വിപ്ലവകാരികളുടെ വിളനിലമാണല്ലോ റഷ്യ. ഇരുപതാം നൂറ്റാണ്ടിൽ മാത്രമല്ല പത്തൊമ്പതാം നൂറ്റാണ്ടിലും വിപ്ലവത്തിനുവേണ്ടി ജീവരക്തം ചൊരിഞ്ഞ അനേകം നേതാക്കന്മാർ ആ രാജ്യത്തെ അലങ്കരിച്ചിരുന്നു. അവരിൽ പ്രഥമഗണനീയനാണു ബകുനിൻ. റഷ്യയിൽ ഇന്നു് സുപ്രതിഷ്ഠിതമായിരിക്കുന്ന നാസ്തികസിദ്ധാന്തത്തിന്റെ പ്രഥമപ്രവാചകനാണദ്ദേഹം മതപരമായിട്ടു മാത്രമല്ല രാഷ്ട്രീയമായിട്ടും അദ്ദേഹത്തിന്റെ സ്വതന്ത്രചിന്ത വിപ്ലവോന്മുഖമായിത്തീർന്നു. തൽഫലമായി അവതരിച്ചതാണു് വിശ്വവിശ്രുതി നേടിയ അരാജകത്വസിദ്ധാന്തം (Anarchism). പ്രസ്തുത സിദ്ധാന്തത്തിന്റെ സ്ഥാപകൻ എന്ന നിലയ്ക്കാണു് ബകുനിൻ സർവലോകസമാരാധിതനായിത്തീർന്നതു്. എന്നാൽ മതപരമായ അദ്ദേഹത്തിന്റെ യുക്തിവാദവും തത്തുല്യമായ പ്രശസ്തിയെ അർഹിക്കുന്നുണ്ടു്. പത്തൊമ്പതാം നൂറ്റാണ്ടിന്റെ ആരംഭംവരെ റഷ്യയിലെ യുക്തിവാദികളിൽ പലരും വാൾട്ടയറു ടെ അനുഗാമികളായിരുന്നു. അവർ പള്ളിമതത്തെ എതിർത്തുകൊണ്ടിരുന്നെങ്കിലും ഈശ്വരസത്തയെ പാടേ നിഷേധിക്കുന്നതിനു ധൈര്യപ്പെട്ടില്ല. ഈശ്വരൻ ഉണ്ടോ ഇല്ലയോ എന്നതിനെപ്പറ്റി അവർ സംശയാലുക്കളായിരുന്നു. ഈ സംശയത്തിനു നിസ്തർക്കമായ മറുപടി ബകുനിന്റെ യുക്തിവാദം ലോകത്തിനു പ്രദാനം ചെയ്തു. ദൈവിശ്വാസത്തിന്റെ മസ്തകം തല്ലിപ്പിളർന്നെങ്കിലേ രാജ്യവാസികൾക്കു സ്വാതന്ത്ര്യം ലഭിക്കുകയുള്ളു എന്നു അദ്ദേഹം ഉച്ചൈസ്തരം ഉദ്ഘോഷിച്ചു. രാഷ്ടീയമായ ബന്ധനത്തിനും മതപരമായ അന്ധതയ്ക്കും തമ്മിൽ ദൃഢമായ ബന്ധമുണ്ടെന്നും അതുകൊണ്ടു് ആദ്യത്തേതിൽനിന്നുള്ള മോചനത്തിനു രണ്ടാമത്തേതിന്റെ ധ്വംസനം അത്യാവശ്യമാണെന്നും ഉള്ള നൂതനാശയം ആദ്യമായി ലോകത്തിൽ അവതരിപ്പിച്ചതു് ഈ ദീർഘദർശിയത്രെ. പ്രസ്തുതാശയത്തെ ആസ്പദമാക്കി ജനങ്ങളുടെ ഈശ്വരവിശ്വാസത്തെ അടിയോടെ ഇളക്കിമറിച്ചു തകർത്തുകളയുന്ന ഈ പ്രസ്ഥാനത്തിനു് ആക്രമണപരമായ നാസ്തികത്വം (Militant Atheism) എന്നു ചിലർ പേരു വിളിക്കുന്നുണ്ടു്. റഷ്യയിൽ ഇന്നു പ്രചരിക്കുന്നതു് ബകുനിന്റെ ഈ യുദ്ധോന്മുഖമായ നാസ്തികത്വമാകുന്നു തദനുയായികളായ വിപ്ലവകാരികളുടെ യുക്തിവാദം അന്നു് റഷ്യയിൽ കൊളുത്തിയ ആശയദീപങ്ങളാണു് അനന്തരകാലത്തെ വിശ്രുതവിജയത്തിനു വഴി തെളിച്ചതു്.
1814 മുതൽ 1876 വരെയാണു് ബകുനിന്റെ ജീവിതകാലം. നിക്കോലാസ് ഒന്നാമന്റെ ദുർഭരണം റഷ്യയെ നരകപ്രായമാക്കിയിരുന്ന ഒരു ഘട്ടമായിരുന്നു അതു്. ധനപുഷ്ടമായ ഒരു കുലീനകുടുംബത്തിലാണു് അദ്ദേഹത്തിന്റെ ജനനം. മാതാപിതാക്കന്മാരുടെ ലാളനയിൽ യാതൊരു ദുഃഖവും അനുഭവിക്കാതെ അദ്ദേഹം വളർന്നുവന്നു ഭാവിയിലെ ഈ തത്ത്വചിന്തകൻ ആദ്യം ഒരു സൈനികോദ്യോഗസ്ഥനായിട്ടാണു് പ്രത്യക്ഷപ്പെട്ടതു്. തന്റെ മനോഭാവത്തിനു് ഒട്ടും യോജിക്കാത്ത ഈ ജോലി രാജിവച്ചു് അദ്ദേഹം തത്ത്വശാസ്ത്രപഠനത്തിൽ ഏർപ്പെട്ടു. സയൻസും സംഗീതവും മറ്റും രണ്ടു പ്രധാന പഠന വിഷയങ്ങളായിരുന്നു. അന്നത്തെ പ്രക്ഷോഭകാരികളുടെ ആചാര്യനായിരുന്ന സ്റ്റാൻകിവിച്ചി യുടെ (Stankevitch) സഹവാസം ബകുനിന്റെ വിചാരഗതിക്കു വലിയ മാറ്റം വരുത്തി. ജീവിതപ്രശ്നങ്ങളെപ്പറ്റി ഗാഢമായി ചിന്തിക്കുന്നതിനു് അദ്ദേഹം പ്രേരിതനായി. ഇക്കാലത്തു് ജർമൻ തത്ത്വജ്ഞാനിയായ ഹെഗലി ന്റെ (Hegel) സിദ്ധാന്തങ്ങൾ അദ്ദേഹത്തെ അത്യധികം ആകർഷിച്ചു. തൽഫലമായി ജർമനിയിൽ പോയി ബർലിൻ സർവകലാശാലയിൽ ചേർന്നു. കുറെനാൾ അദ്ദേഹം അദ്ധ്യായനം തുടർന്നു. പിൽക്കാലത്തു് നാസ്തികത്വത്തിന്റെ കൊടുമുടിയിലെത്തിയ ഈ ചിന്തകനിൽ ആദ്യം ഒരു ആധ്യാത്മികഭാവം കുടികൊണ്ടിരുന്നു എന്നുള്ളതാണു് അത്ഭുതാവഹമായിരിക്കുന്നതു്. പക്ഷേ, മതപരമായ വികാരങ്ങളെല്ലാം പിന്നീടു സ്വതന്ത്രമായ തത്ത്വചിന്തയിൽനിന്നും ഉത്ഭവിച്ച മാനസികവിപ്ലവത്തിൽ വിലയം പൂണ്ടുപോയി. നാസ്തികന്മാരായ പണ്ഡിതന്മാരിൽ പലരുടെയും ജീവിതത്തിൽ ഈ വിധമുള്ള മാറ്റം വന്നിട്ടുള്ളതായി കാണാം.
