
മദ്ധ്യകാലമലയാളമാതൃകകളുടെ രണ്ടാംഭാഗത്തിലുൾപ്പെടുത്തി മഹാകവി ഉള്ളൂർ, മാധവപ്പണിക്കരുടെ ഭഗവദ്ഗീത പ്രസാധനം ചെയ്തിട്ടുണ്ടല്ലോ. അതിലെ അവതാരികയിൽ പ്രസാധകൻ ഇങ്ങനെ അസന്ദിഗ്ദ്ധമായ ഒരഭിപ്രായം പുറപ്പെടുവിച്ചിട്ടുണ്ടു്: ‘കേരളഭാഷാസാഹിത്യത്തിന്റെ ദാരിദ്ര്യദുഃഖത്തെപ്പറ്റി ശോചിക്കുന്നവർ പലരുമുണ്ടു്. അവരോടു ഞാൻ ആ ഭാഷയിലാണു്. ‘ലോകത്തിൽ’ ഭഗവദ്ഗീത ‘ആദ്യമായി’ സംസ്കൃതത്തിൽനിന്നു തർജ്ജമ ചെയ്യപ്പെട്ടുകാണുന്നതെന്നു പറഞ്ഞാൽ അവരുടെ മനസ്സിൽ അങ്കുരിക്കുന്ന വികാരങ്ങൾ എന്തായിരിക്കുമെന്നു് ഊഹിക്കാൻകൂടിയും തൽക്കാലം എനിക്കു ശക്തിയില്ല.’ കൂടാതെ ടിപ്പണിയിൽ അദ്ദേഹം പണിക്കരുടെ മനോധർമ്മമെന്നു പറഞ്ഞു പല പ്രയോഗങ്ങളും എടുത്തുകാണിച്ചു പുകഴ്ത്തുകയും ചെയ്തിരിക്കുന്നു. ഇവയെപ്പറ്റി ചോദ്യം ചെയ്തുകൊണ്ടും തമിഴിൽ പട്ടണാർ എന്നൊരു കവി എഴുതിയിട്ടുള്ള ഗീതയ്ക്കും തമ്മിൽ കാണുന്ന സാദൃശ്യത്തെ ഉദാഹരിച്ചു് ഒന്നു മറ്റതിന്റെ അനുകരണമാകാമെന്നു കാണിച്ചുകൊണ്ടും ഞാൻ മുപ്പതു വർഷംമുമ്പു മംഗളോദയം മാസികയിൽ ഒരു ലേഖനമെഴുതുകയുണ്ടായി. പട്ടണാരുടെ കാലത്തിനുശേഷമാണു് പണിക്കർ ജീവിച്ചിരുന്നതെന്നത്രേ ചില തമിഴു് പണ്ഡിതന്മാരുടെ അഭിപ്രായം. അതു ശരിയാണെങ്കിൽ പ്രസാധകന്റെ മേൽക്കാണിച്ച അഭിപ്രായങ്ങൾ നിരാസ്പദങ്ങളാകും. എന്റെ ലേഖനത്തിനു പ്രസാധകനാകട്ടെ മറ്റു ഗവേഷകന്മാരാകട്ടെ ഒരു മറുപടിയും പറഞ്ഞുകണ്ടില്ല. ആ ലേഖനമെഴുതുന്നതിനു് എന്നെ പ്രേരിപ്പിച്ചതും സഹായിച്ചതും തമിഴ്പണ്ഡിതനായ ഒരു സ്നേഹിതനായിരുന്നു. അദ്ദേഹവുമായി ഇതിനെപ്പറ്റി പ്രസാധകൻ എഴുത്തുകുത്തു നടത്തിയതായിട്ടെനിക്കറിയാം. എന്നാൽ സംശയനിവാരണാർത്ഥം ഒന്നുംതന്നെ മഹാകവി പരസ്യമായി പ്രസ്താവിച്ചിട്ടില്ല. അദ്ദേഹത്തിന്റെ ഭാഷാസാഹിത്യചരിത്രത്തിൽ ഇക്കാര്യം സൂചിതമായിട്ടേയുള്ളൂ. സനിഷ്കർഷമായ ഗവേഷണത്തിനോ നിരൂപണത്തിനോ അദ്ദേഹം ഉദ്യമിച്ചിട്ടില്ല.
