“തസ്മാച്ഛാസ്ത്രം പ്രമാണം തേ”—അതുകൊണ്ടു് ശാസ്ത്രമാണു് നിനക്കു് പ്രമാണം എന്നു് ഗീതാകാരൻ പറയുന്നു. പക്ഷേ, അന്നു് ശാസ്ത്രമെന്നു് പറഞ്ഞാൽ ശ്രുതിസ്മൃതിപുരാണാദിയെന്നാണു് അർത്ഥം. ഇന്നു് അതൊക്കെ മാറിയിരിക്കുന്നു. സയൻസാണു് ഇന്നത്തെ ശാസ്ത്രം. അതുതന്നെയാണു് നമുക്കു് പ്രമാണം. അതാണു് ജ്ഞാനസാധനമാകേണ്ടതും. മതവും തത്ത്വശാസ്ത്രവും എത്രയോ നൂറ്റാണ്ടുകളോളം മനുഷ്യന്റെ വിജ്ഞാനമാർഗത്തിൽ പ്രവർത്തിച്ചു. എന്നിട്ടും ജീവിതപുരോഗതിക്കാവശ്യമായ വെളിച്ചം അവൻ കണ്ടെത്തിയില്ല. മനുഷ്യൻ സംശയിക്കാനും ചോദ്യം ചെയ്യാനും അന്വേഷിക്കാനും തുടങ്ങിയപ്പോഴാണു് അറിവിന്റെ നുറുങ്ങുകൾ ഓരോന്നായി പുറത്തുവന്നതു്. മതം ഈ ചിന്താശീലത്തിനു് പ്രതിബന്ധമായിരുന്നു. തത്ത്വശാസ്ത്രത്തിനാകട്ടെ, മതത്തിന്റെ പിണിയാളായിരുന്നതിനാൽ സ്വതന്ത്രചിന്മാർഗത്തിൽ സ്വച്ഛന്ദസഞ്ചാരംചെയ്യാൻ കഴിഞ്ഞില്ല. സയൻസിന്റെ നിരീക്ഷണപരീക്ഷണങ്ങളാണു് പ്രായോഗികവും ഫലവത്തുമായ വിജ്ഞാനത്തിന്റെ കവാടോദ്ഘാടനം നടത്തിയതു്. പാസ്ചിയർ ഇൻസ്റ്റിറ്റ്യൂട്ടിലെ വിശ്രുത ശാസ്ത്രജ്ഞനായിരുന്ന മെച്ച്നികാഫ്, മനുഷ്യപ്രകൃതി (The Nature of Man) എന്ന പേരിൽ എഴുതിയിട്ടുള്ള ഒരു പുസ്തകത്തിൽ മതത്തിനും തത്ത്വശാസ്ത്രത്തിനും പറ്റിയ പരാജയത്തെക്കുറിച്ചു് തെളിവുസഹിതം പ്രസ്താവിക്കുന്നുണ്ടു്. മാനുഷികപ്രശ്നങ്ങൾക്കു് പരിഹാരം കാണാൻ ഈ രണ്ടിനും കഴിഞ്ഞിട്ടില്ലെന്നും സയൻസാണു് അതിൽ വിജയിക്കാൻ പോകുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു. മെച്ച്നികാഫിന്റെ അഭിപ്രായത്തോടു് നാം പൂർണമായി യോജിച്ചാലുമില്ലെങ്കിലും മനുഷ്യജീവിതത്തിൽ ശാസ്ത്രജ്ഞാനത്തിനുള്ള മർമപ്രധാനമായ സമുന്നതസ്ഥാനത്തെ ആർക്കും നിഷേധിക്കാവുന്നതല്ല. അജ്ഞാനതിമിരാന്ധമായിരുന്ന ഭൂതകാലത്തിന്റെ പരിമർദനത്തിൽനിന്നു് തികച്ചും മോചനം ലഭിക്കാതെ ഇന്നും മാനവസംസ്കാരം സങ്കുചിതജീവിതവൃത്തങ്ങളിൽ ഞെങ്ങിഞെരുങ്ങിക്കിടക്കയാണല്ലോ. ഏകലോകസംസ്കാരമായി വികസിക്കുന്നതിനുള്ള വിശുദ്ധിയും വ്യാപ്തിയും നമ്മുടെ സംസ്കാരത്തിനുണ്ടാകണമെങ്കിൽ സയൻസിന്റെ ഗായത്രിമന്ത്രംതന്നെ ഉരുവിടേണ്ടിവരും. വിശ്വപൗരത്വത്തെ വാർത്തെടുക്കുന്ന ഒരു നവീനവിജ്ഞാനസംസ്കാരം ഇന്നത്തെ ലോകത്തിൽ വേരുറയ്ക്കേണ്ടിയിരിക്കുന്നു. അതിനു് സയൻസിന്റെ മാർഗമേ അവലംബമായിട്ടുള്ളു. സുപ്രസിദ്ധ ശാസ്ത്രാചാര്യനായ ലൂയി പാസ്ചിയർ, പരീക്ഷണശാലകളെപ്പറ്റി, ‘ഇവയാണു് ഭാവിയിലെ ക്ഷേത്രങ്ങൾ—ജീവിതസുസ്ഥിരതയുടെയും സൗഖ്യത്തിന്റെയും ക്ഷേത്രങ്ങൾ. അവിടെയാണു് മർത്യവർഗം കൂടുതൽ മഹത്വത്തിലും ബലത്തിലും നന്മയിലും വളരുന്നതു്’ (These are the temples of the future, temples of well-being and happiness… where humanity grows greater, stronger, better) എന്നു് പ്രവചിട്ടുള്ളതു് എത്രയും ശരിയാണു്. ഇതേ ആശയം പണ്ഡിറ്റ് നെഹ്റു വും നിസ്സന്ദേഹം ആവർത്തിച്ചുകൊണ്ടിരുന്നു.
(യുക്തിവിഹാരം 1965)
ജനനം: 1-8-1900
പിതാവു്: ഊരുമനയ്ക്കൽ ശങ്കരൻ നമ്പൂതിരി
മാതാവു്: കുറുങ്ങാട്ടു് ദേവകി അമ്മ
വിദ്യാഭ്യാസം: വിദ്വാൻ പരീക്ഷ, എം. എ.
ആലുവാ അദ്വൈതാശ്രമം ഹൈസ്ക്കൂൾ അദ്ധ്യാപകൻ, ആലുവ യൂണിയൻ ക്രിസ്ത്യൻ കോളേജ് അദ്ധ്യാപകൻ, കേരള സാഹിത്യ അക്കാദമി പ്രസിഡന്റ് 1968–71, കേന്ദ്ര സാഹിത്യ അക്കാദമി അംഗം, ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടു് ഭരണസമിതിയംഗം, കേരള സർവ്വകലാശാലയുടെ സെനറ്റംഗം, ബോർഡ് ഓഫ് സ്റ്റഡീസ് അംഗം, പാഠ്യ പുസ്തക കമ്മിറ്റി കൺവീനർ (1958), ബാല സാഹിത്യ ശില്പശാല ഡയറക്ടർ (1958), ‘ദാസ് ക്യാപിറ്റൽ’ മലയാളപരിഭാഷയുടെ ചീഫ് എഡിറ്റർ, കേരള സാഹിത്യ സമിതി പ്രസിഡന്റ്.
സാഹിതീയം, വിചാരവിപ്ലവം, വിമർശ രശ്മി, നിരീക്ഷണം, ഗ്രന്ഥാവലോകനം, ചിന്താതരംഗം, മാനസോല്ലാസം, മനന മണ്ഡലം, സാഹിതീകൗതുകം, നവദർശനം, ദീപാവലി, സ്മരണമഞ്ജരി, കുറ്റിപ്പുഴയുടെ തിരഞ്ഞെടുത്ത ഉപന്യാസങ്ങൾ, വിമർശ ദീപ്തി, യുക്തിവിഹാരം, വിമർശനവും വീക്ഷണവും, കുറ്റിപ്പുഴയുടെ പ്രബന്ധങ്ങൾ—തത്വചിന്ത, കുറ്റിപ്പുഴയുടെ പ്രബന്ധങ്ങൾ—സാഹിത്യവിമർശം, കുറ്റിപ്പുഴയുടെ പ്രബന്ധങ്ങൾ— നിരീക്ഷണം.
ചരമം: 11-2-1971