസുന്ദരനും ഭാവം കൊണ്ടു് അതിഗംഭീരനുമായി കാണപ്പെടുന്നു.

താനേ കണ്ണുകൾ രണ്ടുമുമ്പുനൊടട-

ച്ചുൾക്കാമ്പിന്നീശ്വര-

ധ്യാനത്താൽ സുനിയന്ത്രിതേന്ദ്രിയനിവൻ

ബ്രഹ്മോന്മുഖാന്തർഗ്ഗതൻ

പാടേ തൻപരിതസ്ഥിതിസ്മരണവി-

ട്ടിപ്പോൾ വസിച്ചീടിലും

ചൂടില്ലാത്തൊരു ചെങ്കനൽക്കുസമമായ്

ശോഭിപ്പൂ തേജോമയൻ. 9

ഭർത്തൃദാരികേ, നാരദന്റെ വാക്കു് അസത്യമാവുകയില്ല, തീർച്ചതന്നെ.

മണ്ഡോദരി:
(ആത്മഗതം) എന്താണെന്റെ മനസ്സു് തുടിക്കുന്നതു്? എന്താണു് ഇദ്ദേഹത്തിന്റെ അമാനുഷതേജസ്സു് എന്റെ മനസ്സിനൊരാഹ്ലാദമുണ്ടാക്കുന്നതു്? അഥവാ, സജ്ജനങ്ങളുടെ സാന്നിദ്ധ്യത്തിൽ മനസ്സിനു പ്രസാദമുണ്ടാകുന്നതിൽ ആശ്ചര്യപ്പെടാനില്ലല്ലോ (പ്രത്യക്ഷം) ഇദ്ദേഹം ദിവ്യനാണെന്നു തോന്നുന്നു.

ആരുവാനിവനനന്തതേജസാ

പാരിടത്തെയിഹ ദീപ്തമാക്കുവോൻ

ധ്യാനനിഷ്ഠനുരുഭക്തിവൈഭവാ-

ലീശ്വരപ്രതിമപോലെ ശാന്തിമാൻ?

(രാവണൻ ധ്യാനത്തിൽ നിന്നുണർന്നു മണ്ഡോദരിയെ കാണുന്നു)

രാവണൻ:
(ആശ്ചര്യത്തോടെ അന്തർഗ്ഗതം) ഈ ദിവ്യരൂപം ആരുടേതാവാം? എന്റെ ആരാധനാമൂർത്തിയായ ദേവിയുടേതുതന്നെയോ? അല്ലാതെ ശിവധ്യാനത്തിൽ നിമഗ്നനായിരുന്ന എന്റെ മുമ്പിൽ മറ്റൊരാൾ വരുന്നതാണോ? എന്നിൽ പ്രസാദിച്ച ഭഗവതി അസുരകന്യകയുടെ രൂപം ധരിച്ചതായിരിക്കുമോ? (വിനയപൂർവ്വം അഭിവാദനംചെയ്തിട്ടു്) ദേവി, ഈ ദാസൻ നമസ്കരിക്കുന്നു.
ചിത്രലേഖ:
ആര്യൻ വിജയിയായി ഭവിക്കട്ടെ. എന്റെ ഈ തോഴി അവിടത്തെ നമസ്കാരത്തെ അർഹിക്കുന്നില്ല.
രാവണൻ:
അങ്ങനെ പറയരുതു് യോഗദ്ധ്യാനനിഷ്ഠനായിരുന്ന എനിക്കു തെറ്റു വരുന്നതല്ല. ദേവനെദ്ധ്യാനിച്ചു വിരമിച്ച കണ്ണുകൾ ദേവിയെത്തന്നെയാണു് കണ്ടതു്.
ചിത്രലേഖ:
എന്റെ ഈ തോഴി അസുരശില്പിയായ മയാചാര്യന്റെ പുത്രിയാണു്. അല്ലാതെ ദേവതയും മറ്റുമല്ല.
രാവണൻ:
(ആലോചിച്ചിട്ടു്) ആവട്ടെ, അതുകൊണ്ടെന്താണു്? ദേവിക്കു് ഏതു രൂപമാണെടുത്തുകൂടാത്തതു്? അതിനാൽ—ആചാര്യനായ മയന്റെ പുത്രിയെന്നോ പറഞ്ഞതു്?
ചിത്രലേഖ:
അതേ, അദ്ദേഹത്തിനു ഹേമ എന്ന അപ്സരസ്സിൽ ജനിച്ച മകളാണു്.
രാവണൻ:
(സകൗതുകം നോക്കിയിട്ടു് ആത്മഗതം)

വ്രീളാനമ്രമുഖാംബുജം, സ്മിതലവം

ചേരും പ്രവാളാധരം.

ലീലാഭംഗികൾ വിട്ടു മുഗ്ദ്ധത ലസി-

ച്ചീടുന്ന നേത്രോല്പലം

ചേലായ് യൗവനമാത്രഭൂഷിതമനോ

ജ്ഞാംഗം ലസിക്കുന്നതീ-

ബ്ബാലാ നവ്യവസന്തഭംഗികൾ തെളി-

ഞ്ഞീടുന്ന പൂങ്കാവുപോൽ

(പ്രത്യക്ഷം) അപ്പോൾ, ദേവി എന്നു ഞാൻ പറഞ്ഞതിലെന്താണു് തെറ്റുള്ളതു്? നിങ്ങളുടെ തോഴി വാസ്തവത്തിൽ ദിവ്യകുലത്തിൽ ജനിച്ചവൾ തന്നെയാണല്ലോ.

മണ്ഡോദരി:
(സ്വഗതം)ഇദ്ദേഹം ആരായിരിക്കാം? വാക്കു കേട്ടിട്ടു് എന്റെ മനസ്സു ചഞ്ചലമാകുന്നു. (പ്രത്യക്ഷം) തോഴി, നമുക്കുപോകാം.
ചിത്രലേഖ:
(കേട്ടതായി നടിക്കാതെ) ദിവ്യനായ അവിടുത്തെ കണ്ട സംഗതി ഞങ്ങൾ ആചാര്യനോടറിയിക്കേണ്ടതാണല്ലോ. അതുകൊണ്ടു് അവിടുത്തെ വിവരങ്ങളറിയുവാൻ ഞങ്ങളാഗ്രഹിക്കുന്നു.
രാവണൻ:
(സവിനയം) വിശ്രവസ്സു് എന്ന ബ്രഹ്മർഷിയുടെ പുത്രനാണു് ഞാൻ. പേർ രാവണനെന്നത്രേ. മഹാത്മാവായ മയാചാര്യനെപ്പറ്റി ഞാൻ കേട്ടിട്ടുണ്ടു്. അദ്ദേഹത്തെക്കണ്ടു സ്നേഹം സമ്പാദിക്കണമെന്നു് എനിക്കു് ആഗ്രഹവുമുണ്ടു്. ഇവിടെ സമീപത്തിലദ്ദേഹം ഉണ്ടെന്നറിയുന്നതിൽ സന്തോഷിക്കുന്നു. (എന്നു മണ്ഡോദരിയുടെ മുഖത്തു നോക്കുന്നു.)
ചിത്രലേഖ:
ആചാര്യൻ മറ്റാളുകളെ കാണുകയില്ലെന്നുള്ള തീവ്രവ്രതത്തോടെ ഈ വനാന്തരത്തിൽ പാർക്കുകയാകകൊണ്ടു് അവിടുത്തെ ആഗ്രഹം എത്രമാത്രം സാധിക്കുന്നതാണെന്നു പറയാവുന്നതല്ല. ഏതായാലും ഞാൻ അദ്ദേഹത്തെ അറിയിക്കാം.
രാവണൻ:
എന്താണു് അസുരശില്പി മറ്റാളുകളെ കാണാതെ വനാന്തരത്തിൽ താമസിക്കുന്നു എന്നു പറഞ്ഞതു്? പ്രത്യേകിച്ചും യൗവനവതിയായ പുത്രിയോടും മറ്റും കൂടി?
മണ്ഡോദരി:
(സ്വഗതം) അച്ഛന്റെ വനവാസം അവസാനിക്കാറായി കാണുമോ? എന്റെ മനസ്സിനു വലുതായ ഔത്സുക്യം തോന്നുന്നു.
ചിത്രലേഖ:
ആര്യൻ കേൾക്കണം: ദേവേന്ദ്രന്റെ ആപ്തമിത്രമായി തക്ഷകൻ എന്നൊരു നാഗരാജാവുണ്ടു്.
രാവണൻ:
കേട്ടിട്ടുണ്ടു്.
ചിത്രലേഖ:
വളരെക്കാലമായി ആചാര്യനും തക്ഷകനുമായി ബദ്ധവിരോധമാണു്. ആചാര്യനെ കണ്ടുകിട്ടുകയാണെങ്കിൽ നശിപ്പിക്കുമെന്നു ശപഥം ചെയ്തതറിഞ്ഞാണു് ഇങ്ങനെ വിജനവാസം അനുഷ്ഠിക്കുന്നതു്.
മണ്ഡോദരി:
(സ്വഗതം) ഇദ്ദേഹം എന്താണോ പറവാൻ പോകുന്നതു്?
രാവണൻ:
ആചാര്യനെ അറിയിക്കുക: രാക്ഷസരാജാവായ രാവണന്റെ സ്നേഹമുള്ളപ്പോൾ തക്ഷകനെ എന്നു മാത്രമല്ല ദേവേന്ദ്രനെത്തന്നെയും അദ്ദേഹത്തിനു ഭയപ്പെടേണ്ടതായിട്ടില്ല. നാളെ ശുഭാവസരത്തിൽ ഞാൻ വന്നു കണ്ടുകൊള്ളാം.
ചിത്രലേഖ:
അവിടുത്തെ സഹായമുണ്ടെങ്കിലെല്ലാം ശരിയാകും.
രാവണൻ:
അപ്പോൾ സർപ്പഭീതികൊണ്ടാണു് നിങ്ങളുടെ തോഴിയും ഇങ്ങനെ വനാന്തരത്തിൽ സഞ്ചരിക്കേണ്ടിവന്നതു്. അതായിരിക്കാം, പ്രായോചിതമായ ഭൂഷണാദികൾ ധരിക്കാത്തതു്.

(മണ്ഡോദരി ലജ്ജയോടെ നമ്രമുഖിയായി നില്ക്കുന്നു)

അഥവാ:

കൃശാംഗിയാൾക്കെന്തിനു മുത്തുമാലകൾ?

സുകേശിനിക്കെന്തിനു പുഷ്പസഞ്ചയം?

ഇവൾക്കു രത്നാഭരണങ്ങൾ ചേർത്തിടാ.

ഗുണപ്രകർഷം, പുനരുക്തിപോലവേ. 11

ചിത്രലേഖ:
(മന്ദഹാസത്തോടെ) ആര്യൻ ഉചിതമാണു് പറഞ്ഞതു്. വിധിവൈപരീത്യംമൂലം വനവാസംചെയ്യുന്ന ആളുകൾക്കു് ദേഹാലങ്കാരങ്ങൾ ശരിയാണോ?
രാവണൻ:
(സ്വഗതം) ഈ മയപുത്രി എന്റെ മാനസത്തെ ഹരിക്കുന്നു.

ഉണ്ടായ കൗതുകവശാൽ

പ്രിയതോഴിയോടു

കൊണ്ടാടി ഞാൻ പലതുമമ്പൊടു

ചൊന്നപോതും

മിണ്ടാതെ നില്ക്കുമിവളോ

മുഖഭാവഭേദം

കൊണ്ടാകെയെൻ ഹൃദയമിന്നു

കവർന്നിടുന്നു. 12

ഇവൾ മറ്റാരിലെങ്കിലും അനുരക്തയാണോ? പിതാവു മറ്റു വല്ലവർക്കും കൊടുക്കുവാൻ നിശ്ചയിച്ചതാണോ? എങ്ങനെ അറിയുന്നു? ഏതായാലും ഇപ്രകാരം ചോദിക്കാം. (പ്രത്യക്ഷം) ഒന്നുകൂടി ചോദിച്ചുകൊള്ളട്ടെ. അവിനയമെങ്കിൽ ക്ഷമിക്കണം. നിങ്ങളുടെ ഈ തോഴി എന്തുകൊണ്ടാണു് ആചാര്യന്റെ കൂടെ വനത്തിലേയ്ക്കു പോന്നതു് ?

ചിത്രലേഖ:
ആര്യനോടു പറയേണ്ടതായിട്ടില്ലല്ലോ. യൗവനവതിയായ പുത്രിയെ അനുരൂപനായ ഭർത്താവിനു നല്ക്കുന്നതുവരെ അച്ഛൻ നിധിപോലെ വെച്ചു സൂക്ഷിക്കയല്ലയോ വേണ്ടതു്?
രാവണൻ:
(സ്വഗതം) അറിയേണ്ടതറിഞ്ഞുകഴിഞ്ഞു മനസ്സേ, നിന്റെ ആകാംക്ഷ വിഫലമാകയില്ല. (പ്രത്യക്ഷം) ഭദ്രേ, നിങ്ങളുമായി ആകസ്മികമായുണ്ടായ ഈ സമാഗമം എനിക്കു വലുതായ സന്തോഷത്തെ ഉളവാക്കുന്നു.

ഇന്നാദ്യദർശനമതിങ്കലുമാത്മബന്ധം

മുന്നാലെയുള്ളവർകൾതൻ

മനമൊട്ടിണങ്ങും.

നേരിട്ടെഴും പരിചയത്തിനെയല്ല ചിത്ത-

താരാശ്രയിപ്പു ദൃഢമാം

പ്രണയത്തിലെന്നും. 13

അതുകൊണ്ടു നിങ്ങൾ രണ്ടുപേരും ചിരപരിചിതരെന്നപോലെ എനിക്കിപ്പോൾ തോന്നുന്നു.

മണ്ഡോദരി:
(ആത്മഗതം) എന്റെ വിചാരം തന്നെയാണല്ലോ ഇദ്ദേഹം ഇപ്പോൾ പറഞ്ഞതു്.
ചിത്രലേഖ:
ആര്യാ, അവിടുത്തേയ്ക്കു എന്റെ പ്രിയതോഴിയോടും എന്നോടും ഇപ്രകാരം സന്തോഷം തോന്നിയതുകൊണ്ടു ഞങ്ങൾ ഭാഗ്യവതികൾതന്നെ.
മണ്ഡോദരി:
(മുഷിഞ്ഞ ഭാവത്തിൽ) അവരവരുടെ കാര്യമാത്രം പറയൂ. സമയം അതിക്രമിക്കുന്നു വരൂ, നമുക്കു പോകാം.
രാവണൻ:

ഇവൾ ‘പോക’യെന്ന ചെറുവാക്കുരയ്ക്കവേ

ഹൃദയം തുടിപ്പതിവനെത്ര ശക്തിയായ്;

അഹ!പോകുമപ്പൊഴിതിലെന്തു പിന്നെ മേ

ഫലമെന്ന ശങ്കയിൽ വലഞ്ഞിടുന്നു ഞാൻ.14

ചിത്രലേഖ:
ഇപ്പോൾ സമയമതിക്രമിക്കുന്നു. പോകാനനുവദിക്കണം. (എന്നു മണ്ഡോദരിയും ചിത്രലേഖയും സാവധാനം പോകുന്നു.)
രാവണൻ:
(നോക്കിനിന്നിട്ടു്) അഹോ! ഈ കന്യക എന്റെ ദൃഷ്ടിപഥത്തിൽനിന്നു മറയുന്നതോടുകൂടി എന്തെന്നില്ലാത്ത ഒരു മ്ലാനത എന്റെ മനസ്സിനെ ബാധിക്കുന്നു.

മിഴിയിലമൃതൊഴുക്കും കാന്തി പോയസ്തമിച്ചു,

ചെവിയിലറുതിയായീ ഗാനമാധുര്യസാരം

അലയിളകിയടിക്കും മോദ വാരാശി വറ്റീ.

അരുവയർമണിയപ്രത്യക്ഷയായ്ത്തീർന്നപോതിൽ. 15

(വിചാരത്തിൽനിന്നുണർന്നപോലെ) ഗുരുജനങ്ങൾ കാത്തുനില്ക്കകയാണല്ലോ. അവരുടെ സമീപത്തിലേയ്ക്കു ചെല്ലാം.

ഒന്നാമങ്കം കഴിഞ്ഞു.

രണ്ടാമങ്കം

(ലങ്കാ രാവണന്റെ കൊട്ടാരം രണ്ടു പ്രതിഹാരികൾ)

ഒന്നാമൻ:
മഹാരാജാവിന്റെ മഹിമാതിശയം അവർണ്ണനീയം തന്നെ. ദേവാസുരപന്നഗജാതികളിൽ ആരാണു് അദ്ദേഹത്തിനു കീഴടങ്ങാതുള്ളതു്? ശംഖചൂഡൻ, മഹാബലി മുതലായ പൗരാണികചക്രവർത്തികൾക്കു് ഇപ്പോൾ അദ്ദേഹം തുല്യനായി.
രണ്ടാമൻ:
അതിനെന്തു സംശയം? മുൻപുണ്ടായിരുന്ന അസുരചക്രവർത്തികൾക്കു് ഇത്ര ധർമ്മനിഷ്ഠ ഉണ്ടായിരുന്നോ എന്നേ ഉള്ളു ഇപ്പോൾ ശിവപൂജയില്ലാത്ത സ്ഥലമുണ്ടോ? എല്ലായിടത്തും രുദ്രസേവതന്നെ. യാഗാദികൾ ഇല്ലാത്തതുകൊണ്ടു ദേവന്മാർക്കു പട്ടിണി എന്നു മാത്രം.
ഒന്നാമൻ:
അതിലെന്താണാശ്ചര്യം? സർവലോകനിയന്താവായ പരമേശ്വരനെ പൂജിക്കുന്നവർക്കു ദേവന്മാർക്കു ദക്ഷിണകൊടുത്തു വേണമോ ഐശ്വര്യമുണ്ടാകാൻ? എന്നുമാത്രമല്ല, ദേവന്മാർ പണ്ടുതന്നെ അസുരന്മാരെ ആശ്രയിച്ചു കഴിയുന്നവരാണല്ലോ. താമസിയാതെ അവരെ കീഴടക്കണമെന്നു മഹാരാജാവിനു് ആലോചനയുണ്ടെന്നു കേട്ടു.
രണ്ടാമൻ:
പിന്നെന്താണു് താമസം?
ഒന്നാമൻ:
മഹാറാണിതിരുമനസ്സിൽനിന്നു വിലക്കിയിട്ടുണ്ടുപോലും മൂന്നുനാലു വർഷമായി ജൈത്രയാത്രചെയ്യുകയായിരുന്ന തമ്പുരാൻ സ്വജനങ്ങളുടെ ഗുണത്തിനുവേണ്ടി ലങ്കയിൽത്തന്നെ ഒന്നു രണ്ടുവർഷം താമസിച്ചിട്ടു ദേവന്ദ്രനെ കീഴടക്കിയാൽ മതിയെന്നത്രേ സ്വാമിനിയുടെ അഭിപ്രായം.
രണ്ടാമൻ:
അതു് ഉത്തമപക്ഷം തന്നെ. മഹാറാണിതിരുമനസ്സിലെ അഭിപ്രായത്തിനു വിരോധമായി തമ്പുരാൻ ഒന്നുംതന്നെ ചെയ്കുയില്ല. മഹാബലിക്കു വിന്ധ്യാവലിപോലെയും ശംഖചൂഡനു തുളസിപോലെയും പവിത്രചരിത്രയായ ദേവിതന്നെയാണു് ഈ ബ്രഹ്മോൽഭൂതമായ വംശത്തിനുപോലും പരിശുദ്ധി നല്ക്കുന്നതു്.
ഒന്നാമൻ:
അതിനു സംശയമെന്തു്?

വിശിഷ്ടചരിതത്തിനാലുലകിടത്തിനാമോദവും

വരിഷ്ഠഗുണസഞ്ചയത്തികവിനാലൊരാനന്ദവും

പരത്തി,യിരുപക്ഷ ചന്ദ്രികകണക്കു,

സർവോത്തരം

ജയിപ്പൂ ജഗദേകപൂജ്യതവഹിച്ച

ലങ്കേശ്വരി. 1

രാവണമഹാരാജാവിനു സർവോൽക്കർഷത്തിനും കാരണം മനസ്വിനിയായ സ്വാമിനിയുടെ ചാരിത്രശുദ്ധിയാണെന്നു സർവവിദിതമാണല്ലോ. ആ സ്ഥിതിക്കു മഹാറാണിയുടെ അഭിപ്രായത്തിനു വിപരീതമായി വല്ലതും പ്രവർത്തിക്കുമോ?

രണ്ടാമൻ:
ഇതാ, മഹാരാജാവു പരിവാരങ്ങളോടുകൂടി ഇങ്ങോട്ടുതന്നെ എഴുന്നെള്ളുന്നു. ഇദ്ദേഹമാകട്ടെ,

മൂലോകത്തെയടക്കിവാണിടുകിലും

ഗർവം വെടിഞ്ഞുള്ളവൻ

ദിവ്യാലംകരണങ്ങൾ ചാർത്തീടുകിലും

ശുഭ്രാച്ഛവേഷാന്വിതൻ

നേത്രാന്തക്കളികൊണ്ടുമാത്രമരിവ-

ർഗ്ഗത്തെജ്ജയിക്കുന്നവൻ

ശോഭിക്കുന്നിതു ശാന്തമായ കടൽപോൽ

ഗംഭീരനാമീ പ്രഭു. 2

വിഷ്കംഭം കഴിഞ്ഞു

(അന്തഃപുരത്തിൽ ഒരു മട്ടുപ്പാവിൽ മണ്ഡോദരിയും തോഴി ചിത്രലേഖയും)

ചിത്രലേഖ:
മഹാരാജാവു രാജ്യകാര്യങ്ങൾ കഴിഞ്ഞെഴുന്നെള്ളേണ്ട സമയമായിരിക്കുന്നു. ജോലി കഴിഞ്ഞാൽ ഒരു നിമിഷംപോലും അദ്ദേഹം താമസിച്ചു എന്നു വരുന്നതല്ല.
മണ്ഡോദരി:
ആര്യപുത്രന്റെ ദാക്ഷിണ്യം വിസ്മയിക്കത്തക്കതുതന്നെ. പ്രതികൂലമായ ഒരു വാക്കോ, അപ്രസന്നമായ ഒരു ഭാവമോ അദ്ദേഹം ഇതുവരെ എന്നോടുകാട്ടിയിട്ടില്ല. രാജ്യകാര്യങ്ങൾകൊണ്ടു് എത്ര വിഷമിച്ചിരുന്നാലും സന്തോഷമായിട്ടല്ലാതെ എന്റെയടുക്കൽ പെരുമാറിയിട്ടുമില്ല. കുലദേവതകളുടെ അനുഗ്രഹമെന്നേ ഞാൻ വിചാരിക്കുന്നുള്ളു.
ചിത്രലേഖ:
പതിദേവതയായ അവിടുത്തോടു് അങ്ങനെയല്ലാതെ പെരുമാറുവാൻ ആർക്കു സാധിക്കും? അവിടുത്തെ സുചരിത്രമാണു് ലങ്കാധിപന്റെ കവചമെന്നു് അദ്ദേഹംതന്നെ പറയാറില്ലേ? ആ സ്ഥിതിക്കു് അവിടുത്തേയ്ക്കു അനിഷ്ടമായി അദ്ദേഹം എന്തെങ്കിലും പ്രവർത്തിക്കുമോ?
മണ്ഡോദരി:
എന്റെ ഭാഗ്യവും അദ്ദേഹത്തിന്റെ ദാക്ഷിണ്യവുമെന്നേ ഞാൻ വിചാരിക്കുന്നുള്ളു.

