പ്രാചീനയവനത്ത്വജ്ഞാനത്തിൽ പ്രാമുഖ്യം അർഹിക്കുന്ന ഒന്നാണു് എപ്പിക്യൂറസ്സി ന്റെ ഭൗതികവാദം. ജീവിതാനന്ദവാദം അല്ലെങ്കിൽ ഭൗതികസുഖവാദം എന്ന പേരും ഇതിനു യോജിക്കും. ഭാരതീയരുടെ ചാർവാകമതത്തെപ്പോലെതന്നെ പ്രസ്തുത സിദ്ധാന്തവും അനന്തരകാലത്തു വളരെയധികം തെറ്റിദ്ധരിക്കപ്പെടുകയും അപവാദദൂഷിതമാകുകയും ചെയ്തിട്ടുണ്ടു്. പ്രപഞ്ചകർത്തവായി ഒരീശ്വരനെ പ്രതിഷ്ഠിച്ചില്ലെന്ന കാരണത്താൽ രണ്ടു സിദ്ധാന്തവും പ്രതിയോഗികളുടെ അതിരു കടന്ന അധിക്ഷേപത്തിനു പാത്രമായി. നൈതികമൂല്യങ്ങളൊന്നും വകവയ്ക്കാതെ വിഷയാസക്തിയിൽ മുഴുകി, തിന്നും കുടിച്ചും ജീവിക്കാനുള്ള ഒരു ‘ഫിലോസഫി’ എന്നാണു് ‘എപ്പിക്യൂറിയനിസ’ത്തെപ്പറ്റി ഇന്നു് ആളുകൾ ധരിച്ചുവെച്ചിരിക്കുന്നതു്. ആപ്തേയുടെ നിഘണ്ടുവിൽ എപ്പിക്യൂറിയൻ എന്ന വാക്കിനു് ഉദരംഭരി, ഭോജനചഞ്ചു, വിഷയാസക്തൻ എന്നും മറ്റും അർത്ഥം കൊടുത്തിരിക്കുന്നു! ‘അപ്പംകൊണ്ടും വെള്ളംകൊണ്ടും ജീവിക്കുമ്പോഴുണ്ടാകുന്ന ശരീരസുഖത്താൽ ഞാൻ പുളകിതനാകുന്നു. ഭോജാഡംബരസുഖത്തെ തദനനന്തരമുണ്ടാകുന്ന അസുഖംനിമിത്തം ഞാൻ വെറുപ്പോടെ വർജിക്കുന്നു’ എന്നു് ഉദ്ഘോഷിച്ച ചിന്തകനാണു് എപ്പിക്യൂറസ്. എന്നിട്ടും അദ്ദേഹത്തിന്റെ ആശയം ഇങ്ങനെ നേരെ വിപരീതമായി പ്രചരിച്ചു വേരുറച്ചു പോയതെന്തൊരു അത്ഭുതമാണെന്നു നോക്കുക. തച്ഛിഷ്യന്മാർപോലും ഗുരുവിനെപ്പോലെ ലളിതജീവിതത്തിൽ അത്യന്തം നിഷ്കർഷയുള്ളവരായിരുന്നു. മിഥ്യാബോധവും പ്രതിപക്ഷവൈരവും പരമ്പരീണമായി പടർന്നുപിടിച്ചാൽ എവിടംവരെ ചെന്നെത്തുമെന്നതിനു് ഇതു നല്ലൊരു തെളിവാണു്. ധാർമികമൂല്യങ്ങളെല്ലാം ആത്മിയവാദികളുടെ കുത്തകയാണെന്നും ഭൗതികവാദികൾ അവയൊക്കെ പുറംതള്ളിയിരിക്കയാണെന്നും അന്ധമായി വാദിക്കുന്ന ആളുകൾ ഇന്നും ധാരാളമുണ്ടല്ലോ. മനുഷ്യത്വത്തെ കൂടുതൽ മാനിക്കാനും മനുഷ്യന്റെ സംശയമനഃശക്തിയെയും യുക്തിബോധത്തെയും വികസിപ്പിച്ചു ജീവിതത്തെ കഴിയുന്നിടത്തോളം ക്ലേശവിമുക്തമായി സുഖാനുഭൂതി കൈവരുത്താനുമായി തത്ത്വാന്വേഷണം നടത്തിയ നീതിനിഷ്ഠനായ ആചാര്യനായിരുന്നു എപ്പിക്യൂറസ്. ഈ സത്യത്തെ മറച്ചുവച്ചുകൊണ്ടാണു് മത്രഭ്രാന്തരായ പുരോഭാഗികൾ അദ്ദേഹത്തിന്റെ ജീവിതത്തെയും തത്ത്വചിന്തയെയും കറുപ്പടിച്ചു കാണിക്കാൻ ശ്രമിച്ചിട്ടുള്ളതു്.
