മനുഷ്യജീവിതത്തെ ഭരിക്കുന്ന രണ്ടു് പ്രധാനശക്തികളാണു് ധനവും അധികാരവും. രണ്ടും പരസ്പരം പരിപൂരകങ്ങളായി പ്രവർത്തിക്കുന്നു. ധനമുള്ളിടത്തു് അധികാരവും അധികാരമുള്ളിടത്തു് ധനവും പിൻബലമായി വന്നുചേരും. വിദ്യാവൃദ്ധൻ, വയോവൃദ്ധൻ തുടങ്ങിയ സർവരും ധനവൃദ്ധന്റെ വാതിൽക്കൽ കാവൽ നിൽക്കുന്നുവെന്നു് പറയാറുണ്ടു്. എന്നാൽ, ഇവരെല്ലാം അധികാരിയുടെ ദ്വാരപാലകന്മാരാകുന്നതും സാധാരണമാണു്. മർദ്ദനത്തിന്റെയും ചൂഷണത്തിന്റെയും ഉപകരണങ്ങളാണു് രണ്ടും. നിയന്ത്രണാതീതമാകുമ്പോൾ അഗ്നി ആപല്ക്കരമാകുന്നില്ലേ? അതുപോലെ വേണ്ടവിധം നിയന്ത്രിച്ചില്ലെങ്കിൽ ഈ രണ്ടു് ശക്തികളും പൗരജീവിതത്തെ ദുഷിപ്പിക്കുക മാത്രമല്ല നശിപ്പിക്കുകയും ചെയ്യും.
വിദ്യുച്ഛക്തിയെ മനുഷ്യൻ സംഭരിക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്നതുപോലെ ധനശക്തിയേയും സാമൂഹ്യക്ഷേമത്തിനുതകത്തക്കവിധം പിടിച്ചുകെട്ടി വേണ്ടവഴിക്കു് തിരിച്ചുവിടണം. അന്യൂനമായ ഒരു സോഷ്യലിസ്റ്റ് വ്യവസ്ഥിതിയിൽ മാത്രമേ ഇതു് സാദ്ധ്യമാകയുള്ളു. സോഷ്യലിസ്റ്റ് രാജ്യങ്ങളിൽ മനുഷ്യൻ ധനശക്തിയെ ഭരിക്കുന്നു. മുതലാളിത്തരാജ്യങ്ങളിലോ? അവിടെ നേരെമറിച്ചു് ധനശക്തി മനുഷ്യനെ ഭരിക്കയാണു് ചെയ്യുന്നതു്. അതിന്റെ അടിമയാണു് മനുഷ്യൻ. അന്ധവും അനിയന്ത്രിതവുമായ പ്രകൃതിശക്തികളെപ്പോലെതന്നെ ധനശക്തി അവിടെ നടനംചെയ്യുന്നു. ജനക്ഷേമത്തിനു് അനുകൂലമായും പ്രതികൂലമായും അതിന്റെ ആഘാതങ്ങളുണ്ടാകാം. അവ എപ്പോൾ എങ്ങനെ സംഭവിക്കുമെന്നു് ആർക്കും ഒരെത്തുംപിടിയുമില്ല. ഇടിവെട്ടേല്ക്കുന്നതുപോലെ വ്യക്തിയും കുടുംബങ്ങളും രാജ്യവും ചിലപ്പോൾ ധനശക്തിയുടെ പ്രതികൂലാഘാതങ്ങൾക്കു് ഇരയായിപ്പോകുന്നു. ഇന്നത്തെ കുബേരൻ നാളത്തെ കുചേലനാകും. അടുത്ത ഭാവിയിൽ ക്ഷാമമോ ക്ഷേമമോ നാട്ടിലുണ്ടാകുകയെന്നു് ആർക്കും നിശ്ചയിക്കുക വയ്യ. വമ്പിച്ച രാഷ്ട്രങ്ങൾപോലും പെട്ടെന്നുണ്ടാകുന്ന സാമ്പത്തികത്തകർച്ചയിൽപ്പെട്ടു് നട്ടംതിരിയുന്ന കാഴ്ച മുതലാളിത്തരാജ്യങ്ങളിൽ സർവസാധാരണമല്ലോ. മനുഷ്യജീവിതത്തിനു് അത്യന്താപേക്ഷിതങ്ങളായ ഭക്ഷ്യസാധനങ്ങളുടെയും മറ്റും വിലയും ലഭ്യതയും ദീർഘകാലത്തേക്കു് നിർണയിക്കാൻ അവിടങ്ങളിലെ ധനതന്ത്രവിദഗ്ദ്ധന്മാർക്കും കഴിയുന്നില്ല.