(രാവണൻ നിശ്ശബ്ദമായി പിറകിൽനിന്നു പ്രവേശിക്കുന്നു.)

ചിത്രലേഖ:
എങ്കിലും തോഴി കോപിക്കുമ്പോൾ മഹാരാജാവു് എങ്ങനെയാണു്?
മണ്ഡോദരി:
ഞാൻ കോപിക്കയോ? ഒരു പ്രണയകലഹംപോലും ഞങ്ങൾ തമ്മിൽ ഇതുവരെ ഉണ്ടായിട്ടില്ല.
ചിത്രലേഖ:
(ചിരിയോടുകൂടി) കൊള്ളാം കൊള്ളാം. പ്രണയത്തിന്റെ ഗുണം കലഹംകൊണ്ടല്ലേ അറിയൂ. തീർച്ച പറയാം, തോഴി മാനം നടിക്കയാണെങ്കിൽ ത്രൈലോക്യചക്രവർത്തിയായ ദശകന്ധരപ്രഭു അവിടുത്തെ പാദപത്മങ്ങളിൽ നമസ്കരിക്കും. കൈലാസമെടുത്ത കൈകൊണ്ടു് അവിടുത്തെ പാദസംവാഹനം ചെയ്യും. കമലോദരകോമളങ്ങളായ ആ കാലുകൾ കൊണ്ടു താഡനം ചെയ്യാൻ തന്നെ ആവശ്യപ്പെടുകയില്ലയോ എന്നുകൂടി ഞാൻ ശങ്കിക്കുന്നു—
മണ്ഡോദരി:
ശാന്തം പാപം. അസംബന്ധം പുലമ്പാതെ.
രാവണൻ:
(വേഗത്തിൽ മുമ്പോട്ടു വന്നു്) എന്താണു് സംശയം?

നിലിമ്പനരദാനവപ്പരിഷചേർന്നെ

തിർത്തീടിലും

തരിമ്പുമിളകാത്തൊരീദ്ദശമുഖന്റെ

ചിത്തം പ്രിയേ,

കയർത്തു പുരികത്തെ നീ ചെറുതുയർ

ത്തിടുന്നെന്നതേ

സഹിക്കുവതശക്തമായ് കരുതിടുന്നു

വാമേക്ഷണേ! 3

പ്രിയേ, ഇതാ, നിന്റെ കോപം കാണാതെതന്നെ ഞാൻ നമസ്ക്കരിക്കുന്നു.

(മണ്ഡോദരിയും ചിത്രലേഖയും സസംഭ്രമമെഴുനേല്ക്കുന്നു. ചിത്രലേഖ പോകാൻ ഭാവിക്കുന്നു.)

മണ്ഡോദരി:
(കൈകൾ കൂപ്പിയിട്ടു്)

പ്രത്യക്ഷദൈവം പതിയിന്നു തന്റെ

ശിരസ്സിനാൽ ചെയ്യുമൊരിപ്രണാമം

ഭവിച്ചിടട്ടേ, സതിയെങ്കിലെന്റെ

വചസ്സിനാൽ തൽഗുരുപൂജയായി. 4

ആര്യപുത്രൻ എന്താണു് ചെയ്തുതു്? അന്യായമാണു് ആര്യപുത്രന്റെ പ്രവൃത്തി.

രാവണൻ:
(സമന്ദഹാസം) എന്തുകൊണ്ടു്?

താഴുന്നതെൻ പത്തുശിരസ്സുമൊന്നുപോൽ

വരാംഗി, രണ്ടാൾക്കരികത്തു മാത്രമേ:

സദാശിവൻ തന്റെ പദാംബുജത്തിലും

നവാരുണം നിൻചരണദ്വയത്തിലും. 5

ചിത്രലേഖ:
മഹാരാജാവു തിരുവുള്ളമുണ്ടായി എന്നെ പോകുവാനനുവദിക്കണം.
രാവണൻ:
എങ്ങനെയാണു് നാം ഇവളെ ശിക്ഷിക്കേണ്ടതു്? ഇവളുടെ അപരാധത്തിനു തക്കതായ ശിക്ഷ കൊടുക്കേണ്ടതാണു്.
മണ്ഡോദരി:
അതേ, ആര്യപുത്രൻ എന്നെ വണങ്ങുന്നതവൾ കണ്ടുവല്ലോ. ശിക്ഷ അവിടുന്നുതന്നെ വിധിക്കുക.
രാവണൻ:
ശിക്ഷ വിധിക്കേണ്ടതു് അവളുടെ സ്വാമി നീ തന്നെയാണു്.
മണ്ഡോദരി:
ശരിതന്നെ, എന്നോടാണല്ലോ. അപരാധം പ്രവർത്തിച്ചതു്. ഇവളെ ബന്ധനത്തിൽ ഇടേണ്ടതാണെന്നു ഞാൻ വിധിക്കുന്നു. അതു ഞാൻ തന്നെ ചെയ്തുകളയാം. (എന്നു കഴുത്തിൽനിന്നു മുത്തുമാല എടുത്തു ചിത്രലേഖയെ അണിയിക്കുന്നു) ഇതുകൊണ്ടു ഞാൻ നിന്നെ ബന്ധിച്ചിരിക്കുന്നു.
രാവണൻ:
അതുകൊണ്ടായില്ല ഈ അപരാധിനിയുടെ കയ്യാണു് ബന്ധിക്കേണ്ടതു്. (എന്നു കങ്കണം ഊരികൊടുക്കുന്നു. സഗൗരവം) നീ ദേവിയാലും രാവണനാലും ശിക്ഷിക്കപ്പെട്ടു. ഇനി പൊയ്ക്കൊൾക.

(ചിത്രലേഖ പോകുന്നു.)

മണ്ഡോദരി:
എന്തായിരിക്കുമോ ആര്യപുത്രന്റെ മുഖത്തു് ഒരു മ്ലാനത കാണുന്നതു്? അങ്ങനെ പതിവുള്ളതല്ലല്ലോ.
രാവണൻ:
ഏയ് ഒന്നുമില്ല. ഇതുവരെ സദസ്സിലിരിക്കയായിരുന്നതുകൊണ്ടു സ്വല്പമൊരു ക്ഷീണമുണ്ടു്.

(പാനീയപാത്രമെടുത്തു ഘ്രാണിക്കുന്നു.)

മയാത്മജേ,

തരംഗതരളാക്ഷി,നിന്നധര-

മാധുരീലേശമൊ-

ന്നിരന്നു ചെറുതൊന്നിതിൽ സതി

പകർന്നുമൂലം പ്രിയേ,

തരുന്നമൃതമൊത്തൊരി മദിര

മാനസത്തിനു മേ

നിരന്തരസുഖംപെറും ലഹ-

രിയും പരാനന്ദവും. 6

(എന്നു പാനംചെയ്യുന്നു)

മണ്ഡോദരി:
ചാടുവാക്കു പറവാൻ ആര്യപുത്രനുള്ള സമാർത്ഥ്യം എനിക്കു പണ്ടേയറിയാം. എങ്കിലും എന്തോ മനസ്സിൽ വിചാരമുള്ളതുപോലെ തോന്നുന്നു.
രാവണൻ:
രാജ്യം ഭരിക്കുന്ന രാജാക്കന്മാർക്കു പലവിധമായ ക്ലേശകാരണങ്ങൾ ഉണ്ടായിക്കൊണ്ടിരിക്കുന്നതാണു്. അവയെക്കൊണ്ടു ഭവതിയേയും ശല്യപ്പെടുത്തുന്നതിനല്ലല്ലോ ഞാൻ ഇങ്ങോട്ടു വന്നതു്.
മണ്ഡോദരി:
എന്താണു്, രാജ്യകാര്യങ്ങൾ ഞാൻ അറിയരുതെന്നുണ്ടോ? ആര്യപുത്രനുള്ള സുഖത്തിൽ മാത്രമേ ഞാൻ ഭാഗഭാക്കാവൂ എന്നു നിശ്ചയിക്കുന്നതു് ശരിയല്ല.
രാവണൻ:
പ്രിയതമേ, നിന്റെ മനസ്സിനു യാതൊരുവിധത്തിലുള്ള സങ്കടവുമുണ്ടാകരുതെന്നൊരു വിചാരംമാത്രമേ എനിക്കുള്ളു.
മണ്ഡോദരി:
ആര്യപുത്രൻ അങ്ങനെ പറയുന്നതു് എനിക്കു സങ്കടമാണു്. ആ നയം അവരോധസ്ത്രീകളോടു മാത്രം യോജിക്കുന്നതാണു്. എന്നെയും ആര്യപുത്രൻ അങ്ങനെമാത്രമേ വിചാരിച്ചിട്ടുള്ളുവെന്നാണോ?
രാവണൻ:
ശാന്തം പാപം. എന്റെ ജീവിത സർവ്വസ്വമായ മയപുത്രിയാണോ ഈ പറയുന്നതു്?
മണ്ഡോദരി:
പിന്നെന്താണു് സങ്കടത്തിലും എനിക്കു പങ്കുകൊള്ളുവാൻ അവകാശമില്ലെന്നു സൂചിപ്പിക്കുന്നതു്?
രാവണൻ:
ഇത്ര നിർബ്ബന്ധമെങ്കിൽ പറയാം. വിഭീഷണകുമാരനെപ്പറ്റി വിചാരിക്കുമ്പോൾ എനിക്കു മനസ്സിനു് അല്പം ശല്യമുണ്ടാകാറുണ്ടു് അവന്റെ ബുദ്ധി നേർവഴിയിലല്ല. എന്നോടുമാത്രമല്ല, നമ്മുടെ കുലത്തോടു തന്നെ, അവനു കാലുഷ്യമുള്ളതുപോലെ തോന്നുന്നു. പുകയുന്ന അഗ്നിപോലെമാത്രമേ ഇപ്പോൾ അതു കാണുന്നുള്ളുവെങ്കിലും കാലക്രമം കൊണ്ടു് അതു ജ്വലിച്ചേയ്ക്കുമെന്നാണു് തോന്നുന്നതു്.
മണ്ഡോദരി:
കുമാരൻ എന്തെങ്കിലും അപമര്യാദയായി പ്രവർത്തിച്ചുവോ?
രാവണൻ:
ഇതുവരെ ഒന്നും പ്രവർത്തിച്ചിട്ടില്ല. പക്ഷേ, അവന്റെ വാക്കുകളിൽനിന്നും ഭാവത്തിൽ നിന്നും അവനു് ചിലപ്പോഴെല്ലാം വെളിവാകുന്നുണ്ടു്. എന്തു പറയുന്നു?

നിദ്രാലസൻ സഹജരിൽ

ഗുണവാനൊരുത്തൻ,

വിദ്രോഹി തൻകുലജനത്തിനു നൂനമന്യൻ;

സത്യം നിനയ്ക്കിൽ നൃവരേന്ദ്രനുമേഴയായ

ദാരിദ്ര്യവാനുമൊരുപോലെ കുടുംബദുഃഖം. 7

മണ്ഡോദരി:
എങ്കിലും കുമാരനു വംശശ്രേയസ്സിൽ ഈർഷ്യയുണ്ടെന്നു കേൾക്കുന്നതിൽ ഞാൻ ആശ്ചര്യപ്പെടുന്നു.
രാവണൻ:
അതു് എന്നോടുള്ള അസൂയകൊണ്ടായിരിക്കാം. അതിൽ കവിഞ്ഞു് ഒരു ദോഷം ഞാൻ കാണുന്നതു് അവന്റെ ഭീരുത്വമാണു്. നമ്മുടെ രാജ്യങ്ങൾ കയ്യേറിപ്പാർക്കുന്ന ക്ഷത്രിയരാജാക്കന്മാരോടു സ്നേഹമായി കഴിയേണമെന്നാണു് അവന്റെ അഭിപ്രായം.
മണ്ഡോദരി:
എന്തു്, രാവണാനുജനു ഭീരുത്വമോ?

ജനിച്ചു പരമേഷ്ടിതൻ കുല-

മതിൽ സ്വപുണ്യത്തിനാൽ;

ജനിത്രി സുപുണ്യത്തിനാൽ;

ജനിത്രി സുചരിത്ര സൽഗുണഗ-

ണാഢ്യയാം കേകസീ;

ജഗത്രയപരാക്രമൻ വിഭൂ

സഹോദരൻ വീര്യവാൻ-

വിചിത്രമവനീവിധം കുല-

കളങ്കമായെങ്ങനെ? 8

രാവണൻ:
ഒരു വഴിക്കും അങ്ങനെ വരുവാൻ അവകാശം കാണുന്നില്ല. ജന്മാന്തരവാസനയെന്നേ പറവാനുള്ളു.
മണ്ഡോദരി:
ആര്യപുത്രൻ ഇതൊക്കെ വിചാരിച്ചു സങ്കടപ്പെടേണ്ടതുണ്ടെന്നു തോന്നുന്നില്ല. ഏതായാലും ഈ വിചാരം മനസ്സിൽനിന്നു കളയണം.
രാവണൻ:
(മന്ദഹസിച്ചുകൊണ്ടു്) ശരിതന്നെ. ലോകൈകസുന്ദരിയെ ഹൃദയവല്ലഭയുടെ സമീപത്തിൽ അസന്തുഷ്ടികരങ്ങളായ കാര്യങ്ങളെപ്പറ്റി സംസാരിക്കുന്ന പുരുഷനു് ഒരു കാലത്തും സുഖത്തിനവകാശമില്ല. ചന്ദ്രശീതളമായ ഈ മട്ടുപ്പാവു് എത്ര മനോഹരമായിരികുന്നു!

വന്നീടുന്നു വസന്തമാരുതനിതാ,

കന്ദർപ്പകേളീശ്രമ-

സ്വചിന്നസ്ത്രീജനകോരകസ്തനഭര-

സ്പർശത്തിലാഹ്ലാദിയായ്;

സാന്ദ്രാനന്ദമുയർത്തുമമ്പിളി ലസി-

ക്കുന്നൂ നഭോവീഥിയിൽ;-

ദ്ധന്യേ, നിന്നരികത്തിലിപ്പൊഴുതിവൻ

സൗഭാഗ്യസമ്രാട്ടുതാൻ. 9

മണ്ഡോദരി:
സമയത്തിന്റെ രാമണീയകത അനുഭവൈകവേദ്യം തന്നെ. അതാ, നോക്കൂ, നമ്മുടെ അശോകവനം പൂഞ്ചന്ദ്രികയിൽ എത്ര പ്രശാന്തമായു് ശോഭിക്കുന്നു! ആര്യപുത്ര, നമുക്കു് അങ്ങോട്ടു് പോകാം.
രാവണൻ:
കോമളവികാരങ്ങൾക്കു് ഉദ്യാനംപോലെ യോജിച്ച ഒരു സ്ഥലമില്ല. ആരവിടെ?
വേത്രവതി:
(പ്രവേശിച്ചു്) മഹാരാജാവു് വിജയിച്ചാലും.
രാവണൻ:
ധൂമ്രാക്ഷി, അശോകവനത്തിലേയ്ക്കു വഴി കാണിക്കൂ.
വേത്രവതി:
തിരുമേനിമാർ ഇതിലേ, ഇതിലേ. (എന്നു ചുറ്റിനടക്കുന്നു)
മണ്ഡോദരി:
ഈ അശോകവനം വാസ്തവത്തിൽ ശോകഹാരിതന്നെ.

ചാലേ പൂച്ചെടിതൻ പടർപ്പുകൾ മണം

തൂകുന്ന പുഷ്പങ്ങളും

ചേലായ് വെള്ളില ചേർന്നു കാന്തിതിരളും

നല്പാദപശ്രേണിയും

കാലേ ചന്ദ്രികയിൽ പ്രശാന്തതകലർ-

ന്നെങ്ങും വിളങ്ങീടവേ

ലീലാരാമമിതെന്റെ ചിത്തതളിരിൽ

ചേർക്കുന്നു കൗതൂഹലം. 10

രാവണൻ:
ഈ സ്ഥലം എനിക്കു മുമ്പുതന്നെ ഏറ്റവും പ്രിയപ്പെട്ടതാണു്. ഭവതിക്കു് ഇത്രമാത്രം സന്തോഷം കൊടുക്കുന്നതാകകൊണ്ടു് എനിക്കിതൊരു പുണ്യസ്ഥലംപോലെതന്നെയായി.
മണ്ഡോദരി:
എന്നും സ്വാധീനയായ എന്നോടു് ഇങ്ങനെ ഭംഗിവാക്കു വേണമെന്നുണ്ടോ? അതൊക്കെ മാനിനികളായ അന്തഃപുരസ്ത്രീകളോടു പ്രയോഗിക്കുവാൻ സൂക്ഷിച്ചുവെച്ചാൽ വല്ല ഫലവുമുണ്ടായേയ്ക്കും.
രാവണൻ:
(ചിരിച്ചുകൊണ്ടു്) പ്രിയേ, ഈ വിശേഷം കാണുന്നുവോ? മറ്റു വൃക്ഷങ്ങളെല്ലാം പൂത്തുനില്ക്കുന്നുവെങ്കിലും ഈ അശോകവൃക്ഷം മാത്രം പൂത്തിട്ടില്ല. ആ വൃക്ഷം ഭവതിയുടെ പാദദോഹദത്തെ കാത്താണു് ഇങ്ങനെനിഷ്പല്ലവമായി നില്ക്കുന്നതു്.

നിൻപാദതാഡനസുദോഹദമേറ്റിടാതെ

രംഭോരു, നിഷ്പ്രഭനതാകിയൊരീയശോകം

എൻപ്രീതിപാത്ര,മിരു

പേരൊരു കാരണത്താൽ

വൻപീഡയേല്ക്കിലവർ

തമ്മിലിണക്കമാകും. 11

മണ്ഡോദരി:
(സമന്ദഹാസം)എന്നാൽ നമുക്കു് അതിന്റെ ചുവട്ടിലുള്ള ആ പുൽത്തകിടിലിരുന്നു സ്വല്പം വിശ്രമിക്കാം.
രാവണൻ:
ഇതിൽ കൂടുതൽ എന്തു സുഖമാണു് ഞാൻ ആഗ്രഹിക്കുന്നതു്?

സുരഭിലസുഖവായു പൂനിലാവും

തെരുതെരെയെയ്വൊരു മീനകേതുതാനും

അരുവയർമണി ചിത്തനാഥയും ത-

ന്നരികിലിരിപ്പവനെന്തു മറ്റു സൗഖ്യം? 12

(ഉത്തരീയം വിരിച്ചു താഴെ ഇരിക്കുന്നു)

മണ്ഡോദരി:
പ്രാണനാഥ, ഇതാ ഒരു പാമ്പു്!
രാവണൻ:
(തിരിഞ്ഞു സൂക്ഷിച്ചു നോക്കിയിട്ടു്) ചന്ദ്രികയിൽ ഒരിളംശാഖയുടെ ഛായ സർപ്പഭ്രമമുണ്ടാക്കുന്നതാണു്! പണ്ടത്തെ തക്ഷകഭീതി ഇപ്പോഴും പോയിട്ടില്ലേ? ഇതാ, എന്റെ സമീപം ഇവിടെത്തന്നെ ഇരിക്കുക.
മണ്ഡോദരി:
എന്റെ ഹൃദയം ചഞ്ചലമായിരിക്കുന്നു. ഇതു് അശുഭോദർക്കമാണു്. നമുക്കു് അകത്തേയ്ക്കു പോകാം.

(അകത്തേയ്ക്കു പോകുന്നു.)

രണ്ടാമങ്കം കഴിഞ്ഞു.

മൂന്നാമങ്കം

(വിഭീഷണപത്നിയായ സരമ പ്രവേശിക്കുന്നു. ചുറ്റും നോക്കിയിട്ടു്)

സരമ:
ഈ മയപുത്രിയുടെ ധാടിയും മോടിയും വിചിത്രംതന്നെ. അവളുടെ ഡംഭും പ്രതാപവും വിചാരിക്കുമ്പോൾ കോപം സഹിക്കുന്നില്ല. ഇതാ തവണക്കാരി വരുന്നു എടീ, തവണക്കാരി!
ധൂമ്രാക്ഷി:
അടിയൻ!
സരമ:
നിന്റെ സ്വാമിനി ഇപ്പോൾ എന്തു ചെയ്യുന്നു?
ധൂമ്രാക്ഷി:
എന്റെ സ്വാമിനി മാത്രമല്ല, രാക്ഷസസാമ്രാജ്യത്തിലെ എല്ലാവരുടേയും സ്വാമിനിയാണു്.
സരമ:
ധിക്കാരം കാട്ടാതെ ചോദിച്ചതിനു മറുപടി പറഞ്ഞാൽ മതി.
ധൂമ്രാക്ഷി:
(വിനയത്തോടെ) ഞാൻ പോയി അന്വേഷിച്ചുവരാം.
സരമ:
വേണ്ട, ഞാൻ തന്നെ അന്വേഷിച്ചുകൊള്ളാം.