രണ്ടായിരത്തിൽ പരം വർഷത്തിനുമുമ്പു ജീവിച്ചിരുന്ന എപ്പിക്യൂറസ്സിന്റെ ജീവചരിത്രത്തെ സംബന്ധിച്ചു സംശയരഹിതമെന്നു പറയാവുന്ന വസ്തുതകൾ അധികമില്ല. ബി. സി. 341 മുതൽ 270 വരെയാണു് അദ്ദേഹത്തിന്റെ ജീവിതകാലം. സാമോസ് എന്ന സ്ഥലത്താണു് അദ്ദേഹം ജനിച്ചതെന്നു പറയപ്പെടുന്നു. അവിടത്തെ ഒരു അതീനിയൻ കോളനിയിൽ കുടിയേറിപ്പാർത്ത നിയോക്ലിസ് (Neocles) എന്നു പേരായ ഒരു ദരിദ്രകർഷകനായിരുന്നു എപ്പിക്യൂറസ്സിന്റെ പിതാവു്. ഈ ബാലന്റെ വിദ്യാലയജീവിതം തുലോം ഹ്രസ്വമായിരുന്നു. പതിന്നാലാം വയസ്സിൽ ഒരു പാഠശാലയിൽ ചേർന്നു കുറെ പഠിക്കുവാനുള്ള സൗകര്യമേ അയാൾക്കു ലഭിച്ചുള്ളു. അവിടത്തെ വിദ്യാലയജീവിതം വ്യർത്ഥമെന്നു കരുതി എപ്പിക്യൂറസ് പതിനെട്ടാം വയസ്സിൽ അന്നത്തെ വിജ്ഞാനകേന്ദ്രവും തന്റെ മൂലകുടുംബസ്ഥാനവുമായ ആതൻസ് നഗരത്തിലേക്കു പോയി. പക്ഷേ, പഠിത്തം തുടരുന്നതിനു മുമ്പു് ഈ യുവാവിനു നഗരത്തിലെ നിയമമനുസരിച്ചു കുറെനാൾ പട്ടാളപരിശീലനം നടത്തേണ്ടിവന്നു. ബി. സി. 322-ൽ സാമോസ് കോളനി ശത്രുക്കളുടെ ആക്രമണത്തിനിരയായി. അതിനെത്തുടർന്നു തന്റെ പിതാവു് മറ്റഭയാർത്ഥികളോടോപ്പം കോളോഫോൺ എന്ന സ്ഥലത്തു മാറിപ്പാർത്തപ്പോൾ എപ്പിക്യൂറസ് കുടുംബസംരക്ഷണാർത്ഥം അങ്ങോട്ടുപോയി. അന്നു് അഭയാർത്ഥികളുടെ നടുവിൽ ജീവിച്ചു. സ്വകുടുംബത്തിന്റെയും അയൽവാസികളുടെയും ദുഃഖാനുഭവങ്ങളെ നേരിട്ടു കണ്ടറിഞ്ഞപ്പോഴാണു് എപ്പിക്യൂറസ്സിൽ ജീവിത ചിന്ത ഉദ്ബുദ്ധമായതു്. ദുഃഖതപ്തമാകുന്ന മനുഷ്യജീവിത്തെ എങ്ങനെ സുഖശീതളമാക്കാമെന്ന വിചാരം അദ്ദേഹത്തിൽ നിരന്തരമായി പ്രവർത്തിച്ചു. തൽഫലമായി ഒരു എപ്പിക്യൂറിയൻ ഫിലോസഫി ഉദയംചെയ്തു. ശ്രീബുദ്ധനും ജീവിതദുഃഖാഗ്നിയുടെ ചൂടേറ്റിട്ടാണല്ലോ തന്നിവാരണമാർഗ്ഗമന്വേഷിച്ചു ധ്യാനശീലനായിത്തീർന്നതു്.
