ഒരു നവീനഭാരതം കെട്ടിപ്പടുക്കുന്നതിൽ നമ്മുടെ ശ്രദ്ധ ചെലുത്തേണ്ട പല കാര്യങ്ങളുണ്ടെങ്കിലും അവയിൽ ഏറ്റവും അടിയന്തിരപ്രാധാന്യം അർഹിക്കുന്ന ഒന്നാണു് കുടുംബസംവിധാനം. ജീവിക്കാനുള്ള കഴിവിനനുസരിച്ചു് കുടുംബത്തിലെ സന്താനങ്ങളുടെ സംഖ്യ പരിമിതമാക്കുകയെന്നതാണല്ലോ ഇതിലെ മുഖ്യസംഗതി. ഇവിടെ കഴിവു് എന്ന ചെറിയവാക്കിൽ പല വലിയ കാര്യങ്ങളും ഉൾപ്പെടുന്നുണ്ടു്. സാമ്പത്തികസ്ഥിതി, ആരോഗ്യനില, വിദ്യാഭ്യാസസാധ്യത, ചികിത്സാസൗകര്യം എന്നിവയെല്ലാം കഴിവാലോചിക്കുമ്പോൾ ഓർമിക്കേണ്ടതാണു്. സന്താനസംരക്ഷണത്തിനു് അത്യന്താപേക്ഷിതമായ ഈവക കഴിവുകളൊന്നുമില്ലാത്ത പരിതഃസ്ഥിതിയിൽ ഒരു കുട്ടിയെ ജനിപ്പിക്കുക എന്നതു് ആ കുട്ടിയോടുചെയ്യുന്ന ഏറ്റവും കടുത്ത തെറ്റാകുന്നു. പോരാ, അതു് ശിക്ഷാർഹമായ കുറ്റമാണെന്നും പറയണം. ആഹാരത്തിനു് വകയുണ്ടെങ്കിൽ സന്തത്യുല്പാദനം അനിയന്ത്രിതമായാലും കുഴപ്പമില്ലെന്നു് ചിലർ വിചാരിക്കുന്നുണ്ടു്. അതും തെറ്റാണു്. ആടുമാടുകളെപ്പോലെ തീറ്റിപ്പോറ്റാൻമാത്രം വേണ്ടിയുള്ളവരല്ല കുട്ടികൾ. രാജ്യത്തിലെ ഉത്തമപൗരന്മാരായി വളരാനുള്ള സകലസൗകര്യങ്ങളും അവർക്കു് ലഭിക്കണം. ഇവയിലേതിന്റെയെങ്കിലും കുറവുള്ളപ്പോഴും ഒരു കുട്ടി ജനിക്കുന്നതു് കഷ്ടമാണു്. മാതാപിതാക്കളാകുന്നതിനു് മുമ്പുതന്നെ ഇത്തരം കാര്യങ്ങൾ അവധാനപൂർവം ആലോചിച്ചു് ഭാവി സന്താനസംഖ്യ മനസ്സിൽ കുറിക്കേണ്ടതു് നവദമ്പതിമാരുടെ ഒന്നാമത്തെ കടമയാകുന്നു. അതു് ചെയ്യാതെ ഉത്തരവാദിത്തം മുഴുവൻ ദൈവത്തിന്റെയോ മറ്റെന്തിന്റെയോ പേരിലാക്കിക്കൊണ്ടു് കണ്ടമാനം കുട്ടികളെ ജനിപ്പിച്ചാൽ ഇന്നത്തെ ലോകം അതൊരു ദുഷ്കർമ്മമായിട്ടേ കണക്കാക്കൂ. ഉച്ഛൃംഖലമായ ഇത്തരം സന്തത്യുല്പാദനം, തൽകർത്താക്കൾ കുടുംബത്തോടും കുട്ടികളോടും സർവ്വോപരി രാജ്യത്തോടും ചെയ്യുന്ന മഹാപരാധമായി ഗണിക്കപ്പെടുന്ന കാലം വന്നുചേർന്നിരിക്കയാണു്. ഒരു കുട്ടിയെ ജനിപ്പിക്കുക എന്നതു് ഒന്നിനോടും ബന്ധപ്പെടാത്ത ഒരു സ്വേച്ഛാപ്രവൃത്തിയല്ല. കുടുംബത്തിനോടുള്ളതിനു പുറമേ, ആ പ്രവൃത്തിക്കു് സമൂഹത്തോടും രാജ്യത്തോടും ഉത്തരവാദിത്തമുണ്ടു്. അതു് ഒരിക്കലും സാമൂഹ്യക്ഷേമത്തെ ബാധിക്കുന്ന നിലയിലാകരുതു്. ‘ജനകത്വം ബോധപൂർവ്വവും മനഃപൂർവ്വവുമായ പ്രവൃത്തിയായിരിക്കണം’ (Parenthood should be a conscious and deliberate act) എന്നൊരു ശാസ്ത്രജ്ഞൻ പറഞ്ഞിട്ടുള്ളതു് എത്രയും ശരിയാണു്. ഈ തത്ത്വമനുസരിച്ചു് വസ്തുനിഷ്ഠവും ശാസ്ത്രീയവുമായ സമീപനമായിരിക്കണം. ഇന്നു് നാം പ്രസ്തുത വിഷയത്തിൽ കൈകൊള്ളേണ്ടതു്.
