ഭിന്നമതങ്ങളുടെ തിക്കുംതിരക്കുംകൊണ്ടു് ശ്വാസംമുട്ടുന്ന ഇന്ത്യയ്ക്കു് ഈ ആപത്തിൽനിന്നു് എന്നു് മോചനം ലഭിക്കുമെന്നു് ആർക്കും നിശ്ചയിച്ചുകൂടാ. ഹിന്ദുമതം എന്ന വിശാലവലയത്തിൽത്തന്നെ പ്രത്യേകം പ്രത്യേകം ‘ലേബൽ’ ഒട്ടിച്ചു് നിരത്തി നിർത്തിയിരിക്കുന്ന എത്രയെത്ര ഉപമതങ്ങളുണ്ടു്! ഇക്കൂട്ടത്തിൽ ഇന്നു ഗാന്ധിമതം എന്നൊരു പുതിയ മയക്കുവിദ്യകൂടി തലപൊന്തിക്കുമോ എന്നു് ഭയപ്പെടേണ്ടിയിരിക്കുന്നു. ഏതായാലും അതിനുള്ള ലക്ഷണങ്ങൾ ഇപ്പോൾ പ്രത്യക്ഷപ്പെട്ടുതുടങ്ങിയിട്ടുണ്ടു്. അങ്ങനെ സംഭവിക്കുന്നപക്ഷം നാല്പതുകോടി ജനങ്ങളെ മാനസികമായി ബന്ധിച്ചിട്ടിരിക്കുന്ന മതച്ചങ്ങലയ്ക്കു് മറ്റൊരു കണ്ണികൂടി ഉണ്ടാകുമെന്നുള്ളതു് തീർച്ചയാണു്. ഈ ആപത്തിനെ മുളയിൽത്തന്നെ നുള്ളിക്കളയാൻ ശ്രമിക്കേണ്ടതു് സ്വരാജ്യസ്നേഹികളുടെ കടമയാകുന്നു. ഗാന്ധിമതം സാധാരണരീതിയിലുള്ള ഒരു മതമല്ല. അതു് മതവും രാജ്യതന്ത്രവും ഇടകലർന്നിണങ്ങിയ ഒരു വിചിത്രസൃഷ്ടിയത്രെ. തന്മൂലം അതിന്റെ വശീകരണത്തിനു് വ്യാപ്തികൂടിയിരിക്കുന്നു. ഇതുവെറും അന്ധമായ ഒരു ദോഷാരോപണമാണെന്നു് ഗാന്ധിശിഷ്യന്മാർ വാദിച്ചേക്കാം. ഗാന്ധിതന്നെ ഇപ്രകാരമൊരു മതസ്ഥാപനത്തിനു് എതിർ നില്ക്കുന്നുണ്ടെന്നും സ്വതന്ത്രചിന്തയെ അദ്ദേഹം പ്രോത്സാഹിപ്പിക്കുകയാണു് ചെയ്യുന്നതെന്നും മറ്റും സമർത്ഥിക്കുവാൻ ഇക്കൂട്ടർക്കു് തെളിവുകളും ലഭിച്ചേക്കാം. പക്ഷേ, ഫലമെന്താണെന്നാണു് നോക്കേണ്ടതു്. താൻ ദൈവത്തിന്റെ പ്രതിപുരുഷനും മറ്റുമല്ലെന്നും ഒരിക്കലും തന്റെ പ്രതിമയുണ്ടാക്കി പൂജിക്കരുതെന്നും ബുദ്ധൻ മരിക്കുന്നതുവരെ ജനക്കൂട്ടത്തോടു് ഉപദേശിച്ചു. എന്നിട്ടോ? ആയുഷ്കാലം മുഴുവൻ ഇങ്ങനെ ഉപദേശിച്ചിട്ടും ബുദ്ധന്റെ കാലശേഷം ഹിമവൽപ്രാന്തങ്ങൾ മുതൽ കന്യാകുമാരിവരെയുള്ള സമസ്തദേശങ്ങളും ബുദ്ധപ്രതിമകൾകൊണ്ടു് നിറഞ്ഞു! ദിവ്യത്വത്തിന്റെ സകല ലക്ഷണങ്ങളും ചടങ്ങുകളും ബുദ്ധചരിതത്തിൽ അനന്തരഗാമികൾ തുന്നിപ്പിടിപ്പിച്ചു. ഇങ്ങനെയാണു് വിശ്വാസലഹരിയിൽ ബുദ്ധിമാന്ദ്യം ബാധിക്കുന്ന ജനസമൂഹം പോകുന്ന പോക്കു്. ആട്ടിൻപറ്റങ്ങളെപ്പോലെ ഇടവും വലവും നോക്കാതെ ഏതെങ്കിലുമൊരു മഹർഷിയുടെയോ മഹാത്മാവിന്റെയോ പിറകേ പോകുകയെന്ന ദുഷിച്ച പാരമ്പര്യം ഭാരതീയർക്കു് പണ്ടേ ഉള്ളതാണു്. അതു് നശിക്കാത്തകാലത്തോളം അവർക്കു് സാക്ഷാത്തായ സ്വാതന്ത്ര്യവും സമത്വവും ആസ്വദിക്കുവാൻ സാധിക്കുന്നതല്ല.
ഇന്ത്യാക്കാരുടെ മതപരമായ ഈ ദൗർബല്യം മറ്റാരേയുംകാൾ കൂടുതലായി അറിയാവുന്ന ആളാണു് ഗാന്ധി. ഇന്ത്യ ഉറങ്ങുന്നതും ഉണരുന്നതും മതത്തിൽക്കൂടിയാണെന്നു് അദ്ദേഹം മനസ്സിലാക്കിയിട്ടുണ്ടു്. അതുകൊണ്ടുതന്നെയായിരിക്കാം ഭാരതീയരിൽ രാഷ്ട്രീയപ്രബുദ്ധത കുത്തിവെയ്ക്കുവാൻ അദ്ദേഹം മതമാർഗം അവലംബിച്ചതു്. മതത്തിന്റെ വേഷത്തിലും ഭാഷയിലും അല്ലേ ഗാന്ധി രാഷ്ട്രീയകാര്യവിചാരണ നടത്തുന്നതെന്നു് നോക്കുക! ഈ വേഷവും ഭാഷയുംകൊണ്ടു് ഇന്ത്യയെ പെട്ടെന്നു് ഉണർത്തുവാൻ അദ്ദേഹത്തിനു് കഴിഞ്ഞുവെന്നതു് വാസ്തവം തന്നെ. പക്ഷേ, ഉണർന്നതുകൊണ്ടു് മാത്രം ആയില്ല, രാജ്യം മുന്നോട്ടുനീങ്ങണം. അതു് കാലാനുകൂലമായ നവീനമാർഗത്തിൽകൂടിയാകുകയും വേണം. ഈ രണ്ടിനും ഇന്നു് ഇന്ത്യയ്ക്കു് സാദ്ധ്യമാകുന്നില്ലെങ്കിൽ അതിനുള്ള കാരണങ്ങളിലൊന്നു് അടിയുറച്ചുപോയ ഗാന്ധിമതമാണെന്നു് പറയേണ്ടിയിരിക്കുന്നു. ചുരുക്കത്തിൽ ഏതൊന്നുകൊണ്ടു് ഗാന്ധി ഇന്ത്യയെ സുപ്തോത്ഥിതമാക്കിയോ അതുതന്നെ ഈ രാജ്യത്തിന്റെ പുരോഗമനത്തിനു് പ്രതിബന്ധമായിത്തീരുന്നു. സൂക്ഷിച്ചുനോക്കിയാൽ ബുദ്ധിപരമായ ഒരു സ്തംഭനം ഇന്നു് ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിൽ കടന്നുകൂടിയിട്ടുള്ളതായി കാണാം. ഇളക്കാൻവയ്യാത്ത ഒരു ചട്ടക്കൂടായിത്തീർന്നിട്ടുണ്ടു് ഗാന്ധിസിദ്ധാന്തങ്ങളിൽ പലതും. അതിനകത്തു് കുടുങ്ങിപ്പോകുന്നവർക്കു് ഇടത്തോട്ടും വലത്തോട്ടും തിരിയുവാൻ സാധിക്കുന്നില്ല.
