ഏട്ടിലെ പശു പുല്ലുതിന്നുകയില്ലന്നൊരു ചൊല്ലുണ്ടല്ലോ. അതെത്ര അർത്ഥവത്തായിരിക്കുന്നു. നമ്മുടെ ജീവിതസ്വഭാവം വെളിപ്പെടുത്തുന്നില്ലേ ഈ പതിരില്ലാത്ത പഴഞ്ചൊല്ലു്? നാം പഠിക്കുന്ന പുസ്തകങ്ങളും ജീവിക്കുന്ന ജീവിതവും തമ്മിലൊരു ബന്ധവുമില്ലെന്നാണല്ലോ അതു് വിളിച്ചുപറയുന്നതു്. ഉത്തമോത്തമങ്ങളെന്നു് പറയാവുന്ന എത്രയോ ആദർശങ്ങൾ നമ്മുടെ ഗ്രന്ഥങ്ങളും ആചാര്യന്മാരും ഉദ്ഘോഷിച്ചിട്ടുണ്ടു്. നമ്മളും അവയിൽ വിശ്വസിക്കുന്നു, അവയെപ്പറ്റി പ്രസംഗിക്കുന്നു, എഴുതുന്നു, ഏട്ടിലപ്പിടി, പയറ്റിയാലോ? ഈ ആദർശങ്ങളുടെ നിഴൽപോലും കാണുന്നുണ്ടോ? സിദ്ധാന്തവും പ്രയോഗവും തമ്മിലുള്ള വേർപാടാണു് ബൂർഷ്വാജീവിതത്തിന്റെ ഏറ്റവും ജുഗുപ്സാവഹമായ സ്വഭാവമെന്നു് ലെനിൻ ഒരിക്കൽ പറഞ്ഞതു്, ഈ പൊരുത്തക്കേടു് കണ്ടു് കണ്ടു് സഹിക്കവയ്യാഞ്ഞിട്ടാണു്. ഇന്നു് നാം അഹിംസാസിദ്ധാന്തത്തിന്റെ പ്രവാചകന്മാരായി പുറപ്പെട്ടിരിക്കയാണല്ലോ. ഭൗതികമായൊരു അധിഷ്ഠാനം സ്വീകരിക്കാതെ കേവലം ഒരാത്മീയാദർശമെന്ന നിലയിൽ അഹിംസാതത്ത്വം മുമ്പിൽവെച്ചു് പൂജിക്കുകയാണു് നമ്മൾ ചെയ്യുന്നതു്. അതായതു്, അഹിംസയ്ക്കുവേണ്ടി അഹിംസ എന്ന മട്ടിൽ നിരാസ്പദവും നിരർത്ഥകവുമായൊരു ഭക്തിപ്രകടനം. ഇതുകൊണ്ടുണ്ടാകുന്ന പൊരുത്തക്കേടും വൈഷമ്യങ്ങളും ചിന്തിച്ചുനോക്കേണ്ടതാകുന്നു.
‘ഒരു ഹിംസയുമാചരിച്ചിടാതി-
ങ്ങുപജീവിപ്പതിനാർക്കുമാവതല്ല
ഒരു ദീപമെരിക്കിലെത്രമാത്രം
ശലഭങ്ങൾക്കതു ഹോമകുണ്ഡമാകും.’
