അണുശക്തി അത്ഭുതം സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന കാലമാണല്ലോ ഇതു്. രണ്ടായിരത്തിൽപ്പരം വർഷങ്ങൾക്കുമുമ്പേ ഉദയംചെയ്തതാണു് അണുതത്വ ചിന്ത. ഭാരതീയ ചിന്താമണ്ഡലത്തിൽ അണുവിചാരം ആദ്യമായി അവതരിപ്പിച്ച ദാർശനികനാണു് കണാദൻ. ഭാരതീയ തർക്കശാസ്ത്രത്തിനു ന്യായം വൈശേഷികം എന്നു രണ്ടു വിഭാഗമുണ്ടു്. രണ്ടു പ്രസിദ്ധങ്ങളായ ഷഡ്ദർശനങ്ങളിലുൾപ്പെടുന്നു. ഇവയിൽ വൈശേഷികദർശനത്തിന്റെ ഉപജ്ഞാതാവു് കണാദമുനിയാകുന്നു. അദ്ദേഹത്തിന്റെ പരമാണുവാദം പ്രസ്തുത ദർശനത്തിലെ ഒരു പ്രധാന ഭാഗാമാണു്.
‘പ്രണമ്യ ഹേതുമീശ്വരം
മുനീം കണാദമന്വതഃ
പദാർത്ഥധർമസംഗ്രഹഃ
പ്രവക്ഷ്യതെ മഹോദയഃ
എന്നു് തർക്കസംഗ്രഹപ്രണേതാവായ അന്നംഭട്ടൻ സ്വഗ്രന്ഥാരംഭത്തിൽ കണാദമുനിയെ ഭക്തിപൂർവം സ്മരിക്കുന്നു. പണ്ടത്തെ മഹത്തുക്കളായ പണ്ഡിതന്മാർ ആധുനികരെപ്പോലെ പേരും പെരുമയും സ്വീകരിക്കാൻ പണിപ്പെട്ടവരല്ല. തന്മൂലം താദൃശന്മാരിൽ പലരുടെയും നാമധേയാദികൾ ഇന്നും വിവാദവിഷയമായിരിക്കുന്നതേയുള്ളു. കണാദൻ എന്നതു് ഒരു വിചിത്ര നാമധേയമത്രെ. അതു് അദ്ദേഹത്തിന്റെ സാക്ഷാൽ പേരാണോ എന്നു് ആർക്കും നിശ്ചയമില്ല. അണുഭക്ഷകൻ എന്നാണു് വാക്കിന്റെ വാച്യാർത്ഥം.
ശങ്കരഭാഷ്യത്തിലും മറ്റും കണഭുക്കു് എന്നും പ്രയോഗം കാണുന്നുണ്ടു്. കണത്തെ (അണുവിനെ) പ്പറ്റി അന്നു വിചിത്രമായിത്തോന്നിയ സിദ്ധാന്തം പുറപ്പെടുവിച്ചുകൊണ്ടു് ആരെങ്കിലും കളിയാക്കി ഇങ്ങനെയൊരു പേരു വിളിച്ചതായിരിക്കുമോ? കപോതവൃത്തികൊണ്ടു്—പിറാവിനെപ്പോലെ വഴിയിൽ വീണുകിടക്കുന്ന അരിമണികൾ ശേഖരിച്ചു്—നിത്യവൃത്തി കഴിച്ചിരുന്നതിനാലാണു് ഈ പേർ നടപ്പായതെന്നു ചിലർ വ്യാഖ്യാനിക്കുന്നു. ഈ ജീവിതസമ്പ്രദായത്തിനു് ഉഞ്ഛവൃത്തിയെന്നും പേരുണ്ടു്. എല്ലാ മുനിമാരും ഉഞ്ഛവൃത്തികൊണ്ടു ജീവിക്കുന്നവരായിട്ടാണു് പറയുന്നതു്. ആ സ്ഥിതിക്കു കണാദമുനിയിൽ മാത്രം ഇതൊരു വിശേഷമായി ഗണിക്കപ്പെട്ടുവെന്നു വിചാരിക്കുന്നതു യുക്തമല്ല. കണാദനു് ഉലുകനെന്നും തത്സിദ്ധാന്തത്തിനു് ഔലുക്യദർശനമെന്നും പേരു പറയാറുണ്ടു് മഹേശ്വരൻ ഉലുകത്തിന്റെ (മൂങ്ങയുടെ) രൂപത്തിൽ പ്രത്യക്ഷപ്പെട്ടു ഭക്തനായി കണാദനു് ഉപദേശം നൽകിയെന്ന ഐതിഹ്യമാണത്രെ ഈ പേരിനടിസ്ഥാനം. പണ്ടൊക്കെ ഇത്തരം കെട്ടുകഥകൾക്കു പഞ്ഞമുണ്ടായിരുന്നില്ലല്ലോ. കണാദന്റെ പ്രോക്കാലീനനായി ഉലുകനെന്ന ഒരു മഹർഷി ഉണ്ടായിരുന്നുവെന്നും അദ്ദേഹത്താൽ ഉപദിഷ്ടമായ തത്ത്വങ്ങളാണു് പിന്നീടു് കണാദൻ ക്രോഡീകരിച്ചു ക്രമപ്പെടുത്തി വൈശേഷികദർശനമാക്കിയതെന്നും ഒരഭിപ്രായമുണ്ടു്. ഔലുക്യദർശനമെന്ന നാമധേയത്തിന്റെ ആഗമം ഈ വിധത്തിലാണെന്നു വിചാരിക്കുന്നതു് ഐതിഹ്യം പോലെ അയുക്തമല്ല.