ബകുനിൻ ബർലിൻ സർവകലാശാലയിൽ പഠിച്ചുകൊണ്ടിരുന്ന സമയത്തു റഷ്യയിലെ സ്ഥിതി പൂർവ്വാധികം ഭയങ്കരമായിത്തീർന്നു. നിക്കോലാസിന്റെ മർദ്ദനപരിപാടി ജനങ്ങളെ ശ്വാസം മുട്ടിച്ചു തുടങ്ങി. യാഥാസ്ഥിതികത്വത്തിനു വിപരീതമായി പറയുകയോ, എഴുതുകയോ ചെയ്യുന്നവരെല്ലാം സൈബിരിയൻ ജയിലുകളിൽ അടയ്ക്കപ്പെട്ടു. അത്തരം മർദ്ദനങ്ങളുടെ പ്രത്യാഘാതങ്ങൾ ദൂരസ്ഥിതനായിരുന്ന ബകുനിന്റെ ഹൃദയത്തിൽ വലിയ പരിവർത്തനം വരുത്തി. താൻ ജനിച്ചു വളർന്ന രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനുവേണ്ടി ജീവിതാഹൂതി ചെയ്യുവാൻ തീർച്ചയാക്കി അദ്ദേഹം സമരാങ്കണത്തിലേക്കു തിരിച്ചുവന്നു. അന്നു മുതൽ രാജശക്തിയോടും മതശക്തിയോടും നിരന്തരം പടവെട്ടുകയായിരുന്നു അദ്ദേഹം ചെയ്തതു്. മതാധികാരവും രാജാധികാരവും പരസ്പരം കൈകോർത്തു പിടിച്ചു നിൽക്കുന്ന രണ്ടു ദുഷിച്ച ശക്തികളാണു്. ഒന്നിന്റെ സഹായം കൂടാതെ മറ്റതിനു ജീവിക്കുവാൻ സാധിക്കുകയില്ല. രാജശക്തി ധ്വസ്ത മായിപ്പോയ രാജ്യത്തു തത്തുല്യമായ ഭരണാധികാരമാണു് നിലവിലിരിക്കുന്നതെങ്കിൽ അതും മതശക്തിയെ പുലർത്തുവാൻ ശ്രമിച്ചുകൊണ്ടിരിക്കും. ഏതു രാജ്യത്തും കണ്ടുവരുന്ന ഒരു കാഴ്ചയാണിതു്. അതുകൊണ്ടു് മതാധികാരത്തെ എതിർക്കുന്നവർ ഒരു പ്രകാരത്തിൽ രാജാധികാരത്തെയും എതിർക്കുന്നവരാണു്. ഈ രണ്ടും റഷ്യയിലെപ്പോലെ മറ്റൊരിടത്തും ഇത്ര അഭേദ്യമായി പരസ്പരം ബന്ധിച്ചിരുന്നില്ല. ബകുനിൻ ഈ സത്യസ്ഥിതി നല്ലപോലെ മനസ്സിലാക്കി രാജാധികാരകൊണ്ടു് ഈ രണ്ടിനെയും എതിർക്കുന്നതിനുള്ള സിദ്ധാന്തങ്ങളാണു് അദ്ദേഹം സ്ഥാപിച്ചതു്. ‘ദൈവവും സ്റ്റേറ്റും’ (God and State) എന്ന അദ്ദേഹത്തിന്റെ പ്രധാന ഗ്രന്ഥത്തിൽ ഇവയെപ്പറ്റി യുക്തിപൂർവ്വം വിചാരണ ചെയ്തിട്ടുണ്ടു്. ബകുനിന്റെ അരാജകത്വസിദ്ധാന്തം കമ്യൂണിസത്തെയും അതിക്രമിക്കുന്ന ഒന്നാണു്. എന്തെന്നാൽ രാജാധികാരത്തെ മാത്രമല്ല സ്റ്റേറ്റിന്റെ അധികാരത്തെയും