‘ഉദയഗിരി ചുകന്നൂ ഭാനുബിംബം വിളങ്ങീടുന്നതിനു മുമ്പിൽതന്നെ കാകേശ്വരൻ പള്ളിക്കുറുപ്പുണരും. ഉണർന്ന ഉടനെ നിലവിളിയായി. സമീപസ്ഥന്മാർക്കൊന്നും മേലാൽ നേരം പുലരരുതെന്നുള്ള ദുഷ്ടവിചാരത്തോടുകൂടി തന്റെ കോഴിയേയും നെരുപ്പോടും എടുത്തു കാടുകയറിക്കളഞ്ഞിരുന്ന വൃദ്ധയുടെ അസൂയാബുദ്ധി കാകനില്ല. കാലത്തു ഉറക്കം ഞെട്ടിയ ഉടനെ സമീപസ്ഥന്മാരെ ഒക്കെ വിളിച്ചുണർത്തും. നേരം പുലർന്നുവെന്നുള്ളതും കാക്ക കരഞ്ഞുവെന്നുള്ളതും മലയാളഭാഷയിൽ കേവലം പര്യായശബ്ദങ്ങളായി തീർന്നിട്ടുള്ളതാലോചിച്ചാൽ നമ്മുടെ കാകൻ പുലർകാലത്തെ തെറ്റി ധരിക്കാറില്ലെന്നു തീർച്ചയാക്കേണ്ടതാണു്. നിലാവുള്ള ചില രാത്രി ചിലപ്പോൾ കാക്കയുടെ കരച്ചിൽ അവിടവിടെ കേട്ടെന്നുവരാം. ഇതു് ചില വിഡ്ഢികളുടെ വിഡ്ഢിത്വം കൊണ്ടുവരുന്നതാണു്. വിഡ്ഢികൾ ഏതു കൂട്ടത്തിലും ഉണ്ടല്ലൊ. വല്ല സംഗതിവശാലും അല്പം ഉറക്കം ഞെട്ടിനോക്കുമ്പോൾ നിലാപ്രകാശം കണ്ടു നേരം പുലർന്നുവെന്നു കരുതി, ഉടനെ തന്റെ ഭോഷത്വം മനസ്സിലായാൽ പിന്നെ മിണ്ടില്ല. അനാവശ്യമായി അകാലത്തു് മറ്റുള്ളവരുടെ ഉറക്കം ഞെട്ടിക്കുന്നതിനു ആ വിഡ്ഢിക്കും ഭയമില്ലാതെയല്ല.
സന്ധ്യയായാൽ കാക്കകൾ കൂട്ടം കൂട്ടമായി കടലോരത്തേക്കു പറന്നു പോകുന്നതു കാണാം, രാത്രിയിൽ ഒരു ദേശത്തുള്ള കാകനിവാസികളൊക്കെ ഒന്നൊത്തു ചില വൃക്ഷക്കൊമ്പുകളിൽക്കൂടി പകലുണ്ടായ സംഭവങ്ങളൊക്കെ ചുരുക്കത്തിൽ പ്രസ്താവിച്ചു അന്യോന്യം ധരിപ്പിച്ചു ഉറക്കത്തിനുള്ള വട്ടമായി. എന്തുതന്നെ തെറ്റോ അബദ്ധമോ ചെയ്തിരുന്നാലും അവയെപ്പറ്റി ഓർമ്മപ്പെടുത്തി വ്യസനിപ്പിക്കയോ പശ്ചാത്തപിപ്പിക്കയോ ചെയ്യത്തക്ക മനസ്സാക്ഷി കാകനില്ലാത്തതിനാൽ, അതിസത്യവാനായ ധർമ്മിഷ്ടനെപ്പോലെ യാതൊരു ആലശീലയും ഇല്ലാതെ നിദ്രയാണു് അവൻ അനുഭവിക്കുന്നതു്.
