ജാതി നശിക്കണമെന്നു് ഇപ്പോൾ ഇന്ത്യാ ഗവണ്മെന്റുപോലും പറഞ്ഞുതുടങ്ങിയിട്ടുണ്ടു്. അതു് നീക്കം ചെയ്യാനുള്ള ചില ശ്രമങ്ങളും നടക്കുന്നുണ്ടു്. പക്ഷേ, ജാതിവൃക്ഷത്തിന്റെ അടിവേരുകൾ ഇപ്പോഴും പഴയമട്ടിൽത്തന്നെ പറ്റിപ്പിടിച്ചുകിടക്കയാണു്. മുകളിലുള്ള കുറെ കൊമ്പും ചില്ലയും മാത്രമേ മുറിഞ്ഞുപോകുന്നുള്ളു. പൂച്ചയെപ്പിടിച്ചു് എങ്ങനെയെല്ലാം മേലോട്ടെറിഞ്ഞാലും അതു് താഴെവീഴുമ്പോൾ പഴയപടി നാലുകാലും കുത്തിനില്ക്കുമെന്നു് പറയുന്നതുപോലെയാണു് ജാതിയുടെയും നില. ഹിന്ദുമതം ഉള്ളിടത്തോളം കാലം ജാതിയും നിലനിൽക്കും. ജാതി നശിക്കണമെങ്കിൽ നിലവിലുള്ള ഹിന്ദുമതവും നശിക്കണം. എന്തെന്നാൽ ഇന്നു് ഹിന്ദുമതമെന്നു് പറയുന്നതു് വാസ്തവത്തിൽ ബ്രാഹ്മണമതമാണു്. ബ്രാഹ്മണമതത്തിന്റെ രക്തവും, മാംസവുമാണു് ജാതി. എല്ലാം ഒന്നാണെന്നും രണ്ടാമതൊന്നില്ലെന്നും ഉദ്ഘോഷിച്ച ശങ്കരാചാര്യർ ക്കുപോലും ജാതിയുടെ വലയത്തിൽനിന്നു് പുറത്തുചാടാൻ കഴിഞ്ഞില്ല. തത്ത്വങ്ങൾ ഏതുതരം വേണമെങ്കിലും എത്രവേണമെങ്കിലും ഹിന്ദുമതത്തിലുണ്ടു്. ജാതിയുണ്ടെന്നു് സ്ഥാപിക്കാനും ഇല്ലെന്നു് സ്ഥാപിക്കാനും അതിൽ പ്രമാണങ്ങൾ കാണും.
‘ചാതുർവർണ്യം മയാ സൃഷ്ടം
ഗുണകർമ്മവിഭാഗശഃ
തസ്യ കർത്താരമപി മാം
വിദ്ധ്യകർത്താരമവ്യയം’
എന്ന പ്രസിദ്ധമായ ഗീതാവാക്യംതന്നെ നോക്കുക. ഗുണകർമവിഭാഗമനുസരിച്ചു് ചാതുർവർണ്യം എന്നാൽ സൃഷ്ടിക്കപ്പെട്ടു. അതിന്റെ കർത്താവാണെങ്കിലും എന്നെ അതിന്റെ അകർത്താവായിട്ടറിയുക എന്നാണല്ലോ ഇതിന്റെ അർത്ഥം. ഏതു് കാലത്തേക്കും കൊള്ളിക്കത്തക്കവണ്ണം എങ്ങനെയും വ്യാഖ്യാനിച്ചു് ശരിപ്പെടുത്താവുന്നവയാണു് ഇത്തരം ശ്ലോകങ്ങൾ. ജാതിയുടെ തുടക്കം ഗുണകർമ്മവിഭജനത്തിൽനിന്നായാലും ഉണ്ടായ കാലംതൊട്ടു് ഇന്നുവരെ അതു് നിലനിന്നിട്ടുള്ളതു് ജന്മത്തിന്റെ അടിസ്ഥാനത്തിലാണെന്ന സത്യം കുട്ടികൾക്കു് പോലുമറിയാം.