മതവും രാജ്യതന്ത്രവും തമ്മിൽ കൂട്ടിക്കുഴയ്ക്കുന്ന സമ്പ്രദായം നന്നല്ലെന്നും ആപല്ക്കരമാണെന്നും പല ചിന്തകന്മാരും അഭിപ്രായപ്പെട്ടിട്ടുണ്ടു്. എന്നിട്ടും ഗാന്ധി അപകടജടിലമായ ഈ മാർഗത്തിൽനിന്നും പിന്മാറാൻ ഭാവമില്ല. അദ്ദേഹത്തിന്റെ സാമ്പത്തികസിദ്ധാന്തം പുതിയ നാമരൂപങ്ങൾപൂണ്ട പഴയ വ്യവസ്ഥതന്നെയാണു്. അതു് അപ്രകാരമാക്കുന്നതും മതപരമായ പ്രചോദനം മൂലമാകുന്നു. സെമീന്ദാർമാരുടെയും ജന്മിമാരുടെയും മറ്റും സ്വകാര്യസ്വത്തു് തൊട്ടുപോകരുതെന്നു് അദ്ദേഹം വിലക്കുന്നു. തൊട്ടാൽ ഹിംസയായിപോലും! അഹിംസാമന്ത്രം ഉരുക്കഴിച്ചു് മുതലാളിമാരെയെല്ലാം പാവങ്ങളുടെ ‘ട്രസ്റ്റി’മാരാക്കിത്തീർക്കാമെന്നാണു് അദ്ദേഹത്തിന്റെ വിശ്വാസം. കുറുക്കന്റെ കൈയിൽ കോഴികളെ വളർത്താൻ കൊടുക്കുന്നതുപോലെയാണു് ഇതു്. രണ്ടിന്റെയും ആത്മാവു് ഒന്നായതുകൊണ്ടു് പക്ഷേ, ഹിംസ സംഭവിച്ചാലും ഭഗവത്ഗീതപ്രകാരം അതു് അഹിംസയാക്കി സമാധാനിക്കാം! കൊന്നാലും കൊലയല്ലെന്നും മറ്റുമാണല്ലോ അതിലെ തത്ത്വങ്ങൾ. ഗാന്ധിയുടെ ഉപദേശസൂക്തികളിൽ ഏറ്റവും ആപല്ക്കരമായതു്. ഈ ‘ട്രസ്റ്റിഷിപ്പ്’ സിദ്ധാന്തമാകുന്നു. ഇത്രയും അന്ധവും അപ്രായോഗികവുമായ ഒരഭിപ്രായം, അതു് ഗാന്ധിയിൽനിന്നു് പുറപ്പെടുന്നു എന്ന കാരണത്താലാണു് ഈ രാജ്യത്തു് സമാദരണീയമായിത്തീരുന്നതു്. അഹിംസയുടെ പേരിൽ ഹിംസയ്ക്കു് വളംവെയ്ക്കുന്ന ഈ സിദ്ധാന്തം വേരുറച്ചുപോയാൽ അതു് തൊഴിലാളിലോകത്തിന്റെ കണ്ഠേകുഠാരമായിത്തീരും. മതലഹരിയിൽ മയങ്ങിപ്പോയ ‘ബൂർഷ്വാ’ മനഃസ്ഥിതിയുള്ളവരെല്ലാം ഇങ്ങനെ ഏതെങ്കിലും പ്രകാരത്തിൽ ‘ക്യാപ്പിറ്റലി’സത്തെ പവിത്രീകരിക്കുവാനേ ശ്രമിക്കുകയുള്ളു. സമൂലമായ സാമ്പത്തികവിപ്ലവത്തിനു് അവർ ഒരിക്കലും അനുകൂലികളാകുകയില്ല. ക്ഷേമത്തിനും സമാധാനത്തിനുംവേണ്ടി ഇന്നു് ലോകം മുഴുവൻ സോഷ്യലിസത്തിലേക്കു് തിരിഞ്ഞുകൊണ്ടിരിക്കുമ്പോൾ ഗാന്ധിയുടെ ഈ സാമ്പത്തികനയം ഇന്ത്യയെ പിന്നാക്കം പിടിച്ചു വലിക്കുകയാണു് ചെയ്യുന്നതു്. ഗീതയിലും രാമായണത്തിലുംനിന്നു് രൂപപ്പെടുത്തിയ അദ്ദേഹത്തിന്റെ ‘ഫിലോസഫി’ ഈ പിന്തിരിപ്പൻ നയത്തിനൊരു താങ്ങായിട്ടും നിൽക്കുന്നു.