നേരം പുലരുന്നതു കണ്ടറിവാൻ കാകന്നു എത്രതെന്നെ സാമർത്ഥ്യമുണ്ടായിരുന്നാലും മണിക്കൂറിന്റെ കണക്കു തനിക്കു നിശ്ചയമില്ലെന്നു സംശയിക്കേണ്ടിയിരിക്കുന്നു. ഒരു ഘടികാരയന്ത്രം കണ്ടു പിടിക്കത്തക്ക ശാസ്ത്രജ്ഞൻ കാകലോകത്തിൽ ഇതുവരെ ജനിച്ചിട്ടില്ല. സൂര്യഗ്രഹണമുള്ള കാലത്തു നേരം രാത്രിയായിപ്പോയെന്നു കാക്കകളൊക്കെ വിചാരിക്കാറുണ്ടെന്നുള്ളതിനു ലക്ഷ്യമുണ്ടു്. ഈഹ ഒരു ദിക്കിൽ ഇങ്ങിനെ എഴുതിയിരിക്കുന്നു:1893-ൽ പൂർണ്ണസൂര്യഗ്രഹണം ഉണ്ടായ കാലത്തു ഞാൻ വിജയദുർഗ്ഗത്തിൽ ആയിരുന്നു. അവിടെ ഉണ്ടായിരുന്ന കാക്കകളൊക്കെ ഗ്രഹണം ഉണ്ടായ ഉടനെ രാത്രിയാണെന്നു അബദ്ധമായി വിശ്വസിച്ചു വഞ്ചിക്കപ്പെട്ടു ഒക്കെകൂടി, അവ സാധാരണ ഉറങ്ങാൻ ചെന്നു ചേരുന്ന വൃക്ഷശാഖകളിൽ ചെന്നണഞ്ഞു. കൊക്കുകൾ ചിറകിന്നുള്ളിൽ തിരുകി ഉറങ്ങാൻ ഭാവിച്ചപ്പോഴേക്കും ഗ്രഹണം നീങ്ങി ദിനമണി പ്രകാശിച്ചു. ഉടനെ ഒക്കെകൂടി ഞെട്ടി ഉണർന്നു് ആശ്ചര്യകോപാന്ധന്മാരായി ‘ഐകകണ്ഠ്യേന’ നിലവിളി തുടങ്ങി. തങ്ങളെപറ്റിക്കാൻ ആരോ ചെയ്തുകൂട്ടിയ വിദ്യയായിരുന്നു അതെന്നാണു് കാക്കകൾ തീർച്ചയായും വിചാരിച്ചതു്’.
കാകൻ കാലത്തേ എഴുന്നേല്ക്കുമെങ്കിലും പ്രാതഃസ്നാനം തനിക്കു അത്ര ഹൃദ്യമല്ല. കുളിക്കാൻ അധികം തണുത്ത ജലം തന്നെ വളരെ ഇഷ്ടമാണെന്നു തോന്നുന്നില്ല. എന്തെന്നാൽ മദ്ധ്യാഹ്നസ്നാനമാണു കാകന്നു പിടിച്ചതെന്നു തോന്നുന്നു. ഏതായാലും രാവിലെ ഏഴുമണി കഴിഞ്ഞല്ലാതെ ഒരു കാക്കയും കുളിക്കാറില്ല. മുങ്ങിക്കുളി വേണമെന്നു ശാഠ്യമുണ്ടെങ്കിലും വെള്ളത്തിന്റെ ശുദ്ധാശുദ്ധികൾ അത്ര ഗണിക്കാറില്ല. ഗംഗാബുവായാലും ചണ്ഡാലവാപിയായാലും ഈ ദ്വിജശ്രേഷ്ഠനു ഭേദമില്ല. പുഴയോ, കുളമോ, വെറും കുണ്ടോ, കൂപമോ, ഒന്നുമില്ലെങ്കിൽ മനുഷ്യൻ കുളിക്കാനോ കുടിക്കാനോ പാത്രങ്ങളിൽ കോരിവെച്ച വെള്ളമാണെങ്കിൽ അതോ, ഒക്കെ അവിടുത്തേക്കു ‘നീരാടുവാൻ സുഖമനല്പ’മായി നല്കുന്നതാണു്. ഇങ്ങിനെ ‘കഴുകിക്കളിപ്പാനയ്യൊ! തണുത്ത ജലവും കുളവും ചുരുക്കം’ എന്നു പരിതപിച്ച കവീശ്വരന്റെ ബുദ്ധിമുട്ടൊന്നും ഇല്ലാത്തതിനാലാണു് കാകന്നു പരദേശവാസവും സ്വദേശവാസവും