നിരീശ്വരനും സമത്വവാദിയുമായിരുന്ന ഒരു മതപുരോഹിതൻ.
നാഗരികതയുടെ കഥ (The story of civilisation) എന്ന വിശ്രുതഗ്രന്ഥ പരമ്പരയിലെ ഒമ്പതാം വാല്യത്തിൽ ഗ്രന്ഥകാരനായ വിൽഡ്യുറന്റ് അത്ഭുതചരിതനായ ഒരു പാതിരിയുടെ ജീവിതകഥ രസകരമായി വിവരിക്കുന്നുണ്ടു്. വായിച്ചുനോക്കേണ്ട ഒന്നാണു്. ഫ്രഞ്ചുകാരനായ ഈ പതിരിയുടെ പേരാണു് ജീൻ മെലിയർ. ഏ. ഡി. 1678 മുതൽ 1733 വരെയാണു് അദ്ദേഹത്തിന്റെ ജീവിതകാലം. ഫ്രാൻസിൽ ഒരിടവക (Parish) യിലെ പാതിരിയായിരുന്ന മെലിയർ മരിക്കുന്നതുവരെ—മുപ്പതുവർഷം—ആ നിലയിൽത്തന്നെ കഴിച്ചുകൂട്ടി. എന്നാൽ ഇക്കാലമത്രയും നിർമ്മത്വവും നിരീശ്വരത്വവുമാണു് ഈ പുരോഹിതനിൽ കുടിക്കൊണ്ടിരുന്നതെന്ന വസ്തുത ബഹുവിചിത്രമായിരിക്കുന്നു. മതക്കുപ്പായത്തിനുള്ളിലിരുന്ന രഹസ്യം മരണാനന്തരമേപുറത്തു വന്നുള്ളു. എല്ലാവർക്കും സന്തോഷവും സംതൃപ്തിയും ഉണ്ടാകുമാറ് മെലിയർ തന്റെ പുരോഹിതകർമം ഈ മുപ്പതു വർഷവും മുടങ്ങാതെ നടത്തിക്കൊണ്ടുപോന്നു. ആർക്കും ഒരു സംശയവും തോന്നിയില്ല അദ്ദേഹത്തിന്റെ മതവിശ്വാസത്തെപ്പറ്റി. ഏറ്റവും ലളിതമായി ജീവിക്കാനാവശ്യമായ തുകമാത്രം തന്റെ ശമ്പളത്തിൽനിന്നെടുത്തുകൊണ്ടു ബാക്കി മുഴുവൻ അദ്ദേഹം ഇടവകയിലെ പാവങ്ങൾക്കു വീതിച്ചുകൊടുത്തിരുന്നു. ഈ ദീന ബന്ധു മരണമടയുന്നതിനു മുമ്പു് തന്റെ കൈവശമുണ്ടായിരുന്നതെല്ലാം ഇടവകയിലെ ജനങ്ങൾക്കായി ദാനം ചെയ്തു. ഇക്കൂട്ടത്തിൽ വിലപ്പെട്ടതായിട്ടുണ്ടായിരുന്നതു് ഒരു പ്രബന്ധത്തിന്റെ മൂന്നു കയ്യെഴുത്തുപ്രതിയാണു് മരണപത്രം (Testament) എന്നാണു് അതിനു പേരു കൊടുത്തിരുന്നതു്. ഒരു കയ്യെഴുത്തുപ്രതിയിൽ ‘ഇടവകക്കാർക്കുള്ളതു്’ എന്നു പ്രത്യേകം കുറിച്ചിരുന്നു. അതിൽ അവരെ സംബോധനചെയ്തുകൊണ്ടു് മെലിയർ അവരോടു് ആദ്യമായി മാപ്പു ചോദിച്ചിരിക്കയാണു്. എന്തിനെന്നോ? മതത്തിന്റെ ഇരുട്ടിലൂടെയും ഇടവഴിയിലൂടെയും അവരെ ഇത്ര നാളും കൊണ്ടുനടന്നതിനു്. എന്റെ മനോഭാവങ്ങൾക്കു് ഇത്ര കടകവിരുദ്ധമായ ഒരു തൊഴിൽ ഞാൻ സ്വീകരിച്ചുവെങ്കിൽ അതു ലാഭേച്ഛകൊണ്ടൊന്നുമായിരുന്നില്ല. ഞാൻ മാതാപിതാക്കന്മാരെ അനുസരിച്ചു. (If embraced a profession so directly, opposed to my sentiments. It was not through cupidity, I obeyed my parents) എന്ന മെലിയർ തുറന്നു സമ്മതിച്ചിരിക്കുന്നു.
