കാരണം കൂടാതെ കാര്യം ഉണ്ടാകുന്നതല്ല എന്നതുള്ളതു ഖണ്ഡിക്കുവാൻ നിവൃത്തിയില്ലാത്ത ഒരു സാമാന്യതത്ത്വമാകുന്നു. ഒരു കാര്യത്തിനു പലകാരണങ്ങളുണ്ടാകാം. അതുപോലെ പല കാര്യങ്ങളും ഒരു കാരണത്തിൽനിന്നു് ഉണ്ടായെന്നു വരാം.
‘ഏകകാര്യമഥവാ ബഹുത്ഥമാം
ഏകഹേതു ബഹുകാര്യകാരിയാം’
എന്ന കവികാവ്യം ഈ തത്ത്വത്തെയാണു് വെളിപ്പെടുത്തുന്നതു്. വസ്തുക്കളുടെയും സംഭവങ്ങളുടെയും കാര്യകാരബന്ധം വിശദീകരിക്കുകയെന്നതാണു് സയൻസിന്റെ പ്രധാന കൃത്യം. പ്രപഞ്ചത്തിന്റെ ഉല്പത്തി സ്ഥിതിലയം മുതലായവയെപ്പറ്റി ശരിയായ ബോധം ജനിക്കുന്നതിനു മേൽക്കാണിച്ച ശാസ്ത്രീയമായ വിശദീകരണം അത്യന്താപേക്ഷിതമാകുന്നു. കാര്യം പ്രത്യക്ഷപ്പെടുകയും കാരണം തിരോഭൂതമായിരിക്കുകയും ചെയ്യുമ്പോഴാണു് അന്ധവിശ്വാസങ്ങൾക്കു് അടിമപ്പെട്ടു പോകുന്നതു്. ഇടി, മിന്നൽ, മഴ മുതലായ കാര്യങ്ങളുടെ പ്രത്യക്ഷനുഭവം അജ്ഞനായ മനുഷ്യനെ ആദിമദശയിൽ അത്ഭുതപ്പെടുത്തുകയും അന്ധാളിപ്പിക്കുകയും ചെയ്തു. ഇവയ്ക്കെല്ലാം കാരണം കണ്ടുപിടിക്കുന്നതിനുള്ള ഒരു വാസന മനനശീലനായ മനുഷ്യനു പ്രകൃത്യാ ഉള്ളതാണു് എന്നാൽ അന്നത്തെ അന്ധകാര ദശയിൽ ഇന്ദ്രൻ തുടങ്ങിയ സങ്കല്പദേവന്മാരെ കാരണങ്ങളായി കല്പിക്കുവാനേ മനുഷ്യന്റെ മനസ്സിനു കഴിവുണ്ടായുള്ളു. ഇങ്ങനെ അജ്ഞാതകാരണങ്ങളായ കാര്യങ്ങൾ മനുഷ്യരെ ഏതെല്ലാം തരത്തിലുള്ള മിഥ്യാബോധങ്ങൾക്കു് അധീനമാക്കിയിട്ടുണ്ടെന്നുള്ളതിനു് കയ്യും കണക്കുമില്ല. എങ്ങനെ ഉണ്ടായി. എന്താണു കാരണം? എന്നീ രൂപത്തിലുള്ള ചോദ്യം നമ്മുടെ മനസ്സിൽ സ്വാഭാവികമായി വന്നുചേരുന്നതാണു്. അതിനൊരു സമാധാനം തേടുവാനുള്ള തൃഷ്ണ എല്ലാവരിലും അനിയന്ത്രിതമായി പ്രവർത്തിക്കുന്നുണ്ടു്. അതിനൊരു ശമനം ഉണ്ടായെങ്കിൽ മാത്രമേ മനസ്സിനു സ്വസ്ഥത വരുകയുള്ളു. തന്മൂലം ശരിയായ കാരണം കാണാത്തിടത്തും എന്തെങ്കിലും ഒന്നു് അന്ധമായി സങ്കല്പിക്കുന്നതിനു് മനുഷ്യൻ പ്രേരിതനാകുന്നു. ഇപ്രകാരം കാര്യകാരണബന്ധത്തെപ്പറ്റിയുള്ള തെറ്റിദ്ധാരണകൾ പല രൂപത്തിൽ വന്നുചേരം.
രണ്ടു സംഗതികൾ ഏകകാലത്തിൽ അടുത്തടുത്തു സംഭവിക്കുന്നു എന്നുള്ളതുകൊണ്ടുമാത്രം അവയ്ക്കു തമ്മിൽ കാര്യകാരണബന്ധം സങ്കല്പിക്കുന്ന പതിവു് പണ്ഡിതന്മാരുടെയിടയിൽപ്പോലും കണ്ടുവരുന്ന ഒന്നാണു്. ഡോക്ടർ ജോൺസന്റെ കാലത്തു് ചില ചരിത്രകാരന്മാർ കൂടി വിശ്വസിച്ചിരുന്ന കഥ ഇതിലേക്കു നല്ലൊരുദാഹരണമത്രേ. ദൂരസ്ഥിതമായ ഒരു ദ്വീപിനെപ്പറ്റി വളരെക്കാലം വളരെ വിചിത്രമായ ഒരു അന്ധവിശ്വാസം നിലവിലിരുന്നിരുന്നു. ആ ദ്വീപിൽ വിദേശിയർ ആരെങ്കിലും വന്നാൽ ഉടൻ തദ്ദേശീയർക്കെല്ലാം ജലദോഷം പിടിപെടുമത്രേ! അനുഭവംകൊണ്ടു് ഇതു ശരിയെന്നു വിശ്വസിക്കുവാൻ ചരിത്രകാരന്മാർകൂടി പ്രേരിതരായിപ്പോയി. വിദേശിയർ അവിടെ ചെല്ലുന്നതു കപ്പൽമാർഗ്ഗമായിട്ടാണല്ലോ. ആണ്ടിൽ ചില പ്രത്യേക കാലങ്ങളിൽ കാറ്റു് അനുകൂലമായിരിക്കുമ്പോൾ മാത്രമേ അവിടെ കപ്പൽ അടുക്കുകയുള്ളു. കപ്പൽ അടുത്തു് വിദേശീയർ ഇറങ്ങി കുറെ നാൾ കഴിയുമ്പോൾ നാട്ടിൽ ജലദോഷം പടർന്നുപിടിക്കുകയും ചെയ്യും. പക്ഷേ, അതിനു കാരണം, അക്കാലങ്ങളിൽ മാത്രം കരയിലേക്കടിക്കാറുള്ള ഒരുതരം പ്രത്യേക കാറ്റാണെന്നുള്ള സംഗതി നാട്ടുകാർക്കു് അറിഞ്ഞുകൂടായിരുന്നു. വിദേശീയർ ഇറങ്ങുന്നതും ജലദോഷം പിടിപെടുന്നതും ഏകകാലത്തു സംഭവിക്കുന്നതുകൊണ്ടു പ്രത്യക്ഷത്തിൽ യാതൊരു പരസ്പരബന്ധവും ഇല്ലാത്ത രണ്ടിനെയും കൂട്ടിയിണക്കി ഒന്നു മറ്റേതിനു കാരണമെന്നു അവർ വിശ്വസിച്ചു. ആലോചനയും അന്വേഷണവും കൂടാതെ മനസ്സു കാരണം തേടി കാടുകയറുന്നതു് ഈ വിധത്തിലാകുന്നു. ജോൺസന്റെ കാലത്തു ചില പണ്ഡിതന്മാർപോലും ഈ അന്ധവിശ്വാസത്തെ താങ്ങി വാദിക്കാനും പണിപ്പെട്ടതായി കാണുന്ന സ്ഥിതിക്കു പാമരന്മാരുടെ കഥയെന്താണു് ?
പണ്ടു് മൃതദേഹം വലിയ ചാറയിലാക്കി കുറെ ധാന്യങ്ങളും ഇട്ടു കുഴിച്ചിടുന്ന പതിവുണ്ടായിരുന്നല്ലോ. മരിക്കാറായ പടുവൃദ്ധരെ ഇങ്ങനെ ജീവനോടെ കുഴിച്ചിടുന്ന പതിവും അതിപ്രാചീന കാലത്തുണ്ടായിരുന്നു. ചാറയിലിടുന്ന ധാന്യങ്ങൾ കുറെക്കഴിഞ്ഞു മുളച്ചുപൊന്തി സാധാരണരീതിയിൽക്കവിഞ്ഞ കതിർവീശുന്നതു കണ്ടു മനുഷ്യർ അത്ഭുതപ്പെട്ടു. ഈ വിളവു വർദ്ധനയ്ക്കു മരിച്ചുപോയവരുമായി എന്തോ ബന്ധമുണ്ടെന്നു അവർ വിശ്വസിക്കാൻ തുടങ്ങി. ഇതിന്റെ ഫലമായിട്ടാണു് കൃഷി നന്നാകുന്നതിനു നരബലി നടത്തുകയെന്ന ദുരാചാരം ഉത്ഭവിച്ചതു്. കാലാന്തരത്തിൽ നരബലി സാധാരണ ജന്തുബലിയായി മാറി ഇപ്പോഴും ഈവക നടപടികളുടെ അവശിഷ്ടങ്ങൾ കാണാവുന്നതാണു്. കാരണത്തെപ്പറ്റിയുള്ള മിഥ്യാബോധമാണു് ഇസ്സംഗതിയിലും അന്ധവിശ്വാസത്തെ പുലർത്തിയതു്.