എന്നെഴുതിയ കവി ഹിംസ വേണമെന്നു് വാദിക്കയല്ല ചെയ്യുന്നതു്. ജീവിതത്തിന്റെ ഹിംസാത്മകസ്വഭാവം—അതിൽനിന്നു് തീരെ ഒഴിഞ്ഞുനില്ക്കാനുള്ള പ്രയാസം—ഈ പരമാർത്ഥം നമ്മുടെ ചിന്തയ്ക്കു് വിഷയമാക്കുന്നു, അത്രെയുള്ളു. എന്നും എവിടെയും സ്വീകാര്യമായ ഒരു ഉൽകൃഷ്ടകർമ്മമാണു് ഹിംസയെന്നു് ബുദ്ധിയുള്ളവരാരും പറയുകയില്ല, പറഞ്ഞിട്ടുമില്ല. തത്ത്വദൃഷ്ട്യാ അതൊരു ദോഷംതന്നെയെന്നാരും സമ്മതിക്കും. പക്ഷേ, പ്രായോഗികജീവിതത്തിൽ പ്രസ്തുതദോഷത്തിന്റെ പ്രവർത്തനം അനിവാര്യമായിത്തീരുന്നു. ഏതെങ്കിലും പ്രകാരത്തിൽ അതിനു് വിധേയമാകാതെ ജീവിതം മുന്നോട്ടു് പോകുന്നതല്ല. എന്നാലൊരു സമാധാനമുണ്ടു്. മുന്നോട്ടു് പോകുന്തോറും ഈ ദോഷത്തിന്റെ കോപഹേതുക്കൾ കുറഞ്ഞു് കുറഞ്ഞു് പ്രവർത്തനശക്തി ക്ഷയിച്ചു് ജീവിതം മിക്കവാറും അഹിംസാപ്രവണമാകും, ജീവിതപുരോഗതിയുടെ ലക്ഷ്യം അതാണു്. എന്നാൽ, ഈ ലക്ഷ്യത്തിലെത്തിച്ചേരാനുള്ള പദ്ധതി, അഥവാ കർമപരിപാടി, ഹിംസാസ്പൃഷ്ടമാകാതെ നിവൃത്തിയില്ല. അങ്ങനെ ആകരുതെന്നു് ശഠിക്കുന്നവർ ജീവിതത്തിന്റെ പ്രായോഗികവശത്തെ സംബന്ധിച്ചിടത്തോളം അന്ധമാനസരാകുന്നു. മനോരാജ്യത്തിൽ ആകാശകുസുമം തേടി നടക്കുന്ന ആദർശവാദികളാണവർ. അവരുടെ അപ്രായോഗികസിദ്ധാന്തങ്ങൾ പ്രവർത്തനപദ്ധതിയിൽ വിലങ്ങുതടികളായിക്കിടന്നു് ഫലസിദ്ധി വിദൂരമാക്കിത്തീർക്കാനേ ഉപകരിക്കുന്നുള്ളു. പ്രകൃത്യാ വിചീനമായിട്ടുള്ളതാണു് മനുഷ്യനിൽ ഹിംസവാസന. മനുഷ്യനൊരു അന്തർലീനഘാതകനാണെന്നു് (Man is a potential killer) വെത്സ് ഒരിടത്തു് പറഞ്ഞിട്ടുണ്ടു്. ഇതു് തികച്ചും വാസ്തവമത്രെ. ഉദ്ദീപങ്ങളായ പരിതഃസ്ഥിതികൾ പ്രവർത്തിക്കുമ്പോൾ നമ്മിൽ ഒളിച്ചിരിക്കുന്ന ഈ ഘാതകത്വം, അഥവാ ഹിംസാവാസന തലപൊക്കുന്നു. ഇതു് തേഞ്ഞുമാഞ്ഞുപോകണമെങ്കിൽ പരിതഃസ്ഥിതിയിൽ തദനുരൂപമായ പരിവർത്തനം സംഭവിക്കണം. അതായതു് മനുഷ്യന്റെ സാമൂഹ്യഘടന പാടേ മാറണം. ഈ പരിവർത്തനം സംഭവിക്കാതെ ഇപ്പോഴത്തെ ജീർണിച്ച സാമൂഹ്യവ്യവസ്ഥയിലും സാമ്പത്തികക്രമത്തിലും മനുഷ്യസ്വഭാവം നന്നാക്കണം, ആരേയും ഹിംസിക്കരുതു് എന്നും മറ്റും ആയിരം തവണ ഉപദേശിച്ചാലും ഫലമുണ്ടാകുന്നതല്ല. അല്പപക്ഷം ഭൂരിപക്ഷത്തെ ചൂഷണം ചെയ്തു് വഞ്ചനയും ക്രൂരതയും ഭീതിയും അടിക്കടി വളർത്തിക്കൊണ്ടുവരുന്ന ഇന്നത്തെ ജീവിതസമ്പ്രദായം ആമൂലാഗ്രം ഹിംസാത്മകമാണു്. അതിലെ അനീതികളോടും അക്രമങ്ങളോടും എതിരിടണമെങ്കിൽ ശത്രുവിന്റെ ആയുധംതന്നെ പ്രയോഗിക്കേണ്ടിവരും.
