ബ്രിട്ടിഷ് ഗവണ്മെന്റോ മഹാത്മാഗാന്ധി യോ അല്ല, മതമാണു് ഇന്ത്യയെ ഭരിക്കുന്നതു്. പുരാതനചരിത്രത്തിൽ എത്ര പുറകോട്ടു നോക്കിയാലും ഈ കാഴ്ചതന്നെ കാണാം. ഭാരതം മതത്തിലൂടെ ഉറങ്ങുകയും ഉണരുകയും ചെയ്തുകൊണ്ടിരിക്കുന്നു. ചിന്തയിൽ സ്വാതന്ത്ര്യം, ആചാരത്തിൽ അടിമത്തം; ഇതാണു് ഭാരതീയരുടെ മതജീവിതം. ഇതുകൊണ്ടു് അഭിവൃദ്ധിയും അധഃപതനവും ഉണ്ടായിട്ടുണ്ടു്. മതത്തിന്റെ രസം കലർന്നെങ്കിലേ ഏതിനും ഈ നാട്ടിൽ വളർച്ച ലഭിക്കു. ഈശ്വരനില്ലെന്ന വാദവും ഒരു മതാകൃതിപൂണ്ടാൽ ഇവിടെ ആദരണീയമാകും! മതപരമായ ചിന്തയിലും ആചാരങ്ങളിലും മറ്റെങ്ങും കാണാത്ത വൈവിദ്ധ്യവും വൈചിത്ര്യവുമാണു് ഈ രാജ്യത്തു നിലനിന്നുപോരുന്നതു്. ഹിന്ദുമതം എന്ന പേരുതന്നെ നോക്കുക. ഹിന്ദുകളുടെ മതം എന്നൊരു സാമാന്യാർത്ഥമേ ഈ വാക്കിനുള്ളു. എന്താണു് ഹിന്ദുക്കളുടെ മതം എന്നു ചോദിച്ചാലോ ഉത്തരം പറവാൻ വിഷമിക്കും. എത്രയെത്ര ഭിന്ന മതങ്ങൾ ഹിന്ദുക്കളുടെ ഇടയിൽ പ്രചരിച്ചിരിക്കുന്നു? ഹിന്ദുമതമെന്ന ആ മഹാസമുദ്രത്തിനകത്തു് എന്തെല്ലാം ഉൾപ്പെടുന്നുണ്ടെന്നു് ഇതുവരെ ആരും തിട്ടപ്പെടുത്തിപ്പറഞ്ഞിട്ടില്ല. പരബ്രഹ്മതത്ത്വം മുതൽ പാഷണ്ഡമതം വരെയുള്ള നാനാവിധ സിദ്ധാന്തങ്ങളും ജപധ്യാനയാഗ ഹോമാദിയായി നരബലിപര്യന്തമുള്ള കർമകാണ്ഡപരിപാടികളും ഓങ്കാരം തൊട്ടു് ‘ഭരണിപ്പാട്ടു വരെയുള്ള സങ്കീർത്തനാവലികളും ആ വിശാലവലയത്തിൽ സ്ഥലംപിടിച്ചിരിക്കുന്നു. പരസ്പരവൈപരീത്യങ്ങളുടെ ഒരു സമാഹാരമാണു് മനുഷ്യൻ എന്നൊരു പണ്ഡിതൻ അഭിപ്രായപ്പെട്ടിട്ടുണ്ടു്. ഹിന്ദുമതവും ഏതാണ്ടിതുപോലെയത്രെ അന്യോന്യാഭിഘടനം നടത്തുന്ന സിദ്ധാന്തങ്ങളുടെ സമ്മേളനം ഇതുപോലെ വിചിത്രമായി മറ്റൊരു മതത്തിലുമില്ല. ഏകാനേകദേവത്വം, ദ്വൈതാദ്വൈതം, സുഗുണനിർഗുണബ്രഹ്മം ഇങ്ങനെ ജോടിജോടിയായി എത്രയോ ഉദാഹരണങ്ങളുണ്ടു് ഈശ്വരനും ആത്മാവുമില്ലാത്ത ഒരു മതം വേറൊരിടത്തും ഒരു മതമായി ഗണിക്കപ്പെട്ടിട്ടുണ്ടെന്നു തോന്നുന്നില്ല. അതിനും ഹിന്ദുക്കളുടെ ഇടയിൽ ഒരു സ്ഥാനം ലഭിച്ചു. ഈ പ്രസ്ഥാനത്തിനു് അവരിട്ട പേരാണു് ചാർവാകമതമെന്നതു്. ഇതിനെ അനുകരിച്ചു് വേദപ്രാമാണ്യത്തെ നിഷേധിച്ച ജൈനബുദ്ധമതങ്ങളും ഇന്ത്യയിൽതന്നെയാണല്ലോ പിറന്നതും വളർന്നതും. മതപരമായ ഈ വൈചിത്ര്യം ഭാരതീയ ചിന്താഗതിയിലെ ഒരു ദോഷമായിട്ടില്ല സൂചിപ്പിച്ചതു്. നേരെമറിച്ചു് അതു് ഭാരതീയർക്കു് എന്നെന്നും അഭിമാനിക്കാവുന്ന ബുദ്ധിപരമായ ഒരുത്കൃഷ്ടഗുണമാകുന്നു. എന്തെന്നാൽ ഇതരമതസ്ഥർക്കു് ഒരിക്കലും ലഭിച്ചിട്ടില്ലാത്തതും ഇന്നു ലോകം കൊണ്ടാടുന്നതുമായ വിചാരസ്വാതന്ത്ര്യത്തെയാണു് അതു പ്രത്യക്ഷ്യമാക്കുന്നതു്. സ്വാർത്ഥലോലുപരായ പുരോഹിതന്മാർ മനുഷ്യസമുദായത്തിൽനിന്നു് മനഃപ്പുർവം മാറ്റിനിർത്തിയിട്ടുള്ള ഈ വിലയേറിയ ചിന്താസ്വാതന്ത്ര്യത്തെ ഇന്ത്യയിൽ ആദ്യമായവതരിപ്പിച്ചതു ചാർവാകമതമാകുന്നു.
