ചേതനാചേതനാത്മകമാണു് പ്രപഞ്ചം. അതിന്റെ മൂല്യതത്ത്വം ഇന്നും അജ്ഞാതമായിരിക്കുന്നു. അതു് എന്നും അങ്ങനേ ആയിരിക്കു എന്നു് ശാസ്ത്രജ്ഞന്മാരും സമ്മതിക്കുന്നുണ്ടു്. പരമമായ കേവലസത്ത (Absolute reality) മനുഷ്യബുദ്ധിക്കു് അതീതമാണെന്നത്രെ അവരുടെ നോട്ടത്തിലും തെളിഞ്ഞിരിക്കുന്നതു്. ഇങ്ങനെ അജ്ഞാതമോ അജ്ഞേയമോ ആയ ഒന്നു് അടിയിൽകിടക്കുന്നതുകൊണ്ടു് ഈ പ്രപഞ്ചത്തെപ്പറ്റി നമുക്കു് ഒന്നും അറിഞ്ഞുകൂടെന്നു വാദിക്കുന്നതു് അബദ്ധമാകുന്നു. ബീജം മറഞ്ഞിരിക്കുന്നെങ്കിലും അങ്കുരം നമുക്കു കാണ്മാൻ കഴിയും അങ്കുരം മാത്രമല്ല അതിന്റെ വളർച്ചയും വികാസവും നാശവും ശാസ്ത്രദൃഷ്ടിക്കു വിഷയമാകും. ഈ നിലയിൽ ശാസ്ത്രവിചാരംകൊണ്ടു പ്രപഞ്ചബോധം ഒട്ടേറെ തെളിഞ്ഞിട്ടുണ്ടു്. പ്രകൃതിവിജ്ഞാനീയം (Physics), രസതന്ത്രം (Chemistry) എന്നീ ശാസ്ത്രങ്ങൾ പ്രസ്തുത ബോധതലത്തെ പ്രകാശമാനമാക്കിക്കൊണ്ടു് അഭിവൃദ്ധിപ്പെട്ടിരിക്കുന്നു. എന്നാൽ ഈ രണ്ടു ശാസ്ത്രങ്ങളും പ്രപഞ്ചമണ്ഡലത്തിന്റെ അചേതനാംശത്തെയാണു പരിശോധിച്ചു നോക്കുന്നതു്. സർവപ്രധാനമായ ചേതനാംശം അവയുടെ പരിധിയിൽപ്പെടാതെ പുറത്തുനിലകൊള്ളുന്നു. എങ്കിലും ഇതും പരീക്ഷണവിഷയമായിട്ടുണ്ടു്. ചേതനാംശവിചാരം ശാസ്ത്രമാർഗത്തിലെത്തിയിട്ടു് അധികം കാലമായിട്ടില്ല. ജീവശാസ്ത്രം (Biology) ഈ വഴിക്കുള്ള ചിന്തയുടെയും പരിശോധനയുടെയും ഫലമാകുന്നു. ഇതു മറ്റു രണ്ടു ശാസ്ത്രങ്ങളെയും അപേക്ഷിച്ചു് നവീനവും നമ്മുടെ വിദ്യാഭ്യാസപദ്ധതിയിൽ കൂടുതൽ പ്രാധാന്യത്തെ അർഹിക്കേണ്ടതും ആകുന്നു.
നാനാമുഖമായി പിരിഞ്ഞുനിൽക്കുന്ന ഒന്നാണു ജീവശാസ്ത്രം. അതിന്റെ ഉൾപ്പിരിവുകൾതന്നെ ഓരോ പ്രത്യേക ശാസ്ത്രമായി വികസിപ്പിച്ചുകൊണ്ടിരിക്കുന്നു. തൽഫലമായി ജീവനെപ്പറ്റിയുള്ള പല സംശയങ്ങൾക്കും സമാധാനം ലഭിച്ചിട്ടുണ്ടു്. ഈ ശാസ്ത്രശാഖകളുടെ കുസുമസ്ഥാനത്തു് അവതരിച്ചിരിക്കുന്ന ഒന്നാണു് മനഃശാസ്ത്രം. അതു് ഇനിയും പ്രഥമപരീക്ഷണദശയെ അതിക്രമിച്ചിട്ടില്ല. എങ്കിലും ജീവലോകത്തിലെ മനോവ്യാപാരങ്ങളെ സംബന്ധിച്ചു ചിന്തനീയങ്ങളായ പല സിദ്ധാന്തങ്ങളും മനഃശാസ്ത്രം വെളിപ്പെടുത്തിക്കഴിഞ്ഞിരിക്കുന്നു. ഇങ്ങനെ ശാസ്ത്രീയമായ പരീക്ഷണനിരീക്ഷണങ്ങൾമൂലം ജീവനെപ്പറ്റിയുള്ള ബോധം എവിടംവരെ എത്തിയിരിക്കുന്നു എന്നു നോക്കുന്നതു കൗതുകാവഹമായിരിക്കും.
ജീവനുള്ളതു ജീവി എന്നു നാം സാധാരണയായി പറയുന്നുണ്ടു്. സജീവവസ്തുക്കളെ നിർജീവവസ്തുക്കളിൽനിന്നു വേർതിരിച്ചറിവാനും ആർക്കുംപ്രയാസം തോന്നാറില്ല. എന്നാൽ ജീവൻ എന്താണെന്നും എങ്ങനെ ഉണ്ടായെന്നും ശാസ്ത്രജ്ഞന്മാർക്കും അറിഞ്ഞുകൂടാ. അതുകൊണ്ടു് ഈ വിഷയത്തിൽ ശാസ്ത്രാവാലംബനം നിഷ്പ്രയോജനമാണെന്നു വാദിക്കുമോ? ഒരിക്കലും പാടില്ല. എന്തെന്നാൽ കേവലസ്വരൂപം അജ്ഞാതമെങ്കിലും ജീവിയെപ്പറ്റി ശാസ്ത്രം വിശദമായി പഠിപ്പിക്കുന്നുണ്ടു്. തദ്വാരാ മേൽക്കാണിച്ച പ്രശ്നങ്ങൾക്കു മതകർത്താക്കളും തത്ത്വജ്ഞാനികളും നൽകിവന്നിരുന്ന ഉച്ചാവചങ്ങളായ ഉത്തരങ്ങളിൽ പലതും തെറ്റാണെന്നു തെളിയുകയും ചെയ്തിരിക്കുന്നു. ഇങ്ങനെ തത്സംബന്ധിയായ അന്ധതയും മിഥ്യാബോധവും നീക്കുന്നതിനു ജീവശാസ്ത്രം അത്യന്തം പ്രയോജനപ്പെടുന്നു. എന്നു മാത്രമല്ല, ഏകദ്വിഷയകമായി അന്വേഷണം തുടർന്നുകൊണ്ടിരിക്കുന്നതിനു് ഉപകരിക്കത്തക്കവിധം നൂതന ജ്ഞാനശകലങ്ങൾ ശാസ്ത്രകാരന്മാർക്കു് ഇപ്പോഴും ലഭിച്ചുകൊണ്ടിരിക്കുകയാണു്.
ഈ ഭൂഗോളത്തിൽ യാതൊരു ജീവിയും ഇല്ലാതിരുന്ന ഒരു കാലമുണ്ടായിരുന്നു എന്നു ശാസ്ത്രം തെളിയിച്ചിട്ടുണ്ടു്. ജീവസ്ഫുരണം ആദ്യമായി ഉണ്ടായതു് ജലത്തിലാകുന്നു. അന്നു മുതൽ ഇന്നുവരെയുള്ള ജീവന്റെ വികാസവും വിപരിണാമവും ശാസ്ത്രകാരന്മാർ വിശദീകരിച്ചു വിവരിച്ചിട്ടുണ്ടു്. അദ്യാവധി ഭൂജാതം ചെയ്തിട്ടുള്ള ജീവരാശികളെ അവയുടെ സ്വരൂപസ്വഭാവഭേദം അനുസരിച്ചും സജാതീയവിജാതീയഭാവം അടിസ്ഥാനമാക്കിയും അവർ തരംതിരിച്ചു് ഓരോ വകുപ്പിൽപ്പെടുത്തി കാണിക്കുന്നു. എത്രയോ ലക്ഷം കൊല്ലങ്ങൾക്കു മുമ്പു ജീവിച്ചിരുന്നതും കാലാന്തരത്തിൽ നിശേഷം നശിച്ചുപോയതും ആയ അനേകം ജീവികളെ അവയുടെ മൃതാവശിഷ്ടങ്ങൾ (Fossils) പരിശോധിച്ചു് അവർ കണ്ടുപിടിച്ചിട്ടുണ്ടു്. ഇവയുടെ കാലഘട്ടം നിർണയിക്കുവാനും പ്രയാസമില്ല. ജീവലോകത്തിന്റെ മാത്രമല്ല ഭൂഗോളത്തിന്റെതന്നെ വയസ്സു കണക്കാക്കുന്നതിനുള്ള വഴികൾ ശാസ്ത്രം തുറന്നിരിക്കുന്നു. അനേക ലക്ഷം കൊല്ലങ്ങൾക്കൊണ്ടു പാറകൾ ‘അടലടലായി’ ചേർന്നുണ്ടായതാണു് ഈ ഭൂതലം. ഓരോ കാലഘട്ടത്തിലും ഇങ്ങനെ പാറകൾ രൂപപ്പെടുമ്പോൾ അതതു കാലത്തു് ഉണ്ടായിരുന്ന ജീവികളുടെ മൃതാവശിഷ്ടങ്ങൾ അവയുടെ അടിയിൽപ്പെട്ടു സൂക്ഷിക്കപ്പെടുന്നു. പ്രകൃതിതന്നെ ശേഖരിക്കുന്ന തെളിവുകളാണിവ. പലതരത്തിലും കേടുപറ്റിപ്പോയതും യാതൊരു കേടും പറ്റാത്തതുമായ ബഹുവിധ മൃതാവശിഷ്ടങ്ങൾ ഭൂഗർഭത്തിൽനിന്നും കുഴിച്ചെടുത്തിട്ടുണ്ടു്. ഒരു ജഡശരീരം അനേകായിരം കൊല്ലങ്ങളായി യാതൊരു കേടുപറ്റാതെ അതേ രൂപത്തിൽ അസ്ഥിമാംസാദികളോടുകൂടി സ്ഥിതിചെയ്തിരുന്നു എന്നറിയുമ്പോൾ നാം അത്ഭുതപ്പെട്ടേക്കാം. എന്നാൽ അതൊരു വാസ്തവം മാത്രമാണു്. മൃതശരീരങ്ങൾ അഴുകിപ്പോകുന്നതു് അണുപ്രാണികളുടെ (Bacteria) പ്രവർത്തനം മൂലമാകുന്നു. അവയ്ക്കു പ്രവേശനം ലഭിക്കാത്ത ചില ശിലാന്തർഭാഗങ്ങളിൽ മൂടിക്കിടക്കുന്ന മൃതാവശിഷ്ടങ്ങൾ പരസഹസ്രം വർഷങ്ങൾ കഴിഞ്ഞിട്ടും അതേമാതിരിതന്നെ ഇപ്പോൾ സുരക്ഷിതമായി കാണപ്പെടുന്നുണ്ടു്. ഇങ്ങനെ മൃതാവശിഷ്ടങ്ങളും അവയുടെ പേടകങ്ങളായ ശിലാപടങ്ങളും ആണു് ഭൗമദശയെ (Geological Age) കുറിക്കുന്നതിനുള്ള പ്രധാന തെളിവുകൾ. ഇവയെക്കൊണ്ടു ശാസ്ത്രകാരന്മാർ അനിഷേദ്ധ്യമായ രീതിയിൽ ജീവിവികാസത്തിന്റെ കാലഘട്ടങ്ങൾ തിട്ടപ്പെടുത്തിയിട്ടുണ്ടു്. പ്രകൃതവിഷയത്തെ സംബന്ധിച്ച ബോധം ഇപ്രകാരം ശാസ്ത്രപ്രകാശത്തിൽ തെളിയുന്നതിനു മുമ്പു് മനുഷ്യവർഗം എത്രയെത്ര അന്ധവിശ്വാസങ്ങൾക്കും തെറ്റിദ്ധാരണകൾക്കും അടിമപ്പെട്ടിരുന്നു! മൂന്നുറു് വർഷങ്ങൾക്കു മുമ്പു് ആർച് ബിഷപ്പ് ഉഷ്ഷർ (Arch Biship Ussher) ബി. സി. 40004-ൽ ആണു് ലോകസൃഷ്ടി നടന്നതെന്നു സ്ഥാപിക്കുകയുണ്ടായി. ആണ്ടു് മാത്രമല്ല, മാസവും തീയതിയും കൂടി അദ്ദേഹം കണക്കുകൂട്ടി പറഞ്ഞുവത്രെ. ശാസ്ത്രജ്ഞന്റെ കാലഗണനയിലോ? ജീവജാലങ്ങൾ ഉണ്ടായിട്ടു് ഇപ്പോൾ കൊല്ലങ്ങൾ ലക്ഷക്കണക്കിനു കടന്നുപോയിരിക്കുന്നു.
ജീവസ്വരൂപങ്ങളിൽനിന്നും ജീവനെ വേർതിരിച്ചെടുക്കുവാൻ നോക്കുന്നതു് ഒരു വൃഥാശ്രമമാകുന്നു. നമ്മുടെ ഏതുതരം ജ്ഞാനവും എപ്പോഴും ആപേക്ഷികമാണു്. അതുകൊണ്ടു് ഏതൊന്നിനെപ്പറ്റി എത്രത്തോളം അറിഞ്ഞാലും പിന്നെയും ആ അറിവു് സാകാംക്ഷമായിട്ടേ ഇരിക്കു. ഇങ്ങനെ അറിയുന്തോറും അറിയാനുള്ളതു ശേഷിക്കുന്ന നിലയിലാണു് ജീവന്റെയും സ്ഥിതി മധുരവസ്തൂവിൽനിന്നു മാധുര്യം വേർതിരിച്ചു കാണിപ്പാൻ സാദ്ധ്യമല്ലല്ലോ. അതുപോലെ ഏതെങ്കിലും വിധത്തിലുള്ള ഒരു രൂപത്തിൽനിന്നു ജീവനെ പൃഥക്കരിച്ചു കാണിപ്പാൻ കഴികയില്ല. ഈ അസാദ്ധ്യതയെ വലുതാക്കിക്കാണിച്ചു ശാസ്ത്രത്തിന്റെ അപൂർണതയെപ്പറ്റി അധിക്ഷേപിക്കുന്നവർ സ്വപക്ഷദുർബലത മനസ്സിലാക്കാത്ത ഭ്രമിതമതികളാകുന്നു. ജീവനെപ്പറ്റി പഠിക്കുന്നതിനു് ഒന്നാമതായി മനസ്സിലാക്കേണ്ടതു് ജീവനുള്ള വസ്തുക്കളിൽ കാണുന്ന സാമാന്യസ്വഭാവമാണു്. ഒരു ജീവിയുടെ പ്രാഥമിക വ്യാപാരങ്ങൾ നോക്കുക! ആഹാരം, ചലനം അതായതു് ഏതെങ്കിലും സാധനം ആഹാരമാക്കി രൂപാന്തരപ്പെടുത്തുക, നൈസർഗികമായി ചരിക്കുക—എന്ന രണ്ടു ജീവസ്വഭാവങ്ങൾ പ്രഥമദർശനത്തിൽ പ്രത്യക്ഷപ്പെടുന്നു. ഇവ കൂടാതെ ഒരു സഹജപ്രേരണയാൽ സ്വവർഗോല്പദനത്തിനായി വ്യാപരിക്കുക എന്നൊരു ധർമവും ദൃശ്യമാകുന്നുണ്ടു്. ഈ മൂന്നും ജീവാജീവഭേദത്തെ കുറിക്കുന്ന പ്രധാന ലക്ഷണങ്ങളത്രെ. ജീവന്റെ ആദിമോല്പത്തി എങ്ങനെയായിരുന്നാലും