ഞാനൊരു പിന്തിരിപ്പനാകാൻപോകയാണു്. കല കലയ്ക്കുവേണ്ടി എന്നൊന്നു പറഞ്ഞുനോക്കട്ടെ. ഇതു പറഞ്ഞാൽ ശുണ്ഠിയെടുക്കുന്നവരാണു് ഇന്നു് അധികവും. എന്തുമാത്രം എതിർപ്പും മർദ്ദനവും ഏറ്റ ഒരു വാക്യമാണിതു്! ഈ എല്ലിൻകഷ്ണത്തിന്മേൽ എത്രപേർ കടിപിടികൂടി, ഒച്ചപ്പാടുണ്ടാക്കി! വാദബഹളം കൂടിക്കൂടി ഒടുവിൽ കുരയ്ക്കാൻവേണ്ടി കുരയ്ക്കുക എന്ന മട്ടിലായി! ഇപ്പോഴതെല്ലാം കുറെ ശമിച്ചുവെന്നു തോന്നുന്നു. ഇനി ശാന്തമായൊന്നാലോചിച്ചുനോക്കാം. കല കലയ്ക്കു വേണ്ടി എന്നൊന്നു പറഞ്ഞുപോയാൽ ഇത്രമാത്രം കലിതുള്ളേണ്ടതുണ്ടോ? അതിന്റെ വാച്യാർത്ഥത്തിന്മേൽ കയറിനിന്നാണു് ഈ ബഹളമെല്ലാം. ‘രാമൻ സിംഹമാണു്’ എന്നു പറഞ്ഞാൽ, അയാൾ മൃഗരൂപിയാണെന്നോ, സാക്ഷാൽ സിംഹമാണെന്നോ ആരെങ്കിലും ധരിക്കുമോ? രാമനെ മൃഗമാക്കിക്കളഞ്ഞുവെന്നു കലശൽകൂട്ടിയാൽ അതിൽ ചിരിക്കാനല്ലേ വഴിയുള്ളു? കലാസംബന്ധമായി നടന്നിട്ടുള്ള വാദകോലാഹലങ്ങളിൽ തൊണ്ണൂറ്റൊമ്പതു ശതമാനവും ഏതാണ്ടിതുപോലെയാണു്.
കല ജീവിതത്തിനുവേണ്ടി—അതാണല്ലോ എതിർപ്പിൽ പൊന്തിനില്ക്കുന്ന വാദം. ആട്ടെ, ജീവിതത്തിനുവേണ്ടിയല്ലാ കല എന്നു് ആരെങ്കിലും പറഞ്ഞിട്ടുണ്ടോ? കലയ്ക്കു വേണ്ടി എന്നു പറഞ്ഞവർ ജീവിതത്തെ നിഷേധിച്ചവരാണോ? ഒന്നു ചോദിക്കട്ടെ—ജീവിതത്തിനുവേണ്ടിയല്ലാത്തതായി എന്താണു് ഉള്ളതു്? അനുക്തസിദ്ധമായൊരു കാര്യം പ്രത്യേകിച്ചു് എടുത്തുപറയേണ്ടതുണ്ടോ? കല കലയ്ക്കുവേണ്ടി എന്ന വാക്യത്തിന്റെ വാച്യാർത്ഥമെടുത്താൽ അതു വെറും വിഡ്ഢിത്തമാവില്ലേ? പിന്നെ എന്താണു് ആ വാക്യംകൊണ്ടു് ഉദ്ദേശിക്കുന്നതെന്നോ—പറയാം. കല അനന്യപരതന്ത്രമാണു്; കലാ സൗന്ദര്യം അഥവാ കലയുടെ രസ്യമാനത—അതിനാണു് സർവ്വോപരി പ്രാധാന്യം നൽകേണ്ടതു് എന്നു മാത്രമേ പ്രസ്തുത