ഇനി ഈ ശ്ലോകത്തിന്റെ ഉത്തരാർദ്ധം നോക്കൂ. താൻ ജാതിയുടെ സ്രഷ്ടാവാണെങ്കിലും തന്നെ സ്രഷ്ടാവല്ലെന്നു് മനസ്സിലാക്കണംപോൽ. എന്തൊരു ശബ്ദജാലമാണിതു്! ജാതിവേണം എന്നാൽ, ജാതിവേണ്ട എന്നു് തരംപോലെ പറഞ്ഞുനിൽക്കാനുള്ള ഇമ്മാതിരി തട്ടിപ്പുകൾ ഹിന്ദുമതഗ്രന്ഥങ്ങളുടെ ഒരു പ്രത്യേകതയാണു്. ബ്രാഹ്മണമതത്തിന്റെ ഈ വിരുദ്ധസ്വഭാവമാണു് ജാതിവ്യവസ്ഥയ്ക്കു് സംരക്ഷണം നൽകുന്നതു്. ആദർശം ഒരു വശത്തും തദ്വിപരീതമായ പ്രയോഗം മറുവശത്തും. അതാണു് ഈ മതത്തിന്റെ സാമാന്യസ്വഭാവം. അതിലെ തത്ത്വമണ്ഡലവും സാമൂഹ്യവ്യവസ്ഥിതിയും തമ്മിൽ ധ്രുവങ്ങൾക്കു് തമ്മിലുള്ള അകലമുണ്ടു്. തർക്കിക്കാൻ വരുന്നവരുടെ നേരെ അതു് ആദർശങ്ങൾ അഥവാ പ്രമാണങ്ങൾ പൊക്കിപ്പിടിച്ചു് മേന്മ നടിക്കും; അതേസമയം ചാതുർവർണ്യനിയമങ്ങൾമൂലം ബ്രാഹ്മണപ്രാമാണ്യം നിലനിർത്തുകയും ചെയ്യും.
ഹിന്ദുമതഗ്രന്ഥങ്ങളായി ഗണിക്കപ്പെടുന്ന വേദേതിഹാസപുരാണങ്ങളും അവയോടനുബദ്ധമായ തത്ത്വജ്ഞാനകൃതികളും മറ്റും ബ്രാഹ്മണപ്രാമാണ്യത്തിന്റെ പ്രചാരകഗ്രന്ഥങ്ങളാണെന്നു് മൊത്തത്തിൽ പറയാം. അവയെല്ലാം ഒളിഞ്ഞും തെളിഞ്ഞും ജാതിയെ താലോലിക്കുന്നു. ചാതുർവർണ്യത്തെ സാധൂകരിക്കാൻ വെമ്പുന്നവരാണു് ഗീതയിലെ ഗുണകർമവിഭാഗമെടുത്തുകാണിക്കുന്നതു്. എന്നാൽ, ഇന്ത്യയിലെ സാമൂഹ്യജീവിതത്തിൽ ജാതിയെ സംബന്ധിച്ചിടത്തോളം ഗുണകർമ്മങ്ങൾക്കു് യാതൊരു സ്ഥാനവുമില്ലെന്നു് നാം കണ്ടു കഴിഞ്ഞു. ശീലത്തിനല്ല കുലത്തിനാണു് ജാതിയിൽ പ്രാധാന്യം. ചില വ്യത്യസ്തങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിൽത്തന്നെ അതു് സാമാന്യനിയമത്തെ ബാധിക്കുന്നില്ല. പഞ്ചമവേദമെന്നു് പുകൾപ്പെറ്റ മഹാഭാരതത്തിൽത്തന്നെ, ജാതി ജന്മജന്യമാണെന്നതിനു് എത്രയോ പ്രമാണങ്ങളുണ്ടു്. അതിലെ അനുശാസനികപർവത്തിൽ, ഭീഷ്മർ ധർമപുത്രർക്കു് മതംഗോപാഖ്യാനംവഴി ബ്രാഹ്മണമാഹാത്മ്യം ഉപദേശിക്കുന്ന ഘട്ടത്തിൽ,
‘ജന്മംകൊണ്ടേ സാധിക്കാവൂതൽബ്രാഹ്മണ്യം
കർമംകൊണ്ടാർക്കുമേ സാധിക്കരുതല്ലോ’
എന്നു് പ്രത്യേകം എടുത്തുപറഞ്ഞിരിക്കുന്നു. കർമ്മശുദ്ധിയിലും ജ്ഞാനമഹിമയിലും ഭാരതത്തിലെ വിദുരരെ അതിശയിക്കാനാരുണ്ടു്? ആചാര്യപദവിക്കർഹനായ ആ മഹാത്മാവുപോലും താണജാതിക്കാരനായിട്ടാണു് ഗണിക്കപ്പെട്ടിരുന്നതു്. സകല യോഗ്യതകളും തികഞ്ഞ മഹാരഥനായ കർണൻ അനുഭവിക്കേണ്ടിവന്ന ജീവിതദുഃഖം മുഴുവൻ അദ്ദേഹം താണകുലത്തിൽപ്പെട്ടവനാണെന്ന ധാരണയിൽനിന്നുണ്ടായതാണു്. ഗുണകർമ്മവൈശിഷ്ട്യം വേണ്ടുവോളമുണ്ടായിട്ടും ഇവർക്കാർക്കും ബ്രാഹ്മണപദവിയിലേക്കോ ക്ഷത്രിയപദവിയിലേക്കോ പ്രമോഷൻ കിട്ടിയില്ല. തപശ്ശക്തിയാൽ സമത്വം നേടിയിട്ടും വസിഷ്ഠനോടൊപ്പമിരിക്കാൻ വിശ്വാമിത്രൻ എത്ര പാടുപെട്ടു! രാമായണത്തിലെ ശൂദ്രനു് തപസ്സുകൊണ്ടു് ഗുണംകിട്ടിയില്ലെന്നു് മാത്രമല്ല ശ്രീരാമന്റെ വാളിനു് കഴുത്തു് കാണിക്കേണ്ടതായും വന്നു! ഇമ്മാതിരി കൊടുംകൊലകൾക്കുപോലും ഭഗവദ്വചനം പ്രമാണമാക്കാനുള്ള സൗകര്യം ഹിന്ദുമതത്തിലുണ്ടു്.
‘സ്വധർമ്മേ നിധനം ശ്രേയഃ
പരധർമ്മോ ഭയാവഹഃ’
എന്ന ഗീതാവചനമനുസരിച്ചു് ഭയങ്കരമായ പരധർമ്മമാണു് ഈ ശൂദ്രൻ അനുഷ്ഠിച്ചതു്. അപ്പോൾ അയാൾ ശിക്ഷാർഹനല്ലേ? ശൂദ്രന്റെ ഈ പരധർമ്മാനുഷ്ഠാനം മൂലമാണത്രെ ബ്രാഹ്മണന്റെ കുട്ടി അകാലചരമമടഞ്ഞതു്. ബ്രാഹ്മണപ്രാമാണ്യത്തെ ഇതിൽപരം അന്ധവും നിഷ്ഠുരവുമായ രീതിയിൽ പരസ്യപ്പെടുത്തുന്നതെങ്ങനെ? രൂഢവും മൂഢവുമായ ബ്രാഹ്മണഭക്തിയുടെ ലഹരിയിൽ ഇത്തരം മുത്തശ്ശിക്കഥകൾകൂടി ഹിന്ദുക്കൾ വിശ്വസിക്കുന്നു. രാമായണാദികൃതികൾക്കു് സാഹിത്യദൃഷ്ട്യാ എന്തുവിലയുണ്ടായാലും അവ മതഗ്രന്ഥങ്ങളെന്ന നിലയിൽ മാനിക്കപ്പെടുന്ന കാലത്തോളം ഈ ബ്രാഹ്മണപൂജയ്ക്കും അതിന്റെ ദുസ്സന്താനമായ ജാതിക്കും ഇൻഡ്യയിൽ നിലനില്പുണ്ടാകും. ഹൈന്ദവമതവിശ്വാസങ്ങൾക്കു് മൗലികമായ പരിവർത്തനം വന്നെങ്കിലേ മാനസികമായ ഈ അടിമത്തം നിശ്ശേഷം നീങ്ങുകയുള്ളു. ഹിന്ദുമതത്തിൽനിന്നു് ബ്രാഹ്മണപൗരോഹിത്യത്തെ നിഷ്കാസനം ചെയ്യുകയാണു് ഒന്നാമതു് വേണ്ടതു്. ഗവണ്മെന്റോ സാമൂഹ്യസ്ഥാപനങ്ങളോ ഈ വഴിക്കു് പ്രവർത്തിച്ചുകാണുന്നില്ല. അങ്ങനെ പ്രവർത്തിച്ചാൽ മതവികാരങ്ങളെ വ്രണപ്പെടുത്തുന്നുവെന്നു് പറഞ്ഞു് യാഥാസ്ഥിതികർ ബഹളം കൂട്ടിയേക്കാം.
