അനാദിയും അവ്യക്തവുമായ ഭൂതകാലക്കടലിന്റെ ആഴംകൂടിയ ഭാഗങ്ങൾ പരിശോധിച്ചു് അടിത്തട്ടിലേക്കു് പോകുംതോറും ആശ്ചര്യകരങ്ങളായ അനവധി പഴയ രഹസ്യങ്ങൾ നാം കണ്ടെത്തുന്നു. ശാസ്ത്രജ്ഞാനത്തിന്റെ വികാസമനുസരിച്ചു് ചരിത്രകാരനു് കാലത്തിന്റെ പഴയ ഏടുകൾ വായിക്കുന്നതിനുള്ള പാടവം കൂടിവരുന്നുണ്ടു്. പുരാതനവസ്തുശാസ്ത്രം (Archaeology) ഭൂഗർഭശാസ്ത്രം (Geology) മുതലായവയിൽ മനുഷ്യന്റെ പരിവേഷണക്രിയ (Research work) പ്രബലപ്പെട്ടുവരുമ്പോൾ ഇതിഹാസങ്ങളിലും പുരാണങ്ങളിലും മറ്റും കേവലം സങ്കല്പവേഷംപൂണ്ടു് മങ്ങിമയങ്ങിക്കിടന്നിരുന്ന സ്ഥലങ്ങളും സംഭവങ്ങളും യഥാർത്ഥസ്ഥിതി കൈക്കൊണ്ടു് അവിശ്വാസികളായ മനുഷ്യരെ അത്ഭുതഭരിതരാക്കുവാൻ തുടങ്ങുന്നു. തക്കതായ തെളിവും യുക്തിയും ഇല്ലെങ്കിൽ യാതൊന്നും വിശ്വസിക്കുന്നതല്ലെന്നു് ശപഥംചെയ്തിരിക്കുന്ന ഇന്നത്തെ മനുഷ്യൻ അവന്റെ ഈ പുതിയ ലോകം പഴയതിനെക്കാൾ നന്മയും മേന്മയും കൂടിയതാണെന്നു് അഭിമാനിക്കുന്നുണ്ടു്. പക്ഷേ, കാലഗണനയ്ക്കുള്ള അവന്റെ അളവുകോലായ ‘എ. ഡി.’ക്കും ‘ബി. സി.’ക്കും അപ്പുറം കടന്നു് പിന്നെയും പുറകോട്ടു് പോകാൻ കഴിയുമെങ്കിൽ ഈ അഭിമാനം ചില സംഗതികളിൽ അന്ധവും അടിസ്ഥാനരഹിതവും ആണെന്നു് തെളിയുന്നതാണു്. കാലച്ചുരുളിന്റെ മറവിൽ കിടക്കുന്നതെല്ലാം വെളിയിൽ വരുമ്പോൾ അതു് നമുക്കു് ഒരു പുതിയ അറിവായിത്തീരുന്നു. അമേരിക്കയ്ക്കു് വാസ്തവത്തിൽ ഇതരദേശങ്ങളോടൊപ്പം പഴക്കമുണ്ടെങ്കിലും കൊളമ്പസ്സിന്റെ കപ്പലടുത്തപ്പോൾ അതു് ഇന്നുള്ളവർക്കു് ‘ഒരു പുതിയ ലോകം’ ആയിത്തീർന്നുപോയി. ആ ഭൂഖണ്ഡത്തെച്ചുറ്റി അതിനുമുമ്പു് ആർക്കും അറിവുണ്ടായിരുന്നില്ലെന്നു് നിസ്സംശയം വിളിച്ചുപറവാനും പക്ഷേ, നാം ഒരുമ്പെട്ടേക്കാം. അതേ ദേശം തന്നെ മറ്റൊരു നാമത്തിൽ ഏതെങ്കിലും പ്രാചീനഗ്രന്ഥത്തിൽ പ്രതിപാദിതമായിക്കണ്ടാലും നാം വിശ്വസിച്ചുപോയെന്നു് വരുന്നതല്ല. പണ്ടു് ആരെല്ലാം എന്തെല്ലാം അറിഞ്ഞിരുന്നു എന്നു് തീർത്തു് പറയാൻ ആർക്കു് കഴിയും?