ഈ അനിശ്ചിതാവസ്ഥയുടെ ഫലമോ? ഉൽക്കടമായ സാമ്പത്തികഭീതി. ധനിക ദരിദ്ര ഭേദമെന്യേ സർവ മനുഷ്യരിലും കുടികൊള്ളുന്ന ഒരു ബാധയാണിതു്. എത്ര ഉൽകൃഷ്ടമായ മനുഷ്യസ്വഭാവത്തെയും അതു് കരണ്ടുതിന്നു് വികൃതമാക്കുന്നു. ഇതു് നിലനിൽക്കുന്ന കാലത്തോളം മനുഷ്യൻ നന്നാകുമെന്നു് വിശ്വസിച്ചുകൂടാ. കോടീശ്വരനെയും പിച്ചക്കാരനെയും ഈ ഭീതി വലയം ചെയ്യുന്നു. നാളത്തെ സ്ഥിതിയെന്തെന്നു് രണ്ടുകൂട്ടർക്കും അറിഞ്ഞുകൂടാ. അതുകൊണ്ടാണു് കോടിക്കണക്കിനു് പണം സമ്പാദിക്കുന്നവർപോലും അതൃപ്തരായി പിന്നെയും പരചൂഷണത്തിനൊരുമ്പെടുന്നതു്. അമേരിക്കയിൽ ഇത്രമാത്രം ധനസമൃദ്ധിയുണ്ടായിട്ടും മനുഷ്യസ്വഭാവം അധഃപതിക്കുന്നതെന്തുകൊണ്ടു്? സാമ്പത്തികഭീതിതന്നെ പ്രധാനകാരണം. വ്യക്തികൾ മാത്രമല്ല, സമുദായവും സർക്കാരും തന്മൂലം അമ്പരപ്പിലും അന്ധതയിലും പെട്ടുപോകുന്നു. അമേരിക്കയിൽ ദാരിദ്ര്യമില്ലെന്നാണല്ലോ പറയപ്പെടുന്നതു്. എന്നിട്ടും അവിടെ കരിഞ്ചന്തയും കൈക്കൂലിയും കൊള്ളയും കൊലപാതകവും സാമ്പത്തികജീവിതത്തിലെ മാറാവ്യാധികളായിത്തീർന്നിരിക്കുന്നതെന്തുകൊണ്ടു്? ഇതിൽനിന്നു് ഒരു കാര്യം സ്പഷ്ടം; ദാരിദ്ര്യം നീങ്ങിയതുകൊണ്ടായില്ല, സാമ്പത്തികഭീതി ഇല്ലാതായി ജീവിതസുരക്ഷിതത്വം വന്നുചേർന്നാലേ മനുഷ്യസ്വഭാവം നന്നാകൂ.
പണ്ടു് പ്രകൃതിശക്തികളുടെ പ്രവർത്തനം മനുഷ്യരെ അന്ധവിശ്വാസികളാക്കിയതുപോലെ ധനശക്തിയുടെ ഈ അദൃശ്യമായ പ്രവർത്തനവും അവരെ മതപരമായ അന്ധതയിലേക്കു് നയിച്ചിരിക്കുന്നു. പ്രകൃതിശക്തികളിൽ പുരുഷധർമാരോപം (Personification) കൊണ്ടു് ദേവന്മാരെ സൃഷ്ടിച്ച മനുഷ്യർ ധനശക്തിയുടെ അദൃശ്യപ്രവർത്തനത്താൽ ഭയചകിതരായി അതിലും ദൈവത്തെ സങ്കല്പിച്ചുവെന്നു് സൂക്ഷ്മദൃക്കുകൾക്കു് കാണാം.
രണ്ടുനാലു ദിനംകൊണ്ടൊരുത്തനെ
തണ്ടിലേറ്റി നടത്തുന്നതും ഭവാൻ
മാളികമുകളേറിയ മന്നന്റെ
തോളിൽ മാറാപ്പു കേറ്റുന്നതും ഭവാൻ
ഭക്തിയുടെ ഭാഷയിൽ പൊന്തിവന്നിരിക്കുന്ന ഈ അന്ധവിശ്വാസത്തിലെ ഭവാൻ വാസ്തവത്തിൽ ഈശ്വരനല്ല. പിന്നെയോ? സാമ്പത്തികഭീതിമൂലം മനുഷ്യന്റെ ഉപാന്തഃകരണത്തിൽ ഭാവനാരൂപംപൂണ്ട അദൃശ്യവും അപ്രമേയവുമായ ധനശക്തി തന്നെയാകുന്നു. നമ്മുടെ അജ്ഞത അതിനെ പവിത്രീകരിച്ചു് അന്യഥാ ഭാവനം ചെയ്യുന്നുവെന്നു് മാത്രം. മുതലാളിത്തരാജ്യങ്ങളിലെ സാമ്പത്തികവ്യവസ്ഥയ്ക്കു് മതം താങ്ങായി നിൽക്കുന്നതു് ഇത്തരം ചിന്താഗതിയിൽക്കൂടിയാണു്. ധനശക്തിയെ നിയന്ത്രിച്ചു് മനുഷ്യന്റെ ചൊല്പടിയിലാക്കുന്നതോടുകൂടി താദൃശമായ അന്ധവിശ്വാസം ദുർബലമാകും.