ഒക്കെ ഒരുപോലെ സുഖപ്രദമാകുന്നതു്. പക്ഷേ, ഹിമാലയപർവ്വതത്തിന്റെ മുകളിലുള്ള ‘അൽമൊറ’ എന്ന ദിക്കിൽ ചിലപ്പോൾ കാക്കകൾപോലും മേൽപറഞ്ഞ കവീന്ദ്രനെപ്പോലെ നിസ്സഹായികളായി തീരുന്നു. അൽമൊറയിൽ കാകസ്നാനത്തെപ്പറ്റി മിസ്റ്റർ ഡിവാർ വിവാച്ചാനർ ഇങ്ങിനെ പറഞ്ഞിരിക്കുന്നു. ‘ഹിമാലയത്തിൽ ചില കാലങ്ങളിൽ വെള്ളത്തിനു ഏകദേശം വിസ്കിയോളം വിലയുണ്ടു്. അൽമൊറയിൽ കുടിക്കാനുള്ള വെള്ളം തപ്പിലാക്കി എത്രയോ താഴത്തുനിന്നു കയറ്റിക്കൊണ്ടുവരണം. ഇത്ര വിലയേറിയ ഈ ജലത്തെ എന്റെ തോട്ടക്കാരൻ ഒരു തപ്പിലാക്കി സൂക്ഷിക്കാറുണ്ടു്. ഇതാണു് കാക്കകൾ അവിടെ കുളിക്കാൻ ഉപയോഗിക്കാറു്. കുളിക്കാൻ ആഗ്രഹിക്കത്തക്ക സൗകര്യമുള്ള സ്ഥലമല്ലെങ്കിലും മറ്റൊന്നും ഇല്ലാത്ത അവസ്ഥക്കു, തരക്കെടില്ലെന്നുതന്നെ പറയണം’. കാക്കകൾ കുളിക്കുന്നതു കാണാത്തവർ ഉണ്ടായിരിക്കയില്ല. വെള്ളത്തിന്റെ അടുക്കെപ്പോയിനിന്നു, ഒന്നു നല്ലവണ്ണം നാലുപാടും നോക്കി, തലയും കഴുത്തും അതിശീഘ്രമായി അതിൽ മുക്കി ധൃതിയിൽ ഒന്നു പിടപ്പിക്കും. അതോടുകൂടി തന്നെ വാലും അതിവേഗത്തിൽ വിറക്കുന്നുണ്ടായിരിക്കും. ചിറകു സാവധാനത്തിൽ അടിച്ചുകൊണ്ടിരിക്കും. ഇങ്ങിനെ വെള്ളം നാലുപാടും ഇളകി തെറിച്ചു അതിന്റെ ശരീരത്തിലും ചിറകിലും മിക്കഭാഗത്തും നനക്കുന്നു. പിന്നെ കാക്ക സമീപത്തുള്ള നല്ല വൃക്ഷക്കമ്പിന്മേലും പറന്നു ചെന്നു നിന്നു ഒന്നു കുടഞ്ഞു കൊക്കുകൊണ്ടു തൂവലുകൾ അതിധൃതിയിൽ ചീകി ശരിയാക്കുന്നു. ഇങ്ങിനെ ചെയ്യുമ്പോൾ എല്ലാ ഭാഗത്തും എത്തേണ്ടതിനു ശരീരം വളച്ചും പുളച്ചും കളിക്കുന്ന കളികാണുമ്പോൾ തടിയന്മാരായ മനുഷ്യർ കുളിക്കുമ്പോൾ പുറം തേക്കാൻ ചെയ്യാറുള്ള യത്നവും അതിനിമിത്തം അനുഭവിക്കാറുള്ള ബുദ്ധിമുട്ടും ഓർമ്മവരുന്നതാണു്. രണ്ടാമതും വെള്ളത്തിന്നടുക്കെ ചെന്നു് ആദ്യം ചെയ്ത കർമ്മങ്ങളൊക്കെ ഭേദംകൂടാതെ ചെയ്യുന്നു. ഇങ്ങിനെ മൂന്നും ചിലപ്പോൾ നാലും പ്രാവശ്യം ചെയ്യാറുണ്ടു്. രണ്ടുകൊണ്ടു തൃപ്തിപ്പെടുന്നവയും ഇല്ലെന്നല്ല. ഒടുക്കം അല്പം വെള്ളം കുടിക്കും. കുടിച്ചു കഴിഞ്ഞാൽ കുളി അവസാനിച്ചുവെന്നു നിർണ്ണയിക്കാം.