പ്രസ്തുത മതത്തിന്റെ ആവിർഭാവത്തിനുമുമ്പുള്ള വൈദിക കാലഘട്ടം പരിശോധിച്ചെങ്കിൽ മാത്രമേ, ഇതിന്റെ ചരിത്രപരമായ പ്രാധാന്യം വെളിപ്പെടുകയുള്ളു. അപൗരുഷേയത്വം, അപ്രമാദിത്വം മുതലായി വേദങ്ങളെ സംബന്ധിച്ചുള്ള അന്ധവിശ്വാസങ്ങൾ അടിയുറച്ച ഒരു കാലമായിരുന്നു അതു്. വേദവിരുദ്ധമായ വിചാരംതന്നെ നിഷിദ്ധമായി. ഉപനിഷത്ഗ്രന്ഥങ്ങളിൽ താത്ത്വികമായ അന്വേഷണബുദ്ധി പ്രതിഫലിച്ചിരുന്നെങ്കിലും അവയും വേദപ്രാമാണ്യത്തിനു് അടിപ്പെട്ടുപോയി. പുരോഹിതന്മാർക്കായിരുന്നു സർവാധിപത്യം. ഈശ്വരൻ, ആത്മാവു് മുതലായ വിഷയങ്ങളെപ്പറ്റിയുള്ള ഉപനിഷൽസൂക്തങ്ങൾ സാമാന്യജനങ്ങൾക്കു ദുർഗ്രഹങ്ങളും മതിഭ്രാമകങ്ങളുമായി അനുഭവപ്പെട്ടു. പ്രപഞ്ചം, മിഥ്യ, സംസാരം, ദുഃഖമയം, ഇഹലോകം നിസ്സാരം, പരലോകം പ്രധാനം, ശരീരം നികൃഷ്ടം, ആത്മാവു് ഉൽകൃഷ്ടം ഇത്യാദി പ്രത്യക്ഷാനുഭവവിരുദ്ധങ്ങളായ ആശയങ്ങൾ സാമാന്യജനതയിൽ ഒരു വിഷാദാത്മകത്വവും നൈരാശ്യവുമാണു് ഉളവാക്കിയതു്. മൃഗബലി, മന്ത്രോച്ചരണം യാഗഹോമങ്ങൾ തുടങ്ങിയവയെ സ്വർഗദ്വാരകവാടങ്ങളാക്കി കാണിച്ചു് പുരോഹിതന്മാർ ധനാപഹരണം നടത്തിപ്പോന്നു. ഇങ്ങനെ ദുഷിച്ചുപോയ വൈദികകാലത്തിന്റെ അവസാനഘട്ടത്തിൽ യുദ്ധങ്ങളും അന്തഃഛിദ്രങ്ങളുംകൊണ്ടു് ജനങ്ങളുടെ സ്വസ്ഥജീവിതം ധ്വസ്തമായതോടുകൂടി അവരുടെ വൈദികമതവിശ്വാസം ശിഥിലമായിത്തുടങ്ങി. ഇങ്ങനെയൊരു പരിതഃസ്ഥിതിയിലാണു് ഭൗതികവാദപ്രധാനമായ ചാർവാകമതത്തിന്റെ ഉല്പത്തി. ഇരുട്ടിൽ കൊളുത്തിയ ദീപംപോലെ അതു ജനതയുടെ ബുദ്ധിക്കു വെളിച്ചം കൊടുത്തു. വൈദികമതസംബന്ധമായ സകലതിനെയും ചോദ്യംചെയ്തു കൊണ്ടും അപഹസിച്ചുകൊണ്ടുമായിരുന്നു അതിന്റെ പുറപ്പാടു്. തൽഫലമായി സംശയിക്കുവാനും അന്വേഷിക്കുവാനുമുള്ള സ്വതന്ത്രമനോഭാവം ജനങ്ങളിൽ അങ്കുരിച്ചു. ചുരുക്കത്തിൽ വൈദികത്വത്തെ വെല്ലുവിളിച്ച ഒരു വിചാരവിപ്ലവമാണു് ചാർവ്വാകമതം, അഥവാ മതത്തിൽനിന്നും മോചനം നേടാനുള്ള മതമെന്നു പറയാം. വേദങ്ങളുടെ പ്രാമാണ്യവും ഈശ്വരസത്തയും ആത്മാവിന്റെ അനശ്വരത്വവും ഇന്ത്യയിലെ തത്ത്വാന്വേഷണത്തെ ഒരു ക്ലിപ്തവൃത്തത്തിൽ തടഞ്ഞുനിർത്തിയ കോട്ടകളാകുന്നു. വിശ്രുതരായ ദാർശനികന്മാർക്കുപോലും ഇവയെ ഭേദിക്കാൻ ധൈര്യമുണ്ടായിട്ടില്ല. സാംഖ്യദർശനകാരനായ കപിലൻ അതിപ്രശസ്തനായ ഒരു യുക്തിവാദിയായിരുന്നെങ്കിലും അദ്ദേഹവും വേദപ്രാമാണ്യത്തെ അയുക്തമാംവണ്ണം വകവച്ചുകൊടുത്തു. അഭേദ്യങ്ങളെന്നു കരുതപ്പെടുന്ന ഈ മൂന്നു കോട്ടകളെയും തകർക്കുവാൻ ചാർവാകന്മാർക്കേ ധൈര്യമുണ്ടായുള്ളു അവർ വെട്ടിത്തുറന്ന സ്വതന്ത്രപന്ഥാവിനെത്തുടർന്നാണു് ജൈനബുദ്ധമതങ്ങൾ ആവിർഭവിച്ചതു്.
