images/Roses_dans_un_vase_de_verre.jpg
Roses in a Glass Vase, a painting by Édouard Manet (1832–1883).
ഹ്യുയൻസാങ്
കുറ്റിപ്പുഴ കൃഷ്ണപിള്ള

ഇന്ത്യയുടെ ആദിമചരിത്രം ഇന്നും അജ്ഞാതമായിട്ടിരിക്കുന്നു. പ്രാചീനഭാരതീയർ ചരിത്രമെഴുതുന്നതിൽ പരാങ്മുഖന്മാരായിരുന്നതുകൊണ്ടു് അവരുടെ അന്നത്തെ സ്ഥിതിഗതികൾ ശരിയായി അറിയുന്നതിനു് ചരിത്രകാരന്മാർ വളരെ വിഷമിക്കുന്നുണ്ടു്. ദുർലഭങ്ങളായ ഏതാനും ലക്ഷ്യഖണ്ഡങ്ങളിന്മേൽ കെട്ടിപ്പടുത്തിട്ടുള്ള കുറെ ഊഹങ്ങളുടെയും ന്യായങ്ങളുടെയും അസ്പഷ്ടരൂപങ്ങളാണു് ഇന്ത്യാചരിത്രസൗധത്തിന്റെ പ്രവേശനദ്വാരത്തിൽ പ്രതിഷ്ഠാപിതങ്ങളായിരിക്കുന്നതു്. അവിടെനിന്നും അകത്തേക്കു് കടന്നാൽ ആദ്യം കാണുന്ന ഹിന്ദുസാമ്രാജ്യചിത്രങ്ങൾക്കു് കുറെക്കൂടി സ്ഫുടതയും പ്രകാശവും ഉണ്ടെന്നു് സമ്മതിക്കാം. ഇരുട്ടിൽപ്പെട്ടു പോകേണ്ട ഈ ഭാഗത്തു് ഇത്രത്തോളം വെളിച്ചം കിട്ടിയതു്, അക്കാലത്തു് ഭാഗ്യവശാൽ ഇന്ത്യയിൽ വന്നു് താമസിക്കുവാനിടയായ മൂന്നു് വിദേശിയ വിദ്വാന്മാരുടെ സഹായത്താലാണെന്നു് നാം നന്ദിപൂർവം സ്മരിക്കേണ്ടിയിരിക്കുന്നു. മെഗസ്തനീസ്, ഫാഹിയാൻ, ഹ്യുയാൻസാങ് എന്നീ പേരുകളിൽ ചരിത്രപ്രസിദ്ധന്മാരായിത്തീർന്നിരിക്കുന്ന ഈ പണ്ഡിതന്മാർ അന്നു് എഴുതിയിട്ട ‘സർക്കീട്ട് ഡയറി’ ഇന്നു് ചരിത്രകാരദൃഷ്ട്യാ ഒരു അനർഘസമ്പത്തായിത്തീർന്നിരിക്കയാണു്. മെഗസ്തനീസ് മൗര്യവംശസ്ഥാപകനായ ചന്ദ്രഗുപ്ത ചക്രവർത്തിയുടെ രാജധാനിയിൽ പാർത്തിരുന്ന ഒരു യവനസ്ഥാനപതി ആയിരുന്നു. അദ്ദേഹത്തിന്റെ കുറിപ്പുകളിൽനിന്നാണു് ചന്ദ്രഗുപ്തന്റെ ഭരണകാലത്തെ പ്രധാന വിവരങ്ങൾ നാം അറിയുന്നതു്. ഒരു ബുദ്ധഭിക്ഷുവായിരുന്ന ഫാഹിയാൻ ചൈനയിൽനിന്നും തീർത്ഥയാത്രപുറപ്പെട്ടു് ഇന്ത്യയെ സന്ദർശിച്ചതുമൂലം അന്നത്തെ ചക്രവർത്തി ആയിരുന്ന ചന്ദ്രഗുപ്തവിക്രമാദിത്യന്റെ ഭരണചരിത്രത്തിനും വിശ്വസനീയങ്ങളായ പല രേഖകളും ഉണ്ടായി.