ധനശക്തി ഒരാളിലോ ഏതാനും പേരിലോ കേന്ദ്രീകരിക്കപ്പെടുമ്പോളുണ്ടാകുന്ന ദോഷങ്ങളെ ചൂണ്ടിക്കാണിച്ചു് ശാസ്ത്രീയമായ സോഷ്യലിസംകൊണ്ടു് അവയ്ക്കു് പരിഹാരം കണ്ടുപിടിച്ച ലോകാചാര്യനാണു് കാറൽ മാർൿസ്. എന്നാൽ, അധികാരശക്തിയും ഇതുപോലെ കേന്ദ്രീകൃതമായി സാമൂഹ്യജീവിതത്തെ അലങ്കോലപ്പെടുത്തുമെന്നു് കാണാനുള്ള കണ്ണു് മാർൿസിനുണ്ടായില്ല. സോഷ്യലിസത്തിൽ ധനശക്തി സമീകൃതമാകുന്നതോടെ അധികാരശക്തിയും തദനുസൃതമാകുമെന്നു് മാർൿസ് വിചാരിച്ചു. ഇതു് തെറ്റാണെന്നു് പ്രാപ്തകാലചരിത്രം തെളിയിക്കുന്നു. ധനശക്തിയുടെ സഹായംകൂടാതെ ജനസമുദായത്തെ സംഘടിപ്പിച്ചു് നേതൃത്വവും അധികാരവും നേടാൻ ചില വ്യക്തികൾക്കു് സാദ്ധ്യമാകുമെന്നതിനു് ഹിറ്റ്ലർ, സ്റ്റാലിൻ തുടങ്ങിയ സ്വേച്ഛാധിപതികളുടെ ചരിത്രം ഉദാഹരണമാണു്. ധനശക്തിയെ അതിന്റെ വ്യാപകമായ അർത്ഥത്തിലാണു് ഇവിടെ വിവക്ഷിച്ചിരിക്കുന്നതെന്നു് പറഞ്ഞുകൊള്ളട്ടെ. ഹിറ്റ്ലറുടെ അധികാരശക്തി ഉറപ്പിക്കുന്നതിനു് ജർമനിയിലെ മുതലുടമകൾ പിൻബലം കൊടുത്തിട്ടുണ്ടാകാം. എന്നാൽ, അയാൾ നേതൃസ്ഥാനത്തിലെത്തിയതിനു് ശേഷമാണു് അതു് സംഭവിച്ചതു്. അതുകൊണ്ടു് അധികാരശക്തിയുടെ കേന്ദ്രീകരണം മറ്റുകാരണങ്ങളാലും സംഭവിക്കാമെന്നുവരുന്നു. ഈ ദോഷം എങ്ങനെ പരിഹരിക്കാം? അതാണു് ഇന്നത്തെ പുതിയ പ്രശ്നം. മാർൿസ് വിഭാവനംചെയ്ത തൊഴിലാളിവർഗത്തിന്റെ ജനകീയഭരണത്തിൽപോലും അധികാരശക്തി ഒരാളിലോ ഏതാനുംപേരിലോ കേന്ദ്രീകൃതമായി ദുഷിച്ചുപോകുമെന്നു് ദീർഘദർശനംചെയ്യാൻ അദ്ദേഹത്തിനു് സാധിച്ചില്ല. സോവിയറ്റ് റഷ്യയിൽ ഒരു വശത്തുകൂടി ധനശക്തി ജനക്ഷേമകരമായി നിയന്ത്രിക്കപ്പെട്ടപ്പോൾ മറുവശത്തുകൂടി അധികാരശക്തി അനിയന്ത്രിതസ്വേച്ഛാധിപത്യത്തിന്റെ രൂപംപൂണ്ടു് അനിഷ്ടഫലങ്ങൾ ഉളവാക്കിയിരിക്കുന്നു. ‘ഒരു മനുഷ്യനെ അറിയണമെന്നു് നിങ്ങൾ ആഗ്രഹിക്കുന്നുവോ? എങ്കിൽ അയാൾക്കു് അധികാരം കൊടുത്തു് നോക്കുക’ (Would you know a man; give him power). ഒരു പ്രാചീന യവനദേവാലയത്തിന്റെ ഗോപുരവാതിൽക്കൽ എഴുതിവെച്ചിരിക്കുന്ന ഈ വാക്യം എത്രയും അർത്ഥവത്താണു്. അധികാരം മനുഷ്യസ്വഭാവത്തെ ദുഷിപ്പിക്കുന്നുവെന്നതു് ഒരു സാർവലൗകിക