ഈ ഗ്രാമീണപുരോഹിതനെപ്പോലെ ക്രിസ്തുമതത്തിന്റെ നേരെ ഇത്രയും കഠോരമായ ആക്രമണം നടത്താൻ ഫ്രാൻസിൽ അക്കാലം വരെ ആരും മുതിർന്നിട്ടില്ല. യുക്തിയുക്തമായ ചോദ്യശരങ്ങൾ കൊണ്ടു ബൈബിളിന്റെ ഉടലാകെ അദ്ദേഹം കീറിമുറിച്ചിരിക്കുന്നു. പുതിയ നിയമത്തിലെ (New Testament) അത്ഭുതങ്ങൾ (Miracles) പരിശുദ്ധവഞ്ചനകളോ? യുക്തിബോധത്തെ അവഗണിച്ചു നാം ഇത്തരം കെട്ടുകഥകളിൽ വിശ്വസിക്കണമോ? തന്റെ സൃഷ്ടിജാലങ്ങളെ നിത്യനരകത്തിലേക്കു തള്ളിവിടുന്ന ഒരു ദൈവത്തിൽ പരിഷ്കൃതാശയനായ ഏതെങ്കിലും മനുഷ്യനു വിശ്വസിക്കാൻ കഴിയുമോ? ഇതുപോലെ സഹജീവികളെ അതിക്രൂരവും മൃഗീയവുമായ ദണ്ഡനത്തിനിരയാക്കുന്ന പൈശാചികസ്വഭാവം എത്രയും നിഷ്ഠൂരമായ മനുഷ്യപ്രകൃതിയിൽപ്പോലും കാണുന്നുണ്ടോ? ഇങ്ങനെ ആ പ്രബന്ധത്തിൽ ചോദ്യങ്ങളുടെ കൂരമ്പുകൾ കോരിച്ചൊരിഞ്ഞുകൊണ്ടു് ഒടുവിൽ മെലിയർ വിളിച്ചു പറയുകയാണു്; ‘അതുകൊണ്ടു് അല്ലയോ ദൈവശാസ്ത്രജ്ഞന്മാരേ നിങ്ങളുടെ ദൈവം ദുഷ്ടരിൽ ദുഷ്ടനായ മനുഷ്യനെക്കാളും കടുത്ത ദുഷ്ടനാണെന്നു വിശ്വസിക്കുക’ ഒരു ബോധവുമില്ലാത്ത ജനസമൂഹത്തെ ഭീഷണിപ്പെടുത്തി ചൂഷണം ചെയ്യാൻ പുരോഹിതന്മാരാണു് ദൈവത്തെ ഇങ്ങനെയൊരു കൊടുംകൊലയാളിയാക്കിത്തീർത്തതു്. ഈ ഭയങ്കരദൈവത്തിന്റെ അസ്തിത്വത്തിൽ വിശ്വസിക്കാൻ പ്രയാസപ്പെടുന്നവരല്ലേ ഭൂരിപക്ഷം മനുഷ്യരും? മനുഷ്യന്റെ സന്മാർഗ്ഗബോധവും ഇത്തരം അന്ധവിശ്വാസവും തമ്മിൽ പൊരുത്തപ്പെടുന്നതെങ്ങനെ? എല്ലാ മതഗ്രന്ഥങ്ങളും ദൈവത്തിൽ സ്തുതി വർഷിക്കുന്നു. പക്ഷേ, അതേസമയം ഈ രാക്ഷസീയശക്തിയുടെ പ്രഹരങ്ങളിൽനിന്നു—ഭൂകമ്പം ജലപ്രളയം സാംക്രമികരോഗം തുടങ്ങിയ ദൈവികദണ്ഡനങ്ങളിൽ നിന്നു്—രക്ഷനേടാൻ മനുഷ്യർ പാടുപെടുകയും ചെയ്യുന്നു. എന്തൊരു വൈപരീത്യം. ഈശ്വരവിശ്വാസം അസ്വാഭാവികമാണെന്ന വാദമാണു് ഇവിടെ മെലിയർ കൊണ്ടുവരുന്നതു്. മുഗ്ദ്ധമനസ്സുകളിൽ വിശ്വാസം അടിച്ചേല്പിക്കുകയാണു്. അതു തനിയേ ഉയർന്നുവരുന്നതല്ല. ശിശുക്കൾ സ്വതേ നിരീശ്വരരാണെന്നും അദ്ദേഹം വിചാരിക്കുന്നു. ദൈവത്തെപ്പറ്റി യാതൊരു വിവരവും അവർക്കില്ലല്ലോ. മുതിർന്നവരുടെ വിശ്വാസംപോലും പുരോഹിതവചനങ്ങളെ മാത്രം ആസ്പദമാക്കിയുള്ളതാണു്. ആർക്കും ഒന്നും അറിഞ്ഞുകൂടാത്ത ഒരു വിഷയം ശിശുഹൃദയങ്ങളിലേക്കു കടത്തിവിടാൻ സാഹസപ്പെടുന്നതിലുള്ള വിഡ്ഢിത്തവും വഞ്ചനയും മെലിയർ ഇവിടെ എടുത്തുകാണിക്കുന്നുണ്ടു്. ക്രിസ്തുവിനെപ്പറ്റിയും അദ്ദേഹത്തിനു മതിപ്പില്ല. എല്ലാ ജീവിതസുഖങ്ങളെയും സ്വന്തം മാതാപിതാക്കളെത്തന്നെയും ഉപേക്ഷിച്ചു തന്റെ പിന്നാലെ ചെല്ലാനുപദേശിക്കയും പാവപ്പെട്ടവരുടെ നട്ടെല്ലുപൊട്ടിക്കുന്ന ദാരിദ്ര്യത്തെ സ്തുതിക്കയും ചെയ്യുന്ന ക്രിസ്തു ഒരു മതഭ്രാന്തനോ (Fanatic) മനുഷ്യവിദ്വേഷിയോ (Misatnthrope) ആയിരുന്നുവെന്നു് അദ്ദേഹം അഭിപ്രായപ്പെടുന്നു. എന്തൊരു സുന്ദരമായ ധാർമികത എന്ന ഈ വിമർശനത്തിലെ ചോദ്യം രസാവഹമായിട്ടുണ്ടു്.
ഇപ്രകാരം മതത്തെയും ഈശ്വരനെയും പാടേ നിഷേധിച്ചതിനുശേഷം ഈ പ്രബന്ധത്തിൽ മെലിയർ ചെന്നുനില്ക്കുന്നതു കലർപ്പില്ലാത്ത ഭൗതികവാദത്തിന്റെ തിരുമുറ്റത്താണു്. പ്രകൃതി അഥവാ പദാർത്ഥം (matter) അതിൽത്തന്നെയുള്ള ശക്തിവിശേഷത്താൽ സ്വയം പ്രവർത്തിച്ചുകൊണ്ടിരിക്കുന്നു. അതിനു് ദൈവശാസ്ത്രജ്ഞൻ (Theologians) സാധാരണ കൊണ്ടുവരാറുള്ള ഒരാദികാരണത്തിന്റെ (First cause) ആവശ്യമേയില്ല എന്നു് അദ്ദേഹം സമർത്ഥിക്കുന്നു. നിങ്ങൾക്കു എന്തെങ്കിലും ആരാധാനപാത്രം വേണമെന്നുണ്ടെങ്കിൽ എത്രയോ ആളുകൾ ചെയ്യുന്നതുപോലെ സൂര്യനെ ആരാധിക്കുക. ആ തേജോഗോളമാണല്ലോ നമുക്കു ചൂടും വെളിച്ചവും തരുന്നതു്. മെലിയർ ഇതെഴുതിയതു് ഭാരതീയരുടെ സൂര്യനമസ്കാരത്തെ അനുസ്മരിച്ചുകൊണ്ടാകാം.