ഇത്രയും പ്രാധാന്യമുള്ള ഒരു മതം നാസ്തികവാദം പുറപ്പെടുവിച്ചു എന്ന കാരണത്താൽ അനന്തരകാലത്തു് അഗണ്യകോടിയിൽ തള്ളപ്പെട്ടു. തന്മൂലം പ്രസ്തുത മതത്തിന്റെ ചരിത്രം മിക്കവാറും അവ്യക്തമായിരിക്കുന്നു. ബി. സി. 600 മുതൽ എ. ഡി. 200 വരെയുള്ള ഇതിഹാസകാലഘട്ടത്തിലാണു് ചാർവാക–ജൈന–ബുദ്ധമതങ്ങൾ ഉണ്ടായതെന്നു പ്രൊഫസർ രാധാകൃഷ്ണൻ അഭിപ്രായപ്പെടുന്നു. ഏറ്റവും പഴക്കമുള്ള ബുദ്ധമതഗ്രന്ഥങ്ങളിൽ ചാർവാകമതത്തെപ്പറ്റി പ്രസ്താവിക്കുന്നുണ്ടു്. പ്രസിദ്ധങ്ങളായ സാംഖ്യയോഗാദി ഷഡ്ദർശനങ്ങളെക്കാൾ ഇതിനു പഴക്കമുണ്ടെന്നു ചിലർ പറയുന്നു. ബ്രഹ്മസൂത്രം തൃതീയാദ്ധ്യായത്തിൽ ഐകാത്മാധികരണമെന്ന പേരിലുള്ള രണ്ടു സൂത്രങ്ങൾ ചാർവാകമതസിദ്ധാന്തത്തെ പരാമർശിക്കുന്നവയാണു്. അവയുടെ ഭാഷ്യത്തിൽ ശങ്കരാചാര്യർ ഇതിനെ ഖണ്ഡിച്ചിട്ടുമുണ്ടു്. ‘ലളിതവിസ്തരം’ എന്ന കൃതിയിൽ ബുദ്ധമുനി പഠിച്ച ഗ്രന്ഥങ്ങളെപ്പറ്റി പറയുന്നിടത്തു് ‘ബാർഹസ്പത്യം’ എന്നൊരു പേരുള്ളതായി പറയപ്പെടുന്നു ബാർഹസ്പത്യമെന്ന പേരു് ചാർവാകമതത്തിന്റെ പര്യായമാണു് ഇതിൽനിന്നു ബുദ്ധമുനിയുടെ കാലത്തിനു വളരെ മുമ്പുതന്നെ ഈ മതം പ്രചരിച്ചിരുന്നു എന്നു് ഊഹിക്കാം. ആസ്തികന്മാരായ മതപണ്ഡിതന്മാരുടെ അധിക്ഷേപത്തിനും ഖണ്ഡനത്തിനും അടിക്കടി പാത്രമായിക്കാണുന്നതുകൊണ്ടുതന്നെ ഇതിനു് ഒരു കാലത്തു് തുലോം പ്രചാരമുണ്ടായിരുന്നു എന്നു തെളിയുന്നു. മനു ഏതന്മതാനുയായികളെ നാസ്തികന്മാരെന്നും പാഷണ്ഡന്മാരെന്നും വിളിച്ചാക്ഷേപിച്ചിട്ടുണ്ടു് ഇതിഹാസഗ്രന്ഥങ്ങളിലും ഇക്കൂട്ടർ പരാമൃഷ്ടരായിരിക്കുന്നു.
ചാർവാകമതത്തിന്റെ പ്രമാണഗ്രന്ഥമായി ഗണിക്കപ്പെടുന്നതു് ബൃഹസ്പതിസൂത്രങ്ങളാണു് ഈ സൂത്രങ്ങൾ ഇതുവരെ ഗ്രന്ഥരൂപത്തിൽ കണ്ടു കിട്ടിയിട്ടില്ല. ഇതു് ഇൻഡ്യയ്ക്കു നേരിട്ട വലിയൊരു നഷ്ടമാണെന്നു മാക്സ്മുള്ളർ പറയുന്നു. ഇതരഗ്രന്ഥങ്ങളിലെ പരാമർശങ്ങളിൽനിന്നു മാത്രമേ പ്രസ്തുത സൂത്രങ്ങളെപ്പറ്റി അറിവാൻ കഴിയുന്നുള്ളു. പാണിനിക്കു് ഈ സൂത്രങ്ങൾ പരിചിതങ്ങളായിരുന്നുപോൽ. മൂലഗ്രന്ഥം നഷ്ടപ്പെട്ടുപോയെങ്കിലും ഈ മതം പഠിക്കുവാൻ വേറെ ചില ഗ്രന്ഥങ്ങൾ നമ്മെ സഹായിക്കുന്നുണ്ടു്. പതിന്നാലാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന മാധവാചാര്യർ എഴുതിയ സർവദർശനസംഗ്രഹവും ശങ്കരാചാര്യരു ടേതെന്നു വിശ്വസിക്കപ്പെടുന്ന സർവസിദ്ധാന്തസംഗ്രഹവുമാണു് ഇവയിൽ പ്രധാനങ്ങൾ. കൂടാതെ മധുസൂദനന്റെ ‘പ്രസ്ഥാനഭേദ’ത്തിലും തിരുവനന്തപുരം ഗ്രന്ഥാവലിയിൽപ്പെട്ട ‘സർവമതസംഗ്രഹം’ എന്നൊരു കൃതിയിലും ഇതിനെപ്പറ്റി നിരൂപണം കാണുന്നുണ്ടു്. പ്രബോധചന്ദ്രോദയം സംസ്കൃതനാടകത്തിന്റെ രണ്ടാമങ്കത്തിൽനിന്നു് ഈ മതത്തെപ്പറ്റി കുറെയൊക്കെ ഗ്രഹിക്കാവുന്നതാണു്.