അനാരോഗ്യം എപ്പിക്യൂറസ്സിനെ ജീവിതകാലം മുഴുവൻ വിഷമിപ്പിച്ചിരുന്നു. എങ്കിലും ഏതു കഷ്ടതയെയും നേരിടാനുള്ള അസാമാന്യ മനഃശ്ശക്തി അദ്ദേഹത്തിനുണ്ടായിരുന്നു. സ്നേഹശീലനും സൗമ്യനുമായ ആചാര്യന്റെ തത്ത്വപ്രബോധനം ഒട്ടേറെ ശിഷ്യരെ ആകർഷിച്ചു. അവർ പണം പിരിച്ചെടുത്തു് ആതൻസ് നഗരത്തിൽ ഒരു വീടു പണിതുകൊടുത്തു. അതിലാണു് എപ്പിക്യൂറൻസ് തന്റെ തത്ത്വജ്ഞാനപാഠാലയം സ്ഥാപിച്ചതു്. ബി. സി. 307 മുതൽ അദ്ദേഹം അവിടെ താമസമാക്കി. നിഷിദ്ധരും നികൃഷ്ടരുമായി ഗണിക്കപ്പെട്ട അടിമകൾക്കും ഗണികമാർക്കും ആ ഗുരുകുലത്തിൽ പ്രവേശം ലഭിച്ചിരുന്നു. ഇക്കാര്യത്തിൽ കുലപതി പ്രദർശിപ്പിച്ച മനുഷ്യത്വമാനിതയും വിശാലവീക്ഷണവും പല ദുഷ്പ്രവാദങ്ങൾക്കും വഴിയുണ്ടാക്കി. വെറും തീറ്റീപ്പണ്ടമായി കാമസമ്പൂർത്തി വരുത്തി ജീവിക്കാനാണു് എപ്പിക്യൂറസ് ശിഷ്യരെ പഠിപ്പിച്ചിരുന്നതെന്നുപോലും ദോഷൈകദൃക്കുകൾ പറഞ്ഞു പരത്തി. ഏതിലും മിതത്വം ദീക്ഷിക്കണമെന്നും ഇന്ദ്രിയമാണു സുഖജിവിതോപായമെന്നുമുള്ള അദ്ദേഹത്തിന്റെ വിലയേറിയ ഉപദേശത്തെ അവർ അവഗണിച്ചു. ബുദ്ധിയുള്ളവർ പ്രേമത്തിൽച്ചെന്നു ചാടുകയില്ല’ (The wise man will not fall in love) എന്നും ‘സ്ത്രീ-പുരുഷസംയോഗം ഒരിക്കലും നന്മചെയ്തിട്ടില്ല. അതു തിന്മ ചെയ്യുന്നില്ലെങ്കിൽ, അതുതന്നെ വലിയ കാര്യം’ (Physical union of the sexes never did good; it is much, if it does not do harm) എന്നും നിശ്ശങ്കം പ്രഖ്യാപിച്ചിട്ടുള്ള ഒരാചാര്യനെ വിഷയലമ്പടനായിക്കാണാൻ സത്യത്തിന്റെ ശീർഷഘാതികൾക്കേ ധൈര്യമുണ്ടാകൂ.