മനഃപൂർവമായാലും അല്ലെങ്കിൽ പണ്ടത്തെമട്ടിലുള്ള ഒരു മതസ്ഥാപകന്റെ വേഷഭാഷാദികളും നടപടികളുമാണു് ഗാന്ധി സ്വീകരിച്ചിരിക്കുന്നതു്. അർദ്ധനഗ്നത, മുളവടി, ഭജനപ്പാട്ടു്, ഉപവാസം, നാമമന്ത്രം, പ്രാർത്ഥന, ആശ്രമം, അനുഗ്രഹദാനം, അന്തേവാസികൾ, അന്തഃകരണാഹ്വാനം അഥവാ അന്തർവാണി (inner voice)—ഇങ്ങനെ ഒരു ഗാന്ധിമതത്തിന്റെ രൂപവൽക്കരണത്തിനു് വഴി തെളിക്കുന്ന സകല സാമഗ്രികളും സമ്പ്രദായങ്ങളും അദ്ദേഹം അംഗീകരിച്ചിട്ടുണ്ടു്. ഗാന്ധിയോടു് ചോദിച്ചാൽ ഇവ ഓരോന്നും ഓരോ തത്വത്തിന്മേൽ അധിഷ്ഠിതമാണെന്നു് വാദിച്ചേക്കാമെങ്കിലും ഇവയെല്ലാം മതവിശ്വാസമഗ്നരായ ഭാരതീയരുടെ മനംമയക്കുവാനുള്ള വിദ്യകളായിട്ടുമാത്രമേ ചിന്തകന്മാർ ദർശിക്കുകയുള്ളു. ഇത്തരം മതഭ്രമമൊന്നുംകൂടാതെ ജവഹർലാലി നെപ്പോലെ ഗാന്ധി രാഷ്ട്രീയകാര്യവിചാരം ചെയ്തിരുന്നുവെങ്കിൽ അദ്ദേഹത്തിന്റെ മഹത്ത്വത്തിനു് മാറ്റുകൂടുമായിരുന്നു എന്നാണു് എനിക്കു് തോന്നുന്നതു്.