മതപരിഷ്കർത്താക്കളായ ഉൽപതിഷ്ണുക്കളും ബ്രാഹ്മണപൗരോഹിത്യത്തിന്റെ മുമ്പിൽ തല കുനിക്കുന്നവരായാൽ പിന്നെയെങ്ങനെ ജാതിവൈഷമ്യം തീരും? ‘പരിചര്യാത്മകം കർമ ശൂദ്രസ്യാപി സ്വഭാവജം’ എന്നു് ഗീതാകാരൻ ശൂദ്രനു് ദാസ്യവൃത്തിയാണു് വിധിച്ചിരിക്കുന്നതു്. ഇതു് ഭഗവാന്റെ വാക്കായി ജനങ്ങൾ വിശ്വസിച്ചാദരിക്കുന്നു. മനുഷ്യത്വത്തെ വെട്ടിമുറിക്കുന്ന ഏതാദൃശ വാക്കുകൾ ഭഗവാന്റേതായാലും നിഷേധാർഹങ്ങളാണെന്നു് തുറന്നുറപ്പിച്ചു് പറയാൻ അധികമാരും ധൈര്യപ്പെടുന്നില്ല. മാത്രമല്ല, പരിചര്യ എന്ന പദത്തിനു് സാമൂഹ്യസേവനം എന്നും മറ്റും പുതിയ അർത്ഥം കല്പിച്ചു് ഈവകദാസ്യമുദ്രകളെ തേച്ചുമിനുക്കി സൂക്ഷിക്കാനാണു് മതപരിഷ്കർത്താക്കൾ യത്നിക്കുന്നതു്. അതോടൊപ്പം ഇക്കൂട്ടർ ജാതി പോകണമെന്നു് വാദിക്കുകയും ചെയ്യും! ഇതിൽ വല്ല അർത്ഥമുണ്ടോ? ആത്മാർത്ഥതയുണ്ടോ? ഹിന്ദുമതത്തിന്റെ അടിത്തറയാണു് വേദങ്ങളെന്നു് പറയപ്പെടുന്നുണ്ടല്ലോ. അവയുടെ ശാഖകളായ ബ്രാഹ്മണങ്ങളിൽ ശൂദ്രൻ യഥാകാമവധ്യൻ (യഥേഷ്ടം വധിക്കപ്പെടാവുന്നവൻ) എന്നുവരെ എഴുതിവച്ചിട്ടുണ്ടു്. അഥർവവേദത്തിൽ ബ്രാഹ്മണരുടെ പ്രത്യേകാവകാശങ്ങൾ വിവരിച്ചിരിക്കുന്നതു് വായിച്ചാൽ നാം അമ്പരന്നുപോകും. ഒരു സ്ത്രീക്കു് അബ്രാഹ്മണരായ എത്ര ഭർത്താക്കന്മാരുണ്ടായിരുന്നാലും ഒരു ബ്രാഹ്മണൻ അവളുടെ കൈ കടന്നുപിടിച്ചാൽ അവൾ അയാൾക്കു് അധീനയായിക്കൊള്ളണംപോൽ! ഇതാണു് അതിലെ ഒരു വിരുദ്ധോക്തിയാൽ വിധിച്ചിരിക്കുന്നതു്! ‘ബ്രാഹ്മണന്റെ പിടിച്ചുപറിക്കുന്ന ദുരാഗ്രഹം ബ്രാഹ്മണങ്ങളിൽ സകല സീമകളെയും അതിക്രമിച്ചിരിക്കുന്നു’ (The grasping greed of Brahmin has passed all the bounds in Brahmanas) എന്നു് ഒരു ചരിത്രപണ്ഡിതൻ ഇതിനെപ്പറ്റി ആക്ഷേപിക്കുന്നുണ്ടു്. ശൂദ്രന്റെ തൊഴിൽ ബ്രാഹ്മണസേവയല്ലാതെ മറ്റൊന്നുമല്ല.