(എന്നു് അകത്തേയ്ക്കു കടക്കുവാൻ ഭാവിക്കുന്നു)

ധൂമ്രാക്ഷി:
(വാതുക്കൽ തടഞ്ഞിട്ടു്) അവസരം അറിയാതെ ആർക്കും തന്നെ അകത്തുപ്രവേശനം അനുവദിച്ചു കൂടെന്നു കല്പനയുണ്ടു്.
സരമ:
(സരോഷം) ഗന്ധർവരാജപുത്രിയായ എന്നേയും ആ കല്പന ബാധിക്കുമോ? പോ! മാറിനില്ക്കു!
ധൂമ്രാക്ഷി:
കല്പന എല്ലാവരേയും ബാധിക്കുന്നതാണു്. ത്രൈലോക്യനാഥനായ രാവണമഹാരാജാവുപോലും സ്വാമിനിയുടെ അവസരം അറിയാതെ അകത്തു പ്രവേശിക്കാറില്ല. ഞാൻ വേഗം പോയി അന്വേഷിച്ചു വരാം.
സരമ:
വേണ്ട, എനിക്കു പോകേണ്ട ആവശ്യമില്ല. അമ്പ! ഈ ശില്പിപുത്രിയുടെ അഹങ്കാരം!

(എന്നു കോപഭാവത്തിൽ തിരികെ പോകുന്നു.)

ധൂമ്രാക്ഷി:
ഇങ്ങനെയുള്ള ആളുകൾ വന്നാൽ നടയിൽ തവണ വൈഷമ്യം തന്നെ (എന്നു നെടുവീർപ്പിട്ടു സ്വസ്ഥാനത്തേയ്ക്കു പോകുന്നു.)

വിഷ്കംഭം കഴിഞ്ഞു.

(മണ്ഡോദരി, ശൂർപ്പണഖ, ചിത്രലേഖ എന്നിവർ പ്രവേശിക്കുന്നു.)

മണ്ഡോദരി:
സഹോദരി ഇത്രകാലമെങ്കിലും എന്റെ കൂടെ കഴിച്ചതിൽ എനിക്കു സന്തോഷമുണ്ടു്. അതിനു കാരണമായ സംഭവം വിചാരിക്കുമ്പോഴേ സങ്കടമുള്ളു.
ശൂർപ്പണഖ:
മറ്റു സങ്കടങ്ങൾ ഞാൻ ഓർക്കാതിരിക്കത്തക്കവണ്ണമാണല്ലോ സഹോദരി എന്നിൽ കാണിക്കുന്ന വാത്സല്യവും സ്നേഹവും. ഈ മൂന്നുമാസം ഞാൻ ഇവിടെ താമസിച്ചതു് കാലകേയനഗരിയിൽ താമസിച്ചിരുന്നതിലും സുഖകരമായിട്ടാണു്. എല്ലാം ജ്യേഷ്ഠത്തിയുടെ കൃപകൊണ്ടുതന്നെ.
മണ്ഡോദരി:
എന്റെ ഭർത്തൃസഹോദരിയായ നീ എനിക്കു സ്വന്തം സഹോദരിയേക്കാൾ പ്രിയതരയല്ലേ? പോരാത്തതിനു നിനക്കു വന്നുചേർന്ന ദുഃഖം എത്ര ദാരുണം!

സ്ത്രീജീവിതത്തിലൊഴിയാത്ത

നിശാപ്രവേശം

നൈരാശ്യയക്ഷിയുടെ ദുർമ്മദനൃത്തരംഗം;

ലോകത്തിലിന്നു നരകാനുഭവം; നിനച്ചാൽ

വൈധവ്യമേ തരുണിമാർക്കു

നിതാന്തദുഃഖം. 1

ശൂർപ്പണഖ:
ജ്യേഷ്ഠത്തിയുടെ വാത്സല്യവും അനുകമ്പയും ഇല്ലാതിരുന്നുവെങ്കിൽ എങ്ങനെ ഞാൻ ജീവിക്കുമായിരുന്നുവെന്നുതന്നെ ആലോചിച്ചുകൂടാ. സങ്കടംകൊണ്ടു സ്പന്ദിച്ച ഹൃദയത്തോടെ നിരാധാരയായി ഇവിടെ വന്നുചേർന്ന എന്നെ ജ്യേഷ്ഠത്തിയുടെ ശുശ്രൂഷ ഒന്നു മാത്രമാണു് ജീവിപ്പിച്ചതു്. എന്റെ ഈ താമസം അവിടുത്തേയ്ക്കു അസൗകര്യത്തിനിടയാക്കിയിട്ടില്ലല്ലോ.
മണ്ഡോദരി:
അസൗകര്യമോ? കൊള്ളാം മേഘനാദനുണ്ണിക്കു് എന്നെക്കാൾ പ്രിയം അനുജത്തിയോടാണല്ലോ.
ശൂർപ്പണഖ:
അവനെ വിട്ടുപോകുന്നതിലാണു് എനിക്കു വലുതായ സങ്കടമുള്ളതു് മഹാനുഭാവനായ ജ്യേഷ്ഠൻ എനിക്കു ജനസ്ഥാനം സ്വന്തമായി വിട്ടുതന്നു. വേണ്ട ധനസമ്പത്തുകളും അനുചരന്മാരും അധികാരവും എല്ലാം തന്നു—ഒരു സങ്കടത്തിനും വകയില്ല. പക്ഷേ, ജ്യേഷ്ഠത്തിയേയും ഉണ്ണിയേയും വിട്ടു പോകുന്നതിലുള്ള സങ്കടം എങ്ങനെ നീങ്ങും?
മണ്ഡോദരി:
സങ്കടം ഹൃദയത്തിലൊരിക്കലും സ്ഥിരമല്ല. ക്രമംകൊണ്ടു നീ ജനസ്ഥാനത്തിലെ രമണീയങ്ങളായ ഉദ്യാനങ്ങളിലും നിസർഗ്ഗമനോഹരങ്ങളായ വനസ്ഥലകളിലും സ്വൈരമായി സഞ്ചരിച്ചാനന്ദിക്കുമ്പോൾ ഞങ്ങളെ പിരിഞ്ഞു പോകുന്ന ഈ സങ്കടവും മറന്നു പോയ്ക്കൊള്ളും.
ശൂർപ്പണഖ:
ഇത്ര വിശേഷമോ ജനസ്ഥാനം?
മണ്ഡോദരി:

നിത്യം പൂത്തുതളിർത്ത വല്ലികൾ പടർ-

ന്നുള്ളോരു വൃക്ഷങ്ങളും

പൊൽത്താരിൻ നികരം നിറഞ്ഞഴകെഴും

വാപീതടാകങ്ങളും

ഉത്തുംഗം ഗിരിശൃംഗപംക്തിയുമിയ-

ന്നുൾത്താർ കുളുർത്തീടുമാ-

റത്രേ നിന്നധിവാസമാകിയ ജന-

സ്ഥാനം ജഗന്മോഹനം 2

ചിത്രലേഖ:
ഞാനും കേട്ടിട്ടുണ്ടു്. സ്നിഗ്ദ്ധച്ഛായാരുചിരങ്ങളായ പുൽത്തകിടികളാലും തരുലതാദികൾ നിറഞ്ഞ കാനനഭാഗങ്ങളാലും ആകാശചുംബികളായ ഗിരിശിഖരങ്ങളാലും അലംകൃതമാണു് ജനസ്ഥാനമെന്നത്രേ എല്ലാവരും പറയുന്നതു്.
മണ്ഡോദരി:
ഇത്രമനോഹരമായ ഒരു സ്ഥാനമാണല്ലോ സഹോദരിക്കു സ്വേച്ഛാനുസരം വാഴുന്നതിനു വിട്ടുതന്നിട്ടുള്ളതു്.
ശൂർപ്പണഖ:
എല്ലാം ജ്യേഷ്ഠന്റെയും ജ്യേഷ്ഠത്തിയുടേയും കൃപകൊണ്ടുതന്നെ. എങ്കിലും വിധവയായ എനിക്കു സ്വൈരവിഹാരത്തിനു സ്ഥലങ്ങൾ ഉണ്ടായതുകൊണ്ടു് എന്തു ഫലമാണു്? വിധവയായ സ്ത്രീക്കു് എന്തു സുഖമാണു് ലോകത്തിൽ സാർവഭൗമനായ ജ്യേഷ്ഠനു് എല്ലാം സാധിക്കും. മരിച്ചുപോയ എന്റെ ഭർത്താവിനെ ജീവിപ്പിക്കാൻ സാധിക്കയില്ലല്ലോ (എന്നു കരയുന്നു.)
മണ്ഡോദരി:
അനുജത്തി വിഷാദിക്കണ്ട. ദൈവവിധിമാറ്റാൻ സാധിക്കുന്നതല്ലല്ലോ. ഇനിയുള്ള കാലം പരമേശ്വരനെ ഭജിച്ചും രാജ്യകാര്യങ്ങൾ അന്വേഷിച്ചും ജീവിക്കുക.
ശൂർപ്പണഖ:
സൗഭാഗ്യവതിയായ ജ്യേഷ്ഠത്തിയെങ്ങനെ വൈധവ്യ ദുഃഖത്തിന്റെ ദാരുണതയറിയുന്നു? ഒരു കാലത്തും അതറിവാൻ ഇടവരാതിരിക്കട്ടെ. പക്ഷേ, ഗതഭർത്തൃകയായ ഞാൻ എങ്ങനെ ജീവിതം കഴിക്കും.?
ചിത്രലേഖ:
രാക്ഷസജാതിക്കു പുനർവിവാഹം നിഷിദ്ധമല്ലല്ലോ. തന്റെ സഹോദരിക്കു് അനുരൂപനായ ഒരുവരനെ മഹാരാജാവു് അന്വേഷിക്കാതിരിക്കുമോ?
മണ്ഡോദരി:
(ചെവികൾ രണ്ടും പൊത്തിയിട്ടു്) ശാന്തം പാപം! രാവണഭഗിനിക്കു പുനർവിവാഹമോ? ധർമ്മമൂർത്തിയായ മഹാരാജാവു് അതു് ഒരു കാലത്തും സമ്മതിക്കുകയില്ല.
വേത്രവതി:
(പ്രവേശിച്ചു്) സ്വാമിനി, മഹാരാജാവു് ഇങ്ങോട്ടു് എഴുന്നെള്ളുന്നു.

(രാവണൻ രണ്ടു കൈകൊണ്ടും വളരെ സ്നേഹത്തോടെ ഒരു ശിശുവിനെ എടുത്തുകൊണ്ടു പ്രവേശിക്കുന്നു. ശൂർപ്പണഖയും മണ്ഡോദരിയും എഴുന്നേല്ക്കുന്നു.)

രാവണൻ:
(സസന്തോഷം) ഇതാ, മയപുത്രിയ്ക്കൊരരുമക്കുഞ്ഞു്.
മണ്ഡോദരി:
(ആശ്ചര്യത്തോടെ നോക്കിയിട്ടു്) ആര്യപുത്രൻ ഭാഗ്യവാൻ തന്നെ.

ലാവണ്യനീരാഴിയിലബ്ജകുഡ്മളം

ശരന്നഭസ്സിൽ ശശിലേഖ കോമളം

വാത്സല്യകല്പദ്രുമചാരുപല്ലവം

ശോഭിപ്പതീ ബാലികയിന്നു കേവലം. 3

എന്റെ അനുജത്തിമാരിൽ ആർക്കാണു്. സർവ്വഭാഗ്യചിഹ്നങ്ങളുള്ള ഈ കുട്ടി ഉണ്ടായിട്ടുള്ളതു്?

രാവണൻ:
ആഹാ! സ്ത്രീജനങ്ങളുടെ മനസ്സു് എല്ലാ കാലത്തും സാപത്ന്യഭയംകൊണ്ടു കലുഷം തന്നെ. ഇവിടെ കോപത്തിനവകാശമില്ല. ഈ കുട്ടിയെ ആകസ്മികമായി അശോകവനത്തിൽ കണ്ടു കിട്ടിയതാണു്.
മണ്ഡോദരി:
(ഞെട്ടലോടെ) അശോകവനത്തിലോ?

(എല്ലാവരും ആശ്ചര്യം നടിക്കുന്നു.)

രാവണൻ:
അതേ. വിശ്രമത്തിനായി ഞാൻ അശോകവൃക്ഷത്തിന്റെ തണലിൽ പരിജനങ്ങളുമായി സ്വൈരസല്ലാപം ചെയ്തിരിക്കെ പിറകിൽ ഒരു ശിശു കരയുന്നതുപോലെതോന്നി. നോക്കിയപ്പോൾ കണ്ടതു് ഈ തങ്കക്കട്ടയെയാണു്. ഞാൻ ചെന്നസമയം അവിടെ യാതൊന്നുമില്ലാതിരുന്നുവെന്നുള്ളതിനു തർക്കമില്ല.
മണ്ഡോദരി:
അത്യാശ്ചര്യം തന്നെ. അല്ലെങ്കിൽ ഈ ശിശുവിന്റെ ദിവ്യത്വം വിചാരിക്കുമ്പോൾ അങ്ങനെയേവരാൻ തരമുള്ളുവല്ലോ.

എന്മേനിക്കു കുളുർത്ത ചന്ദനരസം,

പീയൂഷവർഷം മിഴി-

ക്കുന്മേഷം മമ ചിത്തതാരിനു വളർ-

ത്തീടുന്ന ദിവ്യൗഷധം.

ധന്യശ്രീപൊഴിയുന്ന പൈതലിതു തൻ-

സാന്നിദ്ധ്യമാത്രത്തിനാൽ

തന്നീടുന്നിതു ദിവ്യശാന്തിയുമെനി-

ക്കേറുന്നൊരാനന്ദവും. 4

(കയ്യിൽ വാങ്ങി ലാളിക്കുന്നു.)

രാവണൻ:
ജാതി, കുലം മുതലായതു നിർണ്ണയിച്ചു ജാതകർമ്മങ്ങൾ യഥാവിധി നടത്തുന്നതിനും ജാതകം എഴുതുന്നതിനും ശുക്രാചാര്യരുടെ അടുക്കൽ ആൾ പറഞ്ഞയച്ചിട്ടുണ്ടു്.
മണ്ഡോദരി:
ജാതകർമ്മങ്ങൾ ചെയ്യുന്നതിനുമുമ്പു കുഞ്ഞുങ്ങളുടെ ജാതിയും കുലവും അന്വേഷിക്കേണ്ടയെന്നുണ്ടല്ലോ. അതുകൊണ്ടു് ഈ ശിശുവിനെ എന്റെ മകളായി ഈ അന്തഃപുരത്തിൽത്തന്നെ വളർത്തുന്നതിനു് അനുവാദമുണ്ടാകണം.
ശൂർപ്പണഖ:
ഇതുപോലെ ഒരു സഹോദരി ഉണ്ടാകുന്നതിൽ മേഘനാദനുണ്ണിക്കു് എന്തു സന്തോഷമായിരിക്കും!
രാവണൻ:
(ചിരിച്ചുംകൊണ്ടു്) ഈ കുട്ടിയ്ക്കു് എല്ലാവരുടേയും മനസ്സിനെ മയക്കാനുള്ള വൈഭവമാണല്ലോ കാണുന്നതു്. അതുകൊണ്ടു് ഈ അന്തഃപുരത്തിൽത്തന്നെ അവൾ വളരട്ടെ. അതുതന്നെ എനിക്കും സന്തോഷം.

(തവണക്കാരി പ്രവേശിക്കുന്നു)

തവണക്കാരി:
മഹാരാജാവു വിജയിയായി ഭവിക്കട്ടെ. ശുക്രാചാര്യരുടെ സന്ദേശവും വഹിച്ചുകൊണ്ടു് ഒരാൾ കല്പന കാത്തുനില്ക്കുന്നു.
രാവണൻ:
ശുക്രശിഷ്യനു് അകത്തു പ്രവേശിക്കാൻ തടസ്സമില്ലല്ലോ. വേഗം കൂട്ടിക്കൊണ്ടു വരിക.

(എല്ലാവരും ഉല്ക്കണ്ഠ നടിക്കുന്നു.)

മണ്ഡോദരി:
ഇപ്പോൾ അറിയാമല്ലോ ജാതകം.
തവണക്കാരി:
(ശുക്രശിഷ്യനുമൊത്തു വീണ്ടും പ്രവേശിച്ചു്) അതാ മഹാരാജാവു് അടുത്തു ചെല്ലാം.
ശിഷ്യൻ:
(എല്ലാവരേയും യഥാവിധി വന്ദിച്ചശേഷം) മഹാരാജാവു് ജയിച്ചാലും ഭഗവാൻ ശുക്രമഹർഷി ആശീർവ്വാദപുരസ്സരം ഈ എഴുത്തു തിരുമനസ്സിൽനിന്നും അറിയുന്നതിനായി തന്നയച്ചിരിക്കുന്നു.
രാവണൻ:
(വിനയപൂർവ്വം എഴുന്നേറ്റു വാങ്ങിയിട്ടു്) ഭഗവാൻ ശുക്രാചാര്യന്റെ അനുഗ്രഹമത്രേ എന്റെ സമ്പത്തു്. ഈ ചൗലസ്ത്യൻ ഗുരുപാദത്തിൽ നമസ്തരിക്കുന്നുവെന്നറിയിക്കുക.

(ശിഷ്യൻ പോകുന്നു.)

മണ്ഡോദരി:
എന്റെ ഈ ഓമനക്കുഞ്ഞിനെപ്പറ്റി എന്താണു് ആചാര്യൻ ദിവ്യദൃഷ്ടികൊണ്ടു് കണ്ടിരിക്കുന്നതെന്നറിവാൻ എനിക്കു വലുതായ ഉൽക്കണ്ഠ തോന്നുന്നു.
രാവണൻ:
(എഴുത്തു വായിച്ചുനോക്കിയിട്ടു്) ദൈവം ചതിക്കയാണു് ചെയ്തതു്. ഇത്ര ആശിപ്പിച്ചിട്ടു് ഇങ്ങനെ സങ്കടപ്പെടുത്തുന്നതു കഷ്ടമാണു്.
മണ്ഡോദരി:
(ആവേഗത്തോടെ) എന്താണു് ആര്യപുത്രൻ പറയുന്നതു്? ആചാര്യൻ ദോഷമാണോ കാണുന്നതു്?
രാവണൻ:
ദോഷമെന്നോ? കേട്ടുകൊള്ളുക: (വായിക്കുന്നു) “ഈ കുട്ടി എല്ലാംകൊണ്ടും അതിദിവ്യയാണു്. അവളുടെ ജനനംകൊണ്ടുതന്നെ ലോകം അനുഗ്രഹിക്കപ്പെട്ടിരിക്കുന്നു—എന്നാൽ ഏതു കാലത്തോ അവൾ രാവണമഹാരാജാവിന്റെ അന്തഃപുരത്തിൽ താമസിക്കുന്നു, അന്നു് ഈ കുലത്തിനു് ഉന്മൂലനാശം ഉണ്ടാകുന്നതാണു്—ഇതിനു് തർക്കമില്ല.”

(മണ്ഡോദരി സങ്കടപ്പെട്ടു മോഹിക്കുന്നു)

ശൂർപ്പണഖ:
അയ്യോ! ഇതാ, ജ്യേഷ്ഠത്തി മോഹാലസ്യപ്പെടുന്നു. (വീശുന്നു)
രാവണൻ:
വീരപ്രസുവായ ഭവതി ദുഃഖിക്കരുതു് നമുക്കു കുലനാശകാരിണിയാണെങ്കിൽ ഈ പെൺകുഞ്ഞിനെ ഉപേക്ഷിക്കാതെ തരമില്ല.

ഗതഭാഗ്യയാകുമിവളെ ത്യജിക്കുവാ-

നൊരുനളുമേ സതി മടിക്കവേണ്ട നീ:

കുലരക്ഷണത്തിനു കളത്രപുത്രരും

സമുപേക്ഷണീയരതു നിത്യധർമ്മമാം. 5

മണ്ഡോദരി:
എന്നാലും ആശ ഇത്രമാത്രമുയർത്തിയിട്ടു് ഇല്ലാതാക്കുന്നതു് എത്ര സങ്കടകരമാണു്!
രാവണൻ:
ഈ അന്തഃപുരത്തിൽ ഇരുന്നെങ്കിൽ മാത്രമേ ദോഷമുണ്ടാകയുള്ളുവെന്നാണല്ലോ ആചാര്യൻ പറഞ്ഞിട്ടുള്ളതു്. അതുകൊണ്ടു ശൂർപ്പണഖയുടെ കൂടെ ദണ്ഡകാരണ്യത്തിൽ താമസിക്കട്ടെ.
ശൂർപ്പണഖ:
വേണ്ട, വേണ്ട, പാമ്പിൻകുട്ടിയെ ആരു വളർത്തും? ഈ കുട്ടിയെ ഇപ്പൊഴേ അംഗവൈരൂപ്യം ചെയ്തു കൊല്ലുകതന്നെ വേണം.
മണ്ഡോദരി:
വത്സേ, അങ്ങനെ പറയരുതു്. ആ കുഞ്ഞു എന്താണു് ചെയ്തതു്? ഈ അന്തഃപുരത്തിൽ അവൾ താമസിക്കുന്നതു ദോഷമെന്നു ദൈവജ്ഞന്മാർ പറയുന്നുവെങ്കിൽ അവളെ നാം എടുക്കേണ്ടെന്നല്ലെയുള്ളു?
ശൂർപ്പണഖ:
ഈ ലങ്കയുടെ സമീപത്തെങ്ങും പാടില്ല. എവിടെയെങ്കിലും കളയണം ചട്ടിയിൽ വെച്ചു കടലിൽ ഒഴുക്കിക്കളയണം. പക്ഷേ, അന്തഃപുരത്തിൽ മേലാൽ എപ്പോഴെങ്കിലും വരികയാണെങ്കിൽ തിരിച്ചറിയത്തക്കവണ്ണം വിരൂപയാക്കി വിടണമെന്നാണെന്റെ അഭിപ്രായം. നാസാച്ഛേദം ചെയ്താൽ പിന്നെ തരക്കേടുണ്ടാകയില്ല.
രാവണൻ:
ശിശു ദിവ്യയാണെന്നാണല്ലോ ആചാര്യൻ പറഞ്ഞതു്. അതുകൊണ്ടു കടലിൽ ഒഴുക്കുന്നതിൽനിന്നു ആപത്തൊന്നും വരാനില്ല. അങ്ങനെതന്നെ ചെയ്തുകളയാം. ഉടൻതന്നെ കല്പനകൾ കൊടുത്തുകളയാം.