ഏതാണ്ടൊരു അർദ്ധദൈവമോ അതിമാനുഷനോ ആയിത്തീർന്നിരിക്കുയാണു് നമ്മുടെ രാഷ്ട്രീയനേതാവു്. ഹിറ്റ്ലറും ഇതേ രൂപത്തിൽത്തന്നെയല്ലേ ജർമനിയിൽ നേതൃത്വം പാലിച്ചതു്? രണ്ടുപേരിലും എന്തോ ദിവ്യമായ ഒരു ശക്തിവിശേഷം പ്രവർത്തിക്കുന്നു എന്നു് അതാതു് രാജ്യത്തിലെ ജനസമൂഹം വിശ്വസിച്ചു വന്നു. അവരുടെ ദിവ്യവചനങ്ങളെ ചോദ്യംചെയ്വാൻ അധികമാരും ധൈര്യപ്പെടുകയില്ല. ധൈര്യപ്പെട്ടാൽ ഇന്ത്യയിൽ അതിന്റെ ഫലമെന്താണെന്നു് സുബാസ് ചന്ദ്രബോസി ന്റെ അനുഭവം തെളിയിച്ചുകഴിഞ്ഞു. ഗാന്ധി സിദ്ധാന്തത്തിന്റെ ചട്ടക്കൂടു് പൊളിക്കാൻ ആദ്യമായി ഉയർന്ന ആ കരങ്ങൾ അന്ധമായ ഭൂരിപക്ഷബലത്താൽ അടിച്ചമർത്തപ്പെട്ടു. വാസ്തവത്തിൽ സുബാസ്ചന്ദ്രബോസിനെ തേജോവധംചെയ്കയാണുണ്ടായതു്. ജർമൻനേതാവിൽനിന്നും കേൾക്കുന്ന വിളിയും ‘ദൈവവിളി’യുടെ ഒരു പ്രതിധ്വനിയാണു്. ഗാന്ധി ഇക്കാര്യം യാതൊരു കൂസലും കൂടാതെ തുറന്നു് സമ്മതിക്കുന്നുമുണ്ടു്. ഉത്തരം മുട്ടുന്ന ഘട്ടങ്ങളിലെല്ലാം അദ്ദേഹം ചെവികൊള്ളാറുള്ള അന്തർവാണി (Inner voice) ഒരുതരം ദൈവവചനമാണെന്നു് പറയപ്പെടുന്നു! എന്താണിതെന്നു് ചോദിച്ചാൽ സാമാന്യജനങ്ങൾക്കു് മനസ്സിലാകത്തക്കവിധം ഒരു വിശദീകരണം നൽകുവാൻ അദ്ദേഹത്തിനു് കഴിയുമോ എന്തോ? ഏതായാലും അനേകലക്ഷം ജനങ്ങളുടെ ജീവിതപരിപാടി ഒരാളുടെ ഉള്ളിലെ വിളിയോ വെളിച്ചമോ അനുസരിച്ചു് തിരുത്തി എഴുതിക്കൊണ്ടിരിക്കണമെന്നുവന്നാൽ അതിൽപ്പരമൊരാപത്തു് ഒരു രാജ്യത്തിനുവരാനില്ല! മാനസികമായ അടിമത്തത്തിന്റെ ഒരു പരിഷ്കരിച്ച പതിപ്പുമാത്രമാണിതു്. പണ്ടത്തെ മതാചാര്യന്മാരിൽ പലരും ഇത്തരം ദൈവവിളി കേട്ടവരാണു്. അവർ വിളികേട്ടു് കെട്ടിപ്പടുത്ത മതങ്ങൾ അനന്തരകാലത്തു് ലോകത്തെ എത്രമാത്രം അന്ധതയിലാഴ്ത്തി എന്നുള്ളതിനു് ചരിത്രം സാക്ഷിയാണല്ലോ.