ജൂലിയസ് സീസറിന്റെ സമകാലികനായ ലുക്രീഷ്യസ് എന്ന പ്രസിദ്ധകവി എപ്പിക്യൂറസ്സിന്റെ അനന്തരകാലത്തെ അനുയായികളിൽ അഗ്രേസരനാകുന്നു. ‘വസ്തുസ്വഭാവത്തെപ്പറ്റി’ (On the Nature of Things) എന്ന പേരിൽ എപ്പിക്യൂറിയൻ ചിന്തയുടെ മഹിമയെ സുന്ദരമായി ആവിഷ്കരിച്ചുകൊണ്ടു് അദ്ദേഹം ഒരു വിശ്രുതകാവ്യം രചിച്ചിട്ടുണ്ടു്. ഗുരുവിനെപ്പോലെ ഈ ശിഷ്യനും സ്വതന്ത്രചിന്താസ്തംഭികളായ മതത്തെയും മിസ്റ്റിസിസത്തെയും തന്റെ കവിതയിൽ ആവേശപൂർവം ആക്ഷേപിച്ചിരിക്കുന്നു. പ്ലൂട്ടാർക്കും സിസറോവും എപ്പിക്യൂറസ്സിന്റെ തത്ത്വങ്ങളുദ്ധരിപ്പിച്ചിട്ടുള്ളതിൽനിന്നു് അവ പണ്ഡിതന്മാരുടെ ഇടയിലും സമാദൃതമായിരുന്നുവെന്നു മനസ്സിലാക്കാം.
പ്രപഞ്ചം അണ്വാത്മകമാണു്. അതു് വസ്തുസംഘതവും അന്തരീക്ഷവും കൂടിച്ചേർന്നതും അനന്തവുമത്രെ. ആദ്യത്തേതിന്റെ അസ്തിത്വത്തിനു പ്രത്യക്ഷജ്ഞാനം തന്നെ പ്രമാണം. രണ്ടാമത്തേതിന്റെ (അന്തരീക്ഷത്തിന്റെ) അസ്തിത്വം യുക്തിക്കൊണ്ടു് അനുമേയമാകുന്നു. എന്തെന്നാൽ അന്തരീക്ഷമില്ലാതെ വസ്തുക്കൾക്കോ ശരീരങ്ങൾക്കോ ചലിക്കുക സാദ്ധ്യമല്ലല്ലോ. വസ്തുവും അന്തരീക്ഷവും എന്ന രണ്ടിനും പുറമേ വേറൊന്നും അനുമാനഗോചരങ്ങളായിട്ടുപോലുമില്ല. ശരീരം അഥവാ വസ്തു ഒന്നുകിൽ യോഗങ്ങളോ (Compounds) അല്ലെങ്കിൽ യോഗങ്ങളായി പരിണമിക്കാവുന്ന മൂലകങ്ങളോ (Elements) ആയിരിക്കും. ഈ മൂലകങ്ങൾ അവിഭാജ്യങ്ങളാകുന്നു. ശൂന്യതയിൽനിന്നു് ഒന്നും ഉണ്ടാകുന്നില്ല. ഒന്നും ശൂന്യതയിൽ ലയിക്കുന്നുമില്ല. പ്രപഞ്ചം ഇപ്പോഴത്തെപ്പോലെതന്നെ എന്നും. അതിന്റെ പ്രവർത്തനത്തിനും പ്രപഞ്ചബാഹ്യമായ ഒരു ശക്തിയുടെയും ആവശ്യമില്ല. മരണാനന്തരം ശരീരം വിഘടിച്ചുപോകുന്നു. ഒന്നും അവശേഷിക്കുന്നില്ല.