പട്ടണാരുടെയും പണിക്കരുടെയും ഗീതകൾക്കു തമ്മിൽ, ഒന്നു മറ്റതിന്റെ അനുകരണമാണെന്നു തോന്നത്തക്കവിധം, പല സാദൃശ്യങ്ങളും കാണുന്നുണ്ടു്. പണിക്കരുടെ സ്വന്തം പ്രയോഗങ്ങളാണെന്നു പ്രസാധകൻ നിർദ്ദേശിച്ചിട്ടുള്ളവയിൽ മിക്കതും പട്ടണാരുടെ ഗീതയിലുണ്ടു്. ഉദാഹരണങ്ങൾ ഓരോന്നായി ചുവടെ ചേർക്കാം:
‘നരപതിമാർകൾ നമുക്കും പലരുളർ
നായകനായ ഭവാൻ ഭീഷ്മാദികൾ
വിരവൊടു പ്രാണത്യാഗമെനിക്കേ
വേണ്ടിയിയറ്റുകയെന്നാനരചൻ.’
(പണിക്കർ 1–8)
ഇതിലെ പ്രയോഗരീതി മൂലത്തിൽനിന്നു വ്യതിചലിച്ചതും പണിക്കരുടെ സ്വന്തവുമാണെന്നു് ഉള്ളൂർ അഭിപ്രായപ്പെടുന്നു. എന്നാൽ ഇതിനും,
‘അന്റിയേയുമരചരനേകരാൽ
വെന്റിയേ തിരുവല്ലത് വേണ്ടല-
രൊന്റിയേ തമെമക്കുറുമേലുയിർ
പോന്റിയേയതു പോക്കുതൻമേർക്കൊണ്ടാർ’
(പട്ടണാർ 1–5)
എന്ന പട്ടണാർപാട്ടിനും തമ്മിൽ ഗണ്യമായ ഒരു വ്യത്യാസവുമില്ല.
‘പ്രാണത്യാഗമെനിക്കേ വേണ്ടിയിയറ്റുക’
‘ഏമക്കുറുമേലുയിർ പോന്റിയേയതു
പോക്കുതൻമേർക്കൊണ്ടാർ’
എന്നീ രണ്ടു പ്രയോഗങ്ങളും തമ്മിൽ എത്ര അടുത്തിട്ടുണ്ടെന്നു നോക്കുക. (ഉയിർ പോന്റിയേ—പ്രാണൻ ത്യജിച്ചിട്ടു്.)
2
‘ഉറ്റവരിൽ പെരുകീടിന കൃപയാ-
മൊരു തിമിരം വന്നെന്നുടെ ഹൃദയേ-
യൂറ്ററിവാം കണ്ണേറമറഞ്ഞീ-
ട്ടൊരു നെറിയും കാണാതിടരുറ്റേൻ.’
(പണിക്കർ 2–4)
ഇതിലെ രൂപകം പണിക്കരുടെ സ്വന്തമാണെന്നു് പ്രസാധകൻ പറയുന്നു. കൃപയാകുന്ന തിമിരം അറിവാകുന്ന കണ്ണുമറഞ്ഞു് ഒരു മാർഗ്ഗവും കാണാതെ (അർജ്ജുനൻ) വ്യസനിക്കുന്നു എന്നാണല്ലോ അർത്ഥം. പട്ടണാർ പാടുന്നതും ഇതുതന്നെയാണു്.’
‘ആതലാലറിവായ മിഴിയിനൈ
മറ്റാങ്കവർ പാർ
കാതാലാമിരുൺമറൈപ്പു നെറി-
യെങ്കും കാണേനാൻ.’
(പട്ടണാർ 2–6)
കാതലാമിരുൺമറൈപ്പു (കാതൽ—സ്നേഹം—കരുണ) എന്നതിലെ ഇരുട്ടിനെ പണിക്കർ ‘തിമിര’മാക്കി ഒരു ശ്ലേഷഭംഗി വരുത്തിയെന്നു മാത്രമേ ഇവിടെ വിശേഷമുള്ളു. ‘നെറി’ എന്ന പദം രണ്ടിടത്തുമുണ്ടു്. കാതൽ വേറെ പലയിടത്തും പ്രയോഗിച്ചിട്ടുള്ളതുകൊണ്ടായിരിക്കാം പണിക്കർ ഇവിടെ വിട്ടുകളഞ്ഞതു്. ‘നെറിയെങ്കും കാണേനാൻ’—‘നെറിയും കാണാതിടരുറ്റേൻ’ എന്ന രണ്ടു പ്രയോഗങ്ങളും ഇരട്ടപെറ്റ കുട്ടികളെപ്പോലിരിക്കുന്നു!