ഗാന്ധിശിഷ്യന്മാരുടെ ഇടയിൽ പരമതാസഹിഷ്ണുതയും ഇപ്പോൾ വർദ്ധിച്ചുവരുന്നുണ്ടു്. സി. രാജഗോപാലാചാരി യുടെ അനുഭവങ്ങൾതന്നെ ഇതിലേക്കു് ഉദാഹരണങ്ങളാകുന്നു. ധിഷണശാലിയായ അദ്ദേഹത്തെപ്പോലും കോൺഗ്രസ്സിലേക്കു് സ്വാഗതം ചെയ്യുവാൻ ചിലർ വൈമുഖ്യം പ്രദർശിപ്പിച്ചു. അസഹിഷ്ണുത മതഭ്രാന്തരുടെ ഒന്നാമത്തെ ലക്ഷണമാണു്. ഈ രോഗം ഗാന്ധിയുടെ ശിഷ്യസംഘത്തിൽ സംക്രമിച്ചതിന്റെ ഫലമായി പല സ്വതന്ത്രചിന്തകന്മാരും കോൺഗ്രസ്സിൽനിന്നു് ബഹിഷ്കൃതരായിട്ടുണ്ടു്. എതിരാളികളെ പുറംതള്ളാൻ ഗാന്ധിമതത്തിലെ ചില ‘സനാതനികൾ’ ചെയ്യുന്ന ഗൂഢയത്നങ്ങളും പറഞ്ഞുപരത്തുന്ന ദുഷ്പ്രമാദങ്ങളും ജുഗുപ്സാവഹങ്ങളെന്നേ പറയേണ്ടു. ഇന്ത്യയിൽ വ്യാപരിച്ചിരിക്കുന്ന ബുദ്ധിസ്തംഭനത്തിന്റെ ദുഷിച്ച ഫലങ്ങളാണിവയെല്ലാം. ഇക്കണക്കിനു് മുന്നോട്ടുപോയാൽ ഗാന്ധിസംകൊണ്ടുണ്ടാകുന്ന മനോബന്ധനത്തിൽനിന്നു് മോചനം നേടേണ്ട ആവശ്യവും നമ്മുടെ രാജ്യത്തിനു് നേരിടും.
(വിമർശരശ്മി 1945)
ജനനം: 1-8-1900
പിതാവു്: ഊരുമനയ്ക്കൽ ശങ്കരൻ നമ്പൂതിരി
മാതാവു്: കുറുങ്ങാട്ടു് ദേവകി അമ്മ
വിദ്യാഭ്യാസം: വിദ്വാൻ പരീക്ഷ, എം. എ.
ആലുവാ അദ്വൈതാശ്രമം ഹൈസ്ക്കൂൾ അദ്ധ്യാപകൻ, ആലുവ യൂണിയൻ ക്രിസ്ത്യൻ കോളേജ് അദ്ധ്യാപകൻ, കേരള സാഹിത്യ അക്കാദമി പ്രസിഡന്റ് 1968–71, കേന്ദ്ര സാഹിത്യ അക്കാദമി അംഗം, ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടു് ഭരണസമിതിയംഗം, കേരള സർവ്വകലാശാലയുടെ സെനറ്റംഗം, ബോർഡ് ഓഫ് സ്റ്റഡീസ് അംഗം, പാഠ്യ പുസ്തക കമ്മിറ്റി കൺവീനർ (1958), ബാല സാഹിത്യ ശില്പശാല ഡയറക്ടർ (1958), ‘ദാസ് ക്യാപിറ്റൽ’ മലയാളപരിഭാഷയുടെ ചീഫ് എഡിറ്റർ, കേരള സാഹിത്യ സമിതി പ്രസിഡന്റ്.
സാഹിതീയം, വിചാരവിപ്ലവം, വിമർശ രശ്മി, നിരീക്ഷണം, ഗ്രന്ഥാവലോകനം, ചിന്താതരംഗം, മാനസോല്ലാസം, മനന മണ്ഡലം, സാഹിതീകൗതുകം, നവദർശനം, ദീപാവലി, സ്മരണമഞ്ജരി, കുറ്റിപ്പുഴയുടെ തിരഞ്ഞെടുത്ത ഉപന്യാസങ്ങൾ, വിമർശ ദീപ്തി, യുക്തിവിഹാരം, വിമർശനവും വീക്ഷണവും, കുറ്റിപ്പുഴയുടെ പ്രബന്ധങ്ങൾ—തത്വചിന്ത, കുറ്റിപ്പുഴയുടെ പ്രബന്ധങ്ങൾ—സാഹിത്യവിമർശം, കുറ്റിപ്പുഴയുടെ പ്രബന്ധങ്ങൾ— നിരീക്ഷണം.
ചരമം: 11-2-1971