ചാർവാകമതം—എന്ന പേരു് ഇതിനെങ്ങനെ സിദ്ധിച്ചു എന്നാലോചിക്കാം. സൂത്രകർത്താവെന്ന നിലയിൽ ബൃഹസ്പതിയെ ഈ മതത്തിലെ പ്രഥമാചാര്യനായി ഗണിക്കാമെങ്കിലും ചാർവ്വാകൻ എന്ന പേരാണു മതസ്ഥാപകന്റേതായി പ്രസിദ്ധമായിരിക്കുന്നതു്. ബൃഹസ്പതിയുടെ ശിഷ്യനാണു് ചാർവ്വാകൻ എന്നൂഹിക്കപ്പെടുന്നു. സ്ഥാപകന്റെ നാമത്തെ അനുകരിച്ചു് തദനുയായികളെ ചാർവ്വാകന്മാർ എന്നു വിളിക്കുന്നു എന്നു് രാധാകൃഷ്ണനും അഭിപ്രായപ്പെടുന്നുണ്ടു്. ഇതൊരു രാക്ഷസന്റെ പേരാണെന്നു ചില പ്രസ്താവങ്ങൾ കാണുന്നതു് നാസ്തികത്വത്തോടുള്ള വിദ്വേഷത്തിന്റെ സൂചന മാത്രമാണു്. വൈദികത്വത്തിനു വിരുദ്ധമായി പെരുമാറുന്നവരെ രാക്ഷസന്മാരാക്കുന്ന പതിവു് ഇൻഡ്യയിൽ പണ്ടേ ഉള്ളതാണല്ലോ. ചാർവ്വാകൻ മതപ്രചരണത്തിനായി പ്രത്യേകം യത്നിച്ചതുകൊണ്ടും അക്കാലത്തു് ഇതിനു കൂടുതൽ പ്രാബല്യം സിദ്ധിച്ചതുകൊണ്ടുമായിരിക്കാം ഗുരുവിനെവിട്ടു് ഈ ശിഷ്യനെ മതസ്ഥാപകനായി കരുതുന്നതു്. ഏതായാലും ചാർവ്വാകൻ എന്ന പേരു് മതസ്വഭാവത്തെ അടിസ്ഥാനമാക്കി നടപ്പായതാണെന്നു വിചാരിക്കാൻ ന്യായമുണ്ടു്. എന്തെന്നാൽ ഈ പദത്തിനുതന്നെ അങ്ങനെയൊരർത്ഥം കല്പിക്കാം. വാചസ്പത്യത്തിൽ ചാർവ്വാകപദത്തെ ഇങ്ങനെ വ്യാഖ്യാനിക്കുന്നു. ‘ചാരുഃ ലോകസമ്മതോ വാകഃ വാക്യം യസ്യ സഃ ചാർവകൻ.’ പ്രത്യക്ഷാനുഭവത്തിനു യോജിച്ചതും തന്മൂലം സാമാന്യജനങ്ങൾക്കു് എളുപ്പം മനസ്സിലാക്കാവുന്നതുമാകയാൽ ഈ മതത്തിനു ലോകസമ്മതി ലഭിച്ചിരിക്കണം. ഈ അർത്ഥത്തിലാണു് ‘ചാരു’ പദപ്രദയോഗം.
ലോകായതം എന്നതു് ഇതിന്റെ വേറൊരു പര്യായമാണു് പ്രത്യക്ഷലോകത്തിലേക്കു തിരിഞ്ഞിട്ടുളളതു് ‘Directed to the world of senses’ എന്ന ഈ പദത്തെ വ്യാഖ്യാനിച്ചുകൊണ്ടു് രാധാകൃഷ്ണൻ ഇംഗ്ലീഷിൽ അതിനു സമാനപദമായി ‘മെറ്റിയിരിലിസം’ എന്നു പ്രയോഗിച്ചിരിക്കുന്നു. ‘ഇഹലോകകാര്യങ്ങൾക്കു പ്രാധാന്യം കല്പിച്ചിരിക്കുന്ന മതം’ എന്നു സാരം ‘ലോകേഷ്വായതം വിസ്തീർണം ലോകായതം അനായാസസാ ധൃത്വാൽ’ (നിഷ്പ്രയാസം മനസ്സിലാക്കി അനുവർത്തിക്കാവുന്നതുകൊണ്ടു ലോകരുടെയിടയിൽ വ്യാപിച്ചതു്) എന്നു വാചസ്പത്യത്തിൽ കാണുന്നു. ഇങ്ങനെ ലോകായതത്വത്തെ അടിസ്ഥാനമാക്കി ‘ലോകായതികന്മാർ’ എന്നും ചാർവാകന്മാർക്കു പേരുണ്ടായി.