(രാവണൻ കുഞ്ഞിനെ തവണക്കാരിയെ കൊണ്ടെടുപ്പിച്ചു കൊണ്ടു പുറത്തേയ്ക്കു പോകുന്നു)

മണ്ഡോദരി:
അനുജത്തി, എനിക്കു തീരെ സുഖം തോന്നുന്നില്ല. ആ കുഞ്ഞിനെക്കണ്ടിട്ടു് എന്റെ മുല ചുരന്നുപോയി എന്തെന്നറിയുന്നില്ല, അതിനെ ഇങ്ങനെ തള്ളിക്കളഞ്ഞതിൽ വലിയ ദുഃഖം തോന്നുന്നു. എന്തൊക്കെയോ വരാൻ പോകുന്നതു്.
ശൂർപ്പണഖ:
വെറുതെ ഒരോന്നു വിചാരിച്ചു ദുഃഖിക്കരുതു്. ജ്യേഷ്ഠത്തി വിശ്രമിക്കുക. ഞാനും പോകട്ടെ.

(എല്ലാവരും പോയി.)

മൂന്നാമങ്കം കഴിഞ്ഞു.

നാലാമങ്കം

രക്താക്ഷൻ, കരണ്ടകൻ എന്നു രണ്ടു രാക്ഷസഭടന്മാരും ചില പ്രമദവനം കാവല്ക്കാരും പ്രവേശിക്കുന്നു.

രക്താക്ഷൻ:
എടോ കരണ്ടക, എന്താണു് താൻ ഈ തോട്ടക്കാരോടൊന്നിച്ചു രാവിലെ ഇത്ര. ബദ്ധപ്പെടുന്നതു്?
കരണ്ടകൻ:
അതു താനറിഞ്ഞില്ലേ? ഈ പ്രമദവനത്തിൽ ആരോ കടന്നുകൂടിയിട്ടുണ്ടുപോലും.
രക്താക്ഷൻ:
അവന്റെ കഥ കഴിഞ്ഞതായിത്തന്നെ വിചാരിക്കണം. അധൃഷ്യപ്രഭാവനായ നമ്മുടെ മഹാരാജാവിനെ പേടിക്കാതെ ഇതിനകത്തു കടക്കുവാൻ ആർക്കാണു് ധൈര്യമുണ്ടാകുന്നതു്?
കരണ്ടകൻ:
അതല്ലേ അറിയേണ്ടതു്? ദേവേന്ദ്രനോ മറ്റോ അയച്ച വല്ല മായാവികളും ആയിരിക്കാൻ മതി. അല്ലാതെ യമകിങ്കരന്മാരെപ്പോലെയുള്ള ഈ കാവല്ക്കാരറിയാതെ എങ്ങനെ അകത്തു കടക്കുവാൻ സാധിക്കും?
രക്താക്ഷൻ:
എനിക്കു വിശ്വാസം വരുന്നില്ല. ഇതിനകത്തു് ഒരാളുണ്ടെന്നു് ആരു കണ്ടു?
കരണ്ടകൻ:
മഹാരാജാവുതന്നെ ഏതോ ഒരു രൂപത്തെ തൃക്കൺപാർത്തുപോലും.
രക്താക്ഷൻ:
മഹാരാജാവുതന്നെയോ! എന്നിട്ടും ആ മൂർഖൻ ജീവിച്ചിരിക്കുന്നുവോ?
കരണ്ടകൻ:
ഒരസമയത്താണു് മഹാരാജാവു തൃക്കൺപാർത്തതു്. അതുകൊണ്ടു് തല്ക്കാലം ഒന്നും ചെയ്വാൻ സാധിച്ചില്ല.
രക്താക്ഷൻ:
അതെന്തേ, പറയൂ.
കരണ്ടകൻ:
തനിക്കറിഞ്ഞുകൂടേ? ശൂർപ്പണഖാകുമാരിയുടെ നാസികാച്ഛേദം ചെയ്തതിനു പ്രതിക്രിയയായി സീത എന്നൊരു മാനുഷ്യസ്ത്രീയെ അപഹരിച്ചു മഹാരാജാവു് അന്തഃപുരത്തിലുള്ള പ്രമദവനത്തിൽ കൊണ്ടു വന്നു താമസിപ്പിച്ചിട്ടു കുറച്ചു നാളായല്ലോ. ആ സ്ത്രീ മഹാറാണിതിരുമനസ്സിലെ പ്രത്യേകരക്ഷയിലാണു് താമസിക്കുന്നതു്. അവരെ യാതൊരു വിധത്തിലും മഹാരാജാവു് ഉപദ്രവിക്കാറില്ല—ഇന്നു പ്രഭാതത്തിൽ മഹാറാണിതിരുമനസ്സിൽനിന്നും അവിടെ എഴുന്നെള്ളുകയുണ്ടായി.
രക്താക്ഷൻ:
അപ്പോഴോ?
കരണ്ടകൻ:
ചോദിക്കണോ? സ്വാമിനിയുടെ ചിലമ്പൊച്ച കേട്ട മാത്രയിൽ മഹാരാജാവു് അന്തഃപുരത്തിലേയ്ക്കു പോയി. അപ്പോഴാണു് ആരോ വൃക്ഷത്തിന്റെ മറവിലിരുന്നുകൊണ്ടു രാമനാമം ഉച്ചരിച്ചതു്. ശൂർപ്പണഖാകുമാരിയുടെ നാസികാച്ഛേദം ചെയ്തു ആ ദുരാത്മാവിന്റെ പേരു കേൾക്കുന്നതുതന്നെ മഹാരാജാവിനു വിരോധമാണു്. അതുകൊണ്ടാണു് പ്രമദവനം സൂക്ഷിച്ചു തിരുമുമ്പിലാക്കുവാൻ കല്പനയായതു്.
കാവല്ക്കാരൻ:
യജമാന്നേ, അതാ, ഉപവനത്തിൽ വലിയ കോലാഹലം കേൾക്കുന്നു. ആരോ വൃക്ഷങ്ങൾ തല്ലിത്തകർക്കുന്നപോലെ തോന്നുന്നു.
കരണ്ടകൻ:
പ്രമദവനം തകർക്കയോ! വേഗം നമുക്കു് അങ്ങോട്ടു പോകാം.

എല്ലാവരും പോകുന്നു.

വിഷ്കംഭം കഴിഞ്ഞു.

(മണ്ഡോദരിയുടെ മേഘനാദനും പ്രവേശിക്കുന്നു)

മേഘനാദൻ:
അമ്മ സങ്കടപ്പെടരുതു് വീരന്മാർ യുദ്ധത്തിൽ മരിക്കുക പതിവാണു്.
മണ്ഡോദരി:
അതേ, എങ്കിലും പൗലസ്ത്യപുത്രനെ ഒരു വാനരൻ കൊന്നുവെന്നുള്ളതു് എങ്ങനെ അഭിമാനകരമാകും?
മേഘനാദൻ:
അമ്മ അങ്ങനെ വിചാരിക്കേണ്ട ആ വാനരത്തോടു ഞാനും യുദ്ധം ചെയ്തതാണു്; ഇന്ദ്രനെ ജയിക്കുന്നതിൽക്കൂടുതൽ വിഷമമുണ്ടായിരുന്നു ആ കുരങ്ങനെ ജയിക്കുവാൻ—
മണ്ഡോദരി:
അവൻ ഇത്ര കേമനോ?
മേഘനാദൻ:
ഒരു വെറും കുരങ്ങനാണവനെന്നു ഞാൻ വിചാരിക്കുന്നില്ല.
മണ്ഡോദരി:
പിന്നാരാണു്?
മേഘനാദൻ:
എന്റെ ഊഹം പറയാം.

ദേവാസുരന്മാരിലൊരുത്തനീവിധം

ദുസ്സാഹത്തിന്നു തുനിഞ്ഞുകൊള്ളുമോ?

ഉമ്പർക്കു് മാറാത്തൊരു താങ്ങലായിടും

വൈകുണ്ഠനാണായതു തർക്കമില്ല മേ. 1

അസുരകുലദ്വേഷിയായ വിഷ്ണു മുമ്പു പലപ്പോഴും ഇങ്ങനെ നികൃഷ്ടജന്തുക്കളുടെ രൂപമെടുത്തു നമ്മുടെ പൂർവികന്മാരെ ചതിച്ചിട്ടുള്ളതല്ലേ? അങ്ങനെയാണു് ഇപ്പോഴും എന്നുള്ളതിനു് എനിക്കു സംശയമില്ല.

മണ്ഡോദരി:
അങ്ങനെയായി വരുമോ?
മേഘനാദൻ:
എന്തു സംശയം?

മുന്നം സൂകരവേഷധാരിയവനോ

കൊന്നൂ ഹിരണ്യാക്ഷനെ;-

പ്പിന്നെക്കേസരിയായ തദീയസഹജൻ-

തന്നെപ്പിളർന്നില്ലയോ;

ഇന്നീ, വാനരരൂപമാർന്നൂപവനം

കയ്യേറുവാൻ വന്നതും,

സന്ദേഹം നഹി, സർവദൈത്യരിപുവാം

നാരായണൻതന്നെയാം. 2

അല്ലാതാർക്കു് ഈ ലങ്കാനഗരത്തിന്റെ ദുർഗ്ഗങ്ങൾ കടന്നു രാക്ഷസസേനയാൽ സുരക്ഷിതമായ പ്രമദവനത്തിൽ പ്രവേശിക്കുന്നതിനു കഴിയുന്നു? ഇത്ര പരാക്രമികളായ സേനാധിന്മന്മാരെ നിഷ്പ്രയാസം വധിക്കുന്നതിനു സാധിക്കുന്നു? അതുകൊണ്ടു് അമ്മ ഒരു കാലത്തും സങ്കടപ്പെടരുതു്.

മണ്ഡോദരി:
അങ്ങനെയുള്ള ഒരു മഹാവീരനേയും എന്റെ മകൻ നിഷ്പ്രയാസം ജയിച്ചു ബന്ധിച്ചുവല്ലോ. വെറുതെയാണോ എന്നെ വീരസ്തൂ എന്നു ജനങ്ങൾ പുകഴുത്തുന്നതു്. (എന്നു മകനെ ആശ്ലേഷിക്കുന്നു.)
മേഘനാദൻ:
എനിക്കു് എന്തെങ്കിലും സാമർത്ഥ്യമുണ്ടെങ്കിൽ അമ്മയുടെ അനുഗ്രഹംകൊണ്ടും അച്ഛന്റെ ശിക്ഷണം കൊണ്ടും മാത്രമേ ഉള്ളു. ഇങ്ങനെ മനസ്വിനിയായ അമ്മയും ഇത്ര പരാക്രമിയായ അച്ഛനും വേറെ ആർക്കാണുണ്ടാകുന്നതു്?
മണ്ഡോദരി:
(സന്തോഷത്തോടെ) കൈലാസോദ്ധാരണം ചെയ്ത അച്ഛനു് ഇന്ദ്രനെ ബന്ധിച്ച മകൻ. ഞാൻ എല്ലാംകൊണ്ടും ഭാഗ്യവതിതന്നെ.

വല്ലഭന്റെ പെരുതാം പ്രതാപവും

നല്ല പുത്രനുടെ സദൃശസ്സുമേ

തെല്ലു വേറെയൊരു ഭാഗ്യമേലുവാ-

നില്ല കാമിനിജനത്തിനൂഴിയിൽ 3

മേഘനാദൻ:
അമ്മ സന്തോഷിക്കുന്നതിൽക്കൂടുതൽ വേറേ എന്തൊരു ഭാഗ്യമാണു് ഈയുള്ളവർക്കു വേണ്ടതു്?
മണ്ഡോദരി:
നിന്നിൽ ഇത്ര സൽഗുണവും വിനയവും അനൗദ്ധത്യവും കാണുന്നതിൽ ഞാൻ ആശ്ചര്യപ്പെടുന്നില്ല. മഹാനുഭാവനായ നിന്റെ അച്ഛന്റെ ഗുണഗണങ്ങൾ വിചാരിക്കുമ്പോൾ അങ്ങനെയാവാനേ ന്യായമുള്ളൂ. നീ പിതാവിനു തുല്യനായിത്തന്നെ വളർന്നുവരട്ടെയെന്നാണു് എന്നുമെനിക്കു പരമേശ്വനോടുള്ള പ്രാർത്ഥന.
മേഘനാദൻ:
അതുതന്നെ എനിക്കു് ഏറ്റവും മഹത്തായ അനുഗ്രഹം.
മണ്ഡോദരി:
മകനേ എനിക്കു് ഒരു കാര്യം കൊണ്ടു വലിയ കുണ്ഠിതമുണ്ടു്.
മേഘനാദൻ:
എന്തു വ്യസനവും മാറ്റാനല്ലേ ഈയുള്ളവർ?
മണ്ഡോദരി:
വ്യസനമല്ല; ഒരു മാറാത്ത വിചാരമാണു്. നിന്നോടു പറയാമല്ലോ. ഈ ജാനകിയെ നിന്റെ അച്ഛൻ ഇവിടെ കൊണ്ടുവന്നു പാർപ്പിച്ചതു മുതൽ ദുശ്ശകുനങ്ങളേ കാണുന്നുള്ളു. ഇപ്പോൾ ഇതാ, പ്രമദവനം തന്നെ തകർക്കപ്പെട്ടിരിക്കുന്നു. നിന്റെ അനുജനും മരിച്ചിരിക്കുന്നു. ആ പെൺകുട്ടിയെ അവളുടെ ഭർത്താവിനു തിരികെ കൊടുത്തേയ്ക്കുരുതേ? നാം എന്തിനു് അവളെ ഈ അന്തഃപുരോദ്യാനത്തിൽ വെച്ചുകൊണ്ടിരിക്കുന്നു?
മേഘനാദൻ:
അമ്മേ, അച്ഛൻപെങ്ങളുടെ മൂക്കു മുറിച്ചതിന്റെ പ്രതിക്രിയയായി ആ സ്ത്രീയെ നാമപഹരിച്ചതല്ലേ? ഇപ്പോൾ കൊടുക്കുന്നതു നമ്മുടെ അഭിമാനത്തിനു ചേർന്നതാണോ?
മണ്ഡോദരി:
നീ പറയുന്നതു ശരിയായിരിക്കാം, രാജനീതിയായിരിക്കാം. നീതി വിട്ടിട്ടു് ഒരു സംഗതി നിന്റെ അച്ഛൻ ചെയ്തയില്ലെന്നുള്ളതു തീർച്ചതന്നെ. എങ്കിലും എനിക്കു് ആ രാജസ്ത്രീയെ കണ്ടിടത്തോളം ബഹുമാനവും ആദരവും തോന്നുന്നു. ഇത്രനാളായിട്ടും അവളുടെ ഭർത്തൃഭക്തിക്കോ സങ്കടത്തിനോ കുറവു കാണുന്നില്ല. ഭർത്തൃനാമമല്ലാതെ അവളുടെ നാവിൽനിന്നൊരക്ഷരം പോലും പുറത്തുവരുന്നില്ല. എല്ലായ്പോഴും വ്രതനിയമങ്ങൾകൊണ്ടു ദേഹം ക്ഷീണിപ്പിക്കുന്നു. ഇങ്ങനെ പതിവ്രതയായ ഒരു പെൺകുട്ടിയുടെ കരൾ കരിയുന്ന സങ്കടം നമ്മുടെ കുലത്തിനു ഗുണമായി വരികയില്ല.
മേഘനാദൻ:
അമ്മ പറയുന്നതു വാസ്തവം തന്നെ. പക്ഷേ, വിചാരിക്കുക:

ദ്രോഹിച്ചു രാഘവനകാരണമായി നമ്മെ;

ഛേദിച്ചു ശൂർപ്പണഖതൻ മുലമൂക്കിതെല്ലാം;

നേരിട്ടെതിർത്തൊരു ഖരാദിയെ നിഗ്രഹിച്ചു;

പാരിൽപ്പരത്തിയപമാനമിവർക്കനേകം. 4

ആ സ്ഥിതിക്കു് എന്തെങ്കിലും തക്കതായ ഒരു പ്രതികാരം ചെയ്യാതിരുന്നാൽ രാക്ഷസരാജാവു് അശക്തനെന്നു് ആളുകൾ അപവദിക്കയില്ലേ? പോരെങ്കിൽ നാമിപ്പോൾ ഈ സ്ത്രീയെ വിട്ടുകൊടുക്കയാണെങ്കിൽ രാമനെപ്പേടിച്ചാണു് അങ്ങനെ ചെയ്തതെന്നും ആളുകൾ പറയും.

മണ്ഡോദരി:
അതൊന്നുമെനിക്കറിഞ്ഞുകൂടാ. ആ പെൺകുട്ടിയെ കാണുന്തോറും എന്റെ മനസ്സിൽ സങ്കടം മാത്രമല്ല, ഓരോ ദുശ്ശങ്കകളും ജനിക്കുന്നു. നീ കേട്ടിട്ടുണ്ടോ, ഈ അശോകവനത്തിൽവെച്ചു് ഒരു പെൺകുട്ടിയെ അച്ഛനു കണ്ടുകിട്ടിയതു് ?
മേഘനാദൻ:
ആരോ അതേപ്പറ്റി കുറെ വർഷത്തിനു മുമ്പു പറയുന്നതു കേട്ടു. അതിപ്പോഴെങ്ങുമല്ലല്ലോ.
മണ്ഡോദരി:
നിനക്കു തീരെ ചെറുപ്പമായിരുന്നു ഒരു പത്തിരുപതുവർഷം മുമ്പാണു്. ആ കഥ വളരെ ഗോപ്യമായിട്ടാണു് ഇതുവരെ വെച്ചിട്ടുള്ളതു്.
മേഘനാദൻ:
അതെന്തായിരിക്കാം?
മണ്ഡോദരി:
ജാനകി ഇപ്പോൾ ഇരിക്കുന്ന ആ അശോകവൃക്ഷത്തിന്റെ താഴെവെച്ചുതന്നെ ഒരു ശിശുവിനെ നിന്റെ അച്ഛൻ കണ്ടു. ആ കുട്ടിയുടെ ദിവ്യതേജസ്സു കണ്ടു് അവളെ നിന്റെ സഹോദരിയായി വളർത്തണമെന്നു ഞാൻ ആഗ്രഹിച്ചു. പക്ഷേ, ഭഗവാൻ ശുക്രാചാര്യൻ അവളുടെ ജാതകം പരിശോധിച്ചപ്പോൾ ആ സ്ത്രീ ഈ അന്തഃപുരത്തിൽ എന്നു വാഴുന്നുവോ അന്നു് ഈ കുലത്തിനു് ഉന്മൂലനാശമുണ്ടാകുമെന്നായിക്കണ്ടു. അതുകൊണ്ടു് അവളെ ഉപേക്ഷിക്കയാണു് ചെയ്തതു്.
മേഘനാദൻ:
(ചിരിച്ചും കൊണ്ടു്) എന്തു് അന്ധവിശ്വാസം!
മണ്ഡോദരി:
പ്രായവും ഒത്തുകാണുന്നു. ആ ദിവ്യതേജസ്സുതന്നെ ഈ ജാനകിയുടെ മുഖത്തുമുണ്ടു്. (പുറത്തു വലിയ മുറവിളി കേൾക്കുന്നു.) അയ്യോ! മഹാരാജാവിനു വല്ലതും സംഭവിച്ചുവോ? എന്താണിത്ര വലിയ കോലാഹലം കേൾക്കുന്നതു്.
മേഘനാദൻ:
ആശ്ചര്യം, അത്യാശ്ചര്യം, ലങ്കാനഗരത്തിനഗ്നിബാധയോ! എത്ര ഊർജ്ജിതമായിട്ടാണു് തീ കത്തിക്കാളുന്നതു് !

ജ്വാലാജിഹ്വകൾ നീട്ടിയമ്മലിനമാം

ധൂമാംബരം ചാർത്തിയു-

ദ്വേലോഗ്രപ്രഭവത്തൊടേ സകലവും

ഭസ്മീകരിച്ചങ്ങനെ

കാലാന്തത്തിൽ വരുന്ന കാളിയുടെ ഭീ-

യേറ്റുന്ന രൂപത്തൊടും

മേലേ പാവകനുണ്ടു പൊങ്ങിടുവതി-

ന്നാകാശമാർഗ്ഗത്തൊളം. 5

മണ്ഡോദരി:
മഹാരാജാവിന്റെ കൊട്ടാരത്തിനും തീ പിടിച്ചുകാണുമോ?
മേഘനാദൻ:
അമ്മ ഭയപ്പെടേണ്ട. അങ്ങനെ ഒരിക്കലും ഉണ്ടാകയില്ല. ഇതാ, അമ്മ നോക്കൂ, ജ്വലിക്കുന്ന പാവകന്റെ പ്രതാപം!

പറക്കുന്നൂ വന്തീപ്പൊരികളിള

വില്ലാതെ; പെരുതാം

പുരക്കൂടും കത്തിപ്പൊടുപൊടെനെ

വീഴുന്നു ബലമായ്;

തിരക്കിൽ പായുന്നൂ മുറവിളിയൊടും

ലക്കു വെടിയേ

ജനക്കൂട്ടും കാളും ജ്വലനനുടെ

കയ്യീന്നകലുവാൻ 6

കത്തിക്കാളുന്ന അഗ്നിയുടെ ജ്വാലകൊണ്ടു് എന്തൊരു അസാധാരണപ്രഭയാണു് കാണുന്നതു്!

മണ്ഡോദരി:
അയ്യോ ദൈവമേ, എന്തു കഷ്ടമാണു്!എന്തു സങ്കടമാണു്! എത്ര ആളുകൾക്കാണാപത്തു്! എത്ര കുഞ്ഞുകുട്ടികളാണു് വീടും കുടിയും ഇല്ലാതായിപ്പോകുന്നതു്! അതാ, കൊട്ടാരത്തിനുതന്നെ തീ പിടിച്ചു തുടങ്ങുന്നു അയ്യോ, മഹാരാജാവു്! (എന്നു വിലപിക്കുന്നു.)
മേഘനാദൻ:
അമ്മ ഒട്ടും പരിഭ്രമിക്കേണ്ട. ഈ അഗ്നിബാധ അസ്ത്രശക്തികൊണ്ടു് ഇപ്പോൾത്തന്നെ ഞാൻ അടക്കാം (എന്നു വില്ലു കുലയേറ്റി വരുണാസ്ത്രം ജപിക്കുന്നു) ഇതാ, നോക്കിയാലും മന്ത്രപ്രഭാവം! അഗ്നിബാധ ഒന്നോടെ ശമിച്ചിരിക്കുന്നു.
മണ്ഡോദരി:
ആശ്ചര്യം.

മങ്ങീ തീപ്പൊരിയാകമാനമുടനേ:

വൻകാറ്റടങ്ങീ ക്ഷണാൽ;-

പ്പൊങ്ങും ജ്വാല ശമിച്ചു; പാഴ്പുകയക-

ന്നാകാശമായ് നിർമ്മലം;

അങ്ങിങ്ങാധിയൊടോടിയോർ സകലരും

നിശ്ചേഷ്ടരായ്;യൊന്നൊടേ

രംഗം ശാന്തതയാർന്നു; വിസ്മയമഹോ!

വൻമാന്ത്രിക പ്രഭാവം! 7

മന്ത്രബലം കൊണ്ടും പ്രതാപം കൊണ്ടും സാധിക്കാതെന്തുള്ളു?

മേഘനാദൻ:
അമ്മേ, ഞാൻ കണ്ടിടത്തോളം കൊണ്ടു് ഇതത്ര നിസ്സാരമായ കാര്യമല്ല: ഈ ലങ്കാനഗരത്തിൽ മൂലോകപ്പെരുമാളിന്റെ രാജധാനിയിൽ, തീ കൊളുത്തുവാൻ ധൈര്യമുണ്ടാകുന്നതു് ഏതൊരുവനാണു്?
മണ്ഡോദരി:
അതാണു് ഞാനും വിചാരിക്കുന്നതു്. ഈ സംഭവം എന്റെ ആശങ്കയെ വർദ്ധിപ്പിക്കുന്നതേയുള്ളു.

(ചിത്രലേഖ പ്രവേശിക്കുന്നു.)

ചിത്രലേഖ:
(ഭയാകുലയായി) സ്വാമിനി, കൊട്ടാരത്തിനു തീ പിടിച്ചിരിക്കുന്നു. ലങ്കാനഗരം മുഴുവൻ തന്നെ വെന്തുപോയി.
മേഘനാദൻ:
(ചിരിച്ചുംകൊണ്ടു്) അങ്ങനെയുണ്ടായോ? എവിടെയാണു് അഗ്നിബാധ? ഞാൻ നോക്കിയിട്ടു കാണുന്നില്ലല്ലോ.
ചിത്രലേഖ:
(ജനാലയിൽക്കൂടി നോക്കി ആശ്ചര്യഭാവം നടിച്ചിട്ടു്) ഞാൻ ധൃതിയിൽ ഇങ്ങോട്ടു പോന്നപ്പോൾ തീ ആളിക്കത്തുകയായിരുന്നു. ഇപ്പോഴാവട്ടെ, ഒരു തീപ്പൊരിപോലും കാണുന്നില്ല. എന്തു മായയാണു്?
മണ്ഡോദരി:
തീ കത്തിയതു ശരിയാണു്. നോക്കൂ, കത്തിവീണ മേൽക്കൂടുകളോടും പാതിയെരിഞ്ഞ തൂണുകഴുക്കോൽ മുതലായവ അതേപടിതന്നെയും, രക്ഷപ്പെടാനായി രാജപാതയിലേയ്ക്കു് സംഭ്രാന്തി പിടിപെട്ടോടിയ ആളുകൾ വിസ്മയഭരിതരായി അവിടവിടെ കൂട്ടമായും കാണുന്നില്ലേ? കുമാരൻ അസ്ത്രശക്തികൊണ്ടു് അഗ്നിയെ സംഹരിച്ചതാണു്.
ചിത്രലേഖ:
കുമാരന്റെ പ്രതാപം!
മേഘനാദൻ:
ആട്ടെ, ഈ അഗ്നിബാധ എങ്ങനെയാണുണ്ടായതെന്നു വല്ലതും കേട്ടുവോ?
ചിത്രലേഖ:
ദ്വാരപാലന്മാർ തമ്മിൽ സംസാരിക്കുന്നതു കേട്ടു. കുമാരനാൽ ബന്ധിക്കപ്പെട്ട ആ വാനരൻ തിരുമുമ്പിൽ ഹാജരാക്കപ്പെട്ടപ്പോൾ മഹാരാജവിനെ അധിക്ഷേപിച്ചു സംസാരിച്ചുപോലും. അപ്പോൾ ആ നീചമൃഗത്തിന്റെ വാലിൽ തീ കൊളുത്തുവാൻ സഭയിലുള്ളവർ ആജ്ഞാപിച്ചു. തീ കൊളുത്തിയ ഉടൻ മായകൊണ്ടു് ബന്ധനത്തിൽനിന്നുമൊഴിഞ്ഞു്, മർക്കടത്താന്റെ തോന്ന്യാസത്തോടുകൂടി ഓരോ മാളികമുകളിൽ ചാടിക്കയറി തീപിടിപ്പിക്കയാണുപോലും ഉണ്ടായതു്.
മേഘനാദൻ:
(സഗൗരവം)തർക്കമില്ല. ഇതു് അസുരദ്വേഷിയായ വിഷ്ണുവിന്റെ കുത്സിതപ്രവൃത്തിതന്നെയാണു്. ഞാൻ പോയി അന്വേഷിക്കട്ടെ. അമ്മ അനുവദിക്കണം.
മണ്ഡോദരി:
ഇതെല്ലാംകൊണ്ടു് എന്റെ ഹൃദയം തരളമായിരിക്കുന്നു. ഞാനും ഒട്ടു വിശ്രമിക്കട്ടെ.

(എല്ലാവരും പോകുന്നു)

നാലാമങ്കം കഴിഞ്ഞു.

അഞ്ചാമങ്കം

വിഭീഷണനും സരമയും പ്രവേശിക്കുന്നു

വിഭീഷണൻ:
ചിരകാലപ്രാർത്ഥിതമായ ആ അവസരം വരാറായിരിക്കുന്നു. രാക്ഷസചക്രവർത്തിനി ഇനി നീയെന്നുതന്നെ വിചാരിച്ചുകൊള്ളുക.
സരമ:
(പുച്ഛഭാവത്തിൽ)ചിലരെക്കൊണ്ടു് ഇങ്ങനെ ഒക്കെ പറവാൻ സാധിക്കും. ആണുങ്ങളെക്കൊണ്ടേ കാര്യസാദ്ധ്യമുണ്ടാകയുള്ളു. ഇവിടെ വരുമ്പോൾ പ്രതാപി. ജ്യേഷ്ഠന്റെ മുമ്പിൽ പൂച്ച. കുറച്ചെങ്കിലും പൗരുഷമില്ലാത്തവരെക്കൊണ്ടെന്തു സാധിക്കും?
വിഭീഷണൻ:
ജ്യേഷ്ഠനെ ബഹുമാനിക്കുന്നതിലെന്താണു് അപൗരുഷം?
സരമ:
നല്ല ന്യായസ്ഥൻതന്നെ. ജ്യേഷ്ഠനെ ബഹുമാനിക്കേണ്ടതാണു്, അല്ലേ? അതു മഹാരാജാവിനോടുതന്നെ ചോദിച്ചു മനസ്സിലാക്കൂ. അല്ലെങ്കിൽ മൂത്ത ജ്യേഷ്ഠൻ കുബേരനോടു ചോദിക്കണം. എച്ചിൽച്ചോറു തിന്നുന്നതിനല്ലാതെ വല്ലതിനും കൊള്ളാമോ? ഒന്നുമില്ലെങ്കിൽ എന്റെ കാര്യമെങ്കിലും വിചാരിക്കേണ്ടേ? ആ മണ്ഡോദരിയുടെ ഭാവവും അവസ്ഥയും കാണുമ്പോൾ എനിക്കു കോപം വരുന്നു. എനിക്കെന്താണു് അവളോടു നോക്കിയാൽ കുറവു്? ഞാൻ രാജപുത്രി. കൊട്ടാരത്തിൽ സർവൈശ്വര്യസമ്പത്തോടെ വളർന്നവൾ. അവളോ? ഒരാശാരിപ്പണിക്കന്റെ മകൾ. എങ്ങാണ്ടു കാട്ടിൽ തെണ്ടിനടന്നിരുന്നുപോലും! അവരവരുടെ തലയിലെഴുത്തു്, അല്ലാതെ എന്തു പറയുന്നു?
വിഭീഷണൻ:
നീ വ്യസനിക്കേണ്ട. ഇനി ചക്രവർത്തിനി നീയാണെന്നു പറഞ്ഞില്ലേ?
സരമ:
ഓഹോ! ഈ മിടുക്കൊക്കെ എത്ര പ്രാവശ്യം കേട്ടിരിക്കുന്നു! ഭാവമൊക്കെ കേമം തന്നെ. മഹാരാജാവിന്റെ സോദരനാണു്. വലിയ നീരാളങ്ങൾ ധരിക്കുന്നുണ്ടു്. ആഭരണങ്ങൾ അണിയുന്നുണ്ടു്. സേവകന്മാരുണ്ടു്. കൊട്ടാരമുണ്ടു്. പിന്നെ ഞെളിയരുതോ? എന്തു കണ്ടിട്ടാണോ ഞെളിയുന്നതു്?
വിഭീഷണൻ:
ഇത്തവണ അങ്ങനെയല്ല. രാവണനു പ്രബലനായ ഒരു ശത്രുവുണ്ടായിട്ടുണ്ടു്. കണ്ടില്ലേ, ലങ്കതന്നെ കത്തിയതു് ?
സരമ:
അതു് ഒരു കുരങ്ങന്റെ വാലിൽനിന്നും തീപ്പിടിച്ചതല്ലേ?
വിഭീഷണൻ:
കുരങ്ങോ, കൊള്ളാം. അതു ശ്രീരാമദേവന്റെ ദൂതനായ ഹനുമാനാണു് ചെയ്തതു്. ശ്രീരാമന്റെ കാര്യം ഞാൻ പറയാറില്ലേ? ഖരദൂഷണത്രിശിരാദികളെ കൊന്നതുമുതൽ ഞാൻ രാമന്റെ കഥകൾ അന്വേഷിച്ചുവരുന്നുണ്ടു്. ഞങ്ങൾ തമ്മിൽ മൈത്രിക്കു വേണ്ട ഏർപ്പാടുകളും ചെയ്തിട്ടുണ്ടു്.
സരമ:
രാവണനെ തോല്പിക്കത്തക്ക കേമനാണോ രാമൻ? ദിവ്യായുധശക്തിയുള്ള ഇന്ദ്രജിത്തിനെ ആരു തോല്പിക്കും? പറയാമല്ലോ, എനിക്കത്ര വിശ്വാസമാകുന്നില്ല.
വിഭീഷണൻ:
രാമൻമാത്രമാണെങ്കിൽ മേഘനാദനെ കൊല്ലുവാൻ സാധിക്കുന്നതല്ല. ഹോമം ചെയ്തു കഴിഞ്ഞാൽ മേഘനാദനജയ്യനാണു്. പക്ഷേ, ഇവിടുത്തെ ഉള്ളുകള്ളികൾ അറിഞ്ഞ ഒരാൾ അവരുടെ പക്ഷത്തിലുണ്ടെങ്കിലോ?
സരമ:
അതാണല്ലേ ആലോചന? ഇപ്പോൾ അങ്ങോട്ടു ചേരാമെന്നാണു്. ആലോചിച്ചു വേണേ. അങ്ങുമിങ്ങുമില്ലാതായെങ്കിലോ?
വിഭീഷണൻ:
അങ്ങനെ ഒരിക്കലും വരികയില്ല. ത്രൈലോക്യവിക്രമനായ ബാലിയെത്തന്നെയും രാമൻ കൊന്നില്ലേ? അതിനാൽ രാമനോടു ചേർന്നതുകൊണ്ടു ദോഷമില്ല. നമ്മുടെ ആഗ്രഹങ്ങൾ സാധിക്കയും ചെയ്യും: നീ തന്നെയിനി ലങ്കേശ്വരി. നീ തന്നെ ഇനി രാക്ഷസ റാണി.

ഗർവം ചേർന്ന മയാത്മജാത ചരണാം-

ഭോജം ഭജിച്ചും രസാ-

ലുർവശ്യാദികൾ വേണ്ടവണ്ണമനിശം

സേവിച്ചുമത്യാദരാൽ

സർവൈശ്വര്യസുഖങ്ങളോടുമിവിടെ-

സ്സിംഹാനസനാരൂഢയാ-

യുർവിക്കീശ്വരിയായ് നിനക്കു വളരെ-

ക്കാലം വസിക്കാം പ്രിയേ! 1

സരമ:
അത്ര ഞെളിയേണ്ട. കണ്ടിട്ടാവട്ടെ. ഞാൻ ലങ്കേശ്വരിയാകുമ്പോൾ കണ്ടുകൊള്ളു, ആ ആശാരിപ്പെണ്ണിനു് എന്തു പറ്റുമെന്നു്. ആട്ടേ! മനോരാജ്യം കണ്ടതുകൊണ്ടെന്തു ഫലം? രാമൻ നമ്മെ സഹായിക്കുമെന്നെങ്ങനെ അറിയാം?
വിഭീഷണൻ:
അതിലല്ലേ നമ്മുടെ മിടുക്കു്? രാമദൂതനും ഞാനുമായി സന്ധിവ്യവസ്ഥകൾ ചെയ്തുകഴിഞ്ഞു. വേണ്ട സഹായം ഞാൻ ഇപ്പോൾ ചെയ്യാമെങ്കിൽ രാവണവധത്തിനുശേഷം ലങ്കാധിപതിയായി എന്നെ വാഴിക്കാമെന്നു രാമൻ ഏറ്റിട്ടുണ്ടു്. ഇനിയെങ്കിലും ഈ വിഭീഷണൻ നീ വിചാരിക്കുംപോലത്ര പൊട്ടനല്ലെന്നു നീ സമ്മതിക്കുമോ?
സരമ:
ഓഹോ, കേമൻതന്നെ. വമ്പു പറയാനും മറ്റുള്ളവരുടെ എച്ചിൽ തിന്നാനും വിഭീഷണനെപ്പോലാരുള്ളു? ഒന്നുകിൽ രാമന്റെ അല്ലെങ്കിൽ രാവണന്റെ ഏതായാലും ഞാൻ ലങ്കേശ്വരിയായി സിംഹാസനത്തിലിരുന്നു മണ്ഡോദരി എന്റെ കാലു തിരുമ്മുമ്പോൾ വിഭീഷണമഹാരാജാവു യോഗ്യനെന്നു സമ്മതിക്കാം.
വിഭീഷണർ:
അതിനു് അധികം താമസമുണ്ടാകയില്ല.
സരമ:
അങ്ങനെയാണെങ്കിൽ നമുക്കിപ്പൊഴേ ഇവിടുന്നു മാറിക്കളയരുതേ?
വിഭീഷണൻ:
അതിനു കാലമായില്ല. ഇവിടെ ചില ദുർഘടങ്ങൾ ഉണ്ടാക്കുവാനുണ്ടു്. എന്നിട്ടു വേണം. എന്നാലേ ആഗ്രഹംപോലൊക്കെ സാധിക്കയുള്ളു. ലോകരെല്ലാം വിഭീഷണനെ സ്തുതിക്കുന്നതു നിനക്കു കേൾക്കാറാകും.
സരമ:
അങ്ങനെയും വരാം. ലോകർ പരക്കെ മൂഢന്മാരല്ലേ?

(രണ്ടുപേരും പോകുന്നു.)

(രാവണൻ, വിഭീഷണൻ, പ്രഹസ്തൻ, മേഘനാദൻ മുതലായവർ പ്രവേശിക്കുന്നു.)

രാവണൻ:
നാം വിചാരിച്ചിരുന്നപോലെയല്ല. രാമന്റെ സൈന്യം കടൽതന്നെ കടന്നു് ഇക്കര കയറിയിരിക്കുന്നു. ഇനി യുദ്ധം തന്നെ.
പ്രഹസ്തൻ:
അതേ, യുദ്ധമൊരു മാർഗ്ഗമേയുള്ളു. ഇതുവരെ അധൃഷ്യയായ ലങ്കതന്നെ വിരോധികൾ വളഞ്ഞു കഴിഞ്ഞുവല്ലോ. ഇത്രനാൾതന്നെ നാം അടങ്ങിയിരുന്നതു തെറ്റായിട്ടില്ലേ എന്നു ഞാൻ സംശയിക്കുന്നു.
മേഘനാദൻ:
അക്കരവെച്ചു യുദ്ധംചെയ്തയായിരുന്നു നല്ലതെന്നു എനിക്കും തോന്നായ്കയില്ല.
രാവണൻ:
ഞാനും ആലോചിച്ചു ബലഹീനനായ ഒരു ശത്രുവിനെ കടന്നു് ആക്രമിച്ചു എന്നു ലോകർ അപവദിക്കുമല്ലോ എന്നുള്ള ശങ്കയൊന്നുമാത്രമാണു് എന്നെ ആ നിശ്ചയത്തിൽനിന്നും പിന്മാറ്റിയതു്. രണ്ടു ക്ഷത്രിയബാലന്മാരും അവരുടെ അനുചരന്മാരായി കുറെ കുരങ്ങന്മാരും ഇങ്ങോട്ടു പോകുന്നതുകൊണ്ടു നമുക്കു് എന്താണു് പേടിക്കാനുള്ളതു്?
വിഭീഷണൻ:
അങ്ങനെ നിസ്സാരമായിത്തള്ളേണ്ടാ; അവരുടെ പ്രതാപം നേരിട്ടെതിർക്കുമ്പോൾ നമുക്കറിയാറാകും. അവരിൽ ഒരാൾ മാത്രമായിട്ടില്ലേ ഇത്രയൊക്കെ വിക്രമങ്ങൾ ഇവിടെ കാണിച്ചിട്ടു പോയതു്?
മേഘനാദൻ:
അവരുടെ ബലമോ? അതെന്തു നിസ്സാരം! അച്ഛൻ ആജ്ഞാപിക്കുമെങ്കിൽ ഇന്നുതന്നെ അവരെ തോല്പിച്ചു കടൽക്കക്കര കടത്താമല്ലോ.
രാവണൻ:
നിന്നെക്കൊണ്ടു് അതും അതിൽ കൂടുതലും സാധിക്കുമെന്നു ലോകപ്രസിദ്ധമല്ലേ? പക്ഷേ, അങ്ങനെ ഒരു ജയംകൊണ്ടായില്ല. നമ്മുടെ ശക്തിയെ ഇപ്രകാരം ധർഷിച്ച രാമനേയും കൂടെയുള്ള വാനരസേനയേയും നിശ്ശേഷം ശമിപ്പിക്കതന്നെ വേണം.
വിഭീഷണൻ:
(വിനയഭാവത്തോടെ) ഞാൻ ഒന്നു് അറിയിച്ചുകൊള്ളട്ടെ; മഹാരാജാവു കോപിക്കരുതു്. കേട്ടതെല്ലാംകൊണ്ടു് ഇതത്ര എളുപ്പമായ സംഗതിയാണെന്നു തോന്നുന്നില്ല. രാമൻ അതിപ്രബലനാണു് അദ്ദേഹത്തിന്റെ വിക്രമമൊക്കെ കേട്ടിട്ടില്ലേ?
മേഘനാദൻ:
അവിടുത്തേയ്ക്കു് എല്ലാവരേയും പേടിതന്നെ. എന്താണു് രാമന്റെ പരാക്രമം?
വിഭീഷണൻ:
രാമന്റെ പരാക്രമമോ? ഉണ്ണി, ഞാൻ പറയാം: രാമൻ യുദ്ധത്തിലജയ്യനാണു്. കേട്ടു കൊൾക:

കൊന്നൂ താടകയേ; മുറിച്ചിതു ബലാൽ

ത്രയ്യംബകം കാർമ്മുകം;

വെന്നൂ ഹേഹയഭൂപബാഹുപടലി-

ക്കോടാലിയാം രാമനെ;

തന്നോടേറ്റ ഖരാദിയേയുമുലകം

വെന്നുള്ളൊരാ ബാലിയെ-

ത്തന്നേയും നിഹനിച്ച രാഘവബലം

കേൾക്കാത്തതാരീബ്ഭുവി? 2

മേഘനാദൻ:
ആര്യനു മറ്റുള്ളവരുടെ ഗുണം നല്ലവണ്ണം അറിയാം. ഈ പറഞ്ഞതിലൊക്കെ എന്താണു് വിശേഷമുള്ളതു് ?

നല്ലാർ താടക ശക്തിഹീന; ജരഠം

ത്രയംബകം; വൃദ്ധനായ്

വില്ലേന്താനുമശക്തനാം യമിവരൻ

ശ്രീഭാർഗ്ഗവൻ ബ്രാഹ്മണൻ;

പുല്ലാണിന്നു ഖരന്റെ ശക്തി;-യൊളിയ-

മ്പെയ്തല്ലയോ ബാലിയെ-

ക്കൊല്ലാനായതു; രാമബാഹുബലമി-

ന്നോർത്താൽ വിചിത്രം പരം! 3

വിഭീഷണൻ:
(പരിഹാസത്തോടെ) ലോകം ജയിച്ച നിനക്കു രാമന്റെ പരാക്രമം സാരമില്ല.

