images/Cottage_and_Stream.jpg
Landscape With a Cottage by a Stream, a painting by Unknown artist .
ഭാരതീയസാഹിത്യം (വിന്റർനിറ്റ്സ്)
കുറ്റിപ്പുഴ കൃഷ്ണപിള്ള
images/Shakespeare.jpg
ഷേക്സ്പിയർ

സാഹിത്യം ദേശഭേദമനുസരിച്ചു വിഭാജ്യമായി വിചാരിക്കപ്പെടുന്നുണ്ടെങ്കിലും മനുഷ്യവർഗ്ഗത്തിനു പൊതുവെ ആസ്വാദ്യവും ഉപയോഗയോഗ്യവുമായ സത്ഗ്രന്ഥ സമൂഹം ഒരു പ്രത്യേക സമുദായത്തിന്റെയോ ദേശത്തിന്റെയോ അവകാശവലയത്തിൽപ്പെട്ടു പ്രചാരസങ്കോചം വരാതെ ലോകസാഹിത്യമെന്ന വിശാലമായ വകുപ്പിൽ ഉൾപ്പെടുന്നു. ദേശഭേദമനുസരിച്ചു ഭിന്നിച്ചുനിൽക്കുന്ന ഓരോ സാഹിത്യവും പരിശോധിച്ചുനോക്കുമ്പോൾ മനുഷ്യരുടെ പൊതുസ്വത്തായി ഉപയോഗിച്ചുവരുന്ന പല ഗ്രന്ഥങ്ങളും അതിൽ നമുക്കു കാണുവാൻ കഴിയും. ഹിബ്രുബൈബിൾ, ന്യൂ ടെസ്റ്റമെന്റ്, ഹോമറിന്റെ പദ്യങ്ങൾ, ഈസോപ്പുകഥകൾ, അറബിക്കഥകൾ, പഞ്ചതന്ത്രം, ഷേക്സ്പിയരു ടെ നാടകങ്ങൾ, കാളിദാസ കൃതികൾ മുതലായവയെല്ലാം ഏതു ദേശത്തിലെയും പണ്ഡിതന്മാർ പഠിച്ചാനന്ദിക്കുന്നവയാകയാൽ, ലോകസാഹിത്യത്തിലെ പൊതുസ്വത്തായിത്തീർന്നിരിക്കുന്നു.

ഭിന്നദേശങ്ങളിലെ സാഹിത്യത്തെപ്പറ്റി വിചാരണചെയ്യുമ്പോൾ ഓരോന്നിനും തമ്മിൽ ഏതെല്ലാം സംഗതികളിൽ സാമ്യവ്യത്യാസങ്ങളുണ്ടെന്നും ലോകസാഹിത്യത്തിൽ ഉൾപ്പെടത്തക്കവണ്ണം ഉത്കൃഷ്ടങ്ങളായ കൃതികൾ ഓരോ സാഹിത്യത്തിലും എത്രമാത്രമുണ്ടെന്നുമാണു് പ്രധാനമായി നിരൂപിക്കുവാനുള്ളതു്. മേല്പറഞ്ഞ രീതിയെ അടിസ്ഥാനമാക്കി ഭാരതീയ സാഹിത്യത്തെപ്പറ്റി നമുക്കു ചിന്തിക്കാം.

ക്രിസ്താബ്ദം 1808-ൽ ജർമ്മനിയിൽ ഫ്രിറിയോറിക് ഷെലിഗൽ എന്ന പണ്ഡിതൻ ‘ഭാരതീയരുടെ ഭാഷയും പാണ്ഡിത്യവും’ എന്ന പേരിൽ ഒരു പുസ്തകം പ്രസിദ്ധപ്പെടുത്തുകയുണ്ടായി. ആ ഗ്രന്ഥത്തിന്റെ പ്രചാരത്തോടുകൂടി ഭാരതീയ ഭാഷാശാസ്ത്രജ്ഞൻ എന്ന നിലയിൽ അദ്ദേഹം സുപ്രസിദ്ധനായിത്തീർന്നു. അന്നുമുതൽ ഇന്ത്യാക്കാരുടെ പാണ്ഡിത്യത്തെപ്പറ്റി ജർമ്മനിയിലെ ജനങ്ങൾ പ്രശംസിക്കുവാനും തുടങ്ങി. എന്നാൽ ഈ പാണ്ഡിത്യത്തിൽ അന്നു് അവർ ഉൾപ്പെടുത്തിയിരുന്നതു് ഉപനിഷത്തുകളിലും ഭഗവദ്ഗീതയിലും ഏതാനും ബുദ്ധമതഗ്രന്ഥങ്ങളിലും മാത്രം അടങ്ങിയ തത്ത്വങ്ങളായിരുന്നു.