തദനന്തരം തുടർച്ചയായ ഒരു പരിണാമപ്രവാഹമാണു് അതിനു് ഉണ്ടായിട്ടുള്ളതെന്നു നിസ്സംശയം പറയാം. ജീവനിൽനിന്നല്ലാതെ ജീവൻ ഉണ്ടാകുന്നതല്ലെന്നുള്ള ഒരു സാമാന്യതത്ത്വം അതിന്റെ ഇതുവരെ കണ്ട അഭിവ്യക്തിയെ (Manifestation) അടിസ്ഥാനപ്പെടുത്തി സ്ഥാപിതമായിട്ടുണ്ടു്. അതായതു് ജീവൻ എപ്പോഴും പൂർവസ്ഥിതമായ ജീവനിൽനിന്നു തുടരുന്നു എന്നതു് ഒരു സാർവ്വത്രികനിയമമാണു്. മനുഷ്യന്റെ അറിവിൽ പെട്ടിടത്തോളം ഈ പ്രകൃതിനിയമം ഇതുവരെ ലംഘിതമായി കണ്ടിട്ടില്ല. പക്ഷേ, ആദികാരണമായ ജീവൻ എവിടന്നുണ്ടായി എന്ന ചോദ്യം പിന്നെയും മുന്നിട്ടു നിൽക്കുന്നു. ഏതായാലും ഇതിനെ സംബന്ധിച്ചു് സ്ഥാപിതമായിട്ടുള്ള പല സിദ്ധാന്തങ്ങളും ശാസ്ത്രീയവിചാരത്തിൽ ദുർബലങ്ങളായിപ്പോയിട്ടുണ്ടെന്നു കാണാം. പ്രഥമോല്പത്തിഘട്ടത്തിൽ ഒരു ദിവ്യശക്തിയാൽ ജീവന്റെ യാദൃച്ഛികോപാദനം (Spontaneous generation) സംഭവിച്ചിരിക്കാമെന്നു ചില പണ്ഡിതന്മാർ വാദിച്ചിരുന്നു. ഈ വാദം ജീവൻ എന്നതു് ഒരു വ്യതിരിക്തശക്തിവിശേഷമാണെന്നുള്ള പ്രാചീനമതത്തിനും പ്രാബല്യം നൽകി. പ്രസ്തുതവാദം ചില വിശ്വാസങ്ങളിലാണു് അടിയുറച്ചിരുന്നതു്. ജീവികളിൽ കാണപ്പെടുന്ന സങ്കീർണ്ണങ്ങളായ ഇംഗാലയോഗങ്ങൾ (Complicated carbon compounds) ഏതോ ചൈതന്യപ്രസരത്താൽ ജീവനുള്ളവയിൽ മാത്രമുണ്ടാകുന്നവയാണെന്നും അവയെ കൃത്രിമമായി നിർമിക്കുവാൻ സാധ്യമല്ലെന്നും ഈ പണ്ഡിതന്മാർ വിശ്വസിച്ചിരുന്നു. എന്നാൽ രസതന്ത്രശാസ്ത്രജ്ഞനായ വോളർ (Wohler) 1828-ൽ മൂത്രം കൃത്രിമമായി ഉണ്ടാക്കിയതോടുകൂടി ഈ വിശ്വാസത്തിനു നിലയില്ലാതായി. ജീവികളുടെ വിസർജനവസ്തുക്കളിൽ പലതും പ്രയോഗശാലകളിൽ കൃത്രിമമായി സൃഷ്ടിക്കപ്പെട്ടു. നിർജീവവസ്തുക്കളിലുള്ള തന്മാത്രകൾ (Elements) കൊണ്ടുതന്നെയാണു ജീവനുള്ള ദേഹവും നിർമിക്കപ്പെട്ടിരിക്കുന്നതു്. ഈ തന്മാത്രകളുടെ അണുക്കൾ പരസ്പരസംയോഗമൂലം സങ്കീർണ്ണകണങ്ങളായി (Complicated molecules) പരിണമിക്കുന്നു. ജീവികളുടെ വ്യാവർത്തകധർമ്മങ്ങളിൽ (Distinctive properties) പലതും ഈ കണഘടനയുടെ സങ്കീർണ്ണതയെ (Complexity) ആണു് ആശ്രയിച്ചിരിക്കുന്നതു്. ഇങ്ങനെയുള്ള പല ധർമ്മങ്ങളും കൃത്രിമരീതിയിൽ അനുകരിക്കുവാൻ സാധിക്കുമെന്നിപ്പോൾ തെളിഞ്ഞിരിക്കുന്നു. ഈ നിലയിൽ നോക്കുമ്പോൾ ജീവാജീവഭേദം നാം വിചാരിക്കുന്നതുപോലെ എളുപ്പത്തിൽ കണ്ടുപിടിക്കാവുന്ന ഒന്നല്ലെന്നു മനസ്സിലാകും. ജന്തുലോകം (Animal kingdom), സസ്യലോകം (Vegitable kingdom) എന്ന വിഭജനം ശാസ്ത്രജ്ഞന്മാർ ചെയ്തിട്ടുണ്ടെങ്കിലും ജന്തുവോ സസ്യമോ എന്നു തീർത്തു പറവാൻ സാധിക്കാത്ത ഒരുതരം ‘ജീവി’കളും അവരുടെ പട്ടികയിൽ പെട്ടിട്ടുണ്ടു്.
