‘അങ്ങു് ഗാന്ധിജി യുടെ ശിഷ്യനാണോ?’ എന്നു് ലണ്ടനിൽവെച്ചു് ജവഹർലാലി നോടു് ഒരാൾ ചോദിക്കുകയുണ്ടായി. ഉത്തരംമുട്ടിക്കുന്ന അപകടം പിടിച്ച ഒരു ചോദ്യമായിരുന്നു അതു്. ‘മതകാര്യങ്ങളിൽ അല്ല’ എന്നു മാത്രമേ അദ്ദേഹം അതിനു് മറുപടി പറഞ്ഞുള്ളു. ‘മറ്റുകാര്യങ്ങളിലോ’ എന്നു വീണ്ടും ചോദിച്ചിരുന്നെങ്കിൽ എന്തായിരിക്കും മറുപടി? അതിപ്പോൾ ആർക്കും നിശ്ചയിച്ചുകൂടാ. ശിഷ്യത്വം പൂർണമായി സമ്മതിക്കാനോ, തീരെ നിഷേധിക്കുവാനോ അദ്ദേഹം ധൈര്യപ്പെടുമെന്നു് തോന്നുന്നില്ല. അത്രയ്ക്കും വ്യാമിശ്രമായ ഒരു ബന്ധമാണു് ഈ രണ്ടു് നേതാക്കന്മാർക്കും തമ്മിലുള്ളതു്. അതിനൊരു ഗുരുശിഷ്യഭാവം കല്പിക്കാമെങ്കിൽ അതു് ഏറ്റവും വിചിത്രവുമായിരിക്കും. യോജിപ്പില്ലാത്തിടത്തു് യോജിപ്പു്. അടുപ്പമില്ലാത്തിടത്തു് അടുപ്പം. ഇങ്ങനെയൊരു വിചിത്രതയാണു് ഇതിൽ പൊന്തിക്കാണുന്നതു്. ഭാരതീയമായ ഗുരുശിഷ്യബന്ധത്തിന്റെ മകുടാലങ്കാരമാണു് മതം. മതത്തെ സംബന്ധിച്ചിടത്തോളം ഈ പുതിയ ഗുരുശിഷ്യന്മാർ ധ്രുവങ്ങൾക്കു് തമ്മിലുള്ള അകൽച്ചയിലാണു് നിലകൊള്ളുന്നതു്. സർവപ്രാമാണ്യവും സർവതോന്മുഖമായ ഗൗരവവും ഗുരു മതത്തിനു് നൽകുമ്പോൾ ശിഷ്യൻ അതൊരു നേരമ്പോക്കായിമാത്രം കരുതുന്നു! മനുഷ്യൻ നന്നാകാൻ മതം ആവശ്യമാണോ എന്ന ചോദ്യത്തിനു് ഗുരു അനുവാദരൂപത്തിലും ശിഷ്യൻ നിഷേധരൂപത്തിലും ആയിരിക്കും മറുപടി പറയുക. രണ്ടുപേരും മനുഷ്യമഹത്ത്വത്തിന്റെ ഉന്നതകോടിയിലെത്തിയിട്ടുള്ളവരാണു്. മതത്തെപ്പറ്റി ഗാന്ധി എന്തുതന്നെ അഭിപ്രായപ്പെട്ടാലും മഹത്ത്വസമ്പാദനത്തിനു് മതപരമായ വിശ്വാസം ആവശ്യമില്ലെന്നുള്ളതു് ജവഹർലാലിന്റെ ജീവിതം ഒന്നാംതരമായി ഉദാഹരിക്കുന്നുണ്ടു്. ഉപനിഷത്തും ഭഗവദ്ഗീതയും മറ്റും എന്തുപദേശിക്കുന്നു എന്നു് നോക്കാതെതന്നെ സത്യധർമപരിപാലനത്തിനും ത്യാഗജീവിതത്തിനും മനുഷ്യൻ സന്നദ്ധനാകുമെന്നു് ആ സ്വതന്ത്ര ചിന്തകൻ ലോകത്തെ പഠിപ്പിക്കുന്നു. രാഷ്ട്രീയമായ അടിമത്തത്തെ മാത്രമല്ല, പുരാതനഗ്രന്ഥങ്ങളോടുള്ള മാനസികമായ അടിമത്തത്തെക്കൂടി അദ്ദേഹം ധ്വംസിച്ചുകൊണ്ടിരിക്കുകയാണു്. സ്വഭാവേനതന്നെ ഒരു കശാപ്പുശാലയായി കാണപ്പെടുന്ന ഈ ലോകത്തിൽ അഹിംസാവ്രതം കേവലം ഒരു ഉപായമായിട്ടു് മാത്രമേ അദ്ദേഹം ഗണിച്ചിട്ടുള്ളു. ഏതാണ്ടൊരു വിദേശീയസംസ്കാര വിശേഷമാണു് ഈ ശിഷ്യനിൽ മുന്നിട്ടുനിൽക്കുന്നതു്. എന്നാൽ, ഗുരുവിന്റെ നിലയോ? അടിമുതൽ മുടിവരെ കലർപ്പില്ലാത്ത ഭാരതീയസംസ്കാരത്തിന്റെ മൂർത്തീകരണമാണു് ഗാന്ധി. ഭഗവദ്ഗീതയുടെ ഒരു സജീവവ്യാഖ്യാനം എന്നു് അദ്ദേഹത്തെപ്പറ്റി ഒരു പണ്ഡിതൻ അഭിപ്രായപ്പെട്ടിട്ടുണ്ടു്. മഹാത്മാഗാന്ധിയും ഹിമവാൻ പർവതവുമാണു് തന്നെ ഏറ്റവും അത്ഭുതപ്പെടുത്തിയതെന്നു് ഇന്ത്യ സന്ദർശിച്ച ഒരു സായ്പ് ഒരിക്കൽ പറയുകയുണ്ടായി. പുറമേനിന്നും പുത്തനായി നാട്ടിൽ കടന്ന സായ്പിനു് ഈ രണ്ടിലും അത്ഭുതം തോന്നിയേക്കാം. എന്നാൽ, ഗാന്ധി ഭാരതീയർക്കു് ഒരു അത്ഭുതപുരുഷനല്ല. അദ്ദേഹത്തിൽ പ്രതിബിംബിക്കുന്ന ഭാരതീയജീവിതം അവരുടെ പുരാതനഗ്രന്ഥങ്ങളിൽ പണ്ടേ നിഴലിച്ചുകൊണ്ടിരുന്ന ഒന്നാണു്. ഇന്ത്യാക്കാരുടെ അത്ഭുതപുരുഷൻ ജവഹർലാലാകുന്നു. ജന്മംകൊണ്ടു് ഇന്ത്യ, വളർച്ചകൊണ്ടു് ഇംഗ്ലണ്ട്, നടപടികൊണ്ടു് ഈ രണ്ടിലുംപെടാത്ത ഒരു നവലോകം ഇങ്ങനെ ഒന്നിലും ഒട്ടിച്ചേരാത്ത അദ്ദേഹത്തിന്റെ നില പൗരസ്ത്യർക്കു് ഒരു പുതുമതന്നെയാണു്. ‘എല്ലായിടത്തും കൂട്ടുവിട്ടും ഒരിടത്തും കൂട്ടില്ലാതെയും ഞാൻ പാശ്ചാത്യ പൗരസ്ത്യങ്ങളുടെ ഒരു വിചിത്ര സങ്കലനമായിത്തീർന്നിരിക്കുന്നു’. ‘I have become a curious mixture of the East and West out of place everywhere and at home nowhere’. എന്നു് ജവഹർലാൽതന്നെ തന്റെ ആത്മകഥയിൽ പറഞ്ഞിട്ടുണ്ടു്. ഗാന്ധി ഇന്ത്യയുടെ ആത്മാവിൽ ലയിച്ചുചേർന്നിരിക്കുന്നു എന്നു പറയാം. അതുകൊണ്ടുതന്നെയാണു് സാമാന്യജനത പണ്ഡിതപാമരഭേദമോ കുചേലകുബേരഭേദമോ കൂടാതെ ഒന്നാകെ അദ്ദേഹത്തിന്റെ പിന്നാലെ ഇപ്പോഴും പൊയ്ക്കൊണ്ടിരിക്കുന്നതു്. ഈ ആത്മീയസമ്പർക്കം അഥവാ മാനസികമായ ഏകീഭാവം ജവഹർലാലിനു് ഇനിയും ലഭിച്ചിട്ടില്ല. നിരാലംബമായ ആകാശത്തിലാണു് അദ്ദേഹത്തിന്റെ നില. അവിടെ നിന്നുകൊണ്ടു് അതിദൂരവർത്തിയായ ഒരു ആദർശമണ്ഡലത്തിൽ അദ്ദേഹം അക്ഷമനായി ചുറ്റിക്കറങ്ങുന്നു. സ്വപ്നവർത്തിയായ ഒരു നവഭാരതത്തിന്റെ സുന്ദരരൂപം ആ നിഷ്കന്മഷഹൃദയത്തെ സദാപി ആകർഷിച്ചുകൊണ്ടിരിക്കുന്നു. പാവങ്ങളുടെ കഷ്ടതയിൽ ശിഷ്യന്റെ ഹൃദയം വെന്തുനീറുന്നുണ്ടു്. എങ്കിലും ഗുരുവിനെപ്പോലെ അവരിലൊരുവനായി കൂട്ടത്തിൽ കൂടുവാൻ അദ്ദേഹത്തിനു് ഇഷ്ടമില്ല. സാമാന്യജനതയ്ക്കു് ശിഷ്യന്റെ ഭാഷയേക്കാൾ ഗുരുവിന്റെ ഭാഷയാണു് എളുപ്പം