images/Nicolai_Kroyer.png
Portrait of the artist’s foster father the zoologian and professor Henrik Nicolai Kr{\o }yer, a painting by Peder Severin Krøyer (1851–1909).
ഏകാന്തത, ഉന്മാദം, മരണം: ചില കുറിപ്പുകൾ
പി. കൃഷ്ണദാസ്
ഒന്നാം ഖണ്ഡം
ഏകാന്തയുടെ കുറ്റൻ കാഞ്ഞിരമരം, മാടമ്പള്ളിയിലെ ഗംഗ, പിയറി ബോർദ്യു, വായന— ചില മൊണ്ടാഷുകൾ
images/Pierre_Bourdieu.jpg
പിയർ ബോർദ്യു

പുസ്തകങ്ങൾ വാങ്ങിച്ചു് തുടങ്ങിയതിനുശേഷം അതു് സൂക്ഷിച്ചു് വെക്കാൻ ഒരു ഇടമില്ലാത്തതിന്റെ വിഷമമുണ്ടായിരുന്നു. അത്ര വലിയ വീടു് ഉണ്ടായിട്ടും പുസ്തകം അടുക്കി വെക്കാൻ ഒരിടമില്ലാത്തിന്റെ സങ്കടം ഗംഗ നകുലനോടു് ‘മണിച്ചിത്രത്താഴിൽ’ പറയുന്നുണ്ടല്ലോ. പുസ്തകം വെക്കാനുള്ള ഇടം തപ്പിയാണു് ഗംഗ തെക്കിനിയിലെത്തുന്നതു്. നാഗവല്ലിക്കു് മനസ്സു് കൈമാറുന്നതും. പിന്നീടു് ഗംഗയ്ക്കു് പുസ്തകത്തെക്കുറിച്ചു് ആലോചിക്കേണ്ടി വന്നിട്ടുണ്ടാവില്ല. പക്ഷേ, ഗംഗ ‘കാവൂട്ടു്’ എന്ന കവിതസമാഹാരം അതിനിടയിൽ വായിക്കുന്നുണ്ടു്. കൽക്കത്തയിലെ ഏകാന്തനേരങ്ങളിൽ ഗംഗയ്ക്കു് വിശ്രാന്തിദായകമായി മാറിയതു് പുസ്തകങ്ങളായിരുന്നു എന്നു് അനുമാനിക്കാം. ഈ കൽക്കത്ത സൂചന മാധവികുട്ടിയിലേക്കു് ഒരു പാലം തുറക്കുകന്നുണ്ടു്. അല്പം വിശാലമായി പോയാൽ ചാരുലതയിലേക്കു് എത്തിച്ചേരാവുന്ന വഴി. മാധവികുട്ടിയുടെ ഇംഗ്ലീഷ് കവിതകളെല്ലാം കൽക്കത്തയിലെ ജീവിതത്തിനിടയിലായിരുന്നു.

രണ്ടു്

പുസ്തകം കേവല വായനയ്ക്കുള്ള ഉപാധി എന്നതിനപ്പുറം പിയർ ബോർദ്യുവിന്റെ ഭാഷയിൽ സാംസ്കാരിക മൂലധനം (culture capital) കൂടിയാണു്. 1986-ൽ പ്രസിദ്ധീകരിച്ച Forms of capital എന്ന ലേഖനത്തിൽ മൂന്നു് തരത്തിലുള്ള മൂലധനരൂപങ്ങളെക്കുറിച്ചു് ബോർദ്യൂ വിശദീകരിക്കുന്നുണ്ടു് (culturel, economical, social). അതിൽ സാംസ്കാരിക മൂലധനത്തിനു് ഉൾപ്പിരിവുകൾ നിർദ്ദേശിക്കുന്നുണ്ടു്. സാംസ്കാരിക മൂലധനത്തെ മൂന്നായി തിരിക്കാം. ശരീരവത്കൃത (embodiement) അവസ്ഥ, വസ്തുവത്കൃത (objectified) അവസ്ഥ, സ്ഥാപനവത്കൃത (institutionilized) അവസ്ഥ എന്നിങ്ങനെ മൂന്നായി സാംസ്കാരിക മൂലധനത്തെ വിഭജിക്കുന്നു. “Cultural capital can exist in three forms: In the embodied state, i.e., in the form of long-lasting dispositions of the mind and body; in the objectified state, in the form of cultural goods (pictures, books, dictionaries, instruments, machines, etc.), which are the trace or realization of theories or critiques of these theories, problematics, etc.; and in the institutionalized state, a form of objectification which must be set apart because, as will be seen in the case of educational qualifications, it confers entirely original properties on the cultural capital which it is presumed to guarantee.” എന്നു് ബോർദ്യൂ കുറിക്കുന്നു.

വസ്തുവത്കൃത അവസ്ഥ എന്ന ഗണത്തിൽ പുസ്തകശേഖരണത്തെയും, അവയുടെ പ്രദർശനത്തെയും ഉൾപ്പെടുത്താമെന്നു് തോന്നുന്നു. അതുവഴി കൈവരുന്ന സാംസ്കാരിക മൂലധനം പ്രധാനപ്പെട്ടതാണു്. വീട്ടിലാവാം, ഓഫീസിലാവാം പുസ്തകങ്ങൾ പ്രദർശിപ്പിക്കുക വഴി അതു് വ്യക്തിയുടെ ഭാവുകത്വത്തെയാണു് പ്രതിനിധീകരിക്കുന്നതു് എന്ന ബോധം നമ്മളിലുണ്ടാകുന്നു. നെഹ്റുവിന്റെ മുറിയിൽ കണ്ട റോബർട്ട് ഫ്രോസ്റ്റിന്റെ വരികളെക്കുറിച്ചു് കൃഷ്ണമേനോൻ എഴുതി കണ്ടിട്ടുണ്ടു്. അതു് നെഹ്റുവിന്റെ ലോകബോധത്തിന്റെ അടയാളമായി കൃഷ്ണമേനോൻ കുറിക്കുന്നു. അതു് വഴി വസ്തുവത്കൃത അവസ്ഥ എന്ന സാംസ്കാരിക മൂലധനം നെഹ്റു കയ്യാളുന്നു. ഭാവുകത്വത്തെ ഈ പ്രദർശന പരത നിർണ്ണയിക്കുന്നതായി വരുന്നു. വ്യക്തിയുടെ ഭാവുകത്വത്തിന്റെ നിദർശനമായി അയാളുടെ അടുക്കിവെക്കലിനെ, ചിട്ടയെ കാണുന്നു. പക്ഷേ, അതിനെ നിർണ്ണയിക്കുന്ന സാമ്പത്തികപരിസരത്തെയും, സാമൂഹിക പരിസരത്തെയും കാണാതെ പോവരുതു്. സാമ്പത്തിക-സാമൂഹിക പരിസരങ്ങളാണു് ഈ ഭാവുകത്വവികാസത്തെ സ്വാധീനിക്കുന്നതു്. പ്രിവിലേജ് നൽകുന്ന സാധ്യതകൾ ഈ അടുക്കിവെക്കലുകളിൽ പ്രവർത്തിക്കുന്നുണ്ടു്.