ഉപനിഷത്തുകൾ
images/Schopenhauer.jpg
സ്കോപ്പൻഹെർ

ഭാരതീയരുടെ വകയായി ലോകസാഹിത്യത്തിനു ലഭിച്ചിട്ടുള്ള ഗ്രന്ഥങ്ങളിൽ പ്രധാനമായി നിൽക്കുന്നതു് ഉപനിഷത്തുകളാണു്. യൂറോപ്പിലെ പണ്ഡിതന്മാർ അവയെ ശരിയായി വിവരിച്ചു പഠിക്കുവാൻ തുടങ്ങുന്നതിനു മുൻപുതന്നെ അവയിലെ ആധ്യാത്മിക സിദ്ധാന്തങ്ങളിൽ പലതും പാശ്ചാത്യരുടെ ചിന്താഗതിയെ സംസ്കൃതമാക്കുവാൻ പലതരത്തിലും സഹായിച്ചിട്ടുണ്ടു്. പേർഷ്യക്കാരുടെ ‘സൂഫിസം’ എന്നു പറയുന്ന ആത്മീയരഹസ്യങ്ങളിലും ഉപനിഷത്തുകളിലെ തത്ത്വങ്ങൾ ധാരാളം കലർന്നുകാണുന്നു. പത്തൊമ്പതാം നൂറ്റാണ്ടിലെ പ്രസിദ്ധ ജർമ്മൻ തത്ത്വജ്ഞാനിയായ സ്കോപ്പൻഹെർ (Schopanhaver) ഉപനിഷതു് സിദ്ധാന്തങ്ങളെപ്പറ്റി ഏറ്റവും പ്രശംസിച്ചു പറഞ്ഞിട്ടുണ്ടു്. പേർഷ്യൻഭാഷയിലേയ്ക്കു വിർത്തനം ചെയ്യപ്പെട്ട ഒരുകൂട്ടം ഉപനിഷത്തുകൾ പതിനേഴാംനൂറ്റാണ്ടിൽ ജീവിച്ചിരുന്ന അറംഗസീബു ചക്രവർത്തിയുടെ സഹോദരനായ ഡാറായുടെ കൈവശമുണ്ടായിരുന്നു. ഈ പേർഷ്യൻതർജ്ജമയിൽനിന്നു് ഡ്യൂപ്പറൺ എന്ന ഫ്രഞ്ചു പണ്ഡിതൻ അവയെ പത്തൊമ്പതാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ ലാറ്റിൻഭാഷയിലേക്കു തർജ്ജമചെയ്തു. ഈ തർജ്ജമ അപൂർണ്ണവും സ്ഖലിതമിശ്രവുമായിരുന്നെങ്കിലും സ്കോപ്പൻഹെർ എന്ന തത്ത്വജ്ഞാനി അതു് അത്യന്തം നിഷ്കർഷിച്ചു പഠിക്കുകയും മാനുഷികജ്ഞാനത്തിന്റെ പരമഫലമാണു് ഈ സൂക്തസമൂഹമെന്നു പ്രശംസിക്കുകയും ചെയ്തു.

ക്യാന്റും പ്ലേറ്റോ വും ഉപനിഷത്തുകളുമാണു് തന്റെ ഗുരുക്കന്മാർ എന്നത്രേ അദ്ദേഹം പറയാറുള്ളതു്. അദ്ദേഹത്തിന്റെ സ്വന്തം സിദ്ധാന്തത്തിനും ഉപനിഷത്തിനും തമ്മിൽ അത്ഭുതകരമായ സാദൃശ്യം കാണുന്നുണ്ടു്. ഈ ജർമ്മൻ പണ്ഡിതന്റെ മേശപ്പുറത്തു് എപ്പോഴും ഉപനിഷത്തിന്റെ ലാറ്റിൻതർജ്ജമ തുറന്നുവെച്ചിരിക്കുക പതിവായിരുന്നു. ‘ഈ ലോകത്തിൽ വിജ്ഞാനവർദ്ധനയ്ക്കും ജീവിതോത്കർഷത്തിനും നമുക്കു് ഏറ്റവും ഉപകരിക്കുന്നതു് ഉപനിഷത്പാരായണം ഒന്നുമാത്രമാകുന്നു. അതു് എന്റെ ജീവിതത്തെ ശാന്തിസമ്പൂർണ്ണമാക്കിയിട്ടുണ്ടു്. മരണാനന്തരവും അതു് എന്നെ നിത്യാനന്ദനികേതനത്തിലേയ്ക്കു് നയിക്കുന്നതായിരിക്കും’ എന്നത്രേ അദ്ദേഹം ഭാരതീയസാഹിത്യത്തിലെ ഈ അക്ഷയനിക്ഷേപത്തെപ്പറ്റി അഭിപ്രായപ്പെട്ടിട്ടുള്ളതു്, എല്ലാ ഉപനിഷത്തുകളിലും പ്രതിപാദിതങ്ങളായിരിക്കുന്ന മൂലോപാധികളായ തത്ത്വങ്ങൾ ഒന്നുതന്നെയാണെന്നും അതു മൂഢന്മാർക്കു് വെറും നിരർത്ഥജല്പനമായും എന്നാൽ പണ്ഡിതന്മാർക്കു് അനന്തമായ ചിന്താവിഷയമായും തീരാറുണ്ടെന്നും അദ്ദേഹം പറയുന്നു. എല്ലാ വ്യക്തികളിലും പ്രതിഫലിച്ചുകാണുന്നതു് ഒരേ ചൈതന്യമാണെന്നും അതു നിത്യവും നിരുപാധികവും തദ്വ്യതിരിക്തമായിട്ടുള്ള സർവ്വവും കേവലം മിഥ്യാ ജന്യവുമാണെന്നുമുള്ള അദ്വൈതസിദ്ധാന്തമാണു് സർവ്വോപനിഷത്സാരമായി നമുക്കു പഠിക്കാനുള്ളതു്.