മനസ്സിലാകുക. കാരണം, ആദ്യത്തേതിൽ മതത്തിന്റെ യാതൊരു കലർപ്പും ഇല്ലെന്നുള്ളതാണു്. മനുഷ്യനു് ആവശ്യമായ കാര്യങ്ങൾ മതത്തിൽനിന്നും വേർതിരിച്ചു് കാണിക്കുമ്പോൾ ഭാരതീയർക്കു് അവ ദുർഗ്രഹങ്ങളായിത്തീരുന്നു! നേരേമറിച്ചു് ഗുരുവിനേക്കാൾ കൂടുതൽ ശിഷ്യനെ മനസ്സിലാക്കുവാൻ യൂറോപ്യന്മാർക്കു് കഴിയും. രാഷ്ട്രീയരംഗത്തിൽ ഇവർക്കു് തമ്മിലുള്ള നിലഭേദം ആലോചിച്ചു രസിക്കാൻ വകയുള്ള ഒന്നത്രെ. ഇരുകൂട്ടരുടെയും ലക്ഷ്യം ഒന്നാണെങ്കിലും സഞ്ചാരമാർഗ്ഗം എത്രയോ ഭിന്നം! വേണ്ടിവന്നാൽ ഹിംസയ്ക്കും വർഗ്ഗവൈരത്തിനും വഴികൊടുക്കുന്ന മാർക്സി ന്റെ വിപ്ലവസിദ്ധാന്തങ്ങളുംകൊണ്ടാണു് ശിഷ്യൻ തന്നെ അനുഗമിക്കുന്നതെന്നു് ഗുരുവിനു് നല്ലപോലെ അറിയാം. എന്നിട്ടും ഈ വിരുദ്ധാശയപ്രചോദിതർ ഒരുമിച്ചു് യാത്രചെയ്യുന്നതു് നോക്കുക! ഇങ്ങനെ എത്ര ദൂരം ഈ അത്ഭുതാത്മാക്കൾക്കു് ഒരുമിച്ചുപോകാൻ കഴിയും? ഒരിക്കൽ തിരിഞ്ഞുനോക്കുമ്പോൾ ഗുരുവിന്റെ പുറകിൽ ശിഷ്യനെ കണ്ടില്ലെന്നുവരാം. അത്രയ്ക്കു് വിഷമവും വിചിത്രവുമാണു് അദൃഷ്ടപൂർവമായ ഈ ഗുരുശിഷ്യ ബന്ധം.
(വിചാരവിപ്ലവം 1937)
ജനനം: 1-8-1900
പിതാവു്: ഊരുമനയ്ക്കൽ ശങ്കരൻ നമ്പൂതിരി
മാതാവു്: കുറുങ്ങാട്ടു് ദേവകി അമ്മ
വിദ്യാഭ്യാസം: വിദ്വാൻ പരീക്ഷ, എം. എ.
ആലുവാ അദ്വൈതാശ്രമം ഹൈസ്ക്കൂൾ അദ്ധ്യാപകൻ, ആലുവ യൂണിയൻ ക്രിസ്ത്യൻ കോളേജ് അദ്ധ്യാപകൻ, കേരള സാഹിത്യ അക്കാദമി പ്രസിഡന്റ് 1968–71, കേന്ദ്ര സാഹിത്യ അക്കാദമി അംഗം, ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടു് ഭരണസമിതിയംഗം, കേരള സർവ്വകലാശാലയുടെ സെനറ്റംഗം, ബോർഡ് ഓഫ് സ്റ്റഡീസ് അംഗം, പാഠ്യ പുസ്തക കമ്മിറ്റി കൺവീനർ (1958), ബാല സാഹിത്യ ശില്പശാല ഡയറക്ടർ (1958), ‘ദാസ് ക്യാപിറ്റൽ’ മലയാളപരിഭാഷയുടെ ചീഫ് എഡിറ്റർ, കേരള സാഹിത്യ സമിതി പ്രസിഡന്റ്.
സാഹിതീയം, വിചാരവിപ്ലവം, വിമർശ രശ്മി, നിരീക്ഷണം, ഗ്രന്ഥാവലോകനം, ചിന്താതരംഗം, മാനസോല്ലാസം, മനന മണ്ഡലം, സാഹിതീകൗതുകം, നവദർശനം, ദീപാവലി, സ്മരണമഞ്ജരി, കുറ്റിപ്പുഴയുടെ തിരഞ്ഞെടുത്ത ഉപന്യാസങ്ങൾ, വിമർശ ദീപ്തി, യുക്തിവിഹാരം, വിമർശനവും വീക്ഷണവും, കുറ്റിപ്പുഴയുടെ പ്രബന്ധങ്ങൾ—തത്വചിന്ത, കുറ്റിപ്പുഴയുടെ പ്രബന്ധങ്ങൾ—സാഹിത്യവിമർശം, കുറ്റിപ്പുഴയുടെ പ്രബന്ധങ്ങൾ— നിരീക്ഷണം.
ചരമം: 11-2-1971