മൂന്നു്

പറഞ്ഞു് വന്നതു് ഗംഗയുടെ പുസ്തക ശേഖരണത്തെക്കുറിച്ചാണു്. ഗംഗയും നകുലനും കാറിൽ വരുന്ന സന്ദർഭത്തിൽ ആഴ്ച്ചപതിപ്പിനു് വേണ്ടി അടി കൂടുന്ന അല്ലിയെയും, ചന്തുവിനെയും കാണാം. ഒടുക്കം ആ മാഗസിൻ രണ്ടായി കീറിപോകുന്നതാണു് കാണുന്നതു്. പക്ഷേ, അതിനെതിരെ കണ്ണുരുട്ടുന്ന ഭാസുരയെയും കാണാം. വായനയിലേർപ്പെടാനുള്ള സാമൂഹിക പരിസരത്തെ അതു് കാട്ടുന്നുണ്ടു്. പക്ഷേ, ഗംഗയിലെത്തുമ്പോൾ സ്വച്ഛന്ദ സുന്ദരമായ പ്രവൃത്തിയായി അതു് മാറുന്നു. ഗംഗയുടെ ഭൂതകാലപരിസരത്തിലെവിടെയോ പേപ്പറുകൾ കീറിയെറിഞ്ഞോടുന്ന ഗംഗയുണ്ടു്. ജീവിതത്തിന്റെ ഏറിയ വലിയ ഇടത്തിലെ അതിലും വലിയ ഏകാന്തതയിലാണു് ഗംഗ ജീവിക്കുന്നതു് ഏകാന്തതയുടെ പരിഹാർത്ഥമെന്നോണമാവാം ഗംഗ വായനയിലേക്കു് തിരിഞ്ഞതു്. പക്ഷേ, മാടമ്പള്ളിയിൽ എതിരേറ്റതു് മറ്റൊരു ലോകമാണു്. വായിച്ചറിഞ്ഞ ലോകത്തെക്കാൾ കൈമാറി വരുന്ന അറിവുകളുടെ ലോകമാണതു്. ‘പണ്ടാരോ പറഞ്ഞു് കേട്ട കഥ’ എന്ന നിലയിലാണു് ഭാസുര ഗംഗയോടു് നാഗവലി-രാമനാഥ-ശങ്കരൻ തമ്പി കഥ പറയുന്നതു്. പിന്നീടു് കഥാഗതിയെ തന്നെ മാറുന്നു. ബട്ടർഫ്ലൈ എഫക്ട് പ്രകാരം പുസ്തകം അടുക്കി വെക്കാനുള്ള ഇടം ഗംഗയ്ക്കു് കിട്ടിയിരുന്നെങ്കിൽ ഈ നാഗവലിയിലേക്കുള്ള പ്രവേശം ഉണ്ടാവുമായിരുന്നോ, ഉണ്ടാവുമായിരിക്കും. ഏകാന്തതയിൽ മനുഷ്യർ സഞ്ചരിക്കുന്ന ദൂരം അപ്രവചനീയമാണല്ലോ.

നാലു്

‘ഏകാന്തത ഒരു കൂറ്റൻ കാഞ്ഞിരമരമാണെ’ന്നു് ശശിമാഷ് പറയുന്നതിന്റെ പൊരുൾ ഏകാന്തതയിൽ വ്യക്തിയിൽ സംഭവിക്കുന്ന നിലവിട്ടുള്ള സഞ്ചാരമാണു്. വാൻഗോഗിലും ദാലിയിലും വെർജീന വൂൾഫിലും സിൽവിയപ്ലാത്തിലും പിക്കാസോയിലുമൊക്കെ ഈ നിലവിടൽ കാണാം. ഈ നിലവിടലിന്റെ ഉത്തമ മുഹൂർത്തമാണു് ഹെമിംഗ് വെ യെ വായയിലേക്കു് തോക്കു് കടത്താൻ പ്രേരിപ്പിച്ചതു്, അതേ ഉത്തമ മുഹൂർത്തമാണു് തർക്കോവ്സ്കിയെ സാക്രിഫൈസിലേക്കു് നയിച്ചതും. രണ്ടാം ഖണ്ഡം ഒരു വാക്കു് തെറ്റിക്കൽ, സാക്രിഫൈസ്, നേത്രദാമിലെയും അഗ്നിബാധകൾ, small town sea— ചില മൊണ്ടാഷുകൾ

images/Ernest_Hemingway.jpg
ഏണസ്റ്റ് മില്ലർ ഹെമിംഗ് വേ

ഏകാന്തതയുടെ മൂർച്ചയേറിയ, വിരസമായ ആ ഞായറാഴ്ച്ചയുടെ പുലർക്കാലത്തിലെപ്പോഴോ ഐഡാഹോയിലെ കെറ്റ്ച്ചാമിൽ വച്ചു് അലയാഴിക്കു് മുന്നിൽ തലക്കുനിക്കാത്ത ഇച്ഛയുള്ള, കാലത്തിന്റെ ഒരു പ്രവാഹത്തിനും കടപുഴക്കിയെറിയാൻ സാധിക്കാത്ത ഒരു മനുഷ്യൻ തന്റെ വായിലേക്കു് ഡബിൾ ബാരൽഡ് ഷോട്ട്ഗൺ കടത്തിവെച്ചു് ട്രിഗർ വലിച്ച നിമിഷം ഏണസ്റ്റ് മില്ലർ ഹെമിംഗ് വേ കാലത്തോടു് ഗുഡ്ബൈ പറഞ്ഞു. ഉദ്വോഗഭരിതമായ ഒരു നോവലിന്റെ അന്ത്യം പോലെയായി ഹെമിംഗ്വേയുടെ വിടവാങ്ങലും. മകൻ ജോൺ ഹെംമിഗ് വേയ്ക്കു് നൽകിയ വാക്കാണു് സ്വയം വെടിവെച്ചു് മരിച്ചതിലൂടെ ഹെംമിഗ്വേ തെറ്റിച്ചതു്. ആ വാക്കു് തെറ്റൽ വിശ്വസാഹിത്യത്തിലെ വലിയ മുറിവുകളിലൊന്നായി മാറി. ഉന്മാദത്തിന്റെയും ഏകാന്തതയുടെയും ഉയർന്ന മുഹൂർത്തങ്ങളിലൊന്നിനെ ഹെംമിഗ്വേ തന്റെ ചെറുകഥയെ അനുസ്മരിപ്പിക്കും വിധം പരിചരിച്ചു. ഹെമിംഗ്വേയുടെ മരണവാർത്ത റേഡിയോയിലൂടെ കേൾക്കുന്നതിനും ഒരാഴ്ച്ച മുൻപാണു് ഹെമിംഗ് വേയെക്കുറിച്ചുള്ള തന്റെ ലേഖനം പൂർത്തിയാക്കിയതു് എന്നു് എം ടി എഴുതുന്നുണ്ടു്. കാലത്തിന്റെ വിധിക്കു് കീഴടങ്ങാനൊരുങ്ങാത്ത ഒരാളുടെ വീര്യമുള്ള ശബ്ദമാണു് മരണത്തിലൂടെയും ഹെമിംഗ് വേ കേൾപ്പിച്ചതു്. വുഡി അലന്റെ 2011-ൽ പുറത്തിറങ്ങിയ മിഡ്നൈറ്റ് ഇൻ പാരീസിൽ പാരീസിന്റെ നഗരപഥങ്ങളിലെ രാത്രിയാമങ്ങളിൽ ‘ഹെമിംഗ്വേ’ പ്രത്യക്ഷപ്പെടുന്നുണ്ടു്. കോറെ സ്റ്റോളാണു് ഹെമിംഗ് വേയുടെ വേഷം ചെയ്തതു്. യുവത്വം പ്രസരിക്കുന്ന മുഖവുമായി ജില്ലിന്റൊപ്പം യാത്ര ചെയ്യുന്നുണ്ടു്. സെൽഡയെയു ഫിറ്റ്സ് ജെറാൾഡിനെയും ജെർഡ്രൂഡ് സ്റ്റെയിനെയും സാൽവാദോർ ദാലിയെയും ലൂയി ബുനുവലിനെയും ജില്ലിനു് പരിചയപ്പെടുത്തുന്നുണ്ടു്. പാരീസിന്റെ ആവിഷ്കാര പരിസരങ്ങൾക്കു്, അതു് നിർമ്മിച്ച നക്ഷത്രസമാനമായ കലാചരിത്രത്തിനു് വുഡി അല്ലന്റെ ട്രിബ്യൂട്ടാണു് ഈ ചിത്രം. ഉന്മാദവും ഏകാന്തതയും സമഞ്ജസമായി മേളിച്ച ജീവിതം നയിച്ചവരാണു് ആ രാത്രി പാരീസിൽ ഗില്ലിന്റെ മുന്നിൽ പ്രത്യക്ഷപ്പെടുന്നതു്, മദ്യപിക്കുന്നതു്, നൃത്തം ചെയ്യുന്നതു്. ഏകാന്തനിമിഷങ്ങളിൽ മാത്രം കരഗതമാകുന്ന ലോകത്തിന്റെ നിറവു്.