തത്ത്വശാസ്ത്രം (Philosophy) എന്നതു വാസ്തവത്തിൽ ജ്ഞാനത്തിലുള്ള പ്രേമമാകുന്നു. പരമോത്കൃഷ്ടമായ ജ്ഞാനം തനിക്കു സുഗ്രാഹമായിരിക്കുന്നു എന്നുള്ള അഭിമാനം ഉത്തമനായ ഒരു തത്ത്വശാസ്ത്രജ്ഞന്റെ ലക്ഷണമല്ല. അവൻ സർവ്വോപരി സത്യത്തെ സ്നേഹിക്കുകയും മനുഷ്യവർഗ്ഗത്തിനുവേണ്ടി അതിനോടു സമീപിക്കുവാൻ സർവ്വാത്മനാ പ്രയത്നിക്കുകയുമാണു വേണ്ടതു്. ബ്രഹ്മത്തെപ്പറ്റി, അഥവാ ആത്മാവിനെപ്പറ്റി, ഉള്ള നിരൂപണം ‘നേതി നേതി’ എന്ന നിഷേധന്യായമനുസരിച്ചേ നിർവ്വഹിക്കുവാൻ നിവൃത്തിയുള്ളു എന്നു ബൃഹദാരണ്യകോപനിഷത്തിൽ പറയുന്നതു തുലോം യുക്തിയുക്തമായിരിക്കുന്നുണ്ടു്. ഉപനിഷത്തുകളെഴുതിയ ജ്ഞാനനിധികളായ കവീശ്വരന്മാർ ഇന്നും പാശ്ചാത്യപൗരസ്ത്യദേശങ്ങളിൽ ഒരുപോലെ സമാരാധ്യന്മാരായിത്തീർന്നിരിക്കുന്നതു് അവർ സത്യം കണ്ടുപിടിച്ചതു കൊണ്ടല്ല; പിന്നെയോ, സത്യദർശനത്തിനായി അവർ ചിരകാലം നിഷ്കളങ്കമായി പ്രയത്നിച്ചതുമൂലമാകുന്നു. ഈ ഉപനിഷത്തുകൾ ഇത്രമാത്രം വിലപിടിച്ചവയായി നമുക്കു തോന്നുവാനുള്ള കാരണമെന്താണു്? അവയിൽ അമാനുഷികമായ ബോധം അടങ്ങിയിരിക്കുന്നു എന്നുള്ളതുകൊണ്ടാണോ? സത്യം എവിടെയാണെന്നറിയുവാൻവേണ്ടി ചെയ്ത മാനുഷികമായ പ്രയത്നത്തിന്റെ പരമകാഷ്ഠ പ്രതിഫലിച്ചുകാണുന്നതു കൊണ്ടു മാത്രമാണു് അവ ഇത്രമാത്രം ആകർഷകങ്ങളായതു്. മാനുഷികചിന്താസാമ്രാജ്യചരിത്രത്തിലും ലോകസാഹിത്യസദസ്സിലും അവ അത്യുന്നതസ്ഥാനത്തു സവിശേഷം പ്രശോഭിക്കുന്നതു മേൽക്കാണിച്ച നിലയിലാകുന്നു.

ഭഗവത്ഗീത
images/Charles_Wilkins.jpg
ചാറൽസ് വിൽകിൻസ്

ഭഗവത്ഗീതയും ലോകസാഹിത്യത്തിൽ ഉൾപ്പെട്ട ഒന്നാണു്. ഗീത സംസ്കൃതത്തിൽനിന്നു പാശ്ചാത്യഭാഷകളിലേയ്ക്കു് ആദ്യമായി സംക്രമിച്ചതു്, 1785-ൽ ചാറൽസ് വിൽകിൻസ് എന്ന ആംഗ്ലേയപണ്ഡിതൻ അതു് ഇംഗ്ലീഷിൽ തർജ്ജമചെയ്തപ്പോളായിരുന്നു. 1823-ൽ ജർമ്മനിയിലെ ആദ്യത്തെ സംസ്കൃത പ്രൊഫസറായ ആഗസ്റ്റ് വിൽഹെം, ഗീതയുടെ ഒരു നിരൂപണം ലാറ്റിൻതർജ്ജമയോടുകൂടി പ്രസിദ്ധപ്പെടുത്തി. അന്നത്തെ സുപ്രസിദ്ധ ഗദ്യകാരനായ ഹംബൾട്ട് ഈ പുസ്തകം സശ്രദ്ധം പഠിക്കുകയും അതിനെ പുരസ്കരിച്ചു സവിസ്തരമായ ഒരു ഉപന്യാസം എഴുതുകയും ചെയ്തു. ലോകത്തിൽ ഇതുവരെ ലഭിച്ചിട്ടുള്ളതിൽവെച്ചു് ഏറ്റവും ഗംഭീരവും ഗഹനവും ഉത്കൃഷ്ടവുമായ ഗ്രന്ഥം എന്നാണു് അദ്ദേഹം ഗീതയെപ്പറ്റി അതിൽ പ്രസ്താവിച്ചിട്ടുള്ളതു്. മരിക്കുന്നതിനുമുമ്പു തനിക്കു് ഇത്ര പരിശുദ്ധമായ ഒരു ഗ്രന്ഥം വായിക്കുവാൻ ഭാഗ്യമുണ്ടായതിൽ ദൈവത്തോടു ഹൃദയപൂർവ്വം താൻ നന്ദി പറയുന്നു എന്നും മറ്റും കാണിച്ചു് ആയിടയ്ക്കു് അദ്ദേഹം തന്റെ ഒരു സ്നേഹിതനു കത്തെഴുതുകയുണ്ടായി. ഇംഗ്ലീഷ്, ജർമ്മൻ എന്നീ ഭാഷകളിലെന്നപോലെതന്നെ മറ്റു പല പാശ്ചാത്യഭാഷകളിലും ഗീത പലതവണയും തർജ്ജമ ചെയ്യപ്പെട്ടിട്ടുണ്ടു്.