ലോകായതികന്മാർ ഈശ്വരനെയും ആത്മാവിനെയും നിഷേധിക്കുന്നവരാണെന്നു മുമ്പു സൂചിപ്പിച്ചുവല്ലോ. പ്രത്യക്ഷം, അനുമാനം, ഉപമാനം ശാബ്ദം ഇത്യാദി പല ജ്ഞാനപ്രമാണങ്ങളെയും ദാർശനികന്മാർ അംഗീകരിച്ചിട്ടുണ്ടു്. എന്നാൽ ലോകായതികൻ ഇവയിൽ ഇന്ദ്രിയ പ്രത്യക്ഷത്തെ മാത്രമേ സ്വീകരിക്കുന്നുള്ളു. പ്രത്യക്ഷത്തിൽ അടങ്ങുന്നു എന്ന കാരണത്താൽ അനുമാനത്തെ തള്ളിക്കളഞ്ഞിരിക്കയാണു്. ഇന്ദ്രിയപ്രത്യക്ഷത്തിനു വിഷയമാകാത്ത ഒന്നും അവർക്കു സ്വീകാര്യമല്ല. ഈശ്വരനും ആത്മാവും പ്രത്യക്ഷവിഷയങ്ങളല്ലല്ലോ. അർത്ഥകാമങ്ങൾ മാത്രമേ പുരുഷാർത്ഥങ്ങളായി ഗണിക്കപ്പെട്ടിട്ടുള്ളു. ധർമ്മരോഷങ്ങളെപ്പറ്റി ഒന്നും പറഞ്ഞുകാണുന്നുമില്ല. ആത്മാവില്ലാത്ത സ്ഥിതിക്കു് മോക്ഷം ആവശ്യമില്ലല്ലോ ‘ദേഹോച്ഛേദോ മോക്ഷഃ’ (ദേഹനാശം തന്നെയാണു് മോക്ഷം) എന്നു് ഒരിടത്തു പറഞ്ഞിരിക്കുന്നു. മരിച്ചാൽ പിന്നെ ഒന്നും അവശേഷിക്കുന്നില്ല. ഇഹലോകസുഖം കഴിയുന്നിടത്തോളം അനുഭവിക്കുക എന്നതു മാത്രമാണു് ജീവിതലക്ഷ്യം. പ്രപഞ്ചം ദുഃഖാത്മകമാണെന്നു കരുതി സുഖം അനുഭവിക്കാതിരിക്കുന്നതു വിഡ്ഢിത്തമാണെന്നത്രെ ചാർവാകസിദ്ധാന്തം.
“ത്യാജം സുഖം വിഷയസംഗമജന്മപുംസാം
ദുഃഖോപസൃഷ്ടമിതി മുർഖവിചാരണൈഷാ
വ്രീ ഹീൻ ജിഹാസതി സിതോത്തമണ്ഡുലാഢ്യൻ
കോ നാമ ഭോസ്തുഷകണോപഹിതാൻ
ഹിതാർത്ഥീ”
(ദുഃഖസ്പൃഷ്ടമെന്നു കരുതി വിഷയസുഖം ത്യജിക്കണമെന്നു പറയുന്നതു വെറും മൂഢവിചാരമാണു്. ഉമിയുണ്ടെന്നു കരുതി ഒന്നാംതരം അരിയുള്ള നെല്ലു് ആരെങ്കിലും ഉപേക്ഷിക്കാറുണ്ടോ?) സംസാരം ദുഃഖത്തെപ്പറ്റി ഡിണ്ഡിമം മുഴക്കുന്ന വേദാന്തത്തിനോടുള്ള ഒരെതിർപ്പാണു് ഇതെന്നു സ്പഷ്ടമാണല്ലോ ആത്മാവും ഈശ്വരനും ഇല്ലെങ്കിൽപ്പിന്നെ ആ പ്രപഞ്ചം ചൈതന്യയുക്തമായതെങ്ങനെ? പഞ്ചഭൂതങ്ങളിൽ ആകാശമൊഴിച്ചുള്ള നാലെണ്ണത്തെ മാത്രമേ ചാർവാകന്മാർ അംഗീകരിച്ചിട്ടുള്ളു. ആ ചതുർഭൂതങ്ങളുടെ സങ്കലനത്തിൽ ദ്രവ്യം പുളിക്കുമ്പോൾ അതിൽനിന്നു ലഹരിയുണ്ടാകുന്നതുപോലെ ചൈതന്യം സ്വയം—പ്രപഞ്ചസ്വഭാവത്തിൽ—ഉത്ഭവിക്കുന്നു എന്നാണു് അവരുടെ വാദം:
‘അത്ര ചത്വാരി ഭൂതാന
ഭൂമിവാര്യനലാനിലാഃ
ചതുർഭ്യഃ ഖലു ഭൂതേഭ്യ-
ശ്ചൈതന്യമുപജായതേ,
കിണ്വാദിഭ്യസ്സമോതോഭ്യോ
ദ്രവ്യേഭ്യോ മദശക്തിവൽ’
ഇതിനു സ്വഭാവവാദം എന്ന പേരും നടപ്പായിട്ടുണ്ടു്.