കണാദന്റെ കാലമോ? അതും അനിശ്ചിതാവസ്ഥയിലാണു്. ബി. സി.-യിലാണെന്നു മൊത്തത്തിൽ പറയാനേ നിവൃത്തിയുള്ളു. ബാദരായണന്റെ ഉത്തരമീമാംസയിൽ കണാദസിദ്ധാന്ത നിഷേധകങ്ങളായ സൂത്രങ്ങളുണ്ടു്. അതുകൊണ്ടു് ബാദരായണനു മുമ്പാണു് കണാദൻ ജീവിച്ചിരുന്നതെന്നു് അനുമാനിക്കാം. അദ്ദേഹം ബുദ്ധനെക്കാൾ പ്രാചീനനാണെന്നും വിശ്വസിക്കപ്പെടുന്നു. അശ്വഘോഷന്റെ ബുദ്ധചരിതം കാവ്യത്തിൽ കണാദപരാമർശമുള്ളതും ഇവിടെ പ്രസ്താവ്യമാണു്. ദാർശനികരിൽ ഏറ്റവും പ്രാചീനനായി ഗണിക്കപ്പെടുന്ന കപിലന്റെ സാംഖ്യതത്ത്വങ്ങൾ വൈശേഷികത്തിൽ പ്രതിഫലിച്ചിട്ടുണ്ടു്. എന്നാൽ ബൗദ്ധമത പരാമർശം കാണുന്നുമില്ല. പരമാണുവാദം കണാദോപജ്ഞമോ ബൗദ്ധോപജ്ഞമോ എന്നു ചിലർ സംശയിക്കുന്നതു അനാസ്പദമാണെന്നു് ഇതുകൊണ്ടു തെളിയുന്നു. ബ്രഹ്മസൂത്രഭാഷ്യത്തിൽ ശ്രീശങ്കരൻ പരമാണുവാദം ഖണ്ഡിക്കുന്നതു് കണാദോപജ്ഞം എന്ന നിലയ്ക്കാണു് അതുകൊണ്ടു് അദ്ദേഹത്തിനു് ഇക്കാര്യത്തിൽ സംശയമുണ്ടായിരുന്നില്ലെന്നു വിചാരിക്കാം. പല ഭാഷ്യങ്ങളുമുണ്ടായിട്ടുണ്ടു്, കണാദന്റെ വൈശേഷികദർശനത്തിനു് അവയിൽ പലതും ലുപ്തപ്രചാരങ്ങളായിപ്പോയി. രാവണഭാഷ്യം എന്നൊന്നിനെപ്പറ്റി പരാമർശം കാണുന്നു. ഏതാണാവോ ഈ രാവണൻ! വേദപണ്ഡിതനും തപഃസാധ്യായനിരതനും മറ്റുമായിരുന്ന സാക്ഷാൽ ലങ്കേശ്വരൻ തന്നെയായിരിക്കുമോ?
