മദ്ധ്യകാലയൂറോപ്പിന്റെ സംസ്കാരചരിത്രത്തിൽ അവിസ്മരണീയനായ ഒരു മഹാമനീഷിയായിരുന്നു അബിലാർഡ്. പന്ത്രണ്ടാം നൂറ്റാണ്ടിൽ പള്ളിമതത്തിന്റെ വിശ്വാസക്കെട്ടിൽ കുടുങ്ങിക്കിടന്നിരുന്ന ധിഷണാമണ്ഡലത്തിനു തീകൊളുത്തിയ സാഹസികൻ എന്നാണു് ഒരു ചരിത്രപണ്ഡിതൻ അദ്ദേഹത്തെപ്പറ്റി പറഞ്ഞിട്ടുള്ളതു്. എ. ഡി. 1079 മുതൽ 1142 വരെയാണു് അബിലാർഡിന്റെ ജീവിതകാലം. ഫ്രാൻസാണു് ജന്മരാജ്യം. കത്തോലിക്കാമതത്തിന്റെ അനുല്ലംഘ്യമായ സ്വേച്ഛാധിപത്യം ചിന്താലോകത്തിൽ ശ്വാസംമുട്ടലുണ്ടാക്കിയിരുന്ന ഒരു കാലഘട്ടമാണല്ലോ അതു്. മതവിശ്വാസത്തെ ഉച്ചലിപ്പിക്കുന്ന സ്വതന്ത്രചിന്തയും അഭിപ്രായ പ്രകടനവും അന്നു് അക്ഷന്തവ്യമായ തെറ്റും ശിക്ഷാർഹമായ കുറ്റവുമായിരുന്നു. അതു ചെയ്യുന്നവരെ നിർദ്ദയം കൊന്നൊടുക്കുന്നതുപോലും പുണ്യകർമ്മമായി അക്കാലത്തു കൊണ്ടാടപ്പെട്ടിരുന്നു. ചുരുക്കത്തിൽ യുക്തിവാദത്തിന്റെയും വിജ്ഞാനവികാസത്തിന്റെയും ഒരു ചുടുകാടായിരുന്നു അന്നത്തെ ലത്തീൻ യൂറോപ്പ്. അത്രത്തോളം ഇരുളിലാണ്ട ആ കാലഘട്ടത്തിൽ കത്തോലിക്കാ മതത്തിലെ പുരോഹിതപദവിയിലിരുന്നുകൊണ്ടുതന്നെ അബിലാർഡ് ചിന്താലോകത്തിൽ വമ്പിച്ച പ്രകമ്പനമുണ്ടാക്കി. സർവ്വാധിപതിയായ പോപ്പും മറ്റു മതാദ്ധ്യക്ഷന്മാരും സംഭ്രാന്തരാകത്തക്കവിധമായിരുന്നു അദ്ദേഹത്തിന്റെ ഗ്രന്ഥനിർമാണം. നാലുപാടും വേരുറച്ചിരുന്ന ബുദ്ധിപരമായ അടിമത്തത്തിന്റെ നടുവിൽ ചിന്താസ്വാതന്ത്ര്യത്തിന്റെ ദീപസ്തംഭം നാട്ടിയെന്നതിലാണു് അബിലാർഡിന്റെ മാഹാത്മ്യം. ഇത്ര ഉച്ഛൃംഖലനായിരുന്നിട്ടും അന്നത്തെ പതിവനുസരിച്ചു ക്രൂരമായ മതപീഡനത്തിനു് അദ്ദേഹത്തെ ഇരയാക്കാൻ അധികാരികൾക്കു ധൈര്യമുണ്ടായില്ല. ഗംഭീര ചിന്തകൻ, മഹാപണ്ഡിതൻ, ശിഷ്യപ്രശിഷ്യസമ്പന്നനായ ആചാര്യൻ, പ്രാമാണികനായ തർക്കശാസ്ത്രവിശാരദൻ എന്നീ വിവിധ നിലകളിൽ അബിലാർഡ് വിശ്വവിശ്രുതി നേടി. അതുകൊണ്ടാകാം മതത്തിന്റെ ദംഷ്ട്രകളിൽനിന്നു് അദ്ദേഹം രക്ഷപ്പെട്ടതു്. പരസ്പരം പൊരുത്തപ്പെടാത്ത പൗരോഹിത്യവും സ്വതന്ത്രചിന്തയും ഏകകാലത്തു് ഒരാളിൽ ഒത്തുചേരുക മാത്രമല്ല ദീർഘകാലം നിലനിൽക്കുകയും ചെയ്യുക എന്നതു് അന്നു് ഒരത്ഭുതം തന്നെയാണു്. അതുമാത്രമോ? ഈ വൈദികശ്രേഷ്ഠൻ ഏറെനാൾ കേളികേട്ട ഒരു കാമുകനായും ജീവിച്ചു! വികാരവിചാരങ്ങളുടെ ഇടിമിന്നലുകൾ തത്തിക്കളിച്ച ഒരു പ്രണയനാടകമായിരുന്നു അതു്. അതിലെ നായകനായപ്പോഴാണു് അബിലാർഡിന്റെ ജീവിതം കൂടുതൽ രസകരമായതു്. ഇങ്ങനെ ജീവിതത്തിന്റെ ഒരു വശത്തു തർക്കവും തത്ത്വജ്ഞാനവും മറുവശത്തു് മദനരംഗവും ശൃംഗാരവും നടുക്കു പൗരോഹിത്യവും തുന്നിപ്പിടിപ്പിച്ച മറ്റൊരു വിചിത്രചരിതനെ കാണുമെന്നു തോന്നുന്നില്ല.
അബിലാർഡ് പാരീസ് സർവകലാശാലയുടെ സ്ഥാപകന്മാരിലൊരാളാണു്. അദ്ദേഹം തത്ത്വശാസ്ത്രവും പാരീസും ഒരേ സമയത്തു കണ്ടുപിടിച്ചുവെന്നു് ചരിത്രകാരനായ വിൽഡ്യുറന്റ് പറയുന്നു. തത്ത്വജ്ഞാനവും അതിന്റെ ലഹരിയിൽ നടത്തുന്ന യുക്തിവാദവും അദ്ദേഹത്തിന്റെ പ്രാണവായുവായിരുന്നു. അക്കാലത്തു് നോട്രിഡാമിലെ പള്ളി സ്ക്കൂളിൽ തർക്കശാസ്ത്രം പഠിപ്പിച്ചിരുന്ന വില്യംസ് എന്നൊരാചാര്യനുണ്ടായിരുന്നു. സ്വതന്ത്രചിന്തകനായിരുന്നു അദ്ദേഹവും. വിദ്യാഭ്യാസാർത്ഥം ദേശാടനം ചെയ്തിരുന്ന അബിലാർഡ് ഇരുപത്തിനാലാമത്തെ വയസ്സിൽ ഈ വിദ്യാലയത്തിൽ ചേർന്നു. വില്യംസും അബിലാർഡും ഗുരുശിഷ്യന്മാരായി. എന്നാൽ ഗുരുവിന്റെ വാദപ്രതിവാദരീതിയോടു പൂർണമായി യോജിക്കാൻ ശിഷ്യനു കഴിഞ്ഞില്ല. സതിർത്ഥ്യർ കേൾക്കത്തക്ക വിധത്തിൽ തുറന്നു ക്ലാസ്സിൽവെച്ചുതന്നെ അബിലാർഡ് ഗുരുവിനെ ചോദ്യം ചെയ്തു വിഷമിപ്പിച്ചു തുടങ്ങി. ഒടുവിൽ ശിഷ്യൻ ഗുരുവിനെ വാദത്തിൽ തോല്പിച്ചു സ്വസിദ്ധാന്തം സ്ഥാപിച്ചു. ഇതിനിടയിൽ സ്വപിതാവിനെ അനുകരിച്ചു അബിലാർഡും പുരോഹിതവൃത്തി സ്വീകരിക്കയും വേദശാസ്ത്രം (Theology) പഠിക്കയും ചെയ്തുകഴിഞ്ഞിരുന്നു. ഗുരുശിഷ്യമത്സരത്തിനുശേഷം ഒരു പ്രത്യേക വിദ്യാലയം സ്ഥാപിച്ച അദ്ദേഹം വിദ്യാർത്ഥികളെ ആകർഷിക്കാൻ തുടങ്ങി. സ്വതന്ത്രബുദ്ധികളായ അനവധി വിദ്യാർത്ഥികൾ ശിഷ്യന്മാരായിച്ചേർന്നു. വിസ്മയാവഹമായ വാഗ്മിത്വമൂലം അദ്ദേഹം അവരുടെ കണ്ണിലുണ്ണിയായി അബിലാർഡിന്റെ പ്രസംഗപരമ്പര സുപ്രസിദ്ധമായിത്തീർന്നു. ആ പ്രൗഢപ്രഭാഷണം കേൾക്കാൻ പത്തുപന്ത്രണ്ടു രാജ്യങ്ങളിൽ നിന്നു വിദ്യാർത്ഥികൾ വന്നുകൊണ്ടിരുന്നു. ആചാര്യന്റെ സുന്ദരാകാരവും പാണ്ഡിത്യവിലാസവും പ്രസംഗമാധുരിയും അവരെ പ്രത്യേകം ആകർഷിച്ചു. തത്ത്വശാസ്ത്രത്തിൽ മാത്രമല്ല സാഹിത്യത്തിലും അദ്ദേഹം നിപുണനായിരുന്നു. പാട്ടു പാടാനും കവിത രചിക്കാനും അദ്ദേഹം ഉത്സുകനായിരുന്നു. ക്രമേണ പണ്ഡിതലോകത്തിൽ അന്താരാഷ്ട്രഖ്യാതിതന്നെ അദ്ദേഹത്തിനു ലഭിച്ചു. അബിലാർഡ് ജിഹ്വാസ്വാതന്ത്ര്യം നിയന്ത്രിച്ചിരുന്നെങ്കിൽ വൈദികപദവിയിൽ അങ്ങേയറ്റം വരെ ഉയരുമായിരുന്നു. പക്ഷേ, അതുമാത്രം അദ്ദേഹത്തിനു സാദ്ധ്യമായിരുന്നില്ല. ഏതൊരു ഫ്രഞ്ചുകാരനെയുംപോലെ ഉള്ളിൽ തോന്നുന്നതു തുറന്നു പറയാൻ തനിക്കു് അവകാശമുണ്ടെന്നു് അദ്ദേഹം വാദിച്ചു. മതകാര്യങ്ങളിലും യുക്തിവാദമനോഭാവം പ്രകടിപ്പിക്കണമെന്നതായിരുന്നു. അദ്ദേഹത്തിന്റെ ലക്ഷ്യം. ഇത്രമാത്രം പാണ്ഡിത്യമഹിമയും വിവാദവൈദഗ്ദ്ധ്യവും പ്രഭാഷണചാതുരിയുമുള്ള ഒരു പുരോഹിതൻ എന്തുകൊണ്ടു് ഒരു ബിഷപ്പോ ആർച്ചുബിഷപ്പോ ആകുന്നില്ല എന്നു ജനങ്ങൾ അത്ഭുതപ്പെട്ടു. പക്ഷേ, വൈദികവൃത്തിതന്നെ അദ്ദേഹത്തിന്റെ സ്വഭാവത്തിൽ ഇണങ്ങിച്ചേരുന്നില്ലെന്ന കഥ അധികം പേർക്കും അറിഞ്ഞുകൂടായിരുന്നു.
