ഇംഗ്ലീഷ് സാഹിത്യത്തിൽ ഷേൿസ്പിയരുടെ കാലത്തിനുശേഷം നാടക നിർമാണംകൊണ്ടു് ആ മഹാകവിയോടു് മത്സരിക്കുവാൻ ഒരാൾക്കേ ഇതുവരെ സാധിച്ചിട്ടുള്ളു; അദ്ദേഹമാണു് ബർനാഡ്ഷാ. ഷേൿസ്പിയറെപ്പോലെ ഷായും ഇംഗ്ലീഷുകാരുടെ മാത്രമല്ല, സർവലോകരുടെയും ആരാധ്യപുരുഷനായിത്തീർന്നിരിക്കുന്നു. എന്നാൽ, ബർനാഡ്ഷായെ കേവലം ഒരു സാഹിത്യകാരനായിട്ടു് മാത്രമല്ല നാം അറിയുന്നതു്. സാഹിത്യനിരൂപണംകൊണ്ടു് മാത്രം അദ്ദേഹത്തിന്റെ യോഗ്യതകളെ ശരിയായി വെളിപ്പെടുത്തുവാനും സാധ്യമല്ല.
ശരീരംകൊണ്ടു് എഴുപതിൽപരം വയസ്സുചെന്ന ഒരു വൃദ്ധൻ, മനസ്സുകൊണ്ടു് താരുണ്യത്തിളപ്പു് കാണിക്കുന്ന ഒരു നവോന്മേഷശാലി, യാതൊരു നിയന്ത്രണവും നിയമവും ഇല്ലാത്ത ഒരു പുതിയ സാഹിത്യസാമ്രാജ്യത്തിലെ സ്വേച്ഛാധികാരി, മനുഷ്യത്വത്തിന്റെ സങ്കുചിതപരിധികളെ വലിച്ചു് കീറിക്കളഞ്ഞു് ഒരു നവയുഗത്തിലേക്കു് കുതിച്ചുകൊണ്ടിരിക്കുന്ന സർവതന്ത്രസ്വതന്ത്രൻ, നല്ലതു് നല്ലതെന്നും ചീത്ത ചീത്തയെന്നും ആരോടും മുഖംനോക്കാതെ വിളിച്ചുപറയുന്ന പച്ചപ്പരമാർത്ഥി—ഇങ്ങനെയൊക്കെയാണു്, ഷാ ആരാണെന്നു് ചോദിച്ചാൽ ഉത്തരം പറയാൻ തോന്നുക. ഏതു് രാജ്യത്തിലെ ഏതു് പത്രത്തിലും ഷായുടെ വിചിത്രചിത്രം ഇടയ്ക്കിടയ്ക്കു് കണ്ടേക്കാം. ഉന്മേഷത്തിന്റെ വെണ്മ വിശുന്ന ആ നരച്ച താടി ലോകത്തിന്റെ ഒരറ്റം മുതൽ മറ്റേ അറ്റംവരെ അതി പ്രസിദ്ധമായിത്തീർന്നിരിക്കുന്നു. അതിന്റെ പിറകിൽ ഒന്നിനും വഴിപ്പെടാതെ ഒരു യുവഹൃദയം തത്തിക്കളിക്കുന്നതു് കണ്ടു് ലോകർ അത്ഭുതപ്പെടുന്നു.
എല്ലാംകൊണ്ടും ഒരു വിചിത്രസൃഷ്ടിയാണു് ബർനാഡ്ഷാ. അദ്ദേഹത്തിന്റെ അഭിപ്രായങ്ങളും കൃതികളും പോലെതന്നെ അദ്ദേഹവും മറ്റുള്ളവർക്കു് ഒരു ‘പുതുമ’യായിത്തീർന്നിരിക്കുന്നു. ഷായെപ്പറ്റി നേരംപോക്കുള്ള പല കഥകളും ജനതാമദ്ധ്യത്തിൽ പ്രചരിച്ചിട്ടുണ്ടു്. അവയിലെ സത്യാസത്യങ്ങൾ വേർതിരിച്ചറിവാൻ അദ്ദേഹത്തോടു് നേരിട്ടു് ചോദിക്കാനും പ്രയാസമായിരിക്കുന്നു. ഓരോരുത്തർക്കും കിട്ടുന്ന ഉത്തരം ഓരോ തരത്തിലായിരിക്കും. പരസ്പരവിരുദ്ധങ്ങളായ പല അഭിപ്രായങ്ങളും അദ്ദേഹം തട്ടിമൂളിക്കാറുണ്ടു്. ഷാ ‘എസ്’ (Yes) എന്നു് പറഞ്ഞാൽ അതിന്റെ അർത്ഥം ‘നൊ’ (no) എന്നാണെന്നു് ഈയിടെ ഒരു നിരൂപകൻ അഭിപ്രായപ്പെടുകയുണ്ടായി.
