സാഹിത്യത്തിനു വാമൊഴിയെന്നും വരമൊഴിയെന്നും രണ്ടുവിഭാഗമുണ്ടല്ലോ. ഇവയിൽ ആദ്യത്തേതിൽനിന്നാണു് ഐതിഹ്യങ്ങളുടെ ഉല്പത്തി. ഏറെക്കാലം വാമൊഴിയായി പ്രചരിച്ചതിനുശേഷം ഐതിഹ്യങ്ങളിൽ പലതും വരമൊഴിയിലേക്കു സംക്രമിച്ചെന്നും വരാം. നമ്മുടെ രാമായണഭാരതാദികൾ ഇപ്രകാരം വാഗ്രൂപം പൂണ്ടതെല്ലെന്നു് ആരു കണ്ടു? അതിപ്രാചീനകാലത്തു് ഈ കഥകൾ ബഹുജനമദ്ധ്യത്തിൽ ഐതിഹ്യരൂപേണ പരമ്പരയാ പ്രചരിച്ചിരുന്നിരിക്കണം. അതിനുശേഷമായിരിക്കണം അവ ഗ്രന്ഥരൂപത്തിലായതു്. ഐതിഹ്യങ്ങൾക്കു മനുഷ്യസമുദായത്തോളംതന്നെ പഴക്കമുണ്ടെന്നു പറയാം. വരമൊഴി നടപ്പാക്കുന്നതിനുമുമ്പേ മനുഷ്യവർഗ്ഗങ്ങളുടെയിടയിൽ അവരുടെ ദേശചരിത്രത്തേയും ജീവിതസമ്പ്രദായങ്ങളേയും സംബന്ധിച്ചു പല കഥകളും പ്രചരിച്ചിരുന്നു. ഓരോ തലമുറവഴിക്കു പറഞ്ഞുകേട്ടു ജനതാമദ്ധ്യത്തിൽ സ്ഥിര പ്രതിഷ്ഠ നേടിയ ഇത്തരം കഥകളാണു ഒടുവിൽ ഐതിഹ്യങ്ങളായി പരിണമിച്ചതു്. സംസ്കൃതഭാഷയിൽ, ഇങ്ങനെ പറഞ്ഞുകേൾക്കുന്നു എന്നു് അർത്ഥം വരത്തക്കവിധത്തിൽ പ്രയോഗിക്കാറുള്ള ‘ഇതിഹ’ എന്ന പദത്തിൽനിന്നാകാം ഐതിഹ്യം എന്ന വാക്കിന്റെ ആഗമം.
ഏതു ദേശക്കാർക്കും അവരുടെ സ്വന്തമായി നിരവധി ഐതിഹ്യങ്ങളുണ്ടായിരിക്കും. പൂർവ്വികരുടെ ജീവിതരീതിയിലും ആദർശങ്ങളും അപവാദനങ്ങളും അവർക്കുണ്ടായിട്ടുള്ള ജയാപജയങ്ങളും അന്നത്തെ ദേശകാലസ്ഥിതികളും മറ്റും അവയിൽ പ്രതിഫലിച്ചിട്ടുണ്ടാകും. അതുകൊണ്ടു് അനന്തരഗാമികൾക്കു് അവ നാനാപ്രകാരേണ മാർഗ്ഗദർശകങ്ങളും ഉത്തേജകങ്ങളും ആയിത്തീരാവുന്നതാണു്. വർഗ്ഗീയമോ ദേശീയമോ ആയ ആചാരമര്യാദകളും വിശ്വാസപ്രമാണങ്ങളും സ്വഭാവവിശേഷങ്ങളും കാലാന്തരത്തിൽ നശിച്ചുപോകാതെ സൂക്ഷിക്കുവാൻ ഐതിഹ്യങ്ങൾ സഹായിക്കുന്നുണ്ടു്. ഇവയിൽക്കൂടിത്തന്നെ ദേശാഭിമാനവും വർഗ്ഗീയമഹിമയും നിലനിന്നു പോരുന്നു. എന്നാൽ ഇപ്രകാരം ദേശവർഗ്ഗഭേദബുദ്ധി വളർത്തിക്കൊണ്ടുവരുന്നതു ഭാവിയിൽ എത്രമാത്രം അഭിലഷണീയമാണു് എന്നു ചിന്തിക്കേണ്ടതുണ്ടു്. മനുഷ്യവംശം മുഴുവൻ ജാതിമതദേശവർഗ്ഗപരിഗണന ഉപേക്ഷിച്ചു് ഏകോദരസഹോദരബുദ്ധ്യാ സംഘടിക്കേണ്ട ഒരു കാലഘട്ടത്തിലാണല്ലോ നാം എത്തിച്ചേർന്നിരിക്കുന്നതു്. ചരിത്രം മാറ്റി എഴുതപ്പെടണമെന്നുപോലും പണ്ഡിതന്മാർ പറഞ്ഞുതുടങ്ങിയിരിക്കുന്നു. ആ നിലയ്ക്കു് ഐതിഹ്യങ്ങളുടെ വിലയും നിലയും പുനഃപരിശോധന ചെയ്യേണ്ടിവരും.