സ്വകാര്യസ്വത്തുടമയെ നഖശിഖാന്തം എതിർക്കുന്ന ഒരു സമത്വവാദിയായിരുന്നു ഈ പുരോഹിതൻ. ‘സ്വത്തു സ്തേയമാകുന്നു’ (property is theft) എന്നതാണു് അദ്ദേഹത്തിനു പ്രമാണം. എല്ലാ ദോഷങ്ങളുടെയും വേരുകിടക്കുന്നതു് സ്വകാര്യസ്വത്തു് എന്ന ഏർപ്പാടിലാകുന്നു. മതം, നിയമം, വിദ്യാഭ്യാസരീതി എന്നിവയെല്ലാം ഈ മുഷ്ടധനത്തെ സംരക്ഷിക്കാനും അതിനൊരു പവിത്രത (Sanctity) കല്പിക്കുവാനും ഉതകത്തക്കവിധം ക്രമപ്പെടുത്തിവച്ചിരിക്കയാണു്. നിയമകർത്താക്കളും മതാധികാരികളും ഒത്തുചേർന്നു മതത്തെ ഒരു ചൂഷണോപകരണമാക്കിയിരിക്കുന്നു. ജനങ്ങളെ ഭയപ്പെടുത്തി ഭരിക്കാൻ സ്റ്റേറ്റും പള്ളിയും ചേർന്നു നടത്തുന്ന ഗൂഢാലോചനയുടെ ഒരു ഭാഗമാണു് മതം. നിക്ഷിപ്തതാത്പര്യങ്ങളെ നിലനിർത്താൻവേണ്ടി സ്റ്റേറ്റിന്റെ പിൻബലത്തോടെ കൂട്ടക്കൊല നടത്താൻ പോലും പുരോഹിതർ മടിക്കാറില്ല. ഇക്കാര്യത്തിൽ അവർ നരഭുക്കുകളെക്കൊളേറെ നികൃഷ്ടരാകുന്നു. പൗരോഹിത്യവും സ്വത്തുടമയും സർക്കാരും പങ്കാളിത്തം വഹിക്കുന്ന ഈ ജനമർദ്ദന വ്യവസ്ഥിതിയെ തകിടംമറിക്കാൻ ഒരു വിപ്ലവം തന്നെ ആവശ്യമാണു് ഏതുതരം വിപ്ലവത്തെയും ഇതു സാധിക്കുമെങ്കിൽ നീതീകരിക്കാമെന്നതിനു സംശയമില്ല. അതുകൊണ്ടു് എല്ലാ സ്വത്തും ബലപ്രയോഗത്താലായാലും പൊതുവുടമയിലേക്കു നീക്കം ചെയ്യപ്പടട്ടെ. സ്ത്രീപുരുഷന്മാർ മതാചാരങ്ങൾക്കടിമപ്പെടാതെ യഥേഷ്ടം വിവാഹാദികാര്യങ്ങൾ നടത്തട്ടെ. കുട്ടികൾ മതവിദ്യാലയങ്ങളിൽനിന്നു പുറത്തു കടന്നു പബ്ലിക് സ്കൂളുകളിൽ പഠിക്കട്ടെ. ഇങ്ങനെ പോകുന്നു ധീരവും സ്വതന്ത്രവുമായ മെലിയറുടെ ചിന്താഗതി. അക്കാലത്തെ ഇരുട്ടടഞ്ഞ കാലാവസ്ഥ വച്ചുനോക്കിയാൽ സ്തുത്യർഹമായ ദീർഘദർശനമാണിതു്. ഇരുപതാം നൂറ്റാണ്ടിന്റെ ആശയഗരിമയും അവലോകനപടുതയും ഇതിൽ പ്രതിഫലിക്കുന്നുണ്ടു്. ജീവിച്ചിരുന്ന കാലത്താണു് ഇതൊക്കെ പുറത്തു വന്നിരുന്നതെങ്കിൽ മതരാക്ഷസന്മാർ ബ്രുണോവിനെപ്പോലെ ഈ പുരോഹിതനെയും ചുട്ടെരിച്ചുകളഞ്ഞേനെ.