ചാർവാകസിദ്ധാന്തങ്ങളിൽ ഏറ്റവും മുഖ്യവും ഇന്നത്തെ ശാസ്ത്രീയത്വത്തോടു് അടുത്തുവരുന്നതുമായ ഒന്നാണു് ദേഹാത്മവാദം.
അഹം സ്ഥൂലഃ കൃശോഽസ്മീതി
സാമാനാധികാണ്യതഃ
ദേവസ്ഥൗല്യാദിയോഗാച്ച
സ ഏവാത്മാ ന ചാപരഃ
മേ ദേഹോഽയമിത്യുക്തിഃ
സംഭവേദൗപചാരികീ.
ചൈതന്യയുക്തമായ ദേഹംതന്നെയാണു് ആത്മാവു്. തദ്വ്യതിരിക്തമായി മറ്റൊന്നില്ല. ‘ഞാൻ എന്ന ശബ്ദം ദേഹത്തെ കുറിക്കുന്നതാണെങ്കിൽ എന്റെ ദേഹം എന്നു് എങ്ങനെ പറയാമെന്നു തർക്കിക്കുന്ന പക്ഷം അതു് ഔപചാരികമാണെന്നു സമാധാനം. വൃക്ഷത്തിൽ ശാഖയുൾപ്പെടുന്നുണ്ടെങ്കിലും വൃക്ഷത്തിന്റെ ശാഖയെന്നു് നാം പറയാറില്ലേ? അതുപോലിവിടെയും ഔപചാരികമാണു് വ്യവഹാരം. ഈ വാദത്തിനു് അടിസ്ഥാനമായി ചാർവാകന്മാർ കൊണ്ടുവരുന്ന യുക്തിവിചാരം പ്രത്യേകം ശ്രദ്ധേയമാണു്. ദേഹാതാരിക്തമായി പ്രത്യേകം ഒരാത്മാവുണ്ടെന്നു പറയുന്ന ആത്മാവാദികളുടെ വാദത്തിനു് അടിസ്ഥാനം ശരീരസ്ഥങ്ങളായ പ്രാണചൈതന്യസ്മൃത്യാദികൾ ആത്മാവിന്റെ ധർമ്മങ്ങളാണെന്ന ന്യായമാണല്ലോ. എന്നാൽ, ഇവ ആത്മധർമ്മങ്ങളല്ല, ദേഹധർമ്മങ്ങൾ മാത്രമാണെന്നു ചാർവാകന്മാർ എതിർവാദം ചെയ്യുന്നു. ‘യദ്ധി യസ്മിൻ സതി ഭവത്യസതി ച ന ഭവതി, തൽ തദ്ധർമ്മത്വേനാധ്യാവസീയതേ, യഥാഗ്നിധർമ്മാവൗഷ്ണ്യ പ്രകാശൗ’ എന്നിങ്ങനെ ഈ വാദത്തെ ശങ്കരഭാഷ്യത്തിൽ സംക്ഷേപിച്ചിട്ടുണ്ടു്. ദേഹഭാവത്തിൽ സ്ഥിതിയും തദഭാവത്തിൽ നാശവുമുള്ളവയാണല്ലോ പ്രാണചേഷ്ടാസ്മൃത്യാദികൾ. അതുകൊണ്ടു് അവ അഗ്നിയുടെ അഭാവത്തിൽ നശിച്ചുപോകുന്ന തദ്ധർമ്മങ്ങളായ ഔഷ്ണ്യപ്രകാശങ്ങളെപ്പോലെ, ദേഹധർമ്മങ്ങളായിത്തന്നെ ഗണിക്കപ്പെടേണ്ടവയാണെന്നു ചുരുക്കം. ദേഹധർമ്മങ്ങളല്ലെങ്കിൽ ദേഹനാശത്തിനു ശേഷവും ഈ പ്രാണചേഷ്ടാദികൾക്കു സ്ഥിതിയുണ്ടാകേണ്ടതാണു് അങ്ങനെ കാണാത്തതുകൊണ്ടു് അവ അന്യമായ ഒന്നിന്റെ ധർമ്മങ്ങളാകാൻ വഴിയില്ല. ശരീരനാശത്തിൽ ആത്മസൂചകമായി യാതൊന്നും തന്നെ അവശേഷിക്കുന്നില്ലെന്നുള്ള ഇന്നത്തെ ജീവശാസ്ത്രകാരന്മാരുടെ അഭിപ്രായം ഈ ഘട്ടത്തിൽ സ്മരണീയമത്രേ. ‘വ്യഹിരേകസ്തദ്ഭാവാഭാവിത്വാ, ന്നതുപലബ്ധിവൽ’ എന്ന ബ്രഹ്മസൂത്രവാക്യം ചാർവാകന്മാരുടെ ഈ ദേഹാത്മവാദത്തിനൊരു മറുപടിയാണു് ഇതിന്റെ വ്യാഖ്യാനത്തിലാണു് ശങ്കരാചാര്യർ തന്മതഖണ്ഡനം നിർവ്വഹിച്ചിരിക്കുന്നതു്. പ്രാണചേഷ്ടാദികൾ ദേഹധർമ്മങ്ങളാണെങ്കിൽ മൃതാവസ്ഥയിൽ ദേഹമുള്ളപ്പോഴും അവ കാണപ്പെടേണ്ടതാണെന്നും അങ്ങനെ കാണായ്കയാൽ അവ തദ്ധർമ്മങ്ങളല്ലെന്നും യാവദ്ദേഹം സ്ഥിതിചെയ്യുന്ന രൂപാദികൾ മാത്രമാണു് ശരീരധർമങ്ങളെന്നും മറ്റുമത്രേ ഭാഷ്യത്തിലെ പ്രതിവാദസംക്ഷേപം പ്രാചീനപണ്ഡിതന്മാരുടെ ഏതാദൃശവാദങ്ങളിൽ അധികവും കാണുന്നതു്, സാങ്കേതികപദങ്ങളെക്കൊണ്ടുള്ള ഒരുതരം തർക്കവിഹാരം മാത്രമാണു്. ആത്മസത്തയെ തെളിയിക്കുവാൻ ഇത്തരം തർക്കഢക്കാധ്വിനികൾ പര്യാപ്തമായിട്ടില്ലെന്നുതന്നെ പറയാം. യുക്തിയനുഭവങ്ങളുടെയും നവീനശാസ്ത്രപരീക്ഷണങ്ങളുടെയും വെളിച്ചത്തിൽ പരിശോധിക്കുമ്പോൾ ചാർവാകപക്ഷത്തിനാണു് പ്രാബല്യമെന്നും സമ്മതിക്കേണ്ടിയിരിക്കുന്നു.