ഷായുടെ സാഹിത്യത്തെയും അദ്ദേഹത്തിന്റെ ജീവചരിത്രത്തെയും പറ്റിയുള്ള പല ഗ്രന്ഥങ്ങളും പുറത്തുവന്നിട്ടുണ്ടു്. ഒരു വിഖ്യാതവിമർശകനായിരുന്ന ഫ്രാങ്ക് ഹാരിസ് (Frank Harris) എഴുതിയിട്ടുള്ള ഗ്രന്ഥമാണു് ഇവയിൽ ഏറ്റവും നവീനമായിട്ടുള്ളതു്. 1931-ൽ അന്തരിച്ചുപോയ പ്രസ്തുത ഗ്രന്ഥകാരൻ ഷായുടെ സ്നേഹിതനും ദീർഘകാലം അദ്ദേഹവുമായി അടുത്തു് പരിചയിച്ച ഒരു പത്രപ്രവർത്തകനും ആയിരുന്നു. രണ്ടുപേരും ഏകദേശം ഒരേകാലത്താണു് ജനിച്ചതു്. ഇരുകൂട്ടരും ജന്മംകൊണ്ടു് ഐറിഷുകാരാണു്. ഹാരിസ് കാലേകൂട്ടി പത്രപ്രവർത്തനത്തിലേർപ്പെട്ടു. ഷാ വളരെക്കാലം പത്രലേഖകനായിരുന്നിട്ടുണ്ടു്. അദ്ദേഹത്തെ പത്രരംഗങ്ങളിൽ പ്രവേശിപ്പിച്ചു് പ്രതിഫലം കൊടുത്തു് പ്രോത്സാഹിപ്പിച്ചുകൊണ്ടിരുന്നതു് ഹാരിസ് ആയിരുന്നു. ഇങ്ങനെ ബാല്യകാലം മുതൽക്കു് അടുത്തു് പരിചയിക്കുവാൻ ഇടവന്നിട്ടുള്ളതുകൊണ്ടു് ഹാരിസ് രേഖപ്പെടുത്തിയിട്ടുള്ള വിവരങ്ങൾ കൂടുതൽ വിശ്വാസയോഗ്യങ്ങളാണെന്നു് വിചാരിക്കേണ്ടിയിരിക്കുന്നു.
ഒരാൾ ജീവിച്ചിരിക്കുമ്പോൾത്തന്നെ അദ്ദേഹത്തെപ്പറ്റിയുള്ള പല സംഗതികളും തർക്കവിഷയങ്ങളാകുകയെന്നതു് വലിയ നേരംപോക്കായി പലർക്കും തോന്നാം. എന്നാൽ, ഷായെ സംബന്ധിച്ചു് ഇങ്ങനെയൊരവസ്ഥയാണു് വന്നു കൂടിയിരിക്കുന്നതു്. അദ്ദേഹത്തിന്റെ പിതാവു് ആരാണെന്നുള്ള സംഗതികൂടി സംശയഗ്രസ്തമായിരിക്കുന്നുപോൽ. അമ്മ നിയമപ്രകാരം വിവാഹംചെയ്ത ആളുതന്നെയാണു് തന്റെ പിതാവെന്നു് ഷാ തന്നെ ലോകത്തോടു് വിളിച്ചുപറഞ്ഞിട്ടും പലരും വിശ്വസിക്കുന്നില്ല! ഷായുടെ മാതാവു് കുറെക്കാലം ഭർത്താവിനെവിട്ടു് ദൂരസ്ഥലത്തു് ഒരു സ്നേഹിതനോടൊന്നിച്ചു് താമസിച്ചിട്ടുണ്ടെന്നും അപ്പോഴാണു് ഷായുടെ ജനനമെന്നും പുത്രന്റെ വിദ്യാഭ്യാസത്തിനും മറ്റും സ്നേഹിതൻ ധാരാളം സഹായിച്ചിട്ടുണ്ടെന്നും മറ്റുമുള്ള ചില തെളിവുകളാണു് എതിർവാദത്തിൽ കാണുന്നതു്. ഏതായാലും ഇത്തരം പ്രസ്താവനകൾകൊണ്ടു് ഷായ്ക്കു് ഒരു അസുഖവും തോന്നുന്നില്ലെന്നുള്ളതു് തീർച്ചയാണു്. ഈ മാതിരികാര്യങ്ങളെ സംബന്ധിച്ചു് തനിക്കു് കിട്ടുന്ന കത്തുകൾക്കു് അദ്ദേഹം കൊടുക്കുന്ന മറുപടി സ്വതസിദ്ധമായ ഫലിതം കൊണ്ടു് നിറഞ്ഞതായിരിക്കും. തന്റെ പിതാവു് ഒരിക്കലും ‘ബോധ’മില്ലാതിരുന്ന ഭയങ്കരനായ ഒരു കുടിയനായിരുന്നു എന്നു് ഷാ തന്നെ സമ്മതിക്കുന്നുണ്ടു്.