images/Edward_Washburn_Hopkins.jpg
ഇ. ഡബ്ലിയു. ഹോഫ്കിൻസ്

ഭഗവദ്ഗീതയിലെ ഭക്തിയോഗസിദ്ധാന്തങ്ങൾ ക്രിസ്തുമതതത്ത്വങ്ങളോടു തുലോം സദൃശ്യങ്ങളായിരിക്കുന്നതുമൂലം ക്രിസ്ത്യാനികൾ അതിൽ അത്യന്തം ആകൃഷ്ടരായിത്തീർന്നിരിക്കുന്നു. ഗീതാകർത്താവു ന്യൂടെസ്റ്റമെന്റ് വായിച്ചിട്ടുണ്ടായിരിക്കുമെന്നും അതിലെ പല ആശയങ്ങളും അദ്ദേഹം സ്വകൃതിയിൽ കലർത്തിയിട്ടുണ്ടെന്നും മറ്റും തെളിയിക്കുവാൻ ചില പണ്ഡിതന്മാർ ശ്രമിച്ചിട്ടുണ്ടു്. ലാറിൻസർ എന്ന പണ്ഡിതൻ തന്റെ ജർമ്മൻ തർജ്ജമയിൽ ഇങ്ങനെ സാദൃശ്യമുള്ള നൂറോളം ഉദാഹരണങ്ങൾ ഉദ്ധരിച്ചിരിക്കുന്നു. എന്നാൽ ആ പുസ്തകം സൂക്ഷ്മമായി പരിശോധിക്കുന്നവർക്കു് അവയിൽ ഇരുപത്തഞ്ചെണ്ണംപോലും സാദൃശ്യമുള്ളവയല്ലെന്നു ബോധപ്പെടുന്നതാണു്. എന്നുതന്നെയല്ല, ഇ. ഡബ്ലിയു. ഹോഫ്കിൻസ് തുടങ്ങിയ ചുരുക്കം ചിലരൊഴിച്ചു മറ്റൊരു പണ്ഡിതനും ഗീതയെപ്പറ്റി ഇങ്ങനെ അബദ്ധമായ ഒരഭിപ്രായം പുറപ്പെടുവിച്ചിട്ടുമില്ല. ഹിന്ദുക്കളുടെ ഭക്തിയോഗം പാണിനിയുടെ കാലംമുതൽക്കേ നടപ്പിലിരിക്കുന്നതും ഏറ്റവും പുരാതനവുമാകുന്നു. ബി. സി. രണ്ടാം നൂറ്റാണ്ടിൽ തക്ഷശിലാദേശവാസിയായ ഡയൺ എന്നവന്റെ പുത്രൻ ഹെലിഡൊറസ്സ് എന്ന ഗ്രീക്കുകാരൻ ഭക്തിയോഗം അനുഷ്ഠിച്ചിരുന്നു എന്നു ഗ്വാളിയോർ സംസ്ഥാനത്തിൽ വിശ്വനഗരം എന്ന സ്ഥലത്തുള്ള ഒരു ശിലാസ്ഥാപനത്തിൽ കാണുന്ന രേഖകളിൽനിന്നു നമുക്കു് അറിയുവാൻ കഴിയുന്നു. ഭിന്നമതങ്ങളിലുള്ള സിദ്ധാന്തങ്ങൾക്കു തമ്മിൽ സാദൃശ്യം സാധാരണ സംഭവിക്കാവുന്നതാകയാൽ അതിനെപ്പറ്റി മറ്റുപ്രകാരത്തിൽ അനുമാനിക്കേണ്ടതില്ലതന്നെ. ഏ. ഡി. രണ്ടാംനൂറ്റാണ്ടിനുമുമ്പു് ഇന്ത്യയിൽ ക്രിസ്തുമതം പ്രചരിച്ചിരുന്നതായി ഒരു തെളിവുമില്ല. അതിനെക്കാൾ പഴക്കമുള്ളതാണെന്നു നിസ്സംശയം അഭിപ്രായപ്പെടാവുന്ന മഹായാന ബുദ്ധമതത്തിലുള്ള ഭക്തിസിദ്ധാന്തങ്ങൾ ഭഗവത്ഗീതയിൽനിന്നു് ഉത്ഭവിച്ചിട്ടുള്ളവയാണെന്നു വിശ്വസിക്കാവുന്നതാണു്.

ബുദ്ധമതസാഹിത്യം

ബുദ്ധമതം ലോകത്തിലുള്ള പ്രധാന മതങ്ങളിൽ ഒന്നായി ഗണിക്കത്തക്കവണ്ണം പ്രചുരപ്രചാരം നേടിയതിനാൽ അതിലെ ഗ്രന്ഥങ്ങളിൽ മിക്കവയും വിശ്വസാഹിത്യ സമ്പത്തായിത്തീർന്നിരിക്കുന്നു. ക്രിസ്തുമതം ബുദ്ധമതത്തിന്റെ ഒരു രൂപാന്തരം മാത്രമാണെന്നു് ഊഹിപ്പാനും തത്സംബന്ധമായി പല വാദപ്രതിവാദങ്ങൾ നടക്കുവാനും ഇടവന്നിട്ടുണ്ടു്. രണ്ടു മതങ്ങളിലേയും ഗ്രന്ഥങ്ങൾ പരിശോധിച്ചുനോക്കുമ്പോൾ കാണുന്ന അത്ഭുതകരമായ ആശയസാദൃശ്യം ക്രിസ്തുമതോപദേശങ്ങളിൽ പലതും ബുദ്ധമതത്തിൽനിന്നു സ്വീകരിക്കപ്പെട്ടവയാണെന്നുള്ള അഭിപ്രായത്തെ ദാർഢ്യപ്പെടുത്തുന്നുണ്ടെന്നു പറയാതെ നിവൃത്തിയില്ല. രണ്ടു മതസ്ഥാപകന്മാരുടെയും ജീവചരിത്രങ്ങൾക്കു തമ്മിലും ഗണ്യമായ സാമ്യം കാണുന്നുണ്ടു്.

ജനിച്ചയുടനെ അസിതൻ ബുദ്ധന്റെയും സിമിയോൻ ക്രിസ്തുവിന്റെയും ഭാവിയിലെ ഉത്കർഷത്തെ സൂചിപ്പിക്കുകയുണ്ടായി. സാത്താൻ (Satan) ക്രിസ്തുവിനെയെന്നപോലെ, മാരൻ എന്ന ദുർദ്ദേവത ബുദ്ധനെയും വിമോഹിപ്പിക്കുവാൻ നിഷ്ഫലമായി യത്നിച്ചു. ഇത്തരം സാദൃശ്യമൂലകങ്ങളായ സംഭവങ്ങൾ പണ്ഡിതന്മാരുടെ ഗാഢമായ ചിന്തയ്ക്കു വിഷയീഭവിച്ചിട്ടുണ്ടെങ്കിലും അവയെ അടിസ്ഥാനമാക്കി തർക്കമറ്റ ഒരു തീർപ്പു കൽപ്പിക്കുവാൻ ആർക്കും സാധിച്ചിട്ടില്ല.

