മനുഷ്യനെ അവന്റെ മഹത്വത്തിൽനിന്നു് താഴോട്ടു് തള്ളുന്ന രണ്ടു് ദുശ്ശീലങ്ങളാണു് മുഖസ്തുതിയും കൈക്കൂലിയും. കൈക്കൂലി നിന്ദ്യവും നിഷിദ്ധവുമാണെന്നു് പരക്കെ പറയാറുണ്ടു്. എന്നാൽ, മുഖസ്തുതിക്കു് എന്തുകൊണ്ടോ അത്രത്തോളം താണനിലയില്ല. കൈക്കൂലി കൊടുക്കുന്നതും വാങ്ങുന്നതും ആക്ഷേപാർഹമെന്നു് മാത്രമല്ല, ഇപ്പോൾ കുറ്റകരംകൂടിയാണു്. മുഖസ്തുതി ചൊല്ലുന്നതും കേൾക്കുന്നതും അത്ര നല്ലതല്ലെങ്കിലും സഹ്യവും സാധാരണവുമായി കരുതപ്പെടുന്നു. അതിൽ വലിയ മാനക്കേടൊന്നും ആളുകൾ കാണുന്നില്ല. മുഖസ്തുതികേട്ടു് മയങ്ങുന്നതു് ഉത്തമന്റെ ലക്ഷണമല്ലെന്നാണു് ഒരു വയ്പു്. അതു് ശരിയുമാണു്. ക്ഷുദ്രമായ ഒരു ഹൃദയദൗർബല്യമാണല്ലോ അതു്. പക്ഷേ, ഈ സമ്മോഹനവിദ്യയിൽ മയങ്ങിപ്പോകാത്തവരാരെങ്കിലും ഉണ്ടോ? അസാമാന്യമായ ആത്മസംയമനം ഉണ്ടെങ്കിലേ അതിൽനിന്നു് മോചനം നേടാൻ കഴിയൂ. നിന്ദാസ്തുതികളിൽ സമചിത്തത പാലിക്കണമെന്നു് ഗീത ഉപദേശിക്കുന്നു. ഇതെത്ര പേർക്കു് സാദ്ധ്യമാകും? ബഹുധാ സംഭാവിതരും വിശിഷ്ടസ്വഭാവരും ആയിട്ടുള്ളവരിൽപ്പോലും ഈ ദൗർബല്യം പ്രത്യക്ഷപ്പെടുന്നുണ്ടു്. ഏതാണ്ടൊരമളിപിണയൽ തന്നെയാണിതു്. രാവണൻ, ദുര്യോധനൻ തുടങ്ങിയ പുരാണ കഥാപുരുഷന്മാരും സ്തുതിപാഠകരുടെ വലയിൽപ്പെട്ടു് വലഞ്ഞുപോയിട്ടുണ്ടു്. പഞ്ചതന്ത്രത്തിൽ മുഖസ്തുതികൊണ്ടു് കാക്കയെപ്പറ്റിച്ച കുറുക്കന്റെ കഥ പ്രസിദ്ധമാണല്ലോ. മനുഷ്യസ്വഭാവത്തിന്റെ പ്രതീകങ്ങളാണു് അതിലെ കുറുക്കനും കാക്കയും. കൈക്കൂലിയോളം ഗർഹ്യമല്ലാത്ത ഈ മുഖസ്തുതിയെ ഇനിയൊന്നു് വിശകലനം ചെയ്തുനോക്കൂ. തത്ത്വമാലോചിച്ചാൽ അതു് കൈക്കൂലിയുടെ ഒരു സൂക്ഷ്മരൂപമല്ലേ? വാഗ്രൂപേണയുള്ള കൈക്കൂലി എന്നേ വ്യത്യാസമുള്ളു. എ, ബിയെ സ്തുതിക്കുന്നു; എന്തിനു്? സ്വന്തം കാര്യം നേടാൻ. ബി അതുകേട്ടു് പ്രസാദിച്ചു് കാര്യം നേടിക്കൊടുക്കുന്നു. ഇതാണല്ലോ സാധാരണ രീതി. പത്തുരൂപാ കോഴ കൊടുത്തു് കാര്യം സാധിക്കുന്നതും ഇതും തമ്മിലെന്താണു് വ്യത്യാസം? ഒന്നു് സൂക്ഷ്മവും പരസ്യവുമായ മാർഗമാണെങ്കിൽ മറ്റതു് സ്ഥൂലവും രഹസ്യവുമായ മാർഗം. അത്രമാത്രമേ ഇവിടെ ഭേദമുള്ളു. മാർഗവും ലക്ഷ്യവും സാരാംശത്തിൽ രണ്ടിലും ഒന്നുതന്നെ.