ഹിന്ദുമതത്തിലെ അവതാരപുരുഷന്മാർ ധർമസ്ഥാപനം നിർവഹിച്ചതെങ്ങനെ? അഹിംസയിലൂടെയാണോ? ഹിംസ നടത്താത്ത ഒരവതാരമെങ്കിലും ഉണ്ടായിട്ടുണ്ടോ? മഹാത്മാഗാന്ധി ഭഗവദ്ഗീതയെ എങ്ങനെയെല്ലാം വ്യാഖ്യാനിച്ചാലും അതിൽ നേരെ കാണുന്ന സന്ദേശം സാധുസംരക്ഷണത്തിനായി ആയുധമെടുത്തു് പോരാടുകയെന്നതാണു്. ഹിംസകൂടാതെ ലക്ഷ്യത്തിലെത്താൻ കഴിയുമെങ്കിൽ അതു് നല്ലതുതന്നെ. പക്ഷേ, അതു് അസാദ്ധ്യമെന്നു് വന്നാൽ ഹിംസാമാർഗ്ഗമവലംബിച്ചിട്ടെങ്കിലും ലോകത്തിൽ ധർമവും നീതിയും പുലർത്തേണ്ടതല്ലേ? ഇന്നത്തെ ജീവിതസമ്പ്രദായത്തിൽ പരിപൂർണ്ണമായ അഹിംസ അത്യന്തദുഷ്കരമെന്നുമാത്രമല്ല അസാദ്ധ്യമാണെന്നുകൂടി അനുഭവം പഠിപ്പിക്കുന്നു. ചരിത്രം അതിനു് സാക്ഷിയായിരിക്കുന്നു. ഈ യാഥാർത്ഥ്യം പരിഗണിക്കാതെ അഹിംസാധിഷ്ഠിതമായ കർമപരിപാടി നിശ്ചയിക്കുന്നവർ പല വൈഷമ്യങ്ങളിലും ചെന്നുചാടും. ഒന്നിനോടും ബന്ധപ്പെടാത്തൊരു കേവലസിദ്ധാന്തത്തിന്റെ അടിമകളായി പ്രവൃത്തിസ്വാതന്ത്ര്യം നഷ്ടപ്പെട്ട നിലയിൽ അവർ ചെന്നെത്തും. മഹാത്മാഗാന്ധിക്കു് ഈ അനുഭവം പലപ്പോഴും ഉണ്ടായിട്ടുണ്ടു്—മനസ്സാക്ഷിയെ വഞ്ചിക്കാതെ ഒന്നും ചെയ്യാൻ വയ്യെന്നൊരു നില. അപ്പോഴൊക്കെ ഈ സ്വയംകൃതാനർത്ഥത്തിൽനിന്നു് തലയൂരിപ്പോരാനും അദ്ദേഹം മടിച്ചിട്ടില്ല. ഇന്ത്യയ്ക്കു് സ്വാതന്ത്ര്യം വാഗ്ദാനം ചെയ്യുന്നപക്ഷം കഴിഞ്ഞ യുദ്ധത്തിൽ ഇംഗ്ലീഷുകാർക്കുവേണ്ടി തോക്കെടുക്കാനും അദ്ദേഹം സമ്മതിച്ചിരുന്നു. ശ്വാസോച്ഛ ്വാസത്തിൽ അണുപ്രാണികൾ കൊല്ലപ്പെട്ടേക്കുമെന്നു് ഭയന്നു് മൂക്കും വായും മൂടിക്കെട്ടി നടക്കുന്ന ഒരു തരം ജൈനസന്യാസിമാരുണ്ടല്ലോ. അവരെപ്പോലെ വിഡ്ഢിവേഷം കെട്ടേണ്ടിവരും അഹിംസയുടെ പൂർണരൂപം പ്രദർശിപ്പിക്കാൻ പുറപ്പെട്ടാൽ. അതിന്റെ പ്രായോഗികതയിൽ സ്വയം വഞ്ചിതരാവുകയും കപടവേദാന്തംകൊണ്ടു് അന്യരെ വഞ്ചിക്കുകയും ചെയ്യുന്നവർ ഇപ്പോൾ നമ്മുടെ നാട്ടിൽ ധാരാളമുണ്ടു്. ആവശ്യം വരുമ്പോഴൊക്കെ ഹിംസാമാർഗമവലംബിക്കുക, അതേസമയം എതിരാളികളുടെ കാര്യപരിപാടിയെ അഹിംസയുടെ പേരിൽ കർശനമായി ആക്ഷേപിക്കുക—ഇതാണു് നേതൃസ്ഥാനങ്ങളിൽ പറ്റിക്കൂടിയിരിക്കുന്ന അഹിംസാവാദികളുടെ നയം: ആത്മവഞ്ചനയും പരവഞ്ചനയും ഉൾക്കൊള്ളുന്നൊരു നയമാണിതു്.
ഇന്ത്യയ്ക്കു് സ്വാതന്ത്ര്യം ലഭിച്ചതു് അഹിംസാമാർഗത്തിലൂടെയാണെന്നു് സാധാരണ ഘോഷിക്കാറുണ്ടു്. ഇതിന്റെ ചെമ്പുതെളിയിക്കുന്ന അഭിപ്രായം ഗാന്ധിജി യിൽനിന്നു് പുറപ്പെടുകയുണ്ടായി. അദ്ദേഹം പറയുന്നതു് നോക്കുക: ‘I have frankly and fully admitted that what we practised during the past 30 years was not nonviolent resistence but passive resistence which only the weak offer because they are unable to offer armed resistence’.