രണ്ടു്
images/Sacrificebritish1.jpg

ഏകാന്തതയുടെയും ഉന്മാദത്തിന്റെയും ഉത്തുംഗങ്ങളിലെവിടെയോ വച്ചാണു് അലക്സാണ്ടർ തന്റെ വീടിനു് തീ കൊളുത്തി വെളിയലേക്കോടുന്നതു്. തർക്കോവ്ക്കിയുടെ ഭ്രമഭാവനകൾ അതിന്റെ പൂർണ്ണതയിൽ പ്രതിഫലിച്ച ‘സാക്രിഫൈസി’- ൽ കാണാം. സാക്രിഫൈസിൽ എന്ന പദം ത്യാഗനിർഭരമായ കടലിനെ ഉള്ളിൽ വഹിക്കുന്നുണ്ടല്ലോ. ‘കാട്ടുകുതിര’ എന്ന മലയാളചിത്രത്തിന്റെ അവസാനം വീടിനു് തീ കൊളുത്തുന്ന രംഗം കാണാം. ദണ്ഡകാരണ്യം മുഴുവൻ വിഴുങ്ങിയിട്ടും ശമിക്കാത്ത വിശപ്പിന്റെ ഇരകളായി മാറുന്ന വീടുകളെക്കുറിച്ചോർത്തു് പോയി. പി എഫ് മാത്യൂസിന്റെ ഒരു കഥയിൽ ഈ വിധം തീപിടിക്കുന്ന ഒരു ദൃശ്യമുണ്ടു്. പൊര കത്തണ സ്വപ്നം ഒരാൾ കാണുന്ന, ഓല കത്തണ മണം അയാൾ അറിയുന്നു. അയാൾ ഭാര്യയെ വിളിച്ചുണർത്തി ഈ സ്വപ്നം പറയുന്നു. വീണ്ടും മയങ്ങുന്നു. അന്നു് വൈകുന്നേരം അയാളുടെ ജഡം വീട്ടിലെത്തുന്നു.

ഡൽഹിയിലെ തെരുവുകളിൽ കത്തിയമർന്ന കടകളും നോത്രേദാമിലെ കത്തി തീർന്ന പുരാതന പള്ളിയും രണ്ടു് വ്യത്യസ്ത പശ്ചാത്തലത്തിലുള്ള കത്തിയമരലുകളാണെങ്കിലും അവ അവശേഷിപ്പിക്കുന്ന ദുഃഖം തുല്യമാണു്. ഡൽഹിയിലേതു് കൃത്യമായ ആസൂത്രണത്തോടെ വംശഹത്യയുടെ ഇന്ത്യയിലെ മൊത്തവിതരണകാർ നടത്തിയ ആക്രമണമാണെങ്കിൽ നോത്രദാമിലേതു് ഇലക്ട്രീക്ക് സർക്യൂട്ടിന്റെ പ്രവർത്തനത്തിൽ നിന്നുണ്ടായ തീപ്പിടുത്തമാണു്. കാലങ്ങളുടെ വെയിലും മഴയും മഞ്ഞും നിരവധി മനുഷ്യരുടെ ചൂടും വിയർപ്പുമേറ്റ, ഭാവനയുടെ ആകാശങ്ങളിൽ നിറഞ്ഞ, നിദ്രരാഹിത്യങ്ങളിലേക്കു് നയിച്ച ഒരു വലിയ പശ്ചാത്തമാണു്, എടുപ്പാണു് അഗ്നിയുടെ ദയാരഹിതമായ പെരുമാറ്റത്തിനു് മുന്നിൽ കീഴടങ്ങിയതു്. ഈ കത്തിപ്പടരൽ ഓർമ്മ നഷ്ടമായികൊണ്ടിരിക്കുന്ന ഒരാൾ അനുഭവിക്കുന്ന തീവ്രവിഷാദത്തിലേക്കു് നമ്മെ നയിക്കുന്നു. നിരവധി മ്യൂസിയങ്ങൾ, ചരിത്രസ്മാരകങ്ങൾ എന്നിവ കാലത്തിന്റെ ഒഴുക്കിൽ അഗ്നിക്കിരയായതു്. മനുഷ്യർ, അവരുടെ അനന്യമായ കലാസൃഷ്ടികൾ, ഭാവനയുടെ ദിവ്യവ്യോമങ്ങൾ, എല്ലാം നിമിഷനേരം കൊണ്ടു് കത്തിതീരുന്ന കാഴ്ച്ച ലോകചരിത്രത്തിന്റെ പലയിടങ്ങളിലായി കാണാം.

നാം പറഞ്ഞു് വന്ന ഏകാന്തതയുടെയും ഉന്മാദത്തിന്റെ സംഗബിന്ദുവിൽ ഈ കത്തിയമരലിനെക്കുറിച്ചോർത്തുള്ള സന്ദേഹമുണ്ടു്. തീ വെളിച്ചത്തിന്റെ, സൃഷ്ടിയുടെ പ്രതീകമായല്ല പ്രതികാരത്തിന്റെ, സർവ്വനാശത്തിന്റെ മനുഷ്യന്റെ സഞ്ചാരപഥങ്ങളിൽ ഏറിയകൂറും ഇടപെട്ടതു് എന്നു് കാണാം. എന്നാൽ കത്തിയമർന്ന എടുപ്പുകളിൽ നിന്നു് ഒരു പുനരുത്ഥാനം സാധ്യമാണെന്നു് ഓടിമറഞ്ഞ കാഴ്ച്ചങ്ങൾ തെളിയിക്കുന്നു.

മൂന്നു്

“He appeared to be talking about things that had happened long ago, much before I was born, and he was not even addressing anyone in the room. He was talking to someone from his past which I could imagine only in black and white. Black and white trees, black-and-white streets, black and white buildings, black and white everything.”

(The small town sea)

മുത്തച്ഛനോടൊപ്പം മച്ചിൻ മുകളിരിലുന്നു് ഒരോ കാര്യങ്ങൾ പറഞ്ഞതിനുശേഷം താഴേക്കിറങ്ങാൻ ഒരുമ്പെടുമ്പോൾ മച്ചിൽ നിന്നു് താഴെക്കിറങ്ങാനുള്ള ചവിട്ടു് പടിക്കു് കീഴെയുള്ള കട്ടപിടിച്ച ഇരുട്ടിലേക്കു് നോക്കി ആരോടോ മാറാൻ മുത്തച്ഛൻ ആംഗ്യം കാണിക്കുന്നതു് കണ്ടു. ശേഷം കുറേ നേരം ഇരുട്ടിലേക്കു് നോക്കി നിന്നു. എന്താണെന്നു് മനസ്സിലാവാതെ ഞാൻ കുറേ നേരം അന്ധാളിപ്പോടെയും പേടിയോടെയും നിന്നു. ഈ കാര്യം അമ്മയോടും അച്ഛനോടും പറഞ്ഞെങ്കിലും അവരാരും കൃത്യമായ ഒരുത്തരം തന്നില്ല. ആരോടാവാം വഴിയിൽ നിന്നു് മാറാൻ ആംഗ്യ കാട്ടിയതു്? ചവിട്ടു് പടിയിൽ തടസ്സമായി നിന്നതാരാവാം? എന്ന ചിന്തകൾ കുറച്ചു് രാത്രികളിൽ ഭയമായി മനസ്സിനെ ബാധിച്ചു. മുത്തച്ഛനോടു് ഈ കാര്യം ചോദിച്ചപ്പോൾ അത്ഭുതത്തോടെ എന്നെ നോക്കുകയാണുണ്ടായതു്. അനീസ് സലിമിന്റെ ‘സ്മോൾ ടൗൺ സീ’ എന്ന നോവൽ വായിച്ചപ്പോൾ ആ സംഭവത്തിന്റെ ഒരു വ്യാഖ്യാനം ലഭിച്ചു. ആഖ്യാതാവു് തന്റെ ഉപ്പയുടെ അവസാന കാലത്തെക്കുറിച്ചു് അതിൽ വിവരിക്കുന്നുണ്ടു്. വിദൂരഭൂതകാലവുമായി നിരന്തരം സംഭാഷണത്തിലേർപ്പെടുന്ന, ഓർമ്മയുടെ ഏതോ ബിന്ദുവിൽ സ്വയമുടക്കി നിൽക്കുന്ന ഉപ്പയെക്കുറിച്ചു്. ഒരു ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രമെന്ന പോലെ ആ ഇടങ്ങൾ മനസ്സിൽ തെളിയുന്നതായിട്ടു്. എനിക്കു് പരിചിതമല്ലാത്ത ഒരു കാലത്തെ കട്ടപിടിച്ച ഇരുട്ടിൽ മുത്തച്ഛൻ കണ്ടിരിക്കാം. ഏകാന്തതയുടെ നിമിഷങ്ങളെ വായനയാവും ആലോചനകളാലും നേരിട്ട ഒരു മനുഷ്യൻ ആ വിധം എത്ര കാഴ്ച്ചകളിലൂടെയാവും കടന്നു് പോവുക. പാതിഭാഗവും ഇരുൾ മൂടിയ വീട്ടിലാണു് ജീവിതത്തിൽ മിക്ക സമരവും അദ്ദേഹം ജീവിച്ചു് തീർത്തതു്. പുസ്തകങ്ങൾ തീർത്ത പ്രപഞ്ചങ്ങൾ പൊഴിച്ച വെളിച്ചമാണു് മനസ്സിനു് കരുത്തേക്കിയതു്. നിത്യമായി ഒരു സാധനയെന്നോണം ഭാഗവതം പാരായണം ചെയ്തിരുന്നു. ദുസ്സഹമായ വയനാടൻ ഏകാന്തതകളിൽ പുസ്തകം ഒരു സുഹൃത്തിനെയെന്ന പോലെ ഒപ്പം ചേർന്നതിനെപ്പറ്റി കൽപറ്റ നാരായണൻ ഒരു അഭിമുഖത്തിൽ പറയുന്നുണ്ടു്. വീട്ടിലേക്കു് സാധനം വാങ്ങാൻ കൊടുത്ത കാശിൽ നിന്നു് കുറച്ചു് മാറ്റിവെച്ചു് പുസ്തകങ്ങൾ വാങ്ങുമായിരുന്നു. ആ പുസ്തകമാണു് ദിനങ്ങളെ തള്ളിനീക്കാൻ ഊർജ്ജം നൽകിയതു്.

ഋതുപർണ്ണ ഘോഷിന്റെ ചിത്രാംഗദയിൽ രുദ്ര ആശുപത്രികിടക്കയിലിരുന്നു് മുന്നിൽ ഒരു സ്ക്രീറിലെന്ന പോലെ തെളിയുന്ന ഭൂതകാലത്തെ കാണുന്നുണ്ടു്. കഴിഞ്ഞുപോയ കാലത്തിന്റെ ദുഃഖങ്ങളെ, ഏകാന്തതകളെ, സ്പർശങ്ങളെ, ചുംബനങ്ങളെ, നടനങ്ങളെ ആ വിധം എല്ലാറ്റിനെയും ഓർത്തു്, ആ ഓർമ്മകളുടെ പെരുകത്താൽ ആശ്വാസത്തിലാഴുന്നു. ഇടയ്ക്കെപ്പോഴോ നൃത്തം ചെയ്യാൻ മനസ്സു് സജ്ജമാകുന്നുണ്ടു്. പക്ഷേ, ശരീരത്തിന്റെ പരിമിതികളിൽ ആ നടനം അപൂർണ്ണമായി അവസാനിക്കുന്നു. ഏകാന്തതയെ തോൽപ്പിക്കാൻ മനുഷ്യൻ നടത്തിയ പരിശ്രമങ്ങളുടെ ചരിത്രം കൂടിയായി മനുഷ്യവംശ ചരിത്രം മാറുന്നു. ഉൾവലിയലിന്റെ ഗ്രീഷ്മപ്രകൃതിയിലേക്കു് സ്വയം വിളക്കി ചേർത്തവർ കലയിലൂടെ പ്യൂപ്പയിൽ നിന്നു് ശലഭമെന്ന പോലെ പുറത്തു് ചാടുന്നു. ഒരു ശലഭം ഒരാവിഷ്കാരമാകുന്നു. അതിനെ പാറിപറക്കുന്ന പൂക്കളായി സങ്കല്പിച്ചതു് വിശ്വസാഹിത്യത്തിലെ ഉയർന്ന നിമിഷവും. ഇതുവരെ പറഞ്ഞതും ഇനി പറയുന്നതും അങ്ങനെയെന്താല്ലാമോ ആണു്. മൂന്നാം ഖണ്ഡം വിജനവും നിബിഡവുമായ യാത്രകൾ—അബ്ബാസ് കയരോസ്തമി, കരുണാകരൻ, കുളിയൻ തെയ്യം— മൂന്നു് ലോങ്ങ് ഷോട്ടുകൾ അബ്ബാസ് കയരോസ്തമി യുടെ ‘where is my friends Home’ എന്നൊരു സിനിമയുണ്ടു്. കിയരോസ്തമി അന്തരിച്ച വേളയിൽ ഒരു ചലച്ചിത്ര പ്രദർശനം നാട്ടിൽ സംഘടിപ്പിച്ചിരുന്നു. അപ്പോഴാണു് ആ ചിത്രം കാണാൻ കഴിഞ്ഞതു്. അതൊരു കുട്ടിയുടെ യാത്രയായിരുന്നു. സോഹ്റാബ് സെഫ്രി എന്ന ഇറാനിയൻ കവിയുടെ കവിതയിൽ നിന്നാണു് ചലച്ചിത്രത്തിന്റെ ശീർഷകം കയരോസ്തമി കണ്ടെത്തുന്നതു്. അദ്ദേഹത്തിന്റെ ചലച്ചിത്രങ്ങളുടെയെല്ലാം ശീർഷം അത്രമേൽ കാവ്യാത്മകമാണു്. യാത്ര കയരോസ്തമിയുടെ സിനിമകളിലെ മുഖ്യഘടകമാണു്. അയാൾ എഴുതിയ കവിതകളിലും യാത്രയുടെ കടന്നു് വരവു് കാണാം. 24 Frames എന്ന അവസാനകാല ചിത്രം പല ഫ്രെയിമുകളുടെയും ഇടങ്ങളുടെയും സങ്കലനമാണു്. അവിടെയും യാത്രയെ ദർശിക്കാം. ഭൂപ്രകൃതിയും ഋതുകളും ശബ്ദപരിസരങ്ങളും മാറുന്നു. യാത്രയിലൂടെ മാത്രം സാധ്യമാകുന്ന ഒരു മാറ്റം ഈ ഫ്രെയിമുകൾക്കിടയിൽ കാണാം. മനുഷ്യരും ജന്തുജാലങ്ങളും സസ്യലതാദികളും തരിശുനിലങ്ങളും പക്ഷികളും പുഴയും ചേർന്നു് സൃഷ്ടിക്കുന്ന ദൃശ്യങ്ങളുടെയും ശബ്ദങ്ങളുടെയും അനുഭവമാണു് 24 Frames. കയരോസ്തമിയിലെ കവിയാണു് ഇവിടെ ഉണർന്നു് പ്രവർത്തിച്ചതെന്നു് തോന്നും. ടേസ്റ്റ് ഓഫ് എന്ന വിഖ്യാത ചലച്ചിത്രം ആത്മഹത്യ ചെയ്യാൻ ഒരു സഹായിയെതേടി ഒരാൾ നടത്തുന്ന യാത്രയാണു്. മലഞ്ചെരിവുകളും സമതലങ്ങളും ചേർന്ന ഭൂപരിസരവും യാത്രയും ചെറിട്രീയിലും കാണാം. ദാർശനികമായും യാത്ര എന്ന പ്രവൃത്തിയെ സ്പർശിക്കുന്ന ചിത്രമാണതു്. ജീവിതത്തെയും മരണത്തെയും കുറിച്ചുള്ള അനേകം ചിന്തകളെ കയരോസ്തമി ചിത്രത്തിലൂടെ ബന്ധിപ്പിക്കുന്നുണ്ടു്.