അതീവ വിപുലമായ ഈ പ്രപഞ്ചത്തിൽ ജീവനു് അധിവാസയോഗ്യാമായ സ്ഥലം എത്രയുണ്ടെന്നു് അറിയുമ്പോഴാണു് നമുക്കു് അത്ഭുതം തോന്നുന്നതു്. ജീവപരിപാലനത്തിനു് പ്രത്യേകമായ ശീതോഷ്ണസ്ഥിതികൾ ആവശ്യമാണല്ലോ അവ എല്ലായിടത്തും ഇണങ്ങിച്ചേർന്നു കാണുന്നില്ല. ഏഴു മൈൽ മേലോട്ടു വായുമണ്ഡലത്താലും ഏഴു മൈൽ താഴോട്ടു സമുദ്രോദരത്താലും വലയം ചെയ്യപ്പെട്ടിരിക്കുന്ന സ്ഥലത്തു് മാത്രമേ ജീവികൾ വസിക്കുന്നുള്ളു. പ്രപഞ്ചവൈപുല്യത്തെ അപേക്ഷിച്ചു നോക്കുമ്പോൾ ഈ സ്ഥലവലയം എത്രയെത്ര പരിമിതം! അതിനുള്ളിൽ കാണപ്പെടുന്ന ജീവികളോ സംഖ്യാതീതങ്ങൾ. വൈചിത്രവാഹികളായ ഈ ജീവികോടികൾക്കെല്ലാം ഒരു മകുടാലങ്കാരമായി മനുഷ്യൻ ശോഭിക്കുന്നു. പരമാണു മുതൽ പർവ്വതംവരെയുള്ള ഗുരു-ലഘുവ്യത്യാസവും വൈവിധ്യവും ജീവരൂപങ്ങളിലും കാണപ്പെടുന്നുണ്ടു്. എങ്കിലും ഈ രൂപവൈവിധ്യത്തിനടിയിൽ ഒരു ഏകത്വവും നിഗൂഢമായിരിക്കുന്നു. എന്തെന്നാൽ ഇവയിൽക്കൂടി സർവത്ര ദൃശ്യമാകുന്നതു് ജീവന്റെ അഭിവ്യക്തിതന്നെയാണു്. അതു ഭിന്നരീതിയിൽ ഭിന്നരൂപങ്ങളിലായി പ്രത്യക്ഷപ്പെടുന്നു എന്നേയുള്ളു. നാനാത്വത്തിൽ ഏകത്വം (Unity in Diversity) എന്ന പ്രപഞ്ചതത്ത്വം ജീവലോകത്തെ സംബന്ധിച്ചും ശരിയായിരിക്കുന്നു. പ്രകൃതിവിജ്ഞാനീയമതപ്രകാരം പദാർത്ഥം (Matter) എന്നതു് ഒരുതരം വൈദ്യുത പരമാണുക്കളുടെ സംഘടനകൊണ്ടു് ഉണ്ടാകുന്നതാണെന്നു തെളിഞ്ഞിട്ടുണ്ടല്ലോ. അതുപോലെതന്നെ ഓരോ ജീവിയും ജീവബിന്ദുക്കളുള്ള അണുപടങ്ങളുടെ (Cells) ഒരു സംഘടിതരൂപമാകുന്നു. ജീവാണുസംഘടനയുടെ ലഘുസങ്കീർണ്ണഭേദം തന്നെയാണു ജീവകോടികളിൽ കാണപ്പെടുന്ന വൈവിധ്യവൈചിത്ര്യങ്ങൾക്കു പ്രധാന കാരണം. സംഘടന എത്രയോ വിധത്തിലാകാം ഏറ്റവും ലഘുവായ (Simple) നില തുടങ്ങി ഏറ്റവും സങ്കീർണമായ (Complex) നിലവരെ അതു് എത്തിയിരിക്കുന്നു. ആദ്യത്തെ നിലയിലുള്ള ലഘുജീവിക്കാണു് ‘അമീബ’ (Amoeba) എന്നു പേരു പറയപ്പെടുന്നതു്. അമീബയേക്കാൾ ചെറിയ ജീവികളുണ്ടെങ്കിലും ഇതിനെ ജീവരൂപസോപനത്തിന്റെ പ്രഥമപടിയായി ഗണിച്ചിരിക്കുന്നു. ഇവിടെനിന്നു് അനേക പടികൾ കടന്നു പരമോന്നതസ്ഥാനത്തു നോക്കുമ്പോൾ കാണുന്ന ഉൽകൃഷ്ടരൂപമാണു മനുഷ്യൻ. ചുരുക്കത്തിൽ ജീവതന്തുവിന്റെ ഒരറ്റത്തു് അമീബയും മറ്റേ അറ്റത്തു മനുഷ്യനും നിലകൊള്ളുന്നു.