മായകൊണ്ടു വലശാസനന്റെ കൈ-

കാലു പണ്ടു യുധി നീ വരിഞ്ഞുപോൽ;

ആയകൊണ്ടു ജഗദേകവിക്രമ-

സ്ഥാനമുണ്ടിതി ഞെളിഞ്ഞീടേണ്ടടോ. 4

മേഘനാദൻ:
(അമർഷത്തോടെ) എന്റെ ചരിത്രം അവിടുന്നു് അറിയാത്തതിൽ ഞാൻ ആശ്ചര്യപ്പെടുന്നില്ല. എന്നാൽ കേൾക്കുക:

ഡംഭത്തോടുമെതിർത്തടുത്ത വലഭിൽ-

ക്കൊമ്പന്റെ തുമ്പിക്കരം

കമ്പിക്കാതെയരിഞ്ഞുവീഴ്ത്തിയടരിൽ

ദംഭോളിതൻ പീഡനം.

വമ്പോടെന്റെ ശിരസ്സിലേറ്റു ചെറുതും

കൂസാതെ കയ്യേറിയ-

ജ്ജംഭദ്വേഷിയെ ഞാൻ വലിച്ചു തിരുമു-

മ്പാൽ കാഴ്ചവെച്ചീലയോ? 5

പ്രഹസ്തൻ:
കുമാരന്റെ പ്രതാപംകണ്ടല്ലേ പിതാമഹൻ തന്നെ ഇന്ദ്രജിത്തെന്ന സ്ഥാനം തന്നിട്ടുള്ളതു്?
വിഭീഷണൻ:
ശരി, ശരി.
മേഘനാദൻ:
അവിടുത്തെ കഥയൊക്കെ എനിക്കറിയാം. സ്വജനദ്രോഹികളോടു വാദിച്ചിട്ടെന്തു ഫലം?
വിഭീഷണൻ:
ഞാൻ സ്വജനദ്രോഹിയോ! പ്രബലന്മാരായ ശത്രുക്കളോടു യുദ്ധംചെയ്യാൻ മഹാരാജാവിനെ ഉത്സാഹിപ്പിക്കുന്ന നിങ്ങളൊക്കെയാണു് സ്വജനദ്രോഹികൾ.

വിവേകവൃക്ഷത്തണലിങ്കൽ മാത്രമേ

നൃപേന്ദ്രലക്ഷ്മിക്കു വസിക്കുവാനിടം;

സ്വശക്തി തെല്ലും നിനയാതെ സാഹസ-

പ്രവൃർത്തിചെയ്വോൻ രിപു ഭൂപനെന്നുമേ. 6

രാവണൻ:
ശരി. വിവേകം തന്നെയാണു് രാജാക്കന്മാർക്കാദ്യമായി വേണ്ടതു്. എന്നാൽ വിഭീഷണ, ഇവിടെയെന്തവിവേകമാണു് നാം ചെയ്യാൻ ഒരുമ്പെടുന്നതു്? രിപുക്കൾ ആക്രമിച്ച രാജധാനി രക്ഷിക്കുന്നതിനല്ലേ നാം ആലോചിക്കുന്നതു്? രാമൻ പരാക്രമിയായിരിക്കാം. അതുകൊണ്ടെന്താണു്?

മാറത്തനാകുലമിതന്തകദണ്ഡമേറ്റും

സൈര്വം ശിരസ്സിലമരാധിപവജ്രമേറ്റും

യക്ഷാധിപന്റെ ഗദ വീറൊടു തോളിലേറ്റും

ശീലിച്ച നമ്മൊടു രഘൂദ്വഹനെന്തു കാട്ടും? 7

പ്രഹസ്തൻ:
(മേഘനാദനോടു്) മഹാരാജാവിന്റെ അനുനയവാക്കുകൾ എത്ര ഭംഗിയായിരിക്കുന്നു!
വിഭീഷണൻ:
അതൊക്കെ എന്തിനു പറയുന്നു? ഞാൻ സത്യത്തോടും മാത്രം ചേർന്നുനില്ക്കും. നിങ്ങളുടെ ഈ പ്രവൃത്തികൊണ്ടു കുലത്തിന്റെ പുണ്യം ക്ഷയിക്കയേ ഉള്ളു.
പ്രഹസ്തൻ:
എന്തു്, പുണ്യം ക്ഷയിക്കയോ?

എങ്ങു ശുക്രൻ കുലാചാര്യൻ;

എങ്ങു റാണി മയാത്മജ;

എങ്ങു ഭൂജാനി പൗലസ്ത്യൻ;

അങ്ങോ പുണ്യം ക്ഷയിപ്പതും? 8

അവിടുത്തെ അഭിപ്രായം വിചിത്രമെന്നേ പറവാനുള്ളു.

രാവണൻ:
വിഭീഷണ, അങ്ങനെ പറയരുതു്.

തന്നാളുകൾക്കധികമായ്

പിഴയെന്നിരുന്നാൽ-

ത്തന്നേയുമുത്തമജനം

വെടിയുന്നതല്ല;

മുന്നിട്ടെതിർത്ത രിപുവെത്ര

ഗുണാഢ്യനായും

ചെന്നാശ്രയിക്കുക നൃപർക്കനു

യോജ്യമാമോ? 9

വിഭീഷണൻ:
ആര്യാ, രിപുക്കളെ ആശ്രയിക്കണമെന്നു ഞാൻ പറയുന്നില്ല. ശ്രീരാമചന്ദ്രന്റെ ധർമ്മദാരങ്ങളെ തിരികെ കൊടുത്തു് അദ്ദേഹത്തെ ബഹുമാനിച്ചു സ്വീകരിക്കണമെന്നേ ഞാൻ പറയുന്നുള്ളു.

(എല്ലാവരും ചിരിക്കുന്നു.)

പ്രഹസ്തൻ:
ശരി. എന്നാൽ ശൂർപ്പണഖാകുമാരിയിൽ ചെയ്ത അപരാധം രാഘവൻ മാറ്റിത്തരും, അല്ലേ?
രാവണൻ:
വിഭീഷണന്റെ അഭിപ്രായം ഞാൻ മനസ്സിലാക്കി. സീതാപഹരണം തന്നെ ശരിയല്ലെന്നാണു് നിനക്കു തോന്നിയിട്ടുള്ളതു്. ശുർപ്പണഖ എന്റെ എന്നപോലെ നിന്റേയും സഹോദരിയാണല്ലോ. അവളുടെ നാസാച്ഛേദം ചെയ്ത ഈ ക്ഷത്രിയപശുക്കളോടു പേടിച്ചു സന്ധിചെയ്യണമെന്നല്ലേ പറയുന്നതു്? അതു നിനക്കു യോജിച്ചതുതന്നെ. നീ അങ്ങനെതന്നെ ചെയ്തുകൊള്ളുക. രാമപക്ഷപാതിയായ നീ അവരോടുതന്നെ ചേരുന്നതിനു ഞാൻ പൂർണ്ണമായി അനുവദിച്ചിരിക്കുന്നു. ഇവിടെ ആരും തടയുന്നില്ല. ഇപ്പോൾത്തന്നെ പോയ്ക്കൊൾക.

(വിഭീഷണൻ ഒന്നും മിണ്ടാതെ സദസ്സിൽനിന്നും പോകുന്നു.)

മേഘനാദൻ:
അച്ഛൻ അങ്ങനെ അരുളിച്ചെയ്തതു നമുക്കു വലിയ ദോഷമായിത്തീർന്നേയ്ക്കാം. പിതൃവ്യൻ നമ്മുടെ ബലവും ബലക്കേടും നല്ലവണ്ണം അറിയുന്ന ആളായതുകൊണ്ടു വിരോധികളുടെ കൂടെ ചേർന്നാൽ എന്തൊക്കെ അപകടത്തിനു് ഇടവരുമെന്നറിഞ്ഞുകൂടാ.
പ്രഹസ്തൻ:
കുമാരൻ പറഞ്ഞതു ശരിയാണു്. നമ്മുടെ സകലസംഗതികളും അറിഞ്ഞ ഒരാൾ അവരുടെ വശത്തുള്ള നമ്മുടെ സേനാശക്തിക്കു ക്ഷയത്തിനു കാരണമാകും. പ്രത്യേകിച്ചും അവിടുത്തെ ഒരു സഹോദരൻ അങ്ങനെ വിരോധികളോടു ചേരുന്നതു നമുക്കു് അപമാനകരവുമാണു്.
രാവണൻ:
(സമന്ദഹാസം) എത്ര വിഭീഷണന്മാർ രാമന്റെ പക്ഷത്തിൽ ചേർന്നാലും ഈ ക്ഷത്രിയരോടു യുദ്ധം ചെയ്യാൻ ഞാൻ മാത്രം മതി.

വെള്ളിക്കുന്നു പറിച്ചെടുത്തു ശിവനൃ

ത്തത്തിന്നു താളത്തിലായ്-

ത്തുള്ളിച്ചീശ്വരസേവചെയ്ത ഫലമാ-

മിച്ചന്ദ്രഹാസാസിക

ഭള്ളിൽപ്പോന്നെതിരിട്ട ദാശരഥിതൻ

കണ്ഠം മുറിച്ചൂക്കൊടേ

തുള്ളിച്ചാടിയ രക്തധാരകൾ കുടി-

ക്കാതിന്നടങ്ങീടുമോ? 10

അതുകൊണ്ടു വിഭീഷണൻ അങ്ങോട്ടുതന്നെ ചേർന്നു കൊള്ളട്ടെ. വ്യാജസ്നേഹം നടിക്കുന്നവർ എല്ലാക്കാലത്തും ബലക്ഷയത്തിനു കാരണമാണു്. പോകട്ടെ, ആ കാര്യത്തെപ്പറ്റി ഇനി വിചാരിക്കേണ്ടാ. സേനാസന്നാഹങ്ങൾ എങ്ങനെ ഇരിക്കുന്നു?

പ്രഹസ്തൻ:
എല്ലാം ശരിയായിട്ടുണ്ടു്. കോട്ടകൊത്തളങ്ങൾ ഞാൻ തന്നെ പരിശോധിച്ചു. സേനനായകന്മാർ എല്ലാവരും വന്നുചേർന്നിട്ടുണ്ടു്.
മേഘനാദൻ:
ശത്രുവിജയത്തിനു വേണ്ട ഹോമവും ഞാൻ തുടങ്ങിയിട്ടുണ്ടു്.
രാവണൻ:
ഇതാ,

കേൾക്കുന്നുണ്ടു ദിഗന്തരങ്ങൾ പൊടിയും

ഘോരാട്ടഹാസങ്ങൾ;വ-

ന്നേല്ക്കുന്നുണ്ടു വെളിക്കു ഗോപുരമതിൽ

പാഷാണജാലങ്ങളും,

ഊക്കേറും ചെറുഞാണൊലിധ്വാനികളും;

മദ്ദോർബ്ബലത്തേ ഹസി-

ച്ചിക്കാലത്തു വിളിക്കയോ രിപുബലം

യുദ്ധത്തിനീ നമ്മെയും 11

പ്രഹസ്തൻ:
മഹാരാജാവു കോപംകൊണ്ടു ശോഭിക്കുന്നു. അവിടുത്തെ ക്രോധാഗ്നിയിൽത്തന്നെ വിരോധികൾ നശിക്കുമെന്നുള്ളതിൽ ഞാൻ സംശയിക്കുന്നില്ല. എന്നാൽ ഒട്ടുനേരത്തേയ്ക്കു ക്ഷമിക്കണം സജ്ജമായിരിക്കുന്ന അവിടത്തെ സേനയുടെ ഒരു പംക്തി മതിയാകും ഈ ക്ഷത്രിയാധമന്മാരെ ഇല്ലാതാക്കുന്നതിനു്.
മേഘനാദൻ:
അതിനു സംശയമില്ല.

പടകളിളകിടുന്ന ഘോരനാദം

മതിയിവരെക്കടലിൽ തുരത്തിടാനായ്;

ധവളഗിരിയെടുത്തെറിഞ്ഞ കൈകൾ-

ക്കിവിടെയനസ്ത്രതതന്നെ ഭൂഷയാകും. 12

രാവണൻ:
അതേപ്പറ്റി കൂടുതൽ വിചാരിക്കേണ്ടതായിട്ടില്ല. വാനരപ്പടയുണ്ടോ രാക്ഷസസൈന്യത്തോടെതിർക്കുന്നു? ഈ ശാഖാമൃഗങ്ങളെ തുരത്തുന്നതിനു രാവണൻ വേണമെന്നില്ല—പക്ഷേ, എന്തുകൊണ്ടെന്നറിയുന്നില്ല, ഇതു നിങ്ങൾ പറയുന്നതുപോലെ ഒരു നിസ്സാരമായ കാര്യമാണെന്നു് എനിക്കു വിശ്വാസം വരുന്നില്ല.
മേഘനാദൻ:
(പ്രഹസ്തനോടു്) പിതൃവ്യന്റെ വാക്കു് അച്ഛനെ വ്യസനിപ്പിച്ചിട്ടുള്ളതുപോലെ തോന്നുന്നു.
പ്രഹസ്തൻ:
രാമൻ പ്രബലൻതന്നെ ആയിരിക്കാം, വാനരസേന നിസ്സാരവുമല്ലായിരിക്കും; എങ്കിലും.

മല്ലിട്ടുയക്ഷപുരിതന്നുടെ ദുർഗ്ഗപംക്തി

തല്ലിപ്പൊടിച്ച സുരനാടഖിലം മഥിച്ചൂ;

ഭള്ളുറ്റ കാലനുടെ കോട്ട തകർത്തു ലോകം

തുള്ളിച്ച രാക്ഷസഭടർക്കെതിർനില്പതാരാം?13

മേഘനാദൻ:
അതേ അങ്ങനെയുള്ള നമ്മുടെ പടയോടു വാനരന്മാർ എതിർക്കുമോ? അവരുടെ സാഹസത്തിന്റെ ഫലം അവർ ഉടനെ അനുഭവിക്കും.
രാവണൻ:
ഏതായാലും നിങ്ങൾ വേണ്ടതു ചെയ്യുക. യുദ്ധത്തിനു നാം എപ്പോഴും സന്നദ്ധനെന്നും ഓർത്തുകൊള്ളുക.

(മറ്റുള്ളവർ എല്ലാവരും പോകുന്നു.)

(രാവണൻ ചിന്താവ്യഗ്രനായി സ്വല്പനേരം ഇരിക്കുന്നു അല്പനേരം കഴിഞ്ഞു ആത്മഗതം) വിഭീഷണവാക്യം തീരെ തള്ളത്തക്കതല്ല; അഥവാ അങ്ങനെ വിചാരിച്ചിട്ടെന്തു കാര്യം?

രാജന്യ ബാലകരെതിർപ്പതിലെന്തു ബാലി-

ജിത്തിൻ മിടുക്കിലവനെന്തിനു ശങ്ക തെല്ലും?

(ഗൗരവത്തിൽ)

ഉണ്ടെൻകരത്തിൽ വിലസുന്നു പുരന്ദരന്റെ

ദോർദർപ്പസമ്പദപഹാരചണം കൃപാണം

(പോകുന്നു)

അഞ്ചാമങ്കം കഴിഞ്ഞു.

ആറാമങ്കം

(മണ്ഡോദരിയുടെ രണ്ടു ദാസിമാർ പ്രവേശിക്കുന്നു)

ഒന്നാമത്തവൾ:
ഹാ! സ്വാമിനിയെ ഈ നിലയിൽ കാണുകതന്നെ വയ്യ. ഇതുവരെ ദേവി വ്യസനം പുറത്തുകാട്ടാതെ ഒരു വിധത്തിൽ കഴിച്ചു. ഇപ്പോൾ മേഘനാദകുമാരൻ മരിച്ചു എന്നു കേട്ട ഉടനെ ഗതപ്രാണയെന്നപോലെ വീണുപോയി.
രണ്ടാമത്തവൾ:
അതിലെന്താണാശ്ചര്യം? ധൈര്യമുള്ളവർക്കു ദുഃഖം കുറെയൊക്കെ തടുത്തുനിർത്തുവാൻ സാധിക്കും. എന്നാൽ സഹിക്കവയ്യാത്ത കാഠിന്യം വരുമ്പോൾ കരകവിഞ്ഞൊഴുകുന്ന ആറുപോലെയാണു്. സങ്കടം മാറുന്നതിനും വളരെ പ്രയാസമുണ്ടു്.
ഒന്നാമത്തവൾ:
എപ്പോഴെങ്കിലും സങ്കടത്തിനധീനമാകാത്ത മനസ്സുണ്ടോ? ദേവി ഇത്രനാൾ ധൈര്യമലംബിച്ചിരുന്നതിലാണു് എനിക്കു് ആശ്ചര്യം.
രണ്ടാമത്തവൾ:
ഇപ്പോൾ സ്വാമിനി ഏതു സ്ഥിതിയിലായിരിക്കുന്നു?
ഒന്നാമത്തവൾ:
ബാല്യംതൊട്ടു കൂടെ വളർന്ന ചിത്രലേഖയമ്മ സാന്ത്വനവചസ്സുകൾകൊണ്ടു് ആശ്വസിപ്പിക്കാൻ നോക്കുകയാണു് മറ്റു തോഴിമാരും പരിചരിച്ചു് അരികെ ഉണ്ടു്. എന്നാൽ സങ്കടത്തിനു് ഒരു ശമനവുമില്ല. കുമാരന്റെ ഓരോ ഗുണങ്ങൾ പറഞ്ഞു കണ്ണുനീർ വാർത്തുകൊണ്ടുതന്നെയിരിക്കുന്നു.
രണ്ടാമത്തവൾ:
അങ്ങനെയാണു് ഇഷ്ടജനമരണത്തിൽ.

കാലക്രമേണ ഹൃദി വിസ്മൃതിയാൽ മറഞ്ഞും

മാഞ്ഞും കിടക്കുമനുഭൂതവികാരമെല്ലാം

സന്താപമേറ്റു ഹൃദി പൊങ്ങിവരും ക്രമത്താൽ:

കൊമ്പൻ മദിച്ച പുഴതന്നടിമണ്ണുപോലെ. 1

ഒന്നാമത്തവൾ:
ഇപ്പോൾ ദേവി “ഇവിടെയാണു് ആദ്യം കുമാരൻ കമഴ്‌ന്നു വീണതു്. ഇവിടെവെച്ചാണു് കുമാരൻ ഭഗവാൻ ശുക്രാചാര്യന്റെ അടുക്കൽ നിന്നു് അക്ഷരാഭ്യാസം ആരംഭിച്ചതു്, ഇവിടെവെച്ചാണു് വധുവായ പ്രമീളാദേവിയെ ദേവി ആലിംഗനം ചെയ്തതു്, ഇവിടെവെച്ചാണു് ദിഗ്വിജയം കഴിഞ്ഞു് ഇന്ദ്രനെ ബന്ധിച്ചു കൊണ്ടുവന്നശേഷം അമ്മയുടെ അനുഗ്രഹത്തെ അർത്ഥിച്ചുകൊണ്ടു പാദപ്രണാമം ചെയ്തതു്” എന്നിങ്ങനെ പൂർവ്വകഥകൾ ഓരോന്നായി പറഞ്ഞു താഴെ നിലത്തു കിടന്നുരുളുകതന്നെ ചെയ്യുന്നു.
രണ്ടാമത്തവൾ:
ദേവിയുടെ കഥ സങ്കടകരംതന്നെ. ലോകോത്തരപരാക്രമനായ ഒരു മകനെപ്പെറ്റിട്ടു് ആ കുമാരന്റെ മരണവും കാണേണ്ടിവന്നുവല്ലോ. ഇപ്പോൾ പിന്നെ അനുചാരികൾ എന്തു ചെയ്വാൻ പോകുയാണു്?
ഒന്നാമത്തവൾ:
അവരെക്കൊണ്ടു നിവൃത്തിയില്ലെന്നു കണ്ടിട്ടു സംഗതികൾ മഹാരാജാവിനെ അറിയിച്ചിരിക്കുയാണു്.
രണ്ടാമത്തവൾ:
എന്നാൽ ദേവിയെ ആശ്വസിപ്പിക്കുന്നതിനു മഹാരാജാവുതന്നെ ഇങ്ങോട്ടു എഴുന്നെള്ളാതിരിക്കയില്ല.
ഒന്നാമത്തവൾ:
ഇതാ, മഹാരാജാവു് പരിചാരകന്മാരെവിട്ടു വേത്രവതിയെ മുമ്പിൽ നടത്തി അന്തഃപുരത്തിലേയ്ക്കെഴുന്നെള്ളുന്നു അദ്ദേഹമാകട്ടെ,

ദുഃഖം കോപമമിത്രവൈരമിവയാൽ

ദീപ്താരുണാക്ഷൻ, സ്വതേ

ദുർധർഷൻ ദൃഢനിശ്ചയത്തികവിനാൽ

സ്ഥൈര്യം മുഖത്താണ്ടവൻ

യുദ്ധോദ്യുക്തവിചിത്രവേഷവിഭവൻ

ക്ഷോഭം വെടിഞ്ഞീടിലും

കത്താനുന്മുഖമായൊരഗ്നിഗിരിപോൽ

ശോഭിപ്പൂ രക്ഷോവരൻ. 2

രണ്ടാമത്തവൾ:
ശരിതന്നെ. മഹാരാജാവു് ഇങ്ങോട്ടുതന്നെ എഴുന്നെള്ളുന്നു. നമുക്കു വേഗം മാറിപ്പോകാം.

വിഷ്കംഭം കഴിഞ്ഞു.

(അനന്തരം മണ്ഡോദരിയും രാവണനും പ്രവേശിക്കുന്നു.)

മണ്ഡോദരി:
അവിടുന്നു പറയുന്നതു ശരിയാണു് പക്ഷേ, എനിക്കു് അവിടുത്തെപ്പോലെ സങ്കടത്തെ മനസ്സിൽ അടക്കിവെയ്ക്കുന്നതിനു സാധിക്കുന്നില്ല. അയ്യോ, അക്ഷകുമാര അയ്യോ, മേഘനാദാ!

(എന്നു പറഞ്ഞു മോഹാലസ്യപ്പെടുന്നു.)