images/Where_Is_the_Friends_Home.jpg

കൂട്ടുകാരന്റെ വീടു് തേടി സഞ്ചരിക്കുന്ന അഹമ്മദാണു് ചിത്രത്തിലെ കേന്ദ്രകഥാപാത്രം. അഹമ്മദിന്റെ അന്വേഷണവും യാത്രയും നോട്ടബുക്ക് ഏൽപ്പിക്കാനുള്ള വ്യഗ്രതയും ചേർത്തു് ഇറാന്റെ ജീവിതപരിസരവും സഞ്ചാരവഴികളുമാണു് കയരോസ്തമി ആവിഷ്കരിക്കുന്നതു്. കുട്ടികൾ കേന്ദ്രകഥാപാത്രമായി വരുന്ന നിരവധി ചിത്രങ്ങൾ കയരോസ്തമിയുടെ ജീവിതപരിസരത്തു് നിന്നും ഉണ്ടായിട്ടുണ്ടു്. മജീദി മജീദിയുടെയും മൊഹസീന മക്ബൽബഫിന്റെയും ചിത്രങ്ങളിലെ കുട്ടികളുടെ സാന്നിധ്യവും ലളിതമായ ചേർത്തുവെക്കലും ലോകസിനിമയിലെ അനന്യചാരുതയുള്ള ദൃശ്യഭാഷ്യങ്ങളാണു്. ബേക്കാസ് എന്ന 2012-ൽ പുറത്തിറങ്ങിയ കുർദിഷ് ചിത്രവും ഒരു യാത്രയുടെ കഥയാണു് പറയുന്നതു്. അമേരിക്കയും ഇറാനും കിർഗിസ്ഥാനും ചേരുന്ന ഒരു രാഷ്ട്രീയപ്രശ്നത്തിന്റെ ആവിഷ്കാരമാണു് ചിത്രത്തിന്റെ പ്രത്യക്ഷപാഠത്തെ നിർണ്ണയിക്കുന്നതു്. സംഘർഷം പുകയുന്ന മേഖലയിലൂടെയാണു് ഡാനും സാനും സൂപ്പർമാനെ തേടി അമേരിക്കയിലേക്കു് പോകുന്നതു്. ആ യാത്രയുടെ രസകരവും ഉദ്യോഗഭരിതവുമായ നിമിഷങ്ങളാണു് ബേക്കാസിന്റെ കാതൽ. തേടലിന്റെ കഥ തന്നെയാണു് ഈ യാത്രയ്ക്കും പറയാനുള്ളതു്.

രണ്ടു്

വീടും സ്വപ്നങ്ങളും മരണവും തേടി പല മനുഷ്യർ പല മട്ടിൽ നടത്തുന്ന യാത്രകൾ. നിരന്തരം പലായന ഭീഷണി നേരിടുന്ന ഒരു ജനതയ്ക്കു് യാത്ര ജീവിതം തന്നെയാണു്. സ്ഥിരരാശിയിലൊരു ജീവിതം സാധ്യമല്ലാതെ വരുന്ന സാഹചര്യത്തിൽ അവർ കാതങ്ങൾ ജീവിതത്തിനായി താണ്ടുന്നു. ഉത്തരേന്ത്യയിൽ കാതങ്ങൾ താണ്ടി ദാഹിച്ചു് വലഞ്ഞു് കണ്ണീരൊഴുക്കുന്ന മനുഷ്യരെ, ട്രെയിൻ തട്ടി ചിന്ന ചിതറിയ ശരീരങ്ങളെ നാം കണ്ടതാണു്. യാത്ര വേദനയായി മാറുന്നു.

വിണ്ടു് കീറിയ പാദങ്ങളുമായി ഒരു കൂട്ടം കർഷകർ മഹാരാഷ്ട്രയിൽ നടത്തിയ യാത്ര യാതനകളിൽ നിന്നുള്ള മോചനത്തിനു് വേണ്ടിയായിരുന്നു. വഴി നീളെ കർഷകർ അതിനോടൊപ്പം ചേർന്നു. അവകാശങ്ങൾക്കു് വേണ്ടിയുള്ള പോരാട്ടമായി യാത്രയുടെ സ്വഭാവം ഇവിടെ മാറുന്നു. കെ എം എന്ന മടിക്കൈയിലെ ഉജ്ജ്വലനായ കമ്മ്യൂണിസ്റ്റു് തന്റെ ആത്മകഥയ്ക്കു് ‘നടന്നു് നടന്നു്’ എന്നാണു് പേരിട്ടതു്.

ചുറ്റുമുള്ള മനുഷ്യരുടെ ജീവിതത്തിനായുള്ള നടത്തമായിരുന്നു.അന്യജീവിനുതകി സ്വജീവിതം ധന്യമാക്കിയ മനുഷ്യരുടെ പ്രതിനിധി.

മൂന്നു്

അങ്ങനെ ഈ വിധം പല മട്ടിൽ യാത്ര ജീവിതത്തിന്റെ സമസ്തതന്തുകളെയും സ്പർശിച്ചു് നിലകൊള്ളുന്നു. ഇത്രയും എഴുതാനുണ്ടായ സാഹചര്യം വീട്ടിലേക്കുള്ള വഴി തെറ്റിയ കുട്ടിയെക്കുറിച്ചുളള ഓർമ്മയാണു്. കരുണാകരന്റെ ഒരു കവിത വായിക്കുമ്പോഴാണു് ഈ ഓർമ്മയിലേക്കു് മനസ്സു് പോയതു്. പെരിയാങ്കോട്ടു് കളിയാട്ടം നടക്കുന്ന നേരത്തു് കുളിയൻ തെയ്യം (ഗുളികൻ തെയ്യം) കാണാൻ ഒരു കുട്ടി കൂട്ടുകാരോടൊപ്പം പോയി. ആറാം ക്ലാസ്സിൽ പഠിക്കുന്ന സമയമാണെന്നു് തോന്നുന്നു. ഉച്ചഭക്ഷണം കഴിച്ചു് ഒരു എെസും വായിലിട്ടു് ഇങ്ങനെ നടക്കുന്ന നേരത്താണു് കുളിയന്റെ വരവു്. കുളിയൻ പല കുറി പല വഴിക്കു് ഞങ്ങളെ ഓടിച്ചു. എല്ലാവരും ചിതറി ഓടി. കൂട്ടുകാർ ഒപ്പമുണ്ടെന്ന ധാരണയിൽ തെയ്യം നാടു് സന്ദർശിക്കാൻ പോകുന്ന വേളയിൽ ഒപ്പം പോകുന്ന കുറേ കുട്ടികളോടൊപ്പം ഈ കുട്ടിയും ചേർന്നു. ആരവങ്ങളുയർത്തി നടക്കുന്നതിനിടയിലാണു് പരിചിതമായ മുഖങ്ങളൊന്നും ഇല്ല എന്നു് ശ്രദ്ധിച്ചതു്. മുറുകിയ ചെണ്ടകൂറ്റു് പോലെ ഉള്ളിൽ ഭയം കത്തികേറി. കുട്ടികളെല്ലാം എന്നെ കടന്നു് പോയി. ഉച്ചവെയിലിന്റെ ചൂടു് കാറ്റിൽ ഒറ്റപ്പെട്ട പേടിയിൽ കരയണോ വേണ്ടയോ എന്ന ഭാവത്തിൽ അവിടെ നിന്നു.