അബിലാർഡിന്റെ ജീവിതത്തിൽ കാമിനിമൂലമുണ്ടായ അധഃപതനമാണു് ഇനി കാണേണ്ടതു്. ഹെലോയിസെ (Heloise) എന്നു പേരായ ഒരു കന്യകയാണു് ഈ പ്രണയത്തിലെ നായിക. അവൾ സുന്ദരിയും വിദുഷിയുമായിരുന്നു. മാതാപിതാക്കന്മാരുടെ മരണത്തിനുശേഷം പാരീസിലെ മാതുലഗൃഹത്തിലായിരുന്നു അവൾ താമസിച്ചിരുന്നതു്. അമ്മാവൻ ഫുൾബർട്ട് (Fulbert) ഒരു പുരോഹിതനായിരുന്നു. നേരത്തെതന്നെ സ്വഭാഗിനേയി അബിലാർഡിൽ അനുരക്തയാണെന്ന വിവരം അറിയാതെ അവളുടെ ട്യൂട്ടറായിരിക്കാൻ അമ്മാവൻ അദ്ദേഹത്തെ തന്റെ വസതിയിലേക്കു ക്ഷണിച്ചു. ഇരുകൂട്ടരും ആഹ്ലാദമഗ്നരായി പ്രസ്തുതാവസരത്തെ സ്വാഗതം ചെയ്തു. പിന്നെ അവിടെ നടന്നുകൊണ്ടിരുന്നതു പഠിപ്പിക്കലോ പഠിക്കലോ അല്ലായിരുന്നു. ഗുരുശിഷ്യബന്ധത്തെക്കാൾ കാമിനീകാമുകബന്ധം ദൃഢതരമായി മാത്രമല്ല. ഹെലോയിസെ ഗർഭിണിയുമായി. വിവരം രഹസ്യമാക്കിവയ്ക്കുമെന്നു സമ്മതിക്കുന്ന പക്ഷം താൻ അവളെ വിവാഹം ചെയ്തുകൊള്ളാമെന്നു് അബിലാർഡ് മാതുലനോടു് ഏറ്റുപറഞ്ഞു. എന്നാൽ ഹെലോയിസെ അദ്ദേഹത്തിന്റെ വെപ്പാട്ടിയായിട്ടിരിക്കാനാണു് സന്നദ്ധയായതു്. വിവാഹം സ്വകമിതാവിന്റെ സൽകീർത്തിക്കു കളങ്കമുണ്ടാക്കുമെന്നും പ്രത്യുത രഹസ്യവേഴ്ചയ്ക്കു കുഴപ്പമില്ലെന്നുമായിരുന്നുവത്രെ അവളുടെ വാദം. ഒടുവിൽ അമ്മാവന്റെ അനുമതിയോടെ മറ്റൊരു സ്ഥലത്തുവച്ചു വിവാഹകർമ്മം നടന്നു. പക്ഷേ, കുറെ കഴിഞ്ഞപ്പോൾ അമ്മാവൻ തന്നെ വിവരം പരസ്യമാക്കി. അബിലാർഡിനെപ്പറ്റി അപവാദം നാടെങ്ങും പരന്നു. തന്മൂലം ആ ബന്ധം വേർപെടുത്തി. അദ്ദേഹം അവളെ ഒരു കന്യാമഠത്തിലേക്കു അയച്ചു. ഇതിൽ ക്രുദ്ധനായിത്തീർന്ന മാതുലൻ ഒരു രാത്രി കുറെ അനുചരന്മാരോടുകൂടിച്ചെന്നു് അബിലാർഡിനെ കഠിനമായി മർദ്ദിച്ചു. ഈ സംഭവങ്ങളെല്ലാം അതേപടി അദ്ദേഹം തന്റെ ആത്മകഥയിൽ വിവരിക്കുന്നുണ്ടു്. ‘എന്റെ ജീവിതാപത്തുകളുടെ കഥ’ (The story of my Calamities) എന്നാണു് ഈ ഗ്രന്ഥത്തിനു് അദ്ദേഹം പേരുകൊടുത്തിരിക്കുന്നതു്. ആത്മകഥാകഥനത്തിൽ ഇത്രത്തോളം സത്യം