ഐതിഹ്യങ്ങൾ പരിശോധിക്കുമ്പോൾ അവയിൽ വാസ്തവം, കല്പിതം എന്ന രണ്ടംശങ്ങളുള്ളതായി കാണാമല്ലോ. ഇവയിൽ വാസ്തവികാംശം ഏറെക്കുറഞ്ഞും കല്പിതാംശം വളരെക്കൂടിയും ആണു് സാധാരണ കണ്ടുവരുന്നതു്. എല്ലാത്തരം ഐതിഹ്യങ്ങളിലും ചരിത്രസത്യത്തിന്റെ ശകലം ഒളിഞ്ഞുകിടക്കുന്നുണ്ടാകുമെങ്കിലും അവയിൽ തൊണ്ണൂറുശതമാനവും വക്താക്കളുടെ പരമ്പരാഗതമായ മനോധർമ്മം വികസിച്ചു പെരുകിയതാണെന്നു നിസ്സന്ദേഹം പറയാം. ശ്രോതാക്കളുടെ രസത്തിനുവേണ്ടി കൂട്ടിച്ചേർത്തതാണീ കല്പിതാംശം. മനുഷ്യർ പ്രകൃത്യാതന്നെ അതിശയോക്തിപ്രിയരാണല്ലോ. വാസ്തവത്തിൽ നടന്ന ഒരു സംഭവത്തെപ്പറ്റി ഒരാൾ മറ്റൊരാളോടു പറയുമ്പോൾ അയാൾ അറിയാതെതന്നെ അതിൽ അതിശയോക്തി കടന്നുകൂടുന്നു. ഈ സ്വഭാവവിശേഷം തലമുറ തലമുറയായി തുടർന്നു പ്രവർത്തിച്ചതിന്റെ ഫലമായിട്ടായിരിക്കണം ഇപ്പോഴത്തെ ഐതിഹ്യങ്ങളിൽ ഇത്രയധികം കൽപിതാംശം ഉണ്ടായിത്തീർന്നതു്. കെട്ടുകഥകളോ അത്ഭുതകഥകളോ എന്നു പറയാവുന്ന ഈവക ഐതിഹ്യങ്ങൾക്കു ചരിത്രത്തിന്റെ വില കല്പിക്കുന്നതു് അയുക്തമെന്നു മാത്രമല്ല ആപല്ക്കരവുമാണു്. സത്യാവസ്ഥ കാണാതിരിക്കുന്നതിനുംപുറമേ അസത്യത്തിൽ വിശ്വസിക്കുന്നതിനും അതു പ്രേരകമാകും. ഉദാഹരണത്തിനു ദേവാലയങ്ങളെ ചുറ്റിപ്പറ്റി പൊന്തിവന്നിട്ടുള്ള നിരവധി ഐതിഹ്യങ്ങൾ പരിശോധിച്ചുനോക്കുക. എത്രയെത്ര ക്ഷിപ്രവിശ്വാസികൾ അവയിൽ അന്ധമായി വിശ്വസിച്ചു മതപരമായ കാടുകയറ്റം നടത്തുന്നു! പുരാണേതിഹാസങ്ങൾക്കും ആസ്പദം ഐതിഹ്യങ്ങളായിരിക്കണമെന്നു മുമ്പു സൂചിപ്പിച്ചുവല്ലോ. ഇവയ്ക്കും ചരിത്രത്തിന്റെ വില കല്പിക്കുന്നതു മതിഭ്രാമകമാകും. ചരിത്രസത്യാന്വേഷണം കലുഷമാക്കാനേ അതു് ഉപകരിക്കയുള്ളൂ. രാമായണത്തിലെ പുഷ്പകവിമാനം ചൂണ്ടിക്കാണിച്ചുകൊണ്ടു പ്രാചീന ഭാരതീയർ വിമാന നിർമ്മാണത്തിലും വിരുതന്മാരായിരുന്നുവെന്നു വാദിക്കുന്ന കൂട്ടരുണ്ടു്. കാവ്യങ്ങളിൽ കാണുന്ന കവിഭാവനയെ സങ്കുചിതമായ ദേശീയ ദുരഭിമാനത്താൽ ചരിത്രപദവിയിലേക്കു് ഉയർത്താൻ വെമ്പൽകൊള്ളുന്നവരാണിവർ.