ബുദ്ധമതാശയങ്ങൾ പാശ്ചാത്യദേശങ്ങളിൽ സംക്രമിച്ചുതുടങ്ങിയതു് ഇന്ത്യയെ ആക്രമിച്ച അലക്സാണ്ടരുടെ കാലംമുതൽക്കാണു്. എന്നാൽ ഏ. ഡി. രണ്ടാംനൂറ്റാണ്ടിനുമുമ്പുവരെ ബുദ്ധമതാശയങ്ങൾ യൂറോപ്പിൽ പ്രചരിച്ചിരുന്നു എന്നുള്ളതിനു പറയത്തക്ക തെളിവുകളൊന്നുമില്ല. ‘ലളിതവിസ്താര’മെന്ന ബുദ്ധമതഗ്രന്ഥത്തിലെ പുരാണകഥയെ അടിസ്ഥാനമാക്കി ഒരു ക്രിസ്ത്യൻ സന്യാസി എഴുതിയ ‘എ ബുക്ക് ഓഫ് ബർലാം ആൻഡ് ജോസഫ് ’ (A book of Barlam and Joseph) എന്ന പുസ്തകം മധ്യകാലങ്ങളിൽ യൂറോപ്പിൽ ധാരാളം പ്രചരിച്ചിരുന്നു. ഈ ക്രിസ്തീയനോവലിന്റെ കഥാഗാത്രം ഭാരതീയസാഹിത്യത്തിൽ പ്രസിദ്ധിയുള്ള ബുദ്ധമതകഥകൾകൊണ്ടു നിർമ്മിതമായി കാണുന്നു. ഈ ഗ്രന്ഥം യൂറോപ്പിൽ മിക്ക ഭാഷകളിലേയ്ക്കും തർജ്ജമ ചെയ്യപ്പെട്ടിട്ടുണ്ടു്. ഇതിലെ ‘ജോസഫ്’ എന്ന പേർ അറബിയിലും സിറിയൻഭാഷയിലും കാണുന്ന ‘ബുഡാസഫ്’ എന്നതിന്റെ രൂപാന്തരമായ ‘ജുഡാസഫി’ന്റെ വേറൊരു വേഷമാണെന്നു പറയേണ്ടതില്ലല്ലോ. ബുഡാസഫ് ബുദ്ധമതത്തിലെ ‘ബോധിസത്വ’നിൽ നിന്നുണ്ടായതാകയാർ ക്രിസ്ത്യാനികളുടെ ആരാധനാമൂർത്തിയായിത്തീർന്ന സെയിന്റ് ജോസഫ് വാസ്തവത്തിൽ, ബുദ്ധമതക്കാരുടെ ബോധിസത്വനാണെന്നും തീർത്തുപറയാം.

images/EdwinArnold.jpg
എഡ്വിൻ ആർനോൾഡ്

പത്തൊമ്പതാം നൂറ്റാണ്ടിൽ എഡ്വിൻ ആർനോൾഡിന്റെ പൗരസ്ത്യദീപം (Light of Asia) പ്രസിദ്ധപ്പെടുത്തിയതോടുകൂടി യൂറോപ്പിൽ ബുദ്ധമതസാഹിത്യത്തിനു പൂർവ്വാധികം പ്രശസ്തിയും പ്രചാരവും സിദ്ധിച്ചു. ഈ വിശിഷ്ട കൃതിയുടെ 80 പതിപ്പുകൾ ഇംഗ്ലണ്ടിലും നൂറു പതിപ്പുകൾ അമേരിക്കയിലും വേണ്ടിവന്നു എന്ന സംഗതിതന്നെ അതിൽ പാശ്ചാത്യന്മാർക്കും എത്രത്തോളം അഭിരുചിയുണ്ടെന്നും വിളിച്ചുപറയുന്നുണ്ട്. ‘നോബൽ പ്രൈസി’നു അർഹനായിത്തീർന്ന ഡാനിഷ് കവിയായ കാറൽ ജല്ലാപ് 1096-ൽ എഴുതിയ ‘ദി പിൽഗ്രിം കമാനിത’ (The Pilgrim Kamanita) എന്ന നോവൽ ‘സുഖവതി’യെന്ന മഹായാനചരിതംകൊണ്ടും മറ്റനേകം ബൗദ്ധകഥകൾകൊണ്ടും പരിപുഷ്ടമായിട്ടുള്ളതാണു്. ചുരുക്കത്തിൽ, ഗീതോപനിഷത്തുകളെക്കാൾ കൂടുതലായി പാശ്ചാത്യരുടെ ശ്രദ്ധയെ ആകർഷിച്ചിട്ടുള്ളതു ബുദ്ധമതഗ്രന്ഥങ്ങളാണെന്നു പറയാം.

ഭാരതകഥകൾ

മഹാഭാരതത്തിൽ കാണുന്ന ഉപകഥകളിൽ നളോപാഖ്യാനവും സാവിത്ര്യുപാഖ്യാനവും ലോകസാഹിത്യത്തിൽ പ്രശോഭിക്കത്തക്ക യോഗ്യതയുള്ളവയാണു്. യൂറോപ്പിൽ അറിയപ്പെടുന്ന ഭാരതീയകഥകളിൽ ഒന്നാംതരത്തിൽപ്പെട്ട ഒന്നാണു് നളചരിതം. ഫ്രാൻസ് ബാപ്പ് എന്ന പണ്ഡിതൻ നളചരിതംമൂലം ഒരു ലാറ്റിൻ തർജ്ജമയോടു കൂടി പ്രസിദ്ധപ്പെടുത്തിയമുതൽക്കു് അതു വിശ്വോത്തരകാവ്യരത്നങ്ങളിൽ ഒന്നായി ഗണിക്കപ്പെട്ടുവരുന്നു. യൂറോപ്പിലെ സർവ്വകലാശാലകളിൽ സംസ്കൃതപഠത്തിനാരംഭിക്കുന്നവർ ആദ്യമായി നളചരിതം വായിക്കുന്നതു പതിവായിത്തീർന്നിട്ടുണ്ടു്. പ്രധാനമായ പാശ്ചാത്യഭാഷകളിലെല്ലാം അതു തർജ്ജമചെയ്യപ്പെട്ടിരിക്കുന്നു.

