ഇൻഡ്യയിലെ ഒന്നാമത്തെ യുക്തിവാദിയാണു് കപിലമഹർഷി അദ്ദേഹം ഒരു നാസ്തികനും കൂടെയായിരുന്നു എന്നു പറഞ്ഞാൽ ചിലർ തർക്കിച്ചേക്കാം. എന്നാൽ വാസ്തവം അതാണെന്നു് അദ്ദേഹം സ്ഥാപിച്ച സിദ്ധാന്തം പരിശോധിച്ചാലറിയാം. ഇൻഡ്യയിലെ മാത്രമല്ല ലോകത്തിലെ തന്നെ സ്വതന്ത്ര ചിന്തകന്മാരായ തത്ത്വജ്ഞാനികളിൽ പ്രഥമസ്ഥാനം കപിലനു കൊടുക്കാവുന്നതാണു്. അദ്ദേഹം അത്രത്തോളം പ്രാചീനനാകുന്നു. യുക്തിയെ അവലംബിച്ചു് ആദ്യമായി ഒരു സിദ്ധാന്തം സ്ഥാപിച്ചതു് കപിലനാണു് മതവിശ്വാസത്താൽ ബാധിതമാകാത്ത സ്വതന്ത്രചിന്ത—അതാണു് അദ്ദേഹത്തിനുള്ള വിശേഷത അക്കാലത്തു് പ്രബലമായി പ്രചരിച്ചിരുന്ന കർമപ്രധാനമായ വൈദികമതത്തിൽ കപിലനു വിശ്വാസമുണ്ടായിരുന്നില്ല. അതിലെ പല ആചാരങ്ങളെയും വിശ്വാസങ്ങളെയും എതിർത്തുകൊണ്ടാണു് അദ്ദേഹം സ്വസിദ്ധാന്തം സ്ഥാപിച്ചതു്.
ഭാരതീയതത്ത്വശാസ്ത്രത്തിന്റെ അസ്തിവാരമുറപ്പിച്ചതു കപിലനാ കുന്നു. സാംഖ്യം, യോഗം, പൂർവ്വമീമാംസ, ഉത്തരമീമാംസ (ബ്രഹ്മസൂത്രം) ന്യായം, വൈശേഷികം എന്നു ഭാരതീയ തത്ത്വശാസ്ത്രം ആറായി പിരിയുന്നുണ്ടു്. ഷഡ്ദർശനങ്ങൾ എന്ന പേരിൽ ലോകപ്രസിദ്ധി നേടിയിട്ടുള്ള ഇവയിൽ ഒന്നാമത്തേതായ സാംഖ്യദർശനമാണു് കപിലന്റേതു്. പതഞ്ജലി, ജൈമിനി, വ്യാസൻ, കണാദൻ, ഗൗതമൻ എന്നീ മഹർഷിമാർ യഥാക്രമം മറ്റഞ്ചു ദർശനങ്ങളുടെയും കർത്താക്കളാകുന്നു. ഈ ദാർശനികന്മാർക്കെല്ലാം കപിലൻ മാർഗദർശിയായിത്തീർന്നിട്ടുണ്ടു്. ഇദ്ദേഹത്തിന്റെ കാലം ക്ലിപ്തപ്പെടുത്തിപ്പറവാൻ സാദ്ധ്യമല്ലെങ്കിലും ദാർശനികന്മാരിൽ (Philosophers) ഇദ്ദേഹം ഏറ്റവും പ്രാചീനനാണെന്നു് എല്ലാവരും സമ്മതിക്കുന്നു. കപിലസിദ്ധാന്തത്തോടു യോജിക്കാത്ത തത്ത്വചിന്തകന്മാർപോലും അദ്ദേഹത്തിന്റെ ചിന്താശക്തിയേയും വിജ്ഞാനവൈപുല്യത്തേയും പ്രശംസിച്ചിട്ടുണ്ടു്. മഹാഭാരതം ശാന്തിപർവം ഭഗവദ്ഗീത ബ്രഹ്മസൂത്രം ശ്വേതാശ്വതരച്ഛന്ദോഗ്യോപനിഷത്തുകൾ ഇങ്ങനെ അനേകം ഗ്രന്ഥങ്ങളിൽ സാംഖ്യതത്ത്വപ്രതിപാദനം കാണുന്നു. ‘സിദ്ധാന്തം കപിലോ മുനിഃ’ എന്ന ഗീതാവചനം കപിലപ്രശസ്തിയെ ഉദ്ഘോഷിക്കുന്നതാണല്ലോ. മണിമേഖലയെന്ന പ്രാചീന തമിഴു്കാവ്യത്തിലും സാംഖ്യസിദ്ധാന്തം പരാമൃഷ്ടമായിരിക്കുന്നു. ഈവക തെളിവുകൾകൊണ്ടുതന്നെ പ്രസ്തുത തത്ത്വശാസ്ത്രത്തിനു് ഇൻഡ്യയിൽ എത്രത്തോളം പ്രചാരവും പ്രാബല്യവും ഉണ്ടായിരുന്നു എന്നു് അനുമാനിക്കാവുന്നതാണു്.