images/HG_Wells.jpg
എച്ച്. ജി. വെത്സ്

ഫാഹിയാനെ അനുകരിച്ചു് സ്വദേശമായ ചൈനയിൽനിന്നു് പുറപ്പെട്ടു് നിരവധി ദേശങ്ങൾ ചുറ്റിസഞ്ചരിച്ചു് ഇന്ത്യയിൽവന്നു് അവിടെ 14 വർഷം താമസിച്ച സുപ്രസിദ്ധ സഞ്ചാരിയാണു് ഹ്യുയാൻസാങ്. ഇന്ത്യാ സന്ദർശനറിപ്പോർട്ട് തയ്യാറാക്കിയതിൽ മറ്റു് രണ്ടുപേരെക്കാൾ കൂടുതൽ പ്രാമാണ്യവും പ്രാധാന്യവും ഇദ്ദേഹത്തിനാണു് സിദ്ധിച്ചിട്ടുള്ളതു്. ഹ്യുയാൻസാങ്ങിന്റെ വിജ്ഞേയങ്ങളായ യാത്രാവിവരണങ്ങൾക്കു് ഇന്ത്യമാത്രമല്ല, മറ്റുപല പൗരസ്ത്യരാജ്യങ്ങളും വിഷയീഭവിച്ചിട്ടുണ്ടു്. ഏഷ്യയുടെ പഴയ ചരിത്രത്തിൽ ഹ്യുയാൻസാങ്ങിന്റെ ദേശസഞ്ചാരത്തെപ്പറ്റി ആദരപൂർവം സ്തുതിച്ചിട്ടുണ്ടു്. എന്നാൽ, പല ഇന്ത്യാചരിത്രങ്ങളിലും ഇദ്ദേഹത്തെപ്പറ്റിയുള്ള പ്രസ്താവന തുലോം ഹ്രസ്വമാകയാൽ വിദ്യാർത്ഥികളുടെ ജിജ്ഞാസമുഴുവനും തീർക്കുന്നതിനു് അതു പര്യാപ്തമാകുന്നില്ല. ഏഷ്യയുടെ പ്രാചീനചരിത്രത്തിൽ ഹ്യുയാൻസാങ്ങിനുള്ള സ്ഥാനം എത്രത്തോളം പ്രധാനപ്പെട്ടതാണെന്നു് എച്ച്. ജി. വെത്സ് എഴുതിയിട്ടുള്ള വിശ്രുതമായ ഭൂലോകചരിത്രത്തിൽ അദ്ദേഹത്തെപ്പറ്റി പറയുന്ന ഭാഗം തെളിയിക്കുന്നുണ്ടു്.

ഫാഹിയാനെപ്പോലെ ഹ്യുയാൻസാങ്ങും ഒരു ബുദ്ധമതസന്ന്യാസിയായിരുന്നു. അതുകൊണ്ടു് മതചരിത്രാന്വേഷണത്തിലായിരുന്നു അദ്ദേഹത്തിനു് അധികം ശ്രദ്ധയുണ്ടായിരുന്നതു്. ആദ്യത്തെ ഗ്രീക്ക് ചരിത്രകാരനായ ഹെറൊഡാട്ടസി നെപ്പോലെ സഞ്ചാരത്തിലും അന്വേഷണത്തിലും അത്യുത്സുകനായിരുന്നെങ്കിലും അദ്ദേഹത്തിന്റെ ചരിത്രകാരദൃഷ്ടി ഹ്യുയൻസാങ്ങിനു് ഉണ്ടായിരുന്നില്ലെന്നുവേണം പറയുവാൻ. ഓരോ ദേശത്തെപ്പറ്റിയും കിട്ടുന്നിടത്തോളം പഴയ കഥകളും ഐതിഹ്യങ്ങളും ശേഖരിച്ചുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ പുറപ്പാടു്. അവ എത്രത്തോളം വിശ്വസനീയങ്ങളാണെന്നു് ഒരു ചിത്രകാരന്റെ നിലയിൽ അദ്ദേഹം പരിശോധിച്ചിട്ടില്ല.