ചാർവാകമതതത്ത്വങ്ങൾ ഇതര മതതത്ത്വപ്രസ്ഥാനങ്ങളിൽ ധാരാളം കലർന്നു കാണുന്നുണ്ടെന്നു് ഇതിനു മുമ്പു് സൂചിപ്പിച്ചു കഴിഞ്ഞുവല്ലോ. സാംഖ്യദർശനത്തിൽ നാസ്തികത്വം നന്നായി നിഴലിക്കുന്നുണ്ടു്. ജൈനമതവും ബുദ്ധമതവും ഈശ്വരനെയും ആത്മാവിനെയുംപറ്റി കേവലം മൗനം ദീക്ഷിക്കുന്നേയുള്ളു. ഈ രണ്ടിലും വൈദികാചാരനിഷേധം ലോകായതമതത്തിലെപ്പോലെതന്നെ തീവ്രമായിട്ടുണ്ടു്. എന്നിരിക്കിലും ഏതുമതാനുയായികൾ ചാരക്വാകന്മാരെപ്പോലെ ഇന്ത്യയിൽ അധിക്ഷേപാർഹരായിട്ടില്ല. ഒരു പക്ഷേ, ചാർവാകന്മാർ ധർമ്മത്തെപ്പോലും തിരസ്കരിച്ചതായിരിക്കാം. ആക്ഷേപകാരണം. ഇവർ വൈദികമതത്തെ അതിപരുഷമായ ഭാഷയിൽ നിന്ദിക്കുകയും നിഷേധിക്കുകയും ചെയ്തിരിക്കുന്നതു് മറ്റൊരു കാരണമായിരിക്കാം.
‘അഗ്നിഹോത്രം ത്രയോ വേദാ-
സ്ത്രീപുണ്ഡറം ഭസ്മഗുണഠനം
ബുദ്ധിപൗരുഷഹീനാനാം
ജീവികേതി ബൃഹസ്പതിഃ’
‘അഗ്നിഹോത്രം വേദങ്ങൾ, ത്രിപുണ്ഡ്രം, ഭസ്മാവലേപനം മുതലായവ ബുദ്ധിയും പൗരുഷവുമില്ലാത്തവരുടെ വയറു പിഴപ്പിനുള്ളവയാണെന്നു പറഞ്ഞാൽ ‘സനാതനി’കൾക്കു രസിക്കുമോ? പുരോഹിതമതത്തോടുള്ള ഈ വിദ്വേഷവും വെറുപ്പും ഒരിക്കലും അസ്ഥാനത്തല്ലെന്നു് ഇന്ത്യയിലെ മതചരിത്രം അറിയുന്ന നിർമ്മത്സരന്മാർ സമ്മതിക്കും. ചാർവാകന്മാരുടെ മതതത്ത്വങ്ങൾ മുഴുവൻ സ്വീകാര്യങ്ങളാണെന്നല്ല വാദം. കേവലം വിഷയ സുഖത്തെ ജീവിതാദർശമാക്കി സത്യധർമാദിനിയമങ്ങൾക്കു് ഒരു സ്ഥാനവും അനുവദിക്കാതിരുന്നതു ചാർവ്വാകമതത്തിനൊരു ന്യൂനത തന്നെയാണു്, പക്ഷേ, ഇക്കാര്യത്തിൽ അവരെ കുറ്റപ്പെടുത്താൻ സംശയിക്കണം. ധർമത്തെപ്പറ്റി ചാർവാകന്മാർ ഒന്നും പറഞ്ഞിട്ടില്ലെന്നു് എങ്ങനെ തീർത്തു പറയാം? മൂലഗ്രന്ഥം നഷ്ടപ്പെടുകയും പ്രതിയോഗികൾ ഖണ്ഡനത്തിനായി സ്വഗ്രന്ഥങ്ങളിൽ ഉദ്ധരിച്ച ഭാഗങ്ങൾ മാത്രം അവശേഷിക്കുകയും ചെയ്തസ്ഥിതിക്കു് അവയെ അടിസ്ഥാനപ്പെടുത്തി നിശ്ചിതമായ ഒരഭിപ്രായം സ്ഥാപിക്കുവാൻ നിവൃത്തിയില്ല. ഏതായാലും ഈയൊരു ന്യൂനതകൊണ്ടു് ചാർവ്വാകമതത്തെ അധിക്ഷേപിക്കുന്നതു ശരിയല്ല. ഉപനിഷത്തുകളിൽ പ്രതിഫലിക്കുന്ന വിഷാദാത്മകത്വത്തിന്റെയും വൈരാഗ്യത്തിന്റെയും പരമമായ വിപരീതകോടിയിലെത്തുവാൻ വേണ്ടിയായിരിക്കാം അവർ വിഷയസുഖാനുഭവത്തിനു് ഇത്രമാത്രം പ്രാധാന്യം കല്പിച്ചതു് വിശ്രുതനായ ഓമർഖയ്യാമിന്റെ കവിതയിൽ പൊന്തിക്കാണുന്ന ജീവിതാവലോകനവും ഇതുതന്നെയല്ലേ. ധർമ്മാധർമ്മചിന്തകളും സന്മാർഗനിയമങ്ങളും മറ്റും മതഗ്രന്ഥങ്ങളിൽ അടക്കം ചെയ്തിട്ടുണ്ടെങ്കിലും സാധാരണ മനുഷ്യന്റെ പ്രായോഗികജീവിതത്തിൽ നാം കാണുന്നതെന്തു്? വെറും ചാർവാകസ്വഭാവം!