നടക്കുന്നതിനിടയിൽ വഴി ശ്രദ്ധിച്ചതുമില്ല. ആൾക്കൂട്ടത്തിൽ വഴി ശ്രദ്ധിക്കേണ്ട ആവശ്യമില്ലല്ലോ. ആൾക്കൂട്ടം മിഥ്യയാണെന്നും ദിക്കറിയാതെയുളള ഒറ്റപ്പെടലാണു് സത്യമെന്നും അന്നു് മനസ്സിലായില്ലെങ്കിലും പിന്നീടു് ബോധ്യമായി. അതു് വഴി കടന്നു് വന്ന വല്യമ്മയ്ക്കു് വീടു് അറിയാവുന്നതു് കൊണ്ടു് വഴി കാട്ടി തന്നു. വർത്തമാനങ്ങൾ പറഞ്ഞു് വല്യമ്മ വീട്ടിലേക്കു് നയിച്ചു. ചില അടയാളങ്ങൾ മുന്നിൽ തെളിയാൻ തുടങ്ങിയപ്പോൾ സന്തോഷം ഇരട്ടിച്ചു. കാർ മൂടിയ കണ്ണിൽ വെളിച്ചം പരന്നു. അടയാളങ്ങളിലൂടെയാണു് നാം വഴികളെ ഓർത്തുവെക്കുന്നതു്. വിഭ്രമജലപ്രവാഹത്തിൽ നഷ്ടമായ ഓർമ്മയുടെ പൊൻമോതിരങ്ങളാണു് നാട്ടുവഴിയിലെ അടയാളങ്ങൾ. കാലം ഈ അടയാളങ്ങളെ മായ്ച്ചും പുനഃക്രമീകരിച്ചും തന്റെ പ്രവൃത്തി തുടരും. അതിനനുസൃതമായി സഞ്ചരിക്കാൻ പറ്റാതെ വരുമ്പോൾ ആ വഴി നമുക്കു് പുതിയതാവും. ‘ഒരു ദേശത്തിൽ കഥ’യുടെ അവസാനം ആഖ്യാതാവു് ജനിച്ച ദേശത്തു് അനുഭവിക്കുന്ന ഈ അപരിചിതത്വം യാത്രാനന്തരം ജന്മഗേഹത്തിൽ തിരിച്ചെത്തുന്ന ഏതൊരാൾക്കും ഉണ്ടാകും. ‘കയ്പവല്ലരി’യിൽ കരുണാകരൻ എഴുതിയതു് ആവർത്തിച്ചു് വായിക്കുന്നു.

“ആൽമരത്തിനു് മുമ്പെന്നോ

പഞ്ചായത്തു് കിണറിനു് തെക്കെന്നോ

പുഴയുടെ കരയിലെന്നോ, ഒരിക്കൽ

ഒരോ വീടും അടയാളം വെച്ചു.

വഴി തെറ്റില്ല,

മരം അവിടെ തന്നെ നിൽക്കും

കിണർ മാറില്ല, പുഴ മാറി ഒഴുകില്ല.”

നാലാം ഖണ്ഡം തേടുന്നതാരെ നീ ശൂന്യതയിൽ, തീയും വെള്ളവും, നോട്ടു് on ബ്ലൈൻഡ്നെസ്സു് — ഏരിയൽ ഷോട്ടുകൾ ഒറ്റപ്പെടലിന്റെ ആഖ്യാനങ്ങൾ വിശ്വകലയിൽ തിരയുകയാണെങ്കിൽ അനന്തയുടെ മുന്നിൽ നിൽക്കുന്ന അതേ അവസ്ഥയിലാകും എത്തിച്ചേരുന്നു. ഏതു് ഒരു ആഖ്യാനവും ഏകാന്തതയെ സ്പർശിക്കാതെ ഒഴുകിമറയുന്നില്ല. ഏകാന്തതയുടെ നൂറുവർഷങ്ങളുടെ സ്വീകാര്യതയ്ക്കു് പിറകിലുള്ള അനേക കാരണങ്ങളിലൊന്നു് അതിന്റെ ശീർഷകം കൂടിയാവാം. ഏകാന്തതയുടെ ഗുഹയിൽ അധികനേരമൊന്നും ഇരിക്കാനുള്ള ക്ഷമയോ, ഇച്ഛാശക്തിയോ അടിസ്ഥാനപരമായി മനുഷ്യനു് ഇല്ല. ജീവിതപരിസരത്തിൽ നിന്നു്, അനുശീലനത്തിൽ നിന്നു് ആർജ്ജിച്ചെടുക്കുന്നതാണു് ഏകാന്തതയെ പ്രതിരോധിക്കാനോ, അതിനോടു് സമരസപ്പെടാനോ ഉള്ള ഉപായങ്ങൾ. ഒരു വ്യാധി മനുഷ്യവംശത്തെ അല്പമാത്രയെങ്കിലും ഏകാന്തതവാസത്തിലേക്കാണു് തള്ളിയിട്ടതു്. അത്യാധുധികമായ സാങ്കേതികസംവിധാനങ്ങൾ നിലനിൽക്കുന്ന കാലത്തു് ‘ഏകാന്തത’ എന്ന അവസ്ഥയ്ക്കു് മാറ്റം എന്തെങ്കിലും സംഭവിക്കുന്നുണ്ടോ. ഇല്ല, ഏകാന്തത നിത്യയൗവനമാർന്നു് നിൽക്കുന്നു. സാങ്കേതികത വളർച്ച പ്രാപിച്ച കാലത്തെ ഏകാന്തതയ്ക്കു് ആകെയുള്ള പ്രത്യേകത അതിനെ ‘ഇ-ഏകാന്തത’ എന്നു് വേണമെങ്കിൽ വിളിക്കാം എന്നു് മാത്രം. ഫാക്ടറി തൊഴിലാളികളുടെയും, കോൺസൺട്രേഷൻ ക്യാമ്പിലെ നിസ്സഹായരുടെയും ഏകാന്തതയുടെ ചരിത്രം നമുക്കു് പിറകിലുണ്ടു്. ദൈനം ദിനത്വത്തിന്റെ വിരസതയിൽ നിന്നുള്ള വിമോചനമെന്നോണം സോഷ്യൽ മീഡിയയിലേക്കു് പ്രവേശിക്കുന്ന നിരവധി പേരുണ്ടു്. ഓരോ ദിവസവും പുതിയതായി എന്തെങ്കിലും തന്റെ ഏകാന്തതയെ പരിഹരിക്കാൻ, കാലത്തെ മുന്നോട്ടു് നീക്കാൻ അവിടെയുണ്ടാകും എന്ന പ്രതീക്ഷയാണു് ലോഗ് ഇൻ ചെയ്യാൻ പ്രേരിപ്പിക്കുന്നതു്. പുതിയതായി ഒരു വാക്കു് മതി, എനിക്കു് ഒരു ദിവസം പിഴയ്ക്കാൻ എന്നു് കൽപ്പറ്റ നാരായണൻ ഒരു പ്രഭാഷണത്തിൽ പറഞ്ഞു് കേട്ടിരുന്നു. ദിനമൊടുങ്ങുന്ന നേരം വരേക്കെങ്കിലും അല്പം ആശ്വാസമാണു് ചിലർ തേടുന്നതു്. ഈ ആശ്വാസം ചിലരുടെ എഴുത്തുകളാവാം, കഥയോ, കവിതയോ ആകാം, പാട്ടാവാം, രസിപ്പിക്കുന്ന വീഡിയോകളാവാം. അതു് നിർമ്മിക്കുന്ന സാമാന്തരലോകം നിത്യേന ഇടപെടുന്ന ലോകത്തു് നിന്നു് വിഭിന്നവും വൈവിധ്യം നിറഞ്ഞതുമാണെന്നു് നാം മനസ്സിലാക്കുന്നു. പതിയെ അതുമായി വിഭജിക്കാൻ കഴിയാത്ത ബന്ധം സ്ഥാപിക്കുന്നു. അത്രമേൽ ദൃഢമായ ബന്ധം ഭൂമിയിൽ മറ്റാരുമായും കാണില്ല. റീഡ് ചെയ്യാത്ത മെസെജുകളുടെയും നോട്ടിഫിക്കേഷനുകളുടെയും ആത്മാർത്ഥയോടെ നമ്മളെ ആരും കാത്തിരിക്കുന്നുമുണ്ടാവില്ല എന്ന തോന്നൽ അബോധവ്യാപാരങ്ങളിൽ ഇടപെടുന്നു. നാം നിയന്ത്രിച്ചിരുന്ന വസ്തു നമ്മുടെ ജീവിതക്രമങ്ങളെ നിയന്ത്രിക്കുന്നു. നമ്മുടെ ഏകാന്തത ഈ ഉപകരണം പ്രദാനം ചെയ്യുന്ന ലോകത്തിനനുസൃതമായി സംവിധാനം ചെയ്യപ്പെടുന്നു.