ദീക്ഷിക്കുവാൻ മറ്റധികം പേർക്കും കഴിഞ്ഞിട്ടില്ല. ബഹുജനമദ്ധ്യത്തിൽ അധിക്ഷേപിതനായതോടെ അബിലാർഡ് എല്ലാമുപേക്ഷിച്ചു. സന്ന്യാസവ്രതം കൈക്കൊണ്ടു് ഏകാന്തവാസം സ്വീകരിച്ചു. അദ്ദേഹത്തിന്റെ ആത്മകഥ വായിച്ചു വികാരഭരിതയായിത്തീർന്ന ഹെലോയിസെ കന്യാമഠത്തിൽനിന്നു് അദ്ദേഹത്തിനെഴുതിയ ഒരു കത്തു് സാഹിത്യലോകത്തിൽ പ്രസിദ്ധി നേടിയിട്ടുണ്ടു്. സ്ത്രീ-പുരുഷ പ്രണയത്തിന്റെ അത്യുച്ചകോടിയെ വിളംബരം ചെയ്യുന്ന പല ഭാഗങ്ങളും അതിൽ കാണാം. എന്റെ എല്ലാമായ അങ്ങയോടു യാത്ര (Farewell my all) എന്നാണു് അവളുടെ അന്ത്യവാക്യം.
‘എന്റെ ഏറ്റവും പ്രിയപ്പെട്ട സഹോദരിക്കു് അവളുടെ സഹോദരൻ എഴുതിയതു്’ എന്നത്രേ മറുപടിക്കത്തിന്റെ അവസാനം ഇവരെഴുതിയതാണോ ഈ കത്തുകൾ. എന്നു ചില ചരിത്രകാരന്മാർ സംശയിക്കുന്നു. എന്തായാലും വാഗ്രൂപംപൂണ്ട ഈ ഹൃദയത്തുടുപ്പുകൾ സാഹിതീരസദീപ്തിയുള്ള സൽപ്രേമമുദ്രകളായിട്ടുണ്ടു്. ഫ്രാൻസിലെ ‘റൊമാന്റിക് ’ സാഹിത്യത്തിൽനിന്നു് അവ ഒരിക്കലും മാഞ്ഞുപോകയില്ല.
അബിലാഡ് അജ്ഞാതവാസം കഴിഞ്ഞു വീണ്ടും പ്രസിദ്ധിയുടെ വെളിച്ചത്തിൽ വന്നു. വിജ്ഞാനതൃഷ്ണയോടെ ശിഷ്യസംഘം വീണ്ടും അദ്ദേഹത്തെ സമീപിച്ചു. ഇതിനിടയിൽ ചിന്തോദ്ദീപകങ്ങളായ അനേകം ഗ്രന്ഥങ്ങൾ അദ്ദേഹം വിദ്വല്ലോകത്തിനു പ്രദാനം ചെയ്തു. അരിസ്റ്റോട്ടലി ന്റെ വിവാദതത്ത്വങ്ങളെ ആസ്പദമാക്കി വിപുലികരിച്ചെഴുതിയിട്ടുള്ള തർക്കശാസ്ത്രഗ്രന്ഥമാണു് ഇവയിൽ ഏറ്റവും പ്രധാനം. ആത്മകഥയെപ്പറ്റി പറഞ്ഞുകഴിഞ്ഞുവല്ലോ.
‘ഒരു തത്ത്വജ്ഞാനിയും യഹൂദനും ക്രിസ്ത്യാനിയും തമ്മിലുള്ള സംഭാഷണം’ (A dialogue between a philosopher, a Jew and a Christian) എന്ന കൃതിയാണു മറ്റൊന്നു്. ഇതിൽ തത്ത്വജ്ഞാനി യഹൂദക്രൈസ്തവമതങ്ങളെ എതിർത്തുകൊണ്ടു് വാദിക്കുന്നു. ഈ കൃതി അപൂർണമാണു് ഒരു കത്തോലിക്കാപുരോഹിതൻ അതും പന്ത്രണ്ടാം നൂറ്റാണ്ടിൽ ഇത്ര ധീരമായ ചിന്താസ്വാതന്ത്ര്യത്തോടെ ഇങ്ങനെയൊരു ഗ്രന്ഥമെഴുതിയതു് അത്ഭുതാവാഹമായിരിക്കുന്നില്ലേ?