ഇന്നു് അറ്റലാന്റിക്കു് മഹാസമുദ്രം തിരതല്ലിത്തകർത്തു് മറിയുന്ന ഭാഗങ്ങൾ മുഴുവൻ എട്ടുലക്ഷം വർഷങ്ങൾക്കുമുമ്പു് ഒരു വലിയ ഭൂഖണ്ഡമായിരുന്നു എന്നും, ഇന്നത്തെ സകല പരിഷ്കാരങ്ങൾക്കും മൂലസ്ഥാനം അവിടമായിരുന്നു എന്നും കേൾക്കുമ്പോൾ ആരാണു് അമ്പരന്നുപോകാത്തതു്! ഇതിനെപ്പറ്റി ഒരു അമേരിക്കൻ മാസികയിൽ കണ്ട ലേഖനത്തിൽ വിശ്വാസയോഗ്യങ്ങളായ പല തെളിവുകളും ശേഖരിച്ചു് കാണിച്ചിരിക്കുന്നു. ‘അറ്റ്ലാന്റിസ് ’ (Atlantis) എന്നു് വിളിക്കപ്പെടുന്ന ഈ ഭൂഖണ്ഡം ജലപ്രളയത്തിനു് മുമ്പുണ്ടായിരുന്ന ഒരു വമ്പിച്ചസാമ്രാജ്യമായിരുന്നു എന്നും (Antediluvian world) പ്രളയാനന്തരം അതു് സമുദ്രാന്തർഗതമായിത്തീർന്നുവെന്നുമാണു് ഊഹിക്കപ്പെട്ടിരിക്കുന്നതു്. ഓരോ ഭൂഭാഗവും അതിന്റെ ഒരു നിശ്ചിതകാലത്തെ സ്ഥിതിക്കുശേഷം ഭൂഗർഭത്തിലുണ്ടാകുന്ന അഗ്നിപ്രവർത്തനം (Subterranean fires) മൂലമോ ജലപ്രളയത്താലോ നശിച്ചുപോകുന്നതാണു്. അറ്റലാന്റിസ്സും ഈ പ്രകൃതിനിയമത്തിനു് വിധേയമായിത്തീർന്നുപോയി. ഇന്നു് ഹിമാലയമഹാചലം അഞ്ചരമൈൽ പൊക്കത്തിൽ പൊന്തിനിൽക്കുന്ന പ്രദേശം അമ്പതിനായിരം കൊല്ലങ്ങൾക്കു് മുമ്പു് സമുദ്രഗർഭത്തിലായിരുന്നു എന്നു് ശാസ്ത്രജ്ഞന്മാർ അഭിപ്രായപ്പെടുന്നുണ്ടു്. എട്ടുലക്ഷം കൊല്ലങ്ങൾക്കുമുമ്പാണു് ഒന്നാമത്തെ വമ്പിച്ച ജലപ്രളയം (The first great deluge) ഉണ്ടായതു്. അതിൽ അറ്റലാന്റിസ്സിന്റെ അധികഭാഗവും നഷ്ടപ്പെട്ടു. പിന്നീടു് ഏകദേശം 2 ലക്ഷം ബി. സി.-യിൽ ഉണ്ടായ ഒരു ചെറിയ പ്രളയവും പ്രസ്തുത ഖണ്ഡത്തിന്റെ ഏതാനും ഭാഗത്തെ ഗ്രസിച്ചുകളഞ്ഞു. പിന്നെ 30000 വർഷങ്ങൾക്കുമുമ്പു് മൂന്നാമതായി നടന്ന അതിഭയങ്കരമായ പ്രളയത്തിൽ അറ്റലാന്റിസ്സിന്റെ അവശിഷ്ടമായി ‘പാസിഡോണിസ്’ (Posedonis) എന്ന ദ്വീപ് മാത്രമേ ശേഷിച്ചുള്ളു. ഈ ദ്വീപിന്റെ സ്ഥാനം സ്പെയിനിനും സംയുക്തരാജ്യങ്ങൾക്കും (United States) ഇടയിലുള്ള അതലാന്തികാബ്ധിയുടെ മധ്യമായിരുന്നു എന്നു് കണക്കാക്കപ്പെട്ടിരിക്കുന്നു. വിശ്രുതനായ പ്ലേറ്റോ ഈ സ്ഥലത്തെപ്പറ്റി പ്രസ്താവിച്ചിട്ടുണ്ടു്. ബി. സി. 9564-ആണു് ഇതും നാമാവശേഷമായിത്തീർന്നതു്.