3
‘അഴുതളവവേ കണ്ണീർ മെയ്മാർവി-
ലതീവ പൊഴിഞ്ഞുടനർജ്ജുന ഹൃദയേ
മുഴുതുമെഴും ശോകാഗ്നി ശമിക്ക
മുകുന്ദാഞ്ജനമേഘം തന്നിടയേ
അഴകിയ മന്ദസ്മിതമിന്നോടു-
മനന്തരമേ ചൊൽധാരകളോടും
വഴിയേയുണ്മജ്ഞാനാമൃതമഴ
വർഷിപ്പാൻ വടിവൊടു നിനവുറ്റാൻ.”
(പണിക്കർ 2–6)
ടിപ്പണീകാരന്റെ നോട്ടത്തിൽ ഇതും പണിക്കരുടെ സ്വന്തമാണു്. നന്ത്യാരുവീട്ടിൽ പരമേശ്വരൻപിള്ള പ്രസാധനം ചെയ്തിട്ടുള്ള പതിപ്പിലും ‘ഈ പാട്ടു് പണിക്കരുടെ കൽപനാശക്തിക്കു് ഒരുത്തമ സാക്ഷ്യമാണെന്നു പറഞ്ഞുകാണുന്നു. എന്നാൽ ഇത്രത്തോളം മനോഹരമായി വികസിച്ചിട്ടില്ലെങ്കിലും ഇതിലെ രൂപകംതന്നെ ഒരു കുഡ്മളപ്രായത്തിൽ പട്ടണാർപാട്ടിലും കാണുന്നുണ്ടു്. നോക്കുക:
‘നയ്മാർവിൽ ചൊരിപതെന
നെടുങ്കൺ കണീർ ചോര
വിമ്മാനിന്റെ വൻകാതൽ
വെന്തീയാൽ വേവാമേ
കയ്മാറൊന്റിന്റിയുയിർ കാപ്പതേ കടം പൂണ്ട
വമ്മായൻ തിരുവായ്മെയ്യരുൺ-
മാരിയാലവിപ്പാൻ.’
(പട്ടണാർ 2–9–10)
മാറിൽ കണ്ണീർ പൊഴിയുന്നതും വെന്തീയാൽ വേവുന്നതും അതിന്റെ ശമനത്തിനായി (അവിപ്പാൻ) ജഞാനാമൃതമഴ (തിരുവായ് മെയ്യരുൺമാരി) വർഷിക്കുന്നതും മറ്റും രണ്ടിലും ഒത്തിരിക്കുന്നുണ്ടു്. മുകുന്ദനെ അഞ്ജനമേഘമായും ചൊല്ലിനെ ധാരയായും രൂപണം ചെയ്തിട്ടുള്ളതു പണിക്കരുടെ സ്വന്തമായിരിക്കാം. മന്ദസ്മിതമിന്നലിനു പകരം പട്ടണാർ അടുത്ത പാട്ടിൽ തുടർന്നു പാടുന്ന മിന്നൈയനയ തിരുനകൈ (മിന്നലിനൊത്ത തിരുചിരി) എന്ന ഭാഗം മതിയാകും. ‘മെയ്മാർവിൽ’ എന്നതിനു് ‘ഭനന്മാർവിൽ’ എന്നു പാഠാന്തരമുണ്ടു്. ‘അഭിനവ കല്പഗ്രന്ഥമാല’ ഒന്നാംനമ്പരായി പ്രസിദ്ധീകരിച്ചിട്ടുള്ള പതിപ്പിൽ ‘നെയ്മാർവിൽ’ എന്നുതന്നെ ഒരു മാറ്റവുംകൂടാതെ കാണുന്നതും ശ്രദ്ധേയമാണു്.