എ. ഡി. 629-ൽ ആണു് ഹ്യുയാൻസാങ് ചൈനയുടെ തലസ്ഥാനമായിരുന്ന സയാൻഫിവിൽനിന്നും യാത്ര തിരിച്ചതു്. 16 കൊല്ലം വിദേശവാസം ചെയ്തതിനു് ശേഷം 645-ൽ മാത്രമേ അദ്ദേഹം നാട്ടിലേക്കു് മടങ്ങിയുള്ളു. ഇന്നത്തെപ്പോലെ പരിഷ്കൃതവാഹനങ്ങളോ മറ്റു് സൗകര്യങ്ങളോ ഇല്ലാതിരുന്ന അക്കാലത്തെ വിദേശയാത്ര എത്രമാത്രം ദുഷ്ക്കരമാണെന്നു് ഊഹനീയമാണല്ലോ. ധീരനായ ഹ്യുയാൻസാങ്ങ് സകല ക്ലേശങ്ങളും സഹിച്ചു. അതിദീർഘവും അത്യന്തദുർഘടവും ആയ ഒരു യാത്രയാണു് അദ്ദേഹം ചെയ്തതു്. തലസ്ഥാനനഗരിയിൽനിന്നും വടക്കൻവഴി യാത്രചെയ്തു് ആദ്യംതന്നെ അദ്ദേഹം ദുർഗമമായ ഗോബി മണലാരണ്യം കടന്നു. അവിടെനിന്നും തിയൻഷൻ താഴ്‌വരകളിൽക്കൂടി ഇസ്സിക്ക്കൾ തടാകത്തിലെത്തി. അതും തരണംചെയ്തു് സമർക്കണ്ടിൽ വന്നുചേർന്നു. അലൿസാണ്ടർ ഇന്ത്യയിൽ പ്രവേശിച്ച മാർഗത്തിൽക്കൂടിയായിരുന്നു ശേഷിച്ച യാത്ര. ഇന്ത്യയുടെ വടക്കുപടിഞ്ഞാറൻ പടിവാതിലായ കൈബർപാസ് തന്നെയാണു് ഹ്യുയൻസാങ്ങിനും സ്വാഗതം പറഞ്ഞതു്.

ഈ രണ്ടുപേരും എത്ര ഭിന്നിച്ച ഉദ്ദേശ്യത്തോടുകൂടിയാണു് ഇന്ത്യയിലേക്കു് കടന്നതെന്നു് ആലോചിക്കുക. ഒരാൾ ജയശ്രീലാളിതനായ ചക്രവർത്തി; മറ്റേയാൾ പ്രജകളിൽപ്പെട്ട ജ്ഞാനസമ്പാദനോത്സുകനായ ഒരു ഭിക്ഷു; ചക്രവർത്തിയിൽ ധനതൃഷ്ണയും ഭിക്ഷുവിൽ ജ്ഞാനതൃഷ്ണയും മുന്നിട്ടുനിൽക്കുന്നു. ഒരാളുടെ കൈയിൽ വാള്; മറ്റേ ആളുടെ പേന; അലക്സാണ്ടർ ധ്വംസനത്തിനും ഹ്യുയൻസാങ്ങ് നിർമാണത്തിനും ഒരുമ്പെട്ടു. ഒന്നിൽ രക്തപ്രവാഹം, മറ്റേതിൽ ശാന്തിപ്രസരം! ആദ്യത്തേതിൽ ഭോഗൈശ്വര്യപ്രസക്തി. രണ്ടാമത്തേതിൽ ത്യാഗൈകചിന്ത. അലക്സാണ്ടർ ഇന്ത്യയെ ആക്രമിച്ചു് പടവെട്ടി പല ദേശങ്ങളും പിടിച്ചടക്കി തിരിയെപ്പോയി. അതുകൊണ്ടു് ഭാവിയിലെ ജനതയ്ക്കു് എന്തു് പ്രയോജനമുണ്ടായി? ഹ്യുയൻസാങ് ഇന്ത്യയിൽ വന്നു. നാടു മുഴുവൻ സഞ്ചരിച്ചു് പലതും കണ്ടുപഠിച്ചു് അന്വേഷിച്ചറിഞ്ഞു് അതെല്ലാം രേഖപ്പെടുത്തി. അതു് അനന്തരകാലത്തിലെ ചരിത്രകാരന്മാർക്കു് വിലയേറിയ ഒരു സമ്പാദ്യമായിത്തീർന്നു. മനുഷ്യന്റെ ചിത്തവൃത്തിയുടെ രണ്ടു് വിരുദ്ധപ്രവാഹങ്ങളാണു് ഇവിടെ കാണുന്നതു്.