പുരാണപ്രസിദ്ധമായ ‘സിറ്റി ഓഫ് ദി ഗോൾഡൻ ഗേറ്റ്സ് (City of the golden gates) ഈ ഭൂഖണ്ഡത്തിൽ ഉൾപ്പെട്ടതായിരുന്നു എന്നു് പറയപ്പെടുന്നു. ആകൃതിയിൽ അറ്റലാന്റിസ്സ് ഇപ്പോഴത്തെ വടക്കേ അമേരിക്കയെപ്പോലെ ആയിരുന്നു. ഇതു് ആഫ്രിക്കവരെ നീണ്ടുകിടന്നിരുന്നു എന്നുള്ളതിനു് മതിയായ തെളിവുകൾ ഉണ്ടു്. ഐക്യനാടുകൾ, മെൿസിക്കോ (Mexico), കാലിഫോർണ്ണിയോ (California), ഇവയുടെ പൂർവഭാഗങ്ങളും സെൻട്രൽ അമേരിക്ക (Central America), വെസ്റ്റ് ഇൻഡീസ് (West Indies), തെക്കെ അമേരിക്കയുടെ വടക്കുഭാഗം ഇവയും ഈ ഭൂഖണ്ഡത്തിൽ ഉൾപ്പെട്ടിരുന്നവയാണു്.
പ്രാചീന ഗ്രന്ഥകാരന്മാരിൽ ഹോമർ തന്റെ ഒഡിസ്സി (Odyssey) എന്ന ഇതിഹാസത്തിൽ ‘അറ്റ്ലാന്റിസ്സി’നെപ്പറ്റി സൂചിപ്പിച്ചിട്ടുണ്ടെങ്കിലും പ്ലേറ്റോവിന്റെ തത്സംബന്ധമായ ദീർഘപ്രസ്താവനയാണു് ജിജ്ഞാസുക്കൾക്കു് അധികം ഉപകരിക്കുന്നതു്. ഏകദേശം ബി. സി. 400-നോടു് അടുത്താണു് പ്ലേറ്റോവിന്റെ ജീവിതകാലം. പാസിഡോണിസ് ദ്വീപിലുള്ള പുരാതനനഗരത്തിലെ ജനങ്ങളുടെ ചരിത്രവും കലാകുശലതയും ആചാരങ്ങളും സ്വഭാവങ്ങളും അവിടത്തെ ഗോപുരങ്ങളും മണിമേടകളും മതിൽക്കെട്ടുകളും മറ്റും അദ്ദേഹം സവിസ്തരമായി വർണിച്ചിട്ടുണ്ടു്. പ്ലേറ്റോവിനു് ഈ വിവരങ്ങളെല്ലാം കിട്ടിയതു് ബി. സി. 600-ൽ ജീവിച്ചിരുന്ന അദ്ദേഹത്തിന്റെ പൂർവികനായ സോളണിൽ (Solon) നിന്നത്രെ. ഈ അത്ഭുതദേശത്തെപ്പറ്റി അദ്ദേഹം പദ്യത്തിൽ വർണിച്ചിട്ടുള്ള മുഴുമിക്കാത്ത ഒരു കൈയെഴുത്തുപ്രതി പ്ലേറ്റോവിനു് ലഭിക്കുകയും അദ്ദേഹം അതു് പിന്നീടു് പൂർത്തിയാക്കുകയും ചെയ്തു. അലൿസാണ്ട്റിയായ്ക്കും (Alexandria) റോസറ്റായ്ക്കും (Rosetta) അടുത്ത ‘സെയിസ്’ (Sais) എന്ന പട്ടണത്തിലെ പുരോഹിതന്മാരിൽനിന്നാണു് സോളൻ ഈ വിവരങ്ങൾ സമ്പാദിച്ചതെന്നു് പറയപ്പെടുന്നു. പ്ലൂട്ടാർക്കി