വിപ്ലവത്തിന്റെ ബൈബിളെന്നു പറയാവുന്ന ഈ വിശിഷ്ടപ്രബന്ധത്തിന്റെ ഒരു ഭാഗം മാത്രം വാൾട്ടയർ 1762-ൽ പ്രസിദ്ധീകരിച്ചു. അദ്ദേഹത്തിനേ അതിനു ധൈര്യമുണ്ടായുള്ളു. ഫ്രഞ്ചുവിപ്ലവത്തിനു പ്രചോദനം നൽകാനും ഈ ഗ്രന്ഥം ഉപകരിച്ചുവെന്നു പറയപ്പെടുന്നു. 1772-ൽ ഇതിന്റെ ഒരു സംഗ്രഹം മുദ്രിതമായി മുഴുവനും അച്ചടിയിൽപ്പെടാൻ പിന്നെയും കാലം മുന്നോട്ടു പോകേണ്ടിവന്നു. 1861-നും 1864-നും ഇടയ്ക്കേ അതു സാദ്ധ്യമായുള്ളു. ഈ അപൂർവഗ്രന്ഥത്തിന്റെ പ്രസിദ്ധീകരണം പിന്നീടു് നിന്നുപോകുകയാണുണ്ടായതു്. സ്വതന്ത്രചിന്താലോകത്തിനു് ഇതു വലിയൊരു നഷ്ടം തന്നെ. സർവ്വവിജ്ഞാനകോശത്തിൽപ്പോലും (Encyclopaedia Britanica) ജീൻ മെലിയറുടെ പേരു കാണുന്നില്ല. മതാധികാരികൾ ഏതെല്ലാം രൂപത്തിൽ എവിടെയെല്ലാം കൈകടത്തുന്നുണ്ടെന്നാരറിഞ്ഞു!
ദീപാവലി 1967.
ജനനം: 1-8-1900
പിതാവു്: ഊരുമനയ്ക്കൽ ശങ്കരൻ നമ്പൂതിരി
മാതാവു്: കുറുങ്ങാട്ടു് ദേവകി അമ്മ
വിദ്യാഭ്യാസം: വിദ്വാൻ പരീക്ഷ, എം. എ.
ആലുവാ അദ്വൈതാശ്രമം ഹൈസ്ക്കൂൾ അദ്ധ്യാപകൻ, ആലുവ യൂണിയൻ ക്രിസ്ത്യൻ കോളേജ് അദ്ധ്യാപകൻ, കേരള സാഹിത്യ അക്കാദമി പ്രസിഡന്റ് 1968–71, കേന്ദ്ര സാഹിത്യ അക്കാദമി അംഗം, ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടു് ഭരണസമിതിയംഗം, കേരള സർവ്വകലാശാലയുടെ സെനറ്റംഗം, ബോർഡ് ഓഫ് സ്റ്റഡീസ് അംഗം, പാഠ്യ പുസ്തക കമ്മിറ്റി കൺവീനർ (1958), ബാല സാഹിത്യ ശില്പശാല ഡയറക്ടർ (1958), ‘ദാസ് ക്യാപിറ്റൽ’ മലയാളപരിഭാഷയുടെ ചീഫ് എഡിറ്റർ, കേരള സാഹിത്യ സമിതി പ്രസിഡന്റ്.
സാഹിതീയം, വിചാരവിപ്ലവം, വിമർശ രശ്മി, നിരീക്ഷണം, ഗ്രന്ഥാവലോകനം, ചിന്താതരംഗം, മാനസോല്ലാസം, മനന മണ്ഡലം, സാഹിതീകൗതുകം, നവദർശനം, ദീപാവലി, സ്മരണമഞ്ജരി, കുറ്റിപ്പുഴയുടെ തിരഞ്ഞെടുത്ത ഉപന്യാസങ്ങൾ, വിമർശ ദീപ്തി, യുക്തിവിഹാരം, വിമർശനവും വീക്ഷണവും, കുറ്റിപ്പുഴയുടെ പ്രബന്ധങ്ങൾ—തത്വചിന്ത, കുറ്റിപ്പുഴയുടെ പ്രബന്ധങ്ങൾ—സാഹിത്യവിമർശം, കുറ്റിപ്പുഴയുടെ പ്രബന്ധങ്ങൾ— നിരീക്ഷണം.
ചരമം: 11-2-1971