അമീബയെന്ന വിചിത്രജീവിയെപ്പറ്റി കുറെക്കൂടി മനസ്സിലാക്കുന്നതു് രസപ്രദമായിരിക്കും. ഒരു ഒറ്റജീവാണുവിനെക്കൊണ്ടാണു് ഇതിന്റെ ശരീരം നിർമിച്ചിരിക്കുന്നതു്. ഇതുപോലെ ഏകാണുരൂപങ്ങളായ (Unicellular) ജീവികൾ വളരെയുണ്ടു്. ഇവയിൽനിന്നും അതിമഹത്തായ ഒരു ജീവിപരമ്പര കാലരംഗത്തിന്റെ തള്ളലിൽക്കൂടി ഒന്നു മറ്റൊന്നായി പരിണമിച്ചു് ആവിർഭവിച്ചതോർത്താൽ ജീവന്റെ ലീലാവിലാസം വാചാമഗോചരമെന്നു പറയേണ്ടിവരും. എന്നാൽ ഈ മഹാപ്രസ്ഥാനത്തിന്റെ ആരംഭം എത്ര ലഘു! നാഡി, ഹൃദയം, തലച്ചോറു്, അസ്ഥി ഇവയൊന്നും ഇല്ലാത്ത ഒരു ജീവിയാണു് അമീബ. എങ്കിലും ഇതു ചലിക്കുകയും ആഹാരം കഴിക്കുകയും ചെയ്യുന്നു. അനുപപ്രദേശങ്ങളിൽ പായൽപോലെ കാണപ്പെടുന്ന ഒരു ജീവിയാണിതു്. ശരീരത്തിലെ ഏതു ഭാഗം കൊണ്ടു് ആഹാരം കഴിക്കുവാനും ഏതു ഭാഗം കൊണ്ടു വിസർജിക്കുവാനും ഇതിനു കഴിയും. അതിസൂക്ഷ്മങ്ങളായ ഭക്ഷ്യകണങ്ങളുടെ മേലെക്കൂടി ഒലിക്കുന്ന മട്ടിൽ ചലിച്ചു് അവയുടെ പോഷകാംശം അതു് ഉള്ളിലാക്കുന്നു. ഒരിഞ്ചിന്റെ ശതാംശം മാത്രമേ ‘അമീബ’യ്ക്കു വലിപ്പമുള്ളു ഇതിനെക്കാൾ സൂക്ഷ്മങ്ങളായ ജീവികളുണ്ടെന്നു മുമ്പു പറഞ്ഞുവല്ലോ. അത്തരം അണുപ്രാണികളെക്കൂടി ഈ വർഗത്തിൽ പെടുത്താവുന്നതാണു്. ഇവയുടെ ഉല്പാദന സമ്പ്രദായം ബഹുവിചിത്രമത്രെ! സാധാരണ ആൺപെൺ വർഗം ഇണചേർന്നാണല്ലോ സന്തത്യുല്പാദനം നടക്കുന്നതു്. ഈ പ്രകൃതിനിയമം ഇവയെ ബാധിക്കുന്നില്ല. ലിംഗഭേദം തന്നെ ആ അണുജീവികളിൽ അപ്രത്യക്ഷമായിരിക്കുന്നു. ഒരു നിശ്ചിതകാലം ജീവിച്ചതിനുശേഷം ഓരോ അണുപ്രാണിയും മധ്യം ശോഷിച്ചു മുറിഞ്ഞു രണ്ടായിത്തീർന്നു ബാല്യനിലയിലുള്ള രണ്ടു് ജീവികളായി വീണ്ടും ജീവിക്കാൻ തുടങ്ങുകയാണു പതിവു്. ഈ ശകലങ്ങൾക്കു പ്രായപൂർത്തിയാകുമ്പോൾ ഓരോന്നും സ്വയം ദ്വൈധീഭവിച്ചു പിന്നെയും പെരുക്കുന്നു. ഇവയുടെ ആയുഷ്കാലം പല തരത്തിലാണു്. ജീവിതകാലം ഒരു മണിക്കൂർ മാത്രമായിട്ടുള്ളവയുണ്ടു്. ദിവസങ്ങളും മാസങ്ങളും നീണ്ടുനിൽക്കുന്ന ദീർഘായുസ്സും ചിലതിൽ കാണാം. ഒരു മണിക്കൂർമാത്രം ജീവിതമുള്ളതിനെ മേൽക്കാണിച്ചപ്രകാരം ഒന്നു്, രണ്ടു്, നാലു്, എട്ടു് എന്ന മട്ടിൽ മധ്യം മുറിഞ്ഞു നിർബാധം പെരുകുവാൻ അനുവദിക്കുകയാണെങ്കിൽ 36 മണിക്കൂർക്കൊണ്ടു് ഒരെണ്ണം 6850 കോടിയായി വർദ്ധിക്കുമെന്നു കണക്കാക്കപ്പെട്ടിരിക്കുന്നു. അതായതു് ഒന്നര ദിവസംകൊണ്ടു ഭൂമിയിലെ ജനസംഖ്യയുടെ മുപ്പതു് ഇരട്ടി ജീവികൾ ഉണ്ടായിപ്പോകുന്നു. പ്രകൃതി സംഹാരകൃത്യംകൊണ്ടു് ഇതു തടയുന്നില്ലെങ്കിലുണ്ടാകുന്ന സ്ഥിതി നോക്കുക! ഈ അണുപ്രാണികളുടെ ആകാര സൗക്ഷ്മവു ഇതുപോലെ അത്ഭുതാവഹമാകുന്നു. ഒരു ഇഞ്ചിന്റെ ലക്ഷത്തിലൊരംശംവരെ സൂക്ഷ്മങ്ങളായ വസ്തുക്കൾ ദർശിക്കുവാൻ ശക്തിയുള്ള ഭൂതക്കണ്ണാടിയുണ്ടു് (Microscope). ഇത്രയും ശക്തിയുള്ള കണ്ണാടിക്കുകൂടി കാണാൻ കഴിയാത്ത സൂക്ഷ്മശരീരികളുണ്ടെന്നു പറഞ്ഞാൽ ആരാണു് അമ്പരന്നുപോകാത്തതു്?