ചിലർ താൽക്കാലികോദ്ദേശമൊന്നും കൂടാതെ പരഗുണോദ്ഘോഷം നടത്തിയേക്കാം. എന്നാൽ, അവർക്കും ഭാവിയിൽ ഒരു കണ്ണുണ്ടായിരിക്കും. എന്തെങ്കിലും കാര്യം കാണാതെ തികച്ചും പ്രതിഫലനിരപേക്ഷമായി മുഖസ്തുതിയിൽ ഏർപ്പെടുന്നവരുണ്ടോ എന്തോ? പണ്ടു് രാജാക്കന്മാർ വൈതാളികരെന്നൊരു കൂട്ടരെ ശമ്പളം കൊടുത്തു് പാർപ്പിച്ചിരുന്നു. അവരുടെ ജോലി പ്രതിദിനം രാജസ്തുതിഗീതം മുഴക്കലാണു്. ഭരണക്ലേശംകൊണ്ടു് രാജാവിന്റെ മനസ്സു് തളരുമ്പോൾ അതിനു് ഒരുന്മേഷം കൊടുക്കാൻവേണ്ടിയാണത്രെ ഇങ്ങനെയൊരു സ്തുതിഡിപ്പാർട്ടുമെന്റ് ഏർപ്പെടുത്തിയിരുന്നതു്. ഇന്നത്തെ ജനകീയഭരണകർത്താക്കൾക്കും സ്വേച്ഛാധിപതികൾക്കും ഉണ്ടു് സ്തുതിപാഠകന്മാർ. പക്ഷേ, അവർക്കു് ശമ്പളം കൊടുക്കേണ്ടതില്ല. ഈ തൊഴിൽ അവർ സ്വയം ഏറ്റെടുത്തിരിക്കയാണു്. ശമ്പളത്തെക്കാൾ വലിയ വരുമാനം എപ്പോഴെങ്കിലും അതിൽനിന്നുണ്ടാകുകയും ചെയ്യും.
എന്തുകൊണ്ടാണു് മനുഷ്യൻ മുഖസ്തുതിയിൽ മയങ്ങിപ്പോകുന്നതു്? എല്ലാവരിലും ഒരു ഞാൻ ഉണ്ടല്ലോ. ആ ഞാൻതന്നെയാണു് ഇതിനു് കാരണം. അതൊരു ദുർബലതന്തുവാണു്. അതിന്മേൽ പിടിച്ചൊന്നു് കിക്കിളിപ്പെടുത്തിയാൽ ഏതൊരു ധീരനും ഒട്ടൊക്കെ ഇളകിപ്പോകും. ഞാനെന്ന ഭാവം മൂത്തുവരുമ്പോഴാണു് അതു് ആത്മപ്രശംസയും അഹങ്കാരവുമായി പരിണമിക്കുന്നതു്. സ്വയം പ്രശംസിക്കുന്നതിനേക്കാൾ ശ്രവണമധുരമാകുമല്ലോ അന്യനിൽനിന്നു് കേൾക്കുന്ന സ്തുതി. ചിലർ വിനയംകൊണ്ടു് ഈ ഭാവം തലപൊക്കാതെ നോക്കും. എന്നാലും മുഖസ്തുതികേൾക്കുമ്പോൾ, കുഴലൂത്തു് കേൾക്കുന്ന പാമ്പിനെപ്പോലെ അതു് ഉള്ളിൽക്കിടന്നാടാതിരിക്കയില്ല. “ഞാനെന്നഭാവമതു് തോന്നായ്കവേണമിഹ” എന്നു് എഴുത്തച്ഛൻ പാടിയതു് വെറുതെയാണോ? മനുഷ്യൻ അപകടത്തിൽ ചാടുന്നതെല്ലാം അതിന്റെ പ്രേരണകൊണ്ടല്ലേ?