എന്നാൽ, ഇക്കാര്യത്തിൽ ഇന്ത്യക്കാരുടെ സമാന്യനിലയെന്താണു്? അന്ധരെ അന്ധർ നയിക്കുന്ന സ്വഭാവമായിരുന്നു അടുത്തകാലംവരെ കണ്ടിരുന്നതു്. ഇന്നും അതു് വിട്ടുമാറിയിട്ടില്ല. നേരത്തെ വിവാഹം കഴിക്കയും നേരത്തെ മരിക്കുകയുമെന്നതാണു് ഒരു ഇന്ത്യാക്കാരന്റെ മുദ്രാവാക്യമെന്നു് (Early to marry and early to die is the motto of an Indian) ഏതോ സായ്പ് പറയുകയുണ്ടായി. ഇപ്പോഴും ഈ നിലയ്ക്കു് വലിയ കുറവൊന്നും ഉണ്ടായിട്ടില്ല. പത്നിയെ ഒരു പ്രസവയന്ത്രം മാത്രമാക്കിത്തീർക്കുന്ന കഠോരപതികളെ ധാരാളം കാണാം. പട്ടിണിയുടെയും രോഗത്തിന്റെയും നടുക്കു് തുരുതുരെ പെറ്റുകൂട്ടുന്ന പതിവു് ഇന്നുമുണ്ടല്ലോ, പാവങ്ങളുടെയിടയിൽ. ജനസംഖ്യയിൽ അധികവും അവരാണുതാനും. യാതൊരു ബോധവുമില്ല അവർക്കിതിനെപ്പറ്റി. എല്ലാം ദൈവം തരുന്നതാണു്. വായ കീറിയിട്ടുണ്ടെങ്കിൽ ഇരയും കല്പിച്ചിട്ടുണ്ടാകും എന്ന മുത്തശ്ശിപ്രമാണമേ അവർക്കുള്ളു. ഈവക അന്ധവിശ്വാസച്ചവറുകൾ ചുട്ടെരിച്ചു് അവരുടെ അന്തർമണ്ഡലത്തിൽ വെളിച്ചം കടത്തുകയാണു് കുടുംബസംവിധാനപ്രവർത്തകർ ആദ്യമായി വേണ്ടതു്. ഏതദ്വിഷയകമായി ആശയപരമായ ഒരു പരിവർത്തനമുണ്ടാകണം എന്നാലേ അനന്തരകാര്യങ്ങൾ സുകരമാകൂ.
ഇന്നാട്ടിലെ ജനപ്പെരുപ്പം കാണിക്കാൻ സംഖ്യകളുദ്ധരിച്ചു് ക്ലേശിക്കേണ്ടതില്ല. അതെല്ലാവർക്കും അറിയാവുന്ന വസ്തുതയാണു്. പോരെങ്കിൽ നാലുമണിക്കു് പള്ളിക്കൂടം വിടുമ്പോൾ ചെന്നൊന്നു് നോക്കിയാൽ മതി. കേരളം മനുഷ്യമഹാസമുദ്രത്തിൽ മുങ്ങിച്ചാകാൻ പോകയാണെന്നു് അപ്പോൾ മനസ്സിലാകും. ഇന്ത്യയിലെങ്ങുമില്ലാത്ത ജനസാന്ദ്രതയും ജീവിതവൈഷമ്യങ്ങളുമാണു് ഇവിടെയുള്ളതു്. മുമ്പു് ജനനനിരക്കനുസരിച്ചു് മരണനിരക്കും ഏതാണ്ടൊപ്പം നിന്നിരുന്നു. ഇപ്പോഴാകട്ടെ, മനുഷ്യന്റെ ശാസ്ത്രജ്ഞാനം പ്രകൃതിയുടെ സംഹാരകൃത്യത്തെ പലവിധത്തിലും തടയുന്നതിന്റെ ഫലമായി ഈ സമീകൃതനിലയ്ക്കു് വലിയ വ്യത്യാസം വന്നിട്ടുണ്ടു്. വൈദ്യശാസ്ത്രം പുരോഗമിച്ചതോടെ മരണനിരക്കു് കുറഞ്ഞു. കഴിഞ്ഞ നൂറുകൊല്ലംകൊണ്ടു് ലോകത്തിലെ ജനസംഖ്യ ഇരട്ടിയായിരിക്കുന്നു. ഐക്യരാഷ്ട്രസംഘടനയുടെ കണക്കുപ്രകാരം ലോകത്തിൽ ദിനംപ്രതി ഒരുലക്ഷത്തിഇരുപതിനായിരം ജനനം നടക്കുന്നുണ്ടത്രേ. ഇതിലധികവും ഏഷ്യാഭൂഖണ്ഡത്തിലാണു്. 1980 ആകുമ്പോഴേയ്ക്കും ഇന്ത്യയിലെയും ചൈനയിലെയും ആകെ ജനസംഖ്യ ഇന്നു് ലോകം മുഴുവനുമുള്ള ജനങ്ങളുടെ മൊത്തം സംഖ്യയോളം വരുമെന്നു് കണക്കാക്കപ്പെട്ടിരിക്കുന്നു. രണ്ടു് കൊല്ലംമുമ്പു് ഇന്ത്യയിൽ പര്യടനം നടത്തിയ സുപ്രസിദ്ധ ശാസ്ത്രജ്ഞനായ സർ ജൂലിയൻ ഹൿസ്ലി ഇവിടത്തെ ജനപ്പെരുപ്പം ഭയാനകമായിട്ടുണ്ടെന്നു് ചൂണ്ടിക്കാണിക്കുകയുണ്ടായി. ഇന്ത്യയിലെ ഇപ്പോഴത്തെ ജനനനിരക്കു് തൂടർന്നുപോകുകയാണെങ്കിൽ ഈ നൂറ്റാണ്ടു് കഴിയുന്നതിനുമുമ്പുതന്നെ, നാം സാമ്പത്തികമായി വരുമാനമില്ലാത്ത ഒരു സ്തംഭനാവസ്ഥയിലെത്തുമെന്നും തൽഫലമായി ഇന്ത്യ ഒരവികസിതരാജ്യമായിത്തന്നെ ഇരിക്കുമെന്നും മാത്രമല്ല സാമ്പത്തികരംഗത്തിൽ നാം കൂടുതൽ കൂടുതൽ അധഃപതിക്കുമെന്നും അതുകൊണ്ടു് ഒട്ടും വൈകാതെ ജനനനിരക്കു് അമ്പതുശതമാനമെങ്കിലും കുറവുചെയ്യുന്നതു് അത്യാവശ്യമാണെന്നും അദ്ദേഹം