ന്റെ (Plutarch) അഭിപ്രായത്തിൽ സോളൻ ഏതൻസ് (Athens) നഗരം വിട്ടു് പത്തുവർഷത്തോളം ആഫ്രിക്കയിലെ നൈൽ (Nile) നദീതീരത്തു് താമസിച്ചതായി കാണുന്നു. ഗ്രീക്കുകാർക്കു് നിശ്ചയമില്ലാതിരുന്ന പല ചരിത്രരഹസ്യങ്ങളും അക്കാലത്തു് നൈൽനദീതീരവാസികളായ ഈ പുരോഹിതന്മാർക്കു് അറിയാമായിരുന്നുവത്രെ. അവരുടെ പുരാതനചരിത്രം അറ്റ്ലാന്റിസ് നിവാസികളുടേതിനോളം തന്നെ പഴക്കമുള്ളതാണെന്നും ഏതദ്വിഷയത്തിൽ ഗ്രീക്കുകാർ കേവലം ബാലന്മാരാണെന്നും മറ്റും അവർ സോളനോടു് പറയുകയുണ്ടായി.
ഡാണല്ലി (Donnelly) എന്ന ഗ്രന്ഥകാരൻ എഴുതിയിട്ടുള്ള ‘അറ്റ്ലാന്റിസ് ’ എന്ന പുസ്തകത്തിൽനിന്നാണു് ഈ പ്രാചീനമഹാരാജ്യത്തെപ്പറ്റി നമുക്കു് പലതും പഠിക്കുവാനുള്ളതു്. പാസിഡോണിസ് ദ്വീപിനെപ്പറ്റിയുള്ള പ്ലേറ്റോവിന്റെ വിവരണം വെറും ഒരു കെട്ടുകഥയല്ലെന്നും അതു് ശരിയായ ഒരു ചരിത്രം തന്നെയാണെന്നും ഡാണല്ലി ദൃഢമായി വിശ്വസിക്കുന്നു. പാസിഡോണിസ് അറ്റ്ലാന്റിസിന്റെ ഒരു ഭാഗമാണെന്നും മനുഷ്യൻ ആദ്യമായി അപരിഷ്കൃതാവസ്ഥയിൽനിന്നും പരിഷ്കാരദശയിലെത്തിയതു് അവിടെവെച്ചാണെന്നുമത്രെ അദ്ദേഹത്തിന്റെ അഭിപ്രായം. അറ്റ്ലാന്റിസിന്റെ അതുല്യമായ രാഷ്ട്രീയശക്തി കാലാന്തരത്തിൽ പെരുകിപ്പെരുകി മെൿസിക്കോ ഉൾക്കടൽ (Gulf of Mexico), മിസ്സിസ്സിപ്പി നദി (Mississipppi), അമെസാൺ നദി (Amazon), മദ്ധ്യധരണ്യാഴി (Mediterranean Sea) ഇവയുടെ തീരങ്ങളിലും യൂറോപ്പിന്റെയും ആഫ്രിക്കയുടെയും പശ്ചിമഭാഗങ്ങളിലും എന്നു് മാത്രമല്ല, കാസ്പിയൻകടൽ (Caspian Sea), കരിങ്കടൽ (Black Sea) ഇവയുടെ പരിസരങ്ങളിലുംകൂടി വ്യാപിച്ചിരുന്നുപോൽ. ഈ പ്രദേശങ്ങളിലെ മതങ്ങൾ, ആചാരങ്ങൾ, പക്ഷിമൃഗാദികൾ, വൃക്ഷലതാദികൾ മുതലായവയുടെ ശാസ്ത്രീയമായ പരീക്ഷണംകൊണ്ടുതന്നെ ഈ ചരിത്രരഹസ്യം