4
‘…ചെമ്മേ കൂടെ വരും വായുവിനാൽ
മോതിയെഴുന്നു മറിഞ്ഞലയാഴിയിൽ
മുഴികീടുന്ന മരക്കലമൊത്തേ.’
(പണിക്കർ 2–82)
ഇതിലെ അന്ത്യഭാഗത്തെ മരക്കലവർണ്ണനം പണിക്കരുടെ വകയാണെന്നാണു് ഉള്ളൂർ പറയുന്നതു്. എന്നാൽ ഇവിടെ പട്ടണാർ ഏറ്റവും അടുത്തുതന്നെ നിൽക്കുന്നുണ്ടു്.
‘ഊറിയ കടലുകളോടും കലത്തിനെ-
യുടൻ ചെൽ കാറ്റേ
വേറുചെയ്തറൈന്തുമായ്ത്തു
വീഴ്ത്തുമാപോലെവെയാം.’
(പട്ടണാർ 2–57)
‘ഉടൻ ചെൽ കാറ്റും’ ‘ചെമ്മേ കൂടെ വരും വായു’വും തമ്മിൽ എന്താണു ഭേദം? മരക്കലത്തിന്റെ വിശേഷണത്തിലാണു് മനോധർമ്മമെങ്കിൽ അതു് ‘വേറുചെയ്തറൈന്തുമായ്ത്തു വീഴ്ത്തു’മെന്നതിലും തെളിഞ്ഞിട്ടുണ്ടു്.
5
‘ഉറുതിയിൽ ഞാനിച്ചൊല്ലിയ കർമ്മമി-
തുള്ളിലുപേക്ഷിപ്പോർ വമ്പാരാം
തറമേൽ നിന്ന മരംപോലെയവർ
താഴ്‌വരുയർച്ചി വരാതൊരു നാളും.’
(പണിക്കർ 3–11)
ഇതിലെ ‘വമ്പാരാം തറമേൽ നിന്ന മരംപോലെ’യെന്ന ഉപമ മൂലത്തിലില്ലെന്നു പറയുന്ന പ്രസാധകൻ അതും പണിക്കരുടെ സ്വന്തമെന്നായിരിക്കാം സൂചിപ്പിക്കുന്നതു്. പ്രസ്തുതോപമ മൂലത്തിലില്ലെങ്കിലും പട്ടണാരുടെ പാട്ടിൽ സ്പഷ്ടമായി കിടപ്പുണ്ടു്.
‘വൻപാർത്തരൈയിലെഴുമരംപോൽ.’
(പട്ടണാർ 3–16)
എന്ന ഭാഗം നോക്കുക.
6
‘ഒരു വനമതിലേ തീ പിടിപെട്ടാ-
ലൊക്കെയുമേ വെണ്ണീറാമതുപോൽ.’
(പണിക്കർ 4–16)
‘മൂലത്തിൽ വിറകു് (ഏധാംസി) അഗ്നി ഭക്ഷിക്കുന്നതാണു് ഉപമാനം. പണിക്കർ അതു സ്വല്പം മാറ്റിയിരിക്കുന്നു’ എന്നു് ഉള്ളൂർ പറയുന്നു. പട്ടണാരുടെ കവിതയിലും ഈ മാറ്റം കാണുന്നുണ്ടു്.
‘ഏറിയാവെരിവരു കാനിടൈ.’
(പട്ടണാർ 4–28)
ഇവിടെ വിറകുകൾക്കു പകരം വനം (കാനിടൈ) എന്നു് ഇരുകൂട്ടരും പ്രയോഗിച്ചിരിക്കുന്നു.
7
‘യോഗമതിയറ്റുമളവേയുടലിൽ വേലാ-
ലൂടുരുവവേയൊരുവർ ചാടുകിലും നീടാർ-
നാഗങ്ങളണഞ്ഞിടർചെയ്തീടുകിലും മെയ്മേൽ
നാടിയനൽ മൂടുകിലും നിർഭയമകന്നേ.’
(പണിക്കർ 6–10)
‘ഇതിൽ കാണുന്ന ഉദാഹരണങ്ങൾ പണിക്കരുടെ സ്വന്തമാണെ’ന്നു ടിപ്പണീകാരൻ. എന്നാൽ ഇതേ ഉദാഹരണങ്ങൾ പട്ടണാരും കൊണ്ടുവരുന്നതു കാണുക:
‘വഞ്ചർ വേൽകൊടുമാർ പീനെറിയിനു
മെഞ്ചവേ തഴൽ മൂടിയെരിയിനു.