‘ബ്രാഹ്മണൻ തന്നംഘ്രിജാതനായതു് ശൂദ്രനല്ലോ
കർമങ്ങളവനേതുമില്ലല്ലോ നിരൂപിച്ചാൽ
ദാസനായ് ദ്വിജകുലപാദസേവയും ചെയ്തു
വാസനയാലേ തേഷാം വൃത്തിയും കഴിക്കണം’
എന്നു് എഴുത്തച്ഛൻ നല്ല ഭാഷയിൽ യാതൊരു സംശയവുമില്ലാത്തവിധം ഭാരതത്തിലെ ഈ ദാസ്യാമൃതം കേരളീയർക്കു് പാനംചെയ്യാൻ പകർന്നുകൊടുത്തിരിക്കുന്നു. ‘അക്ഷരാനഭിജ്ഞത്വമജ്ഞത്വം മൂഢത്വവുമക്ഷരവ്യക്തിവിഹീനാലാപങ്ങളുമെല്ലാ’മാണു് ശൂദ്രന്റെ ലക്ഷണം! ലോകത്തിലെ മറ്റേതെങ്കിലും മതത്തിലോ ഗ്രന്ഥത്തിലോ ഒരു ജനവിഭാഗത്തെ ഇത്രയും ക്രൂരവും ഹീനവുമായ രീതിയിൽ പൗരോഹിത്യം ചവുട്ടിത്താഴ്ത്തിയിട്ടുണ്ടെന്നു് തോന്നുന്നില്ല. ആർഷസംസ്കാരത്തിന്റെ കൊടിയടയാളങ്ങളാണിവയെല്ലാം.
‘ബ്രാഹ്മണർക്കസാദ്ധ്യമായില്ലൊരു കർമങ്ങളും
സാമ്യമില്ലവരുടെ മാഹാത്മ്യത്തിന്നുമേതും
ബ്രാഹ്മണനൊന്നുകൊണ്ടുമവമന്തവ്യനല്ല
കാർമുകവേദോപദേശങ്ങളുമവർക്കത്രെ.’
ഇങ്ങനെ പാഞ്ചാലീസ്വയംവരത്തിൽക്കാണുന്ന ബ്രാഹ്മണമാഹാത്മ്യോദ്ഘോഷണവും കരുതിക്കൂട്ടിയുള്ള ഒരു പ്രചാരണം മാത്രമാണു്. ഇവിടെയൊക്കെ ബ്രാഹ്മണശബ്ദം പ്രയോഗിച്ചിരിക്കുന്നതു് ബ്രഹ്മജ്ഞാനമുള്ളവൻ എന്ന സർവവ്യാപകമായ അർത്ഥത്തിലല്ല. അങ്ങനെയും ചിലർ വാദിക്കാറുണ്ടു്. യാഥാർത്ഥ്യത്തിന്റെ നേരേ കണ്ണടച്ചാലേ ഈ വാദത്തിനു് നിൽക്കക്കള്ളിയുണ്ടാകൂ. ഈ ജീർണവാക്യങ്ങൾക്കെല്ലാം ഇക്കാലത്തു് എന്തെന്തു് വ്യാഖ്യാനഭേദങ്ങൾ കല്പിച്ചാലും അവ നവീനസാമൂഹ്യബോധവുമായി പൊരുത്തപ്പെടുകയില്ലെന്നു് പറയേണ്ടതില്ലല്ലോ. ഇങ്ങനെ നോക്കുമ്പോൾ ഹിന്ദുമതത്തിന്റെ നട്ടെല്ലായ ബ്രാഹ്മണപ്രാമാണ്യത്തിലാണു് ജാതിയുടെ അടിവേരുകൾ ചെന്നു് തറച്ചുനിൽക്കുന്നതെന്നു് കാണാം.
