പേപ്പട്ടിവിഷം ബാധിച്ചാൽ കുത്തിവെയ്പുകൊണ്ടു് പരിഹാരം നേടാം. മതഭ്രാന്തിളകിയാൽ യാതൊരു രക്ഷയുമില്ല. അനുഭവിച്ചുതന്നെ തീരണം. മാത്രമല്ല, നിർദോഷികളായ എത്രയോ പേർ അതിന്റെ വിഷജ്വാലയിൽ നശിക്കുകയും ചെയ്യും. വിജ്ഞാനത്തിന്റെയും സ്വതന്ത്രചിന്തയുടെയും മൂർത്തീകരണമായിരുന്ന ഹൈപ്പേഷ്യയുടെ ചരിത്രവും ഇതിനുദാഹരണമാണു്.
എ. ഡി. നാലാം നൂറ്റാണ്ടിനും അഞ്ചാം നൂറ്റാണ്ടിനും മദ്ധ്യേ അലൿസാണ്ട്രിയ നഗരത്തിൽ ജീവിച്ചിരുന്ന ഒരു വിദുഷീരത്നമാണു് ഹൈപ്പേഷ്യ. അന്നത്തെ നിലയിൽ ശാസ്ത്രീയവും ദാർശനികവുമായ വൈദുഷ്യംകൊണ്ടു് അവർ ലോകപ്രശസ്തിനേടി. ഇന്നും ആ നാമധേയം പണ്ഡിതലോകത്തിൽ സ്മരണീയമായിരിക്കുന്നു. തത്ത്വജ്ഞാനീയത്തിലും ഗണിതശാസ്ത്രത്തിലും പ്രൊഫസർ പദവിയിൽ പ്രശോഭിക്കാനുള്ള പാണ്ഡിത്യം അവർക്കുണ്ടായിരുന്നു. പൗരസ്ത്യദേശത്തെ പ്രമുഖ വിജ്ഞാനകേന്ദ്രമായിരുന്നു അന്നത്തെ അലൿസാണ്ട്രിയാനഗരം. ചരിത്രവിശ്രുതമായ അവിടത്തെ സർവ്വകലാശാലയിൽ സയൻസിന്റെയും തത്ത്വശാസ്ത്രത്തിന്റെയും വിവിധ ശാഖകൾക്കു് വിദ്യാപീഠങ്ങളുണ്ടായിരുന്നു. അവയിൽ ‘പ്ളേറ്റോണിക്’ തത്ത്വശാസ്ത്രത്തിന്റെ പേരിലുള്ള വിദ്യാപീഠത്തിന്റെ അദ്ധ്യക്ഷസ്ഥാനം ഹൈപ്പേഷ്യയാണു് അലങ്കരിച്ചിരുന്നതു്. പ്ളാറ്റോ, അരിസ്റ്റോട്ടൽ ഇവരെപ്പറ്റിയുള്ള അവരുടെ പ്രഭാഷണം കേൾക്കാനും ധാരാളം വിദ്യാർത്ഥികൾ തിരക്കുകൂട്ടിയിരുന്നു. ഇവരിൽ ചിലർ അദ്ധ്യാപികയിൽ അനുരക്തരായിത്തീർന്നുവെന്നും പറയപ്പെടുന്നുണ്ടു്. എന്നാൽ, ഹൈപ്പേഷ്യ മരണംവരെ അവിവാഹിതയായിരുന്നുവെന്നാണു് ചരിത്രകാരന്മാരുടെ അനുമാനം. അലൿസാണ്ട്രിയായിലെ ഒരു പണ്ഡിതമുഖ്യനായിരുന്ന തിയോൺ ആയിരുന്നു അവരുടെ അച്ഛൻ. പിതാവും പുത്രിയും കൂടി ഗണിതശാസ്ത്രസംബന്ധമായ ഒരു ഗ്രന്ഥം എഴുതിയിട്ടുണ്ടു്.
പൊതുസ്ഥലങ്ങളിൽവെച്ചു് വിജ്ഞാനപരമായ പ്രസംഗങ്ങൾ ചെയ്യുന്നതിലും ഹൈപ്പേഷ്യ ഉത്സുകയായിരുന്നു. ജ്യോതിശ്ശാസ്ത്രത്തിലും തത്ത്വശാസ്ത്രത്തിലും അവർ അനേകം ഗ്രന്ഥങ്ങൾ രചിച്ചിട്ടുണ്ടെന്നാണു് ചരിത്രകാരന്മാർ പറയുന്നതു്. പക്ഷേ, അവയൊന്നും ഇതുവരെ കണ്ടുകിട്ടിയിട്ടില്ല. ഇത്ര വളരെ പ്രശസ്തിയാർജിച്ചു് ബഹുജനസമാരാദ്ധ്യയായിത്തീർന്ന ഈ വിദുഷീ മണിയുടെ ജീവിതാവസാനം വിധിവൈപരീത്യത്താൽ ഒരു ദുരന്തനാടകമായിപ്പോയി.
അന്നു് ക്രിസ്തുമതത്തിന്റെ പ്രചാരണം കൊടുമ്പിരിക്കൊണ്ടിരുന്ന കാലമായിരുന്നുവല്ലോ. ഹൈപ്പേഷ്യ ക്രിസ്തുമതത്തിൽ വിശ്വസിച്ചിരുന്നില്ല. സ്വതന്ത്രചിന്താശീലമായിരുന്നു അവരിൽ മുന്നിട്ടുനിന്നിരുന്നതു്. തന്മൂലം ക്രൈസ്തവപുരോഹിതന്മാർക്കു് അവരോടു് കടുത്ത വിരോധം തോന്നി. എങ്കിലും ഹൈപ്പേഷ്യയുടെ ശിഷ്യഗണത്തിൽ പ്രധാനൻ സൈനേഷ്യസ് എന്നു് പേരായ ഒരു ക്രൈസ്തവനായിരുന്നു. ഇദ്ദേഹം പിന്നീടു് ഒരു ബിഷപ്പായിത്തീർന്നു. തന്റെ ഗുരുനാഥയെപ്പറ്റി ഈ ബിഷപ്പ് വളരെ പ്രശംസിച്ചെഴുതിയിട്ടുണ്ടു്. പക്ഷേ, ഇതൊന്നും മതഭ്രാന്തന്മാരായ പുരോഹിതർ ഗൗനിക്കയില്ലല്ലോ. അവിശ്വാസികളെ കശാപ്പുചെയ്യാൻപോലും ഈ പിശാചുക്കളായ മാന്യന്മാർ മടികാണിച്ചിരുന്നില്ല. അലൿസാണ്ട്രിയായിലെ പള്ളിക്കാർക്കിടയിൽ ഛിദ്രമുണ്ടാക്കാൻ മറ്റു് ചില ശത്രുക്കളോടൊപ്പം ഹൈപ്പേഷ്യയും പ്രവർത്തിച്ചിരുന്നുവെന്നൊരു തെറ്റിദ്ധാരണ എങ്ങനെയോ അവിടെ പ്രചരിച്ചു. ഇതോടുകൂടി പുരോഹിതന്മാരുടെ ശത്രുത കത്തിക്കാളി. മതാന്ധരായ അവരുടെ അനുയായികൾ ഒരു ദിവസം ഹൈപ്പേഷ്യയെ അവർ സഞ്ചരിച്ചിരുന്ന വണ്ടിയിൽനിന്നു് പിടിച്ചുവലിച്ചു് താഴത്തിട്ടു് പള്ളിയിലേക്കു് എടുത്തുകൊണ്ടുപോയി. അവിടെ അവരെ നഗ്നയാക്കി നിർത്തി, കൂർത്ത ഇഷ്ടികക്കഷ്ണങ്ങൾകൊണ്ടു് ആ മനുഷ്യചെന്നായ്ക്കൾ അവരുടെ ദേഹം കുത്തിക്കീറി തൊലിയുരിച്ചു് ഇഞ്ചിഞ്ചായി കൊന്നുകളഞ്ഞു. അനന്തരം