നഞ്ചിനാരഴനാക നലിയിനു
മഞ്ചിടാമതു മാനന്തമാവതേ.’
(പട്ടണാർ 6–17)
വേൽ, തഴൽ (അഗ്നി) നാകം—ഇത്രയുമാണല്ലോ ഇതിലെ ഉദാഹരണങ്ങൾ. പട്ടണാരുടെ തഴൽ പണിക്കർക്കു് അനലായിപ്പോയെന്നേ ഉള്ളൂ.
8
പണിക്കരുടെ ഗീതയിൽ പത്താമധ്യായം പതിനൊന്നാമത്തെ പാട്ടിൽ, ‘മുറ്റുമഹാഗോക്കളിൽ ഞാൻ സുരഭി’ എന്നിടത്തു ടിപ്പണീകാരൻ ഇങ്ങനെ പറയുന്നു: ‘ധേനുനാമസ്മി കാമധൂക്’ എന്നേ മൂലത്തിലുള്ളൂ. അതിനുപകരം ‘സുരഭി’ എന്നു തർജ്ജമ ചെയ്തതു് പണിക്കരുടെ ഔചിത്യത്തിനു ദൃഷ്ടാന്തമായിരിക്കുന്നു. ശരി, അങ്ങനെയാണെങ്കിൽ ഈ ഔചിത്യത്തിനു പട്ടണാരും പ്രശംസാർഹനാണു്.
‘കൗടൈപയിൻ സുരപി കോകുലത്തിൽ’
എന്നു് അദ്ദേഹവും ‘സുരപി’യെത്തന്നെ കൊണ്ടുവരുന്നുണ്ടു്.
9
‘പുറ്റിനകത്തരവങ്ങൾ പൂകുമ്പോൽ
‘പുനരവർതമ്മെ വിഴുങ്ങിന്റേൻ ഞാൻ.’
(പണിക്കർ 16–10)
ഇതിലെ ഉപമ മൂലത്തിലില്ലെന്നു ടിപ്പണി. ഇതു പട്ടണാർ കുറെക്കൂടി ഭംഗിയാക്കി പാടുന്നു.
‘…കൊടുമയാലരവൊപ്പാരൈ…
പുറ്റവൈതോറുമിയാനെ-
പ്പുകപ്പുകവീഴ്ത്തുകിന്റേൻ.’
(പട്ടണാർ 16–16)
അരവം, പുറ്റ് ഈ പദങ്ങൾ രണ്ടിലും വരുന്നതു നോക്കുക.
10
‘തിറമൊടു പൊന്നും മണിയും
തമ്മിൽ ചേർന്നതുപോൽ.’
(18–6)
എന്നു തുടങ്ങുന്ന പണിക്കാരുടെ ഉപമ സ്വന്തമാണെന്നു പറയുന്ന ടിപ്പണീകാരൻ.
‘പൊന്നാലതുവും പണിയും
പോലിരിക്കുമിന്തപ്പൊയ്മെയ്യെ’
എന്ന പട്ടണാർപാട്ടും വായിച്ചുനോക്കേണ്ടതത്രേ.
11
‘…കാറ്റിനെ-
യേവരികെന്നു പിടിച്ചുനിറുത്താ-
മെങ്കിലിതമെന്നേ കരുതുന്നേൻ.’
(പണിക്കർ 6–13)
ഇവിടെ ‘വായോരിവ സുദുഷ്കരം’ എന്ന മൂലത്തെ പണിക്കർ എത്ര ഭംഗിയായി തർജ്ജമ ചെയ്തിരിക്കുന്നുവെന്നു് ഉള്ളൂർ ചോദിക്കുന്നു. പട്ടണാരുടെ തർജ്ജമയും ഈ അഭിപ്രായം അർഹിക്കുന്നുണ്ടു്.
‘കാറ്റടക്കർക്കൊക്കുമെനവു’മെന്ന അതിലെ പ്രയോഗത്തെ അല്പം വികസിപ്പിക്കുക മാത്രമാണു് പണിക്കർ ചെയ്തിരിക്കുന്നതു്.