പള്ളിവക സ്കൂളിൽപോയി പഴയ മട്ടിലുള്ള പഠിപ്പുകൊണ്ടു് ‘ശ്വാസംമുട്ടുന്ന’ കുട്ടികളുടെ കൂട്ടത്തിൽ കുറെനാൾ ബർനാഡ്ഷായും കഴിച്ചുകൂട്ടിയിട്ടുണ്ടു്. അന്നു് അദ്ധ്യാപകന്മാരോടു് തോന്നിയിട്ടുള്ള കഠിനമായ വെറുപ്പു് അനന്തരകാലത്തും അദ്ദേഹത്തെ വിട്ടുപിരിഞ്ഞിട്ടില്ല. നിയമശൃംഖലിതമായ വിദ്യാലയജീവിതത്തെ ഇപ്പോഴും അദ്ദേഹം അധിക്ഷേപിച്ചുകൊണ്ടിരുന്നു. പ്രാപ്തിയുള്ളവർ എന്തെങ്കിലും പ്രവർത്തിക്കുന്നു; ഒന്നിനും കൊള്ളാത്തവനാണു് പഠിപ്പിക്കാൻ പുറപ്പെടുന്നതു് (He who can, does, he who cannot teaches) എന്നു് ഒരിക്കൽ അദ്ദേഹം അഭിപ്രായപ്പെട്ടിട്ടുണ്ടു്.
ഷായുടെ വിവാഹത്തെപ്പറ്റിയും രസകരമായ ചില പ്രസ്താവനകൾ ഇല്ലാതില്ല. അദ്ദേഹത്തിന്റെ പത്നി ആ സ്ഥാനത്തു് കയറിക്കൂടിയതെങ്ങനെ എന്നന്വേഷിക്കുവാനും ചില നിരൂപകന്മാർ കുതുകികളായി കാണപ്പെടുന്നു. പണ്ടൊരിക്കൽ ദേശസഞ്ചാരത്തിനിടയിൽ ഇറ്റലിയിൽ വെച്ചു് ഷാ രോഗശയ്യയിൽ വീണപ്പോൾ കൂടെയുണ്ടായിരുന്നവരിൽ ഈ സ്ത്രീമാത്രം അദ്ദേഹത്തെ വിട്ടുപോകാതെ അവിടെ താമസിച്ചു് ശുശ്രൂഷിക്കുകയും രണ്ടുപേരുംകൂടിയുള്ള ഈ താമസം ഒടുവിൽ ജനാപവാദത്തിനു് വഴികൊടുക്കുകയാൽ തന്നിവാരണത്തിനായി അവർ വിവാഹബന്ധത്തിലേർപ്പെടുകയും ചെയ്തു എന്നാണു് ഒരു കഥ. പ്രസ്തുത സഞ്ചാരത്തിനു് മുമ്പുതന്നെ നാട്ടിൽവെച്ചു് ഈ മദാമ്മത്തരുണിയെ കണ്ടു് ഷാ ഭ്രമിച്ചിട്ടുണ്ടെന്നും ഒരു ദിവസം അവരുടെ വസതിക്കടുത്തുവെച്ചു് മോട്ടോർസൈക്കിളിൽനിന്നും മറിഞ്ഞുവീണു് കാലിൽ പരുക്കേറ്റ ഷാ കുറച്ചു് ദിവസം അവരുടെ ശുശ്രൂഷയേറ്റു് സുഖിച്ചുകൊണ്ടു് ആ ഗൃഹത്തിൽ താമസിച്ചുവെന്നും അതുവഴി ഉറച്ച പ്രണയം ദാമ്പത്യബന്ധത്തിൽ കലാശിക്കുകയാണു് ചെയ്തിട്ടുള്ളതെന്നും ചിലർ പറയുന്നു. ഇതിലേതാണു് ശരിയെന്നു് ഷായുടെ ഏറ്റവും അടുത്ത സ്നേഹിതന്മാർക്കുപോലും അറിഞ്ഞുകൂടാ. ഈ വസിഷ്ഠനും അരുന്ധതിക്കും ഇതുവരെ ഒരു കുട്ടിയും ഉണ്ടാകാതെ പോയതു് മറ്റൊരു വൃഥാപവാദത്തിനും വഴികൊടുത്തിരുന്നു. അതായതു് ഷാ ഒരു ഷണ്ഡനാ (impotent) യിരിക്കാമെന്നു് ചില കുസൃതിക്കാർ സംശയിക്കുന്നു. അദ്ദേഹം ഇരുപത്തൊമ്പതു് വയസ്സുവരെ തീവ്രബ്രഹ്മചര്യം പാലിച്ചിരുന്നു എന്നു് പറയപ്പെടുന്നതും ഈ സംശയത്തെ ബലപ്പെടുത്തുവാൻ അവർ ഉപയോഗിക്കുന്നുണ്ടു്. ഈ അപവാദം കേട്ടു് ക്രുദ്ധനായിത്തീർന്നു് ഷാ അതിനെ ശക്തിയായി പ്രതിഷേധിക്കുവാനും മടിച്ചിട്ടില്ല. യൗവനകാലത്തു് സ്ത്രീകളുമായിട്ടുള്ള ‘ഇടപാടുകൾ’ എല്ലാം ഷാ ജിജ്ഞാസുക്കളായ തന്റെ സ്നേഹിതന്മാരോടു് പരസ്യമായി പറഞ്ഞിട്ടുണ്ടു്.