ശവം തുണ്ടുതുണ്ടായി മുറിച്ചു് അവർ തീയിലിട്ടു് കരിച്ചു. അങ്ങനെ യാതൊരു തെറ്റുംചെയ്യാത്ത ഒരു മഹാവിദുഷി മതഭ്രാന്തിന്റെ കരാളദംഷ്ട്രങ്ങൾക്കു് ഇരയായിത്തീർന്നു. ഇതുപോലെ രാക്ഷസീയമായ എത്രയെത്ര കൊലപാതകങ്ങൾ മതത്തിന്റെ പേരിൽ നടന്നിട്ടുണ്ടു്! ഇത്തരം ഭീകര സംഭവങ്ങളുടെ കരിനിഴലേല്ക്കാതെ ഏതെങ്കിലും മതം വളർന്നു് വന്നിട്ടുണ്ടോ? ഹൈപ്പേഷ്യയുടെ വധം നടന്നതു് എ. ഡി. 415-ലാണു്. അന്നത്തേതിൽനിന്നു് എത്ര പുരോഗമിച്ചിരിക്കുന്നു ആധുനികലോകം! എന്നിട്ടും മതത്തിന്റെ ഹാലിളക്കം പുതിയ പുതിയ രൂപങ്ങളിൽ ഇപ്പോഴും തലപൊക്കുന്നില്ലേ? എന്തൊരു മനോരോഗമാണിതു്!
(മനനമണ്ഡലം 1963)
ജനനം: 1-8-1900
പിതാവു്: ഊരുമനയ്ക്കൽ ശങ്കരൻ നമ്പൂതിരി
മാതാവു്: കുറുങ്ങാട്ടു് ദേവകി അമ്മ
വിദ്യാഭ്യാസം: വിദ്വാൻ പരീക്ഷ, എം. എ.
ആലുവാ അദ്വൈതാശ്രമം ഹൈസ്ക്കൂൾ അദ്ധ്യാപകൻ, ആലുവ യൂണിയൻ ക്രിസ്ത്യൻ കോളേജ് അദ്ധ്യാപകൻ, കേരള സാഹിത്യ അക്കാദമി പ്രസിഡന്റ് 1968–71, കേന്ദ്ര സാഹിത്യ അക്കാദമി അംഗം, ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടു് ഭരണസമിതിയംഗം, കേരള സർവ്വകലാശാലയുടെ സെനറ്റംഗം, ബോർഡ് ഓഫ് സ്റ്റഡീസ് അംഗം, പാഠ്യ പുസ്തക കമ്മിറ്റി കൺവീനർ (1958), ബാല സാഹിത്യ ശില്പശാല ഡയറക്ടർ (1958), ‘ദാസ് ക്യാപിറ്റൽ’ മലയാളപരിഭാഷയുടെ ചീഫ് എഡിറ്റർ, കേരള സാഹിത്യ സമിതി പ്രസിഡന്റ്.
സാഹിതീയം, വിചാരവിപ്ലവം, വിമർശ രശ്മി, നിരീക്ഷണം, ഗ്രന്ഥാവലോകനം, ചിന്താതരംഗം, മാനസോല്ലാസം, മനന മണ്ഡലം, സാഹിതീകൗതുകം, നവദർശനം, ദീപാവലി, സ്മരണമഞ്ജരി, കുറ്റിപ്പുഴയുടെ തിരഞ്ഞെടുത്ത ഉപന്യാസങ്ങൾ, വിമർശ ദീപ്തി, യുക്തിവിഹാരം, വിമർശനവും വീക്ഷണവും, കുറ്റിപ്പുഴയുടെ പ്രബന്ധങ്ങൾ—തത്വചിന്ത, കുറ്റിപ്പുഴയുടെ പ്രബന്ധങ്ങൾ—സാഹിത്യവിമർശം, കുറ്റിപ്പുഴയുടെ പ്രബന്ധങ്ങൾ— നിരീക്ഷണം.
ചരമം: 11-2-1971