‘അതേ, അല്ല’ (yes and No) എന്നതാണു് വേറൊരു ഗ്രന്ഥം. ഇതിൽ 157 ചോദ്യങ്ങളും ഓരോന്നിനും അനുകൂലപ്രതികൂലങ്ങളായ പ്രമാണങ്ങളും ചേർത്തിരിക്കുന്നു. ബൈബിൾ, പുരോഹിതവാക്യങ്ങൾ, ക്രിസ്തുമതേതരങ്ങളായ പ്രാചീനഗ്രന്ഥങ്ങൾ—ഇവയിൽനിന്നാണു് പ്രമാണങ്ങളെല്ലാം എടുത്തിരിക്കുന്നതു്. ബൈബിളിന്റെ പ്രാമാണികത്വത്തെ ഗ്രന്ഥകാരൻ ചോദ്യം ചെയ്തിട്ടില്ല. എന്നാൽ, അനഭ്യസ്തർക്കുവേണ്ടിയുള്ള ഭാഷയാണു് അതിലുള്ളതെന്നു അദ്ദേഹം അഭിപ്രായപ്പെടുന്നു. ഈ ഗ്രന്ഥത്തിലെ അവതാരിക പ്രത്യേകിച്ചും ശ്രദ്ധേയമാണു്.
‘വിജ്ഞാനപേടകത്തിന്റെ ഒന്നാമത്തെ താക്കോൽ ഇടയ്ക്കിടെയുള്ള ചോദ്യം ചെയ്യലാകുന്നു. എന്തെന്നാൽ സംശയം വഴി അന്വേഷണത്തിലേക്കും അന്വേഷണം വഴി സത്യത്തിലേക്കും നാം എത്തിച്ചേരുന്നു’. ഇത്യാദിവിചാരമധുരങ്ങളായ വാക്യതല്ലജങ്ങളാണു് അതിലുള്ളതു്. ഇവ ഇന്നും അനുസന്ധേയങ്ങളാണെന്നു പറയേണ്ടതില്ലല്ലോ. ചോദ്യം ചെയ്യുന്ന ശീലം ക്രിസ്തുതന്നെ സ്വപ്രവൃത്തിമൂലം നമുക്കു് ഉപദേശിച്ചു തന്നിട്ടുണ്ടെന്നാണു് ഗ്രന്ഥകാരൻ പറയുന്നതു്. ഫ്രാൻസിലെ സർവകലാശാലകളിൽ സ്വതന്ത്രചർച്ചാപദ്ധതി ആദ്യമായി നടപ്പായതു്. അബിലാർഡിന്റെ ഇത്തരം കൃതികൾ വഴിയായിട്ടാകുന്നു.