മയിൽപ്പീലി ധരിച്ച കാകനെ പറ്റി നാം വായിച്ചിട്ടുണ്ടല്ലോ. കാക്ക ഇങ്ങനെ വസ്ത്രാഡംബരത്തിൽ വലിയ ഭ്രാന്തുള്ള ജാതിയാണു്. വലിയൊരു പത്രാസിയാണു്. അവനവൻ മാത്രമല്ല, തന്റെ സജാതിയരൊക്കെ യാതൊരു വികൃതവേഷമോ, സുഖഹീനതയൊ, ഉള്ളവരായിരിക്കരുതെന്നാണു് സർവ്വകാകന്റേയും വിചാരം. വല്ല കാക്കക്കും അല്പം ദീനമാണെന്നു കണ്ടാൽ ശേഷമുള്ളവയൊക്കെ കൂടി അതിനെ കൊത്തി കണക്കു വരുത്തിക്കളയും. വികൃതിക്കുട്ടികൾ പലപ്പോഴും കാക്കയെ പിടിച്ചു അവയെ പല വികൃതവേഷം അണിയിച്ചു് വിട്ടയക്കാറുള്ളതു് സാധാരണയല്ലൊ. കുട്ടികൾ മാത്രമല്ല, വലിയവരും, അതുതന്നെ വികൃതികളെന്നു വെക്കേണ്ട, മാന്യന്മാരും ഈ വക വിദ്യയിൽ വളരെ സശ്രദ്ധന്മാരായി പലപ്പോഴും കാണപ്പെടാറുണ്ടു്. ഇങ്ങിനെ വികൃതവേഷത്തിൽ കാണപ്പെടുന്ന കാക്കയെ മറ്റുള്ളവ കൊത്തി കൊല്ലുമത്രെ. മദിരാശിയിൽ വലിയ ഉദ്യോഗസ്ഥനായിരുന്ന ഒരു യൂറോപ്യൻ വലിയ വായസാരിയായിരുന്നുപോൽ. തരം കിട്ടുമ്പോളൊക്കെ കാക്കയെ പിടിച്ചു അതിന്റെ കഴുത്തിലെ തൂവലുകൾ പറിച്ചു ചായം തേച്ചു വിടുകയായിരുന്നു അദ്ദേഹത്തിന്റെ വിദ്യ. അങ്ങിനെയുള്ള കാക്കകളെ കാണുന്ന മാത്രത്തിൽ മറ്റുള്ളവ ഒത്തു ചേർന്നു കൊത്തി സംഹരിച്ചു കളയുംപോൽ. സ്വവർഗ്ഗത്തിൽ ആരും ആഭാസനിലയിൽ കാണപ്പെടരുതെന്നുള്ള സദൃശത്തോടുകൂടി കാക്കകൾ അനുസരിക്കുന്ന ഈ സമ്പ്രദായം അവയുടെ ശത്രുക്കൾക്കു അനുകൂലമായി പരിണമിക്കയാണു് ചെയ്യുന്നതു്. കാക്കമാംസം ഭക്ഷിക്കാറുള്ള ചില വനവാസികൾ കാക്കകളുടെ ഈ സമ്പ്രദായത്തെ, അവയെ എളുപ്പത്തിൽ പിടിക്കാനുള്ള ഒരു സൂത്രമായി ഉപയോഗിക്കുന്നു. ഒരു കാക്കയെ പിടിച്ചു് അതിന്റെ ചിറകു വിടർത്തി നിലത്തോടു ആണികൊണ്ടു് തറപ്പിക്കും. അതു അവിടെ കിടന്നു പിടച്ചു നിലവിളിക്കുന്നതു മറ്റു കാക്കകൾ കാണുമ്പോൾ അതിനെ കൊത്തിക്കൊല്ലാൻ ശ്രമിക്കും. തന്നെ എതിർക്കുന്നവയുടെ കൂട്ടത്തിൽ ഒന്നിനെ ഈ കാക്കയും ബലമായി കൊത്തിപ്പിടിക്കാൻ നോക്കും. അങ്ങിനെ ചെയ്താൽ ഒളിവിലിരിക്കുന്ന മനുഷ്യൻ ഉടനെ ഓടിച്ചെന്നു അതിനേയും പിടിക്കും. അതിനെക്കൊണ്ടു അങ്ങിനെ തന്നെ മറ്റൊന്നിനെ പിടിക്കും. ഇങ്ങിനെ അനേകം കാക്കകളെ പിടിച്ചു ഹിന്ദുക്കളിൽ പരിശുദ്ധ ഹൃദയന്മാരായ ചില ഭക്തന്മാരുടെ അടുക്കെ ചെന്നു അവരുടെ മുമ്പാകെ വെച്ചു അവയെ കൊല്ലാൻ ഭാവിക്കും. അവർ ഉടനെ ഓരോ കാക്കക്കു കാലണയോ, അരണയോ കൊടുത്തു വാങ്ങി അവയെ വിട്ടയക്കും. സദുദ്ദേശത്തോടുകൂടി ഒരു ജീവി അനുസരിക്കുന്ന സമ്പ്രദായം തങ്ങൾക്കു നാശകമായി തീരുകയും, ഒരാൾ മഹാപാതകമായി വിചാരിക്കുന്ന കർമ്മം മറ്റൊരാൾ ദ്രവ്യ സമ്പാദനത്തിനു ഹേതുവായ വിദ്യയായി ഗണിക്കയും ചെയ്യുന്നതു നോക്കിൻ! എന്തൊരു ലോകം!! ആട്ടെ, നാം കാക്കയുടെ കാര്യം പറയുക. കാക്കകൾ ജാതിപ്പഞ്ചായത്തും സഭകളും കൂടാറുള്ള പ്രകാരം ചില പ്രകൃതിശാസ്ത്രജ്ഞന്മാർ പറയുന്നു. ഏതായാലും ഭാഷാ സംബന്ധമായ കാര്യങ്ങളെപ്പറ്റി പ്രതിപാദിക്കാൻ അവ സഭ കൂടാറില്ലെന്നു ഞാൻ സത്യം ചെയ്തു പറയാം. ഭാഷക്കു സാർവത്രീകമായ ഐകരൂപ്യം വരുത്താനോ സർവസമ്മതമായ ഒരു വ്യാകരണമുണ്ടാക്കാനോ അവ യത്നിച്ചു തുടങ്ങീട്ടില്ല.
മനുഷ്യരെ അടുത്തു പെരുമാറാൻ ഇത്ര ധൈര്യം കാണിക്കാറുള്ള ജീവി കാകനെപ്പോലെ വേറെ ഇല്ല. മനുഷ്യനെ വളരെ ഭയമുള്ള അണ്ണാൻ മുതലായ ചില ജീവികൾ വളരെ എളുപ്പത്തിലും നല്ലവണ്ണവും മെരുങ്ങും. കാക്കയ്ക്കു വിടാതെ എത്ര ദിവസമെങ്കിലും ഭക്ഷണം കൊടുത്താലും അതു അടുത്തുവരാൻ മടിക്കും. മനുഷ്യരുടെ കയ്യിൽനിന്നു ഭയംകൂടാതെ ഭക്ഷണം കൊത്തിത്തിന്നു പോകത്തക്കവിധത്തിൽ ചിലർ കാക്കകളെ മെരുക്കീട്ടുണ്ടെന്നു കാണുന്നു. കർണ്ണൽ കണ്ണിങ്ങാം എന്ന സായ്പു് ഒരു കൂട്ടം കാക്കകൾക്കു ദിവസേന ഭക്ഷണം കൊടുക്കാറുണ്ടായിരുന്നുപോൽ. അവയിൽ രണ്ടെണ്ണം മാത്രമേ അദ്ദേഹത്തിന്റെ കൈയ്യിൽനിന്നു കൊത്തി തിന്നത്തക്കവണ്ണം ധൈര്യപ്പെട്ടു അടുത്തു ചെല്ലാറുള്ളു. ഇങ്ങിനെ പരിഷ്കാരലക്ഷണം കാണിച്ചതിനാൽ ആ രണ്ടു കാക്കകൾക്കും മറ്റുള്ളവയ്ക്കു കൊടുക്കുന്നതിൽനിന്നു