കണാദൻ കപിലചാർവാകബുദ്ധന്മാരെപ്പോലെ ഒരു സ്വതന്ത്രചിന്തകനും യുക്തിവാദിയും വേദപ്രാമാണ്യം വകവയ്ക്കാത്ത താത്ത്വകനും ആയിരുന്നു. ദർശനങ്ങളെ ആസ്തികമെന്നും നാസ്തികമെന്നും ഹൈന്ദവാചാര്യന്മാർ തരംതിരിച്ചിട്ടുണ്ടു്. വേദപ്രാമാണ്യത്തെ സ്വീകരിച്ചവയും തിരസ്കരിച്ചവയും എന്ന അർത്ഥത്തിലാണു് ഈ വിഭജനം; അല്ലാതെ ഈശ്വരൻ ഉണ്ടോ ഇല്ലയോ എന്ന ചിന്തയെ ആസ്പദമാക്കിയിട്ടുള്ളതല്ല. പ്രസ്തുതാർത്ഥത്തിൽ കണാദസിദ്ധാന്തം ഒരു നാസ്തികദർശനമത്രെ. ഇൻഡ്യയിൽ ചിന്താസ്വാതന്ത്ര്യത്തിനു വഴിതെളിച്ചതു നാസ്തികദർശനങ്ങളാകുന്നു. വേദവേദാന്തപാരംഗതനായ ശങ്കരാചാര്യരെ കുപതിനാക്കുക കൂടി ചെയ്തിട്ടുണ്ടെന്നു തോന്നുന്നു. കണാദന്റെ വേദവിരോധം വിനാശകാരികളായ ഇത്തരം ചിന്തകന്മാരെകൊണ്ടു് സർവലോകവും ആകുലികൃതമായിരിക്കുന്നു എന്നദ്ദേഹം ആക്ഷേപിച്ചിട്ടുണ്ടു്. ദുര്യക്തിയോഗം, വേദവിരോധം, ശിഷ്ടാപരിഗ്രഹം എന്നീ കാരണങ്ങളാൽ വൈശേഷികസിദ്ധാന്തം ഉപേക്ഷിതവ്യമാണെന്നു് ബ്രഹ്മസൂത്രഭാഷ്യത്തിൽ അദ്ദേഹം സമർത്ഥിച്ചിരിക്കുന്നു. ഈ വിധം ശക്തിയേറിയ ഖണ്ഡനമേറ്റിട്ടും കണാദസിദ്ധാന്തം ഭാരതീയ വിദ്യാഭ്യാസപദ്ധതിയിൽനിന്നു തിരസ്കൃതമായില്ല. പ്രത്യുത സംസ്കൃതത്തിൽ ശാസ്ത്രാധ്യയനത്തിനു് അതൊരു അപരിത്യാജ്യവിഷമായിത്തീർന്നു. ‘കാണാദം പാണീനീയം ച സർവശാസ്ത്രോപകാരകം’ എന്നൊരു ചൊല്ലുതന്നെയുണ്ടു്. തർക്കവും വ്യാകരണവും പഠിച്ചെങ്കിലേ സംസ്കൃതത്തിൽ ഇതര ശാസ്ത്രാധ്യയനം സുകരമാകു.
പദാർത്ഥതത്ത്വജ്ഞാനസംബന്ധിയായ പല പ്രമേയങ്ങളുമുണ്ടെങ്കിലും നവീനദൃഷ്ട്യാ നോക്കിയാൽ കണാദമതത്തിലെ കാതലായ ഭാഗം പരമാണുവാദമാണെന്നു വേണം പറയാൻ പ്രപഞ്ചൻ പരമാണു സംഘടിതമാണെന്നതാണു് ഇതിന്റെ സാരാംശം കണാദന്റെ പരമാണു ഏതാണ്ടു പരബ്രമം പോലെ നിത്യവും നിരാകാരവും നിരവയവുമായ ഒന്നാണു്. സ്ഥൂലദൃഷ്ടിക്കു അതു അദൃശ്യവുമത്രെ. ക്ഷേത്രഗണിതത്തിലെ ബിന്ദുപോലെ അതു് സങ്കല്പനിഷ്ഠമാണു്. ഇന്നത്തെ അണുഭേദനത്തിൽ ആവിർഭവിച്ചിരിക്കുന്ന ഇലക്ട്രോൺ, പ്രോട്ടോൺ തുടങ്ങിയ ശക്തികണങ്ങളോടു് ഈ കണാദപരമാണു എത്രത്തോളം അടുത്തുവരുന്നുണ്ടെന്നു് ആലോചിക്കുന്നതു് രസാവഹമായിരിക്കും പരമാണുക്കൾ ദ്വ്യുണുകത്ര്യണുകാദിരൂപേണ സംഘടിച്ചു ജഗത്തായി പരിണമിക്കുന്നുവെന്നാണു് കണാദൻ വാദിക്കുന്നതു്. ദ്വ്യുണുകത്ര്യണുകാദിച്ചേരുന്നതാണല്ലോ ദ്വ്യുണുകം. അത്തരം മൂന്നു് ഇരട്ടചേരുന്നതാണു് ത്ര്യണുകം. ഈ ത്ര്യണുകാവസ്ഥയിലുള്ള സംയുക്തരൂപം മുതൽക്കേ അതു് സാവയവവും സപരിണാമവും ആകുന്നുള്ളു.
ബി. സി. 460 മുതൽ 370 വരെ ജീവിച്ചിരുന്ന ഡെമോക്രിറ്റസ് എന്ന യവനതത്ത്വജ്ഞാനിയും അണുസിദ്ധാന്തം അവതരിപ്പിക്കുകയുണ്ടായി. സ്ഥൂലദൃഷ്ടിക്കു് അദൃശ്യങ്ങളായ അണുക്കളെക്കൊണ്ടു സംഘടിതമാണു പ്രപഞ്ചമെന്നു അദ്ദേഹവും വാദിച്ചു. തന്നിമിത്തം യാഥാസ്ഥിതികരായ പണ്ഡിതന്മാരുടെ പരിഹാസത്തിനു് അദ്ദേഹവും പാത്രമായി. ഡെമോക്രിറ്റസിന്റെ ഗ്രന്ഥങ്ങൾ ചുട്ടുകളയണമെന്നുപോലും പ്ലേറ്റോ പറഞ്ഞുപോൽ. അവിടെ പ്ലേറ്റോ ആണെങ്കിൽ ഇവിടെ ശങ്കരാചാര്യർ! സ്വസിദ്ധാന്ത സ്ഥാപനസംരംഭവും പരസിദ്ധാന്തമർദനവ്യഗ്രതയും പണ്ഡിതലോകത്തിൽ ഇന്നും ഇന്നലെയും തുടങ്ങിയതല്ല. അണുസിദ്ധാന്തത്തിന്റെ ആരംഭം യവനദേശത്താണെന്നും അവിടെനിന്നു് അതു് ഇൻഡ്യയിലേക്കു സംക്രമിച്ചതാണെന്നും വാദിക്കുന്നവരുണ്ടു്. കണാദന്റെ കാലം ക്ലിപ്തപ്പെടുത്തിയാലേ ഇതിനൊരു തീർപ്പു കല്പിക്കാനൊക്കു. ഒന്നു തീർച്ചയാണു് ദ്വ്യുണുകത്ര്യണുകാദിസംയോഗം എന്ന കണാദപ്രക്രിയക്കു യവനസിദ്ധാന്തവുമായി യാതൊരു ബന്ധവുമില്ല പക്ഷേ. ഗ്രീസിലും ഇന്ത്യയിലും അണുസിദ്ധാന്തം സ്വതോജാതമായതാകാം. ഏതായാലും ഈ അണുയുഗത്തിൽ കണാദൻ നിത്യസ്മരണീയനാകുന്നു.
ചിന്താതരംഗം 1958.

ജനനം: 1-8-1900
പിതാവു്: ഊരുമനയ്ക്കൽ ശങ്കരൻ നമ്പൂതിരി
മാതാവു്: കുറുങ്ങാട്ടു് ദേവകി അമ്മ
വിദ്യാഭ്യാസം: വിദ്വാൻ പരീക്ഷ, എം. എ.
ആലുവാ അദ്വൈതാശ്രമം ഹൈസ്ക്കൂൾ അദ്ധ്യാപകൻ, ആലുവ യൂണിയൻ ക്രിസ്ത്യൻ കോളേജ് അദ്ധ്യാപകൻ, കേരള സാഹിത്യ അക്കാദമി പ്രസിഡന്റ് 1968–71, കേന്ദ്ര സാഹിത്യ അക്കാദമി അംഗം, ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടു് ഭരണസമിതിയംഗം, കേരള സർവ്വകലാശാലയുടെ സെനറ്റംഗം, ബോർഡ് ഓഫ് സ്റ്റഡീസ് അംഗം, പാഠ്യ പുസ്തക കമ്മിറ്റി കൺവീനർ (1958), ബാല സാഹിത്യ ശില്പശാല ഡയറക്ടർ (1958), ‘ദാസ് ക്യാപിറ്റൽ’ മലയാളപരിഭാഷയുടെ ചീഫ് എഡിറ്റർ, കേരള സാഹിത്യ സമിതി പ്രസിഡന്റ്.
സാഹിതീയം, വിചാരവിപ്ലവം, വിമർശ രശ്മി, നിരീക്ഷണം, ഗ്രന്ഥാവലോകനം, ചിന്താതരംഗം, മാനസോല്ലാസം, മനന മണ്ഡലം, സാഹിതീകൗതുകം, നവദർശനം, ദീപാവലി, സ്മരണമഞ്ജരി, കുറ്റിപ്പുഴയുടെ തിരഞ്ഞെടുത്ത ഉപന്യാസങ്ങൾ, വിമർശ ദീപ്തി, യുക്തിവിഹാരം, വിമർശനവും വീക്ഷണവും, കുറ്റിപ്പുഴയുടെ പ്രബന്ധങ്ങൾ—തത്വചിന്ത, കുറ്റിപ്പുഴയുടെ പ്രബന്ധങ്ങൾ—സാഹിത്യവിമർശം, കുറ്റിപ്പുഴയുടെ പ്രബന്ധങ്ങൾ— നിരീക്ഷണം.
ചരമം: 11-2-1971