സാവിത്രിയുടെ ജീവിതശുദ്ധി വനിതാലോകത്തിനു് എന്നെന്നേയ്ക്കും ഒരു മാതൃകയാണു്. ആ സതീരത്നത്തിന്റെ ഭർത്തൃഭക്തിയും ബുദ്ധിചാതുര്യവും സ്നേഹമഹിമയും കാലനെപ്പോലും കീഴടക്കുന്നതിന്നു പര്യാപ്തമായിത്തീർന്നു. ആപാദചൂഡം ഗുണസമ്പൂർണ്ണവും ആനന്ദസന്ദായകവുമായ ഈ പവിത്രചരിതം പാശ്ചാത്യന്മാരുടെ അതിരറ്റ പ്രശംസയ്ക്കും പാത്രീഭവിച്ചിട്ടുണ്ടു്. ജർമ്മനിയിൽത്തന്നെ അതിന്നു് ഏഴു തർജ്ജമകളോളം ഉണ്ടായിരിക്കുന്നു. അവിടെ പല സ്ഥലങ്ങളിലും ഈ കഥ നാടക രൂപത്തിൽ അഭിനയിക്കപ്പെടുന്നുണ്ടു്.

കാളിദാസൻ
images/George_Foster.jpg
ജോർജ് ഫാർസ്റ്റർ

സാഹിത്യകലാനിധിയായ കാളിദാസരുടെ കൃതികൾ ലോകസാഹിത്യഭണ്ഡാഗാരത്തിലെ അമൂല്യരത്നങ്ങൾതന്നെയാകുന്നു. കവികുലചക്രവർത്തിയായ ഷേക്സ്പിയറുടെ സ്ഥാനമാണു് അദ്ദേഹത്തിന്നു യൂറോപ്പിൽ സിദ്ധിച്ചിരിക്കുന്നതു്.

അദ്ദേഹത്തിന്റെ ശാകുന്തളം ആദ്യമായി സർ വില്യം ജോൺസാണു് 1789-ൽ ഇംഗ്ലീഷിലേക്കു തർജ്ജമചെയ്തതു്. ജോർജ് ഫാർസ്റ്റർ 1791-ൽ അതു് ഇംഗ്ലീഷിൽ നിന്നു ജർമ്മൻഭാഷയിലേക്കു പകർത്തി. ഇതോടുകൂടി സാഹിത്യകോവിദന്മാരായ പാശ്ചാത്യരുടെ ഇടയിൽ ശാകുന്തളത്തെപ്പറ്റിയുള്ള ബഹുമാനം ക്രമാതീതമായി വർദ്ധിച്ചു ഏതോ ഒരത്ഭുതലോകത്തുനിന്നു വന്ന ഒരു വിശിഷ്ട മഹാഗ്രന്ഥം എന്ന വണ്ണം അവർ അതിനെ കൊണ്ടാടുവാൻതുടങ്ങി. ഹെർഡൻ, ഗീഥെ തുടങ്ങിയ പണ്ഡിതകേസരികളിൽനിന്നു ഗദ്യപദ്യരൂപങ്ങളായുള്ള പ്രശംസാപത്രങ്ങളും പുറപ്പെട്ടു. ഇംഗ്ലണ്ട്, ജർമ്മനി തുടങ്ങിയ രാജ്യങ്ങളിലെ നാടകശാലകളിൽ ശാകുന്തളം അഭിനയത്തിന്നായി സ്വീകരിച്ചു.

കാളിദാസന്റെ മറ്റൊരു നാടകമായ വിക്രമോർവശീയവും യൂറോപ്പിൽ പല ഭാഷകളിലും തർജ്ജമചെയ്യുകയും നാടകരംഗത്തിൽ അഭിനയിക്കുകയും ചെയ്തിട്ടുണ്ടു്.

പഞ്ചതന്ത്രം
images/Sir_William_Jones.jpg
സർ വില്യം ജോൺസ്

ഭാരതീയസാഹിത്യകൃതികളിൽ പഞ്ചതന്ത്രത്തെപ്പോലെ ലോകമാസകലം പ്രചരിച്ചിട്ടുള്ള മറ്റേതെങ്കിലും കൃതിയുണ്ടെന്നു തോന്നുന്നില്ല. ലോകസാഹിത്യം പരിശോധിച്ചുനോക്കുന്നവർക്കു് ഇന്ത്യയിലെ കഥകൾ ഏതെല്ലാം രൂപത്തിൽ വിശ്വമശേഷം വ്യാപിച്ചിട്ടുണ്ടെന്നറിയുന്നതു് ഏറ്റവും രസാവഹമായിരിക്കും. കച്ചവടസംഘക്കാർ, ഭിക്ഷുക്കൾ, ദേശസഞ്ചാരികൾ എന്നിവർവഴിയായി ഏഷ്യ, യൂറോപ്പ്, ആഫ്രിക്ക എന്നീ ഭൂഖണ്ഡങ്ങളിൽ ഭാരതീയകഥകൾക്കു് പ്രചുരമായ പ്രചാരം സിദ്ധിച്ചിട്ടുണ്ടു്. ഇങ്ങനെ വിദേശീയർക്കു സുപരിചിതമായിത്തീർന്നിട്ടുള്ള കഥകളിൽ പ്രധാനമായതാണു് പഞ്ചതന്ത്രം.

പഞ്ചതന്ത്രത്തിന്റെ ദേശസഞ്ചാരചരിത്രംതന്നെ ഒരു പ്രത്യേക പുസ്തകമാക്കത്തക്കവണ്ണം വിപുലമാക്കാവുന്നതാണു്. 1859-ൽ പ്രസിദ്ധപ്പെടുത്തിയ അതിന്റെ ജർമ്മൻ തർജ്ജമയിൽ ഭാഷാമർമ്മജ്ഞനായ തിയോഡർ ബെൽഫി എഴുതിയിട്ടുള്ള മുഖവുരയിൽ തത്സാഹിത്യചരിത്രം വിശദമായി വിവരിച്ചിട്ടുണ്ടു്. പഞ്ചതന്ത്രം എ. ഡി. ആറാം നൂറ്റാണ്ടിൽ പേർഷ്യൻഭാഷയിലേയ്ക്കും അതിൽനിന്നു ക്രമേണ അറബി, സിറിയൻ എന്നീ ഭാഷകളിലേയ്ക്കും തർജ്ജമചെയ്യപ്പെട്ടു. അറബിയിൽനിന്നാണു് അതു മറ്റു പാശ്ചാത്യഭാഷകളിലേയ്ക്കു വിവർത്തനം ചെയ്യപ്പെട്ടിട്ടുള്ളതു്. പഞ്ചതന്ത്രം പൗരസ്ത്യപാശ്ചാത്യരാജ്യങ്ങളെ ഇണക്കിച്ചേർക്കുന്ന ഒരൊന്നാന്തരം സാഹിത്യച്ചരടാണെന്നു പറഞ്ഞാൽ ഈ പ്രസിദ്ധ കൃതിക്കു ലോകസാഹിത്യത്തിലുള്ള സ്ഥാനമേതാണെന്നു വെളിവാകുന്നതാണു്.