ഹ്യുയൻസാങ്ങ് ഇന്ത്യയിൽ എവിടെയെല്ലാം സഞ്ചരിച്ചു എന്നുള്ളതിനു് ശരിയായ തെളിവുകൾ ഇല്ല. എങ്കിലും അദ്ദേഹം നേപ്പാളം മുതൽ സിലോൺവരെ ചുറ്റിനടന്നതായി പറയപ്പെടുന്നു. ഫാഹിയാനെപ്പോലെ ബുദ്ധനെപ്പറ്റി കൂടുതൽ വിവരങ്ങൾ അറിയുകയും ബുദ്ധമതഗ്രന്ഥങ്ങൾ ശേഖരിക്കുകയും ആയിരുന്നു അദ്ദേഹത്തിന്റെ പ്രധാനജോലി. ഉത്തരേന്ത്യയിൽ അന്നത്തെ ചക്രവർത്തി ഹർഷനാ യിരുന്നു എന്നുള്ളതു് ചരിത്രപ്രസിദ്ധമാണല്ലൊ. തന്റെ യാത്രാവിവരണത്തിൽ ഹർഷചക്രവർത്തിയുടെ ഭരണത്തെപ്പറ്റി ഹ്യുയൻസാങ് പ്രത്യേകം വിമർശിച്ചിട്ടുണ്ടു്. ഹർഷന്റെ മതസഹിഷ്ണുത, ബുദ്ധമതത്തിന്റെ അന്നത്തെ നില മുതലായ സംഗതികൾ ഇദ്ദേഹത്തിന്റെ ദൃഷ്ടിക്കു് സവിശേഷം വിഷയീഭവിച്ചിട്ടുള്ളവയാണു്. പക്ഷേ, ഹ്യുയൻസാങ്ങിന്റെ ഇന്ത്യാവിവരണത്തിനു് ഒരു ദോഷം പറ്റിപ്പോയി. അതു് അദ്ദേഹത്തിന്റെ ക്രമാതീതമായ മതാസക്തിയിൽനിന്നും ഉണ്ടായതത്രെ. ബുദ്ധമാഹാത്മ്യസൂചകങ്ങളായ ഐതിഹ്യങ്ങളും കെട്ടുകഥകളും ദിവ്യകർമ്മങ്ങളുംകൊണ്ടു് അദ്ദേഹം തന്റെ വിവരണത്തിൽ അധികഭാഗവും നിറച്ചുകളഞ്ഞു. തന്മൂലം അന്നത്തെ പരമാർത്ഥസ്ഥിതിഗതികൾ അവയിൽ വേണ്ടുവോളം തെളിഞ്ഞു് കാണുന്നില്ല. ജനങ്ങളുടെ ജീവിതസമ്പ്രദായങ്ങളും സാമൂഹ്യാവസ്ഥയും മറ്റും കണ്ടറിഞ്ഞു് രേഖപ്പെടുത്തുന്നതിനേക്കാൾ മേല്പറഞ്ഞ തരത്തിലുള്ള കഥകളും പുരാണങ്ങളും ശേഖരിക്കുന്നതിനായിരുന്നു അദ്ദേഹം അധികം ഉത്സാഹം പ്രദർശിപ്പിച്ചതു്. എങ്കിലും ചരിത്രത്തിനു് ഉപകരിക്കുന്ന പ്രധാന സംഗതികളും അദ്ദേഹം തീരെ വിട്ടുകളഞ്ഞിട്ടില്ല. അന്നത്തെ ഭവനനിർമ്മാണം, വിദ്യാഭ്യാസം, വസ്ത്രധാരണം, ജാതിനിയമം, ബ്രാഹ്മണപ്രാമാണ്യം മുതലായവയെപ്പറ്റിയും ഹ്യുയൻസാങ് പ്രതിപാദിച്ചിട്ടുണ്ടു്. വിശ്വവിശ്രുതമായിരുന്ന ‘നളന്ദ’യിലെ ബുദ്ധമതസർവകലാശാലയെപ്പറ്റി അതിൽ രസകരമായ ഒരു വിവരണം കൊടുത്തിരിക്കുന്നു. ജാതിവ്യത്യാസം തീരെ നിഷേധിക്കുന്ന ബുദ്ധമതം നടപ്പിലായിരുന്നിട്ടും അന്നു് ചാതുർവർണ്ണ്യം പ്രബലപ്പെട്ടിരുന്നതായിട്ടാണു് അദ്ദേഹം പറയുന്നതു്. ഇവിടെ ഒരു വ്യത്യാസം കാണുന്നുണ്ടു്. അതു് ബ്രാഹ്മണ-ക്ഷത്രിയാദിവർണങ്ങളുടെ തൊഴിലുകളെ സംബന്ധിച്ചാണു്. ശൂദ്രന്റെ ധർമം ഇതരവർണങ്ങളുടെ പരിചര്യയാണെന്നാണല്ലോ പ്രസിദ്ധമായ ഭാരതീയവിധി. എന്നാൽ, അന്നു് ശൂദ്രരുടെ തൊഴിൽ കൃഷിയായിരുന്നു എന്നാണു് ഹ്യുയൻസാങ്ങിന്റെ വിവരണത്തിൽ കാണുന്നതു്. ഇതു് വാസ്തവമാണെങ്കിൽ ശൂദ്രന്റെ പരിചാരകവേഷം പിന്നീടു് അവന്റെ ശേഷിക്കുറവുമൂലം വന്നുചേർന്നതാണെന്നു് ഊഹിക്കേണ്ടിയിരിക്കുന്നു. ഹർഷചക്രവർത്തിയുടെ കാലത്തു് ബുദ്ധമതം ക്ഷയോന്മുഖമാകുകയും ബ്രാഹ്മണമതം പ്രബലപ്പെട്ടുതുടങ്ങുകയും ചെയ്തിരുന്നു. ഹ്യുയൻസാങ്ങ് ഈ കഷ്ടസ്ഥിതി സങ്കടത്തോടുകൂടി ചൂണ്ടിക്കാണിച്ചിട്ടുണ്ടു്. ജീർണിച്ച നഗരങ്ങൾ, ദുഷ്ടമൃഗങ്ങൾ നിറഞ്ഞ ഘോരവനങ്ങൾ, കവർച്ചക്കാരുടെ ശല്യമുള്ള മാർഗങ്ങൾ മുതലായവയെപ്പറ്റിയും അദ്ദേഹം പരാമർശിക്കാതിരുന്നിട്ടില്ല.