വാക്യംകൊണ്ടു് ധരിക്കേണ്ടതുള്ളു. ജീവിതത്തിൽനിന്നു് അകന്നുനില്ക്കാനോ (അതാർക്കെങ്കിലും സാദ്ധ്യമോ?) അനുഭവങ്ങളെ വിഗണിക്കാനോ ആ വാക്യം നിർദ്ദേശിക്കുന്നില്ല. കലയുടെ മൌലികതത്വങ്ങളായ രസമാനതയും അനന്യപരതന്ത്രതയും ഇപ്പോൾ എതിരാളികൾപോലും സമ്മതിച്ചുതുടങ്ങിയിട്ടുണ്ടല്ലോ. ഏതെങ്കിലും രാഷ്ട്രീയമതത്തിലെ പുരോഹിതന്മാരുടെ ഇടയലേഖനങ്ങൾക്കനുസരിച്ചു കലയും സാഹിത്യവും രൂപഭാവങ്ങൾ കൈക്കൊള്ളണമെന്നു് ഇന്നു് ആരും പറയുമെന്നു തോന്നുന്നില്ല. പിന്നെ എന്തിനായിരുന്നു ഈ കോലാഹലമെല്ലാം? വെറും പ്രചാരണ (Propaganda) ത്തിനു്. കലയിൽ പ്രചാരണാംശം ഉണ്ടു്. അതാരും നിഷേധിക്കുന്നില്ല. എന്നാൽ അതു വ്യംഗ്യഭംഗ്യാ നിർവ്വഹിക്കപ്പെടുന്നതാകണം. അപ്പോൾ മാത്രമേ കലാഭംഗി നശിക്കാതിരിക്കു. അതു നശിപ്പിക്കാതിരിക്കാൻവേണ്ടിയാണു്, കല കലയ്ക്കുവേണ്ടി എന്നു പഴമക്കാർ പറഞ്ഞുവെച്ചതു്. ധ്വനി കാവ്യകലയുടെ ജീവനാണെന്നുവരെ പ്രാചീനർ സിദ്ധാന്തിച്ചതു് വെറുതെയല്ല; ഗ്രന്ഥകാരന്റെ അഭിപ്രായങ്ങൾ എത്രത്തോളം നിഗൂഢമായിരിക്കുന്നുവോ അത്രത്തോളം അതു കലയ്ക്കു നല്ലതാണു്’ (The more the views of the author remain hidden, the better for art) എന്നു മാക്സിം ഗോർക്കി പറഞ്ഞതും അദ്ദേഹം ഒരു യഥാർത്ഥ കലാകാരനായതുകൊണ്ടാണു്, കലയിൽ കലാത്വം—കലാഭംഗി—ഉണ്ടോ എന്നാണു് അദ്ദേഹം ഒന്നാമതായി നോക്കിയതു്. അതില്ലെങ്കിൽ പിന്നെ ഏതെല്ലാം തരത്തിൽ ഉപദേശിവേഷം കെട്ടിയാലും കല കലയാകുകയില്ല. അതുകൊണ്ടു പുരോഗതിയും ഉണ്ടാകുന്നതല്ല. പ്രചാരണമാകുന്ന ദുർദ്ദേവതയ്ക്കു കലയെ ബലികഴിക്കുന്ന കാഴ്ചയാണല്ലോ നാം വളരെയേറെ നാളായി കണ്ടുവരുന്നതു്. വാച്യവും, കൃത്രിമവും, അസത്യസങ്കുലിതവും, കക്ഷിതാല്പര്യനിബദ്ധവും ആയ പ്രചാരണംകൊണ്ടു് ഇന്നു കലാരൂപങ്ങൾ കുറെയേറെ അധഃപതിച്ചിട്ടുണ്ടു്.