ഭുവനപ്രഥിതങ്ങളായ മറ്റു കഥകളിൽ പ്രധാനമായവ ‘വേതാളപഞ്ചവിംശതി’, ‘വിക്രമചരിതം’, ‘ശുകസപ്തതി’ മുതലായവയാണു്. ഇവയും അനേകം വിദേശീയഭാഷകളിൽ തർജ്ജമചെയ്യപ്പെട്ടിട്ടുണ്ടു്.

കഥാസാഹിത്യത്തിന്റെ ഉത്ഭവംതന്നെ ഇന്ത്യയിൽനിന്നാണെന്നും അവിടെനിന്നാണു് ഇതരരാജ്യങ്ങളിലേയ്ക്കു് ആദ്യമായി കഥാസരിത്തിന്റെ പ്രവാഹമുണ്ടായിട്ടുള്ളതെന്നും ബെൽഫ് അഭിപ്രായപ്പെടുന്നു. അറബിക്കഥകളും ഗ്രീക്കുകഥകളും ഇന്ത്യയിലെ കഥാബീജങ്ങളിൽനിന്നു പൊട്ടിവളർന്നവയാണെന്നു തെളിയിക്കുന്നതിന്നു അവയിൽത്തന്നെ അനേകം ഉദാഹരണങ്ങളുണ്ടു്. ‘സിൻബാദ്’ എന്ന അറബിക്കഥയുടെ ആരംഭത്തിൽ പഞ്ചതന്ത്രത്തിലെപ്പോലെ, ഒരു രാജാവു തന്റെ പുത്രന്മാരെ ആറുമാസംകൊണ്ടു വിദ്യാവിശാരദന്മാരാക്കുന്നതിന്നായി ഒരാചാര്യനെ ഏൽപിക്കുന്നതായി കാണുന്നു.

ഗ്രീക്കുകഥകൾ ഇന്ത്യയിലേയ്ക്കും ഇന്ത്യൻകഥകൾ ഗ്രീസിലേയ്ക്കും സംക്രമിച്ചിട്ടുണ്ടെന്നും ഭാരതകഥകളും മറ്റും ഇന്ത്യയിലുണ്ടാകുന്നതിനു മുമ്പുതന്നെ (ബി. സി. ആറാംനുറ്റാണ്ടു്) ഗ്രീസിൽ കഥാസാഹിത്യമുണ്ടായിരുന്നെന്നും മറ്റും അഭിപ്രായപ്പെടുന്ന പണ്ഡിതന്മാരുമുണ്ടു്. സിംഹത്തോലിട്ട കഴുതയുടെ കഥ ‘ഈസോപ്പ്കഥ’കളിലും പഞ്ചതന്ത്രത്തിലും ബുദ്ധമതകൃതിയായ ‘ജിടക’യിലും കാണുന്നുണ്ടു്. ഇതു പോലെ പൊതുവേ കാണപ്പെടുന്ന കഥകൾ ആദ്യമായി എവിടെ ഉത്ഭവിച്ചു എന്നു ഖണ്ഡിതമായി പറവാൻ സാധിക്കുമെന്നു് തോന്നുന്നില്ല. ഏതായാലും അലക്സാണ്ടരുടെ ആക്രമണത്തിനുശേഷം ഇന്ത്യക്കാർക്കും ഗ്രീക്കുകാർക്കും സാഹിത്യവിഷയത്തിൽ പരസ്പരം സഹായമുണ്ടായിട്ടുണ്ടെന്നുള്ളതു തീർച്ചതന്നെ.

നോവൽ

നോവൽസാഹിത്യസംബന്ധമായി ഗ്രീസിനും ഇൻഡ്യയ്ക്കും തമ്മിൽ എത്രത്തോളം അടുപ്പമുണ്ടെന്നാണു് ഇനി ചിന്തിക്കുവാനുള്ളതു്. ഗ്രീക്കുസാഹിത്യത്തിൽ നോവൽ ഒരു നവീന പ്രസ്ഥാനമാകുന്നു. അതിന്നു ബൃഹത്കഥാകാലത്തെക്കാൾ കൂടുതൽ പഴക്കമുണ്ടെന്നു തോന്നുന്നില്ല. ഗ്രീക്കുനോവലുകളിൽ ഇന്ത്യയിലെ കഥാബീജങ്ങൾ ചുരുക്കമായിട്ടേ കലർന്നുകാണുന്നുള്ളു. ഒരിടത്തു് അത്ഭുതകരമായ സാദൃശ്യം കാണുന്നതു് പ്രത്യേകം വ്യക്തവ്യമത്രെ. അതിശയോക്ത്യലങ്കാരത്തിൽ അതി പ്രിയനായ സുബന്ധു സ്വകൃതിയായ ‘വാസവദത്ത’യിൽ നായികയുടെ ദുഃഖത്തെപ്പറ്റി വർണ്ണിക്കുമ്പോൾ, ആകാശം കടലാസും മഹാസമുദ്രം മഷിക്കുപ്പിയും ബ്രഹ്മാവോ ആദിശേഷനോ എഴുത്തുകാരനുമായിത്തീർന്നെങ്കിൽ മാത്രമേ അവളുടെ സങ്കടം ശരിയായി വർണ്ണിക്കാൻ സാധിക്കുകയുള്ളു എന്നു പ്രയോഗിച്ചിട്ടുണ്ടു്. ‘ടാൾമൺഡ്’ എന്ന ഗ്രന്ഥത്തിലും ‘കൊറാ’നിലും ദൈവത്തിന്റെ മഹത്വത്തെപ്പറ്റി പറയുന്നിടത്തു് ഇതേ മാതിരിതന്നെ അതിശയോക്തി പ്രയോഗിച്ചിരിക്കുന്നു.