സത്യമത്രേ. ഈ നാട്ടിലെ രാഷ്ട്രീയാനുഭവങ്ങൾത്തന്നെ ഇതിനുദാഹരണങ്ങളല്ലേ? നല്ല മനുഷ്യനെന്നു് ജനസമ്മതിയുള്ളവൻപോലും മന്ത്രിപദത്തിലേറിക്കഴിയുമ്പോൾ ക്രമേണ സ്വഭാവദോഷം ബാധിച്ചു് അധഃപതിക്കുന്നതു് നോക്കുക! ചുരുക്കത്തിൽ മനുഷ്യൻ നന്നാകണമെങ്കിൽ—സാമൂഹ്യക്ഷേമം പുലരണമെങ്കിൽ—ധനശക്തിയോടൊപ്പം അധികാരശക്തിയും കഴിയുന്നിടത്തോളം നിയന്ത്രിതവും വികേന്ദ്രീകരണത്തിനു് വിധേയവുമാകണമെന്നു് സിദ്ധിക്കുന്നു. കാറൽ മാർൿസ് കാണാത്ത ഈ സത്യം ദർശിച്ചതു് മഹത്മാഗാന്ധി യാണു്. അദ്ദേഹം നിർദ്ദേശിച്ച ഗ്രാമപ്പഞ്ചായത്തു് ഭരണം അധികാരശക്തികളുടെ ദുർഭരണഭൂതത്തെ ഉച്ചാടനം ചെയ്യുന്നതിനുള്ള ഒന്നാമത്തെ മന്ത്രമാകുന്നു. എന്നാൽ, ഈ യന്ത്രയുഗത്തിൽ ഇതെത്രത്തോളം ഫലിക്കുമെന്നു് തീർത്തു് പറയാൻ സാദ്ധ്യമല്ല. മനുഷ്യന്റെ സാമൂഹ്യജീവിതം എത്രയെത്ര അഗ്നിപരീക്ഷകളിൽക്കൂടി കടന്നിട്ടുവേണം സർവതോഭദ്രമാകാൻ.
(ചിന്താതരംഗം 1956)
ജനനം: 1-8-1900
പിതാവു്: ഊരുമനയ്ക്കൽ ശങ്കരൻ നമ്പൂതിരി
മാതാവു്: കുറുങ്ങാട്ടു് ദേവകി അമ്മ
വിദ്യാഭ്യാസം: വിദ്വാൻ പരീക്ഷ, എം. എ.
ആലുവാ അദ്വൈതാശ്രമം ഹൈസ്ക്കൂൾ അദ്ധ്യാപകൻ, ആലുവ യൂണിയൻ ക്രിസ്ത്യൻ കോളേജ് അദ്ധ്യാപകൻ, കേരള സാഹിത്യ അക്കാദമി പ്രസിഡന്റ് 1968–71, കേന്ദ്ര സാഹിത്യ അക്കാദമി അംഗം, ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടു് ഭരണസമിതിയംഗം, കേരള സർവ്വകലാശാലയുടെ സെനറ്റംഗം, ബോർഡ് ഓഫ് സ്റ്റഡീസ് അംഗം, പാഠ്യ പുസ്തക കമ്മിറ്റി കൺവീനർ (1958), ബാല സാഹിത്യ ശില്പശാല ഡയറക്ടർ (1958), ‘ദാസ് ക്യാപിറ്റൽ’ മലയാളപരിഭാഷയുടെ ചീഫ് എഡിറ്റർ, കേരള സാഹിത്യ സമിതി പ്രസിഡന്റ്.
സാഹിതീയം, വിചാരവിപ്ലവം, വിമർശ രശ്മി, നിരീക്ഷണം, ഗ്രന്ഥാവലോകനം, ചിന്താതരംഗം, മാനസോല്ലാസം, മനന മണ്ഡലം, സാഹിതീകൗതുകം, നവദർശനം, ദീപാവലി, സ്മരണമഞ്ജരി, കുറ്റിപ്പുഴയുടെ തിരഞ്ഞെടുത്ത ഉപന്യാസങ്ങൾ, വിമർശ ദീപ്തി, യുക്തിവിഹാരം, വിമർശനവും വീക്ഷണവും, കുറ്റിപ്പുഴയുടെ പ്രബന്ധങ്ങൾ—തത്വചിന്ത, കുറ്റിപ്പുഴയുടെ പ്രബന്ധങ്ങൾ—സാഹിത്യവിമർശം, കുറ്റിപ്പുഴയുടെ പ്രബന്ധങ്ങൾ— നിരീക്ഷണം.
ചരമം: 11-2-1971