കുറെ വിശേഷവിധിയായ ഭക്ഷണങ്ങൾ അദ്ദേഹം കൊടുത്തു. മറ്റുള്ളവയ്ക്കു് അപ്പക്കഷണങ്ങൾ കൊടുക്കുമ്പോൾ ഇവയ്ക്കു ബിസ്ക്കറ്റായിരുന്നുപോൽ കൊടുത്തിരുന്നതു്. അപ്പക്കഷണങ്ങൾ എറിഞ്ഞുകൊടുക്കുന്നതു് കൈവശപ്പെടുത്താൻ മറ്റുള്ളവ അന്ന്യോന്യം ശഠിച്ചും കലഹിച്ചും യത്നിച്ചുകൊണ്ടിരിക്കേ ഈ രണ്ടു കാക്കകളും സായ്പിന്റെ എടത്തും വലത്തും നിന്നു നോക്കിക്കൊണ്ടിരിക്കും. സർവാണി സദ്യയൊക്കെ കഴിഞ്ഞാലാണു് തങ്ങളുടെ സദ്യയെന്നു അവയ്ക്കറിയാം. ചില ദിവസങ്ങളിൽ ബിസ്ക്കറ്റു കാണിക്കാതെ ഒളിപ്പിച്ചുവെച്ചാൽ ആ രണ്ടു കാക്കകളും കുറെ പരിഭ്രമം കാണിക്കുമത്രേ. ആ നിലയിൽ ഒരു കഷണം അപ്പം കൈവശപ്പെടുത്തിയാലോ എന്നുകൂടി വിചാരിച്ചു് പ്രവൃത്തിക്കാറുണ്ടുപോൽ. തലശ്ശേരിക്കടുക്കെ വയലളത്തു് എന്റെ ഒരു സ്നേഹിതൻ ഒരു കാക്കയെ പോറ്റിയിരുന്നു. അദ്ദേഹം എവിടെക്കെങ്കിലും ഇറങ്ങിപ്പോകുമ്പോൾ കാക്കയുംകൂടെ പറന്നുപോകും. മുന്നിട്ടു പറന്നു ഒരു മരത്തിന്റെ കൊമ്പിൻന്മേൽ നില്ക്കും. അദ്ദേഹം കടന്നുപോയെന്നു കണ്ടാൽ പിന്നേയും പറന്നു മുമ്പിൽപോയി കാത്തുനില്ക്കും. താനുംകൂടെ ഒന്നിച്ചുണ്ടെന്നു ഓർമ്മപ്പെടുത്താനോ എന്തോ ചിലപ്പോൾ പറന്നുപോകുമ്പോൾ അദ്ദേഹത്തിന്റെ തലക്കു ചിറകുകൊണ്ടു മെല്ലെ ഒന്നു തട്ടും. ഈ കാക്കയെ പിന്നെ ആരോ വെടിവെച്ചുകളകയാണു് ചെയ്തതു്.
കാക്കളുടെ കരച്ചിലിനു അർത്ഥമുണ്ടു്. ഒരു പ്രത്യേക തരമായ കരച്ചിൽ ‘വിരുന്നു കുറിക്കൽ’ ആണത്രേ. അങ്ങിനെ കരഞ്ഞാൽ ആ വീട്ടിൽ ആരോ അന്നു വിരുന്നുണ്ടാകുമെന്നാണു് വിശ്വാസം. ഒരു കാക്ക തനിയെ ഇരുന്നു വീട്ടിനടുത്തുനിന്നു ഉറക്കെ ദീനസ്വരത്തിൽ കരയുന്നതു അർത്ഥനസൂചകമാണു്. ഇങ്ങിനെയുള്ള അർത്ഥങ്ങളെപ്പറ്റി ആലോചിക്കുമ്പോൾ കാകഭാഷക്കു് ഒരു നിഘണ്ടു ഉടനെ ഉണ്ടാകുമെന്നു വിശ്വസിക്കാം. ഏതായാലും ഒരു വ്യാകരണം ഉണ്ടാകുന്നതാണെങ്കിൽ പാണിനിയെ അനുകരിക്കരുതെന്നു് അപേക്ഷയുണ്ടു്. കാക്ക പറക്കുന്നതിലും ചില ലക്ഷണങ്ങളുണ്ടല്ലൊ.