images/Rabindranath_Tagore.jpg
രവീന്ദ്രനാഥടാഗോർ

പൗരസ്ത്യസാഹിത്യത്തെപ്പറ്റി ഇനിയും പാശ്ചാത്യർക്കു ധാരാളം അറിയുവാനുണ്ടു്. ഭാരതീയസാഹിത്യചന്ദ്രൻ പശ്ചിമാംബരത്തിൽ ഇതുവരെയും പരിപൂർണ്ണമായി പ്രകാശിച്ചിട്ടില്ലെന്നുതന്നെ പറയാം. ഇക്കഴിഞ്ഞ പത്തുവർഷത്തിന്നിടയ്ക്കു് ഏഷ്യയിലെ ദിവ്യകോകിലമായ രവീന്ദ്രനാഥടാഗോറി ന്റെ മധുരഗംഭീരകൃതികൾ പാശ്ചാത്യപണ്ഡിതലോകത്തെ അയസ്കാന്തശക്തിയോടുകൂടി ആകർഷിച്ചിട്ടുണ്ടെന്നു നിസ്സംശയം സമ്മതിക്കാം. ജർമ്മനി, ആസ്ത്രിയ മുതലായ രാജ്യങ്ങളിൽ ടാഗോറിന്റെ കൃതികളില്ലാത്ത ഒരൊറ്റ ബുക്കുഷാപ്പുപോലും ഇല്ലെന്നറിയുമ്പോൾ അവയ്ക്കു് എത്രത്തോളം പ്രചാരമുണ്ടെന്നു് ഈഹിക്കാമല്ലോ. ലോകസാഹിത്യത്തെ പരിപോഷിപ്പിച്ചു മനുഷ്യവർഗ്ഗത്തെ ശാന്തിസുന്ദരവും സത്യധർമ്മപരവുമായ ജീവിതത്തിലേയ്ക്കു് പ്രവേശിപ്പിക്കുന്നതിൽ ഇന്ത്യയ്ക്കു സിദ്ധിച്ചിരിക്കുന്ന സ്ഥാനം അത്യുന്നതവും അദ്വിതീയവുമാണെന്നു് ഇപ്പോൾ സംശയലേശംകൂടാതെ സമ്മതിക്കേണ്ടിയിരിക്കുന്നു.

(സാഹിതീകൗതുകം—1965)

കുറ്റിപ്പുഴ കൃഷ്ണപിള്ള
images/kuttipuzha-n.png

ജനനം: 1-8-1900

പിതാവു്: ഊരുമനയ്ക്കൽ ശങ്കരൻ നമ്പൂതിരി

മാതാവു്: കുറുങ്ങാട്ടു് ദേവകി അമ്മ

വിദ്യാഭ്യാസം: വിദ്വാൻ പരീക്ഷ, എം. എ.

ആലുവാ അദ്വൈതാശ്രമം ഹൈസ്ക്കൂൾ അദ്ധ്യാപകൻ, ആലുവ യൂണിയൻ ക്രിസ്ത്യൻ കോളേജ് അദ്ധ്യാപകൻ, കേരള സാഹിത്യ അക്കാദമി പ്രസിഡന്റ് 1968–71, കേന്ദ്ര സാഹിത്യ അക്കാദമി അംഗം, ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടു് ഭരണസമിതിയംഗം, കേരള സർവ്വകലാശാലയുടെ സെനറ്റംഗം, ബോർഡ് ഓഫ് സ്റ്റഡീസ് അംഗം, പാഠ്യ പുസ്തക കമ്മിറ്റി കൺവീനർ (1958), ബാല സാഹിത്യ ശില്പശാല ഡയറക്ടർ (1958), ‘ദാസ് ക്യാപിറ്റൽ’ മലയാളപരിഭാഷയുടെ ചീഫ് എഡിറ്റർ, കേരള സാഹിത്യ സമിതി പ്രസിഡന്റ്.

കൃതികൾ

സാഹിതീയം, വിചാരവിപ്ലവം, വിമർശ രശ്മി, നിരീക്ഷണം, ഗ്രന്ഥാവലോകനം, ചിന്താതരംഗം, മാനസോല്ലാസം, മനന മണ്ഡലം, സാഹിതീകൗതുകം, നവദർശനം, ദീപാവലി, സ്മരണമഞ്ജരി, കുറ്റിപ്പുഴയുടെ തിരഞ്ഞെടുത്ത ഉപന്യാസങ്ങൾ, വിമർശ ദീപ്തി, യുക്തിവിഹാരം, വിമർശനവും വീക്ഷണവും, കുറ്റിപ്പുഴയുടെ പ്രബന്ധങ്ങൾ—തത്വചിന്ത, കുറ്റിപ്പുഴയുടെ പ്രബന്ധങ്ങൾ—സാഹിത്യവിമർശം, കുറ്റിപ്പുഴയുടെ പ്രബന്ധങ്ങൾ— നിരീക്ഷണം.

ചരമം: 11-2-1971

Colophon

Title: Bharatheeyasahithyam (ml: ഭാരതീയസാഹിത്യം).

Author(s): Kuttipuzha Krishnapilla.

First publication details: Not available;;

Deafult language: ml, Malayalam.

Keywords: Article, Kuttipuzha Krishnapilla, Bharatheeyasahithyam, കുറ്റിപ്പുഴ കൃഷ്ണപിള്ള, ഭാരതീയസാഹിത്യം, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: November 3, 2023.

Credits: The text of the original item is copyrighted to the author. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-NC-SA 4​.0). Commercial use of the content is prohibited. Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: Landscape With a Cottage by a Stream, a painting by Unknown artist . The image is taken from Wikimedia Commons and is gratefully acknowledged.

Production history: Data entry: the author; Typesetter: JN Jamuna; Editor: PK Ashok; Encoding: JN Jamuna.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.