ഈ ലോകം ഇന്നത്തെ നിലയിൽ എങ്ങനെ വന്നുചേർന്നു എന്നു് അറിയാതെ വിഷമിച്ച മനുഷ്യൻ സർവത്തിനും സൃഷ്ടികർത്താവായി ഈശ്വരനെ സൃഷ്ടിച്ചു. സർവജീവജാലങ്ങളെയും സൃഷ്ടിച്ച ഈശ്വരനെ മനുഷ്യൻ സൃഷ്ടിച്ചതാണെന്നുള്ള പരമാർത്ഥം മനസ്സിലാക്കാനുള്ള ചിന്താശക്തി അന്നു് അവനുണ്ടായിരുന്നില്ല. പ്രപഞ്ചത്തിനു ഒരു ആദികാരണം വേണമെന്നും അതാണു് ഈശ്വരനെന്നും വാദിക്കുന്നവർ ഇന്നും ധാരാളമുണ്ടു്. അല്പം ആലോചിച്ചാൽ ഈ ആദികാരണത്തിനു നിലനില്പില്ലെന്നു മനസ്സിലാക്കാം. അതാണെന്നു പറയാം. ഒരു വൃത്തം എവിടെ തുടങ്ങുന്നു എന്നോ എവിടെ അവസാനിക്കുന്നു എന്നോ നിർണയിക്കുവാൻ വയ്യ. കേവലം കാരണാവസ്ഥയിൽ ഒന്നിനും നിലയില്ല ഒരു കാരണം വേറൊന്നിന്റെ കാര്യമായിത്തീരും. ഇങ്ങനെ നോക്കുമ്പോൾ കാര്യം കാരണവും കാരണ കാര്യവുമായി പൂർവാപരക്രമമനുസരിച്ചു മാറിമാറിക്കൊണ്ടു തുടർന്നുപോകുന്നതു കാണാം. ചക്രഭ്രമണരൂപത്തിലുള്ള ഈ ശൃംഖലയിൽ ആദികാരണമെന്നൊരു അവസാനക്കണ്ണി നിശ്ചിയിക്കുന്നതു യുക്തിവിരുദ്ധമാകുന്നു.
അജ്ഞാതകാരണങ്ങളായ പലതും ഇപ്പോഴും നമ്മെ അഭിമുഖീകരിക്കുന്നുണ്ടാകാം. അവയെപ്പറ്റി മേൽക്കാണിച്ചവിധം അന്ധവിശ്വാസങ്ങൾ പുലർത്താതെ ശാസ്ത്രജ്ഞാനത്തിന്റെ വെളിച്ചത്തിൽ അന്വേഷണം നടത്തിക്കൊണ്ടിരിക്കുകയാണു് ചിന്താശീലന്മാർ ചെയ്യേണ്ടതു്.
ജനനം: 1-8-1900
പിതാവു്: ഊരുമനയ്ക്കൽ ശങ്കരൻ നമ്പൂതിരി
മാതാവു്: കുറുങ്ങാട്ടു് ദേവകി അമ്മ
വിദ്യാഭ്യാസം: വിദ്വാൻ പരീക്ഷ, എം. എ.
ആലുവാ അദ്വൈതാശ്രമം ഹൈസ്ക്കൂൾ അദ്ധ്യാപകൻ, ആലുവ യൂണിയൻ ക്രിസ്ത്യൻ കോളേജ് അദ്ധ്യാപകൻ, കേരള സാഹിത്യ അക്കാദമി പ്രസിഡന്റ് 1968–71, കേന്ദ്ര സാഹിത്യ അക്കാദമി അംഗം, ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടു് ഭരണസമിതിയംഗം, കേരള സർവ്വകലാശാലയുടെ സെനറ്റംഗം, ബോർഡ് ഓഫ് സ്റ്റഡീസ് അംഗം, പാഠ്യ പുസ്തക കമ്മിറ്റി കൺവീനർ (1958), ബാല സാഹിത്യ ശില്പശാല ഡയറക്ടർ (1958), ‘ദാസ് ക്യാപിറ്റൽ’ മലയാളപരിഭാഷയുടെ ചീഫ് എഡിറ്റർ, കേരള സാഹിത്യ സമിതി പ്രസിഡന്റ്.
സാഹിതീയം, വിചാരവിപ്ലവം, വിമർശ രശ്മി, നിരീക്ഷണം, ഗ്രന്ഥാവലോകനം, ചിന്താതരംഗം, മാനസോല്ലാസം, മനന മണ്ഡലം, സാഹിതീകൗതുകം, നവദർശനം, ദീപാവലി, സ്മരണമഞ്ജരി, കുറ്റിപ്പുഴയുടെ തിരഞ്ഞെടുത്ത ഉപന്യാസങ്ങൾ, വിമർശ ദീപ്തി, യുക്തിവിഹാരം, വിമർശനവും വീക്ഷണവും, കുറ്റിപ്പുഴയുടെ പ്രബന്ധങ്ങൾ—തത്വചിന്ത, കുറ്റിപ്പുഴയുടെ പ്രബന്ധങ്ങൾ—സാഹിത്യവിമർശം, കുറ്റിപ്പുഴയുടെ പ്രബന്ധങ്ങൾ— നിരീക്ഷണം.
ചരമം: 11-2-1971