അഭിപ്രായങ്ങളിലെന്നപോലെ ജീവിതരീതിയിലും ഷാ ഇതരന്മാരിൽനിന്നും അത്യന്തം ഭിന്നനാണു്. മാംസഭുക്കുകളായ ഇംഗ്ലീഷുകാരുടെ ഇടയ്ക്കു് ഒരു ബ്രാഹ്മണനെപ്പോലെ സസ്യാഹാരനിഷ്ഠയോടുകൂടിയാണു് ഷാ ജീവിക്കുന്നതു്. അഹിംസാവ്രതത്തിൽ അദ്ദേഹത്തിനു് ഗാന്ധി യുടെ ശിഷ്യനാകാനുള്ള യോഗ്യതയുണ്ടു്. ഗാന്ധിയും താനും ആളുകളെ കൊന്നിട്ടില്ല; അതുകൊണ്ടാണു് ലോകം തങ്ങളെ വേണ്ടുവോളം ബഹുമാനിക്കാത്തതു് എന്നു് ഷാ അടുത്തകാലത്തു് ബോംബെയിൽ വന്നപ്പോൾ പറയുകയുണ്ടായി. എല്ലാവർക്കും ശരിയെന്നു് തോന്നുന്നതായിരിക്കും ചിലപ്പോൾ ഷാ തെറ്റായി കണ്ടുപിടിക്കുന്നതു്. തന്റെ അഭിപ്രായത്തോടു് എത്രപേർ യോജിക്കുന്നുണ്ടെന്നു് അദ്ദേഹത്തിനു് നോട്ടമില്ല. യോജിക്കാത്തവരെ വലിയ മണ്ടന്മാരാണെന്നു് വിധി കല്പിക്കുവാനും അദ്ദേഹത്തിനു് കൂസലില്ല. നമുക്കെല്ലാവർക്കും ജന്മഭൂമിയോടു് ഒരു പ്രത്യേക ആദരവും സ്നേഹവും തോന്നാറുണ്ടല്ലോ. എന്നാൽ, ഷായുടെ ജന്മഭൂമിയായ ഐർലണ്ടിനോടു് അദ്ദേഹത്തിനു് വലിയ പുച്ഛമാണു്. ഐറിഷുകാരെ കളിയാക്കുകയാണു് അദ്ദേഹത്തിനിഷ്ടം. സന്ദർഭം വരുമ്പോൾ ഒരാളെയെന്നതുപോലെതന്നെ ഒരു രാജ്യക്കാരെ മുഴുവനും അധിക്ഷേപിക്കുവനും ഷാ മടിക്കാറില്ല. അമേരിക്കക്കാരെ അടച്ചു് മൂഢന്മാരെന്നു് അദ്ദേഹം വിളിച്ചതു് ഈയിടെയാണു്. അഭിപ്രായപ്രകടനത്തിൽ ഇങ്ങനെ ഇന്ദ്രനെയും ചന്ദ്രനെയും കൂസാത്ത മറ്റൊരാൾ ഇപ്പോൾ ഉണ്ടെന്നു് തോന്നുന്നില്ല. തന്റെ അഭിപ്രായം ഏതു് മതത്തിന്റെ മസ്തകം പിളർക്കുന്നതായാലും വേണ്ടില്ല. ഏതു് രാജ്യക്കാരുടെ അഭിമാനം മുറിപ്പെടുത്തുന്നതായാലും വേണ്ടില്ല. ഷാ അതു് തുറന്നു് പറയുകതന്നെ ചെയ്യും. അരുചിപ്രദമാണെങ്കിലും അതു് കേൾക്കാൻ ലോകം മുഴുവൻ ചെവി വട്ടംപിടിച്ചു് സകൗതുകം കാത്തിരിക്കുന്നുണ്ടെന്നു് ഷായുടെ വചനങ്ങൾക്കു് വൃത്താന്തപത്രങ്ങൾ കൊടുക്കുന്ന സ്ഥാനംകൊണ്ടുതന്നെ നിശ്ചയിക്കാം. ഇന്നു് ഏതെല്ലാം നേതാക്കന്മാർ എന്തെല്ലാം അഭിപ്രായങ്ങൾ വിളംബരംചെയ്തുകൊണ്ടിരിക്കുന്നുണ്ടു്? അവയ്ക്കൊന്നിനും