നിരർത്ഥകമായ ജാതിഭേദത്തെ സർവദാ അപലപിച്ചുകൊണ്ടിരിക്കുന്ന ആളാണല്ലോ നമ്മുടെ പ്രധാനമന്ത്രി. അദ്ദേഹത്തിന്റെ ഗവണ്മെന്റിനുപോലും ബ്രാഹ്മണദാസ്യത്തിൽനിന്നു് വിട്ടുമാറാൻ കഴിയുന്നില്ലെന്നതാണു് വാസ്തവം. ഹൈന്ദവരായ ജവാന്മാരുടെ ആവശ്യത്തിനു് ചില പുരോഹിതന്മാരെ നിയമിക്കാൻവേണ്ടി ഇന്ത്യാഗവണ്മെന്റ് ഈയിടെ ചെയ്ത പരസ്യത്തിൽ അപേക്ഷകർ ബ്രാഹ്മണരായിരിക്കണമെന്നു് പ്രത്യേകം നിർദ്ദേശിച്ചിരുന്നു. പൗരോഹിത്യത്തിനുവേണ്ട മന്ത്രതന്ത്രങ്ങൾ പഠിച്ചവരായാലും അബ്രാഹ്മണർക്കു് അവിടെ സ്ഥാനമില്ല. ഇപ്രകാരം സർക്കാർതന്നെ ബ്രാഹ്മണദാസ്യച്ചുമടു് തലയിലേറ്റി നടക്കുമ്പോൾ അതിനുള്ളിൽ ചുരുണ്ടുകൂടിക്കിടക്കുന്ന ജാതിവൈകൃതങ്ങൾ എങ്ങനെ നശിക്കും?
ഇനി ക്ഷേത്രങ്ങളുടെ കഥ നോക്കുക. ബ്രാഹ്മണമേധാവിത്വം ഇന്നും അവിടെ കൊടികുത്തി വാഴുന്നില്ലേ? അബ്രാഹ്മണൻ പൂജാവിധികളിൽ വേണ്ടത്ര അറിവും പരിചയവും നേടിയാലും അയാൾക്കവിടെ ശാന്തിക്കാരനായിക്കൂടാ. നേരെമറിച്ചു് അജ്ഞനും മൂഢനും ദുർവൃത്തനുമായാൽപ്പോലും ബ്രാഹ്മണനു് ജന്മത്തിന്റെ മേന്മകൊണ്ടുമാത്രം ശാന്തികർമം നടത്താം. ഇങ്ങനെ ദൈവത്തിന്റെ മുമ്പിൽ ജാതിക്കൊടിമരം നാട്ടിയിരിക്കുമ്പോൾ അവിടെ തൊഴുകൈയുമായി തിരക്കിക്കൂടുന്ന ബഹുജനങ്ങളുടെ ഇടയിൽനിന്നു് ഈ ഭേദബുദ്ധി മാഞ്ഞുപോകുമോ? ഇതര ജനങ്ങളുടെ ബ്രാഹ്മണദാസ്യത്തിന്റെ പ്രദർശനശാലകളാണു് വാസ്തവത്തിൽ ക്ഷേത്രങ്ങൾ. മുഖസ്തുതികൊണ്ടും കൈക്കൂലികൊണ്ടും ദൈവത്തെ പ്രീതിപ്പെടുത്താൻ ഈ ബ്രാഹ്മണദാസ്യമന്ദിരങ്ങളിലേക്കാണല്ലോ ജനക്കൂട്ടം പാഞ്ഞുചെല്ലുന്നതു്. ജാതിക്കെതിരായി എഴുതുകയും പ്രസംഗിക്കുകയും ചെയ്യുന്ന പുരോഗമനക്കാരെയും ഇക്കൂട്ടത്തിൽ ധാരാളം കാണാം. ഹൈന്ദവസമുദായം എത്രമാത്രം ജാതിമദിരാന്ധരാണെന്നു് തെളിഞ്ഞുകാണാനുള്ള ഒരവസരം അടുത്തുവരുന്നുണ്ടു്. കേരളത്തിലെ ദേവസ്വം ഭരണം പരിഷ്ക്കരിക്കാൻ നിയമിതമായ കുട്ടിക്കൃഷ്ണമേനോൻകമ്മിറ്റിയുടെ റിപ്പോർട്ട് ഈയിടെ പുറത്തു് വന്നിട്ടുണ്ടല്ലോ. ഇതെത്രത്തോളം ഗവണ്മെന്റിനും സവർണർക്കും സ്വീകാര്യമാകുമെന്നു് കണ്ടുതന്നെ അറിയണം. കമ്മിറ്റിയുടെ റിപ്പോർട്ട് അതേപടി സ്വീകരിച്ചു് നിർദ്ദേശങ്ങൾ നടപ്പാക്കിയാൽ ക്ഷേത്രങ്ങളിലെ ആദ്ധ്യാത്മികഭാവം നഷ്ടപ്പെടുമെന്ന പരാതി ഇപ്പോഴെ പുറപ്പെട്ടുകഴിഞ്ഞിരിക്കുന്നു. മനം മയക്കുന്ന ബ്രാഹ്മണമതക്കറുപ്പു് നൂറ്റാണ്ടുകളായി തിന്നുശീലിച്ച ഒരു സമുദായത്തിനു് ആ മയക്കത്തിൽനിന്നുണരാൻ ഇനിയും കാലം കുറെ വേണ്ടിവന്നേക്കാം.