12
‘പറയാം ചതുരിയുഗങ്ങൾ സഹസ്രം
പകലൊന്നജനാണ്ടൊരു നൂറാമത്
മറയാതൊരു പകലെന്നറി നീ
മാനിതരാകിയ ദേവന്മാർക്കും.’
(പണിക്കർ 8–10)
ഇതിൽ പറയുന്ന ദേവവർഷസംഖ്യ ശരിയല്ലെന്നും പാഠാബദ്ധമായിരിക്കണമെന്നും ഉള്ളൂർ പറയുന്നു. ഇതേ അബദ്ധംതന്നെ പട്ടണാർക്കും പറ്റിയിരിക്കുന്നതു നോക്കുക:
‘അയ്യാ കേൾ ചതുർയുകമീരഞ്ഞുറു-
മൊരു പകലാമാണ്ടൊരു നൂറയർക്കുമുള്ള’
(പട്ടണാർ 8–14)
(അയർക്കു—അജന്) ഒരേ തെറ്റുതന്നെ ഇരുകൂട്ടർക്കും പറ്റിയിരിക്കുന്നതു വിസ്മയനീയമല്ലേ?
13
‘എന്നിവരണ്ടിനുടെ നിലയും കേ-
ളെരിയുന്നഗ്നിയുടെയൊളിധൂമം
നിന്നു മാപ്പതിനൊത്തും ദർപ്പണ-
നീടൊളിമലമതിൽ മൂടിയതൊത്തും.’
(പണിക്കർ 3–14)
മൂലത്തിൽ മൂന്നുപമകൾ ഉണ്ടു്. ‘യഥോൽബേനാ വൃതോഗർഭഃ’ എന്ന ഭാഗം പണിക്കർ തർജ്ജമ ചെയ്തിട്ടില്ല എന്നു പ്രസാധകൻ അഭിപ്രായപ്പെടുന്നു. പട്ടണാരും ഈ ഭാഗം തർജ്ജമ ചെയ്തിട്ടില്ല.
‘നെരുപ്പൈ മുറ്റിയ തൂമവുനീടൊളി-
തരുപ്പണത്തെ മറൈത്തനമാസുംപോ-
ലുരുപ്പടൈത്തനവുള്ളുണർവിയാവയും
വിരുപ്പമുറ്റവെങ്കാമം വിഴുങ്കുമാൽ.’
(പട്ടണാർ 3–23)
‘നെരുപ്പെ മുറ്റിയ തൂമം’ (ധൂമം) ‘നീടൊളിതരുപ്പണത്തെ’ (ദർപ്പണം) ‘മറൈത്തന മാസും’ (മല) എന്ന പട്ടണാരുടെ രണ്ടു് ഉപമകൾ മാത്രമാണു് പണിക്കരും പ്രയോഗിച്ചിരിക്കുന്നതു്. അതുമാത്രമോ? ‘നീടൊളിതരുപ്പണം’ രണ്ടിടത്തും വരുന്നതു നോക്കുക!
ഒന്നുരണ്ടു ചെറിയ ഉദാഹരണങ്ങൾകൂടി കാണിച്ചിട്ടു് ഈ ലേഖനമവസാനിപ്പിക്കാം. ഒരേ പദം പലയിടത്തും തുല്യസ്ഥാനങ്ങളിൽ ഇവർ പ്രയോഗിച്ചുകാണുന്നുണ്ടു്. ‘കരുതിവിരിഞ്ഞു കടാവിനനേരം’ എന്ന പണിക്കരുടെ പ്രയോഗത്തിനു് (1–11) തൽസ്ഥാനത്തു ‘നടുവേ കടാവിയിതു കാണന’ എന്നു പട്ടണാർ.
‘കൊടിയ പെരുമ്പാവം കയ്ക്കൊൾവാൻ’ (1–16) എന്നതിലെ പണിക്കരുടെ പെരുമ്പാവംതന്നെ ‘എന്നേ കൊടിയ പെരുമ്പാവമെയ്ത നിനന്തേൻ’ എന്നു പട്ടണാർ പാട്ടിലും കാണുന്നു; ഇതുപോലെ വേറെയും ഉദാഹരണങ്ങളുണ്ടു്.