ഇത്രത്തോളം പ്രചാരവും പ്രസിദ്ധിയും ലഭിക്കുന്നുണ്ടോ എന്നു് സംശയമാണു്. എന്താണു് ഇതിനു് കാരണം? ഈ അനുഗൃഹീത സാഹിത്യകാരനിൽ വിളയാടുന്ന അന്യാദൃശ്യമായ സരസ്വതീവിലാസംതന്നെ. ഷാ എന്തു് പറഞ്ഞാലും അതിനൊരു ചമൽക്കാരമുണ്ടു്. അതു് മാത്രമല്ല, അതിനൊരു നൂതനത്വവും കാണും. ഷാ പറയുന്നതു് മറ്റുള്ളവർ പലപ്പോഴും പറഞ്ഞു് ‘പഴഞ്ചനായി’ത്തീർന്ന അഭിപ്രായമല്ല. അതു് ഷായുടെ സ്വന്തമായിരിക്കും. അതു് മറ്റാർക്കും ആലോചിച്ചാൽ എളുപ്പം ലഭിക്കുന്നതുമല്ല. ആർക്കും ആദരണീയമായിത്തോന്നുന്ന ഒരു പരമാർത്ഥത അതിനകത്തു് സജീവമായി കാണും. വസ്തുസ്ഥിതിയറിയാതെ അന്ധമായി ഉഴലുന്നവരെ അതു് പെട്ടെന്നു് കണ്ണു് തുറപ്പിക്കുകയും ചെയ്യും.
ഷായിൽ കാണുന്ന മറ്റൊരു ഗുണം അദ്ദേഹത്തിന്റെ അത്ഭുതാവഹമായ പ്രത്യുല്പന്നമതിത്വമാണു്. ഏതു് ചോദ്യത്തിനും പെട്ടെന്നു് പറ്റിയ ഉത്തരം കൊടുക്കുവാൻ അദ്ദേഹം അതിസമർഥനത്രെ. ഇക്കാര്യത്തിൽ ഷായെ ജയിക്കുവാൻ അധികം പേരുണ്ടെന്നു് തോന്നുന്നില്ല. ഷായുടെ ബുദ്ധിശക്തിയും തന്റെ സൗന്ദര്യവും കൂടിക്കലർന്ന ഒരൊന്നാംതരം കുട്ടിയെ ഉല്പാദിപ്പിക്കുന്നതിൽ ഭാഗഭാക്കാകാമോ എന്നു് ചോദിച്ചുകൊണ്ടു് സൗന്ദര്യഗർവം നടിച്ചു് അടുത്തുചെന്ന ഒരു സുപ്രസിദ്ധ നടിയോടു് പ്രത്യുത്തരമായി തന്റെ സൗന്ദര്യവും അവളുടെ ബുദ്ധിശക്തിയും കൂടിക്കലർന്ന ഒരു കുട്ടിയായാലെന്താ എന്നു് ചോദിച്ചു് ഷാ അവളെ മടക്കിയച്ചതായി കേട്ടിട്ടുണ്ടു്.
ഒരു യുക്തിവാദിയും നിരൂപകനും എന്ന നിലയിൽ ഷായ്ക്കുള്ള സ്ഥാനം അത്യുന്നതമാകുന്നു. യുക്തിവിചാരം (Reasoning) ആണു് അദ്ദേഹത്തിന്റെ പ്രധാന മാനദണ്ഡം. ലോകത്തിലെ ഏതു് കാര്യവും അതുകൊണ്ടു് അളന്നു് നോക്കി നിശിതമായ നിരൂപണത്തിനു് വിഷയമാക്കുന്നതിൽ ഷാ പ്രകടിപ്പിക്കുന്ന വൈദഗ്ദ്ധ്യം അനിതരസാധാരണമാകുന്നു. മനുഷ്യസമുദായത്തെ കരതലാമലകംപോലെ പരിശോധിച്ചുനോക്കുകയും അപ്പോൾ കാണുന്ന കുറ്റങ്ങളും കുറവുകളും ശക്തിയേറിയ ഭാഷയിൽ വിളിച്ചുപറയുകയും ചെയ്യുന്നതിലാണു് അദ്ദേഹത്തിനു് അധികം രസം.
ഷായുടെ യുക്തിവാദവും നിരൂപണദൃഷ്ടിയും പ്രധാനമായി പ്രതിഫലിപ്പിക്കുന്നതു് അദ്ദേഹത്തിന്റെ ഭുവനപ്രഥിതങ്ങളായ നാടകകൃതികൾ തന്നെയാകുന്നു. പ്രധാനപ്പെട്ട മുപ്പതു് നാടകങ്ങൾ അദ്ദേഹം എഴുതിയിട്ടുണ്ടു്. ഷായുടെ നാടകത്തിനുള്ള വിശേഷം അതിൽ ആ നാടകഭാഗത്തേക്കാൾ വലിപ്പമുള്ള ഓരോ പ്രബന്ധംകൂടെ മുഖവുരയായി ഉണ്ടായിരിക്കുമെന്നുള്ളതാണു്. നാടക കഥാമാർഗേണ ഷാ പ്രകടിപ്പിക്കുന്ന സിദ്ധാന്തങ്ങളുടെ (Views) ഒരു നിരൂപണമായിരിക്കും ആ മുഖവുരരൂപത്തിലുള്ള ഉപന്യാസത്തിൽ കാണുന്നതു്. മതം, സമുദായം, രാജ്യതന്ത്രം മുതലായ വിവിധ വിഷയങ്ങളെപ്പറ്റിയും ഈ സാഹിത്യകൃതികൾവഴിയായി അദ്ദേഹം നിരൂപണംചെയ്യുകയും തത്സംബന്ധമായി സരസസിദ്ധാന്തങ്ങൾ സ്ഥാപിക്കുകയുംചെയ്തിട്ടുണ്ടു്. നാടകങ്ങളെഴുതുന്നതിനുമുമ്പു് ഷാ കുറെ നോവലുകളെഴുതിനോക്കിയെങ്കിലും ആ ഉദ്യമം പരാജയത്തിൽ കലാശിച്ചതേയുള്ളു. എങ്കിലും അദ്ദേഹം ഒരു നോവൽകാരനായും ഗണിക്കപ്പെടുന്നുണ്ടു്. ചുരുക്കത്തിൽ നോവൽകാരൻ, നാടകകൃത്തു് (Dramatist), സമുദായതന്ത്രജ്ഞൻ (Statesman), നിരൂപകൻ (Critic) എന്നീ നിലകളിൽ ഷായ്ക്കു് പ്രത്യേകമായി ഓരോ ഗണ്യമായ സ്ഥാനമുണ്ടെന്നു് പറയേണ്ടിയിരിക്കുന്നു.
ഷാ ഒരു തികഞ്ഞ സമത്വവാദി (Socialist) ആകുന്നു. കാറൽമാർൿസിന്റെ സിദ്ധാന്തങ്ങളനുസരിച്ചു് മനുഷ്യസമുദായം പുനസ്സംഘടിക്കണമെന്നത്രേ അദ്ദേഹത്തിന്റെയും അഭിപ്രായം. ഇന്നത്തെ രാജ്യഭരണസമ്പ്രദായങ്ങളിൽ റഷ്യയിലേതുമാത്രമേ അദ്ദേഹത്തിന്റെ പ്രശംസയ്ക്കു് പാത്രീഭവിച്ചിട്ടുള്ളു. ഷായുടെ നാടകീയകഥകളിൽ പലതും സമത്വവാദസിദ്ധാന്തങ്ങളെ ഭംഗ്യന്തരേണ വിളംബരം ചെയ്യുന്നവയാണു്. ‘ഡിമോക്രസി’ എന്ന പേരും പറഞ്ഞു് മുതലാളിത്തത്തെ പുലർത്തിക്കൊണ്ടുപോരുന്ന ഭരണരീതികളെ അധിക്ഷേപിക്കുവാനാണു് ഷാ ആപ്പിൾ കാർട്ട് (Apple cart) എന്ന നാടകം എഴുതിയതു്. നിലവിലിരിക്കുന്ന വ്യവസ്ഥകളെയും ചട്ടങ്ങളെയും മറ്റും കളിയാക്കുന്നതിൽ ഷാ പ്രദർശിപ്പിക്കുന്ന ശബ്ദശക്തി അനന്യലഭ്യമായിട്ടുള്ളതാകുന്നു. ഷാ സാഹിത്യരംഗത്തിൽ പ്രവേശിച്ചകാലംമുതൽ ഇന്നുവരെ നിരൂപണവിഷയത്തിൽ അദ്ദേഹത്തിനോളം ശബ്ദശക്തി പ്രദർശിപ്പിച്ചിട്ടുള്ള മറ്റൊരു നിരൂപകനും ഉണ്ടായിട്ടില്ലെന്നു് പറയാം. ‘ഡാൿടേഴ്സ് ഡിലമ്മ’ (Doctor’s Dilemma) എന്ന നാടകം ഷായുടെ പരിഹാസപാടവത്തിനു് ഒന്നാമത്തെ ഉദാഹരണമാകുന്നു. പരിണാമവാദപ്രകാരം നോക്കുമ്പോൾ മനുഷ്യൻ ഭാവിയിൽ അവന്റെ സങ്കുചിതമായ മനുഷ്യത്വത്തെ അതിക്രമിച്ചു് സകല കുറവും തീർന്ന ഒരു അതിമാനുഷൻ (Superman) ആയിത്തീരുമെന്നാണു് ഷാ വിശ്വസിക്കുന്നതു്. ഇതിനെ അടിസ്ഥാനപ്പെടുത്തിയാണു് ‘മാൻ ആൻഡ് സൂപ്പർമാൻ’ (Man and Superman) എന്ന നാടകം അദ്ദേഹം എഴുതിയിട്ടുള്ളതു്. ഷായുടെ നാടകങ്ങളിൽ വ്യാകീർണങ്ങളായിരിക്കുന്ന ഏതാദൃശങ്ങളായ നവീനാശയങ്ങളും തത്ത്വചിന്തകളും ആണു് ആ കൃതികളിലേക്കു് ആധുനികലോകത്തെ അത്യധികം ആകർഷിച്ചിട്ടുള്ളതു്.