ജാതി നശിക്കാനുള്ള പ്രധാനമാർഗം മിശ്രവിവാഹപ്രസ്ഥാനം തന്നെയെന്നതിനു് സംശയമില്ല. പക്ഷേ, അതോടൊപ്പം മതവിശ്വാസത്തിലും കാലോചിതമായ പരിവർത്തനം വന്നില്ലെങ്കിൽ ആദ്യത്തേതുകൊണ്ടുമാത്രം ലക്ഷ്യത്തിലെത്താൻ കഴിയുമോ എന്നാലോചിക്കേണ്ടതുണ്ടു്. ഈ രണ്ടു് കാര്യവും സുഖകരമാകണമെങ്കിൽ സാമ്പത്തികരംഗത്തു് സോഷ്യലിസ്റ്റ് വ്യവസ്ഥിതി നടപ്പാകയും വേണം.
(മനനമണ്ഡലം 1964)
ജനനം: 1-8-1900
പിതാവു്: ഊരുമനയ്ക്കൽ ശങ്കരൻ നമ്പൂതിരി
മാതാവു്: കുറുങ്ങാട്ടു് ദേവകി അമ്മ
വിദ്യാഭ്യാസം: വിദ്വാൻ പരീക്ഷ, എം. എ.
ആലുവാ അദ്വൈതാശ്രമം ഹൈസ്ക്കൂൾ അദ്ധ്യാപകൻ, ആലുവ യൂണിയൻ ക്രിസ്ത്യൻ കോളേജ് അദ്ധ്യാപകൻ, കേരള സാഹിത്യ അക്കാദമി പ്രസിഡന്റ് 1968–71, കേന്ദ്ര സാഹിത്യ അക്കാദമി അംഗം, ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടു് ഭരണസമിതിയംഗം, കേരള സർവ്വകലാശാലയുടെ സെനറ്റംഗം, ബോർഡ് ഓഫ് സ്റ്റഡീസ് അംഗം, പാഠ്യ പുസ്തക കമ്മിറ്റി കൺവീനർ (1958), ബാല സാഹിത്യ ശില്പശാല ഡയറക്ടർ (1958), ‘ദാസ് ക്യാപിറ്റൽ’ മലയാളപരിഭാഷയുടെ ചീഫ് എഡിറ്റർ, കേരള സാഹിത്യ സമിതി പ്രസിഡന്റ്.
സാഹിതീയം, വിചാരവിപ്ലവം, വിമർശ രശ്മി, നിരീക്ഷണം, ഗ്രന്ഥാവലോകനം, ചിന്താതരംഗം, മാനസോല്ലാസം, മനന മണ്ഡലം, സാഹിതീകൗതുകം, നവദർശനം, ദീപാവലി, സ്മരണമഞ്ജരി, കുറ്റിപ്പുഴയുടെ തിരഞ്ഞെടുത്ത ഉപന്യാസങ്ങൾ, വിമർശ ദീപ്തി, യുക്തിവിഹാരം, വിമർശനവും വീക്ഷണവും, കുറ്റിപ്പുഴയുടെ പ്രബന്ധങ്ങൾ—തത്വചിന്ത, കുറ്റിപ്പുഴയുടെ പ്രബന്ധങ്ങൾ—സാഹിത്യവിമർശം, കുറ്റിപ്പുഴയുടെ പ്രബന്ധങ്ങൾ— നിരീക്ഷണം.
ചരമം: 11-2-1971