ഉദ്ധൃതഭാഗങ്ങൾതന്നെ രണ്ടു കൃതികൾക്കുമുള്ള പരസ്പരസാദൃശ്യത്തെ എത്രമാത്രം ബലപ്പെടുത്തുമെന്നു നാം കണ്ടുകഴിഞ്ഞു. ഇതിൽനിന്നു് എന്താണു് അനുമാനിക്കേണ്ടതു്? ഈ രണ്ടുകവികളിൽ ഒരാൾ മറ്റെയാളുടെ പുറകേ പോയിട്ടുണ്ടെന്നുള്ളതു തീർച്ചതന്നെ. ഒന്നുകിൽ പട്ടണാർ പണിക്കരുടെ ഗീത വായിച്ചു് അതിനെ അനുകരിച്ചെഴുതിയിരിക്കണം. പണിക്കരുടെ കാലത്തു മലയാളം തമിഴിനെയാണല്ലോ അധികം ആശ്രയിച്ചിരുന്നതു്. പട്ടണാർ പണിക്കരുടെ പൂർവ്വഗാമിയാണെങ്കിൽ മലയാളഗീത തമിഴിന്റെ അനുകരണമാണെന്നു സമ്മതിക്കേണ്ടിവരും. അപ്പോൾ മലയാളത്തിലേക്കാണു് ഗീത ആദ്യമായി തർജ്ജമചെയ്യപ്പെട്ടതെന്ന അഭിപ്രായവും പരിത്യാജ്യമാകും. ഗവേഷകരുടെ ശ്രദ്ധപതിയേണ്ട ഒരു വിഷയമാണിതു്.
(സാഹിതീകൗതുകം.)

ജനനം: 1-8-1900
പിതാവു്: ഊരുമനയ്ക്കൽ ശങ്കരൻ നമ്പൂതിരി
മാതാവു്: കുറുങ്ങാട്ടു് ദേവകി അമ്മ
വിദ്യാഭ്യാസം: വിദ്വാൻ പരീക്ഷ, എം. എ.
ആലുവാ അദ്വൈതാശ്രമം ഹൈസ്ക്കൂൾ അദ്ധ്യാപകൻ, ആലുവ യൂണിയൻ ക്രിസ്ത്യൻ കോളേജ് അദ്ധ്യാപകൻ, കേരള സാഹിത്യ അക്കാദമി പ്രസിഡന്റ് 1968–71, കേന്ദ്ര സാഹിത്യ അക്കാദമി അംഗം, ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടു് ഭരണസമിതിയംഗം, കേരള സർവ്വകലാശാലയുടെ സെനറ്റംഗം, ബോർഡ് ഓഫ് സ്റ്റഡീസ് അംഗം, പാഠ്യ പുസ്തക കമ്മിറ്റി കൺവീനർ (1958), ബാല സാഹിത്യ ശില്പശാല ഡയറക്ടർ (1958), ‘ദാസ് ക്യാപിറ്റൽ’ മലയാളപരിഭാഷയുടെ ചീഫ് എഡിറ്റർ, കേരള സാഹിത്യ സമിതി പ്രസിഡന്റ്.
സാഹിതീയം, വിചാരവിപ്ലവം, വിമർശ രശ്മി, നിരീക്ഷണം, ഗ്രന്ഥാവലോകനം, ചിന്താതരംഗം, മാനസോല്ലാസം, മനന മണ്ഡലം, സാഹിതീകൗതുകം, നവദർശനം, ദീപാവലി, സ്മരണമഞ്ജരി, കുറ്റിപ്പുഴയുടെ തിരഞ്ഞെടുത്ത ഉപന്യാസങ്ങൾ, വിമർശ ദീപ്തി, യുക്തിവിഹാരം, വിമർശനവും വീക്ഷണവും, കുറ്റിപ്പുഴയുടെ പ്രബന്ധങ്ങൾ—തത്വചിന്ത, കുറ്റിപ്പുഴയുടെ പ്രബന്ധങ്ങൾ—സാഹിത്യവിമർശം, കുറ്റിപ്പുഴയുടെ പ്രബന്ധങ്ങൾ— നിരീക്ഷണം.
ചരമം: 11-2-1971