പറഞ്ഞിരിക്കുന്നു. ‘the position is extremely urgent’ എന്നാണു് അദ്ദേഹം താക്കീതു് ചെയ്യുന്നതു്. കണക്കുകൂട്ടാതെയും പഠിക്കാതെയും അഭിപ്രായം പറയുന്ന ആളല്ല ജൂലിയൻ ഹൿസ്ലി. ഇന്ത്യാക്കാർ എപ്പോഴും ഓർമ്മിക്കേണ്ട അർത്ഥഗർഭമായ ഒരു പ്രവചനമാണിതു്. അത്യന്തം ആപൽക്കരമായ ഈ ദുർഘടസന്ധിയെ എങ്ങനെ നേരിടാം? അതിനു് ഇതരമാർഗങ്ങളുണ്ടെന്നു് ചിലർ പറയാറുണ്ടു്. ശാസ്ത്രീയമായ കൃഷിസമ്പ്രദായം നടപ്പാക്കിയും തരിശുഭൂമികൾ കൃഷിസ്ഥലമാക്കിത്തീർത്തും വിളവു് വർദ്ധിപ്പിച്ചു് ഭക്ഷ്യക്ഷാമം പരിഹരിക്കാമെന്നു് പലരും വിചാരിക്കുന്നു. എന്നാൽ, വിളവർദ്ധനയ്ക്കും ഭൂവിസ്തൃതിക്കും ഒരു പരമാവധിയുണ്ടെന്ന കാര്യം ഇവർ ഓർമ്മിക്കുന്നില്ല. കൃത്രിമവളപ്രയോഗം, ജലസേചനപരിപാടി മുതലായവകൊണ്ടു് ഊഷരഭൂമികൾപോലും ഉർവരപ്രദേശങ്ങളാക്കാമായിരിക്കാം. പക്ഷേ, എത്രനല്ല കാർഷികനിലത്തിന്റെയും ഉൽപാദനക്ഷമതയ്ക്കു് ഒരതിരുണ്ടു്. അതു് പരകോടിയിലെത്തിയാൽ പിന്നെ അതിന്റെ ഗതി കീഴോട്ടാകുമെന്നുള്ളതു് അനുഭവംകൊണ്ടു് തെളിഞ്ഞിട്ടുള്ള സത്യമാണു്. ഇതിനു് വരുമാനക്ഷയന്യായം (Law of diminishing returns) എന്നാണു് സാമ്പത്തികശാസ്ത്രകാരന്മാർ പറയുന്നതു്. ഇതു് തെറ്റാണെന്നു് ഒരു കർഷകനും അനുഭവപ്പെട്ടിട്ടില്ല. അനിയന്ത്രിതാവസ്ഥയിൽ ജനസംഖ്യ ഭക്ഷ്യ വർദ്ധനവിനെക്കാൾ എത്രയോ വേഗത്തിൽ പെരുകിക്കൊണ്ടിരിക്കുമെന്നു് പഴയ ‘മാൽത്ത്യുസിയൻ’ സിദ്ധാന്തം ഇടക്കാലത്തു് വാദവിഷയമായിത്തീർന്നെങ്കിലും സാരാംശത്തിൽ ഈ ശാസ്ത്രയുഗത്തിലും ശരിയാണു്. ഇന്ത്യയിൽ ഇപ്പോഴത്തെ നിരക്കിൽ ജനസംഖ്യ വർദ്ധിക്കുകയാണെങ്കിൽ പഞ്ചവത്സരപദ്ധതികൾ എത്രയുണ്ടായാലും ഇവിടത്തെ പട്ടിണിയും തൊഴിലില്ലായ്മയും പരിഹരിക്കപ്പെടുകയില്ല. ഇതിനൊരൊറ്റ നിവാരണമാർഗമേ ഉള്ളു—അതായതു് ബോധപൂർവമായ ജനന നിയന്ത്രണം. ഇതു് മനസ്സിലാക്കിയതുകൊണ്ടാണു് ഇന്ത്യാഗവണ്മെന്റ് ഇപ്പോൾ ഇതിൽ സത്വര ശ്രദ്ധ പതിച്ചിരിക്കുന്നതു്.