ഐതിഹ്യം ശബ്ദപ്രമാണമെന്നു ചില താർക്കികന്മാർ വാദിക്കുന്നുണ്ടു്. എന്നാൽ ന്യായശാസ്ത്രകാരനായ ഗൌതമൻ അതിനെ നിഷേധിക്കുന്നു. വടവൃക്ഷത്തിൽ യക്ഷൻ വസിക്കുന്നു എന്നതു് ഒരു ഐതിഹ്യമാണല്ലോ. അതെടുത്തുദാഹരിച്ചുകൊണ്ടു് അതിനു ശബ്ദപ്രമാണത്തിൽ അന്തർഭാവമില്ല എന്നു് അദ്ദേഹം തെളിയിക്കുന്നു. ഈ അന്ധവിശ്വാസത്തെ അവലംബിച്ചു് ‘വടേയക്ഷന്യായം’ എന്നൊരു ന്യായംതന്നെ സംസ്കൃതത്തിൽ നടപ്പായിട്ടുണ്ടു്. വൃക്ഷത്തിൽ യക്ഷനോ യക്ഷിയോ വസിക്കുന്നുവെന്നു് ഒരു ദേശത്തു കുറേ മൂഢന്മാർ തലമുറയായി പറഞ്ഞുവരുന്നുവെന്നു കരുതി സുബോധമുള്ളവർ ആരെങ്കിലും അതു വിശ്വസിച്ചു പ്രമാണമാക്കുമോ?
‘ഐതിഹ്യം തു ന സത്യമത്രേ ഹി വടേ
യക്ഷോഽസ്തി വാ നേതി വാ
കോ ജാനാതി കദാ ച കേന കലിതം
യക്ഷസ്യയ കീദൃഗ്വപുഃ
എന്ന ശ്ലോകം ഐതിഹ്യത്തിന്റെ ശബ്ദപ്രാമാണ്യത്തെ തിരസ്കരിക്കുന്നു. ദീർഘ കാലപ്രസിദ്ധിയുള്ളതുകൊണ്ടു മാത്രം ഒരു കാര്യം സത്യമാകുന്നതല്ലല്ലോ.
വിജ്ഞാനത്തേക്കാൾ കൂടുതൽ വിനോദം നല്കുന്ന ഒരു സാഹിത്യശാഖയെന്നനിലയിൽ ഐതിഹ്യങ്ങൾക്കു സ്ഥാനമുണ്ടെന്നു സമ്മതിക്കാം. കൊട്ടാരത്തിൽ ശങ്കുണ്ണി യുടെ ഐതിഹ്യമാല നമ്മുടെ ഭാഷയ്ക്കൊരു നേട്ടവുമാണു്. അതിലെ കഥകൾ ആർക്കും വായിച്ചു രസിക്കാം. പക്ഷേ, കേരളചരിത്രനിർമ്മാണത്തിനു് ഏതാദൃശകൃതികൾ പ്രമാണമാക്കരുതെന്നേയുള്ളൂ.
ജനനം: 1-8-1900
പിതാവു്: ഊരുമനയ്ക്കൽ ശങ്കരൻ നമ്പൂതിരി
മാതാവു്: കുറുങ്ങാട്ടു് ദേവകി അമ്മ
വിദ്യാഭ്യാസം: വിദ്വാൻ പരീക്ഷ, എം. എ.
ആലുവാ അദ്വൈതാശ്രമം ഹൈസ്ക്കൂൾ അദ്ധ്യാപകൻ, ആലുവ യൂണിയൻ ക്രിസ്ത്യൻ കോളേജ് അദ്ധ്യാപകൻ, കേരള സാഹിത്യ അക്കാദമി പ്രസിഡന്റ് 1968–71, കേന്ദ്ര സാഹിത്യ അക്കാദമി അംഗം, ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടു് ഭരണസമിതിയംഗം, കേരള സർവ്വകലാശാലയുടെ സെനറ്റംഗം, ബോർഡ് ഓഫ് സ്റ്റഡീസ് അംഗം, പാഠ്യ പുസ്തക കമ്മിറ്റി കൺവീനർ (1958), ബാല സാഹിത്യ ശില്പശാല ഡയറക്ടർ (1958), ‘ദാസ് ക്യാപിറ്റൽ’ മലയാളപരിഭാഷയുടെ ചീഫ് എഡിറ്റർ, കേരള സാഹിത്യ സമിതി പ്രസിഡന്റ്.
സാഹിതീയം, വിചാരവിപ്ലവം, വിമർശ രശ്മി, നിരീക്ഷണം, ഗ്രന്ഥാവലോകനം, ചിന്താതരംഗം, മാനസോല്ലാസം, മനന മണ്ഡലം, സാഹിതീകൗതുകം, നവദർശനം, ദീപാവലി, സ്മരണമഞ്ജരി, കുറ്റിപ്പുഴയുടെ തിരഞ്ഞെടുത്ത ഉപന്യാസങ്ങൾ, വിമർശ ദീപ്തി, യുക്തിവിഹാരം, വിമർശനവും വീക്ഷണവും, കുറ്റിപ്പുഴയുടെ പ്രബന്ധങ്ങൾ—തത്വചിന്ത, കുറ്റിപ്പുഴയുടെ പ്രബന്ധങ്ങൾ—സാഹിത്യവിമർശം, കുറ്റിപ്പുഴയുടെ പ്രബന്ധങ്ങൾ— നിരീക്ഷണം.
ചരമം: 11-2-1971