അദ്ദേഹം നിഷേധിക്കുന്നുണ്ടു്. ഓരോ വ്യക്തിയും ഓരോ ആദർശ ജീവിതം നയിക്കുന്നതിനു പര്യാപ്തങ്ങളായ സാഹചര്യങ്ങളെ പ്രദാനം ചെയ്യത്തക്കവിധം മനുഷ്യസമുദായം സംഘടിതമാകണമെന്നുള്ളതാണു് അരാജകത്വവാദത്തിന്റെ മർമ്മം. അധികാരം ഏതു രൂപത്തിലായാലും അതു മനുഷ്യരെ അധഃപതിപ്പിക്കുന്നു എന്ന വാദം കൊണ്ടു് ബകുനിൻ എല്ലാത്തരം അധികാരങ്ങളെയും എതിർക്കുന്നു. മനുഷ്യൻ ദൈവത്തിന്റെ അടിമയായി എന്നാണു് അദ്ദേഹം പറയുന്നതു്. അതുകൊണ്ടു് സ്വാതന്ത്ര്യത്തിനു് ഒന്നാമതു വേണ്ടതു് ദൈവവിശ്വാസത്തിൽ നിന്നുള്ള മോചനമാണു്. ദൈവാധികാരത്തിനു കീഴ്പ്പെട്ടുപോയ മനുഷ്യൻ കാണാവുന്ന ദൈവമായി പൂജിക്കപ്പെടുന്ന രാജാവിന്റെ അധികാരവും വകവച്ചുകൊടുത്തു. ഈ വക അധികാരങ്ങളെ എതിർക്കുന്നതിലും കീഴടക്കുന്നതിലുമാണു് മനുഷ്യസമുദായത്തിന്റെ അഭിവൃദ്ധി സ്ഥിതി ചെയ്യുന്നതു്. സ്വതന്ത്രമായി ചിന്തിക്കുക, എതിർക്കുക ഈ രണ്ടു മാർഗത്തിൽക്കൂടിയാണു് മനുഷ്യൻ പുരോഗമിച്ചിട്ടുള്ളതെന്നു ചരിത്രം പരിശോധിച്ചാലാറിയാം. ‘By an act of disobedience, and knowledge, ie. by revolt and by thought, he began his independent human history and his human development’ എന്നിങ്ങനെ മനുഷ്യന്റെ പുരോഗമനത്തെപ്പറ്റി ബകുനിൻ ഒരിടത്തു പ്രസ്താവിക്കുന്നു. കീഴ്‌വണക്കം ഒരു സ്വഭാവദോഷമായിട്ടാണു് അദ്ദേഹം ഗണിക്കുന്നതു് അന്ധമായ ദൈവഭക്തിയാണു് ഇതിന്റെ ഉല്പത്തിസ്ഥാനം. ‘ദൈവം എന്നൊന്നുണ്ടെങ്കിൽ അതിനെ നശിപ്പിക്കണം.’ (If there is a God he should be destroyed) എന്നും മറ്റും ബകുനിൻ ശക്തിപൂർവ്വം ഉദ്ബോധിപ്പിക്കുന്നതു മനുഷ്യരിൽ മതം കുത്തിവച്ചിരിക്കുന്ന അടിമത്തം കണ്ടിട്ടത്രേ. മതം എന്നു പറയുന്നതു് ഒരു കൂട്ടഭ്രാന്താണു് (Religion is a collective insanity) എന്നു് അദ്ദേഹം യാതൊരു സംശയവും കൂടാതെ വിളിച്ചു പറയുന്നു. ഇപ്രകാരം നിശിതനിശിതങ്ങളായ വാക്യശരങ്ങളെക്കൊണ്ടു മതത്തിന്റെയും രാജകീയാധികാരത്തിന്റെയും മാറിടം പിളർന്നു കൊണ്ടിരുന്ന ഈ സ്വതന്ത്രചിന്തകന്റെ മഹനീയജീവിതം അന്നത്തെ ദുർഭരണഭൂതത്തിന്റെ മർദ്ദനത്തിനു് ഇരയായിത്തീർന്നതിൽ അത്ഭുതപ്പെടാനില്ലല്ലോ. ഇതുപോലെ എത്രയെത്ര ദുരന്തനാടകങ്ങളാണു് റഷ്യയിലെ വിപ്ലവരംഗത്തു് അഭിനയിക്കപ്പെട്ടിട്ടുള്ളതു്. സത്യത്തിനും ധർമ്മത്തിനും അഭിപ്രായ സ്വാതന്ത്ര്യത്തിനും വേണ്ടി എത്രയെത്ര ധീരാത്മാക്കൾ അവരുടെ ജീവിതം ബലികഴിച്ചു! ഇങ്ങനെയുള്ള മഹാത്യാഗം അവർ ജീവിച്ചിരിക്കുന്ന കാലത്തു ഫലിച്ചില്ലെങ്കിലും ഭാവിതലമുറകൾ അതിന്റെ പൂർണഫലം ആസ്വദിക്കുമെന്നുള്ളതിനു് ഇന്നത്തെ സോവിയറ്റ് റഷ്യ ഒന്നാംതരം തെളിവാകുന്നു.
ജനനം: 1-8-1900
പിതാവു്: ഊരുമനയ്ക്കൽ ശങ്കരൻ നമ്പൂതിരി
മാതാവു്: കുറുങ്ങാട്ടു് ദേവകി അമ്മ
വിദ്യാഭ്യാസം: വിദ്വാൻ പരീക്ഷ, എം. എ.
ആലുവാ അദ്വൈതാശ്രമം ഹൈസ്ക്കൂൾ അദ്ധ്യാപകൻ, ആലുവ യൂണിയൻ ക്രിസ്ത്യൻ കോളേജ് അദ്ധ്യാപകൻ, കേരള സാഹിത്യ അക്കാദമി പ്രസിഡന്റ് 1968–71, കേന്ദ്ര സാഹിത്യ അക്കാദമി അംഗം, ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടു് ഭരണസമിതിയംഗം, കേരള സർവ്വകലാശാലയുടെ സെനറ്റംഗം, ബോർഡ് ഓഫ് സ്റ്റഡീസ് അംഗം, പാഠ്യ പുസ്തക കമ്മിറ്റി കൺവീനർ (1958), ബാല സാഹിത്യ ശില്പശാല ഡയറക്ടർ (1958), ‘ദാസ് ക്യാപിറ്റൽ’ മലയാളപരിഭാഷയുടെ ചീഫ് എഡിറ്റർ, കേരള സാഹിത്യ സമിതി പ്രസിഡന്റ്.
സാഹിതീയം, വിചാരവിപ്ലവം, വിമർശ രശ്മി, നിരീക്ഷണം, ഗ്രന്ഥാവലോകനം, ചിന്താതരംഗം, മാനസോല്ലാസം, മനന മണ്ഡലം, സാഹിതീകൗതുകം, നവദർശനം, ദീപാവലി, സ്മരണമഞ്ജരി, കുറ്റിപ്പുഴയുടെ തിരഞ്ഞെടുത്ത ഉപന്യാസങ്ങൾ, വിമർശ ദീപ്തി, യുക്തിവിഹാരം, വിമർശനവും വീക്ഷണവും, കുറ്റിപ്പുഴയുടെ പ്രബന്ധങ്ങൾ—തത്വചിന്ത, കുറ്റിപ്പുഴയുടെ പ്രബന്ധങ്ങൾ—സാഹിത്യവിമർശം, കുറ്റിപ്പുഴയുടെ പ്രബന്ധങ്ങൾ— നിരീക്ഷണം.
ചരമം: 11-2-1971