ചൈനയുടെ പ്രാചീനപരിഷ്കാരം പരമകാഷ്ഠയെ പ്രാപിച്ചിരുന്ന ഒരു കാലമായിരുന്നു അതു്. വമ്പിച്ച ഒരു സാമ്രാജ്യം അന്നു് ചൈനാക്കാർക്കുണ്ടായിരുന്നു. ടെയിറ്റ് സാങ് എന്ന വിഖ്യാതനായ ചക്രവർത്തിയായിരുന്നു ഭരണം നടത്തിയിരുന്നതു്. അന്നത്തെ തുർക്കിരാജാക്കന്മാരിൽ പലരും ചൈനയുടെ മേൽക്കോയ്മ സ്വീകരിച്ചവരായിരുന്നു. ഇവരിൽനിന്നു് ഹ്യുയൻസാങ്ങിനു് പല സൽക്കാരങ്ങളും ലഭിക്കുകയുണ്ടായി. ഇതിനെപ്പറ്റി അദ്ദേഹം പ്രത്യേകം വർണിച്ചിട്ടുണ്ടു്.

ഹ്യുയൻസാങ്ങിനു് യാത്രയിൽ നേരിട്ട ക്ലേശങ്ങളും കഷ്ടനഷ്ടങ്ങളും അവർണനീയങ്ങളാണു്. ഗോബിമണൽക്കാടു് കടന്നപ്പോൾ അദ്ദേഹത്തിനു് വഴി തെറ്റി ജലപാനത്തിനുപോലും നിവൃത്തിയില്ലാതെ പല ദിവസവും നട്ടം തിരിയേണ്ടിവന്നു. കൂടെ സഹായത്തിനുണ്ടായിരുന്നവരിൽ പന്ത്രണ്ടുപേർ ഒരു പർവതത്തിന്റെ താഴ്‌വരയിൽവെച്ചു് ഹിമബാധയേറ്റു് മരിച്ചുപോയി. അന്നു് ചൈനയിൽ വിദേശസഞ്ചാരത്തെ നിരോധിച്ചുകൊണ്ടുള്ള ഒരു രാജകീയശാസന നിലവിലിരുന്നു. അതുകൊണ്ടു് ഹ്യുയൻസാങ്ങിനു് രാജധാനിയിൽനിന്നും ഒരു കുറ്റക്കാരനെപ്പോലെ ഒളിച്ചുപുറപ്പെടേണ്ടിവന്നു. നോക്കുക! ആ ബുദ്ധഭിക്ഷുവിന്റെ ദേശാടനാശയും അന്വേഷണാസക്തിയും എത്ര തീവ്രം! ഇക്കാലത്തുപോലും ഒരു മണൽക്കാടും മറ്റും കടക്കുന്നതു് വലിയ ഒരു അപദാനമായി ലോകം കൊണ്ടാടുന്ന സ്ഥിതിക്കു് അന്നു് ഹ്യുയൻസാങ് ഈ ദീർഘയാത്രയിൽ കാണിച്ച അസാമാന്യമായ സാമർത്ഥ്യവും ധീരതയും സ്ഥിരനിഷ്ഠയും പ്രശംസാതീതമാണെന്നുതന്നെ പറയേണ്ടതല്ലേ? അദ്ദേഹം ഇന്ത്യയിൽ നിന്നും മടങ്ങിയതു് പാമീർ ഉന്നതതടം വഴിക്കായിരുന്നു. അപ്പോഴും കഷ്ടതകൾ അദ്ദേഹത്തെ വിട്ടുമാറിയിരുന്നില്ല. കള്ളന്മാർ ആ പുണ്യപുരുഷനെ പലതരത്തിലും ഉപദ്രവിച്ചു. ഇന്ത്യയിൽനിന്നും ശേഖരിച്ച നിരവധി പുസ്തകങ്ങളും മറ്റു് സാമാനങ്ങളും വഹിച്ചിരുന്ന അദ്ദേഹത്തിന്റെ ആന വഴിക്കു് മുങ്ങിച്ചാകാനും ഇടയായി.

ദീർഘകാലം ക്ലേശങ്ങൾ സഹിച്ചു് അനശ്വരമായ ഒരു ജ്ഞാനഭണ്ഡാഗാരത്തോടുകൂടി വിജയധ്വനി മുഴക്കി മടങ്ങിച്ചെന്ന ഈ ഭിക്ഷുശ്രേഷ്ഠനെ ചൈനയിലെ ചക്രവർത്തിതിരുമനസ്സുകൊണ്ടുതന്നെ നേരിട്ടു് സ്വാഗതം പറഞ്ഞു് തന്റെ സ്നേഹിതനായി സ്വീകരിച്ചു് സല്ക്കരിച്ചു് ബഹുമാനിച്ചതിൽനിന്നും അദ്ദേഹത്തിനു് അവിടെ ലഭിച്ച വിലയും നിലയും വെളിവാകുന്നുണ്ടല്ലോ. പോരെങ്കിൽ അന്നു് ഒരു പബ്ലിക് ഒഴിവുദിവസമായി കൊണ്ടുനടക്കുകയും ചെയ്തു. ഭാരതഖണ്ഡത്തിൽനിന്നും ശേഖരിച്ച സംസ്കൃതത്തിലുള്ള ബുദ്ധമതഗ്രന്ഥങ്ങൾ സ്വഭാഷയിൽ തർജമ ചെയ്യുന്നതിലാണു് ഹ്യുയൻസാങ്ങ് ബാക്കി ജീവിതകാലം വിനിയോഗിച്ചതു്. അദ്ദേഹത്തിന്റെ പാണ്ഡിത്യഫലങ്ങൾ ചൈനാ സാഹിത്യത്തിലെ അമൂല്യനിക്ഷേപങ്ങളായി ഗണിക്കപ്പെട്ടുവരുന്നു. ഇങ്ങനെയാണു് ആ മനുഷ്യൻ ജീവിതം സഫലമാക്കുന്നതു്. ഒരുപുരുഷായുസ്സുകൊണ്ടു് സാധിക്കാവുന്നതിലധികം ഹ്യുയൻസാങ്ങ് സ്വജീവിതകാലത്തിൽ ചെയ്തു് തീർത്തു. ചൈനാസാമ്രാജ്യത്തിന്റെ പ്രാചീനസംസ്കാരം ലോകരംഗത്തുനിന്നു് മാഞ്ഞുപോകാതിരിക്കുന്നതിനുള്ള പരിശ്രമങ്ങളായിരുന്നു അദ്ദേഹം ചെയ്തതു്. അതു് പരിപൂർണമായ വിജയത്തിൽ അവസാനിപ്പിച്ചു് അദ്ദേഹം കൃതാർത്ഥത നേടി. അപദാനോത്സുകരായ പാശ്ചാത്യരെക്കൂടി അത്ഭുതഭരിതരാക്കുന്ന ഈ പൗരസ്ത്യസഞ്ചാരിയുടെ അന്യാദൃശമായ ജിഗമിഷയും ജിജ്ഞാസയും പുളകോൽഗമകാരികളത്രെ.