രാവണൻ:
പ്രിയതമേ, ആശ്വസിക്കൂ ഇങ്ങനെ വ്യസനിച്ചിട്ടെന്താണു് ഫലം? ഈശ്വരപൂജയിൽ മഗ്നനായിരുന്ന ആ മേഘനാദനെ അധർമ്മമായി കൊന്ന ആ മനുഷ്യപശുക്കളെ ഇല്ലാതാക്കുന്നതിനല്ലേ നാമിപ്പോൾ ശ്രമിക്കേണ്ടതു് ? ഈ സങ്കടം വീരപ്രസുവായ നിനക്കുയോജിച്ചതല്ല.
മണ്ഡോദരി:
അവിടുന്നു പറയുന്നതു ബോദ്ധ്യമാകായ്കയല്ല: സങ്കടം മനസ്സിൽ ഒതുങ്ങുന്നില്ലെന്നേയുള്ളു. പുത്രന്മാർ മരിച്ച മാതാവിനെപ്പോലെ നിർഭാഗ്യവതിയായാരാണുള്ളതു്?
രാവണൻ:
സഭർത്തൃകയായ ഭവതി അങ്ങനെ സങ്കടപ്പെടരുതു്. നമ്മുടെ മകൻ വീരോചിതമായ വിധത്തിലാണു് മരിച്ചതെന്നു വിചാരിക്കുക.

പെരുത്തൊരു കരുത്തിനാലുലകു

മൂന്നുമൊന്നായ്ജ്ജയി-

ച്ചടക്കിയമരേന്ദ്രനെപ്പടയിൽ

വെച്ചു ബന്ധിച്ചവൻ

എതിർത്ത രഘുവീരരെശ്ശരനിരയ്ക്കു

കീഴാക്കിയോൻ

പടത്തലയിലൂറ്റമാമടരിലല്ലയോ

വീണതും? 3

മണ്ഡോദരി:
എന്റെ മകൻ വീരസ്വർഗ്ഗം തന്നെയാണു് പ്രാപിച്ചതു്. അതിനു തർക്കമില്ല.
രാവണൻ:
എനിക്കു പ്രിയപ്പെട്ട മകൻ നഷ്ടപ്പെട്ടു എന്നുമാത്രമല്ല, എന്റെ വലതുകൈതന്നെയാണു് ഖണ്ഡിക്കപ്പെട്ടതു്.

പ്രഹസ്തകുംഭാദികൾ കുംഭകർണ്ണൻ-

താനും മരിച്ചാരിതടർക്കളത്തിൽ;

അതിൽ ചലിച്ചീലിവ;-നീയൊരുണ്ണി

മരിക്കവേ പാതിമരിച്ചു ഞാനും 4

മണ്ഡോദരി:
അവനോടു തുല്യനായ ഒരു കുമാരൻ ഇനി എവിടെ? അവൻ ധർമ്മയുദ്ധത്തിലല്ലല്ലോ ജയിക്കപ്പെട്ടതെന്നു് ഞാൻ ആശ്വസിക്കുന്നു. ഈശ്വരനിഷ്ഠ മുട്ടിച്ചു പൂജയ്ക്കു വിഘ്നം വരുത്തി ഹോമപ്പുരയിൽവെച്ചുതന്നെയാണല്ലോ വിരോധികൾ എതിർത്തതു്. ഇതിനെല്ലാം കാരണം…
രാവണൻ:
അരുതു്. ചാരിത്രവതിയായ നിന്റെ കോപം കുലത്തോടെ മുടിക്കും. ഇതിനെല്ലാം കാരണക്കാരൻ വിഭീഷണൻ തന്നെ. എങ്കിലും അവന്റെ നാശം ഞാൻ ആഗ്രഹിക്കുന്നില്ല. രാമനെന്നെ ജയിക്കുമെങ്കിൽ അവൻ രാക്ഷസരാജാവായി വാണുകൊള്ളട്ടെ.
മണ്ഡോദരി:
അധർമ്മം ജയിക്കുമോ?
രാവണൻ:
ധർമ്മാധർമ്മം അറിഞ്ഞുകൂടാത്ത ഈ ക്ഷത്രിയപശുക്കളിൽനിന്നും ധർമ്മം ആശിച്ചിട്ടെന്തു ഫലം? അവർ കാടുകേറി നടക്കുന്ന അപരിഷ്കൃതന്മാർ. ശാശ്വതമായ ധർമ്മം അവർ അറിയുന്നില്ല ഓർക്കൂ:

ബാല്യത്തിൽ വമ്പിനൊടു പെൺ

കൊല ചെയ്ത വീരൻ;

സ്നേഹിച്ച തന്വിയുടെ

നാസയറുത്ത ധന്യൻ;

വഞ്ചിച്ചു ബാലിയെ വധിച്ചൊരു

സത്യസന്ധൻ-

കാകുൽസ്ഥനോളമറിയുന്ന

വനാരു ധർമ്മം? 5

അതുകൊണ്ടു് അതിനെപ്പറ്റി വിചാരിക്കേണ്ടതായിട്ടില്ല.

മണ്ഡോദരി:
(സങ്കടത്തോടെ) എങ്കിലും എന്റെ സീമന്തപുത്രന്റെ മരണത്തിൽ ഞാനെങ്ങനെ വ്യസനിക്കാതിരിക്കും? എത്രപേർ മരിച്ചു; ഏതെല്ലാം വിധത്തിൽ നാശമുണ്ടായി എത്ര സ്ത്രീകൾ വിധവകളായി; എത്രപേർ പുത്രർ മരിച്ചു കേഴുന്നു—ഈശ്വരാ! ഈ സങ്കടങ്ങൾ എന്നു നിലയ്ക്കും?
രാവണൻ:
മയപുത്രീ, ഖേദിക്കാതിരിക്കൂ. ഇന്നുതന്നെ ഈ ക്ഷത്രിയകുമാരിമാരെ ഞാൻ കൊല്ലുന്നുണ്ടു്. ഇനിയും മറ്റുള്ളവർ യുദ്ധം ചെയ്യേണ്ടയെന്നാണു് തീർച്ചയാക്കിയിരിക്കുന്നതു്. രാമലക്ഷ്മണന്മാരുടെ വീര്യം ഈ ദശകണ്ഠനോടു കാണിക്കട്ടെ.
മണ്ഡോദരി:
എന്നാൽ രാക്ഷസന്മാർ ജയിച്ചു.
രാവണൻ:
ഞാൻ നേരിട്ടു യുദ്ധത്തിനു പോകുന്നതിൽ നിനക്കാശങ്കയില്ലേ?
മണ്ഡോദരി:
(മുഖം തെളിഞ്ഞു പുഞ്ചിരിച്ചുകൊണ്ടു്) അവിടുന്നു യുദ്ധത്തിനു പോകുന്നതിൽ എനിക്കു ആശങ്കയോ? ആശങ്കയ്ക്കു് എന്താണവകാശം ലങ്കേശ്വരനോടു യുദ്ധത്തിനെതിർത്തുനില്ക്കുന്നവർ അകാലമരണം വരിക്കുകയാണെന്നു് ആർക്കാണു് അറിഞ്ഞുകൂടാത്തതു്?
രാവണൻ:
പക്ഷേ, യുദ്ധത്തിൽ ജയവും തോൽവിയും വരാമല്ലോ.
മണ്ഡോദരി:
മറ്റുള്ളവർക്കു വരാം.
രാവണൻ:
രാമന്റെ പരാക്രമം ചില്ലറയല്ല. കേട്ടിട്ടില്ലേ, ഖരദൂഷണത്രിശിരാക്കളെ മൂന്നര നാഴികക്കൊണ്ടു് കൊന്നതു് ?
മണ്ഡോദരി:
ഖരനല്ലല്ലോ ലങ്കേശ്വരൻ.
രാവണൻ:
ബലിഷ്ഠനായ കിഷ്കിന്ധാധിപതി ബാലിയെ ഒരമ്പുകൊണ്ടു കൊന്നില്ലേ?
മണ്ഡോദരി:
ബാലിയല്ലല്ലോ ലങ്കേശ്വരൻ.
രാവണൻ:
കുംഭനികുംഭാദികളേയും പ്രഹസ്തനേയും കുംഭകർണ്ണനേയും നിഷ്പ്രയാസം വധിച്ചില്ലേ?
മണ്ഡോദരി:
അവരാരുമല്ലല്ലോ ലങ്കേശ്വരൻ.
രാവണൻ:
നിന്റെ വിശ്വാസം എന്നെ അജയ്യനാക്കുന്നു. എനിക്കുള്ളതിൽ കവിഞ്ഞു ധൈര്യം തരുന്നു. യുദ്ധത്തിൽ തോറ്റു ഞാൻ ഒരുകാലത്തും നിന്റെ സമീപത്തിൽ വരുന്നതല്ല.
മണ്ഡോദരി:
വിജയിയായിത്തന്നെ വരും. (ഓർമ്മ നടിച്ചിട്ടു്) ഒന്നുകൊണ്ടേ എനിക്കു സ്വല്പമായ ഒരു രീതിയുള്ളു.
രാവണൻ:
അതെന്താണു്?
മണ്ഡോദരി:
ആ ജാനകിയെ അന്തഃപുരത്തിൽനിന്നു, മാറ്റണം.
രാവണൻ:
(ചിരിച്ചിട്ടു്) അതാ, പുറത്തു ചാടി സ്ത്രീകളുടെ…
മണ്ഡോദരി:
അതുകൊണ്ടൊന്നുമില്ല. ആര്യപുത്ര, ഓർക്കുന്നുണ്ടോ, ഒരു പത്തിരുപതു വർഷം മുമ്പു് ഒരു പെൺകുഞ്ഞിനെ അശോകത്തറയിൽനിന്നുതന്നെയെടുത്തു് എന്റെ കൈവശം കൊണ്ടേല്പിച്ചതു്?
രാവണൻ:
ഓർക്കുന്നുണ്ടു്. അതിനെ നാം കടലിൽ ഒഴുക്കിക്കളഞ്ഞില്ലേ?
മണ്ഡോദരി:
പക്ഷേ, ഓർക്കുന്നുണ്ടോ, ശുക്രചാര്യൻ ആ കുട്ടിയെപ്പറ്റി ദീർഘദർശനം ചെയ്തതു്?
രാവണൻ:
എന്തേ ദോഷമായ് പറഞ്ഞു.
മണ്ഡോദരി:
ആ കുട്ടി എന്നോ ഈ അന്തഃപുരത്തിൽ വന്നു താമസിക്കുന്നു, അന്നു വലിയ നാശങ്ങൾ ഉണ്ടാകുമെന്നു്—
രാവണൻ:
(പെട്ടെന്നോർമ്മിച്ചപോലെ) ഭഗവന്റെ ആ അരുളപ്പാടു ഞാൻ ഓർക്കുന്നു. അതുമിതുമായി എന്താണു് ബന്ധം?
മണ്ഡോദരി:
എനിക്കൊരു സംശയം—(എന്നു പറവാൻ മടിക്കുന്നു.)
രാവണൻ:
ദോഷമായാലും ഗുണമായാലും അറിയേണ്ടതാണു് ആവശ്യം. അതുകൊണ്ടു് ഭവതി ഒട്ടും മടിക്കേണ്ട.
മണ്ഡോദരി:
ആ പെൺകുട്ടിതന്നെയാണു് ഈ ജാനകിയെന്നു് എനിക്കു തോന്നുന്നു.
രാവണൻ:
(ആലോചിച്ചിട്ടു്) അങ്ങനെയാവാം—എന്നാൽ ദൈവവിധിയെന്നു വിചാരിക്കുക. ദൈവവിധി തടയുവാൻ ആർക്കും ശക്തിയില്ല. എന്നാൽ വിപരീതമായ വിധിയോടു പൊരുതേണ്ടതു് എല്ലാവരുടേയും കടമയാണു്.
മണ്ഡോദരി:
(സവിഷാദം) അതുകൊണ്ടു ഞാൻ വ്യസനിക്കുന്നില്ല.
രാവണൻ:
ഇപ്പോൾ എനിക്കു് ഓർമ്മവരുന്നു, ആ പെൺകുട്ടിയുടെ നാസാച്ഛേദം! അപ്പോൾ ശൂർപ്പണഖ പറകയുണ്ടായില്ലേ—അതു തന്നെയായിരിക്കാം, ജാനകി നിമിത്തം ഇങ്ങനെ ഒരു സങ്കടം അവൾക്കുണ്ടാകാൻ.
മണ്ഡോദരി:
അതുകൊണ്ടു് ഇനിയെങ്കിലും ഈ ജാനകിയെ അന്തഃപുരത്തിൽനിന്നു മാറ്റിത്താമസിപ്പിക്കരുതോ?
രാവണൻ:
(നിശ്ചയത്തോടെ) വിധിയെപ്പേടിച്ചു ചെയ്തിട്ടെന്തു ഫലം? വരാനുള്ളതു വരട്ടെ. യുദ്ധംതന്നെ ചെയ്യും. യുദ്ധത്തിൽ ജയവും പരാജയവും വരാവുന്നതാണു്. വൃത്രൻ, പാകൻ മുതലവർക്കുപോലും തോൽവി പറ്റിയില്ലേ? അതുകൊണ്ടു വിരോധികൾ എന്നെ വധിച്ചു എന്നു വരാം. അതോർത്തു നിനക്കു പേടിയില്ലേ?
മണ്ഡോദരി:
(ഗൗരവത്തിൽ) എനിക്കു പേടിയോ?

ആർതൻ നന്മുലയുണ്ടു മേഘനിനദൻ

ദേവേന്ദ്രദർപ്പം ഹരി-

പ്പാനാളായ്; സുഖമക്ഷനേയുമഴകിൽ

താരാട്ടിയാർതൻ കരം;

നാൽക്കൊമ്പദ്വിപകുംഭമുത്തുകളണി-

ഞ്ഞീടുന്നതാർതൻ കഴു;-

ത്താ ലങ്കേശ്വരി രാവണപ്രിയതമ-

യ്ക്കുണ്ടാവതാണോ ഭയം? 6

രാവണൻ:
ഒന്നുമാത്രം ഞാൻ പറയുന്നു. ഇത്ര കാലത്തിനിടയിൽ ഞാൻ ഏതെങ്കിലും അപരാധം നിന്നോടു ചെയ്തിട്ടുണ്ടെങ്കിൽ അതു് ഈ അവസരത്തിൽ നീ ക്ഷമിക്കണം.

അന്യോന്യപ്രണയത്തൊടും സുമുഖി, സൗ-

ഭാഗ്യാദിയെല്ലാം പകു-

ത്തെന്നാളും സുഖമായ് മനസ്വനി ചിരം

ജീവിച്ചു നാമിത്രനാൾ;

എന്നാലാവതുപോൽ വളർത്തി വിമലേ,

നിന്മേന്മ; വല്ലെങ്കിലും.

നിന്നോടിന്നപരാധിയെങ്കിലതുമേ

കല്യേ, പൊറുത്തീടണം. 7

മണ്ഡോദരി:
ആര്യപുത്രൻ അങ്ങനെ പറയരുതു്. അതു കേൾക്കുന്നതുതന്നെ എനിക്കു സങ്കടമാണു്. ഞാനാണല്ലോ അവിടുത്തോടു ക്ഷമാപണം ചെയ്യേണ്ടതു്.

സ്ത്രീചാപല്യവശാൽ ചിലപ്പോഴറിയാ-

തേയും ഭവാനോടു ഞാൻ

കോപം വാശികളീർഷ്യയെന്നിതുകളാൽ

കുറ്റം പരം ചെയ്തുപോയ്;

ചേരാതുള്ള മനോവ്യഥയ്ക്കുമിവളി-

ന്നെത്രയ്ക്കഹോ ഹേതുവായ്;

പ്രാണാധീശ്വര, സർവമെന്റെയപരാ-

ധം നീ ക്ഷമിച്ചീടുക. 8

(എന്നു പാദങ്ങളിൽ പതിക്കുന്നു)

രാവണൻ:
(എഴുനേല്പിച്ചിട്ടു്) പ്രിയേ, ഇതിനൊരുകാലത്തുമവകാശമില്ല. ഭവതിയുടെ ധൈര്യവും ആശിസ്സും എനിക്കു രണ്ടാമതൊരു ജീവൻതന്നെ ഉണ്ടാക്കിയിരിക്കുന്നു. നിന്റെ ഈ വാക്കുകളെന്നിൽ ശൗര്യാദി ഉജ്വലിപ്പിക്കുന്നു. ഇതാണു് രാമനോടു പൊരുതാനുള്ള അവസരം. രാമനെ വധിച്ചു വിജയമാലയണിഞ്ഞ രാവണൻ താമസംവിനാ നിന്റെ പാദപ്രണമം ചെയ്തുകൊള്ളും.

(രണ്ടുപേരും പോകുന്നു).

ആറാമങ്കം കഴിഞ്ഞു

ഏഴാമങ്കം

(സുഗ്രീവൻ, അംഗദൻ, നീലൻ ഇവർ പ്രവേശിക്കുന്നു)

അംഗദൻ:
ശ്രീരാമദേവന്റെ ധർമ്മബുദ്ധിയിലാണു്, വിക്രമത്തിലല്ല, എനിക്കു വിസ്മയം തോന്നുന്നതു്. മൃതനായ രാവണനെ അദ്ദേഹം എത്രമാത്രം ബഹുമാനിച്ചു!
സുഗ്രീവനും നീലനും:
അതെന്താണു്?
അംഗദൻ:
രാക്ഷസരാജാവിന്റെ ശവസംസ്കാരത്തെപ്പറ്റി ആലോചിക്കുമ്പോൾ ഞാനും ഹനുമാനും രാമചന്ദ്രന്റെ സമീപത്തുണ്ടായിരുന്നു. രാവണന്റെ ദേഹം കഴുകന്മാർക്കും ദുഷ്ടമൃഗങ്ങൾക്കും ഇരയാകത്തക്കവണ്ണം പടക്കളത്തിൽ കിടന്നുകൊള്ളട്ടെയെന്നായിരുന്നു വിഭീഷണന്റെ മതം.
നീലൻ:
ഇത്ര സ്വജനദ്രോഹിയോ വിഭീഷണൻ?
സുഗ്രീവൻ:
ആ രാക്ഷസന്റെ സഹോദരവിദ്വേഷം ഇത്രമാത്രമുണ്ടെന്നു ഞാൻ ധരിച്ചിരുന്നില്ല. രാമഭദ്രൻ എന്തു പറഞ്ഞു?
അംഗദൻ:
എന്തു പറഞ്ഞെന്നോ! കൊള്ളാം രാവണൻ ദേവന്മാർക്കുപോലും പൂജ്യനാണെന്നും പൗരുഷമൂർത്തിയാണെന്നും മൂലോകപ്പെരുമാളായി വാണ അദ്ദേഹം ഒരു കാലത്തും നിന്ദിക്കപ്പെടേണ്ടവനല്ലെന്നും നയമായി ആദ്യം അരുളിച്ചെയ്തു.
സുഗ്രീവൻ:
ധർമ്മത്തിനും നീതിക്കും ഒത്തവിധമാണല്ലോ രാമഭദ്രന്റെ അഭിപ്രായം എന്നിട്ടോ?
അംഗദൻ:
വിഭീഷണനു് അതത്ര ബോദ്ധ്യമായില്ല. രാമഭദ്രനോടു പരുഷമായി മറുപടി പറഞ്ഞു. മൃതനായ രാവണനെ അധിക്ഷേപിക്കപോലും ചെയ്തു.
നീലൻ:
അങ്ങനെയാണു് നീചന്മാരുടെ പ്രവൃത്തി. ജീവിച്ചിരുന്നപ്പോൾ രാവണന്റെ മുമ്പിൽ പോകുന്നതിനുപോലും ഭയമായിരുന്ന വിഭീഷണൻ ഇപ്പോൾ അധിക്ഷേപിക്കതന്നെ ചെയ്യും.
അംഗദൻ:
എന്തായാലും താൻ പോയി സംസ്ക്കാരകർമ്മങ്ങൾ നടത്തുകയില്ലെന്നു ഖണ്ഡിച്ചു പറകയും ചെയ്തു.
സുഗ്രീവനും നീലനും:
എന്തു്, ശ്രീരാമചന്ദ്രന്റെ വാക്കിനെ ലംഘിക്കുവാൻ ആ സ്വജനദ്രോഹിക്കു ധൈര്യമുണ്ടായോ? അപ്പോഴോ?
അംഗദൻ:

ചെങ്ങീ ലക്ഷ്മണനക്ഷി; വായുതനയൻ

കൈത്താർ ഞെരിച്ചു ജവാൽ;

തുംഗക്രോധമിയന്നു തൻ മിഴി തുറ

ന്നൊന്നുഗ്രമായ്ജ്ജാംബവാൻ;

അങ്ങുള്ളോർ കപിവീരർ മറ്റു പലരും

കോപേന സംഭ്രാന്തരായ്-

ത്തിങ്ങിക്കൂടിയടുത്തു; രാഘവനൊരാൾ

നിന്നാനമർഷം വിനാ. 1

സുഗ്രീവൻ:
ശാന്തമൂർത്തിയായ രാമഭദ്രന്റെ സ്വഭാവത്തിനു യോജിച്ചതാണു് അതു്. എന്നിട്ടദ്ദേഹം എന്താണു് പിന്നീടു ചെയ്തതു്?
അംഗദൻ:
രാക്ഷസരാജാവിന്റെ ശവസംസ്ക്കാരം ചെയ്വാൻ വിഭീഷണനു സാധിക്കുന്നതല്ലെങ്കിൽ ആ കർമ്മം ദശരഥപുത്രൻതന്നെ ചെയ്യുന്നതാണെന്നു് അരുളിച്ചെയ്തു.
നീലൻ:
രഘുത്തമന്റെ വിനയവും ധർമ്മനിഷ്ഠയും! സർവജനസമക്ഷം ഇപ്രകാരം അധിക്ഷിപ്തനായ വിഭീഷണൻ എന്താണു് ചെയ്തതു്?
അംഗദൻ:
എന്താണയാൾക്കു ചെയ്വാനുള്ളതു്? നാണം കെട്ടു് അവിടെനിന്നുപോയി. ഇപ്പോൾ ശവസംസ്കാരം കഴിഞ്ഞിരിക്കണം. രാക്ഷസരാജാവിനു് അനുരൂപമായ പ്രൗഢിയോടുകൂടി ശവസംസ്കാരം നടത്തണമെന്നായിരുന്നു കല്പന. ഇതാ, രാമഭദ്രൻ ഇങ്ങോട്ടുതന്നെ എഴുന്നെള്ളുന്നു.

(ലക്ഷ്മണൻ, ഹനുമാൻ എന്നിവരാൽ അനുഗതനായി രാമചന്ദ്രൻ പ്രവേശിക്കുന്നു. എല്ലാവരും യഥോചിതം ആസനസ്ഥരായ ശേഷം.)