ജനനനിയന്ത്രണാധിഷ്ഠിതമായ കുടുംബസംവിധാനത്തിൽ ഇന്നു് ആർക്കും വിപ്രതിപത്തിയുണ്ടെന്നു് തോന്നുന്നില്ല. പക്ഷേ, അതിനുള്ള പദ്ധതികളെപ്പറ്റി വാദപ്രതിവാദങ്ങൾ നടക്കാറുണ്ടു്. ഗർഭനിരോധനത്തിനു് കൃത്രിമോപകരണങ്ങൾ ഉപയോഗിക്കുന്നതിനെ മതത്തിന്റെ പേരിൽ ഒരു വിഭാഗക്കാർ എതിർക്കുന്നു. ഇക്കൂട്ടരുടെ വാദഗതി നോക്കിയാൽ ഇവർ ജാംബവാന്റെ കാലത്താണോ ജീവിക്കുന്നതെന്നു് തോന്നിപ്പോകും. രണ്ടു് മൂവായിരം കൊല്ലങ്ങൾക്കുമുമ്പുണ്ടായ ഏതെങ്കിലും ഗ്രന്ഥത്തിൽ കാണുന്നതൊക്കെ ഈ അണുയുഗത്തിലും ജീവിതപ്രമാണമാക്കണമെന്നു് ശഠിക്കുന്നവർ സുബോധമുള്ളവരാകാൻ വഴിയില്ല. ബ്രഹ്മചര്യാനുഷ്ഠാനംകൊണ്ടു് വേണം ജനനനിയന്ത്രണം നിർവഹിക്കുകയെന്നു് വാദിക്കുന്ന ചില സ്വപ്നദർശികളുണ്ടു്. അവർ മനുഷ്യ ലോകത്തിലെ യാഥാർത്ഥ്യങ്ങളെ കണക്കിലെടുക്കാതെ ആദർശധൂമികയിൽ തപ്പിനടക്കുന്നവരത്രേ. ആഹാരം കഴിക്കാം, നീഹാരം പാടില്ല എന്നു് പറയുന്നതിനു് തുല്യമാണിവരുടെ വാദം. പ്രായോഗികജീവിതവുമായി പൊരുത്തപ്പെടാത്ത ഇത്തരം കീറാമുട്ടികളെടുത്തിട്ടു് ജനനനിയന്ത്രണത്തിൽ ഗവണ്മെന്റിനും മറ്റുള്ളവർക്കും മാർഗവിഘ്നം വരുത്തുന്നതു് ഏറ്റവും ഗർഹണീയമായ ഒരു സാമൂഹ്യവിരുദ്ധപ്രവൃത്തിയാണെന്നു് പറയേണ്ടിയിരിക്കുന്നു. തീരെ നിർദോഷമെന്നു് പറയപ്പെടുന്ന ഒരു ഋതുക്രമപദ്ധതിയുണ്ടു് (Rhythm Method). അതു് ഈ പഴമക്കാർപോലും ഇപ്പോൾ അംഗീകരിക്കുന്നുണ്ടെന്നു് തോന്നുന്നു. എന്നാൽ, പ്രായോഗികതലത്തിൽ പലപ്പോഴും പരാജയപ്പെടുന്നതുകൊണ്ടു് അതും അവലംബനീയമെന്നു് പറഞ്ഞുകൂടാ. ഏതായാലും കൃത്രിമപദ്ധതികൾക്കു് അശുദ്ധി കല്പിക്കുന്നതു് മുഴുത്ത മൂഢതയാകുന്നു.
ഈ പ്രശ്നം പരിഹരിക്കാൻ ജപ്പാൻകാരെയാണു് നാം കണ്ടുപഠിക്കേണ്ടതു്. അവർ ഇതിൽ നേടിയിട്ടുള്ള വിജയം അത്ഭുതാവഹമാണു്. ജപ്പാനിൽ കഴിഞ്ഞ പത്തു് കൊല്ലംകൊണ്ടു് ജനനനിരക്കു് നേർപകുതിയായി കുറഞ്ഞിട്ടുണ്ടു്. 1870-ൽ മൂന്നുകോടിയായിരുന്ന അവിടത്തെ ജനസംഖ്യ 1957-ൽ ഒമ്പതരക്കോടിയായി പെരുകിയതു് കണ്ടു് സംഭ്രാന്തരായ ജപ്പാൻകാർ ജനനനിയന്ത്രണത്തിനുള്ള സകലമാർഗങ്ങളും തുറന്നുകൊടുത്തു. ഗ്രാമങ്ങളിലും നഗരങ്ങളിലും കുടുംബസംവിധാനസൗകര്യങ്ങൾ ഗവണ്മെന്റ് ഏർപ്പാടുചെയ്തു. കൃത്രിമോപകരണങ്ങൾ ഉപയോഗിക്കേണ്ട രീതി അവിടെ ഇപ്പോൾ എല്ലാ മെഡിക്കൽ സ്കൂളുകളിലും പഠിപ്പിക്കുന്നുണ്ടു്. അവ പ്രയാസം കൂടാതെ ലഭിക്കാനും സൗകര്യങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നു. ഇങ്ങനെ പ്രശംസനീയവും കാലോചിതവുമായ പ്രായോഗികബുദ്ധി സർക്കാരും ജനങ്ങളും സഹകരിച്ചു് പ്രകടിപ്പിക്കുന്നതുമൂലം ആ രാജ്യത്തു് സാന്മാർഗികാധഃപതനമോ ദൈവകോപമോ ഒന്നും ഉണ്ടായിട്ടില്ല; നേരെമറിച്ചു് രാഷ്ട്രം സന്തുഷ്ടവും സംതൃപ്തവും ആരോഗ്യസമ്പന്നമാകുകയാണു്.