എത്രായിരം കാക്കകൾ ഇന്ത്യയിൽ ഉണ്ടെന്നു എങ്ങിനെ നിർണ്ണയിക്കാം. യാതൊരു കാനീഷുമാരി കണക്കുകൊണ്ടും അതു് അറിവാൻ കഴികയില്ല. വൈകുന്നേരം സൂര്യാസ്തമന സമയം നമ്മുടെ വീട്ടിന്റെ മുറ്റത്തിരുന്നു മേല്പോട്ടു നോക്കിയാൽ അനവധി കാക്കകൾ വേഗത്തിൽ പറന്നു പോകുന്നതു കാണാം. വിശ്രമസ്ഥലത്തേക്കു മടങ്ങിപ്പോകയാണു്. പ്രകൃതശാസ്ത്രജ്ഞനും, ഒരു വക തത്വജ്ഞാനിയും ആയ എന്റെ ഒരു സ്നേഹിതൻ പലപ്പോഴും ചില വൈകുന്നേരങ്ങൾ ഇങ്ങനെ പോകുന്ന കാക്കകളെ എണ്ണാൻ ശ്രമിച്ചിട്ടുണ്ടു്. ദിവസേന പന്തീരായിരത്തിൽ കുറയാതെ കാക്കകൾ തനിക്കു കാണത്തക്ക വിധം തന്റെ വീടിനുമീതെ പറന്നുപോകുന്നുണ്ടെന്നാണു് അദ്ദേഹത്തിന്റെ കണക്കു്. കാക്കകൾ മനുഷ്യർ താമസിക്കുന്നതിനു വളരെ സമീപം താമസിക്കാനാണു് ആഗ്രഹിക്കുന്നതു്. തലശ്ശേരിയും കോഴിക്കോട്ടും മറ്റും കടപ്പുറത്തിനു സമീപമാണു് കാക്കകൾ രാത്രിസമയം അധികം കൂടിക്കാണുന്നതു്. ശരീരശാസ്ത്രത്തിന്നനുസരിച്ചു കടൽക്കാറ്റു് ഏൽക്കേണ്ടുന്ന ആഗ്രഹത്തിലൊ, അതോ ഉദരപൂർത്തിക്കു മത്സ്യം പിടിക്കാരുടെ സാമീപ്യമാണു് ഫലകരമെന്നുവെച്ചൊ ഇങ്ങനെ ചെയ്യുന്നതെന്നു കാകൻ അമാന്തിക്കാറില്ല. അതിന്റെ ചരിത്രകർത്താവുകൂടി അത്യന്തം ലജ്ജിക്കത്തക്ക ഉത്സാഹം അവർക്കുണ്ടു്. കാക്കകളിൽ ഒരാൾ തന്നെയാണു് ഈ ചരിത്രവും എഴുതുന്നതെങ്കിൽ രസികരജ്ഞിനി പത്രാധിപരെ രണ്ടും മൂന്നും മാസം ഒരുപോലെ ഭഗ്നാശയനാക്കുന്നതല്ലയായിരുന്നു.
അത്ര ഉത്സാഹിച്ചു പകൽ മുഴുവൻ യത്നിച്ചാലും വൈകുന്നേരമായി മടങ്ങി വിശ്രമസ്ഥലത്തെത്തിയാൽ യാതൊരു ക്ഷീണമോ മടിയോ കാണിക്കാറില്ല. രാത്രിയായിപ്പോയതുകൊണ്ടും ഉറങ്ങേണ്ടി വന്നുവല്ലൊ എന്നേ അവയ്ക്കു വിചാരമുള്ളൂ എന്നു തോന്നുന്നു. മനുഷ്യനും മൃഗത്തിനും ഒരുപോലെ ഉപദ്രവകരമാകത്തക്കവിധം പുലരുന്നതിനു് മുമ്പെ ഇങ്ങെഴുനീല്ക്കയും ചെയ്യും.
രസികരഞ്ജി പുസ്തകം 5 ലക്കം 2.
മൂർക്കോത്തു കുമാരൻ വടക്കേമലബാറിലെ പ്രസിദ്ധമായ മൂർക്കോത്തു കുടുംബത്തിൽ 1874 മെയ് 23-നു് ജനിച്ചു. മലയാളത്തിലെ ആദ്യകാല ചെറുകഥാകൃത്തുകളിലൊരാളായ അദ്ദേഹം ലളിതവും പ്രസന്നവുമായ ഗദ്യശൈലി മലയാളത്തിൽ അവതരിപ്പിച്ച എഴുത്തുകാരനായിരുന്നു. അധ്യാപകൻ, സാംസ്കാരിക നായകൻ എന്നീ നിലകളിലും അദ്ദേഹം പ്രസിദ്ധനായിരുന്നു.