അതേ, ആയുധമെടുത്തെതിർക്കാൻ നിവർത്തിയില്ലാത്തതിനാൽ ഭീരുക്കൾ ചെയ്യുന്നമാതിരി ശാന്തമായൊരെതിർപ്പു് മാത്രമാണു് നാം ഇക്കഴിഞ്ഞ മുപ്പതു് വർഷക്കാലവും പ്രകടിപ്പിച്ചതു്. അതു് ശരിയായൊരു അഹിംസാസമരമായിരുന്നില്ലെന്നു് അദ്ദേഹം തുറന്നു് സമ്മതിച്ചിരിക്കുന്നു. ഇന്നു് ബ്രിട്ടൻ യാത്രപറഞ്ഞപ്പോൾ യഥേഷ്ടം ആയുധമെടുക്കാമെന്നു് വന്നു. അപ്പോൾ മുറയ്ക്കു് നടക്കുന്ന ആയുധസജ്ജീകരണവും സൈന്യസംഘടനയും! അതു് വേണ്ടതുമാണു്. സ്വപ്നദർശികളല്ല ഭരണയന്ത്രം തിരിക്കുന്നവർ എന്നിതു് തെളിയിക്കുന്നു. ഒട്ടകപ്പക്ഷിയെപ്പോലെ ആദർശസൈകതത്തിൽ തല താഴ്ത്തി മയങ്ങി ജീവിതയാഥാർത്ഥ്യങ്ങളെ നോക്കിക്കാണാതിരിപ്പാൻ ഇവർ ഒരുമ്പെട്ടില്ല, ഭാരതീയരുടെ ഭാഗ്യംകൊണ്ടു്. പക്ഷേ, അതോടുകൂടി മറ്റൊരു കാര്യവും വെളിച്ചത്തു് വന്നു—ഈ അഹിംസാവ്രതം ഒരു മൂടുപടം മാത്രമാണെന്നു്.
(നിരീക്ഷണം 1948)
ജനനം: 1-8-1900
പിതാവു്: ഊരുമനയ്ക്കൽ ശങ്കരൻ നമ്പൂതിരി
മാതാവു്: കുറുങ്ങാട്ടു് ദേവകി അമ്മ
വിദ്യാഭ്യാസം: വിദ്വാൻ പരീക്ഷ, എം. എ.
ആലുവാ അദ്വൈതാശ്രമം ഹൈസ്ക്കൂൾ അദ്ധ്യാപകൻ, ആലുവ യൂണിയൻ ക്രിസ്ത്യൻ കോളേജ് അദ്ധ്യാപകൻ, കേരള സാഹിത്യ അക്കാദമി പ്രസിഡന്റ് 1968–71, കേന്ദ്ര സാഹിത്യ അക്കാദമി അംഗം, ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടു് ഭരണസമിതിയംഗം, കേരള സർവ്വകലാശാലയുടെ സെനറ്റംഗം, ബോർഡ് ഓഫ് സ്റ്റഡീസ് അംഗം, പാഠ്യ പുസ്തക കമ്മിറ്റി കൺവീനർ (1958), ബാല സാഹിത്യ ശില്പശാല ഡയറക്ടർ (1958), ‘ദാസ് ക്യാപിറ്റൽ’ മലയാളപരിഭാഷയുടെ ചീഫ് എഡിറ്റർ, കേരള സാഹിത്യ സമിതി പ്രസിഡന്റ്.
സാഹിതീയം, വിചാരവിപ്ലവം, വിമർശ രശ്മി, നിരീക്ഷണം, ഗ്രന്ഥാവലോകനം, ചിന്താതരംഗം, മാനസോല്ലാസം, മനന മണ്ഡലം, സാഹിതീകൗതുകം, നവദർശനം, ദീപാവലി, സ്മരണമഞ്ജരി, കുറ്റിപ്പുഴയുടെ തിരഞ്ഞെടുത്ത ഉപന്യാസങ്ങൾ, വിമർശ ദീപ്തി, യുക്തിവിഹാരം, വിമർശനവും വീക്ഷണവും, കുറ്റിപ്പുഴയുടെ പ്രബന്ധങ്ങൾ—തത്വചിന്ത, കുറ്റിപ്പുഴയുടെ പ്രബന്ധങ്ങൾ—സാഹിത്യവിമർശം, കുറ്റിപ്പുഴയുടെ പ്രബന്ധങ്ങൾ— നിരീക്ഷണം.
ചരമം: 11-2-1971