(നവദർശനം)

കുറ്റിപ്പുഴ കൃഷ്ണപിള്ള
images/kuttipuzha-n.png

ജനനം: 1-8-1900

പിതാവു്: ഊരുമനയ്ക്കൽ ശങ്കരൻ നമ്പൂതിരി

മാതാവു്: കുറുങ്ങാട്ടു് ദേവകി അമ്മ

വിദ്യാഭ്യാസം: വിദ്വാൻ പരീക്ഷ, എം. എ.

ആലുവാ അദ്വൈതാശ്രമം ഹൈസ്ക്കൂൾ അദ്ധ്യാപകൻ, ആലുവ യൂണിയൻ ക്രിസ്ത്യൻ കോളേജ് അദ്ധ്യാപകൻ, കേരള സാഹിത്യ അക്കാദമി പ്രസിഡന്റ് 1968–71, കേന്ദ്ര സാഹിത്യ അക്കാദമി അംഗം, ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടു് ഭരണസമിതിയംഗം, കേരള സർവ്വകലാശാലയുടെ സെനറ്റംഗം, ബോർഡ് ഓഫ് സ്റ്റഡീസ് അംഗം, പാഠ്യ പുസ്തക കമ്മിറ്റി കൺവീനർ (1958), ബാല സാഹിത്യ ശില്പശാല ഡയറക്ടർ (1958), ‘ദാസ് ക്യാപിറ്റൽ’ മലയാളപരിഭാഷയുടെ ചീഫ് എഡിറ്റർ, കേരള സാഹിത്യ സമിതി പ്രസിഡന്റ്.

കൃതികൾ

സാഹിതീയം, വിചാരവിപ്ലവം, വിമർശ രശ്മി, നിരീക്ഷണം, ഗ്രന്ഥാവലോകനം, ചിന്താതരംഗം, മാനസോല്ലാസം, മനന മണ്ഡലം, സാഹിതീകൗതുകം, നവദർശനം, ദീപാവലി, സ്മരണമഞ്ജരി, കുറ്റിപ്പുഴയുടെ തിരഞ്ഞെടുത്ത ഉപന്യാസങ്ങൾ, വിമർശ ദീപ്തി, യുക്തിവിഹാരം, വിമർശനവും വീക്ഷണവും, കുറ്റിപ്പുഴയുടെ പ്രബന്ധങ്ങൾ—തത്വചിന്ത, കുറ്റിപ്പുഴയുടെ പ്രബന്ധങ്ങൾ—സാഹിത്യവിമർശം, കുറ്റിപ്പുഴയുടെ പ്രബന്ധങ്ങൾ— നിരീക്ഷണം.

ചരമം: 11-2-1971

Colophon

Title: Xuanzang (ml: ഹ്യുയൻസാങ്).

Author(s): Kuttipuzha Krishnapilla.

First publication details: Not available;;

Deafult language: ml, Malayalam.

Keywords: Article, Kuttipuzha Krishnapilla, Xuanzang, കുറ്റിപ്പുഴ കൃഷ്ണപിള്ള, ഹ്യുയൻസാങ്, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: April 3, 2024.

Credits: The text of the original item is copyrighted to Sahitya Akademi. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-NC-SA 4​.0). Commercial use of the content is prohibited. Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: Roses in a Glass Vase, a painting by Édouard Manet (1832–1883). The image is taken from Wikimedia Commons and is gratefully acknowledged.

Production history: Typesetter: JN Jamuna; Editor: PK Ashok; Encoding: JN Jamuna.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.