‘ദൈവികമായ ഏകത്വത്തെയും ത്രിത്വത്തെയും പറ്റി’ (On the Divine Unity and Trinity) എന്ന ഗ്രന്ഥമാണു് മതാധികാരികൾക്കു കൂടുതൽ വിരോധമുണ്ടാക്കിയതു്. ഈ പുസ്തകം കത്തിച്ചുകളയണമെന്നും ഗ്രന്ഥകാരനെ വിചാരണ ചെയ്തു ശിക്ഷിക്കണമെന്നും പലരും അഭിപ്രായപ്പെട്ടു. അദ്ദേഹം കുറ്റക്കാരനാണെന്നു മതാധ്യക്ഷന്മാരുടെ ഒരു കൗൺസിൽ വിധിയുമുണ്ടായി. പക്ഷേ, പോപ്പിന്റെ കാരുണ്യത്താൽ ശിക്ഷ ലഘുവായിരുന്നു. ഒന്നിലും ഇടപെടാതെ ചില മൊണാസ്റ്ററികളിൽ ഒരു തടവുകാരനെപ്പോലെ കഴിച്ചുകൂട്ടുക. അത്രമാത്രം എന്നാൽ അതും അദ്ദേഹത്തിനു ദുസ്സഹമായിത്തോന്നി. ഈ സ്ഥാപനങ്ങളിലെ ദുഷിച്ച സന്ന്യാസജീവിതവുമായി യോജിക്കാതെ ഒടുവിൽ അദ്ദേഹം സ്വയം ഒരാശ്രമം കെട്ടിയുണ്ടാക്കി. അവിടെ ഏകനായി താമസിച്ചു. അധികനാൾ കഴിയുന്നതിനുമുമ്പു് തന്റെ 63-ാം വയസ്സിൽ അബിലാർഡ് അന്തരിച്ചു. മദ്ധ്യകാലചരിത്രത്തിലെ സോക്രട്ടീസും പ്ലേറ്റോ വും അരിസ്റ്റോട്ടിലു മായിരുന്നു അദ്ദേഹമെന്നു നിരൂപകന്മാർ പറയുന്നു. അത്ഭുതപൂർവ്വവും ദൂരവ്യാപകവുമായ വിചാരവിപ്ലവത്തിന്റെ കർത്താവെന്ന നിലയിൽ അബിലാർഡ് എന്നെന്നും സ്മരിക്കപ്പെടും.
മാനസോല്ലാസം 1950.
ജനനം: 1-8-1900
പിതാവു്: ഊരുമനയ്ക്കൽ ശങ്കരൻ നമ്പൂതിരി
മാതാവു്: കുറുങ്ങാട്ടു് ദേവകി അമ്മ
വിദ്യാഭ്യാസം: വിദ്വാൻ പരീക്ഷ, എം. എ.
ആലുവാ അദ്വൈതാശ്രമം ഹൈസ്ക്കൂൾ അദ്ധ്യാപകൻ, ആലുവ യൂണിയൻ ക്രിസ്ത്യൻ കോളേജ് അദ്ധ്യാപകൻ, കേരള സാഹിത്യ അക്കാദമി പ്രസിഡന്റ് 1968–71, കേന്ദ്ര സാഹിത്യ അക്കാദമി അംഗം, ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടു് ഭരണസമിതിയംഗം, കേരള സർവ്വകലാശാലയുടെ സെനറ്റംഗം, ബോർഡ് ഓഫ് സ്റ്റഡീസ് അംഗം, പാഠ്യ പുസ്തക കമ്മിറ്റി കൺവീനർ (1958), ബാല സാഹിത്യ ശില്പശാല ഡയറക്ടർ (1958), ‘ദാസ് ക്യാപിറ്റൽ’ മലയാളപരിഭാഷയുടെ ചീഫ് എഡിറ്റർ, കേരള സാഹിത്യ സമിതി പ്രസിഡന്റ്.
സാഹിതീയം, വിചാരവിപ്ലവം, വിമർശ രശ്മി, നിരീക്ഷണം, ഗ്രന്ഥാവലോകനം, ചിന്താതരംഗം, മാനസോല്ലാസം, മനന മണ്ഡലം, സാഹിതീകൗതുകം, നവദർശനം, ദീപാവലി, സ്മരണമഞ്ജരി, കുറ്റിപ്പുഴയുടെ തിരഞ്ഞെടുത്ത ഉപന്യാസങ്ങൾ, വിമർശ ദീപ്തി, യുക്തിവിഹാരം, വിമർശനവും വീക്ഷണവും, കുറ്റിപ്പുഴയുടെ പ്രബന്ധങ്ങൾ—തത്വചിന്ത, കുറ്റിപ്പുഴയുടെ പ്രബന്ധങ്ങൾ—സാഹിത്യവിമർശം, കുറ്റിപ്പുഴയുടെ പ്രബന്ധങ്ങൾ— നിരീക്ഷണം.
ചരമം: 11-2-1971