ഈശ്വരനിലും ആത്മാവിലും വിശ്വസിക്കാത്ത എത്രയെത്ര വിഖ്യാതവിജ്ഞാനികൾ ഇന്നു ജീവിക്കുന്നു? പണ്ടും ഡെമോക്രീറ്റസ്, എപ്പിക്യൂറസ് തുടങ്ങിയ ഭൗതികവാദികൾ ഉണ്ടായിരുന്നില്ലേ? ഇങ്ങനെ നോക്കുമ്പോൾ ചാർവാകമതത്തിനു് നാം വിചാരിക്കുന്നതിൽക്കവിഞ്ഞ ഒരു നിലയും വിലയുമുണ്ടെന്നു മനസ്സിലാക്കും.
അഥവാ പ്രസ്തുത മതം സ്വീകാര്യമോ ത്യാജ്യമോ ഏതെങ്കിലുമാകട്ടെ അക്കാര്യത്തിലല്ല നാം ആ പ്രസ്ഥാനത്തെ കൂടുതലായി ആദരിക്കേണ്ടതു് മതപരമായ അടിമത്തം പുരോഹിതാധിപത്യം അന്ധങ്ങളായ ആചാരവിശ്വാസങ്ങൾ ഇങ്ങനെ മനുഷ്യവർഗത്തിന്റെ അഭിവൃദ്ധിയെ തടയുന്ന ആപത്തുകളോടു പടവെട്ടി സ്വതന്ത്രവും വിശാലവുമായ ഒരു ചിന്താമണ്ഡലത്തെ എത്രയോ മുമ്പുതന്നെ തുറന്നുകാണിച്ചതിൽ ചാർവ്വാകന്മാർ എന്നെന്നും ആരാധനീയന്മാരാകുന്നു. അതിലാണു് അവരുടെ മതത്തിന്റെ മഹിമ വെളിപ്പെടുന്നതും.
1938.
ജനനം: 1-8-1900
പിതാവു്: ഊരുമനയ്ക്കൽ ശങ്കരൻ നമ്പൂതിരി
മാതാവു്: കുറുങ്ങാട്ടു് ദേവകി അമ്മ
വിദ്യാഭ്യാസം: വിദ്വാൻ പരീക്ഷ, എം. എ.
ആലുവാ അദ്വൈതാശ്രമം ഹൈസ്ക്കൂൾ അദ്ധ്യാപകൻ, ആലുവ യൂണിയൻ ക്രിസ്ത്യൻ കോളേജ് അദ്ധ്യാപകൻ, കേരള സാഹിത്യ അക്കാദമി പ്രസിഡന്റ് 1968–71, കേന്ദ്ര സാഹിത്യ അക്കാദമി അംഗം, ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടു് ഭരണസമിതിയംഗം, കേരള സർവ്വകലാശാലയുടെ സെനറ്റംഗം, ബോർഡ് ഓഫ് സ്റ്റഡീസ് അംഗം, പാഠ്യ പുസ്തക കമ്മിറ്റി കൺവീനർ (1958), ബാല സാഹിത്യ ശില്പശാല ഡയറക്ടർ (1958), ‘ദാസ് ക്യാപിറ്റൽ’ മലയാളപരിഭാഷയുടെ ചീഫ് എഡിറ്റർ, കേരള സാഹിത്യ സമിതി പ്രസിഡന്റ്.
സാഹിതീയം, വിചാരവിപ്ലവം, വിമർശ രശ്മി, നിരീക്ഷണം, ഗ്രന്ഥാവലോകനം, ചിന്താതരംഗം, മാനസോല്ലാസം, മനന മണ്ഡലം, സാഹിതീകൗതുകം, നവദർശനം, ദീപാവലി, സ്മരണമഞ്ജരി, കുറ്റിപ്പുഴയുടെ തിരഞ്ഞെടുത്ത ഉപന്യാസങ്ങൾ, വിമർശ ദീപ്തി, യുക്തിവിഹാരം, വിമർശനവും വീക്ഷണവും, കുറ്റിപ്പുഴയുടെ പ്രബന്ധങ്ങൾ—തത്വചിന്ത, കുറ്റിപ്പുഴയുടെ പ്രബന്ധങ്ങൾ—സാഹിത്യവിമർശം, കുറ്റിപ്പുഴയുടെ പ്രബന്ധങ്ങൾ— നിരീക്ഷണം.
ചരമം: 11-2-1971