‘ബർളിൻനഗരത്തിന്റെ പതനം’ എന്ന റഷ്യൻ ഫിലിം പലരും കണ്ടിരിക്കുമല്ലോ. പ്രചാരണത്തിനുവേണ്ടി കലാഭംഗി നശിപ്പിച്ചതിനു് അതൊരു ഉദാഹരണമാണു്. അതിലെ നായകനായ സ്റ്റാലിൻ സർവ്വജ്ഞനും, സർവ്വവ്യാപിയും, സർവ്വകർമ്മാദ്ധ്യക്ഷനും ആയ ഒരതിമാനുഷനായി ചിത്രീകരിക്കപ്പെട്ടിരിക്കുന്നു. പ്രതിനായകൻ ഹിറ്റ്ലറോ—ഒരു ഞരമ്പുരോഗിയും പേടിത്തൊണ്ടനും പകുതിക്കിറുക്കനും! ‘ബർളിൻപതന’ത്തിലെ യഥാർത്ഥ വീരനായ മാർഷൽ ഷുക്കോവുപോലും സ്റ്റാലിൻ എന്ന സർവ്വജ്ഞസൂര്യന്റെ കൃത്രിമപ്രഭയിൽ ഒരു മിന്നാമിനുങ്ങായിപ്പോയി. കലയിൽ നുണ കലർത്തുന്നതിന്നും വേണ്ടേ ഒരതിരു്! ‘അനൗചിത്യാദൃതേ നാന്യദ്രസഭംഗസ്യ കാരണം’ (രസഹാനിക്കു കാരണം അനൗചിത്യമല്ലാതെ മറ്റൊന്നുമല്ല) എന്നു പ്രാചീനാചാര്യർ പറഞ്ഞതു് എത്രയെത്ര ശരിയെന്നു നോക്കു.

ഫാക്ടറികളും ബാങ്കുകളും മറ്റും ദേശസാൽക്കരിക്കുന്നതുപോലെ കലാനിർമ്മാണരീതിയും ദേശസാല്ക്കരിച്ചു തുടങ്ങിയാലോ? അന്ധമായ പ്രചാരണവ്യഗ്രതയിൽ ഇപ്പോൾ കലയുടെ, അഥവാ സാഹിത്യത്തിന്റെ പുരോഗമനം ചില രാജ്യങ്ങളിൽ അത്രവരെ എത്തിയിട്ടുണ്ടു്. പ്രസിദ്ധ ലേഖകനായ പ്രീസ്റ്റിലി ഒരിക്കൽ പറയുകയുണ്ടായി, തന്റെ ലോകസഞ്ചാരത്തിന്നിടയിൽ അനേകം നഗരങ്ങളിലെ ബുക്സ്റ്റാളുകൾ പരിശോധിച്ചിട്ടും നല്ലൊരു കനത്ത കൃതി കണ്ടെത്താൻ പ്രയാസപ്പെട്ടുവെന്നു്. ഒരുതരം സാഹിത്യപ്പൂമ്പാറ്റകൾ—പ്രചാരണോപകരണങ്ങൾ, വില്പനയ്ക്കായി നിരത്തിവെച്ചിരിക്കുന്ന കാഴ്ചയാണു് എവിടെയും. അത്തരം കൃതികൾ ആവശ്യമായിരിക്കാം. സൂകരപ്രസവം ധാരാളം നടക്കട്ടെ. സാഹിത്യം ജനകീയമാകണമല്ലോ! എന്നാൽ കരിണീപ്രസവം ഒട്ടുംതന്നെ ഇല്ലെന്നുവന്നാലോ? റഷ്യയിൽ ഇന്നു കലാ വിലാസം ജനകീയമായി അഭിവൃദ്ധിപ്പെട്ടിട്ടുണ്ടാകാം. എന്നാൽ അവിടെ ടോൾസ്റ്റോയി തുടങ്ങിയ സാഹിത്യാചാര്യന്മാരുടെ കൃതികളോടു കിടനില്ക്കത്തക്ക ഒരു ഗ്രന്ഥമെങ്കിലും ഗോർക്കി യുടെ കാലത്തിനുശേഷം ഉണ്ടായിട്ടുണ്ടോ? നോവലുകളുടെ കാര്യം തന്നെ നോക്കുക. നമ്മുടെ സാഹിത്യത്തിലെ ഗതിയും ഇതുതന്നെയല്ലേ? സി. വി., ചന്തുമേനോൻ മുതലായവരുടെ കലാസൃഷ്ടികളോടു