മനുഷ്യരുടെയിടയിൽ കൊള്ളരുതാത്തതായി കരുതപ്പെടുന്ന നടപടികൾ മതമണ്ഡലത്തിലെത്തുമ്പോൾ പരിശുദ്ധങ്ങളായിത്തീരുക സാധാരണമാണു്. നരഹത്യ ഭദ്രകാളിയുടെ മുമ്പിലായാൽ വിശ്വാസികൾക്കു് വിശുദ്ധബലിയായിത്തീരുനില്ലേ? ഇതുപോലെ എത്രയോ ഉദാഹരണങ്ങൾ ഉണ്ടു്. അങ്ങനെ മുഖസ്തുതിക്കും കൈക്കൂലിക്കും ഈശ്വരസന്നിധിയിൽ ഉൽകൃഷ്ടപദവി ലഭിച്ചു. രണ്ടിനെയും മഹത്വപ്പെടുത്തിയെടുത്തപ്പോൾ അവ സ്തോത്രവും വഴിപാടുമായി മാറി. ദേവാലയത്തിൽ രണ്ടിനും പവിത്രതയും ബഹുമതിയും കിട്ടി. മനുഷ്യന്റെ സൃഷ്ടിയാണല്ലോ ദൈവം, അവന്റെ ബൃഹൽക്കരിച്ച ഒരു പ്രതിരൂപംതന്നെയാണു് ആ സൃഷ്ടിയിലും പ്രതിഫലിക്കുന്നതു്. മനുഷ്യൻ കഴിക്കുന്ന ആഹാരവും അണിയുന്ന ആഭരണങ്ങളും അവന്റെ സ്വഭാവവിശേഷങ്ങളും മറ്റും അവൻ ദൈവത്തിനും സമർപ്പിച്ചു. മുഖസ്തുതികൊണ്ടു് മനുഷ്യൻ സന്തോഷിക്കുന്നതുപോലെ ദൈവവും പ്രസാദിക്കുമെന്നാണു് സങ്കല്പം. പുരാണേതിഹാസകഥകൾ തന്നെ നോക്കുക. പാലാഴിയിൽ പള്ളികൊള്ളുന്ന മഹാവിഷ്ണു ഇന്ദ്രാദിദേവന്മാരുടെ മുഖസ്തുതി കേട്ടാലേ ഉണരുകയും അനുഗ്രഹിക്കുകയും ചെയ്കയുള്ളു. ആഭരണങ്ങൾ, പട്ടുവസ്ത്രങ്ങൾ മുതലായവകൊണ്ടു് ദേവനെ അലങ്കരിക്കുന്നതും മറ്റു് തരത്തിലുള്ള വഴിപാടുകളും നേർച്ചകളും കഴിക്കുന്നതും എന്തിനാണു്? ദേവൻ പ്രസാദിക്കാൻ. ഇതു് ഒന്നാംതരം കൈക്കൂലിയല്ലെങ്കിൽ പിന്നെന്താണു്? ഇവയെല്ലാം കൈപ്പറ്റി ദേവൻ ദാതാവായ ഭക്തനെ അനുഗ്രഹിക്കുകയും ഉദ്ദിഷ്ടകാര്യം സാധിച്ചുകൊടുക്കുകയും ചെയ്യുമെന്നാണല്ലോ വിശ്വാസം. സത്യസന്ധരായ മനുഷ്യർ ഒരു സ്വഭാവദോഷമായി ഗണിക്കുന്ന ഈ ദുശ്ശീലം. ഇങ്ങനെ ദൈവത്തിലാരോപിക്കുന്നവരല്ലേ വാസ്തവത്തിൽ ദൈവഹിതന്മാർ? കൈക്കൂലി കൊടുക്കുന്നതും വാങ്ങുന്നതും മനുഷ്യർക്കു് മാനനഷ്ടം വരുത്തുന്ന ഒരു ദുഷ്കൃത്യമാണല്ലോ. ദൈവത്തിനെ പങ്കാളിയാക്കുമ്പോൾ അതു് എങ്ങനെ സൽകൃത്യമാകും? ഈവക പ്രാകൃതാരാധനാസമ്പ്രദായങ്ങൾ നിലവിലിരിക്കുന്ന കാലത്തോളം മനുഷ്യൻ നന്നാകണമെന്നുപദേശിച്ചാൽ അതുകൊണ്ടു് ഫലമുണ്ടാകുമോ? കൊല്ലംതോറും ദേവാലയങ്ങളിൽ വഴിപാടായി വന്നുവീഴുന്ന പൊന്നും പണവുമെല്ലാം ഈശ്വരനുകൊടുക്കുന്ന കോഴയാണെന്നു് പറഞ്ഞാൽ ഭക്തജനങ്ങൾ കോപിച്ചേക്കാം. എന്തെങ്കിലും വേദാന്തം പറഞ്ഞു് ഇതൊന്നും കോഴയല്ലെന്നു് വാദിക്കാനും ആളുകൾ ഉണ്ടാകും. അന്ധവിശ്വാസത്തിലാണ്ടു് ജീവിതയാഥാർത്ഥ്യങ്ങളുടെ നേരെ കണ്ണടയ്ക്കുന്നവരോടു് തർക്കിച്ചിട്ടു് കാര്യമില്ലല്ലോ.
(മനനമണ്ഡലം 1963)
ജനനം: 1-8-1900
പിതാവു്: ഊരുമനയ്ക്കൽ ശങ്കരൻ നമ്പൂതിരി
മാതാവു്: കുറുങ്ങാട്ടു് ദേവകി അമ്മ
വിദ്യാഭ്യാസം: വിദ്വാൻ പരീക്ഷ, എം. എ.
ആലുവാ അദ്വൈതാശ്രമം ഹൈസ്ക്കൂൾ അദ്ധ്യാപകൻ, ആലുവ യൂണിയൻ ക്രിസ്ത്യൻ കോളേജ് അദ്ധ്യാപകൻ, കേരള സാഹിത്യ അക്കാദമി പ്രസിഡന്റ് 1968–71, കേന്ദ്ര സാഹിത്യ അക്കാദമി അംഗം, ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടു് ഭരണസമിതിയംഗം, കേരള സർവ്വകലാശാലയുടെ സെനറ്റംഗം, ബോർഡ് ഓഫ് സ്റ്റഡീസ് അംഗം, പാഠ്യ പുസ്തക കമ്മിറ്റി കൺവീനർ (1958), ബാല സാഹിത്യ ശില്പശാല ഡയറക്ടർ (1958), ‘ദാസ് ക്യാപിറ്റൽ’ മലയാളപരിഭാഷയുടെ ചീഫ് എഡിറ്റർ, കേരള സാഹിത്യ സമിതി പ്രസിഡന്റ്.
സാഹിതീയം, വിചാരവിപ്ലവം, വിമർശ രശ്മി, നിരീക്ഷണം, ഗ്രന്ഥാവലോകനം, ചിന്താതരംഗം, മാനസോല്ലാസം, മനന മണ്ഡലം, സാഹിതീകൗതുകം, നവദർശനം, ദീപാവലി, സ്മരണമഞ്ജരി, കുറ്റിപ്പുഴയുടെ തിരഞ്ഞെടുത്ത ഉപന്യാസങ്ങൾ, വിമർശ ദീപ്തി, യുക്തിവിഹാരം, വിമർശനവും വീക്ഷണവും, കുറ്റിപ്പുഴയുടെ പ്രബന്ധങ്ങൾ—തത്വചിന്ത, കുറ്റിപ്പുഴയുടെ പ്രബന്ധങ്ങൾ—സാഹിത്യവിമർശം, കുറ്റിപ്പുഴയുടെ പ്രബന്ധങ്ങൾ— നിരീക്ഷണം.
ചരമം: 11-2-1971