ജാതി, മതം, സമുദായം, രാജ്യം എന്നിവയെക്കൊണ്ടു് വളരെക്കാലമായി മനുഷ്യൻ കെട്ടിപ്പടുത്തുകൊണ്ടിരിക്കുന്ന അതിർത്തിക്കോട്ടകളെ പാടെ ധ്വംസിക്കേണ്ടതു് ലോകക്ഷേമത്തിനു് അത്യാവശ്യമെന്നു് ഉച്ചൈസ്തരം ഉദ്ഘോഷിക്കുന്ന ആളാകുന്നു ബർനാഡ്ഷാ. ഇന്നത്തെ ലോകം പുരോഗമനം ചെയ്യുന്നതും അദ്ദേഹം ചൂണ്ടിക്കാണിക്കുന്ന ലക്ഷ്യങ്ങളിലേക്കുതന്നെയാകുന്നു. ക്രിസ്തുമതപ്രചരണത്തെയും അന്ധമായ ദൈവവിശ്വാസത്തെയും അപഹസിച്ചുകൊണ്ടു് ഷാ ഈയിടെ എഴുതിയ ഒരു കഥ മതത്തിനോടുള്ള അദ്ദേഹത്തിന്റെ മനോഭാവം പ്രസ്പഷ്ടമാക്കുന്നുണ്ടു്. ‘ദൈവത്തെ അന്വേഷിച്ചു് പുറപ്പെട്ട ഒരു കറുമ്പിപ്പെണ്ണിന്റെ വീരകർമങ്ങൾ’ (The adventures of the black girl in her search for God) എന്നാണു് ആ പുസ്തകത്തിനു് ഷാ നൽകിയിരിക്കുന്ന പേർ. പ്രസ്തുത പുസ്തകം പുറത്തുവന്നപ്പോൾ മതഭ്രാന്തന്മാർ അത്യധികം ക്ഷോഭിച്ചു എന്ന സംഗതിതന്നെ അതു് അവരുടെ അടിയുറച്ച ആന്ധ്യത്തിനൊരു ഇളക്കമുണ്ടാക്കുവാൻ പര്യാപ്തമായെന്നു് തെളിയിക്കുന്നു.
ഓരോന്നിനും വാസ്തവത്തിൽ ഉള്ള വിലമാത്രം വകവച്ചുകൊടുക്കുകയും ഓരോന്നിന്റേയും യഥാർത്ഥരൂപത്തെ അതേ മാതിരി നോക്കിക്കാണുകയും ചെയ്യുന്നതിലുള്ള ഒരു ശാസ്ത്രീയമനഃസ്ഥിതി (Scientific mind) യാണു് ഷായുടെ സ്വഭാവത്തിൽ സർവോപരി പ്രശംസനീയമായി കാണുന്നതു്. സംഗതികളെ വീക്ഷണം ചെയ്യുമ്പോൾ ഈ രീതിയിൽ ഒരു മനോഭാവം പരിപാലിക്കുന്നതിനു് നിരൂപകന്മാരിൽ അധികംപേർക്കും സാധിക്കുന്നില്ല. ‘ഷായ്ക്കു് ഈ ലോകത്തിൽ ഒരു ശത്രുവുമില്ല; എന്നാൽ സ്നേഹിതന്മാരിൽ ആരുംതന്നെ അദ്ദേഹത്തെ ഇഷ്ടപ്പെടുന്നുമില്ല’ എന്നു് ഓസ്കാർ വൈൽഡ് (Oscar Wilde) ഇദ്ദേഹത്തെപ്പറ്റി പ്രശംസിച്ചെഴുതിയിട്ടുള്ളതു് മേല്പറഞ്ഞ ഗുണത്തെ അടിസ്ഥാനമാക്കിയാണു്. ഓരോന്നിനും വിലകല്പിക്കുവാനുള്ള പ്രാപ്തിയാണു് ജ്ഞാനം (Wisdom consists in the power of valuation) എന്നു് ഷാ തന്നെ ഒരിടത്തു് ഉപദേശിക്കുന്നു. വിദ്യാർത്ഥിലോകം മാത്രമല്ല ജ്ഞാനാർത്ഥികളായി പുറപ്പെടുന്ന എല്ലാവരുംതന്നെ പ്രത്യേകം ശ്രദ്ധിക്കേണ്ട ഒരു വാക്യമാണിതു്. എന്തെന്നാൽ, ഈ പ്രാപ്തി സമ്പാദിക്കാത്തതുമൂലം വളരെപേർ പണ്ഡിതന്മാരുടെയും ഗ്രന്ഥങ്ങളുടെയും അടിമകളായിത്തീർന്നിട്ടുണ്ടു്.