ഐന്ദ്രീയാനുഭൂതിയാണു് നന്മതിന്മകളുടെ മാനദണ്ഡം. സൗഖ്യം (Happiness) മനസ്സിന്റെ സ്വസ്ഥതയിൽ സ്ഥിതി ചെയ്യുന്നു. പ്രത്യക്ഷജ്ഞാനമേ പ്രമാണമാക്കേണ്ടതുള്ളു. ഏറ്റവും ഉൽകൃഷ്ടമായ ആനന്ദം പരസ്പരമൈത്രികൊണ്ടുണ്ടാകും. ഇത്രയുമാണു് ‘എപ്പിക്യൂറിയൻ’ തത്ത്വദർശനത്തിന്റെ ചുരുക്കം. ഇന്നത്തെ ശാസ്ത്രദൃഷ്ടിക്കൊണ്ടു നോക്കുമ്പോൾ ഇതിൽ ചില കുറവുകൾ കണ്ടേക്കാം.
ഡെമൊക്രിറ്റസി ന്റെ അണുസിദ്ധാന്തം എപ്പിക്യൂറിയസ്സിനു പ്രചോദനം നൽകിയിട്ടുണ്ടു്. പ്രപഞ്ചം സ്വഭാവേന പ്രവർത്തിക്കുന്നുവെന്നു ആശയവും ‘സ്വഭാവവസ്തു പ്രവർത്തതേ’ എന്ന ഗീതാവചനവും തത്ത്വത്തിൽ ഒന്നുതന്നെയല്ലേ? പക്ഷേ, ഗീതാകാരനെപ്പോലെ ബോധപൂർവമായ ഒരു നിയാമകശക്തിയെ എപ്പിക്യൂറസ് അംഗീകരിക്കുന്നില്ല. കേരളത്തിലെ ആനന്ദവാദികളുടെ ‘മനഃസ്വസ്ഥതാ ഏവ ആനന്ദഃ’ എന്ന തത്ത്വത്തിൽ എപ്പിക്യൂറിയൻ പ്രമാണം പ്രതിഫലിച്ചിരിക്കുന്നതു നോക്കുക. കേവലം വൈഷയികമായ ക്ഷുദ്രസുഖത്തെയല്ല ഈ ഭൗതികവാദം പഠിപ്പിക്കുന്നതെന്നു് ഇത്രയും കൊണ്ടു തെളിഞ്ഞുകഴിഞ്ഞല്ലോ. വാസ്തവത്തിൽ പ്രസ്തുത പ്രസ്ഥാനത്തിന്റെ മൗലികാധിഷ്ഠാനം നൈതികമാണെന്നു പറയാം. മനുഷ്യനെ വിഭ്രമിപ്പിക്കുന്ന ദൈവഭീതിയും മരണഭീതിയും നീക്കം ചെയ്യണമെന്നതായിരുന്നു എപ്പിക്യൂറസ്സിന്റെ ഉദ്ദേശ്യം. മരണം ഒരു ദീർഘനിദ്രയാണെന്നും അതിനെ ഭയപ്പെടേണ്ടതില്ലെന്നും അദ്ദേഹം ഉപദേശിച്ചു. അടിസ്ഥാനരഹിതമായ പലതരം ഭയം കൊണ്ടു മനുഷ്യൻ വെറുതേ കഷ്ടതയനുഭവിക്കയാണു്. എന്തു വേദന നേരിട്ടാലും നാം അതു സഹിക്കാൻ ശീലിക്കയും അതിനു വേണ്ട മനക്കരുത്തു സമ്പാദിക്കയും വേണം. നന്മ എന്നു പറയുന്നതു ജീവിതസൗഖ്യമാണു് അതു നേടാൻ നിങ്ങൾ ആശകളെ നിയന്ത്രിക്കയും എല്ലാത്തരം ഭീതിയിൽനിന്നും മുക്തരാകയും