ശ്രീരാമൻ:
സ്നേഹിതാ, വാനരരാജാവേ, അങ്ങയുടെ സഹായംകൊണ്ടു് എല്ലാം അഭീഷ്ടംപോലെ സാധിച്ചു. അച്ഛന്റെ ആജ്ഞ അനുസരിച്ചുള്ള പതിനാലു വർഷത്തെ വനവാസവും നാളെക്കൊണ്ടവസാനിക്കുന്നു. അതുകൊണ്ടു നാളെത്തന്നെ അയോദ്ധ്യയ്ക്കു മടങ്ങേണമെന്നാണു് എന്റെ ഉദ്ദേശം.
സുഗ്രീവൻ:
ആര്യന്റെ തീർമാനം ഉചിതംതന്നെ. പുത്രവിരഹസന്തപ്തമാരായ മാതൃജനങ്ങൾ എത്ര ആകാംക്ഷയോടെയാണു് ദിവസങ്ങളെണ്ണി പാർക്കുന്നതു്? ഉത്തമഭക്തന്മാരായ ഭരതശത്രുഘ്നന്മാർ എന്തുൽക്കണ്ഠയോടെയാണു് അവിടുത്തെ വരവിനെ പ്രതീക്ഷിക്കുന്നതു്! തങ്ങളുടെ മഹാരാജാവിനെ കാണുവാനായി അക്ഷമരായി പാർക്കുന്ന അയോദ്ധ്യയിലെ പൗരജനങ്ങളുടെ കാര്യവും മറന്നുപോകാവുന്നതല്ലല്ലോ.
ശ്രീരാമൻ:
വൈദേഹിക്കാണു് ഇവിടത്തെ താമസം ദുസ്സഹമായിത്തീർന്നിരിക്കുന്നതു്. ഇത്രനാൾ സങ്കടമനുഭവിച്ചു പാർത്ത സ്ഥലത്തു് ഒരു ദിവസംപോലും താമസിക്കുന്നതിനു ദേവിക്കു് ഇഷ്ടമില്ല.
സുഗ്രീവൻ:
ഞാൻ അതിൽ ആശ്ചര്യപ്പെടുന്നില്ല.

(ഒരു വാനരഭടൻ പ്രവേശിച്ചു്)

ദേവാ, രാക്ഷസരാജാവു വിഭീഷണൻ വന്നുനില്ക്കുന്നു.

ശ്രീരാമൻ:
വേഗം അകത്തു കൊണ്ടുവരിക.

(വിഭീഷണൻ പ്രവേശിക്കുന്നു. അന്യോന്യം അഭിവാദ്യം ചെയ്തു വിഭീഷണൻ ഇരിക്കുന്നു.)

ശ്രീരാമൻ:
രാക്ഷസരാജാവേ, കർമ്മമെല്ലാം ശരിയായിത്തന്നെ നടന്നുവല്ലോ.
വിഭീഷണൻ:
(തൊണ്ടയിടർച്ചലോടെ) അവിടത്തെ കാരുണ്യംകൊണ്ടെല്ലാം ശരിയായി നടന്നു. ഹാ ജ്യേഷ്ഠാ, ഹാ വീരമൂർത്തേ, ഹാ ത്രൈലോക്യവിക്രമ! ബാല്യംതൊട്ടു് അവിടുത്തെ വാത്സല്യം അനുഭവിച്ചു വളർന്ന ഞാൻ അവിടുത്തെ ചിതാരോഹണവും നിർവഹിക്കേണ്ടതായിവന്നല്ലോ.
അംഗദൻ:
(ഹനുമാനോടു്) ഈ കള്ളന്റെ സൂത്രഭാവങ്ങൾ!
ശ്രീരാമൻ:
പൗലസ്ത്യ, ഇതിൽ സങ്കടപ്പെടേണ്ടതായിട്ടില്ല. മഹാനുഭാവനായ അദ്ദേഹത്തിന്റെ ജീവിതം വിചാരിക്കൂ.

വെന്നൂ മൂന്നുലകത്തെയും സ്വകഭുജാ-

വീര്യത്തിനാലേകനായ്;-

യെന്നേയ്ക്കും നിലനിർത്തി രാക്ഷസകുല-

ശ്രീതന്റെ സൽകീർത്തിയെ;

തന്നാളേ സുഖമായ് ഭരിച്ചു പുരുസ-

മ്പത്തേകി ലോകർക്കഹോ;

മുന്നം കേൾവിയുമില്ലിവണ്ണമൊരുവൻ

സാധിച്ചതായ് ഭൂമിയിൽ. 2

എന്തു പ്രതാപത്തോടെയാണു് ആ മഹാനുഭാവൻ ജീവിച്ചതു്! എത്ര ഘോരമായ യുദ്ധം ചെയ്താണു് അദ്ദേഹം മരിച്ചതു്! രാജാവായ നിങ്ങൾക്കു് അഭിമാനത്തിനല്ലാതെ വ്യസനത്തിനവകാശമെവിടെ?

സുഗ്രീവൻ:
രാവണന്റെ മഹിമാതിശയത്തെ വാഴ്ത്താതെ ആരാണുള്ളതു്? രാജാവേ, യുദ്ധം ചെയ്കയും മരിക്കയും ജയിക്കയും പ്രതാപികളായവർക്കു് ഒഴിച്ചുകൂടാത്തതാണു്. അതിൽ അങ്ങു സങ്കടപ്പെടാനില്ല. രാക്ഷസവംശത്തിനു നാശവും സംഭവിച്ചിട്ടില്ല. അങ്ങയാൽ രാക്ഷസന്മാർ സരാജന്മാരായ് ഭവിച്ചിട്ടുണ്ടല്ലോ.
വിഭീഷണൻ:
എന്തു രാജ്യമാണു്—എന്തു ശ്രേയസ്സാണു്? എനിക്കു് ഒന്നുംതന്നെ വേണമെന്നില്ല. വിഷ്ണുഭക്തനായി ശിഷ്ടമുള്ള കാലം കഴിക്കേണമെന്നാണെന്റെ ആഗ്രഹം.
ശ്രീരാമൻ:
അങ്ങനെ പറയരുതു്. രാജകുലത്തിൽ ജനിച്ച അങ്ങയ്ക്കു രാജ്യരക്ഷണംതന്നെയാണു് ധർമ്മം—അതു വഴിപോലെ ചെയ്യുന്നതാണു് വിഷ്ണുപ്രീതി സമ്പാദിക്കുന്നതിനുള്ള ഉത്തമമാർഗ്ഗവും. ഭക്തിയും കുലധർമ്മവും ഒരു കാലത്തും വിഭിന്നങ്ങളല്ലെന്നു ധരിക്കണം.
ഹനുമാൻ:
സനാതനമായ സത്യമാണു് ഇപ്പോൾ അരുളിച്ചെയ്തതു്.

(പുറത്തു വലിയ ആരവം കേൾക്കുന്നു.)

ശ്രീരാമൻ:
എന്താണെന്നു പോയി അറിഞ്ഞുവരിക.

(ഹനുമാൻ പോകുന്നു.)

വിഭീഷണൻ:
അവിടുത്തെ പാദസേവ ഒന്നേ ഞാൻ ആഗ്രഹിക്കുന്നുള്ളൂ.

പരമാർത്ഥരൂപമറിയുന്നു ഞാൻ വിഭോ,

സുരനാഥപൂജിത, പരാൽപരേശ്വര;

നിരുപാധികം തവ മഹത്വമിന്നു നീ

നരരൂപഭംഗിയിലടക്കി വെപ്പതും.3

(ഹനുമാൻ സസംഭ്രമം പ്രവേശിച്ചു്)

അര്യ, അത്യാശ്ചര്യകരമായ ഒരു സംഭവമുണ്ടായി.

(എല്ലാവരും ഔത്സുക്യം നടിക്കുന്നു.)

ശ്രീരാമൻ:
എന്താണു്, പറയൂ.
ഹനുമാൻ:
രാക്ഷസരാജാവിന്റെ ദേഹം ദഹിച്ചു തീരാറായപ്പോൾ അതുവരെ സന്താപംകൊണ്ടു നിശ്ചേഷ്ടയെന്നപോലെ അന്തഃപുരത്തിൽ കിടന്നിരുന്ന മഹാറാണി മണ്ഡോദരി, ദാസികളുടെ നിരോധവാക്കുകൾ കേൾക്കാതെ ഉടന്തടിചാടുന്നതിനായി സർവാഭരണഭൂഷിതയായി ശ്മശാനഭൂവിൽ വന്നു. ഉടൻ എല്ലാവരും കാൺകെത്തന്നെ ശംഖചക്രഗദാപങ്കജങ്ങൾ ധരിച്ച വിഷ്ണുപാർഷദന്മാർ നിറഞ്ഞ ഒരു ദിവ്യവിമാനം ആകാശത്തിൽ നിന്നുമിറങ്ങിവന്നു. അപ്പോഴേയ്ക്കും സ്വന്തരൂപം വെടിഞ്ഞു ലക്ഷ്മീരൂപം ധരിച്ച മഹാറാണിയെ സബഹുമാനം എതിരേറ്റു് ആ വിമാനം മേല്പോട്ടേയ്ക്കുയർന്നുപോയി.

(എല്ലാവരും ആശ്ചര്യസ്തബ്ധരാകുന്നു.)

ശ്രീരാമൻ:
എന്താണു് നിങ്ങൾക്കതിലാശ്ചര്യം തോന്നുന്നതു്?
സുഗ്രീവൻ:
രാക്ഷസമഹാറാണി എങ്ങനെ മഹാലക്ഷ്മിയുടെ രൂപം ധരിച്ചുവെന്നറിയാൻ എനിക്കു് ആഗ്രഹമുണ്ടു്.
ശ്രീരാമൻ:
അതു പറയേണ്ടതായിട്ടുണ്ടോ? എന്റെ അംശംതന്നെയാണു് രാവണനെന്നു നിങ്ങൾക്കിത്രയുംകൊണ്ടു മനസ്സിലായില്ലേ? ഞാനും എന്റെ ഉത്തമഭക്തന്മാരും സാക്ഷാൽ വിഭിന്നരല്ല. എന്റെ ഭക്തന്മാരിൽ ഒന്നാമത്തവനത്രേ രാവണൻ. എന്റെ അനുഗ്രഹത്താൽ പ്രതിയോഗിഭക്തികൊണ്ടു ക്ഷണസായൂജ്യം പ്രാപിച്ച എന്റെ സ്വന്തം ഒരംശമത്രേ അദ്ദേഹം.

(വിഭീഷണൻ ഇതികർത്തവ്യതാമൂഢനെന്നപോലെ ഇരിക്കുന്നു.)

ശ്രീരാമൻ:
(വിഭീഷണന്റെ വിചാരഗതി മനസ്സിലാക്കിയിട്ടു്) രാവണന്റെ അനുഗ്രഹത്തിനായിമാത്രമത്രേ ഞാൻ ഈ രൂപം ധരിച്ചതു്. നിങ്ങളൊക്കെയും ഭക്തന്മാർ. എന്നാൽ രാവണൻ വൈഷ്ണവാംശമെന്നു ധരിക്കണം.
ഹനുമാൻ:
രാവണനില്ലാതെ രാമനെങ്ങനെ? രാമരാവണന്മാർ തുല്യപ്രതിയോഗികൾ. രാവണനെക്കൊണ്ടു മാത്രം രാമനു ജീവിതസാഫല്യം ലഭിക്കുന്നു.
വിഭീഷണൻ:
ഛീ! ഛീ! അങ്ങനെ പറയരുതു്. ധർമ്മസ്വരൂപനായ രാമനെവിടെ?
ഹനുമാൻ:
(വകവെയ്ക്കാതെ) എനിക്കു പലപ്പോഴും തോന്നാറുണ്ടു്, പ്രഹ്ലാദരക്ഷണത്തിനല്ല, ഹിരണ്യാനുഗ്രഹത്തിനാണു്, മഹാവിഷ്ണു നൃസിംഹവേഷം പൂണ്ടതെന്നു്. പ്രഹ്ലാദനെത്രനാൾകൊണ്ടാണു് മുക്തി ലഭിക്കുന്നതു് ?
വിഭീഷണൻ:
(നീരസത്തോടെ) പ്രകൃതത്തിലെന്താണർത്ഥം?
സുഗ്രീവൻ:
(സമന്ദഹാസം)

നിന്ദിച്ചെതിർക്കുമവനും ചരണാരവിന്ദ-

മെന്നും ഭജിപ്പവനുമുഗ്രതപോധനന്നും

നല്കുന്നൊരേവിധമനശ്വരമുക്തിതന്നെ;

സർവ്വേശ്വരന്റെ വഴിയാരറിയുന്നു ലോകേ?4

നമുക്കൊക്കെ മുക്തി കിട്ടിയാലായി; ഇല്ലെങ്കിലായി. കർമ്മഫലംപോലെ; രാവണനു കർമ്മഫലം സായൂജ്യമായിട്ടല്ലേ തീർന്നതു്?

ഹനുമാൻ:
മഹാരാജാവു കല്പിച്ചതു ശരിയാണു്. എന്നാൽ സംരംഭയോഗം എല്ലാവർക്കും സാധിക്കുന്നതല്ല. ഭഗവൽപ്രീതിയുടെ പാരമ്യം അനുഭവിച്ചവർക്കുമാത്രമേ ക്ഷണഫലപ്രദമായ ആ യോഗം സാധിക്കയുള്ളൂ.

ഈശപ്രീതിവഴിക്കു തീക്ഷ്ണതരമാം

സംരംഭയോഗത്തിനാൽ

പ്രാപിപ്പൂ ചിലർ സച്ചിദാത്മകപദം

സായൂജ്യമന്യാദൃശം;

വർദ്ധിക്കുന്നൊരു ഭക്തികൊണ്ടു ഭഗവൽ-

ക്കാരുണ്യമാർജ്ജിച്ചതിൻ

ശേഷം മുക്തിയണഞ്ഞിടുന്നൊടുവില-

ദ്ദേവർഷിമാർപോലുമേ. 5

ശ്രീരാമൻ:
വെറുതേയല്ല ഹനുമാനെ ഭാഗവതോത്തമാനെന്നു പറയുന്നതു്.
ഹനുമാൻ:
ശ്രീരാമരാമ (എന്നു ജപിക്കുന്നു)
ശ്രീരാമൻ:
വിഭീഷണമഹാരാജാവേ, ഭവാന്റെ ഭക്തിലോകമറിയുന്നു. അങ്ങു വിഷ്ണുപാദധ്യാനത്തോടേ കർമ്മങ്ങൾ അനുഷ്ഠിച്ചുകൊണ്ടു ചിരകാലം രാജ്യഭാരം ചെയ്തശേഷം മുക്തിയെ പ്രാപിക്കും, തർക്കമില്ല.
സുഗ്രീവൻ:
എല്ലാം ശുഭമായി.
ശ്രീരാമൻ:
ഇനി എന്താണു് വേണ്ടതു്?
സുഗ്രീവൻ:
ഇത്രകൂടി ഭവിക്കട്ടെ.

(ഭരതവാക്യം)

ശരിക്കെന്നും വേണ്ടുപടിയിൽ മഴ

പെയ്യട്ടെ ധരമേ;-

ലിരിക്കട്ടേ വർണ്ണാശ്രമവിധിയൊ-

ടേ ലോകരനിശം;

പെരുത്തീടും ശ്രേയസ്സുലകിലുള-

വാകട്ടെ; സുചിരം

ഭരിക്കട്ടേ രാമക്ഷിതിപതിയ-

നാതങ്കമിളയെ!

കെ. എം. പണിക്കർ
images/KM_Panicker.jpg

പണ്ഡിതൻ, പത്രപ്രവർത്തകൻ, ചരിത്രകാരൻ, നയതന്ത്രപ്രതിനിധി, ഭരണജ്ഞൻ എന്നീ നിലകളിൽ പ്രസിദ്ധനായ ഒരു ഇന്ത്യക്കാരനാണു് സർദാർ കെ. എം. പണിക്കർ. സർദാർ കാവാലം മാധവ പണിക്കർ എന്നാണു് പൂർണ്ണ നാമം.(ജൂൺ 3,1895–ഡിസംബർ 10, 1963). പുത്തില്ലത്തു പരമേശ്വരൻ നമ്പൂതിരിയുടേയും ചാലയിൽ കുഞ്ഞിക്കുട്ടി കുഞ്ഞമ്മയുടേയും മകനായി രാജഭരണ പ്രദേശമായിരുന്ന തിരുവിതാംകൂറിൽ 1895 ജൂൺ 3-നു് ജനനം. രാജ്യസഭയിലെ ആദ്യമലയാളി കൂടിയായിരുന്നു അദ്ദേഹം.

ആദ്യകാലവും വിദ്യാഭ്യാസവും

ഓക്സ്ഫോർഡിലെ ക്രൈസ്റ്റ് ചർച്ച് കോളജിൽ നിന്നു ചരിത്രത്തിൽ ബിരുദാനന്തര ബിരുദവും ലണ്ടനിൽ നിന്നു നിയമബിരുദവും നേടിയ പണിക്കർ ഇന്ത്യയിലേക്കു് മടങ്ങുന്നതിനു മുമ്പു് ലണ്ടനിലെ മിഡിൽ ടെംപിൾ ബാറിൽ അഭിഭാഷകനായി പരിശീലനം നേടി.

ഔദ്യോഗിക രംഗത്തു്

ഇന്ത്യയിലേക്കു് മടങ്ങിയ സർദാർ പണിക്കർ ആദ്യം അലീഗഢ് മുസ്ലിം സർവകലാശാലയിലും പിന്നീടു് കൊൽക്കൊത്ത സർവകലാശാലയിലും അദ്ധ്യാപകനായി ജോലിചെയ്തു. 1925-ൽ ഹിന്ദുസ്ഥാൻ ടൈംസിന്റെ പത്രാധിപരായി പത്രപ്രവർത്തനരംഗത്തേക്കു് പ്രവേശിച്ചു. ചേംബർ ഓഫ് പ്രിൻസസ് ചാൻസലറിന്റെ സെക്രട്ടറിയായി പ്രവർത്തിച്ചുകൊണ്ടു് രാഷ്ട്രീയ രംഗത്തേക്കു് പ്രവേശിച്ചു. പട്ട്യാല സംസ്ഥാനത്തിന്റെയും പിന്നീടു് ബികാനീർ സംസ്ഥാനത്തിന്റെയും വിദേശകാര്യമന്ത്രിയും മുഖ്യമന്ത്രിയുമായി സേവനമനുഷ്ടിച്ചു (1944–47).

ഇന്ത്യ സ്വതന്ത്രയായപ്പോൾ സർദാർ പണിക്കർക്കു് പല പ്രധാന ചുമതലകളും ലഭിച്ചു. ചൈന (1948–53), ഫ്രാൻസ് (1956–59) എന്നിവയുടെ അംബാസഡറായി അദ്ദേഹം പ്രവർത്തിച്ചു. ഭാഷാടിസ്ഥാനത്തിൽ സംസ്ഥാനങ്ങളെ വിഭജിക്കാനുള്ള സ്റ്റേറ്റ് റീ ഓർഗനൈസേഷൻ കമ്മിഷൻ അംഗമായിരുന്നു അദ്ദേഹം. പിന്നീടു് അക്കാദമികരംഗത്തും പ്രവർത്തിച്ച അദ്ദേഹം മരണം വരെ മൈസൂർ സർവകലാശാലയുടെ വൈസ്ചാൻസലറായിരുന്നു. ഐക്യരാഷ്ട്ര സഭയിലേക്കുള്ള ആദ്യ ഇന്ത്യൻ സംഘത്തെ നയിച്ചതും കെ. എം. പണിക്കർ ആയിരുന്നു. സാഹിത്യഅക്കാദമിയുടെ ആദ്യ അധ്യക്ഷൻ, കാശ്മീർ രാജാവിന്റെ ഉപദേശകനായിരുന്ന മലയാളി എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ടു്.

രാജ്യസഭാംഗത്വം

1959–1966: പ്രസിഡന്റ് നാമനിർദ്ദേശം ചെയ്തു.

കൃതികൾ
  • മലബാറിലെ പോർട്ടുഗീസുകാരും ഡച്ചുകാരും (പഠനം)
  • ഏഷ്യയും പടിഞ്ഞാറൻ ആധിപത്യവും (പഠനം)
  • രണ്ടു് ചൈനകൾ (1955)—Two chinas
  • പറങ്കിപ്പടയാളി
  • കേരള സിംഹം (പഴശ്ശിരാജയെക്കുറിച്ചു്)
  • ദൊരശ്ശിണി
  • കല്ല്യാണമൽ
  • ധൂമകേതുവിന്റെ ഉദയം
  • കേരളത്തിലെ സ്വാതന്ത്ര്യസമരം
  • ആപത്ക്കരമായ ഒരു യാത്ര (യാത്രാ വിവരണം)
ഇംഗ്ലീഷ്
  • സ്ട്രാറ്റജിക് പ്രോബ്ലംസ് ഓഫ് ഇന്ത്യൻ ഓഷൻ
  • ഏഷ്യ ആൻഡ് ദ് വെസ്റ്റേൺ ഡോമിനൻസ്
  • പ്രിൻസിപ്പിൾസ് ആൻഡ് പ്രാക്ടിസസ് ഓഫ് ഡിപ്ലോമസി
  • കേരള ചരിത്രം

Colophon

Title: Mandodari (ml: മണ്ഡോദരി).

Author(s): K. M. Panicker.

First publication details: Not available;;

Deafult language: ml, Malayalam.

Keywords: Drama, K. M. Panicker, Mandodari, കെ. എം. പണിക്കർ, മണ്ഡോദരി, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: August 18, 2024.

Credits: The text of the original item is in the public domain. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By ShareAlike 4​.0 International License (CC BY-SA 4​.0). Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: Mandodaree Repressing the Wrath Of Ravana, a painting by B P Banerjee (1851–1932). The image is taken from Wikimedia Commons and is gratefully acknowledged.

Production history: Data entry: V Vijimol, JS Aswathy, Beenadarly; Typesetter: JN Jamuna; Editor: PK Ashok; Encoding: JN Jamuna.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.