രണ്ടു്

ട്രൂ കോപ്പി തിങ്കിൽ പ്രസിദ്ധീകരിച്ച അജയ് പി മങ്ങാടിന്റെ ‘തീയും വെള്ളവും’ എന്ന കഥ രണ്ടു് വ്യത്യസ്ത ഭൂപശ്ചാത്തലത്തിൽ സംഭവിക്കുന്ന രണ്ടു് വ്യത്യസ്ത ഹത്യകളുടെ സമാകലനമാണു്. സ്ഥലം, മനുഷ്യർ, ഏകാന്തത തുടങ്ങിയ ഘടകങ്ങൾ ഇവിടെ പ്രധാന ഘടകങ്ങൾ. ഏകാന്തതയെ ഒരാൾ ഇൻലെഡിലെഴുതി പോസ്റ്റ്ബോക്സിലേക്കു് നിക്ഷേപിക്കുന്നു. മറ്റൊരാൾ ചെസു് കളിച്ചു് അതിനെ തോൽപ്പിക്കുന്നു.മറ്റൊരാൾ അതിനെ പദപ്രശ്നമായി കണ്ടു് പരിഹരിക്കാൻ ശ്രമിക്കുന്നു. പദപ്രശ്നം പോലെ, അത്യന്തം ഉദ്വോഗഭരിതമായ ചെസ്സ് മത്സരം പോലെ ഒരു ഹത്യയുടെ സമസ്യ ഈ കഥയിലുടനീളം നിറഞ്ഞു് നിൽക്കുന്നു. ആഖ്യാനഗതിയിൽ നിശബ്ദമായി ഒരു ഹത്യയുടെ പാപബോധം വിറപൂണ്ടു് നിൽക്കുന്നു. അതു് സൃഷ്ടിക്കുന്ന നിഗൂഢതയാണു് കഥയുടെ ഭാവത്തെ നിർണ്ണയിക്കുന്നതു്. എൽദോകുന്നും, കന്യാകുമാരിയും രണ്ടു് ഭൂപ്രദേശങ്ങളാണു്. സംഘകാലസാഹിത്യത്തിലെ ഭൂമിശാസ്ത്രപരമായി വിഭജനത്തെ അടിസ്ഥാനമാക്കിയെങ്കിൽ കുറിഞ്ചിയും, നെയ്തലുമാണു് കഥയിലെ സ്ഥലം. കുറിഞ്ചിയുടെ പ്രണയവും കാറ്റും നിർമ്മലഭാവവും പതിയെ സാഗരോന്മുഖമാകുമ്പോൾ ഭാവം മാറി ആഴത്തിന്റെ നിഗൂഢത വെളിപ്പെടുത്തുന്നു. നെയ്തലിന്റെ വിരഹം ആഖ്യാനത്തിലും ഇടപെടുന്നു. കുറിഞ്ചിയിലെ ഹത്യയുടെ കഥ ആഖ്യാനത്തിൽ കടന്നു് വരുന്നതു് നെയ്തലിന്റെ പശ്ചാത്തലത്തിലാണു്.

നിരവധി ആകുലതകളുടെ സംവാഹകനാണു് പോസ്റ്റ് മാൻ. തോമസ്സും അനേകം സന്ദേഹകളുടെ വാസസ്ഥലമാണു്. അയാളിൽ പ്രത്യാശയും ആർദ്രതയും നിറയ്ക്കുന്നതു് വർക്കിയും തങ്കമണിയുമാണു്. പക്ഷേ, പ്രത്യാശയുടെ പാതയിലൂടെ സഞ്ചരിക്കുമ്പോൾ തെളിയുന്ന ലോകം പരപ്പിൽ കണ്ടതല്ല. ആഴത്തിന്റെ പ്രകാശനം അനിർവചനീയമായിരിക്കും. പൂർവികർ കണ്ട ആഴമല്ല പിൻപേ പോകുന്നവർ കാണുന്നതു്. ആഴം ഒരോരുത്തരിലും ഓരോ അനുഭവമാണുണ്ടാക്കുന്നതു്. ഒരിടത്തു് ഹത്യയുടെ പാപത്തിൽ വിടുതൽ അഗ്നിയിലൂടെയും മറ്റൊരിടത്തും ജലത്തിലൂടെയുമാകുന്നു. ഒന്നു് ആത്മാവിന്റെ ഇച്ഛയാൽ നിർവഹിക്കപ്പെട്ടതു് എന്നു് തോന്നുമെങ്കിലും അതിന്റെ പ്രേരണ ശരീരത്തിനും ആത്മാവിനുമേറ്റ മുറിവാണു്. മറ്റൊരു ഹത്യയിൽ ഒരു തരം ഉന്മാദത്തിന്റെ സ്വഭാവമുള്ള പ്രതികാരദാഹമാണു്.

കുറിഞ്ചിയിൽ നിന്നു് നെയ്തലിലെത്തുമ്പോൾ ഒറ്റപ്പെട്ട അവസ്ഥ മൂർത്തമായി മാറിയെന്നു് പറയാമെങ്കിലും സൂക്ഷ്മതലത്തിലും തോമസു് കൂടുതൽ ഒറ്റപ്പെടലിലേക്കു് പോകുകയാണുണ്ടായതു്. ഓർമ്മ അയാളെ കൂടുതൽ ഏകാകിയാക്കി മാറ്റുന്നു. ഏകാന്തതയുടെ പരിസരം മാറിയെങ്കിലും അതിന്റെ ഉൾപൊരുൾ ഭേദമില്ലൊതെ തുടരുന്നു. അതിൽ അടങ്ങിയ ഭയത്തിന്റയും നിഗൂഢതയുടെയും തോതു് വർദ്ധിക്കുന്നു. മോപ്പസാങ്ങിന്റെ ഒരു കഥയിൽ നദിയുടെ ഏകാന്തതയിൽ രാത്രിയിൽ കൂടുങ്ങി പോകുന്ന ഒരാളുടെ ഭീതി വിവരിക്കുന്നുണ്ടു്. നദിയിൽ അധിവസിക്കുന്ന വിവിധ ജീവജാലങ്ങളുടെ ശബ്ദങ്ങൾ, മാറുന്ന കാലാവസ്ഥ, മൂടൽമഞ്ഞു് ഒരു മനുഷ്യനിൽ സൃഷ്ടിക്കുന്ന മാനസികാഘാതത്തെ സൂക്ഷ്മമായി കഥയിൽ വിവരിക്കുന്നു. ഒടുക്കം അത്രനേരം തനിക്കു് വഴിമുടക്കി നിന്ന ചങ്ങല വലിച്ചുയർത്തുമ്പോൾ പൊങ്ങി വന്ന ഒരു സ്ത്രിയുടെ മൃതദേഹം അയാളിൽ മാത്രമല്ല വായനകാരിലും ഞെട്ടലുളവാക്കുന്നു. നിഗൂഢത സൃഷ്ടിക്കുന്ന ഈ ഞെട്ടലാണു് കഥയുടെ പര്യന്തം സംഭവിക്കുന്നതു്.