സാമ്യം വഹിക്കുന്ന വിലയുള്ള വല്ലതും ഇപ്പോൾ പുറത്തുവരുന്നുണ്ടോ? മരണംവരെ മനസ്സിൽനിന്നും മാഞ്ഞുപോകാതെ പതിഞ്ഞുകിടക്കത്തക്ക കലാമഹിമയുള്ള പല കഥാപാത്രങ്ങളും, രംഗങ്ങളും അവർ സൃഷ്ടിച്ചിട്ടില്ലേ? അത്രയും ഉൽകൃഷ്ടമായ സൃഷ്ടി ഇപ്പോൾ എവിടെയുണ്ടു്? വള്ളത്തോളി ന്റെ ‘മാപ്പി’നോടൊപ്പം നില്ക്കുന്ന ഒരു പുരോഗമനകവിത നൂതനസൃഷ്ടിവിശേഷങ്ങളിൽ നോക്കിയാൽ കാണുമോ? സാമൂഹ്യപരിവർത്തനത്തിനുള്ള പ്രചോദനം എത്ര മനോഹരമായി വ്യംഗ്യഭംഗ്യാ അതിൽ അടക്കംചെയ്തിരിക്കുന്നു! ഏതാണ്ടു മുപ്പതുകൊല്ലമായി അതു പുറത്തുവന്നിട്ടു്. വിപ്ലവത്തിന്റെ വെളിച്ചപ്പാടന്മാർ കവിതയിലും കഥയിലുംകൂടി കലാഘാതിയായ അട്ടഹാസം മുഴക്കാത്ത കാലമായിരുന്നു അതു്. കല കലയ്ക്കുവേണ്ടി എന്നു പറഞ്ഞാൽ അന്നു് ആളുകൾ വേണ്ടവിധം മനസ്സിലാക്കിയിരുന്നു.
(ചിന്താതരംഗം—1953.)

ജനനം: 1-8-1900
പിതാവു്: ഊരുമനയ്ക്കൽ ശങ്കരൻ നമ്പൂതിരി
മാതാവു്: കുറുങ്ങാട്ടു് ദേവകി അമ്മ
വിദ്യാഭ്യാസം: വിദ്വാൻ പരീക്ഷ, എം. എ.
ആലുവാ അദ്വൈതാശ്രമം ഹൈസ്ക്കൂൾ അദ്ധ്യാപകൻ, ആലുവ യൂണിയൻക്രിസ്ത്യൻ കോളേജ് അദ്ധ്യാപകൻ, കേരള സാഹിത്യ അക്കാദമി പ്രസിഡന്റ് 1968–71, കേന്ദ്ര സാഹിത്യ അക്കാദമി അംഗം, ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടു് ഭരണസമിതിയംഗം, കേരള സർവ്വകലാശാലയുടെ സെനറ്റംഗം, ബോർഡ് ഓഫ് സ്റ്റഡീസ് അംഗം, പാഠ്യ പുസ്തക കമ്മിറ്റി കൺവീനർ (1958), ബാല സാഹിത്യ ശില്പശാല ഡയറക്ടർ (1958), ‘ദാസ് ക്യാപിറ്റൽ’ മലയാളപരിഭാഷയുടെ ചീഫ് എഡിറ്റർ, കേരള സാഹിത്യ സമിതി പ്രസിഡന്റ്.
സാഹിതീയം, വിചാരവിപ്ലവം, വിമർശ രശ്മി, നിരീക്ഷണം, ഗ്രന്ഥാവലോകനം, ചിന്താതരംഗം, മാനസോല്ലാസം, മനന മണ്ഡലം, സാഹിതീകൗതുകം, നവദർശനം, ദീപാവലി, സ്മരണമഞ്ജരി, കുറ്റിപ്പുഴയുടെ തിരഞ്ഞെടുത്ത ഉപന്യാസങ്ങൾ, വിമർശ ദീപ്തി, യുക്തിവിഹാരം, വിമർശനവും വീക്ഷണവും, കുറ്റിപ്പുഴയുടെ പ്രബന്ധങ്ങൾ—തത്വചിന്ത, കുറ്റിപ്പുഴയുടെ പ്രബന്ധങ്ങൾ—സാഹിത്യവിമർശം, കുറ്റിപ്പുഴയുടെ പ്രബന്ധങ്ങൾ— നിരീക്ഷണം.
ചരമം: 11-2-1971