ലോകത്തിലുള്ള സകല തത്ത്വശാസ്ത്രങ്ങളും സാംഖ്യദർശനത്തിനു കടപ്പെട്ടിട്ടുണ്ടെന്നാണു് സ്വാമി വിവേകാനന്ദൻ അഭിപ്രായപ്പെട്ടിട്ടുള്ളതു്. ബി. സി. 582 മുതൽ 507 വരെ ജിവിച്ചിരുന്ന പിത്തഗോറസ് (Pythagoras) എന്ന യവനപണ്ഡിതൻ ഇൻഡ്യയിൽവന്നു സാംഖ്യദർശനം പഠിച്ചു തിരിച്ചുപോയതായി പറയപ്പെടുന്നു. അതുകൊണ്ടു് അക്കാലത്തോ അതിനുമുമ്പോ കപിലൻ ജീവിച്ചിരുന്നതായി ഊഹിക്കാവുന്നതാണു്. പിത്തഗോറസ് മുഖേന ഗ്രീസിലേക്കും അവിടെനിന്നു അലക്സന്ത്രിയാനഗരത്തിലേക്കും സാംഖ്യസിദ്ധാന്തം സംക്രമിച്ചു. അനന്തരകാലത്തു് യൂറോപ്പിലെ തത്ത്വചിന്തനത്തിനു് അതു് ഉദ്ദീപകമായിത്തീർന്നു. ഇപ്രകാരം ലോകത്തിലെ തത്ത്വശാസ്ത്രചരിത്രത്തിൽ നാനാപ്രകാരണേ പ്രാധാന്യവും പ്രാമാണ്യവും നേടിയ ഈ തത്ത്വപ്രസ്ഥാനത്തിൽ സൃഷ്ടികർത്താവായ ഈശ്വരനു് യാതൊരു സ്ഥാനവും ഇല്ലെന്നുള്ള സംഗതി പ്രത്യേകം ഓർമ്മിക്കേണ്ടതാകുന്നു. പ്രപഞ്ചയന്ത്രത്തിന്റെ നിയാമകനായി വിശ്വസിക്കപ്പെടുന്ന ഈശ്വരനെപ്പറ്റി കപിലൻ ഒരക്ഷരം പോലും പറഞ്ഞിട്ടില്ല. ഇക്കാര്യത്തിൽ ചാർവാകമതം, ബുദ്ധമതം, ജൈനമതം എന്നിവയ്ക്കു സാംഖ്യസിദ്ധാന്തവുമായി വലിയ സാമ്യം കാണുന്നുണ്ടു്. പൗരോഹിത്യംകൊണ്ടും ദുരാചാരങ്ങൾക്കൊണ്ടും ദുഷിച്ചുപോയ വൈദികമതത്തെ എതിർത്തു കൊണ്ടു തദ്വിപരീതമായി സ്ഥാപിതമായ മതങ്ങളാണു് മേൽപ്പറഞ്ഞവയെല്ലാം. ഇവയിൽ കാണുന്ന സ്വതന്ത്രചിന്തയ്ക്കും യുക്തിവാദത്തിനും ആദ്യമായി വഴിതെളിച്ചതു കപിലനാകുന്നു. ഇൻഡ്യക്കു പുറമേയുള്ള പണ്ഡിതലോകത്തിനുപോലും പ്രാമണികനായി പ്രശോഭിച്ച ഈ വിശിഷ്ടചിന്തകൻ അക്കാലത്തെ വിജ്ഞാനാഭിവൃദ്ധിക്കു് എത്രമാത്രം സഹായിച്ചിരിക്കണം!