മൂന്നു്

ബർമിങ്ങ്ഹാം സർവ്വകലാശാലയിലെ തിയോളജി അധ്യാപകനായ ജോൺ ഹാളിന്റെ ജീവിതത്തിന്റെ ദൃശ്യാവിഷ്കാരമാണു് നോട്ട് ഓൺ ബ്ലൈൻഡ്നെസ്സ്. മകന്റെ പിറവിക്കു് തൊട്ടു് മുൻപു് കാഴ്ച്ചപരിമിതിയുടെ ലോകത്തേക്കു് പ്രവേശിച്ച ജോൺ ഹാൾ അതു് സൃഷ്ടിച്ച ഏകാന്തതയെയും നൈരാശ്യത്തെയും മറികടക്കാൻ നടത്തിയ ശ്രമങ്ങളാണു് ഈ ഡോക്യുഫിക്ഷന്റെ ആധാരം. ഇവിടെ ഏകാകിയായ മനുഷ്യന്റെ വേറൊരു തലമാണു് ആവിഷ്കരിക്കപ്പെടുന്നതു്. ജോൺ ഹൾ നിത്യജീവിതം മുഴുവൻ ശബ്ദരേഖയായി റെക്കോർഡ് ചെയ്തു് സൂക്ഷിക്കുന്നു. അങ്ങനെ അയാൾ ലോകത്തെ തൊടുന്നു. ഓർമ്മയിലുള്ള ദൃശ്യങ്ങളിലേക്കു് സഞ്ചരിക്കുന്നു. മകന്റെ വളർച്ചയുടെ ഓരോ ഘട്ടവും ജോൺ ശബ്ദത്തിലൂടെ അറിയുന്നു. പുസ്തകൾ റെക്കോർഡ് ചെയ്തു് കേൾക്കുന്നു. കേൾവിയുടെ സാധ്യതകളിലൂടെ അയാൾ കാഴ്ച്ച സൃഷ്ടിച്ച ഏകാന്തതയെ മറികടക്കുന്നു. ഒറ്റയായെന്ന തോന്നൽ ആദ്യ നാളുകളിൽ അയാളെ അലട്ടുന്നുണ്ടു്. ലോകത്തു് നിന്ന നിഷ്കാസിതനായ ഒരുവന്റെ പരിഭ്രമവും ദുഃഖവും അയാളെ പിടികൂടുന്നുണ്ടു്. പതുക്കെ അയാൾ ആ അവസ്ഥയുമായി സംയോജിക്കുന്നു. ഹ്യുമൻ ഡ്യോകുമെന്റായി പീറ്റർ മിഡിൽറ്റനും ജെയിംസ് സ്പിന്നിയും സംവിധാനം ചെയ്ത ചിത്രം മാറുന്നു. ഒറ്റപ്പെട്ടലിന്റെ തീവ്രനിമിഷങ്ങളെ മറികടന്ന ഒരാളുടെ സർഗ്ഗജീവിതമാണു് ആവിഷ്കരിക്കപ്പെടുന്നതു്.

നാലു്

രാമഗിരിയിലെ ആശ്രമവാടിയിൽ പ്രിയപ്പെട്ടവളുടെ വിരഹതാപം സഹിക്ക വയ്യാതെ ആകാശം നോക്കി മേഘങ്ങളുടെ സഞ്ചാരം നോക്കി കിടന്ന യക്ഷൻ ആഷാഢത്തിന്റെ ആദ്യദിവസങ്ങളിലൊന്നിൽ തിണ്ടുകുത്തിക്കളിയിൽ ഏർപ്പെട്ട ആനയുടെ രൂപം പൂണ്ട കാർമേഘത്തെ കണ്ടെത്തി. ഏകാന്തതയിൽ കാഴ്ച്ചവട്ടം അത്രയും വിസ്തൃതമാണു്. തന്റെ സന്ദേശം പ്രിയയെ അറിയിക്കാൻ മേഘത്തെ ചുമതലപ്പെടുത്തുന്ന യക്ഷന്റെ ഒറ്റപ്പെടലിനെ അതിസൂക്ഷ്മമായാണു് കാളിദാസഭാവന കൊത്തിയെടുത്തിട്ടുള്ളതു്. സന്ദേശകാവ്യങ്ങളുടെ അടിസ്ഥാനതാത്പര്യങ്ങളിലൊന്നു് ഏകാന്തതയുടെ കൂടി ആവിഷ്കാരമാവുന്നു. പരിസരവും സ്വാഭാവവും മാറുമ്പോഴും ഏകാന്തതയുടെ ഉൾപ്പൊരുൾ അതായി തുടരുന്നു. ഗോദോയെ കാത്തു് നിൽക്കുമ്പോഴും, കേണൽ തനിക്കു് വരുന്ന കത്തു് കാത്തു് നിൽക്കുമ്പോഴും നാം മെസേജിനുള്ള റിപ്ലെ കാക്കുമ്പോഴും ആദിയിൽ മുള പൊട്ടിയ ഒരു വിത്തു് തളിർത്തു് വളർന്നു് ശിഖരങ്ങളാർജ്ജിച്ചു് തലയുയർത്തി ഇനിയും വളരാൻ തയ്യാറെടുത്തുനിൽക്കുന്നു. നാം ഏകാന്തതയുടെ അപാരതീരത്തിന്റെ വക്കിലാണു്.

പി. കൃഷ്ണദാസ്
images/krishnadas.jpg

കാസർഗോഡ് ജില്ലയിലെ മടിക്കൈ സ്വദേശി. നിലവിൽ കേരള സർവ്വകലാശാല മലയാള വിഭാഗത്തിൽ ഗവേഷകൻ. വായനയും എഴുത്തും സിനിമയും കലയും ഇഷ്ടവിഷയങ്ങളാണു്. ഫിസിക്സിൽ ബിരുദം, മലയാളസാഹിത്യത്തിൽ ബിരുദാനന്തരബിരുദം. ആനുകാലികങ്ങളിലും ഓൺലൈൻ പോർട്ടലുകളിലും ചെറുകഥകളും ലേഖനങ്ങളും എഴുതാറുണ്ടു്. യുവകഥാകൃത്തുകളുടെ കഥകൾ ചേർത്തു് ‘എന്നിട്ടു്’ എന്ന പേരിൽ പുസ്തകം എഡിറ്റ് ചെയ്തു് പ്രസിദ്ധീകരിച്ചിട്ടുണ്ടു്.

Colophon

Title: Ekanthatha, unmadam, maranam: Chila kurippukal (ml: ഏകാന്തത, ഉന്മാദം, മരണം: ചില കുറിപ്പുകൾ).

Author(s): P Krishnadas.

First publication details: Sayahna Foundation; Trivandrum, Kerala; 2021-01-24.

Deafult language: ml, Malayalam.

Keywords: Article, P Krishnadas, Ekanthatha, unmadam, maranam: Chila kurippukal, പി. കൃഷ്ണദാസ്, ഏകാന്തത, ഉന്മാദം, മരണം: ചില കുറിപ്പുകൾ, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: January 24, 2022.

Credits: The text of the original item is copyrighted to the author. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-NC-SA 4​.0). Commercial use of the content is prohibited. Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: Portrait of the artist’s foster father the zoologian and professor Henrik Nicolai Kr{\o }yer, a painting by Peder Severin Krøyer (1851–1909). The image is taken from Wikimedia Commons and is gratefully acknowledged.

Production history: Data entry: the author; Typesetter: LJ Anjana; Editor: PK Ashok; Encoding: LJ Anjana.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.