ഇനി അടുത്ത പടിയായ കീടലോകത്തിലെ കഥ നോക്കാം. വിചിത്രതയുടെ ഒരു രംഗമാണതും സാധാരണ ജീവസ്വഭാവങ്ങളിൽനിന്നു ഭേദിച്ചു് പലതും അവിടെ കാണാം. ആണുംപെണ്ണും ഒന്നായിട്ടുള്ള ജീവികൾ ഇക്കൂട്ടത്തിലുണ്ടു്. ലിംഗപരമായ ദ്വൈധീഭാവം ഓരോന്നിലും ഉള്ളതുകൊണ്ടു് ഇവ ഇണചേരുമ്പോൾ സ്ത്രീത്വവും പുരുഷത്വവും മാറിമാറി സ്വീകരിക്കുന്നു. നമ്മുടെ നെൽപ്പാടങ്ങളിലും മറ്റും കാണുന്ന ഞാഞൂൽ (Earth worm) ഇക്കൂട്ടത്തിൽ പെട്ടതാണു്. ഈ ക്ഷുദ്രജീവിയെക്കൊണ്ടു മനുഷ്യവർഗ്ഗത്തിനുണ്ടായിട്ടുള്ള പ്രയോജനം അപരിമിതമാകുന്നു. കട്ടിപിടിച്ചു പാറയായിക്കിടന്നിരുന്ന ഭൂതലത്തിൽ കൃഷിക്കുപയുക്തമായ മണ്ണു സൃഷ്ടിച്ചുവിട്ട ബ്രഹ്മാവു് ഈ ചെറുജീവിയാണു്. ജീവിതകാലത്തിൽ കുറെനാൾ ആണായിട്ടും പിന്നീടു പെണ്ണായിട്ടും മാറിക്കൊണ്ടിരിക്കുന്ന ജീവികളും ഇക്കൂട്ടത്തിലുണ്ടു്.
ഇനി പരോജീവികളായ കൃമി(Parasites)കളുടെ കഥ എന്താണു്? അവയുടെ ചരിത്രം ഭയാനകമത്രെ എത്ര ലക്ഷം കൃമികൾ മനുഷ്യരുടെയും മൃഗങ്ങളുടെയും കുടലുകളിൽ പറ്റിക്കൂടി ജീവിക്കുന്നു. ദിവസമൊന്നിനു് 2 ലക്ഷം മുട്ടയിടുന്ന കൃമികളുണ്ടു്. രോഗബീജങ്ങൾ വളർത്തുന്ന വിഷാണുകൃമികൾ ഇക്കണക്കിനു പെരുകിയാൽ എത്ര ഭയങ്കരമായിരിക്കും. രോഗബാധിതമായ ഒരു ഔൺസ് പോർക്കിൻ കഷണത്തിൽ 85,000 അണുകൃമികൾ കാണുമെന്നു പറയപ്പെടുന്നു. സൂക്ഷ്മരൂപങ്ങളിൽക്കൂടിയുള്ള ജീവന്റെ ഗതിവൈചിത്ര്യം കാണിപ്പാനാണു് ഇത്രയും ഇവിടെ പ്രസ്താവിച്ചതു്.
ജീവലോകത്തിലെ മേൽ കാണിച്ച അധസ്തലങ്ങളിൽനിന്നും മേലോട്ടു മർത്ത്യപദംവരെ കിടക്കുന്ന നിരവധി സ്ഥൂലരൂപങ്ങളായ ജീവികളെപ്പറ്റി ഇവിടെ വിവരിക്കേണ്ട ആവശ്യമില്ല. ഇവയെല്ലാം പരിണാമസിദ്ധാന്തപ്രകാരം തരംതിരിച്ചു നോക്കുമ്പോൾ ശരീരരചന, ആഹാരസമ്പ്രദായം, ഇന്ദ്രിയശക്തി, ബുദ്ധിശക്തി ഇത്യാദൃംശങ്ങളിൽ ഒരു ക്രമാനുഗതമായ വ്യത്യാസം സ്പഷ്ടമാകുന്നതാണു്. ഈ വ്യത്യാസം തന്നെയാണു് മനുഷ്യനെ ഇതരജീവികളിൽനിന്നും ഉയർത്തി നിർത്തിയിരിക്കുന്നതു്. എന്നിരുന്നാലും മറ്റു് അനേകം ജീവികളെപ്പോലെ മനുഷ്യനും നിരവധി ജീവാണുക്കളുടെ ഒരു സംഘടിത രൂപം തന്നെയത്രേ. ശാസ്ത്രദൃഷ്ട്യാ മനുഷ്യൻ ഒരു വ്യക്തിയാണെന്നു പറഞ്ഞുകൂടാ. അവൻ ജീവത്തുക്കളായ അസംഖ്യം അണുക്കളുടെ ഒരു സമുദായമാകുന്നു. സമുദായാംഗങ്ങൾക്കു സ്വാതന്ത്ര്യം കുറെ കുറയുമെന്നൊരു വ്യത്യാസം മാത്രമേ ഉള്ളു. വ്യക്തിസ്വാതന്ത്ര്യം സമുദായത്തിന്റെ നിലനിൽപ്പിനായി ബലികഴിപ്പിച്ചിരിക്കുന്ന ഒരു ചിത്രമാണു് മനുഷ്യശരീരത്തിൽ കാണുന്നതു്, മുമ്പു പറഞ്ഞ ലഘുജീവികളിൽ ജീവാണുവിനു കുറെക്കൂടി സ്വതന്ത്രമായ ഒരു നിലയുണ്ടു്. നമ്മുടെ ഒരു തുള്ളി രക്തത്തിൽ അമേരിക്കൻ ഐക്യനാടുകളിലെ ജനസംഖ്യയോളം ജീവാണുക്കൾ ഉണ്ടെന്നു കണക്കാക്കിയിരുന്നു. അപ്പോൾ ഓരോ വ്യക്തിയും എത്ര വമ്പിച്ച ഓരോ ജീവാണുസമുദായം (Community of cells) ആണെന്നു് ആലോചിച്ചു് നോക്കുക! മനുഷ്യശരീരത്തിലെ അവയവങ്ങളെ അതിൽനിന്നും വേർപെടുത്തി പ്രത്യേകമായി ജീവൻ പോകാതെ സൂക്ഷിക്കുവാൻ സാധിക്കുമോ എന്നു് ശാസ്ത്രജ്ഞന്മാർ പരീക്ഷിച്ചു് തുടങ്ങിയിട്ടുണ്ടു്. നേത്രപുടം (Cornea) അതിന്റെ സജീവാവസ്ഥയിൽ പ്രത്യേകമെടുത്തു സൂക്ഷിച്ചു് ഒരുവന്റെ പൊട്ടക്കണ്ണിൽ ഘടിപ്പിച്ചപ്പോൾ അവനു കാഴ്ചയുണ്ടായതായി വെളിപ്പെട്ടിരിക്കുന്നു. കോഴിയുടെ ഹൃദയം ഇങ്ങനെ ജീവസ്പന്ദനത്തോടു കൂടി ഏതാനും കൊല്ലം സൂക്ഷിക്കപ്പെട്ടതായി പറയുന്നുണ്ടു്. ജീവസ്ഫുരണം നിന്നുപോകാത്ത വിധത്തിൽ പുരുഷബീജം കുഴലുകളിൽ സൂക്ഷിക്കുകയും അതുകൊണ്ടു കൃത്രിമമായി സ്ത്രീകളിൽ ഗർഭോല്പാദനം നിർവഹിക്കുകയും ചെയ്തിട്ടുള്ള വിവരം ഇപ്പോൾ പ്രസിദ്ധമായിരിക്കുന്നു. ഇങ്ങനെ ഉണ്ടാകുന്ന സന്താനങ്ങൾക്കു കുഴല്ക്കുട്ടികൾ (Test tube babies) എന്ന പേരും നടപ്പായിട്ടുണ്ടു്. ഏതാദൃശപരീക്ഷണങ്ങൾ കൂടുതൽ ഫലപ്പെടുവരികയാണെങ്കിൽ ജീവനെപ്പറ്റിയും മരണത്തെപ്പറ്റിയും നിലവിലിരിക്കുന്ന പല വിശ്വാസങ്ങളും പാടെ ഇളകിമറിഞ്ഞു് ഒരു നവീനബോധം ഉദയം ചെയ്യുമെന്നു വിചാരിക്കാവുന്നതാണു്.
ഏതായാലും ജീവനെപ്പറ്റി അറിയാവുന്നിടത്തോളം ശരിയായി അറിയുകയും അജ്ഞാതാംശത്തെപറ്റി അബദ്ധവിശ്വാസങ്ങൾ കെട്ടിപ്പൊന്തിക്കാതെ അറിഞ്ഞുകൂടാ എന്നൊരു മനോഭാവംകൈകൊള്ളുകയും ആണു് നാം ചെയ്യേണ്ടതു്. താദൃശമായ ഒരു മനോഭാവം ഇന്നത്തെ സ്ഥിതിക്കു് അത്യന്താപേക്ഷിതമാകുന്നു ഇതിലേക്കു പ്രഥമകരണീയമായിട്ടുള്ളതു ജീവശാസ്ത്രപഠനം തന്നെയാണു്.
നവദർശനം 1967.
ജനനം: 1-8-1900
പിതാവു്: ഊരുമനയ്ക്കൽ ശങ്കരൻ നമ്പൂതിരി
മാതാവു്: കുറുങ്ങാട്ടു് ദേവകി അമ്മ
വിദ്യാഭ്യാസം: വിദ്വാൻ പരീക്ഷ, എം. എ.
ആലുവാ അദ്വൈതാശ്രമം ഹൈസ്ക്കൂൾ അദ്ധ്യാപകൻ, ആലുവ യൂണിയൻ ക്രിസ്ത്യൻ കോളേജ് അദ്ധ്യാപകൻ, കേരള സാഹിത്യ അക്കാദമി പ്രസിഡന്റ് 1968–71, കേന്ദ്ര സാഹിത്യ അക്കാദമി അംഗം, ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടു് ഭരണസമിതിയംഗം, കേരള സർവ്വകലാശാലയുടെ സെനറ്റംഗം, ബോർഡ് ഓഫ് സ്റ്റഡീസ് അംഗം, പാഠ്യ പുസ്തക കമ്മിറ്റി കൺവീനർ (1958), ബാല സാഹിത്യ ശില്പശാല ഡയറക്ടർ (1958), ‘ദാസ് ക്യാപിറ്റൽ’ മലയാളപരിഭാഷയുടെ ചീഫ് എഡിറ്റർ, കേരള സാഹിത്യ സമിതി പ്രസിഡന്റ്.
സാഹിതീയം, വിചാരവിപ്ലവം, വിമർശ രശ്മി, നിരീക്ഷണം, ഗ്രന്ഥാവലോകനം, ചിന്താതരംഗം, മാനസോല്ലാസം, മനന മണ്ഡലം, സാഹിതീകൗതുകം, നവദർശനം, ദീപാവലി, സ്മരണമഞ്ജരി, കുറ്റിപ്പുഴയുടെ തിരഞ്ഞെടുത്ത ഉപന്യാസങ്ങൾ, വിമർശ ദീപ്തി, യുക്തിവിഹാരം, വിമർശനവും വീക്ഷണവും, കുറ്റിപ്പുഴയുടെ പ്രബന്ധങ്ങൾ—തത്വചിന്ത, കുറ്റിപ്പുഴയുടെ പ്രബന്ധങ്ങൾ—സാഹിത്യവിമർശം, കുറ്റിപ്പുഴയുടെ പ്രബന്ധങ്ങൾ— നിരീക്ഷണം.
ചരമം: 11-2-1971