പരിവർത്തനോന്മുഖമായ ആധുനികലോകത്തെ നാനാപ്രകാരേണ ഉത്തേജിപ്പിക്കുന്നവയാണു് ബർനാഡ്ഷായുടെ കൃതികൾ. അതുകൊണ്ടായിരിക്കാം ഇതര സാഹിത്യകാരന്മാർക്കു് സാധിക്കാത്തവിധം ജീവിച്ചിരിക്കുമ്പോൾതന്നെ ഇത്രമാത്രം പ്രശസ്തി അദ്ദേഹത്തിനു് നേടുവാൻ കഴിഞ്ഞതു്. ഭാവിയിലെ തലമുറയ്ക്കേ വർത്തമാനകാലത്തിലെ കവികളെ ശരിക്കും അളക്കുവാൻ സാധിക്കുകയുള്ളു. ഷേൿസ്പിയർ ഇന്നത്തെ ഷേൿസ്പിയർ ആയതു് അദ്ദേഹത്തിന്റെ കാലശേഷമാണല്ലൊ. എന്നാൽ, ഷായുടെ സ്ഥിതി ഇക്കാര്യത്തിലും വ്യത്യസ്തമാണു്. അദ്ദേഹത്തിനു് കിട്ടാനുള്ളതെല്ലാം ഇപ്പോൾതന്നെ കിട്ടിക്കഴിഞ്ഞിരിക്കുന്നു.
(നവദർശനം)
ജനനം: 1-8-1900
പിതാവു്: ഊരുമനയ്ക്കൽ ശങ്കരൻ നമ്പൂതിരി
മാതാവു്: കുറുങ്ങാട്ടു് ദേവകി അമ്മ
വിദ്യാഭ്യാസം: വിദ്വാൻ പരീക്ഷ, എം. എ.
ആലുവാ അദ്വൈതാശ്രമം ഹൈസ്ക്കൂൾ അദ്ധ്യാപകൻ, ആലുവ യൂണിയൻ ക്രിസ്ത്യൻ കോളേജ് അദ്ധ്യാപകൻ, കേരള സാഹിത്യ അക്കാദമി പ്രസിഡന്റ് 1968–71, കേന്ദ്ര സാഹിത്യ അക്കാദമി അംഗം, ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടു് ഭരണസമിതിയംഗം, കേരള സർവ്വകലാശാലയുടെ സെനറ്റംഗം, ബോർഡ് ഓഫ് സ്റ്റഡീസ് അംഗം, പാഠ്യ പുസ്തക കമ്മിറ്റി കൺവീനർ (1958), ബാല സാഹിത്യ ശില്പശാല ഡയറക്ടർ (1958), ‘ദാസ് ക്യാപിറ്റൽ’ മലയാളപരിഭാഷയുടെ ചീഫ് എഡിറ്റർ, കേരള സാഹിത്യ സമിതി പ്രസിഡന്റ്.
സാഹിതീയം, വിചാരവിപ്ലവം, വിമർശ രശ്മി, നിരീക്ഷണം, ഗ്രന്ഥാവലോകനം, ചിന്താതരംഗം, മാനസോല്ലാസം, മനന മണ്ഡലം, സാഹിതീകൗതുകം, നവദർശനം, ദീപാവലി, സ്മരണമഞ്ജരി, കുറ്റിപ്പുഴയുടെ തിരഞ്ഞെടുത്ത ഉപന്യാസങ്ങൾ, വിമർശ ദീപ്തി, യുക്തിവിഹാരം, വിമർശനവും വീക്ഷണവും, കുറ്റിപ്പുഴയുടെ പ്രബന്ധങ്ങൾ—തത്വചിന്ത, കുറ്റിപ്പുഴയുടെ പ്രബന്ധങ്ങൾ—സാഹിത്യവിമർശം, കുറ്റിപ്പുഴയുടെ പ്രബന്ധങ്ങൾ— നിരീക്ഷണം.
ചരമം: 11-2-1971