ചെയ്യുക. ആഹാരാദികാര്യങ്ങളിൽ മിതത്വം പാലിച്ചു ആരോഗ്യം സംരക്ഷിക്കക. ആത്മസംയമത്തോടെ മനസ്സുസ്വസ്ഥമാക്കിവച്ചുകൊണ്ടിരിക്കുക. അപ്പോൾ ജീവിതം സൗഖ്യസമ്പൂർണമാകും. ഈ സൗഖ്യംതന്നെയാണു് ജീവിതത്തിന്റെ ലക്ഷ്യം. ഇതായിരുന്നു എപ്പിക്യൂറസ് ശിഷ്യർക്കു നൽകിയ സന്ദേശം. ഇതിൽ ആർക്കു് എന്തു ദോഷം കാണാൻ കഴിയും? കാലക്രമേണ ഈ ചിന്താപ്രസ്ഥാനം ബുദ്ധിപരമായ പുരോഗതിയില്ലാതെ സിദ്ധാന്തബദ്ധമായിത്തീർന്നു ദുഷിച്ചുപോയി എന്നതു വാസ്തവമാണു്. അതിനു എപ്പിക്യൂറസ് ഉത്തരവാദിയല്ലല്ലോ?
മനനമണ്ഡലം 1963.
ജനനം: 1-8-1900
പിതാവു്: ഊരുമനയ്ക്കൽ ശങ്കരൻ നമ്പൂതിരി
മാതാവു്: കുറുങ്ങാട്ടു് ദേവകി അമ്മ
വിദ്യാഭ്യാസം: വിദ്വാൻ പരീക്ഷ, എം. എ.
ആലുവാ അദ്വൈതാശ്രമം ഹൈസ്ക്കൂൾ അദ്ധ്യാപകൻ, ആലുവ യൂണിയൻ ക്രിസ്ത്യൻ കോളേജ് അദ്ധ്യാപകൻ, കേരള സാഹിത്യ അക്കാദമി പ്രസിഡന്റ് 1968–71, കേന്ദ്ര സാഹിത്യ അക്കാദമി അംഗം, ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടു് ഭരണസമിതിയംഗം, കേരള സർവ്വകലാശാലയുടെ സെനറ്റംഗം, ബോർഡ് ഓഫ് സ്റ്റഡീസ് അംഗം, പാഠ്യ പുസ്തക കമ്മിറ്റി കൺവീനർ (1958), ബാല സാഹിത്യ ശില്പശാല ഡയറക്ടർ (1958), ‘ദാസ് ക്യാപിറ്റൽ’ മലയാളപരിഭാഷയുടെ ചീഫ് എഡിറ്റർ, കേരള സാഹിത്യ സമിതി പ്രസിഡന്റ്.
സാഹിതീയം, വിചാരവിപ്ലവം, വിമർശ രശ്മി, നിരീക്ഷണം, ഗ്രന്ഥാവലോകനം, ചിന്താതരംഗം, മാനസോല്ലാസം, മനന മണ്ഡലം, സാഹിതീകൗതുകം, നവദർശനം, ദീപാവലി, സ്മരണമഞ്ജരി, കുറ്റിപ്പുഴയുടെ തിരഞ്ഞെടുത്ത ഉപന്യാസങ്ങൾ, വിമർശ ദീപ്തി, യുക്തിവിഹാരം, വിമർശനവും വീക്ഷണവും, കുറ്റിപ്പുഴയുടെ പ്രബന്ധങ്ങൾ—തത്വചിന്ത, കുറ്റിപ്പുഴയുടെ പ്രബന്ധങ്ങൾ—സാഹിത്യവിമർശം, കുറ്റിപ്പുഴയുടെ പ്രബന്ധങ്ങൾ— നിരീക്ഷണം.
ചരമം: 11-2-1971