സാധുവാണെന്നു് തെളിയിക്കാമെന്നും ഡാണല്ലി സിദ്ധാന്തിക്കുന്നുണ്ടു്. പ്രളയകാലത്തിനുമുമ്പുള്ള ലോകമെന്നും (Antediluvian World) ഈഡനിലെ തോട്ടമെന്നും (Garden of Eden) അദ്ദേഹം പ്രസ്തുതദേശത്തിനു് പേരുകൾ കല്പിച്ചിരിക്കുന്നു. ബൈബിളിൽ കാണുന്ന പ്രളയവൃത്താന്തത്തെ അറ്റലാന്റിസിന്റെ നാശഘട്ടത്തോടു് ഘടിപ്പിച്ചു് രണ്ടും ഒന്നാണെന്നു് സമർത്ഥിക്കുവാനും ഗ്രന്ഥകാരൻ ഉത്സാഹിച്ചിട്ടുണ്ടു്. ഏതായാലും മേല്പറഞ്ഞ രീതിയിലുള്ള ഒരു മഹാസാമ്രാജ്യം ഇത്ര വിദൂരമായ ഒരു ഭൂതദശയിൽ സ്ഥിതിചെയ്തിരുന്നു എന്നുള്ളതു് വിസ്മയനീയമായിരിക്കുന്നു.
(നവദർശനം)
ജനനം: 1-8-1900
പിതാവു്: ഊരുമനയ്ക്കൽ ശങ്കരൻ നമ്പൂതിരി
മാതാവു്: കുറുങ്ങാട്ടു് ദേവകി അമ്മ
വിദ്യാഭ്യാസം: വിദ്വാൻ പരീക്ഷ, എം. എ.
ആലുവാ അദ്വൈതാശ്രമം ഹൈസ്ക്കൂൾ അദ്ധ്യാപകൻ, ആലുവ യൂണിയൻ ക്രിസ്ത്യൻ കോളേജ് അദ്ധ്യാപകൻ, കേരള സാഹിത്യ അക്കാദമി പ്രസിഡന്റ് 1968–71, കേന്ദ്ര സാഹിത്യ അക്കാദമി അംഗം, ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടു് ഭരണസമിതിയംഗം, കേരള സർവ്വകലാശാലയുടെ സെനറ്റംഗം, ബോർഡ് ഓഫ് സ്റ്റഡീസ് അംഗം, പാഠ്യ പുസ്തക കമ്മിറ്റി കൺവീനർ (1958), ബാല സാഹിത്യ ശില്പശാല ഡയറക്ടർ (1958), ‘ദാസ് ക്യാപിറ്റൽ’ മലയാളപരിഭാഷയുടെ ചീഫ് എഡിറ്റർ, കേരള സാഹിത്യ സമിതി പ്രസിഡന്റ്.
സാഹിതീയം, വിചാരവിപ്ലവം, വിമർശ രശ്മി, നിരീക്ഷണം, ഗ്രന്ഥാവലോകനം, ചിന്താതരംഗം, മാനസോല്ലാസം, മനന മണ്ഡലം, സാഹിതീകൗതുകം, നവദർശനം, ദീപാവലി, സ്മരണമഞ്ജരി, കുറ്റിപ്പുഴയുടെ തിരഞ്ഞെടുത്ത ഉപന്യാസങ്ങൾ, വിമർശ ദീപ്തി, യുക്തിവിഹാരം, വിമർശനവും വീക്ഷണവും, കുറ്റിപ്പുഴയുടെ പ്രബന്ധങ്ങൾ—തത്വചിന്ത, കുറ്റിപ്പുഴയുടെ പ്രബന്ധങ്ങൾ—സാഹിത്യവിമർശം, കുറ്റിപ്പുഴയുടെ പ്രബന്ധങ്ങൾ— നിരീക്ഷണം.
ചരമം: 11-2-1971