ഇന്ത്യാഗവണ്മെന്റ് ഇപ്പോഴെങ്കിലും തത്തുല്യമായ പ്രബുദ്ധതയോടും പ്രായോഗികബുദ്ധിയോടും കൂടി പ്രവർത്തിക്കാൻ മുന്നോട്ടുവന്നിരിക്കുന്നതു് ആശ്വാസകരംതന്നെ. പക്ഷേ, എല്ലാ ജനവിഭാഗങ്ങളും മറ്റു് പരിഗണനകളൊന്നും കൂടാതെ ഇക്കാര്യത്തിൽ ഗവണ്മെന്റുമായി സഹകരിച്ചെങ്കിൽ മാത്രമേ പ്രസ്തുത പ്രശ്നം തൃപ്തികരമായി പരിഹരിക്കപ്പെടുകയുള്ളു. കേരളത്തിൽ ഇതൊരു ജീവന്മരണപ്രശ്നംതന്നെയാണു്. അതുകൊണ്ടു് തത്സംബന്ധമായി ഗവണ്മെന്റ് ആവിഷ്കരിച്ചിട്ടുള്ള പ്രവർത്തനപദ്ധതികളെല്ലാം സർവപ്രകാരേണയും പ്രചരിപ്പിക്കുക എന്നതു് അതിവിശിഷ്ടമായ ഒരു സാമൂഹ്യസേവനമാകുന്നു.
(മാനസോല്ലാസം 1962)
ജനനം: 1-8-1900
പിതാവു്: ഊരുമനയ്ക്കൽ ശങ്കരൻ നമ്പൂതിരി
മാതാവു്: കുറുങ്ങാട്ടു് ദേവകി അമ്മ
വിദ്യാഭ്യാസം: വിദ്വാൻ പരീക്ഷ, എം. എ.
ആലുവാ അദ്വൈതാശ്രമം ഹൈസ്ക്കൂൾ അദ്ധ്യാപകൻ, ആലുവ യൂണിയൻ ക്രിസ്ത്യൻ കോളേജ് അദ്ധ്യാപകൻ, കേരള സാഹിത്യ അക്കാദമി പ്രസിഡന്റ് 1968–71, കേന്ദ്ര സാഹിത്യ അക്കാദമി അംഗം, ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടു് ഭരണസമിതിയംഗം, കേരള സർവ്വകലാശാലയുടെ സെനറ്റംഗം, ബോർഡ് ഓഫ് സ്റ്റഡീസ് അംഗം, പാഠ്യ പുസ്തക കമ്മിറ്റി കൺവീനർ (1958), ബാല സാഹിത്യ ശില്പശാല ഡയറക്ടർ (1958), ‘ദാസ് ക്യാപിറ്റൽ’ മലയാളപരിഭാഷയുടെ ചീഫ് എഡിറ്റർ, കേരള സാഹിത്യ സമിതി പ്രസിഡന്റ്.
സാഹിതീയം, വിചാരവിപ്ലവം, വിമർശ രശ്മി, നിരീക്ഷണം, ഗ്രന്ഥാവലോകനം, ചിന്താതരംഗം, മാനസോല്ലാസം, മനന മണ്ഡലം, സാഹിതീകൗതുകം, നവദർശനം, ദീപാവലി, സ്മരണമഞ്ജരി, കുറ്റിപ്പുഴയുടെ തിരഞ്ഞെടുത്ത ഉപന്യാസങ്ങൾ, വിമർശ ദീപ്തി, യുക്തിവിഹാരം, വിമർശനവും വീക്ഷണവും, കുറ്റിപ്പുഴയുടെ പ്രബന്ധങ്ങൾ—തത്വചിന്ത, കുറ്റിപ്പുഴയുടെ പ്രബന്ധങ്ങൾ—സാഹിത്യവിമർശം, കുറ്റിപ്പുഴയുടെ പ്രബന്ധങ്ങൾ— നിരീക്ഷണം.
ചരമം: 11-2-1971