ഇപ്പോൾ പ്രചാരത്തിലിരിക്കുന്ന സാംഖ്യകാരികകളുടെ കർത്താവു് ഈശ്വരകൃഷ്ണൻ എന്നൊരു പണ്ഡിതനാണു്.
‘ശിഷ്യ പരമ്പരയാഗത-
മീശ്വരകൃഷ്ണന ചൈതദാര്യാഭിഃ
സംക്ഷിപ്തമാര്യമതിനാ
സമൃഗ്വിജ്ഞായ സിദ്ധാന്തം’
എന്ന കാരികയിൽനിന്നു് ഈശ്വരകൃഷ്ണൻ ഈ കാരികകളെഴുതുന്നതിനുമുമ്പു് എത്രയോ കാലം പ്രസ്തുത സിദ്ധാന്തം ഗുരുശിഷ്യാപരമ്പരയാ പ്രചരിച്ചുപോന്നിരിക്കണമെന്നു് ഊഹിക്കാം. എ. ഡി. അഞ്ചാം നൂറ്റാണ്ടെന്നും മൂന്നാം നൂറ്റാണ്ടെന്നും ഈശ്വരകൃഷ്ണന്റെ കാലത്തെപ്പറ്റി ഭിന്നാഭിപ്രായങ്ങൾ കാണുന്നു. എ. ഡി. ആറാം നൂറ്റാണ്ടിൽ പരമാർത്ഥി എന്നൊരു ബുദ്ധഭിക്ഷു ഈ കാരികകളെ ചീനഭാഷയിലേക്കു തർജ്ജമ ചെയ്യുകയുണ്ടായി. ഏതായാലും കാരികാകാരന്റെ കാലത്തിനു് എത്രയോ നൂറ്റാണ്ടുകൾക്കു മുമ്പാണു് കപിലൻ ജീവിച്ചിരുന്നതെന്നു നിസ്സംശയം പറയാം. ഈ അന്തരാളമതത്തിനു പല മാറ്റങ്ങളും വന്നിരിക്കാനിടയുണ്ടു്. അതുകൊണ്ടായിരിക്കാം പല ഗ്രന്ഥങ്ങളിലും സാംഖ്യതത്ത്വപ്രതിപാദനം ചില വ്യത്യാസങ്ങളോടു കൂടി കാണപ്പെടുന്നതു്.
ഇനി സാംഖ്യസിദ്ധാന്തത്തെപ്പറ്റി അല്പം ആലോചിക്കാം. സാംഖ്യം എന്ന പദത്തിനു ജ്ഞാനം എന്ന അർത്ഥമാണു സാധാരണ കല്പിച്ചുകാണുന്നതു്. പ്രകൃതിയുടെ പരിണതരൂപങ്ങളെ സംഖ്യകൾകൊണ്ടു തരംതിരിച്ചു കാണിക്കുന്നതു് എന്ന അർത്ഥത്തിൽ സാംഖ്യം എന്ന പേരു് യോജിപ്പിച്ചു ചിലർ വ്യാഖ്യാനിക്കുന്നു. പദാർത്ഥത്തിൽനിന്നു ചൈതന്യത്തെ വേർതിരിച്ചു് സദ്ഭാവം രണ്ടാമത്തേതിനാണു് ആദ്യത്തേതിനല്ല എന്നു പരിസംഖ്യാനം ചെയ്യുന്നതുകൊണ്ടു് സാംഖ്യം എന്നു മഹാഭാരതത്തിൽ വേറൊരു ഉപപത്തികാണുന്നുണ്ടു്. ഏതായാലും പദാർത്ഥം (Matter), ചൈതന്യം (Force) ഇവയെപ്പറ്റിയുള്ള ശാസ്ത്രീയജ്ഞാനമാണു് കപിലന്റെ ലക്ഷ്യം. ഇക്കാണുന്ന വിശ്വം ഈ രൂപത്തിലെങ്ങനെയായിത്തീർന്നെന്നും ജീവിതരഹസ്യം എന്താണെന്നുമുള്ള അന്വേഷണവും ആലോചനയും അദ്ദേഹത്തെ ഉദ്ബുദ്ധനാക്കിത്തീർത്തു. ഇന്നത്തെ ശാസ്ത്രജ്ഞന്മാരെയും വിഷമിപ്പിച്ചുകൊണ്ടിരിക്കുന്ന മേൽക്കാണിച്ച പ്രശ്നങ്ങളെ പുരസ്കരിച്ചുകൊണ്ടുള്ള തത്ത്വവിചാരവും സിദ്ധാന്തസ്ഥാപനവുമാണു് സാംഖ്യദർശനത്തിൽ അടങ്ങിയിരിക്കുന്നതു്.
കപിലൻ ഒരു ദ്വൈതവാദിയാണു്. അതായതു് പ്രകൃതി പുരുഷൻ എന്നു രണ്ടെണ്ണം നിത്യങ്ങളായിട്ടു് അദ്ദേഹം സ്വീകരിക്കുന്നു. ഇന്നത്തെ സയൻസിന്റെ ഭാഷയിൽ പറയുന്ന പദാർത്ഥം (Matter), ശക്തി (Energy) എന്ന രണ്ടെണ്ണത്തിന്റെ സ്ഥാനത്തു് കപിലൻ കല്പിച്ചിട്ടുള്ളതാണു് പ്രകൃതിയും പുരുഷനുമെന്നു സാമാന്യമായി പറയാം. പക്ഷേ, കപിലന്റെ പുരുഷൻ പലതുകൊണ്ടും വ്യത്യസ്തനാണു്. ശരീരത്തിലെ ജീവനോടു് അഥവാ ആത്മാവോടാണു് പുരുഷനു കൂടുതൽ അടുപ്പം. വേദാന്തികളെപ്പോലെ ആത്മാവു് ഏകമാണെന്നു കപിലൻ സമ്മതിക്കുന്നില്ല. അദ്ദേഹം പുരുഷനു അനേകത്വം കല്പിച്ചിരിക്കുന്നു. ഓരോ ശരീരത്തിനും പ്രത്യേകം പുരുഷനുണ്ടു്. പുരുഷന്റെ സാന്നിദ്ധ്യത്തിൽ പ്രകൃതി പരിണമിക്കുന്നു എന്നാണു് കപിലന്റെ വാദം. പരിണാമം അഥവാ മാറ്റം പ്രകൃതിക്കു മാത്രമാണു്. എന്നാൽ, അതു പുരുഷസന്നിധാനത്തിൽ മാത്രമേ നടക്കുന്നുള്ളു. ഈ പുരുഷൻ അഥവാ ജീവൻ മിഥ്യാജ്ഞാനത്താൽ പ്രകൃതിയുമായി ഒരു തന്മയീഭാവം (Identification) കൈക്കൊള്ളുന്നതുമൂലം സുഖദുഃഖബന്ധത്തിൽപ്പെട്ടുപോകുന്നു. യഥാർത്ഥജ്ഞാനത്തിൽ പ്രകൃതിയുടെ സ്വഭാവം മനസ്സിലാകുമ്പോൾ ഈ ബന്ധംവിട്ടു ജീവനു മോചനം ലഭിക്കുന്നതാണു്. ജീവിതദുഃഖനിവാരണത്തിനു യഥാർത്ഥജ്ഞാനമാണു് ആവശ്യമെന്നു് കപിലൻ സ്ഥാപിക്കുന്നു. ഇങ്ങനെ അനേകം പുരുഷന്മാരെ കല്പിച്ചുകൊണ്ടുള്ള ബന്ധമോക്ഷ വിചാരണയിൽ പല യുക്തിഭംഗങ്ങളും നിരൂപകന്മാർ കാണുന്നുണ്ടു്. ഇതിനെക്കാൾ വിജ്ഞാനപ്രദമാണു് കപിലന്റെ പ്രകൃതിതത്ത്വനിരൂപണം. അതിൽ പലതും ഇന്നത്തെ സയൻസുപ്രകാരവും ശരിയാണെന്നു വാദിക്കാവുന്നതാണു്. അദ്വൈതികളെപ്പോലെ പദാർത്ഥം മിഥ്യയെന്നോ നശ്വരമെന്നോ കപിലൻ സമ്മതിക്കുന്നില്ല. നേരെ മറിച്ചു അതു് അനശ്വരമാണെന്നു വാദിക്കുകയും ചെയ്യുന്നു. പദാർത്ഥത്തിന്റെ അനശ്വരത്വം (Indistructibility of matter) ആധുനികശാസ്ത്രവും പഠിപ്പിക്കുന്നുണ്ടല്ലോ. ഒന്നും നശിക്കുന്നില്ല, മാറിക്കൊണ്ടിരിക്കുന്നേയുള്ളു. ചുരുക്കത്തിൽ നാശമെന്നു പറഞ്ഞാൽ മാറ്റം. പരിണാമം അഥവാ രൂപാന്തരപ്രാപ്തിയെന്നർത്ഥം. ഇതു് ഇന്നത്തെ സയൻസിനോടു് എത്രമാത്രം അടുത്തുവരുന്നുണ്ടെന്നു നോക്കുക! ഈ തത്ത്വത്തെ അടിസ്ഥാനമാക്കിയാണു് ജഗത്തിന്റെ ഉല്പത്തി. സ്ഥിതിലയങ്ങളെപ്പറ്റി കപിലൻ നിരൂപിക്കുന്നതു്. ജഗൽസൃഷ്ടിക്കു് ഒരു ഈശ്വരൻ ആവശ്യമില്ല. തൽസ്ഥാനത്തു മൂലപ്രകൃതി എന്നൊന്നു കല്പിച്ചു് അതിൽനിന്നും ഓരോന്നായി പരിണമിച്ചുണ്ടായതാണു് ഈ ജഗത്തെന്നു് അദ്ദേഹം സ്ഥാപിക്കുന്നു. കപിലന്റെ പരിണാമവാദമാണു് സാംഖ്യദർശനത്തിൽ സർവോപരി പ്രധാനമായി ഗണിക്കപ്പെടേണ്ടതു്. മൂലപ്രകൃതി യാതൊരു ചലനവുമില്ലാതെ സമതാവസ്ഥയിലിരിക്കുന്നു. അതിൽനിന്നും സത്വരജസ്തമോഗുണങ്ങളുടെ പരസ്പരാഭിഭവത്താൽ മഹത്തു് (Cosmic Intelligence) എന്നൊന്നു പരിണമിക്കുന്നു. മഹത്തിൽനിന്നു അഹങ്കാരം (Cosmic ego) ഉണ്ടാകുന്നു ഈ അഹങ്കാരത്തിന്റെ സാത്വികാംശത്തിൽനിന്നു ജ്ഞാനകർമേന്ദ്രിയങ്ങളും താമസാംശത്തിൽനിന്നു തന്മാത്രകളും (Elements) ഉണ്ടാകുന്നു. തന്മാത്രകൾ ആകാശാദി പഞ്ചഭൂതങ്ങളായി പരിണമിക്കുന്നു. ഇങ്ങനെയാണു് ചുരുക്കത്തിൽ കപിലപരിണാമവാദത്തിന്റെ പോക്കു് ഇതിനും ഡാർവിന്റെ പരിണാമസിദ്ധാന്തവുമായി എത്രത്തോളം അടുപ്പമുണ്ടെന്നു വിചാരണ ചെയ്യുന്നതു രസാവഹമായിരിക്കും. വിസ്തരഭയത്താൽ തൽക്കാലം അതിനു് ഉദ്യമിക്കുന്നില്ല. സാംഖ്യസിദ്ധാന്തത്തിൽ നവീന ശാസ്ത്രദൃഷ്ട്യാ പല ന്യൂനതകളും കണ്ടേക്കാം. എന്നാലും ലോകാചാര്യനായ കപിലമഹർഷിയുടെ മഹാത്മ്യത്തിനു യാതൊരു കുറവും നേരിടുന്നതല്ല. ആധുനികശാസ്ത്രം അസന്ദിഗ്ദ്ധമായി സ്ഥാപിച്ചു കഴിഞ്ഞിരിക്കുന്ന പരിണാമസിദ്ധാന്തത്തിന്റെ മൗലികമായ ആശയം, അതായതു് ജഗത്തു് പരിണാമസ്വഭാവിയാണെന്നുള്ള തത്ത്വം, രണ്ടായിരത്തിൽപരം വർഷങ്ങൾക്കു മുമ്പേ കണ്ടുപിടിച്ച ആ മഹാസിദ്ധൻ ആർക്കാണു് ആരാധ്യനാകാത്തതു്!
(1943)
ജനനം: 1-8-1900
പിതാവു്: ഊരുമനയ്ക്കൽ ശങ്കരൻ നമ്പൂതിരി
മാതാവു്: കുറുങ്ങാട്ടു് ദേവകി അമ്മ
വിദ്യാഭ്യാസം: വിദ്വാൻ പരീക്ഷ, എം. എ.
ആലുവാ അദ്വൈതാശ്രമം ഹൈസ്ക്കൂൾ അദ്ധ്യാപകൻ, ആലുവ യൂണിയൻ ക്രിസ്ത്യൻ കോളേജ് അദ്ധ്യാപകൻ, കേരള സാഹിത്യ അക്കാദമി പ്രസിഡന്റ് 1968–71, കേന്ദ്ര സാഹിത്യ അക്കാദമി അംഗം, ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടു് ഭരണസമിതിയംഗം, കേരള സർവ്വകലാശാലയുടെ സെനറ്റംഗം, ബോർഡ് ഓഫ് സ്റ്റഡീസ് അംഗം, പാഠ്യ പുസ്തക കമ്മിറ്റി കൺവീനർ (1958), ബാല സാഹിത്യ ശില്പശാല ഡയറക്ടർ (1958), ‘ദാസ് ക്യാപിറ്റൽ’ മലയാളപരിഭാഷയുടെ ചീഫ് എഡിറ്റർ, കേരള സാഹിത്യ സമിതി പ്രസിഡന്റ്.
സാഹിതീയം, വിചാരവിപ്ലവം, വിമർശ രശ്മി, നിരീക്ഷണം, ഗ്രന്ഥാവലോകനം, ചിന്താതരംഗം, മാനസോല്ലാസം, മനന മണ്ഡലം, സാഹിതീകൗതുകം, നവദർശനം, ദീപാവലി, സ്മരണമഞ്ജരി, കുറ്റിപ്പുഴയുടെ തിരഞ്ഞെടുത്ത ഉപന്യാസങ്ങൾ, വിമർശ ദീപ്തി, യുക്തിവിഹാരം, വിമർശനവും വീക്ഷണവും, കുറ്റിപ്പുഴയുടെ പ്രബന്ധങ്ങൾ—തത്വചിന്ത, കുറ്റിപ്പുഴയുടെ പ്രബന്ധങ്ങൾ—സാഹിത്യവിമർശം, കുറ്റിപ്പുഴയുടെ പ്രബന്ധങ്ങൾ— നിരീക്ഷണം.
ചരമം: 11-2-1971